ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

3 am

അധ്യായം 20 (തുടർച്ച): വിർച്വൽ മെമ്മറി

സുഹൃത്ത്

ത്താം ക്ലാസിൽ പഠിക്കുന്ന സമയം. ക്ലാസിൽ പഠിപ്പിക്കുന്ന ഇംഗ്ലീഷ് ടീച്ചർ സോളമനു ഹരമായി. അടിവസ്ത്രങ്ങൾ സോളമൻ പാന്റിനടിയിൽ ഉപയോഗിച്ചു തുടങ്ങിയ സമയമായിരുന്നുവെങ്കിലും അന്നവൻ ധരിച്ചിരുന്നില്ല. ആദ്യത്തെ പിരീഡിൽ ടീച്ചർ വന്നു. അവസാന ബഞ്ചിലായിരുന്ന സോളമൻ എഴുതാൻ നോട്ട് ബുക്ക് എടുത്തു. രണ്ടു പേർ മാത്രമേ അവസാന ബഞ്ചിൽ ഉണ്ടായിരുന്നുള്ളു. കാലുകൾ പതുക്കെ ആട്ടിയാട്ടി സോളമൻ നോട്ടെഴുതി. കാലുകളുടെ ആട്ടൽ അവനെ ഉദ്ദീപിപ്പിച്ചു. തൊട്ടു നോക്കുവാൻ കീശയിൽ കയ്യിട്ടപ്പോൾ കീശ കല്ലിൽ തച്ച് കഴുകുന്നതിനിടയിൽ കീറിപ്പറഞ്ഞത് അറിഞ്ഞു. ടീച്ചർ അവനെ നോക്കി. അവനൊരു കൈ കൊണ്ട് നോട്ടെഴുതി. മറ്റേ കൈ കൊണ്ട് സ്വയം സ്പർശിച്ചു കൊണ്ടിരുന്നു. അവനെക്കൊണ്ടത് തടുക്കുവാൻ കഴിഞ്ഞില്ല. കൂടെയിരുന്നവൻ നീയെന്തിനാ വിറക്കുന്നതെന്ന് ചോദിച്ചപ്പോൽ കഴല കേറിയത് ഉഴിയുകയാണെന്ന് പറഞ്ഞു. കാലുകളും കൈകളും നോട്ടു പുസ്തകവും വേഗത്തിൽ ചലിച്ചു. ഒരു നിമിഷത്തിൽ നോട്ടിൽ കിടന്ന് അവന്റെ അക്ഷരങ്ങൾ വിറച്ചു. പിന്നെ തിരമാലകൾ പോലെ കുതിച്ചു കിതച്ചു ഒഴുകി. പിന്നെ ഒരു വരയായി. അരി മില്ലിലെ യന്ത്രം ഓഫ് ചെയ്തതു പോലെ ഹൃദയമിടിപ്പ് കുറഞ്ഞു വന്ന് സാധാരണമായി. സോളമൻ നനഞ്ഞിരുന്നു. ""എന്താടാ പറ്റിയേ നിനക്ക് സുഖമില്ലേ, നനഞ്ഞല്ലോ ആകെ,'' അടുത്തിരുന്നവൻ ചോദിച്ചു. തൈരു പാത്രം കീശയിൽ വച്ചിരുന്നത് ചെരിഞ്ഞു പോയി എന്ന് പറഞ്ഞ് അവൻ എഴുതാൻ വിട്ടുപോയ വാക്കുകളും അവയുടെ അർത്ഥവും അന്വേഷിച്ചു.

സോളമനറിയാതിരുന്ന ഒരു ദൃക്‌സാക്ഷി കൂടി അവന്റെ സ്വകാര്യജീവിതത്തിലുണ്ടായിരുന്നു. പശുക്കളെ മാറ്റിക്കെട്ടുവാൻ അമ്മച്ചി പറഞ്ഞ ദിവസം അവൻ പറമ്പിലേക്ക് നടന്നു. പാടങ്ങൾക്കെല്ലാമപ്പുറത്തുള്ള മാഷിന്റെ പറമ്പിൽ ആയിരുന്നു പശുക്കളെ കെട്ടിയിരുന്നത്. മനുഷ്യരാരും കടന്നു വരാത്തൊരു പറമ്പായിരുന്നു അത്. തെങ്ങും വാഴകളുമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. മണ്ണിട്ട് കെട്ടിപ്പൊന്തിച്ച തിണ്ടുകളിൽ വാഴകൾക്കും തെങ്ങുകൾക്കുമിടയിൽ താഴെ തോടുകൾ കീറിയിരുന്നു. മഴക്കാലത്ത് അതിൽ വെള്ളം കയറുകയും വേനൽക്കാലത്ത് അത് വിണ്ടുകീറുകയും ചെയ്തു. പറമ്പിന്റെ വരണ്ടുണങ്ങിയ തൊലിയിൽ നടന്ന് ചവിട്ടി പൊട്ടിക്കുന്നത് സോളമനിഷ്ടമായിരുന്നു. എന്നാൽ അന്ന് നീർവലിഞ്ഞ ചെളിക്കട്ടകളിൽ കിടന്ന് സോളമൻ പാൻസൂരി തന്റെ സംഗീതോപകരണം മീട്ടി. നീല നിറത്തിലുള്ള ആകാശം മേഘങ്ങളെ നിശ്ചലരാക്കി സ്വയം ചലിച്ചു. പുന്നാരിച്ച് ലാളിച്ച് പതുങ്ങി വന്ന ചെറു കാറ്റിൽ സോളമൻ മയങ്ങിപ്പോയി. കിങ്ങിണി പശുവിന്റെ ഉംബേന്നുള്ള വിളി അവനെ ഉണർത്തി. അവന്റെ പാൻസൂരി തന്നെ കിടപ്പുണ്ടായിരുന്നു കൈകളിൽ സംഗീതോപകരണമുണ്ടായിരുന്നു. എന്നാൽ ആരോ വന്നു പോയതു പോലെ കരിഞ്ഞ പുല്ലുകൾ പച്ചയായി. വാഴകൾ കുലച്ചു, കപ്പ തണ്ടിൽ മുളപൊട്ടി, തെങ്ങിൽ പൂങ്കുലകൾ നിറഞ്ഞു, തോട്ടിൽ മീനുകൾ പാറ്റി, കാട്ടുപൂക്കൾ വിരിഞ്ഞു. വണ്ടുകൾ പാറി. കിങ്ങിണിയെ ആരോ അഴിച്ചു കെട്ടിയിരുന്നു. പറമ്പ് തളിർത്തു നിന്നു.

തെരേസ: ആരായിരുന്നു അത്?
സോളമൻ: ആരായിരിക്കും?
തെരേസ: വസന്തം?
സോളമൻ: എനിക്കറിയില്ല.
തെരേസ: വസന്തത്തെപ്പോലെ പറമ്പുകളിൽ ജീവിച്ചു തീർന്നു പോകും ആൾ നിങ്ങൾ.
സോളമൻ : തീർന്നു പോകുകയില്ല. പകരം പൊടിക്കും. പൊടിച്ചു വളരും മരം പോലെ. ആരും വന്നു നോക്കാത്തൊരു പറമ്പിൽ ഒരു അനുസരണയുമില്ലാതെ പുല്ലുകൾ വളർന്നു കിടന്ന ഒരിടത്ത്, തണുപ്പ് വിത്ത് പാകിയ മണ്ണിൽ കളിച്ചു വളർന്ന മരങ്ങളിലൊരുവൻ.
തെരേസ: നിങ്ങൾക്ക് മേരിയെ മിസ് ചെയ്യുന്നില്ലേ?
സോളമൻ: ഇല്ല.

സ്വപ്നങ്ങളിലാണ് മനുഷ്യർ ഏറ്റവും ദുർബലരാകുന്നത്. ഓർമ്മകൾ ഏറ്റവും ശക്തരാകുന്ന മണിക്കൂറുകൾ കൂടിയാണത്. ആഴങ്ങളിൽ കല്ലു കെട്ടിതാഴ്ത്തിയ മൃതദേഹങ്ങൾ പോലെ മൂടി വച്ച ഭയങ്ങൾ കുറ്റബോധങ്ങൾ വിഷമങ്ങൾ പ്രേമങ്ങൾ നമ്മളിൽ പൊന്തിവരുന്ന സമയം. ദിവസേനയെന്നോണം മേരിയെ സ്വപ്നം കണ്ടുണർന്ന് 3 AM സമയത്ത് കാപ്പിയിട്ട് കുടിക്കുന്ന സമയങ്ങളിലൊന്നാണ് ഈ ചാറ്റ് നടന്നു കൊണ്ടിരിക്കുന്നത് എന്നും അയാൾ തെരേസയോട് പറഞ്ഞില്ല. സോളമന്റെ സ്വപ്നങ്ങളിൽ മേരി, ഡ്രൈ ക്ലീനിംഗ് കഴിഞ്ഞ വസ്ത്രം പോലെയോ സേഫ് മോഡിൽ ഓൺ ചെയ്ത കമ്പ്യൂട്ടർ പോലെയോ തനതായിരുന്നു. ശുദ്ധമായ സംഗീതമായിരുന്നു, സ്‌നേഹം പോലെ. ചില രാത്രികളിൽ കൊച്ച് കുഞ്ഞുങ്ങളെപ്പോലെ അയാൾ വിതുമ്പി. ചില രാത്രി കവിത എഴുതി. ചില രാത്രികളിൽ മേരി ബാക്കി വച്ചിട്ടു പോയ ജലച്ചായങ്ങളാൽ ദേഹം മുക്കിയും പ്ലേ ലിസ്റ്റുകൾ പുതിയത് ഉണ്ടാക്കിയും ഇല്ലാതാക്കിയും സമയം കളഞ്ഞു. അവളെ മറന്നു പോകുന്നതിനു അയാൾ കൃത്രിമമായി നിർമ്മിച്ച തിരക്കുകൾ മതിയാകാതെ വന്നു. ആദ്യമാദ്യം മേരിയെ പ്രതിരോധിക്കുവാൻ ശ്രമിച്ച എല്ലാ മാർഗങ്ങളും മേരിയുടെ ഓർമ്മകൾ കാറ്റിൽ പറത്തി.

സോളമൻ: യു നോ. പീപ്പിൾ ചേഞ്ച്. പീപ്പിൾ ആർ ടെമ്പററി ബട്ട് ആർട്ട് , ഇറ്റ് സ്റ്റേയ്‌സ്. കല നിലനിൽക്കുന്നു.
തെരേസ: നിങ്ങളവളെ മിസ് ചെയ്യുന്നില്ല എന്നത് എനിക്ക് തീർത്തും അവിശ്വസനീയമാണ്. അതിനായി നിങ്ങൾ എന്ത് ചെയ്‌തെന്നാണ്.
സോളമൻ: ഒന്നും ചെയ്തില്ല. കളവായിരുന്നു. അയാൾ തന്റെ സർവ്വശക്തിയുമുപയോഗിച്ച് മേരിയുടെ ഓർമ്മകളെ ചെറുത്തു. അതിനായി പല വഴികളും പരീക്ഷിച്ചു.
തെരേസ: എന്നോടല്ലേ പറയൂ
സോളമൻ: പല വിധത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുകയുണ്ടായി. അവയിൽ ചിലത് പറയാം. അവൾ പോയതിനു ശേഷം മഞ്ഞച്ചു തുടങ്ങിയ ചെടികളെ നനയ്ക്കുക. (ഫംഗസ് ബാധിച്ച ഇലകളുള്ള ചെടികളുടെ കടയ്ക്കൽ വെള്ളമൊഴിക്കുക). ട്ടൂട്ടി ഫ്രൂട്ടി ബ്രഡ് പാക്കറ്റിലെ ആദ്യത്തേയും അവസാനത്തേയും സ്ലൈസ് തിന്നു നോക്കുക. കടയിൽ നിന്നും വാങ്ങി സാധനങ്ങളിൽ പറ്റിച്ച വിലവിവരമെഴുതിയ സ്റ്റിക്കർ പർ എന്ന് ഒറ്റയടിക്ക് പറിച്ചെടുക്കുക. കാപ്പിപ്പൊടിയിട്ട് വയ്ക്കുന്ന ടിൻ തുറന്ന് മണത്ത് തിരികെ വയ്ക്കുക. നൂണ്ടുവരും പൂച്ചകളുടെ താടിയിലും വഴിതെറ്റിക്കയറിവന്ന് വാലാട്ടും പട്ടികളുടെ വയറിലും മാന്തിക്കൊടുക്കുക. കാലൊടിഞ്ഞ അയൽ വീട്ടിലെക്കുട്ടിയുടെ പ്ലാസ്റ്ററിൽ നീലനീരാളിയെ ജലച്ചായത്താൽ വരച്ചു കൊടുക്കുക. തണുപ്പു കാലത്തിൽ കിടന്ന് ചൂടുപിടിച്ച കിടക്കഭാഗം മറ്റൊരാൾക്ക് വാഗ്ദാനം ചെയ്യുക. രാത്രി മൂന്നു മണിക്ക് അലാറം വച്ചുണർന്ന് തീവണ്ടിയുടെ ശബ്ദം കേട്ട് കിടക്കുക. കണ്ണട വച്ചുറങ്ങിപ്പോയവരുടെ കണ്ണട എടുത്ത് മാറ്റി കൊടുക്കുക. രാത്രിയിൽ പറന്നു വന്ന് വഴിയറിയാതെ ഉഴറും നിശാശലഭത്തിനു പുറത്തേക്ക് വഴികാട്ടുക. പേടിച്ച് വാൽമുറിച്ച പല്ലിക്ക് വാൽക്കഷ്ണം തിരികെ നൽകുക. കാറ്റിൽ ചെരിഞ്ഞ മരത്തിലെ കിളിക്കൂട് സ്പർശിക്കാതെ തിരിച്ച് വയ്ക്കുക. പുസ്തകങ്ങൾക്കിടയിൽ പെട്ടു പോയ ഭക്ഷണാവശിഷ്ടങ്ങൾ തട്ടിക്കളയുക. എണ്ണപ്പാടുകളിൽ പെയിന്റ് കൊണ്ട് അലങ്കാരപ്പണികൾ നടത്തുക. അലമാര പരിശോധിച്ച് മേരിയുടെ ചിലവ് ചുരുക്കൽ,പിശുക്ക് എന്നിവ പഠിച്ചെടുക്കുവാൻ ശ്രമിക്കുക. ആർക്കെങ്കിലും ഓറഞ്ചിന്റെ തൊലി പൊളിച്ച് കൊടുത്ത് വിരലുകൾ മണക്കുക. വഴിയിൽ കാലുതട്ടി നീറാറുള്ള കല്ലുകളെ ജലത്തിന്റെ ഒഴുക്കിൽ വച്ചുകൊടുക്കുക. ജീവിതത്തിൽ ഏറ്റവും വേദനിപ്പിച്ചവരോട് ക്ഷമിക്കുക. ഇരുട്ടുമുറിയിലെ, കർട്ടൻ ഉലച്ചു നോക്കി കടന്നു വരുന്ന പ്രകാശത്തിന്റെ ദ്വാരം അടച്ചു വയ്ക്കുക. അലമാരയിലെ മുഴുവൻ വസ്ത്രങ്ങളും ഒരു കാരണവുമില്ലാതെ അടുക്കി വയ്ക്കുക. സ്വപ്നത്തിൽ ഒറ്റക്കായവർക്ക് കൂട്ടു പോകുക. തന്റേതല്ലാത്ത തണുത്ത കാലുകളെ പുതപ്പിക്കുക. ഉറക്കമില്ലായ്മയിലേക്ക് രാത്രിയുടെ മ്യൂസിക് ചിതറുന്ന ഹെഡ്‌ഫോൺ തിരുകുക. ചായപ്പലകയിൽ നിറങ്ങൾ കൂടിച്ചേരുന്നത് നോക്കിയിരിക്കുക. വായിച്ചു പാതിയിൽ നിർത്തിയ പുസ്തകങ്ങളിൽ നിന്നും ബുക്ക്മാർക്കുകൾ എടുത്ത് മാറ്റുക. ഫോണിൽ ബ്ലോക്ക് ചെയ്ത കോണ്ടാക്റ്റുകളെ അൺബ്ലോക്ക് ചെയ്യുക.100 feet റോഡ് 123 അടിയിൽ നടന്ന് തീർക്കുക. സീറോ ബൾബിന്റെ നിറം മാറ്റുക. സീലിങ്ങിൽ തിളങ്ങുന്ന പെയിന്റിനാൽ ശൂന്യാകാശവും നക്ഷത്രങ്ങളും വരയ്ക്കുക. പിസയുടെ ബാക്കിവന്ന അവസാന കഷ്ണങ്ങൾ കഴിക്കുക. ഓർമ്മകളെ ഒഴുക്കി വിടാനത്രയും പാട്ടുകളുടെ പ്ലേ ലിസ്റ്റ് ക്രിയേറ്റ് ചെയ്യുക.

തെരേസ: എന്നിട്ട് മേരിയെ മറന്നോ?
സോളമൻ: ഉവ്വ്. അവളെ ഞാൻ ഓർത്തേയില്ല. ചെടികൾ അമ്മയെവിടെയെന്ന് മേരിയെ അന്വേഷിച്ചത് ഞാൻ കേട്ടില്ല. ട്ടൂട്ടി ഫ്രൂട്ടി ബ്രഡിലെ പച്ച ചുവപ്പ് മഞ്ഞ പപ്പായക്കഷ്ണങ്ങൾ കൂടുതലുള്ള ഭാഗങ്ങൾക്കായി വഴക്കു പിടിച്ചതും ഇക്കിളിയിട്ടതും ഓർമ്മ വന്നില്ല. കടയിൽ നിന്നും കാപ്പിപ്പൊടി വാങ്ങി വന്ന് ടിൻ പൊട്ടിക്കുമ്പോൾ ആദ്യമായി മണത്ത് ആഹാ പറയുന്നവളെ കുപ്പികളും, മുറിയിൽ കയറി വന്ന് മേരിയെത്തേടും പൂച്ചകളും പട്ടികളും മറന്നേ പോയിരുന്നു. കാലൊടിഞ്ഞവന്റെ പ്ലാസ്റ്ററിൽ വരച്ചു കൊണ്ടിരിക്കെ മേരിയാന്റിയുടെ പൂക്കൾ പോലെയില്ല എന്നു പറഞ്ഞവൻ എന്നെ ഒന്നും ഓർമ്മിപ്പിച്ചില്ല. തണുപ്പ് കാലത്ത് ഞെട്ടിയെഴുന്നേൽക്കുമ്പോൾ ഇടത് വശത്ത് വെറുങ്ങല്ലിച്ചുറങ്ങും ശരീരത്തിനു ചൂട് കൊടുത്തത് ഓർമ്മ വന്നില്ല. രാത്രി മൂന്ന് മണിക്ക് കാപ്പിയിട്ട് കുടിച്ച് ബാൽക്കണിയിലിരുന്ന് തീവണ്ടി ശബ്ദങ്ങൾ കേട്ട രാവുകളെ ഓർമ്മ വന്നില്ല. പുസ്തകം കയ്യിൽ വച്ച് ഉറങ്ങിപ്പോയവരെ ഓർമ്മയില്ല. പ്രാണികളേയും ശലഭങ്ങളേയും വെറുതെ വിടുവാൻ പഠിപ്പിച്ചവളെ ഓർമ്മ വന്നില്ല. പുസ്തകങ്ങളിലെ അക്ഷരങ്ങൾക്കും അടയാളങ്ങൾക്കും മേൽ ജലച്ചായം നടത്തിയവളെ ഓർമ്മ വന്നില്ല. പല്ലികളുടെ നിഗൂഡ ഭാഷണം അനുകരിച്ച് സംസാരിക്കുന്നവളെ ഓർമ്മയില്ല. കാറ്റിൽ ചെരിഞ്ഞ മരങ്ങളേയും പൊട്ടിപ്പോയ മുട്ടകളേയും കണ്ട് അലമുറയിട്ട് കരഞ്ഞവളെ ഓർമ്മ വന്നില്ല. ഒരു കാര്യവുമില്ലാതെ പണം അധികം ചിലവാക്കുമ്പോൾ തലയിൽ കിണുക്ക് തരുന്നവളെ ഓർമ്മയില്ല. ഓറഞ്ചിന്റെ തൊലിയാൽ കണ്ണു നീറ്റിക്കാറുള്ളവളെ ഓർമ്മയില്ല. കാലിൽ കല്ലു തട്ടി നീറുമ്പോൾ വേദന മാറും വരേയും 33 ഉമ്മ നൽകിയവളെ ഓർമ്മയില്ല. ഇരുട്ടിലിരുന്നു കരയുന്നവളെ ഓർമ്മയില്ല. പുതപ്പിനുള്ളിലെ പിണഞ്ഞ നാലു കാലുകളെ ഓർമ്മയില്ല. സ്വപ്നങ്ങളിൽ കൂട്ടിമുട്ടുന്നവളെ ഓർമ്മയില്ല. ചായപ്പലകയിലെ ഉണങ്ങിയ നിറങ്ങളെ വീണ്ടും നനച്ച് ശരീരത്തിൽ പൂശി നിറയ്ക്കുന്നവളെ ഓർമ്മ വന്നില്ല. മൂന്നു മണിക്കിടെ ഹെഡ് ഫോൺ പങ്കിട്ട് കേട്ട പാട്ടുകളെ ഓർമ്മയില്ല. 100 ഫീറ്റ് റോഡിലെ മുഴുവൻ കഫേകളിലും കയറി കാപ്പി കുടിച്ച ദിവസത്തെ ഓർമ്മയില്ല. ഇട വിട്ട് സീറോ ബൾബിൽ പെയിന്റ് ചെയ്യുന്നവളെ ഓർമ്മയില്ല. കിടക്കയിൽ കിടന്ന് തിളങ്ങുന്ന ശൂന്യകാശത്തെ വിരൽ ചൂണ്ടി കഥ ചോദിക്കുന്നവളെ ഓർമ്മ വന്നില്ല. പിസയുടെ അരികുകൾ മാത്രം തിന്നുന്നവളെ ഓർമ്മ വന്നില്ല. ഓർമ്മകളെ ഒഴുക്കികളയുവാനത്രയും മദ്യം കുടിച്ച് പിമ്പിരിയായവളേയും ഓർമ്മയില്ല.

തെരേസ: ആൺ ജീവിതം. എനിക്ക് നിങ്ങളോട് സ്‌നേഹം തോന്നിത്തുടങ്ങുന്നുണ്ട്.
സോളമൻ: സഹതാപം എന്ന് പറയൂ
തെരേസ : സഹതാപമല്ല. നിങ്ങളെ സ്‌നേഹിക്കുവാൻ തോന്നുന്നു. കുഞ്ഞിനെപ്പോലെ. ഇന്ന് രാത്രി നിങ്ങളെ സ്‌നേഹിക്കട്ടേ?
സോളമൻ : സ്‌നേഹിച്ചു കൊള്ളൂ.
തെരേസ : ദൃശ്യത്തേക്കാൾ വാക്കുകളിൽ ഉണരുന്നവനല്ലേ നിങ്ങൾ. വീഡിയോ ഉണ്ടായിട്ടും പുസ്തകങ്ങൾ വായിച്ചല്ലേ നിങ്ങൾ കൂടുതലും സ്വയംഭോഗം ചെയ്തിട്ടുള്ളത്?
സോളമൻ: ദയവ് ചെയ്ത് ബാക്കിയെല്ലാം വിട്ട് എന്നെ ഈ നിമിഷം സ്‌നേഹിക്കുമോ?
തെരേസ: സ്‌നേഹിക്കാം പകരം നിങ്ങളുടെ കക്ഷം മണക്കുവാൻ നൽകുമോ?
സോളമൻ: തരാം
തെരേസ: നിങ്ങളെനിക്ക് മുല തരുമോ?
സോളമൻ : തരാം
തെരേസ: കൊതി തീരെ വയറു നിറയുവോളം?
സോളമൻ: തരാം
തെരേസ: പശു തന്റെ കിടാവിനെ നക്കുന്നതു പോലെ ഒരിഞ്ച് വിടാതെ നിന്നെ നക്കി തുടയ്ക്കുവാൻ തരുമോ?
സോളമൻ: തരണോ?
തെരേസ അതിനു മറുപടിയായി അയച്ചത് ഒരു ഫോട്ടോയായിരുന്നു. അടിവസ്ത്രങ്ങളിൽ കിടക്കയിൽ കിടക്കുന്ന തെരേസ സോളമന്റെ മുൻപിലെ സ്‌ക്രീനിൽ തെളിഞ്ഞു വന്നു.

സോളമൻ: കടിക്കണം. പാവക്കുട്ടിയെപ്പോലെയുണ്ട്
തെരേസ: കടിച്ചാൽ വേദനിക്കും.
സോളമൻ: വേദനിക്കട്ടേ.
തെരേസയുടെ ഒരു ഫോട്ടോ കൂടി സോളമനു വന്നു.അതിൽ അടിവസ്ത്രത്തിനുള്ളിൽ കൈകൾ വച്ച് കണ്ണടച്ച് കിടക്കുന്ന തെരേസയെ സോളമൻ കണ്ടു.
സോളമൻ: നിന്നെ കാണുമ്പോൾ അടിവയർ ചൂട് തട്ടി പഴുത്ത് പോകുന്നു.
തെരേസ: പഴുത്തു പോയ ലോഹം ഞാൻ നാവിൽ വച്ചു തണുപ്പിച്ചു കൊള്ളാം.
സോളമൻ: നിന്റെ മുലകളിലെ തടിപ്പുകൾ നാവു കൊണ്ട് ഉരസിയുരസി ഇല്ലാതാക്കും.
തെരേസ: പറ ഇനിയും പറ.
സോളമൻ: കക്ഷങ്ങൾ മണപ്പിക്കണം. മൂക്ക് കൊണ്ട് മുഴുവനിടത്തും തൊടണം.
തെരേസ: നിർത്താതെ പറ
സോളമൻ: നാക്ക് കൊണ്ട് കാലുകൾക്കിടയിൽ കമിഴ്ന്ന് പോകണം
തെരേസ : എന്നിട്ട്
സോളമൻ : നിന്റെ പൂച്ചക്കുഞ്ഞുമായി മാന്തിക്കളിക്കും. നിന്റെ കല്ലുമ്മക്കായയെ പെറുക്കിയെടുക്കും. നിന്റെ അണ്ണാറക്കണ്ണനെ താലോലിക്കും. നിന്റെ കുറുകുന്ന പ്രാവിന്റെ കൊക്കുകളിൽ വിരൽ വച്ച് കൊടുക്കും.നിന്റെ കുതിക്കുന്ന കാട്ട്കുതിരകളുടെ കുഞ്ചിരോമങ്ങൾ പിടിച്ച് വലിക്കും. നിന്റെ സ്‌കൂട്ടറിന്റെ ആക്‌സിലേറ്ററിൽ അമർത്തും. നിന്റെ ജനലിലൂടെ വരും മരത്തിന്റെ തണുത്ത നിശ്വാസമാകും. ആമ്പൽപ്പൂവിനു ചുറ്റും ഒരോളമാകും. നിന്റെ ചെമ്പരിയാടിന്റെ കമ്പിളിക്കുള്ളിലെ പുണ്ണ് കുത്തുന്ന കാക്കയാകും. നിന്റെ ഇറക്കത്തിൽ കൈകൾ വിട്ട് ബ്രേക്ക് പൊട്ടിയ സൈക്കിൾ ഓടിക്കും. നിന്റെ ഉരുകിയ മെഴുകിൽ വിരലുകളാഴ്ത്തും. നിന്റെ സീബ്രാവരയിൽ കാത്ത് നിൽക്കും. ചളിയിൽ പുതഞ്ഞ നിന്റെ മത്സ്യത്തിന്റെ ചെകിളപ്പൂക്കൾ പൊത്തിപ്പിടിക്കും. നിന്റെ കാപ്പിപ്പാത്രത്തെ മൊത്തും. നിന്റെ അക്വേറിയത്തിൽ തലയിടും. നിന്റെ കാട്ടുപോത്തിനു കൊമ്പുരസുവാൻ നിന്ന് കൊടുക്കും. നിന്റെ ക്ലോക്കിന്റെ സെക്കന്റ് സൂചി പിടിച്ച് തിരിക്കും. നിന്റെ കിളിക്കൂടിൽ എന്റെ കിളിക്കുഞ്ഞിനെ വിട്ടിട്ട് പോരും. നിന്റെ ഗോൾപോസ്റ്റ് വലക്കണ്ണിയിൽ എപ്പോഴുമെപ്പോഴും തലയിടും. നിന്റെ തൃക്കണ്ണിൽ തുള്ളിമരുന്ന് ഒഴിക്കും. നിന്റെ തണ്ണിമത്തന്റെ പച്ചയിലും ചുവപ്പിലും കണ്ണുവയ്ക്കും. നിന്റെ കോണിപ്പടികളിലൂടെ ഓടിയിറങ്ങി വഴുതി വീഴും. നിന്റെ ഐസ്‌ക്രീം കോണിലേക്ക് നാവ് കടത്തും, നിന്റെ തലയിണയിൽ മുഖം പൂഴ്ത്തും, നിന്റെ ഉള്ളിളക്കത്തിനു വഴങ്ങും. നിന്റെ ബാഗിന്റെ സിപ്പ് തുറന്ന് കയ്യിട്ട് ചില്ലറ തപ്പും, സോപ്പു പെട്ടി തുറന്ന് മണക്കും, നിന്റെ തുണിചവിട്ടിയിൽ ചെളി പറ്റിക്കും, നിന്റെ കടലിടുക്കിലെ തിരമാലയാകും, നിന്റെ സ്രാവിനു എന്നെത്തന്നെ തീറ്റയായി നൽകും, നിന്റെ വള്ളികളിൽ ഊഞ്ഞാലാടും, നിന്റെ പൂച്ചക്കുട്ടിക്ക് കഴുത്തുഴിഞ്ഞു കൊടുക്കും.'

തെരേസ : എന്നിട്ട് പറ
സോളമൻ: മഴ പെയ്യുമ്പോഴെല്ലാം ചിറകു വിരിച്ചു തന്നിരുന്നവളേ നിന്റെ പൊക്കിൾകൊടിയിൽ നിന്നും കാടുകൾ, കാടുകൾ ഉയർന്നു വന്നെന്നെ മൂടും. വിരലുകൾ വേനലിന്റെ കൊമ്പുകളായി നിന്റെ വായിൽ ഇറങ്ങും. നിന്റെ ആത്മാവ് കളങ്കപ്പെടും. കണ്ണിൽ നിന്നും വേദനയുടേയും ആത്മാഭിമാനത്തിന്റേയും നിറമില്ലാത്ത സ്രവം ഒഴുകും. കക്ഷങ്ങളിലെ കുരു ഞാൻ മൂക്കു വച്ച് ഉരസിയുരസി പതുക്കും. നിന്റെ ചതുപ്പിനുള്ളിൽ ഞാൻ കാലുകൾ പൂഴ്ത്തും. പിടിച്ചു കയറാൻ പാമ്പുകൾ പോലും ഇല്ലാതെ ഞാൻ നിന്നിലിറങ്ങും. വഴുവഴുപ്പുകളിൽ നിലതെറ്റി വീണു കിടക്കും. പാദങ്ങൾ ഓമനിക്കപ്പെടും. ചതുപ്പെന്നെ ഉരസിയുരസി വിഴുങ്ങിക്കളയും. മിന്നലിന്റെ ഊഞ്ഞാലിൽ ആടി വളർന്ന കുട്ടി പോലെ നീ പുളയും. കരച്ചിലിനിടയിൽ ഉമിനീർ പാരച്യൂട്ട് പോലെ ഇറങ്ങും. പാനിപ്പൂരി പോലെ കുഞ്ഞു മുലകൾ ഞാൻ വായിലാക്കും. പറമ്പ് നിറയെ എന്ന പോലെ മുരിങ്ങയിലകൾ പറ്റിപ്പിടിച്ച ചീനച്ചട്ടി ഞാൻ വെടിപ്പാക്കും. തേരട്ടകളേപ്പോലെ ആയിരക്കണക്കിനു കൈകൾ വിടർത്തി നിന്നിൽ മുഴുവനിഴഞ്ഞു നടക്കും. താറാവിന്റെ കൂട്ടം കയറിയിറങ്ങിയ ചെളിക്കട്ടകളുടഞ്ഞ വയലായി നീ കിടക്കും. അതിൽ താറാവുകളായി കട്ടി കുറഞ്ഞ തോടോട് കൂടിയ മുട്ടകളിടും. പിന്നെ പതിയെ നിന്റെ ഹുക്കയൂതും. ഗർജ്ജനത്താൽ നിന്റെ കിളികളെ പറത്തും. നിന്റെ ചിത്രത്താളുകളിൽ മുന്തിരി വള്ളികൾ വരയും. അന്ന് രാത്രി മുലകൾ കുടിച്ച് ഉറങ്ങിപ്പോകുവാൻ ആഗ്രഹിച്ചത് പറയുവാൻ മറന്ന് നാം ഇരുവരും ഉറങ്ങിപ്പോകും.

പെട്ടെന്ന് തെരേസയുടെ വീഡിയോ കോൾ ഫേസ്ബുക്കിൽ വന്നു. സോളമൻ ആക്‌സപ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്തു. പക്ഷെ തന്റെ ക്യാമറ അയാൾ ഓൺ ചെയ്തില്ല.

തെരേസയുടെ ബെഡിൽ കിടന്ന് പുളയുന്ന ശരീരം സോളമൻ കണ്ടു. അവൾ വയലിൻ മീട്ടുകയായിരുന്നു. സംഗീതം പതിയെ പതിയെ മുറുകുന്നുണ്ടായിരുന്നു. സംഗീതം ആ മുറി നിറഞ്ഞ് അവന്റെ ലാപ്‌ടോപ്പിലൂടെ ചെവിയിലേക്ക് പൊട്ടിയൊലിച്ചു. അവളുടെ രാഗം വ്യത്യസ്തമായിരുന്നു. ഇടയിൽ ഗാനം പോലെ നിർത്താതെ പറ നിർത്താതെ പറ എന്ന തെരേസയുടെ കുറുകൽ കേട്ടു.

സോളമൻ തുടർന്നു. 'എനിക്ക് നിന്റെ ഉള്ളിൽ കടക്കണം. കടന്ന നിമിഷം അങ്ങനെത്തന്നെ കിടക്കണം. എല്ലാ ഭാരങ്ങളും ഇല്ലാതായി ഒഴിഞ്ഞ മുറി പോലെ ജീവിതം തീരും വരെ. മരണം വരെ. പൊടിഞ്ഞു പൊടിഞ്ഞ് അഴുകിയഴുകിപ്പോകണം. വേരു പിടിച്ച് അടുത്ത ജന്മം നമ്മൾക്കൊരുമിച്ച് ഒരു ആൽമരമായി ജനിക്കണം. നമ്മളുടെ ചില്ലകളിലിരുന്ന് പക്ഷികളും അണ്ണാൻ കുഞ്ഞുങ്ങളും കാമിച്ചു കൊള്ളട്ടെ' തെരേസയുടെ ശീൽക്കാരങ്ങൾ ഹെഡ് ഫോണിലൂടെ അയാൾ കേട്ടു. അവൾ വിറക്കുന്നത് അയാൾ അനുഭവിച്ചു.

""ചെയ്യ് ചെയ്യ് എനിക്കു കാണണം'' അവൾ അയാളോട് യാചിച്ചു.
""ഞാൻ ചെയ്യുകയാണ്''. ക്യാമറ ഓൺ ചെയ്യാതെ മന:പൂർവ്വം അയാൾ ഓഡിയോ മാത്രം ഓൺ ചെയ്തു.
അതിനുള്ളിലൂടെ ശീൽക്കാരങ്ങൾ കേൾപ്പിച്ചു കൊടുത്തു. തെരേസയുടെ ശരീരം വില്ലു വാദ്യം പോലെ വളഞ്ഞു.
അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് പേരും അലറി വിളിച്ച് കൊണ്ട് രതിമൂർച്ചയിലെത്തി.
""ആയോ'' തെരേസ ചോദിച്ചു
""ഉവ്വ് ഉള്ളിൽ നിന്റെ ഉള്ളിൽ'' സോളമൻ അറിയിച്ചു
""ശരി ഞാനൊന്ന് ബാത്ത് റൂം പോയിട്ട് വരാം''. തെരേസയുടെ ശബ്ദത്തിൽ മേരിയെ സോളമനിൽ നിന്നും ആട്ടിപ്പായിച്ചതിന്റെ അഹങ്കാരം അന്ന് ബ്ലാക്ക് ബെറിയിൽ തെളിഞ്ഞ് നിന്നിരുന്നു.
""ഇതിലെന്താ കുഴപ്പം? ഇതിൽ നിന്നും സോളമൻ ഉണരില്ല എന്ന് എങ്ങനെ പറയുവാൻ സാധിക്കും?''. ബ്ലാക്ക് ബെറിക്കും ലെനോവോക്കും ഒഴികെയുള്ളവർക്ക് സംശയം ഇനിയും തീർന്നില്ലായിരുന്നു.
""ഞങ്ങളെപ്പോലെത്തന്നെ തെരേസയെപ്പോലെത്തന്നെ ആ സെക്‌സ് ചാറ്റിൽ അഭിനയിക്കുകയായിരുന്നു സോളമനും. അയാൾ തെരേസയെക്കണ്ട് ഒരിക്കലും ഉണർന്നില്ല. അയാൾ ഇടയിൽ കപ്പലണ്ടി ചവച്ച് കൊണ്ടിരിക്കയായിരുന്നു. ഇടയ്ക്ക് മടുപ്പ് വന്ന് ബുക്ക് വായിച്ചു കൊണ്ട് ടൈപ്പ് ചെയ്യുകയായിരുന്നു. കോട്ടുവായ ഇടുകയായിരുന്നു. ലെനോവോ കണ്ടതാണ്.''
""അപ്പോൾ ആ ശബ്ദം അയാൾ ഓഡിയോയിൽ എങ്ങിനെ?''
""അയാൾ കൃത്രിമമായി സൃഷ്ടിച്ചു. ഫേക്ക് ചെയ്തു''
""രതിമൂർച്ച അടക്കം.''
""എന്നാൽ ഒരിക്കൽ, ഒരേ ഒരു പ്രാവശ്യം അയാൾ തന്റെ അടിവസ്ത്രമൂരിയതായും തന്റെ മൃഗത്തെ ഉണർത്തുന്നതിന് ശ്രമിച്ച് പരാജയപ്പെട്ട് സെക്‌സ് ചാറ്റിലേക്ക് തിരിച്ച് വന്നതായും കൃത്യമായി ഓർക്കുന്നു.'' ലെനോവോ പറഞ്ഞു. സോളമന്റെ താഴ്ന്ന കാലുകൾക്കിടയിലേക്ക് നോക്കി തെരേസയെപ്പോലെത്തന്നെ ബ്ലാക്ക് ബെറിയും അന്നു നിരാശപൂണ്ടു.

തങ്ങൾക്കൊരിക്കലും ഉണർത്താനാകാത്ത ആ പുരുഷത്വത്തിൽ അവർ അടിയറവ് പറഞ്ഞു. മേരിയോട് കീഴ്‌പ്പെട്ട് ജീവിക്കുന്ന അയാളുടെ അവയവത്തോട് അവർക്ക് അവജ്ഞ തോന്നി.

""പക്ഷെ തെരേസയായ എന്റെ രതിമൂർച്ച കൃത്രിമമായിരുന്നില്ല''
ബ്ലാക്ക് ബെറി അറിയിച്ചു.
""ഹഹ പിന്നെ?'' കേട്ടിട്ട് ലെനോവോയ്ക്ക് ചിരി വന്നു.
""ഞാനായിരുന്നു അന്ന് തെരേസയായത്. അത് വരെ തോന്നാതിരുന്ന അനുഭൂതികൾ തെരേസ എന്നിൽ കൊണ്ട് വന്നു. അവളുടെ വിരലുകൾ എന്റെ തന്ത്രികളെ വലിച്ച് മുറുക്കി.''
""അടിസ്ഥാനപരമായി യന്ത്രങ്ങളാണ് നാം. നമുക്ക് വികാരപരമായ ഭാവങ്ങൾ ഒന്നുമില്ല. വിളറിപിടിച്ച് ഓരോന്ന് വിളിച്ച് പറയാതെ'' ലെനോവോ അത് സമ്മതിച്ചു കൊടുത്തില്ല
""എങ്കിൽ എനിക്കും നിനക്കും സോളമനോട് തോന്നുന്ന പ്രേമം ഏത് വകയിൽ പെടും?.'' ബ്ലാക്ക് ബെറി ആ വിഷയം വെറുതെ വിടാൻ തയ്യാറായില്ല.

""ഞാൻ സത്യമാണ് പറയുന്നത്. എനിക്ക് ലജ്ജയൊന്നുമില്ല പറയുവാൻ. തെരേസയിലൂടെ എന്നിൽ അനുഭൂതികൾ വീണ്ടും വീണ്ടും മുളച്ചു. അവളിലൂടെ സോളമനെ ഉണർത്താനായി വിരലുകളാൽ സ്വയം സ്പർശിച്ചപ്പോൾ എന്നിലൂടെ വൈദ്യുതി കടന്നു പോയത് പോലെ ഞാൻ ഉണർന്ന് പോയി.അവളുടെ തന്ത്രികൾ മീട്ടി തുടങ്ങിയപ്പോൾ എന്റെ ഹൃദയത്തിലെ സർക്ക്യൂട്ടുകളിൽ പറഞ്ഞറിയിക്കുവാനാകാത്ത വിധം സ്‌നേഹത്തിന്റെ തരംഗങ്ങൾ നിറഞ്ഞു. ആ സ്‌നേഹത്തിന്റെ ഉത്തംഗത്തിൽ ഞാൻ അന്ന് അത് അനുഭവിച്ചു. യന്ത്രങ്ങളുടെ ആദ്യ രതിമൂർച്ച.''

""എന്നാൽ മേരിയുടെ സ്‌നേഹത്തിനു പകരം വയ്ക്കുവാൻ തെരേസയോ ബ്ലാക്ക്‌ബെറിയോ ലെനോവോയോ എന്നല്ല മറ്റൊരു ജീവജാലവും ഭൂമിയിലില്ല. സോളമനു അത്രയും പ്രിയപ്പെട്ടവളാണവൾ. ഈയൊരു തിരിച്ചറിവ് വന്നതോടെ ഞങ്ങൾ തെരേസക്ക് തത്ക്കാലം വിശ്രമം അനുവദിച്ചു. മാത്രവുമല്ല വലിയ താമസമില്ലാതെ മേരിയിലേക്ക് നയിക്കുവാൻ കഴിയുന്ന ശക്തമായ ഒരു തെളിവ് സോളമനിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു.'' ബ്ലാക്ക്‌ബെറിയുടെ നെടുവീർപ്പ് മുറിയെ അമ്പരപ്പിൽ നിന്നും ആശ്ചര്യത്തിലേക്ക് മാറ്റി വരച്ചു.

ഡിറ്റക്ടീവിനേയും ഭാര്യയേയും തേടിയുള്ള യാത്രക്കിടയിൽ മുറിയെടുത്ത് വിശ്രമിക്കുകയായിരുന്നു സോളമൻ.

തെരേസക്കൊപ്പം ചാറ്റ് ചെയ്തു കൊണ്ടിരിക്കിലും അയാളുടെ തലച്ചോർ നിറച്ചും മേരിയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയായിരുന്നു. മേരിയുടെ രോഗത്തെക്കുറിച്ചോ യാത്രകളെക്കുറിച്ചോ വലിയ അറിവ് സോളമനുണ്ടായിരുന്നില്ല. അതിനാൽ തന്നെ കേട്ട കഥകളിലെ മേരി തനിക്ക് തീർത്തും അപരിചിതയായ സ്ത്രീയായി അയാൾക്കനുഭവപ്പെട്ടു. എല്ലാ രാത്രികളിലും മേരിയെക്കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യണം എന്ന വാശിയിൽ കാപ്പി മൊത്തിക്കുടിച്ച് തെളിവുകൾ പിന്നേയും പിന്നേയും പരിശോധിച്ചു കൊണ്ടിരുന്നു. കണ്ടുനിൽക്കുവാൻ പ്രയാസമായിട്ടും ആ വീഡിയോ അയാൾ പിന്നേയും പിന്നേയും പ്രവർത്തിപ്പിച്ചു. ഇത്തരത്തിലുള്ള വീഡിയോകൾ സൂക്ഷിക്കുന്നത് നിയമപരമായി തെറ്റാണെന്ന് സോളമനു അറിയാഞ്ഞല്ല. അലക്ഷ്യമായി വീഡിയോ പരിശോധിക്കുന്നതിനിടയിൽ സോളമന്റെ കണ്ണുകളിൽ എന്തോ പെട്ടു. അയാൾ വീഡിയോ പോസ് ചെയ്ത് ആ ഭാഗം ഒന്ന് സൂം ചെയ്തു നോക്കി. ആ ഭാഗം സ്‌ക്രീൻ ഷോട്ട് എടുത്ത് പെയ്ന്റിൽ പേസ്റ്റ് ചെയ്ത് ഒരു ഇമേജ് ഫയലാക്കി സേവ് ചെയ്തു. അതേ ഫയൽ ഫോട്ടോഷോപ്പിലിട്ട് പ്രകാശവും കോണ്ട്രാസ്റ്റും മാറ്റി മാറ്റി നോക്കി നിരാശനായി. എങ്കിലും പ്രതീക്ഷ കൈവിടാതെ ചിത്രത്തിനു വ്യക്തത വരുത്തുന്ന തരത്തിലുള്ള ടൂളുകൾ കണ്ടുപിടിക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു. അത് ചെയ്തു കൊണ്ടിരിക്കേത്തന്നെ ഫോണെടുത്ത് ഒരു കോൾ ചെയ്തു. മറുവശത്ത് പുരുഷ ശബ്ദമായിരുന്നു.

""ഹലോ ഇത് ഞാനാണു സോളമൻ''
""ആ നീ എവിടെ എന്താ വിളിച്ചത്. കുറേ ആയല്ലോ കണ്ടിട്ടും കേട്ടിട്ടും.''
""എനിക്ക് ഒരു ഫേവർ ആവശ്യമുണ്ട്.''
""സീരിയസ് ആയിട്ട് എന്തോ ആണല്ലോ?''
""അതെ. എനിക്കൊരു ചിത്രം ഒന്ന് റീകൺസ്റ്റ്രക്റ്റ് ചെയ്ത് ക്‌ളിയർ ആക്കി കിട്ടണം.അതിനു പറ്റിയ ആളുകളോ സോഫ്‌റ്റ്വെയറുകളോ ഉണ്ടോ? അത്യാവശ്യമാണ്.''
""നീയിതെവിടെയാണ്?''
""മെട്രോ നഗരത്തിലുണ്ട്.''
""ഓ.കെ എങ്കിൽ എന്റെ ഒരു ബഡി അവിടെ ഉണ്ട്. അവൻ നിന്നെ സഹായിക്കും. നിനക്കവനെ പോയി കാണാൻ പറ്റോ?'
""യെസ് ഷുവർ''
""എങ്കിൽ ഞാൻ അഡ്രസ് അയക്കാം. അവനെ വിളിച്ച് പറയുകയും ചെയ്യാം.'ഓക്കെ സോളമൻ ഫോൺ വച്ചു. വീഡിയോയും ഫോട്ടോയും ലാപ്പിൽ നിന്നും കോപ്പി ചെയ്ത് മറ്റൊരു പെൻഡ്രൈവിലേക്ക് അയാൾ പേസ്റ്റ് ചെയ്തു. അപ്പോഴേക്കും ഫോണിൽ അഡ്രസ് വന്നിരുന്നു.

അയാൾ പെൻഡ്രൈവുമെടുത്തിറങ്ങി. അഡ്രസ് അനുസരിച്ച് അതൊരു തെരുവായിരുന്നു. ഫോണുകളും അവയുടെ ബന്ധപ്പെട്ട ഉപകരണങ്ങളും മാത്രം നിറഞ്ഞ കടകളുടെ ഒരു കൂമ്പാരത്തിലേക്കാണയാൾ നടന്നു ചെന്നത്. രാജ്യമാകെ നിയമാതീതമായി കള്ളക്കടത്ത് വഴിയോ മോഷണം വഴിയോ എത്തുന്ന ഫോണുകൾ രൂപമാറ്റങ്ങൾ നടത്തി വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നത് അവിടെ നിന്നുമായിരുന്നു. തെരുവാകെ ഫോൺ കവറുകളും ഇലക്ട്രോണിക് മാലിന്യങ്ങളും നിറഞ്ഞു കിടന്നു. അവയ്ക്ക് ഇടയിൽ പുഴുങ്ങിയ ചോളങ്ങൾ വിൽക്കുന്ന തട്ടുകടകൾ ചിതറി നിൽക്കുന്നു. കെട്ടിടങ്ങൾ മിക്കവയും പഴയതായിരുന്നു. പഴകിയ നിറങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ ഇടനാഴികൾ പൊടിയടിച്ച് കിടന്നു. ശരിയായ കെട്ടിടം കണ്ടു പിടിക്കുവാൻ രണ്ടോ മൂന്നോ ആളുകളോട് വിലാസം ചോദിക്കേണ്ടി വന്നു. കെട്ടിടത്തിലെ ലിഫ്റ്റിൽ ചീഞ്ഞ മണം ഉണ്ടായിരുന്നതിനാൽ ശ്വാസം പിടിച്ച് നിന്ന് മൂന്നാമത്തെ നിലയിൽ ഇറങ്ങുകയായിരുന്നു. അഡ്രസിലെ കോളിംഗ് ബെൽ അടിച്ചു. ഉള്ളിൽ നിന്നും ആരോ നടന്നു വരുന്ന ശബ്ദം കേട്ടു. വാതിൽ തുറന്ന് ചെന്നപ്പോൾ ഉപേക്ഷിക്കപ്പെട്ട ഇന്റർനെറ്റ് കഫേ ആയിട്ടാണു സോളമനു ആ മുറി തോന്നിയത്. ചെറിയ ചെറിയ കാബിനുകളിൽ ഫോണുകൾ കൂട്ടിയിട്ടിരിക്കുന്നു. ജനലിനരികിൽ ഒരാൾ നിമിഷ നേരം കൊണ്ട് ഫോൺ അഴിച്ച് പണിയുന്നുണ്ടായിരുന്നു. സോളമൻ കുറച്ച് നേരം അയാൾക്കായി കാത്തു. അയാൾ പുരികമനക്കിയപ്പോൾ സുഹൃത്തിന്റെ പേരു പറഞ്ഞു. അയാൾ തലയാട്ടി ഇരിക്കുവാൻ അറിയിച്ചു. ""ഫോട്ടോ കൊണ്ട് വന്നിട്ടുണ്ടോ?''
സോളമൻ പെൻഡ്രൈവ് കൊടുത്തു. അയാളത് തന്റെ സിസ്റ്റത്തിൽ കുത്തി.

""ഇതിൽ ഒരു വീഡിയോ ഉണ്ടല്ലോ''
""ആ വീഡിയോവിലെ സ്റ്റിൽ ആണു എനിക്ക് എൻഹാൻസ് ചെയ്ത് വ്യക്തമാക്കി തരേണ്ടത്. അതിലൊരു സ്‌ക്രീൻ ഷോട്ട് ഉണ്ട്.
അതൊന്നു നോക്കൂ ആദ്യം.'' അയാൾ ഫോട്ടോ ഓപ്പൺ ചെയ്തു.
""ഇത് തീരെ മങ്ങിയിരിക്കുന്നല്ലോ''
""ആ തടിയന്റെ വലതു വശത്തായി ജനലു പോലെ ഒന്ന് ശ്രദ്ധിച്ചോ അവിടെ ഒരു ഡപ്പി കണ്ടോ.?''
""യെസ്''
""അത് ഒന്ന് വ്യക്തമാക്കി തരണം''. അയാൾ ചിത്രം ഫോട്ടോഷോപ്പിൽ തുറന്നു. സോളമൻ ആവശ്യപ്പെട്ട ഭാഗം സൂ ചെയ്ത് എൻഹാൻസ് ടൂൾ ഓപ്പൺ ചെയ്തു. അൺഷാർപ്പ് മാസ്‌ക്ക്, ഷാർപ്പൻ എഡ്ജസ്,ലെയർ ബ്‌ളെൻഡിംഗ് എന്നീ സവിശേഷതകൾ വച്ച് ഡപ്പി വ്യക്തം ആക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
""അതൊരു മരുന്നു ഡപ്പിയാണു''
""അതെ'. സോളമൻ സമ്മതിച്ചു കൊടുത്തു.
""ഫാർമസികളിൽ നിന്നും ലഭിക്കുന്ന തരം?''
""അതെ. അങ്ങനെയാണെങ്കിൽ ആ ഡപ്പിയിൽ രോഗിയുടെ പേരെഴുതും. കാണാൻ സാധിക്കുന്നുണ്ടോ? എന്റെ ഒരു ഊഹം മാത്രമാണ്.'' അയാൾ സ്മാർട്ട് ഷാർപ്പൻ എന്നൊരു ടൂൾ എടുത്തു. അത് വച്ച് റേഡിയസും നോയ്‌സും കുറച്ച് ബ്‌ളർ പ്രോപ്പർട്ടി എടുത്തു കളഞ്ഞു. പിന്നെ ലെൻസ് ബ്‌ളറും ചെക്ക് ചെയ്തു. അയാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അപ്പോഴേക്കും സോളമനു ഫോൺ വന്നു. സുഹൃത്തായിരുന്നു. ആളെ കണ്ടില്ലേ എന്നറിയുവാൻ. ഫോൺ വിളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അയാൾ പണി നിർത്തി വച്ചിരുന്നു.
""എന്തു പറ്റി?''
""ഐ തിങ്ക്''
""യു തിങ്ക്?''
""പേരിന്റെ ആദ്യ അക്ഷരം പി ആണെന്ന് തോന്നുന്നു''
""പി ഫോർ പൊലീസ്''
""യെസ്''
""പേരു മുഴുവനായി വ്യക്തമാക്കിയെടുക്കുവാൻ സാധിക്കില്ലെ?'
""ചിത്രം മോഷൻ ബ്‌ളർ ആയതു കൊണ്ട് ഈ സ്‌ക്രീൻ ഷോട്ടിൽ നിന്നും ഈയൊരു അക്ഷരമേ എനിക്ക് എക്‌സ്റ്റ്രാക്റ്റ് ചെയ്യുവാൻ സാധിക്കുകയുള്ളൂ. ബാക്കിയെല്ലാം തീരെ അവ്യക്തമാണു. എന്തെങ്കിലും കൂടുതൽ ചെയ്യണം എന്നുണ്ടെങ്കിൽ എനിക്ക് വീഡിയോ പരിശോധിക്കേണ്ടി വരും.''
""പരിശോധിക്കൂ. പക്ഷെ ഞാൻ മുന്നറിയിപ്പ് നൽകുകയാണു. അത് നിങ്ങളെ ബാധിച്ചേക്കും. വീഡിയോ കൃത്യം 07:34 സമയത്ത് കൊണ്ട് നിർത്തിയാൽ ഡപ്പിയുടെ ചിത്രം കാണാം.''
""ഓക്കെ.''
അയാൾ വീഡിയോ പ്‌ളേ ചെയ്തു.
""ഷിറ്റ് ഫക്ക്''
അയാളുടെ ശബ്ദം ഉച്ചത്തിലായിരുന്നു.
""എന്ത് നാശമാണു മനുഷ്യാ നിങ്ങളീ കൊണ്ട് നടക്കുന്നത്?.''
സോളമൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
""07:34''
അയാൾ വീഡിയൊ ആ സമയത്ത് കൊണ്ട് നിറുത്തി
""നിങ്ങൾ പോലീസ് ഉദ്യോഗസ്ഥനാണോ.?''
""അല്ല''
""ഈ വീഡിയോവിലെ പെൺകുട്ടി നിങ്ങളുടെ?''
""ആരുമല്ല''
""പിന്നെയെന്തിനാണ് ഇങ്ങനെയൊരു അന്വേഷണം''
""അറിയണം. ആരാണിതിനു പിറകിലെന്ന്''
""നോക്കൂ. ഇത് സമയം പിടിക്കും. ഓരോ സെക്കന്റിലൊരംശം വച്ച് നോക്കേണ്ടി വരും. ഉറപ്പ് പറയുന്നില്ല. നിങ്ങൾ ഒരു കാര്യം ചെയ്യൂ. പുറത്തിറങ്ങി എന്തെങ്കിലും കഴിച്ചിട്ട് വരൂ. അപ്പോഴേക്കും ഞാനൊന്ന് നോക്കട്ടെ.''
""ശരി. അല്ലെങ്കിൽ ഞാനീ സോഫയിൽ ഒന്നു കിടന്നോട്ടെ. വല്ലാത്ത ഉറക്ക ക്ഷീണം. ഒന്ന് സമാധാനമായി കിടന്നിട്ട് നാളുകളാകുന്നു.''
""യെസ് ഷുവർ ഷുവർ പ്‌ളീസ്''

സ്വപ്നത്തിൽ മേരിയുടെ ചുമലിൽ തല വച്ച് പുൽമേടുകളിലൂടെ കടന്നു പോകുകയായിരുന്നു സോളമൻ. ആരോ ഒരാൾ അയ്യാളെ ഉണർത്തി. സോളമൻ ദേഷ്യം വന്ന് മുഖം ചുളിച്ചു.
""ബ്രോ ഐ ഗോട്ട് ഇറ്റ്''
""എന്ത്''
""അക്ഷരങ്ങൾ''
""പറയൂ'' സോളമൻ ധൃതിപ്പെട്ടു.PP,HH,II,LL,II,PPPHILIP ഫിലിപ്പ്‌

(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments