ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.

3 am

അധ്യായം 16: വട്ടാട്ടക്കൂടാരത്തിലെ കുതിക്കും കുതിരകൾ

ടിപടിയായി അഞ്ച് മാറ്റങ്ങൾ ആ നഗരം മേരിയിൽ കൊണ്ടുവന്നു.
1 . മുടിവെട്ടി ഹെയർ സ്റ്റെയിൽ മാറ്റി കളർ ചെയ്തു
2. രണ്ടാം തരത്തിലുള്ള ഒരു സൈക്കിൾ വാങ്ങി പേരിട്ടു
3. തെരുവിൽ അലഞ്ഞു നടന്ന പൂച്ചക്കുഞ്ഞിനെ എടുത്ത് വളർത്തി
4. ദേഹത്തിൽ ടാറ്റൂ ചെയ്തു
5. കാതിൽ സെക്കന്റ് സ്റ്റഡ് അടിച്ചു

നഗരത്തിലേക്ക് താമസം മാറിയതിൽ പിന്നെ തനിക്ക് മുടിയിഴ ശാപം ഏറ്റതായി മേരി കണക്കാക്കി. അങ്ങനെ കരുതിയതിൽ അവളെ തെറ്റു പറയുവാനും സാധിക്കുമായിരുന്നില്ല. സ്ത്രീസംരക്ഷണ സംഘടനയുടെ കീഴിലുള്ള വീട്ടിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തിലും പുറത്ത് നിന്നും വാങ്ങുന്ന ഐസ്‌ക്രീമുകളിലും ന്യൂഡിൽസിലും എന്നു വേണ്ട കണ്ണു പതിയുന്ന എല്ലാ ഇടങ്ങളിലും നീളം കൂടിയ കറുത്ത മുടി അവളുടെ കണ്ണുകളിൽ ഉടക്കി. തനിച്ചാക്കിപ്പോന്നതിനുള്ള അന്നമ്മേച്ചിയമ്മയുടെ പഴിയാണ് മുടിയിഴശാപമായി തന്നിൽ പതിച്ചതെന്ന് മേരിക്ക് സംശയം തോന്നി തുടങ്ങിയത് വസ്ത്രങ്ങളിൽ വെള്ളിയിഴകൾ കണ്ടു തുടങ്ങിയതിൽപ്പിന്നെയായിരുന്നു. അന്നമ്മേച്ചിയമ്മയുടെ മുടിയിഴകളാൽ പൊറുതി മുട്ടിയപ്പോൾ തന്റെ പ്രയാസം മേരി ലില്ലിയെ അറിയിച്ചു.

‘അത് ഇവിടുത്തെ ആരുടേലും ആവും. മുടി കൊഴിയുന്നുണ്ടേൽ അത് ചെറുതാക്കി കൊണ്ട് നടന്നു കൂടെ നിനക്ക്?' ലില്ലി തന്റെ അഭിപ്രായം മേരിയോട് തുറന്നു പറഞ്ഞു.
സംഘടനയുടെ അന്തേവാസികളുടെ എണ്ണം ഇതിനകം ഒന്നിൽ നിന്നും ഏഴായി വർദ്ധിച്ചിരുന്നു. അവരുടെ സ്വയംപര്യാപ്തതക്കായി ലില്ലി തുടങ്ങി വച്ച തയ്യൽ കേന്ദ്രം അതിന്റെ പ്രാരംഭദിശയിൽ ആയിരുന്നതിനാൽ മേരിയുടെ മുടി പ്രശ്‌നത്തിന്റെ ഗൗരവം തെല്ലു പോലും ലില്ലിക്ക് പിടികിട്ടിയില്ല. തയ്യൽ പരിശീലനവും തുണിയെടുക്കലും യന്ത്രങ്ങളുടെ കരാറും തുടങ്ങി നൂറുകാര്യങ്ങൾ ലില്ലിയുടെ തലയിൽ ആ സമയത്ത് ഓടിയിരുന്നു. ഒടുവിൽ ലില്ലിയെ അനുസരിക്കുവാൻ തീരുമാനിച്ച് നഗരത്തിലേക്ക് ഇറങ്ങിയ മേരി ലേഡീസ് ബ്യൂട്ടി പാർലറിൽ കയറി. മുടി വളരെ കനം കുറച്ച് തലയിൽ നിലനിർത്തുന്ന രീതിയായിരുന്നു ചിത്രങ്ങളിൽ നിന്നും മേരി തിരഞ്ഞെടുത്തത്.

ബോയ് കട്ട് ആണ് മേരി ഉദ്ദേശിക്കുന്നത് എന്ന് ബ്യൂട്ടിപാർലറിലെ ജോലിക്കാരി അറിയിച്ചു. ബോയ്‌സ് കട്ട് ആവശ്യമില്ലെന്നും ഇതേ രീതിയിലുള്ള ലേഡീസ് കട്ടാണ് തനിക്ക് വേണ്ടത് എന്നും മേരി മറുപടി നൽകിയത് കടുത്ത സ്ത്രീപക്ഷവാദിയായ ലില്ലിയിൽ പോലും പുഞ്ചിരി ഉണർത്തി. ഹെയർസ്റ്റെയിൽ മാറിയതോടെ താൻ മറ്റൊരാളായിപ്പോയതായി മേരി സ്വയം കരുതി. പഴയ മേരിയേയും അനുഭവങ്ങളേയും മറക്കുവാൻ പുതിയ രൂപം അവളെ സഹായിച്ചു .
പുതിയ മേരിയുടെ രൂപം അവൾക്ക് നന്നായി ബോധിച്ചു. പുതിയ മേരി കൂടുതൽ സുന്ദരിയും അന്തർമുഖതയിൽ നിന്നും വിടുതൽ നേടിയവളുമാണെന്ന് അവൾ സങ്കൽപ്പിച്ചു.

തലയുടെ കനം കുറഞ്ഞിട്ടും മുടിയിഴ ശാപം മേരിയെ വിട്ടുപോയിരുന്നില്ല. നീളം കൂടിയതും കുറഞ്ഞതുമായ അനേകം മുടിയിഴകൾ വീണ്ടും വീണ്ടും മേരി തന്റെ ഭക്ഷണത്തിൽ കണ്ടെത്തുകയുണ്ടായി. ലില്ലി പഴയ ആരോപണം വീണ്ടും നടത്തിയതിന്റെ പേരിൽ ആരുടെ മുടിയിഴകളാണ് തനിക്ക് ലഭിക്കുന്നതെന്ന് കണ്ടുപിടിക്കുവാൻ മേരി തീരുമാനിച്ചു. അതിനായി മേരി മുടിയിൽ ചായം പൂശി. നഗരത്തിന്റെ നിറമായ തവിട്ടായിരുന്നു അവൾ തിരഞ്ഞെടുത്തത്. ആ തീരുമാനം ഒരർത്ഥത്തിൽ മേരിയെ മുടിയിഴ ശാപത്തിൽ നിന്നും രക്ഷിച്ചു എന്ന് തന്നെ പറയാം. മുടിയിഴകളിൽ നിന്നും നിറങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് ഈ പ്രവർത്തി മേരിയെ സഹായിച്ചു. അതിൽപ്പിന്നെ മുടിയിഴകൾ മേരിയുടെ ഭക്ഷണത്തിൽ കാണുന്നത് ക്രമാതീതമായി കുറഞ്ഞു വന്നു. വന്നവയെ മേരിയൊട്ട് പരിഗണിക്കുവാനും പോയില്ല. എന്നാലങ്ങനെയല്ല അന്നമ്മേച്ചിയമ്മയെന്ന പൂച്ചക്കുട്ടിയെ എടുത്ത് വളർത്തിയതാണ് ശാപമൊഴിയാൻ കാരണമായതെന്ന് നാളുകൾക്കപ്പുറം മേരി വിശ്വസിച്ചു.

സ്ത്രീസംഘടനയിലെ അന്തേവാസികൾക്കായി ലില്ലി തുടങ്ങി വച്ച വസ്ത്രനിർമ്മാണശാല ചെറുകിട വ്യവസായമായി ആരംഭിച്ചതിൽ പിന്നെ ലില്ലിയുടെ സെക്രട്ടറി എന്ന പദവിക്ക് പുറമേ നഗരത്തിലെ വസ്ത്രശാലകളിൽ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള ചുമതല കൂടി മേരിയിൽ വന്നു ചേർന്നു. പരുത്തി തുണികൾ നിർമ്മാതാക്കളിൽ നിന്നും മൊത്ത വിലക്ക് വാങ്ങി പലതരം വസ്ത്രങ്ങളായി രൂപകൽപ്പന ചെയ്ത് നഗരത്തിലെ വസ്ത്രശാലകളിൽ വിൽപ്പനക്കായി എത്തിക്കുന്നതായിരുന്നു നിർമ്മാണശാലയുടെ ആത്യന്തിക ലക്ഷ്യം.

ലില്ലിയുടെ ഈ രംഗത്തെ പരിചയ സമ്പത്ത് സംഘടനക്ക് തുണയായി. ഷർട്ടുകൾ, പാന്റുകൾ, പാവാടകൾ, ഉടുപ്പുകൾ, ജീൻസുകൾ, ചുരിദാറുകൾ തുടങ്ങിയവയാണ് പ്രാരംഭ ഉത്പന്നങ്ങളായി തീരുമാനിക്കപ്പെട്ടത്. നഗരത്തിലെ നാലു പ്രധാന കടകളിൽ മാത്രമായിരുന്നു ഒരു തുടക്കം എന്ന നിലയിൽ സംഘടന വസ്ത്രങ്ങൾ വിതരണം ചെയ്തത്. തുണിയുടെ ഗുണനിലവാരവും വിലക്കുറവും രൂപകൽപ്പനയിലെ അച്ചടക്കവും സംഘടനയുടെ വസ്ത്രങ്ങൾക്ക് മികച്ച അഭിപ്രായം നേടിക്കൊടുത്തു. ദിവസത്തിൽ രണ്ടു തവണ ഇത്തരത്തിൽ ഷർട്ടുകളും ഉടുപ്പുകളുമായി മേരി നഗരത്തിലെ കടകളിലേക്കിറങ്ങി.

ആയിടെ നഗരത്തിലെ ട്രാഫിക് ബ്ലോക്ക് പരിഗണിച്ച് വിതരണം എളുപ്പമാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ലില്ലി മേരിക്ക് ഒരു സൈക്കിൾ വാങ്ങിക്കൊടുത്തു. ട്രെയിൻ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട സൈക്കിളുകളുടെ ലേലത്തിൽ തുച്ഛവിലക്കായിരുന്നു മേരിക്ക് ലില്ലി സൈക്കിൾ വാങ്ങിക്കൊടുത്തത്. സൈക്കിളിന്റെ ഉടമസ്ഥൻ ട്രെയിനിനു തലവച്ച് ആത്മഹത്യ ചെയ്യുന്നതിനായി സ്റ്റേഷനിൽ വന്നതാകുമോ അതോ നാട് വിടുവാൻ വന്നതാകുമോ തുടങ്ങിയ ചിന്തകൾ ആദ്യ ദിവസം മേരിയെ അലോസരപ്പെടുത്തി. എങ്കിലും മുടിയിഴ ശാപത്തിൽ നിന്നും നിറങ്ങളിലേക്ക് ശ്രദ്ധ തിരിച്ച മേരി പിറ്റേദിവസം തന്നെ തന്റെ ബ്രഷും ചായങ്ങളും ഉപയോഗിച്ച് സൈക്കിൾ ചിത്രങ്ങളാൽ നിറച്ചു. അതിന് അമൂർത്തത എന്ന് പേരുമിട്ടു.

വഴികളും ഇടവഴികളും കെട്ടിടങ്ങളും പിന്നിട്ട് സൈക്കിളിൽ നഗരമൊട്ടുക്ക് സഞ്ചരിച്ചു. നടപ്പ് പാതകളിലൂടെയും ട്രാഫിക്ക് ബ്ലോക്കുകളിലൂടേയും വസ്ത്രങ്ങളുമായി ചൂളമടിച്ച് പായുന്ന മേരിയെ നഗരത്തിലെ പോലീസുകാർക്ക് പോലും പരിചിതമായി. ചില സമയം അവർ വാഹനങ്ങളെ ഒതുക്കി അവൾക്ക് കടന്ന് പോകുവാൻ പ്രത്യേകം വഴിയൊരുക്കി കൊടുത്തു. അതിലൊരു പോലീസുകാരൻ അവളോട് തോന്നിയ കടുത്ത പ്രേമത്താൽ മേരി കടന്നു പോകുമ്പോഴെല്ലാം പെട്രോളിംഗ് സമയത്ത് ഉപയോഗിക്കുന്ന മൈക്ക് സെറ്റ് വച്ച് പാട്ടുകൾ പാടി കൊടുത്തുകൊണ്ടിരുന്നു. അതിനിടയിൽ തന്നെ പ്രധാനമായും നാലോളം പ്രണയാഭ്യർത്ഥനകൾ മേരിക്ക് ലഭിച്ചിരുന്നതിനാൽ അതൊന്നും കാര്യമായ പരിഗണനയിൽ വന്നിരുന്നില്ല.

കാറ്റിൽ നഗരത്തിലൂടെ പായും ഒരു പ്ലാസ്റ്റിക് സഞ്ചി പോലെ അതിസാധാരണമായി കടന്നു പോകുകയായിരുന്നു മേരിയിലൂടെ ആ ദിവസങ്ങൾ. അന്നമ്മേച്ചിയമ്മയെ കണ്ടുമുട്ടുന്ന ദിവസം വരെ അത്യതിസാധാരണമായിരുന്നു മേരിയുടെ ദിനങ്ങൾ.
ദേശാടനപക്ഷികളുടെ ഒരു കൂട്ടം, നാരുകളാൽ കോർത്ത തടാകത്തെ കൊത്തിയെടുത്ത് പറന്ന അതേ ദിവസം തന്നെയാണ് മേരി അന്നമ്മേച്ചിയമ്മയെ തന്റെ കൈകൾ കൊണ്ട് വാരിയെടുത്ത് കൂർത്ത നഖങ്ങളാൽ വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുവാൻ താക്കീത് നൽകിയത്.

ആകാശത്തിലൂടെ പറന്ന് പോകുന്ന തടാകത്തിൽ നിന്നും ഒരു ചീങ്കണ്ണി മേരിയെനോക്കി ഒറ്റക്കണ്ണടച്ച് കാണിച്ച അതേ ദിവസം കടകളിലേക്കുള്ള വസ്ത്രങ്ങളുമായി വിതരണത്തിനിറങ്ങിയതായിരുന്നു അവൾ. രാവിലെ ഒൻപതു മണി മുതൽ ഒൻപതര വരെയുള്ള ജനതയുടെ തിരക്കിലേക്ക് ഇറങ്ങിപ്പുറപ്പെടുമ്പോൾ തന്നെ കാണാതെ പോകണേ കാണാതെ പോകണേയെന്ന് സൈക്കിളിലിരുന്ന് ഉരുവിടുന്നുണ്ടായിരുന്നു മേരി. ട്രാഫിക്ക് മുറിച്ച് കടക്കുന്നതിന് സിഗ്‌നലിനായി കാത്ത് നിൽക്കേ സമയത്തിനു പിറകേ ഓടുന്ന മനുഷ്യരെ കണ്ടു.

ആരാണ് ഈ മത്സരത്തിൽ വിജയിക്കുവാൻ പോകുന്നത് എന്നതിൽ ആർക്കും വലിയ താൽപര്യവുമില്ലായിരുന്നു. എന്നാലോ പങ്കെടുക്കുക എന്നതിൽ എല്ലാവരും വലിയ വാശിക്കാരുമായിരുന്നു. അക്ഷമരായിക്കൊണ്ട് അവർ ജീവിതത്തെ കാത്ത് നിന്നു. ചിലർ സ്വന്തം കാലുകളിൽ ചിലർ വാഹനങ്ങളിൽ മറ്റു ചിലർ ഉരുട്ട് വണ്ടികളിൽ. മാർക്കറ്റിൽ നിന്നും ഒരു കുട്ട മീൻ വാങ്ങി പിറകിൽ വച്ച് ഒരാൾ ബൈക്കിൽ പായുന്നു. മൂന്നു കാറുകൾ ദൂരെ നിന്നും വന്നുകൊണ്ടിരിക്കുന്നു. ബുർഖ അണിഞ്ഞ ഒരു മുസ്ലിം സ്ത്രീ കാലിൽ മന്തുമായി നടക്കുന്ന സ്ത്രീയ്ക്ക് പുറകിലായി നടന്നു വന്നു. 9:10നു വന്നേക്കാവുന്ന ബസിനെ പ്രതീക്ഷിച്ച് മറ്റൊരു വഴിയിൽ നിന്നും രണ്ട് സ്ത്രീകൾ ഓടിക്കിതച്ച് വരുന്നുണ്ട്. അതേ ബസിൽ കയറാനായി കാത്തു നിൽക്കുന്ന ജനക്കൂട്ടം ബസ്-സ്റ്റോപ്പിൽ റോഡിലേക്കുറ്റു നോക്കി നിൽപ്പുണ്ട്.

അടുത്തുള്ള സ്‌കൂളിലേക്ക് യൂണിഫോമിട്ട കുട്ടികൾ കൂട്ടമായി പോകുന്നു. ഇടയിൽ 3 മധ്യവയസ്‌കർ ഓഫീസിലേക്കായി ബാഗും തൂക്കി തമാശയും പറഞ്ഞ് നടക്കുന്നു. കുടിവെള്ളവുമായി ഒരു ടാങ്കർ സിഗ്‌നൽ കാത്ത് മുൻനിരയിൽ കിടന്നു. അതിനു പിറകിലായി നാലു വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇവരെയൊക്കെ നിരീക്ഷിച്ച് റോഡിനു മുൻപിലുള്ള ഒരു അപ്പാർട്ടുമെന്റിലെ ബാൽക്കണിയിൽ പുള്ളി ഉടുപ്പിട്ട ഒരു വൃദ്ധ. ഒന്നു കൂടെ സൂക്ഷിച്ച് നോക്കിയപ്പോൾ റോഡരികിൽ ഒരു പൂച്ചക്കുട്ടി പാഞ്ഞു വരുന്ന കാറിന്റെ ടയറിനടിയിലേക്ക് നടന്ന് പോകുന്നു. റോഡിലിന്നു തിരക്കു കുറവാണ്. അവളോർത്തു. അല്ലാ ആ പൂച്ചക്കുട്ടി. അവൾ ഒന്നു കൂടെ കണ്ണുകൾ കൂർപ്പിച്ച് നോക്കി.

റോഡിലെ ഈയൊരു സെക്കൻറ്​ ഏത് ചിത്രകാരന്റെ ബ്രഷ്ത്തുമ്പിലെ ചിത്രമാണെന്നും ആ ചിത്രം കീറിക്കളഞ്ഞാൽ പിറകിലേതു ചിത്രമായിരിക്കുമെന്നും മേരി സ്വയം ചോദിച്ചു. അവൾ തന്റെ ക്യാൻവാസ് തിരഞ്ഞെടുത്തു. ഇതാരുടേയോ ഓർമയാണ് എന്നും ആ ഓർമയെ നിയന്ത്രിക്കുന്നത് താനാണെന്നും മേരി വിശ്വസിച്ചു. അവൾ ആ ഓർമയെ മനസു കൊണ്ട് നിശ്ചലമാക്കി. സൈക്കിൾ സ്റ്റാൻഡിലിട്ട് ഇറങ്ങി. ആദ്യം മീൻകാരന്റെ വണ്ടിയുടെ ആക്‌സിലേറ്റർ അഴിച്ച് വിട്ട് മീൻ മുഴുവൻ റോഡിൽ ചരിച്ചു കളഞ്ഞു. പൂച്ചകളുടേയും കാക്കകളുടേയും എറുമ്പുകളുടേയും പ്രളയത്തിൽ ഭൂമി മുഴുവൻ റോഡ് ബ്ലോക്കുകളാൽ നിറയുമെന്ന് മേരി ഭയന്നു.

അവൾ ഓടിച്ചെന്ന് മീനുകൾക്കരികിൽ ഒരു അരുവി വരച്ചു.
ഒരോ മീനിനേയും ബ്രഷ് കൊണ്ട് തൊട്ട് അരുവിയിലേക്ക് ഒഴുക്കി വിട്ടു.
മീനുകൾ അവിടെക്കിടന്നു പുളഞ്ഞു. നേരം വൈകിയതിനാൽ ഓടുന്ന സ്ത്രീകളുടെ ബാഗുകളിൽ നിന്നും ഭാരം ഒഴിവാക്കിക്കൊടുത്തു. ബുർഖയുടെ നിറം മാറ്റി കൊടുത്തു. സ്‌കൂളിലേക്ക് പോകേണ്ട കുട്ടികളെ ഓഫീസിലേക്കും ഓഫീസിലേക്ക് പോകേണ്ടവരെ സ്‌കൂളിലേക്കും പറഞ്ഞ് വിട്ടു. വാഹനങ്ങളെ വഴി തെറ്റിച്ച് വിട്ടു. പുള്ളിയുടുപ്പിട്ട വൃദ്ധയുടെ ഉടുപ്പിൽ നിന്നും പുള്ളികളെ എടുത്ത് കളഞ്ഞ് കുറേ പുളിയനുറുമ്പുകളെ എടുത്തു വയ്ച്ചു കൊടുത്തു. കുറച്ചു നേരത്തേക്ക് ഈ ലോകം മുഴുവൻ കുട്ടിച്ചോറാക്കണം.

താൻ വിഷാദിക്കുന്ന ഈ ലോകത്തിൽ ആരും സന്തോഷിക്കേണ്ടതില്ലെന്നും അവൾ തീരുമാനമെടുത്തു. ലോകത്തിന്റെ ഇഷ്ടങ്ങൾക്കെതിരെയായിരുന്നു മേരി. ട്രാഫിക്ക് ബ്ലോക്കുകൾക്കിടയിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിലൂടെ നടന്നു കൊണ്ടവൾ നഗരത്തെ നോക്കി. വിരലുകൾ ചെവിയിൽ ഇടുന്നതിനും മുളക് കടിച്ച വായ തുറന്ന് തുപ്പൽ ഇറ്റിക്കാനും അവൾ തയ്യാറായി. ആ ഓർമയിലേക്ക് അവൾ പല നിറങ്ങളിലുള്ള ജലച്ചായങ്ങളുമായി കടന്നു ചെന്നു. മൂന്നു തരത്തിലുള്ള ബ്രഷ് വച്ച് അവൾ ചുറ്റുപാടുകളെ വരച്ചു. ആദ്യം വൃദ്ധ നിന്ന അപ്പാർട്ടുമെന്റിന്റെ ചുമരുകളെ വയലറ്റ് നിറം കൊണ്ട് തൊട്ടു.

അത്ഭുതം ചുമരുകൾ മുഴുവൻ വയലറ്റ് നിറത്തിലായിപ്പോയി.

അവൾ മഞ്ഞ നിറം എടുത്ത ബ്രഷൊന്ന് കുടഞ്ഞു. തെറിച്ച് പോയ നിറശകലങ്ങൾ മേഘങ്ങളിൽ പറ്റി. അത്ഭുതം മേഘങ്ങളെല്ലാം മഞ്ഞയുടെ വ്യത്യസ്ത നിറങ്ങളായി. പറന്നു കളിക്കുന്ന മേഘങ്ങൾക്ക് പച്ച കലർന്ന മഞ്ഞ, കാർമേഘങ്ങൾക്ക് ചുവപ്പ് കലർന്ന മഞ്ഞ, ചലിക്കാത്ത മേഘങ്ങൾക്ക് കടും മഞ്ഞ. മേരിക്കത് ഇഷ്ടപ്പെട്ടില്ല. അവൾ കുറേ നിറങ്ങൾ ഒരുമിച്ച് കലക്കി മുകളിലേക്ക് വലിച്ച് കുടഞ്ഞു. അത് ചെന്ന് വീണത് തടാകത്തെ നാരുകളിൽ കോർത്ത് കൊത്തിക്കൊണ്ട് പോകുന്ന ദേശാടനക്കിളികളിൽ ആയിരുന്നു. അതു തട്ടി പക്ഷികളും തടാകത്തിലെ ജലവും പല നിറങ്ങളിലായി. തടാകം ഫ്രൂട്ട് സലാഡ് പോലെയായെന്ന് മേരിക്ക് തോന്നി.

തടാകത്തിലെ മീനുകളും മറ്റ് ജീവജാലങ്ങളും തങ്ങൾക്കിഷ്ടമുള്ള നിറം ചോദിച്ച് വാങ്ങി. കൂടെ മേഘങ്ങൾ അതിൽ മുങ്ങി തങ്ങൾക്കാവശ്യമുള്ള നിറം സ്വീകരിച്ചു. ആനയുടെ രൂപമുള്ള മേഘം പച്ച നിറം സ്വീകരിച്ചു. കുറുക്കന്റെ രൂപമുള്ള മേഘം ചുവപ്പു നിറം സ്വീകരിച്ചു. ബസിന്റെ രൂപമുള്ളത് പച്ചയും ചുവപ്പും മഞ്ഞയും നീലയും ഒരുമിച്ചു സ്വീകരിച്ചു. അപ്പോഴുള്ള മേഘങ്ങൾ അവർക്കാവശ്യമുള്ള നിറങ്ങൾ വിതറിയതിൽ നിന്നും സ്വീകരിച്ചു കൊണ്ട് ചിത്രങ്ങളായി.
അടുത്തതായി അവൾ വൃക്ഷങ്ങളെ നോക്കി ഉണങ്ങിയ മരങ്ങൾക്ക് അവൾ നീല നിറവും വയലറ്റും കൂട്ടിക്കുഴച്ച ഒന്ന് നൽകി. ഉണങ്ങിയ മരങ്ങളെക്കാണുമ്പോൾ ഇനിയാരും വിഷമിക്കരുതെന്ന് അവൾ തീരുമാനിച്ചു.

സീബ്രാ വരകളെ കറുപ്പ് വെള്ളകളിൽ നിന്നും മോചിപ്പിച്ച് പിങ്ക് കളർ കൊടുത്തു. സിഗ്‌നലിന്റെ നിറങ്ങൾ പരസ്പരം മാറ്റി വരച്ച് വച്ചു. ടാക്‌സി കാറുകൾ ഡ്രൈവർമാരായ മനുഷ്യർക്ക് എഴുതിക്കൊടുത്തു. ആകാശത്തിൽ കൂട്ടിലേക്ക് പറന്നു പോകും പക്ഷികളുടെ കൊക്കുകളിൽ തീറ്റ വരച്ച് കൊടുത്തു. കഷണ്ടിയായ ഒരു ഡ്രൈവർക്ക് മുടി വരച്ച് കൊടുത്തു. മറ്റൊരാളുടെ കുഴിനഖം മാറ്റിക്കൊടുത്തു. റോഡിലെ ദുർഗന്ധം മാറ്റുന്നതിന് അരികുകളിൽ പൂവിട്ട മുല്ലച്ചെടികൾ വരച്ച് കൊടുത്തു. വാഹനങ്ങളുടെ ചക്രങ്ങൾ വൃത്ത രൂപത്തിൽ നിന്നും ത്രികോണങ്ങളും ചതുരങ്ങളുമാക്കി. റോഡുകൾ പൂവിതളുകൾ പോലെയോ ബേക്കറിയിൽ പാചകം ചെയ്ത കേക്കുകളുടെ തൊലി പോലെയോ വരച്ച് കൊടുത്തു.

ചിലയിടത്ത് മുട്ടിനൊപ്പം വളർന്ന നീല പുല്ലുകൾ വരച്ചു. അടുത്തുണ്ടായിരുന്ന സ്റ്റേഷനിലേക്ക് ട്രെയിനിനു പകരം ഒരു പുഴയെ വരച്ച് പറഞ്ഞ് വിട്ടു. പുഴയിലേറി ഓഫീസിലെത്തുവാൻ ആളുകൾ സ്റ്റേഷനിൽ കാത്ത് നിന്നു. കെട്ടിടങ്ങളുടെ, തെരുവിന്റെ, ബസ്സ്റ്റാന്റിന്റെ, നഗരത്തിന്റെ നിറം അവൾ തവിട്ടിൽ നിന്നും നീലയാക്കുവാൻ വരച്ചു കൊണ്ടിരുന്നു. അടുത്ത ദിനം തവിട്ടിൽ നിന്നും നീലയിലേക്ക് നിറം മാറുവാൻ അവളുടെ മുടിയിഴകൾ ഓരോന്നും തയ്യാറായി.

അന്നമ്മേച്ചിയമ്മ എന്ന് പിൽക്കാലത്ത് വിളിക്കപ്പെട്ട പൂച്ചക്കുട്ടി പട്ടിണി കാരണം ആത്മഹത്യ ചെയ്യുവാൻ ഉറപ്പിച്ച്, അതിനു പറ്റിയ കാറന്വേഷിച്ച് റോഡിലേക്ക് എത്തിപ്പെട്ടതായിരുന്നു അന്നേ ദിവസം. പട്ടിണി മാത്രമല്ല തന്റെ അമ്മയേയും സഹോദരങ്ങളേയും പിരിഞ്ഞു ഏഴു ദിനങ്ങൾ അവർ പിന്നിട്ടിരുന്നു. മേരിയെക്കണ്ട് അമ്മച്ചിയേപ്പോലെ തന്നെ എന്ന് മനസിൽ പറഞ്ഞു കൊണ്ട് പൂച്ചക്കുട്ടി നേരെ കാറിന്റെ അടിയിലേക്ക് തലവച്ച് കണ്ണുകളടച്ച് മരണത്തെ കാത്തു കിടന്നു. മേരി പൂച്ചക്കുട്ടി ഇരുന്ന റോഡിനടിയിൽ ഒരു കിടങ്ങ് വരച്ചു ആ വിടവിലൂടെ അതിന്റെ ചെവിയിൽ പിടിച്ച് തൂക്കിയെടുത്തു. പൂച്ചക്കുട്ടിക്ക് അവളോട് തന്റെ അമ്മപ്പൂച്ചയോട് ഉള്ള അത്രയും ഇഷ്ടം തോന്നി. കുട്ടികൾ അമ്മമാരുടെ സാരിയിൽ കടിച്ചു തൂങ്ങും പോലെ മേരിയുടെ ഷാൾ വായിലിട്ട് അത് ചവച്ചു. ഏറ്റവും സുരക്ഷിതമായ ഇടം അമ്മച്ചിയുടെ സാരികളുടെ അറ്റങ്ങളായിരുന്നു എന്ന് അന്നമ്മേച്ചിയമ്മ എന്ന പൂച്ച കുറ്റസമ്മതം നടത്തി.

‘‘അമ്മച്ചീ സാരിത്തുമ്പ് താ അമ്മച്ചി ക്രിസ്മസ് അപ്പൂപ്പൻ ഇപ്പൊ വരും. എനിക്കു പേടിച്ച് ഒളിക്കണ്ടതാ. മേരി അവളുടെ ഷാളിൽ ബ്രഷ് കൊണ്ട് തൊട്ട് കൊടുത്തു. അതു തിരമാലയായി മാറിപ്പോയി. അന്നമ്മേച്ചിയമ്മ ഏതോ പശുവിന്റെ വാലാണെന്ന് കരുതി കൈകൾ കൊണ്ട് അത് ആട്ടിക്കളിച്ച് കൊണ്ട് ഇരുന്നു.
"കുരുത്തം കെട്ടവളെ അനങ്ങാതെയിരിക്ക്.’’

അമ്മയായ മേരി അന്നമ്മേച്ചിയമ്മയുടെ ചെവിയിൽ പിടിച്ചു വലിച്ചു. അന്നമ്മേച്ചിയമ്മയുടെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു. പറന്നു പോയ ഒന്നിനെ മേരി ബ്രഷ് കൊണ്ട് തൊട്ടു. അടുത്ത പ്രാവശ്യം അമ്മമാർ പിച്ചുമ്പോൾ കുഞ്ഞുങ്ങളുടെ കണ്ണിൽ നിന്നും നീലീച്ചകൾ പറക്കും. മേരി ഡയറി എടുത്ത് കുറിച്ചു. മേരി ഓർമ്മയെ നിശ്ചലതയിൽ നിന്നും വെറുതെ വിട്ടു. അടുത്ത നിമിഷം അവിടെ നടന്ന വാഹനാപകടങ്ങളുടെ നൃത്തത്തിൽ നിന്നും മേരിയും അന്നമ്മേച്ചിയമ്മയും ഒരു പോറലും ഏൽക്കാതെ പുറത്ത് വന്നു.

സംഘടനയുടെ അന്തേവാസികളിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗം മേരിയായതിനാൽ മറ്റുള്ളവർ ഒട്ടൊരു വാത്സല്യത്തോടെയാണ് അവളെ കണ്ടിരുന്നത്. അതിനാൽ തന്നെ ഒരു ചാവാലി പൂച്ചക്കുട്ടിയേയും തൂക്കിപ്പിടിച്ചു കയറി വന്ന മേരിയെ അവർ തുറന്ന മനസോടെ തന്നെ സ്വീകരിച്ചു. മേരി നിലത്ത് വച്ചിട്ട് പോയ നിമിഷത്തിൽ അലമാരക്കടിയിലെ ഇരുളിന്റെ ചിറകിലേക്ക് ഒളിച്ച്, വിളിച്ചപ്പോഴെല്ലാം ചീറിക്കൊണ്ടിരിക്കുന്ന പൂച്ചക്കുട്ടിക്ക് അന്നമ്മേച്ചിയമ്മ എന്ന് പേരിട്ടു. ആ കർമ്മത്തിൽ പങ്കാളികളാവാനും തങ്ങളുടെ ഭക്ഷണത്തിന്റെ ഒരു ഭാഗം പൂച്ചക്കുട്ടിക്ക് നീക്കി വയ്ക്കുവാനും അവിടുള്ളവർ തയ്യാറായി. തോന്നുമ്പോഴെല്ലാം തലയിൽ തഴുകുവാനും ആഴ്ചയിൽ ഒരു രാത്രി വച്ച് പൂച്ചക്കുട്ടിയെ പുതപ്പിനുള്ളിൽ കിടത്തി പുന്നാരിച്ച് ഒപ്പം ഉറങ്ങുവാനുള്ള അനുവാദം ലഭിച്ച ശേഷമായിരുന്നു മിക്കവരും അവരുടെ ഭക്ഷണത്തിന്റെ പങ്ക് പൂച്ചക്കുട്ടിക്കായി വാഗ്ദാനം ചെയ്തത്. മേരിയടക്കം ഏഴ് പേരാണ് അന്തേവാസികളായി സ്ത്രീശാക്തീകരണ സംഘടനയുടെ കീഴിൽ ഉണ്ടായിരുന്നത്. അവരെക്കുറിച്ച് ഈ കാലയളവിൽ മേരി കണ്ടെത്തിയ വസ്തുതകൾ തന്റെ ഡയറിയിൽ കുറിച്ചിട്ടിരുന്നു.

ചെറോണത്തള്ള: തരം കിട്ടുമ്പോഴെല്ലാം തീപ്പെട്ടിക്കൊള്ളിയുടെ മരുന്നു പുരട്ടാത്ത മറുവശം ചെവിയിൽ ഇട്ട് തിരിച്ച് കൊണ്ടിരിക്കും. ഉള്ളിൽ ഒരു വിഷമവുമില്ലാതെ മരിച്ച് പോയ ഭർത്താവിനെ ഓർത്ത് കണ്ണുനിറച്ച് മറ്റുള്ളവരുടെ സഹതാപം പിടിച്ച് വാങ്ങും. ആർക്ക് എന്ത് അസുഖം വന്നാലും അതിനു ഉത്തരമായി സ്വന്തമായി നിർമിച്ച ഒരു മരുന്ന് കൂട്ട് കയ്യിൽ കാണും. തന്റെ മരണ ശേഷം ഇത്തരത്തിലുള്ള അറിവെല്ലാം വൃഥാ പാഴായിപ്പോകുമെന്നോർത്ത് ഇടയ്ക്കിടെ നെടുവീർപ്പിടും.

ആഗ്‌നസ്: തയ്യൽ ചെയ്യുമ്പോഴെല്ലാം പഴയകാല ഓർമകളിൽ ജീവിക്കുന്നതിനാൽ ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം തയ്ച്ചു കൊണ്ടിരിക്കും. പഴയ ജീവിതത്തിന്റെ പ്രൗഢികണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറമായി പടർന്നു കിടന്നിരുന്നു. ടൈപ്പ് റൈറ്ററും തയ്യൽ മെഷീനും സംഗീത ഉപകരണം പോലെ സ്വയം മറന്ന് ഉപയോഗിക്കുന്നു. ജലദോഷമില്ലാതിരുന്നിട്ടും ഇടയ്ക്കിടെ മൂക്കിലൂടെ ശബ്ദത്തിൽ അവർ ശ്വാസം വലിച്ച് എടുക്കും. അത് പിൽക്കാലത്തിൽ തൈപ്പ് യന്ത്രത്തിന്റെ താളവുമായി ഇഴുകിച്ചേർന്നു.

ജാനകി: ഓരോ ഉറക്കത്തിലും മരണം തന്നെ വന്ന് കൂട്ടിക്കൊണ്ട് പോകുന്നതായി സ്വപ്നം കണ്ട് ചിരിക്കുകയും ഉണരുമ്പോൾ മരിച്ച് പോകാതിരുന്നതിൽ വിഷാദിക്കുകയും ചെയ്യും. താടിയിൽ നീളമുള്ള ഒരു രോമത്തെ ഓമനിച്ച് വളർത്തിയിരുന്നു. കുരുവികൾക്ക് കൂട് കെട്ടുവാൻ നീളമുള്ള തലമുടി നാരുകൾ നൽകിയിരുന്നുവെങ്കിലും താടി രോമം അവരുടെ സ്വകാര്യമായിരുന്നു. അത് തന്റെ അടുത്ത ജന്മത്തിലേക്കുള്ള നൂൽപ്പാലമായി അവർ കണക്കാക്കി.

സിസ്റ്റർ അൽഫോൺസ: ദിനപത്രങ്ങളിൽ പള്ളികൾ പുതുക്കി പണിത വാർത്തകൾ തേടിപ്പിടിച്ച് ആർത്തിയോടെ വായിച്ച് നെടുവീർപ്പിടും. ഒരൊറ്റ മുട്ടുകുത്തലിൽ നാൽപ്പത്തഞ്ച് മിനുറ്റോളം പ്രാർഥിക്കുവാൻ സാധിക്കുമായിരുന്നു. കാൽമുട്ടുകളിൽ പച്ചപ്പായൽ വളരുന്നുണ്ട്. കണ്ണടയുണ്ടെങ്കിലും വായനക്ക് ഉപയോഗിക്കില്ല. ടിവി കാണുമ്പോഴും വായിക്കുമ്പോഴും കണ്ണുകൾ മർദ്ദം ഉപയോഗിച്ചു ചുരുക്കി കൂർപ്പിച്ചു പിടിച്ചു.

മൈന: പച്ചക്കറികൾ തയ്യൽ മെഷീന്റെ താളത്തിൽ എത്ര നേരം വേണമെങ്കിലും അരിഞ്ഞു കൊണ്ടിരിക്കും. തന്റെ കട്ടിലിനടിയിൽ ആരോ ജീവിക്കുന്നതായി എപ്പോഴും കരുതുന്നു. താൻ കൊണ്ട് വന്ന സ്യൂട്ട്‌കേസ് ദിവസേന തുറന്ന് നോക്കുകയും അതിലുള്ള പഴയ വസ്ത്രങ്ങളെ തുറന്ന് തഴുകുകയും മടക്കി എടുത്ത് വയ്ക്കുകയും ചെയ്യും. ആരുമറിയാതെ ഒരു മറുക് തോളിൽ വളർത്തുന്നു.

ലിസി: നഖം വെട്ടി ഉപയോഗിക്കാതെ കാലുകളിലേയും കൈകളിലേയും നഖം വൃത്തിയാക്കുന്നു. കൈകളിലേത് പല്ലുകൾ ഉപയോഗിച്ചും കാലുകളിലെ നഖം കൈകളിലെ നഖം ഉപയോഗിച്ചുമാണ് വൃത്തിയാക്കുക. ഭയം കാരണം ആത്മഹത്യ ചെയ്യുവാൻ കഴിയാതെ ആത്മഹത്യ വാർത്തകൾ കേട്ടും വായിച്ചും കൊതിച്ചു ജീവിച്ചു. ചെറിയ വേദനയിൽ പോലും കൂടെയുള്ളവരെ നടുക്കുന്ന രീതിയിൽ കരഞ്ഞു വിളിച്ചു.

പല പല ഇടങ്ങളിൽ നിന്നുമായിരുന്നു അവരെല്ലാം അവിടെ എത്തിപ്പെട്ടത് എങ്കിലും ഒരു ജീവിതകഥയുടെ അദൃശ്യമായ നൂലിനാൽ തങ്ങളെല്ലാവരും കോർക്കപ്പെട്ട വിവരം അവർക്കാർക്കും അറിഞ്ഞുകൂടായിരുന്നു. ആരോ കോർത്ത ജപമാലയിലെ വെളുത്ത മണികൾ. അതറിയാമായിരുന്ന മേരിയാണെങ്കിൽ ആ കാര്യം ആരോടും പറയുവാനും പോയില്ല. ആറുമരണങ്ങളുടെ ജാഥയുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ടവരായിരുന്നു അവിടുത്തെ അന്തേവാസികൾ. ഹാരിസൺ എസ്റ്റേറ്റിലെ ആറു മരണങ്ങളുടെ ജാഥ എന്ന ഓർമ ഭൂമി ചുറ്റി സഞ്ചരിക്കുകയായിരുന്നു അത്രയും നാൾ. തരംഗദൈർഘ്യം വളരെക്കൂട്ടിയും കുറച്ചും ദുർബ്ബല മനസുള്ള ആളുകളെ സ്വാധീനിക്കുവാൻ ശ്രമിച്ചും അവ അന്തരീക്ഷത്തിൽ അലഞ്ഞു. ആ യാത്രയിലാണ് കാഫ്ക എന്ന പേരിൽ കഥകൾ എഴുതിയിരുന്ന ജോസഫിനെ ഓർമ കണ്ടുമുട്ടിയത്.

സാത്വികനായ ഒരു ജീവനായിരുന്നു അയാൾ.
അറിഞ്ഞു കൊണ്ട് ഒരു ഉറുമ്പിനെപ്പോലും അയാൾ നോവിച്ചില്ല. അയാളാരേയും വിശ്വസിച്ചു. മറ്റുള്ളവരുടെ സങ്കടങ്ങളിൽ കണ്ണീരൊഴുക്കി. എന്നാലോ അയാളെ എല്ലാവരും ഒരു മണ്ടനായി കണക്കാക്കി. അയാൾക്കതിൽ വിഷമമൊന്നുമില്ലായിരുന്നു.എന്നാൽ കാഫ്കയെന്ന അയാളിലുണ്ടായിരുന്ന എഴുത്തുകാരൻ അയാളിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു. കാഫ്ക പല ദു:സ്വഭാവങ്ങൾക്കും അടിമയായിരുന്നു.

എഴുതുന്ന സമയം സിഗററ്റ് വലിക്കുന്നതും മദ്യം കുടിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും കാഫ്കയായിരുന്നു. കാഫ്ക കൊലപാതകി ആയിരുന്നു. ക്രൂരത അയാളുടെ ഇന്ധനമായിരുന്നു. ഈ സ്വഭാവം അറിയുന്നവർ ജോസഫ് എഴുതുന്ന സമയത്ത് ശല്യപ്പെടുത്തുന്നതിനോ ശുണ്ഠി പിടിപ്പിക്കുന്നതിനോ ശ്രമിച്ചിരുന്നുമില്ല. രണ്ട് കൊലപാതകങ്ങൾ നടത്തിയതിനു ശേഷം നാളുകളേറെക്കഴിഞ്ഞും എഴുതുവാനാകാതെ അലയുന്നതിനിടെ ആയിരുന്നു ആറു മരണങ്ങളുടെ ജാഥയെന്ന ഓർമ ജോസഫിനെ കണ്ടെത്തുന്നത്. ജോസഫിൽ മറഞ്ഞിരിക്കുകയായിരുന്ന കാഫ്കയെന്ന എഴുത്തുകാരനെ കണ്ടെത്തുന്നതിലും തിരിച്ചറിയുന്നതിലും ഓർമ പരാജയപ്പെട്ടു. കാഫ്ക പുതിയ കഥ എഴുതി തുടങ്ങി. കഥ പകുതിയാകുന്നതിനു മുൻപേ തന്നെ അങ്ങേർക്ക് മരണപ്പെട്ട തൊഴിലാളികളോട് പ്രത്യേക സഹതാപം തോന്നി. നീതി നിഷേധിക്കപ്പെട്ട നടപടിയിൽ അധികാരികളോട് തീവ്രരോഷം തോന്നി. അയാൾ തന്റെ പഴയ കത്തിയെടുത്ത് രാകി മിനുക്കി വേട്ടക്ക് ഇറങ്ങി.

ആദ്യപടിയായി ഹാരിസൺ എസ്റ്റേറ്റിൽ അന്ന് ജോലി ചെയ്തിരുന്ന സൂപ്പർ വൈസർമാരേയും മാനേജർമാരേയും കാഫ്ക തിരഞ്ഞു പിടിച്ച് കണ്ടെത്തി കത്തെഴുതി. അപ്പോഴേക്കും അവരിൽ പലരും മരണത്തിനു പിടി നൽകിയിരുന്നു. ബാക്കിയുള്ളവർ കത്തിലെ പ്രധാന ഭാഗമായ കാലം മറന്നാലും കാടുകൾ ഒന്നും മറക്കില്ല എന്ന വാചകം വായിച്ച് വിറച്ചു. ആ വാചകം അന്നത്തെ ജാഥയിലെ തൊഴിലാളികളുടെ മുദ്രാവാക്യമായിരുന്നു എന്നത് അവർക്കാർക്കും മറക്കുവാനാകുന്ന ഒന്നായിരുന്നില്ല.

തീവ്രസ്വഭാവമുള്ള ഏതോ രാഷ്ട്രീയ സംഘടന തങ്ങളെ നോട്ടമിട്ടതായി അവർ കരുതി. അന്നത്തെ ജോലിക്ക് പ്രതിഫലമായി എസ്റ്റേറ്റ് മാനേജ്‌മെന്റിൽ നിന്നും കൈപറ്റിയ പണത്തിന്റെ പിൻബലത്തിൽ പലരും സമ്പന്നരും രാഷ്ട്രീയപരമായി ശക്തരുമായിക്കഴിഞ്ഞിരുന്നു. കത്തുകളെ ധീരമായി അവഗണിച്ചവരുടെ മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തു തുടങ്ങിയതോടെ പഴയ സൂപ്പർ വൈസർമാരും മാനേജർമാരും തങ്ങളുടെ കുടുംബങ്ങളെ പോലും ഉപേക്ഷിച്ച് പലായനം ചെയ്തു. ചിലർ കൊടുമുടികളേറി ആത്മീയതയിൽ അഭയം പ്രാപിച്ചു. ചിലർ കുറ്റബോധം മൂലം ആത്മഹത്യ ചെയ്തു. മിക്കവരുടേയും കുടുംബം ചിതറിത്തെറിച്ചു. സ്ത്രീശാക്തീകരണ സംഘടനയിലുണ്ടായിരുന്ന മേരിയടക്കമുള്ള ഏഴു പേരും ഒരു പ്രത്യേക കാലഘട്ടത്തിൽ ഹാരിസൺ എസ്റ്റേറ്റുമായി ബന്ധപ്പെട്ടതാണെന്ന സത്യം ലില്ലിക്ക് പോലും അറിയുവാൻ സാധിച്ചില്ല. അവരെല്ലാം അവിടെ സുരക്ഷിതരായിരുന്നു. നാട്ട് വർത്തമാനത്തിനിടെ മോളുടെ വീടെവിടെയെന്ന് ചോദിച്ചവർ ആ അതിനടുത്തല്ലേ ഹാരിസൺ എസ്റ്റേറ്റ് എന്റെ കെട്ടിയോൻ ഒരിക്കൽ അവിടെ ജോലി ചെയ്തിരുന്നു എന്നോ എന്റെ ചാച്ചൻ പണ്ടവിടെ സൂപ്പർ വൈസറായിരുന്നു എന്നോ എന്റെ വല്യപ്പൻ പറഞ്ഞ് കേട്ടിട്ടുണ്ട് എന്നൊക്കെയുള്ള മറുപടികൾ മേരിക്ക് ലഭിച്ചു. അവരെ കൂട്ടിയിണക്കുന്ന ചങ്ങലയുടെ കണ്ണി മേരിയുടെ കൈകളിൽ ഭദ്രമായിരുന്നു. ആട്ടിങ്കുട്ടികളെപ്പോലെ തങ്ങളെ കൂട്ടിനുള്ളിലേക്ക് പച്ചതൊകലുകളാൽ ആട്ടിക്കയറ്റിയത് ഏത് ആട്ടിടയനാണെന്ന് മാത്രം മേരിക്ക് അന്ന് പിടികിട്ടിയില്ല.

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments