സോളമന്റെ നഗരത്തിൽ, ആളുകൾ കൂട്ടമായി താമസിക്കുന്ന കെട്ടിടങ്ങളിലെ ഏറ്റവും അവസാന നിലയിൽ ജലസംഭരണികൾ, അലക്കുയന്ത്രങ്ങൾ, വസ്ത്രങ്ങൾ വിരിച്ചിടുന്ന അയകൾ, ഡിഷ് ആന്റിനകൾ, മൊബൈയിൽ ടവറുകൾ എന്നിവക്കിടയിലായിരുന്നു പുകവലിക്കുന്നവരുടെ ഒളിത്താവളം സ്ഥിതി ചെയ്തിരുന്നത്. മേരിയെ കണ്ടുമുട്ടുന്നതിനു മുൻപ് സോളമൻ കഴിഞ്ഞിരുന്ന കെട്ടിടത്തിലെ അലക്കുയന്ത്രം കേടുവന്നതിനാൽ മുകളിലത്തെ മേൽത്തളത്തിൽ നിന്നും കവച്ചു വച്ചാലോ ഓടിയൊന്നു കുതിച്ചാലോ എത്താവുന്ന തൊട്ടപ്പുറത്തെ മട്ടുപ്പാവിലേക്ക് രാത്രിയിൽ ചാടിക്കടന്ന് വസ്ത്രങ്ങളെല്ലാം അലക്കുയന്ത്രത്തിൽ വൃത്തിയാക്കി, തിരിച്ചു ചാടി അയയിൽ വിരിച്ചിട്ട് തിരിച്ചു വന്നുറങ്ങുക ശീലമാക്കിയിരുന്നു സോളമൻ. ആ കെട്ടിടത്തിലേക്കാണ് മേരി താമസം മാറി വന്നെത്തിയത്. പാതിരാത്രിയിൽ എഴുന്നേൽക്കുന്നതിനു അലാറമായി ദു:സ്വപ്നങ്ങളെ തയ്യാറാക്കി വച്ചിരുന്ന സോളമൻ അന്ന് മൂന്നു മണിക്ക് സ്വപ്നത്തിൽ കണ്ടത് വസ്ത്രങ്ങളലക്കുന്നതിനായി അടുത്ത കെട്ടിടത്തിലേക്ക് ചാടുന്നതിനായുന്ന തന്നെത്തന്നെയാണ്. അതേ സമയം തൊട്ടപ്പുറത്തെ കെട്ടിടത്തിൽ കിടന്ന് മേരി കണ്ടതാകട്ടെ പുകവലിക്കുന്നതിനായി താൻ ഗോവണികളേറുന്ന സ്വപ്നവും. സോളമൻ കെട്ടിടങ്ങൾക്കിടയിലെ ദൂരം അളന്നു കൊണ്ടിരിക്കെ അവ അകന്നകന്നു പോയി. മേരി കോണിപ്പടികൾക്കിടയിലൂടെ എത്രയെത്ര നടന്നിട്ടും പടവുകൾ തീരാതായി. സോളമൻ വസ്ത്രങ്ങളുടെ കെട്ട് അപ്പുറത്തെ കെട്ടിടത്തിലേക്ക് തട്ടി. മേരി മുകളിലൊരു വാതിൽ കണ്ടു. എന്തും വരട്ടെയെന്നു കരുതി സോളമൻ പിറകിലേക്ക് നടന്നു തിരിഞ്ഞു നിന്ന് ഓടി വന്നു ചാടി. മേരി കുതിച്ചുയർന്ന് വാതിലിൽ തുറന്നു.
മോരു കലക്കി ഉരുണ്ടു വന്ന വെണ്ണ പോലെ ചന്ദ്രൻ മഞ്ഞച്ചു. അതിനെ മൂടുന്ന പത പോലെ മേഘങ്ങൾ ആ വഴി പാഞ്ഞു. രണ്ട് സ്വപ്നങ്ങളും കൂട്ടിമുട്ടി. മുൻപിൽ വന്നുവീണ യുവാവിനെ കാണുവാൻ കഴിയാത്തത്ര ഇരുട്ട്, അവരുടെ രാത്രിയിലേക്ക് കുതിച്ചു. തന്റെ സ്വപ്നത്തിന്റെ വാതിൽ തുറന്ന് വന്ന പെൺകുട്ടിയെ സോളമനത്ര രസിച്ചില്ല. അയാൾ വസ്ത്രങ്ങളെടുത്ത് അലക്കുകാരത്തിനൊപ്പം യന്ത്രത്തിലിട്ടു. അതിനുള്ളിൽ മേരി കയ്യിലിരുന്ന സിഗററ്റ് കത്തിച്ച് ആദ്യത്തെ പുകയൂതി. സിഗററ്റിൻ തുമ്പിലെ ചുവന്ന പൊട്ടിൽ മേരിയുടെ ചുണ്ടിന്റെ ഒരു മുനമ്പാകൃതി കാണെ അയാൾ സ്വപ്നത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. മേരിയൂതിയ പുകയിഴ മുഖത്ത് തട്ടിയപ്പോൾ അയാൾ മുഖം ചുളിച്ചു. അലക്കുയന്ത്രത്തിന്റെ മിന്നാമിന്നി വെളിച്ചം ആരാണെന്ന് സോളമനോട് ചോദിക്കുവാൻ ആഞ്ഞപ്പോൾ മേരിയും സ്വപ്നത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. സോളമൻ ഉണർന്നെഴുന്നേറ്റ് പതിവു പോലെ വസ്ത്രങ്ങളുമെടുത്ത് ഏറ്റവും മുകളിലേക്ക് പടികൾ കയറി. മേരി സിഗററ്റ് പാക്കറ്റും ലൈറ്ററുമെടുത്ത് പടികൾ കയറി. ഒരേ ഇടത്തിൽ ഒരേ സമയം രണ്ടു കാഴ്ചകളുടെ മട്ടുപ്പാവിൽ ആരേയും കാണാതെ അവർ തിരികെപ്പോയി. കാഴ്ചയുടെ രണ്ടു പാളികൾ പരസ്പരം തൊടാതെ അവരെ കടന്നു പോയി. ഒരു പാളിയിൽ സിഗരറ്റ് വലിച്ച് മേരി സോളമനെ കാത്തു നിന്നു. മറ്റൊരു പാളിയിൽ വസ്ത്രങ്ങൾ അലക്കുയന്ത്രത്തിൽ തിരുകി സോളമൻ മേരിയെ കാത്തു നിന്നു. അതിനു ശേഷം മൂന്നു മണിയുടെ സ്വപ്നങ്ങളിൽ അവർ പരസ്പരം കണ്ടുമുട്ടി തുടങ്ങി. കാപ്പിക്കടയിൽ വച്ച്, തട്ടുമുകളുള്ള ബസിൽ വച്ച്, ആകാശത്ത് പറന്നു നടക്കുന്നതിനിടയിൽ, ആന ഓടിപ്പിക്കുന്നതിനിടയിൽ, ട്രയിൻ സ്റ്റേഷനിൽ വച്ച്, അതിരാവിലെകളിലെ നടത്തത്തിൽ, ലിഫ്റ്റിനുള്ളിൽ തുടങ്ങിയ അയാളുടെ സ്വപ്നത്തിലേക്ക് അവളും; കുട്ടിക്കാലങ്ങളിൽ, ഉയരത്തിൽ നിന്നുള്ള വീഴ്ച്ചയിൽ, ഫ്ലൈ ഓവറിനു കീഴിൽ, സീബ്രാ ലൈനിൽ, ട്രാഫിക് ബ്ലോക്കിൽ, പാനിപ്പൂരി കടകളിൽ, ഫോൺ റീചാർജ്ജ് കടകളിൽ തുടങ്ങിയ അവളുടെ സ്വപ്നത്തിലേക്ക് അയാളും ഓടിക്കയറിക്കൊണ്ടിരുന്നു. പതിയെ പതിയെ അവരിരുവരും പരസ്പരം ശ്രദ്ധിക്കാൻ സമയമില്ലാത്ത മനുഷ്യരെപ്പോലെ സ്വപ്നത്തിലെ തിരക്കിൽപ്പെട്ട് ഒഴുകി.
""ദാ ആ കയറ്റം കൂടെ കയറിയാൽ നിങ്ങളന്വേഷിച്ച നാട്ടിലെത്തും.'' സോളമൻ ബാഗ് മേശമേൽ ചാരും വിധം വച്ചു. ബാഗിനുള്ളിലെ എല്ലാവരും കുലുങ്ങിത്തെറിച്ചു വീണു. തോളെല്ലുകൾ വേദനിക്കുന്നുണ്ടായിരുന്നുവെങ്കിലും അയാളതറിഞ്ഞില്ല. കൊണ്ടു വച്ച ചായ ഇഷ്ടമല്ലാഞ്ഞിട്ടും ക്ഷീണം മൂലം സ്വാദോടെ കുടിച്ചു.
""എവിടെ നിന്നാ? ആരെ കാണാനാ?'' സോളമൻ മറുപടി പറയാതെ ചായ മുഴുവനും കുടിച്ച് പണം നൽകി ബാഗുമെടുത്ത് ഇറങ്ങി. ഓരങ്ങൾ ചേർന്ന് വളർന്ന മരങ്ങളുടെ തണലുകളിൽ മുഖമൊളിപ്പിച്ച് സോളമൻ കുന്നു കയറി. ആലീസിൽ കാലു കുത്തേണ്ട സമയം മേരിയെത്തേടി വന്ന ആൺപ്രജയെ ആലീസും അപ്പാപ്പനും ഉണങ്ങിയ റബർ ഇലകൾ വിതറി സ്വാഗതം ചെയ്തു. അതിനുള്ളിൽ ഒളിച്ച് കഴിഞ്ഞിരുന്ന അണലിക്കുഞ്ഞുങ്ങൾ റബർ തോട്ടങ്ങളിലെ കല്ലുംകൂട്ടങ്ങളിലേക്ക് ചിതറിയോടി. വെയിൽത്തട്ടാതിരിക്കുവാൻ ആലീസ് തേക്കിന്റെ ഇലകൾ വച്ച് സൂര്യനെ മറച്ചു. മുൻപോട്ടുള്ള വഴി കണ്ടെത്താനാകാതെ വിഷമിക്കയായിരുന്ന സോളമനു അകലെ നിന്നും കേൾക്കുകയായിരുന്ന വയലിൻ സംഗീതത്തിന്റെ നൂല് ആലീസ് ഇട്ടു കൊടുത്തു. അതിൽ പിടിച്ച് പതിയെപ്പതിയെ അയാൾ നടന്നു നീങ്ങി.
കണ്ടുമുട്ടലിന്റെ ഓർമ്മ തന്റെ കഥ തുടർന്നു.
നൂലുകളുടെ താളത്തിൽ പാവകൾ ആടി. യുദ്ധം ചെയ്യുന്നതും ഉമ്മ വയ്ക്കുന്നതുമായ പാവകൾ തങ്ങളുടെ ചലനങ്ങളിലൂടെ യജമാനരെ നിയന്ത്രിക്കുന്നത് സോളമൻ നോക്കി നിന്നു. കൂട്ടം കൂടിയ ജനങ്ങളെ സംബന്ധിച്ച് പാവക്കൂത്ത് നടത്തിയിരുന്നത് കലഹിച്ചും പരസ്പരം പോരടിച്ചും വിവാഹജീവിതം മടുത്ത ദമ്പതികളായിരുന്നു. ഇന്നലെ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടം മേശയിൽ നിന്നും പെറുക്കാതിരുന്നതിനെ കേന്ദ്രീകരിച്ച് പിരിയുവാൻ പോകുന്നവരുടെ കഥ അവതരിപ്പിക്കുകയായിരുന്നു പാവകളപ്പോൾ.
""പറഞ്ഞു മടുത്തു, ഇന്നലെ താഴെക്കളഞ്ഞ ആഹാരം എന്തേ എടുത്ത് കളയാഞ്ഞൂ?'' പല്ലിറുമ്മിക്കൊണ്ടും കണ്ണു തുറുപ്പിച്ചു കൊണ്ട് ഭാര്യ ഭർത്താവിനോട് ചോദിക്കുന്നു.
""സൗകര്യമുണ്ടായില്ല'' ഭർത്താവിന്റെ മുഖം പുച്ഛത്തിൽ കോടി
""സൗകര്യം ഉണ്ടാകുമ്പോൾ എടുത്തു കള. അതവിടെത്തന്നെ കിടപ്പുണ്ട്''
""പൂത്തു പോകുന്നതു വരെ കറികൾ ഫ്രിഡ്ജിൽ വയ്ക്കുന്നവർ തന്നെ അതെടുത്ത് വച്ചോളൂ''
""ഞാൻ നിങ്ങളുടെ വേലക്കാരിയല്ല'.
ഭർത്താവിന്റെയും ഭാര്യയുടേയും കൈകൾ ദേഷ്യം വന്നു വിറച്ചു. പ്രേമത്തിൽ മുങ്ങിയ രാജകുമാരിയുടേയും യോദ്ധാവിന്റേയും പാവക്കൂത്ത് നടത്തുകയായിരുന്നു ദമ്പതികൾ. രാത്രി നടത്തിയ വാളുവീശലിന്റെ ക്ഷീണത്തിൽ പൂന്തോട്ടം സന്ദർശിക്കുന്നതിനിടെ ഉറങ്ങിപ്പോയ രാജകുമാരിക്കുമേൽ ചെടികൾ മൂടിപ്പോകുകയും പാവാടയിലെ പുള്ളിക്കുത്തുകൾ പോലെ പൂവുകൾ പറ്റിപ്പിടിക്കുകയും പുൽച്ചാടികളും ഒച്ചുകളും പൂമ്പാറ്റകളും അതിനുമേൽ സഞ്ചരിക്കുകയും ചെയ്തു കൊണ്ടിരിക്കേ ആ വഴി വന്ന യോദ്ധാവ് കുന്നു കൂടിയവയെ ഓരോന്നായി പെറുക്കി കളയുകയായിരുന്നു. ദേഷ്യം കൊണ്ട് വിറക്കുന്ന ദമ്പതികളുടെ കൈകളുടെ ചലനം മൂലം യോദ്ധാവ് രാജകുമാരിയുടെ കൈകളിൽ ചുംബിച്ചു കൊണ്ടിരുന്നു. തങ്ങൾ ചുംബിക്കുന്ന സമയം മനുഷ്യർ ദേഷ്യപ്പെടുന്നത് നോക്കി പാവകൾക്ക് കൗതുകം. തങ്ങളുടെ വെറുപ്പിനാൽ പാവകൾ സ്നേഹിക്കുന്നതു കണ്ട ദമ്പതികൾക്ക് കൗതുകം. വെറുപ്പിനും സ്നേഹത്തിനും ഇടയിൽ നിർമ്മിക്കപ്പെട്ട സുതാര്യമായ ഒരു മതിൽ കാലം പോലെ നില കൊണ്ടു. പാവകൾ മനുഷ്യക്കൂത്ത് തുടർന്നു. ദമ്പതികൾ പാവക്കൂത്തും തുടർന്നു. പാവകളിയിലെ കയ്യനക്കങ്ങളിലൂടെ ദമ്പതികൾ പരസ്പരം വെറുത്തും ചില സമയം സ്നേഹിച്ചും വീട്ടിൽ ചെന്നിട്ട് വയ്ക്കേണ്ട ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് തല്ലു പിടിച്ചും കഴുകേണ്ട വസ്ത്രങ്ങളെക്കുറിച്ച് ആവലാതിപ്പെട്ടും സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പേരിൽ ആശങ്കപ്പെട്ടും പാവകളുടെ നിർദ്ദേശാനുസരണം ജീവിതം ജീവിച്ച് തീർത്തു കൊണ്ടിരിക്കുന്നത് ശ്രദ്ധിക്കവേ സ്വപ്നത്തിൽ ഇടക്കിടെ വന്നുകയറുമായിരുന്ന പെൺകുട്ടി/ആൺകുട്ടി ജനക്കൂട്ടത്തിനുള്ളിൽ ഉള്ളതായി തോന്നിയ സമയം സോളമനും മേരിയും തങ്ങൾ സ്വപ്നത്തിലാണോ എന്ന സംശയത്തിൽ ഇടയ്ക്കിടെ കണ്ണു ചിമ്മിക്കൊണ്ടിരുന്നു. കാലം അവരുടെ മേൽ പാവകളി നടത്തിക്കൊണ്ടിരിക്കുന്നത് മിക്കവരും അറിഞ്ഞില്ല. ദമ്പതിമാരെ നിയന്ത്രിച്ചു കൊണ്ടിരുന്ന പാവകൾ സോളമനിലും മേരിയിലും ചുറ്റപ്പെട്ട അദൃശ്യ നൂലുകളെ കണ്ട് അടുത്ത കളിക്ക് ഇതു പോലൊന്ന് മതിയാവുമെന്ന് തീരുമാനമെടുത്തു. പാവക്കൂത്ത് അവസാനിക്കുവാൻ നിൽക്കാതെ മേരിയും സോളമനും രണ്ടു വഴിക്കായി നീങ്ങി.
സംഗീതത്തിന്റെ നൂലു അഴിഞ്ഞു കിടന്ന വഴികളിലൂടെ സോളമൻ നടന്നു ചെന്നു. ചില സമയം ആട്ടുപാലത്തിലൂടെയെന്ന പോൽ അയാൾ ഇളകി. അയാളെ നിരീക്ഷിച്ചു കൊണ്ട് ആലീസും അപ്പാപ്പനും കുന്നിന്റെ മുനമ്പിൽ നിന്നു. വഴി തെറ്റി കാട്ടിലെത്തിയ ഒരു ആട്ടിൻ കുട്ടി അവരെക്കണ്ട് വലിയ ശബ്ദത്തിൽ നിലവിളിച്ചു. അപ്പാപ്പൻ ആ ആടിനെ അതിന്റെ സ്വന്തം വീട്ടിലേക്ക് ആട്ടിപ്പായിച്ചു. ആലീസിന്റെ വയറ്റിൽ ഉറങ്ങുകയായിരുന്ന മരണത്തിന്റെ സന്തതി ഒന്നനങ്ങി. വേനലിനെ പൊരുതാൻ നിർമ്മിച്ച മഴക്കുഴികളിൽ അപ്പോൾ ഓളങ്ങളുയർന്നു. ഓക്സിജനു വേണ്ടി മേൽചുണ്ട് ജലത്തിനു മുകളിലാക്കി നുണഞ്ഞു കൊണ്ടിരുന്ന ഒരു കൂട്ടം പരലുമീനുകൾ ആ ഒരു നിമിഷത്തിൽ ജലത്തിനുള്ളിലേക്ക് ഊളിയിട്ടു. മുൻപോട്ട് പോകും തോറും കനം കൂടി വരുന്ന സംഗീതത്തിന്റെ നൂൽ സോളമനു കേട്ടു തുടങ്ങി. എട്ടുകാലി നൂത്ത പശിമയാർന്ന നൂൽ ഇടയ്ക്ക് അയാളെ വഴി തെറ്റിക്കുവാൻ നോക്കി. അയാൾ ഇടവഴികൾ പിന്നിട്ടപ്പോൾ ദൂരെയൊരു വീട് കാണുവാനായി.
ഓർമ്മ തുടർന്നു. വീടുകൾക്ക് മുകളിൽ നിന്നും പട്ടം പറത്തുന്ന ഉത്സവത്തിൽ മേരിക്കോ സോളമനോ താൽപ്പര്യമുണ്ടായിട്ടല്ല, പൊട്ടി വീഴും പട്ടങ്ങളെ ശേഖരിക്കാനാായി ഓടിവരുന്ന കുട്ടികളുടെ ആവേശത്തെ നോക്കി കാണുവാൻ ഇരുവരും ഇഷ്ടപ്പെട്ടിരുന്നു. തെളിഞ്ഞ നീല ആകാശത്ത് പട്ടങ്ങൾ കുട്ടികളെപ്പോലെ ഉത്സാഹിച്ച് കളിച്ചു. തുമ്പികളെപ്പോലെ ഉയർന്നു. സൂര്യനെ വകവയ്ക്കാതെ മുതിർന്നവരും പട്ടങ്ങളെ കാറ്റിനനുസരിച്ച് ആകാശത്തിൽ പറത്തി. അവയെക്കണ്ട് പക്ഷികൾ വഴി മാറി പറന്നു. പരുന്തുകൾ ദൂരെ നിന്നും കുതിച്ചു. ചില്ലു പുരട്ടിയ നൂലിൽ മുറിഞ്ഞ ഒരു ബഹുവർണ്ണ പട്ടം കെട്ടിടങ്ങളെ ലാക്കാക്കി പൊഴിഞ്ഞു. അതിനു പിറകെ കുട്ടികളോടി. ആകാശത്തു നിന്നും സൂര്യൻ കൈ നീട്ടി, ഒളിച്ചിരുന്ന നക്ഷത്രങ്ങൾ കൈ നീട്ടി, മേഘങ്ങൾ പായ വിരിച്ചു. അതൊന്നും സ്വീകരിക്കാതെ പട്ടം പതിയെ താഴേക്ക് സഞ്ചരിച്ചു. താഴെ കുട്ടികൾ അതിനനുസരിച്ച് പായുന്ന ഇടവഴികൾ മാറ്റിക്കൊണ്ടിരുന്നു. മേരി സ്വന്തം ബ്രഷ് പട്ടമാക്കി പറത്തി വിട്ടു. അത് മേഘങ്ങളിൽ ചിത്രകല നടത്തി ജീവികളെ അതിൽ നിന്നും ഭൂമിയിലേക്ക് തുറന്നു വിട്ടു. സോളമൻ തന്റെ ജലച്ചായങ്ങൾ പട്ടമാക്കി പറത്തി. നിറങ്ങൾ തീർന്നു പോയ മേരിയുടെ പട്ടം സോളമന്റെ പട്ടത്തിലെ ചായങ്ങളെ കലർത്തി പുതിയ ജീവികളെ മേഘങ്ങളിൽ വരച്ചു കൊണ്ടിരുന്നു. പരസ്പരമുള്ള സമ്പർക്കം മൂലം മേരിയുടേയും സോളമന്റേയും പട്ടങ്ങൾ ഇഴകൾ നെയ്തു. കെട്ടുപിണഞ്ഞ നൂലുകൾ അവർ ഇളക്കി നോക്കി. അതിന്റെ രണ്ടറ്റങ്ങളിൽ അവർ പരുത്തിത്തുണി ഫാക്ടറിയിലെ നെയ്ത്ത് തൊഴിലാളികളെപ്പോലെ കൈകൾ ചലിപ്പിച്ചു. പാവക്കൂത്തുകാർ പട്ടം പറപ്പിക്കുന്നവർ. നെയ്ത്തുകാർ അവരുടെ പിതൃക്കൾ.
പ്രാചീനമായ വഴിയുടെ അറ്റത്ത് മരം കൊണ്ടുണ്ടാക്കിയ ഗേറ്റിൽ നിന്നും വ്യക്തമായി കേൾക്കാം വയലിൻ സംഗീതം. സോളമൻ കാത്തു നിൽക്കാതെ ഗേറ്റ് തുറന്ന് കടന്നു. വീടിനു പിറകിലായി പടത്തലവനു പിറകിലെ സൈന്യം പോലെ തോട്ടത്തിലെ മരങ്ങൾ നിന്നിരുന്നത് അയാൾ ശ്രദ്ധിച്ചു. വാതിലിൽ മുട്ടിയപ്പോഴും വയലിൻ സംഗീതം ഇടതടവില്ലാതെ തന്നെ ഒഴുകിക്കൊണ്ടിരുന്നു. കുറച്ചു നിമിഷങ്ങൾക്കകം വാതിൽ തുറക്കപ്പെട്ടു. പട്ടുനൂൽപ്പുഴുക്കൾ തലയിൽ ഇരിക്കുന്ന പോലെ അവിടവിടെ നര കയറിയ ഒരു സ്ത്രീ പുറത്തു വന്നു. അന്നമ്മേച്ചിയമ്മ. സോളമൻ മനസിൽ പറഞ്ഞു. വാതിൽ തുറന്ന് അന്നമ്മേച്ചിയമ്മ വീടിനപ്പുറമുള്ള മൾബറിത്തോട്ടത്തിലേക്ക് കണ്ണുകൾ അയച്ചു. സോളമൻ അങ്ങോട്ടേക്ക് നടന്നു. കാലടി ശബ്ദം കേട്ടിട്ടോ അണ്ണാന്മാർ ചിലച്ചിട്ടോ കിളികൾ പറന്നിട്ടോ വയലിൻ സംഗീതം നിശ്ചലമായി. എന്നാലതിന്റെ അലയൊലികൾ അപ്പോഴും സോളമന്റെ കാതിൽ വീണുകൊണ്ടിരുന്നു. സോളമൻ കഴുത്ത് നീട്ടി മൾബറിയിലകൾക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് നോക്കി. ആലീസ് ഇലകളൊതുക്കി സോളമന്റെ കാഴ്ച്ചക്ക് വഴിയൊരുക്കി.
കണ്ടുമുട്ടലിന്റെ ഓർമ്മ തുടർന്നു.
കാഴ്ച്ചയിൽ അലിഞ്ഞു പോയ പട്ടങ്ങളവർ തിരിച്ച് വലിച്ചു. പൊട്ടിപ്പോയെക്കാവുന്ന യാദൃച്ഛികത അവർക്കിടയിൽ നിലവിൽ വന്നു. നൂലുകളവരെ നിലനിർത്തി. മട്ടുപ്പാവുകളിലെ ആൾക്കൂട്ടങ്ങൾക്കിടയിൽ രണ്ട് നൂലുകളുടെ അറ്റങ്ങൾ വിരലുകളിൽ ചുറ്റിയവർ പരസ്പരം കണ്ടെത്തുവാൻ ശ്രമിക്കുന്നതിനിടെ, തെളിഞ്ഞ ആകാശത്തു നിന്നും ഒരു മിന്നൽ പരസ്പരം കോർത്ത പട്ടങ്ങളിലൂടെ ഭൂമിയിലേക്കിറങ്ങുവാൻ ശ്രമിക്കുന്നതിനിടെ, സോളമനും മേരിയും നൂലിനറ്റങ്ങളിൽ നിന്നും തെറിച്ചു.
നൂലിനറ്റത്തെ സംഗീതോപകരണവുമായി നിൽക്കുന്നവളെക്കണ്ടപ്പോൾ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തന്നെ വിട്ടു പോയ സ്വപ്നങ്ങൾ തിരികെ വന്നതായി മാത്രമേ സോളമനു തോന്നിയുള്ളൂ. ചുറ്റിലുമുള്ള പൂക്കളുടെ ആയിരം കണ്ണുകളാൽ സോളമൻ മേരിയെ നോക്കി. മരങ്ങളിലെ ഇലകളുടെ അത്രയും ക്ഷതങ്ങളാൽ മേരിയത് ഏറ്റുവാങ്ങി. അയാൾ കണ്ണുകൾ വീണ്ടും തിരുമ്മി ഉറക്കമുണരുവാൻ ശ്രമിച്ചു. കൈകളിൽ പിച്ചി. ചെവിയിൽ നുള്ളി. വയറിൽ ഇക്കിളിയിട്ടു. സ്വപ്നമല്ലെന്ന് കരുതി പെയ്തു തുടങ്ങിയ മഴത്തുള്ളികളെ വകഞ്ഞു മേരിക്കരികിലേക്ക് നടന്നു. മഴയിലൊട്ടിയ വസ്ത്രങ്ങൾക്കു മീതെ മേരിയുടെ വയറിൽ ഒരു നിമിഷത്തേക്ക് പ്രത്യക്ഷപ്പെട്ട കാൽ വിരലുകളുടെ മൊട്ടുകൾ കണ്ട് സോളമൻ കാലുകളിടറി വീണു പോയി.
ഓർമ്മ സംസാരം നിർത്തിയില്ല.
മഴത്തുള്ളികൾ വന്നു വീഴുന്ന ജനലരികിലിരുന്ന് രൂപങ്ങൾ വരച്ചും മായ്ച്ചും കൊണ്ടിരിക്കവേ, മേരി അരിഞ്ഞു വച്ച ഉരുളക്കിഴങ്ങു കഷ്ണങ്ങൾ മുറിച്ചിട്ട വിരലുകളോട് ഉപമിക്കവേ, സോളമൻ കുളിമുറിയിലെ ആവി തട്ടിയ കണ്ണാടിയിൽ രൂപങ്ങളെ വരയ്ക്കുകയും മായ്ക്കുകയും ചെയ്തു. പിന്നീടൊരു തോന്നലിൽ തോർത്തുടുത്ത് പുറത്തേക്കുള്ള ജനൽ തുറന്നു. മഴക്കിടയിലൂടെ അപ്പുറത്തെ കെട്ടിടത്തിലെ ജനൽ കണ്ടു. അതിൽ മാഞ്ഞു മാഞ്ഞു തെളിയുന്ന രൂപങ്ങളും വിരലുകളും കണ്ടു. മേരി തന്റെ ഓർമ്മകളിൽ നിന്നും ആലീസ് വരക്കുകയായിരുന്നു. മരങ്ങളെ വരച്ച് മായ്ച്ച് വഴികളെ വരച്ച് മായ്ച്ച് കുന്നുകളെ വരച്ച് മായ്ച്ച് വീടിനെ വരച്ച് മായ്ച്ച് മനുഷ്യരെ വരച്ച് മായ്ച്ച് തൊരപ്പന്മാരെ വരച്ച് മായ്ച്ച് പൂച്ചകളെ വരച്ച് മായ്ച്ച് പശുക്കളെ വരച്ച് മായ്ച്ച് പൂക്കളെ വരച്ച് മായ്ച്ച് പുഴുക്കളെ വരച്ച് മായ്ച്ച് ഈച്ചകളെ വരച്ച് മായ്ച്ച് കുളങ്ങളെ വരച്ച് മായ്ച്ച് കിണറുകളെ വരച്ച് മായ്ച്ച് കുട്ടികളെ വരച്ച് മായ്ച്ച് പുഞ്ചിരികളെ വരച്ച് മായ്ച്ച് പുല്ലുകളെ വരച്ച് മായ്ച്ച് നീർച്ചാലുകളെ വരച്ച് മായ്ച്ച് ഉരുളൻ കല്ലുകളെ വരച്ച് മായ്ച്ച് തോട്ടങ്ങളെ വരച്ച് മായ്ച്ച് തന്നെത്തന്നെ വരച്ച് മായ്ച്ച്
മായ്ഞ്ഞു തുടങ്ങിയ സംഗീതം താഴെ വീണു കിടക്കുന്ന സോളമനു എഴുന്നേൽക്കുവാൻ വിരലു കൊടുത്തു കൊണ്ട് മേരിയുടെ ശബ്ദത്തിൽ വിശേഷങ്ങൾ തിരക്കി.
""മുറിയിലെ അലമാരയിൽ വായിച്ചു പാതിയാക്കി നിറുത്തിയ പുസ്തകത്തിന്റെ പേജിലെ മടക്ക് നിങ്ങൾ നിവർത്തിയോ? ഈ മഴയിൽ പാകുന്നതിനായി സൂക്ഷിച്ചിരുന്ന സൂര്യകാന്തിപ്പൂവിത്തുകൾ കരിഞ്ഞുവോ? ഞാൻ പോന്നതിനു ശേഷം കുളിക്കുകയോ താടി വടിക്കുകയോ ചെയ്തിട്ടില്ലേ? ഇഷ്ടപ്പെട്ട പാട്ടുകളെല്ലാം പ്ലേ ലിസ്റ്റിൽ നിന്നും നീക്കം ചെയ്തുവോ? ബക്കറ്റിൽ വെള്ളം ബാക്കി വയ്ക്കുന്ന സ്വഭാവത്തിൽ വല്ല മാറ്റവുമുണ്ടോ? ഭക്ഷണം കഴിക്കുന്ന കൈകൊണ്ട് തന്നെയാണോ ഇപ്പോഴും കറി വിളമ്പിയെടുക്കുന്നത്? നനഞ്ഞ തോർത്തു മുണ്ട് കൂട്ടിയിട്ട് അതൊക്കെ കരിമ്പനടിച്ചില്ലേ? പുസ്തകം വായിക്കുമ്പോൾ മൂക്കിലിപ്പോഴും വിരലിടാറുണ്ടോ? ചുളുങ്ങിയ ഷർട്ട് ധരിച്ചാണോ ഓഫീസിൽ പോകാറുള്ളത്? സോക്സ് എത്ര ദിവസം കഴുകാതെ ഇടും? മുറിയിലെ എട്ടുകാലികളും പല്ലികളും എന്നെ അന്വേഷിക്കാറുണ്ടോ? പാചകം ചെയ്തു കരിഞ്ഞു പോയ എത്ര ചീനച്ചട്ടികൾ എറിഞ്ഞു കളഞ്ഞു? കുളിച്ച് വന്ന് തല തുവർത്താതെ ജലദോഷം വിട്ടു മാറിയിട്ടില്ലല്ലോ? പുതപ്പ് ആരും മടക്കി വയ്ക്കുന്നുണ്ടാകില്ല. അറിയാം. അച്ചാർ കോരിക്കൂട്ടി അൾസർ വീണ്ടും വന്നുവോ? കാൽ നഖം വെട്ടാതെ എത്ര വളർന്നു കാണും, നോക്കട്ടേ?
വേസ്റ്റ് കൊണ്ട് തട്ടുവാനായി പോകുമ്പോൾ കാണാറുള്ള തടിയൻ പൂച്ച പ്രസവിച്ചോ? സിനിമ കണ്ട് ഇപ്പോഴും കരയാറുണ്ടോ? കഴുത്തിലെ പാലുണ്ണി വളർന്നോ? കക്ഷം വടിക്കാറുണ്ടോ? വല്ല പെണ്ണുങ്ങളോടും കൊഞ്ചലുണ്ടോ? പോന്നതിനു ശേഷം മുരിങ്ങയിലാത്തോരൻ കഴിച്ചോ ? വെള്ളം കുടിക്കാതെ മൂത്രത്തിൽ കല്ലു വന്നോ? മടി കൂടിയോ? താടിയിൽ നരച്ച ഒരു രോമമുണ്ടായിരുന്നത് എന്ത് ചെയ്തു? വെയിലത്ത് അലഞ്ഞു നടന്ന് മുഖമൊക്കെ കരുവാളിച്ചു പോയല്ലോ. ഇപ്പോഴും കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കി അഞ്ച് വ്യത്യാസങ്ങൾ കണ്ടുപിടിക്കാറുണ്ടോ ? തണുത്ത വെള്ളത്തിൽ കുളിക്കുവാൻ മടി കാണിക്കാറുണ്ടോ?
വലിച്ചെറിയുവാൻ റിമോട്ട് പുതിയത് വാങ്ങിവച്ചോ? ചാറ്റലടിച്ച് ചുമ പിടിക്കാറുണ്ടോ? കാൽവിരലിലെ നഖം തട്ടി സോക്സ് കീറിപ്പോകാറുണ്ടോ? തലയിണയിൽ ഈത്തായ ഒലിപ്പിച്ച് ഉറങ്ങാറുണ്ടോ? പുതപ്പ് തലവഴി മൂടിയാണോ ഇപ്പോഴും കിടത്തം? കലണ്ടർ പുതിയ മാസത്തിലേക്ക് മറിച്ചിട്ടുവോ? ജീൻസ് കഴുകുവാനുള്ള തീരുമാനമെടുത്തുവോ? നാലാം നിലയിൽ നിന്നു കൊണ്ട് സൂര്യോദയം നോക്കി കാപ്പി കുടിക്കാറുണ്ടോ ഇപ്പോഴും? കാപ്പിപ്പാത്രത്തിലെ അടി കുടിച്ച് മുഖം ചുളിക്കാറുണ്ടോ? എന്നെയോർത്ത് 3 മണിക്ക് ഞെട്ടിയെഴുന്നേൽക്കാറുണ്ടോ?''
മറുപടി പറയാതെ സോളമൻ രൂപത്തോട് തിരികെ ചോദിച്ചു.
""ഇപ്പോഴും കാലിലെ രോമങ്ങൾ എരിച്ച് മണക്കാറുണ്ടോ?
ഉറങ്ങുമ്പോൾ കാലിലെ തള്ളവിരലു കൊണ്ട് ചൂണ്ടുവിരൽ പൊതിഞ്ഞു പിടിക്കാറുണ്ടോ? ക്രീം പുരട്ടുവാൻ മറന്നുവോ എന്നറിയാൻ തൊലിയിൽ മാന്തി നോക്കാറുണ്ടോ? മുടി പൊഴിയാതെയിരിക്കുവാൻ ആര്യവേപ്പ് അരച്ച് പുരട്ടാറുണ്ടോ? പുരികം പ്ലക്ക് ചെയ്യാതെ കൊണ്ട് നടക്കാറുണ്ടോ ? മീൻ വറുത്തതും മോരുകൂട്ടാനും കൂട്ടി ചോറുണ്ണാറുണ്ടോ? റോഡ് മുറിച്ചു കടക്കുവാൻ പേടിച്ച് കാത്ത് നിൽക്കാറുണ്ടോ? കൈകളിലെ പൊള്ളിയ പാട് മാഞ്ഞു പോയോ? ബസിലിരുന്ന് യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കുവാൻ വരാറുണ്ടോ? ഒരിടത്തിരുന്ന് ഉറങ്ങിപ്പോകാറുണ്ടോ? സ്റ്റൂളിൽ ഇരുന്ന് വരയ്ക്കാറുണ്ടോ? പെണ്ണുങ്ങളുടെ വസ്ത്രങ്ങൾ നോക്കി നിൽക്കാറുണ്ടോ? കാരണമില്ലാതെ കരയാറുണ്ടോ? പല്ലു തേക്കാതെ ബ്രേക്ഫാസ്റ്റ് കഴിക്കാറുണ്ടോ? ദേഷ്യം വരുമ്പോൾ ആരോടും മിണ്ടാതെ അടഞ്ഞിരിക്കാറുണ്ടോ? തണുപ്പിൽ ശ്വാസംമുട്ട് വരാറുണ്ടോ? ഉറങ്ങാൻ പോകുന്നതിനു മുൻപ് ഞാൻ പറഞ്ഞുതന്ന കഥകൾ ഓർക്കാറുണ്ടോ? വെറുതേയിരിക്കുമ്പോഴൊക്കെ ചുറ്റിലും വൃത്തിയാക്കാറുണ്ടോ? മീശ വടിക്കാറുണ്ടോ? സവാളക്കറി ഉണ്ടാക്കുമ്പോൾ അടിയിൽ പിടിക്കാറുണ്ടോ? കൈ മുറിയുമ്പോൾ ഉള്ളി തേയ്ക്കാറുണ്ടോ? ഐസ്‌ക്രീം കഴിച്ചിട്ട് തൊണ്ട വേദന വരുത്താറുണ്ടോ? ഉറക്കത്തിൽ പേരു വിളിക്കാറുണ്ടോ? വസ്ത്രങ്ങൾ അടുക്കി സമയം കളയാറുണ്ടോ? ചായത്തിൽ മുങ്ങിയ വിരലുകളെ നക്കി നോക്കാറുണ്ടോ? അന്നമ്മേച്ചിയമ്മയെ ചീത്ത വിളിക്കാറുണ്ടോ? മേഘക്കുഞ്ഞുങ്ങളെ എണ്ണി നോക്കാറുണ്ടോ? ബാൽക്കണികളിൽ ചെടികൾ വളർത്താറുണ്ടോ? ഏതെങ്കിലും ചെക്കന്റെ കുളി ഒളിഞ്ഞു നോക്കാറുണ്ടോ? കമിഴ്ന്ന് കിടന്ന് സ്വയം ഭോഗം ചെയ്യാറുണ്ടോ? കുട വയർ വന്നുവോ? മൂക്കിൽ വിരലിടാറുണ്ടോ? അക്വേറിയത്തിലെ മീനുകളെ നോക്കി പൊന്മാൻ വരാറുണ്ടോ? ഭാരമുള്ള വസ്തുക്കൾ തൂക്കി കൈകൾ വേദനിക്കാറുണ്ടോ? മഞ്ഞുകാലത്ത് കൈകളുടെ തൊലി അടരാറുണ്ടോ? മുറിവിൽ ബാൻഡ് എയ്ഡ് വച്ച് പൊളിച്ച് നോക്കാറുണ്ടോ? നഖത്തിന്റെ അരിക് പൊട്ടി നിൽക്കാറുണ്ടോ?''
അതിനിടെ ചായക്കട്ടകൾ ജലത്തിൽ കുതിരും പോലെ മേരി മഴവെള്ളത്തിൽ കലർന്ന് ലയിച്ച് നിറങ്ങളായി ഒലിച്ചു പോയി. നിറങ്ങളുടെ ജലം മണ്ണിൽ ഇറങ്ങി. അതു വരെ അയാളെ നയിക്കുകയായിരുന്ന കാരണം അതോടെ ഇല്ലാതായി.
കാപ്പിപാത്രത്തിൽ നിന്നും ഒലിച്ച കാപ്പി, പാത്രത്തിന്റെ വട്ടം മുക്കാൽ ഭാഗത്തോളം മേശയിൽ പതിപ്പിച്ചു. അതിൽ ജലച്ചായം കൊണ്ട് അലങ്കാരപ്പണികൾ ചെയ്തു കൊണ്ടിരിക്കേയാണ് മുറിയിൽ വളർത്തിയിരുന്ന ഗോൾഡ് ഫിഷിനെ വീണ്ടും കാണാതാകുന്നത്. മേരിയുടെ ഫിഷ് ടാങ്കിൽ നിന്നും സോളമന്റെ മുറിയിലെ കുടിവെള്ളം വയ്ക്കുന്ന വലിയ വായ്ത്തലയുള്ള കൂജയിലേക്കുള്ള രഹസ്യമാർഗ്ഗം മേരി അതുവരെ കണ്ടുപിടിച്ചിരുന്നില്ല. പകരം ഓരോ പ്രാവശ്യവും ഗോൾഡ് ഫിഷിനെ നഷ്ടപ്പെടുമ്പോൾ യാതൊരു കാരണവുമില്ലാതെ മുറിയിലേക്ക് കടന്നു വരാറുള്ള തടിയൻ പൂച്ചയെ നോക്കി അവൾ കണ്ണുരുട്ടി. പൂച്ചയാണെങ്കിൽ തിരിച്ചൊരു മ്യാവൂ പറഞ്ഞ് മാദകയായി നടന്നു പോയി. അതേ സമയം വലിയ വായ്ത്തലയുള്ള കൂജയിൽ നിന്നും കുടിക്കുവാൻ കോരുന്ന ഗ്ലാസിൽ ഇടയ്ക്കിടെ പുതിയ പുതിയ ഗോൾഡ് ഫിഷിനെ കണ്ട് അമ്പരന്ന് സോളമൻ ആ മീനിനെ കെട്ടിടത്തിനോട് ചേർന്ന കിണറ്റിലേക്ക് മാറ്റിക്കിടത്തും. ചില സമയം കാണാതായ ഗോൾഡ് ഫിഷിനെ കുറച്ചു കഴിഞ്ഞ് തിരികെ ഫിഷ് ടാങ്കിൽ കണ്ട് മേരി തന്റെ കാഴ്ചയെ അവിശ്വസിക്കും. മേരി പല സമയം ഈ സംശയം ദൂരീകരിക്കുവാനായി ചില്ലറ നാണയങ്ങൾ, സ്പൂണുകൾ, നിറങ്ങളിലുള്ള കല്ലുകൾ, ജേംസ് മിട്ടായികൾ, ഗോലിക്കായകൾ പല ഇടവേളകളിലായി വിതറി. അവയിൽ ചിലതെല്ലാം സോളമന്റെ കൂജയിൽ പൊങ്ങി വന്നു. തത് ഫലമായി കൂജക്ക് വലിയൊരു മൂടി അയാൾ വാങ്ങി. അങ്ങനെയിരിക്കെ കാണാതായ മീനിനെ തിരക്കി കൈകൾ ഫിഷ്ടാങ്കിൽ കടത്തിയ മേരിക്ക് അതേ സമയം കൂജയിൽ താഴ്ന്നു പോയ ഗ്ലാസ് തപ്പിയ സോളമന്റെ കൈകളിൽ തൊടുവാൻ കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടുപിടിക്കുവാൻ തീരുമാനിച്ച് മേരി തന്റെ തല ഫിഷ്ടാങ്കിൽ കടത്തി കണ്ണുകൾ തുറന്നു. എന്താണ് തന്നെ വന്നു തൊട്ടതെന്നറിയുവാൻ നോക്കുന്നതിനിടയിൽ വഴുതി കൂജയിലേക്കു വീണ സോളമനും ജലത്തിനുള്ളിൽ വച്ച് കണ്ണു തുറന്നു. പാടമൂടിയ കാഴ്ചയിൽ അവരിരുവരും കണ്ടു. ജന്മങ്ങളായുള്ള അവർക്കിടയിലെ ഓർമ്മകൾ കുമിളകളായി പൊന്തി.
കുമിള 1
പടിഞ്ഞാറു ദിക്കിലേക്ക് ഇരതേടിപ്പോയി വൈകുന്നേരം കൂടണയാൻ നേരം കാണാതായിപ്പോയ കൂടിനെ, മുറിച്ച് കഷ്ണങ്ങളാക്കിയ മരത്തിന്റെ അവശിഷ്ടത്തിനു ചുറ്റും ചിറകിട്ടടിക്കുന്ന പക്ഷിയെപ്പോലെ മരണശേഷം അവർ വീട്ടിലേക്ക് നോക്കി.
നോക്കൂ നമ്മൾ മരിച്ച് പോയതിനു ശേഷം മക്കൾ വീട് ഒരിക്കൽ കൂടി പെയിന്റ് ചെയ്തിരിക്കുന്നു. നമ്മെ ദഹിപ്പിച്ച മാവിൽ കൂടു വച്ച പക്ഷികളുടെ കാഷ്ഠം കൊണ്ട് പുഷ്ടിച്ചു വളർന്നിരുന്ന ചെടികൾ മുരടിച്ചു തുടങ്ങിയിരുന്നു. നമ്മളെ ഒരുമിച്ച് ദഹിപ്പിച്ച മണ്ണിൽ നാലു വട്ടം മഴ പെയ്തു കഴിഞ്ഞു. എനിക്ക് നിന്നോടുള്ള കൊതി മാത്രം മണ്ണിലിറങ്ങിയില്ല. നമ്മളുടെ ചാരം അലിഞ്ഞു ചേർന്ന മണ്ണിൽ മക്കൾ ചീര കൃഷി നടത്തുന്നുണ്ട്. മക്കളെപ്പറ്റിയല്ല എനിക്കാധി. മുറ്റത്ത് വെള്ളമൊഴിക്കാത്തതിനാൽ കരിഞ്ഞ തുളസി, പഞ്ചസാരത്തരികൾ കിട്ടാതെ വന്നപ്പോൾ വിട്ടുപോയ പഞ്ചാരയുറുമ്പിന്റെ കൂട്ടം, മണ്ണെണ്ണയിറ്റിച്ച് നശിപ്പിച്ച ചിതൽ. നാം ചാരിയിരുന്ന് പിടിച്ച അഴുക്കിലാണ് ഇളം നീല ചായമടിച്ചത്. തുരുമ്പ് പിടിച്ച ജനാല കമ്പികളിൽ ടർപെന്റയ്ൻ അടിച്ചപ്പോൾ മണത്ത് മത്തു പിടിക്കുവാൻ നമ്മളില്ലായിരുന്നു. തീർത്ഥാടനത്തിനായി നീ രഹസ്യമായി കൂട്ടിവച്ച പണശേഖരം ആർക്കും കണ്ടുപിടിക്കുവാനായില്ല ഇതുവരെ. നമ്മളെ ഒരുമിച്ചു കിടത്തിയ പായ നോക്ക്. അതിൽക്കിടന്ന് മുതുകിൽ ചോര ചത്തുകിടക്കുന്നത് കാണ്.
കുമിള 2
""ഇതെന്താ ഇങ്ങനെ നിൽക്കുന്നത്?''
""എന്ത്?''
""ഈ മുൻ ഭാഗത്ത് കൂർത്ത് നിൽക്കുന്നത്''
""തണുപ്പ് കാരണം''
""എന്റെ കൂർത്തില്ല.'' സോളമൻ നിരാശയോടെ സ്വന്തം മുലക്കണ്ണുകളെ തൊട്ടു നോക്കി, പിച്ചിയൊന്നു കൂർപ്പിക്കാൻ ശ്രമിച്ചു.
പശ്ചാത്തലചിത്രത്തിൽ നിന്നും ഇറങ്ങിപ്പോയ നിറങ്ങളെ കണ്ട് സോളമൻ അന്തം വിട്ടു നിൽക്കുന്നതിനിടെ വീട് തന്റെ വിഷമം ആലീസിനെ അറിയിച്ചു. പൊന്തിയ പല്ലുകൾ താഴുന്നതിനു ആരോ കമിഴ്ന്നു കിടന്ന് പല്ലമർത്തിയ കട്ടിലിലെ പാടുകൾ, മുടിയിലെ മെഴുക്കു തട്ടി കറുത്തുപോയ ചുമരിന്റെ ഓരങ്ങൾ, തൊരപ്പൻ കരണ്ടു വച്ച മരയലമാര, രാത്രിയിലെ വോൾട്ടേജ് പ്രശ്നം, തൂങ്ങിക്കിടക്കും കവചിത കമ്പിയിൽ കുരുവി വച്ച കൂട്, വെയിൽ തീക്ഷ്ണത, പുതിയ ഇനം രോഗാണുക്കൾ, നിരോധിച്ച കീടനാശിനികൾ, കാഷ്ഠം മൂടിയിടാത്ത പൂച്ചക്കുട്ടികൾ, കൂമന്മാരുടെ അപഥസഞ്ചാരം, പശുക്കുട്ടികളിലെ ചിത്രരചന, ചിറകു മുളക്കാതിരുന്ന ചിതലുകൾ, കാണാതായ നഖം വെട്ടികൾ, വെട്ടുകിളികൾ നശിപ്പിച്ച നാണ്യവിളകൾ, പട്ടി കടിച്ചു കൊണ്ടു പോയ ഷൂസുകൾ, കാലിൽ കയറിയ ചില്ലുചീളുകൾ, കരിമ്പനടിച്ച വെള്ള വസ്ത്രങ്ങൾ.
പഴകിയ വീട്ടിൽ കിടന്ന് സോളമൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ ഓർമ്മകളും ബ്ലാക്ക് ബെറിയും ലെനോവോയും ഒത്തു കൂടി. ഓർമ്മകളെല്ലാം കൂർക്കം വലിച്ച ശേഷവും ബ്ലാക്ക്ബെറി അന്ന് ഉറങ്ങിയില്ല. പാതിരാത്രിയിൽ ലെനോവോയെ ഉറക്കത്തിൽ നിന്നും അത് തോണ്ടി വിളിച്ചു.
""എന്താ?''പാതിയുറക്കത്തിൽ നിന്നുണർന്ന ലെനോവോയ്ക്ക് ദേഷ്യം വന്നു.
""മേരിയെവിടെ?''
""കണ്ടില്ലായിരുന്നോ?''
""അത് മൂടൽ മഞ്ഞായിരുന്നുവോ തുമ്പികളായിരുന്നുവോ മഴത്തുള്ളികളായിരുന്നുവോ മേഘമായിരുന്നുവോ അവലോസുതരികളായിരുന്നുവോ ഇയ്യാമ്പാറ്റകളായിരുന്നുവോ ഉറുമ്പിൻ കൂടുകളായിരുനുവോ പൂവിതളുകളായിരുന്നുവോ മാലബൾബുകളായിരുന്നുവോ മിന്നാമിനുങ്ങുകൾ ആയിരുന്നുവോ സൂര്യകാന്തിപ്പൂക്കളായിരുന്നുവോ വാൽമാക്രികളായിരുന്നുവോ?''
""എന്തിനാണ് ഇപ്പോൾ മേരിയെ തിരക്കുന്നത്?''
""മേരിയുടെ രോഗം ഉള്ളതാണോ?''
""ഓർമ്മകൾ അപനിർമ്മിക്കുന്ന രോഗത്തെക്കുറിച്ചാണോ?''
""ആ രോഗം യാഥാർത്ഥ്യമാണോ?'' ലെനോവോ ക്രോം തുറന്ന് ഗൂഗിൾ പേജിലേക്ക് പോയി. വസ്തുതകൾ വായിച്ചു. സ്‌ക്രീൻ ബ്ലാക്ക് ബെറിക്ക് നേരെ തിരിച്ചു വച്ചു.
""ഉണ്ടെന്നും ഇല്ലെന്നും പറയുന്നവർ ഉണ്ട്''
""ഉണ്ടെന്നു തന്നെയിരിക്കട്ടേ. അങ്ങനെയെങ്കിൽ ഈ ഓർമ്മകൾ മുഴുവൻ അപനിർമ്മിക്കപ്പെട്ടവ ആകുന്നതിനു സാധ്യതയില്ലേ?''
""അതായത്?''
""എന്നു വച്ചാൽ സോളമനെ വിട്ട് പോന്നതിനു കാരണമായി പറഞ്ഞ മേരിയുടെ ഓർമ യഥാർത്ഥമാണെന്ന് എങ്ങിനെ ഉറപ്പിക്കുവാനാകും?''
""ഇല്ല. ഉറപ്പിക്കുവാനാകില്ല. ഈ അപനിർമ്മാണം ഉപബോധമനസ് മനഃപൂർവം ചെയ്യുന്നതാകാം. ഭയങ്ങളിൽ നിന്നും മുക്തി നേടുന്നതിനു ഈ മാർഗ്ഗം തിരഞ്ഞെടുത്തവരുടെ ചരിത്രമുണ്ട്. അതേ സമയം പ്രതികാരത്തിനായി ഈ വഴി ദുരുപയോഗം ചെയ്തവരെക്കുറിച്ചും ചരിത്രം പറയുന്നുണ്ട്.''
""ആ ഓർമ്മകളൊന്നും സത്യമാണെന്നോ യഥാർത്ഥമാണെന്നോ സ്ഥാപിക്കുവാൻ നമുക്ക് കഴിയില്ല. മേരിയുടെ വാക്കുകളെ വിശ്വസിക്കുക എന്നാണ് നമ്മുടെ കർത്തവ്യം''
""അങ്ങനെയെങ്കിൽ അവൾ ഗർഭിണിയായത്, ഗർഭച്ഛിദ്രം നടത്തിയത്, പൂർവ കാമുകനാൽ ആക്രമിക്കപ്പെട്ടത്, അപ്പനാൽ ഉപദ്രവിക്കപ്പെട്ടത് ഇതെല്ലാം വസ്തുതകൾക്ക് നിരക്കാത്തതാകുമെന്നല്ലേ? ഓർമ്മകളാരും തന്നെ യാഥാർത്ഥ്യമല്ലെന്ന് അവരോടെങ്ങനെ പറയും?''
""അതെ. ഒരേ സമയം സത്യമാകുവാനും മിഥ്യയാകുന്നതിനും സാധ്യതയുള്ളവ. സത്യത്തിന്റേയും മിഥ്യയുടേയും അതിർവരമ്പുകൾ ഇവിടെ തീരെ നേർത്തതാണ്. ചുറ്റുപാടുകളുടേയും വ്യക്തികളുടേയും കാഴ്ച്ചപാടുകളുടേയും അടിസ്ഥാനത്തിൽ സ്വാധീനിക്കപ്പെടാവുന്ന ഒന്ന്.''
""പെട്ടെന്ന് എന്താണ് ചോദിക്കുവാൻ തോന്നിയത്?''
""അതോ. ഇന്ന് സോളമൻ രൂപത്തിന്റെ വയറിൽ കൈകൾ വച്ചപ്പോൾ വയറു തുടിച്ചതായി തോന്നി. അപ്പോൾ ഭൂമിയിളകിയെന്നും ആലീസിന്റെ വയറിൽ കിടന്ന് മരണത്തിന്റെ കുഞ്ഞ് ചവിട്ടിയതാകാമെന്നും സമാധാനിച്ചു. അങ്ങനെയല്ലെന്നും മേരിക്കുള്ളിലെ ഇരട്ടക്കുട്ടികളാണ് അനങ്ങിയതെന്ന് എനിക്ക് തോന്നി. ഇതു മുഴുവൻ കെട്ടുകഥകളാണെങ്കിലോ? ആലീസ് തന്നെയാണ് മേരിയെന്നു തോന്നി. ഇതിലെ സത്യം എന്താണ്?''
""മേരി ഭൂഗർഭ അറയിൽ നിന്നും പുറത്ത് വന്നിട്ടുണ്ടെങ്കിൽ, അതിനു രണ്ട് സാധ്യതകളാണുള്ളത്. ഒന്ന് മേരിയെ രക്ഷിച്ചതിൽ ഡീൻകോർപ്പിനും പങ്കുണ്ട്. രണ്ട് കെട്ടിടത്തിൽ സംഭവിച്ച തീപിടുത്തത്തിൽ മേരി രക്ഷപ്പെട്ടിരിക്കാം. കൊച്ചൈപ്പോര മേരിയെ സഹായിച്ചു എന്നുള്ളതിൽ സംശയമില്ല. ആ കാരണത്താൽ തടാകത്തിൽ മേരിയുടെ അതേ ശാരീരിക പ്രത്യേകതകളുള്ള ഒരു ദേഹം പൊങ്ങി. കൊച്ചൈപ്പോര അതിനെ മേരിയായി റിപ്പോർട്ട് ചെയ്തു. അതേ സമയം യഥാർത്ഥ മേരി സുരക്ഷിത സ്ഥാനത്തേക്ക് കടന്നു. അതിനു മുൻപായി തന്നെ തേടി വരുവാനുള്ള അടയാളങ്ങൾ അവിടവിടെയായി തൂവിയിട്ടു.''
""സോളമൻ നല്ല സമാധാനത്തിലാണ്.''
""അയാൾക്ക് ജീവിതം പതിയെ മനസിലായിത്തുടങ്ങിയിരിക്കുന്നു. പഴയ സോളമനിൽ നിന്നും അനുഭവങ്ങൾ അയാളെ മാറ്റിയെന്ന് തോന്നുന്നു. മേരിയെ തിരഞ്ഞുള്ള യാത്ര ബുദ്ധൻ ആൽമരത്തിനു ചുവട്ടിൽ ഇരുന്നതു പോലെ അയാളെ സ്വാധീനിച്ചിരിക്കുന്നു. ഓരോ ബുദ്ധനും ഓരോ വഴിയെന്ന പോലെ ഇത് ജീവിതത്തിലേക്കുള്ള സോളമന്റെ വഴി.''
""അതിനു മാത്രം ഈ യാത്ര അയാൾക്ക് എന്താണ് നൽകിയത്?''
""തിരിച്ചറിവ്''
മേരിയാണ് അയാളുടെ പൂന്തോട്ടത്തിലെ ഏക പച്ചക്കറി. അയാളുടെ 3 AM കട്ടങ്കാപ്പി. മരണം മാത്രം നൽകാൻ സാധ്യതയുള്ള സമാധാനം. അയാളുടെ ഉറക്കുപാട്ട്. അയാളുടെ സ്ലീപ്പിംഗ് പിൽ. അവസാന വിശ്രമ കേന്ദ്രം. ശാന്തി. മേരിയിപ്പോളാഗ്രഹിക്കുന്നത് സ്വാതന്ത്ര്യം മാത്രമാണെന്ന് അയാൾക്കറിയാം. ഇഷ്ടമുള്ള നഗരത്തിൽ ജീവിക്കാൻ, ഇഷ്ടമുള്ള ജോലി ചെയ്യാൻ, ഇഷ്ടമുള്ള പോലെ പാട്ട് മൂളുവാൻ, ഇഷ്ടമുള്ളത്രയും നേരം സംഗീതോപകരണം മുഴക്കുവാൻ, ഇഷ്ടമുള്ള ആളുകൾക്കൊപ്പം കാപ്പിക്കുടിക്കുവാൻ, സൈക്കിൾ ചവിട്ടാൻ, ശണ്ഠ കൂടുവാൻ. അതിനിടയിൽ ജീവിതത്തിൽ നിന്നും ഏൽക്കുന്ന വേദനകളും വിഷമതകളും സ്വീകരിക്കുവാൻ തയ്യാറാണവൾ. ഭൂമിയിലെ ഏതോ ഒരു മാളത്തിൽ അവൾ ജീവിച്ചിരിപ്പുണ്ട് എന്ന അറിവ് പോലും അയാൾക്ക് ഇന്ന് ആനന്ദം നൽകുന്നുണ്ട്. അയാൾക്കത് മാത്രം മതിയാവും. അവൾ അവിടെയെവിടെയോ ഇരുന്ന് മുയലിന് കറുകപ്പുല്ല് നൽകുകയോ പഴുത്ത ഇലകൾ പിഴുത് കളയുകളോ ഒച്ചുകളെ ബാൽക്കണികളിലെ ചെടികളിൽ നിന്ന് പറിച്ച് മാറ്റുകയോ സുന്ദരന്മാരെ ഇടം കണ്ണിട്ട് നോക്കുകയോ ചെയ്യുന്നത് മുഖത്ത് കൂർക്കുന്ന ചിരിയോടെ അയാൾക്ക് ഓർക്കുവാൻ കഴിയും. അയാൾക്ക് അവളെ ഇപ്പോൾ സ്വന്തമാക്കേണ്ടതില്ല. പിടിച്ചു വയ്‌ക്കേണ്ടതില്ല. ബലം പ്രയോഗിക്കേണ്ടതില്ല. സന്തോഷത്തോടെ മാത്രം ഓർമ്മിക്കുവാൻ കഴിയുന്ന ഒരോർമ്മയായി അവൾ മാറിയിരിക്കുന്നു. പതിയെ എങ്കിലും മേരിക്കൊപ്പം സോളമനും അത് കൈ വന്നു. സ്വാതന്ത്ര്യം.
ഭൂമിയിലെ ഏറ്റവും ആഹ്‌ളാദകരമായ നിമിഷങ്ങൾ പ്രേമത്തിന്റേതല്ല മറിച്ച് മുറിവുകൾ പൊറുത്തു തുടങ്ങുന്ന ദിനങ്ങളിലേതാണ്. അതനുഭവിച്ചവനാണ് സോളമൻ. പ്രേമം എന്ന വികാരത്തിന്റെ പൂർണ്ണത വേദനയിലും കൂടിയാണ്. പ്രേമത്തെ പൂർണ്ണമായ അവസ്ഥയിൽ, അതിന്റെ തീവ്രതയിൽ അനുഭവിക്കാൻ കഴിഞ്ഞതിൽ മേരിയോട് സോളമൻ കടപ്പെട്ടിരിക്കുന്നു.
ജീവിതം യാതനകളുടെ ഒരു കൂമ്പാരമെന്ന നിലയിൽ പരിഗണിക്കപ്പെടുമ്പോൾ മേരിയെപ്പോലെ ചെറിയ സന്തോഷങ്ങളിൽ അഭിരമിക്കേണ്ടുന്നതിലെ ആവശ്യകത സോളമനും ഗ്രഹിച്ചു. ജീവിതത്തിൽ ഓരോരുത്തർക്കും അവരവരുടെ അതുവരെയുള്ള എല്ലാ കരുതലുകളേയും പാഠങ്ങളേയും കീഴ്‌മേൽ മറിച്ചിടുന്ന ഒരനുഭവം കാണും. സോളമനു മേരി എന്ന പോലെ.
മനുഷ്യർ എന്ന ജീവിവർഗം പരിണാമത്തിനിടെ എവിടെയോ വച്ച് വഴിമാറി പോയിരിക്കുന്നതായി സോളമനു തോന്നി. ജീവിതത്തിലെ പീഡാനുഭവങ്ങളെ അങ്ങനെയല്ലാതെ അയാൾക്ക് വിശദീകരിക്കുവാൻ കഴിഞ്ഞില്ല.
ബ്ലാക്ക്ബെറിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവൻ സോളമൻ എഴുതിയ ഒരു നോട്ട് തുറന്ന് വായിച്ച് മയങ്ങുവാൻ ശ്രമിച്ചു. പിന്നെ ലെനോവയെ വിളിച്ചു.
""ഇപ്പോൾ മേരി ആരാണ്? സമുദ്രങ്ങളുടെ ദേവതയോ? സംഭവങ്ങൾ കേട്ടിട്ട് എന്ത് തോന്നുന്നു?''
""കിടന്നുറങ്ങുവാൻ നോക്കൂ. ഓർമ്മകളുടെ അസ്തിത്വം സംശയിക്കപ്പെടേണ്ടതല്ല. അങ്ങനെയെങ്കിൽ സോളമന്റെ മയക്കുമരുന്നുപയോഗം പ്രദാനം ചെയ്തെന്ന് കരുതപ്പെടുന്ന നമ്മളുടെ ഈ സംഭാഷണം പോലും നിലനിൽക്കുന്നില്ലെന്ന് പറയേണ്ടി വരും.''
""അങ്ങനെയെങ്കിൽ മുഴുവൻ ഈ വർത്തമാനങ്ങളും മിഥ്യയെന്ന് വരില്ലേ?''
""വരും''
""നമ്മളും ഓർമ്മകളും മിഥ്യയെങ്കിൽ എന്താണ് സത്യം? മേരി മരിച്ചു പോയെന്നോ? അതോ സോളമന്റെ ഭാവനയിലാണ് നമ്മളിപ്പോൾ ഉള്ളതെന്നോ?''
""ഉത്തരമില്ല''
""മേരിയെന്നൊരാൾ ഇല്ലായിരുന്നു എന്നാണോ പറയുന്നത്?''
""കിടന്നുറങ്ങാൻ നോക്ക്''
ബ്ലാക്ക്ബെറി തിരിഞ്ഞു കിടന്നു. പിന്നേയും നോട്ടുകൾ തുറന്ന് വായന തുടങ്ങി. അതിൽ സോളമൻ മേരിയെക്കുറിച്ച് എഴുതിയിരിക്കുന്നു.
""മഞ്ഞു കാലത്തിനു മുൻപുള്ള കാറ്റ് തുടങ്ങിയിരിക്കുന്നു
ബസിനുള്ളിൽ അടുത്ത സീറ്റിൽ വന്നിരുന്ന വൃദ്ധ വിതുമ്പുന്നു
പെട്ടെന്ന് കാറ്റ് കൊഴിഞ്ഞു കിടന്ന മഞ്ഞ ഇലകളെ
എടുത്തുയർത്തി ആഞ്ഞു
ഒന്നു രണ്ടെണ്ണം ഗ്ലാസിൽ പറ്റി
തൊട്ടതേയില്ല''
""മഞ്ഞുകാലമായി
ഇലകൾ പൊഴിഞ്ഞു തീർന്നു
മരക്കൊമ്പുകളിൽ പക്ഷികൾ
ഉപേക്ഷിച്ച കൂടുകൾ വെളിവായി
നീ പോയതിനു ശേഷമുള്ള
എന്റെ നെഞ്ചിങ്കൂട്
നഗ്‌നനായി ഞാനതിലൊന്നിൽ ചുരുണ്ടു''
""ആരോ കല്ലെടുത്ത്
കുളത്തിലേക്കെറിഞ്ഞു
പായലുകൾക്കിടെ
കണ്ണൊന്ന് ചിമ്മി''
ആലീസിലപ്പോൾ പതിവില്ലാതെ പെയ്ത മഴയിൽ കനം കൂടിപ്പോയ ഉണക്ക് ഇലകൾ വൃക്ഷങ്ങളിൽ നിന്നും പൊഴിഞ്ഞ് വഴികൾ മൂടുകയും അഴുകലിന്റെ നനുത്ത ഈർപ്പം ഇനി വരുന്ന കാലടികൾക്കായി ഒരുങ്ങുകയുമായിരുന്നു. മരങ്ങളിൽ നിന്നും ഇറങ്ങി വരുവാൻ മടിച്ചു മഴ തുള്ളിത്തുള്ളിയായി പെയ്തു കൊണ്ടിരുന്നു. ആ ശബ്ദം കടന്നൽക്കൂട്ടം പോലെ ഇരമ്പി. വെള്ളം കുടിച്ച് മരങ്ങൾ വയറു നിറച്ചു. പുറത്തഴയിൽ വിരിച്ചിട്ട വസ്ത്രങ്ങളിലൂടെയിറ്റു വീഴും മഴത്തുള്ളികൾ പോലെ മേരിയുടെ മാറിടത്തിൽ ഇളം മഞ്ഞപ്പാൽ ഊറിത്തുടങ്ങി. മഴക്കാലമെന്നു കരുതി ചീവീടുകൾ ശബ്ദങ്ങളുടെ നിബിഡവനം നിർമ്മിച്ചു. ആലീസും അപ്പാപ്പനും പെയ്ത മഴയെല്ലാം മണ്ണിൽ അരിച്ചരിച്ച് കിണറ്റിലേക്ക് എത്തിക്കുന്ന ധൃതിയിലായിരുന്നുവെങ്കിലും പഴയൊരു ഓലപ്പുര ചരിഞ്ഞപ്പോൾ അങ്ങോട്ടോടി. വീടുകളിൽ പുതപ്പുകൾ നിവർന്നു. മഴ കൊണ്ട പക്ഷിക്കുഞ്ഞുങ്ങൾ കൂട്ടിനുള്ളിൽ വാ പൊളിച്ചു കരഞ്ഞു നിൽക്കേ അമ്മമാർ അതുങ്ങൾക്ക് കക്ഷങ്ങളുടെ ചൂട് പകർന്നു. പാമ്പുകൾ തണുപ്പു തട്ടാത്ത കയ്യാലകൾ തേടിയിറങ്ങി. ചോർന്ന ഓടുകൾക്കിടയിലൂടെ ബക്കറ്റുകളിൽ മഴ താളമിട്ടു. ഓടുകളുടെ കുനിപ്പുകളിലൂടെ വെള്ളം നൂൽപ്പൂട്ടു പോലെ വീടിനു ചുറ്റും വല വിരിച്ചു. മഴമേഘങ്ങളുടെ കുടവയറുകളെ കാണിച്ച് മിന്നൽ വെളിച്ചങ്ങൾ കടന്നു പോയി. കനം കൂടിയതിനാൽ ജലകണിക ഒരു ചേമ്പിലയിൽ നിന്നും ഊർന്ന് മറ്റൊന്നിലേക്ക് ഒഴുകി മണ്ണിൽ താഴ്ന്നു. കാറ്റടിച്ചപ്പോൾ ചെടികളും മരങ്ങളും ഇലകൾ മലർത്തി കാണിച്ചു. ഉയരം കൂടിയ മരങ്ങൾ താഴെയുള്ള ചെറുമരങ്ങളെ പൊതിഞ്ഞു പിടിച്ചു. മഴ നനഞ്ഞ ഒരു നായ തന്റെ ദേഹം കുടഞ്ഞപ്പോൾ മഴത്തുള്ളികൾക്കൊപ്പം ചെഞ്ചെള്ളുകൾ തെറിച്ചു. പുലർച്ചകളിൽ പുല്ലുകൾക്കിടയിലൂടെ പണിക്കും പോകും മനുഷ്യരെപ്പോലെ. ഭൂമിക്കടിയിൽ കാത്തു കിടന്ന വിത്തുകളും ഇയ്യാമ്പാറ്റകളും മണ്ണിന്റെ ആവരണത്തിൽ തട്ടി തിരിച്ചു പോയി. കുഴഞ്ഞ മണ്ണിൽ ചവിട്ടിയ കാലടിപ്പാടുകളെ മായ്ക്കാൻ വഴികളിലൂടെ ഉരുളൻ കല്ലുകൾ ഉരുണ്ടു. റബർ പാലു ഇറ്റുന്ന ചിരട്ടകളിൽ വെള്ളം പൊന്തി. പാറക്കൂട്ടങ്ങളിലെ വിടവുകളിൽ തേളുകൾ ഒളിച്ചു. മനുഷ്യർ നിശബ്ദതയിലേക്കാണ്ടു. മരണം തന്റെ കോട്ടും തൊപ്പിയും അണിഞ്ഞ് സിഗാറൊരെണ്ണം കത്തിച്ച് ഉൾമനസിലെ ഗർത്തങ്ങളിലേക്ക് പടിയിറങ്ങിക്കൊണ്ടിരിക്കുന്നവരെ തിരക്കി മഴയിലേക്കിറങ്ങി. സമയം പുലർച്ച മൂന്നു മണി ആയി. മണ്ണെണ്ണ വിളക്കാരോ ഊതിയതു പോലെ ബ്ലാക്ക്ബെറിയുടെ പ്രകാശം അണഞ്ഞു. ഇളകുന്ന ശവപ്പറമ്പിനു താഴെ ജന്മാന്തരങ്ങളായി നൃത്തം ചെയ്യുകയായിരുന്ന ആത്മാക്കൾ ആലീസിനെ താങ്ങി നിർത്തി. ▮
(അവസാനിച്ചു)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.