ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.

3 am

അധ്യായം 20: വിർച്വൽ മെമ്മറി

ഡിറ്റക്ടീവിനേയും അയാളുടെ നാവു മുറിച്ച സംഗീതജ്ഞയായ ഭാര്യയേയും തേടി സോളമൻ കണ്ടനാടുകളിലൂടൊക്കേയും സഞ്ചരിച്ചു. വഴിയിടങ്ങളിലും വിശ്രമകേന്ദ്രങ്ങളിലും ആളുകളോട് അവരെപ്പറ്റി തിരക്കി. ഇളനീർ വിൽപ്പനക്കാരോടും പഞ്ചർ ഒട്ടിക്കുന്നവരോടും കൂട്ടുകൂടി. ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും നോക്കി വഴി കാട്ടുന്നവർ മനുഷ്യരുടെ ഉറക്കങ്ങളിലേക്ക് വിരൽചൂണ്ടി. ഇരുട്ട് കണ്ട് തെറ്റിദ്ധരിച്ച് ആമ്പൽക്കുളങ്ങളിൽ നടന്നു നീങ്ങും കനം കുറഞ്ഞ പക്ഷികളോട് വവ്വാലുകളുടെ ചിറകടികൾക്കുള്ളിൽ അവരെ അന്വേഷിക്കുവാൻ സോളമൻ അപേക്ഷിച്ചു. കാറ്റിനെ ചെത്തി ചെത്തി കൂർപ്പിക്കുന്ന മുളം കാടുകളോട് ഒന്ന് സൂചിപ്പിച്ചു. ഉലയാതെ കത്തുന്ന തീ നാളം പോലെ അനങ്ങാതെ പറക്കുന്ന പരുന്തിനോട് ചോദിച്ചു. ഉറങ്ങുന്നതിനായി മഞ്ഞുകാലം വരുവാൻ കാക്കും മരത്തവള ഒരു താൽപ്പര്യമില്ലാതെ എല്ലാം കേട്ടു. മരങ്ങളിൽ പുലർച്ച ഉണരും കിളികളുടെ കലപിലകളിൽ നിന്നും മുറിച്ചെടുത്ത ഒരു ചെറിയ കഷ്ണം മരങ്കൊത്തി തത്ക്കാലത്തേക്ക് സോളമന് നൽകി. കല്ലുകളെ ഉരുട്ടിയെടുക്കുന്ന ജലത്തിന്റെ ഊർന്നു പോകൽ ശബ്ദം പോലെ അതും സോളമന് കുറച്ച് നേരത്തേക്ക് ആശ്വാസം നൽകി.

മറ്റ് സ്ത്രീകളുമായി ഇടപഴകുന്നത് മേരിയിൽ നിന്നും വിടുതി നേടുവാൻ തന്നെ സഹായിച്ചേക്കുമെന്ന് അയാൾ കരുതി. എന്നാൽ പോയ്ക്കഴിഞ്ഞിട്ടും മേരിയോട് വിധേയത്വം പുലർത്തുന്ന ഒരവയവം അയാളിലുണ്ടായിരുന്നു. അയാളുടെ ലിംഗം. മറ്റു സ്ത്രീകളുമായി കിടക്ക പങ്കിടുവാൻ ശ്രമിക്കുമ്പോഴൊക്കെ അയാളുടെ ലൈംഗികാവയവം ഉണരുവാൻ വിസമ്മതിക്കുന്നത് ഉകണ്ട് സോളമൻ ആശ്ചര്യപ്പെടുകയും കൂടെയുണ്ടായിരുന്ന സ്ത്രീകൾ അയാളെ പേലാട്ട് പാടുകയും ചെയ്തു.

"മേരിക്കു മുൻപിൽ മാത്രമേ സോളമനു ഉണരുവാൻ കഴിയൂ എന്ന് നിങ്ങൾ പറയുന്നതിൽ എന്ത് യുക്തിയാണു ഹേ ഉള്ളത്? '
ബ്ലാക്ക് ബെറിയോട് ടേബിൾ ലാമ്പ് ചോദിച്ചു.
"അങ്ങനെ കരുതുന്നതിന് കാരണമുണ്ട്'
ലെനോവോയും ബ്ലാക്ക് ബെറിയും ഒരുമിച്ച് പറഞ്ഞു.
"മേരി പോയതിനു ശേഷം സോളമൻ യാത്ര ചെയ്യുന്ന സമയം ലെനോവോയും ബ്ലാക്ക് ബെറിയും സംയുക്തമായി ഒരു ജി മെയിൽ ഐഡി ഉണ്ടാക്കി അത് വച്ച് ഒരു ഫേക്ക് ഫേസ്ബുക്ക് ഐഡി ക്രിയേറ്റ് ചെയ്തു'.

"സോളമന്റെ ഇഷ്ടങ്ങൾ കൃത്യമായി അറിയാവുന്ന ഒരാൾ എന്ന നിലക്ക് അയാൾക്കിഷ്ടപ്പെട്ട ഒരാളെ വെർച്വലി നിർമിക്കുക എന്നത് ഞങ്ങൾക്ക് എളുപ്പമായിരുന്നു. ഒറ്റനോട്ടത്തിൽ പ്രൊഫെയിൽ സ്ത്രീയുടെ തന്നെയെന്ന് ഉറപ്പിക്കുവാനായി അനാവശ്യമായി പൂക്കളും പിങ്ക് നിറവും വസ്ത്രങ്ങളുടെ പേജുകളും ടൈം ലൈനിൽ ഇട്ടതിനു ശേഷം സ്വന്തമായി 3ഡി ആർട്ട് എന്ന ഗ്രാഫിക് ജി യു ഐ ഉപയോഗിച്ചു തെരേസ എന്ന പേരിൽ ഒരു ശരീരവും മേരിയുടെ ഫോട്ടോ ഉപയോഗിച്ച് ഒരു മുഖവും ആ പ്രൊഫൈലിനായി ഞങ്ങൾ നിർമ്മിച്ചു. മേരിയോട് സാദൃശ്യമുള്ള മുഖത്തെ തിരഞ്ഞെടുത്ത്, എന്നാൽ തികച്ചും ആകർഷകവും വ്യത്യസ്തങ്ങളുമായ വസ്ത്രങ്ങളും ഹെയർ സ്‌റ്റൈലും അവതാറിനെ അണിയിപ്പിച്ചു. അവതാറിന്റെ മുഖപേശികളുടെ കൃത്യതക്കും കൂടുതൽ നിയന്ത്രണങ്ങൾക്കും ഓപ്ഷനുകൾക്കുമായി പത്ത് ഡോളർ സോളമന്റെ ക്രെഡിറ്റ് കാർഡ് നമ്പറുകൾ വച്ച് ലെനോവോ സൈറ്റിൽ അടച്ചു. മുൻപ് പല തവണ ആ നമ്പറുകൾ വച്ച് ഓൺലൈൻ പർച്ചേസുകൾ സോളമൻ നടത്തിയത് ലെനോവോ സേവ് ചെയ്ത് വച്ചിരുന്നു.'

"ബ്ലാക്ക് ബെറി ട്രാൻസാക്ഷൻ മെസേജ് സ്വയം ഡിലീറ്റ് ചെയ്തു. നാളിതുവരെ സോളമൻ ഇതിനെപ്പറ്റി അറിഞ്ഞിട്ടില്ല. ആയിടയായി അലച്ചിൽ മടുത്ത് സുഹൃത്തിന്റെ മുറിയിൽ വിശ്രമിക്കുകയായിരുന്നു അയാൾ '
'ലെനോവോ ഫോട്ടോഷോപ്പ് ഉപയോഗിച്ച് തെരേസയുടെ മുഖം വിശ്വസനീയമായ രീതിയിൽ ചില ഗ്രൂപ്പ് ഫോട്ടോകളിൽ തിരുകി കയറ്റി. കുട്ടിക്കാലം മുതൽ ഇത് വരേക്കും തെരേസ എന്ന അവതാറിനു വിശ്വസനീയമായ ഭൂതകാലം നൽകുന്നതിനായി ഗവേഷണം നടത്തി പഠിച്ച സ്‌കൂൾ,കോളേജ് കൂട്ടുകാർ എന്നിവരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തു. പ്രശസ്തരായവരേയും അല്ലാത്തവരേയും ഫ്രൻഡ്‌സ് ലിസ്റ്റിൽ ആഡ് ചെയ്ത് സ്വകാര്യ സംഭാഷണങ്ങളിൽ ഏർപ്പെട്ട് സൗഹൃദങ്ങൾ ഉണ്ടാക്കിയെടുത്തു. ടൈം ലൈനിൽ സെൽഫികൾ നിറച്ചു.'

ആവശ്യത്തിനു ആളുകൾ ഫ്രണ്ട് ലിസ്റ്റിൽ ആയതിനു ശേഷം തെരേസ സോളമനെ ആഡ് ചെയ്തു. നോട്ടിഫിക്കേഷൻ വഴി ചിരപരിചിതരാകുവാൻ സോളമന്റെ എല്ലാ ഫോട്ടോകൾക്കും തെരേസ ലൈക്ക് ചെയ്തു. പ്രൊഫൈൽ പേരു തെരേസ ആന്റണി എന്നാക്കി. രണ്ടു ദിവസത്തിൽ ഫ്രൻഡ്ഷിപ് ആക്‌സപ്റ്റ് ചെയ്തതായി നോട്ടിഫിക്കേഷൻ വന്നു. 'അറിയുമോ?' എന്ന് സോളമനു മെസേജ് അയച്ച ദിവസത്തിന്റെ മൂന്നാം നാൾ സോളമൻ 'ആരാണ്?' എന്ന് തിരിച്ചു ചോദിച്ചു. "ഓർമ്മയില്ലേ? മേരിയുടെ ഫ്രണ്ട് ആണ്' മേരി തന്റെ കൂട്ടുകാരെ കുറിച്ച് അധികം അയാളോട് സംസാരിച്ചിരുന്നില്ല. മൂടൽ മഞ്ഞിൽ പെട്ട പർവ്വതാരോഹകനെപ്പോലെ സോളമൻ വഴിക്കായി പരതി. മറ്റൊന്നുമില്ലാഞ്ഞിട്ട് 'ഓക്കെ' എന്ന് തിരിച്ച് ഉത്തരം എഴുതി.

സോളമൻ ലെനൊവോ ഉപയോഗിച്ച് ചാറ്റ് ചെയ്യുമ്പോൾ തെരേസയായി ബ്ലാക്ക് ബെറി മറുപടി കൊടുക്കുകയും ബ്ലാക്ക് ബെറി ഉപയോഗിക്കുമ്പോൾ ലെനോവോ മറുപടി പറയുകയും ചെയ്തു. ഇതിനായി പ്രത്യേക ബ്രൗസറുകൾ അവർ സ്വയം ഇൻസ്റ്റാൾ ചെയ്തു മെയിൻ മെനുവിൽ നിന്നും ഹൈഡാക്കി വച്ചു. പതുക്കെ തെരേസയും സോളമനും, അവർ കൂട്ടുകാരായി ചാറ്റ് ചെയ്തു തുടങ്ങി.

തെരേസ: മേരിയെക്കുറിച്ച് ഈയടുത്താണു അറിഞ്ഞത് സോറി ഫോർ യുവർ ലോസ്.
സോളമൻ: എന്തിന്? മേരി. അവളെ. എനിക്കവളെ അറിയില്ല. അവളുടെ നെറ്റി കഷണ്ടി കയറാൻ പോകുന്ന ഒരു ചെറുപ്പക്കാരന്റെതു പോലെ. അവളുടെ പല്ലുകൾ സ്വന്തം വീട് ചുമലിൽ കൊണ്ട് നടക്കുന്ന കക്കക്കുഞ്ഞുങ്ങളെപ്പോലെ. കണ്ണുകൾ കിണറുകുഴിച്ചു കൊണ്ടിരിക്കേ പണിക്കാരൻ ആകാശത്തേക്ക് നോക്കിയപ്പോൾ കണ്ട പകൽ ചന്ദ്രൻ. ഇടക്കിടെ വലിച്ചു കയറ്റും കഫക്കട്ട ഇലകൾക്കിടയിലൂടെ വീണ നിലാവ്. അല്ലാ പനനൊങ്കിന്റെ കഷ്ണം. അവൾ, കുളിക്കാൻ ഇഷ്ടമില്ലെന്നു പറയുകയും ദിവസവും കുളിക്കുകയും ചെയ്യുന്നവൾ, കൈകളിൽ എന്നേക്കാൾ രോമമുള്ളവൾ, ഉറങ്ങുമ്പോൾ വ്യക്തമല്ലാത്ത വാക്കുകൾ ഉരുവിടുന്നവൾ, ചുണ്ടെലി പോലെയുള്ള ചുണ്ടുകളുള്ളവൾ. മെട്രോ ട്രെയിനിൽ ഉറക്കത്തിലേക്ക് ചായുന്നവർക്ക് ചുമൽ കൊടുക്കുന്നവൾ. കടലിൽ കുളിക്കുമ്പോൾ മൂത്രമൊഴിക്കുന്നവൾ. ആമ്പലിലകളിൽ ചവിട്ടി ജലത്തിലെ കോണിപ്പടികളേറിയവൾ, തേരട്ടയെ തൊട്ട് ചുരുണ്ടപ്പോൾ മോതിരമിട്ട കുഞ്ഞ്. ദേശാടനക്കിളികൾ മരങ്ങളിലുപേക്ഷിച്ചു പോകും കൂടുകളിൽ ജീവിച്ച വാടകക്കാരി കിളി. എനിക്കറിയില്ല എന്തിനാണവൾ എന്നെ ഉറക്കത്തിൽ നിന്നുണർത്തുന്നതെന്ന്. ഇടയ്ക്ക് വിളിച്ച് പല്ലു തേക്കാൻ പറയുന്നത്, സിഗററ്റ് പോക്കറ്റിൽ നിന്നും എടുത്ത് കൊണ്ട് പോകുന്നത്, ഒരു കാരണവുമില്ലാതെ ഉമ്മ തരുന്നത്, ഓംലെറ്റ് ഉണ്ടാക്കിത്തരുന്നത്, എന്റെ ചെരുപ്പ് വല്ലിടത്തും കൊണ്ടിടുന്നത്, എന്റെ ബോക്‌സേഴ്‌സ് മോഷ്ടിച്ച് എന്റെ മുൻപിലൂടെ ഇട്ടു നടക്കുന്നത്, ബാത്ത് റൂമിലായിരിക്കുമ്പോൾ കതകിൽ മുട്ടി എന്തു ചെയ്യുകയാ എന്നു ചോദിക്കുന്നത്, പനി വരുമ്പോൾ നോക്കുന്നത്, നഖം വെട്ടിത്തരുന്നത്, ജോലിക്ക് പറഞ്ഞയക്കുന്നത്, നഗ്‌നയായി മുറിയിൽ കിടക്കുന്നത്, കാലുകൾ ജനലിൽ വച്ച് ആകാശം നോക്കിക്കിടക്കുന്നത്, പൂച്ചക്ക് മാന്തുവാൻ നിന്നു കൊടുക്കുന്നത്, പുതപ്പിനുള്ളിൽ കുറുകുന്നത്, ആൾക്കൂട്ടത്തിൽ വച്ച് ചന്തിക്ക് നുള്ളുന്നത്. നഗ്‌നയായി സ്റ്റൂളിലിരുന്ന് ചിത്രം വരയ്ക്കുന്നത്. മുലകൾ കാട്ടി കൊതിപ്പിക്കുന്നത്, ദേഷ്യം വരുമ്പോൾ കുണ്ടിയെന്ന് വിളിക്കുന്നത്. ബൈനോക്കുലറിൽ രാവിലെ കണ്ട വെള്ളിവെളിച്ചം കൊത്തി രാത്രിയിൽ ആകാശത്തു വച്ചു കൊടുക്കുന്നത്. ബാൽക്കണിയിൽ വിരിച്ചിട്ട വസ്ത്രം പറന്ന് മരത്തിൽ തങ്ങി നിൽക്കുന്ന പോലെ മലകളിൽ തട്ടി നിൽക്കുന്ന മേഘങ്ങളെ കാണിച്ചു തരുന്നത്. ഉറക്കത്തിൽ കെട്ടിപ്പിടിക്കുന്നത്, എന്നെയിങ്ങനെ ചുറ്റിച്ചുറ്റി നടക്കുന്നത്, ഇക്കിളിയിടുന്നത്, ഒന്നുമൊന്നും അറിയില്ല. അറിയാത്ത ഒന്നിനെപ്പറ്റിയും നമുക്കിപ്പോൾ സംസാരിക്കേണ്ടതില്ല'

തെരേസ: "സംസാരിച്ചത് വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കൂ.' കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഒരു ഫോട്ടോ ചാറ്റ് ബോക്‌സിലൂടെ തെരേസ സോളമനയച്ചു.

മേരിയുടെ ഡയറിത്താളിന്റെ ഒരു ചിത്രമായിരുന്നു അത്. രഹസ്യമായി ബ്ലാക്ക് ബറി ഒരിക്കൽ എടുത്ത് സൂക്ഷിച്ച ഫോട്ടോയിൽ മേരിയുടെ കയ്യക്ഷരം കണ്ട സോളമൻ, തെരേസയെക്കുറിച്ചുള്ള തന്റെ സംശയം അപ്പാടെ നീക്കം ചെയ്തു. വർഷങ്ങൾ പഴക്കമുള്ള ചുളിഞ്ഞതും അഴുക്കുപുരണ്ടതുമായ കടലാസിന്റെ ചിത്രം പതിയെ സ്‌ക്രീനിൽ തെളിഞ്ഞു വന്നത് ബ്ലാക്ക് ബെറി വായിച്ചു.
പ്രിയപ്പെട്ട സാന്താക്ലോസ്,

എന്നോട് ദേഷ്യമാണെന്ന് അറിയാം. ആൾത്താര ബാലനായ എൽദോസുമായി അടിപിടി കൂടുന്ന കാര്യം സാന്താ അറിഞ്ഞു കാണും അല്ലേ? നിങ്ങൾ പരിചയക്കാർ ആവുമല്ലോ അത് കൊണ്ടാണോ കഴിഞ്ഞ വർഷവും എനിക്ക് സമ്മാനം തരാതിരുന്നത്? അവൻ അത്ര നല്ല ആളൊന്നുമല്ല കേട്ടോ. അവനെന്റെ കൂട്ടുകാരി ഏയ്ഞ്ചലിനോട് പ്രേമമാണ്. അവളെ ശല്യപ്പെടുത്തിയതിനാണ് ഞാനവനെ ഇടിച്ചത്. അവനുമായി സാന്ത വലിയ കൂട്ടുകൂടരുത് എന്നാണ് എന്റെ അഭിപ്രായം. സാന്തയുടെ വണ്ടി വലിക്കുന്ന മൃഗങ്ങൾ കഞ്ഞി വെള്ളം കുടിക്കുമെങ്കിൽ ഈ വഴി വന്നാൽ പിറകു വശത്തുള്ള പിടി പൊട്ടിയ ബക്കറ്റിൽ പോയി നോക്കണം. എടുത്തു വയ്ക്കുവാൻ അന്നമ്മേച്ചിയമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ അപ്പനു ഇതിലൊന്നും ഒരു വിശ്വാസവുമില്ല കേട്ടോ.ആളുകളുടെ കാശ് പിടുങ്ങുവാൻ കടക്കാരു ചെയ്യുന്ന സൂത്രപ്പണികളാണെന്നാ അപ്പൻ പറയുന്നേ.സാന്തയുടെ കയ്യിൽ ആവശ്യത്തിനു കാശുണ്ടോ? ഇല്ലെങ്കിൽ ഈ കത്തെഴുതി വച്ച കല്ലിനു അടുത്ത് ഒരു ചെമ്പരത്തി ചെടി കാണാം.അതിന്റെ ചോട്ടിൽ അഞ്ച് രൂപാ കുഴിച്ചിട്ടുണ്ട്. അടുത്ത കൊല്ലം കളർ പെൻസിൽ വാങ്ങാൻ ഞാൻ കൂട്ടി വച്ചതാണെങ്കിലും സാന്താ അതെടുത്തു കൊള്ളൂ. പിന്നെ എനിക്ക് സമ്മാനമായി ഒരു സിംഹത്തിനെ മതി. എനിക്കെല്ലാവരേയും പേടിപ്പിക്കുവാനാണ്. പിന്നെ സിംഹത്തിനെ കെട്ടിപ്പിടിക്കുവാൻ നല്ല പതുപതുപ്പാവും .സിംഹത്തിനു തിന്നാൻ കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല. സിംഹം കോഴിമുട്ട തിന്നുമോ? അങ്ങനെയാണെങ്കിൽ അന്നമ്മേച്ചിയമ്മയോട് പറഞ്ഞാൽ കിട്ടും. എങ്ങാനും സിംഹത്തെ നോക്കിയിട്ട് കിട്ടിയില്ലെങ്കിൽ പറമ്പിൽ നിറച്ചും തൊട്ടാവാടികളാണ്. പാവം അന്നമ്മേച്ചിയമ്മയുടെ കാലിൽ അതെല്ലാം കുത്തിക്കയറുകയാണ് . ആട്ടിങ്കുട്ടികൾക്ക് തൊട്ടാവാടി ഇഷ്ടമാണെന്ന് അന്നമ്മേച്ചിയമ്മ പറഞ്ഞു. അങ്ങനെയാണെങ്കിൽ സിംഹത്തെ കിട്ടിയില്ലെങ്കിൽ ഒരു ആട്ടിൻ കുട്ടിയെ തന്നാലും മതി. എനിക്ക് വേണ്ടിയല്ല കേട്ടോ പാവം അന്നമ്മേച്ചിയമ്മയുടെ കാലിനെ ഓർത്തിട്ടാണ്. ഞാനൊരു പാവമാണെന്ന് മനസിലായിക്കാണുമല്ലോ? എന്നേക്കാളും പാവപ്പെട്ട വീട്ടിലെ ഏതെങ്കിലും കുട്ടി ആട്ടിങ്കുട്ടിയെ ചോദിച്ചിട്ടുണ്ടെങ്കിൽ സാന്തായുടെ കയ്യിൽ ഒന്നേ ഉള്ളുവെങ്കിൽ ആട്ടിങ്കുട്ടിയെ ആ കുട്ടിക്ക് കൊടുത്തേക്കണം.ആട്ടിൻ കുട്ടിയേയോ സിംഹത്തേയോ സമ്മാനമായി തരുന്നുണ്ടെങ്കിൽ ഗിഫ്റ്റ് പേപ്പറിലൊന്നും പൊതിയേണ്ടതില്ല ഇരുമ്പൻ പുളിയുടെ കടയ്ക്ക് കെട്ടിയിട്ടാൽ മതി.
എന്ന് മേരി
എൻ.ബി: സിംഹത്തിന്റെ താടി കഴുകിയിട്ട് കൊണ്ടുവരണം.

ഇനിയുമുണ്ടോ എന്ന് ചോദിക്കുവാനായി ടൈപ്പ് ചെയ്‌തെങ്കിലും ബാക്ക് സ്‌പേസ് അടിച്ച് സോളമനത് മായ്ച്ചു. പകരം നിങ്ങൾക്കെങ്ങിനെ ഇത് ലഭിച്ചു എന്ന് ചോദിച്ചു.

തെരേസ: കാരണം ഞാനാണു സാന്റ. കത്തെനിക്കാണ് ലഭിച്ചത്.
സോളമൻ: തമാശ കളയൂ. പറയൂ.
തെരേസ: മേരിയുടെ സ്‌കൂൾ ഫ്രണ്ട് ആയിരുന്നു ഞാൻ. ഈ കത്ത് അന്ന് സൂക്ഷിച്ചു വച്ചതാണ്. ആ കാലഘട്ടത്തിനു ശേഷം ഞങ്ങൾ പിന്നീട് രണ്ടോ മൂന്നോ വട്ടമേ കണ്ടിട്ടുള്ളൂ. ഒരിക്കൽ കണ്ട സമയം നിങ്ങളെപ്പറ്റി പറഞ്ഞിരുന്നു'
സോളമൻ: ആഹാ
തെരേസ: നിങ്ങൾ എന്നാണു കണ്ട് മുട്ടിയത്? എവിടെ വച്ച്?
തെരേസ: കുറേ നേരമായല്ലോ ടൈപ്പ് ചെയ്യുന്നു. ഇവിടെ ഒന്നും വന്നില്ല
സോളമൻ: ഒന്നുമില്ല. മരിച്ചു പോയവരുടെ കയ്യക്ഷരത്തെപ്പറ്റി ഓർക്കുകയായിരുന്നു.
തെരേസ: പറയൂ നിങ്ങൾ കണ്ടുമുട്ടിയത് എങ്ങനെയാണു. കഥ കേൾക്കാൻ ആഗ്രഹമുണ്ടെന്ന് കരുതിയാൽ മതി.
സോളമൻ: കണ്ടുമുട്ടുക എന്ന വാക്ക് ഭക്ഷണം വഹിച്ചു കൊണ്ടു പോകുന്ന വരിയിലെ എതിരെ വരുന്ന രണ്ട് ഉറുമ്പുകൾക്കും ഹൈവേയിൽ ചീറിപ്പാഞ്ഞ് പരസ്പരം ഇടിച്ച് തകർന്നു തരിപ്പണമാകുവാൻ പോകുന്ന രണ്ട് കാറുകൾക്കും ജന്മങ്ങൾ കാത്തിരുന്ന് ബീച്ചിൽ കണ്ടു മുട്ടുവാൻ പോകുന്ന രണ്ടു പേർക്കും ഒരേ അർത്ഥം നൽകുന്ന വാക്ക്. കണ്ടുമുട്ടുക.
തെരേസ: പറ. ഹൗ ഡിഡ് യു മീറ്റ്?
സോളമൻ: അഞ്ചാം നിലയിൽ കഴുകിയിട്ട; ഉടമ താമസം മാറിപ്പോയതിനാൽ അഴുക്കയിൽ നിന്നും ആരും എടുത്ത് കൊണ്ട് പോകാതിരുന്ന; ഇപ്പോളുണ്ടായ ഒരു കാറ്റിൽ പറന്ന രണ്ടടി വസ്ത്രങ്ങളായിരുന്നു ഞങ്ങളെങ്കിൽ; നാലാം നിലയിൽ താമസിക്കുന്ന ഉത്തരേന്ത്യക്കാരന്റെ കണ്ണുകളിലും ചെവികളിലും ഇറ്റിക്കുന്ന തുള്ളിമരുന്നുകുപ്പികളായിരുന്നു മേരിയും സോളമനുമെങ്കിൽ; മൂന്നാം നിലയിലെ മുറിയിൽ രാത്രികളിൽ മാത്രം മേശപ്പുറത്ത് സൂക്ഷിക്കുന്ന ഹെൽമെറ്റ് മേരിയും അതിനുള്ളിൽ പൊഴിഞ്ഞ ഹെൽമെറ്റുകാരന്റെ 3007 മത് തലമുടി സോളമനും ആണെങ്കിൽ; രണ്ടാം നിലയിലെ ജനലിലൂടെ കടന്നു വരുന്ന കാറ്റിൽ കർട്ടൻ തുള്ളിച്ചാടുമ്പോൾ കേൾക്കുന്ന അലുമിനിയം കാലൊച്ചകൾ സോളമനും കാറ്റില്ലാതിരിക്കുന്ന സമയം ഫാനിന്റെ ഇതളുകൾ തിരിയുന്ന ശബ്ദത്തിൽ മാത്രം ആ മുറിയിൽ വന്നു പോകുന്ന ഉറക്കം മേരിയുമെങ്കിൽ; ഒന്നാം നിലയിൽ സഹമുറിയൻ ഉറങ്ങിയതിനു ശേഷം പുതപ്പിനുള്ളിൽ അൺലോക്ക് ചെയ്യുന്ന മൊബെയിലിന്റെ വെളിച്ചത്തിലേക്ക് ചിറകടിക്കുന്ന പ്രാണി മേരിയും നവമ്പർ കാറ്റിൽ പറന്നു വന്ന ഒരു കഷ്ണം വർത്തമാനപത്രം സുതാര്യമായ ചില്ലിൽ തട്ടിത്തടഞ്ഞു കൊണ്ടിരിക്കെ അകത്തു നിന്നും നോക്കുന്നൊരുവൻ അവിചാരിതമായി കണ്ടേക്കാവുന്ന ഒരു മരണവാർത്ത സോളമനുമാണെങ്കിൽ;
താഴത്തെ നിലയിലെ വെളുത്ത ഫൈബർ കസേരയിലിരുന്ന് ഉറക്കം തൂങ്ങുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ സ്വപ്നത്തിലെ കള്ളന്മാർ എറിഞ്ഞു കളഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തിയിട്ടും മടികാരണം എടുക്കാതെ പോയ ബാലൻ സോളമനും ഈ മുറികളെല്ലാം അടിച്ചു വാരുവാനായി പോകുന്ന സ്ത്രീ ആദ്യത്തെ പടിയിൽ കാൽ വച്ചപ്പോൾ തൊലിയിൽ പതിഞ്ഞു കിടന്നിരുന്ന പൗഡറിന്റെ മുകളിൽ വരച്ച ചുവന്ന കുറിയിൽ നിന്നും പൊടിഞ്ഞ രണ്ടു തരികൾ മേരിയുമായിരുന്നു എങ്കിൽ;പുറത്ത് പാനീപൂരി വിൽക്കുന്ന പയ്യൻ വിതരണം ചെയ്യുന്ന ഇലകളുടെ പാത്രങ്ങളിൽ ഓടിപ്പോകുന്ന ഒരു കറുത്ത ഉറുമ്പ് നിലാവിൽ നിർത്തിയിട്ട ഒരു ട്രെയിൻ എന്ന ഉപമയെ ഒരുവനിൽ ഓർമ്മിപ്പിച്ചനിമിഷം മേരിയും, പാനിപ്പൂരിയുടെ സ്വാദ് ഓർത്ത് വായിൽ വെള്ളം നിറച്ച് എന്നാൽ വാങ്ങിക്കഴിക്കുവാൻ പണമില്ലാതെ ട്യൂഷൻ ക്ലാസിലേക്കോടുന്ന സ്‌കൂൾകുട്ടിക്ക് ഓർമ്മ വന്ന പുലർച്ച 3 മണിയൊരു നീലത്തിമിംഗലം അതിന്റെ നാസാരന്ധ്രങ്ങളിലൂടെ തെറിക്കും വെൺനുരകൾ നിലാവ്, നുരകളിൽ തെളിഞ്ഞ മഴവില്ല് ഓന്തുകൾ തൂങ്ങിയ ഒരൂഞ്ഞാല് എന്നീ ഉപമകൾ സോളമനും എങ്കിൽ എത്രയെത്രയെത്ര വട്ടം ആദ്യമായി കണ്ടുമുട്ടിക്കാണും ഞങ്ങൾ?

തെരേസ: അറിയില്ല. കുറേ വട്ടം. കാക്കത്തൊള്ളായിരം വട്ടം. എനിക്ക് വല്ലാത്ത അസൂയയും കുശുമ്പും തോന്നുന്നുണ്ട് നിങ്ങളിങ്ങനെ അവളെക്കുറിച്ച് വായ് തോരാതെ പറയുമ്പോൾ. ഇത്രയധികം ഭൂമിയിൽ സ്‌നേഹിക്കപ്പെടാത്തതിൽ നിരാശയും.
സോളമൻ: തൊള്ളായിരം കാക്കകൾ പറന്നു വന്നിരിക്കുന്ന ചില്ല, കാക്കത്തൊള്ളായിരം എന്ന വാക്ക്.
തെരേസ: നിങ്ങൾ ഇപ്പോഴും മരിച്ചു പോയ കാമുകിയെ ഓർത്ത് കണ്ണുനീരൊഴുക്കുകയായിരുന്നുവോ ?
സോളമൻ: അവളെന്റെ കാമുകിയായിരുന്നില്ല. എനിക്കൊപ്പം താമസിക്കുമ്പോഴും കാമുകന്മാർ അവൾക്ക് സ്തുതി പാടിക്കൊണ്ട് കാണുവാൻ വരുമായിരുന്നു.
തെരേസ: അതു ശരിയാണ്. പണ്ടും മേരി ഒന്നിൽക്കൂടുതൽ പ്രേമങ്ങൾ ഒരേസമയം കൊണ്ടു നടന്നിരുന്നു.
സോളമൻ: ഇതൊരു വിടുതൽ സമയം കൂടെയാണ്. മേരിയിൽ നിന്നും. സ്‌നേഹത്തിലുള്ള വിശ്വാസത്തിൽ നിന്നും. ഇതുവരെ അരികിൽ നിന്നിരുന്ന ഒരു അനുഭവം ഇല്ലാതാകുകയും ആ സ്ഥാനത്തേക്ക് ശൂന്യതയോ അലസതയോ കയറി വന്ന് അത് പിന്നീട് മറ്റ് ഊർജ്ജങ്ങളിലേക്ക് വഴി തിരിയുകയും ചെയ്യുന്ന സമയം. നമ്മൾ നമ്മളിലേക്ക് ഉറ്റുനോക്കുന്ന സമയം. കഴിഞ്ഞു പോയ പ്രേമം വെറും മായക്കാഴ്ച്ചയെന്ന് തിരിച്ചറിയുന്ന സമയം. യഥാർത്ഥ സന്തോഷത്തെ കണ്ടെത്തുവാൻ ഇറങ്ങിപ്പുറപ്പെടുന്ന കാലം.
തെരേസ: ഭയന്ന് ഓടുകയെന്നും പറയാം അല്ലേ?
സോളമൻ: ഹേയ് ഇല്ലില്ല. ആട്ടിൻ കുട്ടി ഇടിക്കാൻ വന്നതിൽ പിന്നെ, പൊരുന്നു കോഴി കൊത്താൻ വന്നതിൽ പിന്നെ, കാക്ക തലയിൽ ഞോണ്ടാൻ വന്നതിൽ പിന്നെ ഭയന്ന് ഓടിയിട്ടില്ല.
തെരേസ: അപ്പോൾ എവിടെ ചെന്ന് ഒളിക്കുമായിരുന്നു?
സോളമൻ: അമ്മയുടെ സാരിക്കിടയിൽ വിയർപ്പ് മണത്തിൽ
തെരേസ: വിയർപ്പു മണത്തിലോ?
സോളമൻ: ഉവ്വ് അമ്മമാരിൽ തുടങ്ങി അമ്മമാരിൽ അവസാനിക്കുന്ന ആൺകുട്ടികൾ ഞങ്ങൾ
തെരേസ: അമ്മച്ചി ഇപ്പോൾ എവിടെയാണ്?
സോളമൻ: കാലാവസ്ഥക്കനുസരിച്ച് നാടുകൾ മാറുന്ന ജിപ്‌സികളെപ്പോലെ അമ്മച്ചിക്കൊപ്പം ഞാൻ വീടുകൾ മാറി. ഇടയ്ക്ക് വച്ച് ഏതോ വീട്ടിൽ നിന്നും എടുക്കുവാൻ മന:പൂർവം മറന്നു വച്ച പഴയ വീട്ടുപകരണം പോലെ മരണത്തിനു വിട്ടു കൊടുത്തു.
തെരേസ: ഓ ഐ ആം സോറി.
സോളമൻ: ആൺകുട്ടികൾ ആദ്യം തുറന്നു പോകുന്നത് അമ്മമാരിലേക്കാണു. സോളമൻ എന്ന ആണിന്റെ ഏറ്റവും സ്വകാര്യമായ പ്രവർത്തി പോലും ആദ്യമറിഞ്ഞത് അമ്മച്ചിയായിരുന്നു. സ്വകാര്യ അവയവത്തിന്റെ വിരലുകൾ പിടിച്ച് ഉറങ്ങിയിരുന്നവരിൽ ഒരാളായിരുന്നു ഞാൻ. സ്വയംഭോഗത്തിനു മേരിയും ഞാനും കണ്ടുപിടിച്ച രഹസ്യ ഭാഷ സെൽഫി എന്നായിരുന്നു.
സ്വന്തം ലൈംഗിക അവയവത്തിൽ വിരൽ കോർത്ത് ഉറങ്ങി, സ്വപ്നത്തിൽ പറന്നു നടന്ന ആണുങ്ങളിലൊരുവനായിരുന്നു സോളമൻ. തന്റെ സ്വയംഭോഗ ശീലം മൂന്നു പേരാണു നേരിൽ കണ്ടത് എന്നായിരുന്നു സോളമൻ കരുതിയിരുന്നത് എന്നാൽ അയാളറിയാതെ ഒരാൾ കൂടെ അതിനു സാക്ഷ്യം വഹിച്ചിരുന്നു. സോളമന്റെ ലിസ്റ്റ് പ്രകാരം അത് ഇവരായിരുന്നു
1.അമ്മച്ചി
2.സുധാകരൻ
3.സുഹൃത്ത്

അമ്മച്ചി

സൈക്കിൾ ചവിട്ട് പഠിച്ച് സമയം കിട്ടുമ്പോഴൊക്കെ സൈക്കിളുമായി ലോകം കറങ്ങുന്നത്രയും ലാഘവത്തിൽ കിട്ടുന്ന അവസരത്തിലൊക്കെ സോളമൻ സ്വയംഭോഗം ചെയ്തു നടന്നു. അന്ന് ഉച്ച സമയമായിരുന്നു അമ്മച്ചി പശുവിനെ കറക്കുന്ന തിരക്കിലായിരുന്നു. വീട്ടിൽ അവനൊറ്റക്കായിരുന്നു. പാമ്പ് പകുതി പടം പൊഴിക്കും പോലെ അവൻ പാന്റ്‌സൂരി അയച്ചിട്ടു. എന്നിട്ട് ആലോചിച്ചു. സിനിമയിലെ നായിക, വനിതയിലെ ബ്രാ പരസ്യം,അപ്പുറത്തെ വീട്ടിലെ ചേച്ചി,കൂടെ പഠിക്കുന്ന കുട്ടി, പഠിപ്പിക്കുന്ന ടീച്ചർ എന്നിങ്ങനെ പലരേയും ആലോചിച്ചു നോക്കി. എന്നിട്ടും ഒന്നും നടന്നില്ല.

അവസാനം വായിച്ച ഒരു നോവലിലെ ഭാഗം അവനോർത്തു. അതിലെ വാക്കുകളായ ഹുക്ക് അഴിഞ്ഞു എന്ന ഭാഗം അവനെ ഉദ്ദീപിപ്പിച്ചു. കുട നിവർത്തും പോലെ അവനുണർന്നു. അവന്റെ ഓർമ്മയിൽ നിന്നും ഏതോ ഹുക്ക് അഴിഞ്ഞു കൊണ്ടിരുന്നു. ഹുക്ക് അഴിഞ്ഞു എന്ന വാക്കിനു തൊട്ടപ്പുറമുള്ള കൗതുകം അവനെ ഭരിച്ചു. തൂവലു കൊണ്ടെന്ന പോലെ അവൻ അവനെത്തന്നെ തഴുകി. വാതിൽ തള്ളിത്തുറന്ന് അമ്മച്ചി പെട്ടെന്ന് കടന്നു വന്നു. എന്താ നീയീ ചെയ്യുന്നേയെന്ന് ചോദിച്ചു. 'ഒന്നുമില്ല' എന്നു പറഞ്ഞ് അവൻ എഴുന്നേറ്റു. ഇച്ഛാഭംഗം കാരണം തലകുനിഞ്ഞിരുന്നു. ഇരുട്ട് കയറിത്തുടങ്ങിയ കാഴ്ച്ചയിൽ നിന്നും പുറത്ത് കടക്കുവാൻ മറ്റെന്തെങ്കിലും ചെയ്യുവാനായി അവൻ മുറി വിട്ട് മേശക്കപ്പുറമായി വച്ച പാൽകുപ്പികൾ നിറഞ്ഞ സഞ്ചിയെടുത്ത് സൈക്കിളിൽ തൂക്കി ചാടിക്കയറി ചവിട്ടിപ്പോയി. പോകുന്ന വഴിയിൽ ഇച്ഛാഭംഗത്താൽ കടന്നു പോയ വാഹനങ്ങളെ അവൻ അവഗണിച്ചു. വാഹനങ്ങളിലൊന്ന് കയറിയിറങ്ങി പ്രാണൻ വെടിഞ്ഞെങ്കിലെന്ന്, റോഡ് പിളർന്ന് അതിനുള്ളിൽ പെട്ടു പോയെങ്കിലെന്ന് സോളമൻ ആശിച്ചു. അശ്രദ്ധമായി ചവിട്ടുന്നതിനാൽ സഞ്ചിയിലെ പാൽക്കുപ്പികൾ കൂട്ടിമുട്ടി സംഗീതമുയർന്നു. ഇനി വീട്ടിലേക്കില്ലെന്ന് മനസിൽ ഉറപ്പിച്ച് സോളമൻ സംഗീതത്തിനൊപ്പം പെഡൽ ചവിട്ടി.

സുധാകരൻ

ഏഴാമത്തെ വീട്ടിലേക്ക് താമസം മാറിയ സമയം. കൊയ്തു തീർന്ന പാടങ്ങൾക്കരികിലെ ഉയരം കൂടിയ കെട്ടിടത്തിന്റെ മട്ടുപ്പാവിൽ മലർന്നു കിടന്ന് നക്ഷത്രങ്ങളെ നോക്കുന്ന രാത്രിയിൽ സോളമനു സ്വയംഭോഗം ചെയ്യുവാൻ തോന്നി. രാത്രി കറുത്തു വരുന്നതേയുള്ളു. പണിക്ക് പോയ ആളുകൾ വീടുകളിലേക്ക് തിരികെയെത്തും പോലെ അവസാനത്തെ പക്ഷിയും കൂട്ടിലേക്ക് മടങ്ങി. ആകാശത്തു നിന്നും ചന്ദ്രനും നക്ഷത്രങ്ങളും സോളമനെ ഉറ്റു നോക്കി. എന്നാൽ സോളമനു മേരി കൂടെ ഉണ്ടായിരുന്നപ്പോൾ പോലെ നാണമൊന്നും വന്നില്ല. കെട്ടിടത്തിന്റെ താഴെ വാഹനങ്ങൾ സമയം പോലെ കടന്നു പോയി. മുകളിലേക്ക് ഇനിയും പണിയുന്നതിനു ബാക്കി വച്ച ഇരുമ്പു കമ്പികൾ സോളമന്റെ ഇംഗിതം ഊഹിച്ച് കെട്ടിടത്തിന്റെ രോമങ്ങളായി ജൃംഭിച്ചു. പണികഴിഞ്ഞതിൽ ബാക്കിയുള്ള ഇഷ്ടിക കട്ടകൾ കൂട്ടിവച്ചിരുന്നു. അതിന്റെ മറപറ്റി സോളമൻ കിടന്നു.

അവനൊറ്റയായിരുന്നു. മുകളിൽ നിന്നും നോക്കിയപ്പോൾ പരന്നു കിടക്കുന്ന പാടം ഒരു കായലായി അവനു തോന്നി. കറ്റകൾ മുറിച്ച കുറ്റികൾ കായലിന്റെ മുഖത്ത് തലേന്ന് മുളച്ച കുറ്റിത്താടി പോലെ നിന്നു. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അത് കായലിലെ പായലുകൾ ആണെന്ന് തോന്നി. രാത്രി അതിൽ വന്നു വീഴുന്ന പ്ലാസ്റ്റിക്ക് കവറു പോലെ നിലാവ് പൊന്തിക്കിടന്നു. പാടങ്ങൾക്കുമപ്പുറം ഒരു വീട്ടിൽ വൈകുന്നേരമാകുന്നതിനാൽ ലൈറ്റിട്ടു. അതിന്റെ മഞ്ഞ നിഴൽ പാടത്തേക്ക് വളർന്നു.ആ പ്രത്യാശയിലേക്ക് നോക്കി നിൽക്കേ സോളമനു കൂട്ടായി എകാന്തത വന്നു. പാടത്തേക്ക് ഉറ്റു നോക്കി അവർ രണ്ടു പേരും കുറച്ചു നേരം നിന്നു. മുഖത്തോട് മുഖം നോക്കി കുറച്ചു നേരം നിന്നു.
'എന്തിനാണ് നിങ്ങൾ ഇപ്പോൾ വന്നിരിക്കുന്നത്? അനാഥരുടെ സമയത്ത് വരാൻ പാടില്ല എന്നറിയില്ലേ?'
'ഇരുട്ടിൽ നിങ്ങളൊറ്റയാണ് സോളമൻ'
'ഞാനൊറ്റക്കല്ല. ഇഷ്ടികകൾ നിരത്തി വച്ചതിൽ ഒരരണയിരിപ്പുണ്ട്. പ്രാണികൾ കിടപ്പുണ്ട്. താഴെ വാഹനങ്ങൾ കൂട്ടുണ്ട്. ദാ നോക്കൂ മഞ്ഞ വെളിച്ചം അതിനപ്പുറം നിനക്കുള്ള ഉത്തരം കിടപ്പുണ്ട്. അതൊന്നും വേണ്ട നിന്നെയൊഴിവാക്കുവാൻ എനിക്കറിയാം. നിന്നെക്കുറിച്ച് അജ്ഞനായവർ ഭാഗ്യവാന്മാർ. നീ ആരെന്ന് അവർക്കറിയില്ലല്ലോ. അല്ലെങ്കിൽ അതൊന്നും വേണ്ട.'

സോളമൻ സിമന്റ് തറയിൽ കിടന്ന് സ്വയംഭോഗത്തിനു തയ്യാറായി. അവന്റെ നഗ്‌നതയിൽ നക്ഷത്രങ്ങളും ചന്ദ്രനും കണ്ണുകളടച്ചു. കമ്പിളിപുതപ്പുകൾക്കുള്ളിലേക്കെന്ന പോലെ കാർമേഘങ്ങൾ വലിച്ചിട്ടു അവർ മിഴിപൂട്ടി. സുധാകരേട്ടൻ ബാറിൽ പോയി കുപ്പി വാങ്ങി അടിക്കാൻ ഒരു സ്ഥലം നോക്കി വന്നതായിരുന്നു. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കാറ്റ് കൊണ്ട് രണ്ടെണ്ണം വിട്ട് കിടക്കാമെന്നു കരുതി. എന്നാൽ പടികളേറി വന്നപ്പോൾ ഇരുട്ടിൽ സോളമൻ വിരിഞ്ഞു കിടപ്പുണ്ടായിരുന്നു. മൂങ്ങകളുടെ കണ്ണുകളിലൂടെ ഇരുട്ടിനെ മറി കടന്ന് സോളമന്റെ വിവസ്ത്രത കണ്ട് അരയിലെ പൈന്റ് കുപ്പി മുറുക്കിപ്പിടിച്ച് പടികളിറങ്ങി. വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിന്റെ എഴുത്തുകാരിയുമായി ഇണ ചേരുകയായിരുന്നു അപ്പോൾ സോളമൻ മനസിൽ. തന്റെ തൊലിയിൽ അവർ പേന ചലിപ്പിക്കുന്നതും ശരീരം നിറച്ചും അവരുടെ അക്ഷരങ്ങൾ നിറയുന്നതും അവരുടെ ചുംബനങ്ങളേറ്റ് മഷി പടർന്നതും അതുമായി ആ സ്ത്രീക്കൊപ്പം സംഭോഗം ചെയ്യുന്നതുമായിരുന്നു അവൻ സങ്കല്പിച്ച ദൃശ്യങ്ങൾ. ഇടയിൽ പതുക്കെ കണ്ണു തുറന്നു നോക്കുന്നതിനിടയിൽ സുധാകരേട്ടന്റെ തല വായുവിലേക്ക് ഇറങ്ങിപ്പോയി. പിടിച്ചു നിറുത്തുവനാഗ്രഹിച്ചിട്ടും രേതസൊഴുകി. ഭയം അവനിൽ കുമ്പിളുകുത്തി. ലജ്ജയാൽ കടുകുമണിയോളം അപ്പോഴവൻ ചുരുങ്ങി. ▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments