ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.

സ്താൻബുളിൽ നിന്ന് അലി തിരിച്ചെത്തി കളിമണ്ണ് തിരഞ്ഞെടുത്ത് പണി തുടങ്ങിയിരുന്നു. ആദ്യ ദിവസങ്ങളിൽ അലിയുടെ കൈ നീക്കങ്ങളെ ശ്രദ്ധിച്ച മേരിക്ക് അയാളുടെ നാട്ടിലെ ഗലികളെ മനസിലായിത്തുടങ്ങിയിരുന്നു.
ഇഷ്ടികകൾ പാകിയ വഴികളിൽ അവൾ വിരലോടിച്ചു.
നഗരത്തിന്റെ ഒരരികു മേരിയെ സ്വന്തമായി എല്പിച്ച് അലി കളിമണ്ണിന്റെ ഗുണം പരിശോധിക്കാൻ ലാബിലേക്ക് പോയ ദിവസം മേരിയെ തിരക്കി എമിലി എത്തി.

ഇന്നു പണിയുണ്ടെന്ന് മേരി പറഞ്ഞില്ല പകരം നഗരത്തെ പണിതു കൊണ്ടിരുന്നു.

അവളുടെ കൈകളിൽ കളിമണ്ണു കുഴഞ്ഞു കിടന്നു.
വെള്ളം കൂടുതൽ ചേർത്ത് ചില ഭാഗങ്ങൾ മിനുസപ്പെടുത്താനാണ് അവൾ ശ്രമിച്ചു കൊണ്ടിരുന്നത്. അതുവരെ നഗരത്തിലെ ബാർബർഷാപ്പിനെ നോക്കിക്കൊണ്ടിരുന്ന എമിലി മേരിയുടെ അടുത്തു വന്നു അവളുടെ കൈകൾ എടുത്ത് തന്റെ മുഖത്തു വച്ചു. വെള്ളത്തിൽ കുഴഞ്ഞ കളിമണ്ണു അവളുടെ കവിളിൽ ഒട്ടിപ്പിടിച്ചു. മേരി ആ കൈ കൊണ്ട് അവളെ ഓമനിച്ചു. എമിലിയുടെ കവിളിലും മൂക്കിലും നെറ്റിയിലും കളിമണ്ണു തണുത്തു കിടന്നു. ഒന്നും പറയാതെ എമിലി മേരിയുടെ കൈ കഴുത്തിൽ വച്ചു. മേരി കൈ എടുത്ത് കളിമണ്ണിൽ മുക്കി എടുത്ത് അവളുടെ കഴുത്തിൽ തേച്ചു. കളിമണ്ണിന്റെ തണുപ്പിൽ അവൾ പുളഞ്ഞു. താൻ കൈ വക്കുമ്പോൾ പുളയാത്ത ആമിർ അലിയുടെ നഗരത്തെ തനിക്കു വേണ്ടെന്ന് മേരി തീരുമാനിച്ചു. പകരം തന്നെ പരിഗണിച്ച മറ്റൊരു നഗരത്തെ അവൾ അഴിച്ചു പണിതു തുടങ്ങി.

മേരി എമിലിയെ എടുത്ത് കൊണ്ടു വന്ന് താൻ നിർമിച്ചു തുടങ്ങിയ നഗരത്തിനു മുകളിൽ വച്ചു. പുതിയൊരാകാശത്തിനെ താങ്ങാൻ കഴിയാതെ ആ നഗരം നിലം പൊത്തി. മേരി പതിവികധികം ജലം കളിമണ്ണുമായി കുഴക്കുന്നതിനായി ഉപയോഗിച്ചു. ചോക്ലേറ്റ് ക്രീം പോലെ കളിമണ്ണു അഴകൊഴയായി. ഏത് രൂപത്തിലേക്കും വഴങ്ങുവാൻ തക്ക സമ്മതം അവയിൽ നിന്നും മേരി ഏറ്റുവാങ്ങി. എമിലിയുടെ വസ്ത്രങ്ങൾ ഓരോന്നായി മേരി അഴിച്ചു മാറ്റി. കളിമണ്ണു കൊണ്ട് ഇസ്താൻബുള്ളിലെ ഇഷ്ടിക പാതകൾ എമിലിയുടെ അരക്കെട്ടിൽ നിന്നും കഴുത്തിലേക്ക് അവൾ നിർമിച്ചു. വളരെ സാവധാനം ഇഷ്ടികകളുടെ മുറിവുകൾക്കായി നഖം ഉപയോഗിച്ചപ്പോൾ എമിലി ഞരങ്ങി. ഓരോ ശ്വാസോച്ഛ്വാസത്തിലും ഇഷ്ടിക പാതകൾ വിറച്ചു.

കളിമണ്ണുകൊണ്ട് എമിലിയെ മൂടി മേരി നഗരത്തെ നിർമിച്ചു കൊണ്ടിരുന്നു. അവളുടെ അരക്കെട്ടിനു താഴെ സെമിത്തേരി പണിതു. തുടകളിൽ നദിക്കപ്പുറമിപ്പുറമുള്ള വീടുകളും കെട്ടിടങ്ങളും നിർമിച്ചു. കാൽമുട്ടിൽ നിന്നും മറ്റൊന്നിലേക്ക് ഒരു പാലം പണിതു. വയറിൽ ഒരു ജലധാരായന്ത്രം പിടിപ്പിച്ചു. ചുറ്റും ആളുകൾക്കു നടക്കുന്നതിനും ഇരിക്കുന്നതിനും കുറച്ചു ഇടം വൃത്തിയായി ഒഴിച്ചിട്ടു. വാരിയെല്ലുകളിൽ കൂർത്ത ഗോപുരങ്ങൾ, കൊട്ടാരങ്ങൾ, പോസ്റ്റാഫീസുകൾ, ബാർബർ ഷാപ്പുകൾ, പാർക്കുകൾ വസ്ത്രശാലകൾ, ഷൂസു കടകൾ, ചീസ് വില്പനശാലകൾ, സുഗന്ധവ്യഞ്ജനശാലകൾ എന്നിങ്ങനെ പണിതുയർത്തി. മുലകളിൽ കുന്നിന്മുകളിലെ പള്ളികൾ പണിതു. ഒന്ന് മുസ്​ലിം പള്ളിയും മറ്റൊന്ന് ക്രിസ്ത്യനും. തുടകൾക്കിടയിലൂടെയൊഴുകുന്ന നദി കഴുത്തിൽ നിന്നും പുറപ്പെട്ടു. കക്ഷങ്ങൾ താഴ് വരകൾ അവിടെ ചെമ്മരിയാടുകളെ അഴിച്ചു വിട്ടു. സെമിത്തേരിയിൽ ഇന്നൊരു അന്ത്യകൂദാശയുണ്ട്. പെട്ടെന്ന് നദിയിൽ വെള്ളം കൂടി. പാലം ഒലിച്ചു പോയി. മേരിയുടെ കൈകൾ നാഗരികത തട്ടിത്തെറിപ്പിച്ചു. അവൾ നഗരത്തെ ഉമ്മ വച്ചു കൊണ്ടിരുന്നു. ഒരോ ഉമ്മയിലും ആയിരമായിരം കെട്ടിടങ്ങൾ തകർന്നു വീണു. കിലോമീറ്ററുകളോളം ഇഷ്ടിക പാതകൾ പൊട്ടിപ്പൊളിഞ്ഞു.

മലമുകളിലെ പള്ളികളിൽ കൂട്ടമണിയടിച്ചു. എമിലിയുടെ ശരീരം കൂമ്പി പിന്നെ വിടർന്നു. മേരി ഇസ്താൻബുൾ നഗരത്തിലെ സബ് വേയ്ക്കരികിൽ തന്റെ ചുണ്ടുകൾ കൊണ്ട് വച്ചു.
‘എന്താണിത്', മേരി ചോദിച്ചു
‘പുരാതന ഇസ്താംബുള്ളിലെ രഹസ്യതുരങ്കങ്ങൾ'

മേരി തുരങ്കത്തിൽ മുഖമമർത്തി. തുരങ്കം ജീവൻ വച്ച് മേരിയെ ഉള്ളിലേക്കു ക്ഷണിച്ചു കൊണ്ട് വാതിലുകൾ മലർക്കെ തുറന്നു. ആദ്യമായി നഗരം കാണുന്ന കൗതുകത്തോടെ ഒരു കുട്ടി വഴി തെറ്റി അവിടെ മൊത്തം കറങ്ങി നടന്നു. പള്ളികൾ ഉള്ളം കയ്യിൽ പൊടിഞ്ഞു പോയി. വിയർപ്പിൽ കളിമണ്ണു വീണ്ടും കുഴഞ്ഞു. ഒരു നഗരത്തിനു മേലെ മറ്റൊരു നഗരത്തിന്റെ അവശിഷ്ടങ്ങളുമായി മേരി കിടന്നു. ഒരു കലാകാരനും തന്റെ നിർമ്മാണത്തിൽ അതു വരേയും സാധ്യമാകാതിരുന്ന ജീവൻ എന്ന നിതാന്തസത്യം ആ നിർമിതിയിലൂടെ കടന്നു പോയി. സ്‌നേഹത്തിൽ നിന്നും ഓടിയൊളിക്കുവാനുള്ള ജന്മവാസന മേരിയിൽ തിളച്ചു പൊന്തി.

ആർട്ട് ഫെസ്റ്റിവൽ ആരംഭിച്ചതിനു ശേഷം, എമിലി ഫ്രാൻസിലേക്ക് തിരികെ പോയപ്പോൾ മേരി മറ്റൊരു ജീവിതം തിരഞ്ഞെടുത്തു. ഒഴിവുദിവസങ്ങളിൽ അപ്പുറത്തുള്ള ബാൽക്കണിയിലെ ചെടികൾ വളരുന്നതും നോക്കി പുകയൂതി നിൽക്കുക ഒരു പതിവായി. അതിലൊരു വൈകുന്നേരം പടിഞ്ഞാറ് ദിശയിലേക്ക് ഇര തേടിപ്പോയി തിരികെ വന്ന കിളി ഒരിടത്ത് തന്നെ വട്ടമിട്ട് ചിലച്ച് ചിറകടിക്കുന്നത് അവൾ ശ്രദ്ധിച്ചു. താഴെ കൂടു വച്ച മരം ഏതാനും മനുഷ്യർ കഷ്ണങ്ങളായി കൊണ്ട് പോകുന്നത് കണ്ടു. ഇലകളുള്ള ചില്ലകൾ മുറിച്ച് ദൂരേയ്ക്ക് മാറ്റിയിട്ടിരിക്കുന്നു. തിരികെ വിളിക്കുവാനോ കയറി ചെല്ലുവാനോ വീടില്ലാത്തവരുടെ വിഷമത അവളെ ചുറ്റി.

അവൾക്ക് ആലീസ് എന്ന നാട് ഓർമ്മ വന്നു, അന്നമ്മേച്ചിയമ്മയെ ഓർമ്മ വന്നു, ലില്ലിയെ ഓർമ്മ വന്നു. ജീവിതക്കാലം മുഴുക്കെ വാടകക്കാരനാകാൻ വിധിക്കപ്പെട്ടവൻ ഓരോ വീടുമാറ്റത്തിലും ഉപേക്ഷിക്കുന്ന ഉപയോഗശൂന്യമായേക്കാവുന്ന വസ്തുക്കളെ പോലെ അവരേയും അവൾ കണക്കാക്കി. ആയിടക്കാണ് എതിരേയുള്ള കോഫീ ഷോപ്പിൽ ദിവസേന ഒൻപതു തവണയെങ്കിലും കാപ്പി കുടിക്കുവാൻ വരുന്ന വൃദ്ധനെ മേരി ശ്രദ്ധിച്ചു തുടങ്ങിയത്. വയസനെങ്കിലും ദിവസവും ഷേവ് ചെയ്യുന്നയാൾ. വൃത്തിയുള്ള ഒരു മനുഷ്യനെന്ന് അകലെ നിന്നും ഏതൊരാൾക്കും തോന്നും. അത്ര കൃത്യമായി തലമുടി ചീകിയ ഒരാൾ. വിലകൂടിയതും എന്നാൽ പഴകിയതുമായ ഷൂസിൽ പറ്റിയേക്കാവുന്ന അഴുക്കിനെ അനുമാനിച്ച് നടപ്പ് നിർത്തിക്കഴിഞ്ഞാൽ രണ്ടു തട്ടു തട്ടി വൃത്തിയായതായി കരുതി എല്ലാ ദിവസവും ഒരേ കോട്ട് അണിഞ്ഞ് വന്നു കൊണ്ടിരുന്ന അയാളിൽ മേരിക്ക് താത്പര്യം ഉണരുവാൻ കാരണമുണ്ടായിരുന്നു.

ദിവസവും കാപ്പി കുടിക്കുന്നതിനു സ്ഥിരമായൊരു ഇരിപ്പിടം അയാൾ തിരഞ്ഞെടുത്തു. കാപ്പി കടയിൽ തിരക്കുള്ള ദിനങ്ങളിൽ അതേ മേശ ഒഴിയും വരെ പുറത്ത് ക്ഷമയോടെ അയാൾ കാത്തു നിന്നു. മേരിക്ക് അയാളിൽ വലിയ വിശ്വാസം തോന്നി. സ്‌നേഹത്തിനായി അയാൾ ജീവിതാവസാനം വരേക്കും കാത്ത് നിന്നേക്കുമെന്ന് തോന്നി. കാപ്പി കുടിക്കുന്നതിനിടെ അയാൾ എന്നും ഓരോ സിഗററ്റ് വീതം വലിച്ചു. സിഗററ്റിന്റെ തുമ്പിലെ ചാരം കാറ്റിൽത്തട്ടിക്കളഞ്ഞു. മേശയിൽ പൊടിഞ്ഞ അംശങ്ങളെ ചില സന്ദർഭങ്ങളിൽ ഊതി പറത്തി.

അയാളെക്കുറിച്ച് പല തരത്തിലുള്ള കഥകൾ പ്രചരിച്ചിരുന്നു. ആളൊരു കുറ്റവാളി ആണെന്നും തടവിൽ നിന്നും പുറത്തിറങ്ങിയതേയുള്ളൂവെന്നും അങ്ങനെയല്ല എഴുത്തുകാരനാണെന്നും വലിയ മദ്യപാനിയാണെന്നുമായിരുന്നു കേൾവികളിൽ മികച്ചു നിന്നത്. കാപ്പിക്കടയിലെ എടുത്തു കൊടുപ്പുകാരൻ, മദ്യപാനത്തിൽ നിന്നും മുക്തി നേടുവാനാണ് അയാളീ കാപ്പികുടി തുടങ്ങിയതെന്ന വാദത്തിൽ ഉറച്ചു നിന്നു. പുരികം പതിവിൽ കൂടുതൽ കട്ടിയുള്ളതാണെന്നും പട്ടാളക്കാരനോ പോലീസുകാരനോ ആകുന്നതിനാണ് സാധ്യതയെന്നും പണം വാങ്ങുന്നയാൾ മേരിയെ അറിയിച്ചു. സീറ്റിനരികിൽ വന്നിരുന്ന് പരിചയപ്പെടാൻ ശ്രമിച്ച് അയാളാൽ തീർത്തും അവഗണിക്കപ്പെട്ടു പോയ ഒരു മദ്ധ്യവയസ്‌ക്കയെ കാപ്പികടക്കാർ ഓർത്തു.

അതേ സമയം ആർട്ട് ഫെസ്റ്റിവലിന്റെ തന്നെ ഭാഗമായി സംഘടിക്കപ്പെട്ട നാടകത്തിൽ വൃദ്ധയായി വേഷം കെട്ടി വരികയായിരുന്നു മേരി. ആദ്യമായി അഭിനയിക്കുന്ന മേരിയുടെ അപാകതകൾ നാടകസംവിധായകനെ പ്രകോപിതനും നിരാശനുമാക്കി. അയാൾ മേരിയെ നോക്കിക്കൊണ്ട് ഇടയ്ക്കിടെ സിഗററ്റ് കുത്തിക്കെടുത്തിക്കൊണ്ടിരുന്നു. ഉള്ളിലെ യൗവ്വനം മേരിയുടെ വൃദ്ധഭാവങ്ങൾക്കിടയിലൂടെ നിഴലിച്ചു. പരിഹാരമെന്നോണം വൃദ്ധജനങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകുന്നതിനും അവരുടെ സ്വാഭാവിക ചലനങ്ങളും സ്വഭാവങ്ങളും പ്രതികരണ രീതികളും നിരീക്ഷിക്കുന്നതിനും സംവിധായകൻ നിർദേശം നൽകി. തത്ഫലമായി മേരി കണ്ടെത്തിയ വഴി ആയിരുന്നു കാപ്പിക്കടയിലെ വൃദ്ധൻ.

വൃദ്ധനെ നിരീക്ഷിച്ചു തുടങ്ങിയതിന്റെ മൂന്നാമത്തെ ദിവസം കഥാപാത്രത്തിന്റെ ചായമണിഞ്ഞ് ചർമ്മത്തിൽ ചുളിവുകൾ വിരിയിച്ച് വേഷം കെട്ടി മേരി പുറത്തിറങ്ങി. വൃദ്ധൻ കാപ്പി കുടിക്കുന്ന കടയിൽ ചെന്നിരുന്ന് കാപ്പി ഓർഡർ ചെയ്ത് ഒരു സിഗററ്റ് വലിച്ച് അന്ന് അവൾ തിരിച്ചു പോന്നു. കടക്കാരാരും തിരിച്ചറിയാതിരുന്നത് ആത്മവിശ്വാസം കൂട്ടിയപ്പോൾ, പിറ്റേദിവസം വൃദ്ധൻ വരുന്ന സമയം മേരി അതേ വേഷങ്ങളുമണിഞ്ഞ് കാപ്പി കടയിൽ എത്തി. ഒഴിഞ്ഞ സീറ്റുകൾ ഉണ്ടായിരുന്നിട്ടും വൃദ്ധനു സമീപം വന്നിരുന്ന് മേരി കാപ്പി ഓർഡർ ചെയ്തു. അപ്പോഴെല്ലാം അയാൾ കത്തിച്ചിട്ടില്ലാത്ത സിഗററ്റ് പല്ലു കൊണ്ട് കടിച്ചു പിടിച്ച് പോക്കറ്റ് ഡയറി പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. വൃദ്ധൻ മേരിയെ ശ്രദ്ധിച്ചതേയില്ല. മേരിയാണെങ്കിൽ മേക്കപ്പ് അഴിഞ്ഞു വീണേക്കുമോയെന്ന് ഭയന്ന് ഇടയ്ക്കിടെ കയ്യിലൊളിപ്പിച്ചൊരു കണ്ണാടിയിൽ നോക്കി തുണിയാൽ മുഖം ഒപ്പുകയും വിഗ് അമർന്നിരിക്കുന്നത് ഉറപ്പു വരുത്തുകയും ചെയ്തു കൊണ്ടിരിക്കയായിരുന്നു.

സിഗററ്റ് കത്തിക്കുന്നതിനായി പഴകിയ കോട്ടിൽ തീപ്പെട്ടി തിരഞ്ഞ വൃദ്ധനു മുന്നിലിരുന്നു പുകയൂതിയ മേരി തന്റെ സിഗററ്റ് തീ പകരുവാനായി അയാൾക്ക് നൽകി. അവർ രണ്ടു പേരുടേയും പുകയൂതുന്ന രീതികൾ വ്യത്യസ്തമായിരുന്നു. അയാളുടെ വായിൽ നിന്നും മൂക്കിൽ നിന്നും കനം കുറഞ്ഞ പുക മരങ്ങളിൽ നിന്നും കൂടു വിട്ട് പറന്നകലുന്ന പക്ഷിക്കൂട്ടം പോലെ അന്തരീക്ഷത്തിലേക്ക് പതിയെ വ്യാപിച്ചു. വ്യാളിയുടെ വായിൽ നിന്നുമുള്ള തീ നാളങ്ങൾ പാമ്പുകളായി ഇഴഞ്ഞ പോലെ മേരിയിലൂടെ പുക കനത്തിൽ പുളഞ്ഞു. അവരുടെ പുകനാളങ്ങൾ ജന്മങ്ങൾക്കു ശേഷം കണ്ടുമുട്ടിയ രണ്ടാത്മാക്കൾ പോലെ കൈകൾ കോർത്തു. അവർ സംസാരിച്ചതേയില്ല.

മേരിയെന്ന വൃദ്ധയുടെ സ്ഥിരം താവളമായി വൃദ്ധന്റെ എതിർ കസേര മാറി. അയാൾ അവളോട് എതിർപ്പോ സ്‌നേഹമോ കാണിച്ചില്ല. വില കൂടിയ സിഗററ്റ് നൽകുവാൻ മേരി സന്നദ്ധത പ്രകടിപ്പിച്ചപ്പോഴൊക്കെ അയാൾ ഒഴിഞ്ഞു മാറി. വൃദ്ധനുമായുള്ള സഹവാസം മേരിയെ നാടകാഭിനയത്തിൽ സഹായിച്ചു തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. വയസായവരുടെ കൂന് മേരിയിൽ സ്വാഭാവികമായി സംഭവിച്ചു. സംസാരിക്കുമ്പോൾ കേൾക്കാനാകാതെ ഒരിക്കൽ കൂടിയെന്ന് പറഞ്ഞു കാത് കൂർപ്പിക്കുന്ന സ്വഭാവം മേരി ആർജ്ജിച്ചെടുത്തു.

വൃദ്ധന്റെ പുരികം ചുളിയും നെറ്റിയിലെ ചൊറിച്ചിലും ചെവിക്കുള്ളിൽ വിരൽ കടത്തിയുള്ള ഇളക്കലും ഇടക്കിടക്കുള്ള കാറിത്തുപ്പലും ഉപയോഗിച്ച് മേരി സംവിധായകന്റെ പ്രശംസ നേടിയെടുത്തു. വൃദ്ധയായി അഭിനയിച്ച് തുടങ്ങിയ ശേഷം ജീവിതത്തിനു വേഗത കുറഞ്ഞതായി മേരിക്ക് തോന്നി. 1 X വേഗതയിൽ പോയിക്കൊണ്ടിരുന്ന ജീവിതം 0.75 X ലേക്ക് മാറിയെന്ന് കരുതി. മുൻകാലങ്ങളേക്കാളും കൂടുതൽ സമയം ജീവിതത്തിൽ ലഭിക്കുന്നത് അവളറിഞ്ഞു. മേരി തന്റെ ഓരോ ചുവടും വളരെ ശ്രദ്ധിച്ച് ചവിട്ടി. ഓരോ ഇളക്കവും സൂക്ഷ്മമാക്കി.

എന്നാൽ ഒരു ദിവസം വളരെ അപ്രതീക്ഷിതമായി വൃദ്ധൻ മേരിയെ കൂടെ നടക്കുവാൻ ക്ഷണിച്ചു. ഇതുവരേയും അവർ വാക്കുകളാൽ ബന്ധപ്പെട്ടിട്ടില്ലാതിരുന്നതിനാൽ കാപ്പി കുടിക്കിടെ എഴുന്നേറ്റ് നടക്കുകയും പാതിവഴിയിൽ തിരിഞ്ഞു നിന്ന് മേരിയെ പ്രതീക്ഷാപൂർവ്വം നോക്കുകയുമാണ് വൃദ്ധൻ ചെയ്തത്. മേരിക്കത് എളുപ്പത്തിൽ തിരിച്ചറിയുവാൻ സാധിച്ചു. അവൾ അയാൾക്കൊപ്പം പതിയെ നടന്നു. അവരുടെ കൈകൾ ഇടയ്ക്കിടെ കൂട്ടി മുട്ടി പിന്നീട് അകന്നു പോയി. ഏറെക്കാലത്തിനു ശേഷം അന്ന് ആദ്യമായി വൃദ്ധൻ മറ്റൊരാൾക്കായി നാവ് ചലിപ്പിച്ചു.

‘ഇവിടൊരു മരമുണ്ടായിരുന്നു. മരത്തിന്റെ കൊമ്പിലൊരു ഊഞ്ഞാലു കെട്ടിയിരുന്നു. അതിനെ ചുറ്റി നടന്ന ഒരു കാറ്റിൽ തട്ടിയാണെന്റെ പല്ലു പൊട്ടിപ്പോയത്. ഇത് നോക്കൂ', അയാൾ വായ തുറന്നു.
‘പൊട്ടിപ്പോയ ഞവണിക്ക പോലുണ്ട് അല്ലേ.'
അയാളുടെ പകുതിയുള്ള പല്ലു മേരി കണ്ടു. മേരിക്ക് ചിരി വന്നു എങ്കിലും മുഖത്ത് ചുളിവ് സാധാരണയിൽ കവിയുമെന്നതിനാൽ അവൾ നിസംഗയായി. അയാൾ സിഗററ്റ് എടുത്ത് കത്തിച്ചു.
‘ഈ തീപ്പെട്ടികൾ കണ്ടോ ഈ തീപ്പെട്ടി കൂടുകൾ ഉണ്ടാക്കുന്നവരെ വേണം വീട് പണിയുവാൻ ഏൽപ്പിക്കുവാൻ'
അവർ ബീച്ചിലേക്ക് നടന്നു.
‘സൂക്ഷിച്ച്'

തൊട്ട് മുൻപിലായി മലർന്നു കിടക്കുന്ന ഒരു കക്ക മേരി കണ്ടു. അയാൾക്കരികിലേക്ക് നടത്തം മാറ്റി.
"നാമെല്ലാം കടലിലെ ഏകകോശജീവിയിൽ നിന്നുമാണെന്നതിനാൽ കടലു കാണാൻ പോകുന്നത് സ്വന്തം വീട് കാണാൻ പോകും പോലെയാണ്. ജീവിതത്തിൽ ഒരിക്കലും സ്വന്തമായൊരിടം ഇല്ലാതിരുന്ന ഒരാളാണ് ഞാൻ. വാടക മുറികളിൽ നിന്നും വാടക മുറികളിലേക്ക് ചേക്കേറിയ ഒരാൾ'
മേരിക്ക് കൂട് നഷ്ടപ്പെട്ട കിളിയെ ഓർമ്മ വന്നു. അവൾക്കയാളോട് പാവം തോന്നി. കോഫി ഷോപ്പിൽ സ്വന്തമായി ഒരിടം നിർമ്മിക്കുവാൻ കാത്ത് നിൽക്കുമായിരുന്ന അയാളെ നിസംഗയായി നോക്കി സ്‌നേഹിക്കപ്പെടുവാനുള്ള ത്വര ഒതുക്കി വച്ചു കൊണ്ട് അവൾ നടത്തം തുടർന്നു. അയാൾക്കിത്തിരി സ്‌നേഹം കടം കൊടുത്താൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂവെന്ന് തോന്നിയപ്പോഴേക്കും കടലിന്റെ ആരവം ദോശമാവും ചട്ടിയും തമ്മിലുള്ള ആദ്യത്തെ സ്പർശം പോലെ കടന്നു വന്നു.

‘ഒരിക്കൽ ഒരിടത്ത് രണ്ട് തിരമാലകൾ ഉണ്ടായിരുന്നു. അവരങ്ങനെ തീരത്തൂടെ നടക്കുമ്പോൾ കടലിൽ കമിഴ്ന്നു കിടക്കുന്ന ഒരു ഒഴിഞ്ഞ ബോട്ട് കണ്ടെത്തി. അത് മലർത്തിയിട്ട് അതിൽ ഇരുകൈകളാൽ തുഴഞ്ഞ് രണ്ടും ഒരു ദ്വീപിലെത്തി. അവിടെ ചെന്ന് കല്ലുകൾ ഉരസിയുരസി ഉണക്കചുള്ളികൾ തീ പിടിപ്പിച്ചു. തീ കാഞ്ഞു കൊണ്ടിരിക്കേ നീരാവിയായി അവർ മേലെപ്പോയി മേഘങ്ങളായി. നീല തിരമാലകൾ കാർമേഘങ്ങളായി. കാറ്റിൽ വഴി തെറ്റി അവർ മലകളുടെ ഇടുപ്പിൽ തട്ടി ഒരു നാട്ടിൽ തുള്ളികളായി പാരച്യൂട്ടിറങ്ങി. രണ്ടും മണ്ണിലൂടെ അരിച്ചരിച്ച് ഒരു കിണറ്റിൽ അറിയാതെ വീണു പോയി. എത്തിച്ച് നോക്കുമ്പോൾ ഒരു കാരണവുമില്ലാതെ കിണറ്റിലെ തിരയിളക്കം കണ്ട് പണ്ട് കിണറ്റിൽ ചാടിച്ചത്ത ത്രേസേടത്തിയെന്ന് ആളുകൾ പറഞ്ഞു കളഞ്ഞു. അതിൽ നിന്നും വെള്ളം കോരിക്കുടിച്ച്, ചീത്ത പറഞ്ഞതിനു ഇരുട്ടിലിരുന്ന് കരഞ്ഞ കുട്ടിയുടെ കവിളിൽ അമ്മ ഉമ്മ വയ്ക്കുമ്പോൾ ഓ എന്തൊരു ഉപ്പ് എന്ന് പറഞ്ഞ് മുഖം ചുളിക്കുമ്പോൾ തിരമാലകൾ കിണറ്റിൽ കുളവാഴകളെ പൊങ്ങിക്കിടക്കുവാൻ പരിശീലിപ്പിക്കയായിരുന്നു.'

അയാൾ പറഞ്ഞു നിർത്തി.
മേരിയുടെ തലക്കുള്ളിലപ്പോൾ അയാളെ ഉമ്മ വയ്ക്കുന്ന ചിത്രങ്ങൾ ഓടിക്കൊണ്ടിരിക്കയായിരുന്നു. വൈകുന്നേരം പട്ടം പറപ്പിക്കുവാൻ വന്ന കുട്ടികൾ അവർക്കിടയിലൂടെ കടന്നു പോയി. ഉപ്പിലിട്ട വിഭവങ്ങളും പാനിപ്പൂരിക്കാരനും അവരെ പ്രതീക്ഷിച്ചു. രണ്ടു തരം പട്ടങ്ങളുമായി കച്ചവടക്കാരൻ കടന്നു പോയി. കപ്പലണ്ടിക്കാരനും കടലക്കാരനും പ്രതീക്ഷിച്ചപോലെ അവരെ തേടി വന്നില്ല. ഒട്ടകത്തിന്റെ മേൽ കയറി സവാരി ചെയ്യുവാൻ കുട്ടികൾ തിടുക്കം കാണിക്കുന്നുണ്ടായിരുന്നു. ഐസിട്ട പാനീയം പല നിറങ്ങളിൽ ആളുകളുടെ കൈകളിലേക്ക് ചിതറി. ചെരിപ്പ് ഊരിപ്പിടിച്ച് കടലിന്റെ ഉപ്പുവെള്ളത്തിലേക്ക് വൃദ്ധൻ അവളെ ക്ഷണിച്ചുവെങ്കിലും മേരി നനയുവാൻ തയ്യാറാകാതെ പൂഴിമണലിൽ തന്നെ നിലയുറപ്പിച്ചു. അയാളുടെ തടിപ്പുള്ള സിരകൾ കാലിൽ തെളിഞ്ഞു നിന്നു. നിർബന്ധം സഹിക്ക വയ്യാതെ ആയപ്പോൾ മേരി ഒട്ടൊരു മടിയോടെ ചെരിപ്പഴിച്ചു വച്ച് കടലിലേക്കിറങ്ങി. തന്റെ കാലിലെ ചർമ്മ മാറ്റം അങ്ങേർ കണ്ടുപിടിക്കുമോ എന്ന് അവൾക്ക് ഭയമുണ്ടായിരുന്നു.

‘കടൽ വീഞ്ഞുണ്ടാക്കുന്ന വലിയൊരു വീപ്പയെന്ന് കരുതുക. നമ്മളതിൽ മുന്തിരികളെ ചവിട്ടിക്കുഴക്കുന്ന രണ്ടു ജോലിക്കാർ. പല പാട്ടുകൾ പാടി നാം നൃത്തം ചെയ്യും. ചിലപ്പോഴൊക്കെ ചുവട് തെറ്റി കൂട്ടിയിടിച്ച് വീണു പോയെന്നും വരാം. ചവിട്ടുകളേറ്റ് മുന്തിരികൾ അഴകൊഴയെന്ന് പുതഞ്ഞു കിടക്കും. ബ്ലേഡ് കൊണ്ട് വരഞ്ഞത് പോലെ കാൽ ഞരമ്പുകളുടെ അരികുകളിൽ വീഞ്ഞുകറ കറുത്തു നിൽക്കും'

അവർക്കിടയിലൂടെ ചെറുഞണ്ടുകൾ ധൃതിയിൽ കടന്നു പോയി. അയാൾ വസ്ത്രങ്ങൾ നനയാതിരിക്കുന്നതിനു കണംകാലിലേക്ക് കയറ്റിവച്ചിരുന്നു. കടൽ തീരത്തു നിന്നും ഒരു ചുഴലിക്കാറ്റ് ആരോ പറഞ്ഞു വിട്ട ടാക്‌സി പോലെ മേരിക്കരികിലേക്ക് വന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. മേരിയത് കണ്ടു. അവൾക്ക് ചിരി വന്നു. അവളിൽ ആ രൂപം പഴകിയ ഓർമ്മകളെ കൊണ്ടു വന്നു.

1. കപ്പലണ്ടി വിൽപ്പനക്കാരൻ അന്നമ്മേച്ചിയമ്മയുടെ ചിരിക്കുന്ന കവിളിലൊരിക്കൽ കുത്തിക്കൊടുത്ത കടലാസു കുമ്പിൾ
2. വരി നിന്നെത്തിയ അയൽക്കാരൻ ഇട്ട്യാരേട്ടനു റേഷൻ കടക്കാരൻ നീല മണ്ണെണ്ണ പകർത്തും വച്ചൂറ്റി
3. മേരിയിതുവരെ കേട്ട ഒച്ചകളുടെ അരിപ്പയായ 90ഡിഗ്രി ചരിച്ചു വച്ച ശ്രവണശൃംഖല
4. മീൻ പിടിക്കുവാൻ പുല്ലുകൾക്കിടയിൽ പതുക്കിയ കുരുത്തി
5. കൈവരികളിൽ കിടന്ന് മേരി നോക്കിയ കിണറിന്റെ ആഴം
6. കിണറിനു സമീപത്തെ പൂഴിമണ്ണിൽ കുഴിയാനയുടെ ഓളം
7. ഐസ്‌ക്രീം നിറക്കുന്ന കറുമുറു
8. കമിഴ്​ത്തി വച്ച ക്രിസ്മസ് ട്രീ
9. കുര്യാടി തോട്ടിലെ ഒരു ചുഴി
10. കടൽത്തീരത്ത് വന്നടിഞ്ഞ ഒരു ശംഖ്
11. ചുരുണ്ട ഒരു തേരട്ട
12. ആരോ കുത്തി വിട്ട പമ്പരം

മേരിയുടെ ചിരി കണ്ട് അയാൾ കടലിൽ നിന്നും കയറി വന്നു.
‘വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവിവർഗ്ഗം എന്ന നിലയിൽ നാം മനുഷ്യർ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധങ്ങൾ ആണീ ജീവിതങ്ങൾ. സമയം സൃഷ്ടിക്കപ്പെട്ടത് എങ്ങനെയാണെന്ന് അറിയാമോ? മരണമാണ് സമയത്തെ സൃഷ്ടിച്ചത്. അതോടെ ജീവനിൽ സമയത്തിന്റെ ഒഴുക്ക് ഉണ്ടായി. ഒരു ബിന്ദുവിൽ നിന്നും മറ്റൊന്നിലേക്ക് വളർച്ച എന്ന പ്രക്രിയ സംഭവിച്ചു. ഒന്നിൽ തുടങ്ങി മറ്റൊന്നിൽ അവസാനിക്കുന്നു എന്ന തോന്നൽ ആരംഭിച്ചു. നമ്മളുടെ തന്നെ ജീവപരമ്പരകളിലൂടെ ആവർത്തിക്കപ്പെടുന്ന പ്രതിഭാസമാണ് സമയം. '
സംസാരിച്ച് നടന്ന് മടുത്തപ്പോൾ അവർ തിരിച്ചു പോയി.

മേരി അയാളെ മുറിയിലേക്ക് ക്ഷണിച്ചു. അയാളത് സ്‌നേഹപൂർവ്വം നിരസിച്ചു. വീഞ്ഞിനെപ്പറ്റി സംസാരിച്ചതിൽ നിന്നും ഒരു പക്ഷെ അയാൾ വീഞ്ഞു നിർമ്മാണ ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നതെന്ന് മേരി ഊഹിച്ചു. അയാളുടെ വൃദ്ധയായി ജീവിതക്കാലം മുഴുവൻ ജീവിക്കുവാനായെങ്കിൽ എന്ന് മേരി അന്ന് രാത്രിയിൽ ആശിച്ചു. മേരിക്കയാളോട് കടുത്ത പ്രേമം തോന്നി. ജീൻസു തുണി പോലെ അയഞ്ഞു തൂങ്ങിയ കവിളുകളെ ഓമനിക്കുവാൻ തോന്നി. അയാളുടെ അവഗണനയും തിരസ്‌ക്കാരവും അവളെ അയാളിലേക്ക് വലിച്ചടുപ്പിച്ചു. കിടക്കുന്നതിനു മുൻപ് മാത്രം ഊരിയെറിഞ്ഞിരുന്ന മേക്കപ്പ് അന്നവൾ ധരിച്ചു കൊണ്ടു തന്നെ ഉറങ്ങി. ഇതുവരേക്കും അനുഭവിക്കാതിരുന്ന സുരക്ഷിതത്വം അയാളുടെ കൈകൾക്കുള്ളിൽ അവൾ തേടി. പിറ്റേദിവസം തയ്യാറാക്കിയ ഭക്ഷണത്തിന്റെ ഒരു പങ്ക് പ്രേമപൂർവം അവൾ കാപ്പി കടയിലേക്ക് കൊണ്ടു വന്നു. അയാൾ അതിൽ നിന്നും ഒരു തുണ്ടു പോലും തൊട്ട് നോക്കിയില്ലെന്ന് മാത്രമല്ല കണ്ണടയുടെ തുമ്പ് ഇരുന്നുണ്ടായ മേരിയുടെ മൂക്കിലെ തയമ്പ് പാടിൽ നിന്നും കണ്ണുകളെടുക്കാതെ അന്നു മുഴുക്കെ വെറുതെ സമയം കളയുകയും ചെയ്തു.

ഒതുങ്ങിയ കരഘോഷങ്ങൾക്കിടയിൽ മേരിയുടെ നാടകം അന്ന് അരങ്ങേറി. വൃദ്ധയുടെ വേഷത്തിൽ അവൾ കസറി. സംവിധായകനടക്കം പ്രമുഖർ പ്രശംസകളാൽ മൂടി. ആ സമയങ്ങളിലൊക്കെ, തന്നേയും പ്രതീക്ഷിച്ച് കാപ്പിക്കടയിലിരിക്കുന്ന വൃദ്ധന്റെ നെറ്റിയിലെ ചുളിവുകളാണ് അവൾക്ക് നെഞ്ചിടിപ്പ് കൂട്ടിയത്. തിരക്കൊഴിഞ്ഞതും അവൾ ഓടിച്ചെന്നു. അയാളവളെ കാത്തിരിക്കുകയായിരുന്നു. കാപ്പി കുടിക്കുന്നതിനിടയിൽ മേരിയെ വൃദ്ധൻ തന്റെ മുറിയിലേക്ക് ക്ഷണിച്ചു. അവളത് സ്വീകരിച്ചു. അയാളുടെ മുറി അത്ര വൃത്തിയുള്ളതായിരുന്നില്ല. എങ്കിലും ഒരു ചിത്രകാരന്റേതെന്ന് ആർക്കും മനസിലാകുന്ന തരത്തിൽ അത് അലങ്കോലമായി കിടന്നിരുന്നു. അയാൾ ചായപ്പലകയിൽ പടർത്തിയ നിറക്കൂട്ടുകൾ പോലെത്തന്നെ അയാളുടെ മുറി. എങ്ങും നിറങ്ങളുടെ ട്യൂബുകൾ. കരിക്കട്ട ഉപയോഗിച്ച് വരച്ച കടലാസുകൾ ചിതറിക്കിടന്നിരുന്നു. ചില പെയിന്റിംഗുകൾ ചുമരിൽ ചാരി നിർത്തിയിരുന്നു. ഉണങ്ങിപ്പിടിച്ച ചായക്കട്ടകളുടെ മണം. പൂപാത്രത്തിൽ എടുത്തു വച്ച പൂക്കൾ കരിഞ്ഞു തുടങ്ങിയിരുന്നു. ചിത്രകലയുടെ ഉത്പന്നങ്ങൾ ഒരിടത്ത് നിറഞ്ഞു കിടന്നു. അതിനായുള്ള സാമഗ്രികൾ മറ്റൊരിടത്തും.

പുതുതായി പണി ചെയ്തു വച്ച കാൻവാസ് പുള്ളിമാനുകളും വള്ളിച്ചെടികളും കുരുവികളും അരികുകൾ വരച്ച കമ്പളം കൊണ്ട് മൂടിയിട്ടിരുന്നു. കതകടച്ചു വന്ന് വൃദ്ധൻ മേരിയെ ആർത്തിയോടെ ചുംബിച്ചു. കിതപ്പാറ്റുവാൻ ചുണ്ടുകൾ വിടുവിച്ച് അയാൾ മേരിയോട് താൻ ലൈംഗികമായി അണഞ്ഞു പോയവനാണെന്ന് ചെവിയിൽ പറഞ്ഞു കൊടുത്തു. പക്ഷെ ഭ്രാന്തമായി സ്‌നേഹിക്കുന്നതു പോലെ അയാൾ അവളെ ഉമ്മ വച്ചു കൊണ്ടിരുന്നു. മേരിക്ക് എതിർപ്പൊന്നുമുണ്ടായില്ല. അവളും ഈ സന്ദർഭത്തിനായി കാത്തിരിക്കയായിരുന്നു. പ്രാധാന്യമുള്ള മറ്റൊന്ന് ഓർത്തതു പോലെ ചുംബനത്തിൽ നിന്നും ബുദ്ധിയെ വിടുവിച്ച് തന്റെ പുതിയ ചിത്രം കണ്ട് ആസ്വദിക്കുന്നതിനു അയാൾ മേരിയെ ക്ഷണിച്ചു. മേരി നോക്കി നിൽക്കേ തന്നെ അയാൾ കാൻവാസിനെ മൂടിയ മറ നീക്കി. അയാൾ ആഹ്ലാദത്തിൽ പറയുന്നുണ്ടായിരുന്നു.

‘പുലർക്കാലത്തെ മഞ്ഞ് ഒഴിഞ്ഞു പോകുന്നേരം തെളിയുന്ന ഭൂപ്രകൃതി പോലെ'
കസേരയിൽ നഗ്‌നയായി സിഗററ്റ് കൈയ്യിലേന്തിയ മേരി കാൻവാസിൽ വെളിപ്പെട്ടു. മേരിയുടെ മുഖത്തെ അത്ഭുതത്തിന്റെ ഭാവമാറ്റം പ്രതീക്ഷിച്ച വൃദ്ധൻ നിരാശനായി. കാൻവാസിൽ ഉറ്റുനോക്കും തോറും അവളുടെ മുഖം വിളറി വെളുത്തു. ചിത്രത്തിലെ മേരിയുടെ മുലകൾ ഉണങ്ങി ജീവനില്ലാതെ ഞാന്നു കിടന്നു. വയറ് കൊഴുപ്പിന്റെ മൂന്നു മടക്കുകളിൽ ഒഴുകി. കക്ഷങ്ങളിലും യോനീമുഖത്തും രോമങ്ങൾ നിറഞ്ഞു നിന്നിരുന്നു. ചന്തികളും വയറും വേർത്തിരിച്ചറിയാത്ത വണ്ണം വീർത്തു നിന്നു. തുടകളിൽ കൊഴുപ്പിന്റെ ആധിക്യം മൂലമുള്ള വെളുത്ത വെട്ടുകൾ കാണപ്പെട്ടു. സ്വകാര്യഭാഗങ്ങൾക്ക് മുകളിൽ രണ്ട് മടക്കുകളോളം ഉണ്ടായിരുന്നു. പ്രസവത്തിന്റെ പാടുകൾ ഇടിമിന്നലുകൾ പോലെ വേരിറങ്ങിയിരുന്നു. ചർമ്മത്തിൽ കാലം കൈത്തലം വച്ചതു പോലെ പരുപരുപ്പ് തെളിഞ്ഞു നിന്നിരുന്നു. വയർ, ഭാരം നിറച്ച ചാക്കിൻ കഷ്ണമായി തളർന്നു. മേരി ഒന്നുമുരിയാടാതെ ആ ചിത്രത്തെ ഉറ്റുനോക്കിക്കൊണ്ടേ സ്വന്തം വസ്ത്രങ്ങൾ അഴിച്ചു മാറ്റിക്കൊണ്ടിരുന്നു. ചിത്രകാരൻ ഏറെ അഭിമാനത്തോടെ ആ നിമിഷത്തിനു സാക്ഷ്യം വഹിച്ചു.

മുഖത്തണിഞ്ഞിരുന്ന ചായങ്ങളുടെ മൂടി മേരി തുടച്ചു കളയാതെ തന്നെ വസ്ത്രങ്ങൾ ഓരോന്നായി ഊരിക്കൊണ്ടിരുന്നു. മേൽവസ്ത്രം അഴിഞ്ഞു വീണപ്പോൾ ചിത്രകാരനു ശരീരശാസ്ത്രത്തിലുള്ള അഗാധ ജ്ഞാനത്തെക്കുറിച്ച് അഭിമാനം തോന്നി. ശരീര വടിവുകൾ പകർത്തുവാൻ തനിക്ക് ലഭിച്ച സിദ്ധിയും അനുഭവജ്ഞാനവും അയാൾ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു. മേരി ഉൾവസ്ത്രങ്ങൾ അഴിച്ചു തുടങ്ങി. മേരിയുടെ ശരീരത്തിൽ നിന്നും പുറത്തു വന്നു കൊണ്ടിരുന്ന സ്‌പോഞ്ചുകളും ചുറ്റുതുണികളും ചിത്രകാരനായ വൃദ്ധനെ ഒട്ടൊന്നുമല്ല ചിന്താക്കുഴപ്പത്തിലാക്കിയത്.

ദൂരെയുള്ള കണ്ണാടിയിൽ തന്റെ ശരീരം പതിവിലും സുന്ദരമായി പ്രതിഫലിച്ചത് മേരി കണ്ടു. എന്നാലോ അത് ദർശിച്ച വൃദ്ധന്റെ കണ്ണുകൾ തുറിച്ചു. അവളുടെ തിളങ്ങുന്ന യൗവ്വന ചർമ്മത്തെ അയാളപ്പോൾ അടുത്ത് ശ്രദ്ധിച്ചു. വിശ്വസിച്ച കല തന്നെ ഒറ്റുകൊടുത്തെന്ന് അയാൾക്ക് മനസിലായി. ജനനത്തിനും മരണത്തിനും മുൻപ് ജീവിതത്തിലെ പ്രധാന ഭാഗങ്ങൾ നിമിഷങ്ങളായി കടന്ന് പോകുന്ന പോലെ അയാൾക്കുള്ളിലൂടെ തന്റെ കലാജീവിതം കടന്നു പോയി. ശരീരഘടനാ ചിത്രങ്ങൾ വരയ്ക്കുവാനെടുത്ത കാലങ്ങൾ കഠിനാദ്ധ്വാനങ്ങൾ എല്ലാമെല്ലാം അയാൾക്ക് മുൻപിലൂടെ കടന്നു പോയി. മാതൃകൾക്കായി മുറിച്ചു പിളർത്തിയ പക്ഷികൾ, കന്നുകാലികൾ, കുതിരകൾ അവരുടെ പിടച്ചിലുകൾ. പ്രേമം ഭാവിച്ച് പാട്ടിലാക്കി നഗ്‌നരാക്കിയ പെൺകുട്ടികൾ അയാളെ നോക്കി കണ്ണിറുക്കി. അവരുടെ ശരീരങ്ങളെ അളന്നു കുറിച്ച ഡയറികളുടെ ജനാലകൾ തുറന്നു. ശരീരഘടനാശാസ്ത്രത്തിൽ ആകൃഷ്ടനായി മരണത്തിലേക്ക് ചാഞ്ഞു കിടന്ന രണ്ട് വൃദ്ധർ നെഞ്ചു പൊളിച്ച് കാണിച്ചു. വരച്ച് വരച്ച് കീറിയെറിഞ്ഞ വെളുത്ത കടലാസുകൾ ശരീരമില്ലാത്ത പക്ഷികളുടെ ചിറകുകളായി പറന്നു.

വർഷങ്ങളുടെ ഏകാഗ്രതയെ അയാൾക്ക് ഓർമ്മ വന്നു. ശവശരീരങ്ങൾ കുഴിമാന്തിയെടുത്ത് അവയവങ്ങളുടെ ആകൃതി പഠിച്ച രാത്രികളിലെ വിരലിനറ്റത്തെ കറുപ്പ് കണ്ടു. അതിനായി സഹായിച്ച് ക്ഷയം പിടിച്ച് മരിച്ച സുഹൃത്ത് വന്ന് കൈകളിൽ പിടിച്ചു. ഉരുകിയ മെഴുകു കൊണ്ട് അവയവങ്ങളെ പകർത്തിയപ്പോഴുള്ള പൊള്ളൽ കുമിളകളായി പൊങ്ങി. പേശികളെ പഠിക്കുന്നതിനായി ദേഹങ്ങളുടെ തൊലിയുരിച്ച, അസ്ഥികളെപ്പറ്റി പഠിക്കുന്നതിന് മാംസത്തെ വേർപ്പെടുത്തിയ മൂർച്ചയെ അയാൾ അനുഭവിച്ചു. അയാൾ തൊട്ട് തലോടിയ ആരാധനാലയങ്ങളിലെ കൊത്തു ശിൽപ്പങ്ങൾ ഇളകിക്കൊണ്ട് ഭോഗങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരുന്നു. ഊരിയെടുത്ത ഞരമ്പുകളുടെ ഛേദത്തിലൂടെ രക്തം കിനിഞ്ഞു. കളിമണ്ണ് കുഴച്ച് ഉടച്ചു വാർത്ത് പിന്നേയും വെള്ളം നനച്ച് അവയവങ്ങൾ നൃത്തം തുടങ്ങി. അയാൾക്ക് ചുറ്റും നഗ്‌നരായ മൃതദേഹങ്ങളിരുന്ന് അയാളെ വരച്ച് പരിഹസിച്ചു. അയാൾ കണ്ണുകൾ പൂട്ടി തുറന്നു. മേരി വിവസ്ത്രയായി അയാൾക്ക് മുൻപിൽ നിൽക്കുന്നുണ്ടായിരുന്നു. പ്രായം തോന്നിക്കുവാൻ മേരിയുടെ മുഖത്ത് പൂശിയ ചായം വൃദ്ധൻ പതിയെ കൈകളാൽ തുടച്ചു.

പിന്നെ ധൃതിയിൽ ചായങ്ങൾ കലർത്തുന്ന മരപ്പലകയിൽ കൈകളമർത്തി. ഒട്ടൊരു സ്‌നേഹത്തോടെ ചുളിവുകൾ പറ്റാത്ത പ്രായം തൊട്ട് തീണ്ടിയിട്ടില്ലാത്ത അവളുടെ കൈകളിലും കാലുകളിലും തൊട്ടുഴിഞ്ഞുകൊണ്ടിരിക്കെ വൃദ്ധൻ കാൻവാസിലേക്ക് മറിഞ്ഞു വീണു. കിടന്നു കൊണ്ട് കയ്യിലെ കടുത്ത ചായങ്ങൾ അവളുടെ കാലുകളിൽ ആഞ്ഞു പൂശുവാൻ ശ്രമിച്ചു. അതിനു കഴിയാതെ അയാളുടെ കൈപ്പത്തികൾ നിലത്ത് കിടന്നിഴഞ്ഞു. അവളെ ചിത്രമാക്കുവാനുള്ള അയാളുടെ ശ്രമം പരാജയപ്പെട്ടു. അയാൾ അലറിക്കരഞ്ഞു. ശബ്ദം ഒരു പൂച്ചയുടെ സ്‌നേഹപൂർവ്വമായ കുറുകലായി പുറത്തു വന്നു. പുറത്തു വന്ന കണ്ണുനീർ അതേ കൈപ്പത്തിയാൽ തുടയ്ക്കുവാൻ ശ്രമിച്ചപ്പോൾ ഷേവ് ചെയ്ത തൊലിയിൽ നിറങ്ങൾ തെളിഞ്ഞു. വെള്ളിയിഴകൾ ചിലയിടം മൂടിയ കേശാലങ്കാരം മേരിയിൽ നിന്നും അഴിഞ്ഞു വീണു. അവളുടെ തിളങ്ങുന്ന മുടിയിഴകളേറ്റ് വൃദ്ധൻ കാൻവാസിലേക്കുറ്റു നോക്കി തന്റെ കണ്ണുകളടച്ചു.
​അയാളുടെ അവസാന തുള്ളി കണ്ണുനീർ അപ്പോൾ ഭൂമിയിലിറങ്ങി. ▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments