ടേപ്പ് ഒന്ന്
ഡോക്ടറുടെ ചോദ്യത്തിനു ശേഷം മേരി സംസാരിക്കുകയായിരുന്നു.
"സങ്കടം വരുമ്പോൾ, പെണ്ണുങ്ങളുടെ വെളുത്തതും മങ്ങിയതും നീലച്ചതും മഞ്ഞച്ചതും പച്ചയായതും കറുത്തതും കാപ്പി കലർന്നതുമായ കൃഷ്ണമണികളുള്ള കലങ്ങിയ കണ്ണുകളിലേക്ക് വെള്ളം കോരി നിറക്കുന്ന അടിമകളായ രണ്ടു സ്ത്രീകളായിരുന്നു സോളമനും ഞാനും. ഞങ്ങളുടെ ഉടയോൻ ക്രൂരനായിരുന്നു. അടിമകളുടെ മേൽനോട്ടത്തിനായി കങ്കാണികളെ ഏർപ്പാട് ചെയ്തിരുന്നു. കങ്കാണിമാരാവട്ടെ ഞങ്ങൾ അടിമകളെ, തല്ലിച്ചതയ്ക്കുന്നതിൽ വലിയ ആഹ്ലാദം കണ്ടെത്തി. വാടിയ ചെടിയെക്കണ്ട് ദയ തോന്നി വെള്ളം തുളുമ്പിച്ചതിനു എനിക്ക് ചാട്ടയടി ശിക്ഷയായി ലഭിച്ചു. ശരീരത്തിൽ പൊന്തിയ വടുക്കൾ കണ്ട് സോളമൻ അതിൽ വിരലുകൾ ഓടിച്ചു. അതിനുശേഷമാണ് സോളമനെന്ന സ്ത്രീയുമായി ഞാൻ സൗഹാർദ്ദത്തിലാകുന്നത്.
കണ്ടാൽ പരസ്പരം പുഞ്ചിരിക്കുന്നത്ര ഞങ്ങളുടെ സ്‌നേഹം വളർന്നു. കിണറിൽ നിന്നും വെള്ളം നിറച്ച് ചെറുസുഷിരങ്ങളുള്ള മൺകലങ്ങൾ ചുമടെടുത്തു കൊണ്ട് വിഷാദവതികളായ സ്ത്രീകളെത്തിരഞ്ഞ് ഞങ്ങൾ ഒറ്റക്കും തെറ്റക്കും നടന്നു. ഞങ്ങൾ സ്ഥിരമായി നടന്നു പോയ ഇടവഴികളിൽ ചീരച്ചെടികൾ ഉയർന്നു വന്നു. ഇടയ്ക്ക് ഒഴിഞ്ഞ കുടങ്ങളുമായി തിരികെവരും വൈകുന്നേരങ്ങളിൽ വഴികളിൽ വച്ച് കണ്ണുകൊണ്ടുരസി പരസ്പരം ചിരിച്ചെന്ന് വരുത്തി. ഒരിക്കൽ ഒഴിഞ്ഞ കുടവുമായി വരവേ ഒരു കാര്യവുമില്ലാതെ നിങ്ങൾ ഇതു വരെ കണ്ടതിൽ വച്ചേറ്റവും വലിയ ദു:ഖം ഏതെന്ന് സോളമൻ എന്നോട് തിരക്കി. മകനോ മകളോ മരിച്ച അമ്മയുടെ ദു:ഖം എന്ന് ഞാൻ അതിനു മറുപടി നൽകി. സോളമൻ മറുപടിയൊന്നും പറയാതെ നടന്നു നീങ്ങി. നേർക്കുനേർ വന്ന മറ്റൊരു സമയം അതേ ചോദ്യം ഞാൻ സോളമനോട് ആവർത്തിച്ചു. അപ്പോഴേക്കും മേൽനോട്ടക്കാരുടെ ചാട്ടവാറിന്റെ ശീൽക്കാരം ഞങ്ങളെ അകറ്റി.
പലപ്പോഴായി സോളമൻ മറുപടി പറയാതെ ഒഴിഞ്ഞു മാറി തന്റെ ജോലി തുടർന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം വെള്ളവുമായി പോകും വഴി കാലിൽ കല്ലുതട്ടി സോളമൻ താഴെ വീണു. മൺകലം കഷ്ണങ്ങളായി ചിതറി. അതിൽ ഉണ്ടായിരുന്ന ജലം സ്വീകരിച്ച് വിത്തുകൾ പൊട്ടാൻ വെമ്പി. ആ വഴി പോകുകയായിരുന്ന ഞാൻ അത് കണ്ട് ഒരു കുമ്പിൾ ജലം സോളമനു നൽകി. സോളമനാ ജലം ഉപയോഗിച്ച് തന്റെ കണ്ണു നിറച്ചു വിഷാദവതിയായി. അപ്പോഴും ഞാൻ ആ ചോദ്യം ആവർത്തിച്ചു. ഉടഞ്ഞു പോയ കലത്തിന്റെ മൺശകലങ്ങൾ പെറുക്കി ശേഖരിക്കുകയായിരുന്ന സോളമൻ അത് അഞ്ച് നിമിഷത്തേക്കു നിറുത്തി ആകാശത്തിലേക്ക് നോക്കി മറുപടി നൽകി.
"കാരമുള്ളു കയറിയ കാലുകളുമായി മൺകലത്തിൽ ജലം വഹിച്ച് ഹൃദയത്തിൽ മുറിവേറ്റവർക്ക് വെള്ളം പകരുന്നതായിരുന്നു ഏറ്റവും വലിയ വേദന എന്ന് കരുതിയ കാലമുണ്ടായിരുന്നു. ഇഷ്ടപ്പെട്ടവരെ ലഭിക്കാതെ ജീവിതം മറ്റൊരാൾക്കൊപ്പം ജീവിക്കുന്നതാണ് അതിലും വലിയ വിഷമമെന്ന് കരുതിയ കാലവും കടന്നു പോയി. അസ്തിത്വ ദു:ഖമെന്ന് പിന്നീട് കരുതി എന്നാൽ പറഞ്ഞു കൊള്ളട്ടേ മനുഷ്യന്റെ ഏറ്റവും വലിയ ഭയം തന്നെയാണ് അവന്റെ ഏറ്റവും വലിയ ദു:ഖം അത് മരണമാണ്.'
മൺകലമില്ലാതെ തന്റെ ഉടയവന്റെ അടുത്ത് പോകുന്നതിന് സോളമനു സാധിക്കുമായിരുന്നില്ല. ഞങ്ങൾ പലതരം ഇലകളാൽ കുടം തുന്നി നോക്കി. പക്ഷിക്കൂടുകളാൽ കുടത്തിനു അറ്റകുറ്റപ്പണി ചെയ്തു. മരപ്പൊത്തുകളാൽ പുതിയ കുടം നിർമ്മിക്കുവാൻ ഞാൻ സോളമനു കൂട്ടു നിന്നു. ഒടുവിൽ ഇന്നൊരു രാത്രി കാട്ടിൽ തങ്ങുന്നതിനായി ഞങ്ങൾ തീരുമാനിച്ചു. വെള്ളം കുടിച്ചു നിറഞ്ഞ കാട്ടുപോത്തിന്റെ വയറിൽ നോക്കി ഇതു പോലൊരെണ്ണം മതിയെന്ന് സോളമൻ എന്നെ നോക്കി കണ്ണിറുക്കി. രാത്രിയുടെ വെള്ളാരം കല്ലിന്റെ തിളക്കത്തിൽ ഉറുമ്പുകൾ നടന്നുപേക്ഷിച്ച വഴികൾ, മരങ്ങളിൽ നിന്നൂർന്ന പാമ്പിൻ കുഞ്ഞുങ്ങളായിഴയുന്നത് സോളമൻ കാണിച്ചു തന്നു. കൂട്ടം കൂടിക്കിടന്ന മാൻ കുഞ്ഞുങ്ങളുടെ കണ്ണുകൾ മിന്നാമിന്നികളായി മരങ്ങൾക്കിടയിൽ തിളങ്ങി, സോളമൻ കൈകൾ തട്ടിയപ്പോളതെല്ലാം പറന്നുപോയി ആകാശത്ത് പറ്റിച്ചേർന്നു. ഗ്രാമഫോണിലേക്ക് കേൾവി കൂർപ്പിക്കുന്ന പോലെ വവ്വാലുകൾ നാഴികമണിയുടെ ആകൃതിയുള്ള പൂക്കളിൽ തലയിട്ട് പരാഗണം നടത്തി. അരുവിയുടെ ഒഴുക്കിന്റെ ഈണത്തിൽ ഞങ്ങൾ കാട്ടിൽ ഇഴുകി വീണു. പായലുകളിൽ വഴുക്കി. പൊടിഞ്ഞ രക്തം പല ചെടികൾക്ക് പൂക്കളായി. കാറ്റിൽ മുളങ്കാടുകൾ ഉലയുന്ന പോലെ ഒരുമിച്ചു ചാഞ്ഞു. ചീവീടുകൾക്കൊപ്പം വാവിട്ട് കരഞ്ഞു. വർഷങ്ങൾ ശൽക്കങ്ങളായി അണിഞ്ഞു നിൽക്കുന്ന മരങ്ങളെ കെട്ടിപ്പിടിച്ചു. സ്വയം പ്രകാശിക്കും കൂണുകൾക്കിടയിൽ നൃത്തം ചവിട്ടി. മൃഗങ്ങൾക്കൊപ്പം ഞങ്ങൾ പുഴ നീന്തിക്കടക്കുന്ന ഓളങ്ങളിൽ, തടാകം തീരങ്ങളിലേക്ക് ഒച്ചു പോലിഴഞ്ഞു. കുഞ്ഞുങ്ങൾ മുല കുടിക്കുന്ന കൊതി ശബ്ദങ്ങൾ. കൊടുംപാറകൾക്കുള്ളിൽ ഉറഞ്ഞ ജീവികൾ ഞങ്ങളെ ചെവിയോർത്തു. മലയിടിഞ്ഞ ജലം വീട്ടിലേക്ക് ഓടിപ്പോകും പോലെ ഞങ്ങളും പാഞ്ഞു. മന്ത്രവാദിനികളൂടെ കൂട്ടം മാൻ കൊമ്പുകളണിഞ്ഞ് ഒരു തീകുണ്ഠത്തിനു ചുറ്റും വലം വച്ച് മന്ത്രം ചൊല്ലി വായുവിലേക്കുയർന്നു. കാട്, മൂടൽ മഞ്ഞാൽ പാവാട ചുറ്റി അർദ്ധനഗ്നയായി. രാത്രി നീല കൃഷ്ണമണി. രാത്രി പീലികൾ വിടർത്തിയ മയിൽ. രാത്രി കഴുത്തു മുങ്ങിയ നീലപ്പൊന്മാൻ. രാത്രിയൊരു നീല ജ്വാല. അന്ന് ആദ്യമായി ഇത് വരേക്കും അനുഭവിക്കാത്ത എന്തോയൊന്നിനെ സോളമൻ എനിക്ക് നൽകി. തിരികെ പോകുവാൻ ആകാതിരുന്ന രണ്ടു പെണ്ണുങ്ങൾ കാട്ടിലനുഭവിച്ച ഒന്ന്. അത് എന്തെന്ന് എത്ര പറഞ്ഞിട്ടും സോളമനു മനസിലായില്ല. പക്ഷെ ഞങ്ങൾക്കിടയിൽ അതുണ്ടായിരുന്നു.
സോളമൻ അത് എന്താണെന്ന് ചിന്തിച്ച് നടന്നു. വിശന്നപ്പോൾ പഴങ്ങൾ ഭക്ഷിച്ചു. ദാഹിച്ചപ്പോൾ വെള്ളച്ചാട്ടത്തിനടുത്ത് പോയി ജലം നുകർന്നു. വെള്ളച്ചാട്ടത്തിനു കീഴെ നിന്ന് ലഭിച്ച സ്വാതന്ത്രത്തിൽ കൈകൾ വീശി ആടിപ്പാടി മതി മറന്നു. ഉടയോന്റെ ആളുകൾ പന്തങ്ങളേന്തി രാത്രിയിൽ ഞങ്ങളെ തിരഞ്ഞു വന്നു. ഞങ്ങൾ പക്ഷെ പൊന്തക്കാട്ടിൽ ഒളിച്ചു. വിശന്നപ്പോൾ കഴിച്ച വിഷക്കനികൾ അപ്പോഴേക്കും ഞങ്ങളിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഞങ്ങൾ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാതെ ആ പൊന്തക്കാട്ടിൽ ചിരിച്ചും കഥകൾ പറഞ്ഞും സന്തോഷത്താൽ കുഴഞ്ഞു. മരിക്കുന്നതിനു മുൻപായി ഞാൻ സോളമനോട് ഒരിക്കൽ കൂടി ചോദിച്ചു
"മരണമാണോ മനുഷ്യന്റെ ഏറ്റവും വലിയ ദുഖം?'
"അല്ല' വാചകം പൂർത്തിയാക്കാതെ സോളമൻ തന്റെ പ്രാണൻ വെടിഞ്ഞു. ചിരി നിലനിന്നിരുന്ന സോളമന്റെ മുഖത്തിലൊരിക്കൽ കൂടെ നോക്കി ഞാൻ നക്ഷത്രങ്ങളേതുമില്ലാത്ത രാത്രിയുടെ ആകാശത്തിലേക്ക് മരണത്തെ കാത്ത് മലർന്നു കിടന്നു.
ടേപ്പ് രണ്ട്
"ഈ ജന്മത്തിൽ സോളമനും എനിക്കും ജനിച്ചതൊരു പെൺകുഞ്ഞായിരുന്നു. അവളാണെങ്കിലൊരു ഇടം കയ്യത്തിയും. ഇടം കയ്യർ ഗ്രാമത്തിലേക്ക് ആപത്ത് കൊണ്ട് വരുമെന്ന പുരോഹിതന്റെ പ്രഭാഷണം കേട്ട് ഞങ്ങളവളെ ആരോരുമറിയാതെ വളർത്തി. ദുർമന്ത്രവാദിനിയെന്നാരോപിച്ച് മകളെ ജീവനോടെ കത്തിക്കുന്നത് സ്വപ്നം കണ്ട് പലവട്ടം ഞാൻ സോളമനരികിലായ് ഞെട്ടിയെഴുന്നേറ്റു വിയർപ്പൊപ്പി. ഇടതു വിരലിലെ തള്ളവിരൽ ഈമ്പി നടക്കുന്ന അവളുടെ ശീലത്തിൽ ഞാൻ ചെന്നിനായകം പുരട്ടിയ തുണി ചുറ്റി വച്ചു. കുഞ്ഞിലേ വലത് കൈ കൊണ്ട് ഭക്ഷണം കഴിക്കുവാനും എഴുതുവാനും അവളെ ഞങ്ങൾ വീട്ടിലിരുത്തി പഠിപ്പിച്ചു. ഇടം കൈ ഉപയോഗിച്ചപ്പോഴൊക്കെ ഉണങ്ങിയ കമ്പുകൾ കൊണ്ട് അവളുടെ കൈത്തണ്ടയിലടിച്ച് ഞാൻ സ്വയം വേദനിച്ചു. ശൗചം ചെയ്യുവാനല്ലാതെ ആ കൈ അവളനക്കാതെയായിട്ടും ശിക്ഷകളേറ്റ് അത് തഴമ്പിച്ചു.
മന:പൂർവ്വം വലത് കൈയ് ഉപയോഗിക്കുന്നതിനാലാവണം സംസാരത്തിനിടെ അവൾ വിക്കി. എന്നാലും ഞങ്ങളുടെ നിർബന്ധപ്രകാരം പഠിക്കുവാനവൾ പോയിത്തുടങ്ങി. കുട്ടികളവളെ കളിയാക്കിച്ചിരിച്ച രാത്രികളിൽ സോളമനെ വിട്ടു ഞാൻ അവൾക്കൊപ്പം കണ്ണുനീരൊഴുക്കി ആശ്വസിപ്പിച്ച് സാരിയുടെ തുമ്പുകൊണ്ട് അവളുടെ തണുത്ത കാലുകളെ മൂടി. പാഠശാലയിൽ വച്ച് വിക്കത്തിയെന്ന് വിളിച്ചൊരുത്തന്റെ മൂക്കിൻപ്പാലം പാൽക്കട്ടിപോൽ ഇടം കൈയാൽ ഇടിച്ചുടച്ചനാൾ, ഞങ്ങളുടെ മകൾ ഇടംകയ്യിയെന്ന് ഗ്രാമമറിഞ്ഞു. ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കൂടി വിചാരണ നടത്തി. ഇടം കയ്യരെ മറച്ച കുറ്റത്തിന് പിഴയായി വീടും പുരയിടവും പഞ്ചായത്തിനു കൊടുത്ത് മലയേറുവാൻ വിധിച്ചു.
എന്നാലന്നൊരു പകലും രാത്രിയും ഞങ്ങളാരും കരഞ്ഞില്ല. പകരം ഞങ്ങൾ മകളെ നോക്കി നിന്നു. പൂക്കളിൽ നിന്നു പൂക്കളിലേക്ക് പറക്കും ചിത്രശലഭത്തിനു പിന്നാലെ ഇടതുകയ്യും നീട്ടി തുള്ളിച്ചാടി പോകുകയായിരുന്നവൾ. മേഘങ്ങൾക്ക് പിറകേ പാഞ്ഞു പോകും മേഘങ്ങളെപ്പോലെയാണ് ഈ കുട്ടികൾ പെട്ടെന്നെനിക്ക് തോന്നി. അന്ന് വഴിയരികിൽ പൂത്ത കാട്ടുപൂക്കൾ ഇടത് കൈ കൊണ്ട് പറിച്ചപ്പോൾ എല്ലാ ദിവസവുമെന്ന പോലെ ഞാനോ സോളമനോ അവളെ വഴക്ക് പറഞ്ഞില്ല. അതോടെ ഒട്ടൊരു സംശയത്തോടെ അവൾ ഇടം കയ്യാൽ തല ചൊറിഞ്ഞു. ധൈര്യത്തോടെ ഇടം കയ്യാൽ ചെടികളുമായി യുദ്ധങ്ങളിലേർപ്പെട്ടു. ഇടം കയ്യാൽ മൺകട്ട പൊടിച്ചു. ഇടം കയ്യാൽ എറുമ്പുകളെ തേച്ചു കളഞ്ഞു. ഇടം കയ്യാൽ ചിലച്ച് പറക്കും പക്ഷികൾക്ക് നേരെ വിരൽ ചൂണ്ടി. ഇടം കയ്യാൽ പുസ്തകം വലിച്ചെറിഞ്ഞു. ഇടംകയ്യാൽ മുഖത്ത് പറ്റിയ തുപ്പലം തേച്ചു കളഞ്ഞു. ഇടം കയ്യാൽ പശുക്കുഞ്ഞിനെയുഴിഞ്ഞു. ഇടംകൈ കൊണ്ട് മുടി മെടഞ്ഞു. ഇടംകൈയ്യാൽ കല്ലെടുത്ത് മതിയാവോളം മാവിനെയെറിഞ്ഞു. അയഞ്ഞു തുടങ്ങിയ വസ്ത്രം ഇടം കയ്യാൽ മുറുക്കിയുടുത്തു. ഇടത് കൈ കൊണ്ട് വസ്ത്രം പൊക്കിപ്പിടിച്ച് മഴപെയ്യും പോലെ മൂത്രമൊഴിച്ചു. അവളുടെ ഇടംകയ്യിലടിച്ചടിച്ച് പൊട്ടിപ്പോയ ചുള്ളിക്കമ്പുകൾ ചേർത്ത് കത്തിച്ച് അന്നത്തെ അത്താഴം തിളച്ചു. ഇടം കൈകൊണ്ടവൾ പച്ച പയറിന്റെ മണികൾ, കോർത്ത് വച്ച മണിമാല പൊട്ടി അഴിഞ്ഞ പോലെ ഊരിയെടുത്തു. അന്ന് രാത്രി ഇടം കൈ കൊണ്ടവൾ ചോറുരുട്ടിയുണ്ടു. വിളക്കിന്റെ വെളിച്ചത്തിലേക്ക് പറന്ന പ്രാണിയെ ഇടത് കയ്യുടെ ഒറ്റവീശലിൽ പിടിച്ച് കാണിച്ച് തന്നു. നിമിഷങ്ങൾക്കുള്ളിൽ ഇടത് കൈ കൊണ്ട് സൂചിയിൽ നൂലു കോർത്തു തന്നു. വിക്കില്ലാതെ അമ്മായെന്ന് നീട്ടിവിളിച്ചു. ഇടംകൈവിരലുകൾ കൊണ്ടെന്റെ കണ്ണുനീർ തുടച്ചു തന്നു. ഇടം കൈ തലയണയായ് വച്ച് കിടന്നു. വിളക്കൂതി കഴിഞ്ഞും അഴിഞ്ഞഴിഞ്ഞു വീഴും വെളുത്ത നൂലിന്റെ മണത്തിൽ, മേൽക്കൂരയിലെ മെടഞ്ഞോലവിടവിലൂടെ, നിലാവിൽ തണുത്തും ദ്യുതിയാർന്നും ഒഴുകും മേഘങ്ങളെ നോക്കും നേരം, ഉറക്കത്തിൽ വരിഞ്ഞു മുറുക്കും കാച്ചിൽ വള്ളികളിൽ കിടന്ന് വീട് പിടഞ്ഞ സമയം കഴിഞ്ഞ ജന്മത്തിലുത്തരം ലഭിക്കാതിരുന്ന ചോദ്യം അന്നു രാത്രിയിൽ ഞാൻ സോളമനോട് ആവർത്തിച്ചു
"ഭൂമിയിൽ മനുഷ്യന്റെ ഏറ്റവും വലിയ ദു:ഖമെന്താണ്?'
"അറിയില്ല. പക്ഷെ മനുഷ്യന്റെ ഏറ്റവും വലിയ സന്തോഷം എന്തെന്ന് അറിയുമോ?'
"ഇല്ല'
"സ്വാതന്ത്ര്യം'
പിറ്റേന്ന് വെളുപ്പിനു കാടു കയറിയ ഞങ്ങൾ മൂവരേയും കരിമ്പടം പുതക്കും വൃദ്ധനെപ്പോലെ കാട് മൂടി. പായൽക്കുളത്തിൽ വന്നു വീണ മൃതശരീരം പോലെ ഞങ്ങൾ ആഴങ്ങളിലേക്ക് താഴ്ന്നു. ഞങ്ങൾക്കു മീതെ മരങ്ങൾ വന്നു ദ്വാരം അടച്ചു. എന്നിട്ടും അതിനും മുകളിലായി മകളുടെ ഇടത് കൈയ്യുടെ വിരൽ ഉയർന്നു നിന്നു.
ഡോക്ടർ: ഇപ്പോൾ എന്താണ് കാണുന്നത്?
മേരി: ടണലിലൂടെ സഞ്ചരിക്കുന്നതു പോലെ.
ടേപ്പ് മൂന്ന്
ഡോക്ടർ: ഒരു ടേപ്പിൽ നിന്നും മറ്റൊന്നിലേക്ക് കടക്കുമ്പോൾ മേരിയുടെ ശബ്ദത്തിലെ ആത്മവിശ്വാസത്തിന്റെ അളവ് വ്യത്യാസപ്പെടുന്നത് നമുക്ക് മനസിലാക്കുവാൻ സാധിക്കുമായിരുന്നു. ഒരു പക്ഷേ ദിവസങ്ങളുടെ അന്തരം ഈ ടേപ്പുകൾ തമ്മിൽ കാണണം. ഞാൻ ജന്മങ്ങളുടെ അടിസ്ഥാനത്തിലാണ് ടേപ്പ് ഡോക്യുമന്റ് ചെയ്തത്. ആദ്യ ജന്മത്തിൽ നിന്നും അവസാനത്തിലേക്ക് എന്ന പോലെ.
പുതിയ ജന്മത്തിൽ ഗംഗാതടത്തിൽ ജീവിച്ച കുശവനും ഭാര്യയുമായിരുന്നു സോളമനും മേരിയും. അവർക്കുണ്ടായിരുന്നത് രണ്ട് കുട്ടികളും.
കഴിഞ്ഞ ജന്മത്തിലെ അരക്ഷിതാവസ്ഥ മൂലം കുട്ടികളിൽ ഇരുവരും അമിതശ്രദ്ധ ചെലുത്തി. മറ്റു ജന്മങ്ങളിലുണ്ടായിരുന്നതിൽ നിന്നും മേരി വ്യത്യസ്തയായിരുന്നു. അവർ സോളമനേക്കാൾ കഠിനഹൃദയമുള്ളവളും ഉത്തരവാദിത്തം ഏറ്റെടുത്ത് നടത്തുന്നതിൽ കർമ്മോദ്യുക്തയുമായിരുന്നു. സോളമൻ മണ്ണു കുഴച്ച് തലോടി മൺകലമുണ്ടാക്കിയപ്പോൾ മേരിയത് ദേശം തോറും കുട്ടയിൽ ചുമന്ന് നടന്ന് വിറ്റു വന്നു. സോളമൻ മണ്ണിനെ തലോടും പോലെ രാത്രിയിൽ വിളക്കിന്റെ വെളിച്ചത്തിൽ മേരിയുടെ മുഖവും ഓമനിച്ചു. രാവിലെകളിൽ മേരിയെന്ന് കരുതി കളിമണ്ണിനെ അയാൾ ലാളിച്ചു. അവരുടെ മൺകലത്തിൽ മാത്രം ആ ദേശത്തെ ഋഷികൾ കുഞ്ഞുങ്ങളില്ലാത്തവർക്ക് കുഞ്ഞുങ്ങളെ സൃഷ്ടിച്ചു നൽകി. മൺകലങ്ങൾ വിറ്റുപോകാത്ത ദിനങ്ങളിൽ മേരി അരവയർ നിറച്ച് ഉള്ളത് കൊണ്ട് സോളമനേയും മക്കളേയും ഊട്ടി.
ഭക്ഷണം കഴിക്കാതെ മൺകലങ്ങളുമായി അലയുന്നതിനിടെ സൂര്യനു മുൻപിൽ പലപ്പോഴായി മേരി തളർന്നു പോയത് സോളമനും മക്കളും അറിഞ്ഞിരുന്നില്ല. ആയിടെ അവരുടെ രാജ്യത്ത് കൊടിയ വേനൽ പിറന്നു. ജലമില്ലാതെ ജനം വലഞ്ഞു. മണ്ണു കുഴക്കുവാൻ വെള്ളമില്ലാതായപ്പോൾ സോളമൻ കുശവപ്പണി മതിയാക്കി. കഴിക്കുവാൻ ഭക്ഷണമില്ലാതെ മേരിയുടെ കുട്ടികൾ വാടിപ്പോയി. ഭൂമിയിൽ മനുഷ്യന്റെ ഏറ്റവും വലിയ ദു:ഖം വിശന്നു വലഞ്ഞ സ്വന്തം കുഞ്ഞുങ്ങളെ കാണേണ്ടി വരുന്ന മാതാപിതാക്കളുടേതാണെന്ന് അവർ രാത്രിയിൽ ഇരുന്നു പരസ്പരം കരഞ്ഞു പറഞ്ഞു. ശരീരത്തിൽ ജലാംശം കുറഞ്ഞതിനാൽ കണ്ണുനീർ കണ്ണിനു പുറത്തേക്ക് തുളുമ്പുവാൻ മാത്രമുണ്ടായില്ല. മക്കളുടെ വിശന്ന മുഖം കണ്ട് സഹിക്ക വയ്യാതെ സോളമൻ ജലസമ്പത്ത് തിരഞ്ഞ് വീട് വിട്ടിറങ്ങി. രാജ്യത്തെ മറ്റു ജനങ്ങൾ കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി അലഞ്ഞുവെങ്കിലും അതൊന്നും ബാധിക്കാതിരുന്ന ഒരു വീട് ആ നാട്ടിൽ ഉണ്ടായിരുന്നു. ജമീന്ദാരുടെ വീട്.
അയാളുടെ വീടിനു ഒത്ത നടുക്കിൽ ഉണ്ടായിരുന്ന തെളിനീരുറുവ അയാൾക്കും അയാളുടെ കുടുംബത്തിനും ദാഹജലം നൽകി. മറ്റു വഴികൾ ഇല്ലാതായപ്പോൾ മക്കളുടെ വിശപ്പും ദാഹവും മാറ്റുന്നതിനായി ഭക്ഷണവും ജലവും നൽകുവാൻ മേരി ജമീന്ദാരോട് അപേക്ഷിച്ചു. യോഗ്യതയൊത്തൊരു ആൺകുഞ്ഞ് ജനിക്കുവാൻ ലക്ഷണമൊത്ത ഒരു മൺകലം നൽകിയാൽ പകരമായി ഭക്ഷണവും ജലവും നൽകാമെന്ന് അയാൾ വ്യവസ്ഥ വച്ചു. കുശവാലയം മുഴുവൻ തിരഞ്ഞിട്ടും ലക്ഷണമൊത്ത മൺകലം മേരിക്ക് ലഭിച്ചില്ല. കൊണ്ട് പോയതെല്ലാം ലക്ഷണം കെട്ടത് എന്ന പേരിൽ ജമീന്ദാറിന്റെ ഉപദേഷ്ടാവായ ഋഷി തച്ചുടച്ചു കളഞ്ഞു. പുതുതായി കളിമണ്ണു കുഴച്ചു കലം നിർമ്മിക്കുവാൻ തക്ക ജലവും മേരിയുടെ പക്കൽ ഇല്ലായിരുന്നു. വിശപ്പും തളർച്ചയും മൂലം തന്റെ ഇളയകുട്ടി മയങ്ങി വീണപ്പോൾ മേരി ഒരു തീരുമാനത്തിലെത്തി. അവർ പലതവണയായി തന്റെ ഞരമ്പ് മുറിച്ച് രക്തം കളിമണ്ണിലേക്ക് ഇറ്റിച്ചു കുഴച്ചു. നേരം പുലർന്ന് താഴെ വീണു കിടന്ന അമ്മയെ അവഗണിച്ച് അമ്മ പറഞ്ഞു വച്ചതിൻ പ്രകാരം മൂത്ത മകൻ പുതിയ മൺകലം ജമീന്ദാരുടെ പക്കലെത്തിച്ചു. പുതിയ മൺകലത്തിന്റെ മൃദുലതയും ഉറപ്പും നിറവും ജമീന്ദാരുടെ ഋഷിയെ ആകർഷിച്ചതിന്റെ ഫലമായി രണ്ട് കൂജ ജലവും മൂന്ന് കുമ്പിൾ ധാന്യപ്പൊടിയും കുട്ടിക്ക് ലഭിച്ചു.
അമ്മയുടെ ശവശരീരത്തിനു കാവലിരിക്കേ തന്നെ കുട്ടികൾ ഭക്ഷണം പാകം ചെയ്തു. ജലം തേടിപ്പോയിരുന്ന സോളമൻ തിരികെ വന്ന് ഈ കാഴ്ച കണ്ട് വ്യഥ പൂണ്ട് ശരീരം മുറിപ്പെടുത്തി രക്തമൊഴുക്കി മരണത്തെ പുൽകി. അതോടെ ജമീന്ദാരുടെ വീട്ടിനുള്ളിലെ ഉറവയിൽ നിന്നും ജലം പുറത്തേക്ക് ഒഴുകി. മഴ ഇയ്യാമ്പാറ്റകളെപ്പോലെ ഗ്രാമത്തെ പൊതിഞ്ഞു. മണ്ണിൽ നിന്നും ജലം പൊങ്ങി. മേരിയുടെ ചുവന്ന കലം അണ്ഡങ്ങളെ ഉള്ളിൽ വഹിച്ചു കൊണ്ട് പ്രളയത്തെ നയിച്ചു. അതിലേക്ക് മണ്ണും ഇറങ്ങി വന്നു. ജമീന്ദാരും വീടും പുരയിടവും പുഴയിലേക്ക് ഒഴുകിപ്പോയി. കഥയറിഞ്ഞ രണ്ടായിരത്തോളം വരുന്ന കുടുംബങ്ങൾ തോണികളിൽ ഗ്രാമം വിട്ടു പോയി. വെള്ളമൊഴിച്ച് അഴുക്ക് കഴുകി കളഞ്ഞതു പോലെ ആ ഗ്രാമം ജലത്തിനടിയിലായി. അതിൽ പൊങ്ങിക്കിടക്കുന്ന മൺകലങ്ങൾ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞു. അവ മാത്രം ഗ്രാമത്തെ ഉപേക്ഷിക്കാതെ തടസങ്ങളിൽ തങ്ങി നിന്നു.
ടേപ്പ് നാല്
"കാഴ്ച നഷ്ടപ്പെട്ടവരുടെ ഉള്ളിൽ മറ്റു നാലു ഇന്ദ്രിയങ്ങൾ വഴി സ്വീകരിക്കപ്പെടുന്ന വിവരങ്ങൾക്ക് അനുസരിച്ച് ചിത്രം വരക്കുന്ന ജോലി കൂലിക്കായി ചെയ്യുന്ന രണ്ടു ചിത്രമെഴുത്തുകാർ ആയിരുന്നു ഞാനും സോളമനും പുതിയ ജന്മത്തിൽ. കഴിഞ്ഞ ജന്മം ഒരുമിച്ച് കുഴച്ച കളിമണ്ണിനു പകരം ഈ ജന്മം ഞങ്ങൾ നിറങ്ങൾ കൂട്ടിക്കുഴച്ചു. ജന്മനാ അന്ധരായവർക്ക് നിറങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മ മൂലം ജീവിതത്തിനു മധ്യേ കാഴ്ച നഷ്ടപ്പെട്ടവരിൽ മാത്രം ഈ സംവിധാനം നിലനിന്നു. കേൾക്കുന്ന ശബ്ദങ്ങൾക്കും മണക്കുന്ന ഗന്ധങ്ങൾക്കും അറിയുന്ന സ്പർശനങ്ങൾക്കും രുചികൾക്കും അനുസരിച്ച് പല പലരൂപങ്ങളെ പല നിറങ്ങളിൽ ചിത്രകാരന്മാരുടെ കൂട്ടം അന്ധരുടെ പുരികങ്ങൾക്കു നടുവിൽ വരച്ചു കൊടുത്തു. കാഴ്ച നഷ്ടപ്പെട്ട ഒരാളിൽ രണ്ട് ചിത്രകാരന്മാർ എന്ന മട്ടിലായിരുന്നു ഇവരുടെ വിന്യാസം.
സോളമനും ഞാനുമാണെങ്കിൽ മിക്ക കാര്യങ്ങളിലും പരസ്പരം തർക്കിക്കുന്നവരായിരുന്നു. കാറ്റ് ഇല തുടങ്ങി സാധാരണ കാര്യങ്ങളെ വിശദീകരിച്ചു വരക്കുവാൻ മടി കാണിച്ചിരുന്ന സോളമൻ അസാധാരണ വസ്തുക്കളെ വളരെ സൂക്ഷ്മതയോടെ വരച്ചു. ഞാനാണെങ്കിൽ സാധാരണ വസ്തുക്കളെ അതിവേഗത്തിൽ ചിത്രീകരിക്കുവാൻ കഴിവുള്ളവളായിരുന്നു. സോളമന്റെ ഇഷ്ടനിറം നീലയായിരുന്നു. എന്റേത് മഞ്ഞയും. അയാളുടെ ഏത് വരയിലും നീലയുടെ ഒരു നിറഭേദം എനിക്ക് മാത്രമായി വെളിവായിരുന്നു. ആ ജീവിതത്തിൽ മൂന്നു ആളുകളിലായിരുന്നു ഞാനും സോളമനും ഒരുമിച്ച് ജോലി ചെയ്തത്. ആദ്യത്തെ ഉപഭോക്താവായ പട്ടാളക്കാരൻ ജോലി തുടങ്ങി മൂന്നുവർഷം കഴിഞ്ഞ് മരിച്ചു പോയതിനാൽ നരച്ചതും പഴകിയതുമായ നിറമില്ലാത്ത ഓർമ്മകൾക്കു പകരം യുവാക്കളിൽ തങ്ങളെ നിയമിക്കണമെന്ന് ഞങ്ങൾ ഇരുവരും തൊഴിൽ ദാതാക്കളോട് അഭ്യർത്ഥിച്ചു. അതനുസരിച്ച് ഉപഭോക്താവായി ലഭിച്ച ജോർജ്ജ് എന്ന ചെറുപ്പക്കാരനിൽ ഞങ്ങൾ വരച്ചു തുടങ്ങുകയും ചെയ്തു. അതോടെ പണിയെടുത്ത് ഞങ്ങൾ ഇരുവരുടേയും നടുവൊടിഞ്ഞു. അസാമാന്യ ഭാവനക്ക് ഉടമയായിരുന്ന ജോർജ്ജിൽ കടന്നു വന്ന ഇന്ദ്രിയാനുഭൂതികൾ അയാളിൽ ഉണർത്തിയ പല വിധത്തിലുള്ള പല നിറങ്ങളിലുള്ള വസ്തുക്കൾ ഞങ്ങളെ കഷ്ടപ്പെടുത്തി.
വരച്ച് വരച്ച് കൈകൾ കഴച്ച ഞങ്ങൾ ചില വിവരങ്ങളെ ഒഴിവാക്കി വിടുകപോലും ചെയ്തു. ഉദാഹരണത്തിനു വരച്ച് കൈ വേദനിച്ച് നിൽക്കുന്ന സമയം അകലെ നിന്നും മണികിലുക്കി പോയ ഒരു കാളവണ്ടിയെ കേട്ട ജോർജ്ജ് അതെന്തെന്ന് തിരിച്ചറിയുവാൻ കഴിയാതെ കറങ്ങിപ്പോയപ്പോൾ താഴെ വീണ ഒരു ഇരുമ്പു കഷ്ണം മാത്രം വരച്ച് അതിനു വ്യക്തമായൊരു രൂപം കൊടുക്കാതെ ഞാനും സോളമനും വിശ്രമിച്ചു. അല്ലാത്തപ്പോൾ ചെറുപ്പക്കാരനായ ജോർജ്ജിനു സ്ത്രീകളുടെ നഗ്‌ന ചിത്രം വരച്ചു കൊടുക്കുന്നതായി സോളമന്റെ പ്രധാനപ്പണി. സ്വയംഭോഗം ചെയ്യുവാനായി ജോർജ്ജ് ഭാവനയിൽ കണ്ട നഗ്‌നശരീരത്തിനു സോളമൻ എന്റെ മുഖം വരച്ചു കൊടുത്തത് എന്നെ വലിയ രീതിയിൽ ചൊടിപ്പിച്ചു. അന്ന് ജോർജ്ജിൽ കണ്ട അത്യുത്സാഹം സോളമനെ പ്രചോദിപ്പിച്ചു. ശരീര പഠനത്തിൽ കൂടുതൽ സമയവും ശ്രദ്ധയും സോളമൻ കൊടുത്തു തുടങ്ങി. അതിൽ പിന്നെ സോളമനോടൊപ്പമുള്ള ചിത്രംവര ഞാൻ വേണ്ടെന്നു വച്ചു. അതു വരെ ഒരൊറ്റ കാൻവാസിൽ വരച്ചിരുന്ന ഞങ്ങൾ രണ്ടു പേരും സ്വന്തമായി കാൻവാസുകൾ നിർമ്മിച്ചു വരച്ചു തുടങ്ങി. ഇത് ഞങ്ങളിൽ മത്സരബുദ്ധിയുണ്ടാക്കിയെങ്കിലും ചിത്രങ്ങളുടെ തുടർച്ച നഷ്ടപ്പെടുകയായിരുന്നുവെന്നത് ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല.
ഒരേ ചിത്രം രണ്ട് നിറങ്ങളിൽ രണ്ടു ശൈലികളിൽ ജോർജ്ജിൽ കടന്നു വന്നത് അയാളെ വലിയ ആശയക്കുഴപ്പത്തിലാക്കി. ഒഴിവു സമയങ്ങളിലെല്ലാം സോളമൻ അയാളിൽ ലൈംഗികത വരച്ചു നിറച്ചു. മരപ്പണികൾ നിറഞ്ഞ അലമാരയെ സ്പർശിച്ച ജോർജ്ജിനു സോളമൻ വലിയ ചിത്രപ്പണികൾ നിറഞ്ഞ അലമാര വരച്ചു കൊടുത്തപ്പോൾ മേരി ആ അലമാരയുടെ മുൻപിൽ മുഖം നോക്കുന്ന കൂറ്റൻ കണ്ണാടിയും വരച്ചു നൽകി. ഇതിലേതാണ് താൻ വിശ്വസിക്കേണ്ടത് എന്നറിയാതെ ജോർജ്ജ് വീണ്ടും അലമാരയെത്തിരക്കി. ഈ ആശയക്കുഴപ്പങ്ങൾ നടക്കുന്നതിനിടെ ഞാൻ സൂക്ഷ്മതയാൽ വരച്ച ആൽമരം എന്ന ചിത്രം സോളമനെ എന്റെ ആരാധകനാക്കി. ആൽമരത്തിൽ കൂടുകൂട്ടിയ പക്ഷികളും പൊത്തുകളിലെ അണ്ണാന്മാരും മേലെ പടർന്ന ഇത്തിൾക്കണ്ണിയും ചേർന്നു വളർന്ന മാവും ഇരയെപ്പിടിയ്ക്കുവാനായി കയറി വരുന്ന പാമ്പും അതിനെ ഉന്നം വയ്ക്കുന്ന ആകാശത്തിലെ പരുന്തും ഉറുമ്പുകളും പ്രാണികളും മരത്തിന്റെ ചുളിവുകളും ആളുകൾ വന്നു കെട്ടിപ്പോയ തൊട്ടിലുകളും ഇലകളെ ഇളക്കുന്ന കാറ്റും എന്നു വേണ്ട അത്തരത്തിലൊരു സൂക്ഷ്മചിത്രപ്പണി സോളമൻ ആദ്യമായി ദർശിക്കുകയായിരുന്നു. വൈകാതെ തന്നെ ആ ആരാധന ഞങ്ങൾ ഇരുവരേയും പ്രണയത്തിലാക്കി. പ്രേമത്തിന്റെ മൂർദ്ധന്യതയിൽ കാൻവാസുകൾ വെള്ളത്തുണിയാൽ മൂടിയിട്ടു ഞങ്ങൾ ജോർജ്ജിനുള്ളിൽ ഇണചേർന്നു. ഇണചേർന്നിണ ചേർന്ന് ഒരു രാത്രിയും പകലും ഉറങ്ങിപ്പോയി. നിറങ്ങളും ഭാവനയും രൂപങ്ങളും നഷ്ടപ്പെട്ട ജോർജ്ജ് മാനസിക വിഭ്രാന്തിയിൽ അന്നു ആത്മഹത്യക്ക് ശ്രമിച്ച് പരാജയമടഞ്ഞു അബോധാവസ്ഥയിൽ കിടപ്പിലായി. അവനുള്ളിലെ കാൻവാസ് അതോടെ കീറിപ്പോയി. അതോടെ വരക്കുവാൻ കാൻവാസില്ലാത്ത ചിത്രകാരായതിൽ സോളമനും ഞാനും പരസ്പരം വെറുക്കുകയും സംഭവിച്ചതിൽ പശ്ചാത്തപിക്കുകയും ചെയ്തു. ഭൂമിയിൽ മനുഷ്യന്റെ ഏറ്റവും വലിയ ദു:ഖം ഏതെന്നറിയുമോയെന്ന് സോളമൻ അന്ന് ചോദിച്ചു. അറിയില്ല എന്ന് ഞാൻ മറുപടി നൽകി. വരയ്ക്കുവാൻ വിരലുകൾ വിറച്ച് നിന്നിട്ടും കാൻവാസും നിറങ്ങളും ഇല്ലാത്തതാണത്.
ജോർജ്ജിന്റെ മരണം വരെ ഞങ്ങൾ ചിത്രം വരക്കാനാകാതെ കൂടെ കഴിയേണ്ടി വന്നു. ചിത്രകല തന്നിൽ നിന്നും ഒഴിഞ്ഞു പോയ നിരാശ സോളമൻ നഖങ്ങളുപയോഗിച്ച് സ്വന്തം ശരീരത്തിൽ വരച്ചു തീർത്തു. കലയില്ലായ്മ ഞങ്ങളുടെ പ്രേമത്തെ വറ്റിച്ചു കളഞ്ഞിരുന്നു. പകരം പൂന്തോട്ടത്തിൽ കൊണ്ടു വച്ച കള്ളിമുൾച്ചെടികളെപ്പോലെ ഞങ്ങൾ വെറുപ്പിന്റെ മുള്ളുകൾ വളർത്തി. സാധാരണ ജീവിതം രണ്ടു പേരേയും രോഷാകുലരാക്കിയിരുന്നു. ഞങ്ങളുടെ മനസിലുണ്ടായിരുന്ന നിറങ്ങളെല്ലാം പ്രേമത്തെപ്പോലെ ഉണങ്ങി ദ്രവിച്ചു. ജോർജ്ജിന്റെ മരണശേഷം ഞങ്ങൾ ഇരുവരും വെവ്വേറെ അന്ധരിൽ പരസ്പരം ഓർത്തും നിറമില്ലാത്ത ചിത്രങ്ങൾ കോറിയും മരണം വരെ ഭൂമിയിൽ കഴിഞ്ഞു കൂടി. മരണത്തിനു തൊട്ടു മുൻപ് എന്റെ പ്രത്യേക ആവശ്യപ്രകാരം എന്നെ സോളമൻ കാണാൻ വരികയുണ്ടായി. അന്ന് എനിക്ക് വേണ്ടി അയാൾ വീണ്ടും ഒരിക്കൽ കൂടി നിറങ്ങൾ ചാലിച്ച് ചേർത്തു. ജോർജ്ജിനു സ്വയംഭോഗത്തിനായി വരച്ചു കൊടുത്ത എന്റെ നഗ്‌നചിത്രം കൂടുതൽ മിഴിവിൽ അന്നയാൾ വരച്ചു കാണിച്ചു. പഴയതു പോലെ അന്നും നീല നിറത്തിന്റെ നിറഭേദം ആ ചിത്രത്തിൽ എനിക്ക് മുൻപിലായി തെളിഞ്ഞു നിന്നു. അത് കണ്ട് വേദനയുടെ ന്യൂറോണുകളിലേക്ക് വലിച്ചു കെട്ടിയ കമ്പികളിൽ സംഗീതം പൊഴിഞ്ഞ പോലെ ഒരേ സമയം കണ്ണു നിറഞ്ഞും പുഞ്ചിരിച്ചും ഞാൻ എന്നെന്നേക്കുമായി കണ്ണുകളടച്ചു.'
ടേപ്പ് അഞ്ച്
ഡോക്ടർ : സെഷനുകൾക്കിടയിൽ മേരിയുടെ അടക്കിച്ചിരി ഈ ടേപ്പിൽ നിറഞ്ഞു നിന്നിരുന്നു. വാക്കുകൾക്കിടയിലെ നീണ്ട ഇടവേളകളും വിറയലുകളും നിശ്വാസങ്ങളും പ്രേമത്തെക്കുറിക്കുന്നതായി ഞാൻ കരുതുന്നു. വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന മാനസിക വികാരങ്ങളെ തിരിച്ചറിയുക അത്ര എളുപ്പമല്ല പ്രത്യേകിച്ച് വികാരങ്ങൾക്ക് വിപരീത രീതിയിൽ പ്രയോഗിക്കാവുന്ന വാക്കുകൾ സ്വതന്ത്രമായി വിഹരിക്കുമ്പോൾ. സോളമൻ മേരിയുടെ മേൽ ചിത്രപ്പണികൾ നടത്തി എന്നു അബോധത്തിൽ ഉരുവിടുമ്പോൾ തന്നെ വാക്കുകളിൽ മുളച്ച രോമാഞ്ചം മനസിലായിരുന്നു.
അഞ്ചാം ജന്മത്തിൽ മേരി ജനിച്ചതൊരു രാജകുമാരിയായിട്ടായിരുന്നു. സോളമനാണെങ്കിൽ ആ രാജ്യത്തെ ഉരുക്കു കോട്ടയുടെ പാറാവുകാരിൽ ഒരുവനും. അയാൾ ജോലിക്കിടയിലെ ഒഴിവു സമയത്ത് ചുമരുകളിൽ ആയുധം കൊണ്ട് കോറിയും പോറിയും ചിത്രങ്ങൾ വരച്ചും സമയം കളഞ്ഞു. അവളാണെങ്കിൽ രാജ്യത്തെ ഏറ്റവും മികച്ച അധ്യാപകനിൽ നിന്നും ചിത്രകല പഠിച്ചു കൊണ്ടിരുന്നു. ലോകോത്തര ചിത്രകാരിയായി മാറിയ രാജകുമാരിയെപ്പറ്റി പറഞ്ഞു കേട്ട് പ്രേമവും അസൂയയും വന്ന ദിനങ്ങളിൽ സോളമൻ തന്റെ ബ്രഷിന്റെ നാരുകൾ കടിച്ചു വലിച്ചു. എന്നാൽ ആയിടെ ഒരു ദിനം യുവതിയായ മേരി കഴിച്ച വിശിഷ്ടമായ പഴത്തിന്റെ വിത്ത് അവളിൽ മുളച്ചു പൊന്തി. പൊക്കിൾചുഴിയിലൂടെ അത് പുറത്തു വന്നു തളിർത്തു പൂവിട്ടു കായിട്ടു. അതോടെ രാജകുമാരി പുറത്തിറങ്ങാതായി. നാളുകൾ കഴിയും തോറും മരം കൂടുതൽ ആരോഗ്യത്തോടും മേരി ശോഷിച്ചും വന്നു. രാജ്യത്തിന്റെ നാനാ ദിക്കുകളിൽ നിന്നും വിദഗ്ദർ വന്ന് മേരിയെ പരിശോധിച്ചു പരാജയപ്പെട്ട് മടങ്ങി.
ചെടി മുറിച്ചു കളഞ്ഞാൽ മേരിക്ക് മരണം സംഭവിക്കുമെന്ന് കൊട്ടാര വൈദ്യൻ പ്രവചിച്ചത് വിദഗ്ദരെല്ലാം ശരി വച്ചു. മറ്റാരെങ്കിലും അനുവാദമില്ലാതെ ചെടിയെ സ്പർശിച്ചപ്പോഴൊക്കെ തൊട്ടാവാടിയെപ്പോലെ മേരി വേദനകൊണ്ട് പുളഞ്ഞു വാടി. മേരിയെ സുഖപ്പെടുത്തുന്നവർക്ക് വിശിഷ്ട സമ്മാനങ്ങൾ രാജാവ് പ്രഖ്യാപിച്ചു. ഒടുവിൽ സോളമൻ തന്റെ ബ്രഷുമായി മേരിയെ പരിശോധിക്കുവാൻ എത്തി. മേരിയുടെ ശരീര സുഗന്ധത്താൽ ഉള്ളിലെ പ്രേമം പുറത്ത് ചാടാതിരിക്കുവാൻ സോളമൻ പണിപ്പെട്ടു.
ചൊറിയാം പുഴുവിന്റെ രോമങ്ങളാൽ തീർത്ത പുതിയ ബ്രഷു കൊണ്ട് സോളമൻ ഏതാനും കുരങ്ങന്മാരേയും ആടുകളേയും പശുക്കളേയും മേരിയുടെ വയറിലെ തൊലിയിൽ വരച്ചു. മേരിയുടെ ശരീര ചർമ്മത്തിൽ ആ രൂപങ്ങൾ വീർത്ത് പൊങ്ങി വന്നു. ആടുകൾ വിശപ്പു മൂലം തൊലിയിലൂടെ ഇഴഞ്ഞിഴഞ്ഞ് ചെടിയുടെ തളിരിലകൾ വിറച്ചു വിറച്ച് മുഖം ഇളക്കിയിളക്കി കടിച്ചു തിന്നു. കുരങ്ങന്മാർ ചെടിയുടെ ചില്ലകളിൽ ആടിക്കളിച്ചു കൊണ്ട് അവയുടെ നാമ്പുകൾ നുള്ളിക്കളഞ്ഞു. പശുക്കൾ ചെടിയുടെ തോലു കടിച്ചു വലിച്ചു. മൃഗങ്ങളായതിനാൽ അവരുടെ ചോദനയെ, സ്വാഭാവികതയെ അനുവദിച്ചു കൊടുക്കുകയേ പ്രകൃതിക്കും ചെടിക്കും കഴിഞ്ഞിരുന്നുള്ളൂ.
ചെടി അവർക്കു മുന്നിൽ ശിരസു കുനിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ചെടി കരിഞ്ഞു. കുരങ്ങന്മാർ വേരടക്കം അതു പിഴുതു കളഞ്ഞു. സോളമൻ തടിപ്പിനുള്ള മരുന്ന് ത്വക്കിൽ അരച്ചു തേച്ചതോടെ മൃഗങ്ങൾ തൊലിക്കുള്ളിലേക്ക് മടങ്ങുകയും കാര്യങ്ങൾ പഴയ സ്ഥിതിയിലേക്ക് തിരികെയെത്തുകയും ചെയ്തു. രോഗം സുഖപ്പെടുത്തിയ സോളമനു രാജാവ് പാരിതോഷികം നൽകി. എന്നാൽ തന്റെ ജീവൻ രക്ഷിച്ച ചിത്രകാരനോട് മേരിക്ക് കടുത്ത പ്രേമം തോന്നിപ്പോയിരുന്നു. അയാളുടെ ആയുധമുന കൊണ്ട ചുമരുകളെ മേരി ആർത്തി പൂണ്ട് വിരലുകളാൽ തൊട്ടുഴിഞ്ഞു. അയാൾ ജോലിയില്ലാത്ത നേരം മുറിയിൽ വരച്ചു കൂട്ടിയ ചിത്രങ്ങളുടെ ശൈലി കണ്ട് തന്റെ ചിത്രകല പഠനത്തെ അപ്പാടെ തള്ളിക്കളഞ്ഞു. ചിത്രങ്ങൾക്കും നിറങ്ങൾക്കും ജീവൻ നൽകുന്ന അയാളുടെ വിരൽത്തുമ്പിലെ ഒരു അഴുക്കു കണമെങ്കിലുമായെങ്കിലെന്ന് മേരി ആഗ്രഹിച്ചു. പ്രണയം കലശലായപ്പോൾ മേരി ദാസികളെക്കൂട്ടി സോളമനൊപ്പം സന്ദർശനമെന്ന പേരിൽ കാട്ടിലേക്ക് ഒരു യാത്ര നടത്തി. ദാസികളെ അകലെ കാവൽ നിർത്തി കാടിനു നടുവിൽ പുല്ലുകൾക്ക് മീതെ കിടന്ന് മേരി തന്റെ ചിത്രം വരക്കുന്നതിനായി അയാളോട് അപേക്ഷിച്ചു. സോളമൻ കാര്യമെന്തെന്നറിയാതെ ബ്രഷും ജലച്ചായങ്ങളും മുറിയിലാണെന്ന കാരണം പറഞ്ഞ് അത് നിരസിച്ചു. ബ്രഷും നിറങ്ങളും കൂടെ കരുതാതിരുന്നതിൽ മേരി ഖേദിച്ചു. പക്ഷെ ഒന്നുമൊന്നും കാര്യമാക്കാതെ അയാളുടെ മാതൃകാരൂപമാകുന്നതിനു മേരി സ്വയം നഗ്‌നയായി. അത് കണ്ട സോളമനാണെങ്കിൽ ഭയം കൊണ്ട് ഉറഞ്ഞു. സന്ദർഭം ഒഴിവാക്കുന്നതിനായി ചിത്രലേഖനത്തുണിയുടെ അഭാവം സോളമൻ അറിയിച്ചു. മേരി കമിഴ്ന്നു കിടന്നു തന്റെ നഗ്‌നമായ പിറകു വശം ചിത്രലേഖനത്തുണിയായി വിഭാവനം ചെയ്യുവാനായി ആവശ്യപ്പെട്ടു. സോളമൻ നിറങ്ങളുടെ അഭാവം അറിയിച്ചു. മേരി ഇലകളും പൂക്കളും പഴങ്ങളും കാട്ടിൽ നിന്നും പറിച്ചു കൊണ്ടു വന്നു നീരു പിഴിഞ്ഞു നൽകി. സോളമൻ ബ്രഷിന്റെ അഭാവം അറിയിച്ചു. വളരെ നേർത്ത പുല്ലിന്റെ അറ്റങ്ങൾ ശേഖരിച്ച് കൂട്ടിക്കെട്ടി മേരി സോളമനു നൽകി. അഭ്യർത്ഥന വീണ്ടും നിരസിക്കപ്പെട്ടപ്പോൾ മേരി രാജകുമാരിയായി ഭടനായ സോളമനോട് അധികാരത്താൽ ആജ്ഞാപിച്ചു. സോളമൻ തലകുനിച്ച് അനുസരിച്ചു.
കമിഴ്ന്നു കിടന്ന മേരിയിൽ സോളമൻ ചിത്രപ്പണികൾ നടത്തിക്കൊണ്ടിരിക്കേ അവൾ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ അവൾ മറ്റൊരാളായ്‌പ്പോയിരുന്നു. സോളമന്റെ നിറങ്ങളിൽ അവൾ മാറി മറഞ്ഞു. ദാസികളോ പിന്നീട് വന്ന ഭടന്മാരോ അവളെ തിരിച്ചറിഞ്ഞില്ല. അവർ കാടൊട്ടുക്ക് രാജകുമാരിയെത്തിരഞ്ഞ് നടന്നു. ഇന്നൊരു രാത്രിയിലേക്ക് കൂടെ തങ്ങുവാനുള്ള അനുവാദത്തിന്റെ കരാറിൽ മേരിയെ കാണിച്ചു കൊടുക്കയില്ലെന്ന് സോളമൻ സമ്മതം മൂളിയിരുന്നു. വൈകുന്നേരമായപ്പോൾ അന്വേഷണം മതിയാക്കി സോളമൻ മേരിയേയും കൂട്ടി ഇടവഴികളിലൂടെ വീട്ടിലേക്ക് മടങ്ങി. ആദ്യമായിട്ടായിരുന്നു മേരി കൊട്ടാരത്തിൽ നിന്നും വിട്ട് നിൽക്കുന്നത്. പോകും വഴി കവലകളും പലവ്യഞ്ജനകടകളും വസ്ത്രവിൽപ്പനശാലകളും അതിനു മുൻപിൽ തിരക്കിടും മനുഷ്യരേയും അവൾ കണ്ടു. ആദ്യമായിട്ട് രാത്രിയിൽ തിളങ്ങും മരങ്ങളെ കണ്ടു. കുളമ്പുകൾ പതിഞ്ഞ ചെളിവഴി കണ്ടു. മെതിപ്പുരകൾ കണ്ടു. കുടമ്പുളികൾ തൂക്കിയിടും പോലെ അയയിൽ വന്നിരിക്കും പക്ഷികളെ കണ്ടു. ഇളകുന്ന ഈറ്റക്കാടുകൾ കണ്ടു. ജലാശയത്തിൽ പതുങ്ങിക്കിടക്കും തവളകളെക്കണ്ടു. പന്തിനായി ഉച്ചത്തിൽ കാറും കുട്ടിയെക്കണ്ടു. മുക്രയിടും കാളകളെ കണ്ടു. കൂട്ടിൽ കിടന്ന് ചിലക്കും തത്തയെക്കണ്ടു. കാളവണ്ടികളുടെ കിലുക്കം കേട്ടു. അരുവിയുടെ ശബ്ദവും അതിനു മേലെയുള്ള ചീവീടുകളുടെ ഒച്ചയും അതിനരികെ മിന്നും മിന്നാമിനുങ്ങുകളും അവളെ വരയ്ക്കുവാൻ പ്രചോദിപ്പിച്ചു. അനുഭൂതികളും ശബ്ദങ്ങളും ചിത്രങ്ങളിൽ കൊണ്ടുവരാനുള്ള ശൈലിക്കായി സോളമനൊപ്പം പണിയെടുക്കുവാൻ അവൾ തയ്യാറായി. ഇരുട്ട് അവർക്ക് തുണ ചെന്നു. പൊതുഭക്ഷണശാലയിൽ നിന്നും എരിവ് കൂടുതലുള്ള ഭക്ഷണം കഴിച്ച് മേരി കണ്ണ് നിറച്ചപ്പോൾ സോളമനവൾക്ക് ശർക്കര നൽകി. ചിത്രകാരിയായിരിക്കേ രാജകുമാരിയായി ജീവിക്കുന്നതിലെ പൊള്ളത്തരം മേരിക്ക് ആ രാത്രിയിൽ വെളിപ്പെട്ടു. താൻ കാണുവാൻ മറന്ന പശ്ചാത്തലങ്ങളും അറിയുവാൻ കഴിയാതിരുന്ന ജീവിതങ്ങളും ആ രാത്രിയിൽ മേരിക്ക് ചുറ്റും നൃത്തം വച്ചു. കൈകൾ വിടർത്തി വട്ടം ചുറ്റി നോക്കി. സ്വാതന്ത്ര്യം അവളുടെ കരം കവർന്നു. തനിക്കു ചുറ്റും നൃത്തം വയ്ക്കുന്ന വസ്തുക്കൾക്കൊപ്പം അവളും ആടി. പ്രകൃതിയെ ആസ്വദിക്കുകയായിരുന്ന അവൾ സ്വയം മറന്ന് ചുവട് വച്ചു. എല്ലാവരും നോക്കി നിന്നു. നൃത്തത്തിനിടെ മേരി സോളമനെ ക്ഷണിച്ചു. അതിൽപ്പിന്നെ അവരൊരുമിച്ച് നൃത്തം ചവിട്ടി. ആർക്കും കേൾക്കാതിരുന്ന സംഗീതം അവരുടെ ചെവികളിൽ മുഴങ്ങി. ആർക്കും അത് തടസപ്പെടുത്താനായില്ല. മേരിയുടെ നൃത്തത്തിന്റെ വേഗത കൂടുന്നതനുസരിച്ച് അവളുടെ നഗ്‌നശരീരത്തിൽ വരച്ചു കൊടുത്തിരുന്ന പാവാടയിലെ പുള്ളികൾ പോലുള്ള കുന്നിക്കുരുക്കൾ ചിതറി, പൂക്കൾ തെറിച്ചു, കാണ്ഡങ്ങൾ അഴിഞ്ഞു, പക്ഷികൾ പറന്നു, മുന്തിരികൾ പൊഴിഞ്ഞു, പൂച്ചകൾ കുതറിയോടി, മേഘങ്ങൾ പാഞ്ഞു, കുതിരകൾ കുതിച്ചു, തോണികൾ ഒഴുകി, നിറങ്ങൾ ചെറുകണങ്ങളായി പൊടിഞ്ഞു പാറി. എല്ലാത്തിനും അവസാനം മേരി നഗ്‌നയായി തന്റെ പഴയരൂപത്തിലേക്ക് തിരികെയെത്തി.
ജനങ്ങൾ രാജകുമാരിയെ തിരിച്ചറിഞ്ഞു. പക്ഷെ അവൾ സ്വച്ഛന്ദതയുടെ നൃത്തം മതിയാവാതെ തുടർന്നു കൊണ്ടിരുന്നു. സോളമൻ അവൾക്കൊപ്പം പ്രേമപൂർവ്വം നൃത്തം ചെയ്യുന്നത് തടഞ്ഞു നിർത്തുവാനോ വരുതിയിലാക്കുവാനോ ജനങ്ങൾക്ക് സാധിച്ചില്ല. അവരുടെ നൃത്തത്തിനു ചുറ്റും ഊർജ്ജത്തിന്റെ ഒരു വലയം സൃഷ്ടിക്കപ്പെട്ടു. നൃത്തത്തിന്റെ വേഗതയിൽ അവർ ഉന്മത്തരായി. അതിന്റെ വേഗതയിൽ കരിയിലകൾ പൊങ്ങി. മനുഷ്യർ മറിഞ്ഞു വീണു. കാളകൾ വാലു പൊക്കിയോടി. പട്ടികൾ കട്ടിലിനടിയിൽ പമ്മി. മേരിയിൽ നിന്നും നിറത്തിന്റെ അവസാന കണവും പോയിരുന്നു. വരയ്ക്കിടെ സോളമന്റെ കൈകൾ പറ്റിപ്പിടിച്ചിരുന്ന പഴച്ചാറും വസ്ത്രങ്ങളും അപ്രത്യക്ഷമായിരുന്നു. ആളുകൾ നോക്കി നിൽക്കേ അവരിൽ നിന്നും നഖങ്ങൾ പൊടിഞ്ഞു പോയി. ശരീരത്തിലെ രോമങ്ങൾ, പുരികം, മുടി, പല്ലുകൾ, തൊലി, മാംസം ഒന്നൊന്നായി വായുവിലേക്ക് അലിഞ്ഞു. അവരെ ആരോ മായ്ച്ചു കളഞ്ഞപോലെ. ജനത്തിനു മുൻപിൽ നടത്തിയ കൺകെട്ട് വിദ്യപോലെ അവരിരുവരും മറഞ്ഞു പോയി. രാജാവിന്റെ മുഴുവൻ സൈന്യവും കാലങ്ങളോളം അവരെ തിരഞ്ഞു നടന്നു. ഉരുക്കു കോട്ട ഇപ്പോഴും സോളമന്റെ കോറലുകൾ ഏന്തി അവരുടെ പ്രണയത്തെ ഓർത്ത് അവരേയും കാത്ത് കാറ്റിൽ ഹൂങ്കാര ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിപ്പാണ്.
ടേപ്പ് 6
ഡോക്ടർ: ഈയൊരു ജന്മത്തിലായിരുന്നു ദമ്പതികളെന്ന നിലയിൽ മേരിയും സോളമനും ഏറ്റവും സന്തോഷം അനുഭവിച്ചത് എന്ന് മേരിയുടെ ശബ്ദത്തിൽ നിന്നും ആർക്കും മനസിലാകും. സോളമൻ കൂടെയുള്ളപ്പോൾ ഏതൊരു യാതനയും അവളെ തളർത്തിയതായി എനിക്ക് തോന്നിയിട്ടില്ല.
മേരി: ഒരു ഗ്രാമത്തിന്റെ മുഴുവൻ വിദ്യാഭ്യാസ ചുമതലയും വഹിച്ച അധ്യാപകനായിരുന്നു സോളമൻ. അധ്യാപനത്തിൽ നിന്നും പ്രത്യേക സാമ്പത്തിക ലാഭം ഇല്ലാതിരുന്നതിനാൽ രാവിലെകളിൽ വയലിൽ പണിയെടുത്തതിനുശേഷമായിരുന്നു സോളമൻ അധ്യാപനത്തിനു സമയം കണ്ടെത്തിയിരുന്നത്. മുഷിഞ്ഞ വസ്ത്രങ്ങളും തൂമ്പയുമായി എന്നും വന്നു കയറുന്ന അധ്യാപകനെ കണ്ട് കുട്ടികൾ ചിരിക്കും. സോളമനാണെങ്കിൽ ദാരിദ്ര്യവും തിരക്കും കാരണം ഇതൊന്നും ശ്രദ്ധിക്കുവാൻ സമയവും കിട്ടിയില്ല. വിവാഹം കഴിച്ചതോടെ അയാൾക്ക് മാറ്റിയുടുക്കാൻ എന്റെ വസ്ത്രങ്ങൾ കൂടി കിട്ടി എന്ന ഗുണമുണ്ടായി. ഞങ്ങൾ പരസ്പരം മുണ്ടുകൾ മാറ്റിയുടുത്തു. ഞങ്ങൾ ഇരുവരുടേയും വിയർപ്പ് മാറിമാറി അതിലലിഞ്ഞു. അതുമായി നദിയിൽ മുങ്ങി വെയിലിൽ പണിയെടുക്കവേ ഞങ്ങൾ തേക്കിലകൾ പോലെ ഉണങ്ങി. പണി കഴിഞ്ഞ് ഒരിക്കൽ കൂടി നദിയിൽ മുങ്ങി സ്‌കൂളിലേക്ക് തിരിക്കും. വിവാഹശേഷമായിരുന്നു ഞാൻ വിദ്യ അഭ്യസിച്ചത്. അങ്ങേർ അക്കാര്യത്തിൽ വലിയ കടും പിടുത്തക്കാരനായിരുന്നു. ഈ ജന്മത്തിൽ ഞങ്ങൾ ഒറ്റ ഒരു മനുഷ്യനായിരുന്നു. ഒരേ ഇഷ്ടങ്ങൾ ഞങ്ങൾക്കിടയിൽ നില നിന്നിരുന്നു. ഭക്ഷണം, സംഗീതം, മനുഷ്യർ, സ്വഭാവ സവിശേഷതകൾ എന്നിവയിൽ പൊതുവായ ഒരു രുചി നിലനിന്നിരുന്നു.
സോളമൻ വിയർത്തപ്പോഴെല്ലാം എന്റെ സാരിത്തുമ്പ് തേടി വന്നു. ഞാനാണെങ്കിൽ അദ്ദേഹം വിയർക്കാതിരിക്കുവാൻ മരം പോലെ അയാൾക്ക് മീതെ വിരിഞ്ഞു നിൽക്കുവാൻ ആഗ്രഹിച്ചു. അയാൾ സ്വന്തം ഭക്ഷണത്തിന്റെ ഒരു പങ്ക് എന്നും ബാക്കി വച്ചു. വഴിയിൽ കണ്ട കാട്ടുപൂക്കൾ പറിച്ച് സമ്മാനമായി നൽകി. തൊണ്ടവേദന കൊണ്ടയാൾ ഞരങ്ങിയപ്പോൾ ഇഞ്ചിനീരു നൽകി ഞാനയാളെ ആശ്വസിപ്പിച്ചു. ചാണകം മെഴുകിയ മൺവീടിനുള്ളിൽ ഞങ്ങൾ കഴിഞ്ഞു. പുല്ലു കൊണ്ടും വൈക്കോലു കൊണ്ടും ഓല കൊണ്ടും വീട് മേഞ്ഞു. അയാൾ ഓലവെട്ടിക്കീറി പുഴയിൽ താഴ്ത്തിക്കെട്ടിയിടും. പാകമാകുമ്പോൾ പണി കഴിഞ്ഞു വന്ന് ഇരുവരും രാത്രികളിൽ ഇരുന്ന് മെടയും. അയാൾക്ക് ചെളിയിൽ നിന്നും കുഴിനഖവും എനിക്ക് ഈർപ്പം മൂലം വളംകടിയും പൊടിച്ചു. എന്റെ വയറുവേദനകളിൽ അയാൾ കൈത്തലം വച്ചു. വിണ്ടുകീറിയ പാദങ്ങളിൽ വാഴപ്പഴം ഉടച്ച് പരസ്പരം പൊതിഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ വരുന്ന പക്ഷികളെ ആട്ടി. വേലികളിൽ വളരുന്ന മണമുള്ള ചെടികളിൽ ആകൃഷ്ടരായി. പട്ടിണിയിൽ ഒരുമിച്ച് പേരക്കായകൾ പങ്കുവച്ചു. മുറിവുകളിൽ ഇലനീരു വച്ചു കെട്ടി. പാമ്പിഴയുന്നത് നോക്കി നിന്നു. പക്ഷികളെ വയലിൽ നിന്ന് കൈക്കൊട്ടി പറത്തി. കറ്റ കൊണ്ട് പോറിയ കണങ്കാലിൽ സങ്കടത്തോടെ തടവി. പുക തട്ടി ചുമച്ചപ്പോൾ പകരം വന്ന് അടുപ്പൂതി. ആ ജന്മം എനിക്ക് മാതാവാകുന്നതിനു സാധിച്ചില്ല. ഭൂമിയിൽ മനുഷ്യന്റെ ഏറ്റവും വലിയ ദുഃഖം ഇതെന്ന് കരുതി. കുട്ടികൾ ജനിക്കാതിരുന്നപ്പോൾ ഞങ്ങളൊരു പൂച്ചക്കുട്ടിയെ എടുത്ത് വളർത്തി. ഞങ്ങളുടെ സ്‌നേഹം കണ്ടാകണം പൂച്ച വീട് വിട്ടിറങ്ങി ഇണചേർന്ന് ഗർഭിണിയായി തിരിച്ചു വന്നു. ഒരുമിച്ച് കൃഷിയിടങ്ങളിൽ പണിയെടുത്തിട്ടും പട്ടിണി ഞങ്ങളുടെ ശരീരത്തെ മാത്രം തൊട്ട് കടന്നു പോയി. ദാരിദ്രത്തിലും സന്തോഷം കണ്ടെത്തി. മഴ വന്നപ്പോൾ വയലിലെ പണികളിൽ നിന്ന് തുണികളെടുക്കുവാൻ ഒരുമിച്ച് ഓടിപ്പോയി. പരസ്പരം പകുത്തെടുത്തു കൊണ്ടു വന്ന വെള്ളത്തുള്ളികൾ ചാറിയ വസ്ത്രങ്ങൾക്ക് മീതെ ഞങ്ങൾ ഇണചേർന്നു. ഗ്രാമത്തിൽ താഴ്ന്ന വർഗത്തിനു വിദ്യാഭ്യാസം നൽകുന്നത് ഉയർന്ന വർഗക്കാർ എതിർത്തു തുടങ്ങിയതോടെ സോളമന്റെയും എന്റേയും ജീവിതത്തിൽ അനിശ്ചിതത്വം കടന്നു വന്നു. പണിക്കാരുടെ കുട്ടികളെ പണിസ്ഥലത്തു നിന്നും അകറ്റിയ സോളമനേയും ഭാര്യയേയും ഗോത്രത്തിൽ നിന്നും പുറത്താക്കണമെന്ന് പ്രമാണിമാർ അഭിപ്രായപ്പെട്ടു. ആ സമയമായിരുന്നു ഗ്രാമത്തെ മാറാവ്യാധി പിടികൂടുന്നത്. ശവശരീരങ്ങളാൽ അവിടം നിറഞ്ഞു. ഞാനടക്കമുള്ള ജനങ്ങൾ പരിഭ്രാന്തരായിരുന്നു. ഗ്രാമത്തലവന്മാർ പ്രാകൃത ചികിത്സയോട് ചേർന്ന് നിൽക്കുന്നതിനെതിരെ സോളമൻ സംസാരിച്ചു. മറ്റു രാജ്യങ്ങളവലംബിച്ച നടപടികൾ നമ്മളും കൈക്കൊള്ളണമെന്നും പ്രതിരോധ കുത്തി വയ്പ്പിനു തയ്യാറാകണമെന്നും അദ്ദേഹം ജനങ്ങളെ അറിയിച്ചു. ഇത് നാട്ടുവൈദ്യന്മാരേയും പ്രമാണിമാരേയും രോഷാകുലരാക്കി. രോഗം പിടിപെടുന്നവരെ അത് മറ്റിടങ്ങളിലേക്ക് പകരുന്നതിനു മുൻപ് അഗ്‌നിക്കിരയാക്കുന്ന പ്രാകൃത തന്ത്രം ഗ്രാമത്തലവന്മാർ നടപ്പിലാക്കിയിരുന്നു. അതിനേയും എതിർത്ത സോളമനെ അതേ നാണയത്തിൽ അവർ മറുപടി നൽകി. രോഗബാധിതർ എന്നാരോപിച്ച് ഒരു രാത്രിയിൽ വീടിനു മുൻപിൽ പന്തം കൊളുത്തിയവർ കൂട്ടം കൂടി. സോളമനുണർന്നു. സംസാരം പിടിവലിയിലേക്ക് വഴി വച്ചു. അതിനിടെ സോളമൻ എടുത്തെറിഞ്ഞ ഒരു തീക്കൊള്ളിയാൽ വീടിനു തീ പിടിച്ചു. ഉറക്കത്തിലായിരുന്ന ഞാനും പൂച്ചയും പൂച്ചക്കുട്ടികളും വീട്ടിനുള്ളിൽ വെന്തു കൊണ്ടിരിക്കുന്നത് കണ്ട സോളമൻ കത്തുന്ന വീട്ടിനുള്ളിലേക്ക് ഒരിക്കലും തിരികെവരാതിരിക്കുവാനായി എടുത്തു ചാടി.
"മേരി കിതക്കുന്നുണ്ട്. ഉണർത്തുവാൻ പോകുന്നു' ഓഡിയോ കേട്ടുകൊണ്ടിരുന്ന സോളമനിൽ നിന്നും കുടുകുടാ കണ്ണുനീർ ഒഴുകുന്നത് കണ്ട് ചുറ്റുമിരുന്ന ആളുകൾ അയാളെ നോക്കി സഹതാപം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. അയാൾക്ക് സ്വന്തം നിയന്ത്രണം നഷ്ടപ്പെട്ടത് പോലെ മൂക്കിൽ നിന്നും വായിൽ നിന്നും കണ്ണുനീരിന്റെ വകഭേദങ്ങൾ ഒഴുകി. ▮
(തുടരും)