ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.

3 am

അധ്യായം 17 (തുടർച്ച): പെരുന്തച്ചത്തി

ഥ പറഞ്ഞതിനു ശേഷവും പോലീസ് കാതറിനെ ചോദ്യം ചെയ്യുകയുണ്ടായി. പ്രധാനമായും മൂന്നു ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
‘മരങ്ങൾ തിങ്ങി നിറഞ്ഞിരുന്നോ അവിടം?'
‘മിതമായ രീതിയിൽ. അടുക്കില്ലാതെ മൂന്നു നിരകളിൽ വൃക്ഷങ്ങൾ നിന്നിരുന്നു. വലതു വശത്തായിരുന്നു കൂടുതൽ എണ്ണം.'
‘നിങ്ങൾ പോയ റോഡ് എവ്വിധമായിരുന്നു?'
‘ടാറിടാത്ത റോഡ്. പൊടി അങ്ങിങ്ങായി പാറുന്നുണ്ടായിരുന്നു.'
‘പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ഒരു മോതിരത്തിന്റെ കാര്യം പറഞ്ഞല്ലോ?'
‘ഉവ്വ് ഒരു വെള്ളി മോതിരം അതിൽ വൈരം പോലൊരു കല്ലുമുണ്ടായിരുന്നു. പാറ കൊണ്ട് പപ്പ അടിക്കുന്നതിനു മുൻപ് അവൾ ആ കയ്യ് ഉയർത്തിയിരുന്നു. പ്രകാശം തട്ടി അപ്പോഴത് കൂടുതൽ തിളങ്ങി.'

ഇത്രയും വിശദാംശങ്ങൾ ഓർത്തെടുത്തതിനാൽ തന്നെ കൃത്യം നടന്നതിനു കാതറിൻ സാക്ഷിയാണെന്ന് പോലീസുകാർ ഉറപ്പിച്ചു. ആ മാസമവസാനം പോലീസ് അലക്‌സിനെ അറസ്റ്റ് ചെയ്തു. സ്വന്തം മകൾ നൽകിയ സാക്ഷിമൊഴി മാത്രമായിരുന്നു അയാൾക്കെതിരെയുണ്ടായിരുന്ന ഏകതെളിവ്. ഇരുപത് വർഷം പഴക്കം ചെന്ന ഒരോർമ.

അലക്‌സിന്റെ വക്കീൽ ആയിരുന്ന ഡഗ് കാര്യങ്ങൾ കുറച്ചു കൂടി ആഴത്തിൽ പഠിക്കുവാൻ ശ്രമിച്ചു. അതിന്റെ ഭാഗമായി പലരുമായി കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. സാധാരണ കൊലപാതകങ്ങളിലെല്ലാം ലഭിക്കുന്ന തെളിവുകളായ രക്തക്കറയോ മുടിനാരുകളോ രേതസിന്റെ അംശമോ ആയുധമോ ഒന്നും തന്നെ ഈ കേസിൽ ഉണ്ടായിരുന്നില്ല എന്നത് അയാളുടെ കൗതുകം കൂട്ടി. എല്ലാ തെളിവുകൾക്കും ആധാരം കാതറിൻ എന്ന സ്ത്രീയുടെ ഇരുപതു വർഷം മാത്രം പഴക്കമുള്ള ഒരോർമ്മ മാത്രമാണെന്നത് അയാൾക്ക് പ്രതീക്ഷ നൽകി. കാരണം ഇത്ര വർഷങ്ങളായിട്ടും പുറത്ത് വരാതിരുന്ന ഈ ഓർമ്മ സത്യമല്ല എന്നു തെളിയിച്ചാൽ കേസ് ജയിക്കുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ വിശദമായ സൂക്ഷ്മാംശങ്ങൾ നിറഞ്ഞ കാതറിന്റെ സാക്ഷ്യപത്രം പൊളിക്കുക എളുപ്പമല്ലെന്ന് വായിക്കുന്നതിനിടെത്തന്നെ അയാൾ തിരിച്ചറിഞ്ഞു. എങ്കിലും ഇരുപത് വർഷങ്ങൾക്ക് മുൻപുള്ള ആ കൊലപാതകത്തിന്റെ മുഴുവൻ വിവരങ്ങളും ഡഗ് ശേഖരിച്ചു.

ഓർമകളിൽ ഗവേഷണം നടത്തുന്ന എലിസബത്ത് ലോഫ്ടസിനെ ഈ കേസിന്റെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരുന്നതിനായി ഡഗ് സമീപിച്ചു. കേസ് നോക്കിയ ശേഷം ഇത് ഒരു ദൃക്‌സാക്ഷിക്ക് മാത്രം നൽകാൻ കഴിയുന്ന സാക്ഷ്യപത്രമാണെന്ന് എലിസബത്തും അറിയിച്ചു. ശരിയാണ് പക്ഷെ സൂസൻ അപ്രത്യക്ഷമായി മാസങ്ങൾക്ക് ശേഷം ജഡം കണ്ടെടുത്തപ്പോൾ വാർത്താമാധ്യമങ്ങളിൽ വന്ന വിശദാംശങ്ങൾ മാത്രമാണിതിൽ ഉള്ളതെന്ന് ഡഗ് വെളിപ്പെടുത്തി.

അയാൾ കയ്യിൽ കരുതിയിരുന്ന പത്രങ്ങളിലെ ഭാഗങ്ങൾ എലിസബത്തിനെ കാണിച്ചു. പ്രധാന തെളിവായി കാതറിൻ മൊഴി നൽകിയ കല്ല്, മോതിരം, കിടക്ക എന്നിവയുടെ വിവരണങ്ങൾ അതിൽ കണ്ടതോടെ എലിസബത്തിനു ആത്മവിശ്വാസം കിട്ടി. അതായത് ആ സമയങ്ങളിൽ ദൃശ്യമാധ്യമങ്ങളിൽ വന്നിരുന്ന വിവരങ്ങളല്ലാതെ പുതിയ ഒരു വിവരവും നൽകുവാൻ കാതറീനു കഴിഞ്ഞിട്ടില്ല എന്നതറിഞ്ഞതോടെ എലിസബത്ത് നെറ്റി ചുളിച്ചു. മാധ്യമങ്ങളിലെ വാർത്തകൾ കൂടുതൽ വ്യക്തമായിരുന്നു. മൂന്നു മാസങ്ങൾക്ക് ശേഷം ലഭിച്ച ജഡം കിടക്കയ്ക്കടിയിൽ നിന്നുമാണ് കണ്ടെത്തിയത്. തല പൊട്ടിയിരുന്നു. രക്തക്കറ പലയിടത്തായി പരന്നിട്ടുണ്ട്. അടിക്കുവാൻ ഉപയോഗിച്ച കല്ല് പരിശോധനയിൽ കണ്ടെത്തിയിരുന്നു. നീലനിറത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. വെള്ള സോക്‌സ് കാപ്പി നിറത്തിൽ ഷൂസുകൾ എന്നിവയും കണ്ടെടുത്തിരുന്നു. വെള്ളി നിറത്തിലുള്ള മോതിരം ഞളുങ്ങിയിരുന്നു. അതിലുണ്ടായിരുന്ന കല്ല് നഷ്ടപ്പെട്ടിരുന്നു. പിന്നീടുള്ള തിരച്ചിലിൽ പോലീസത് കണ്ടുപിടിച്ചു.

എന്നാൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ വാർത്തകളിൽ പലതും കൃത്യമായിരുന്നില്ല എന്നതായിരുന്നു സത്യം. സൂസനു രണ്ട് തരം മോതിരമുണ്ടായിരുന്നു. സ്വർണ്ണവും വെള്ളിയും. സ്വർണ്ണ നിറത്തിലുള്ള മോതിരത്തിലായിരുന്നു വൈരക്കല്ലുണ്ടായിരുന്നത്. മാധ്യമത്തിൽ വന്ന തെറ്റായ വാർത്തയായിരുന്നു വെള്ളി മോതിരത്തിലെ കല്ല്.

മാധ്യമങ്ങളും കാതറിനും ഒരേ തെറ്റ് വരുത്തിയത് കൗതുകം മാത്രമായിരുന്നില്ല ക്ഷണിച്ച് വരുത്തിയത്. ഒരു ന്യൂസ് പേപ്പർ തെളിവിനെ കിടക്കയെന്നും മറ്റൊന്ന് കൃത്യമായി പെട്ടിക്കിടക്കയെന്നും സൂചിപ്പിച്ചത് സംശയങ്ങൾക്കിട നൽകി. അലക്‌സിന്റെ വണ്ടിയിൽ പെട്ടിക്കിടക്ക കയറുമായിരുന്നില്ല. ആദ്യത്തെ ആരോപണങ്ങൾക്ക് ശേഷം പോലീസ് ഔദ്യോഗികമായി മൊഴിയെടുത്ത സമയം കാതറിൻ മാറ്റിയ മൊഴികളും പലരുടേയും ശ്രദ്ധയിൽ പെട്ടു. കിടക്കയെ ആ വസ്തു എന്നാക്കി അവർ ചുരുക്കി.

കൊല നടന്നത് രാവിലെ എന്നുള്ളതിൽ നിന്നും ഉച്ച കഴിഞ്ഞ് എന്നതിലേക്ക് മാറ്റി. കാരണം സൂസൻ അന്ന് രാവിലെ സ്‌കൂളിൽ പോയതിനും തിരിച്ചു വന്നതിനും ദൃക്‌സാക്ഷികളുണ്ടായിരുന്നു. വൈകീട്ട് മൂന്നു മണിയോടെ തിരിച്ചെത്തിയ അവൾ കടം വാങ്ങിയ ഷൂസ് തിരിച്ച് നൽകുവാനായി തന്നോട് അനുവാദം വാങ്ങി 3:15 ഓടെ വീട്ടിൽനിന്നും ഇറങ്ങുകയായിരുന്നുവെന്ന് അമ്മ മൊഴി കൊടുത്തിരുന്നു. അതിനുശേഷമാണ് കുട്ടിയെ കാണാതെ പോകുന്നതും വിവരം പോലീസിൽ അറിയിക്കുന്നതും.

കാതറിന്റെ മനസിൽ, സൂര്യപ്രകാശത്തിലുള്ള പപ്പയുടെ നിഴൽ കിടന്നിരുന്നതു കൊണ്ടു കൂടെ ആകണം രാവിലെ എന്നുള്ളത് ഉച്ച കഴിഞ്ഞ് എന്ന് തിരുത്തിയത്. ഈ മൊഴിമാറ്റം പ്രോസിക്യൂട്ടർ അറിഞ്ഞതുമില്ലായിരുന്നു. പ്രധാനപ്പെട്ട മറ്റൊരു മാറ്റം സഹോദരി ജാനിസിനെക്കുറിച്ചായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ വണ്ടിയിൽ നിന്നും ഇറക്കി വിടുകയായിരുന്ന ജാനിസിനെ വീണ്ടും വയലിന്റെ മറ്റൊരു ഓരത്ത് കണ്ടതായി കാതറിൻ മൊഴി നൽകി. എന്നാൽ ഇരുപത് വർഷം മുൻപുള്ള ഓർമ്മയിൽ ചെറിയ ചില മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ശുദ്ധവും ലളിതവുമാണ് ഈ ഓർമ്മയെന്ന് ആദ്യഹിയറിംഗിൽ പ്രോസിക്യൂഷനു സ്ഥാപിച്ചെടുക്കുവാൻ സാധിച്ചു.

ഒരു ഹിപ്‌നോസിസ് സെഷനിലാണ് ആദ്യമായി ഈ ഓർമ്മയുടെ ശകലം തന്നെ തേടി വന്നതെന്നായിരുന്നു കാതറിൻ വീട്ടുകാരെ അറിയിച്ചിരുന്നത് എന്നാൽ വീട്ടുകാരുടെ വിശ്വാസം ലഭിക്കുവാനായി താൻ തന്നെ മെനഞ്ഞെടുത്തൊരു കള്ളമാണതെന്നും പോലീസുകാരോട് ആ സംഭവം പറയേണ്ടതില്ലയെന്നും അവൾ അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇരുപത് വർഷം കഴിഞ്ഞുള്ള ഓർമ്മയുടെ ഈ അപ്രതീക്ഷിത കടന്നുവരവ് ഹിപ്‌നോസിസ് സെഷനിൽ ഉയർന്നു വരാൻ സാധ്യതയുള്ള വ്യാജഓർമ്മകളുടെ സംഭവ്യതയെ ശരിവയ്ക്കാൻ സാധ്യതയുണ്ടെന്നും ആ രീതിയിൽ തന്റെ ഓർമ ചോദ്യം ചെയ്യപ്പെടാതിരിക്കുന്നതിനാണ് കാതറിൻ ഇത് ചെയ്തതെന്നും എതിർവക്കീൽ ആരോപണം ഉയർത്തി. കൊലപാതകത്തിന്റെ ഭീകരതയും സാക്ഷിയുടെ വയസും ഭീതിദമായ ആ ഓർമ്മയെ സുബോധ മനസിൽ നിന്നും നീക്കം ചെയ്തതാകാമെന്നും അത് ജീവിതം സുഖമമാക്കുന്നതിനു മനസ് തന്നെ ചെയ്യുന്ന സാധാരണപ്രക്രിയയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതിനു ചുവട് പിടിച്ച് ഡോക്ടർ മിസ് ടർ എന്ന മാനസികാരോഗ്യ വിദഗ്ദ കാതറിനെ പിന്തുണച്ച് കൊണ്ട് തന്റെ തിയറികൾ കോടതിക്ക് മുൻപാകെ ബോധിപ്പിക്കുകയുണ്ടായി.

ഫ്രോയിഡിന്റെ റിപ്രഷൻ സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി മാനസികാഘാതങ്ങളെ അവർ രണ്ടായി തിരിച്ചു. ഒന്നാമത്തെ വിഭാഗം ദൈർഘ്യം കുറഞ്ഞതും, ഏകവും, ചെറുതും ആയ ഓർമ്മകളായിരുന്നു. അവ കൃത്യവും കണിശവും ആയിരിക്കും. രണ്ടാമത്തേത് രണ്ടും അതിലധികവുമായ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയവയായിരുന്നു. തുടർച്ചയായി സംഭവിക്കുന്ന ആഘാതങ്ങൾ ഏൽക്കുന്ന വ്യക്തി ഓർമ്മകളെ പ്രതിരോധിക്കുകയും ഉള്ളിലേക്ക് ആഴ്ത്തുകയും ചെയ്യും. അത്തരമൊരു വഴിയിലൂടെ അവർ വേദനകളെ മറക്കുന്നു. ഈ ഓർമ്മകൾ അതിനാൽ തന്നെ അസ്പഷ്ടവും അവ്യക്തവുമായിരിക്കും. കാതറിനു സംഭവിച്ചത് ഒരൊറ്റ അനുഭവമായതിനാൽ അത് ഒന്നാമത്തെ വിഭാഗത്തിൽ പെടുമെന്നും കൃത്യവും കണിശവും ആയിരിക്കും അതിന്റെ സ്വഭാവമെന്നും ഡോക്ടർ വ്യക്തമാക്കി.

1990 നവംബർ 20 നു പ്രശസ്തയായ മനഃശാസ്ത്രജ്ഞ എലിസബത്ത് ലോഫ്ടസിനെ കോടതി വിസ്തരിച്ചു. ഓർമ്മ അതിന്റെ സമയദൈർഘ്യം അനുസരിച്ച് അവ്യക്തവും കൃത്യത നഷ്ടപ്പെട്ടതും ആയിത്തീരുമെന്ന് അവർ വിശദീകരിച്ചു. ഓർമ്മക്കു കാരണമായ സംഭവത്തിനു ശേഷം ബാധിക്കാവുന്ന ആശയങ്ങളും സത്യപ്രസ്താവനകളും വാർത്തകളും ഓർമ്മയെ കാര്യമായി സ്വാധീനിക്കാമെന്ന് എലിസബത്ത് ധരിപ്പിച്ചു. അതിനായി പരീക്ഷണാടിസ്ഥാനത്തിൽ അവർ നടത്തിയ ഒരു പഠനം കോടതിക്ക് മുൻപാകെ സമർപ്പിച്ചു.

ഒരു കൂട്ടം ആളുകളിലായിരുന്നു പരീക്ഷണം നടത്തിയത്. കൊള്ള വിഷയമാക്കിയുള്ള ഒരു സിനിമ ഈ ആളുകളെ പരീക്ഷണ ഭാഗമായി കാണിക്കുകയും ദിവസങ്ങൾക്ക് ശേഷം കൊള്ളക്കുപയോഗിച്ച വസ്തുക്കളുടെ തെറ്റായ ഒരു റിപ്പോർട്ട് അവരെ കാണിക്കുകയും ചെയ്തു. അവരുടെ ഓർമ്മകളെ ശേഖരിക്കുന്ന സമയം മിക്കവരുടേയും ഓർമ്മകളിലെ വസ്തുക്കൾ റിപ്പോർട്ടിലേതായിരുന്നു. സിനിമകളിലെ വസ്തുക്കളുടെ മേലെ റിപ്പോർട്ടിലെ വസ്തുക്കൾ കയറി വരികയായിരുന്നു. എലിസബത്തിന്റെ പഠനം ഓർമ്മകളുടെ അപഭ്രംശത്തിലാണെന്നും അത് കാതറീനു സംഭവിച്ച റിപ്രഷൻ ഓർമ്മയുമായി ഒരു ബന്ധമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നിട്ടും പ്രതി അലക്‌സ് ഫ്രാങ്ക്‌ലിനെ കോടതി കുറ്റക്കാരനെന്ന് വിധിച്ചു.

മകൾ കാതറിനു തന്റെ പപ്പ അലക്‌സ് ഫ്രാങ്ക്‌ലിൻ തെറ്റ് ചെയ്‌തെന്ന് ഉറപ്പായിരുന്നു. എന്നിരുന്നാലും ആ ഓർമ്മ ഭയങ്ങളിൽ നിന്നും സ്വപ്നങ്ങളിൽ നിന്നും ഉത്ഭവിച്ചതാകുവാനുള്ള സാധ്യത അപ്പോഴും എലിസബത്ത് തള്ളിക്കളഞ്ഞിരുന്നില്ല. അപ്പീൽ കൊടുത്തതിനു ശേഷം സംഭവത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനായി വക്കീലായ ഡഗ് എലിസബത്തിനേയും കൂട്ടി യാത്ര തിരിച്ചു. ആ ഓർമ്മ സ്വയം നിർമ്മിതമായ ഒന്നാണെങ്കിൽ അതു നിർമ്മിക്കപ്പെടുവാനുള്ള സാഹചര്യം എന്താണെന്ന് അറിയുന്നതിനായി ഇരുവരും കാതറിന്റെ കുട്ടിക്കാലത്തെ അറിയുന്നതിനായി ശ്രമിച്ചു. കാതറിൻ സന്ദർശിച്ചു കൊണ്ടിരുന്ന മാനസികാരോഗ്യകേന്ദ്രത്തിലെ അവളുടെ ഡോക്ടർ അതിനായി അവരെ സഹായിച്ചു.

അക്രമം നിറഞ്ഞ കുട്ടിക്കാലമായിരുന്നു കാതറിന്റേത്. പപ്പയായ അലക്‌സ് ഫ്രാങ്ക്‌ലിൻ ക്രൂരനായിരുന്നു. അങ്ങോർ കാതറിന്റെ സഹോദരനെ ഉപദ്രവിക്കുന്നതായും അതിനാൽ കട്ടിലിനടിയിൽ ബേസ് ബോൾ ബാറ്റ് വച്ചിട്ടാണ് ഉറങ്ങുന്നതെന്നും അവൻ പറഞ്ഞത് കാതറിനു ഓർമ്മയുണ്ടായിരുന്നു. കാതറിന്റെ അമ്മ ശാരീരികവും മാനസികവുമായി പീഢിപ്പിക്കപ്പെട്ടിരുന്നു. സഹോദരി ജാൻസിക്ക് പപ്പയിൽ നിന്നും ലൈംഗിക അതിക്രമങ്ങൾ നേരിട്ടിരുന്നു. സുബോധമനസിൽ ഇത്രയും വിവരങ്ങൾ കാതറിനിൽ നിന്നും ലഭിച്ചു. തനിക്ക് ലൈംഗിക ഉപദ്രവം ഉണ്ടായിട്ടില്ല എന്ന വാചകം ഹിപ്‌നോസിസ് സമയത്ത് കാതറീനു മാറ്റേണ്ടതായി വന്നു. അഞ്ച് വയസിൽ ബാത്ത് ടബ്ബിൽ കുളിക്കുകയായിരുന്ന തന്നെ പപ്പ ഉപദ്രവിച്ചതായുള്ള ചിത്രം അവർക്ക് ലഭിക്കുകയുണ്ടായി.

ഒരു സാധാരണ സൈക്കോളജിസ്റ്റിനെ സംബന്ധിച്ച് ഈ ഓർമ്മകൾ സത്യമോ മിഥ്യയോ എന്ന ചോദ്യം അപ്രസക്തമായിരുന്നു. ഈയൊരു പ്രോത്സാഹനം ഓർമ്മകൾ യാഥാർത്ഥ്യമാണെന്ന ബോധം കാതറിനിൽ വിത്ത് വിതച്ചു. മറ്റൊരു സന്ദർഭത്തിൽ പപ്പയും കറുത്തൊരു മനുഷ്യനും ചേർന്ന് തന്നെ ഒരു മേശമേൽ പീഡിപ്പിക്കുന്നതായി അവൾക്ക് ഓർമ്മ വന്നു. കറുത്ത മനുഷ്യൻ തന്നെ വേദനിപ്പിക്കുകയും പപ്പ അത് കണ്ട് ചിരിക്കുകയുമായിരുന്നു എന്ന് അവളുടെ ഓർമ്മ കൂടുതൽ സൂക്ഷ്മമായി. ആയിടത്ത് നിന്നുമായിരുന്നു കാതറിന്റെ ഓർമ്മകൾ അപനിർമ്മിക്കപ്പെട്ട് തുടങ്ങിയത്. തന്നെ പീഡിപ്പിച്ചത് ഒരു കറുത്ത മനുഷ്യനാണെന്ന് കാതറിൻ അമ്മയോട് പറയുകയും അങ്ങനെയാവാൻ വഴിയില്ല ചിലപ്പോൾ നമ്മളുടെ ഏതെങ്കിലും ബന്ധുവായിരിക്കുമെന്നും അമ്മ അഭിപ്രായപ്പെട്ടു. ഇത് കാതറീനിലെ ഓർമയിൽ പല മാറ്റങ്ങൾക്കും വഴി തെളിയിച്ചു.

കറുത്ത മനുഷ്യൻ എന്നത് പതിയെപ്പതിയെ ബന്ധുവായ വെളുത്ത മനുഷ്യൻ ആകുകയും ഓർമ്മകളിൽ അത് പിന്നീട് ഏറ്റവും അടുത്ത് അവളറിയുന്ന പുരുഷനാകുകയും ചെയ്തു. അതെ അത് പപ്പ അലക്‌സ് ഫ്രാങ്ക്‌ലിൻ ആയി രൂപാന്തരം പ്രാപിച്ചു. എന്നാൽ അവർക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട വിവരം അതൊന്നുമല്ലായിരുന്നു. കാതറിന്റെ മകൾക്ക് രണ്ട് വയസായ സമയം പപ്പയായ ഫ്രാങ്ക്‌ലിൻ അവരുടെ വീട്ടിൽ വന്നു നിന്നിരുന്നു. കാതറിൻ പുറത്ത് പോയി വന്നപ്പോൾ തന്റെ മകളുടെ മേൽ ചായുന്ന പപ്പയെയാണ് അവൾ കണ്ടത്. അവളുടെ വായിൽ നിന്നും എന്താ നിങ്ങളീ ചെയ്യുന്നത് എന്ന വാക്കുകൾ മാത്രമേ പുറത്ത് വന്നുള്ളൂ. ആ ഒരു അനുഭവം കാതറിനെ തകർത്തു. ആറാം വയസിൽ മകളുടെ കണ്ണുകളിലേക്ക് നോക്കിയ കാതറിനു ഓർമ്മ വന്നത് മരണപ്പെട്ട സൂസനെ ആയിരുന്നു. തന്റെ മകളെ ഉപദ്രവിച്ച പപ്പ എന്നത് അതോടെ ഓർമ്മയിൽ സൂസനെ കൊന്നു തള്ളിയ പപ്പ എന്നായി പകരം വയ്ക്കപ്പെട്ടു.

നീണ്ട അഞ്ച് വർഷത്തെ കേസ് നടത്തിപ്പിനിടെ ഈ വിവരങ്ങളെല്ലാം കോടതിയിൽ വിചാരണ ചെയ്യപ്പെട്ടു. ഒടുവിൽ ഫോൾസ് മെമ്മറി സിൻഡ്രോം എന്ന രോഗത്തിനെ അംഗീകരിച്ചു കൊണ്ട് കോടതി അലക്‌സ് ഫ്രാങ്ക്‌ലിനെ ആ കേസിൽ വെറുതെ വിട്ടു. ഈ കേസിന്റെ ചരിത്രപരമായ നിയോഗം മറ്റൊന്നായിരുന്നു. 1980-90 കാലഘട്ടങ്ങളിൽ പിതാക്കന്മാർ തങ്ങളെ ലൈംഗികമായി ഉപയോഗിച്ചതായി മക്കളായ പെൺകുട്ടികൾ നൽകിയ ഹർജ്ജികളുടെ എണ്ണം വളരെ അധികമായിരുന്നു. എന്നാൽ ഒരുവിധത്തിലും തങ്ങളവരെ ആ രീതിയിൽ കണ്ടിട്ടില്ലെന്ന് ആണയിട്ട പിതാക്കന്മാരേയും നിയമം ശിക്ഷക്ക് വിധേയമാക്കിയിരുന്നു. ഫോൾസ് മെമ്മറി സിൻഡ്രോം എന്ന അസുഖസാധ്യതയിലേക്ക് ഗവേഷകരെ കൊണ്ടെത്തിക്കുന്നത് കുറ്റം ആരോപിക്കപ്പെട്ട പിതാക്കന്മാരുടെ പ്രവർത്തന ഫലമായിട്ടായിരുന്നു. കുറ്റാരോപിതരും നിരപരാധികളെന്ന് ആണയിടുന്നവരുമായ മാതാപിതാക്കൾ ഗവേഷണ താത്പര്യാർത്ഥം ഒരു ഫൗണ്ടേഷൻ ആരംഭിക്കുകയും ചെയ്തു. ഫോൾസ് മെമ്മറി സിൻഡ്രോം ഫൗണ്ടേഷൻ. ഒരു ഓർമ യഥാർത്ഥമോ കൃത്രിമമോ എന്ന് തിരിച്ചറിയുവാനുള്ള ഗവേഷണങ്ങളായിരുന്നു പ്രധാനമായും അത് വഴി നടന്നത്.

ജനക്കൂട്ടത്തെ സംബന്ധിച്ച് പെൺകുട്ടിയുടെ മൊഴി മാത്രം മതിയായിരുന്നു കുറ്റവാളിയെ തച്ചുടക്കുവാൻ. പീഡിയാട്രീഷനായ ഒരു ഡോക്ടറെ പീഡോഫൈൽ എന്ന് വായിച്ച് ആക്രമിച്ചു വധിച്ച അജ്ഞരായ ജനങ്ങളുള്ള നാട്ടിൽ ഈ വിധത്തിലുള്ള പഠനങ്ങൾ ആദ്യമൊന്നും വിലപോയില്ലായിരുന്നു. ആരോപണങ്ങൾ സത്യമാണോ എന്നറിയുവാനുള്ള ക്ഷമ പോലും മനുഷ്യർ കാണിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. ഫോൾസ് മെമ്മറി സിൻഡ്രോം കേസുകളിൽ പെട്ട പകുതിയിലധികം കുടുംബങ്ങളും ഛിന്നഭിന്നമായിപ്പോയ ചരിത്രമാണുള്ളത്. മക്കൾ മാതാപിതാക്കളുമായി ബന്ധം വിച്ഛേദിക്കുകയോ ഓടിപ്പോകുകയോ ചെയ്തു. പുറത്തു വന്ന മിക്ക അസത്യങ്ങളും മാധ്യമങ്ങൾ മുതലെടുത്ത് വളച്ചൊടിച്ച് സാമൂഹികപ്രശ്‌നങ്ങളായി മാറ്റിയെടുത്തു.

ഫോൾസ് മെമ്മറി സിൻഡ്രോം ആരോപണത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടം എന്തെന്ന് വച്ചാൽ യഥാർത്ഥ കുറ്റവാളികളും ഇതിന്റെ ഗുണവശം അനുഭവിക്കുന്നു എന്നുള്ളതാണ്. ഫോൾസ് മെമ്മറി സിൻഡ്രോം മൂലം കുറ്റാരോപിതരായവർ ഏറെയുണ്ടെങ്കിലും നിരപരാധികളെന്ന് തെളിയിച്ച് പുറത്തു വന്നവർ വളരെ വിരളമാണ്. എങ്കിലും ഏകദേശം നൂറ്റി അൻപതോളം പേരെ ജയിൽ മോചിതരാക്കുവാൻ ഇവരുടെ പ്രവർത്തനങ്ങൾക്കായി. യാതൊരു തെറ്റും ചെയ്തിട്ടില്ലായെന്ന് അലറി വിളിച്ചിട്ടും ആരും കേൾക്കാതിരുന്ന നൂറ്റി അൻപതോളം പേർ.

ഫ്രോയിഡിന്റെ പഠനത്തിൽ മനുഷ്യനു വിഷമകരമായി ഭവിച്ച ഭീതിദമായ സംഭവങ്ങളുടെ ഓർമ്മയെ ബോധമണ്ഡലം തങ്ങളുടെ പ്രതിരോധസംവിധാനത്തിന്റെ ഭാഗമായി കുഴിച്ചു മൂടുന്നു എന്നു പറയുന്നുണ്ട്. ബോധാവസ്ഥയിൽ അത്തരമൊരു ഓർമ്മയുടെ എന്തെങ്കിലും സൂചനകൾ പോലും കാണിക്കുകയുമില്ല എന്നാലോ ആ സംഭവം നമ്മളിൽ ഏൽപ്പിച്ച ആഘാതവും ഭയവും ഉത്കണ്ഠയും വിട്ട് പോകുകയുമില്ല. അതിനാലാണ് അനാലിസിസിനിടയിൽ ഉപബോധമനസിൽ കിടക്കുന്ന രഹസ്യങ്ങൾക്കൊപ്പം രോഗശമനവും സാധ്യമാകുന്നത്.

എന്നാൽ ആ രീതിയിൽ അല്ലെങ്കിൽ ഒരു ഹിപ്‌നോട്ടിക്ക് അവസ്ഥയിൽ പുറത്തു വരുന്ന ഉപബോധമനസിലെ ഈ അമർത്തപ്പെട്ട ഓർമ്മകളുടെ കൃത്യതയും മൗലികതയും ചോദ്യം ചെയ്യപ്പെടുന്നതിനു മാളിലെ സിദ്ധാന്തം വഴി വച്ചു. മേരിയുടെ കേസിൽ എങ്ങിനെയാണ് എന്തിനു വേണ്ടിയാണ് കൃത്രിമമായ ഓർമ്മകൾ നിർമ്മിക്കപ്പെട്ടത് എന്നറിയുന്നതിനു മേരിയുടെ കുട്ടിക്കാലത്തിലെ ഓർമ്മകളിലേക്ക് പോകേണ്ടതായി വന്നു. സകല അരക്ഷിതാവസ്ഥകളുടേയും കൂടാരമായിരുന്നു അവിടം. അമ്മയുടെ മരണം മുതൽ പ്രിയപ്പെട്ട വളർത്തുമീനിന്റെ വിയോഗം പോലും അവളെ പ്രതികൂലമായി ബാധിച്ചിരുന്നു. അതിനാൽത്തന്നെ മേരിയുടെ ഭയങ്ങളെ സുഖപ്പെടുത്തുക എന്നതായി എന്റെ പ്രാഥമിക ലക്ഷ്യം. അവൾ വളർന്നു വന്ന നാടും നാട്ടുകാരും അന്ധവിശ്വാസങ്ങളും അവൾക്ക് അപ്പാപ്പനോടുണ്ടായിരുന്ന പ്രിയവും ഹിപ്‌നോസിസിന്റെ ഭാഗമായി അറിയേണ്ടി വന്നു. ഭ്രമകൽപ്പന ഇഷ്ടപ്പെട്ടിരുന്ന മേരിയുടെ മനസ് തന്റെ ഓരോ നഷ്ടങ്ങൾക്കും ബദലായി മറ്റൊരു അവതാരപുരുഷനെ സ്വയം നിർമ്മിച്ച് സമൂഹത്തെ പ്രതിരോധിച്ചു.

ഉദാഹരണത്തിനു അമ്മയ്ക്ക് പകരം ആലീസ്, അപ്പനു പകരം അപ്പാപ്പൻ എന്നിങ്ങനെ. മേരിയുടെ ഉപബോധത്തിൽ കിടന്നിരുന്ന ഓർമ്മകളിൽ ഏറ്റവും അസ്വസ്ഥതയുളവാക്കിയ ഒന്നായിരുന്നു അപ്പനുമായി ബന്ധപ്പെട്ടു കിടന്നവ. അതിനു കാരണമായത് എന്ന് എനിക്ക് തോന്നിയത് അവളുടെ പ്രിയപ്പെട്ട നായയുടെ ആക്രമണമായിരുന്നു. നായ അവൾക്ക് ഒരേസമയം സുഹൃത്തിന്റേയും സംരക്ഷകന്റേയും സുരക്ഷിതത്വം നൽകി. അപ്പനും അതേ രീതിയിൽ തന്നെ അവളിൽ പതിഞ്ഞു കിടന്നു. അപ്രതീക്ഷിതമായി നായയിൽ നിന്നും സംഭവിച്ച ആക്രമണം അവളെ അപ്പനിൽ നിന്നും അകറ്റി. അല്ലെങ്കിൽ നായക്ക് പകരം അവിടെ അപ്പൻ കയറി നിലയുറപ്പിച്ചു. നായ ആക്രമിച്ച അനുഭവം അപ്പൻ ആക്രമിച്ചു എന്നായി അവളുടെ ഓർമ്മയിൽ മാറി. തന്റെ വിശ്വാസത്തെ തകർത്ത അടുപ്പമുള്ളവരെ പിന്നീടൊരിക്കലും അവൾ ആശ്രയിച്ചില്ല.

ഫാൾസ് മെമ്മറി എന്നത് നമ്മുടെ ഓരോരുത്തരുടേയും ചുറ്റിൽ നടന്നു കൊണ്ടിരിക്കുന്ന ഒന്നാണ്. പലപ്പോഴും നമ്മൾ തിരസ്‌കരിച്ചിട്ടുള്ള നിസാരമായ ഒന്ന്. ഒന്നോർത്തെടുത്താൽ ഓരോരുത്തർക്കും പറയുവാൻ കാണും അത്തരത്തിലൊരു അനുഭവം. അതിന്റെ തീവ്രത പലരിലും പല രീതിയിൽ ആയിരിക്കും. മിക്കവാറും രോഗികളെപ്പോലെ തന്റെ ഉള്ളിന്റെ ഉള്ളിൽ സൂക്ഷിച്ചിരുന്ന ഓർമ്മകളെ പൂർണ്ണമായി വിശ്വസിക്കുന്നതിനു പകരം മേരി അവയെ സംശയിച്ചിരുന്നതായി അനാലിസിസിനിടെ ബോധ്യം വന്നിരുന്നു. അതിനു കാരണം അവളിൽ നടന്നു കൊണ്ടിരുന്ന ഓർമ്മകളുടെ അവിശ്വസനീയമായ അപനിർമ്മിതികളായിരുന്നു. അവളുടെ ജീനുകളിൽ ഫാന്റസി അത്ഭുതകരമായ രീതിയിൽ പ്രവർത്തിച്ചതിനുള്ള ഒരു ഉദാഹരണം ഞാൻ പറഞ്ഞല്ലോ ഡിറ്റക്ടീവും അവരുടെ ഭാര്യയും. എന്റെ നിരീക്ഷണത്തിൽ മേരി കൂടുതൽ പഠനങ്ങൾക്ക് വിധേയയാകേണ്ടതുണ്ടായിരുന്നു. അതിനിടയിൽ അവരുടെ ഇങ്ങോട്ടുള്ള വരവ് കുറഞ്ഞ് ഇല്ലാതായി. കൗതുകത്താൽ അവളുടെ ജീവിതത്തിൽ നടന്ന ചില ഭ്രമകൽപ്പനകൾ അല്ലെങ്കിൽ വാദങ്ങൾ ഞാൻ കുറിച്ചു വച്ചിട്ടുണ്ട്.

1: വാഴനാരുകൾക്ക് പകരം കിളികൾക്ക് കൂട് നെയ്യുവാൻ തന്റെ മുടിനാരുകൾ കൊടുത്തയച്ചതായി മേരി അവകാശപ്പെട്ടു.
2: കൊച്ചുകുട്ടികൾ എപ്പോഴും ചുരുട്ടും മുഷ്ടിയെപ്പോലെ സോളമൻ ഉറക്കത്തിൽ മുഷ്ടി ചുരുട്ടുന്നു.
3: നെടുകേ മുറിച്ചു മാറ്റിയ പപ്പായകൾ തോണികൾ. വിത്തുകൾ അതിലെ യാത്രക്കാർ.
4: ബുഷ് ചെടിക്കുള്ളിലെ വയലറ്റ് കായകൾ ഉത്സവത്തിരക്കിലെ വയലറ്റ് ബലൂണുകൾ.
5: പഞ്ഞി മരങ്ങൾ തലണകളിലേക്കിഴഞ്ഞു വന്ന് പഞ്ഞി നിറയ്ക്കുന്നു, പഞ്ഞിക്കുള്ളിൽ വെളുത്ത പഴുതാരകളെ നിറയ്ക്കുന്നു. പഞ്ഞിമരങ്ങളുടെ വേരുകൾ ഒരു അപ്പൂപ്പന്റെ താടിയിൽ ഉറപ്പിച്ചു വച്ചിരിക്കുന്നു. കിണറ്റിനുള്ളിലേക്ക് ആഴ്ന്നിറങ്ങിയ മോട്ടോർ പൈപ്പുകൾ പോലെ അവ പഞ്ഞിക്കെട്ടുകൾ വിതരണം ചെയ്തു വന്നു.
6: കറന്റ് കമ്പികൾ ഏതോ ഗിത്താറിലെ ഞാണുകൾ. മീട്ടിയവരൊക്കേയും സംഗീതമേറ്റ് പിടഞ്ഞ കിളികൾ
7: കക്കകൾ കടലിൽ മുങ്ങിയ നാവികരുടെ കാതുകൾ.
8: മരങ്ങൾ, നൂറ് കൈകൾ ആകാശത്തിലേക്ക് നീട്ടിയ മനുഷ്യർ
9: നമ്മളെ കഴുകിയ വെള്ളം ഉടുത്ത വസ്ത്രം പോലെ അഴിയുന്നു. അതിൽ നമ്മുടെ രോമങ്ങൾ, തൊലിക്കഷ്ണങ്ങൾ, അഴുക്കുകൾ, ഗന്ധങ്ങൾ എല്ലാം പറ്റിപ്പിടിച്ചിരിക്കുന്നു.
10: ബസുകളിലിരുന്ന് ഉറക്കത്തിലേക്ക് സ്വയം ട്യൂൺ ചെയ്യുന്നവരേ, കാവടികൾ നിറഞ്ഞ തെരുവു പോലെ മഞ്ഞ ബൾബുകൾ മിന്നും കുഞ്ഞു ക്രിസ്മസ് ട്രീകൾ
മാവുകളിൽ താമസം തുടങ്ങിയിരിക്കുന്നു.
11: ഒരു ബാൽക്കണിയിൽ നിന്നും മറ്റൊരു ബാൽക്കണിയിലേക്ക് നീട്ടി വലിച്ചു കെട്ടിയ നോട്ടത്തിന്റെ ചരടിൽ ഉണക്കാനിടുന്ന അടിപ്പാവാടകൾ.
12 : തൂക്കിയിടും ചെടിച്ചട്ടികളുടെ ദ്വാരത്തിലൂടെ ഇഴഞ്ഞ വേരുകൾ ഊഞ്ഞാലാടുന്നു.
13: സൈക്കിൾ ടയറുകൾ മരങ്ങളുടെ വട്ടയിലകൾ. കമ്പികൾ ഞരമ്പുകൾ.
14: വാഷിംഗ് മെഷീനിന്റെ അണയലിനും മുൻപുള്ള സംഗീതം പോലെ മരണ സമയത്തിനു തൊട്ട് മുൻപ് മനുഷ്യരിലും സംഗീതം ഉയരും.
15: നിസ്‌കരിച്ചുണ്ടായ തയമ്പ് പോലെ, ചെരുപ്പിലെ കാലടയാളം പോലെ,കൈ പകുതിയിലെ, നിറമാറ്റം പോലെ, ചുമരിലെ തല വയ്ക്കും കറുപ്പ് പോലെ, പ്രസവിച്ച വയറിലെ പാടുകൾ പോലെ, സ്വയം നിർമ്മിതമായ അടയാളങ്ങൾ മേരിയും സോളമനും.
16 മേരി,
സോളമന്റെ തൂവൽ പറിച്ചെടുത്ത് ഷട്ടിൽകോക്കുണ്ടാക്കി കളിക്കും
മൊസൈക്ക് തറകളെ പുള്ളി പാവാടയായി ഉടുക്കും
ഫ്‌ലൈ ഓവറുകൾ ജിലേബിയാക്കി തിന്നും
ഉറുമ്പിൻ കൂടുകളവളുടെ ഹെൽമറ്റുകൾ
ഷൂലേസുകൾക്ക് പകരം പാമ്പുകളെ കോർത്ത് കെട്ടും
പുകവലിക്കുന്നവരുടെ ശ്വാസകോശങ്ങളെ തേനീച്ചകൾക്ക് തേനറകളാക്കുവാൻ നൽകും

വളഞ്ഞു പോയ സൂര്യകിരണത്തെ തട്ടി സ്വാന്തനിപ്പിക്കും
വൈകുന്നേരത്തെ സൂര്യനെ മഞ്ഞു കാലത്ത് തലയിണയായി വയ്ക്കും.
ഡോക്ടർ: ഞാൻ പറഞ്ഞ് വന്നതെന്തെന്നാൽ കാതറിന്റെ കേസ് പോലെ ഒറ്റ ഒരു ഫാൾസ് മെമ്മറിയല്ല മേരിയുടേത്. ഷീ ഈസ് യുണീക്ക്. മേരിയുടെ മിക്ക ഓർമ്മകളും വ്യാജമാണ്. അതായത് സത്യത്തിന്റെ അംശങ്ങളുള്ള വ്യാജമായ ഓർമ്മകൾ. അതവർക്കും അറിയാം. നിർമ്മിക്കപ്പെട്ട ഓർമ്മകളെ ഉപേക്ഷിക്കുവാനുള്ള ശ്രമങ്ങളിലായിരുന്നു ഞങ്ങൾ. മേരിയുടെ കാര്യത്തിൽ അതായിരിക്കും എളുപ്പമെന്ന് എനിക്ക് തോന്നി. അതിനായുള്ള പരിശീലനപദ്ധതിക്കിടെയാണ് അവർ വരാതെയായത്. അവരുടെ തലച്ചോറിനുള്ളിൽ ഒരു എഴുത്തുകാരി ഒളിഞ്ഞിരിക്കുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടത്. അല്ലെങ്കിലൊരു പെയിന്റർ. ഒരു സംഭവങ്ങളെ മുഴുവൻ തിരുത്തി എഴുതുന്ന മായ്ച്ച് വരയ്ക്കുന്ന ആർട്ടിസ്റ്റ്. അല്ല അതൊന്നുമല്ല ഒരു തച്ചത്തി. പെരുന്തച്ചത്തി.
ഡോക്ടർ: മേരിയിപ്പോൾ?
സോളമൻ: അവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല ഡോക്ടർ
ഡോക്ടർ: ഓ പൂവർ ലേഡി. അവർക്ക് നിങ്ങളെ വലിയ കാര്യമായിരുന്നു സോളമൻ. അവരുടെ ഓർമ്മകളിൽ ഏറ്റവും കൂടുതലായി കേട്ട പേര് നിങ്ങളുടേതാണ്. അവർ പരിചയിച്ച മുഴുവൻ സന്തോഷങ്ങൾക്കും പേരു നിങ്ങളുടേതായിരുന്നു. വേലായുധേട്ടന്റെ മകൻ സോളമൻ, തമിഴ്‌നാട്ടുകാരൻ സോളമൻ, മീൻകാരൻ സോളമൻ എന്നിങ്ങനെ അത് പടർന്ന് കിടന്നു. സോറി ഫോർ യുവർ ലോസ്.
വെളുത്ത താടിയുള്ള ഡോക്ടർ പറഞ്ഞു നിർത്തി.

‘സോളമൻ എനിക്ക് നിങ്ങൾക്ക് തരാനായി കുറച്ച് റെക്കോർഡിംഗുകൾ കൂടിയുണ്ട്. തികച്ചും സ്വകാര്യമായവ.'
‘തരൂ ഡോക്ടർ'
‘മേരി നിങ്ങളെക്കുറിച്ച് സംസാരിച്ച ഏതാനും കാര്യങ്ങളാണു. സമാധാനപരമായിരുന്നു കേൾക്കുക. അങ്ങനെ ചെയ്യില്ലേ?'
‘ഉവ്വ്' സോളമൻ ഡോക്ടർ നൽകിയ കാസറ്റുകൾ കയ്യിൽ എടുത്തു. സോളമൻ പോകുവാൻ ചക്രവണ്ടി തിരിച്ചു.
‘ആരാണീ സ്ത്രീ, ആരാണീ ഡിറ്റക്ടീവ് ?'
അവർ വീണ്ടും കണ്ടുമുട്ടുകയും ഡിറ്റക്ടീവ് മേരിയെ അപകടപ്പെടുത്തുകയും ചെയ്തുവോ? അതോ ഇതെല്ലാം ഇനി മേരിയുടെ അപനിർമ്മിക്കപ്പെട്ട ഓർമകൾ മാത്രമാകുമോ?'
ലെനോവോ വിശ്വസിക്കുവാൻ പ്രയാസമുള്ള മുഖഭാവത്താൽ ബ്ലാക്ക്‌ബെറിയോട് ആരാഞ്ഞു.
‘‘രണ്ടു ദിവസത്തിനുള്ളിൽ സോളമൻ ആശുപത്രിയിൽ നിന്നും വിടുതൽ നേടി. തലയിൽ കെട്ട് ഉണ്ടെങ്കിലും ആശുപത്രിയിൽ നിന്നും ഇറങ്ങിയ ഉടനേ അയാൾ ഡോക്ടർ പറഞ്ഞ ഡിറ്റക്ടീവ് ഏജൻസിയുമായി ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചു. എന്നാൽ ഫോൺ റിംഗ് ചെയ്തതല്ലാതെ ആരും അറ്റൻഡ് ചെയ്തില്ല. സോളമൻ ഏജൻസി തപ്പി വീണ്ടും തെരുവിലേക്ക് ഇറങ്ങി. എന്നാൽ ഈ പ്രാവശ്യം അനുഭവജ്ഞാനം അനാവശ്യ കുരുക്കുകൾ ഒഴിവാക്കി. വിലാസം വച്ച് കണ്ടുപിടിച്ച സ്ഥാപനം അടച്ചിട്ടിരിക്കയായിരുന്നു. തൊട്ട് താഴെയുള്ള മൊബൈൽ കടയിൽ കയറി ചെറിയ ഒരു റീചാർജ് ചെയ്ത് ആ കടയിലെ ജോലിക്കാരൻ പയ്യനോട് മുകൾ നിലയിലെ ഡിക്ടറ്റീവ് ഏജൻസിയെക്കുറിച്ച് അന്വേഷിച്ചു.

സ്ഥാപനം തുറന്നിട്ട് ഏറെ നാളായെന്ന് അവൻ പറഞ്ഞു. എന്താ കാരണം എന്ന് ചോദിച്ചു. അങ്ങോർ കിടപ്പിലാണെന്നും ഭാര്യ മുട്ടൻ പണി കൊടുത്തതാണെന്നും പയ്യൻ അലസമായി പറഞ്ഞു. കുറച്ചു കൂടി വിശദമായി ചോദിച്ചപ്പോൾ അയാൾ വലിയ ഉപദ്രവകാരി ആയിരുന്നു. അയാളുടെ ഫ്‌ളാറ്റിൽ നിന്നും എന്നും ഭാര്യയുടെ നിലവിളി കേൾക്കാമായിരുന്നു. സഹിക്കാൻ വയ്യാഞ്ഞിട്ടാകുള്ളൂ അയാളുടെ ഭാര്യ അങ്ങേരെ തലക്കടിച്ച് ഉപേക്ഷിച്ചു പോയി. അയാളിപ്പോ എവിടെയെന്ന് അറിയില്ല. ഇങ്ങോട്ട് വന്നിട്ട് കുറച്ചു കാലമായി. അല്ല എന്താ നിങ്ങളേയും ഭാര്യ തലക്കടിച്ച് കടന്നു കളഞ്ഞോ? അവൻ സോളമനോട് ചിരിച്ച് ചോദിച്ചു. എന്നിലൂടെ ഒരു നിമിഷം സോളമനും ഡിറ്റക്ടീവും മേരിയും ആ സ്ത്രീയും തലക്കെട്ടുകളും കടന്നു പോയി. ഒരേ സംഭവങ്ങളിൽ ഒരേ കാരണത്താൽ വ്യത്യസ്ത കാലങ്ങളിൽ രണ്ട് പേർ കുടുങ്ങിയതായി എനിക്ക് തോന്നി''; ബ്ലാക്ക് ബെറി യാത്രാവിവരണം നിർത്തി. ▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments