ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

3 am

അധ്യായം 25: വൃക്ഷത്തിൽ നീർക്കാക്കകളുടെ കൂടുകൾ, ചുറ്റുഗോവണിയുടെ ചവിട്ടടിയിലൂടെ കയറിപ്പോയ ദൈവത്തിന്റെ ചെളിക്കാലടികൾ

സാറാ പറഞ്ഞതനുസരിച്ച് അവരുടെ വീട്ടിൽ ജോലിക്ക് വന്നിരുന്ന ഒരു സ്ത്രീയെ മേരി കണ്ടു. വിക്കി വിക്കി സംസാരിക്കുന്ന വൃദ്ധ ഇപ്പോഴൊരു കന്യാസ്ത്രീമഠത്തിൽ കഴിഞ്ഞു പോരുകയാണ്. പേര് ഏലമ്മ. മൂവരേയും അവർക്കോർമ്മയുണ്ട്. ആ സംഭവവും ഓർമ്മയുണ്ട്. 10-12 വയസുള്ള സമയത്ത് കൂട്ടത്തിലെ പെൺകുട്ടികളെ പുറത്തുള്ള ഒഴിഞ്ഞ കയ്യാലമുറിയിൽ കൊണ്ടു വന്ന് ഉപദ്രവിക്കുന്ന പതിവുണ്ട് മൂവർക്കും. കുട്ടികളുടെ കളി എന്ന രീതിയിൽ മാത്രമേ ആളുകൾ ഇതിനെ കണ്ടിരുന്നുള്ളൂ. ഒരു ദിവസം വിളിച്ചു കൊണ്ടു വന്ന പെൺകുട്ടിയെ വാതിലിനു പുറത്ത് നിറുത്തി വാതിലിനിടയിലൂടെ ലിംഗം വെളിയിലിട്ട് തൊട്ടു നോക്കാൻ വിളിച്ചു പറയുകയായിരുന്നു മിഖായേൽ. ഭയന്ന പെൺകുട്ടി വാതിൽ വലിച്ചടച്ച് ഓടി. രക്തം ചീറി. ജീവൻ രക്ഷിക്കുവാനായി അവനെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റേണ്ടി വന്നു. ആ അവയവം നഷ്ടപ്പെട്ട ശേഷമാണവന്റെ സ്വഭാവം മാറിത്തുടങ്ങിയത്. ഉപദ്രവം കൂടി. രണ്ട് മുഖങ്ങൾ അവൻ കാണിച്ച് തുടങ്ങി. ശാന്തതയുടേയും ക്രൗരത്തിന്റേതും. അടുത്ത നിമിഷം ഏത് മുഖമാണവൻ കൈക്കൊള്ളുക എന്ന് ഊഹിക്കുവാനാകാതെ ഞങ്ങൾ ഭയപ്പെട്ടിരുന്നു. ആർക്കും അവനെ നിയന്ത്രിക്കുവാൻ കഴിഞ്ഞിരുന്നില്ല. വീട്ടുകാർക്ക് തലവേദനയുണ്ടാക്കുന്ന തരം ജന്മം. അവന്റെ ശാരീരിക ബലഹീനത പരിഗണിച്ച് വീട്ടുകാർ അതെല്ലാം അനുവദിച്ചു കൊടുക്കുകയായിരുന്നു.

""അ അ അവര് അവറ്റോളെ എല്ലാരേം എനിക്ക് കണ്ടാ അറിയാം. ഞ ഞാനേ ഞാനെടുത്തു കൊണ്ട് നടന്ന പിള്ളാരാ. കു കു കു കുരുത്തക്കൊള്ളികള്. മി മി മികായേ മിഖായേലിനു മീശയ്ക്ക് മോളില് ഒരു കാക്കപ്പുള്ളിയുണ്ട്. അ അവന്റെ അമ്മേടെപ്പോലെ. അവന് അവനേറ്റവുമിഷ്ടം തേൻ പെരട്ട്യ ബ്രഡ് ആ. ആഹഹാ. പാ പച്ച് പച്ച നിറത്തിലുള്ള സ്വെറ്റർ ഇട്ടാ നട്പ്പ്. എപ്പഴും. ബ് ബ് ബ് ബ് ബ് ബാ ബാക്കി രണ്ടിനും അവനെ പേട്യാ. എന്നോട് പാവാർന്നു. ക ക ക കശുവണ്ടി ചുട്ട് തല്ലിപ്പൊട്ടിച്ച് എനിക്ക് കൊണ്ടത്തരും. കി കി കി കൃഷ്ണൻ കൃഷി കൃഷിയിൽ ചാഴീടെ ശല്യം ഉണ്ടായപ്പോ സ്വന്തം കയ്യ് മുറിച്ച് ചോരദാനം നടത്തിയവനാ അവൻ. പക്ഷെ മറ്റുള്ളവരോട് അത്ര സ്നേഹമൊന്നും കാണിച്ചിരുന്നില്ല.'' മിഖായേലാണ് താൻ അന്വേഷിക്കുന്ന ആളെന്ന് തോന്നിയതോടെ മേരി അയാളെക്കുറിച്ച് കൂടുതൽ അറിയുവാൻ ശ്രമിച്ചു.

""അവരുടെ വീട്ടിൽ അസ്വഭാവികമായി എന്തെങ്കിലും ഉണ്ടായിരുന്നോ? അത്തരത്തിൽ എന്തെങ്കിലും അനുഭവം ?''
""വ വ വേ വേലക്കാരികളോട് ഒരു കുഴപ്പവും ഇല്ലാ. ഞങ്ങൾക്ക് പോകാൻ പാടില്ലാത്ത മുറികളും സ്ഥലവും ഉണ്ടായിരുന്നു. അതിനുള്ളിലേക്ക് എത്തിനോക്കാനൊന്നും ഞാൻ നിന്നട്ടില്ല.'' അവരുടെ വിക്കൽ മാറിയിരിക്കുന്നു. മേരിക്ക് അതിശയം തോന്നി.

""അഞ്ച് പത്ത് കൊല്ലം അവർക്കൊപ്പം പണീട്ത്തു. മൂന്നിനേയും സ്വന്തം മക്കളെപ്പോലെന്നെ വളർത്തി. ഈ ചെക്കൻ അമ്മയായിട്ടത്ര അടുപ്പമൊന്നുമില്ലാരുന്നു. എങ്ങനെയുണ്ടാകാനാന്ന്. അവളവന് മൊലപ്പാലൊന്നും കൊടുത്തിട്ടില്ല. ചെക്കൻ എന്റെ കയ്യില് വന്നാ അപ്പൊ തൊടങ്ങും മൊഖം വച്ച് മൊല പരതാൻ. ഞാൻ പ്രസവിച്ച സമയം ആരുന്നേ അന്നേരം. ഞാൻ അവനെ നല്ലോണം കുടിപ്പിക്കും. ആരുമറിയാണ്ട്. വേറെ ആവശ്യമില്ലാത്തത് കേൾക്കാനും കാണാനും നിന്നിട്ടില്ല. കണ്ടതെല്ലാം അത് പോലെ മറന്നു. മറ്റുള്ളവരിൽ തീർപ്പ് കൽപ്പിക്കുവാൻ നമ്മൾ ആരാണ്. ആരേയും വിധിക്കരുതെന്നല്ലേ കർത്താവ് തമ്പിരാൻ പറഞ്ഞിട്ടുള്ളത്. ഞാനൊന്നും നോക്കീട്ടില്ല. ഒന്ന് മാത്രം പറയാം. കർത്താവൊന്നും ആർന്നില്ല അവരിടെ ഇടയൻ.''

അവരുടെ മുഖം ഭീതിയിൽ വിളറി. പ്രായാധിക്യത്താൽ പിന്നേയും അവർ വിക്കിത്തുടങ്ങിയിരുന്നു. ""അ അ അ അമ അമരപ്പന്തല് അമരപ്പന്തല് അമരപ്പന്തല്'' അവർ പറഞ്ഞു കൊണ്ടിരുന്നു. വൃദ്ധയെ തിരക്കി ഒരു നഴ്സ് വന്നതോടെ മേരി യാത്ര പറഞ്ഞിറങ്ങി.
അടുത്തത് ഹോസ്റ്റൽ വാർഡനായിരുന്നു.

""നന്നായി പഠിക്കുമായിരുന്നു മൂന്ന് പേരും. ഹോസ്റ്റലിൽ നിന്നും ചാടി കറങ്ങി നടക്കലായിരുന്നു പ്രധാന പണി. എനിക്ക് സിഗററ്റും മദ്യവും ഇടക്ക് മറ്റതും കൊണ്ട് തരുമായിരുന്നു അതുകൊണ്ട് ഒന്നും പറയാറില്ല. കുട്ടികൾക്കൊക്കെ പേടിയായിരുന്നു അവരെ. എല്ലാവരും രാത്രി പഠിക്കാനിരിക്കുമ്പോൾ അവർ മാത്രം പുറത്തായിരിക്കും. പക്ഷെ പരീക്ഷക്ക് നല്ല മാർക്കും. പിന്നെ അവരെ അവിടെ നിന്നും മാറ്റി. സ്‌കൂളിൽ ചെറിയ പ്രശ്നങ്ങളൊക്കെ നടന്നു. ഇടയ്ക്ക് പേപ്പറിൽ അവരുടെ ഫോട്ടോ ഒക്കെ കണ്ടപ്പോൾ ഞാൻ പറഞ്ഞിരുന്നു എന്റെ കുട്ടികളോട്. നമ്മുടെ പിള്ളേരായിരുന്നു എന്നെല്ലാം.''
""എന്ത് പ്രശ്നങ്ങളായിരുന്നു?''
""ഒരു കുട്ടിയെ കാണാതായി. ഇവരുടെ കൂട്ടത്തിലുള്ളതല്ല. ഒരു പക്ഷെ എന്തെങ്കിലും പറ്റിയാലോ എന്നൊക്കെ കരുതി പാരന്റ്സ് മാറ്റിയതാകും''
അടുത്തത് ഒരു തെരുവ് വേശ്യ ആയിരുന്നു. മിഖായേലിനൊപ്പം അന്തിയുറങ്ങിയവൾ. എച്ച് ഡവലപ്പേഴ്‌സ് കമ്പനി ഡാറ്റാബേസിൽ നിന്നും ലഭിച്ച ഒരു ചിത്രത്തിൽ നിന്നുമാണ് ഈ വേശ്യയുടെ മുഖം മേരിക്ക് ലഭിച്ചത്. പിന്നീടുള്ള അന്വേഷണത്തിൽ മേരി അവരെ കണ്ടെത്തി.

""അയാളെ ഞാൻ മറക്കില്ല. സിലിക്കൺ ലിംഗം ധരിച്ചു കൊണ്ട് ക്രൂരത മാത്രമാണ് എന്നോട് അയാൾ ചെയ്തത്. പിന്നെ കൂടുതൽ പണം ലഭിച്ചത് കൊണ്ട് കണ്ടില്ലെന്ന് നടിച്ചു. സിലിക്കൺ ലിംഗത്തിന്റെ കാര്യം ചോദിച്ചതിനായിരുന്നു ആക്രമണം നടന്നത്. ഒരാഴ്ച്ചയോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ക്രൂരതയുടെ പേരിൽ മറ്റ് രണ്ടു പേരേയും ഏറെ ദൂരം പിറകിലാക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നു. മൂന്നു പേർക്കൊപ്പം കിടക്ക പങ്കിടുവാനായിരുന്നു നിർദേശം എന്നാൽ ആദ്യത്തെ ഒരുവനിലേ ഞാൻ ബോധരഹിതയായി. കാമപൂർത്തീകരണത്തിനായല്ല ഉള്ളിലെ വയലൻസിനെ തൃപ്തിപ്പെടുത്താൻ ആയിരുന്നു എന്റെ നെഞ്ചത്ത് കയറിയത്. നായിന്റെ മോൻ. കട്ടിലിൽ കെട്ടിയിട്ട് എന്നെ ചെയ്യാത്ത ക്രൂരത ഒന്നുമില്ല. ബോധം പോകും വരെ പിറകിൽ നിന്ന് താങ്ങി. പേരിനു മാങ്ങയണ്ടി പോലുമില്ലാത്ത നായ.എന്തോ അവർക്കെന്നെ പിടിച്ചില്ല. അതു കൊണ്ട് ജീവനെങ്കിലും തിരികെ കിട്ടി'' അവർ പ്രാകി.

ശരിയാണ് സാറാ ആന്റി പറഞ്ഞ പലതും ശരിയാണ് മേരി ഓർത്തു. തന്റെ ലിംഗത്തേയും ഉദ്ധാരണത്തേയും തിരികെ കൊണ്ട് വരുന്നതിനും പ്രത്യുത്പ്പാദനത്തിന്റെ ദേവതയെയാണയാൾ ഉപാസിക്കുന്നത്. അതിന്റെ ഭാഗമായി പ്രാർത്ഥനയിൽ ഏർപ്പെട്ട് ബലികൊടുത്ത സ്ത്രീകളുടേയും പെൺകുട്ടികളുടേയും ശരീരഭാഗങ്ങൾ ഭക്ഷിക്കണം. വിരലുകൾക്കും കാൽപ്പാദങ്ങൾക്കുമാണ് ഇവരുടെ ക്രമങ്ങളിൽ മുൻഗണന. ക്രമങ്ങൾക്കു ശേഷം തടാകത്തിൽ താഴ്ത്തുന്ന മൃതദേഹങ്ങളുടെ കൈകളും കാലുകളും അപ്രത്യക്ഷമാകുന്നത് ഈ ചടങ്ങിന്റെ പ്രത്യേകതകൾ മൂലമായിരുന്നു. മേരിക്ക് ചിലതെല്ലാം വ്യക്തമായി.

""നിങ്ങളെങ്ങിനെ അവിടെ എത്തിപ്പെട്ടു?''
""അവർക്കിവിടെ സ്വന്തമായൊരു കൂട്ടിക്കൊടുപ്പുകാരനുണ്ട്. ചോളിക്കണ്ണൻ ജെറി. ബ്ലൂ വയലറ്റ് എന്ന ബാറിലെ ടെണ്ടർ. അവനറിയാത്ത കോക്ക്ടെയിലുകളില്ല. അവനറിയാതെ ഇവിടെ ഒരു കളിയും നടക്കില്ല. നഗരത്തിൽ ഒരുപാട് കാതുകൾ സ്വന്തമായുള്ള ചെറുപ്പക്കാരൻ. എന്നെ അങ്ങോട്ടേയ്ക്കെത്തിച്ചത് അവനാണ്. മൂന്നു പേർക്കും കൂടി ഒരു രാത്രിയെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏതോ പെൺകുട്ടിക്ക് പകരക്കാരിയായി പോയതാണ് ഞാൻ. നഗരത്തിലെ ഡ്രഗ് ഡീലിംഗ്സ് മിക്കതും ഈ ബാറിനകത്താണ്. ഉള്ളിൽ പോലീസുകാർ കാണും ഹഫ്ത പിരിവിനായി. അവിടെപ്പോയി ജെറിയെ പൊക്കാൻ ആർക്കും സാധിക്കില്ല. അത് മൂന്നു തരം. ജെറി ചടങ്ങുകൾക്കായി പെൺകുട്ടികളെ ശേഖരിക്കുന്ന ഒരു ഇടമുണ്ട്. പെൺകുട്ടികളെ കൊണ്ടു കൊടുക്കുന്ന ഏജന്റുമാരും ഉണ്ട്. കേജ് എന്നാണ് അവർ അതിനു പേരിട്ടിരിക്കുന്നത്. കൂടു പോലെ ഒരു ഇടം. ഇരുമ്പു കൊണ്ട് നിർമ്മിച്ച ഒന്ന്. അവിടെയാണ് പെൺകുട്ടികളെ അവർ കൊണ്ട് വന്നു തള്ളുക. മയക്കുമരുന്ന് കുത്തി വയ്ക്കുന്നതിനാൽ മിക്കവാറും ബോധരഹിതരാകുന്ന പെൺകുട്ടികൾ പിന്നീട് പുറം ലോകം കാണില്ല.'' അവർ പറഞ്ഞ് നിർത്തി.

പിറ്റേന്ന് മേരിയൊരു വേശ്യയെപ്പോലെ വസ്ത്രധാരണം നടത്തി ബ്ലൂ വയലറ്റിലേക്ക് കയറിച്ചെന്നു. നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിൽ ഉപവിഷ്ടയായി. ഓർഡറുകൾക്കനുസരിച്ച് മദ്യം തയ്യാറാക്കി നൽകുകയായിരുന്ന ഒരുവനെ അവൾ കണ്ടു. ചോളിക്കണ്ണൻ ജെറി. ബിയർക്കുപ്പികളും പെഗും അയാൾ മാറി മാറി പുറത്തെടുക്കുന്നുണ്ടായിരുന്നു. അയാൾ മേരിയുടെ ഓർഡറിനായി കാത്തു.
"ബ്ലഡി മേരി'. അയാൾക്ക് അവിശ്വസനീയമായി മേരിയെ നോക്കി. അല്ലാ ഇവളെപ്പോലൊരുവൾ ബ്ലഡിമേരി എന്ന കോക്ക്ടെയിൽ എന്തിനാണ് ഓർഡർ ചെയ്യുന്നതെന്ന മട്ടിൽ പലതരം മദ്യങ്ങൾ അയാൾ കുലുക്കിച്ചേർത്തു.

""എന്താണ് പേര്? ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ?'' കോക്ക്ടെയിൽ തയ്യാറാക്കുന്നതിനിടെ ജെറി ചോദിച്ചു.
""മേരി''
""എവിടെയാണ് താമസം?'' അവൾ നിശബ്ദയായി
""ജോലിയോ?'' മറുപടിയൊന്നും വരാതെ ആയപ്പോൾ ജെറി കോക്ക്ടെയിൽ ഗ്ലാസിൽ പകർന്ന് അതിനു ചുറ്റും അലങ്കരിച്ച് കൊണ്ട് വന്നു. മേരിയത് രുചിച്ചു നോക്കി.
""കൊള്ളാം'' അവൾ പറഞ്ഞു.
""നിനക്ക് ക്ലൈന്റിനെ ആവശ്യമുണ്ടോ?''
""എന്തിന്?''
""അത് വിട്. നീയെന്ത് പരിപാടിക്കാണ് ഇവിടെ വന്നതെന്ന് എനിക്ക് നല്ലവണ്ണമറിയാം.'' ജെറിയുടെ കണ്ണുകൾ കൂർത്തു തിളങ്ങി.
""നിനക്ക് പറ്റിയ ഒരു ടീമുണ്ട്. പറയട്ടേ?''
""ഇന്ന് വേണ്ട. മേരി വിലക്കി. നാട് വിട്ട് വന്നിട്ടേയുള്ളൂ. നാളെയാവട്ടെ''
""കഴിയുമെങ്കിൽ എനിക്കൊരു മുറി ശരിയാക്കിത്തരൂ. നാളെമുതൽ ആളുകൾക്കൊപ്പം പോയിത്തുടങ്ങാം.''
""എങ്കിൽ ഇന്ന് എന്റെ മുറിയിൽ കൂടാം എന്താ?''
""അങ്ങനെയാകട്ടെ''
""കുറച്ചു പേരെ ഞാൻ പരിചയപ്പെടുത്തി തരാം. വരൂ.'' മേരി തന്റെ മുഖം പുഞ്ചിരിയിൽ നിന്നും ശൃംഗാരത്തിലേക്ക് മാറ്റി. രാത്രി കഴിഞ്ഞ് ജെറി അവളെ മുറിയിലേക്ക് ക്ഷണിച്ചു. അയാൾക്ക് സന്തോഷമായി ഇര ഇങ്ങോട്ട് വന്ന് ചാടിയല്ലോ. അയാളുടെ മുറിയെന്നത് ആഢംബരത്തിന്റെ മറ്റൊരു വാക്കായിരുന്നു. രണ്ട് ഗ്ലാസും മദ്യക്കുപ്പിയും ഭക്ഷണവും വാങ്ങിക്കൊണ്ട് മേരിയെ അയാൾ സന്തോഷിപ്പിക്കുവാൻ ശ്രമിച്ചു. അവൾക്കൊരു പെഗ് ഒഴിച്ച് അതിൽ മയക്കുമരുന്നു കലക്കി. മേരിയത് അറിഞ്ഞു കൊണ്ടു തന്നെ മോന്തി.

പിന്നെ കണ്ണു തുറക്കുന്നത് മങ്ങിയ വെളിച്ചത്തിലേക്കാണ്. കൈകളിലും തലയിലും അസഹ്യമായ വേദന. മുറിവ്. അവൾ തൊട്ടു നോക്കി. മയക്കുമരുന്നു കുത്തി വയ്ക്കുന്നതിനായി കൈമടക്കിലുണ്ടായ ചെറുസുഷിരങ്ങൾ. കണ്ണുതുറക്കുവാനാകാത്ത വിധം കൺപീളകൾ അവളെ പൊതിഞ്ഞു. എന്തൊരു കനം അവൾ മനസിൽ പറഞ്ഞു. നേരെ നിൽക്കാനാകാത്തവിധം ബുദ്ധി മരവിച്ചിരുന്നു. മേരി ഏറെ നേരം ആ കിടപ്പ് തുടർന്നു. അവൾക്ക് തുരുമ്പ് കയ്ച്ചു. ഇരുമ്പിന്റെ തണുപ്പ്. കൂട്ടിനുള്ളിലെ പക്ഷിയാണവളെന്ന് മനസിലായി. പറക്കുവാൻ കാത്തു. മതിഭ്രമം അവളെ ചുറ്റി. നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ഓർമ്മവന്നു. വയറു തടവി. ആലീസിലെ രൂപങ്ങളും മനുഷ്യരും ചുഴലിക്കാറ്റായി ചുറ്റും പാറി. മേരിക്ക് ഭയം തോന്നി. ക്ഷീണം ആശ്വാസമായി കടന്നു വന്നു. ഉറക്കം കണ്ണുകളെ അടച്ചു.
രണ്ടാമത്തെ വട്ടം കണ്ണു തുറന്നപ്പോൾ അരികിൽ ഏതാനും പെൺകുട്ടികളെ കണ്ടു. കൂട്ടിനുള്ളിൽ പക്ഷിക്കുഞ്ഞുങ്ങൾ. അകലെ പ്രാർത്ഥനയുടെ അവ്യക്തമായ ശബ്ദം. മേരി സോളമനെ ഓർത്തു. എവിടെയാണ്? വല്ലതും അറിയുന്നുണ്ടോ? എന്നെപ്പറ്റി ഓർക്കുന്നുണ്ടോ? അതോ കണ്ട പെണ്ണുങ്ങൾക്കൊപ്പം പഞ്ചാരയടിച്ചിരിപ്പാണോ?
ശരീര വലിപ്പം കൂടിയ ഒരാൾ കേജിൽ നിന്നും മേരിയെ താഴെയിറക്കി. താഴെ സമജാതരായ മൂന്ന് സഹോദരങ്ങളെ അവൾ കണ്ടു. കാത്തിരുന്ന നിമിഷം. അവൾക്ക് നടക്കുവാൻ വയ്യ. മുന്നിൽ ഒരാൾ വന്ന് അവളുടെ അരികിൽ മുട്ടുകുത്തി ഇരുന്നു.

""ഒരു ട്രാൻസ്മിറ്ററുമായി വന്നാൽ ഞങ്ങളുടെ ദൈവത്തെ ഒറ്റുകൊടുക്കാമെന്ന് കരുതിയോ?'' ആദ്യത്തെ അടി. മേരിക്ക് വേദനിച്ചില്ല, അവൾ ചിരിച്ചു. മുടിയിൽ പിടിച്ച് വലിച്ച് അവളെ അയാൾ സാവധാനം കൊണ്ട് പോയി. അയാൾ ചൂളമടിച്ച് നടന്നു. മേരി പ്രതിരോധിക്കാതെ തന്നെ അയാളുടെ പിറകെ മുട്ടിലിഴഞ്ഞു. സ്വകാര്യമായ ഒരു മുറിയിൽ എത്തിയപ്പോൾ മുടിയിൽ നിന്നും പിടുത്തം വിട്ട് അയാൾ മേശമേൽ അവളെ കിടത്തി.
""നിനക്കെന്താ അറിയേണ്ടത്? നിന്റെ സുഹൃത്ത് ആ പെൺകുട്ടി മരിച്ചതെങ്ങനെയെന്നോ? അതോ ആ ദ്വീപിലെ മൂന്ന് പേർ കാണാതായത് എന്തിനെന്നോ? നിനക്ക് പിറകേ ആളെ വിട്ടത് ആരെന്നോ? അതോ ഇവിടെ നടക്കുന്നതെന്തെന്നോ? അതോ ഞങ്ങൾ ചെയ്തു കൂട്ടിയ കൊലപാതകങ്ങളുടെ എണ്ണമോ?'' അയാൾ ചാരി വച്ചിരുന്ന വെള്ളി കെട്ടിയ ഒരു ചൂരൽ എടുത്ത് മേരിയുടെ തുടയിലടിച്ചു. മേരി ഉച്ചത്തിൽ ചിരിച്ചു.

""നിനക്കറിയേണ്ടത് ഞാൻ എത്ര കൊലപാതകങ്ങൾ നടത്തി എന്നാണോ?'' അയാൾ വിരലുകൾ മടക്കി എണ്ണാൻ തുടങ്ങി. ഇടയ്ക്ക് ചിരിച്ചു.
""ഐ കിൽഡ് എലോട്ട്. നൂറോളം കഴിഞ്ഞ് കാണും. ചെറുപ്പം തൊട്ടേ. ഓർമ്മ വച്ച കാലം തൊട്ടേ.'' ഒരടി കിട്ടി. മേരിക്ക് ചിരി വന്നു. അവൾ കിടപ്പിൽ ഒന്ന് ചരിഞ്ഞ് നോക്കി. ഇതാണ് വീഡിയോവിൽ കണ്ട അറ. രക്ഷപ്പെടാനുള്ള പഴുത് ഓരോ നിമിഷവും അവൾ തേടി. അയാൾ വടി കളഞ്ഞ് കൈ വച്ച് അവളുടെ മുഖത്തടിച്ചു. മേരിയുടെ മൂക്കിൽ നിന്നും രക്തം പുറത്ത് വന്നു. അയാൾ പാൻസഴിച്ച് അടിവസ്ത്രത്തിനുള്ളിൽ നിന്നും സിലിക്കൺ ലിംഗം ഊരിയെടുത്ത് അത് വച്ച് മേരിയുടെ മുഖത്തടിച്ചു.

""നീ ഞങ്ങളെപ്പറ്റി ഗവേഷണം നടത്തി. പക്ഷെ അറിയുവാനുള്ളത് അറിയുവാൻ കഴിഞ്ഞില്ല. ഞാൻ പറയാം. രണ്ടാം വട്ടം പോർച്ചുഗലിൽ നിന്ന് കപ്പലു വന്നപ്പോൾ അതിലുണ്ടാരുന്നു ഞങ്ങളുടെ തലത്തൊട്ടപ്പൻ. ഇന്ത്യക്കാരോട് കാണിക്കുന്ന ക്രൂരത കണ്ട് മനം മടുത്ത് ഇവിടുത്തെ പാവങ്ങളുടെ അഭയമായി മാറിയ തൊട്ടപ്പൻ. ഇതേ കെട്ടിടത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപ് ഈ ചുവരുകൾ തൊട്ട ഒരാൾ. അയാൾ ഞാനാണ്. ഇവരോരോരുത്തരുമാണ്. പീഡനങ്ങളിൽ മൃതപ്രായരായവരെ സ്വന്തം വീട്ടിൽ പാർപ്പിച്ചവൻ. മാന്ത്രികൻ. ആഭിചാരങ്ങളുടെ അധികാരി. അയാൾ ഞങ്ങളെ സൃഷ്ടിച്ചു. സ്നേഹത്തെ സൃഷ്ടിച്ചു. ഫിഗിയൻസ്, മസോണറി, റോസിക്യൂഷൻ എല്ലാം ഞങ്ങൾ തന്നെയായിരുന്നു. ആയുധത്തിനു പകരം സ്നേഹമാണ് ഞങ്ങൾടെ കൈകളിൽ വച്ച് തന്നത്. എന്നിട്ടും നിന്നെപ്പോലുള്ളവർക്ക് ഞങ്ങളെ മനസിലാകാത്തത് എന്താണ്? പീഡിതർക്ക് നേരെ മുഖം തിരിക്കുന്ന ക്രിസ്തുവിനെ ഞങ്ങൾക്കാവശ്യമില്ലായിരുന്നു. തലതൊട്ടപ്പൻ ഞങ്ങളെ സ്നേഹത്തിലേക്ക് നയിച്ചു. ഞങ്ങളുടെ ദൈവം ഞങ്ങൾക്കെല്ലാം നൽകി. ദൈവത്തിനു ഞങ്ങൾ സർവ്വവും സമർപ്പിച്ചു. ശരിയും തെറ്റും ആപേക്ഷികമാണെന്നദ്ദേഹം പറഞ്ഞു തന്നു'' ഓരോ വരികൾക്കുമിടയിൽ അയാൾ മേരിയുടെ കണ്ണുകളിലേക്ക് നോക്കും. ദേഹത്തിൽ സിലിക്കൺ ലിംഗം വച്ചടിക്കും.

""കൂട്ടത്തിൽ കൂട്ടുവാൻ നിങ്ങളറച്ചപ്പോൾ പരസ്പരം ഇണകളാകേണ്ടി വന്നവരാണ് ഞങ്ങളുടെ കൂട്ടർ. നിങ്ങൾക്ക് മനസിലാകില്ല. കാരണം സമയമാണ് എല്ലാം തുടങ്ങി വച്ചത്. അത് മുൻപോട്ട് മാത്രം ചലിക്കുന്നതായി നിങ്ങളുടെ ലോകം അനുമാനിച്ചു. സ്ഥലകാലത്തെ നിയന്ത്രിക്കുവാൻ സാധിക്കുന്ന ഭൂഗുരുത്വത്തെ നിങ്ങൾ മനഃപൂർവ്വം ഒഴിവാക്കി. സ്ഥലകാലത്തെ വക്രീകരിക്കുവാനുള്ള കഴിവ് ഭൂഗുരുത്വത്തിനുണ്ട്. പ്രപഞ്ചം ഒരു പരിധിവരെ പരിമിതമാണ്. അത് പരിമിതമായ അളവിലുള്ള ദ്രവ്യത്തെ ഉൾക്കൊള്ളുന്നു. എന്നാൽ സമയം അനന്തമായി നീളുന്ന ഒന്നാണ്. അതിന് ആരംഭമോ അവസാനമോ ആയ അവസ്ഥയില്ല. അതേസമയം അത് ഉൾക്കൊള്ളുന്ന കാര്യം നിരന്തരം അതിന്റെ അവസ്ഥയെ മാറ്റുകയാണ്. സാധ്യമായ മാറ്റങ്ങളുടെ എണ്ണം പരിമിതമാണ്, അതിനാൽ എത്രയും വേഗം അല്ലെങ്കിൽ പിന്നീട് അതേ അവസ്ഥ ആവർത്തിക്കും. ജീവിതവും അത്തരത്തിൽ ഒന്നാകുന്നു. അതിവിടെത്തന്നെയുണ്ട് നമ്മൾ എല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നു. മുൻകൂട്ടി നിശ്ചയിച്ചപ്രകാരം നാം ഓരോരുത്തരും ജീവിക്കുന്നു മരിക്കുന്നു. സമയം അത്തരത്തിൽ ചലിച്ചു കൊണ്ടിരിക്കുന്നു എന്നു നാം കരുതുന്നു. ബ്ലാക്ക് ഹോൾസിന്റെ അരികുകളിൽ സമയത്തിന്റെ വേഗത വ്യത്യാസപ്പെട്ടത് നിങ്ങൾ അംഗീകരിച്ചു. എന്നാൽ അത്തരത്തിലൊന്ന് പുതിയൊരു ഡൈമെൻഷൻ ഭൂമിയിൽ ഉണ്ടാകില്ലെന്ന് നിങ്ങൾ ഊഹിച്ചു. ജനനം മരണം ജനനം മരണം എന്നിങ്ങനെ ആയിരക്കണക്കിനു ജന്മങ്ങളിൽ അത് കിടന്ന് കറങ്ങുന്നു. സമയം പോലെ അത് ഒരു വൃത്തമാകുന്നു. അതിനിടയിലെ ഓർമ്മയെ നശിപ്പിക്കുന്ന പ്രക്രിയയിൽ നാം ഏർപ്പെടുന്നു. ഓർമ്മകളെയല്ല അനുഭവങ്ങളെയാണ് നാം കൊണ്ട് നടക്കുന്നത്. ആയിരം ജന്മങ്ങളുടെ ഓർമ്മകളുമായി നടക്കുന്ന ഒരാളെ ഊഹിക്കുവാൻ സാധിക്കുമോ? ചെയ്തതു തന്നെ ചെയ്തു കൊണ്ടിരിക്കുന്ന പല ജീവിതങ്ങളിലൂടെ നാം കടന്നു പോകുന്നു. ഒരോ സെക്കന്റും മറ്റൊരു സെക്കന്റിന്റെ ആവർത്തനമാകുന്നു. ഓരോ കാലഘട്ടവും മറ്റൊന്നിന്റെ ആവർത്തനമാകുന്നു. ഓരോ സംഭവങ്ങളും മുൻപ് നടന്ന സംഭവങ്ങളുടെ ആവർത്തനമാകുന്നു. നമ്മളാണെങ്കിൽ പല ജന്മങ്ങളിലൂടെ ആധ്യാത്മികമായി ഉയരുവാൻ എന്നെല്ലാം കാരണങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ അതൊന്നുമല്ല. Life is suffering. മനുഷ്യർക്ക് അതില്ലാതെ കഴിയില്ല. നമ്മൾ അനുഭവിക്കുന്ന വേദന താത്ക്കാലികമാണെങ്കിൽ പോലും അതിനൊരവസാനമില്ല. സ്വയം ക്ലേശങ്ങൾ ഉണ്ടാക്കിയെടുത്ത് അതിൽ ജീവിക്കുന്ന വിഷാദരോഗിയാണ് മനുഷ്യൻ. അവർ പ്രതീക്ഷിക്കുന്നതും ക്ലേശങ്ങളെയാണ്. വീണ്ടും വീണ്ടും വീണ്ടും. ജീവിച്ച് കൊതി തീരാതെ മനുഷ്യർ ജലം പോലെ വീണ്ടും വീണ്ടും ഒരവസാനമില്ലാതെ സമയത്തിന്റെ കൂട്ടിൽ. അതിനെ മറികടക്കുവാൻ, ഈയൊരു വൃത്തം പൊട്ടിക്കുവാൻ ഉടയോനേ കഴിയൂ. തിരഞ്ഞെടുക്കുന്ന മനുഷ്യർക്ക് അതിനുള്ള അവസരം നൽകുകയാണ്. ഇത് നിന്റെ വിടുതിയാണ്. എല്ലാ വിഷമതകളിൽ നിന്നും. എല്ലാ വേദനങ്ങളിൽ നിന്നും. എല്ലാ ജന്മങ്ങളിൽനിന്നും.''

""പോർച്ചുഗീസുകാർ നശിപ്പിക്കുകയും കണ്ടുകെട്ടുകയും ചെയ്ത പഴയ ഗ്രന്ഥങ്ങളുടെ ശേഷിപ്പുകൾ എവിടെയാണ് സൂക്ഷിക്കുന്നതെന്ന് നിനക്കറിയാമോ? ഇല്ല. ഇരുതലക്കാട് തുരുത്തിലെ പള്ളിയിൽ. അതിൽ പെട്ടു പോയത് എന്റെ ജനതയുടെ ഒരു പുസ്തകവുമാണ്. അത് വീണ്ടെടുക്കുവാനായി ആ ദ്വീപ് മുഴുവനായി ഞങ്ങൾ വിലക്ക് വാങ്ങി. പുസ്തകം സ്വന്തമാക്കുന്നതിനു വിലങ്ങ് തടിയായി വന്നവരെ മുഴുവൻ ഞങ്ങൾ ഒഴിവാക്കി. അതിൽ നിന്റെ സുഹൃത്തും പെട്ടു. മരണങ്ങൾക്ക് പിറകേ വരുന്നവരെ ഞങ്ങൾ ഒരു ദാക്ഷിണ്യവുമില്ലാതെ കൈകാര്യം ചെയ്തിരുന്നു. പക്ഷെ നിന്നെ ഞങ്ങൾ ശ്രദ്ധിക്കുവാൻ വിട്ടു പോയി. വളരെക്കഴിഞ്ഞാണ് ഞങ്ങളുടെ റഡാറിൽ നിന്റെ ചിത്രം പതിഞ്ഞത്. വളരെ വൈകി. എങ്കിലും നീ നേരെ വന്ന് ഞങ്ങളുടെ കൈകളിൽ വീണു. പവിത്രമായ ഈ ചടങ്ങിനു സാക്ഷിയാകുവാൻ നിനക്കിതാ അവസരം ലഭിച്ചിരിക്കുന്നു.''
അയാൾ ഉപദ്രവിച്ച് തീർന്നില്ലായിരുന്നു പക്ഷെ വാതിലിൽ മുട്ടു കേട്ടു.
""നിന്റെ വിരലുകളാണെന്റെ അത്താഴം''

അയാൾ അവളെ നഗ്നയാക്കി. മലർത്തിക്കിടത്തി യോനിയിലെ രോമങ്ങൾ വടിച്ചു. കുളിപ്പിച്ച് ശുദ്ധയാക്കി. ജലം വന്നു വീണപ്പോൾ മേരിക്ക് ആശ്വാസം തോന്നി. ചുണ്ടിൽ വീണ രണ്ടു തുള്ളി മേരി ഇറക്കി. അയാൾ അവൾക്ക് തലയിൽ മുൾക്കിരീടം വച്ചു കൊടുത്തു. കുറച്ച് പൂവുകൾ അതിനൊപ്പം കുത്തി നിർത്തി. എന്ത് ഭംഗി അയാൾ പിറുപിറുത്തു. രണ്ടു പേർ വന്ന് അവളെ താങ്ങിപ്പിടിച്ചു കൊണ്ടു പോയി. ഹാളിൽ പ്രാർത്ഥനാ ശബ്ദം. വിശ്വാസികളടക്കം പത്തൻപത് പേർ കൂടി നിൽക്കുന്നുണ്ട്. കരിങ്കല്ലു കൊണ്ട് നിർമ്മിച്ച ഒരു ബാത്ത്ടബ്ബ് അതിൽ പായലുകൾ നിറഞ്ഞ ജലം. പ്രാർത്ഥന ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു.

അവൾ ജലത്തിൽ നിന്നും ഉയിർക്കും നഗ്‌നത അവളുടെ കുപ്പായമാകും ജലകണികകൾ അവളെ സ്പർശിക്കയില്ല തീനാളങ്ങൾ അവളുടെ ചിറകുകളാകും വായു അവളുടെ അടിനാവാകും സൂര്യനവളുടെകൺകളും സൂര്യരശ്മികളവളുടെ കൺപീലികളും അവൾ കുഞ്ഞുങ്ങളെ കൂടെക്കൂട്ടും അവളുടെ ആഗമനത്തിൽ ലോകം ഇണചേരും

മേരിയുടെ ശരീരത്തിൽ അവർ കൂർത്ത മുനകൾ കൊണ്ട് രൂപങ്ങൾ വരച്ചു. മുട്ടനാടിന്റെ കൊമ്പുകളെ ഒരുവൾ അണിഞ്ഞു വന്നു. വെളുത്ത പൂക്കൾ പൂത്ത വള്ളിച്ചെടികൾ ആ പെൺകുട്ടിയെ നഗ്നതയിൽ നിന്നും മറയ്ക്കുവാൻ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു. ചെറു പൂക്കളുടെ കുത്തുന്ന മണം. പല നിറങ്ങളിൽ അവരുടെ ദേഹത്ത് ചിഹ്നങ്ങൾ കാണാമായിരുന്നു. കുടവയറുള്ള ഒരാൾ വന്ന് നഗ്നനായി മേരിയെ ഭോഗിച്ചു. അവൾ സോളമനെ ഓർത്തു കണ്ണുകളടച്ചു കിടന്നു. ഭോഗശേഷം മേരിയെ കരിങ്കല്ലിന്റെ കുളിത്തൊട്ടിക്കരികിലേക്ക് മാറ്റിക്കിടത്തി. കുളിത്തൊട്ടിക്ക് ചുറ്റും പന്തങ്ങൾ എരിഞ്ഞു. ആരോ അവളെ തൊട്ടിയിലേക്ക് കാലു കൊണ്ട് ചവിട്ടിയിട്ടു. പ്രാർത്ഥന ഒരു നിമിഷത്തേക്ക് നിലച്ചു പിന്നെ ശബ്ദം കൂട്ടി മുഴങ്ങി. താഴ്ന്നു പോകുന്നതിനിടെ മൂക്കിലൂടേയും വായിലൂടേയും പായൽ ജലം കയറി വരുന്നത് മേരിയറിഞ്ഞു. ഒരു കാലു വന്ന് അവളെ മുക്കിത്താഴ്ത്തി. അവൾ കുതറിയില്ല. പകരം ജലത്തിനുള്ളിൽ കിടന്ന് ചവിട്ടുന്നവന്റെ മുഖത്ത് നോക്കി ചിരിച്ചു. അവൾക്ക് ആലീസിനെ കാണണം എന്ന് തോന്നി. പതിയെ ബോധം മറയുന്നത് അവൾ തിരിച്ചറിഞ്ഞു. ബാത്ത്ടബ്ബിനടിൽ കണ്ണു തുറന്ന് ശ്വാസമെടുക്കാതെ മേരി നഗ്നയായ് കിടന്നു. അവളുടെ ശ്വാസം പോളങ്ങളായി പുറത്തു വന്നു. പോളങ്ങൾ ശേഖരിച്ച് ജലസസ്യങ്ങൾക്കിടയിൽ വീടുണ്ടാക്കി മുട്ടയിടുന്ന രണ്ട് മീനുകളെ മേരിയപ്പോൾ കണ്ടു. മുകളിൽ നിന്നും നീർക്കാക്കകളും താഴെ നിന്നും വലിയ മീനുകളും വേട്ടയാടുന്ന പൊടിമീനുകളുടെ കൂട്ടമായി താൻ പൊടിഞ്ഞു പോയെന്ന് അവൾക്ക് തോന്നി. ഇളകുന്ന ജലം മനുഷ്യരെ കാണുന്ന പോലെ അവളെല്ലാവരേയും കണ്ടു. അനക്കം അവസാനിക്കും വരെ മിഖായേൽ അവളെ ചവിട്ടി താഴ്ത്തി. മേരി അനക്കമില്ലാതായി. അവളുടെ യോനിയിൽ നിന്നും അയാൾ മിനുസമുള്ള കല്ല് പുറത്തേക്കെടുത്തു. മൂക്കിൽ നിന്നും പായൽ പുറത്തു വന്നു. അയാൾ മറ്റ് പരിപാടികളിലേക്ക് കടന്നു. വിരലുകൾ മുറിക്കുവാൻ ആയുധം തിരക്കി. പ്രാർത്ഥന ഉച്ചത്തിൽ ഭ്രാന്തവുമായി മുഴങ്ങി. ജലം ഒന്ന് ഇളകിയോ മിഖായേലിനു സംശയം. ഒരു തുള്ളി മുഖത്ത് തെറിച്ചുവോ? അയാൾ മുഖം തുടച്ചു നോക്കി.

ഒരു നിമിഷത്തിൽ കുളിത്തൊട്ടിയിൽ ഉണ്ടായിരുന്ന ജലം മുഴുക്കെ ഉയർന്ന് പത്തി വിരിച്ച് കണികകളായി പുറത്തേക്ക് ചിതറി. മിഖായേൽ അതിൽ നനഞ്ഞു. രണ്ട് സഹോദരങ്ങളും ഏതാനും പ്രാർത്ഥനക്കാരും വെള്ളത്തിന്റെ വിരൽമൊട്ടുകൾ അത്ഭുതത്തോടെ മുറുക്കിപ്പിടിച്ചു. കുളിത്തൊട്ടിയിൽ നിന്നും വൈകുന്നേരത്തെ സൂര്യന്റെ കിരണങ്ങൾ പരന്നതു പോലെ ഓറഞ്ച് നിറം അവിടമാകെ നിറഞ്ഞു. അവസാന തുള്ളിയും ആവിയായപ്പോൾ പഴുത്ത ഇരുമ്പ് ലോഹത്തിന്റെ ചുവന്ന ശരീരവുമായി തൊട്ടിയിൽ നിന്നും മേരി എഴുന്നേറ്റു. കുളിത്തൊട്ടി ഉരുകി പിളർന്നു. വശങ്ങളിൽ നിന്നിരുന്ന രണ്ട് പേരുടെ തലകൾ തീപ്പന്തങ്ങളായി ആളിക്കത്തി. അതിൽ നിന്നും തീ വശങ്ങളിലേക്ക് പടർന്നു. മേരിയുടെ ആജ്ഞാനുസരണം അഗ്‌നി സഞ്ചരിച്ചു. മിഖായേലിനെ ചുവന്ന മേരി ഒന്ന് തലോടി. ആലയിൽ നിന്നുമെടുത്ത ഇരുമ്പു കഷ്ണം പോലെ ചൂട് കൊണ്ട് ചുവന്നു തുടുത്ത മേരിയൊന്ന് തൊട്ടു. അയാൾ നിന്നു കത്തി. ആ അഗ്‌നിയും വഹിച്ച് രണ്ട് കാതം ഓടി. രണ്ട് സഹോദരങ്ങളും കാർമ്മികനും മേരിയുടെ ചൂട് സഹിക്കാനാകാതെ തീയിൽ വെന്തു വീണു. ചുവന്ന മേരി തിരിഞ്ഞ് വിശ്വാസികളെ നോക്കി. അഗ്‌നി അവരെയാരേയും നീറ്റിയില്ല. എന്നാൽ ആ നോക്കിൽ ആളുകൾക്ക് അവരവരുടെ നിയന്ത്രണം നഷ്ടപ്പെട്ടു. മേരിയെക്കണ്ടതും എല്ലാവരും വസ്ത്രങ്ങളൂരി നഗ്‌നരായി പരസ്പരം ചുംബനങ്ങൾ പങ്കു വച്ചു. മേരി അവർക്കിടയിലൂടെ നടന്നു നീങ്ങി. ആണുങ്ങളുടെ ലിംഗങ്ങൾ ഉദ്ധരിച്ചു പോയി. സ്ത്രീകളുടെ അടിവായിൽ നിന്നും കൊഴുത്ത ദ്രാവകം നനഞ്ഞിറങ്ങി. മുലഞെട്ടുകൾ എഴുന്നേറ്റു. മാംസങ്ങൾ തമ്മിലുരഞ്ഞു. എങ്ങുമെങ്ങും പ്രേമം വിലസി. ചുംബനങ്ങളിൽ നിന്നും പതിയെ അവർ സംഭോഗങ്ങളിലേക്ക് തിരിഞ്ഞു. അമിതമായ ആസക്തിയിൽ പരസ്പരം ഇണചേർന്നു. പുരുഷൻ പുരുഷന്മാരേയും സ്ത്രീ സ്ത്രീകളേയും ചുംബിച്ചു. അവിടെയെങ്ങും നിഷിദ്ധ കാമം കത്തി. അത് പതിയെ അക്രമത്തിലേക്ക് വഴി മാറി. മനുഷ്യൻ അയാളുടെ തനതിലേക്ക് തിരികെ പോയി. ആളുകൾ ഉമ്മ വച്ചുമ്മവച്ച് ചുണ്ടുകൾ പരസ്പരം കടിച്ചു കീറി. മാംസത്തിൽ പല്ലുകളും നഖങ്ങളും ആഴ്ന്നിറങ്ങി. വേദനയാരും അറിഞ്ഞില്ല. രക്തം കിനിഞ്ഞ ശരീരങ്ങൾ പരസ്പരം ഉരസിക്കൊണ്ടിരുന്നു. മുലകളും ലിംഗങ്ങളും ചുണ്ടുകളും വേർപ്പെട്ടു. മാംസക്കഷ്ണങ്ങൾ താഴെ വീണു. ആഹ്ലാദ ശബ്ദം അവിടമാകെ മുഴങ്ങിക്കേട്ടു. രക്തം പലതായി ഒഴുകി. വാർന്നവർ വാർന്നവർ തളർന്നു വീണു. അക്രമം. മൃഗത്വം. മേരി അവർക്കിടയിലൂടെ പുറത്തേയ്ക്ക് നടന്നു. അവളുടെ പരിചാരകരായി അഗ്‌നി കൂടെ നടന്നു. പോകും വഴിയെല്ലാം ചാമ്പലായി. മാംസം കത്തിയ മണം അവിടമാകെ സ്വന്തമാക്കി. ആട്ടിടയന്റെ കൈയ്യിലുള്ള കമ്പിലെ ഇലകൾ നയിക്കുന്ന ആട്ടിൻപറ്റത്തെപ്പോലെ പ്രാർത്ഥനയ്ക്ക് വന്ന കുഞ്ഞുങ്ങൾ മേരിയ്ക്ക് പിറകെ ഗമിച്ചു. അവരെ മാത്രം അഗ്‌നി വെറുതെ വിട്ടു.

മരത്തിനു ചുവട്ടിൽ ഉറങ്ങുന്ന മേരിയെ കൊച്ചൈപ്പോരയാണ് കണ്ടെത്തിയത്. ഉണർത്തുവാൻ തളിച്ച ജലം ദോശക്കല്ലിൽ ഒഴിച്ച മാവ് പോലെ ശീ ശബ്ദമുണ്ടാക്കി മാഞ്ഞു പോയി. തട്ടി വിളിക്കുവാൻ ദേഹത്ത് കൈകൾ വച്ചതും ചൂടെടുത്ത് അയാൾ കൈകൾ പിൻവലിച്ചു. മേരി പതിയെ കണ്ണുകൾ തുറന്നു വരികയായിരുന്നു. കിടന്നു കൊണ്ടു തന്നെ അവൾ ഒന്ന് ഛർദ്ദിച്ചു. കൊച്ചൈപ്പോര ഏന്തി വലിഞ്ഞ് നോക്കി. ഒരു ട്രാൻസ്മിറ്റർ രക്തത്തിനൊപ്പം പുറത്ത് ചാടിയിരിക്കുന്നു. വളരെനേരത്തെ പരിശ്രമത്തിനു ശേഷം ചൂടാറിത്തുടങ്ങിയ മേരിയെ താങ്ങിയെടുത്ത് കൊച്ചൈപ്പോര വണ്ടിയിൽ കയറ്റി.
ഓർമ്മ നിറുത്തി.***

ഡീൻ കോർപ്പിന്റെ സ്പെഷൽ ടീം സോളമൻ ലൊക്കേഷൻ നൽകിയ സ്ഥലം നേരിൽ പരിശോധിച്ചു. പ്രത്യക്ഷത്തിലൊരു കാട് പിടിച്ചയിടം എന്നു മാത്രമേ അവർക്ക് തോന്നിയുള്ളൂ എന്നാൽ തൊട്ടടുത്ത് കാണപ്പെട്ട മലയിടുക്കിലൂടെ ഉള്ളിലേക്കിറങ്ങിയപ്പോൾ താഴെ വിശാലമായ ഭൂഗർഭ അറ. വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ മനുഷ്യനിർമ്മിതമായ മുറികളും അവശിഷ്ടങ്ങളും. എല്ലാം കത്തിക്കരിഞ്ഞു അഴുകിയ നിലയിൽ. മിക്കതും അസ്ഥികൾ മാത്രമായി അവശേഷിച്ചു. പള്ളിപോലുള്ള വിശാലമായ ഒരു ഹാൾ. ജയിലറകൾ പോലെ കമ്പികൾ വാതിലുകളായുള്ള മുറികൾ. ഉള്ളിൽ മറ്റൊരിടത്ത് ഇരുമ്പിനാൽ നിർമ്മിക്കപ്പെട്ട കൂട്. അത് തകർന്നു വീണിരിക്കുന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ ചിലർ ശേഖരിച്ചു കൊണ്ടിരിക്കെ കെട്ടിടം പരിശോധിക്കുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ബലമായി ചുവരു കൊണ്ട് അടച്ചു വച്ച മറ്റൊരു വാതിൽ കണ്ടുപിടിച്ചു. ഏറെ ശ്രമപ്പെട്ടിട്ടും വാതിൽ തുറക്കുവാനാകാഞ്ഞതിനാൽ സ്ഫോടക വസ്തുക്കൾ നിറച്ച് അവർ കവാടം തകർത്തു. കെട്ടിടം ഒന്ന് കുലുങ്ങി. നൂറ്റാണ്ടുകളുടെ പഴമയിലേക്ക് കറുത്ത ജലം കുതിച്ചു കയറി. തടാകം അതിന്റെ ചിറകുകൾ വീശി. ഡീൻ കോർപ്പ് ഉദ്യോഗസ്ഥർ നെഞ്ചളവിൽ മുങ്ങി നീന്തി. ശവശരീരങ്ങളുടെ അവശിഷ്ടങ്ങൾ തടാകമായി മാറി. കറുപ്പ് എല്ലാ നിറങ്ങളേയും ഇല്ലാതാക്കി.

""ഈ സ്ഥലം അടയാളപ്പെടുത്തിയ ചിത്രം ഇവിടെയല്ലേ വച്ചിരുന്നത്?'' ബോണി ചോദിച്ചു.
""അതെ''
""പക്ഷെ മേരിക്ക് ആ സമയം ഈ ലൊക്കേഷൻ എങ്ങനെ അറിയാം?''
""ശരിയാണ്''
""മേരി നിങ്ങളെ അവസാനമായി സന്ദർശിച്ചത് എന്നാണ്?'' ബോണിക്ക് സംശയം തീർന്നില്ലായിരുന്നു. സോളമനു ഒന്നും പിടികിട്ടുന്നില്ലായിരുന്നു. പക്ഷെ മേരിയെ ഇനി കണ്ടെത്തുവാൻ കഴിയില്ല എന്ന അറിവിൽ അയാൾ ആഴ്ന്നു കിടന്നു. പെട്ടെന്നൊരു സ്വാതന്ത്ര്യം അയാൾക്കനുഭവപ്പെട്ടു. അതേ സമയം മേരിയുടെ അഭാവവും. അയാൾ വീട്ടിലേക്ക് തിരിക്കാൻ പദ്ധതികളൊരുക്കി.***

ബ്ലാക്ക് ബെറി കഥ നിർത്തി. ഓർമ്മകളുടെ കഥപറച്ചിലും അവസാനിച്ചിരുന്നു. നീലഞരമ്പു പോലെ വിഷം തീണ്ടിയ പുലർക്കാലം ജനലുകൾക്കിടയിലൂടെ സോളമനെ നോക്കി കിടന്നു. സൂര്യന്റെ ചുവപ്പു നിറം ഏതോ ഒരു മലയുടെ കൂർപ്പു തട്ടി പുലർച്ചയിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. മരങ്ങൾ ഇലകളെ കഴുകി വൃത്തിയാക്കി. പക്ഷികൾ കണ്ണുതുറന്ന് ചിലചിലയെന്ന് കോട്ടുവായയിട്ടു. മൃഗങ്ങൾ ഉറക്കത്തിൽ നിന്നുണർന്ന് വാലുകൾ കൂടുതൽ ശക്തിയിൽ ആട്ടി. മനുഷ്യർ പുതിയ ദിവസത്തിലേക്ക് തിരക്ക് കൂട്ടി തുടങ്ങി. സോളമൻ മേരിയുടെ യാത്രക്കായി ഒരുങ്ങുകയായിരുന്നു. നഗരത്തിന്റെ സൈറണുകൾ അയാളെ ഉറക്കത്തിൽ നിന്നും പിടിച്ച് വലിച്ച് കരക്കിട്ടു. യാത്രക്ക് മുൻപായി അരിമണികൾക്കൊപ്പം കോഴിക്കുഞ്ഞുങ്ങളേയും അയാൾ പുലർച്ചയിലേക്ക് തുറന്നു വിട്ടു. ബ്ലാക്ക്‌ബെറി ഫോണും ലാപ്ടോപ്പും എടുത്ത് ബാഗിൽ വച്ചു. ഓർമ്മകൾ ഓരോരുത്തരായി ബാഗിൽ അനുസരണയോടെ കയറി ഇരുന്നു. അയാൾ തന്റെ യാത്ര തുടങ്ങി. ദീർഘദൂര ട്രെയിനിൽ കയറി കരച്ചിലിന്റെ ക്ഷീണത്തിൽ ഉറങ്ങിപ്പോയ സോളമനരികിൽ ഇരുന്നു ഓർമ്മകളും ബ്ലാക്ക് ബെറിയും ലെനോവോയും സംഭവവികാസങ്ങൾ ചർച്ച ചെയ്തു.

ബ്ലാക്ക് ബെറി: സോളമൻ എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ എന്തെങ്കിലും സൂചന ലഭിച്ചുവോ?
ലെനോവോ : ടിക്കറ്റ് അടുത്ത നഗരത്തിലേക്കാണ്
ബ്ലാക്ക് ബെറി: അതൊരു യൂണിയൻ സ്റ്റോപ്പ് ആണ്. ഭൂമിയിലെങ്ങോട്ടും പോകുവാൻ സൗകര്യമുള്ളയിടം
ഓർമ്മ : മേരിയുടെ മരണത്തെക്കുറിച്ച് എന്തോ അങ്ങേർക്ക് മനസിലായെന്ന് തോന്നുന്നു?
അപ്പോൾ ബാഗിനുള്ളിൽ കിടന്ന് ഒരോർമ്മ തന്റെ കഥ ഇതുവരേയും പറഞ്ഞില്ലെന്ന് അപ്പോൾ ബഹളം വച്ചു തുടങ്ങി. ഓർമ്മകളോട് ബ്ലാക്ക്ബെറിയും ലെനോവയും അപ്പോൾ ഇതാരെന്ന് തിരക്കി.
""സോളമൻ മേരിയെ ആദ്യമായി കണ്ടുമുട്ടിയ ഓർമ്മയാണ്. കഥ കേൾക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ്. കഥ പറയാതെ ഒരു സൈ്വര്യം തരില്ലയിനി''
""അതിനെന്താ പറയട്ടെ. സോളമന്റെ യാത്ര അവസാനിക്കുന്നതു വരെ കഥ കേൾക്കാമല്ലോ.'' ബ്ലാക്ക് ബെറി പ്രോത്സാഹിപ്പിച്ചു. ഇത് കേട്ട ഓർമ്മ സന്തോഷത്തോടെ യാത്രക്കിടയിൽ ബാഗിനുള്ളിൽ വച്ച് തന്നെ തന്റെ കഥ പറഞ്ഞ് തുടങ്ങി. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

​​​​​​​(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments