ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.

3 am

അധ്യായം 15 തുടർച്ച(ആറാം ഇന്ദ്രിയം-ഭാഗം രണ്ട്): ത്വഗിന്ദ്രിയം

പൊലീസുകാരന്റെ അടിയിൽ, കാതിൽ നിന്നും ഒഴുകിയ രക്തം സോളമനെ നനച്ചു. ഉടനെത്തന്നെ തന്റെ സ്പർശന സംവേദനങ്ങളെ പിൻവലിച്ചതിനാൽ വേദന അയാൾ അറിഞ്ഞില്ല. മേരിയല്ലാതെ ഇനിയാരും തന്നെ സ്പർശിക്കേണ്ടെന്ന് സോളമൻ തീരുമാനിച്ചു. ഓർമകളിലിരുന്നു മേരി അയാളുടെ ഏറ്റവും മൃദുവായ തൊലിയിൽ തൊട്ടുഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. സോളമന്റെ അപ്പാപ്പൻ മതം മാറി ക്രിസ്ത്യാനിയായ കാലഘട്ടത്തിലെല്ലാം ദളിത് ക്രിസ്ത്യാനികൾ മറ്റ് സവർണ്ണ ക്രിസ്ത്യാനികളിൽ നിന്നും വലിയ അവഗണന അനുഭവിച്ചു. പള്ളിയിലോ രൂപതയിലോ പേരിനു വന്നു പോയ്‌ക്കൊള്ളുക എന്നതിനപ്പുറം അധികാരത്തിൽ ഇടപെടുന്നതിനോ അവകാശം ഉന്നയിക്കുന്നതിനോ അവർക്ക് അനുവാദമുണ്ടായിരുന്നില്ല. പള്ളിയും പട്ടക്കാരും അവരെ ഒരു തീണ്ടാപ്പാട് അകലെ നിറുത്തി. സവർണ്ണ ക്രിസ്ത്യാനികളാണെങ്കിൽ തങ്ങൾ ബ്രാഹ്‌മണരായിരുന്നോ അതോ നായന്മാരായിരുന്നോ തോമാശ്ലീഹ നേരിട്ട് മാമോദീസ മുക്കിയതല്ലേ തുടങ്ങിയ വാക്ക് തർക്കങ്ങളിൽ വ്യാപൃതരായിരുന്നു.

ഇന്ത്യൻ ക്രിസ്തീയ വിശ്വാസികളിൽ 70% ആളുകളും ദളിതരാണ്. അവരെ നിയന്ത്രിക്കുന്നതോ ബാക്കി വരുന്ന മുപ്പത് ശതമാനം സവർണ്ണരും. അധികാരവും പണവും അവർക്കിടയിലായിരുന്നു. ഈയൊരു അവഗണന മുൻ നിർത്തി സോളമന്റെ അപ്പാപ്പൻ പള്ളിയിൽ പോക്ക് നിറുത്തി വച്ചു. പകരം വീട്ടിലെ പ്രാർഥനാ മുറിയിൽ തന്റെ പഴയ ആരാധനാമൂർത്തികളെ നിരത്തി രഹസ്യമായി പൂജ തുടങ്ങി. പള്ളിയിൽ നിന്നും അച്ചൻ വന്ന് അനുരഞ്ജന ശ്രമങ്ങൾ നടത്തിയെങ്കിലും തന്റെ പ്രാർഥനാമുറിയിലേക്ക് പ്രവേശിക്കുവാൻ ഒരുത്തനും അനുവാദം നൽകിയില്ല. പകരം അപ്പാപ്പൻ ഒരു ചോദ്യം ചോദിച്ചു
"ജോയിയുടെ മകന് യേശുവിന്റെ വെളിപാട് കിട്ടിയിട്ട് എന്താണച്ചോ അവനെ സെമിനാരിയിൽ എടുക്കാഞ്ഞെ? താഴ്ന്ന വർഗക്കാരനായ ക്രിസ്ത്യാനിക്ക് അച്ചനായാൽ എന്താ കുഴപ്പം?'
സംഗതി സത്യമാണ് അച്ചൻ പട്ടത്തിനു പഠിച്ചാൽ അധികാരം ചോരും. അച്ചൻ പതിയെ പള്ളിയിലേക്ക് തന്നെ തിരിച്ച് പോന്നു.

സവർണ്ണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും മറ്റൊരു ജാതി വ്യവസ്ഥയായി മാറുകയായിരുന്നു. സോളമന്റെ അപ്പാപ്പനു സ്വന്തമായി കൃഷി ഭൂമി ഉണ്ടായിരുന്നതിനാൽ അവഗണനയുടെ തീവ്രത അനുഭവിക്കേണ്ടി വന്നിരുന്നില്ല. ഉയർന്ന യോഗ്യതയുണ്ടായിട്ടും ജോലിയിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും അവരെ ആട്ടിയകറ്റി നിർത്തുന്നതിൽ സഭ ശ്രദ്ധ ചെലുത്തി. ഇത്തരം പല തരം വിവേചങ്ങളിലൂടെ കടന്നു പോകുന്നതിനിടയിലായിരുന്നു ആ ഗ്രാമത്തിൽ കമ്യൂണിസത്തിന്റെ കടന്നു വരവ്.
സോളമന്റെ അപ്പന്റേയും അമ്മയുടേയും വിവാഹം കഴിഞ്ഞ സമയം പള്ളിയിൽ നിന്നും അച്ചൻ സന്ദർശിക്കുവാനെത്തി.
"ഇവളെ നമുക്ക് മാമോദീസ മുക്കിക്കണ്ടെ ആന്റോ ?'
"എന്തിനാണച്ചോ?'
"അല്ല. അവൾടെ സുരക്ഷയ്ക്ക് വേണ്ടിത്തന്നെ'
"അത് നടക്കില്ല അച്ചോ. അച്ചൻ പറ്റാണേൽ ഇവൾക്ക് സ്‌കൂളിലൊരു ജോലി ശരിപ്പെടുത്തി കൊടുക്ക്'
"അതിപ്പം ഒരു ഹിന്ദുവിനു നമ്മളെങ്ങനാ. അതാ ഞാൻ പറഞ്ഞേ മാമോദീസ മുക്ക്'
"മാമോദീസ മുക്കിയുള്ള ജോലി എനിക്ക് വേണ്ടച്ചോ' രാധ പുറത്ത് വന്നു പറഞ്ഞു.

ജോലി വേണ്ടെന്ന് അച്ചനോട് പറഞ്ഞതിന്റെ മൂന്നാം ദിനം കമ്മലു വിറ്റ് അവർ ഒരു പശുവിനെ വാങ്ങി. അപ്പുറത്തെ പറമ്പിലെ തോമയുടെ അടയ്ക്കാമരം വെട്ടി വീഴ്ത്തിയൊരു തൊഴുത്ത് പണി കഴിപ്പിച്ചു. തൊഴുത്ത് കെട്ടാൻ വന്ന പുന്നൂസ് ചോദിച്ചു.
"നിങ്ങളിവരുടെ ജാതിയല്ലല്ലെ'
വെള്ളത്തിലിട്ട് കുതിർത്ത അടയ്ക്കപോളയുടെ പാളികൾ പിരിച്ച് കയറ് പോലെയാക്കുന്നതിനിടെ കഞ്ഞി വെള്ളം ചോദിച്ചതായിരുന്നു പുന്നൂസ്.
"എങ്ങനെ മനസിലായി പുന്നൂസേ'
"മൊഖം കണ്ടാ അറിയാലോ. വെളുപ്പല്ലേ ചേച്ചി'
"വെളുത്തവരെല്ലാം സായിപ്പിനുണ്ടായതെന്നാ പറയുന്നെ പുന്നൂസെ'
പുന്നൂസിനു വിമ്മിഷ്ടം തോന്നി. ശരിയായിരിക്കും പുന്നൂസ് അടുത്ത സ്റ്റെപ്പിലേക്ക് കയറി. അമ്മ പശു വളർത്തൽ തുടങ്ങിയതിൽ പിന്നെ ഒന്നിനും സമയമില്ലാതായി.

രാവിലെ പശുവിനു തീറ്റ, പാൽക്കറവ, കാടി, വൈക്കോൽ പുല്ല് വെട്ടൽ, കൊടുപ്പ്, ചാണകം വാരൽ, തൊഴുത്ത് കഴുകൽ, പശുവിനെ കുളിപ്പിക്കൽ, കുപ്പി കഴുകൽ എന്നിങ്ങനെ നിന്നു തിരിയാൻ സമയമില്ലാതായി. സോളമൻ വയറ്റിലുണ്ടായിരുന്ന സമയം കയ്യിലുണ്ടായിരുന്ന പൈസയും കടം വാങ്ങിയതുമായി അപ്പൻ മുടക്കിയ ബിസിനസ് എട്ട് നിലയിൽ പൊട്ടി. പേറ്റ് നോവ് തുടങ്ങിയപ്പം പത്തിന്റെ പൈസ കയ്യിലില്ല. പേറ്റു നോവിനിടയ്ക്ക് കാപ്പി പകരുന്ന പാത്രത്തിൽ ഒളിപ്പിച്ച് വച്ച നോട്ടുകൾ അമ്മ അപ്പന്റെ കൈകളിൽ വച്ചു കൊടുത്തു. പശു തന്ന സമ്പാദ്യം. അത് കൊണ്ട് തന്നെ സോളമനെ പ്രസവിച്ച് വീട്ടിൽ കൊണ്ടുവന്നപ്പോൾ ഒരു തുണിയിൽ പൊതിഞ്ഞ് അമ്മ അവനെ പശുക്കൾക്ക് കാണിച്ചു. അവനെ അമ്മ ഉമ്മ വയ്ക്കുന്നത് കണ്ട് അവരും നാക്ക് നീട്ടി അവനെ നക്കി.

മേരി തന്റെ പുതിയ ജീവിതത്തെപ്പറ്റി പറയുകയായിരുന്നു. പണ്ടുണ്ടായിരുന്നതിനേക്കാൾ സുഖമാണ് ഇപ്പോൾ, പുതിയ-കാമുകൻ വലിയ തമാശക്കാരനാണ്, നല്ല ജോലിയുണ്ട്, ഒന്നാന്തരം കാറുണ്ട്, വലിപ്പമുള്ള ലിംഗമുണ്ട്, വലിയ സുഖമാണ്. അത് കേട്ട് സോളമന്റെ മൃദുചർമം തളർന്നു അവൾ അയാളുടെ ലിംഗത്തെ കാരുണ്യപൂർവം നോക്കി എന്നിട്ട് എഴുന്നേറ്റ് ബാത്ത്‌റൂമിലേക്ക് നടന്നു പോയി. അയാളും തന്റെ ലിംഗത്തെ നോക്കി.

ഹേയ് അവൾ ചുമ്മാ തമാശ പറഞ്ഞതായിരിക്കും. അല്ലാ ഒരു ആറിഞ്ചു കാണില്ലേ? ഒരിഞ്ചെന്നു വച്ചാൽ എത്ര സെന്റിമീറ്ററാണ്? സ്‌കൂളിൽ പഠിക്കുമ്പോൾ ക്യാമലിന്റെ സ്‌കെയിൽ വച്ച് അളന്നതാണ്. അവൾ പോയിക്കഴിഞ്ഞ് ഒന്നു കൂടെ നോക്കണം അവളുടെ പുതിയ കാമുകന് എത്ര ഇഞ്ച് നീളമുള്ള സംഭവമാണാവോ? ദേഷ്യം പിടിപ്പിക്കുവാൻ വെറുതെ പറയുന്നതായിരിക്കും. മനുഷ്യനെ വിഷമിപ്പിക്കാനായിട്ട്. ഇനി വല്ല ആഫ്രിക്കകാരനേയും കണ്ടുമുട്ടിയോ? കുരുടിപാമ്പു പോലെ അവൻ ഇവളെ കെട്ടി വരിഞ്ഞു കാണുമോ? വെളുത്ത ശരീരം ഉള്ളവരെ അല്ലേ ഇവിടുത്തെ സ്ത്രീകൾക്ക് കൂടുതലിഷ്ടം? അവൾ വെറുതെ പറഞ്ഞതു തന്നെ. ഉറപ്പാണ്.

ഇനി എന്റെയൊപ്പം അവൾക്കുണ്ടായി എന്നു പറഞ്ഞ രതിമൂർച്ഛ മുഴുവൻ അഭിനയമായിരുന്നോ? അല്ലെങ്കിലും ഫേക്ക് ഓർഗ്ഗാസത്തിന്റെ കാലമാണിപ്പോൾ. ഇനി ഇതു കൊണ്ടെങ്ങാനും ആണോ അവൾ പുതിയ കാമുകനെ തേടിയത്? ഹേയ് ഒരു സാധ്യതയുമില്ല. അവൾ പോയിക്കഴിഞ്ഞാൽ അപ്പോൾ തന്നെ, ആ അപ്പുറത്തെ റൂമിലെ പ്ലംബർ ജോൺസിന്റെ കയ്യിൽ ടേപ്പ് കാണും അതിൽ സെന്റി മീറ്ററും ഇഞ്ചുമൊക്കെ വ്യക്തമായി എഴുതിയിട്ടുണ്ട്. നമ്മൾ ഇങ്ങനെ ആണെങ്കിൽ ഈ ഫിലിപ്പിൻസും ചൈനക്കാരും ഒക്കെ അപ്പൊ എന്തു ചെയ്യും? അഥവാ വലിപ്പം കുറവാണെങ്കിലും ചില വ്യായാമങ്ങൾ ചെയ്താൽ മതിയെന്നു പറയുന്നത് ശരിയാണോ? ചില മരുന്നുകൾ കൂടി ഉണ്ടെന്ന് കേട്ടു. വ്യാജമാണെന്നാ എല്ലാവരും പറയുന്നേ. വായിച്ച ലേഖനങ്ങളിൽ വലിപ്പം സ്ത്രീകൾക്ക് അത്ര കാര്യമല്ലയെന്നൊക്കെയായിരുന്നല്ലോ? എല്ലാ ഇന്ത്യക്കാരും കാമുകിമാരോടും ഭാര്യമാരോടും എന്തൊക്കെ പറഞ്ഞു ആവും സമാധാനിപ്പിച്ചിട്ടുണ്ടാവുക. എല്ലാവരും ഇങ്ങനെയൊക്കെ തന്നെ എന്നു പറഞ്ഞോ? വീഡിയോ ഒക്കെ തട്ടിപ്പാണെന്നോ? സത്യത്തിൽ ഈ സ്ത്രീകൾക്ക് എന്ത് എളുപ്പമാണ് ആലോചിച്ച് വിഷമിക്കേണ്ട കാര്യമില്ല. ചുമ്മാ വന്നു കിടന്നാൽ പോരേ ആണുങ്ങൾക്ക് എന്തൊക്കെ ശ്രദ്ധിക്കണം വലിപ്പക്കുറവാണോ കൂടുതൽ നേരം ഉദ്ധാരണം നിൽക്കുന്നുണ്ടോ? പങ്കാളി രമിക്കുന്നുണ്ടോ? അവൾക്ക് രതിമൂർച്ച ആകുന്നുണ്ടോ? വിചാരിക്കുമ്പോഴൊക്കെ ഉണരുന്നുണ്ടോ? ഹോ എന്തൊക്കെയാണ്.

ഈ വലിയ സാധനം ഉണ്ടല്ലോ ഇതിനെക്കൊണ്ട് വലിയ കാര്യമൊന്നുമില്ല കേട്ടോ വേദന കൂടും എന്നേയുള്ളു അല്ലേ? ഫിലിപീൻസുകാരൻ അടുത്തുണ്ടായിരുന്നേൽ ഈ വാദം സമ്മതിച്ചേനെ. സോളമന്റെ വളർത്തു മൃഗം ചങ്ങലകൾ കിലുക്കി. അയാൾ ആറിഞ്ചുള്ള സംഗീതോപകരണത്തിന്റെ വാദ്യക്കാരനായി. അന്നൊക്കെ സോളമനെ മേരിയായിരുന്നു നോക്കിയിരുന്നത്. ജോലിയില്ലായിരുന്നു. അവൾക്കു കിട്ടുന്ന പണത്തിൽ നിന്നും കുറേശ്ശെ അയച്ചു കൊടുത്താണ് ചിലവെല്ലാം കഴിച്ചിരുന്നത്. അന്ന് കയ്യിൽ കാശില്ലാതിരുന്നതുകൊണ്ട് ബെർത്ത്‌ഡേക്ക് ജീൻസും ടോപ്പും ആഭരണങ്ങളും ദേഹത്തു ജലച്ചായം ചെയ്ത് കൊടുത്തത് ആലോചിക്കുമ്പോൾ ഇപ്പോഴും ചിരി വരും. അടുത്ത ബർത്തഡേക്ക് അവൾക്ക് ആനത്തുമ്പ വച്ച് ദേഹത്ത് ഈ നഗരത്തെ ഡൂഡിൽ ചെയ്ത് കൊടുക്കണം എന്നിങ്ങനെ ആലോചിച്ച് നിൽക്കുന്നതിനിടെ ലിംഗം ഒന്നുയർത്തുവാൻ ശ്രമിച്ച് അയാൾ പരാജയപ്പെട്ടു. പെട്ടെന്ന് കുളിമുറിയിൽ ഫ്‌ലഷ് ചെയ്യുന്ന ശബ്ദം.

അന്ന് മേരി പോയ്ക്കഴിഞ്ഞ ശേഷം ഒരാഴ്ച്ചത്തേക്ക് അയാൾ ലൈംഗികമായി വരണ്ടു കിടന്നു. പല പല പോൺ സൈറ്റുകൾ സന്ദർശിച്ച് തന്നെ ഉദ്ദീപിപ്പിക്കുന്നതിനു ശ്രമങ്ങൾ നടത്തിയപ്പോഴൊക്കെ കവുങ്ങിനത്രയും വലിയ ലിംഗമുള്ള ഒരാൾ മേരിയെ ഭോഗിക്കുന്ന ചിത്രം തലച്ചോറിൽ കടന്നു വരുന്നത് അയാളെ തളർത്തി. ഒരാഴ്ച കഴിഞ്ഞ് ഒന്നും സത്യമല്ലെന്ന് ആണയിട്ട് മേരി സോളമന്റെ മൃദുചർമ്മത്തിൽ സ്പർശിച്ചതിൽ പിന്നെയാണ് അയാൾക്ക് തന്റെ ഉദ്ധാരണം തിരികെ ലഭിച്ചത്. അയാളുടെ മൃദുചർമ്മം മേരിയുടെ സ്പർശനത്തെ മാത്രം ഉണരുന്നതിനായി ഓർത്തു വച്ചു.

നേത്രേന്ദ്രിയം:

പോലീസുകാർ സോളമനു ചുറ്റും കൂടിയിരുന്നു. അടി കൊണ്ട് താഴെ വീണ സോളമനെ അവർ എടുത്തു കൊണ്ട് പോയി. സോളമൻ കണ്ണു പൂട്ടി. കാഴ്ചയെ അടക്കം പഞ്ചേന്ദ്രിയങ്ങളേയും സോളമൻ അവിശ്വസിച്ചു തുടങ്ങി. തലച്ചോറിലേക്ക് എൺപതു ശതമാനം അറിവുകളും നൽകിയിരുന്ന കണ്ണുകളെ സോളമൻ സംശയത്തോടെ നോക്കി. കാണുന്ന കാഴ്ച്ച തന്റെ സൗകര്യത്തിനായി തലച്ചോർ രൂപപ്പെടുത്തിയെടുക്കുന്നത് തിരിച്ചറിഞ്ഞു തുടങ്ങി.

ജലം തന്റെ ആകൃതികളെ സ്വീകരിക്കും പോലെ പ്രപഞ്ചത്തിലെ ഒരോ വസ്തുവിനും അവരവരുടെ ആകൃതികൾ സ്വീകരിക്കുവാൻ കഴിവുണ്ടെന്ന് അയാൾ തീർച്ചയാക്കി. നമ്മൾ കണ്ണുകളിലൂടെ കാണുന്ന സ്പർശനത്തിലൂടെ അറിയുന്ന ആകൃതി; നമ്മൾ ഭൂമിയിലനുഭവിക്കുന്ന മിഥ്യ ആരോ മെനഞ്ഞ മായാവലയം ആണെങ്കിൽ; ഇന്ദ്രിയങ്ങൾ കാട്ടുകുതിരകളും അവയെ സ്‌നേഹത്തോടെ ചാട്ടവാർ ചുഴറ്റി അവർക്കാവശ്യത്തിൽ കൂടുതൽ മുതിരയും പുല്ലും കാടിയും നൽകി മെരുക്കി കൂട്ടിൽ കെട്ടിയിട്ട് വളർത്തുകയല്ലേ ലൗകികത. മനുഷ്യൻ ജനിക്കുമ്പോഴേ അവനു ചുറ്റും സ്‌നേഹത്തിന്റെ ആൾരൂപങ്ങൾ, വിശപ്പ്, ഭക്ഷണം, വൈകാരികത, ദാഹം, ജലം, ലൈംഗികത, ജോലി, വസ്ത്രങ്ങൾ, ആഡംബരങ്ങൾ, ബന്ധങ്ങൾ ; ഞാൻ എന്ന വാക്കല്ലാതെ നമുക്കു ചുറ്റുള്ളത് സത്യമല്ലെങ്കിലെന്ന് സോളമൻ ചിന്തിച്ചു. മേരി എന്ന ഇല്ലാത്ത പൊള്ളയായ ഒരു രൂപത്തെ ഉപയോഗിച്ച് തന്റെ ജീവിതസമയം ആരോ പാഴാക്കി കളയുകയാണെന്ന് അയാളുറപ്പിച്ചു. ഇന്ദ്രിയങ്ങൾ അനുഭവിക്കുന്നത് മുഴുവൻ തോന്നലുകൾ ആണെങ്കിലോയെന്ന ചിന്ത അയാളെ ആശയക്കുഴപ്പത്തിലാക്കി.

തനിക്ക് ചുറ്റുമുള്ളതെല്ലാം ഒരു ഗെയിമിനായി മറ്റാരോ നിർമ്മിച്ചതാണെങ്കിൽ; തന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിന് അവർക്കാകുമെങ്കിൽ തൊട്ടടുത്ത് ഇരിക്കുന്ന ഈ മേശ അവിടെയില്ല, കണ്ണ് എന്നോട് പറയുന്നു ഇത്ര ദൂരത്തിൽ ഈ അളവിൽ അവിടെ ഒരു മേശയുണ്ടെന്ന്. തൊലി പറയുന്നു സൂക്ഷിച്ചില്ലെങ്കിൽ വേദനിക്കുമെന്ന്. താൻ ഒരു പുൽമേട്ടിലാണെന്നും മേശയുടെ പ്രതീതിയിൽ കാലു തട്ടുമ്പോൾ തന്റെ ശരീരത്തിലെ വേദനയുടെ സ്വിച്ച് ആരോ അമർത്തുന്നതും ആയിക്കൂട എന്നുമുണ്ടോ? ഇന്ദ്രിയങ്ങളാകുന്ന കാട്ടുമൃഗങ്ങളെ തീറ്റ കൊടുത്ത് മെരുക്കിയെടുത്ത് ജീവിതം സംതൃപ്തമെന്ന് സ്വയം ബോധ്യപ്പെടുത്തി ആരാണ് മനുഷ്യരെ ഉപയോഗിക്കുന്നത്? അലഞ്ഞ് നടന്നാൽ നഷ്ടപ്പെടുവാൻ പോകുന്ന കാര്യങ്ങളെയോർത്ത് അവർ ഭയപ്പെടുന്നുണ്ടാകുമോ? സത്യത്തിൽ സ്വാതന്ത്ര്യം ജനങ്ങൾക്ക് ആവശ്യമില്ലായിരുന്നു. സ്വാതന്ത്ര്യം ഉത്തരവാദിത്തമായിരുന്നു. അവർ അതിൽ നിന്നും അകന്ന് ജീവിച്ചു.

സോളമൻ കുന്നുകൾക്കരികിൽ മണ്ണെടുത്ത നിരപ്പിൽ ക്രിക്കറ്റ് കളിക്കുകയായിരുന്നു. സജി വലിച്ചടിച്ച ഷോട്ട് കുന്നും കടന്ന് മേലാപുള്ളയുടെ മോട്ടോർ ഷെഡ്ഡിനടുത്തേക്ക് വീണു. ലെഗ് സൈഡിൽ ഫീൽഡ് ചെയ്തിരുന്നത് സോളമനായിരുന്നു. സജി അടിച്ച സിക്‌സ് ആകാശത്തിൽ റ വരച്ചു. സോളമൻ ബോൾ എടുക്കാൻ ഓട്ടം തുടങ്ങി. അപ്പുറത്തെ കാന്തിത്തള്ളയുടെ കിണറ്റിലേക്ക് മറ്റുള്ളവർ വെള്ളം കുടിക്കുവാനും പോയി. കുന്നു കയറിയിറങ്ങി. മുള്ളു കാലിൽ പോറി. ഉറച്ച കല്ലുകളിൽ ചവിട്ടി മൊട്ടോർ ഷെഡ്ഡിനരികിലേക്കിറങ്ങി. ഷർട്ടിൽ പിടിച്ചു വലിച്ച മുള്ളുവള്ളികൾ പിടിവിട്ടു. പന്ത് തിരഞ്ഞ് നടക്കുന്നതിനിടയിൽ പുല്ലുകൾക്കിടയിൽ ഓന്തിനെ കണ്ടു. മോട്ടോർ ഷെഡ്ഡിനടുത്തുള്ള കിണറിൽ പോയി നോക്കി. ഇല്ല. അനക്കമൊന്നുമില്ല.

അതിനുള്ളിൽ നല്ല മീനുകളുണ്ട്. പക്ഷേ ചൂണ്ടയിടാൻ ഉടമസ്ഥൻ സമ്മതിക്കില്ല. കണ്ടാൽ ഓടിക്കും. ചൂട്ടാനുകളും പരലുകളും മാത്രം മേൽഭാഗത്ത് സഞ്ചരിപ്പുണ്ട്. മോട്ടോർ ഷെഡ്ഡിനുള്ളിൽ അനക്കം കേട്ട് സോളമൻ എത്തിച്ചു നോക്കി. മൂലയിൽ അടുക്കി വച്ചിരിക്കുന്ന ഓലമടലിനു മുകളിൽ രണ്ടു ശരീരങ്ങൾ കിടക്കുന്നു. അയ്യോ ദേ കൊച്ച് എന്നു പറഞ്ഞ് ശൃംഗാരഭാവം മാറ്റി കുറ്റബോധത്തിലേക്ക് ആ സ്ത്രീ മുഖം മാറ്റി. അവർക്ക് ആരാണെന്ന് മനസിലാകുന്നതിനു മുൻപേ ഓലയുടെ കടയ്ക്കൽ ഇരുന്ന പന്തെടുത്ത് സോളമൻ ഓടി. കറുത്ത രണ്ടു ശരീരങ്ങളിൽ നിന്നും കരിമൂർഖൻ തല ഉയർത്തി നോക്കിയത് അവന്റെ കാഴ്ചയിൽ നിറഞ്ഞു നിന്നു. പതിവിലും വേഗതയിൽ ഓടി വന്ന സോളമനോട് മറ്റുള്ളവർ തിരക്കി.
"എന്ത് പറ്റി?'
"ഹേയ് അവടെ ഒരു പാമ്പ്. ഓട്ടയിൽ കയറിപ്പോയി' പിണഞ്ഞു കിടന്ന് തലപൊക്കിയ രണ്ടു പാമ്പുകളെ അവൻ മനസിൽ കണ്ടു. ഇണചേരൽ തടസപ്പെടുത്തിയവരോടുള്ള പാമ്പുകളുടെ പക, മോട്ടോർപ്പുരയിലേക്ക് എത്തിച്ചു നോക്കിയ താൻ വലിയൊരു പാതകമാണ് ചെയ്തതെന്ന് അവനു തോന്നി.

വെള്ളം കുടിക്കുവാനെന്ന വ്യാജേന കാന്തിത്തള്ളയുടെ കിണറ്റിനരികിലേക്ക് പോയി അത് വഴി അവൻ വീട്ടിലേക്ക് ഓടി. ഒളിഞ്ഞു നോക്കിയ തന്നെത്തിരക്കി ആരോ കളിസ്ഥലത്ത് വരുന്നതും എല്ലാവരും കാര്യം അറിയുന്നതും അവൻ മനസിൽ കണ്ടു. വീട്ടിനുള്ളിൽ ചെന്നപ്പോൾ കുറച്ചൊക്കെ സമാധാനമായെങ്കിലും താൻ ധരിച്ച ഷർട്ട് അവർ കണ്ടു കാണും. അതിട്ട് ഇനി പുറത്തിറങ്ങിയാൽ തന്നെ അവർ കണ്ടുപിടിക്കും. അപ്പച്ചന്റേയും അമ്മച്ചിയുടേയും മുൻപിൽ ഉരുകേണ്ടി വരും. അമ്മച്ചി പുല്ലു അരിയുവാൻ പോയിരിക്കുകയായിരുന്നു. സോളമൻ മുറിയിൽ വച്ചിരുന്ന കത്രിക എടുത്ത് കൊണ്ട് വന്ന് ഷർട്ട് ചെറുതായി മുറിച്ച് വലിച്ചു കീറി. മൂന്ന് മുറിവ് ഷർട്ടിലുണ്ടാക്കിയെടുത്തിട്ട് അമ്മച്ചി വരുവാൻ കാത്തിരുന്നു.

പുല്ലിൻ കെട്ടുമായി അമ്മച്ചി വന്നതും കെട്ട് തല കൊണ്ട് വശത്തേക്ക് തട്ടി ചുമലിൽ കൈ വച്ച് ഒന്നു കൊടുത്തു സോളമന്.
"കളിക്കാൻ പോയി വീണു ഒള്ള ഡ്രെസും കളഞ്ഞു. കോപ്ടക്‌സിൽ ന്ന് കഴിഞ്ഞ ക്രിസ്മസിനു വാങ്ങീതാ. എന്തു കിട്ടിയാലും ഈ ചെക്കൻ നശിപ്പിക്കും. കുറച്ച് നാൾ നീ ഇടാതെ നടക്ക് അപ്പോഴേ പഠിക്കൂ.എന്തു നല്ല തുണി ആയിരുന്നു. ടീച്ചർമാരു വരെ ചോദിച്ചതാ ഈ ഷർട്ട് എവിടെ നിന്നാണ് എടുത്തത് എന്ന്. ഇനി നീ ക്രിക്കറ്റ് കളിക്കാൻ പോയാൽ. അപ്പച്ചൻ വരട്ടേ ആ പുളിവാറൽ വെട്ടിവക്കുന്നുണ്ട് ഞാൻ'
സോളമൻ ടീച്ചർ പറഞ്ഞതോർത്തു. "എവടന്നാടാ ഈ പെലയകളറ്? നിനക്ക് നന്നായി ചേരും' സോളമൻ മിണ്ടാതെ പുല്ലുകെട്ട് തലയിലേറ്റാൻ സഹായിച്ചു.

അമ്മച്ചിയുടെ ദേഷ്യം മുഴുവൻ ഏൽക്കാൻ കിങ്ങിണി പശു തയ്യാറായി. "ഇങ്ങട്ട് ഒന്ന് വാ എന്റെ പയ്യേ 'എന്ന് വിളിച്ച് അമ്മച്ചി കിങ്ങിണിയുടെ മൂക്കു കയറിൽ പിടിച്ച് വലിച്ചു. അപ്പച്ചൻ വന്നപ്പോൾ പുളിവാറൽ വച്ച് രണ്ടടി അവന് കാലിൽ കിട്ടി. അടിയുടെ വടു കാലിൽ പൊന്തി. ചുവന്ന തണ്ടുള്ള ചെടിയുടെ വള്ളി പോലെ പുളിവാറലിന്റെ ചുവന്ന ല്നിഴൽ കാലിൽ വളർന്നു. ആദ്യമായി സോളമൻ വടുക്കളിൽ തഴുകി അന്ന് ആശ്വസിച്ചു. വടുക്കൾ തീവണ്ടിപ്പാത പോലെ രണ്ട് അരികുകളിൽ തെളിഞ്ഞു കിടന്നു. അതിലൂടെ വിരലുകൾ കൊണ്ട് അവൻ തീവണ്ടിയോടിച്ചു. മകനെ അടിച്ച ദു:ഖത്തിൽ അന്ന് വീട്ടുസാമാനം വാങ്ങാൻ പോയ അപ്പൻ സോളമനു കഴിക്കുവാൻ ബോണ്ടയും പരിപ്പ് വടയും വാങ്ങി വന്നു. അന്നു തൊട്ട് ഇടവിട്ട് ഇടവിട്ട് ഇണ ചേരുന്ന പാമ്പുകളെ അവൻ എല്ലായിടത്തും കണ്ടു തുടങ്ങി.

കരിയിലയനക്കങ്ങൾ അവരുടെ പകയായി പിറകേ കൂടി. ഇണചേരും ശരീരങ്ങൾക്ക് മുൻപിലയാൾ നിശബ്ദനായി. നഗ്‌നരായ് പിണഞ്ഞു കിടക്കും മനുഷ്യരിലൊക്കെ പാമ്പുകൾ കയറി വന്നത് അയാളു സ്വയംഭോഗത്തെ തടസപ്പെടുത്തി. എന്നാൽ സോളമന്റെ ശരീരത്തിലെ വടുക്കളിലൂടെ വിരലുകളോടിച്ച മേരി അനക്കം കേട്ട് അയാൾ ഞെട്ടി എഴുന്നേറ്റപ്പോഴെല്ലാം ആയിരം കൈകളുള്ള കാർത്തവീര്യാർജ്ജുനനേപ്പോലെ പൊതിഞ്ഞു പിടിച്ചു. അതോടെ സ്വപ്നങ്ങളിലെ പാമ്പുകൾ അയാളെ വെറുതെ വിട്ടു. തന്നെ മേരി രക്ഷിച്ചതായി അയാൾ കണക്കാക്കി.

രസനേന്ദ്രിയം:

രസഗുളയിലെ പഞ്ചസാര ലായനി പോലെ കിനിഞ്ഞ രക്തത്തിനൊപ്പം മേരിയുടെ ഓർമകളെ സോളമൻ രുചിച്ചു. രസമുകുളങ്ങൾ മണ്ണിൽ നിന്നുള്ള ഈയാം പാറ്റകളെപ്പോലെ നാവിൽ പൊടിച്ചു. പുല്ലരിഞ്ഞു വരുന്ന അമ്മച്ചിയെ സോളമനോർത്തു. സ്‌കൂൾ വിട്ടു വിശന്നു വന്നപ്പോൾ വീട്ടിൽ അമ്മച്ചിയില്ലായിരുന്നു. ചെടിച്ചട്ടിയിൽ നിന്നും താക്കോൽ എടുത്ത് വീടു തുറന്ന് അടുക്കളയിൽ പോയി നോക്കിയിട്ടും ഒന്നും കണ്ടെത്തുവാൻ സോളമനു കഴിഞ്ഞില്ല. സോളമൻ അമ്മച്ചി വരാറുള്ള വഴിയുടെ അറ്റത്തേക്ക് കണ്ണയച്ച് കാത്തിരുന്നു. പുൽക്കെട്ടുമായി ആരും ആ വഴിയിൽ വന്നില്ല.

അവൻ പതുക്കെ അമ്മച്ചി പോകാൻ സാധ്യതയുള്ള പറമ്പിലേക്കിറങ്ങി. പറമ്പിൽ അവിടവിടങ്ങളിൽ അരിഞ്ഞു വച്ച പുല്ലിൻ കെട്ടുകൾ ഒരുമിച്ചു ചേർത്ത് ഉണങ്ങിയ വാഴയിലയുടെ ഇലഭാഗം കളഞ്ഞുള്ള വള്ളിയാൽ കെട്ടി സോളമൻ വരുമ്പോഴേക്കും വീട്ടിൽ എത്തുവാനുള്ള തന്ത്രപ്പാടിലായിരുന്നു അമ്മച്ചിയപ്പോൾ. സോളമൻ വന്ന് അമ്മച്ചിയെ സഹായിച്ചു.
"നോക്കി പോടാ അവടെ ഞാനൊരു മഞ്ഞ ചേരയെ കണ്ടു. നീ പേടിക്കും. ശബ്ദം ഉണ്ടാക്കി നടക്കണം'
സോളമൻ പുല്ലുകൾ വകഞ്ഞു നടന്നു. പുൽപ്പൊടികൾ അവന്റെ കാലുകളിൽ തട്ടി. അമ്മച്ചി പുല്ല് കെട്ടി. നമുക്ക് ഒരു കയറു വാങ്ങണം കണ്ടില്ലേ വാഴവള്ളി തീരാറായി. തലയിൽ തോർത്ത് മുണ്ട് ചുരുട്ടി വച്ച് അതിനു മുകളിലേക്ക് സോളമന്റെ സഹായത്തോടെ അമ്മച്ചി പുൽക്കെട്ട് എടുത്തു വച്ചു.

"ഇന്നെന്താ അമ്മച്ചി കഴിക്കാൻ ?'
തലയിലെ ഭാരം കാരണം ഉത്തരം പറയാതെ അമ്മച്ചി നടന്നു. വീടിന്റെ പിന്നാമ്പുറത്ത് പുല്ലുകെട്ട് ചെരിച്ച് അമ്മച്ചി പശുവിനെ മാറ്റിക്കെട്ടാൻ പോയി.
"വിശക്കുന്നു'
"എന്നാ എന്റെ മോൻ പോയി കിങ്ങിണീനെ മാറ്റി കെട്ടിയിട്ട് വാ. അപ്പഴിക്കും അമ്മ പോയി പലഹാരം ഉണ്ടാക്കി വക്കാം' മനസില്ലാമനസോടെ സോളമൻ പശുവിനെ മാറ്റിക്കെട്ടാൻ പോയി. പതിവില്ലാതെ സോളമൻ എന്താ വന്നേ എന്നു സംശയിച്ച് പുല്ലു ചവച്ചു കൊണ്ട് കിങ്ങിണി തല ഉയർത്തി. പുല്ലുകൾ കൂടിയ ഭാഗത്തേക്ക് കിങ്ങിണിയെ അഴിച്ച് സോളമൻ മാറ്റിക്കെട്ടി.

കടിച്ചു തിന്നാൻ വരുന്ന കിങ്ങിണിയുടെ മുൻപിൽ പുല്ലുകൾ തല താഴ്ത്തി. പകരം വളരുവാൻ രണ്ടു തടം ചാണകം ഇട്ടിട്ടു പോയെക്കാമെന്ന് കിങ്ങിണി പുല്ലുകളുമായി കരാറു വച്ചു. തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും അടുക്കള ഭാഗത്തെ പടയാളികളുടെ തലപ്പാവ് പോലുള്ള ചിമ്മിനി ഓടിൽ നിന്നും പുക വന്നു തുടങ്ങിയിരുന്നു. അടുക്കളയുടെ ചൂടിൽ അമ്മച്ചി പച്ച വാഴയിലയിൽ അട പരത്തുകയായിരുന്നു. സോളമനുള്ള അടയിൽ മാത്രം നാളികേരവും പഞ്ചസാരയും ചേർക്കും. അമ്മച്ചിക്കും അപ്പച്ചനും ഇഷ്ടം ഓട്ടടയാണ്. അടുപ്പിലെ കളിമണ്ണു കൊണ്ടുള്ള ചട്ടിയിൽ രണ്ട് അട കിടപ്പുണ്ടായിരുന്നു. പുല്ലരിഞ്ഞു വന്ന അമ്മച്ചിയുടെ വിയർപ്പു മണം അടുക്കള മുഴുവനുമുണ്ടായിരുന്നു. അട പൊതിഞ്ഞ വാഴയിലയുടെ കരിഞ്ഞ തുണ്ടുകൾ സോളമന്റെ ചുറ്റും പറന്നു നടന്നു.

അമ്മച്ചി കൈവിരലുകളാൽ പരത്തിയ അടയിൽ വിരലുകൾ പതിഞ്ഞു കിടപ്പുണ്ടായിരുന്നു. ഇല മടക്കി അമ്മച്ചി ചട്ടിയിലിട്ടു. ഏറ്റവുമാദ്യം ഇട്ട അട കൈകൊണ്ട് എടുത്ത് പാത്രത്തിൽ വച്ച് സോളമനു കൊടുത്തു. കരിഞ്ഞ ഇല അടർത്തി കളഞ്ഞപ്പോൾ വെള്ള അടയിൽ നിന്നും ചൂട് പൊങ്ങി. അമ്മച്ചി സ്വന്തം കൈപ്പത്തി സോളമനു രുചിക്കുവാനായി നൽകി. തൊട്ടപ്പോൾ സോളമനു പൊള്ളി. അത് കണ്ട് അമ്മച്ചി കൈപ്പത്തി കഷ്ണങ്ങളാക്കി മുറിച്ചിട്ടു കൊടുത്തു. വിശപ്പ് സഹിക്കാൻ വയ്യാതെ സോളമൻ ഒരു കഷ്ണം എടുത്ത് വായിലിട്ടു. കരിഞ്ഞ വാഴയിലയുടെ രുചി അവനു വിശപ്പിൽ നിന്നും ആശ്വാസമേകി.
"സോളമാ അമ്മക്ക് തലചുറ്റുന്ന പോലെ. നീയിത്തിരി വെള്ളമൊന്നെടുത്തേ' അമ്മ പതിയെ താഴെ വന്നിരുന്ന് പടിയിൽ ചാരി. പിന്നെ ചരിഞ്ഞുറങ്ങി. കയ്യിൽ നിന്നും തെറിച്ചു പോയ പന്തെടുക്കുവാൻ പുല്ലുങ്കൂട്ടിലെത്തിയപ്പോൾ കണ്ടു കയറു പോലെ പിണഞ്ഞ് പുല്ലിങ്കെട്ടിൽ ഒരു അണലിക്കുഞ്ഞും അടുക്കളയിൽ കരുവാളിച്ച മുഖത്തിലൊരു അമ്മക്കുഞ്ഞും.

അമ്മയുടെ സാരിയിലെ വിയർപ്പിന്റെ മണവും കരിഞ്ഞ അടയുടെ സ്വാദും ആളിക്കൊണ്ടിരിക്കുന്ന തീയും പറന്നു നടക്കുന്ന കരിഞ്ഞ ഇലക്കഷ്ണങ്ങളും അവയുടെ ചുളുചുളുക്കും അവന്റെ ഇന്ദ്രിയങ്ങൾ അന്ന് ഓർമകളിലേക്ക് മാറ്റി വച്ചു. കാലങ്ങൾക്ക് ശേഷം തിയ്യേറ്ററിലെ ഇരുട്ടിലിരുന്ന് മേരിയുടെ വിരലുകളെ അയാൾ ആർത്തിപൂണ്ട് നുണഞ്ഞു തുടങ്ങിയ സമയം അയാളുടെ നാവിൽ മുകുളങ്ങൾ മഴക്ക് മീതെ കൂണുകളായി മുളച്ചു പൊന്തി. അയാൾ അമ്മയുടെ, മേരിയുടെ വിയർപ്പിലൊളിച്ച് കൈകൾ നുണഞ്ഞ് വിശപ്പകറ്റി.

അടി കിട്ടിയ സോളമനെ പോലീസുകാർ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്പിറ്റലിൽ കിടന്ന സോളമനെ ഡോക്ടർ നോക്കി. തുന്നലിടേണ്ടി വരും. തുന്നലിടേണ്ടിയിരുന്ന തലയുടെ ഭാഗത്തെ മുടി അയാൾ തന്നെ കത്രിക വച്ച് വെട്ടിയതിനു ശേഷം ക്ഷൗരക്കത്തി വച്ച് വടിച്ചു.

സാധാരണ നഴ്‌സ് ചെയ്യേണ്ടിയിരുന്ന ഈ ജോലി മറ്റാരേക്കാളും വൃത്തിയിൽ ഡോക്ടർ ചെയ്തതിനു കാരണമുണ്ടായിരുന്നു. ക്ഷുരകനായ പിതാവിൽ നിന്നും ലഭിച്ചതായിരുന്നു ഡോക്ടർക്കുണ്ടായിരുന്ന ഈ കൈവഴക്കം. പത്താം ക്ലാസിൽ പരീക്ഷ കഴിഞ്ഞ സമയത്ത് മുടിവെട്ടു കടയിൽ സഹായിയായിക്കൂടിയ അയാളുടെ ചെറുപ്പത്തിലെ ഏറ്റവും വലിയ ആഗ്രഹം നഗരത്തിലെ ഏറ്റവും വലിയ റൗഡിയുടെ കഴുത്തിൽ ക്ഷൗരക്കത്തി വക്കുക എന്നതായിരുന്നു. ഒരു കരകൗശല വിദഗ്ധനെപ്പോലെ അദ്ദേഹം സോളമനെ നെയ്‌തെടുത്തു. നാലു തുന്നലുകൾ നാലു ഇതളുകളായി. തലയിൽ പൂവുള്ള മരംകൊത്തിയായി സോളമൻ കിടന്നു.
അതേ സമയം അബോധത്തിൽ കിടക്കുകയായിരുന്ന സോളമൻ തന്റെ ശിരസിൽ ഒരു കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു.

തലക്കുള്ളിലെ ഒരു കോഫീ ഷോപ്പിൽ വച്ച് മൂന്നു പേർ പരസ്പരം അഭിവാദ്യം ചെയ്തു. വർത്തമാനകാലത്തെ സോളമനും ഭാവിയിലെ സോളമനും ഭൂതകാലത്തെ സോളമനുമായിരുന്നു ആ മൂന്നു പേർ. ഭാവിയിലെ സോളമൻ അൻപത് വയസെങ്കിലും തോന്നിച്ചു. മുടി മിക്കവാറും കൊഴിഞ്ഞു തീർന്നിരുന്നു. താടി വെളുത്തിരുന്നു. ചർമ്മം തൂങ്ങിയിരുന്നു.

ഇരട്ടത്താടി മൂലം അധിക പ്രായം തോന്നിച്ചു. ഭൂതകാലത്തെ സോളമന് പതിനെട്ടു വയസു കാണും. മീശ മുളച്ചു വരുന്നു. പഠിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിൽ നിന്നുമാണ് അയാൾ വന്നതെന്ന് വർത്തമാനകാല സോളമന് മനസിലായി.
സോളമൻ: ഒരു പെപ്പറോണി പിസ വിത്ത് എക്‌സ്റ്റ്രാ ചീസ്
ഭൂതം: ഞാനിത് രണ്ടാമത്തെ പ്രാവശ്യമാണ് പിസ കഴിക്കാൻ പോകുന്നത്. ആദ്യത്തെ വട്ടം പിസ കഴിക്കുന്ന രീതി അറിയാതെ കൂട്ടുകാർക്ക് മുൻപിൽ ഞാൻ നാണം കെട്ടു. എനിക്കിപ്പോഴും പിസ എന്നു കേൾക്കുമ്പോൾ ഒരു വെപ്രാളമാണ്.
ഭാവി: ഇമ്മാതിരിയുള്ള ഫുഡ്‌സ് നമ്മൾ ഒഴിവാക്കേണ്ടതുണ്ട്. കുറച്ചുകൂടെ ആരോഗ്യപരമായ ഭക്ഷണക്രമം പാലിച്ചിരുന്നെങ്കിൽ എനിക്കീ അൾസർ വരില്ലായിരുന്നു. അയാൾ വയർ തടവി വേദനിച്ചു.
സോളമൻ: ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നതിനല്ല നാമിവിടെ കൂടിയിട്ടുള്ളത്. മേരിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ്.
ഭൂതം: ആരാണ് മേരി ? കാണാൻ ചരക്കാണോ?
ഭാവി: ആരാണ് മേരി?
സോളമൻ: ഭാവിയിലെ സോളമാ, നിങ്ങളെന്തിനു എന്നോട് കള്ളം പറയണം? എത്ര സ്ത്രീകൾ കഴിഞ്ഞു പോയാലും മേരിയെ നിങ്ങൾ മറക്കില്ലയെന്ന് എനിക്കറിഞ്ഞു കൂടെ? ഭൂതകാലത്തെ സോളമാ, അടുത്ത കുറച്ച് വർഷങ്ങളിൽ നീയവളെ കണ്ടുമുട്ടുവാൻ പോകുകയാണ്.
ഭാവി: ഒരുപാട് സ്ത്രീകളുമായി ഞാൻ പ്രേമത്തിലായിട്ടുണ്ട്. അതിലാര് ആരെന്ന് എനിക്ക് വലിയ പിടിയൊന്നുമില്ല. ഈ വയസിലെ ഓർമക്കുറവും ഒരു പ്രശ്‌നമാണ്.
സോളമൻ: മേരിയുടെ മരണത്തിന്റെ, എന്നെ ഉപേക്ഷിച്ചതിന്റെ കാരണം എന്തെന്ന് നിങ്ങൾക്കറിയില്ലേ? എന്ത് സംഭവിച്ചെന്ന് ഓർമ്മയിൽ നിന്നും ദയവായി ചികഞ്ഞെടുത്ത് പറഞ്ഞു തരൂ.
ഭാവി: എനിക്കോർക്കുവാൻ കഴിയുന്നില്ല. ഒരുപാട് യാത്രകൾ മാത്രമേ ആ പേരിനൊപ്പം എനിക്കിപ്പോൾ ഓർമ്മയുള്ളൂ. പ്രേമത്തിനും കാമത്തിനുമായി നടത്തിയ യാത്രകൾ. ആ സ്ത്രീ എങ്ങനെയിരുന്നു?
സോളമൻ: കള്ളം പറയാതിരിക്കൂ. എങ്കിൽ പറയൂ നിങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ സ്ത്രീ ആരാണ്?
ഭാവി: അമ്മ
ഭൂതം: വാഗ്വാദത്തിനാണോ നമ്മൾ ഒത്തുകൂടിയിരിക്കുന്നത്?
സോളമൻ: അല്ല. എനിക്ക് മേരിയെ തിരികെ വേണം. അത് നിങ്ങളിലൂടെ മാത്രമേ സാധ്യമാകൂ. ഭൂതകാലത്തെ സോളമാ അവളുമായി ഇടപെടുന്ന രീതിയിൽ മാറ്റം വരുത്തിയാൽ എനിക്കൊപ്പം മേരി കാണും. ഈ വൃദ്ധനോടൊപ്പവും അവൾ കാണും. അതിലുമുപരി അവൾ ജീവനോടെയിരിക്കും.
ഭാവി: എനിക്കതിനോട് യോജിപ്പില്ല. ഒരു സ്ത്രീയേയും കൂടെക്കൂട്ടുവാനുള്ള അവസ്ഥ എനിക്കിപ്പോളില്ല. ജീവിതം മുഴുക്കെ ഒറ്റയ്ക്ക് ജീവിച്ചു തീർത്തു എന്ന നിലയിൽ സ്വന്തം ജീവിതത്തിൽ ഞാൻ തൃപ്തനാണ്. സമാധാനത്തിലാണ്. സന്തോഷിക്കുന്നതിന് രണ്ടാമതൊരാൾ വേണം എന്നത് തെറ്റിദ്ധാരണയാണ്. എന്റെ വയറിൽ അൾസർ വന്ന് പഴുത്തു. പല്ലുകൾ കേടുവന്നു. ടോയ്‌ലറ്റിൽ നിന്നും എഴുന്നേൽക്കാൻ സമയമില്ല. ഒരു സ്ത്രീയെ തൃപ്തിപ്പെടുത്തുവാനുള്ളത്ര ദേഹവുമില്ല പണവുമില്ല. എന്റെ സമാധാനം കളയരുത് ദയവായി.
ഭൂതം: ഞാൻ എന്ത് ചെയ്യണം എന്നു പറയൂ.
സോളമൻ: ഭാവിയിൽ മേരിയുമായി കഴിഞ്ഞു കൂടുന്ന സമയം അവൾ ഇറങ്ങിപ്പോകുന്ന ഒരു സന്ദർഭം വരും. അതിനനുവദിക്കാതെ അവളെ കൂടുതൽ സ്‌നേഹം കൊണ്ട് മൂടണം. വിട്ട് പോകാൻ കഴിയാത്ത രീതിയിൽ ജീവനാൽ തളച്ചിടണം. മരണത്തിൽ നിന്നും അവളെ ഒഴിച്ച് നിർത്തണം. അപ്രതീക്ഷിതമായി ഉപേക്ഷിക്കുവാനുള്ള പദ്ധതി പൊളിച്ച് പാളീസാക്കണം. വിശദമായി നമുക്ക് സംസാരിക്കാം.
ഭാവി: ത്ഫൂ.
സോളമൻ: എന്റെ കാലത്തിൽ പുതിയ ജോലി കിട്ടിക്കഴിയുമ്പോൾ അത്യാഗ്രഹി ആകാതെ മേരിക്കൊപ്പം അവളുടെ കുഞ്ഞുസന്തോഷങ്ങളുമായി ജീവിക്കുവാൻ തീരുമാനിക്കുക. പുതിയ ഫ്‌ലാറ്റിലേക്ക് മാറണമെന്ന ചിന്ത വേണ്ടെന്ന് വയ്ക്കുക. അവളുടെ ആവശ്യങ്ങൾ അംഗീകരിക്കുക. സ്‌നേഹം നൽകുക.
ഭാവി: എത്രകാലം അവളെ നിനക്ക് സ്വന്തമാക്കി വയ്ക്കുവാൻ കഴിയും. മനുഷ്യർ ആത്യന്തികമായി പോളിഗമസ് ആണ് സോളമൻ. അവരെ അവരുടെ വഴിക്ക് വിട്ട് ജീവിക്കൂ.
ഭൂതം: ഓ മാൻ. എനിക്ക് പ്രേമത്തിൽ പോലും വിശ്വാസമില്ല. ഐ ജസ്റ്റ് വാണ്ട് റ്റു ഫക്ക് ഏൻഡ് ഫക്ക്. ഫക്ക് ദ ലൈഫ് മാൻ. ആർക്ക് വേണം ഒരുത്തി മാത്രമുള്ള ജീവിതം? ഫക്ക് ദ ഫക്കേഴ്‌സ് ബിഫോർ ഫക്കേഴ്‌സ് ഫക്ക് യു.
സോളമൻ: ദേർ വിൽ ഓൾവേയ്‌സ് ബീ സം വൺ റ്റു മേക്ക് യു ബിലീവ്. മേരി വരും. നിന്നെ മാറ്റിമറിക്കും. മുപ്പത് കഴിഞ്ഞാൽ കുടുംബം ഉള്ള വിപ്ലവകാരികൾ ഇടത് രാഷ്ട്രീയത്തിൽ നിന്നും വലതിലേക്ക് കൂടുമാറും പോലെ
ഭാവി: ജീവിതം മാറ്റിമറിക്കുന്നവർ കൂടെ ജീവിക്കണമെന്ന് ശഠിക്കുന്നത് പ്രായോഗികമല്ല. വിവാഹം പ്രേമത്തെ ഇല്ലാതാക്കുന്നു. ഇത്തരമൊരു ചർച്ചയിലൂടേയോ മേരിയെ തടഞ്ഞതു കൊണ്ടോ മരണത്തെ തോൽപ്പിക്കാൻ മനുഷ്യനാകില്ല. ആ സംഭവത്തിലൂടെയല്ലെങ്കിൽ മറ്റൊരു വിധത്തിൽ ജീവിതം അവളെ മരണത്തിന്റെ കൈകളിൽ സുരക്ഷിതമായി എത്തിക്കും. നിനക്കെന്നല്ല ഒരാൾക്കും അത് മാറ്റിമറിയ്ക്കുക സാധ്യമല്ല.
സോളമൻ: അയാളുടെ വാക്കുകളെ ശ്രദ്ധിക്കേണ്ടതില്ല. വയസായാൽ ഇമ്മാതിരി പിച്ചും പേയും പറയും. ഞാൻ പറയുന്ന കാര്യങ്ങൾ ഡയറിയിൽ കുറിക്കണം. നടക്കുവാൻ പോകുന്ന സംഭവങ്ങളുടെ ഏകദേശ ധാരണ ഞാൻ മനസിലാക്കി തരാം. ഐ ഹാവ് എ പ്ലാൻ. എന്തൊക്കെ സംഭവിച്ചാലും മേരിയെ മരണത്തിനു ഞാൻ വിട്ട് കൊടുക്കുകയില്ല. എനിക്കിനിയും സഹിക്കുവാൻ വയ്യ ഈ സങ്കടാവസ്ഥ. കൊതി തീരെ ഉറങ്ങിയിട്ട് ദിവസങ്ങളാകുന്നു. നീണ്ട വിരലുകളുള്ള, താമരവള്ളികൾ പോലുള്ള, വാസലിൻ പുരട്ടിയില്ലെങ്കിൽ വരണ്ടുണങ്ങുന്ന നീളൻ കൈകളെ കാണാതെ വയ്യ. ഐ മിസ് എവരിത്തിംഗ് എബൗട്ട് ഹേർ. അവളുടെ കുളിർമത. അവളുടെ ചൂട്. അവളുടെ കോപം. അവളുടെ ചളി. അവളുടെ ചീത്ത വിളി. അവളുടെ വെറുപ്പ്. അവളുടെ കുശുമ്പ്. അവളുടെ പൂടയുള്ള തൊലി. ഭയമാണ് സ്വപ്നങ്ങൾ നിറച്ചും. ഞെട്ടിയുണരുകയാണ് മൂന്നുമണികൾ. സ്വപ്നങ്ങളിൽ മുഴുക്കെ, അവളുടെ വിരലുകളിൽ ആരോ തലോടുന്നു, നെറ്റിയുടെ ഭംഗി ആരോ കണ്ടുപിടിക്കുന്നു, കൂടെയാരോ യാത്ര ചെയ്യുന്നു, ആരുടേയോ ചുമലിൽ തല ചായ്ക്കുന്നു. ആരുടേയോ കൂടെ കാപ്പി കുടിക്കുന്നു. മദ്യം മോന്തുന്നു. ഡാൻസ് കളിക്കുന്നു. ചിത്രം വരക്കുന്നു. അവൾ ആർക്കോ വേണ്ടി കണ്ണുകളിറുക്കി മുയൽപ്പലുകൾ കാണിച്ച് ചിരിക്കുന്നു. ആർക്കോ ഒപ്പം അലയുന്നു.വിശന്നു കിടക്കുന്നു. കാക്കപ്പുള്ളികളിൽ മുഴുക്കെ ആരോ ഉമ്മം വയ്ക്കുന്നു. എനിക്കവളുടെ ഓരോ കണികയും വേണം ഓരോ നിമിഷവും വേണമെന്ന് തോന്നിപ്പോകുന്നു.
ഭാവി: നിങ്ങൾ എന്തൊരു സ്വാർത്ഥനാണ്. എങ്കിലും പറയാതെ വയ്യ നിങ്ങളുടെ വേദന കണ്ടിട്ട് ഒരിക്കൽ ഇത്രയും സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്തിട്ടുള്ളതിൽ അഭിമാനം തോന്നുന്നു.
ഭൂതം: ഞാനൊരിക്കൽ ഓഡിയോ നിർമ്മിച്ച് കൂട്ടുകാരനെ ഏൽപ്പിച്ചിരുന്നു. എന്നെങ്കിലുമൊരിക്കൽ പ്രേമിക്കുവാൻ ഞാൻ ഒരുങ്ങുകയാണെങ്കിൽ ഈ ഓഡിയോ തിരിച്ച് എനിക്ക് അയച്ചു തരണം എന്ന്. അതിലെന്താ ഞാൻ പറഞ്ഞിരിക്കുന്നത് എന്നോ. എത്ര മനോഹരവും ലഹരി നിറഞ്ഞതുമാണ് സിംഗിൾ ആയി ജീവിക്കുന്ന ഈ സമയം. നെവർ എവർ ഫോൾ ഇൻ ലവ്. ഒരിക്കലും ആരേയും പ്രേമിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യരുത് എന്ന്.
സോളമൻ: എനിക്കത് ഓർമ്മയുണ്ട്. ഇത് നിങ്ങളാരും കരുതുന്നതു പോലെയല്ല. യഥാർത്ഥ പ്രേമം വന്നു പോകും വരെ എന്താണതെന്ന് ചിന്തിക്കുവാൻ പോലും നിനക്കാവില്ല.
ഭാവി: ഭാവിയെ പുനർനിർമ്മിക്കുകയാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ അത് സങ്കീർണ്ണമായ ഒന്നാണ്. കാരണം ഞാൻ ജീവിച്ചു കൊണ്ടിരിക്കുന്ന കാലം നിങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. യുദ്ധങ്ങളും ക്രൂരതയും ആയുധങ്ങളും യന്ത്രങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും നിറഞ്ഞ ഇടത്ത് നിന്നുമാണ് ഞാൻ വരുന്നത്. പ്രണയിനിയെ സ്വന്തമാക്കുവാൻ നിങ്ങൾ ചെയ്യുന്ന ഈ പ്രയത്‌നം ലോകത്തിന്റെ സമാധാനത്തിനായി നിങ്ങൾക്ക് ചെയ്തുകൂടെ? ആ കാപ്പി മൊത്തിയൊന്നു ചിന്തിക്കൂ. പ്രേമം മാത്രമാണ് ജീവിതമെന്ന് കരുതുന്ന മനോഭാവം മാറ്റിപ്പിടിക്കൂ. സമയം ഇനിയും ബാക്കി കിടക്കുന്നുണ്ട്. നിയോഗം സ്വീകരിക്കുക.
സോളമൻ: ലോകനന്മ സ്വപ്നം കണ്ട് ജീവിക്കുന്ന ഗാന്ധിയനല്ല ഞാൻ. ആദ്യം വേണ്ടത് സ്വന്തം മനസിന്റെ സമാധാനമാണ്.
ഭൂതം: യാ. ഫക്ക് വേൾഡ് പീസ്.
സോളമൻ: എനിക്ക് മറ്റൊന്നും ആവശ്യമില്ല. മേരിയോടൊപ്പമുള്ള വളരെ കുഞ്ഞു ജീവിതം മതിയാകും.
ഭാവി: പറഞ്ഞത് നിങ്ങൾക്ക് മനസിലാകാത്തതിൽ അത്ഭുതമില്ല. പക്ഷെ മേരിയുമായുള്ള ജീവിതം അവസാനിച്ചാൽ ലോകത്തിനു ലഭിക്കുക മറ്റൊരു സോളമനെ ആണ്. മറ്റുള്ളവരുടെ ജീവിതത്തെ പരിഗണിക്കുന്ന, ജീവനെ വിലമതിക്കുന്ന, സഹജീവികളെ കാരുണ്യത്തോടെ മനസിലാക്കുന്ന ഒരാൾ. നിങ്ങളിൽ നിന്നും പ്രകൃതി ചില കർമ്മങ്ങൾ പ്രതീക്ഷിക്കുന്നു. അതിനാദ്യം എടുത്ത് മാറ്റേണ്ട മുള്ള് മേരിയാണ്. അവൾ നിങ്ങളെ അതിമോഹിയായി മാറ്റും. ഏതൊരു സാധാരണ മനുഷ്യജീവിയെപ്പോലെ നിങ്ങളും പാതിരാവ് വരേയും മോണിറ്ററിൽ നോക്കിയിരുന്ന് പരാതികളും ദാരിദ്ര്യവും മൂലം മനസ് മടുത്ത് സാധാരണക്കാരനായി മരിക്കേണ്ടി വരും. ലൗകികതയിൽ മുഴുകിയവളാണ് മേരി. മറിച്ച് ഇപ്പോൾ എന്നെ നോക്കൂ. എത്ര സമാധാനത്തിൽ ഞാൻ ജീവിക്കുന്നു. ലോകത്തിനോടുള്ള ഉത്തരവാദിത്വത്തിൽ നിന്നും നിങ്ങൾക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. ഈ വഴിയല്ലെങ്കിൽ മറ്റൊരു വഴി പ്രകൃതി നടപ്പിലാക്കും.
സോളമൻ: വൈ ഡോണ്ട് യു ഷട്ട് ദ ഫക്ക് അപ്പ് ഫോർ എ മിനിറ്റ്. എനിക്ക് നിങ്ങളോടല്ല സംസാരിക്കേണ്ടത്. കേട്ടോ ഭൂതകാലത്തെ സോളമാ മേരിയുമായി ഞാൻ സ്‌നേഹത്തിലാകാൻ എന്താണ് കാരണമെന്നോ ഒരു ഷെൽഫിൽ നിന്നും മറ്റൊരു ഷെൽഫിലേക്ക് പുസ്തകങ്ങൾ മാറ്റുന്നതിൽ പോലും സന്തോഷിക്കുന്നവളായിരുന്നു അവൾ. എവിടെ നിന്നെന്നറിയാതെ മനസിലേക്ക് പൊന്തുന്ന സന്തോഷങ്ങളുടെ ഉടമ. എല്ലായിപ്പോഴും സന്തോഷിക്കുന്ന, സന്തോഷം നൽകുന്ന പെൺകുട്ടി. മൂന്ന് വയസായിരുന്നപ്പോൾ അപ്പച്ചൻ നൽകിയ പട്ടിക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഏറ്റവും സന്തോഷിച്ച ദിനങ്ങളുടെ ഓർമ്മ.
ഭാവി: ഇത്രയുമെത്തിയതിനാൽ പറയുകയാണ്. ഞാൻ ഭാവിയെ നിരീക്ഷിച്ച മനുഷ്യനാണ്. അറിഞ്ഞവനാണ്. അതിനാൽ പറയുകയാണ്. മേരിയല്ല നിങ്ങളുടെ ഭാവി. പല മനുഷ്യർക്കുമൊപ്പം സ്‌നേഹം പങ്കു വയ്‌ക്കേണ്ട മനുഷ്യനാണ്. ഒരു സ്ത്രീയല്ല ഒരു സമൂഹം നിങ്ങളെ പ്രതീക്ഷിച്ച് സമയമെന്ന ഈയൊരു മതിലിനപ്പുറം നിൽക്കുന്നുണ്ട്. കുറച്ചധികം പേരുടെ അഭയമാണ് നിങ്ങൾ. ഒരുപാട് പേർക്ക് പ്രചോദനമാകേണ്ട വ്യക്തി. ഇവിടെ വന്ന് ഭാവിയെപ്പറ്റി സംസാരിക്കരുത് എന്ന് കരുതിയതാണ്. മനുഷ്യൻ ഇന്നിനു വേണ്ടിയല്ലല്ലോ നാളേക്കായി ജീവിക്കുന്നവൻ അല്ലെ. ഭാവിയിൽ പ്രതീക്ഷ അർപ്പിച്ച് ജീവിക്കുന്നവർ. ഭാവി എന്തെന്ന് അറിഞ്ഞാൽ നിരാശപ്പെട്ട് ജീവിക്കുന്നവരും. ഒരു പ്രദേശത്തിനു തുണയാകേണ്ടവൻ ഇവിടെ ഒരു സ്ത്രീയുടെ പ്രേമത്തിനായി പുഴുവിനെപ്പോലെ നരകിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു. മനസ് കുറച്ചധികം വിശാലമാക്കൂ സോളമൻ. ഈ പ്രേമവും വേദനയും ഇപ്പോൾ നിങ്ങളുടെ തലയിൽ പിടിച്ചു നിൽക്കുന്ന മുടിനാരുകളുടെ വിലയായി മാത്രമേ ഭാവിയിൽ നിങ്ങൾ പരിഗണിക്കുകയുള്ളൂ.
സോളമൻ: കഥ പറയുവാനുള്ള കഴിവ് നിങ്ങൾക്കുണ്ടെന്നറിയാം. പക്ഷെ ഇതെല്ലാം പഴയ നമ്പറുകളല്ലേ വൃദ്ധാ.
ഭാവി: ഫക്ക് ദിസ് ഷിറ്റ്. ഇത് സംഭവിക്കുവാൻ ഞാൻ അനുവദിക്കില്ല. സോളമൻ നിങ്ങൾ ഇതിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഭൂതകാലത്തെ സോളമനെ വകവരുത്തി നിങ്ങളേയും അതു വഴി സ്വയം ഇല്ലാതാക്കുവാനും എനിക്കറിയാം.

സോളമൻ നിയന്ത്രണം വിട്ട് വൃദ്ധനെതിരെ പാഞ്ഞു ചെന്നു. വൃദ്ധൻ തന്റെ വിരലുകളാൽ സോളമന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. കാണുമ്പോൾ അവശനെന്ന് തോന്നുമെങ്കിലും അയാളുടെ ശക്തി സോളമനെ അത്ഭുതപ്പെടുത്തി.

ശ്വാസം മുട്ടി കൈകാലിട്ടടിച്ചു തളർന്നു വീഴുമ്പോൾ ഭാവി കോട്ടിൽ നിന്നും പിസ്റ്റൾ പുറത്തെടുക്കുന്നത് അയാൾ കണ്ടു. സോളമൻ പെട്ടെന്ന് കണ്ണു തുറന്നു.
ആശുപത്രിയിൽ കിടക്കുകയായിരുന്ന സോളമന്റെ കേൾവി എന്ന ഇന്ദ്രിയം പതുക്കെ തിരിച്ചു വരികയായിരുന്നു ആ സമയം. കൂടെയുള്ളവർ അതറിഞ്ഞതുമില്ല. ഡോക്ടറും നഴ്‌സും സംസാരിക്കുന്നത് അബോധത്തിൽ സോളമൻ കേട്ടു. ഇയാളുടെ ശരീരം മുഴുവൻ ക്ഷൗരക്കത്തി വച്ച് ഓടിക്കുവാൻ കൊതിയാകുന്നെന്ന് ഡോക്ടർ നഴ്‌സിനോട് പറഞ്ഞു. നഴ്‌സ് മുഖം ചുളിച്ചു.

"ഇയാളുടെ മുറിവുകളെല്ലാം തുന്നിക്കെട്ടാൻ രസമായിരിക്കും'
ഏതൊക്കെ മുറിവുകൾ എന്ന നഴ്‌സിന്റെ ചോദ്യത്തിനു സോളമന്റെ ചുണ്ടുകളിലും മൂക്കിലും കണ്ണുകളിലും ചെവികളിലും ഡോക്ടർ തലോടി. എന്തിനു മൂത്രനാളി പോലും ഞാൻ തുന്നി വക്കും എന്ന് പറഞ്ഞ് ഇരുവരും ചിരിച്ചു. കൈകളിൽ ഗ്ലൂക്കോസ് വള്ളികൾ പടർന്ന് കിടന്ന സോളമൻ കേൾക്കെ നടത്തിയ സംസാരത്തിലെ ഒരു പേര് സോളമൻ ശ്രദ്ധിച്ചു. നൈറ്റിംഗേൽ ഹോസ്പിറ്റൽ എന്ന ശബ്ദത്തിൽ മേരിയുടെ സാന്നിധ്യം അറിയിക്കുന്ന സോളമന്റെ ആറാം ഇന്ദ്രിയം ഉണർന്നു പോയി. അപ്പോൾ പ്രവർത്തിച്ച സഹജാവബോധം സംഭവങ്ങളുടെ സങ്കീർണ്ണമായ ബന്ധങ്ങളും കാരണങ്ങളും അയാൾക്ക് വെളിവാക്കിക്കൊടുത്തു. ഒരു വടക്ക് നോക്കി യന്ത്രം പോലെ അത് അയാളെ ശരിയായ ദിശയിലേക്ക് നയിച്ചു. ▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments