ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.

3 am

അധ്യായം 17: പെരുന്തച്ചത്തി

തുന്നൽ പക്ഷി കൂടുവച്ചു കഴിഞ്ഞതിനാൽ തല ഇളക്കരുതെന്നും വിശ്രമിക്കണമെന്നുമുള്ള ക്ഷുരകനായ ഡോക്ടറുടെ ഉപദേശപ്രകാരം സോളമൻ ആശുപത്രിയിൽ തങ്ങി. സ്വയം നടക്കുവാൻ തുടങ്ങിയ ദിവസങ്ങളിൽ സുഹൃത്തായി മാറിയ നഴ്‌സിന്റെ സഹായത്താൽ ആശുപത്രി ഡാറ്റാബേസ് പരിശോധിക്കുകയും, മേരി എന്ന പേരു വച്ച് അയാൾ രോഗികളുടെ വിശദാംശങ്ങൾ സെർച്ച് ചെയ്യുകയും ചെയ്തു. നൂറ്റി മുപ്പത്തി ഏഴോളം പേരായിരുന്നു ആ പേരിൽ അവിടെ നിന്ന്​ ചികിത്സ തേടിയിരുന്നത്. ഓരോ ഫയലും ഓപ്പൺ ചെയ്ത് മേരിയുമായി ബന്ധമുള്ള വിവരങ്ങൾ ചികഞ്ഞു നോക്കി. വയസു വച്ച് ഫിൽറ്റർ ചെയ്ത് മേരിയെ കണ്ടെത്തുവാനുള്ള സോളമന്റെ ശ്രമം കാര്യങ്ങൾ കുറച്ചു കൂടെ എളുപ്പത്തിലാക്കി.

ഇരുപത് വയസ് മുതൽ മുപ്പത് വയസ് വരെയുള്ളവരിൽ നാലു മേരികളുടെ പ്രൊഫൈലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്ര വ്യക്തമല്ലാത്ത ഒരു ഫയൽ ഒഴിച്ച് മറ്റെല്ലാം മേരിയുടെ വിവരങ്ങളുമായി സാമ്യമില്ലാത്തവയായിരുന്നു. ഒരു അപേക്ഷയും ഡോക്ടറുടെ ചികിത്സാ വിവരങ്ങളുമടക്കം രണ്ട് പേപ്പറുകളേ അതിൽ ഉണ്ടായിരുന്നുള്ളൂ. സോളമൻ അത് ഫോട്ടോയെടുത്തു സൂക്ഷിച്ചു.
ബ്ലാക്ക്‌ബെറി ഗാലറി തുറന്ന് ഫോട്ടോകളിൽ നിന്നൊന്ന് ഓപ്പൺ ചെയ്തു മറ്റുള്ളവരെ കാണിച്ചു. അത് ആശുപത്രിയിലെ പ്രവേശനത്തിനായുള്ള പത്രികയായിരുന്നു. നീല മഷികൊണ്ട് അത് പൂരിപ്പിക്കപ്പെട്ടിരുന്നു.

തിയതി:
മുഴുവൻ പേര് : മേരി
വയസ് : 26
പുരുഷൻ/സ്ത്രീ: സ്ത്രീ
വിവാഹാവസ്ഥ: അവിവാഹിത
ജോലി: ക്ലർക്ക്
ജനന സ്ഥലം
താമസ സ്ഥലം
മതം
രോഗലക്ഷണങ്ങൾ : ദുഃസ്വപ്നങ്ങൾ, ഉറക്കമില്ലായ്മ, ഛർദ്ദി
ഇൻഷൂറൻസ് വിവരങ്ങൾ :
തൊഴിൽദായകർ:
തൊഴിൽദായകരുടെ ഫോൺ നമ്പർ :
അത്യാഹിതാവസ്ഥക്ക്
വിലാസം
ഒപ്പ്

മേരിയുടെ കയ്യക്ഷരവും അപേക്ഷാ ഫോറം മുഴുവനായി പൂരിപ്പിക്കാതെ വിടുന്ന സ്വഭാവവും തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു സോളമൻ മേരിയുടെ പ്രൊഫൈൽ ഇത് തന്നെയെന്ന് തീർച്ചപ്പെടുത്തിയത്. മുറിയിലുള്ളവർ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ ബ്ലാക്ക്ബറി അടുത്ത ചിത്രത്തിലേക്ക് നീങ്ങി.

രോഗിയുടെ വിവരങ്ങൾ

പേര് വിവരങ്ങൾ: മേരി, സ്ത്രീ, 26
13 അപ്പാർട്ട്മൻറ്​
മെയിൻ റോഡ് 12
മെ​ട്രോ യൂണിയൻ
രോഗനിർണയം
ഡോ: സൈമൺ റാഫേൽ
രോഗം: ഫാൾസ് മെമ്മറി സിൻഡ്രോം
സ്റ്റേജ് : രണ്ട്
കമൻറ്സ്: ചികിത്സയിൽ

വായിച്ചു കഴിഞ്ഞ സോളമൻ റിസപ്ഷനിൽ ചെന്ന് സൈമൺ റാഫേൽ ഡോക്ടറുടെ പരിശോധനാ സമയം ചോദിച്ചറിഞ്ഞ് ഒരു അപ്പോയൻമെൻറ്​ വാങ്ങി. ആശുപത്രിയുടെ ഒരു മൂലയിൽ നിന്ന്​ സൈമൺ ഡോക്ടർ പ്രാക്ടീസ് ചെയ്യുന്ന അങ്ങേ മൂലയിലേക്ക് പോകുവാൻ സോളമൻ നഴ്‌സിന്റെ സഹായം അഭ്യർത്ഥിച്ചു. എന്തിനാണ് സോളമൻ ഇതെല്ലാം ചെയ്യുന്നതെന്ന് ഞാൻ നെറ്റി ചുളിച്ചു.

മരിച്ചു പോയ ആളുകളെപ്പറ്റി അറിഞ്ഞിട്ട് അയാൾക്ക് എന്ത് ചെയ്യുവാനാണെന്ന് എനിക്കറിയില്ലായിരുന്നു. ഒരു പക്ഷെ മേരിയുടെ മരണത്തിനുള്ള കാരണം അറിയുവാനുള്ള ആകാംക്ഷ ആകാം ഇതെന്ന് തോന്നി. നഴ്‌സ് കൊണ്ട് വന്ന യന്ത്രക്കസേരയിലിരുന്ന് അയാൾ ഭ്രാന്തമായ വേഗത്തിൽ ചക്രമുരുട്ടി മനഃശാസ്ത്ര വിഭാഗത്തിലേക്ക് പാഞ്ഞു. ഡോക്ടറെ കാണുന്നതിന് അധികം രോഗികൾ ഇല്ലായിരുന്നു. പത്ത് മിനിറ്റ് കാത്ത് നിന്നതിനു ശേഷം സോളമൻ ഉള്ളിലേക്ക് വിളിക്കപ്പെട്ടു. അയാൾ വീൽ ചെയറിൽ ഇരുന്നു കൊണ്ട് തന്നെ മുറിയിലേക്ക് ഉരുണ്ടു.

‘മരിച്ചു പോയതോ ജീവിച്ചിരുന്നിട്ടില്ലാത്തവരോ ആയ ആളുകളെ കണ്ടുമുട്ടുക, സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ നടന്നു എന്നു കരുതുക, ആരോ പിന്തുടരുന്നു എന്നു സംശയിക്കുക, ചെറുപ്പക്കാലത്ത് ക്രൂരമായ പീഡനങ്ങൾക്ക് വിധേയമായതായി ഓർമ വരിക ഇതൊക്കെയായിരുന്നു ഇവിടെ വരുന്ന സമയത്ത് മേരി അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്‌നങ്ങൾ. മേരിയുടെ കേസിൽ മരിച്ചു പോയ തന്റെ അപ്പൂപ്പനെ ഇടയ്ക്കിടയ്ക്ക് കാണുന്ന തരത്തിലുള്ള ഓർമകൾ. ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെ വളരെ സൂക്ഷ്മമായി ഓർത്തെടുക്കുവാൻ ഈ രോഗികൾക്ക് സാധിക്കും.

ആ പ്രത്യേക ഓർമയിൽ നിന്ന്​ താൻ ധരിച്ചിരുന്ന വസ്ത്രം തന്റെ നഖത്തിൽ അണിഞ്ഞ ചായക്കൂട്ട് എന്നിങ്ങനെയുള്ള വിശദാംശങ്ങൾ അവർക്ക് പറയുവാൻ കഴിയും. ഈ ഓർമകളുടെ അപനിർമാണത്തിനു കാരണങ്ങൾ നിരവധി കാണും. ഓർമകൾ പലതുമായി ബന്ധപ്പെട്ടു കിടക്കുന്നു. അത് ഒരു പക്ഷെ ആഗ്രഹങ്ങളാകാം. ചില സമയം സ്വപ്നങ്ങളാകാം. ഭയമാകാം. അരക്ഷിതാവസ്ഥ ആകാം. മേരി കുട്ടിയായിരിക്കുമ്പോഴേ തനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു നാട്ടിൽ നിന്നും പോന്നതിലെ വിഷമം ആ നാടിനു പ്രത്യേകതയുള്ളതായി തോന്നിപ്പിച്ചതാകാം. അതിലും അപകടകരമായിരുന്ന കാര്യം ഈ രോഗത്തെപ്പറ്റി മേരിക്ക് അറിയാമായിരുന്നു എന്നതായിരുന്നു. അതിനാൽത്തന്നെ തന്റെ ജീവിതത്തിലെ യാഥാർത്ഥ്യവുമായി ആശയക്കുഴപ്പത്തിലായിരുന്നു അവൾ. മറ്റ് രോഗികളിൽ നിന്നും മേരിയുടെ അസുഖത്തിനുണ്ടായിരുന്ന പ്രത്യേകത അവരുടെ ഓർമ്മകളിലെ അപനിർമാണതോത് സാധാരണയിൽ കവിഞ്ഞ് വളരെ അധികമായിരുന്നു എന്നതായിരുന്നു.

അവളുടെ ഓർമകളിൽ തച്ചന്മാർ രാവൊഴിയാതെ പണിയെടുത്തു. യഥാർത്ഥ്യത്തിനും വ്യാജപ്രതീതിക്കും ഇടയിൽ മേരി പെട്ടു പോയി. കുറച്ച് കൂടെ വ്യക്തമായി പറയാം. ഇന്നലെ നിങ്ങളുമായി സംസാരിച്ച് പിരിഞ്ഞ മേരിക്ക് പിറ്റേ ദിവസം ഓർമ ഉണ്ടാകുക നിങ്ങളുമായി വാക്കുതർക്കമുണ്ടായതാകാം. മറ്റൊരു സാധ്യത നിങ്ങളുമായി പ്രേമത്തിൽ ഏർപ്പെടുന്നതാകാം. എന്തുമാകാം. അത് നിങ്ങളോട് അവർക്കുള്ള താൽപര്യമനുസരിച്ച് മാറി മറിയും. അടുത്ത ദിവസം അവർ നിങ്ങളെ സമീപിക്കുക ഈ ഓർമ്മകളുടെ അടിസ്ഥാനത്തിലാകാം. ഇതേ കാരണങ്ങളാൽ മേരി സ്വീകരിച്ച വഴി തന്റെ ഓർമകളെ അത്ര കണ്ട് വിശ്വസിക്കാതിരിക്കുക എന്നതായിരുന്നു. അനുഭവജ്ഞാനമുള്ള ഒരു ഡോക്ടർക്ക് മേരിയെപ്പോലെ മാനസികമായി ദുർബലയായ ഒരാളുടെ ഓർമയെ മാറ്റിമറിക്കുവാനോ പുതുതായി ഓർമകൾ നിർമിക്കുവാനോ സാധിക്കും. മരുന്ന് കഴിക്കുന്നതു മൂലമുള്ള മതിഭ്രമം മറ്റൊരു കാരണം കൂടിയാണ്. ഈ രോഗമുള്ളവർക്ക് ആത്മഹത്യാ പ്രവണത കൂടുതലാണ്.

പക്ഷെ മേരി സാധാരണയിൽ കവിഞ്ഞ് ധൈര്യമുള്ളവളായിരുന്നു. അവർ എനിക്കൊരു പഠനവിഷയമായിരുന്നു. ഇത്രയും തീവ്രമായി ഓർമകളുമായി ഇടപെട്ട മറ്റൊരാളെ ഈ മുപ്പത് വർഷത്തെ അനുഭവപരിചയത്തിനിടയിൽ കണ്ടിട്ടില്ല.
മേരിയുടെ ഈ പ്രത്യേകതകൾ അറിഞ്ഞ് കൊണ്ട് തന്നെ ഒരു ഗവേഷണമെന്ന നിലയിൽ അവളെ പഠിക്കണമെന്ന് ഞാൻ തീരുമാനിച്ചു. അതിനായി കൂടുതൽ അവളെ അടുത്തറിയുവാൻ ശ്രമിച്ചു. അങ്ങനെയിരിക്കെയാണു രഹസ്യമായി മേരിയെ നിരീക്ഷിക്കുന്ന ഒരാളുടെ ഫയൽ ഞങ്ങൾക്ക് ലഭിക്കുന്നത്.

ആർക്ക് വേണ്ടിയാണയാൾ ആ പണി ചെയ്തതെന്ന് അറിയില്ലെങ്കിലും മേരി ആ വിവരങ്ങൾ കൈക്കലാക്കി ഞങ്ങൾക്ക് കൈമാറി. അത് ഞങ്ങൾക്ക് വളരെ സഹായകമായി. നിരീക്ഷിക്കപ്പെട്ട ആ ദിവസങ്ങളിൽ അവൾ അഭിമുഖീകരിച്ച യാഥാർത്ഥ്യവും പിന്നീട് ഇതേ ദിവസത്തെക്കുറിച്ച് അവളിൽ അങ്കുരിക്കുന്ന ഓർമയും തമ്മിലുള്ള കാതലായ വ്യത്യാസങ്ങൾ കണ്ടുപിടിക്കുകയായിരുന്നു ഗവേഷണത്തിലെ ആദ്യ പടി.'

ഡോക്ടർ തന്റെ ടേബിൾ തുറന്ന് ഒരു ഫയൽ പുറത്തെടുത്തു സോളമന്റെ മുൻപിൽ വച്ചു. നഗരത്തിലെ ഏതോ സാധാരണ ഡിറ്റക്ടീവ് ഏജൻസി നൽകിയ റിപ്പോർട്ടായിരുന്നു അതു എന്ന് ലെൻസും കണ്ണും വരച്ച ലെറ്റർ ഹെഡിൽ നിന്നും ഏജൻസിയുടെ പേരിൽ നിന്നും സോളമൻ മനസിലാക്കി. സോളമൻ ആ ഫയലും ഫോട്ടോ എടുത്ത് ഗാലറിയിൽ സൂക്ഷിച്ചു. ബ്ലാക്ക് ബെറി ആ പേജ് തുറന്ന് വായന തുടങ്ങി.

8:42 സിഗററ്റ് വലിച്ച് കൊണ്ടും വലിയ ഹീലുള്ള ബൂട്ടുകൾ ധരിച്ചും സബ്ജക്ട് പുറത്ത് വന്നു. നീല ജീൻസും ഉള്ളിൽ വെള്ള നിറമുള്ള കോട്ടൺ ഷർട്ടും അതിനു മേൽ കറുത്ത കോട്ടുമാണ് (തണുപ്പ് കാലമായതിനാലാകണം) അണിഞ്ഞിരിക്കുന്നത്. ഇരുപത്തി മൂന്നു മുതൽ ഇരുപത്തിയേഴു വരെ പ്രായം തോന്നും. കണ്ണിന്റെ അരികിൽ ഐലൈനർ വച്ച് കണ്ണെഴുതിയിരിക്കുന്നു. മുടി കാപ്പി നിറത്തിൽ കളർ ചെയ്തിട്ടുണ്ട്. കൃഷ്ണമണിയുടെ അതേ നിറം.

8:45 വലിച്ച് പകുതിയായ സിഗററ്റ് കുറ്റി വേസ്റ്റ് ബാസ്‌ക്കറ്റിനരികിൽ കുത്തി കെടുത്തി ഉള്ളിലേക്ക് തട്ടുന്നു. സൺഗ്ലാസ് എടുത്ത് വയ്ക്കുന്നു. നടക്കുന്നു.

9.05 അടുത്തുള്ള ഭക്ഷണശാലയിൽ നിന്നും സാൻവിച്ച്, മാങ്ങാ ജ്യൂസ് എന്നിവ ഒരു കടലാസു പാക്കറ്റിൽ വാങ്ങി റോഡ് മുറിച്ച് കടന്ന് ധൃതിയിൽ നടന്നു പോകുന്നു.

9:15 കടന്നു പോയ ഒൻപതോളം അപരിചിതരെ അവൾ പിന്തിരിഞ്ഞു നോക്കി. അതിൽ ഏഴു പേർ അവളെ നോക്കി പുഞ്ചിരിച്ചു. ഒരാൾ കയ്യ് ഉയർത്തി കാണിച്ചു. അവൾ ഓഫീസ് ബിൽഡിങ്ങിലേക്ക് കയറിപ്പോയി.

11:30 ഓഫീസിൽ നിന്നും ഇറങ്ങി വന്ന് കോഫീ ഷോപ്പിനു മുൻപിൽ നിന്നു രണ്ടു സിഗററ്റും ഒരു നാരങ്ങാ ചായയും വാങ്ങി. കൂടെ വന്ന ബുൾഗാൻ വച്ച തല മൊട്ട അടിച്ച മനുഷ്യനോട് ഇടയിൽ സംസാരിക്കുകയും നെറ്റി ചുളിക്കുകയും ചെയ്തു. അയാൾക്കുള്ള സിഗററ്റ് കൊടുത്ത് മറ്റൊന്ന് അവൾ ചുണ്ടിൽ വച്ച് കത്തിച്ചു. സിഗററ്റ് പുക ഉള്ളിലേക്കെടുത്ത് ഏഴു വട്ടത്തോളം ചെറിയ വളയങ്ങളാക്കി വിടുക എന്നതായിരുന്നു അവളുടെ രീതി. അതേ സമയം ബുൾഗാൻ പുക വലിച്ച് രണ്ട് പ്രാവശ്യമായി ഊതി വിട്ടു.

11:40 സൺ ഗ്ലാസ് വച്ചു. മൂന്നു വട്ടം ചുമച്ചു. ഏഴു വട്ടം ഫോൺ എടുത്ത് നോക്കി. ഒരു കോൾ ചെയ്തു. സിഗററ്റ് കുറ്റി കുത്തിക്കെടുത്തി വേസ്റ്റ് ബിന്നിൽ തള്ളി. കൂടെ വന്ന ആൾ ധൃതിയിൽ തിരിച്ച് പോയി.

11:45 ചായയും കൊണ്ട് ഇളകാതെ ഓഫീസിലേക്ക് കയറിപ്പോയി.

13:30 ഉച്ച ഭക്ഷണത്തിനായി തല മൊട്ടയടിച്ച ബുൾഗാൻ വച്ച മനുഷ്യനൊപ്പം കാറിൽ കയറി പോയി. അത്രയൊന്നും മികച്ചതല്ലാത്ത ഒരു ഭക്ഷണശാലയിൽ ചിക്കൻ വിഭവങ്ങളിലെന്തോ ഓർഡർ ചെയ്ത് കാത്തിരിക്കുന്നു.

14:00 തിരിച്ചു വന്ന് മുൻപ് പോയ കോഫീ ഷോപ്പിൽ നിന്നും രണ്ട് സിഗററ്റ് വാങ്ങി ബുൾഗാനും അവളും ചുണ്ടിൽ വച്ച് എരിക്കുന്നു. നടക്കുന്നതിനിടെ കാല് കോഫീ ഷോപ്പിലെ മേശയിൽ തട്ടിയതിനു അവൾ ശാപവാക്ക് ഉരുവിട്ടു.

14:05 സിഗററ്റ് കുറ്റി കുത്തിക്കെടുത്തി ഓഫീസിലേക്ക് കയറി പോകുന്നു. ഇതുവരെ മൊത്തമായി മുപ്പത്തി രണ്ടു വട്ടം അവൾ ചിരിച്ചു.

15:30 പറന്നു പോകുന്ന പ്രാവിൻ കൂട്ടത്തെ നോക്കി ഒറ്റക്ക് സിഗററ്റ് വലിച്ച് കയറിപ്പോകുന്നു.

17:30 ഓഫീസ് വിട്ട് വരുന്നു. ഒരു പാക്കറ്റ് സിഗററ്റ് വാങ്ങുന്നു. ബാഗിൽ വയ്ക്കുന്നു. വീട്ടിലേക്കുള്ള വഴിയിൽ 4 പേരെ പിന്തിരിഞ്ഞു നോക്കി. ഒരു സ്റ്റേഷനറി കടയിൽ കയറി കോളിഫ്‌ലവർ, ജ്യൂസ്, പാൽ, ബ്രഡ്, മുട്ട എന്നിവ വാങ്ങി പണം നൽകുന്നു. തിരിച്ചു കിട്ടിയ ചില്ലറ പൈസ ബാഗിൽ അലക്ഷ്യമായി ഇടുന്നു.

18:00 വീട്ടിലേക്ക് കയറി പോകുന്നു. ആകെ 39 തവണ പുഞ്ചിരിച്ചു. 23 വട്ടം മുടി കോതുകയോ അഴിച്ചു കെട്ടുകയോ ചെയ്തു. 21 പ്രാവശ്യം ഫോൺ എടുത്ത് നോക്കി.13 ആളുകളെ പിന്തിരിഞ്ഞു നോക്കി. 2 കോളുകൾ വിളിച്ചു. 7 പ്രാവശ്യം മൂക്ക് ചൊറിഞ്ഞു. 6 വട്ടം തെറി വാക്കുകൾ വിളിച്ചു. 5 സിഗററ്റ് വലിച്ചു. 2 നാരങ്ങാ ചായ കുടിച്ചു. 2 വട്ടം ഷൂസിൽ നിന്നും കാലിടറി. മിക്കവാറും സമയം തല താഴ്ത്തി നടന്നു. അസ്വാഭാവികമായി ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

19:00 വീട്ടിലെ ലൈറ്റ് ഓഫ് ചെയ്ത് സബ്ജക്ട് കിടന്നു.

ഫയലിലെ പേപ്പർ സോളമൻ വായിച്ച് അവസാനിപ്പിച്ചു. ഡോക്ടർ അതിനിടെ അലമാരയിൽ നിന്നും എടുത്ത് കൊണ്ടു വന്ന ഒരു സിഡി തന്റെ പ്ലേയറിൽ ഇട്ട് സെറ്റ് ചെയ്തിരുന്നു.

‘‘ഇത് പിറ്റേദിവസം ഇവിടെ വന്ന മേരി സൈക്കോ അനലൈസിസിനു വിധേയയായ സമയം പറഞ്ഞ അതേ ദിവസത്തെക്കുറിച്ചുള്ള വിവരണമാണ് കേട്ട് നോക്കൂ''
ഡോക്ടർ റിമോട്ട് വച്ച് ഓൺ ചെയ്തു. മേരിയുടെ ശബ്ദം സ്പീക്കറിൽ ചിലച്ചു.
ഇന്നലെ തികച്ചും അസാധാരണമായ ദിനമായിരുന്നു. രാവിലെ കാപ്പി കുടിക്കുന്ന സമയം ഫ്‌ലാറ്റിലെ ചില്ലുജനലിലൂടെ റോഡിലെ തിരക്കു നോക്കി നിൽക്കുക ഒരു പതിവായിരുന്നു. അതിനിടയിലായിരുന്നു ഫ്‌ലാറ്റിലേക്ക് തറപ്പിച്ച് നോക്കിക്കൊണ്ടൊരു മനുഷ്യൻ എതിർഭാഗത്തുള്ള റോഡിലെ വണ്ടിയിലിരിക്കുന്നത് ശ്രദ്ധിച്ചത്.

അയാളുടെ തലയിൽ നിറച്ചും മുടിയുണ്ടായിരുന്നു എങ്കിലും അയാൾ തൊപ്പി ഉപയോഗിച്ച് അത് മറച്ചു. ഇടക്കിടെ വീട്ടിലേക്ക് നോക്കുകയും ഫ്‌ലാറ്റിന്റെ മുൻവശത്തിൽ കണ്ണുകൾ നട്ടു പിടിപ്പിക്കുകയും ചെയ്തതിലൂടെ അയാൾ ആരെയോ പ്രതീക്ഷിക്കുന്നതായി എനിക്ക് മനസിലായി. ഓഫീസിൽ പോകാൻ സമയമായതിനാൽ വേഗം ഒരുങ്ങി ഇറങ്ങി. എനിക്കൊപ്പം അയാളുടെ കാറും നീങ്ങുന്നുണ്ടെന്ന് മനസിലായത് എന്നും പ്രാതൽ പാഴ്‌സൽ വാങ്ങാറുള്ള കടയിൽ വച്ചാണ്. അയാൾ എന്നെയാണ് പിന്തുടരുന്നത്.

നടക്കുന്നതിനിടെ എന്നെ നോക്കുന്നവരെ പിൻതിരിഞ്ഞു നോക്കുന്നതു പോലെ ഭാവിക്കുകയും അയാളെ ശ്രദ്ധിക്കുകയും ചെയ്തു. അയാൾക്ക് ഒറ്റക്ക് വണ്ടി ഓടിക്കുന്നതോ സ്പീഡ് കുറച്ച് ഓടിക്കുന്നതോ അങ്ങനെ എന്തോ ഒന്ന് ഇഷ്ടമല്ലായിരുന്നു. അതിന്റെ നിരാശ അയാൾ കൈകൾകൊണ്ട് കബോഡിൽ അടിച്ചും സ്റ്റിയറിംഗിൽ തലയടിച്ചും തീർക്കുന്നുണ്ടായിരുന്നു. ഓഫീസിനു മുൻപിൽ അയാൾ കാർ പാർക്ക് ചെയ്തു. എന്നെ നിരീക്ഷിക്കുവാൻ വന്നതാണെന്ന് അതോടെ ഉറപ്പായി.

അയാളുമായി എനിക്കുള്ള ബന്ധം എന്താണെന്ന് ഓർമ്മിക്കുവാൻ പലപ്പോഴായി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഞാൻ പുറത്തിറങ്ങിയപ്പോഴെല്ലാം അറിയാത്ത രീതിയിൽ തൊപ്പിക്കരികിലൂടെയുള്ള കാഴ്ചയിലൂടെ അയാൾ എന്നെ ശ്രദ്ധിച്ചു. പുറത്ത് ഭക്ഷണം കഴിക്കുവാനായി പോയപ്പോഴും അയാൾ പിന്തുടർന്നു. ഓഫീസിൽ നിന്നും ഫ്‌ളാറ്റിലേക്ക് തിരിച്ച് വന്നിട്ടും അയാൾ എന്നെ വിട്ട് പോയിരുന്നില്ല. ഞാൻ വീട്ടിലെ ലൈറ്റണച്ച് ജനലിലൂടെ അയാളുടെ കാറിനെ ശ്രദ്ധിച്ചു. അയാൾ വണ്ടിയിലെ ലൈറ്റ് ഓൺ ചെയ്ത് എന്തോ ധൃതി പിടിച്ച് ഫോണിൽ ചെയ്യുന്നുണ്ടായിരുന്നു. ഞാൻ വീട്ടിൽ ഒളിപ്പിച്ചു വച്ച, കരിഞ്ചന്തയിൽ നിന്നും നല്ല വിലകൊടുത്തു വാങ്ങിയ തോക്ക് അരയിൽ തിരുകി കാറുമെടുത്ത് അയാളെ പിന്തുടർന്നു. വഴികൾ പലതും പിന്നിട്ട് അയാൾ ഒരു കെട്ടിടത്തിലേക്ക് കയറിപ്പോയി. കാർ ആ കെട്ടിടത്തിന്റെ അരികിലായി പാർക്ക് ചെയ്ത് എന്തു ചെയ്യണമെന്ന് ചിന്തിച്ചു. പിന്നെ മനസില്ലാ മനസോടെ പതുക്കെ ആ കെട്ടിടത്തിലേക്ക് കയറി. അവിടെ ഒറ്റക്ക് ഫുട്‌ബോളുമായി കളിച്ചു കൊണ്ടിരുന്ന ഒരു പന്ത്രണ്ട് വയസുകാരനോട് അയാളെപ്പറ്റി തിരക്കിയപ്പോൾ ഫ്‌ലാറ്റ് നമ്പർ പറഞ്ഞു തന്നു. ആ ഫ്‌ളാറ്റിലേക്കുള്ള കോണിപ്പടികൾ കയറിയപ്പോൾ അയാളുടെ വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടു. ഭയത്തോടെ ആണെങ്കിലും തോക്ക് പുറത്തെടുത്ത് വാതിൽ കാലു വച്ച് തള്ളി നോക്കി.

വാതിൽ അടച്ചത് ഉറപ്പില്ലാത്തതിനാലാകണം അത് തുറന്നു. അയാൾ ഒരു സ്ത്രീയെ കാലു വച്ച് ചവിട്ടി ഞെരിക്കുകയായിരുന്നു. എന്നെ കണ്ട് അയാൾ അത്ഭുതപ്പെട്ടു. കയ്യിലെ തോക്ക് കണ്ട് വിരണ്ടു. അയാളെന്നെ നോക്കിയപ്പോൾ എനിക്ക് ഭയം കൂടിയതിനാൽ അറിയാതെ തോക്ക് കയ്യിലിരുന്ന് പൊട്ടി. അത് കണ്ട് അയാൾ കൈ ഉയർത്തി നീങ്ങി നിന്നു. താഴെക്കിടന്ന് കരയുകയായിരുന്ന സ്ത്രീ കണ്ണു തുടച്ച് എഴുന്നേറ്റ് എനിക്ക് പിറകിൽ അഭയം പ്രാപിച്ചു. അയാളോട് ഞാൻ മുട്ടു കുത്തുവാൻ പറഞ്ഞു. അയാളെന്നെ അനുസരിച്ചു. സ്ത്രീ വലിയ വായിൽ കരഞ്ഞു. അയാൾ ഏത് നിമിഷവും ആക്രമിക്കുവാൻ ശ്രമിക്കും എന്നതിനാൽ എന്റെ മുഴുവൻ ശ്രദ്ധയും അയാളിലായിപ്പോയ സമയം ആ സ്ത്രീ എന്തോ നിലത്തേക്ക് കടിച്ചു തുപ്പി. സ്ത്രീയുടെ വായിൽ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു എങ്കിലും ഞാൻ അയാളിൽ നിന്നും കണ്ണെടുത്തില്ല.

വളരെ പെട്ടെന്നായിരുന്നു ആ സ്ത്രീ അക്രമാസക്തയായത്. അവരുടെ മുഖമടച്ചുള്ള അടിയിൽ അയാൾ വേച്ചു പോയി. അവിടെയുണ്ടായിരുന്ന മേശയുടെ കീഴെ കാൽ വയ്ക്കുവാൻ പ്രത്യേകമായി പണികഴിപ്പിച്ച ഇളകിയിരിക്കുന്നുണ്ടായിരുന്ന മരക്കഷ്ണം അവർ വലിച്ചു പറിച്ചെടുത്തു. അതിന്റെ അറ്റത്തുണ്ടായിരുന്ന തുരുമ്പ് പിടിച്ച ആണികളെ അവർ ശ്രദ്ധിച്ചു കാണില്ല. അത് വച്ചുള്ള ആദ്യ അടിക്ക് തന്നെ ആ മനുഷ്യൻ വീണു. ആണികൾ അയാളുടെ തലയിൽ തറഞ്ഞു കയറി. മരക്കഷ്ണം അയാളിൽ ഒട്ടിപ്പിടിച്ചതു പോലെ നിന്നു. സ്ത്രീക്ക് പക്ഷെ ഭയം ഉണ്ടായിരുന്നില്ല. താഴെ വീണ അയാളെ കാലു വച്ച് അവർ ചവിട്ടി. ഇടയ്ക്ക് എന്റെ തോക്ക് തട്ടിപ്പറിക്കുവാനവർ ഒരു ശ്രമം നടത്തിയെങ്കിലും ഞാനത് മുൻകൂട്ടി കണ്ടിട്ടുണ്ടായിരുന്നതിനാൽ ഫലപ്രദമായി പ്രതിരോധിക്കുവാൻ കഴിഞ്ഞു. എന്നെ രക്ഷിക്കണം എന്ന പോലെ ആ സ്ത്രീ കരഞ്ഞു കൈകളിൽ പിടിച്ച് യാചിച്ചു. വായിൽ നിന്നും കട്ട രക്തം ചാടി ഞാൻ അവരേയും കൊണ്ട് കാറിൽ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

ഡോക്ടർ പ്ലേയർ പോസ് ചെയ്തു.
‘ഇതിലെ ആ അജ്ഞാതയായ സ്ത്രീ മേരി തന്നെയാണ് എന്നാണെന്റെ നിഗമനം. തന്നെ ആരോ പിന്തുടരുന്നു എന്ന ഭയം കാലാകാലങ്ങളായി അവളിൽ അടിഞ്ഞു കൂടിയതിനാൽ അതിനെ പ്രതിരോധിക്കുവാൻ അവളുടെ മനസോ തലച്ചോറോ കണ്ടെത്തിയ ഉപായമാണ് ഈ മെനഞ്ഞുണ്ടാക്കിയ ഓർമ. ഇത് ലളിതമായ ഒരു ഉദാഹരണം മാത്രമാണ്. മേരിക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളെല്ലാം ഇതേ രീതിയിൽ ഓർമ്മകളെ സ്വാധീനിക്കുന്നുണ്ട് എന്നാണ് ഞാൻ പറഞ്ഞു വന്നത്.' സോളമൻ തലയാട്ടി

‘എനിക്ക് മനസിലാകുന്നുണ്ട്’, ഡോക്ടർ വീണ്ടും റെക്കോർഡ് പ്ലേ ചെയ്തു.

ആശുപത്രിയിലെത്തി നാല് മണിക്കൂറിനു ശേഷം അവർ ആ സ്ത്രീ, എനിക്ക് നൽകുവാനൊരു കുറിപ്പ് നഴ്‌സിന്റെ കയ്യിൽ കൊടുത്തു വിട്ടു.

കുറിപ്പ്-

പ്രശസ്തമായ ഒരു സംഗീത കുടുംബത്തിലായിരുന്നു എന്റെ ജനനം. അമ്മ സംഗീതജ്ഞയും അച്ഛൻ വക്കീലുമായിരുന്നു. സംഗീതത്തെ പരിപാവനവും ഈശ്വര വരദാനവും എന്ന് കണക്കാക്കി സരസ്വതി ദേവിയെ ഞങ്ങൾ പൂജിച്ചു പോന്നു. നാവു കൊണ്ട് ജീവിക്കുമെന്ന് എന്റെ ജാതകമെഴുതിയ ജ്യോത്സ്യൻ പ്രവചിച്ചതിനാൽ മകളെ വക്കീലാക്കാമെന്ന് അച്ഛനും ഗായികയാക്കണമെന്ന് അമ്മയും അഭിപ്രായം പറഞ്ഞു. ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേശം കാട്ടിത്തുടങ്ങിയതിനാൽ ക്ഷേത്രങ്ങളിൽ കച്ചേരി പാടിയും ഭക്തിഗാനങ്ങളുടെ ഭജന നടത്തിയും കുട്ടിക്കാലം കഴിച്ചു. ഇഷ്ടദേവിയുടെ മുൻപിൽ സ്തുതി പാടി പാടി തൊണ്ട പൊട്ടി മരിക്കുകയാണ് ജീവിത സാഫല്യമെന്ന് കരുതി ദിനങ്ങൾ നീങ്ങി.

സംഗീതം എന്നിൽ ഉരുവാക്കിയ നാവിനേയും തൊണ്ടയേയും വിശുദ്ധമായി പരിഗണിച്ച് ആരാധിച്ചു. പതിയെ ചലച്ചിത്ര പിന്നണി ഗായികയായി. തിരക്കായപ്പോഴും ഇഷ്ടദേവിക്ക് മുൻപിൽ ഒരു സ്തുതിയോ കീർത്തനമോ ചൊല്ലാതെ വീട് വിട്ടിറങ്ങാറില്ല. എല്ലാ ഭാഗ്യത്തിനും കാരണം എന്റെ നാവാണെന്ന് ജ്യോത്സ്യൻ പറഞ്ഞത് അമ്മ ഇടക്കിടെ ഓർമ്മപ്പെടുത്തുമായിരുന്നു. ആയിടക്കാണ് സംഗീത കുടുംബത്തിലെ ഇയാളുടെ കല്യാണാലോചന വന്നതും നടന്നതും. സംഗീതത്തെ പുണ്യമാണെന്ന് കരുതുന്ന കുടുംബമാണെന്നറിഞ്ഞ് ഉള്ളാൽ സന്തോഷിച്ചു. എന്നാൽ ആദ്യ ദിവസം തന്നെ താൻ പരിപാവനമായ ക്ഷേത്രമായി കൊണ്ട് നടന്ന നാവാൽ വദനസുരതത്തിനായി അയാൾ ആവശ്യപ്പെട്ടു. തൊണ്ടക്ക് ദോഷമാണെന്നറിഞ്ഞ് ജീവിതത്തിൽ ഇതുവരേയും തണുത്ത ഐസ്‌ക്രീം കഴിക്കുവാൻ സാധിച്ചിട്ടില്ല. ജീരകമിട്ടു തിളപ്പിച്ച ചൂടു വെള്ളമല്ലാതെ കുടിച്ചിട്ടില്ല. കാറ്റടിച്ച് യാത്ര ചെയ്യാറുമില്ല. അയാൾ പറഞ്ഞതിനെപ്പറ്റി ഓർത്തപ്പോഴേ തൊണ്ടയിൽ ഛർദ്ദിൽ വന്നു നിറഞ്ഞു. എനിക്ക് അറച്ചു. വഴങ്ങാതിരുന്നതിനാൽ ദേഹോപദ്രവം ഏൽപ്പിച്ചു. സംഗീതമാണോ ഭർത്താവിനോടൊപ്പമുള്ള ജീവിതമാണോ വലുതെന്ന ചോദ്യവുമായി ഏറെ നാൾ പൂജാമുറിയിൽ കഴിഞ്ഞു. സരസ്വതീ ദേവി പരിഹാരമൊന്നും മനസിൽ തോന്നിച്ചില്ല. ഒടുവിൽ വിധിക്ക് കീഴടങ്ങി. സംഗീതം ഉപേക്ഷിക്കുവാൻ തീരുമാനിച്ചു.

അന്ന് രാത്രി അയാളുടെ ഇംഗിതത്തിനു വഴങ്ങി. ശരീരത്തിനെ ഞാൻ വെറുത്തു. മൂന്നു മണിക്കൂറോളം ഇടവിട്ട് ഛർദ്ദിച്ചു. കണ്ണീരൊഴുക്കി. സ്വയം അശുദ്ധമായതായി ഞാൻ എന്നെ കണക്കാക്കി. അറപ്പുളവാക്കുന്ന വാക്കുകളും വാചകങ്ങളും എന്റെ ശബ്ദത്തിൽ കേട്ട് അയാൾ അലറിച്ചിരിക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തു. അതിനു ശേഷം കീർത്തനമോ സ്തുതിയോ പാടിയിട്ടില്ല. ഒന്നു മൂളിയിട്ടു കൂടെയില്ല. സംഗീതം പാടെ ഉപേക്ഷിച്ചു. അച്ഛനേയും അമ്മയേയും നേരിടാനാകാതെ ജോലിക്കെന്ന് പറഞ്ഞ് ഈ നഗരത്തിലേക്ക് താമസം മാറി. ഈയിടെയാണ് കീർത്തനം കേൾക്കണമെന്നയാൾക്ക് ആഗ്രഹം വന്നത്. വദനസുരതത്തിനു ശേഷം ഇഷ്ടദേവി കീർത്തനത്തിനായി അയാൾ ആവശ്യപ്പെട്ടു.

ദേഹോപദ്രവത്തിനു വേണ്ടി അയാൾ കണ്ടുപിടിച്ച ഒരു ഉപായം ആയിരിക്കും ഇതെന്ന് അറിയാഞ്ഞല്ല. പക്ഷെ ശരീരത്തെ വേദനക്ക് വിട്ട് കൊടുത്ത് സംഗീതത്തിൽ അഭയം പ്രാപിച്ച മനസിനെ അയാൾക്ക് കാണാൻ കഴിഞ്ഞില്ല. എല്ലാം ഞാൻ സഹിച്ചു. ഉൾമുറിവ് മാത്രം എനിക്ക് വേദനിച്ചു. അതിൽ നീറി ഈ ജീവിതം തീർന്നു പോകട്ടേയെന്ന് തീരുമാനിച്ചു. എന്റെ സംഗീതം ദൈവാനുഗ്രഹമായിരുന്നു. അത് കളങ്കപ്പെട്ട് കഴിഞ്ഞു.അയാൾക്കാവശ്യം എന്റെ ശബ്ദമായിരുന്നു. അന്ന് രാത്രിയിൽ നാവു കടിച്ച് മുറിച്ച് നൽകിയതോടെ ഞാൻ അയാളിൽ നിന്നും സ്വതന്ത്രയായിരിക്കുന്നു.

എന്റെ ആരാധനാമൂർത്തികൾ എന്നോട് ക്ഷമിക്കും. എന്റെ സംഗീതം ഇനി അദൃശ്യമായി അവരെ തേടും. മരണം വരേയും ഇനിയവരുടെ സ്തുതിഗീതങ്ങളിൽ ജീവിക്കും. അടുത്ത ജന്മം കുയിലിന്റെ മണിനാദമായും കുതിരയുടെ കുളമ്പടിയായും മുളങ്കാടിന്റെ മുരളീരവമായും അരുവിയുടെ കളകളമായും ശുദ്ധസംഗീതമായി ഞാൻ പുനർജ്ജനിക്കും. പുഴപോലൊഴുകും.
ആ സ്ത്രീ കടിച്ചു തുപ്പിയത് സ്വന്തം നാവ് തന്നെയായിരുന്നു. അവർക്കിനി സംസാരിക്കുന്നതിനോ പാടുന്നതിനോ സാധിക്കില്ല. നാവിനു പകരം ഭർത്താവിന്റെ ലിംഗം കടിച്ചു തുപ്പിയിരുന്നുവെങ്കിൽ എന്ന് പലപ്പോഴായി ആഗ്രഹിച്ചു പോയി. എന്തുകൊണ്ടാണ് ആൺവർഗം ലിംഗം കൊണ്ട് ചിന്തിക്കുന്നത്, ക്രൂരതയിൽ അഭിരമിക്കുന്ന വർഗത്തിനു ഒരു സ്ത്രീയുടെ കാഴ്ചദ്രവ്യമായി ആ നാവ് .'

ഡോക്ടർ ഉപകരണം ഓഫ് ചെയ്തു.

‘‘ഈ രീതിയിലാണ് ഭാവന അവളിൽ കലാപരിപാടികൾ നടത്തിയിരുന്നത്. മനുഷ്യമനസിന്റെ സാധ്യതകൾ അപാരമാണ്. അമ്പരപ്പിക്കുന്ന, ഭീതിയുണർത്തുന്ന, ചളിപ്പ് തോന്നിപ്പിക്കുന്ന രഹസ്യസ്വഭാവമുള്ള ഓർമ്മകളെ നിർമ്മിക്കുവാൻ മനുഷ്യനെളുപ്പമാണ്. ചിത്രങ്ങളോ ഹിപ്‌നോസിസോ സുഹൃത്തുക്കൾ വഴിയൊക്കെയോ, കൃത്രിമമായ ഓർമയെ മനുഷ്യനിൽ നിർമിക്കുവാൻ സാധിക്കും.

ഉദാഹരണത്തിനു നിങ്ങൾ ചെറുപ്പക്കാലത്ത് പുഴയിൽ മുങ്ങിക്കുളിച്ചിരുന്നു എന്ന ഓർമയെ നിങ്ങളിൽ കുത്തി വയ്ക്കുവാൻ ഡോക്ടർ എന്ന നിലയിൽ എനിക്ക് സാധിക്കും. അതിനായി ഏതാനും ചിത്രങ്ങളും സന്ദർഭവിവരണങ്ങളും സുഹൃത്തുക്കളുടെ നിർദ്ദേശങ്ങളും വിവരങ്ങളും നിശ്ചിത സമയത്തേയ്ക്ക് തുടർച്ചയായി നിങ്ങൾക്ക് പകർന്നു നൽകിയാൽ മതിയാകും. 1995 ലെ ‘മാളിൽ കാണാതെപോയവർ' എന്ന പേരിൽ നടത്തിയ ഒരു അടിസ്ഥാന പരീക്ഷണത്തിന്റെ ഫലമായി പങ്കെടുത്തവരിൽ കൃത്രിമമായ ഓർമ്മ നിർമ്മിക്കുന്നതായി തിരിച്ചറിഞ്ഞവർ വെറും ഇരുപത്തി അഞ്ച് ശതമാനം മാത്രമായിരുന്നു. അതായത് എഴുപത്തി അഞ്ച് ശതമാനം പേരും ആ ഓർമ്മയെ സ്വന്തം ഓർമ്മയായി കണ്ടു. അത്രയും ലളിതമാണ് ഒരു ഓർമ്മയെ മനുഷ്യന്റെ ബോധമണ്ഡലത്തിൽ നിർമ്മിക്കുന്നതിന്. പരീക്ഷണം അതിസാധാരണമായിരുന്നു. ജിം ക്ലാൻ എന്നു പേരുള്ള ഒരു ബിരുദ വിദ്യാത്ഥിയായിരുന്നു ഈ പരീക്ഷണത്തിന്റെ ആദ്യരൂപം രൂപകൽപ്പന ചെയ്തത്. തന്റെ സഹോദരിയേയും അമ്മയേയും സഹോദരനേയുമാണ് അയാൾ ഇതിന്റെ ഭാഗഭാക്കാക്കിയത്.

പരീക്ഷണത്തിന്റെ ഭാഗമായി കുട്ടിക്കാലത്തെ ഓർമകൾ എഴുതിയ നാല് കാർഡുകൾ ഓരോരുത്തർക്കും നൽകുകയും ഒരാഴ്ച സമയത്തേക്ക് ആ ഓർമ്മളുമായി കുറച്ച് സമയം ചിലവഴിക്കുവാനും മനസിൽ വരുന്നവ എഴുതി വയ്ക്കുവാനും നിർദ്ദേശിച്ചു. നൽകിയ നാലു ഓർമ്മകളിൽ ഒന്ന് അസത്യമായിരുന്നു. മാളിൽ കറങ്ങുന്നതിനിടെ അഞ്ച് വയസുള്ള സഹോദരനെ നഷ്ടപ്പെടുന്നതും മുതിർന്ന ഒരാളുടെ ഇടപെടലാൽ കുട്ടിയെ തിരിച്ചു കിട്ടുന്നതുമായ ഓർമയായിരുന്നു കൃത്രിമമായി ചമച്ചത്. പരീക്ഷണത്തിനിടെ സഹോദരൻ ആ സംഭവത്തെക്കുറിച്ച് വളരെ വിശദമായി വിവരിച്ചു കൊണ്ട് എഴുതി. യഥാർത്ഥത്തിൽ നടന്ന സംഭവം പോലെത്തന്നെ സമയവും കാലവും സൂക്ഷ്മനിരീക്ഷണവും അതിൽ ഉണ്ടായിരുന്നു. പിന്നീട് പരീക്ഷണത്തിനവസാനം, തന്ന കാർഡുകളിൽ ഒന്ന് കൃത്രിമ ഓർമ്മയാണെന്ന് സഹോദരനോട് വെളിപ്പെടുത്തിയിട്ടും അതേതാണെന്ന് കണ്ടെത്താൻ കഴിയാതെ അയാൾ ആശയക്കുഴപ്പത്തിലായി. മാളിലെ ഓർമ്മയാണ് അസത്യമെന്നറിഞ്ഞിട്ടും അയാൾക്കത് വിശ്വസിക്കുവാനായില്ല.''

‘എനിക്കങ്ങോട്ട് മനസിലാകുന്നില്ല ഡോക്ടർ'
‘നിങ്ങൾ കാതറിൻ ജോസഫിന്റെ സുപ്രസിദ്ധ കേസിനെ പറ്റി കേട്ടിട്ടുണ്ടോ?'
‘ഇല്ല'
‘ശരി, എങ്കിൽ എന്നെക്കൊണ്ടാകും പോലെ വിശദമായി പറഞ്ഞു തരാം'.

ഇരുപത്തൊൻപതുകാരിയായ കാതറിൻ ജോസഫ് തന്റെ രണ്ടു വയസുള്ള മകനും ആറുവയസുകാരി മകൾക്കും അവരുടെ കൂട്ടുകാർക്കുമൊപ്പം ഒളിച്ചേ കണ്ടേ കളിക്കുകയായിരുന്നു. പെട്ടെന്നൊരു നിമിഷം മകളുടെ കണ്ണുകളിലേക്കുറ്റു നോക്കിക്കൊണ്ടിരിക്കെ അവളിലൊരു വെള്ളിടി വെട്ടി. ഓർമ്മയുടെ ഒരു മിന്നൽ അവളെ സ്തബ്ദയാക്കി.

ഓർമയിൽ എട്ടുവയസുകാരിയായ സൂസൻ എന്ന തന്റെ ബാല്യകാലസഖിക്കൊപ്പം മരങ്ങൾ നിറഞ്ഞൊരു ഭൂപ്രകൃതിയിൽ ഇരിക്കയായിരുന്നു അവൾ. പിറകിൽ പെട്ടെന്നൊരു നിഴൽ കണ്ട് കാതറിൻ നോക്കി. മുഖം വ്യക്തമല്ലാതിരുന്ന മനുഷ്യൻ കല്ലുയർത്തിക്കൊണ്ട് സൂസന്റെ തലക്കുനേരെ ഓങ്ങുന്നു. സൂസന്റെ തലയോട് പൊട്ടുന്ന ശബ്ദത്തിൽ കാതുകൾ പൊത്തി കാതറിൻ നിലവിളിച്ചു.
മറന്നു കിടന്ന കുട്ടിക്കാലത്തെ ഓർമ വീണ്ടെടുക്കുകായിരുന്നു താനെന്ന് കാതറിൻ മനസിലാക്കി. ഇരുപതു വർഷം പഴക്കമുള്ള ഒരു ഓർമ. രണ്ട് സത്യങ്ങളാണ് അവൾക്കു മുൻപിലത് തുറന്ന് വച്ചത്. ഒന്ന് തന്റെ ബാല്യകാല സുഹൃത്തായ സൂസന്റെ കൊലപാതകത്തിനു ഏക സാക്ഷി താനാണെന്നും രണ്ട് സൂസന്റെ കൊലയാളി അലക്‌സ് ഫ്രാങ്ക്‌ലിൻ എന്ന തന്റെ സ്വന്തം പപ്പയാണെന്നും.
ഏതാനും മാസങ്ങൾ ഈ ഓർമ്മയെ അവഗണിക്കുവാൻ കാതറിനു സാധിച്ചു. എന്നാൽ ഓർമ്മ കൂടുതൽ വ്യക്തവും സൂക്ഷ്മവുമായിക്കൊണ്ടിരുന്നത് അവളെ അസ്വസ്ഥയാക്കി. എത്രയൊക്കെ തള്ളിക്കളഞ്ഞിട്ടും ദുരൂഹമരണത്തിന്റെ ഓർമ്മ അവളിൽ അലച്ചു വന്നു.

1989 നവംബർ മാസം അതായത് ഓർമ്മ വന്നതിനും പത്ത് മാസങ്ങൾക്ക് ശേഷം ഈ കാര്യങ്ങൾ തന്റെ ഭർത്താവിനോട് തുറന്ന് പറയുവാൻ അവൾക്കായി. കേട്ടപാതി അയാൾ പോലീസിനെ വിളിച്ചു വരുത്തുകയും ചെയ്തു.
വലിയ താമസമില്ലാതെ പോലീസുകാരായ മോസും കസാൻഡ്രയും അവളെ സന്ദർശിച്ചു. അവർക്കു മുൻപിൽ അവൾ തന്റെ ഓർമ്മയെ വിരിച്ചിട്ടു. ഇരുപത് വർഷം മുൻപ് 1969 സെപ്റ്റംബർമാസം 22ന് ഒരു തിങ്കളാഴ്ച ദിവസം മൂന്നാംക്ലാസിൽ പഠിച്ചു കൊണ്ടിരിക്കയായിരുന്ന കാതറിനേയും സഹോദരി ജാനിസിനേയും സ്‌കൂളിൽ കൊണ്ട് വിടുവാൻ വോക്‌സ്വാഗണിന്റെ വാൻ പുറത്തിറക്കുകയായിരുന്നു പപ്പ അലക്‌സ് ഫ്രാങ്ക്‌ലിൻ. പോകുംവഴി സുഹൃത്ത് സൂസനെ കണ്ട് അവൾക്കും ലിഫ്റ്റ് കൊടുക്കാമോ പപ്പായെന്ന് കാതറിൻ അപേക്ഷിച്ചു. സഹോദരിയായ ജാനിസിനെ ഇറക്കി സൂസനു ലിഫ്റ്റ് കൊടുത്തത് കാതറിനു നല്ല ഓർമ്മയുണ്ടായിരുന്നു.

രണ്ടുപേരേയും കൊണ്ട് സ്‌കൂളിനടുത്ത് എത്തിയെങ്കിലും നമുക്ക് ഹോക്കി കളിക്കുവാൻ പോയാലോ എന്ന അലക്‌സിന്റെ ചോദ്യത്തോട് കുട്ടികൾ ആഹ്ലാദത്തോടെ സമ്മതം മൂളി. അലക്‌സ് അവരേയും കൊണ്ട് കുന്നിനരുകിലേക്ക് വണ്ടിയോടിച്ചു. ഹൈവേയിൽ നിന്നും തിരിഞ്ഞ് ഒരു കാട്ടുവഴിയിലേക്ക് കയറ്റി വണ്ടി നിർത്തി. കുറച്ചു നേരം ചെടികളിലും മരങ്ങളിലും കളിച്ച് കുട്ടികൾ ഇരുവരും വാനിലേക്ക് തിരിച്ചെത്തി. വാനിനു പിറകിലുള്ള സീറ്റിൽ വച്ചിരുന്ന കിടക്കയിൽ ചാടിത്തുള്ളി സമയം കളഞ്ഞു. ആ സമയമായിരുന്നു സിഗററ്റൊരെണ്ണം പുകച്ചു കഴിഞ്ഞ് അലക്‌സ് വന്നു കയറുന്നത്. അയാളും അവർക്കൊപ്പം കളിക്കുവാനായി കൂടി. ദാഹിച്ചപ്പോൾ ബാഗിൽ സൂക്ഷിച്ചു വച്ചിരുന്ന വെള്ളക്കുപ്പി തേടി മുൻസീറ്റിലേക്ക് നടന്ന കാതറിൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് സൂസനുമേൽ അമരുന്ന പപ്പയെയാണ്.

ബലപ്രയോഗത്താൽ പപ്പ സൂസനെ ശ്വാസം മുട്ടിച്ചു. സൂസനുമേൽ പപ്പ കിടന്ന് ഇളകി. കാതറിൻ മുൻസീറ്റിൽ നിന്നും പിൻസീറ്റിലേക്ക് എത്തിയപ്പോഴേക്കും പപ്പ സൂസന്റെ വസ്ത്രങ്ങളഴിക്കുകയായിരുന്നു. വെള്ളനിറത്തിലുള്ള അടിവസ്ത്രം പോലെയൊന്ന് അവൾ കണ്ടു. പപ്പ കിതപ്പ് അവസാനിപ്പിച്ച് അണഞ്ഞു നിൽക്കുമ്പോൾ സൂസൻ കരഞ്ഞു വിളിച്ച് മരങ്ങൾക്കിടയിലേക്ക് ഓടി. മരത്തിൽ നിന്നും താഴെവീണ ഇലകൾ പെറുക്കി കാതറിൻ അവൾക്കരികിലേക്ക് നടന്നു. അപ്പോൾ സൂര്യപ്രകാശത്തിൽ പൊന്തി വന്ന നിഴലിനെ അവൾ തലയുയർത്തി നോക്കി. സൂസന്റെ തലക്കു മുകളിലായി കല്ലു കൊണ്ടോങ്ങി നിൽക്കുന്ന പപ്പയെ അവൾ കണ്ടു. കല്ല് തലയിൽ തട്ടിയ ശബ്ദം മറികടന്ന് സൂസന്റെ നിലവിളി മരങ്ങളിൽ തട്ടി ഇലകളായി പൊഴിഞ്ഞു.

അങ്ങനെ വീണുകിടന്ന ഇലകൾക്ക് മീതെ സൂസന്റെ ജഡം പപ്പ വലിച്ചിഴച്ചു. വണ്ടിയിലുണ്ടായിരുന്ന ഒരു പണിയായുധത്താൽ കുഴി കുത്തി ശവം മറവ് ചെയ്തു. അതിനുമേൽ വാനിലുണ്ടായിരുന്ന കിടക്ക വച്ച് സംഗതി മറച്ചു. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും അഥവാ നീ പറഞ്ഞാലും ആളുകൾ വിശ്വസിക്കില്ലയെന്നും ഭ്രാന്ത് പറഞ്ഞതിനു നിന്നെ മാനസികാശുപത്രിയിൽ കൊണ്ടു ചെന്നാക്കുമെന്നും പപ്പ മകളെ ഭീഷണിപ്പെടുത്തി. നിലവിളി അവസാനിച്ചതോടെ കാതറിനെ പപ്പ സൗമ്യമായി വിളിച്ച് മടിയിലിരുത്തി സമാധാനിപ്പിച്ചു. എല്ലാം കഴിഞ്ഞുവെന്നും നമുക്കിത് മറക്കാമെന്നും അയാൾ അവളോട് വാത്സല്യത്തോടെ പറഞ്ഞ് സമ്മതിപ്പിച്ചു. വണ്ടിയിലുണ്ടായിരുന്ന ഒരു മൺവെട്ടി തിരികെ വയ്ക്കുവാനും പപ്പ അവളുടെ സഹായം ചോദിച്ചു. അത് കഴിഞ്ഞവർ വീട്ടിലേക്ക് തിരിച്ചു പോയി. പോകും വഴി കാര്യങ്ങൾ പുറത്തു പറയുകയില്ല എന്ന് അയാൾ അവളെ ഒരിക്കൽ കൂടി സത്യം ചെയ്യിച്ചു. വീട്ടിലെത്തിയതും കാതറിൻ കിടക്കയിൽ വീണുറങ്ങി. ▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments