പട്ടണങ്ങളിൽ നിന്നും പട്ടണങ്ങളിലേക്ക് മാത്രം സർവ്വീസ് നടത്തുന്ന ദീർഘദൂരയാത്രാ ബസിൽ വച്ച് മേരിക്ക് സമീപം വന്നിരുന്ന മൂന്നു പേരോളം അവളുടെ കോട്ടിനുള്ളിൽ നിന്നും മുഴങ്ങിയ ങുർ ങുർ ശബ്ദം കേട്ട് എഴുന്നേറ്റ് മറ്റ് സീറ്റുകളിലേക്ക് മാറിയിരുന്നു. നഗരത്തിലെ കെട്ടിടങ്ങൾക്ക് മുകളിൽ കുറച്ചു സമയം തങ്ങി നിന്ന് കാറ്റിനനുസരിച്ച് വിട്ട് പോയ മൂടൽ മഞ്ഞ് പോലെ പുതിയ നഗരത്തിലേക്ക് മേരി യാത്രയായപ്പോൾ പഴയ ജീവിതത്തിൽ നിന്നും കൂടെക്കൂട്ടിയ ജീവനുള്ള ഏകവസ്തു അന്നമ്മേച്ചിയമ്മ എന്ന പൂച്ചയായിരുന്നു. ഇതുവരെയില്ലാത്ത അനുസരണയോടെ അന്നമ്മേച്ചിയമ്മ മേരിയുടെ ചൂടു പറ്റി തയ്യൽ യന്ത്രം പോലെ കോട്ടിനുള്ളിലിരുന്നു കുറുകി. ചില സമയം കണ്ണുതുറന്ന് ജാഗരൂകയായി മാളത്തിൽ നിന്നും തല പുറത്തിടും പാമ്പ് കണക്കേ കൈകളിലെ നഖം പുറത്തെടുത്ത് കോട്ടിനുള്ളിൽ കോറി രസിച്ചു.
മേരിക്ക് ലില്ലിയെ ഓർമ്മ വന്നു. അവരെ വിട്ടുപോരുന്നതിൽ അവൾക്ക് ലവലേശം കുറ്റബോധം തോന്നിയില്ല. വണ്ടിയെടുത്തതിനു ശേഷമുണ്ടായ ഇളക്കങ്ങളിൽ അന്നമ്മേച്ചിയമ്മ ബഹളമുണ്ടാക്കിത്തുടങ്ങിയപ്പോൾ മേരി അതിനെ തുറന്നു വിട്ടു. വെളിച്ചങ്ങൾ പുറകിലോട്ട് ഓടിപ്പോകുന്നത് കണ്ട് കൗതുകത്തോടെ സുതാര്യമായ ചില്ലിലൂടെ പുറത്ത് നോക്കി അന്നമ്മേച്ചിയമ്മ കാതുകൾ കൂർപ്പിച്ചു. ഇടയ്ക്ക് കോട്ടുവായ ഇട്ട് കൈകൾ നക്കി വൃത്തിയാക്കി. ഉറങ്ങിക്കൊണ്ടിരിക്കുന്ന ആളുകളുടെ കാലുകളിൽ വാലാൽ ഉരുമ്മി സ്നേഹം പ്രകടിപ്പിച്ചു. വളർത്തുമൃഗങ്ങൾ മനുഷ്യരെപ്പോലെയല്ല. തിരികെയൊന്നും പ്രതീക്ഷിക്കാതെ അവർ സ്നേഹിക്കും. പൂച്ചയെ വെറുത്തിരുന്ന ഒരു യാത്രക്കാരി കണ്ണുകളടച്ചും കാലുകൾ കൊണ്ട് ദപ് ദപ് ശബ്ദമുണ്ടാക്കിയും കണ്ണുകൾ തുറുപ്പിച്ചും ഉറക്കത്തിൽ നിന്നും അകന്നു നിന്നു. പൂച്ചയുടെ പൂട അലർജിയായ മറ്റൊരാൾ മൂക്കിനുള്ളിൽ കയറിപ്പോയ രോമത്തെ പുറത്തിറക്കാനെന്ന പോലെ പാതിയുറക്കത്തിൽ തുമ്മിത്തുടങ്ങി.
അയാളിൽ നിന്നും തെറിച്ച തുപ്പലത്തുള്ളികൾ വീണ് മറ്റൊരു മുഖം ഉണർന്നു. വൈകീട്ട് മീൻ വറുത്തതു കഴിച്ച യാത്രക്കാരനു ചുറ്റും മണം പിടിച്ച് അയാളുടെ സീറ്റിൽ വലിയ താൽപര്യത്തോടെ തല കൊണ്ടുഴിഞ്ഞ് അന്നമ്മേച്ചിയമ്മ ബസിൽ കറങ്ങി. പിന്നെ പിറകിൽ കൂട്ടിയിട്ട ചാക്കുകെട്ടുകളിലൊന്നിൽ കയറിക്കിടന്നു. മറ്റുള്ളവർക്ക് കൂടുതൽ ശല്യമുണ്ടാകാതിരിക്കുവാൻ മേരി അന്നമ്മേച്ചിയമ്മയെ നീട്ടി വിളിച്ചു. വരാതായപ്പോൾ അന്നമ്മേച്ചിയമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നുറുങ്ങ് പലഹാരത്തിന്റെ പ്ലാസ്റ്റിക്ക് കവർ അനക്കി കര കര ശബ്ദം കേൾപ്പിച്ചു. അത് കേട്ട് വാലും പൊക്കിപ്പിടിച്ച് പൂച്ച ഓടി വന്നു.
കൊച്ചൈപ്പോരയുടെ നിർദേശപ്രകാരം അതേ രാത്രിയിൽ നഗരം വിട്ട മേരിയെ കാത്ത് പുതിയ പട്ടണത്തിൽ ഒരു സുഹൃത്ത് കാത്ത് നിൽപ്പുണ്ടായിരുന്നു. പഴയ നഗരത്തിൽ തുണിക്കച്ചവടത്തിനിടെ കണ്ടുമുട്ടിയ ഒരു കലാവിദ്യാർത്ഥിനി. പുതിയ നഗരത്തിൽ ആയിടയ്ക്ക് സംഭവിക്കുവാൻ പോകുന്ന ആർട്ട് ഫെസ്റ്റിവലിനെക്കുറിച്ച് മേരിയെ അറിയിക്കുകയും താൻ ഭാഗമാകാൻ പോകുന്ന നിർമിതിയിലേക്ക് ക്ഷണിക്കുകയും ചെയ്തതു വഴി ജോലി എന്ന കടമ്പ മേരി വലിയ വെല്ലുവിളികളില്ലാതെ തന്നെ മറികടന്നു.
പുതിയ പട്ടണത്തിലെത്തിയ ഉടനേ മേരി അഞ്ചു കാര്യങ്ങളിൽ മാറ്റം വരുത്തിയിരുന്നു.
1. മുടി സ്റ്റെയിൽ മാറ്റി വെട്ടി കളർ ചെയ്തു.
2. മൂന്നാം സ്റ്റഡ് തിരുകുന്നതിനായി ചെവി തുളച്ചു.
3. കഴുത്തിൽ ചെടി ടാറ്റൂ ചെയ്തു.
4. പെട്ടെന്ന് തിരിച്ചറിയാതിരിക്കുന്നതിനു തലയും മുഖവും മൂടുന്ന കമ്പിളി വസ്ത്രം ധരിച്ചു.
5. പുകവലിച്ച് ചുണ്ട് കറുപ്പിച്ചു.
പുതിയനഗരത്തിൽ വച്ചായിരുന്നു സെമിത്തേരികൾ സന്ദർശിക്കുന്ന പതിവ് മേരി തുടങ്ങി വച്ചത്. നഗരത്തിലേക്ക് ക്ഷണിച്ച സുഹൃത്തിന്റെ ശുപാർശ മൂലം ആർട്ട് ഫെസ്റ്റിവൽ കലാകാരനായ ഇസ്താംബുളുകാരൻ ആമിർ അലിയുടെ വളണ്ടിയർ ആയി മേരിക്ക് ജോലി ലഭിച്ചു. ചിത്രകലയിലുള്ള മേരിയുടെ അഭിരുചി ഈ പണിക്ക് പോന്നതായിരുന്നു. ഇസ്താൻബുൾ നഗരത്തെ മുഴുവനായും വലിപ്പം കുറച്ച് ഓടുകളാൽ നിർമ്മിക്കുന്ന സൃഷ്ടിക്കാണ് ആമിർ അലിയെന്ന കലാകാരൻ പദ്ധതിയൊരുക്കിയത്.
അതിനായി ജന്മനഗരത്തിന്റെ പല കോണുകളിൽ നിന്നുമുള്ള ചിത്രങ്ങൾ അദ്ദേഹം പഠനത്തിനായി ഉപയോഗിച്ചു. ഇസ്താംബുൾ നഗരത്തിന്റെ സെമിത്തേരിയിലെ ശവകല്ലറകൾ പുനർ നിർമ്മിക്കുന്നതിന്റെ മുന്നോടിയായി നഗരത്തിലെ സെമിത്തേരി സന്ദർശിക്കുവാൻ മേരിയും ആമിർ അലിയും പുറപ്പെട്ടു. പണ്ട് അന്നമ്മേച്ചിയമ്മ വീടിനു പിറകുവശത്ത് കുത്തിയ ഒരു പയറുതോട്ടം എന്നേ മേരിക്ക് സെമിത്തേരി കണ്ടപ്പോൾ തോന്നിയുള്ളൂ. മരണം നട്ടുനനച്ചു വളർത്തുന്ന തോട്ടം. ശവക്കല്ലറകളുടെ ചെറിയ മാതൃകകൾ അവൾ കാഴ്ചയിൽ നിന്നും പകർത്തി വരച്ചു. ശവക്കല്ലറകൾക്ക് മുകളിൽ എഴുതിയ പലതരം വാചകങ്ങൾ അവൾ നോട്ടു പുസ്തകത്തിൽ കുറിച്ചു വച്ചു.
പുതിയൊരു ശവമടക്കിനു സെമിത്തേരി ഒരുങ്ങുകയായിരുന്നു. മേരി അവിടമാകെ ചുറ്റിയടിച്ചു. പുല്ലുകൾ വെട്ടിയൊതുക്കിയ ഭാഗത്തിൽ രണ്ടിരട്ടി വേഗതയോടെ അവൾക്ക് കടന്നു പോകുവാനായി. ക്ഷീണിച്ചപ്പോൾ ചെന്നിരുന്ന ശവക്കല്ലറ മറ്റുള്ളവയേക്കാൾ വലിപ്പമുള്ളതെന്തെന്ന് ചിന്തിക്കവേ ഒരു വൃദ്ധൻ വായുവിൽ പറന്ന കരിയില പോലെ അവിടേക്ക് വേച്ച് വേച്ച് കയറി വന്നു. കല്ലറക്കുമേൽ ഇരുന്ന് അയാൾ ചുറ്റുമുള്ള പുല്ലു പറിച്ചു. പുല്ലു പറിക്കുന്നതിനിടയിലെ അയാളുടെ പിറുപിറുക്കലുകൾ പുല്ലുകൾക്കുള്ളിൽ പായും പുൽച്ചാടികളായി. പുല്ലുകൾ മരിച്ചവരുടെ കൈവിരലുകൾ. മേരി വൃദ്ധൻ പിറുപിറുക്കുന്നതിനു കാതോർത്തു.
ചെവികളിൽ ഹെഡ് സെറ്റ് തിരുകി സംസാരിക്കുന്ന ഒരാളെപ്പോലെ അയാളുടെ ശബ്ദം പതിവിലും ഉച്ചത്തിലായി. ആ ഗാനം ചെവിയിൽ ഹെഡ്സെറ്റാൽ തിരുകിയ മറ്റൊരാളെപ്പോലെ, വൃദ്ധന്റെ പ്രാർത്ഥന മേരിയുടെ മാത്രം തലക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു. വൃദ്ധൻ പൂക്കൾക്കൊപ്പം ഒരു കടലാസ് ശവക്കല്ലറയിൽ വിട്ടിട്ടാണു പോയത്. മേരി കടലാസ് തുറന്ന് വായിച്ചു.
"എന്നാ ഒക്കെ ഒണ്ടടീ ഉവ്വേ
ഞാനതങ്ങ് തീരുമാനിച്ചടീ
അതുങ്ങടെ ഇഷ്ടം പോലെങ്ങ് നടക്കട്ടേന്ന്
വേറെ എന്നതാടീ ഞാൻ ചെയ്യണ്ടേ
രണ്ടിനേം ടാപ്പിംഗ് കത്തിക്ക് കുത്തിക്കീറി
കൊക്കോ തോട്ടത്തീ കുഴിച്ചിടണായിരുന്നോ?
ഞാനത് ഓർക്കാഞ്ഞിട്ടല്ലെന്നേ
അല്ല നീ പറ
ഒരു സത്യകൃസ്ത്യാനിക്ക് നെരക്കാത്ത എന്നതേലും
ഇന്നു വരേക്കും ഈ ഞാൻ ചെയ്തിട്ടുണ്ടോ?
കർത്താവിന്റെ ഓരോരോ പരീക്ഷണങ്ങളേ
ജീവിച്ചെനിക്ക് മതിയായെടീ മറിയേ
ചീവീടുകളുടെ കരച്ചിലുപോലുള്ള
രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ
കയ്യിലോട്ട് വച്ച് തന്ന് നീയങ്ങ്
കർത്താവിന്റെ അടുക്കലോട്ട് പോയി
അത്ങ്ങളേം കൊണ്ട് ഞാൻ
പെടാത്ത പാടില്ല
മൊലപ്പാല് കൊടുത്തില്ലാന്നേ ഒള്ള്
അത്ങ്ങൾക്ക് അമ്മച്ചിയും അപ്പച്ചനുമൊക്കെ
ഞാൻ തന്നെയാന്നേ
അല്ല അതിനൊള്ള സ്നേഹം അവര് എനിക്ക്
തരുന്നുമൊണ്ട് കേട്ടോടീ
അല്ലാരുന്നേൽ ഈ കാര്യം
അതുങ്ങ എന്നോട് പറയുവാരുന്നോ
ഒന്നും മിണ്ടാതെ
എങ്ങോട്ടാന്ന് വച്ച് ഓടിപ്പോവാൻ
അതുങ്ങക്ക് പറ്റുവാരുന്നല്ലോ
മോളടെ കല്ല്യാണം ഇത്ര ധൃതിവച്ച്
ഒറപ്പിക്കണ്ടാരുന്നല്ലേ
ഇനിയിപ്പോ ചെക്കന്റെ കൂട്ടരോട് എന്നാ
ന്യായവാ പറയാന്ന് എനിക്കറിയില്ലെന്റെ കർത്താവേ
മോള് ഒരു ദിവസം വന്ന് പറയുവാന്നേ
അപ്പച്ചാ എനിക്ക് വയറ്റിലുണ്ടെന്ന്
നീയിവിടുണ്ടാരുന്നേൽ
നെഞ്ചത്തടിയും നെലോളിയും കാരണം
എല്ലാം നാട്ടുകാരു അറിഞ്ഞേനെന്നേ
എന്നാലുണ്ടല്ലോ അത് പറയുമ്പളും
വെട്ടം വീണ പോലെ അവടെ മൊഗം
നിന്നങ്ങ് കത്തുവാരുന്നന്നേ
റബ്ബറ് വെട്ടാൻ പുലർച്ചക്ക് പോകുമ്പം
ഒരഞ്ചര അഞ്ചേമുക്കാലിനു
കെഴക്ക് കാണണ തുടിപ്പില്ലേടീ
അമ്മാതിരി തെളങ്ങുവാരുന്നവള്
ആ വെറകുപൊരേലെ സ്റ്റീഫൻ
അവടെ കൂടെ നടക്കണത്
ഞാൻ കണ്ടിട്ടുണ്ടന്നേ
ഇന്നത്തെ പിള്ളേരല്ലിയോ
ഫ്രണ്ട്സാ അപ്പച്ചാ എന്നവൾ
പറഞ്ഞിരുന്നേലും അവനൊരു
നല്ല കൊച്ചനല്ലേയെന്ന് വച്ച്
അന്ന് ഞാനത്ങ്ങ് വിട്ടെന്നേ
ആരാ മോളേ സ്റ്റീഫനാണോടീയെന്ന്
ഒരു നൂറു വട്ടം ചോദിച്ചിട്ടും
അവള് പേരു പറഞ്ഞില്ലെന്നേ
അങ്ങനെ രണ്ട് ദെവസാ
അങ്ങോട്ടും ഇങ്ങോട്ടും
മിണ്ടാതെ കഴിഞ്ഞേ
തീറ്റേം കുടീം ഒന്നുമില്ലാണ്ട്
വീടാകെ അങ്ങ് മെലിഞ്ഞു പോയെന്നേ
പട്ടണത്തീ പോയ നമ്മടെ മോൻ വന്നപ്പോ
സത്യം പറഞ്ഞാ എനിക്ക് പേടിയാരുന്നു
വെട്ടൊന്ന് മുറി രണ്ടെന്നാ അവന്റെ പ്രകൃതമേ
അടിക്കണ അടിയില് എന്റെ മോക്ക്
എന്നതേലും പറ്റുവോന്ന് പേടിയാരുന്നു മറിയേ
കല്ല്യാണം ഒറപ്പിച്ച പെണ്ണാണെന്ന് അവക്ക്
വല്ല വിജാരമുണ്ടാരുന്നോ
അവക്കവനെ അത്രേം ഇഷ്ടമാരുന്നേൽ
എന്നോടൊരു വാക്ക് പറഞ്ഞാ പോരായിരുന്നോ
എന്നൊക്കെ ഞാനവനോട് ചോദിച്ചാരുന്നു
അടച്ചിട്ട മുറിയിലെ കുശുകുശുപ്പ്
കഴിഞ്ഞ് അവൻ വന്ന് പറയുവാരുന്നേ
അപ്പച്ചാ ആ കുഞ്ഞ് എന്റെയാന്ന്
നെഞ്ച് വേദന വന്ന് നിന്റടുത്ത്
എത്തിയെന്നാ ഞാൻ കരുതിയേ
വീണ വീഴ്ചയിലും എന്നതാ
ഞാനീക്കേട്ടതെന്ന് പിന്നേം പിന്നേം
ആലോചിക്കുവാരുന്നേടീ ഉവ്വേ
ഞാനിത് വരെ നമ്മടെ മക്കളെ
കൈകൊണ്ട് അടിച്ച് നീ കണ്ടിട്ടൊണ്ടോ?
എന്നട്ടും അന്ന് എന്റെ കയ്യ് അതുങ്ങടെ
നേരെ പൊങ്ങിപ്പോയന്നേ
എനിക്കെന്നാ ചെയ്യണ്ടേയെന്ന്
ഒരു പിടുത്തവും ഇല്ലാരുന്നെടീ ഉവ്വേ
ആകെ ഒരു പരവേശമാരുന്നെന്നേ
പിന്നെ തോന്നി ഇങ്ങനെ നിന്നിട്ട് എന്നാ കാര്യം
ഞാനവരെ വിളിച്ച് മക്കള് പേടിക്കണ്ട
നമ്മക്കിതങ്ങ് കളയാം എന്നട്ടിതങ്ങ് മറക്കാമെന്നേ
അബദ്ധത്തിൽ സംഭവിച്ചതല്ലിയോ
കർത്താവ് നമ്മളോട് പൊറുക്കും
എന്നു പറഞ്ഞതും
മോള് ചാടിപ്പറഞ്ഞേക്കുവാ
അവക്കതിനെ വളർത്തണമെന്ന്
പ്രസവിക്കണമെന്ന്
നിന്റെയതേ വീറാണ് മോക്ക് കിട്ടിയേക്കുന്നേ
ഒരു അണയ്ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഊഹും
ഞാനവനോട് പറഞ്ഞു നോക്കി
മോനേ ഇരുചെവി അറിയാണ്ട്
നമ്മക്കിപ്പോ ഇതങ്ങ് തീർക്കാം
അല്ല നീ ഒന്ന് പറ
സത്യകൃസ്ത്യാനികൾ ഇതെങ്ങാനും
അറിഞ്ഞാൽ ജീവിക്കുവാൻ വിടുവോ
എന്നേം അവരേം പണ്ട് ഈശോയെ
ക്രൂശിച്ചതു പോലെ കുരിശിലേറ്റൂലേന്ന്
സംഗതി നമ്മടെ മതഗ്രന്ഥത്തിലു
ഇമ്മാതിരി കഥയൊക്കെ ഒണ്ടേലും
അത് ജീവിതത്തിൽ വന്നാ
വിശ്വാസികളു വെറുതെ വിടുവോ?
പിന്നെയാ ഞാനറിഞ്ഞത്
അവനാണ് ആ കുട്ടിയെ വളർത്തണമെന്ന്
അവളോട് പറഞ്ഞെതന്ന്
അപ്പച്ചാ ഞങ്ങളു തമ്മില് സ്നേഹത്തിലാണ്
ആ സ്നേഹം അപ്പച്ചനു അമ്മച്ചിയോട് ഉള്ളപോലാന്ന്
ഞങ്ങള് എങ്ങോട്ടേലും പോയിക്കോളാമെന്ന്
അവനും അവളും എന്റെ കാലീ വീണ് പറഞ്ഞു
ഒന്നാലോചിച്ചാൽ നീ ചത്ത് മണ്ണടിഞ്ഞത്
നന്നായെടീ മറിയേ
ഇമ്മാതിരി കാര്യങ്ങള് കേക്കുവേം പറയുവേം
വേണ്ടല്ലോ
കണ്ണീര് വീണ് വീണ്
ഞാൻ കെടക്കണ ചാരു കസേരയുടെ
തുണി കരിമ്പനടിച്ചന്നേ
അമ്മാതിരി വെഷമമല്ലേ നെഞ്ചത്ത്
ഇഞ്ചിക്കടിക്കണ വെഷം
കുടിച്ചങ്ങട് ചത്താലോന്ന്
പലവട്ടം ആലോയ്ച്ചതാന്നേ
അതുങ്ങടെ മൊഗം ഓർക്കുമ്പൊ
ഒന്നിനും പറ്റണില്ലെന്നേ
സത്യകൃസ്ത്യാനിക്ക് നിരക്കുന്ന പണി
വല്ലോം ആന്നോ ഞാനന്ന് ചെയ്തേ?
ആ കുഞ്ഞിനെ ഒരു ജീവനെ
ഇല്ലാതാക്കുവാൻ നോക്കിയതേ
അല്ലന്നെനിക്ക് അറിയാമെന്നേ
പിന്നെ എന്നാന്ന് വച്ചാ
കർത്താവ് ഒക്കെ കാണുന്നുണ്ടടീ
അപ്പോ ഞാനതങ്ങ് തീരുമാനിച്ചടീ ഉവ്വേ
അവരു അവര്ടെ ഇഷ്ടത്തിനു ജീവിച്ചോട്ടേന്ന്
ഏതേലും നാട്ടില്
ഏതേലും മൂലേല്
അവര് കഴിയട്ടേന്നേ
എനിക്ക് നീ ഒറങ്ങണ ഈ മണ്ണ്
വിട്ട് പോകാൻ പറ്റാത്ത കൊണ്ടാ കേട്ടോ
ഇല്ലാരുന്നേൽ ഞാനും പോയേനെ
അതുങ്ങടെ ഒപ്പം
ഇന്നലെ ഞാൻ സ്വപ്നം കണ്ടെടീ ഉവ്വേ
നീയാ കുഞ്ഞിന്റെ വിരലേ പിടിച്ച്
എന്നെ നോക്കി ചിരിക്കുവാ
അതാ ഞാനിങ്ങ് മിണ്ടാൻ വന്നേ
അല്ലാ എന്നാ ഒക്കെ ഒണ്ടടീ ഉവ്വേ അവടെ
സുഖമാന്നോ?’
സെമിത്തേരിയിൽ പുതിയ ശവമടക്കിന്റെ ചടങ്ങുകൾ തുടങ്ങുന്നതിന്റെ ശബ്ദം മേരിയെ ഉണർത്തി. വൃദ്ധൻ അവിടെ നിന്നും പോയിക്കഴിഞ്ഞിരുന്നു. അവളാ കടലാസ് തിരികെ വച്ചപ്പോൾ ശവക്കല്ലറയ്ക്കും മേരിക്കും ഇടയിൽ പതിയെ ശാന്തത കൈ വന്നു.
ആമിർ അലിക്ക് മേരിയെക്കൂടാതെയും വളണ്ടിയർമാർ വരികയുണ്ടായി. പല രാജ്യങ്ങളിൽ നിന്നുമുള്ളവർ. കലോത്സവത്തിന്റെ ഭാഗമായി ചുമരായ ചുമരുകളിലെല്ലാം ഗ്രാഫിറ്റി ചെയ്യുന്നതിനുള്ള ചുമതല വന്നു ചേർന്നത് ഫ്രാൻസിൽ നിന്നും വന്ന ഒരു നാടോടി സംഘത്തിനായിരുന്നു.
പൂപ്പൽ പിടിച്ച് തുടങ്ങിയ മതിലുകളിൽ ആധുനികാനന്തര യന്ത്രങ്ങളെ ഗ്രാഫിറ്റി ചെയ്യുന്നതിനാണ് ഫ്രഞ്ച് സംഘം തീരുമാനിച്ചത്. അതിനായി അവർ വിവിധ തരങ്ങളിലുള്ള രൂപകൽപനകൾ പരിശോധിക്കുകയും പുതിയ ഘടനയുള്ള യന്ത്രങ്ങളെ പുനർനിർമ്മിച്ച് ആ മാതൃകകളെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുകയും ചെയ്തു.
വ്യക്തിപരമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി ആമിർ അലിക്ക് ഇസ്താൻബുള്ളിൽ പോകേണ്ടി വന്നതിനാൽ ലഭിച്ച ഒഴിവുസമയങ്ങളിൽ മേരി ഫ്രഞ്ച് സംഘവുമായുള്ള ചർച്ചയിൽ പങ്കെടുക്കുകയും യന്ത്രങ്ങളേയും ജീവികളേയും വേർത്തിരിക്കുവാനാകാത്ത വിധത്തിലുള്ള മാതൃകകളെ അവർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പുകവലി പരിശീലിച്ചു കൊണ്ടിരുന്ന സമയമായിരുന്നതിനാൽ മേരി കൈകളിൽ സിഗററ്റ് പാക്കറ്റ് കരുതുമായിരുന്നു. ഒരുമിച്ച് പുകയെടുത്തു തുടങ്ങിയ പരിചയത്തിന്റെ പേരിലായിരുന്നു സംഘത്തിലെ ഏറ്റവും ചെറുപ്പക്കാരിയായിരുന്ന എമിലി മേരിയോട് കയ്യിൽ പുകയുന്ന ലഹരിയുണ്ടോ എന്ന് അന്വേഷിക്കുന്നത്. വൈകീട്ട് മുറിയിലേക്ക് വരുവാൻ മേരി എമിലിയെ ക്ഷണിച്ചു.
അന്നു രാത്രി ഒറ്റക്കാണ് എമിലി മേരിയെത്തിരക്കി എത്തിയത്. മുറിയുടെ ഒരു മൂലയിൽ ചുരുണ്ടു കിടക്കുകയായിരുന്ന ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു പൊതിയെടുത്ത് അവൾ എമിലിക്ക് എറിഞ്ഞു കൊടുത്തു. നഗരത്തിന്റെ പ്രാദേശിക ഭാഷ അറിയുന്നവർക്ക് എളുപ്പം ലഭ്യമാകുന്ന ഒന്നായിരുന്നു ലഹരി. മാത്രവുമല്ല അവളുടെ കൂടെ ജോലി ചെയ്യുന്ന സഹായികളിൽ ഒന്ന് പുകലഹരിയുടെ ഏജന്റായി അവർക്കിടയിൽ തന്നെ ഉണ്ടായിരുന്നു.
എമിലി അവളോട് കടലാസ് ചോദിച്ചു. പകരം മേരി അവൾക്കൊരു സിഗററ്റ് നൽകി. അത് വാങ്ങുവാൻ കൈ നീട്ടിയ എമിലിയുടെ നീളൻ കൈകൾ അവൾ ശ്രദ്ധിക്കാതിരുന്നില്ല. എമിലി അവിടെ ഇരുന്നു കൊണ്ടു തന്നെ സിഗററ്റിലെ പുകയില അഴിച്ചിട്ടു. മേരി വാതിൽ അടച്ചിട്ടു തിരികെ വന്നു. രണ്ട് കൈകൾ കൊണ്ട് പുകയിലയും ലഹരിയും കൂടി അമർത്തിപ്പൊടിച്ചു സിഗററ്റ് പായ്ക്കറ്റിൽ ഒരു തീപ്പെട്ടിക്കോൽ വച്ച് കുത്തിക്കയറ്റി അറ്റം ചുരുട്ടി കൂർപ്പിച്ചടച്ചു.
എടുത്ത ആദ്യ പുകയിലേ മേരി ചിരി തുടങ്ങി. അവളുടെ ചിരി കണ്ട് എമിലി ഫ്രഞ്ചിൽ എന്തോ പറയുന്നുണ്ടായിരുന്നു. മേരിക്ക് നല്ല രസം തോന്നി. അവർക്കു ചുറ്റും പുകയുടെ അദൃശ്യമായ ബന്ധം നിലനിന്നിരുന്നു. മേരി എമിലിയുടെ മുഖത്ത് തൊട്ട് തനിക്ക് ഒരു സംശയം ചോദിക്കുവാനുണ്ടെന്ന് ആംഗ്യം കാണിച്ചു. ഓക്കെ ഷൂട്ട് എന്ന് എമിലി അനുവാദം നൽകി.
"സുന്ദരിക്കോതേ’, മേരി അവളെ ഉച്ചത്തിൽ വിളിച്ചു.
തനിക്ക് മുൻപ് ആരൊക്കെ ഇവളെ ആ പ്രത്യേക വാക്ക് വിളിച്ചു കാണും എന്ന് ആലോചിച്ചു കൊണ്ട് മേരി ചോദ്യത്തിലേക്ക് കടന്നു.
"ആരുടെ വിയർപ്പു തുള്ളികളേറ്റാണ് നിന്റെ ചർമ്മം ഇങ്ങനെ കരിമ്പൻ അടിച്ചത്?’
"ഈ മുഖം നിറച്ചും കരിമ്പൻ പുള്ളികൾ’
എള്ളിൻ മണികൾ പോലെ എമിലിയുടെ മുഖം നിറഞ്ഞു കിടക്കുന്ന കറുത്ത പുള്ളികൾ അവൾ ഓമനിച്ചു. ഋതുക്കൾ കടന്നു പോകും നേരം മരങ്ങൾ എവ്വിധം തലകുനിഞ്ഞു നിന്നുവോ അവ്വിധം മേരിയുടെ തലോടലേറ്റ് എമിലി ചാഞ്ഞു. സാവധാനം എമിലി മേരിക്കരികിലേക്ക് തല നീട്ടി ചുണ്ടിൽ ഉമ്മ വച്ചു. സ്നേഹം നിറഞ്ഞ ഇരുമ്പൻ പുളിയുടെ മണമുള്ള ചുംബനം മേരിയെ തളർത്തിയെങ്കിലും ഒന്നു കൂടെ വേണമെന്ന് മേരി കൈവിരൽ കൊണ്ട് ആംഗ്യം കാണിച്ചു. എമിലിയുടെ ചുണ്ടുകൾ പുഞ്ചിരിയിലേക്ക് വളഞ്ഞു കോടിയ ശേഷം മേരിക്കരികിൽ വന്നു.
‘‘ആഹാ എത്ര പുളിഞ്ചിയായ വായ്നാറ്റം പല്ലു തേയ്ക്കാത്ത ഫ്രഞ്ചുകാരി” മേരി ശബ്ദം കേൾപ്പിക്കാതെ പറഞ്ഞു. എമിലി ഒന്നു കൂടെ കുനിഞ്ഞ് കൈകൾ കൊണ്ട് മേരിയുടെ ശിരസ് വലിച്ച് അടുപ്പിച്ചു. ഇപ്രാവശ്യം ഉമ്മ വച്ചപ്പോൾ മേരിയുടെ ചുണ്ടുകൾ പിളർന്നു പോയി. കടിച്ചു പിടിച്ചു വച്ചിരുന്ന പല്ലുകളിൽ എമിലിയുടെ നാവ് പലപ്രാവശ്യം വന്നു മുട്ടി. അളകളിൽ നിന്നും പുറത്തു തലയിട്ടു നോക്കുന്ന മുഷിക്കുഞ്ഞാണോയെന്ന് മേരി സംശയിച്ചതേയുള്ളൂ എമിലിയുടെ നാവ് വായ്ക്കുള്ളിലേക്ക് നുഴഞ്ഞു കയറി. ഇത്തരത്തിലൊന്ന് മേരിയുടെ ആദ്യാനുഭവമായിരുന്നു. ചുണ്ടും നാവും ഒരുമിച്ചുപയോഗിക്കുന്ന പ്രയോഗത്തിൽ തങ്ങളിൽ ആരാണ് അലിഞ്ഞു പോകുവാൻ പോകുന്നതെന്ന് അവൾ കൗതുകം കൊണ്ടു. പിടിച്ചു നിൽക്കുവാൻ സർവ്വ ശക്തിയും മേരിയുപയോഗിച്ചു. കെട്ടിപ്പിടിച്ചപ്പോൾ എമിലിയുടെ എല്ലുകൾ നുറുങ്ങിപ്പോകുന്ന ശബ്ദം കേട്ട് കണ്ണുകൾ പാതി തുറന്നു.
പിറ്റേദിവസം ഉണർന്നപ്പോൾ എമിലി കിടക്കയിൽ ചുളുങ്ങിയ കിടക്കവിരി പോലെ ഉണ്ടായിരുന്നു. അവൾ കുഞ്ഞു കുട്ടികളെപ്പോലെ വായ തുറന്നു ഉറങ്ങുന്നത് മേരി വസ്ത്രം ധരിക്കുന്നതിനിടെ നോക്കി നിന്നു. തന്നെ ഉമ്മ വച്ചുറക്കിയ എമിലിയുടെ ചുണ്ടുകൾ കഴിഞ്ഞ ദിവസത്തേക്കാൾ ചുവന്ന് തെളിഞ്ഞത് മറ്റാരെങ്കിലും ശ്രദ്ധിക്കുമോയെന്നും ഓ ശ്രദ്ധിക്കുവാണെങ്കിൽ അങ്ങ് ശ്രദ്ധിക്കട്ടേയെന്നും മേരി പല സമയങ്ങളിലായി ആലോചിച്ചു. കടൽവെള്ളം കയറി നിൽക്കുന്ന മതിലിൽ ഭീമാകാരനായ യന്ത്രത്തിന്റെ പണി ഏറ്റെടുത്തതിനാൽ വെളുപ്പിനേ കാപ്പി കുടിച്ചതിനു ശേഷം മേരിയെ മുറിയിൽ തനിച്ചാക്കി എമിലിക്ക് പണിയിടത്തേക്ക് മടങ്ങേണ്ടി വന്നു. മഞ്ഞ നിറത്തിലായിരുന്നു എമിലി തന്റെ കൈകൾ വഴക്കിയത്. മഞ്ഞ വന്യതയാണ് ഇരുമ്പിന്റെ യഥാർത്ഥ നിറം. പുളിപ്പ് നിറഞ്ഞത്. ആർക്കും എളുപ്പം ദഹിക്കാത്ത ഒന്ന്.
അന്നുച്ചക്ക് അവർ മസാലദോശ കഴിച്ചു. എമിലി താമസം മേരിയുടെ മുറിയിലേക്ക് മാറ്റി. പലപ്പോഴും സംസാരഭാഷ തമ്മിൽ തമ്മിൽ മനസിലാകില്ല എങ്കിലും അവർ ചിരിച്ചു കൊണ്ടിരുന്നു. ചിരിക്കുന്നതിന് അപ്പോൾ അവർക്ക് ലഹരിയുടെ ആവശ്യമില്ലായിരുന്നു.
എമിലി വരച്ചു തുടങ്ങി. ചങ്ങലകൾ നിറഞ്ഞ യന്ത്രം മുൻപ് കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. എന്നാലത് വളഞ്ഞു പുളഞ്ഞു കിടന്നിരുന്നു. മഞ്ഞകൾക്കിടയിൽ കറുപ്പു നിറത്തിന്റെ സാധ്യത എമിലി ഉപയോഗിച്ചു. നീരാളിയെ യന്ത്രവത്ക്കരിക്കുകയാണോയെന്ന ആകാംക്ഷ കാരണം എമിലിയെക്കാണാൻ മേരി ഒരോ ദിവസവും ഓടി വന്നു. ഹെലികോപ്ടറോ തുമ്പിയോ എന്നെല്ലാം മേരി യന്ത്രത്തിന്റെ കൈകളെ സംശയിച്ചു. ജീവിതത്തിൽ ഇതുവരേയും സംഭവിക്കാതിരുന്നത്രയും സ്നേഹം മേരിയെ വളഞ്ഞു. യന്ത്രക്കൈകൾക്കൊണ്ട് അത് മേരിയെ ഞെരിച്ചു. തനിക്കു രക്ഷയില്ലെന്ന് അവൾ മനസിലാക്കി. ▮
(തുടരും)