ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.

3 am

അധ്യായം 19: നാരകക്കാളി പ്യൂപ്പ

യറിച്ചെല്ലുമ്പോൾ ക്ഷുരകൻ വെളുത്ത് തടിച്ച കുടവയറനായ കഷണ്ടിക്കാരന്റെ മുടി മുറിക്കുകയായിരുന്നു.
ശിരസിലെ മുൻഭാഗത്തെ കഷണ്ടിക്കു മേൽ പിൻവശത്തെ മുടി കടൽത്തീരത്തെ തിരമാലകൾ പോലെ കയറിയും ഇറങ്ങിയും കാറ്റിലിളകിയുമിരുന്നു.

അകലെ നിന്ന് നോക്കുന്നവർക്ക് അതൊരു രേഖ.
അതിർത്തി പ്രദേശങ്ങളിൽ കുടിയേറ്റം തടയുവാൻ സമ്പന്നനായ രാജ്യം കെട്ടിയ മതിൽ.
മരിച്ചു പോയ ഒരാളുടെ ശരീരം പോലെ കണ്ണുകളടച്ച മുഖം മാത്രം വെളിയിലാക്കി ബാക്കി ഭാഗം വെള്ളത്തുണിയാൽ മൂടി ഇടപാടുകാരൻ ചാരുകസേരയിൽ കിടന്നു.

മഞ്ഞുകാലത്തെയണിഞ്ഞ ഒരു കുന്നിന്റെ ഏറ്റവും ഉയരത്തിൽ പച്ച കൊഴിഞ്ഞു തുടങ്ങിയ വൃക്ഷമാണ് അയാളുടെ ശിരസെന്ന് സോളമനു തോന്നി. പൊടിപടലങ്ങൾക്കത്രയും കനത്തിൽ കുറ്റിമുടിക്കഷ്ണങ്ങൾ തെറിക്കുന്നത് സൂര്യവെളിച്ചത്തിൽ കാണാമായിരുന്നു. ഇടപാടുകാരൻ ഉറക്കം തൂങ്ങിയപ്പോഴൊക്കെ തല ചെരിച്ചും വെള്ളം തളിച്ചും മുടി പിടിച്ചു വലിച്ചും ക്ഷുരകനയാളെ ഉറക്കത്തിന്റെയും സുബോധത്തിന്റേയും ഇടയിലുള്ള നേർത്ത പാടയിലേക്ക് മാറ്റിയിരുത്തി. ഇടയ്ക്കിടയ്ക്ക് പോക്കറ്റിൽ കിടന്ന് വിറയ്ക്കുന്നുണ്ടായിരുന്ന ഫോൺ അയാളെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.

ക്ഷുരകൻ മുടി മുറിക്കുമ്പോഴൊക്കെ നാവു കൊണ്ട് ഉന്നം നോക്കി ചുണ്ടുകൾ കത്രികയുടെ ഇരുപല്ലുകളായി ഭാവിച്ച് കൂർപ്പിച്ചു കൊണ്ടിരുന്നു. സോളമൻ നാട്ടുവർത്തമാനമെന്ന നിലയിൽ അയാളോട് ഡിറ്റക്ടീവിനെക്കുറിച്ച് അന്വേഷിച്ചു.
മുടിമുറിച്ചു കഴിഞ്ഞും ശരീരത്തിൽ പറ്റിയ രോമക്കഷ്ണങ്ങളെ തട്ടിക്കളയുവാൻ കുടവയറൻ സമയമെടുത്തു. കഷണ്ടിക്കാരുടെ മുടിമുറി ഏത് ക്ഷുരകനും സന്തോഷമായിരിക്കും. കുറഞ്ഞ അധ്വാന സമയം സാധാരണ കൂലി. ക്ഷുരകൻ കഷണ്ടിക്കാരന്റെ പിൻകഴുത്തിൽ പൗഡർ തൂവി പറ്റിപ്പിടിച്ചിരുന്ന മുടി സ്‌പോഞ്ച് വച്ച് തട്ടിക്കളഞ്ഞു. കഷണ്ടിക്കാരൻ കസേരയിൽ നിന്നിറങ്ങി വസ്ത്രം ആകപ്പാടെയൊന്ന് കൈകളാൽ ഉഴിഞ്ഞു. അത് കഴിഞ്ഞ് തൃപ്തി വരാതെ പാൻസിൽ രണ്ട് തട്ട് തട്ടി. അതേ കൈകളാൽ മുഖമൊന്ന് തുടച്ച് കഷണ്ടിയെ കണ്ണാടിയിലൊന്ന് പാളി നോക്കി. വീട്ടിലെത്തി ശരീരം സ്വയം വൃത്തിയാക്കുവാൻ തീരുമാനിച്ച് പണം നൽകിക്കൊണ്ട് വാതിൽ തുറന്നിറങ്ങി. ക്ഷുരകൻ താഴെ വെട്ടിയിട്ട മുടി ഒരു ചൂലു കൊണ്ട് തൂത്ത് മൂലയിലേക്കൊതുക്കി.

ഇടപാടുകാരൻ പോകുവാൻ കാത്തുനിൽക്കുകയായിരുന്ന ക്ഷുരകൻ സോളമനെ സീറ്റിലേക്ക് ക്ഷണിച്ച് ഇരുത്തി. ബ്ലേഡിനെ പൊതിഞ്ഞ കടലാസ് പറിച്ച് കളഞ്ഞ് ലോഹത്തിന്റെ കനം കുറഞ്ഞ പാളി രണ്ടായി മടക്കി ഒടിച്ച് ഒരു പാതി അണുനാശിനിയിൽ മുക്കിയിട്ടിരുന്ന ക്ഷൗരക്കത്തിയിൽ വച്ച് അറ്റം തൊട്ട്​ മൂർച്ച നോക്കി മാറ്റി വച്ചു. വെള്ള പുതച്ച സോളമന്റെ താടിയിൽ ചെറുതായി വെള്ളം തളിച്ചതിനു ശേഷം വെളുത്ത നിറത്തിലുള്ള ക്രീം പതപ്പിക്കുവാൻ ഉപയോഗിക്കുന്ന ബ്രഷിൽ തേച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി.

‘ആ കാണുന്ന കെട്ടിടത്തിലാണ് ഡിറ്റക്ടീവും ഭാര്യയും കഴിഞ്ഞിരുന്നത് കേട്ടോ. അങ്ങോർ ആളൊരു കണിശക്കാരൻ. നരച്ച് തുടങ്ങിയ താടിരോമത്തിലൊന്നു പോലും പുറത്ത് കാണിക്കാത്തവൻ. സ്വന്തമായി നല്ലയിനം ക്ഷൗരക്കത്തി ഉണ്ടായെന്നിരിക്കണം. എന്നും രാവിലെ പുറപ്പെടുമ്പോൾ മുഖത്തെ മിനുസം കണ്ടാൽ മെഴുക്ക് പുരട്ടിയ പോലെ. അത്രയും മിനുസം. രോമത്തിന്റെ പച്ച വേരുകളുടെ നിഴൽ മുഖത്തിനു കൂടുതൽ ശോഭ നൽകുമായിരുന്നു. ക്ഷൗരത്തിനു ശേഷം അയാൾ പുരട്ടിയിരുന്ന ദ്രാവകത്തിന്റെ മുൻപിൽ വിലകൂടിയ അത്തറുകൾ പോലും മാറി നിൽക്കും. പറഞ്ഞിട്ടെന്താ എല്ലാം കഴിഞ്ഞില്ലേ. ഇപ്പോൾ എവിടാണോ എന്തോ? ഡിറ്റക്ടീവിന്റെ ഭാര്യ ഓടിപ്പോയ ദിവസത്തിൽ തന്നെയായിരുന്നു എന്റെ വളർത്തു പട്ടി ഷുമാർക്കർ ചത്തു പോയത്.

ഈ കടയില്ലേ ഇതിനു മുകളിലെ അപ്പാർട്ട്‌മെന്റിലായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. നല്ല അനുസരണയുള്ളവൻ. എനിക്ക് കാർ റേസിംഗ് വലിയ കമ്പമായിരുന്നു. ഈ ക്ഷൗരക്കത്തിയും റേസിംഗ് കാറും ഏതാണ്ടൊക്കെ ഒരു പോലെയാണെന്നേ. വളഞ്ഞ് തിരിഞ്ഞ് പിടിവിട്ടാൽ രക്തം. അങ്ങനെ അവനിട്ട പേരായിരുന്നു ഷുമാർക്കർ. അന്ന് രാത്രി ലൈറ്റണച്ച് ഇളം കാപ്പി നിറമുള്ള സോഫയിൽ ഇരുന്നു അഞ്ച് വയസുള്ള കുട്ടി പ്രേതമായി വരുന്ന സിനിമ കാണുകയായിരുന്നു ഞങ്ങൾ. പേടി കാരണം ഷുമാർക്കറിന്റെ കണ്ണുകൾ തെരുതെരെ അണഞ്ഞു കൊണ്ടിരുന്നു. ടി വിയിലെ അലർച്ചയിൽ പുറത്തെ ശബ്ദങ്ങൾ ഒതുങ്ങിപ്പോയി. പടം അവസാനിച്ചപ്പോൾ ഷുമാർക്കർ സോഫയിൽ ചത്തു കിടക്കുകയായിരുന്നു. ചൊവ്വാ ഗ്രഹത്തിലെ പർവ്വതങ്ങളുടെ നിറമുള്ള കണ്ണുകൾ പാതി തുറന്ന് കിടന്നിരുന്നു. വയറിൽ നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു. ആദ്യമെനിക്ക് വലിയ ദു:ഖം തോന്നി. പിന്നെ ഷുമാർക്കറിനു പകരം എനിക്ക് കൂട്ടായി ഇനിയൊരു വാക്വം ക്ലീനർ വാങ്ങാമല്ലോയെന്ന് ഓർത്തപ്പോൾ അതങ്ങ് മാറി. എന്നാലും വല്ലാത്ത പൊല്ലാപ്പായിപ്പോയി. എനിക്ക് ഒറ്റ ഒരു സോഫയേ ഉള്ളുവാരുന്നു. ഒഴുകിയ രക്തം കഴുകി രാത്രി തന്നെ സോഫ ഞാൻ വൃത്തിയാക്കി. അവനെ മാറ്റിക്കിടത്തി തുടച്ചുണക്കി. കടയിൽ ചെന്ന് ഷേവിംഗ് സെറ്റ് എടുത്ത് കൊണ്ട് വന്നു'; ക്ഷുരകൻ സോളമന്റെ താടി നല്ല വണ്ണം പതപ്പിക്കുവാൻ തുടങ്ങി.

‘ഷുമാർക്കറിന്റെ മുറിവിനു ചുറ്റും ഞാൻ ഇതേ പോലെ ബ്രഷ് ഉരച്ച് പതപ്പിച്ചു. അവന്റെ മുലക്കണ്ണിനോട് ചേർന്നായിരുന്നു മുറിവ്. ചത്തിട്ടും ബ്രഷിന്റെ മൃദുവായ മുടിനാരുകൾ ഉരസി അവന്റെ മുലക്കണ്ണ് കൂർത്ത് വന്നു. പിന്നെയത് പതയിൽ നനഞ്ഞ് കുതിർന്നു താണു. പതപ്പിച്ചു കഴിഞ്ഞപ്പോൾ മുറിവിനു ചുറ്റും ക്ഷൗരക്കത്തി വച്ച് പൂട വളരെ ശ്രദ്ധയിൽ വടിച്ചു. പാവം ഷുമാർക്കർ. സിനിമ കഴിഞ്ഞ് പൈനാപ്പിൾ ക്രീം ഇടയിലുള്ള ബിസ്‌ക്കറ്റ് നൽകാനിരിക്കയായിരുന്നു ഞാൻ'; ക്ഷുരകൻ സോളമന്റെ താടിയിൽ ക്ഷൗരക്കത്തി വച്ച് വലിച്ചു.

‘മനുഷ്യരിൽ നിന്നും വ്യത്യസ്തമാണ് നായ്ക്കളുടെ പൂട. അവ കൂട്ടത്തോടെ പറിഞ്ഞു പോരും. എനിക്ക് അവനോട് സഹതാപം തോന്നിയിരുന്നെങ്കിലും മുറിവിനുള്ളിൽ എന്താണെന്ന് അറിയാതെ ഒരു സ്വസ്ഥതയും ഇല്ലായിരുന്നു'; ക്ഷുരകൻ വടിച്ച് കഴിഞ്ഞ സോളമന്റെ താടിരോമങ്ങൾ നിറഞ്ഞ പത കത്തിയിൽ നിന്നും ഒരു കടലാസിൽ പറ്റിച്ചു. അയാളുടെ ഓരോ വാക്കിലും താനാണ് ഷുമാർക്കർ എന്ന നായയെന്ന് സോളമനു തോന്നിത്തുടങ്ങി. അയാൾ സോളമന്റെ മീശമേൽ കത്തി വച്ച് അടുത്തു വന്നു. ഭയം കാരണം സോളമന്റെ രോമകൂപം എഴുന്നേറ്റു നിന്നു. ചെവികൾ നായ്ക്കളുടേതു പോലെ ശബ്ദങ്ങൾക്കു നേരെ തിരിഞ്ഞു. അയാൾ ബലം പ്രയോഗിച്ച് സോളമന്റെ തല ചെരിച്ചു വച്ചു.

‘എന്റെ ഷുമാർക്കറിന്റെ മുറിവിനുള്ളിലേക്ക് കയറിപ്പോയത്​ എന്താണ്​ എന്ന്​ അറിയണമെന്ന് തോന്നിയതുകൊണ്ടാണ് കേട്ടോ. കൊമ്പൻ ചില്ലിയാണെങ്കിൽ അതിന്റെ കൊമ്പിങ്ങ് ഊരാമെന്ന് വച്ചു. നിങ്ങളുടെ താടി കനത്തതാണല്ലോ മുടിയാണെങ്കിൽ കനം കുറഞ്ഞതും. മുടി കുറവുള്ളപ്പോൾ ഈ താടി വയ്ക്കുന്നതാണ് ഭംഗി ' അയാളുടെ സാധാരണ സംസാരം ഇടക്ക് സോളമനു ആശ്വാസം നൽകി. കണ്ണാടിയിൽ ക്ഷുരകന്റെ കണ്ണുകളിലെ ക്രൗര്യം ഉണരുന്നത് സോളമൻ ശ്രദ്ധിച്ചു. മുടിയുടെ കറുപ്പിനുള്ളിൽ കത്തി വയ്ക്കുമ്പോൾ കടന്നു വരുന്ന മഞ്ഞകലർന്ന പച്ചപ്പ് കൂടി വന്നു.

‘അവസാനം ഞാൻ കത്തി വച്ച് തന്നെ അവന്റെ മുറിവ് അങ്ങ് തുരന്നുവെന്നേ സാറേ. അതിനുള്ളിൽ കയറിപ്പോയ പ്രാണിയെ പുറത്ത് കൊണ്ട് വരുവാൻ ആവതും പണിപ്പെട്ടു.'
തന്റെ കവിളിൽ ക്ഷൗരക്കത്തി ആഴ്ന്നിറങ്ങുന്നതു പോലെ സോളമന് അനുഭവപ്പെട്ടു. കാമ്പ് തുളക്കുന്നൊരു കൊമ്പൻ ചില്ലി തന്റെ കവിളുകൾ തുരന്ന് വായക്കുള്ളിലേക്ക് കയറി തൊണ്ടയിലൂടെ നെഞ്ചിലേക്ക് ഇറങ്ങിയത് സോളമൻ കണ്ണാടിയിൽ നോക്കിക്കൊണ്ടിരിക്കെ കണ്ടു.ആ പ്രാണിയുടെ കാലുകളിലെ കൂർത്ത രോമങ്ങൾ പോലുള്ള മുള്ളുകൾ ഉള്ളിലെ കൊഴുപ്പിന്റെ വഴുവഴുപ്പിൽ കൊളുത്തി അയാൾക്ക് വേദനിച്ചു.

‘ഞാനവന്റെ വയറ് പതുക്കെയങ്ങ് കീറി സാറെ. മുറിവിനടുത്ത് ഒന്നും കണ്ടില്ലെന്നെ. വയറു കീറി അവനെ ഞാൻ പൊളിച്ചു. കുടലും കരളും ആമാശയവും ഹൃദയവും ഒക്കെ അങ്ങ് പുറത്തെടുത്തു. സംഭവം അത്ര എളുപ്പമൊന്നുമല്ലായിരുന്നു. വിയർത്തു പോയി. പക്ഷെ എനിക്കപ്പോൾ എന്തോ വലിയ താൽപര്യം തോന്നിയിട്ടാണെന്നേ. മനുഷ്യരുടെ അത്ര ചോരയൊന്നുമില്ല. അവൻ രാത്രി കഴിച്ച എല്ലിങ്കഷ്ണങ്ങൾ ദഹിക്കാതെ ആമാശയത്തിൽ കിടപ്പുണ്ടായിരുന്നു. എല്ലാം വലിച്ച് പുറത്തിട്ടു കഴുകി നോക്കി'; സോളമൻ വേദന കാരണം കണ്ണടച്ചു പിടിച്ചു.

ക്ഷുരകന്റെ വാക്കുകൾ ചുറ്റും മുഴങ്ങി.
സോളമൻ ഷുമാർക്കറായി കിടന്ന് പുളഞ്ഞു.
അയാളുടെ മുലഞ്ഞെട്ടിനു കീഴിലെ കൊമ്പഞ്ചില്ലിയെ ക്ഷുരകൻ കയ്യിട്ട് എടുക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കെ ഒരു ശബ്ദം കേട്ടു.
‘കഴിഞ്ഞു സാറെ'; ക്ഷുരകൻ തോർത്ത് മുണ്ടെടുത്ത് സോളമന്റെ താടി തുടച്ച് മാറി നിന്നു. സോളമൻ വിയർത്ത് കുളിച്ച് താടിയിൽ തൊട്ട് മൃദുവെന്ന് ഉറപ്പിച്ചു.
‘ഇത് കണ്ടോ എനിക്കവന്റെ വയറിൽ നിന്നും ലഭിച്ചത്'.
ക്ഷുരകന്റെ കയ്യിൽ ഒരു വെടിയുണ്ട കാണാനായി.
‘നിങ്ങളെത്ര നാളായി ഇവിടെ?'
‘എന്റെ സാറേ നാൻ വന്ത് ഒരു തമിഴ് മകൻ. ഇങ്കേ വന്ത് നെറയേ നാളാച്ച്. മൊതൽ വേല മൾബറിത്തോട്ടത്തിൽ താ കെടച്ചത്. അത്ക്കപ്പുറോം ഇങ്ക് വന്തിട്ച്ച്. എല്ലാമേ പേസിടുവാങ്കെ. ആനാ ഇപ്പോ എന്നാച്ച് തെരിയുമാ എല്ലാമേ മിക്‌സാച്ച്'; സോളമൻ കൈ നീട്ടിയത് വാങ്ങി. ക്ഷൗരത്തിന്റെ നാലിരട്ടി പണത്തിൽ വെടിയുണ്ട സോളമന്റെ പോക്കറ്റിലെ രഹസ്യ അറയിൽ കിടന്നു.

ബ്ലാക്ക് ബറി കഥ നിറുത്തി.
മേശമേൽ കിടപ്പുണ്ടായിരുന്ന വെടിയുണ്ടയെ എല്ലാവരും തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഒട്ടൊരു അന്തസോടെ വെടിയുണ്ട മുന്നിലേക്ക് കയറി നിന്നു സംസാരിച്ചു തുടങ്ങി.

‘‘എ.ഡി എഴുന്നൂറാം ആണ്ടിൽ ചൈനയിലായിരുന്നു എന്റെ പൂർവികർ ജനനം കൊണ്ടത്. തീക്കുന്തങ്ങൾ, ഓടുകൊണ്ടുണ്ടാക്കിയ പീരങ്കികൾ എന്നിവയിലായിരുന്നു ആദ്യമൊക്കെ ഞങ്ങൾ കഴിഞ്ഞത്. കവണയിലെ കല്ലുകളുടെ നൂറിരട്ടി വേഗത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമെന്നും ലക്ഷ്യത്തെ തുളച്ച് ജീവൻ കളയുവാൻ മിടുക്കരെന്നും കണ്ടെത്തിയതിനു ശേഷമാണ് യോദ്ധാക്കൾക്ക് ഞങ്ങൾ പ്രിയപ്പെട്ടവരായത്. മരണാസന്നനായ വൃദ്ധൻ തന്റെ അവസാന നിശ്വാസം കീഴ്ശ്വാസത്തിലൂടെ എന്നെന്നേക്കുമായി സ്വതന്ത്രമാക്കുന്നത് പോലെയായിരുന്നു കാഞ്ചിവലിക്ക് ശേഷമുള്ള പീരങ്കികളുടെ ജീവിതം.

കത്തുന്ന വെടിമരുന്നിൽ നിന്നും ഉണ്ടാകുന്ന വാതകങ്ങളുടെ സ്‌ഫോടനമായിരുന്നു ഞങ്ങളുടെ വേഗയാത്രക്ക് കാരണമെന്ന് മിക്കവർക്കും അറിയില്ലായിരുന്നു. ആളുകൾ നോക്കുമ്പോൾ കാഞ്ചിയിൽ പിടിച്ച് വലിക്കും നേരം മുൻപിൽ നിൽക്കുന്ന ആളെ കൊല്ലുന്ന ഒരു തീത്തുപ്പി ഡ്രാഗൺ. തോക്കിൻ കുഴലിലൂടെ വെടിമരുന്നാൽ ഉണ്ട നിറക്കുന്ന പതിവ് മാറ്റി സിലിണ്ടർ അറക്കുള്ളിൽ വെടിയുണ്ടയും കരിമരുന്നും നിറക്കുന്ന രീതി നിലവിൽ വന്നത് ഞങ്ങളുടെ ആവശ്യകത വർദ്ധിപ്പിച്ചു. എന്റെ മുതുമുത്തച്ഛന്മാർ ഗോളാകൃതിക്കാരായിരുന്നു. പിന്നീട് സംഭവിച്ച പരിണാമത്തിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുവാനായി ചെത്തിമിനുക്കി കൂർപ്പിച്ച ഈ രൂപം കൈ വന്നു. മനുഷ്യരുടെ യുദ്ധക്കൊതിയാണ് ഞങ്ങളെ നൂറ്റാണ്ടുകളായി നിലനിർത്തുന്നത്. നിങ്ങളിലോരോരുത്തരേക്കാളും മനുഷ്യരുടെ കൂടെ അവരുടെ അവസാനം വരെ ഞങ്ങളുടെ പരമ്പര കാണും.

ഞാനൊരു വെടിയുണ്ടയാണെന്ന് വന്ന സമയം ഈ മുറിയിലെ ആർക്കും മനസിലായില്ലായിരുന്നു. നിങ്ങളുടെ മനസിൽ വെടിയുണ്ട എന്നു കേൾക്കുമ്പോൾ കടന്നു വരിക എന്റെ മുഴുവൻ പ്യൂപ്പ രൂപമാണ്. ലോഹ അറയിലെ ഏറ്റവും മുൻപിൽ ഞാൻ, അതിനു ശേഷം വെടിമരുന്ന്, പിറകിൽ വാലിൽ തീപിടിപ്പിക്കുവാനുള്ള മുട്ട്. വെടിമരുന്ന് നിറക്കുന്നേരം മഴ വന്നതിനാൽ അമ്പുകൾ തുളഞ്ഞു കയറി മരിച്ച സൈനികരുടെ ആത്മാക്കൾക്കായി സമർപ്പിച്ച് നിർമിച്ചവയായിരുന്നു ഈ ആധുനിക ദേഹം. കാഞ്ചി വലിക്കുമ്പോൾ മുട്ടിൽ വന്നിടിക്കുന്ന ലോഹം വെടിമരുന്നിനു തീക്കൊളുത്തുന്നു. ലോഹ അറയിൽ അപ്പോഴുണ്ടാകുന്ന സ്‌ഫോടനം എന്നെ പുറത്തേക്ക് തള്ളുന്നു. കൃത്യതയോടെ ഞാൻ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നു. ഈയം കൊണ്ട് ഞങ്ങളെ ഉണ്ടാക്കുന്നതിന് അതിന്റെ ലഭ്യതയും വിലക്കുറവും മാത്രമല്ല ഈയത്തിന്റെ പിണ്ഡക്കൂടുതലും ചെറിയ താപനിലയിൽ ഉരുകുവാനുള്ള അതിന്റെ കഴിവും കാരണങ്ങളായിരുന്നു. ലോഹ അറ, സ്‌ഫോടനത്താൽ ഉരുകാൻ സാധ്യതയുള്ളതിനാൽ ദ്രവണാങ്കം ഈയത്തിനേക്കാൾ വളരെ കൂടുതലുള്ള പിച്ചളയാൽ നിർമ്മിക്കുകയായിരുന്നു.

നാലു ഇടപാടുകാരിലൂടെ കൈ മറിഞ്ഞാണ് തോക്കും തിരകളും മേരിയിൽ വന്നു ചേർന്നത്. പ്രേം ചന്ദ്, പോൾ, നിസാം, രചന എന്നിവരിലൂടെയായിരുന്നു എന്റെ ലോക സഞ്ചാരം. ഓഫീസിലേക്ക് പോകുന്നതിനു മുൻപ് പതിനാലു തവണ ടൈ കെട്ടുകയും അഴിക്കുകയും ചെയ്യുമായിരുന്ന ഓട്ടുകമ്പനികളുടെ ഉടമയായിരുന്നു പ്രേംചന്ദ്. സ്വന്തം കാറിൽ സഞ്ചരിക്കുമ്പോഴൊക്കെ മാതാവിന്റേയും യേശുവിന്റേയും ചെറിയ ഫോട്ടോകൾക്ക് ചുറ്റും ഓടിമറയുന്ന എൽ.ഈ.ഡി ബൾബുകൾ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന പോൾ എന്ന സ്വർണ വ്യാപാരി. കാറോടിക്കുകയും അതേ സമയം എഫ്.എം റേഡിയോ പാട്ടിനൊപ്പം ഉച്ചത്തിൽ പാടുകയും ചെയ്യുന്ന നിസാമിന്റെ കുഴൽപ്പണ സാമ്രാജ്യം ഗൾഫു മുതൽ പല നാടുകളിൽ പടർന്നു കിടന്നു.

രചന പുരുഷനായി ജനിക്കുകയും സ്ത്രീയായി നഗരത്തിൽ ജീവിക്കുകയും ചെയ്യുന്ന ഒരു ആയുധ കച്ചവടക്കാരി ആയിരുന്നു. മേരിയുമായി തോക്കിന്റെ ഇടപാട് നടത്തിയത് രചനയാണ്. ഒരു ആണിന്റെ ആകാരസൗഷ്ടവം ചെറുകിട ആയുധവിൽപന രംഗത്ത് പിടിച്ചു നിൽക്കുവാൻ രചനയെ സഹായിച്ചു. സ്വയരക്ഷക്കായി ബിസിനസുകാരായ ആദ്യ മൂന്നു പേരും ഉപയോഗിച്ചിരുന്ന അതേ തോക്ക് പിന്നീട് പുതിയ രീതിയിലുള്ള മറ്റു തോക്കുകളിലേക്ക് മാറിയപ്പോൾ രചനയുടെ കയ്യിൽ ചെറിയ വിലയ്ക്ക് വന്നു ചേർന്നു. തോക്കിനെക്കുറിച്ചുള്ള മേരിയുടെ അറിവില്ലായ്മ മുതലെടുക്കുവാൻ രചന തീരുമാനിച്ചിരുന്നെങ്കിലും മേരിയുടെ പുരികത്തിനോട് ചേർന്ന അതിന്റെ നിഴലു പോലുള്ള മുറിവും മുഖത്ത് നിറഞ്ഞ് നിന്നിരുന്ന ദൃഢനിശ്ചയവും മാറി ചിന്തിപ്പിക്കുന്നതിനു പ്രേരിപ്പിച്ചു.
നാട് ചുറ്റുമ്പോഴൊക്കെ കൂടെക്കൂട്ടാറുള്ള പെട്ടിയുടെ ഏറ്റവും അടിത്തട്ടിൽ വസ്ത്രങ്ങളാൽ പൊതിഞ്ഞ് മേരി തോക്ക് ഒളിപ്പിച്ചു വച്ചു.

പെട്ടി മരയലമാരയുടെ ഉള്ളിൽ ഒളിപ്പിച്ചു. മരയലമാര മുറിക്കുള്ളിൽ ഒളിപ്പിച്ചു. മുറിയെ കെട്ടിടത്തിനുള്ളിൽ ഒളിപ്പിച്ചു. കെട്ടിടത്തെ ആ നഗരത്തിനുള്ളിൽ ഒളിപ്പിച്ചു. നഗരത്തെ ആളുകൾക്കുള്ളിൽ ഒളിപ്പിച്ചു. ആളുകളെ രാജ്യങ്ങളായി മുറിച്ചൊളിപ്പിച്ചു. രാജ്യങ്ങളെ കടലുകൾക്കിടയിൽ ഒളിപ്പിച്ചു. കടലുകളെ ഭൂമിക്കുള്ളിൽ ഒളിപ്പിച്ചു. ഭൂമിയെ നക്ഷത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചു. നക്ഷത്രങ്ങളെ സൗരയൂഥങ്ങൾക്കിടയിൽ ഒളിപ്പിച്ചു. സൗരയൂഥങ്ങളെ ആകാശഗംഗയിൽ ഒളിപ്പിച്ചു. തോക്കും തിരകളും അതിൽ ഒതുങ്ങിക്കിടന്നു. ഞാൻ തിരകളിൽ നാലാമനായിരുന്നു. നാരങ്ങയുടെ മണമുള്ള അലക്കുകാരത്താൽ കഴുകിയുണക്കിയ പൂക്കളുള്ള മൃദുവായ പരുത്തി തുണിയിലായിരുന്നു ഞങ്ങളെ പൊതിഞ്ഞത്. ഞാനൊരു നാരകക്കാളി പ്യൂപ്പ. ഞാനെന്റെ കൊക്കൂണിനുള്ളിലായിരുന്നു.

ഞങ്ങളെല്ലാവരും തുണിയുടെ ചൂടിനുള്ളിൽ ഒരുപാടൊരുപാടു കാലം കണ്ണുകളടച്ച് കൊക്കൂണുകൾ പൊട്ടിച്ച് പാറിപ്പറക്കുന്ന നിമിഷത്തെ സ്വപ്നം കണ്ടു കൊണ്ട് ഗാഢനിദ്ര പൂകി. സുതാര്യമായ ചിറകുകളടിച്ച് മറ്റേതൊരു ചിത്രശലഭത്തേക്കാളും വേഗത്തിലുള്ള പറക്കലിനെ പ്രതീക്ഷിച്ച് കല്ലുകളെപ്പോലെ ധ്യാനനിരതനായി. അത്രയും പഴയതായി. അവരിലൂടെ കടന്ന അത്രയും കാലം ഞങ്ങളിലൂടെ ഉരസിയുരസി മിനുപ്പിച്ച് കടന്നു പോയി. രക്തം രുചിച്ച് നിർവൃതിയടയുവാൻ തയ്യാറായി.

അക്രമത്തിനു പരതുന്ന വിരലുകളേ ഞങ്ങളെ തേടിവന്നിട്ടുള്ളു. വളരെ നാളുകൾക്കു ശേഷം മേരിയുടെ വിരലുകൾ പൂക്കളുള്ള പരുത്തിതുണിയെ തുറന്ന് ഞങ്ങളെ പുറത്തെടുത്തു. ഭയചകിതയായ മേരിയുടെ മുഖം അതിനിടെ ഒരു നോക്ക് കണ്ടു. അവൾ കാറിൽ ഞങ്ങളേയുമെടുത്ത് നഗരത്തിൽ ചുറ്റിത്തിരിയുകയാണെന്ന് ശബ്ദങ്ങളിലൂടെ എനിക്ക് മനസിലായി. ആംബുലൻസുകളുടേയോ പോലീസുകാരുടേയോ എന്ന് വ്യക്തമാക്കാത്ത സൈറൺ അലർച്ചകൾ പലപ്പോഴായി പിന്തുടർന്ന് കടന്നു പോയി. തോക്കിൽ ഞങ്ങളെ നിറച്ച് പടികൾ കയറി വാതിൽ ചവിട്ടിയിളക്കിയത് ഞാനറിഞ്ഞു. വാതിൽ തുറന്ന് തോക്ക് ചൂണ്ടി. മേരിയുടെ കൈകളിലെ വിറയലിന്റെ തോത് കണക്കാക്കുന്നതിനിടയിൽ എന്റെ കൊക്കൂൺ പൊട്ടി ഞാൻ പുറത്തേക്ക് ചിറകിട്ടടിച്ച് പാറി. കടൽത്തീരത്തെ വിട്ടു പോകുന്ന നാവികനെപ്പോലെ തോക്കിൽ നിന്നും ഞാൻ പുറപ്പെട്ടു. എനിക്ക് പിറകിൽ വെടി ശബ്ദം മുഴങ്ങി.

മുറിയാകെ അലങ്കോലമായി കിടക്കുകയായിരുന്നു. സോഫ, മേശ, കസേരകകൾ. കുംഫു പാണ്ടയുടെ ഒരു ചിത്രം ചുമരിൽ അശ്രദ്ധമായി പതിപ്പിച്ചിരുന്നു. കലണ്ടറുകൾ തൂങ്ങുന്ന ആണികൾ, തുറന്നിട്ട മേശവലിപ്പുകൾ, മൂന്നു വട്ടം മിന്നി തെളിയുന്ന ട്യൂബ് ലൈറ്റുകൾ, വാലൻ പുഴുക്കൾ ഇഴയും പുസ്തകങ്ങൾ, ലിംഗത്തിന്റെ കടഭാഗം പോലുള്ള ഒരു മുൾച്ചെടി, കാലുറകൾ ചുരുട്ടിയിട്ട ഷൂസ്, ചീഞ്ഞു തുടങ്ങിയ പഴം, പൊതിഞ്ഞു വച്ച ബർഗർ, നായയുടെ ഉദ്ധരിച്ച ലിംഗം പോലെ ലിപ്സ്റ്റിക്ക്, കിണറു പോലെ സ്പ്രിംഗ് വളകൾ , സ്വന്തം കാലുകൾ നക്കി തുടയ്ക്കുന്ന പൂച്ച, കുർത്തകൾ, പൂപാത്രം, ക്യാമറ, ഗ്ലാസ്, പിസയുടെ അഞ്ചു കഷ്ണങ്ങളിൽ ഒന്ന്, കൊക്കകോള കാൻ, ലാപ്‌ടോപ്പ്, ഗ്ലോബ്, നീല പശക്കുപ്പി, പൂപ്പൽ പിടിച്ച ബ്രഡ്, ഫ്രിഡ്ജ്, സംഗീതോപകരണങ്ങൾ, ചുമരിൽ പതിപ്പിച്ച മൂന്ന് പ്രകൃതി ദൃശ്യങ്ങൾ, അലാറം വക്കുന്ന ചെറിയ ക്ലോക്ക്, പട്ടിക്കുട്ടിയുടെ ബൊമ്മ, വിവാഹത്തിനു ലഭിച്ച സമ്മാനങ്ങൾ. അവിടവിടങ്ങളിൽ ചെന്നിരുന്ന് ലോകത്തിന്റെ മണം ആസ്വദിച്ച് പൊടി പടലങ്ങളിൽ കുളിച്ച് തുള്ളിത്തുള്ളി ചിറകടിച്ച് ചിറകടിച്ച് പുറത്ത് വന്നപ്പോൾ വീണുകിടക്കുന്ന ഒരു സ്ത്രീയേയും മേരിയെ നോക്കി നിൽക്കുന്ന പുരുഷനേയും കണ്ടു. പതിയെ പുരുഷന്റെ തലമുടിയിൽ വന്നിരുന്ന് അയാളിന്ന് നഗരത്തിൽ സഞ്ചരിച്ചപ്പോൾ പറ്റിക്കൂടിയ പൊടി നുകർന്നു. ടേബിൾ ലാമ്പ് ഒരു ചെടിയെന്ന് കരുതി അതിന്റെ ബൾബിലെ സൂര്യകാന്തിപ്പൂ പോലെയുള്ള വെളിച്ചത്തിൽ ചെന്നിരുന്ന് എങ്ങിനെ തേൻ നുകരണമെന്ന് പരിശീലിച്ചു. ലോകം അസാദ്ധ്യമാണ്. അവിടവിടെയിരിക്കുന്ന മേശ പോലെ അതിലെ പാത്രങ്ങളും കുപ്പികളും പ്ലാസ്റ്റിക് സഞ്ചികളും പൗഡർ ചെപ്പുകളും ഊരി വച്ച ഡപ്പികളും അവയുടെ അടപ്പുകളും നിറയുകയും ഒഴിയുകയും ഉപേക്ഷിക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്ത് കൊണ്ടിരിക്കും. നെടുവീർപ്പിട്ടു കൊണ്ട് താഴെ കിടക്കുന്ന സ്ത്രീയെ അനുകമ്പയോടേയും കൊക്കൂൺ പൊട്ടിച്ചു നൽകിയ പെൺകുട്ടിയെ നന്ദിയോടേയും നോക്കി കർട്ടനുകൾ വിരിച്ചിട്ട ജനലിനുള്ളിലൂടെ പുറത്തേക്ക് പറന്നു.

ബാൽക്കണിയിലെ അയയിൽ വിരിച്ചിട്ട തുണികളിൽ മഞ്ഞുതുള്ളികൾ തൂവുന്നതിനായി രാത്രി വന്നേയുള്ളുവായിരുന്നു. ജനലിനപ്പുറമുള്ള റോഡിലൂടെ കറുത്ത വാഹനം കടന്നു പോയി. ഇലക്ട്രിക് കമ്പികളിൽ വന്നിരുന്ന പക്ഷിക്കൂട്ടം കാഷ്ഠിച്ചു പോയ അടയാളങ്ങൾ താഴെ ചെറുചെടികളിൽ കാണെ മഞ്ഞ നിറത്തിലേക്ക് ചായുവാനായുന്ന നഗരത്തിന്റെ ആകാശം, വിളക്ക് കാലിനടിയിൽ മഴക്കാലത്ത് കുട നന്നാക്കുകയും അല്ലാത്ത സമയം ചെരിപ്പ് കുത്തിയായി ജീവിക്കുകയും ചെയ്തുകൊണ്ടിരുന്ന ആളുടെ കാലുകളിലെ ആണിച്ചുഴികളിലൊന്ന് ഉഴിഞ്ഞു കൊടുത്തു. കെട്ടിടങ്ങൾക്ക് മുകളിൽ ആന്റിനകൾ, അയകൾ ജലസംഭരണികൾ, മൂങ്ങയുടെ കുറുകലുകൾ. ചീവീടുകളുടെ ആദ്യ ഷിഫ്റ്റ് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു നേരം ടെലിഫോൺ വയറിൽ ഇരുന്ന് വിശ്രമിച്ച് ക്ഷീണം മാറിയപ്പോൾ അടുത്ത അപ്പാർട്ട്‌മെന്റിലെ ബാൽക്കണിയിൽ നട്ടു നനച്ചു വളർത്തിയിരുന്ന ചെമ്പരത്തിയിലെ തേൻ കുടിച്ചു. അവരുടെ പൂമ്പൊടികൾ ഏറി.

അടച്ചിട്ടിരുന്ന ചില്ലു ജനാലകളിലൂടെ ഉൾക്കടലിലെ തിരമാലകൾ പോലെ ഉലയുന്ന നീല കർട്ടനുകൾ വഴി പുതിയ മുറിയിലേക്ക് കടന്നു. നാലംഗങ്ങളുള്ള കുടുംബം തീൻ മേശയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. കുട്ടികളുടെ പ്രായം നാലും ഏഴുമാകാമെന്ന് ചിതറിക്കിടക്കുന്ന കളിക്കോപ്പുകൾക്കും പാഠപുസ്തകങ്ങൾക്കുമിടയിലിരുന്ന് ഊഹിക്കാവുന്നതേയുള്ളൂ. കുസൃതി കൂടിയ ഇളയവൻ തന്റെ കെട്ടിട നിർമ്മാണത്തിന്റെ പ്ലാസ്റ്റിക് കട്ടകൾ പാതിയിൽ നിർത്തി വച്ചിരിക്കയായിരുന്നു. മൂത്തവന്റെ സ്‌കെച്ച് പേനകൾ ചിതറിക്കിടക്കുന്നുണ്ട്. നിറം കിട്ടുവാനായി രൂപങ്ങൾ വെള്ളനിറത്തിലും കറുപ്പു വരകളിലുമായി കടലാസുകളിൽ കാത്തു കിടന്നു. തട്ടിയിട്ട് പോയ ഫുട്‌ബോൾ ഇളകിയിളകി നിശ്ചലമായിട്ടേയുള്ളുവായിരുന്നു.

അവന്റെ കൈകളിൽ ഇതിനകം എത്ര നിറങ്ങൾ പറ്റിക്കാണുമെന്നെനിക്ക് കൗതുകം തോന്നി. സോഫ കടന്ന് ഭക്ഷണമേശയിലെത്തിയപ്പോൾ ആഹാരം വിളമ്പുന്ന കുട്ടികളുടെ അമ്മയുടെ കണ്ണുകൾക്ക് കീഴിലായി ഒഴുകിയുണങ്ങിയ ജലത്തിന്റെ പാത ഒരു പാട പോലെ നിൽക്കുന്നു. അച്ഛനിൽ കുറ്റബോധത്തിന്റെ കാർമേഘങ്ങൾ മൂടിയ കനം മൂലം താഴ്ന്ന് പോയ ശിരസ്. ആഹാരത്തിനടുത്ത് വന്നതും ഗുളികമണമെനിക്ക് അനുഭവപ്പെട്ടു. സാമ്പത്തിക ബാധ്യതയോ രോഗാവസ്ഥയോ എന്തെന്ന് വ്യക്തമായില്ല. കുട്ടികൾ പ്രതീക്ഷയോടെ അമ്മയ്ക്കരികിലേക്ക് പാത്രം നീട്ടി. ആഹാരം വിളമ്പുവാൻ നീട്ടിയ അമ്മയുടെ കൈയ്യിൽ വന്നിരുന്ന് കുട്ടികളുടെ മുഖത്ത് ഒരിക്കൽ കൂടെ നോക്കി കൂർത്തതല്ലാത്ത പല്ലുകൾ മാംസത്തിലിറക്കി. കൈ മുറിഞ്ഞ് രക്തമൊഴുകി. എടുത്തു പിടിച്ച ഭക്ഷണപാത്രം നിലത്തു വീണ് വിഷാഹാരം ചിതറി. മൂലയിൽ നോക്കി നിൽക്കുകയായിരുന്ന മരണം ഇളിഭ്യനായി. പിതാവ് അമ്മയെ താങ്ങി. ഏറ്റവും ഇളയവൻ മാത്രം എന്നെക്കണ്ടു. അവന്റെ കണ്ണുകൾ വായക്കൊപ്പം വിടർന്നു കൈകൾ നീട്ടി. കുട്ടികളുടെ അമ്മയുടെ കൈകളിൽ കടിച്ചതിനാൽ ഗതിയിലും വേഗത്തിലും ചെറിയൊരു മാറ്റം വന്നിരുന്നു. എങ്കിലും മുന്നിൽക്കണ്ട ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പിക്കരികിലൂടെ ജനലിനുള്ളിലേക്ക് എനിക്ക് ചിറകടിക്കുവാനായി. അരികിലായി നിന്ന വൃക്ഷത്തിൽ കൂടുകൂട്ടിയിരുന്ന പക്ഷികൾ ഉറക്കത്തിലേക്ക് വഴുതുകയോ ഇന്ന് പറന്ന ദേശത്തെക്കുറിച്ച് മക്കൾക്ക് പറഞ്ഞു കൊടുക്കുകയോ ചെയ്തു കൊണ്ടിരിക്കയാകണം.

ആസ്ബറ്റോസ് ഷീറ്റിൽ വീണുതുടങ്ങുന്ന മഴയുടെ ശബ്ദം കണക്കെ കോലാഹലങ്ങൾ കേട്ടു. മുള്ളൻ പന്നിയുടെ മുള്ളുകൾ പോലുള്ള കോലുകൾ ഭക്ഷണശാലയിലെ മുൻവശത്ത് ആളുകളുടെ പല്ലുകൾക്കിടയിൽ കുരുങ്ങിയ മാംസക്കഷ്ണങ്ങൾ പുറത്തെടുക്കുവാൻ വച്ചിരുന്നു. അകലെയൊരു ചരക്കു കപ്പലിന്റെ സൈറൺ മുഴങ്ങി. അവയുടെ ഗർഭത്തിൽ സൂക്ഷിക്കുന്ന ധാന്യത്തിന്റെ പരിപ്പിനുള്ളിൽ കരണ്ടുണ്ടാക്കിയ കുഴികളിൽ മുട്ടയിടുന്ന അരിച്ചെള്ളുകൾ സ്വസ്ഥരായി. പാൻ മസാലക്കടയിലെ ഉണങ്ങിയ പുകയിലകളിൽ തുരന്ന് കുതറുന്ന വണ്ടുകൾ എത്തിച്ചു നോക്കി. ചിതറിയ വിഷക്കഞ്ഞി നുകർന്ന് ഇന്നെത്ര ഉറുമ്പുകൾ, പ്രാണികൾ ഉറക്കത്തിലേക്ക് മലരുമെന്ന് ഓർത്തു. മണ്ണിനടിയിൽ ശരീരം കലപ്പയായി വലിക്കുന്ന മണ്ണിരകളുടെ അഞ്ച് ഹൃദയങ്ങളുടെ മിടിപ്പ് അറിഞ്ഞു. ഒരു നിശാശലഭം കണക്കെ റോഡിനപ്പുറമുള്ള അപ്പാർട്ടുമെന്റിലെ മെഴുകുതിരി വെളിച്ചത്തിലേക്ക് കുതിച്ചു.

വഴിയിൽ പ്രകാശം ഉൾവലിഞ്ഞപ്പോഴുള്ള ഇരുട്ട് തെളിഞ്ഞു കിടപ്പുണ്ട്. ഇരുട്ടൊരു നിറമാണോ അതോ കറുപ്പു നിറമാർന്ന ജീവിയാണോ എന്നും നൈറ്റ്വിഷൻ ബൈനോക്കുലറിനുള്ളിൽ ഏത് ചിത്രകാരനായ കുട്ടി ഇരുന്നാണ് ആ ജീവിക്ക് നരച്ച ചായം പൂശുന്നതെന്നും സംശയിച്ച് ഞാൻ ചിറകടിച്ചു. ജനലിലൂടെ ഇരുട്ടിലേക്ക് കടക്കെ മുറിയെ മൊത്തമായി നിയന്ത്രിക്കുന്ന ടിവിയുടെ പ്രകാശം കാണാനായി. അതിനഭിമുഖമായിയുള്ള സോഫയിൽ അടിവസ്ത്രമണിഞ്ഞ് ഭയത്തോടെയുള്ള കണ്ണുകളുമായി നായയും ഉടമസ്ഥനും ഇരിപ്പുണ്ടായിരുന്നു. നായ തന്റെ യജമാന സ്‌നേഹം ഇടയ്ക്കിടയ്ക്ക് വാലുകളാട്ടിയും നക്കിയും മണപ്പിച്ചും കാതുകൾ കൂർപ്പിച്ചും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. നായയിൽ നിന്നുള്ള ചെള്ളുകൾ മുറിയിൽ തുള്ളിക്കൊണ്ട് നടന്നു.

കടന്നു വന്ന മറ്റ് അപ്പാർട്ടുമെന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ മുറിക്ക് തീരെ വൃത്തിയില്ലായിരുന്നു. ക്ഷുരകൻ നായയെക്കൂടാതെ അയാളുടെ വീട്ടിൽ ഞവണികളെയും വളർത്തിയിരുന്നു. ഉപയോഗശൂന്യമായ അക്വേറിയത്തിൽ ജലം നിറച്ച് ഞവണികളെ അതിലിട്ട് വളർത്തി. പെറ്റു പെരുകി ചില്ലു പാത്രത്തിൽ നിറഞ്ഞ് കവിഞ്ഞ് ഞവണികളെ വീടിനുള്ളിൽ കണ്ട് വരുമ്പോൾ കുറച്ചെണ്ണത്തെ തോട് പൊളിച്ച് വേവിച്ച് വരട്ടി സ്വാദുള്ള കറി വച്ച് ക്ഷുരകനും നായയും അകത്താക്കി. അവയുടെ കട്ടിത്തോട് അടിച്ച് പൊട്ടിച്ച് ചെടിച്ചട്ടികളിൽ വളമായി ഇട്ടു കൊടുത്തു. ഞവണികളുടെ ആകൃതിയുള്ള പൂവുകളെ ചെടികൾ അയാൾക്ക് നൽകി.
മരച്ചിലന്തികൾ വെളിച്ചം വീഴാതിരുന്ന അലമാരയുടെ ആഴങ്ങളിൽ മൂത്രമൊഴിച്ചു കൊണ്ടിരിക്കെ മുറിയിലാകെ മുടി കുത്തി നിറച്ച ചാക്കുകൾ കുന്നുകൂടിക്കിടന്നു. ചിലതിലെ ദ്വാരങ്ങളിൽ നിന്ന് മുടിക്കൂനകൾ മുറിയിലേക്ക് പാറിയിരുന്നു. ഇന്നലെ മരിച്ചു പോയ ഒരാളുടെ മുടിയിഴകൾ അവിടവിടെ കിടക്കുന്നുണ്ടായിരുന്നു. പഞ്ഞിക്ക് പകരം മുടി കുത്തി നിറച്ച കിടക്കയും തലയിണയും കാണാമായിരുന്നു. അതിൽ മൂട്ടകൾ രക്തത്തിന്റെ മണം പിടിച്ച് മേഞ്ഞു നടന്നു. ടെലിവിഷനിൽ നിന്നും പല്ലുപുളിപ്പിക്കും രീതിയിലുള്ള ശബ്ദങ്ങൾ കേട്ട് ക്ഷുരകൻ ശ്രവണത്തിൽ നിന്നും പിന്തിരിഞ്ഞ സമയം നോക്കി നായയുടെ മുലഞെട്ടിൽ വന്നിരുന്ന് ഞാൻ തുളച്ചു. സുഖപാരമ്യത്തിൽ നായയൊന്ന് ഞരങ്ങി. ചെള്ളുകൾ എഴുന്നേറ്റ് നിന്ന രോമങ്ങളിൽ നിന്നും ചാടി രക്ഷപ്പെട്ടു. നായയുടെ നെഞ്ച് തുരന്നപ്പോൾ ഉള്ളിൽ മഞ്ഞ ചിത്രശലഭത്തെ കണ്ട് ക്ഷുരകൻ അത്ഭുതപ്പെട്ടു കാണണം’’; വെടിയുണ്ട പറഞ്ഞു നിർത്തി.

‘ഡിറ്റക്ടീവിനും ഭാര്യക്കും മേരിക്കും പിന്നീട് എന്താണ് സംഭവിച്ചതെന്ന്?'
‘എനിക്ക് തോന്നുന്നു ഡിറ്റക്ടീവ് അവരെ പിന്തുടർന്ന് ചെല്ലുകയും ഇല്ലാതാക്കുകയും ചെയ്തുവെന്ന്. ഒരു കൊലപാതകം ആത്മഹത്യയായി ഫ്രെയിം ചെയ്യുന്നതിനു അയാൾക്ക് കഴിയുമെന്നതിൽ ഒരു സംശയവും വേണ്ട'
‘അങ്ങിനെയെങ്കിൽ ആ സ്ത്രീയുടെ മൃതശരീരം എവിടെ?' വെടിയുണ്ട മുരടനക്കിയതോടെ അതുവരെയുണ്ടായിരുന്ന പിറുപിറുക്കലുകൾ ഒതുങ്ങി.
‘ഷുമാർക്കറിന്റെ നെഞ്ചു തുരക്കൽ പ്രവർത്തി ക്ഷുരകനെ ഉന്മാദത്തിനു സമാനമായ മാനസികാവസ്ഥയിലേക്ക് തള്ളിയിട്ടിരുന്നു. ചിത്രശലഭമായ എന്നെ ഒഴിഞ്ഞ ഒരു ഞവണിയുടെ ഉള്ളിലിട്ട് കീശയിലാക്കി അയാൾ വീടുവിട്ടിറങ്ങി. ഞാൻ പാറി വന്ന ഇടങ്ങളെ അന്വേഷിക്കുകയായിരുന്നു അയാളെന്ന് എനിക്ക് മനസിലായി. എന്റെ കൊക്കൂൺ പൊട്ടിയ ഇടം ഡിറ്റക്ടീവിന്റെ മുറിയാകുമെന്ന് അയാൾ ഊഹിച്ചു കാണണം. ഒരു ധൈര്യത്തിനു പണിയായുധങ്ങൾ നിറഞ്ഞ ബാഗ് കയ്യിൽ കരുതിയിരുന്നതിനാൽ ഭയന്നു ഭയന്നാണെങ്കിലും മുറിയിലേക്ക് അയാൾ കയറിപ്പോയി. തുറന്നിട്ട വാതിൽ തലയിൽ മരക്കഷ്ണവുമായി ഞരങ്ങുന്ന ഡിറ്റക്ടീവിനെ അയാൾക്ക് കാണിച്ചു കൊടുത്തു. ഡിറ്റക്ടീവ് സഹായത്തിനായി ക്ഷുരകനെ കൈ നീട്ടി വിളിച്ചു.

ക്ഷുരകൻ ചെന്നു മരക്കഷ്ണം വലിച്ചൂരുവാനായി ശ്രമിച്ച് പരാജയപ്പെട്ടു. വേദനകൊണ്ട് പുളഞ്ഞ ഡിറ്റക്ടീവിൽ ക്ഷുരകനു രസം പിടിച്ചു. അയാൾ വാതിലടച്ച് കുറ്റിയിട്ടു. മുറിയിൽ കണ്ട കയറുപയോഗിച്ച് ഡിറ്റക്ടീവിനെ അയാൾ വരിഞ്ഞു മുറുക്കി. തളർന്നു പോയിരുന്ന ഡിറ്റക്ടീവ് പതിയെ കണ്ണുകൾ പൂട്ടി ക്ഷുരകനു വഴങ്ങിക്കൊടുത്തു. അങ്ങോർ തന്റെ ബാഗ് തുറന്ന് പണിയായുധങ്ങൾ പുറത്തെടുത്തു വച്ചു. ഒരു കപ്പിൽ കുറച്ച് വെള്ളം അടുക്കളയിലെ പൈപ്പിൽ നിന്നും എടുത്തു കൊണ്ടു വന്നു. ആദ്യമായി ഡിറ്റക്ടീവിന്റെ മുഴുവൻ വസ്ത്രങ്ങളും അയാൾ അഴിച്ചു മാറ്റി. ഷേവിംഗ് ക്രീം ബ്രഷിൽ തേച്ച് വെള്ളത്തിലൊന്ന് മുക്കി ക്ഷുരകൻ തന്റെ പണി തുടങ്ങി. തന്നെ ഏറെ നാളുകളായി കൊതിപ്പിച്ച ഡിറ്റക്ടീവിന്റെ ലക്ഷണമൊത്ത കവിളിൽ ക്രീം പതപ്പിച്ചു കൊണ്ട് മലർന്നു കിടക്കുകയായിരുന്ന ആ ശരീരത്തിൽ അയാൾ ആധിപത്യം സ്ഥാപിച്ചു. അപ്പോഴായിരുന്നു ഡിറ്റക്ടീവിന്റെ തലയിലെ മുടി തനിക്ക് അസൗകര്യമാകുമെന്ന തിരിച്ചറിവ് അയാൾക്ക് ഉണ്ടായത്. ആയുധപ്പെട്ടി തുറന്ന് ഓരോ ഉപകരണങ്ങളായി തറയിൽ നിരത്തി വച്ച് അതിൽ നിന്നും കത്രിക തിരഞ്ഞെടുത്ത് മുടിമുറിച്ച് ഒരു പിടിയാൽ ഞരക്കത്തിന്റെ വായ അടപ്പിച്ച് ക്ഷുരകൻ പണി തുടർന്നു. മുടി വെട്ടിക്കഴിഞ്ഞപ്പോഴേക്കും ഡിറ്റക്ടീവിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. ചിതറിയ ബാക്കി മുടി നിലം തൂക്കാനുപയോഗിക്കുന്ന ചൂലുകൊണ്ട് അടിച്ച് കൂട്ടി മുറിയുടെ മൂലയിൽ കൂമ്പാരമാക്കിയിട്ടു.

ക്ഷുരകൻ വീണ്ടും ഉണങ്ങിത്തുടങ്ങിയ പതയെ വെള്ളം നനച്ച് ഉണർത്തിയെടുത്തു. ക്ഷുരകനു സന്തോഷം സഹിക്ക വയ്യാതെ ക്ഷൗരക്കത്തിയിൽ ബ്ലേഡ് തിരുകി കവിളിലൂടെ ഓടിച്ചു. ഐസിൽ തെന്നി വീഴും പോലെയുള്ള ബ്ലേഡിന്റെ സഞ്ചാരം അയാളെ അത്ഭുതപ്പെടുത്തിയെന്ന് തോന്നുന്നു. ഹോ എത്ര മൃദുലമെന്ന് സ്വന്തം വിരലിന്റെ മാംസളഭാഗത്താൽ കവിളിൽ തൊട്ട് അയാൾ പറഞ്ഞു. ക്ഷൗരം ചെയ്ത് നിർമലമാക്കിയ ഭാഗത്ത് ക്ഷുരകൻ തന്റെ ചുണ്ടുകളമർത്തി. അപ്പോൾ മുഖത്ത് പറ്റിയ പത മുഖത്ത് നിന്നും തുടച്ചു നീക്കി കൊണ്ട് ഏറെ ആസ്വദിച്ച് കത്തിയുടെ അനക്കം തുടർന്നു. താടി കഴിഞ്ഞ് മീശ പിന്നെ പുരികം അത് കഴിഞ്ഞ് തല. വർഷങ്ങളായുള്ള അനുഭവജ്ഞാനം ജോലി എളുപ്പമാക്കി. ഡിറ്റക്ടീവിനെ അപ്പോൾ കണ്ടാലൊരു ബുദ്ധസന്യാസിയെന്നേ തോന്നൂ. പുരികം വടിച്ചതോടെ മുഖഛായ തന്നെ മാറിപ്പോയിരുന്നു. കക്ഷങ്ങളിലെ രോമങ്ങൾ വടിക്കുന്നതിനായി യാതൊരു മടിയും ക്ഷുരകൻ കാണിച്ചില്ല. ഇടയ്ക്കിടെ വടിച്ചു മാറ്റിയ രോമങ്ങൾ നിറഞ്ഞ പത കയ്യിൽ പറ്റിച്ച് മേശയിൽ തുടയ്ക്കുന്നുണ്ടായിരുന്നു. നെഞ്ചിലെ രോമം വടിച്ചതോടെ അയാൾ തളർന്നു. പോയി ഫാനിട്ട് ഫ്രിഡ്ജിൽ വച്ചിരുന്ന മഞ്ഞനിറത്തിലുള്ള ജ്യൂസും കുടിച്ച് ഒരു കസേരയിൽ അയാൾ തളർന്നിരുന്നു.

എന്നാൽ ഡിറ്റക്ടീവിന്റെ ലൈംഗികാവയവം കണ്ടതോടെ അയാൾക്ക് ചിരി പൊട്ടി. ക്ഷീണമെല്ലാം മറന്ന് കത്തിയും ബ്രഷുമായി അങ്ങേർ ഇറങ്ങി. ഇത്ര സസൂക്ഷ്മം ക്ഷൗരം ചെയ്തിട്ട് കാലങ്ങളെത്രയായെന്ന് അയാളോർത്തു. അങ്ങനെ ഓർത്തു കൊണ്ടിരിക്കുന്ന നിമിഷങ്ങളിലെ ഏതെങ്കിലും ഒന്നിലെ അശ്രദ്ധ ഡിറ്റക്റ്റീവിനു അത്രയും ആഹ്ലാദം നൽകിയ അവയവത്തെ ഇല്ലാതാക്കുവാൻ സാധ്യതയുണ്ടെന്ന് ക്ഷുരകൻ ഊഹിച്ചു. ഗുഹ്യരോമങ്ങളും വടിച്ചെടുത്തു മേശയുടെ തിണ്ടിൽ പറ്റിച്ചു. അടുത്തതായി കാലുകളായിരുന്നു. നെറ്റിയിൽ രൂപപ്പെട്ട് താഴേക്ക് ഒലിച്ചിറങ്ങിയ വിയർപ്പ് തുള്ളി ആരുടേയോ വിരൽത്തുമ്പാണെന്ന് കരുതി അയാൾ ആശ്വസിച്ചു. അയാൾ ഡിറ്റക്ടീവിനെ കമിഴ്ത്തിക്കിടത്തി ക്ഷൗരം ആരംഭിച്ചു.

ശരീരത്തിൽ ഇനിയൊരു രോമങ്ങളും ബാക്കിയില്ല എന്ന തോന്നലിൽ മൂക്കിനുള്ളിലേയും ചെവിക്കുള്ളിലേയും പൃഷ്ഠത്തിനുള്ളിലേയും ചെറുരോമങ്ങൾ പെട്ടിരുന്നില്ല. ഏറെക്കാലമായി തന്നെ തൊട്ടു കൊണ്ടിരുന്ന ഷുമാർക്കർ ഇനി തന്റെ ജീവിതത്തിലില്ല എന്ന സത്യം ക്ഷുരകനെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. ഡിറ്റക്ടീവിന്റെ വിരലുകളാൽ അയാൾ അയാളെത്തന്നെ തലോടി. പിന്നീട് കുറച്ച് നേരം നിശബ്ദനായി കത്രിക ഒരിക്കൽ കൂടിയെടുത്ത് ഡിറ്റക്ടീവിന്റെ വിരലുകൾ മുറിച്ചു തുടങ്ങി. അതത്ര എളുപ്പമായിരുന്നില്ല. നഖങ്ങൾ വൃത്തിയിൽ വെട്ടിയൊതുക്കിയ വിരലുകളോട് അയാൾക്ക് അസൂയയുണ്ടായിരുന്നു. ബോധരഹിതനായിട്ടും ഡിറ്റക്ടീവ് ചില നിമിഷങ്ങളിൽ അനങ്ങിയതായി അയാൾക്ക് തോന്നി. പത്ത് വിരലുകളും മുറിച്ചെടുത്ത് പെട്ടിയിൽ വച്ച് അയാൾ കാലുകളിലേക്ക് ശ്രദ്ധ തിരിച്ചു. ചില സ്ഥലങ്ങളിൽ ആരോഗ്യം നന്നായി പ്രയോഗിക്കേണ്ടതായി വന്നു. ഇരുപത് വിരലുകളും മുറിച്ചെടുത്തതോടെ ചോര വാർന്ന് ഡിറ്റക്ടീവിനു മരണം സംഭവിച്ചു കാണണം. വിരലുകളെ അയാൾ തന്റെ പണിയായുധപ്പെട്ടിയിൽ സൂക്ഷിച്ചു. ഒരു വിരലിൽ ഉണ്ടായിരുന്ന മോതിരം ഊരിയെടുത്ത് ഉരുട്ടി വിട്ടു. അപ്പോഴാണ് കാലുകൾക്കിടയിൽ മുളച്ചിരുന്ന മറ്റൊരു തള്ളവിരലിനെക്കൂടെ അയാൾ നോട്ടമിട്ടത്.

തിരികെ മുറിയിൽ വന്ന് ഡിറ്റക്ടീവിന്റെ ഇരുപത്തിയൊന്നു വിരലുകളും ഞവണിക്കകൾ നിറഞ്ഞ ഫിഷ് ടാങ്കിൽ ഇട്ട് കൊടുത്തു കൊണ്ട് മുടി നിറയ്ക്കുന്ന രണ്ട് ചാക്കുകളുമെടുത്ത് ഒരു മൂളിപ്പാട്ടുമായി അയാൾ മുറിയിൽ നിന്നും പടിയിറങ്ങി.
‘ക്ഷുരകൻ ഡിറ്റക്ടീവിനെ കുഴിച്ചിട്ടു കാണും'
‘ചിലപ്പോൾ കത്തിച്ചു കളഞ്ഞു കാണും. ചോദിക്കുന്നവരോട് മുടിയെന്ന് പറഞ്ഞാൽ മതിയാകുമല്ലോ? ബ്ലാക്ക് ബെറിക്ക് കഥ അപ്പോഴും അത്ര വിശ്വാസമൊന്നും ആയില്ല.
‘അയാളുടെ തലയും ഉടലും കഷ്ണങ്ങളാക്കി കാണുമോ?'
‘ഞാൻ മടുത്തപ്പോൾ ഞവണിക്കയിൽ നിന്നും ഉരുണ്ടു വീണു'; വെടിയുണ്ട പറഞ്ഞു.
‘നിങ്ങളാരും ശ്രദ്ധിക്കാതിരുന്ന ഒരു വിവരമുണ്ട്. ക്ഷുരകന്റെ പ്രഥമ ജോലി മൾബറിത്തോട്ടത്തിലായിരുന്നു എന്ന വസ്തുത. അയാൾ അപ്പന്റെ മൾബറിത്തോട്ടത്തിലെ മേരിയുടെ പഴയ കളിക്കൂട്ടുകാരനാണെന്നാണ് എന്റെയൊരു ഉള്ളുണർവ്വ്. ആലീസ് ക്ഷുരകനെ മേരിയുടെ സംരക്ഷണചുമതല വഹിക്കുന്നതിനായി ഏർപ്പാട് ചെയ്തിരിക്കാം. മേരിയുടെ സംരക്ഷകൻ ആയിരുന്നതു കൊണ്ടാവണം ഡിറ്റക്ടീവിനെ അയാൾ വെറുതെ വിടാതിരുന്നത്. അതോ ആലീസ് ആയൊരു സമയത്തേയ്ക്ക് അയാളുടെ ദേഹം ഉപയോഗിച്ചതാകുമോ? സ്വന്തം മകളെ സംരക്ഷിക്കുന്നതിനു എന്ത് വഴിയും സ്വീകരിക്കുവാൻ മടിയില്ലാത്തവളാണ് ആലീസ്' ഭീതിയുടെ, രഹസ്യത്തിന്റെ, ക്രൗരതയുടെ, സംശയത്തിന്റെ, വേദനയുടെ നിശബ്ദത അവിടമെങ്ങും തളംകെട്ടി.

‘മറ്റൊരു സാധ്യത കൂടി നമ്മൾ പരിഗണിക്കേണ്ടതുണ്ട്. മേരി ഡിറ്റക്ടീവാൽ നിരീക്ഷിക്കപ്പെടുകയായിരുന്നു. ഡിറ്റക്ടീവ് ക്ഷുരകനാൽ കൊല്ലപ്പെടുകയായിരുന്നു. അതായത് രണ്ട് ചേരികൾ നിലനിൽക്കുന്നു എന്നല്ലേ അതിനർത്ഥം. ക്ഷുരകൻ മേരിയുടെ സംഘത്തിലെ അംഗമായിക്കൂടെ?'
‘ആകാം. എങ്കിൽ മേരിയെക്കുറിച്ച് സോളമൻ അയാളോട് അന്വേഷിക്കാഞ്ഞത് എന്താണ്?'
‘ഡിറ്റക്ടീവിനെ ഇല്ലാതാക്കിയത് ക്ഷുരകനാണെന്ന സത്യം അയാൾക്കറിയുകയില്ലായിരുന്നു. ആ സമയം ഡിറ്റക്ടീവിനേയും മേരി രക്ഷിച്ച ഗായികയേയും തിരഞ്ഞ് നടക്കുകയായിരുന്നു സോളമൻ. പോകുന്ന വഴിയിൽ മേരിയുടെ മന:ശാസ്ത്രജ്ഞൻ നൽകിയ സീഡികൾ ലെനോവോയിലിട്ട് ഹെഡ് ഫോൺ വച്ച് കേൾക്കുകയായിരുന്നു അയാൾ'

‘ഞാൻ ഡോ: സൈമൺ റാഫേൽ. മേരി എന്ന പേഷ്യന്റിന്റെ ഹിപ്‌നോട്ടിക്ക് ചികിത്സക്ക് മേൽനോട്ടം വഹിക്കുന്നു. പ്രധാനമായും മേരിയുടെ ഭയം, വിശ്വാസക്കുറവ്, അറപ്പ്, പ്രതീക്ഷ, പ്രേമം എന്നിവയുമായി ബന്ധപ്പെട്ട ചികിത്സക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. അതിന്റെ ഭാഗമായി മേരിയെ പല സെഷനുകളിലായി സമ്മോഹനത്തിനു അതായത് ഹിപ്‌നോട്ടൈസിംഗിനു വിധേയയാക്കിയിരുന്നു. അവളുടെ അബോധ മനസിൽ ഒളിഞ്ഞു കിടക്കുന്ന അനുഭവങ്ങളും അതുമൂലം ഉരിത്തിരിഞ്ഞ ഭയങ്ങളും അവയുടെ യഥാർത്ഥ വേരുകളും പുറത്ത് കൊണ്ട് വരികയും അതിനെ പിഴുതു കളഞ്ഞ് സുഖപ്പെടുത്തുകയുമാണു ഞങ്ങളുടെ ഉദ്ദേശം. കുട്ടിക്കാലത്തെ ഓർമകൾ സുഖപ്പെടുത്തിയിട്ടും മേരിയിൽ ഒരു മാറ്റവും കാണാതിരുന്നത് ഡോക്ടർമാരെ അസ്വസ്ഥരാക്കി. എന്നിരുന്നാലും ചികിത്സ തുടരുന്നതിൽ അതൊരു തടസമൊന്നുമായില്ല. മേരിയെ ഭയപ്പെടുത്തിയ വിചിത്ര സ്വപ്നങ്ങളിലൂടെയാണ് സെഷൻ കടന്നു പോകുന്നത്. താങ്ക്യൂ.'

ഡോക്ടർ ടേപ്പിൽ പറഞ്ഞു നിറുത്തി. ലെനോവ വാക്കുകൾക്ക് വേഗത കൂട്ടി. ▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments