ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.

3 am

അധ്യായം 16: വട്ടാട്ടക്കൂടാരത്തിലെ കുതിക്കും കുതിരകൾ (തുടർച്ച)

മേരി വസ്ത്രങ്ങളുടെ വിതരണത്തിനായി നഗരത്തിലേക്ക് ഇറങ്ങുമ്പോൾ വീട്ടിൽ കിടന്ന് അന്നമ്മേച്ചിയമ്മ കാട്ടിക്കൂട്ടുന്ന സംഭ്രമം കണ്ട് ഭയന്നിട്ടാണ് അമൂർത്തതയെന്ന് പേരിട്ട സൈക്കിളിന്റെ മുൻപിൽത്തന്നെ ഇരുമ്പിന്റെ ചെറിയ കൂട് പിടിപ്പിക്കുവാൻ ലില്ലി അനുവാദം നൽകിയത്. പ്രത്യേക ശബ്ദത്തിൽ അവിടമാകെ ഓടി നടന്ന് ജനൽ വിരികളിലും കിടക്ക വിരികളിലും കൂർത്ത നഖങ്ങൾ കൊണ്ട് കോറിയും പാത്രങ്ങൾ തള്ളിയിട്ടും മേരിയില്ലാത്ത നിമിഷങ്ങളോടുള്ള തന്റെ വിദ്വേഷം അന്നമ്മേച്ചിയമ്മ പുറത്തറിയിച്ചു.

അതിൽ പിന്നെ മേരി പോകുന്നതിനൊപ്പം മുൻപിലെ കൂട്ടിൽ അവളും നിലയുറപ്പിച്ചു. പൂച്ചക്കുട്ടിയേയും മുൻപിലിരുത്തി സൈക്കിളിൽ നഗരത്തിലിറങ്ങുന്ന മേരിയെ കുട്ടികൾ മുതിർന്നവർക്ക് ചൂണ്ടിക്കാണിച്ച് കൊടുത്തു. നായ്ക്കുട്ടികൾ അത് കണ്ട് വായ പൊളിച്ച് നിന്നു. മേരിയും അന്നമ്മേച്ചിയമ്മയും നഗരം ആസ്വദിക്കുന്ന തിരക്കിലായിരുന്നു. അവർ ഒരുമിച്ച് തിരക്കുകളിൽ നടന്ന് പാട്ടു പാടി. ഡാൻസ് കളിച്ചു. റോഡ് മുറിച്ചു കടന്നു. മെട്രോയിൽ സഞ്ചരിച്ചു. സ്റ്റുഡിയോയിൽ പോയി ഫോട്ടോയെടുത്തു വന്നു. മാർക്കറ്റിൽ പോയി പച്ചക്കറികൾ വാങ്ങി. ഇരുപ്പ് ബഞ്ചുകളിലിരുന്ന് ഉറങ്ങി. എടിംഎമുകളിൽ ക്യൂ നിന്നു. ഓടിയപ്പോൾ ഉരുണ്ടു വീണു. ഐസ്‌ക്രീമുകൾ വാങ്ങിത്തിന്നു. പളപളന്ന വസ്ത്രങ്ങൾ നോക്കി നിന്നു. പാർക്കിൽ കിടന്നുരുണ്ടു.
അന്തേവാസികളിൽ ഏറ്റവും പ്രായം കൂടിയ ചെറോണത്തള്ള ആയിടയ്ക്ക് ഉറക്കത്തിൽ മരിച്ചു പോയി.

തള്ളയെന്നത് ചെറോണയുടെ ഓമനപ്പേരായിരുന്നു. അന്തേവാസികൾ മുഴുവനും സ്‌നേഹപൂർവ്വം അവരെ തള്ളേ എന്നാണ് നീട്ടി വിളിച്ചിരുന്നത്. അത് കേട്ട് മുൻവശത്തെ മൂന്നോളം പല്ലുകൾ നഷ്ടമായ വായ തുറന്ന് അവർ ചിരിച്ചു. തള്ളയെ ദഹിപ്പിച്ചു കഴിഞ്ഞിട്ടും അവരുടെ ഒഴിഞ്ഞ മുറിയിലേക്ക് താമസം മാറുവാൻ അന്തേവാസികൾ മടിച്ചു. അവരുടെ മരുന്നിന്റേയും കുഴമ്പിന്റേയും മൂത്രത്തിന്റേയും മണം ഒരിക്കലും ആ മുറി വിട്ട് പോകില്ലെന്നവർ തീർച്ചപ്പെടുത്തി. എന്നാൽ എല്ലാവരുടേയും ആശങ്കകളെ കാറ്റിൽപറത്തിക്കൊണ്ട് മേരിയും അന്നമ്മേച്ചിയമ്മ എന്ന പൂച്ചക്കുട്ടിയും തള്ളയുടെ മുറിയിലേക്ക് താമസം മാറി.

തള്ളക്ക് വയസ് കുറച്ചധികമായിട്ടുണ്ടായിരുന്നു എന്ന് മേരി അന്നമ്മേച്ചിയമ്മയോട് പറഞ്ഞു. മരണത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞ അന്നമ്മേച്ചിയമ്മ ആ മുറിയിൽ കഴിയുന്നതിനു വിസമ്മതിച്ചു. അതിന്റെ പ്രാരംഭ നടപടിയായി കട്ടിലിന്റെ ഇരുട്ടിലേക്ക് അവർ ഓടിയൊളിച്ചു. എന്നാൽ മരണക്കിടക്കയുടെ മണം ഇരുട്ടിലും അന്നമ്മേച്ചിയമ്മയെ വീർപ്പു മുട്ടിച്ചു. അവർ വലിയ വായിൽ കരഞ്ഞു.

ചെറോണത്തള്ളയുടെ മരണശേഷം ആ മുറി ഇതു വരേയും ആരും വൃത്തിയാക്കിയിരുന്നില്ല. മേരി ഒരു ചൂലുമായി വന്നു. അന്നമ്മേച്ചിയമ്മ ഉള്ളിലെ മോട്ടോർ കുർ കുർ എന്ന് പ്രവർത്തിപ്പിച്ചു കൊണ്ട് വാതിലിനു പുറത്ത് കാത്തു നിന്നു. ചെറോണ അവസാനമായി സ്പർശിച്ച വസ്തുക്കൾ അവിടെമാകെ ചിതറിക്കിടന്നു. അവരുടെ അവസാന ശ്വാസമേറ്റ വായു കൂടുതൽ തണുപ്പിനെ ഏറ്റു പിടിച്ച് എങ്ങും പോകാതെ തങ്ങി നിന്നു. അവരുടെ അവസാന വിയർപ്പുത്തുള്ളിയിറ്റിയ വസ്ത്രങ്ങൾ കുഴഞ്ഞു കിടന്നു, അവസാനത്തെ മൂത്രത്തുള്ളിയിറ്റിയ അടിവസ്ത്രങ്ങൾ അവ നനച്ച കട്ടിൽ, തലയിൽ പുരട്ടിയ എണ്ണമയം പറ്റിയ ചുമർ, അവസാനമായി നഖത്തിൽ ഉടക്കിയ താരന്റെ പൊറ്റ വച്ചു തേമ്പിയ ജനലോരം, മേരിക്ക് അതെല്ലാം വ്യക്തമായിരുന്നു. ചെറോണ അവസാനമായി കടിച്ചു തുപ്പിയ നഖത്തിന്റെ കഷ്ണങ്ങൾ താങ്ങി കൊണ്ട് പോയ പന്ത്രണ്ടംഗ സംഘത്തിലെ ഉറുമ്പുകൾ അവരോടുള്ള ബഹുമാനപുരസരം അത് തിരികെ കൊണ്ട് വച്ചു കൊടുത്തു.

ചെറോണ അവസാനം ഉരുട്ടിയ മുടിയിഴകളുടെ കുണ്ട, ചെറോണ അവസാനമായി കണ്ണുനീർ ഒഴുക്കിയ തലയിണ, എത്ര അടിച്ചു വാരിയിട്ടും കഴുകി തുടച്ചിട്ടും മരുന്നു തളിച്ചിട്ടും മുറിക്കു മേലുള്ള ചെറോണത്തള്ളയുടെ ആധിപത്യം അവസാനിപ്പിക്കുവാൻ മേരിക്കായില്ല. ചെറോണയുടെ സ്പർശവും ഗന്ധവും മുറിയാകെ നിറഞ്ഞു നിന്നു. മേരി ഒരിക്കൽ കൂടി ഡെറ്റോൾ വെള്ളത്തിൽ കലക്കി മുറിയിൽ വിതറി. ഡെറ്റോളിന്റെ മണം മേരിക്ക് ബോധിച്ചതാണ്. കൊതി മൂത്ത് മേരിയൊരിക്കൽ അതിൽ ഒരു കവിൾ കുടിച്ചു നോക്കുകയും ചെയ്തിട്ടുണ്ട്. അടിയും തുടയും മൂലം ക്ഷീണിതയായ മേരി കിടക്കയിലൊന്ന് കിടന്നു നോക്കെ ജനലിലൂടെ വന്ന കാറ്റിലാകണം മുറിയുടെ മൂലയിൽ നിന്നെന്നപോലെ ചെറോണയുടെ ചുരുണ്ട മുടിയിഴകൾ അവളുടെ കൺപീലിയിൽ പറ്റിപ്പിടിച്ചിരുന്നു.

മേരി ഒരു പൂവ് പോലെ അതിനെ സ്വന്തം തലമുടിയിൽ ചൂടി. മേരിയുടെ കണ്ണുകളെ കോടമഞ്ഞിനുള്ളിലെന്നപോലെ മൂടൽ ബാധിച്ചിരുന്നു. ഇക്കാലമത്രയും ചെറോണത്തള്ളയുടെ കാഴ്ച്ചകളെ തെളിയിച്ചു കൊണ്ടു കൊടുക്കുകയായിരുന്ന കണ്ണട അരികിലായി ഇരിപ്പുണ്ടായിരുന്നത് മേരി എടുത്തണിഞ്ഞു. അവളുടെ കാഴ്ച്ച തെളിനീരു പോലെ വ്യക്തമായി. തള്ള വായിച്ച് അടയാളം വച്ചിരുന്ന പുസ്തകത്തിൽ നിന്നും മേരി വായന തുടർന്നു.

കൈത്തണ്ടയിൽ ബ്ലേഡുകൾ വരഞ്ഞുണ്ടായ പാടുകൾ, കൈകളിൽ കെട്ടിയ വെളുത്ത ചരടുകൾ പോലെ തെളിഞ്ഞതിനു ശേഷം ആളുകൾ തുറിച്ചു നോക്കുമ്പോഴെല്ലാം അവിടെ നിന്നും മണ്ണിരകൾ വീണ്ടും തലയിട്ടു തുടങ്ങിയപ്പോൾ അവിടം ടാറ്റൂ ചെയ്ത് ആ വാതിൽ അടച്ചു കളയുവാൻ മേരി തീരുമാനിച്ചു. സംഘടനയുടെ തയ്യൽ സംരംഭത്തിന്റെ വിജയത്തിനോട് അനുബന്ധിച്ച് ലില്ലി സമ്മാനിച്ച ചെറുകമ്മലുകൾ സെക്കന്റ് സ്റ്റഡ് ആയി ഉപയോഗിക്കുവാൻ കൈത്തണ്ടയിൽ ചെമ്പരത്തി വിരിഞ്ഞു കൊണ്ടിരിക്കെ മേരി തീരുമാനമെടുത്തു.

കൈകളിൽ വന്നിരുന്ന മരംകൊത്തി അവളെ തുരുതുരാ കൊത്തി വേദനിപ്പിച്ചു. അതിന്റെ ലഹരിയിൽ മുഴുകിയിരിക്കെ മെലിഞ്ഞ നീളമുള്ള ഒരു മനുഷ്യൻ ടാറ്റൂ ചെയ്യുവാനായി അവിടെയെത്തി. കെ എന്ന ഇംഗ്ലീഷ് അക്ഷരം അയാളുടെ കഴുത്തിൽ മഷി തൂവിക്കൊണ്ടിരുന്നു. വേദനക്കനുസരിച്ച് മുഖഭാവം മാറ്റാതിരുന്ന അയാൾ വളരെക്കുറച്ച് സംസാരിക്കുന്ന പ്രകൃതമായിരുന്നു.
"കെ ഫോർ വാട്ട് സർ?' ടാറ്റൂ ചെയ്യുന്നയാൾ ചോദിച്ചു
"കെ ഫോർ കാഫ്ക'

സ്ത്രീ ശാക്തീകരണത്തിന്റെ മൂന്നാം അലയൊലികൾ രാജ്യത്തിന്റെ പല ഭാഗത്തേയും തഴുകിയതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ലില്ലി സ്ത്രീശാക്തീകരണ പ്രസ്ഥാനം നഗരത്തിൽ തുടങ്ങി വച്ചത്. അഭയം തേടി പല സ്ത്രീകളും വന്നിരുന്നു എങ്കിൽ തന്നെയും സമൂഹത്തിലെ സാധാരണ ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുവാനോ ഇറങ്ങിച്ചെല്ലുവാനോ സംഘടനക്കായില്ല. അത്തരമൊരു സാഹചര്യത്തിലായിരുന്നു സ്ത്രീ മാസികകളിൽ ഒരു പരസ്യം വന്നു തുടങ്ങിയത്. അതിന്റെ തലക്കെട്ട് "വരൂ പെണ്ണുങ്ങളേ ഒരു കപ്പ് കാപ്പി മോന്താം' എന്നായിരുന്നതിനാൽ അത് വായിച്ച മിക്ക സ്ത്രീകളും ഇതെന്ത് കൂത്തെന്ന മട്ടിൽ അവഗണിച്ചു.

പണിയെടുത്ത് നടുവൊടിഞ്ഞ് ആകെ കിട്ടുന്ന ഒരു ഞായറാഴ്ച കിടന്നുറങ്ങുവാനോ കുടുംബത്തോടൊപ്പം കടൽ കാണുന്നതിനോ മധുരപലഹാരങ്ങളുണ്ടാക്കുന്നതിനോ സമയം ചിലവിടുവാനാണ് ഈ വായനക്കാർ തീരുമാനിച്ചത്. അതിനാൽ തന്നെ ആദ്യആഴ്ച അന്തേവാസികൾ അല്ലാതെ മറ്റാരും ആ യോഗത്തിൽ പങ്കെടുക്കുവാനായി എത്തിച്ചേർന്നില്ല. ലില്ലിയും അന്തേവാസികളും കഥകളും പാട്ടുകളും കാപ്പികുടിയുമായി ആ ആഴ്ച്ച തള്ളിനീക്കി. അതിനടുത്ത ആഴ്ച്ചയിൽ നീണ്ടകഥകൾ അദ്ധ്യായങ്ങളായി പ്രസിദ്ധീകരിക്കുന്ന ആഴ്ച്ചപ്പതിപ്പുകളിൽ ഇതേ പരസ്യം പ്രത്യക്ഷപ്പെട്ടു.
"വരൂ പെണ്ണുങ്ങളെ ഒരു കപ്പ് കാപ്പി മോന്താം'

അന്ന് ഞായറാഴ്ച്ച നാലുമണിവരെ കാത്തുവെങ്കിലും ആരും വരാതിരുന്നതിനാൽ സെഷൻ ആരംഭിച്ചു. എന്നാൽ നാലരയോടെ ഒരു സ്ത്രീ അന്വേഷിച്ചു വന്നു. അവരെ ലില്ലി സ്വീകരിച്ചിരുത്തി. വട്ടത്തിൽ അണിനിരത്തിയ കസേരകളിലൊന്നിൽ അവർ ഇരുന്നു. അപരിചിതത്വം അവരെ വിഷമിപ്പിക്കുന്നു എന്നു തോന്നിയപ്പോൾ ലില്ലി തുടക്കമിട്ടു.

""എന്റെ പേരു ലില്ലി. സംഘടനയിലാണ് ജോലി ചെയ്യുന്നത്. നമ്മളിവിടെ കൂടിയിരിക്കുന്നത് കഥകൾ പറയാനും കേൾക്കാനും കാപ്പി കുടിക്കാനുമാണ്. മനസു തുറന്ന് ആരോടെങ്കിലുമൊക്കെ സംസാരിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ സ്ത്രീകൾ. അത് മാനസിക സമ്മർദ്ദം കുറക്കുകയും ചെയ്യും. നമുക്ക് നാട്ട് വിശേഷങ്ങളും വീട്ടുകാര്യങ്ങളും സ്വല്പം പരദൂഷണവും ഒക്കെ പറഞ്ഞ് ഇപ്പോഴിവിടെ കൂടാം. ആശങ്കകൾ പങ്കുവയ്ക്കാം ആശകൾ പറയാം''

സ്വയം പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു അടുത്ത പടി. വളരെ ലളിതമായാണ് എല്ലാവരും അതിനെ സമീപിച്ചത്. അതിനു കാരണം മേരിയുടെ പരിചയപ്പെടുത്തൽ രീതിയായിരുന്നു.
"എന്റെ പേരു മേരി. ചെറിയ ജോലിയുണ്ട്. ഇഷ്ടഭക്ഷണം ചോറും മീൻ കറിയും. നിറം കറുപ്പും ചുവപ്പും. വസ്ത്രം ഉടുപ്പ്. നമ്മൾ വട്ടാട്ടക്കൂടാരത്തിൽ ഇരിക്കുന്നതു പോലെയാണ് എനിക്ക് തോന്നുന്നത്.'
"എന്താണ് വട്ടാട്ടക്കൂടാരം?'
"കാർണിവലിലൊക്കെ കാണാൻ കഴിയില്ലെ വട്ടത്തിൽ കറങ്ങുന്ന കുതിരകൾ. അതു പോലെ വട്ടത്തിൽ ഇരിക്കുന്ന കസേരകളിൽ ചിരിച്ചു കളിച്ച് നമ്മൾ.'
"എങ്കിൽ നമ്മൾക്കീ മീറ്റിംഗിനെ വട്ടാട്ടക്കൂടാരത്തിലെ കുതിരകൾ എന്നു വിളിക്കാം. എന്ത് പറയുന്നു?'
"നല്ല പേരാ'
ഒരു സ്ത്രീ പിന്താങ്ങി പരസ്പരം അറിയുന്ന ആളുകളായിരുന്നതിനാൽ കഴിഞ്ഞ ആഴ്ച്ച സംഭവിച്ച ചെറിയ കഥകളായിരുന്നു മിക്കവർക്കും പറയുവാനുണ്ടായിരുന്നത്. ഒടുവിൽ ഊഴമനുസരിച്ച് പുതിയ സ്ത്രീയുടെ അവസരമെത്തി.

"ഞാൻ ഫ്‌ളോറി. ഇവിടുന്ന് ഇത്തിരിയകലെയുള്ള സ്‌കൂളിൽ ടീച്ചറാണ്. ഭർത്താവ് മറ്റൊരു സ്‌കൂളിൽ അധ്യാപകനാണ്. ഒരു മകളുണ്ട്. പുറമേക്ക് സന്തുഷ്ട കുടുംബം. നിങ്ങളെ ഇവിടെ കാണാൻ വന്നു സാധിച്ചത് വലിയ സമാധാനം നൽകുന്നു. ഭർത്താവ് മദ്യപാനിയാണ്. മിക്കവാറും ദിനങ്ങളിൽ മദ്യം കുടിച്ച് വന്ന് എന്നെ ശാരീരികമായി ഉപദ്രവിക്കും. മകൾക്ക് പക്ഷെ അപ്പനെ വലിയ ഇഷ്ടമാണ്. ഡൈവോഴ്‌സിൽ നിന്നും പിന്തിരിപ്പിക്കുന്നത് മകൾ എന്ന ഘടകമാണ്. മകളെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവരുടെ കണ്ണുകൾ കലങ്ങിത്തുടങ്ങിയിരുന്നു.

പതിയെ അതൊരു ഏങ്ങലടിയായി. എന്നാൽ അതിനിടയിലും അവർ സംസാരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭർത്താവിന്റെ അപ്പനെയും അമ്മച്ചിയേയും അയാൾ ഉപദ്രവിക്കുവാൻ ശ്രമിച്ചു.
""ഇടയിൽ കയറിയതു കൊണ്ട് അടികിട്ടിയത് നെറ്റിക്കാണ്''

അവർ നെറ്റിയിൽ നിന്നും മുടി കോതിയൊതുക്കി മാറ്റി കാണിച്ചു. കരുവാളിച്ചു കിടക്കുന്നു. ഏങ്ങലടി കുറഞ്ഞു. ധൈര്യം സംഭരിക്കും പോലെ കുറച്ച് ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് വീണ്ടും സംസാരിച്ചു തുടങ്ങി.
"എന്നെ ഭർത്താവും അയാളുടെ അപ്പനും അമ്മച്ചിയും തല്ലിയിട്ടുണ്ട്. തല്ലു കിട്ടി ഇറങ്ങി ഓടിയപ്പോൾ സാരിയിൽ പിടിച്ച് വലിച്ചിഴച്ചു. സാരിയഴിഞ്ഞിട്ടും പാവാടയിൽ ഞാൻ ഓടി രക്ഷപ്പെട്ടു. നാട്ടുകാരെല്ലാം നോക്കി നിൽക്കെ ഭർത്താവ് പിന്നാലെ വന്ന് പിടിച്ചടിച്ചു. മുടിയിൽ പിടിച്ച് വലിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. എങ്ങനെയോ രക്ഷപ്പെട്ട് പൊന്തക്കുള്ളിൽ ഞാൻ ഒളിച്ചു. അയാൾ തിരഞ്ഞു വന്നു. വീട്ടിലേക്ക് തിരിച്ചു ഓടും വരെ തല്ലി. അത് കണ്ട് അപ്പനും അമ്മയും മകനെ ശരി വച്ചു. അവരുടെ നാട്ടിൽ ഇതൊരു സാധാരണ സംഭവമായിരുന്നു. വിവാഹത്തിനു മുൻപ് എന്റെ അപ്പൻ ഒരു ഈർക്കിലി കൊണ്ടു പോലും എന്നെ വേദനിപ്പിച്ചിട്ടില്ല' അവർ വീണ്ടും ഏങ്ങലടിച്ചു.

ആശ്വസിപ്പിക്കുവാൻ ചെന്നവരെയൊക്കെ ലില്ലി കണ്ണുകൾ കൊണ്ട് വിലക്കി
"കരയൂ മതി വരുവോളം കരയൂ. മതി വന്നിട്ട് ധൈര്യം തോന്നുമ്പോൾ മാത്രം ഞങ്ങളെ നോക്കൂ' ഏങ്ങലടി സമയമെടുത്ത് പതിയെ പതിയെ ഒതുങ്ങി. മുഖം കഴുകാനായി ലില്ലി വാഷ് റൂം കാണിച്ചു കൊടുത്തു. എല്ലാവരും നിശബ്ദരായിരുന്നു.

ഓരോരുത്തർക്കുമുണ്ടായിരുന്നു അത്തരത്തിലൊരു കഥ. പലരും തുറന്നു പറഞ്ഞിരുന്നില്ല. ഇത് അവർക്കെല്ലാം ഒരു പ്രചോദനം കൂടിയായി. തിരികെ വന്ന ഫ്‌ളോറിയുടെ മുഖം ചിരിയിലേക്ക് മാറിയിരുന്നു. കണ്ണാടിയിൽ നോക്കി ചിരി പരിശീലിച്ചു വന്നതു പോലെ മേരിക്ക് തോന്നി. ആഗ്‌നസാണ് ആദ്യമായി ഫ്‌ളോറിയെ കെട്ടിപ്പിടിച്ചത്. "വിഷമിക്കാതെ നീ തനിച്ചല്ല. തുടയിലെ പാടുകൾ എനിക്ക് ഇവിടെ കാണിച്ചു തരുവാൻ കഴിയാത്തതിനാലാണ്.' എല്ലാവരും അവരുടെ അടുത്ത് വന്ന് സംസാരിക്കുകയും കൈകളിൽ പിടിച്ച് ധൈര്യം പകരുകയും ചെയ്തു. സന്തോഷത്തോടെ അന്ന് ഫ്‌ളോറി യാത്ര പറഞ്ഞിറങ്ങി.

അടുത്ത ആഴ്ചയിൽ ഫ്‌ളോറി തന്റെ സ്‌കൂളിലെ മൂന്ന് അധ്യാപികമാരേയും കൊണ്ടാണ് വന്നത്. അതിനടുത്താഴ്ച ഇരുപത്തിനാലു പേർ വന്നതിനാൽ കസേരകൾ പുറത്തു നിന്നും വാടകയ്ക്ക് എടുക്കേണ്ടി വന്നു. അതിനടുത്താഴ്ച മുപ്പത്തിയൊന്നായി. ഈ കാപ്പി കുടി കൈകളിലൊതുങ്ങില്ലയെന്ന് മനസിലാക്കിയ ലില്ലി സ്ത്രീകൾക്ക് സംസാരിക്കുന്നതിനും അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനുമായുള്ള ഒരു വേദിക്കായി തലപുകച്ചു. അങ്ങനെ പിറന്നതായിരുന്നു 3 - 6 എ എം റേഡിയോ സ്റ്റേഷൻ. നൂറു വാട്ട് എൽ പി എഫ് എം സ്റ്റേഷൻ. 20-25 മുതൽ പതിനഞ്ച് കിലോമീറ്റർ വരെ റേഡിയസിൽ പ്രക്ഷേപണം ചെയ്യുന്നതിനു സൗകര്യമുള്ള ഒന്നാണ് ഒരു സ്ത്രീ സുഹൃത്തു വഴി ലില്ലി സജ്ജീകരിച്ചത്.

പുലർച്ച മൂന്നു മണിക്ക് 119.9 ബാൻഡ് വിഡ്ത്തിൽ സ്റ്റേഷൻ രഹസ്യ പ്രക്ഷേപണം ആരംഭിച്ചു. ടെസ്റ്റ് ട്രാൻസ്മിഷനുകൾ പകൽ സമയത്ത് ചെയ്തു നോക്കി സാധാരണ പാട്ടുകൾ മാത്രം കേൾപ്പിക്കുന്ന ഒരു റേഡിയോ സ്റ്റേഷൻ മാത്രമാണ് ഇതെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ലില്ലിയും സംഘവും വിജയിച്ചു. ടെക്‌നീഷ്യനായി ഒരു സ്ത്രീ ആ സമയങ്ങളിലൊക്കെ പിന്തുണക്കായി സ്ത്രീ സംഘടനയിൽ വന്നു പോയ്‌ക്കൊണ്ടിരുന്നു.

മൈക്രോഫോണുകളും ട്രാൻസ്മിറ്ററുകളും ഓഡിയോ മിക്‌സുകളും ഹെഡ്‌ഫോണുകളും അടങ്ങുന്ന ഉപകരണം തത്ക്കാലം സംഘടനാ ഓഫീസിൽ തന്നെ സ്ഥാപിക്കുവാൻ തീരുമാനിച്ചു. മൂന്നു മണി മുതൽ നാലുമണി വരെ ചലച്ചിത്ര ഗാനങ്ങളാണ് റേഡിയോയിൽ പ്രക്ഷേപണം ചെയ്തിരുന്നത്. നാലുമണിയ്ക്കാണ് യഥാർത്ഥത്തിൽ റേഡിയോ പണി തുടങ്ങുന്നത്. നാലു മണി സമയം. പുരുഷന്മാരെ ഉപേക്ഷിച്ച് സ്ത്രീകൾ കണ്ണുകൾ തുറക്കുന്ന സമയം. മുതലാളിമാർക്കായി വേലക്കാരികൾ എഴുന്നേൽക്കുന്ന സമയം. പെണ്ണുങ്ങളുടെ സമയം. മൂന്നു മണിയുടെ ചലച്ചിത്രഗാനങ്ങളുടെ പ്രക്ഷേപണ ചുമതല വന്നു ചേർന്നത് മേരിയിലാണ്.

നാലുമണിമുതൽ ലില്ലിയോ മറ്റ് പ്രവർത്തകരോ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസാരിച്ച് തുടങ്ങും. അഞ്ച് മണി മുതൽ ആറു മണി വരേയും ക്ഷണിക്കപ്പെട്ട അതിഥികൾക്കുള്ള സമയമാണ്. സ്ത്രീകൾക്ക് അനുഭവമ്പത്ത് പങ്ക് വയ്ക്കുന്നതിനുള്ള സമയം. ഗാർഹിക ജോലികൾക്കായി എഴുന്നേൽക്കുന്ന സ്ത്രീകൾ കിടക്കയിൽ നിന്നും റേഡിയോയുമായി അടുക്കളയിലെക്ക് നീങ്ങി. പുരുഷനും കുട്ടികൾക്കും ഇളവുകളുണ്ട്. അവർ ആറു മണിവരെയെങ്കിലും കൂർക്കം വലിക്കുന്നു. മീറ്റിംഗിനു വരുന്നവരിലൂടേയും നഗരത്തിലെ സാധാരണ സ്ത്രീകളുടെ സംസാരങ്ങളിലൂടേയും 3-6 എ എം റേഡിയോ സ്റ്റേഷൻ വളർന്നു തുടങ്ങി.

വീട്ടിൽ റേഡിയോ ഉള്ളവരെല്ലാം അതുമായി അടുക്കളകളിലേക്ക് മുങ്ങി. ആദ്യമെല്ലാം രസകരവും കൗതുകപരവുമായുള്ള കാര്യങ്ങൾ സംസാരിച്ച് സ്ത്രീകളുടെ ശ്രദ്ധ നേടുവാനുള്ള പ്രവർത്തനങ്ങളിലാണ് ലില്ലി ഏർപ്പെട്ടത്. പിന്നെ പതിയെ അതിൽ സ്ത്രീ രാഷ്ട്രീയം കൂടി കലർത്തി തുടങ്ങി. മീറ്റിംഗ് മാസത്തിൽ ഒന്ന് എന്ന നിലയിലാക്കി ചുരുക്കി കൂടുതൽ ശ്രദ്ധ എഫ് എമ്മിൽ കേന്ദ്രീകരിക്കുവാൻ എല്ലാവരും ശ്രദ്ധിച്ചു. സംഗമത്തിൽ സ്ത്രീകളുടെ എണ്ണം നൂറിൽ കവിഞ്ഞതോടെ സ്ത്രീ സ്വാതന്ത്രവാദത്തിന്റെ ചരിത്രത്തെയും സമകാലീന സംഭവങ്ങളേയും ലില്ലി എഫ് എമിൽ ഉൾപ്പെടുത്തി.

സ്ത്രീഅവകാശങ്ങളെക്കുറിച്ചും പരസ്പരസഹകരണത്തെക്കുറിച്ചുമുള്ള സംഭാഷണങ്ങൾ പതിയെ ഫലം കണ്ടു തുടങ്ങി. സ്ത്രീകൾ അതിനെക്കുറിച്ച് കൂടുതൽ ബോധവതികളായി. പല സ്ത്രീകളും തങ്ങൾ ഇതു വരെ അനുഭവിച്ച വിവേചനം തിരിച്ചറിയാത്തവരായിരുന്നു. ഫെമിനിസത്തെക്കുറിച്ച് ലില്ലിക്കുണ്ടായിരുന്ന പൂർണ ബോധ്യവും തെളിഞ്ഞ അറിവും ഈ കാര്യത്തിൽ സഹായകരമായി.

വീട്ടമ്മമാരേക്കാൾ ലില്ലിക്ക് ആകർഷിക്കാൻ കഴിഞ്ഞത് ചെറുപ്പക്കാരികളെയാണ്. അതിനു ചുക്കാൻ പിടിച്ചത് മേരിയും
3-4 മേരിയുടെ ചലച്ചിത്ര ഗാനങ്ങൾ
4-5 ലില്ലിയുടെ സെഷൻ
5-6 അതിഥിക്ക് പറയുവാനുള്ളത്
റേഡിയോ സ്റ്റേഷന്റെ സാങ്കേതികമായ കാര്യങ്ങളുടെ നിയന്ത്രണം മേരിയിൽ വന്നു ചേർന്നതോടെ മേരി ലില്ലിക്ക് പകരക്കാരിയായി മാറി.

തിരക്കുകൾ മൂലം ലില്ലിക്ക് അസൗകര്യമുള്ള നാളുകളിൽ പകരക്കാരിയായി മേരി സംസാരിച്ചു തുടങ്ങി. ചെറുപ്പക്കാരികൾ മേരിയുടെ പ്രത്യേകമായ ചലച്ചിത്രഗാനങ്ങൾക്കായി കാതോർത്തു. മേരിയുടെ തമാശകൾ കേട്ട് പണികൾക്കിടെ സ്ത്രീകൾ കുലുങ്ങിച്ചിരിച്ചു. മേരിയുടെ ഗാനങ്ങളുടെ തിരഞ്ഞെടുപ്പ് മേൽത്തരമാണെന്ന് ഒരു ഗായിക അഭിനന്ദിക്കയുണ്ടായി.

കാര്യങ്ങൾ അനുകൂലമായി പോയിക്കൊണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു ഭാവരീ ദേവി എന്നു പേരുള്ള ഒരു സ്ത്രീ റേപ്പ് ചെയ്യപ്പെടുന്നത്. സംഗമത്തിലൊരിക്കൽ പങ്കെടുത്ത അവരുടെ ബലാത്സംഘവാർത്ത അംഗങ്ങൾക്കിടയിൽ വലിയ ചർച്ചയായി. തന്റെ ഗ്രാമത്തിലെ ശൈശവ വിവാഹത്തെ എതിർത്തതിനാണ് അവർക്കീ ഗതി വന്നതെന്ന് പലരും അടക്കം പറഞ്ഞു.

ഭാവരീ ദേവിയുടെ ഗ്രാമം നഗരത്തിൽ നിന്നും വളരെ അകലെയാണ്. അഞ്ചാം വയസിലായിരുന്നു അവരുടെ വിവാഹം. പതിനെട്ടു തികയുന്നതിനു മുൻപ് തന്നെ നാലു കുട്ടികളുടെ അമ്മയുമായി. അങ്ങനെയിരിക്കെയാണ് ഗ്രാമത്തിൽ വന്ന വനിതാ വികസന പരിപാടിയിൽ അവർ ഒരു ഭാഗമാകുന്നതും അതിൽ ആകൃഷ്ടയായി അവർക്കൊപ്പം പ്രവർത്തനം ആരംഭിക്കുന്നതും.

ഗ്രാമത്തിലെ ഭൂമി, ജലം, സാക്ഷരത, ആരോഗ്യം, ക്ഷാമകാല വേതനാനിരക്ക് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക വിരുത് പ്രകടമാക്കിയപ്പോൾ ബോർഡവരെ വനിതാവികസനസംഘത്തിലെ അംഗമായി നിയമിച്ചു. തൊട്ടടുത്ത ഗ്രാമത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു ബലാത്സംഘക്കേസിൽ ഭാവരീ ദേവി ഇടപ്പെട്ടതോടെയാണ് കാര്യങ്ങൾ തലകീഴായി മറഞ്ഞത്. സ്വന്തം ഗ്രാമം ഈയൊരു സമയം കൂടെ നിന്നെങ്കിലും പുരുഷ സമൂഹത്തിന്റെ മുറുമുറുപ്പ് പ്രകടമായിരുന്നു.

ഒരിക്കൽ സ്വന്തം ഗ്രാമത്തിൽ നടന്നു കൊണ്ടിരുന്ന ശൈശവ വിവാഹം എന്ന ദുരാചാരത്തെ അവർക്ക് എതിർക്കേണ്ടതായി വന്നു. സർക്കാരിന്റെ ശൈശവ വിവാഹ നിരോധനതിനായുള്ള പരിശ്രമങ്ങളിൽ ഭാവരീ ദേവിയും പങ്കാളിയായി. ഗ്രാമത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഭാവരീ ദേവിയിലാണ് വന്നു ചേർന്നത്. ഈ പ്രവർത്തനം മൂലം സ്വന്തം ഗ്രാമം അവർക്കെതിരെ തിരിഞ്ഞു. പുരാതനമായ ചടങ്ങുകളിൽ ഇടങ്കോലിട്ട് സർക്കാരിനെ ഇടപെടുത്തരുതെന്ന് ഗ്രാമമുഖ്യനും സംഘവും അവർക്ക് താക്കീത് നൽകി.

ഒൻപത് മാസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞിന്റെ വിവാഹം ഭാവരീദേവി റിപ്പോർട്ട് ചെയ്തതോടെ ജനങ്ങളുടെ എതിർപ്പ് രൂക്ഷമായി. സർക്കാർ ഭാഗത്തു നിന്നും വനിതാ വികസന ബോർഡിന്റെ ഇടപെടലിന്റെ ഫലമായി ശൈശവ വിവാഹം നിശ്ചയിച്ച കുടുംബം പോലീസ് നിരീക്ഷണത്തിലായി. വിവാഹദിനം പോലീസെത്തി ചടങ്ങുകൾ നിർത്തി വെപ്പിച്ചു. പോലീസിനേയും മറ്റെതിർപ്പുകളേയും വകവയ്ക്കാതെ പിറ്റേന്ന് പുലർച്ച രണ്ട് മണിക്ക് ആ വിവാഹം വീട്ടുകാർ നടത്തി.

രാവിലെ ഗ്രാമമുഖ്യൻ പഞ്ചായത്ത് വിളിക്കുകയും ഭവരീദേവിയേയും കുടുംബത്തെയും ഭ്രഷ്ടരാക്കാൻ തീരുമാനിക്കുകയും ചെയ്തു. ആദ്യപടിയായി അവരുടെ വീട്ടിലെക്കുള്ള ദൈനംദിന വകകൾ നിഷേധിച്ചു. ഭാവരീദേവിയുടെ കുടുംബവ്യാപാരമായ മൺകലനിർമാണം തടസപ്പെടുത്തുന്നതിനായി ഗ്രാമത്തിൽ നിന്നും ഇനിയാരും അവരുടെ മൺകലങ്ങൾ വാങ്ങിപ്പോകരുതെന്ന് ഗ്രാമമുഖ്യൻ ആജ്ഞാപിച്ചു. അതോടെ ഭാവരീദേവിയും ഭർത്താവും ഗ്രാമം ഉപേക്ഷിച്ചു നഗരത്തിൽ വന്നു താമസം തുടങ്ങി.

വനിതാവികസനബോർഡിലെ ജോലിയുമായി നഗരത്തിൽ കഴിയുന്നതിനിടെയാണവർ ലില്ലിയുടെ സംഗമത്തിൽ ഭാഗമാകുന്നത്. ലില്ലിയുമായി നല്ല സൗഹൃദം അവർ പുലർത്തിയിരുന്നു. ഭാവരീദേവി തന്റെ മാതാപിതാക്കളെ സന്ദർശിക്കുന്നതിനായി ഗ്രാമത്തിൽ പോയ ദിവസമാണ് ബലാത്സംഘം ചെയ്യപ്പെട്ടത്. തങ്ങളുടെ കൃഷിഭൂമിയിൽ പണിയെടുക്കുന്നതിനിടെ ഉയർന്ന ജാതിയിലുള്ള നാലു പേർ വടിയുമായി വന്ന് ഭർത്താവിനെ തല്ലി വീഴ്ത്തി ഭാവരീദേവിയെ ബലാത്സംഘം ചെയ്യുകയായിരുന്നു. ഇതിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഉന്നതകുലജാതനായ എംഎൽഎ ഇടപെട്ട് പ്രതികളെ കുറ്റവിമുക്തരാക്കുകയും കേസിന്റെ നടത്തിപ്പിനായി ലക്ഷങ്ങൾ ചിലവഴിച്ച് നല്ലൊരു വക്കീലിനെ വക്കുകയും ചെയ്തു.

കേസ് രജിസ്റ്റർ ചെയ്യുന്നതിന് പോലീസ് സ്റ്റേഷനിലെത്തിയ ഭാവരീദേവിക്കും ഭർത്താവിനും പല തരത്തിലുള്ള അധിക്ഷേപങ്ങളും നേരിടേണ്ടതായി വന്നു. രക്തം പുരണ്ട പാവാട കേസിനു തെളിവായി സമർപ്പിക്കുവാനും വീട്ടിൽ പോകുവാനും പോലീസ് ആവശ്യപ്പെട്ടു. ഒടുവിൽ ഭർത്താവിന്റെ രക്തത്തിൽ കുതിർന്ന തലക്കെട്ടുവസ്ത്രം ചുറ്റിയാണ് പാതിരാത്രി ഒരു മണിക്ക് മൂന്നു കിലോമീറ്ററോളം തിരികെ നടന്ന് അവർ വീട്ടിലെത്തിയത്. നിയമക്രമം അനുസരിച്ച് വൈദ്യപരിശോധനക്ക് ഹാജരായ ഭാവരീദേവിയോട് ലേഡി ഡോക്ടർ ഇല്ലെന്ന കാരണം പറഞ്ഞ് പരിശോധനക്ക് അനുമതി നിഷേധിച്ചു. കോടതി ഓർഡറില്ലാതെ പരിശോധിക്കുവാനാകില്ലയെന്ന് സർക്കാർ അധികൃതരും കോടതി അവധി ദിനമായതിനാൽ ഓർഡർ നൽകാനാകില്ലെന്ന് ജഡ്ജിയും പറഞ്ഞതോടെ 24 മണിക്കൂറിൽ നടത്തേണ്ട വൈദ്യ പരിശോധന 48 മണിക്കൂറിനു ശേഷമാണ് നടന്നത്. ഇതെല്ലാം കേസിനെ ദുർബലമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.

ഭാവരീ ദേവിയുടെ കഥ റേഡിയോ സ്റ്റേഷനിലൂടെ കേട്ട സ്ത്രീകൾ അസ്വസ്ഥരായി സംഘടിച്ചു. സംഭവത്തിനെതിരെ നഗരത്തിൽ അധികാരത്തിലിരിക്കുന്ന ഭാരവാഹികളുടെ മുൻപിൽ മാർച്ച് നടത്തണമെന്ന ആവശ്യം ശക്തമായി അവർക്കിടയിൽ ഉയർന്നു. സംഗമത്തിൽ ആ മാസം കൂടുതൽ സ്ത്രീകൾ പങ്കെടുത്തു. അതു കൂടാതെ ഇരുപതോളം പുരുഷന്മാരും സന്നിഹിതരായത് ലില്ലിയിൽ അമ്പരപ്പുളവാക്കി. എല്ലാ അഭിപ്രായങ്ങളേയും പരിഗണനയിലെടുത്തതിന്റെ വെളിച്ചത്തിൽ സമാധാനപരമായൊരു പ്രതിഷേധജാഥ സംഘടിപ്പിക്കുവാൻ യോഗം തീരുമാനം കൈക്കൊണ്ടു. ദിവസവും സമയവും റേഡിയോയിലൂടെ വിളംബരം ചെയ്യുമെന്നും അത് നഗരമൊട്ടുക്കും പ്രചരിപ്പിക്കുന്നതിനും അംഗങ്ങളോട് ആഹ്വാനവും നൽകി.

വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ നൂറ്റിമുപ്പതോളം സ്ത്രീകളും ഇരുപതോളം കുട്ടികളും നാൽപ്പതോളം പുരുഷന്മാരും അണിനിരന്ന പ്രതിഷേധജാഥ നഗരത്തെ കിടുക്കി. രാഷ്ട്രീയ പാർട്ടികൾക്ക് അത് കണ്ട് അമ്പരന്നു നിൽക്കുവാനേ സാധിച്ചുള്ളൂ.

പ്രതിഷേധജാഥ സ്വന്തമായി ഏറ്റെടുക്കുവാൻ അവർ മത്സരിച്ചു. ജാഥയുടെ മുന്നണി പ്രവർത്തകരെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ചർച്ചക്കു വിളിച്ചു. മേയറുടേയും കളക്ടറുടേയും പ്രവർത്തനമന്ദിരത്തിന് എതിർവശം ഒരു കിലോമീറ്റർ ദൂരമുള്ള റോഡിലൂടെയാണ് പ്രതിഷേധജാഥ കടന്നു പോയത് എന്നതിനാൽ നിമിഷങ്ങൾക്കകം അവിടെ പോലീസ് അണിനിരന്നു. മുൻകൂട്ടി അനുവാദം വാങ്ങാതെ ജാഥ നടത്തിയതിനു ആൾക്കൂട്ടം പിരിഞ്ഞു പോകണമെന്ന് പോലീസ് മൈക്കിലൂടെ താക്കീത് ചെയ്‌തെങ്കിലും രാഷ്ട്രീയപാർട്ടികൾ ഇടപെട്ട് പ്രതിഷേധ ജാഥയെ മുന്നോട്ട് പോകുന്നതിനു അനുവാദം അധികാരികളിൽ നിന്നും വാങ്ങി.

ഇതൊന്നും സമരക്കാരെ തളർത്തിയില്ല. ദൃഢനിശ്ചയത്തിന്റെ ഒരു കൂട്ടം സ്ത്രീകളെ അന്ന് ആൺലോകം കൺകുളിർക്കെ കണ്ടു. മാധ്യമങ്ങൾ ഈ പ്രകടനത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചും ഭാവരീദേവിയുടെ ദുര്യോഗത്തെക്കുറിച്ചും ചർച്ച തുടങ്ങി. സമാധാനപരമായിത്തന്നെ ആ ജാഥ തങ്ങളുടെ ലക്ഷ്യം നിറവേറ്റി.
ഈ പ്രതിഷേധ ജാഥ ഭരണപക്ഷത്തിനു സൃഷ്ടിച്ച തലവേദന ചില്ലറയല്ലായിരുന്നു. കിട്ടിയ തക്കത്തിനു പ്രതിപക്ഷം ഇതൊരു ആയുധമാക്കി ഭരണപക്ഷത്തെ കടന്നാക്രമിച്ചു. നിയമസഭയിലടക്കം ഈ ജാഥ ചലനം സൃഷ്ടിച്ചു. പാർട്ടിയല്ല സാധാരണ ജനങ്ങളാണ് ഈ സമരത്തിനു മുന്നിട്ടിറങ്ങിയതെന്ന സത്യം എല്ലാത്തിനും മീതെ തിളങ്ങി നിന്നു. വൈകാതെ തന്നെ ആഭ്യന്തര മന്ത്രിയുടെ വിളി സ്ഥലം മേയർ, എംഎൽഎ എന്നിവരെ തേടിയെത്തി. സ്‌പെഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ സമരക്കാരേയും നേതൃത്വത്തിനേയും കണ്ടുപിടിച്ച് അറസ്റ്റ് ചെയ്ത് സംഗതികൾ പൂട്ടിക്കെട്ടുവാൻ നിർദേശങ്ങൾ വന്നു. എന്നാൽ ഇന്റലിജൻസ് ഈ വട്ടം വിയർത്തു.

ഒരു കൂട്ടം സ്ത്രീകളുടെ സ്വാന്തനസംഗമം എന്നുമാത്രമായിരുന്നു ഇന്റലിജൻസിനു ലഭിച്ച ഏകവിവരം. തൊട്ടടുത്ത സംഗമത്തിൽ പങ്കെടുത്ത ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥ സംഗമത്തിനു ക്‌ളീൻ സർട്ടിഫിക്കറ്റ് നൽകിയതോടെ ഗൂഢാലോചനയുടെ സാധ്യത എല്ലാവരും തള്ളിക്കളഞ്ഞു. 3-6 എ എം റേഡിയോ സ്റ്റേഷൻ അപ്പോഴും രഹസ്യമായി നഗരത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്നു. സംഗമത്തിൽ പങ്കെടുത്തതോടെ കൂട്ടത്തിൽ കയറിക്കൂടിയ ഇന്റലിജൻസ് ഉദ്യോഗസ്ഥ റേഡിയോ ശ്രവിക്കുകയും അതിനു വിപ്‌ളവത്തിന്റെ ചുവയുള്ളതായി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. റേഡിയോസ്റ്റേഷനു പിറകിലുള്ളവരെ കസ്റ്റഡിയിലെടുക്കുവാൻ രഹസ്യ നീക്കം നടന്നു. സ്ത്രീ ശാക്തീകരണ സംഘടനക്ക് പൂട്ട് വീണു. ഓഫീസിലും വീടിനുള്ളിലും അവർ തിരച്ചിൽ നടത്തി. റേഡിയോ സ്റ്റേഷന്റെ യാതൊരു സൂചനകളും അവർക്ക് ലഭിച്ചില്ല.

ഫെമിനിസ്റ്റ് പ്രസ്ഥാനം അതോടെ നിശ്ചലമായിക്കോളും എന്ന ഇന്റലിജൻസിന്റെ ധാരണക്കേറ്റ ആദ്യ പ്രഹരമായിരുന്നു പിറ്റേന്ന് മൂന്നു മണിക്ക് മുഴങ്ങിക്കേട്ട ചലച്ചിത്ര ഗാനം. പിന്നാലെ ലില്ലിയുടെ ഗംഭീരപ്രസംഗവും ഉണ്ടായിരുന്നു. ഉടൻ തന്നെ ഇന്റലിജൻസ് വിഭാഗം സംഘടനയിലേക്ക് പാഞ്ഞെത്തി. വീടിനുള്ളിലെ അടുക്കളയിലിരുന്ന് റേഡിയോയിലൂടെ ഘോരഘോരം സംവദിക്കുകയായിരുന്ന ലില്ലിയെ അവർ അപ്പോൾ തന്നെ അറസ്റ്റ് ചെയ്ത് നീക്കി. അടുക്കളയിൽ നിന്നും മറ്റു അടുക്കളകളിലേക്കുള്ള സ്ത്രീകളുടെ ആശയസംവാദം മാധ്യമങ്ങൾ ആഘോഷമായി കൊണ്ടാടി. പോകും മുൻപേ ഒരേയൊരാവശ്യമാണ് ലില്ലി മേരിയോട് ആവശ്യപ്പെട്ടത്.
""നിലച്ചു പോകരുത് 3-6''

രണ്ട് ദിവസം കൊണ്ട് മേരി ആ വാക്ക് പാലിച്ചു. പുതിയ ട്രാൻസ്മിറ്ററും ഉപകരണങ്ങളും സംഘടിപ്പിച്ച് മേരി എഫ് എം പുനരാരംഭിച്ചു. അധികാര വർഗവും സ്ത്രീകളും തമ്മിലുള്ള കൊമ്പുകോർക്കലിനു ഇത് കാരണമായി. എന്തു വിലകൊടുത്തും എഫ്എം നശിപ്പിക്കണമെന്ന വാശി അധികാരവർഗത്തിനു വന്നു ചേർന്നു. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കടത്തേണ്ടി വരുമെന്നറിയുന്നതിനാൽ ഒരു വാനിലായിരുന്നു മേരി പുതിയ സ്റ്റേഷനു സൗകര്യമൊരുക്കിയത്. കൃത്യമായ ഇടവേളകളിൽ റേഡിയോസ്റ്റേഷനെ ഒളിപ്പിക്കുന്നതിന് ഈ മാതൃക അവരെ സഹായിച്ചു. ഇന്റലിജൻസിന്റെ കണ്ണും കാതും വെട്ടിച്ച് അവർ ഓടി നടന്നും ഒളിച്ചിരുന്നും പ്രക്ഷേപണം ചെയ്തു. ഗോഡൗണുകളിൽ ഫ്‌ളൈ ഓവറുകളിൽ ട്രാഫിക് ബ്‌ളോക്കുകളിൽ ബസ് സ്റ്റേഷനുകളിൽ പാർക്കിംഗ് ഏരിയകളിലെല്ലാം അവർ ഒളിച്ചിരുന്ന് പുലർച്ചകളിൽ സംവദിച്ചു.

വിവാദം ആളിപ്പടർന്നതോടെ റേഡിയോ സ്റ്റേഷനു പ്രേക്ഷകർ അധികരിച്ചു. സ്ത്രീകളും സാധാരണ കുടുംബങ്ങളും അതിന്റെ പ്രേക്ഷകരായി. മേയർ ജോസഫ് ഉറക്കത്തിനിടെ മൂത്രമൊഴിക്കുന്നതിനായി എഴുന്നേറ്റപ്പോൾ കൂടെക്കിടന്ന ഭാര്യയെക്കാണാഞ്ഞു തിരഞ്ഞ് ചെന്നപ്പോൾ അടുക്കള പണിക്കാർക്കൊപ്പം റേഡിയോ കേൾക്കുന്ന ഭാര്യയെ കാണേണ്ടിവന്നു. അതോടെ റേഡിയോ സ്റ്റേഷനു ഔദ്യോഗിക വിലക്ക് നേരിട്ടു.

ലില്ലി അറസ്റ്റിലായി രണ്ടാമത്തെ ആഴ്ച, വാനിൽ റേഡിയോസ്റ്റേഷനുമായി പുതിയ ഇടങ്ങൾ തേടുന്ന മേരിയുടെ മുൻപിലേക്ക് ഒരു പോലീസ് ജീപ്പ് കുറുകേ വന്ന് നിറുത്തി. യൂണിഫോമിട്ട ഒരു പോലീസുകാരൻ ജീപ്പിൽ നിന്നിറങ്ങി മേരിയെ സമീപിച്ചു. അറസ്റ്റിനായി മേരി മാനസികമായി തയ്യാറായി. അരികിൽ വന്ന് അയാൾ ഒരു കടലാസ് നീട്ടി. ലില്ലിയുടെ കൈപ്പട.

"നാളെ എല്ലാവരും അറസ്റ്റിലാകും. ഇയാൾ വിശ്വസ്തനാണ്. പുറപ്പെടുക.'
അത്രമാത്രം. അയാൾക്കൊപ്പം ജീപ്പിലിരിക്കുമ്പോൾ അവൾ ചോദിച്ചു
"പേരെന്താ?'
"അയ്​പ്​. കൊച്ചൈപ്പ്. കൊച്ചൈപ്പോര.' ▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments