മേരി സോളമനെ കണ്ടുമുട്ടിയപ്പോഴുള്ള ഓർമ്മയാണ് ഞാൻ. പക്ഷെ തീർത്തും മേരിയുടെ അസുഖത്തിനു ഉദാഹരണവുമാണ് ഞാൻ. അയഥാർത്ഥമായ ഏതാനും സംഭവങ്ങളാണ് എനിക്ക് വിവരിക്കുവാനുള്ളത്. ഇതേ വിവരണങ്ങളിലൂടെ അല്ലെങ്കിലും ബന്ധപ്പെട്ട സാഹചര്യങ്ങളിലൂടെ സോളമനും ഒരു പക്ഷേ കടന്നു പോയിരിക്കാം ഇല്ലായിരിക്കാം. മേരിയുടെ അസുഖത്തിന്റെ മൂർദ്ധന്യത സോളമനു മനസിലാകുന്നതിനു കൂടിയാണ് ഞാനിപ്പോൾ വിശദീകരിക്കുവാൻ നിൽക്കുന്നത്. തികച്ചും അവാസ്തവികമായ സംഭവപരമ്പരകൾക്ക് നിങ്ങൾ കാതോർക്കുവാൻ പോകുകയാണ്.
സോളമൻ തലകുലുക്കി അനുവാദം നൽകി. ഓർമ്മ കഥ പറച്ചിൽ തുടങ്ങി. സോളമനെ കണ്ടുമുട്ടുന്നതിനു മുൻപ് അയാളുടെ നഗരത്തിലെത്തിയ മേരി യാതൊരു കാരണവുമില്ലാത്ത വിഷാദത്തിനു അടിമപ്പെട്ടുകൊണ്ട് ദിനങ്ങൾ തള്ളി നീക്കുകയായിരുന്നു. ഈ നഗരത്തിനു താനൊരു ബാധ്യതയെന്ന മട്ടിൽ മേരി ജീവിതം തുടർന്നപ്പോൾ അതേ സാധാരണമായ ജീവിതം അവളെ വിഷാദരോഗത്തിലേക്ക് തള്ളി വിട്ടു. ടാറ്റൂ ചെയ്ത് പാടുകൾ മറച്ച കൈത്തണ്ടയിൽ ദിനേനയെന്നോണം പുതിയ വരകൾ തെളിഞ്ഞുവന്നു. മേരി ജീവിതം അവസാനിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുവാൻ തുടങ്ങുകയായിരുന്നു.
ഉയരം കുട്ടിക്കാലം മുതൽക്കേ മേരിയെ വിറപ്പിക്കുകയും അതേസമയം കൊതിപ്പിക്കുകയും ചെയ്തു. നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ നിന്നും ചിറകു വിടർത്തുവാൻ അവളെപ്പോഴും തയ്യാറായിരുന്നു. പറന്നു പോകുന്ന കിളികളെ നോക്കിയപ്പോൾ സ്‌കൂളിൽ പഠിക്കുന്ന സമയം ഉയരം കൂടിയ ഡെസ്‌ക്കിൽ നിന്നും മറിഞ്ഞു വീണത് ഓർത്തു. താഴെ വന്നു പതിക്കും വരെ വായുവിൽ ഒഴുകിയ അനുഭൂതിയെ ഓർത്തു നോക്കി. വീഴ്ച്ചയും പറക്കലും തമ്മിൽ മുൻകൂട്ടി തീരുമാനിച്ച, മാറ്റുവാനാകാത്ത ഒരു അവസാന ഇടത്തിന്റെ വ്യത്യാസം മാത്രമേയുള്ളൂ. കൃത്യമായി നിലത്തിറങ്ങുവാൻ സാധിക്കുന്ന പ്രവർത്തിയാണ് പറവകളേയും മനുഷ്യരേയും വേർത്തിരിക്കുന്നത്. ജീവിതത്തിലും ക്രാഷ് ലാൻഡിംഗ് ഭയന്ന് പറക്കുവാൻ മടിക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. എന്നാൽ മേരി പറക്കുവാൻ തീരുമാനിച്ചു. അതിനായി നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം അവൾ തിരഞ്ഞെടുത്തു. ഏറ്റവും ആദ്യത്തെ നിലയിൽ നിന്നും കുതിക്കുമ്പോൾ ഓർക്കേണ്ട കാര്യങ്ങളും അവസാന നിലയിലെത്തുമ്പോൾ കണ്ണുകളടക്കേണ്ട ആവശ്യവും തിട്ടപ്പെടുത്തി. അതിനിടയിലെ നിലകളിലൊന്നിൽ താൻ പക്ഷിയായി പറക്കുമെന്ന് ഉറപ്പിച്ചു. തനിക്ക് താണ്ടേണ്ട സമതലങ്ങൾ, പോകേണ്ട കാടുകൾ, കാലുകുത്തേണ്ട തടാകങ്ങൾ, മലർന്നു നീങ്ങേണ്ട ആകാശങ്ങൾ, വെള്ളം കുടിക്കേണ്ട ചിരട്ടകളിലെ ജലം, കൂടുകൾ പണിയേണ്ട മരങ്ങൾ, കൊക്കുരുമ്മേണ്ട ഇണക്കിളികൾ, മുട്ടയിട്ട് വിരിയിക്കേണ്ട കുഞ്ഞുങ്ങൾ, അവരുടെ ചുവന്നു പൊളിഞ്ഞ വായയിൽ ഇട്ട് കൊടുക്കേണ്ട തീറ്റ, ഉപേക്ഷിക്കുവാനുള്ള ബന്ധങ്ങൾ. ഈ രീതിയിൽ ആത്മഹത്യക്ക് ശ്രമിച്ച ഏകദേശം പതിനഞ്ചു ശതമാനത്തോളം ആളുകൾ കിടക്കയിലാണ് അവസാനിച്ചതെന്ന കണക്ക് അവളെ പിന്തിരിപ്പിച്ചു. മേരി ആർക്കും ഭാരമാകുന്നതിനു തയ്യാറായിരുന്നില്ല.
മേരി ഏറ്റവും ആഗ്രഹിച്ച മരണമായിരുന്നു ജലത്താലുള്ളത്. ജലത്തിനു മീതെ വിരിച്ച പരവതാനിയെപ്പോലെ ആമ്പൽ ഇലകൾക്കിടയിലുള്ള വള്ളികളിൽ കാലുടക്കി, ഉള്ളിൽ ജീവിക്കുന്ന ആരോ പോകരുത് ഇവിടെയെന്നെ തനിച്ചാക്കി പോകരുതെന്ന് കാലിൽ വീണു പറഞ്ഞപ്പോൾ അനുസരിക്കേണ്ടി വന്നതു പോലെ പായലുകൾ കഴിച്ച് ജലത്തിനുള്ളിൽ ജീവിക്കേണ്ടി വരുന്നത്. പൊങ്ങിക്കിടക്കുന്ന ശരീരത്തിൽ കൂടുവയ്ക്കുന്ന മീൻ കുഞ്ഞുങ്ങൾ, ചുണ്ടുകളിൽ ഉമ്മ വച്ചു കടിച്ചു വലിക്കും പരലുകൾ ശരീരത്തിലെ ദ്വാരങ്ങളിലേക്ക് കയറിപ്പോകുന്ന കല്ലാരലുകൾ. തന്നെ തിന്നു കൊണ്ടിരിക്കുമ്പോൾ അവർ പറഞ്ഞേക്കാവുന്ന എത്ര രുചിയുള്ള പെൺകുട്ടി, എന്തുകൊണ്ട് ഉണ്ടാക്കിയതാണാവോ? എന്നൊക്കെയുള്ള വാചകങ്ങൾ അവളെ രസിപ്പിച്ചു. തണുപ്പ് ജലത്തിന്റെ തണൽ. പുഴയുടെ ഒഴുക്കിൽ ആർക്കൊക്കെയോ തോണിയായി ഒഴുകി നടക്കുവാൻ പോകുന്ന തന്റെ ദേഹം. തട്ടിത്തടഞ്ഞു നിർത്തുവാൻ പോകുന്ന പുല്ലുകൾ മരക്കൊമ്പുകൾ, മുട്ടിയുരുമ്മാൻ പോകുന്ന നാളികേരങ്ങൾ പട്ടകൾ മരക്കഷ്ണങ്ങൾ, പട്ടിയുടെ ജഡം, പതകൾ, പാവകൾ, ഉണക്ക കമ്പുകൾ. കണ്ട് ഭയപ്പെടാൻ പോകുന്ന അലക്കുസ്ത്രീകൾ, നീന്തൽ വിദഗ്ധരായ കുട്ടികൾ. അവഗണിക്കുന്ന അനുഭവജഞാനമുള്ള വൃദ്ധർ. അടുത്ത പോലീസ് സ്റ്റേഷൻ അതിർത്തിയിലേക്ക് തള്ളി വിട്ടേക്കാവുന്ന പോലീസുകാരൻ. എന്ത് കൊണ്ടും പുഴയിലെ മരണം കുളത്തിലെ മരണത്തേക്കാൾ ചലനാത്മകം തന്നെ. ജലത്തിന്റെ തണുപ്പിൽ ശ്വാസം കിട്ടാതെ പിടയുവാൻ അവൾ തീരുമാനിച്ചു. എന്നാൽ ഈ ഉപായങ്ങളെയെല്ലാം മറികടന്ന് മരിക്കുന്നതിനുള്ള അവസരം മേരിയെ തിരഞ്ഞു വന്നു.
ആത്മഹത്യാചിന്തകളുമായി ഒരു പുസ്തകശാലയിൽ ജോലി ചെയ്തു വരികയായിരുന്നു മേരി. അതിനിടെ പുസ്തകങ്ങൾ എടുത്തു മാറ്റുമ്പോഴുണ്ടാകുന്ന വിടവുകളിലൂടെ ഒരാൾ തന്നെ പിന്തുടരുന്നത് മേരി ശ്രദ്ധിച്ചു. ചോദ്യ ചിഹ്നം പോലെ മേരിയുടെ പുരികം വളഞ്ഞു.
""ആരാണ്?''
""കാഫ്ക'' അയാളുടെ കഥാപുസ്തകങ്ങൾ മേരി തുറന്നു നോക്കി മണം പിടിച്ചിട്ടുണ്ടായിരുന്നു. പേരു പറഞ്ഞപ്പോഴേ ആ മണം അവളെ വലയം ചെയ്തു.
""എന്തിനാണിങ്ങനെയെന്നെ തുറിച്ച് നോക്കുന്നത്?''
""ഞാൻ വന്നിട്ടുള്ളത് നിങ്ങളെ ക്ഷണിക്കുവാനാണ്''
""എങ്ങോട്ട്?''
""മരണത്തിലേക്ക്''
ഭാവഭേദങ്ങളില്ലാതെ ഇരുവരും രണ്ടു നിമിഷത്തോളം പരസ്പരം നോക്കി നിന്നു. കടയടക്കുന്നതു വരെ കാഫ്ക പല പുസ്തകങ്ങൾ വായിച്ച് മേരിക്കായി കാത്തിരുന്നു. മേരി ജോലി തീർന്ന് വീട്ടിലേക്കായി ഇറങ്ങിയപ്പോൾ അയാൾ കൂടെ വന്നു.
എഴുതുവാനാകാതെ ഉഴറുകയായിരുന്ന, ചില ഭാവങ്ങളിൽ കണ്ണുകൾക്ക് സമീപം മാത്രം ചുളിവുകളുള്ള, അൻപതിനോടടുത്ത് പ്രായം തോന്നിക്കുന്ന അയാൾ മേരിയുടെ മരണം തന്റെ രചനാശൂന്യത മാറ്റുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. കൊലപാതക പരമ്പരയിലെ അവസാന കണ്ണിയായ മേരിയെ തീർത്തു കളയുന്നതിലൂടെ തന്റെ നിയോഗം അവസാനിക്കുമെന്നും നഷ്ടപ്പെട്ടു പോയ സമാധാനം തിരികെ ലഭിക്കുക വഴി ഉറങ്ങുവാൻ കഴിയാതിരുന്ന രാത്രികളെ ഒരൊറ്റ ഉറക്കം കൊണ്ട് കീഴടക്കാമെന്നും അയാൾ വ്യാമോഹിച്ചു. അയാളുടെ ഉറക്കത്തിന്റെ കുതിരകൾ കൂടൊന്ന് തുറന്നു കിട്ടുവാനായി അക്ഷമരായി കാലുകൾ കുടഞ്ഞ് ചിനച്ച് കാത്തു കിടന്നു. കാഫ്കയുടെ ആവശ്യം വീട്ടിലേക്കുള്ള പടികൾ കയറുന്നതിനിടയ്ക്ക് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മേരി അംഗീകരിച്ചു. വ്യവസ്ഥ പ്രകാരം കൊലപാതകത്തിനായി ഒഴിവ് ദിവസമായ ഞായറാഴ്ച മേരി തിരഞ്ഞെടുത്തു. കൊലപാതകം നടത്തേണ്ട ഇടമായ കാഫ്കയുടെ മുറിയിലേക്ക് അന്നേ ദിവസം വന്നു കൊള്ളാമെന്ന് മേരി ഉറപ്പ് നൽകി. കാഫ്ക സമ്മതം മൂളി കാത്തിരുന്നു.
ഭൂമിയിലെ തന്റെ അവസാന ദിവസത്തിലേക്കുണർന്ന് മേരി ഒരു കുറ്റബോധവും കൂടാതെ കാഫ്കയുടെ മുറി തേടി യാത്രയായി. ഒരു പോലുള്ള പല വഴികൾ കടന്ന് കോണിപ്പടികൾ കയറി വാതിലിൽ മുട്ടിയപ്പോൾ ഉള്ളിൽ പക്ഷികളുടെ ചിറകടിയൊച്ചകൾ കേട്ടു. വാതിൽമുട്ട് കേൾക്കും വരെ കാഫ്ക ഒരു സ്വപ്നത്തിൽ, ആർത്തിപൂണ്ട് അക്ഷരങ്ങൾ വാരി വിതറി ഒരു കഥ എഴുതിക്കൂട്ടുകയായിരുന്നു. മുട്ടു കേട്ടുണർന്ന് അയാൾ സ്വപ്നത്തിൽ എഴുതിക്കൊണ്ടിരുന്ന കഥയുടെ അക്ഷരങ്ങൾ പെറുക്കി കൂട്ടുവാനൊരു വിഫല ശ്രമം നടത്തി. പരാജയപ്പെട്ട് വാതിൽ തുറന്ന് മേരിയെ അകത്തേക്ക് ക്ഷണിച്ചു. വലിയ വൃത്തിക്കാരനാണെങ്കിലും ഒരു ഭാഗത്ത് കുന്നു കൂട്ടിയിരിക്കുന്ന ചുളുങ്ങിയതും ഉരുട്ടി ഉണ്ടയാക്കിയതും പിച്ചി ചീന്തിയതുമായ കടലാസുകൾ അയാളിലെ സമചിത്തതയില്ലായ്മയെ സൂചിപ്പിച്ചു. അവിടെ പൊടിയുടെ ഒരു ലക്ഷണവും ഇല്ലായിരുന്നു. അയാൾ അവളോട് സോഫയിലോട്ട് ഇരിക്കുവാൻ ചൂണ്ടിക്കാട്ടി മുറിയുടെ മറ്റൊരു മൂലയിൽ വച്ചിരുന്ന ഇലക്ട്രിക് സ്റ്റൗവിൽ കാപ്പി വയ്ക്കുവാൻ തുടങ്ങി. മുറിയാകെ കണ്ണോടിച്ചു കൊണ്ട് ജനലുകൾക്കു സമീപമായി ഇട്ടിരുന്ന മേശമേലുള്ള ടൈപ്പ് റൈറ്ററിനെ ലാക്കാക്കി മേരി നീങ്ങിയപ്പോൾ കടലാസു കൂനയുടെ ഉത്ഭവം ഊഹിക്കുവാൻ സാധിച്ചു. ടൈപ്പ് റൈറ്ററിനു സമീപം ഒഴിഞ്ഞ താളുകളുമായി കടലാസുകൾ അക്ഷരങ്ങൾക്കായി കാത്തു കിടന്നിരുന്നു. ഏതേതു മരങ്ങളായി ജീവിച്ചവർ അവരെന്ന് മേരിക്ക് ചോദിക്കുവാൻ തോന്നിയില്ല. അയാൾ പല പല രാത്രികളിലിരുന്ന് പ്രവർത്തിപ്പിച്ച ആ യന്ത്രത്തിന്റെ ശബ്ദം അവിടമാകെ നിറഞ്ഞു നിന്നിരിക്കാം. മേരി അതിലൊരക്ഷരത്തിൽ ഞെക്കി. ആ ടക് എന്ന ശബ്ദത്തിന്റെ പ്രതിധ്വനി പലവട്ടം അവളെ വന്നു തൊട്ടു. കാഫ്ക കാപ്പിയിട്ട് കൊണ്ടു വന്നു. മേരിക്കത് കടുപ്പം കൂടുതലായിരുന്നു.
""ഈ മുറിക്ക് വലിയ വാടക കൊടുക്കുന്നുണ്ടാകുമല്ലോ?''
""ഇല്ല. ഇത് പ്രേതബാധയുള്ള മുറിയാണ്''
""ആരെങ്കിലും ആത്മഹത്യ ചെയ്തതായിരിക്കും.''
""അറിയില്ല''
ചോദ്യങ്ങളിൽ നിന്നും കാഫ്ക ഒഴിഞ്ഞു മാറുകയാണെന്ന് മനസിലാക്കിയതോടെ മേരി ശ്രദ്ധ കാപ്പിയിലേക്ക് തിരിച്ചു. ഒരു ചെറിയ കവിൾ വിഴുങ്ങി മേരി അയാളുടെ കഥ ചോദിച്ചു. കാഫ്ക കേൾക്കാൻ കാത്തു നിൽക്കുകയായിരുന്നു. അയാൾ സ്വയം ഉള്ളിലേക്കൊന്നു ചാഞ്ഞു.
""വർഷങ്ങളായി ഒരു കഥ എഴുതിയിട്ട്. വർഷങ്ങളായി ഒരേ കഥ തന്നെയാണ് എഴുതുന്നതും. എല്ലാ ദിവസവും ആ കഥ എഴുതി നോക്കും. പരാജയപ്പെടും. മാറ്റിയെഴുതും. വീണ്ടും ശ്രമിക്കും. എന്നാൽ ഫോട്ടോഗ്രാഫിലെ ചിരിച്ച മുഖങ്ങൾക്കുള്ളിലെ മനഃസംഘർഷങ്ങൾ എടുത്തു കാണിക്കാൻ കഴിയാത്തതു പോലെ കഥാപാത്രങ്ങളിൽ വികാരവകഭേദങ്ങൾ നിറക്കുവാനാകാതെ പൊള്ളയായ ജീവിതത്തെ കഥക്കുള്ളിൽ നിർമ്മിച്ച്, തോറ്റു തോറ്റു തൊപ്പിയിട്ടു. നാളുകൾ കഴിഞ്ഞ് മറ്റൊന്നും എഴുതുവാനാകാതെ വന്നപ്പോൾ പരാജയകാരണം തിരക്കി കഥയുടെ പിറകേ ഞാനലഞ്ഞു. പറഞ്ഞു കേട്ട കഥാപാത്രങ്ങളെ നേരിൽ കണ്ടു. അവരുമായി സംസാരിച്ച് ഉള്ളറിഞ്ഞു. അവർ അനുഭവിച്ച യാതനകളുടെ ആ കഥ അപ്പോഴേക്കും എന്നെ സ്വാധീനിച്ചിരുന്നു. അവർ അനുഭവിച്ച വിഷമതകളിലൂടേയും സംഘർഷങ്ങളിലൂടേയും ഒറ്റക്ക് കടന്നു പോയപ്പോൾ കഥയിലെ ഇരകൾക്ക് നീതി ലഭിക്കണമെന്ന് എനിക്ക് തോന്നി. അതിനായി കഥയിലെ വേട്ടക്കാരെ ഞാൻ തിരഞ്ഞു പിടിച്ചു. ആദ്യത്തെ കൊലപാതകം കഥയുടെ ആദ്യ രണ്ട് ഖണ്ഡങ്ങളെഴുതുവാൻ പ്രചോദനമായി. ഓരോ കൊലപാതകവും കഥ മുന്നോട്ട് നീക്കുവാനുള്ള തുടർഭാഗങ്ങളെഴുതുവാനുള്ള ഊർജ്ജം എനിക്ക് നൽകി. നിങ്ങളാണ് എന്റെ അവസാനത്തെ ഇര. ഈ മരണത്തോടെ ലക്ഷണമൊത്തൊരു കഥ എനിക്ക് ലഭിക്കും'' കാഫ്ക ഒറ്റശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ചു.
""കൊല നടത്തിയതിനു ശേഷം അവരുടെ മരണാനന്തരചടങ്ങുകൾ നിങ്ങൾ നിർവ്വഹിക്കാറുണ്ടായിരുന്നുവോ?''
""ആളൊഴിഞ്ഞ വയലുകളിൽ കുഴിയെടുത്ത് മൂടുകയോ പാലത്തിനു മുകളിൽ നിന്നും നദിയിലേക്ക് തള്ളുകയോ ഭൂമിയുടെ മുനമ്പുകളിൽ നിന്നും കൊക്കകളിലേക്ക് തട്ടുകയോ ആണ് ചെയ്യുക പതിവ്''
""എന്നെ കൊലപ്പെടുത്തിയതിനു ശേഷം ദഹിപ്പിച്ചേക്കണം''
""ശരീരം കത്തുന്ന മണം ഇഷ്ടമല്ല. ഇലക്ട്രിക് ബാറ്റുകൾ വച്ച് പ്രാണികളെ പച്ചക്ക് കത്തിക്കുന്ന മണം വെറുപ്പാണെനിക്ക്''
മേരി കാപ്പി ഗ്ലാസ് മേശപ്പുറത്ത് തിരികെ വച്ചു.
മേരി എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് അടിവച്ചടിവച്ച് നീങ്ങി. ഹാളിൽ നിന്നും ബാത്ത് റൂമിലേക്ക് ഇരുപത്തിയേഴ് ചുവടുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ ചുവടിൽ മേരി ഇതുവരെയുള്ള തന്റെ സങ്കടങ്ങളെല്ലാം അഴിച്ചിട്ടു. രണ്ടാമത്തെ ചുവടിൽ വേദനകളെല്ലാം അഴിച്ചിട്ടു. മൂന്നാമത്തെ ചുവടിൽ ദുഃഖങ്ങളെല്ലാം അഴിച്ചിട്ടു. നാലാമത്തെ ചുവടിൽ നിരാശകളെല്ലാം അഴിച്ചിട്ടു. അഞ്ചാമത്തെ ചുവടിൽ അരക്ഷിതാവസ്ഥകളെല്ലാം അഴിച്ചിട്ടു. ആറാമത്തെ ചുവടിൽ ഭയങ്ങളെല്ലാം അഴിച്ചിട്ടു. ഏഴാമത്തെ ചുവടിൽ ഗൃഹാതുരതകളെല്ലാം അഴിച്ചിട്ടു. എട്ടാമത്തെ ചുവടിൽ വെറുപ്പുകളെല്ലാം അഴിച്ചിട്ടു. ഒൻപതാമത്തെ ചുവടിൽ കാമം അഴിച്ചിട്ടു. പത്താമത്തെ ചുവടിൽ കൊതികളെല്ലാം അഴിച്ചിട്ടു. പതിനൊന്നാമത്തെ ചുവടിൽ പരിഭ്രമങ്ങളെല്ലാം അഴിച്ചിട്ടു. പന്ത്രണ്ടാമത്തെ ചുവടിൽ തന്മയീഭാവങ്ങൾ മൂലമുള്ള നോവുകളെല്ലാം അഴിച്ചിട്ടു. പതിമൂന്നാമത്തെ ചുവടിൽ മുഷിവുകളെല്ലാം അഴിച്ചിട്ടു. പതിനാലാമത്തെ ചുവടിൽ ആശ്വാസങ്ങളെല്ലാം അഴിച്ചിട്ടു. പതിനഞ്ചാമത്തെ ചുവടിൽ വിദ്വേഷങ്ങളെല്ലാം അഴിച്ചിട്ടു. പതിനാറാമത്തെ ചുവടിൽ കുശുമ്പുകൾ അഴിച്ചിട്ടു. പതിനേഴാമത്തെ ചുവടിൽ അറപ്പുകളെല്ലാം അഴിച്ചിട്ടുപതിനെട്ടാമത്തെ ചുവടിൽ ഉത്കണ്ഠകളെല്ലാം അഴിച്ചിട്ടു. പത്തൊൻപതാമത്തെ ചുവടിൽ ഹർഷങ്ങളെല്ലാം അഴിച്ചിട്ടു. ഇരുപതാമത്തെ ചുവടിൽ ആശ്ചര്യങ്ങളെല്ലാം അഴിച്ചിട്ടു. ഇരുപത്തിയൊന്നാമത്തെ ചുവടിൽ സംതൃപ്തികളെല്ലാം അഴിച്ചിട്ടു. ഇരുപത്തിരണ്ടാമത്തെ ചുവടിൽ സൗന്ദര്യാത്മകതകളെല്ലാം അഴിച്ചിട്ടു. ഇരുപത്തിമൂന്നാമത്തെ ചുവടിൽ ആവേശങ്ങളെല്ലാം അഴിച്ചിട്ടു. ഇരുപത്തിനാലാം ചുവടിൽ ആനന്ദങ്ങളെല്ലാം അഴിച്ചിട്ടു. ഇരുപത്തിയഞ്ചാം ചുവടിൽ പ്രേമങ്ങളെല്ലാം അഴിച്ചിട്ടു. ഇരുപത്തിയാറാം ചുവടിൽ സ്‌നേഹങ്ങളെല്ലാം അഴിച്ചിട്ടു. ഇരുപത്തിയേഴാംചുവടിൽ ആലീസിനെ, അന്നമ്മേച്ചിയമ്മയെ, അപ്പാപ്പനെ, അപ്പനെ, ലില്ലിയെ, പൂച്ചക്കുട്ടിയെ എല്ലാമെല്ലാം അഴിച്ചിട്ടു. ബാത്ത് റൂമിൽ കയറി അവൾ കൈകളിൽ നിന്നും വാച്ച് ഊരി മാറ്റി. കഴുത്തിൽ ഉണ്ടായിരുന്ന ഒരു മാല, ഷൂ, മോതിരം, സോക്‌സ്, ഉടുപ്പ്, ടാറ്റൂകൾ, ബ്രാ, പാന്റീസ്, കാക്കപ്പുള്ളികൾ, മുറിപ്പാടുകൾ എല്ലാം ഒഴിഞ്ഞ് അവൾ നഗ്‌നയായി.
ബാത്ത് ടബ്ബിനെ മറച്ചു കൊണ്ട് ഒരു പ്ലാസ്റ്റിക് വിരി തുറന്നപ്പോൾ ആകാശത്ത് ഒഴുകി നടക്കും മേഘങ്ങൾ പോലെ ചെറിയ ചില പൂക്കൾ വെള്ളത്തിൽ പൊങ്ങിക്കിടന്നു. ഉയർന്ന് നിൽക്കുന്ന പുല്ലുകൾ വകഞ്ഞ് വഴിയിലേക്കിറങ്ങും പോലെ മേരി വെള്ളത്തെ സ്പർശിച്ചു കൊണ്ട് പതിയെ ആഴ്ന്നിറങ്ങി. ഇളക്കം തട്ടി പൂവുകൾ ഒരു മൂലയിലേക്ക് കൂടി. അകലെ നിന്നും വാതിലിന്റെ ഇടയിലൂടെ കാഫ്ക നോക്കി നിൽക്കുന്നുണ്ടായിരുന്നു. തല മാത്രം വെളിയിലാക്കി കൈകൾ രണ്ടും രണ്ട് വശത്തേക്ക് ആട്ടിയിട്ട് മേരി ഇത്തിരി നേരം കിടന്ന് വിശ്രമിച്ചു. അവളുടെ മുടിയിഴകൾ വെള്ളത്തിനടിയിൽ വിരിഞ്ഞു നിന്നു. ആമ്പൽ പോലെ മൊട്ട് മാത്രം വെളിയിലാക്കി മേരി കണ്ണുകളടച്ചു. തണുപ്പിന്റെ അപരിചിതത്വം മാറുന്നതിന് അവൾ മുഖമടക്കം കുളിത്തൊട്ടിയിൽ മുങ്ങി. പട്ടിന്റെ ഏറ്റവും നനുത്ത സുതാര്യ നൂലുകളാൽ നിർമ്മിച്ച പുടവ പോലെ അവൾ ജലത്തെ ധരിച്ചു. മുങ്ങി നിവർന്നപ്പോൾ ഒരു പൂവ് അവളുടെ വലതു കണ്ണിൽ പറ്റിപ്പിടിച്ചു. കഴുത്തു മാത്രം വെളിവാക്കി അവൾ മരണത്തെ കാത്തു കിടന്നപ്പോൾ പൂവ് താഴെ വീണു. അപ്പോൾ കുളിത്തൊട്ടിയിലേക്ക് തിരമാലകൾ വലിച്ച് കൊണ്ട് കടൽക്കാക്കൾ വന്നു. ഞണ്ട് അവളുടെ ദേഹത്തിലെ കുഴികളിലേക്കിറങ്ങി. ചുഴികളിൽ പെട്ട് മുലക്കണ്ണുകൾ കൂർത്തു. കൈകളിൽ നിന്നും മേരി ഉപ്പ് തരികൾ തട്ടിക്കളഞ്ഞു. ഇളകിയാടുന്ന കടൽപ്പുല്ലുകളിൽ ഒളിഞ്ഞു നിൽക്കും ജലജീവികൾ തലനീട്ടി. അവൾക്ക് മൂത്രമൊഴിക്കുവാൻ മുട്ടി. വലിയ സാഹസമില്ലാതെ ശബ്ദമില്ലാതെ തന്നെ അവളത് സാധിച്ചു. ഭൂമിയിലെ മനുഷ്യർ തള്ളിയ മാലിന്യങ്ങൾ കടലിന്റെ അടിവയറ്റിൽ അടങ്ങി. പല നിറങ്ങളിൽ മീനുകളുടെ സംഘങ്ങൾ ഉഷ്ണജലപ്രവാഹങ്ങളെ പോലെ സഞ്ചരിച്ചു. അവയെ ചുറ്റി വലിയ മീനുകൾ വായപിളർത്തി. കടലിന്റെ നീല നിറം ബാത്ത്ടബ്ബിന്റെ ജലത്തിലേക്ക് കലർന്നു.
മേരി പറഞ്ഞ പ്രകാരം കാഫ്ക ഒരുക്കിയിരുന്ന ഒരു ചില്ലുകഷ്ണം കുളിത്തൊട്ടിയുടെ ഒരറ്റത്തു നിന്നും മേരി എത്തിച്ച് കൈക്കലാക്കി. അതിൽ ശ്രദ്ധ പതിപ്പിക്കാതിരിക്കുവാൻ അവൾ പരമാവധി ശ്രമിച്ചു. പിന്നെ പതിയെ കണ്ണുകൾ അടച്ചു. വലതു കൈയ്യാൽ ചില്ലുകഷ്ണം മുറുക്കി പിടിച്ചു തുടങ്ങിയപ്പോൾ വേദനയുടെ ലഹരിയിൽ കിനിഞ്ഞ ഒരു തുള്ളി രക്തം ജലത്തിലേക്ക് ഉതിർന്നു. ജലഛായം പോലെ അത് കലർന്നു പിന്നെ കാണാതായി. ഇടത് കൈ ഉയർത്തി വച്ച് ചില്ലു കൊണ്ട് ആദ്യമൊന്ന് തൊട്ട് നോക്കി പിന്നെ ഒരൊറ്റ തള്ളിച്ചയിൽ ആഞ്ഞ് ഒന്നമർത്തി. കൈകളിലെ പ്രധാനപ്പെട്ട രണ്ട് ധമനികൾക്കരികിൽ മറഞ്ഞ് നിന്ന ഒരു ഞരമ്പ് വേർപ്പെട്ടു. അവൾക്ക് വേദനിച്ചു. എങ്കിലും ആ കൈ വെള്ളത്തിൽ മുക്കി വച്ച് ആശ്വസിച്ചു. അവൾക്ക് കരച്ചിൽ വന്നു. കണ്ണുനീർ ഒഴുകി. ശബ്ദമുണ്ടാക്കാതെ കരഞ്ഞു. ജലം പതിയെ നിറം മാറുന്നതിനൊരു ശ്രമം നടത്തി. അവൾക്ക് ക്ഷീണം അനുഭവപ്പെട്ടു. എന്തിനെന്ന് അറിയാഞ്ഞിട്ടു കൂടി അവൾ ഏങ്ങലടിച്ചു. അകലെ നിന്നും നോക്കി നിന്നിരുന്ന കാഫ്ക അവളുടെ മരണം കാണുവാനായി അടുത്തു വന്നു. അയാളുടെ മുഖം ദീപ്തമായിരുന്നു. കരഞ്ഞ് മഷി ഉണങ്ങിപ്പിടിച്ച കവിളുമായി മേരി കുളിത്തൊട്ടിയിൽ ചുവന്ന് കിടന്നു. മേരി തന്നിലുണ്ടായിരുന്ന അവസാനത്തെ ഊർജ്ജം കാഫ്ക്കയ്ക്കു മേൽ ചെലവാക്കുവാൻ തീരുമാനിച്ചു.
""നിങ്ങളൊരു അതിസമർത്ഥൻ തന്നെ കേട്ടോ''
""മനസിലായില്ല'' കാഫ്കയുടെ മുഖം നിർവികാരമായിപ്പോയിരുന്നു.
""സ്വന്തം വസ്ത്രങ്ങളിൽ ആവശ്യത്തിനനുസരിച്ച് പൂക്കളും മരങ്ങളും ചതുരങ്ങളും മാനുകളും തുന്നി അലങ്കാരപ്പണികൾ നടത്തുന്ന ചിത്രത്തുന്നലുകാരനാണ് താങ്കൾ. കുറ്റബോധമില്ലാതെ കൊലപാതകം നടത്തി ജീവിക്കുവാൻ നിങ്ങൾ കണ്ടുപിടിച്ചതാണീ കഥ. യഥാർത്ഥത്തിൽ അങ്ങനെയൊരു എസ്റ്റേറ്റോ ജാഥയോ ആളുകളോ ഭൂമിയിൽ ഉണ്ടായിട്ടില്ല. ഹിംസ നിങ്ങളുടെ ജന്മവാസനയാണ്. അതിനായി കൈകൾ തരിക്കുമ്പോഴൊക്കെ നിങ്ങളീ കഥയിൽ കഥാപാത്രങ്ങളെ കൂട്ടിച്ചേർത്തു കൊണ്ടിരുന്നു. വഴിമുട്ടിയ സ്വന്തം ജീവിതത്തെ ഇതേ കഥയിലൂടെ മുൻപോട്ട് കൊണ്ടു പോയി. നിങ്ങളൊരു മികച്ച കലാകാരൻ തന്നെ. വിദഗ്ധമായി മിഥ്യയെ യാഥാർത്ഥ്യത്തോടു ചേർത്തി നിർമ്മിച്ച് സ്വയം കബളിപ്പിച്ച കഥാകാരൻ. കൊന്നു കുഴിച്ചു മൂടിയ സാധാരണ മനുഷ്യർ വെറും കുറ്റവാളികളെന്ന് ബോധ്യപ്പെടുത്തുന്നതിൽ നിങ്ങൾ വിജയിച്ചു. എന്നിലൊഴിച്ച്. കാരണം ഞാൻ കുറ്റവാളികളേയും സ്വീകരിക്കുന്നവളാണ്.'' കാഫ്കയുടെ മുഖം വിളറിയിരുന്നു. അയാൾ മേരിയെ വെള്ളത്തിനുള്ളിലേക്ക് ചവിട്ടിത്താഴ്ത്തുവാൻ പൊന്തിച്ച കാൽ താഴെ വച്ച് വാതിൽ തുറന്ന് പുറത്തിറങ്ങി കുറച്ചു കടലാസ് കഷ്ണങ്ങളുമായി തിരിച്ചു വന്ന് അവൾക്ക് നേരെ എറിഞ്ഞു. വെള്ളത്തിൽ ചിലത് മാത്രം നനഞ്ഞു. മറ്റുള്ളവ നനഞ്ഞതിനു മുകളിൽ ഒരു കൂസലും കൂടാതെ പൊങ്ങിക്കിടന്നു. കുളവാഴകളുടെ ഇലകളെപ്പോലെ അവ ജലത്തിനോട് ചേർന്നു കിടന്നു. അതിൽ ഏതാനും പഴയ പത്രക്കുറിപ്പുകൾ ഉള്ളത് മേരി ശ്രദ്ധിച്ചു.
""സ്വന്തം ലേഖകൻ. കാഫ്കയെന്ന സ്വന്തം ലേഖകൻ. ഇതെല്ലാം നിങ്ങളുടെ തന്നെ നിർമ്മിതികളാണ്. ഈ വാർത്ത സൃഷ്ടിച്ചതു നിങ്ങളാണ്. എഴുത്തുകാരനാകുന്നതിനു മുൻപ് പത്രമാധ്യമത്തിൽ പ്രവർത്തിച്ചിരുന്നത് നിങ്ങൾ നിങ്ങളിൽ നിന്നും മറച്ചു വച്ചു. നിങ്ങൾക്ക് രോഗമാണ്. നിങ്ങളെത്രയും പെട്ടെന്ന് കാണേണ്ടത് ഒരു മനോരോഗവിദഗ്ധനെയാണ്'' അയാൾക്ക് സ്വന്തം ഭൂതകാലം ഓർക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അയാളിലെ ദ്വന്ദവ്യക്തിത്വം ആശയക്കുഴപ്പത്തിൽപ്പെട്ടതു പോലെ തോന്നി. രണ്ടു പേരായി അവർ ചിന്തിച്ചു. സത്യമെന്തെന്ന ആശങ്കയിൽ ജോസഫും കാഫ്ക്കയും പരസ്പരം വാഗ്വാദങ്ങളിൽ ഏർപ്പെട്ടു. എൽ.ഈ.ഡി ബൾബുകൾ കത്തും പോലെ രണ്ട് വ്യക്തിത്വങ്ങൾ അയാളിൽ വന്നു പോയിക്കൊണ്ടിരുന്നു. മേരിയെ വിശ്വസിക്കരുതന്ന് ജോസഫ് ഇടവിട്ട് പറഞ്ഞു കൊണ്ടിരുന്നു. കാഫ്ക അതു കേട്ട് ആക്രമകാരിയായി. ഒരാളിൽ തന്നെ ഇരുവരും ദ്വന്ദയുദ്ധം തുടങ്ങി. അയാൾ ഉരുണ്ടു പിരണ്ടു വീണു. കാഫ്ക ജോസഫിനെ വലിച്ചെറിഞ്ഞു. ജോസഫിന്റെ ചുണ്ട് പൊട്ടിയൊഴുകി. കാഫ്ക പിന്നേയും ആക്രമിക്കുവാൻ വന്ന സമയം ജോസഫ് കയ്യിൽ കിട്ടിയ താക്കോൽ കൂട്ടം വച്ച് കുത്തി. കാഫ്ക വേദനയിൽ കരഞ്ഞു. കാഫ്ക ഒരു മുട്ടൻ തെറിയും തെറി വിളിച്ചു കഴിഞ്ഞ് കയ്യിൽക്കിട്ടിയ പൈപ്പ് വച്ച് ജോസഫിനെ അടിച്ചു. ജോസഫിന്റെ രണ്ട് പല്ലുകൾ ഇളകി വീണു.
മേരിയിൽ രക്തത്തിന്റെ ഒഴുക്ക് നിലച്ചിരുന്നു. അവളുടെ കൈയ്യിലെ മുറിവ് സ്വയം കൂടിച്ചേർന്നു. നഗ്‌നയായിത്തന്നെ കുളിത്തൊട്ടിയിൽ നിന്നിറങ്ങിയപ്പോൾ വെള്ളം അവളിൽ നിന്നും തുള്ളിയിറങ്ങി. അവളപ്പോൾ തിളങ്ങുന്നുണ്ടായിരുന്നു. മേരി കടലാസുകളെല്ലാം പെറുക്കിയടുക്കി സമീപം ഇരിപ്പുണ്ടായിരുന്ന സിഗററ്റ് കൂടിനു മുകളിലെ തീപ്പെട്ടി തുറന്ന് കൊള്ളിയുരസി കടലാസുകൾക്ക് തീ കൊടുത്തു. നനയാതിരുന്ന കടലാസിൽ തീ ആളിപ്പിടിച്ചു. നിയന്ത്രണാതീതമായിരുന്ന തന്റെ ജീവിതത്തെ പുറത്ത് നിന്നൊരാൾ വന്ന് ഏറ്റെടുക്കുന്നത് കാഫ്ക അത്ഭുതപൂർവ്വം നോക്കി നിന്നു. കുളിമുറിയിൽ നിന്നും വേച്ച് വേച്ച് നടന്നു വന്ന മേരിയുടെ നനഞ്ഞ കാൽപാദങ്ങൾ അപ്പോഴും മുറിയിൽ ഉണങ്ങാതെ കിടന്നു. അവൾ ടൈപ്പ്‌റൈറ്ററിനടുത്തേക്ക് വച്ച് പിടിച്ചു. അതിൽ പുതിയൊരു പേപ്പർ തിരുകി വച്ചതിനു ശേഷം മേരി കസേര വലിച്ചിട്ട് അയാളെ നോട്ടം കൊണ്ട് ക്ഷണിച്ചു. ജീവന്റെ ആദ്യ നിമിഷം മുതലുള്ള അനാദിയായ വിശപ്പ് കാഫ്കയെ ബാധിച്ചു. ഉള്ളിൽ ജോസഫ് ഉലഞ്ഞു. എന്നാൽ അക്ഷരങ്ങളോടുള്ള ദാഹം മൂലം ജോസഫിനെ കാഫ്ക്ക ഒതുക്കി. ജോസഫ് രക്തം തുപ്പി. അയാൾ കസേരയിലിരുന്ന് ടൈപ്പ് റൈറ്ററിന്റെ ബട്ടണുകളിൽ തൊട്ടു തലോടി. പിന്നീടങ്ങോട്ട് ബൈക്കിന്റെ മുരൾച്ച പോലെ ടൈപ്പ്‌റൈറ്റർ വേഗത്തിൽ ചിലച്ചു കൊണ്ടിരുന്നു. ആദിമമായ വിശപ്പിന്റെ ചോദന അയാളിൽ ഒരു ചുഴിയുണ്ടാക്കി. അതു വാ പിളർത്തി. അതിലേക്കയാൾ അക്ഷരങ്ങളെത്ര കോരിയിട്ടിട്ടും ഇനിയും ഇനിയുമെന്നത് മുരണ്ടുകൊണ്ടിരുന്നു. ടൈപ്പ് റൈറ്ററിന്റെ ശബ്ദം താളമായി. ആ താളത്തിൽ ജലമൊഴുകി, കടൽ ആർത്തലച്ചു. മരങ്ങളുലഞ്ഞു, കുട്ടികൾ കരഞ്ഞു, ചായ ആറി, നീരാവി പൊങ്ങി, ഡ്രംസ് ചലിച്ചു, മുള ചൂളം വിളിച്ചു, ചാമ്പയ്ക്കകൾ പൊഴിഞ്ഞു, കൊറ്റി മീൻ കൊത്തി, ആളുകൾ മരിച്ചു വീണു, പൂവുകൾ വിരിഞ്ഞു, കിണറുകളിൽ ജലം നിറഞ്ഞു, മീനുകൾ വാലിളക്കി, ഗുളികകൾ അലിഞ്ഞു, വിത്തുകൾ മുള പൊട്ടി, മുലപ്പാലിറ്റി. അതേ താളത്തിൽ കാഫ്കക്കൊപ്പം ജോസഫും എഴുത്തിൽ പൂഴ്ന്നു. അപ്പോൾ മുറിവിട്ട് പടികളിറങ്ങുന്നുണ്ടായിരുന്ന മേരിയുടെ തലമുടിയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റിറ്റ് വീണുകൊണ്ടിരുന്നു. കൈകളിലെ മുറിവ് ഇളകി രക്തം പിന്നെയും പുറത്തു വന്നു. അവൾ വലത് കൈ കൊണ്ട് ഇടത് കൈ പൊത്തി. മുടിയിലും ദേഹത്തിലും പറ്റിപ്പിടിച്ച പൂക്കളുമിലകളും പിടിവിട്ട് താഴെക്ക് പതിച്ചു.
"ഹേയ്' പെട്ടെന്ന് ഒരു വിളി. മേരി നോക്കി.
അടുത്തുള്ള മുറിയിലെ ഒരു ചെറുപ്പക്കാരൻ തനിക്ക് ടവ്വൽ വാഗ്ദാനം ചെയ്യുന്നു. അയാൾ ജനലിലൂടെ ടവ്വൽ മേരിയെ ലക്ഷ്യമാക്കി എറിഞ്ഞു. അതവളുടെ ദേഹത്ത് തട്ടി താഴെ വീണു. മേരി ടവ്വൽ എടുക്കാതെ ഒന്നാടി. അപ്പോഴാണ് സ്ത്രീയുടെ ദേഹത്തെ ചുവപ്പ് അയാൾ ശ്രദ്ധിക്കുന്നത്. ചെയ്തു കൊണ്ടിരുന്ന ജോലി ഇട്ട് അയാൾ മേരിക്കരികിലേക്ക് ഓടി. അയാളെത്തുന്നതിനും മുൻപേ തന്നെ പൊത്തിപ്പിടിച്ച കൈകളാൽ മേരി കുഴഞ്ഞ് താഴെ വീണു. സോളമൻ.
അബോധാവസ്ഥയിൽ മേരി അയാളെ ഓർക്കുകയായിരുന്നു. എവിടെയോ കണ്ടു മറന്ന മുഖം. ഇരുട്ടായിരുന്നു. സ്വപ്നങ്ങളിൽ ഒറ്റയ്ക്ക് ഇരുട്ടിലായിപ്പോയവർക്ക് വെളിച്ചം നൽകുന്ന ജോലി ചെയ്തു വരികയായിരുന്നു സോളമൻ. ആദ്യമെല്ലാം സ്വന്തം പണം മുടക്കി കനം കുറഞ്ഞ മെഴുകുതിരികളും തീപ്പെട്ടികളും വാങ്ങി ജോലിക്ക് പുറപ്പെടുമായിരുന്ന സോളമൻ പിന്നീട് കനം കൂടിയ സൂര്യകിരണങ്ങൾ ചെറിയ ട്യൂബ് ലൈറ്റ് വലിപ്പത്തിൽ ഈർച്ച വാളു കൊണ്ട് മുറിച്ച് കഷ്ണങ്ങളാക്കി സഞ്ചിയിൽ വച്ച് യാത്രയായിത്തുടങ്ങി. കുട്ടിക്കാലത്തെ സാധാരണ രാത്രികളിൽ കട്ടിലിനടിയിലെ ഇരുട്ടിൽ ഒളിച്ച് താമസിച്ച ഓർമയുടെ സ്വപ്നങ്ങളിലായിരുന്നു മേരി കിടന്നുറങ്ങിയിരുന്നത്. അന്ന് സോളമൻ മേരിയുടെ സ്വപ്നത്തിലേക്ക് കയറി വന്നപ്പോഴും പതിവു പോലെ കട്ടിലിനടിയിലെ ഇരുട്ടിൽ കുട്ടിയായി ഭയന്ന് കഴിയുകയായിരുന്നു അവൾ. കിടക്കവിരിയുടെ തട്ടം മാറ്റി സോളമൻ മേരിയെ കട്ടിലിനടിയിൽ തപ്പി. പരിചിതമല്ലാത്ത മണം ലഭിച്ച വന്യമൃഗത്തെപ്പോലെ മേരി സോളമന്റെ ഇടപെടലിൽ ചീറി. സൂര്യകിരണത്തിന്റെ സ്വയം തിളങ്ങുന്ന ഒരു കഷ്ണം വലിച്ചെറിഞ്ഞു കൊടുത്ത് നടന്നു നീങ്ങേണ്ടിയിരുന്ന സോളമൻ അന്നതിനു മുതിർന്നില്ല . കട്ടിലിനടിയിലെ കുട്ടി താൻ തന്നെയാണോ എന്ന സംശയം അയാളെ കാത്തു നിർത്തി. കട്ടിലിനടിയിൽ ഒളിച്ചിരുന്നു ചീറുക എന്ന മേരിയുടേയും സോളമന്റേയും ഒരേ അനുഭവം അതിനു കാരണമായി. മുഖം വ്യക്തമായി കാണുന്നതിനു അയാൾ കട്ടിലിനടിയിലേക്ക് വലിഞ്ഞു കയറി.
അടുത്തെത്തിയെന്ന് തോന്നിയപ്പോൾ സഞ്ചിക്കുള്ളിൽ നിന്നും പ്രകാശത്തിന്റെ ഒരു കഷ്ണം അയാൾ കുട്ടിയുടെ മുഖത്തേക്ക് നീട്ടി. അതണഞ്ഞു പോയി. ഇതാദ്യമായാണ്. സോളമനു അത്ഭുതമായി. സഞ്ചിയിൽ അന്നത്തെ ദിവസം ചിലവാക്കുന്നതിനായി ശേഖരിച്ചു വച്ച മുഴുവൻ സൂര്യകിരണങ്ങളും മേരിക്ക് മുൻപിൽ ഒന്നൊന്നായി അണഞ്ഞു പോയി. സോളമൻ വിയർത്തു പോയി. സ്വപ്നങ്ങളിൽ നിന്നും തിരിച്ചു പോകാനാകാതെ ഈ ഇരുട്ടിൽ പെട്ടുപോകുമോ എന്നയാൾ ഭയന്നു. മാത്രവുമല്ല അപകടകരങ്ങളായ സ്വപ്നങ്ങളിൽ വഴിതെറ്റി ചെന്നുകയറുവാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതായിരുന്നില്ല. സഞ്ചി തപ്പിയപ്പോൾ പഴയ കാലങ്ങളിൽ ഉപയോഗിച്ച മെഴുകുതിരികളിൽ ഒന്ന് കയ്യിൽ തടഞ്ഞു. അയാൾ തീപ്പെട്ടി തുറന്ന് അത് കത്തിച്ചു. അതിൽ നിന്നൊഴുകിയ ആദ്യത്തെ മെഴുകു തുള്ളി അയാളുടെ കൈയുടെ പുറംതൊലിയെ പൊള്ളിച്ചു. രണ്ടു മൂന്നു ശ്രമങ്ങളിൽ മെഴുകുതിരി തറയിൽ ഉറപ്പിച്ച ശേഷം അയാൾ കുട്ടിക്കായി തിരഞ്ഞു. അപ്പോഴാണ് അയാൾ കിടക്കവിരിക്കുള്ളിലെ മേരിയുടെ ഒളിച്ചിരിപ്പിന്റെ ഇടം ശ്രദ്ധിക്കുന്നത്. അവിടെ തങ്ങി നിന്നിരുന്ന വികാരം ഇരുട്ടിനോടുള്ള ഭയം ആയിരുന്നില്ലയെന്ന് ഇരുട്ട് അലിഞ്ഞലിഞ്ഞു പോകുന്നതിനിടെ സോളമൻ തിരിച്ചറിഞ്ഞു. പുസ്തകങ്ങൾ അടുക്കിയടുക്കി വച്ചിരുന്ന ഈ സ്ഥലം ഉടമസ്ഥയുടെ വായനാമുറിയാണന്ന് ആദ്യം സോളമൻ ഊഹിച്ചുവെങ്കിലും മേരിയുടെ നോട്ടു പുസ്തകം കണ്ട് അല്ല ഇതൊരു എഴുത്തുപുരയാണെന്ന് ഒരു നിമിഷം ചിന്തിച്ചു. മേരിക്കായി അവിടെയെല്ലാം സോളമനും കണ്ണുകളും തിരഞ്ഞു നടന്നു. ഇരുളിനുള്ളിലെ ചലനം നോക്കി നിൽക്കേ മുറിക്കുള്ളിൽ തിളങ്ങിയ വെളിച്ചം അയാളുടെ കണ്ണിൽ പെട്ടു. അയാൾ ഇഴഞ്ഞ് അതിനരികിലേക്ക് നീങ്ങി. സൂര്യകിരണങ്ങൾ പൊതിഞ്ഞ ഒരു ശരീരം, സ്വയം പ്രകാശിക്കുന്ന പെൺകുട്ടി തന്റെ വെളിച്ചം കൊണ്ട് പുസ്തകം വായിക്കുന്നത് അയാൾ ആദ്യമായി ദർശിക്കുകയായിരുന്നു. അവളുടെ മുഖത്തിലേക്ക് നോക്കിയ സോളമന്റെ കാഴ്ച കടുത്ത വെളിച്ചം തട്ടി മഞ്ഞച്ചു പോയി.***
ന്യൂനപക്ഷമതവിരുദ്ധത പ്രകടമാക്കിയ ഗവണ്മെന്റിനെതിരെയുള്ള പ്രതിഷേധം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നടന്നു വരുന്ന കാലഘട്ടമായിരുന്നു. സഞ്ചാരികൾ വരികയും പ്രതിമകളുടെ ഫോട്ടോകൾ എടുക്കുകയും ചെയ്യുന്ന ഒരു കവലയിൽ പ്രതിഷേധം സംഘടിപ്പിക്കുന്ന ജനക്കൂട്ടത്തെ കണ്ട് സോളമൻ കൗതുകം കൊണ്ടു. അവർക്ക് അധികം ദൂരെയല്ലാതെ സർവ്വാംഗഭൂഷിതരായി പോലീസ് നിൽപ്പുണ്ടായിരുന്നു. രാവിലെ ജോലിക്ക് പോകുവാൻ ഇറങ്ങിയതായിരുന്നു അയാൾ. പ്രാവിങ്കൂട്ടം പോലെ ജനക്കൂട്ടം ശബ്ദം കുറച്ച് കുറുകി. ആളുകൾ പല നിറങ്ങളിലുള്ള ബാനറുകളും പതാകകളും ഏന്തി. അയാൾ വാക്കുകൾ ഓരോന്നായി വായിക്കുവാൻ ശ്രമിച്ചു. അയാൾക്കതിൽ രസം തോന്നി. കുറച്ചു കൂടെ അടുത്ത് നിന്നാൽ അക്ഷരങ്ങൾ തെളിയുമെന്ന് കരുതി അവർക്കരികിലേക്ക് നടക്കവേ സോളമൻ മേരിയെ കണ്ടു. പ്ലക്കാർഡുകൾ എഴുതുന്ന ഉത്തരവാദിത്വം ആ പെൺകുട്ടിക്കായിരുന്നു. ബ്രഷ് ചലിപ്പിക്കുന്നത് കണ്ടാലേ അറിയാം വഴക്കം.
പ്ലക്കാർഡുകളിൽ അക്ഷരങ്ങൾക്ക് പുറമേ പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും കാർട്ടൂണുകളും മിനിറ്റ് വച്ച് വരക്കുന്നുണ്ടായിരുന്നു. ചാരി വച്ചിരുന്ന ഒഴിഞ്ഞ കാർഡ്‌ബോർഡ് കഷ്ണം ഒരെണ്ണം ഒപ്പിച്ച് അയാളും ക്യൂവിൽ കാത്തു നിന്നു. മേരി സിഗററ്റ് ചുണ്ടിൽ നിന്നെടുക്കാതെ തന്നെ പുക വലിച്ചൂതി വിട്ട് വരച്ചു കൊണ്ടിരുന്നു. തണുപ്പ് കാലമായതിനാൽ എല്ലാവരുടെ വായിൽ നിന്നും തണുത്ത പുക വരുന്നുണ്ടായിരുന്നു. സിഗരറ്റ് തുമ്പിലെ ചാരം കൊഴിഞ്ഞ് ബോർഡിൽ വീണത് വക വയ്ക്കാതെ നിറങ്ങളുമായി ഇണക്കി വരച്ചു കൊണ്ടിരിക്കെ, അടുത്ത് വന്നതും സിഗരറ്റ് ചുണ്ടിൽ നിന്നും പറിച്ച് മാറ്റി മേരി സോളമന്റെ ചുണ്ടിൽ കോർത്ത് വച്ചു കൊടുത്തു. ആദ്യ കവിൾ പുകയിലേ സോളമൻ ചുമച്ചു. പ്ലക്കാർഡ് ഉറപ്പിക്കുന്നതിനിടെ ചിരിച്ചു കൊണ്ട് സിഗരറ്റ് തിരിച്ചെടുത്ത് അയാളുടെ കയ്യിലെ കാർഡ്‌ബോർഡു വാങ്ങി എഴുതേണ്ട ക്വോട്ടിനായി ബ്രഷും പേനകളുമായി തയ്യാറായി. എന്നാൽ എന്തെഴുതുമെന്ന് തിരഞ്ഞ് തിരഞ്ഞ് കുറച്ചുനേരം നിശബ്ദരായി അങ്ങോട്ടുമിങ്ങോട്ടും നോക്കി നിന്ന ശേഷം അയാളുടെ കാർഡ്‌ബോർഡ് കഷ്ണം മാറ്റി വച്ചു കൊണ്ട് അവൾ മറ്റുള്ളവർക്ക് വേണ്ടി വരച്ചു തുടങ്ങി. പല തരത്തിലുള്ള മുദ്രാവാക്യങ്ങൾ സോളമൻ ഓർത്തു നോക്കി. താനൊഴിച്ചുള്ളവർക്കെല്ലാം സ്വന്തമായി മുദ്രാവാക്യം കിട്ടിയതിൽ അയാൾക്ക് അപകർഷത തോന്നി. ഒന്നിലും താൽപര്യം തോന്നാഞ്ഞ് ഒഴിഞ്ഞ പലകയുമായി അയാൾ പ്രതിഷേധ ജാഥയിലെ ജനക്കൂട്ടത്തോടൊപ്പം നടന്നു. വായകളിൽ നിന്നും വരുന്ന തണുപ്പിന്റെ പുക മൂലം ജാഥയൊരു ആവി എഞ്ചിൻ ഘടിപ്പിച്ച തീവണ്ടിയായി ആകാശത്തിൽ പറക്കുന്ന ഒരു പക്ഷിക്ക് തോന്നി. കൊണ്ട് നടക്കാവുന്ന ഉച്ചഭാഷിണിയിലൂടെ മുദ്രാവാക്യം വിളി മലമുഴക്കിയായി മുഴങ്ങി. ജാഥയുടെ ഇരുവശത്തുമുള്ള കടകളിൽ നിന്നും ഉപഭോക്താക്കൾ തലവെട്ടിച്ച് നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഇങ്ക്വിലാബ് വിളിക്കവേ അറിയാതെ കൈകൾ ഉയർന്നു പോകുമെന്ന് സോളമനു തോന്നി. ചിലരുടെ ശബ്ദം അയാളുടെ രോമങ്ങളെ ഉണർത്തി. മുദ്രാവാക്യം വിളിച്ച് തൊണ്ട വേദനിച്ച് തുടങ്ങുന്നതിനു മുൻപേ ബ്രഷുമായി മേരി അയാളെ തേടി എത്തി. അവർ കുറച്ച് സമയം ഒരുമിച്ചു നടന്നു. അതിനിടെ മുദ്രാവാക്യം വരക്കുമായിരുന്ന ബ്രഷ് കൊണ്ട് അവൾ സ്വന്തം ചുണ്ടിൽ വരഞ്ഞു. സോളമൻ താഴ്ത്തി പിടിച്ചിരുന്ന പ്ലക്കാർഡ് പിടിച്ച് വാങ്ങി അതിലെ ഒഴിഞ്ഞ വെളുത്ത പ്രതലത്തിൽ ചുണ്ടുകൾ പതിപ്പിച്ചു കൊടുത്തു. തല താഴ്ത്തി നടക്കുകയായിരുന്ന സോളമനപ്പോളത് പ്രേരണയേതുമില്ലാതെ ആകാശത്തേക്കുയർത്തി. അത് വരേയും നാണിച്ച് നിൽക്കുകയായിരുന്ന അയാളുടെ കയ്യിൽ വിരലുകൾ കൊരുത്ത് ഒരൊറ്റ മുഷ്ടിയാക്കി അവൾ മുകളിലേക്കുയർത്തി, അവർ ഒരുമിച്ച് പാടി. ഹം ലേക്കർ രഹേംഗേ.. ആസാദി.
കടം വാങ്ങിയ വസ്ത്രങ്ങൾ തിരികെ നൽകുവാൻ വന്നപ്പോഴാണ് മേരി സോളമന്റെ കൈത്തണ്ടയിലെ പാടുകൾ ശ്രദ്ധിക്കുന്നത്. അവൾക്കയാളോട് പാവം തോന്നി. അനുവാദമൊന്നും ചോദിക്കാതെ തന്നെ അവളാപാടുകൾ തൊട്ടുഴിഞ്ഞു. എണ്ണിനോക്കിയപ്പോൾ തന്നേക്കാൾ മൂന്ന് വരകൾ അധികം അയാൾക്കുണ്ടായിരുന്നു. താടി വളർന്നിരുന്നു. കണ്ണുകളിൽ ജീവനില്ലായിരുന്നു. മേരി അയാളെ കൂടെക്കൂട്ടി. ആ സമയത്തൊക്കെ കോട്ടിന്റെ പോക്കറ്റിൽ അവളൊരു സ്പീക്കർ കൊണ്ട് നടന്നിരുന്നു. ചാർജ്ജ് തീരും വരെ മ്യൂസിക്ക് വഹിച്ചു കൊണ്ട് നഗരം മുഴുക്കെ അവൾ അലയുമായിരുന്നു. അന്നു രാത്രി കാരണമൊന്നും ചോദിക്കാതെ തന്നെ അവൾ സോളമനേയും കൂട്ടി. അയാൾക്കൊപ്പം നഗരത്തിലെ പല തെരുവുകൾ അലഞ്ഞ് പുതിയ ബാറുകൾ കണ്ടുപിടിച്ച് പലയിടത്ത് നിന്നായി ബിയർ കുടിച്ചു തരിച്ചു. ആരും ഇല്ലാത്ത മൂലകളിൽ സോളമനെ കാവൽ നിർത്തി മൂത്രമൊഴിച്ചു. അവളുടെ പരിചയക്കാരായ ആളുകൾ അകലങ്ങളിൽ നിന്നും അവൾക്ക് കൈയ്യാട്ടി ഹലോ പറഞ്ഞു. സുഹൃത്തുക്കളായ സ്ത്രീകൾക്ക് അവൾ സോളമനെ പരിചയപ്പെടുത്തി കൊടുത്തു. അവർക്കൊപ്പം സോളമൻ സംസാരിക്കുന്നത് ബിയർ മൊത്തുന്നതിനിടയിൽ ശ്രദ്ധിച്ചു. ഡ്രിങ്ക്‌സ് വാങ്ങി നൽകിയ പുരുഷന്മാർക്കൊപ്പം സംസാരിച്ചു മടുത്തപ്പോൾ പെണ്ണുങ്ങളിൽ നിന്നും സോളമനെ പിടിച്ചു കൊണ്ട് വന്ന് അവൾ പഴയ കാമുകന്മാരെ മുഴുക്കെ ചീത്ത വിളിച്ചു. അവരോടെല്ലാം ചെറിയൊരു ഇഷ്ടം ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്ന് പറയുവാൻ പുക പങ്കു വച്ചു. നാൽപത് വയസായിട്ടും നമ്മളിരുവരും ഒറ്റയാണെങ്കിൽ ഒരുമിച്ച് താമസിക്കണമെന്ന് ബാക്കപ്പ് പ്ലാൻ ഉണ്ടാക്കി. സോളമന്റെ പതിഞ്ഞ സ്വഭാവം അവൾക്കിഷ്ടമായി തുടങ്ങിയിരുന്നു. ബിയർ കുപ്പിയിൽ നിന്നും ചുണ്ടെടുക്കുമ്പോൾ അയാളുണ്ടാക്കുന്ന ശബ്ദത്തിനു അവൾ ചിരിച്ചു. ബിയറിന്റെ മണമുള്ള ഏമ്പക്കങ്ങളെ, വിയർപ്പിനെ സ്വാഗതം ചെയ്തു. നല്ല സുന്ദരികളെ കാണുമ്പോൾ 3 ഓ ക്ലോക്ക് 11 ഓ ക്ലോക്ക് എന്നിങ്ങനെ അയാൾക്ക് സൂചനകൾ നൽകി അവരൊരുമിച്ച് സ്ത്രീകളുടെ നിതംബസൗന്ദര്യം ആസ്വദിച്ചു. ഇടയ്‌ക്കെപ്പോഴോ ബിയർ ലഹരിക്കിടെ മേരി സോളമന്റെ കൈത്തണ്ടയിലെ വരകളുടെ കഥ ചോദിച്ചു. അയാളുത്തരം നൽകരുതെന്ന് അവൾ ആഗ്രഹിച്ചിരുന്നു. അയാൾക്കൊപ്പം നിന്നു കൊണ്ടു തന്നെ അവൾ നല്ല സുന്ദരന്മാരെ പ്രേമത്തോടെ നോക്കി. സഞ്ചാരികൾക്ക് അവരുടെ ഫോട്ടോ എടുത്ത് കൊടുത്തു. ഉമ്മ വയ്ക്കുന്ന കാമുകീകാമുകന്മാരെ ഇടങ്കണ്ണിട്ട് കാണിച്ച് കൊടുത്തു. ഒരിടത്ത് നിന്നും മറ്റൊന്നിലേക്കായി അവർ മാറിമറിഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ ഏറ്റവുമൊടുവിൽ കുടിച്ച ബിയറും കഴിച്ച ഭക്ഷണവും ആമാശയത്തിൽ നിന്നും പുറത്ത് ചാടിക്കുവാൻ ഓക്കാനിച്ചപ്പോൾ അയാളവൾക്ക് പുറം ഉഴിഞ്ഞു കൊടുത്തു. ഓ ഇവനൊപ്പമുള്ളപ്പോൾ എന്തു സുഖം സങ്കടമൊന്നുമില്ലാതെ അറ്റം വരെ ജീവിക്കുവാൻ പറ്റുമെന്ന് അവൾ ആ ഓക്കാനത്തിനിടയിൽ ആലോചിച്ചു.
അവർക്കിടയിലൂടെ പല രാത്രികൾ ദിവസങ്ങൾക്കിടയിലൂടെ കടന്നു പോയി. അതിലൊന്നിൽ അവൾ അയാളെ നഗരത്തിലെ മതിലുകളിൽ ഗ്രാഫിറ്റി ചെയ്യുവാൻ കൂടെ കൂട്ടി. മറ്റൊന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ വിരലു കൊടുത്തു. അതിനടുത്തൊന്നിൽ മഴയത്ത് കയറി നിൽക്കാൻ ഇടം പങ്കിട്ടു. പിന്നെ ബിയർ കുപ്പിയുമായി മെട്രോയിൽ കറങ്ങി. ഭക്ഷണശാലകളിൽ ആളുകൾ ബാക്കി വച്ചിട്ടു പോയ ആഹാരം കഴിച്ച് മതിയായി പൂച്ചകൾക്ക് എറിഞ്ഞു കൊടുത്തു. രാത്രി ക്ലബുകളിൽ കയറി ബഹളമുണ്ടാക്കി. മെട്രോ സ്റ്റേഷനിൽ സംഗീതം വായിക്കുന്നയാൾക്ക് ചില്ലറ നൽകി അവർക്കൊപ്പം ഡാൻസ് കളിച്ചു.
മറ്റൊരു ദിവസം അവളയാൾക്ക് ഒരു സൺഗ്ലാസ് വച്ചു കൊടുത്തു. അതിനു ശേഷം ദിവസത്തിലെ ഇരുപത്തിനാലു മണിക്കൂറും അയാളത് ധരിച്ചു നടന്നു. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും ചെവി വൃത്തിയാക്കുമ്പോഴും ടൈഗർബാം പുരട്ടുമ്പോഴും അപ്പിയിടാൻ പോകുമ്പോഴും നടക്കുവാൻ പോകുമ്പോഴും ഫോണിൽ മെസേജ് ചെയ്യുമ്പോഴും ബ്രഷ് ചെയ്യുമ്പോഴും കാപ്പി കുടിക്കുമ്പോഴും സ്വയഭോഗം ചെയ്യുമ്പോഴും മ്യൂസിയങ്ങൾ സന്ദർശിക്കുമ്പോഴും പൂച്ചയെ പുന്നാരിക്കുമ്പോഴും കൂർക്കം വലിക്കുമ്പോഴും പനി പിടിച്ച് ആശുപത്രിയിൽ പോയപ്പോഴും വസ്ത്രങ്ങളലക്കാൻ പോകുന്നേരവും ഉപ്പേരിക്കരിയുമ്പോഴും രാത്രിയിലും എല്ലാം അയാൾ സൺഗ്ലാസിനെ ആശ്രയിച്ചു. മേരിക്കയാളെ മനസിലാകുന്നുണ്ടായിരുന്നു. അവളയാൾക്കൊപ്പം മറ്റൊരു സൺഗ്ലാസണിഞ്ഞ് സോഫയിൽ ഒപ്പം കിടന്നു. പ്രേമത്തിൽ വീണുപോയ ഒരു നിമിഷത്തെക്കുറിച്ച് അവർക്കോർമ്മിച്ചെടുക്കുവാൻ സാധിക്കാനാകാത്ത വിധം ആശയക്കുഴപ്പങ്ങൾ അവർക്ക് ചുറ്റും നിലനിന്നിരുന്നു. വളരെക്കാലം അടുത്തറിയുന്ന ഒരാളെന്ന പോലെ അവരിരുവരും പരസ്പരം പരിചിതരായി കഴിഞ്ഞു കൂടി. കാമുകന്മാർ ഉള്ള സമയത്തും മേരി ഉറങ്ങിക്കിടക്കുന്ന സോളമന്റെ ഗ്ലാസൂരി മാറ്റി കണ്ണുകളിൽ ഉമ്മ നൽകി.
തന്നെ കണ്ടുമുട്ടും വരെ സോളമൻ സന്തോഷമെന്തെന്ന് അറിഞ്ഞിരുന്നില്ലയെന്ന് മേരി അയാളെ പറഞ്ഞു പഠിപ്പിച്ചിരുന്നു. സമ്മോഹനത്തിൽ പെട്ടുപോയതു പോലെ അയാൾ അവളെ അനുസരിച്ചു. അതു വരെ തന്നിൽ സംഭവിച്ച എല്ലാ സന്തോഷങ്ങളേയും അയാൾ തഴഞ്ഞു. ഓർമ്മകളെ അണച്ചു കളഞ്ഞു. അവൾ പറഞ്ഞു.
""ഞാൻ മാത്രമാണ് നിന്റെ ജീവിതത്തിൽ അമൂല്യമായത്'' അയാൾ തലകുലുക്കി സമ്മതം മൂളി
""ശരിയാണ്.നീ മാത്രമാണ്.''
""എന്റെ സ്‌നേഹം മാത്രമാണ് തനത്''
""ആണ്''
""ഞാനാണ് നിന്റെ അമ്മ''
""അമ്മ''
""മറ്റാർക്കും നിന്നെ സന്തോഷിപ്പിക്കുന്നതിനോ സ്‌നേഹിക്കുന്നതിനോ സാധിക്കുകയില്ല''
""ഇല്ല''
""മറ്റാരിലും നീ തൃപ്തനാകില്ല. ഇനിയെത്ര കാമുകിമാർ വന്നാലും നീയെന്നെ തേടും''
""ഉം''
""മുങ്ങി മരിക്കുമ്പോൾ നീയെടുക്കുന്ന അവസാന ശ്വാസവും ജലാശയത്തിൽ പൊങ്ങും അവസാന കുമിളയും കാണും അവ്യക്തതയും ആമാശയത്തിൽ പെട്ടുപോകും പായലും ഞാൻ തന്നെ''
""തന്നെ''
അടുപ്പിച്ചിട്ട ഷെൽഫിനു താഴെയുള്ള ഒഴിവിടത്തിൽ ലൈബ്രേറിയൻ പോകുവാനായി കാത്തു കിടക്കുകയായിരുന്നു അവർ. അങ്ങോർ വായനശാല പൂട്ടിയിറങ്ങിയപ്പോൾ കയ്യിൽ കരുതി വച്ച ചെറിയ ടോർച്ച് സോളമൻ തെളിയിച്ചു. സ്വിച്ചിൽ പിടിച്ചു അമർത്തിയ ശബ്ദത്തിന്റെ പ്രതിധ്വനി അവരെ വിട്ട് പലയിടങ്ങളിലേക്ക് സഞ്ചരിച്ചു. പദ്ധതിയനുസരിച്ച് ഷെൽഫുകളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചു സമനിരപ്പിൽ അടുക്കി ഉയർത്തി കിടക്ക പോലൊന്ന് നിർമിച്ചു. സമയം അർദ്ധ രാത്രിയോട് അടുക്കുകയായി. മേരി വസ്ത്രങ്ങൾ അഴിച്ച് കളഞ്ഞ് കൈ നീട്ടി സോളമനെ കിടക്കയിലേക്ക് ക്ഷണിച്ചു.
""ശ്ശ് ഇവിടെ മറ്റാരോ ഉണ്ട്.''
അയാൾ ടോർച്ചണച്ച് കാതുകൂർപ്പിച്ചു.
പഴകി നുറുങ്ങിയ താളുകളുടേയും പുതിയ കടലാസുകളുടേയും പൊടിയുടേയും പുസ്തകപ്പുഴുക്കളുടേയും മിശ്രഗന്ധത്തിൽ മേരി ഉന്മത്തയായിപ്പോയിരുന്നു. അവളാഞ്ഞ് ശ്വാസം വലിക്കവേ സോളമൻ ശബ്ദം കുറച്ച് പിറുപിറുത്തു.
""കേട്ടോ, ശബ്ദം കേട്ടോ?''
എഴുന്നേൽക്കുവാൻ ശ്രമിച്ച അയാളുടെ കാൽത്തട്ടി കിടക്കയുടെ ഒരു ഭാഗം അടർന്നു വീണു. സോളമൻ വേഗം ടോർച്ച് തെളിയിച്ചു. മേരി അയാളെ പിടിച്ചു വലിച്ചു. കട്ടിൽ പാതിയായി ഒടിഞ്ഞു. പുസ്തകങ്ങൾ ചിതറി.
അതിനു മുകളിലവർ ഇണചേർന്നു. പുസ്തങ്ങളുടെ അരികുകൾ അമങ്ങി ശരീരങ്ങളിൽ പാടുകൾ തെളിഞ്ഞു കിടന്നു. അവരുടെ കിതപ്പിലും വിയർപ്പിലും പുസ്തകങ്ങൾ ഒതുങ്ങി. സോളമൻ അവളെ ഷെൽഫിൽ ചാരി നിർത്തി. അവരുടെ ഭാരം താങ്ങാനാകാതെ ഷെൽഫ് ചെരിഞ്ഞു. വെള്ളച്ചാട്ടം പോലെ അതിൽ നിന്നും പുസ്തകങ്ങൾ ഒഴുകി. അത്യാഹ്ലാദത്തിന്റെ ഉത്തുംഗശൃംഗത്തിൽ മേരി പുസ്തകങ്ങളെ മുറുക്കിപ്പിടിച്ചു വേദനിപ്പിച്ചു കൊണ്ട് ഉച്ചത്തിൽ കവിത ചൊല്ലി. സോളമൻ വായപൊത്തിപ്പിടിച്ചപ്പോൾ കയ്യ് കടിച്ചു മുറിക്കുവാൻ ആഞ്ഞു. അയാൾ ശ്രമപ്പെട്ട് കൈകൾ വിടുവിച്ചു. കവിത നേർത്തു നേർത്തു അലിഞ്ഞു പോയി. കൂടുതൽ ബലം മേരിയിൽ പ്രയോഗിച്ചതിനാൽ ചരിഞ്ഞു നിൽക്കുകയായിരുന്ന അലമാര വലിയ ശബ്ദത്തിൽ ചുമരിലേക്ക് ചാഞ്ഞു വീണു. എല്ലാ പുസ്തകങ്ങളും അതോടെ സ്വതന്ത്രരായി. സോളമന്റെ കഴുത്തിൽ മുളച്ച പാലുണ്ണിയെ ഒരിക്കൽ കൂടി ഓമനിച്ച ശേഷം മേരി തിരികെ കിടക്കയിലേക്ക് പോയി.
ചിതറിയ പുസ്തകങ്ങൾക്കും സോളമന്റെ വയറിലെ ചെറുരോമങ്ങൾക്കും മുകളിൽ നഗ്‌നയായി കിടന്ന് സിഗററ്റ് പുകവളയങ്ങളാക്കി വിടുകയായിരുന്നു മേരി. സോളമനാണെങ്കിൽ കയ്യിൽ കിട്ടിയൊരു പുസ്തകം ടോർച്ചു തെളിയിച്ച് വായിച്ചു കൊണ്ടിരുന്നു. വായനയുടെ താളത്തിൽ പുകയെടുത്തും ഇരുട്ടിലേക്ക് ഉറ്റുനോക്കിയും നഗ്‌നയായി കിടക്കെ താഴ്ന്ന ശബ്ദത്തിലൊരു കരച്ചിൽ ഷെൽഫുകൾക്കപ്പുറത്തു നിന്നും കേട്ട് എടുത്ത പുക പുറത്ത് വിടുവാൻ മേരി മറന്നു പോയി.
""ആരാണ്?'' സോളമൻ ടോർച്ച് മിന്നിച്ചു ചോദിച്ചു. അകലെ കുനിഞ്ഞിരിക്കുന്ന രൂപം കരച്ചിലിൽ നിന്നും തലയുയർത്തി. അയാൾക്ക് ഭയമൊന്നും തോന്നിയില്ല. അയാളാരൂപത്തെ അടുത്തു വിളിച്ചു. മേരി ഇരുട്ടിൽ വസ്ത്രത്തിനായി പരതി നോക്കി. മുഖം വ്യക്തമല്ലാതിരുന്ന രൂപം പിടിയിളകിയ കട്ടിലിന്റെ ഓരത്ത് വന്നിരുന്നു. നഗ്‌നരായതിനാൽ സംഭാഷണത്തിലേർപ്പെടാൻ വൈമുഖ്യം കാണിക്കുന്ന കമിതാക്കളെ കണ്ട് രൂപം സംസാരിച്ചു തുടങ്ങി.
""ഈ ലൈബ്രറിയിലെ ഏറ്റവും അപ്രശസ്തനായ എഴുത്തുകാരന്റെ അപൂർണ്ണമായ സൃഷ്ടിയിലെ കഥാപാത്രമാണ് ഞാൻ. വിഷാദരോഗത്തിനടിമപ്പെട്ട് എഴുതി മുഴുവിപ്പിക്കാനാകാതെ രചയിതാവ് കയ്യെഴുത്തു പ്രതി ലൈബ്രറിയിൽ ഉപേക്ഷിച്ചു സ്വയം ജീവനൊടുക്കി. അതിനാലാകണം ഒരാളുമെന്നെ നോട്ടം കൊണ്ട് പോലും സ്പർശിച്ചിട്ടില്ലിതുവരെ. ആദ്യമായാണ് ഒരു വായനക്കാരിയുടെ ചർമ്മത്തെ ഇത്ര അടുത്തറിയുന്നത്. അതെന്നെ പുറത്ത് വരുവാൻ സഹായിച്ചു. ഞാനെന്ന കഥാപാത്രത്തിനു പേരില്ല. എന്നാലോ എന്നും ദുഃഖമാണ്. സന്തോഷപൂർവ്വം ജീവിച്ചിരുന്ന ഞങ്ങളുടെ കുടുംബത്തിലേക്ക് യാതൊരു ഔപചാരികതയുമില്ലാതെ മരണത്തെ പറഞ്ഞു വിടുകയായിരുന്നു എഴുത്തുകാരൻ. കുരുന്നായ മകളെ അദ്ദേഹം കവർന്നു. അവളുടെ മരണശേഷം പ്രാണനെപ്പോലെയായിരുന്ന ഭർത്താവിനോട് വിരോധമായി. സുഹൃത്തുക്കൾ കുറ്റബോധത്തിന്റെ കണ്ണുനീരുമായി എത്തി. എന്റെ കുഞ്ഞ് മരിച്ചതിനും അവരുടെ കുഞ്ഞുങ്ങൾ മരിക്കാതിരുന്നതിലുമുള്ള കുറ്റബോധം. മകളുടെ മരണത്തിനു എല്ലാവരും കാരണക്കാരെന്ന് തോന്നി. ലോകത്തെ മുഴുവൻ ശപിച്ചു ജീവിച്ചു. മറ്റൊരു കുട്ടി ജീവിതത്തിലോട്ട് വന്നാൽ ഈ സ്വഭാവം മാറുമെന്ന് കരുതി ഭർത്താവ് സമ്മതമില്ലാതെ എന്നെ പ്രാപിക്കുവാൻ വന്ന സമയം ഫ്‌ലവർവേസ് വച്ച് തലക്കടിച്ചു വീഴ്ത്തി. ഭൂമിയിൽ എനിക്കാരുമില്ലാതായി. കണ്ണുകൾ അകാരണമായി നിറഞ്ഞു ഒഴുകുന്നു എന്ന വാചകത്തിൽ വച്ച് കഥാകൃത്ത് എഴുത്തു നിറുത്തിയതിനാൽ ഈ ലൈബ്രറിയിലിരുന്ന് കണ്ണുനീരൊഴുക്കുകായിരുന്നു ഈ കാലം മുഴുക്കെ. സന്തോഷപൂർവ്വം ജീവിക്കയായിരുന്ന ഞങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കിയത് എന്തിനു വേണ്ടിയായിരുന്നു? എഴുത്തുകാർ മുഴുവനും സാഡിസ്റ്റുകളാണോ? എന്തുകൊണ്ടാണ് വായനക്കാർക്കായി ദുരന്തങ്ങളെ കഥാപാത്രങ്ങൾക്ക് എതിരേൽക്കേണ്ടി വരുന്നത്? കരഞ്ഞു കരഞ്ഞെന്റെ കണ്ണിനു കനം കൂടി തൂങ്ങി. ഇത് നോക്കൂ' അവരുടെ കണ്ണുകൾ ആ പറഞ്ഞത് ശരി വയ്ക്കുന്നുണ്ടായിരുന്നു.
""ഏതെങ്കിലും തരത്തിലുള്ള ദുരനുഭവത്തിലൂടെ കടന്നുപോയിട്ടുള്ളവരാണ് ഓരോ മനുഷ്യനും. അവരുടെ ജീവിതത്തിൽ വിഷാദം ആഹ്ലാദത്തേക്കാൾ മുന്നിട്ടു നിൽക്കുന്നു. കഥാപാത്രത്തിന്റെ അനുഭവങ്ങളോട് വായനക്കാരൻ താദാത്മ്യം പ്രാപിക്കുമ്പോൾ അവർ സൃഷ്ടിയെ അംഗീകരിക്കുന്നു എന്നതിൽ കവിഞ്ഞ് ഇതിൽ വലിയ നിഗൂഢതയൊന്നുമില്ല' മേരി അവരെ ആശ്വസിപ്പിക്കുവാൻ ഒരു ശ്രമം നടത്തി.
"ഇനിയങ്ങോട്ടുള്ള എന്റെ കഥ ആരു പൂർത്തിയാക്കും?'.
അതിനാർക്കും ഉത്തരമില്ലായിരുന്നു
"കരയാതിരിക്കൂ' മേരി തന്റെ കയ്യിൽ കിട്ടിയ തുണിയെടുത്ത് കഥാപാത്രത്തിനു നേരെ നീട്ടി. അവർ വലിയ ശബ്ദത്തിൽ അതിലേക്ക് മൂക്കു ചീറ്റി തുടച്ചു.
സ്ത്രീയെ നെഞ്ചത്തോട്ട് ചായിച്ച് അവരുടെ തലമുടി മേരി തലോടിക്കൊടുത്തു. അധികം താമസമില്ലാതെ അപരിചിതമായ ഈറൻഗന്ധം അവരെ വന്നു വിളിച്ചു. സോളമൻ വീണ്ടും ടോർച്ച് തെളിയിച്ചു. കുപ്പായത്തിനുള്ളിൽ കയ്യിട്ട് ഗുഹ്യഭാഗത്ത് ചൊറിഞ്ഞു കൊണ്ടൊരാൾ അവരെ നോക്കി ചിരിച്ചു നിൽപ്പുണ്ടായിരുന്നു. ഈർപ്പത്തിന്റെ കുത്തുന്ന മണം അവിടെ കടന്നു വന്നു. പുസ്തകങ്ങൾക്ക് മുകളിൽ അയാളിരുന്നു.
""ദാരിദ്യം മൂലം മഴക്കാലം മുഴുവൻ നനഞ്ഞ അടിവസ്ത്രങ്ങൾ ധരിക്കേണ്ടി വന്നതിനാൽ തുടയിടുക്കുകളിൽ ഫംഗസ് രോഗം ബാധിച്ചയാളാണ് ഞാൻ. ഞാനാരെന്ന് കൃത്യമായി എനിക്കറിയില്ലയെങ്കിലും ഈ സ്ത്രീയുടെ ദു:ഖത്തിനു കാരണക്കാരൻ ഞാൻ തന്നെ എന്ന് ഉറപ്പുണ്ട്. എന്നെ ഇവർക്കറിയില്ല. ഇവർക്കെന്നല്ല ആർക്കും. ഞാനാരുമല്ല. ഒന്നുമല്ല. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ പോലും എന്നെ ഓർത്തിട്ടില്ല. ഞാനീ പുസ്തകത്തിലെ അപ്രസക്ത വാക്കുകളിൽ ഒളിച്ചിരിപ്പായിരുന്നു. കാണാൻ കഴിയാത്ത വിധം, കൂടെ ഉണ്ടെങ്കിലും വേർത്തിരിച്ചറിയാനാകാത്ത വണ്ണം ആ പുസ്തകത്തിൽ ലയിച്ചു കൊണ്ട്. അനാവശ്യമായി തിരുകി കയറ്റിയ പ്രകൃതിവർണ്ണനകൾ പോലെ പുസ്തകത്തിൽ എന്റെ സാന്നിദ്ധ്യം അദൃശ്യമാണ്. അതിലെ ഒരു വെയിലും എന്നെ ഉണക്കിയില്ല. ഒരു ക്രീമും എന്റെ ചൊറിച്ചിൽ കുറച്ചില്ല, ഒരു മരുന്നും മുറിവ് ഭേദമാക്കിയില്ല. കുറ്റബോധം കൊണ്ട് നീറി ഈ വർഷങ്ങളൊക്കേയും കാത്തിരിക്കുകയായിരുന്നു. ഗുഹ്യഭാഗം ചൊറിയുവാനെടുത്ത രണ്ട് നിമിഷത്തിന്റെ അശ്രദ്ധയാണ് ആ കുരുന്നിന്റെ ജീവനെടുത്തത്. ചൊറിച്ചിലിന്റെ സുഖത്തിൽ മുഴുകിയതിനു എത്ര വലിയ ദുഖം അവർ അനുഭവിക്കേണ്ടി വന്നു?''
അയാൾ ചൊറിഞ്ഞു കൊണ്ടിരിക്കെത്തന്നെ സ്ത്രീക്കു മുൻപിൽ മുട്ടുകുത്തി തലകുനിച്ചു മാപ്പിരന്നു. സാരമില്ല വിഷമിക്കണ്ട എന്നെല്ലാം സ്ത്രീ അയാളെ ആശ്വസിപ്പിച്ചു. അപ്പോൾ എവിടെ നിന്നല്ലാതെ തണുത്ത കാറ്റു വീശി. അടഞ്ഞു കിടക്കുന്ന ജനാലകളെ അവർ നോക്കി. ശീതക്കാറ്റിൽ ഏവരും തണുത്തു വിറച്ചു. ലൈബ്രറിക്കുള്ളിൽ മഞ്ഞു കണങ്ങൾ പൊഴിഞ്ഞു തുടങ്ങി. മെയിൻ സ്വിച്ച് പ്രത്യേകം മറ്റൊരു മുറിയിൽ ആയിരുന്നതിനാൽ സ്വിച്ചമർത്തിയിട്ടും വെളിച്ചം വന്നില്ല.
""ഇത് എന്റെ പുസ്തകത്തിൽ നിന്നുമാണ്'' സ്ത്രീ അറിയിച്ചു
""എന്ത്?''
""ഈ മഞ്ഞു കാലം. എന്റെ മകൾ മരണപ്പെട്ട അതേ കാലം'' ചൊറിയുന്നവന്റെ നനവുള്ള ഗുഹ്യഭാഗത്ത് മഞ്ഞുതരികൾ പറ്റിപ്പിടിച്ചിരുന്നു. അയാൾ ചൊറിച്ചിൽ ഒരു കണ്ണടച്ച് ആസ്വദിച്ചു. അയാളുടെ ഓരോ ചൊറിച്ചിലും കാലുകൾക്കിടയിൽ നിന്നും മഞ്ഞ് ഉത്പാദിപ്പിച്ചു കൊണ്ടിരുന്നു. അയാൾക്ക് ചുറ്റും അത് കുന്നു കൂടി പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിച്ചു. മഞ്ഞ് ഖനനം ചെയ്യുന്ന യന്ത്രം പോലെ അയാളിൽ ഹിമം പൊടിച്ചു വന്നു.
""എന്താണ് നിങ്ങളിൽ നിന്നും മഞ്ഞ് പൊടിച്ചു വരുന്നത്?''
സോളമനു സംശയം തോന്നി.
""എന്തെന്നെനിക്കറിയില്ല. ഓർമ വച്ച കാലം മുതൽക്കേ ഇതെന്നിൽ ഉണ്ട്. ഞാൻ നിർമ്മിച്ച മഞ്ഞുപാളിയിൽ തെന്നിയ ഒരു വാഹനത്തിന്റെ സഹായത്താലാണ് മരണം ഇവരുടെ കുഞ്ഞിനെ കവർന്നത്. നിങ്ങൾ ഇണചേരുന്നതിനിടെ ചരിഞ്ഞു വീണ പുസ്തകത്തിൽ നിന്നും ആ സ്ത്രീക്കൊപ്പം തെറിച്ച് വീണതാണ് ഞാനും. എന്റെ ഐസുകട്ടകൾക്കടിയിലൂടെ മീനുകൾ നീന്തുന്നുണ്ട്. ഉള്ളിൽ ചെറുമീനുകളെ വിഴുങ്ങുവാൻ കുതിക്കുന്നതിനിടെ ഉറഞ്ഞു പോയ മുതലയുണ്ട്. വീടില്ലാതെ ചാരുബഞ്ചുകളിൽ കിടന്നുറങ്ങുന്നവരെ നിഷ്‌കരുണം വകവരുത്തുന്നതാണ് ഇഷ്ട വിനോദം. ഭൂമിയിലെ ഏറ്റവും നല്ല ശീതീകരണ സൗകര്യം എന്റേതാണ്. നൂറ്റാണ്ടുകളായി ആയിരക്കണക്കിനു മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നുണ്ട്. പക്ഷെ ഈ നനവ്. എത്ര പൊത്തിപ്പിടിച്ചിട്ടും മഞ്ഞു കട്ട വച്ചിട്ടും തലേദിവസം അയയിൽ വിരിച്ച വസ്ത്രങ്ങളിൽ ഇറ്റു വീഴും മഞ്ഞുത്തുള്ളികൾ പോലെ എന്നെ കുതിർത്തുന്നു.'' കുടിച്ച മദ്യവും വലിച്ച ലഹരിയും തളർത്തിയ രതിയും തലക്ക് പിടിച്ചെന്ന് സോളമനുറപ്പായി. രണ്ടു കഥാപാത്രങ്ങൾക്കും തിരിച്ചു പോകുവാനായി അവരുടെ പുസ്തകം കണ്ടുപിടിക്കേണ്ടതുണ്ടെന്ന് മേരി അറിയിച്ചു. അത് തിരയുവാൻ അയാളും അവർക്കൊപ്പം കൂടി.
തണുപ്പ് കൂടിയതോടെ വസ്ത്രങ്ങളണിഞ്ഞ് മേരി കൈകൾ പുസ്തകങ്ങൾക്കുള്ളിൽ ഒളിപ്പിച്ചു. മഞ്ഞു വീണ് ലൈബ്രറിയുടെ നിലം മൂടിപ്പോയി. പുസ്തകങ്ങൾ അടുക്കി അതിന്മേൽ കാൽ കയറ്റി വച്ച് മൂന്നു പേരും ആ അവസ്ഥയെ പ്രതിരോധിക്കുവാൻ ശ്രമിച്ചു. എന്നാൽ തണുപ്പ് അദൃശ്യമായ മുനകളാൽ അവരുടെ മാംസത്തെ കീറി മുറിച്ച് എല്ലുകളിൽ പിടിമുറുക്കി. നാലാമനു തണുപ്പൊരു പ്രശ്‌നമായി തോന്നിയില്ല. കഥാപാത്രങ്ങൾക്ക് കാലാവസ്ഥ ചിരപരിചിതമായതിനാൽ അവർ കൈകൾ കൂട്ടിത്തിരുമിയും ശ്വാസം ഊതിയും ശരീരം ചൂടുപിടിപ്പിക്കുവാൻ തുടങ്ങി. ▮
(തുടരും)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.