ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

3 am

അധ്യായം 21 (തുടർച്ച): 1608E അപ്പാർട്ടുമെന്റിലേക്ക് കാലൊച്ച ഗോവണിയേറുന്നു

രു ദിവസം ഇണ ചേർന്നുകൊണ്ടിരിക്കെ സോളമന്റെ കഴുത്തിൽ മുഖമമർത്തിയപ്പോൾ ങീയെന്നൊരു ഞീളൽ കേട്ട് ഉമ്മയിൽനിന്നും ചുണ്ടെടർത്തിയെടുത്ത് ചുറ്റും നോക്കിയപ്പോൾ യാന്ത്രികമായി അനങ്ങിക്കൊണ്ടിരിക്കുന്ന അയാളുടെ ശരീരം മേരി കണ്ടു.

അയാളിൽനിന്നും ദേഹത്തെ വിടുവിച്ച് മേരി ആ ശബ്ദത്തിലേക്ക് ശ്രദ്ധിച്ചു. പിന്നെ പതിയെ എഴുന്നേറ്റ് മുറിയുടെ മൂലയിൽ കാർഡ്‌ബോർഡ് പെട്ടികൾക്കിടയിൽ കിടന്ന് കരയുകയായിരുന്ന നായ്ക്കുട്ടിയെ എടുത്ത് കൊണ്ടുവന്ന് സോളമനുനേരെ എറിഞ്ഞു. അയാളുടെ ശരീരത്തിൽ പോറലുണ്ടാക്കിയ നഖങ്ങളെ ഉള്ളിലേക്ക് വലിച്ച് പരങ്ങി നായ്ക്കുട്ടി കരഞ്ഞു. അയാളതിനെ പുതപ്പിനു കീഴിലൊളിപ്പിച്ചിട്ടും കരച്ചിൽ അടങ്ങിയില്ല. കിടക്കയുടെ മറ്റൊരു അരികിലേക്ക് ഉരുണ്ട് വലിയൊരു ശ്വാസം എടുക്കുന്ന സോളമനെ ശ്രദ്ധിക്കാതെ ഒരു സിഗരറ്റ് വലിക്കുവാൻ കോപ്പ് കൂട്ടുകയായിരുന്നു മേരി. സിഗററ്റ് തപ്പി കാണാതായതിൽ ദേഷ്യം തോന്നിയിട്ട് പാക്കറ്റിൽ വാങ്ങിവച്ചിരുന്ന പുകയില കടലാസിലേക്ക് തെറുത്ത് ചുരുട്ടി ചുണ്ടിൽ വച്ച് കൊണ്ട് കത്തിച്ചു.

പുക അവളിൽ നിന്നും സോളമനിലേക്ക് സഞ്ചരിച്ചു. എന്നാലോ അവരിരുവരും പരസ്പരം സ്പർശിച്ചില്ല. പുറത്ത് നല്ല കാറ്റുണ്ടായിരുന്നു. രാത്രിയിലെ നിലാവിന്റെ ഒരു പാളി മുറിയിലെ ഇരുട്ടിൽ വെളുത്ത നിറത്തിലുള്ള ഒരു ജനാല വിരിയായി പാറിക്കൊണ്ടിരുന്നു. പെട്ടെന്നൊരു മിന്നൽ താഴേക്കിറങ്ങി വന്നു. അവരിരുവരും പരസ്പരം ഒരിക്കൽ കൂടി കണ്ടു. പട്ടിക്കുട്ടിയുടെ ഞീളൽ പുതപ്പിൽ നിന്നും പിന്നെയും ഉയർന്നു.

മേരി: നിങ്ങളെന്തിനാ നായ്ക്കുട്ടിയെ കൊണ്ടുവന്നത്?
സോളമൻ: സൈക്കിൾ തട്ടി പാവത്തിന്റെ കാലുളുക്കി. ഒരുത്തൻ എടുത്ത് കളയാൻ നോക്കുകയായിരുന്നു.
മേരി: അതിന് ഇങ്ങോട്ട് കൊണ്ടുവരണോ? ഉടമസ്ഥൻ നോക്കി നടക്കുകയാവും.
സോളമൻ: തെരുവുനായയാണ്. ഉടമസ്ഥനൊന്നും കാണില്ല. അതുങ്ങളെ നോക്കുവാനും ആരെങ്കിലും വേണ്ടേ?
മേരി: ആ എന്തെങ്കിലും ചെയ്യ് ഈ പട്ടിക്കുട്ടികളെയൊക്കെ നോക്കിക്കോണ്ടിരിക്ക്?
സോളമൻ: പിന്നെ ആരെ നോക്കിയിരിക്കണം നിന്നെയോ?
അവൾ കെറുവിച്ച് വായുടെ ഒരറ്റത്തൂടെ പുകയൂതി
നിന്നേക്കാൾ സ്‌നേഹമുണ്ട് അതിന് എന്നോട്
സോളമൻ: എനിക്ക് നിന്നെ ഇഷ്ടമല്ല.
മേരി: എനിക്ക് നിന്നെ അതിലും ഇഷ്ടമല്ല
സോളമൻ: നഗരത്തിലൂടെ ചുറ്റിക്കറങ്ങുമ്പോൾ ബസിലിരുന്ന് കാണുന്ന കടകളുടെ പേരു പറയുന്ന സ്വഭാവം ബ്ലാ
മേരി: ഭക്ഷണം കഴിച്ച പാത്രം ഉണക്കിപ്പിടിച്ച് വയ്ക്കുന്ന സ്വഭാവം ബ്ലാ ബ്ലാ
സോളമൻ: ചളുപിളുവെന്ന് ശബ്ദമുണ്ടാക്കി ചവച്ച് ഭക്ഷണം കഴിക്കുന്നത് ബ്ലാ
മേരി: ഞാൻ കോട്ടുവായ ഇടുന്ന സമയമൊക്കെയും നീയെന്റെ വായിൽ വിരലിടുന്നത് ബ്ലാ ബ്ലാ ബ്ലാ
സോളമൻ: പല്ലിന്റെ ഇടയിൽ കൂടി തുപ്പലം തെറ്റിച്ചുകളിക്കുന്ന സ്വഭാവം
മേരി: സെക്‌സ് ചെയ്യുന്നതിന്റെ ഇടേൽ സുഖം പിടിക്കുമ്പോൾ അമ്മേ അമ്മേന്ന് വിളിക്കുന്ന സ്വഭാവം
സോളമൻ: സീരിയസായി ഒരു കാര്യം പറയുമ്പോൾ ചിരിക്കുന്ന സ്വഭാവം
മേരി: പാത്രം കഴുകുന്ന സിങ്കിൽ തുപ്പുന്ന സ്വഭാവം
സോളമൻ: പൊള്ളുന്ന ചൂടുവെള്ളത്തിൽ കുളിക്കുന്ന സ്വഭാവം
മേരി: തെരുവുപട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുന്ന സ്വഭാവം
സോളമൻ: ഓകെ നൗ വീ ഹാവ് എ പ്രോബ്ലം
മേരി: വാട്ട്?
സോളമൻ: ആ പാവത്തിനോട് നിനക്കെന്താ ?
മേരി: എന്താ ഇവിടെ ചെയ്യുന്നെ എന്ന് മനസിലാകുന്നുണ്ടോ? എന്നെ റെസ്‌പോൺസബിലിറ്റി പഠിപ്പിക്കുവാൻ നോക്കുകയാണ്. കുട്ടിക്ക് പകരം പട്ടി. എനിക്കതൊന്നും ഇപ്പോൾ കഴിയില്ല. ഐ ആം നോട്ട് റെഡി ഫോർ ദിസ്. ഐ ഡോണ്ട് വാൻഡ് എ ഫക്കിങ് ഡോഗ് ഹിയർ.
സോളമൻ: ഓ അപ്പോൾ അതാണ് നിന്റെ പ്രശ്‌നം. റിലേഷൻഷിപ്പിലെ ഈ സ്റ്റേജിൽ നിന്നും മുൻപോട്ട് പോകുന്നതായി നിനക്ക് തോന്നി. നീ ഇത് ആദ്യമായിട്ടല്ല ചെയ്യുന്നത്. നീ പറഞ്ഞു നിനക്ക് കുട്ടികൾ പറ്റില്ല എന്ന്. കാരണം നിനക്ക് കമ്മിറ്റഡ് ആകേണ്ട. ഇപ്പോൾ പട്ടിക്കുട്ടിയെ കൊണ്ട് വന്നപ്പോൾ അതും പോലും പറ്റില്ല.
അവൾ സിഗററ്റ് കുത്തിക്കെടുത്തി.

മേരി: അതേ അത് തന്നെയാണ്. നോ. I can't handle children. You know that.
സോളമൻ: നിനക്ക് കുട്ടികളെ എത്ര ഇഷ്ടമാണെന്ന് എനിക്കറിയാം. നിനക്കും അറിയാം. പക്ഷെ നിന്റെ ഭയം അതൊന്നുമല്ല. നീയെന്നെ യഥാർത്ഥത്തിൽ പ്രേമിക്കുന്നു എന്ന തിരിച്ചറിവാണ് നിന്നെ പരിഭ്രാന്തപ്പെടുത്തുന്നത്. നീ എന്താണ് കരുതുന്നത്. ലോകത്തുള്ള മുഴുവൻ ആണുങ്ങളെയും ഡേറ്റ് ചെയ്ത് ജീവിക്കാമെന്നോ? അങ്ങനെ ജീവിച്ചാൽ ആരേയും സ്‌നേഹിക്കേണ്ടി വരില്ലെന്നോ? ഭയമാണ് നിനക്ക് സ്‌നേഹത്തിനോട്. ഓടിയൊളിക്കുകയാണ് എല്ലാവരിൽ നിന്നും. ദുർബലയാകുമെന്ന്, മിസറബിൾ ആകുമെന്ന് തോന്നുമ്പോൾ ഇമോഷണലി അവൈലബിൾ ആവുമ്പോൾ ഒക്കെ നിനക്ക് ഭയം. തളർത്തുമെന്ന് തോന്നുന്ന എന്തിൽ നിന്നും നീ പായുകയാണ്. നിനക്ക് സ്‌നേഹം നിന്നോട് മാത്രമേയുള്ളൂ. സെൽഫിഷ്. യു സെൽഫിഷ് ബിച്ച്.
മേരി: നിനക്കെന്ത് വേണം? കുട്ടിയുണ്ടാക്കി തന്ന് അതിന്റെ പേരിൽ എന്നോട് ആജ്ഞാപിക്കണം. അതിനു ഞാൻ നിന്നുതരില്ല. എല്ലാ ആണുങ്ങൾക്കും വേണ്ടത് ഇത് തന്നെയാണ്. എന്ത് ചെയ്താലും വിട്ടുപോകാത്ത അടിമയെ.
സോളമൻ: പിന്നെ എന്തിനാ കൂടെ ജീവിക്കുന്നേ. ഫക്ക് ഓഫ് ഫ്രം മൈ ലൈഫ്. നിനക്കല്ലെങ്കിലും മറ്റുള്ളവരുടെ ഇഷ്യൂ ഒരു പ്രശ്‌നമാണോ? കുട്ടികൾ, കുടുംബം എന്താണെന്ന് അറിയാമോ? അറിയില്ല കാരണം നിനക്കതില്ല. നീയത് അനുഭവിച്ചിട്ടില്ല.
മേരി: ഫക്ക് യു. ഇല്ല എനിക്കൊന്നുമില്ല. എനിക്ക് ആരും വേണ്ടാ താനും. ഇറങ്ങിപ്പോടോ. നീയും നിന്റെ അടുപ്പിലെ പട്ടിക്കുട്ടിയും. ഒന്നും വേണ്ട.
സോളമൻ: ദിസ് ഈസ് ഓവർ. എനിക്ക് മടുത്തു ഇത്. നിന്റൊപ്പമുള്ള ഈ ഇൻസെക്യൂർ ലൈഫ്. I want to get settled. If you can't. Then ഈ ബന്ധം മുൻപോട്ട് പോകുന്നതിൽ ഒരു അർഥമില്ല
മേരി: ഫക്ക് ഓഫ്. ഐ നീഡ് എ ബ്രേക്ക്. ഫക്ക് ഓഫ് ഫ്രം മൈ ലൈഫ്. എനിക്കാരും വേണ്ട.

സോളമൻ അപ്പോൾ തന്നെ വസ്ത്രമണിഞ്ഞ് പട്ടിക്കുട്ടിയുമായി ഇറങ്ങി. പട്ടിക്കുട്ടിക്ക് പുതയ്ക്കുവാൻ മേരിയുടെ ഒരു ഷാൾ അവളറിയാതെ അയാൾ കൈക്കലാക്കി.
ഊറിയൂറി തെളിയും ജലം പോലെ സമയമെടുത്ത് ചെറിയ ചെറിയ പ്രവൃത്തികളിലൂടെ വ്യക്തമായ വെറുപ്പ് അന്നവരെ രണ്ടുപേരാക്കി. വലിയ താമസമില്ലാതെത്തന്നെ ഒരു രാത്രിയിൽ മേരിയും സോളമനും ബ്രേക്കപ്പ് ആകുവാനായി തീരുമാനമെടുത്തു.

പിരിയുന്ന രാത്രിയിൽ കുഞ്ഞുസന്തോഷങ്ങളുടെ പ്രേതനഗരത്തിൽ അയാളൊന്നുകൂടെ ചുറ്റിയടിച്ചു. മേരിയെ കണ്ടുമുട്ടിയതിനുശേഷം എവിടെ നിന്നെന്നറിയാതെ അയാളുടെ ജീവിതത്തിലേക്ക് ആനന്ദം വന്നുകയറിയിരുന്നു. ഒരു കാരണവുമില്ലാതെ അയാളിൽ ആഹ്ലാദം നിറഞ്ഞുതുളുമ്പി. ഉണങ്ങിയ തോർത്തുമുണ്ടാൽ തല തുവർത്തുന്നതിൽ അയാൾ സന്തോഷം കണ്ടെത്തി. ഷവറിൽ നിന്നുള്ള ആദ്യത്തെ വെള്ളത്തുള്ളി നൽകിയ; ഒറ്റയാനു മുൻപിൽ പെട്ടുപോയപ്പോഴുള്ള രോമാഞ്ചത്തിൽ അയാൾ സന്തോഷം കണ്ടെത്തി. അറിയാതെ കയറിവരുന്ന എക്കിട്ടത്തിൽ, താക്കോൽ പൂട്ടിന്റെ വിടുതലിൽ, അലമാരക്കടിയിൽനിന്നും കണ്ടെടുക്കുന്ന ചില്ലറ പൈസകളിൽ, പുതപ്പിനുള്ളിലെ പൂച്ചയുടെ കുറുകലിൽ, ആരോ വച്ചിട്ടുപോയ മിഠായിപൊതികളിൽ, പഞ്ചസാര ഉറുമ്പിന്റെ ഇക്കിളിയിൽ, ഷൂസൂരുന്ന ആശ്വാസത്തിൽ, നഗ്നനാകുന്ന ആ ഒറ്റൊരു നിമിഷത്തിലെ നാണത്തിൽ, വായക്കുള്ളിലെ മൃദുചർമത്തിലെ മുറിവിൽ നാവുകൊണ്ട് തലോടുന്നതിൽ, താടി ഇളംവെയിലിൽ ഉണങ്ങുവാൻ വിടുന്നതിൽ, ടി.വി.യുടെ പ്ലഗ് കുത്തുമ്പോഴുള്ള കൈ തറമ്പലിൽ, അലാറം വച്ചുണരുന്നതിൽ, കാറ്റടിച്ചുറങ്ങിപ്പോകുന്നതിൽ, തൊണ്ടയിലെ ചൊറിച്ചിലിൽ ഘിർ ഘിർ എന്നുരക്കുന്നതിൽ, കാൽവിരലുകൾ ഞൊട്ടയിടുന്നതിൽ, പുസ്തകം തിരയുന്നതിൽ, പല്ലുകൾക്കിടയിലൂടെ തുപ്പലം തെറ്റിക്കുന്നതിൽ, നാളികേരം പൊതിക്കുന്നതിൽ, വസ്ത്രങ്ങൾ പിഴിയുന്നതിൽ, ദേഹത്തെ മുറിവിൽ ചൊറിയുന്നതിൽ, പുസ്തകത്തിനുള്ളിൽ മുടിയിഴ കണ്ടെടുക്കുന്നതിൽ, പെൻസിൽ ചെത്തുന്നതിൽ, ചീരത്തോട്ടം നനയ്ക്കുന്നതിൽ, പൂച്ചികളെ വെറുതെ വിടുന്നതിൽ, പച്ചക്കറികളുടെ തൊലി ചെത്തുന്നതിൽ, ഇലകളുടെ അടിഭാഗങ്ങൾ കാണിക്കുന്ന മരങ്ങളുടെ ഉലച്ചലിൽ, വാതിൽ തുറന്നുവരുന്ന കാറ്റിൽ, കറികളിൽ ഉപ്പുവിതറുന്നതിൽ എന്നിങ്ങനെ അതുവരെ ശ്രദ്ധയിൽപ്പെടാതിരുന്ന പല പ്രവൃത്തികളിലും അയാൾ സന്തോഷം അനുഭവിച്ചു. ഇതാദ്യമായിരുന്നു അയാൾ കടൽത്തീരങ്ങളിൽ ഇത്ര മുഴുകിപ്പോയത്. ആദ്യമായിരുന്നു യാത്രകളിലെ അപരിചിതത്വം മുറിവേൽപ്പിക്കാതിരുന്നത്. ആദ്യമായിരുന്നു മലമുകളിലേറി മേഘങ്ങളെ തൊട്ടുനോക്കിയത്. ആദ്യമായിരുന്നു ട്രെയിനിന്റെ ഇളക്കം താളമായിപ്പോയത്. മഞ്ഞുകാലം ഇത്ര അടുത്തുവന്നത്. ആദ്യമായിരുന്നു ജലത്തിനുള്ളിൽ മുഖം പൂഴ്ത്തുന്നത്. ആദ്യമായിരുന്നു മണ്ണിനുള്ളിലേക്ക് കാലുകൾ കടത്തിയത്. ആദ്യമായിരുന്നു മൂന്നുമണി സന്തോഷങ്ങൾ അനുഭവിക്കുന്നത്. ബാൽക്കണിയിൽ നിന്നും ലോകത്തെ നോക്കിക്കണ്ടത്. ആദ്യമായിരുന്നു അയാൾക്ക് ഇമ്മാതിരി ഒരു സ്ത്രീയുടെ സ്‌നേഹം. ഏതോ ചിലന്തിയെറിഞ്ഞ വല പോലെ സൂര്യപ്രകാശത്തിന്റെ ഒരു സഞ്ചയമായി മേരിയുടെ സ്‌നേഹം സോളമനിൽ പതിച്ചു. അതിലയാൾ കുടുങ്ങിക്കിടന്നു.

നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴെ കടന്നുപോകും ആളുകളെക്കുറിച്ച് ഊഹാപോഹങ്ങൾ നടത്തുക ഇരുവരുടെയും ഇഷ്ടവിനോദങ്ങളിലൊന്നായിരുന്നു. നാലാം നിലയിലെ പ്രാവുകൾ കൊത്തിയെടുക്കുവാൻ മറന്നുവച്ച രണ്ട് അരിമണികളായി അവർ ഗോസിപ്പ് കഥകൾ മെനഞ്ഞുകൊണ്ടിരുന്നു.

"ചൂണ്ടുവിരലിന്റെ ഏറ്റവും തുഞ്ചത്ത് പുതപ്പ് പുതച്ചുനിൽക്കും പോലെയൊരു മരം കണ്ടുവോ?'
"ഉവ്വ്'
"ആരെയോ കാത്തുകാത്ത് നിന്ന് മരമായിപ്പോയൊരു വൃദ്ധനാണത്. അദ്ദേഹത്തിന്റെ താടി വളർന്ന് നീണ്ടുനീണ്ട് ആൽമരത്തിൽ നിന്നും ഊർന്നുവീഴും വള്ളികൾ പോലെയായി. നഖങ്ങൾക്കിടയിലെ അഴുക്ക് കൊത്തിത്തിന്നുവാൻ കിളികൾ പറന്നുവന്നിരുന്ന് കൊക്കുരുമ്മി ഇണചേർന്നു. മഴയേറെപ്പെയ്തിട്ടും നനവറിയാതെയിരുന്ന അയാളുടെ രഹസ്യഭാഗങ്ങളിൽ പ്രാണികൾ കൂടുകൂട്ടി. മരപ്പൊത്തുകളിലേക്കുന്നം വച്ചിഴയും പാമ്പുകളുടെ ശൽക്കങ്ങൾ മരത്തൊലിയുടെ പരുക്കൻ പ്രതലങ്ങളിൽ ഉരസിപ്പൊഴിഞ്ഞു. മിന്നാമിനുങ്ങുകൾ ഒളിഞ്ഞു താമസിക്കുവാൻ ഇലകൾ വാരിച്ചുറ്റി. മുട്ടയിടുവാൻ പുളിയുറുമ്പുകൾ ഇലകളെ കൂട്ടിത്തുന്നി.
"എന്നിട്ട്'
"കാത്തിരുന്ന ആൾ വന്ന നിമിഷം കാറ്റില്ലാഞ്ഞും ചില്ലകളിളകി. വേരുകൾ മണ്ണിനടിയിൽ മണ്ണിരകൾക്കൊപ്പം ഇഴഞ്ഞു. പഴുത്ത ഇലകൾ ചിരിച്ചു. പക്ഷെ അയാളെ അവർ തിരിച്ചറിഞ്ഞില്ല. അവരെന്നല്ല ആരും. അയാളെ രണ്ട് നിമിഷം കൂടെ കാത്തുനിന്ന് അക്ഷമയായി അവർ നടന്നുനീങ്ങി.'
"സിഗററ്റ് പുകച്ചുനിന്ന് മൂക്കിലെ വളയത്തിൽ തൊട്ടുനോക്കുന്ന പെൺകുട്ടിയെക്കണ്ടോ?'
"ഏത് അടച്ച കപ്പിനുള്ളിലെ ദ്വാരത്തിലൂടെ കാപ്പി മോന്തുകയും ഇടയ്ക്ക് സിഗററ്റിന്റെ പുക വലിച്ചുവിടുകയും ചെയ്യുന്നവളോ?'
"ആ അവൾ തന്നെ. എന്റെ മറ്റൊരു ശരീരമാണവൾ. ചുമരു ചാരിനിന്ന് കാപ്പി മോന്തുന്നേരം കടന്നുപോകും ഉയരമുള്ള ആണുങ്ങളെ ഏറുകണ്ണിട്ട് പിടിക്കും. അത്താഴം കഴിക്കുവാനുള്ള പണത്തിനു കിടക്കയിലേക്ക് ക്ഷണിക്കും. ഞാനിവിടെ മുളകരിയുമ്പോൾ അവൾ രതിമൂർച്ചയിൽ അലറി വിളിക്കും. അരിഞ്ഞുകൊണ്ടിരിക്കേ സുഖം കാരണം കത്തി തെന്നും. എന്റെ മുറിഞ്ഞ വിരൽ നീ വായ്ക്കകത്താക്കും. എരിവിന്റെ വിത്തുകളിൽ തട്ടി നിന്റെ കണ്ണുകൾ കുടുകുടെ നിറയും. ഫോൺ അൺലോക്ക് ചെയ്യുമ്പോളും നാരങ്ങാമണമുള്ള പാത്രം കഴുകലിനിടയിലും ഷാമ്പൂ കുപ്പി തുറക്കുന്നതിനിടയിലും പുസ്തകത്തിന്റെ പേജ് മറയ്ക്കുന്നതിനിടയിലും എല്ലാം എല്ലാം രാത്രിയെന്നോ പകലെന്നോയില്ലാതെ അവളെന്നെ രതിമൂർച്ചകൾ കൊണ്ട് നിറച്ചുകൊണ്ടിരുന്നു. ആരുമറിയാതെ അങ്ങനെ ഞാൻ ആഹ്ലാദിക്കും'
"മരത്തിനപ്പുറത്തായി നടന്നുപോകും മധ്യവയസ്‌കയെ നോക്കൂ'
"അവരെ എനിക്കറിയാം'
"ഷീ ഈസ് എ ടാരറ്റ് റീഡർ. അവർ ചീട്ടുകളുപയോഗിച്ച് ഭൂതം ഭാവി പറയും.
"തത്തയെക്കൊണ്ട് ചീട്ട് എടുപ്പിക്കുന്ന സ്ത്രീയെന്നാണോ?'
"അല്ല. മറ്റൊരു രീതിയിൽ ആണ് ഇത്.'
"അവർ എന്താ പിറുപിറുക്കുന്നതെന്ന് പറയട്ടേ?'
"ഉം'
"അവർ നമ്മളുടെ ഭാവി പുരികങ്ങൾക്കിടയിൽ കാണുകയാണ്'
"പറയ്'
"ഭാവിയിൽ ഒരു ദിനം സുഹൃത്തുക്കൾക്കൊപ്പം കറങ്ങുന്നതിനിടെ പബ്ബിലെ ഡാൻസ് ഫ്ളോറിൽ വച്ച് മേരിയെ കാണുമ്പോൾ സോളമൻ ആകെ ചൂളിപ്പോകും. സ്വന്തമെന്ന് കരുതുന്ന ആരുടെയോ ബലിഷ്ഠമായ തോളിൽ പിടിച്ച് നൃത്തച്ചുവടുകൾ വയ്ക്കുന്ന മേരിയെ കണ്ട് സുഹൃത്ത് പറയും ഒരു കാറും കുറച്ച് പൈസയും കാണിച്ചാൽ കറങ്ങാൻ റെഡി ആയി കുറേ എണ്ണം. സ്വന്തം സുഖത്തിനുവേണ്ടി എന്തും ചെയ്യുന്നവൾ ആണ് പക്ഷെ സോളമൻ അവരോട് പറഞ്ഞില്ല അയാളുടെ പായൽ നക്കി തുവർത്തിയ കിണറ്റിൻ കരയിൽ പൊടിച്ച ഏക ആൽമരമാണ് മേരിയെന്ന്. നാലാം നിലയിൽ നിന്ന് നീട്ടിത്തുപ്പും ക്ലോസപ്പ് പതയാൽ ഇലകളിൽ ചിത്രപ്പണികൾ നടത്തുന്നവളാണെന്ന്. അയാൾ മറന്നുപോയതാകില്ല. അവളാണ് ഫ്രിഡ്ജിലെ രഹസ്യത്തട്ടിലെ പ്ലാസ്റ്റിക് കവറിനുള്ളിൽ ഒളിപ്പിച്ചുവച്ച കടുമാങ്ങാ അച്ചാറിന്റെ ഉടമയെന്നോ, ആയിടെ മിക്ക ദിവസവും സുഹൃത്തുക്കളുമായി ചുണ്ട് ചേർത്ത് വലിക്കും കാപ്പിക്കപ്പ് അവളുടെ തിരഞ്ഞെടുപ്പാണെന്നോ, കൈകൾ വൃത്തിയാക്കും സാനിറ്റൈസറുകൾ അവളുടെ ശീലമാണെന്നോ, ആന്റിസെപ്റ്റിക് ട്യൂബുകൾ ശേഖരിച്ചതാരെന്നോ ടേബിൾ മാറ്റ്, ചവിട്ടി, കിടക്കവിരികൾ, ജനൽ വിരികൾ, അലമാരകൾ, ഇപ്പോഴിട്ട ഷർട്ടടക്കം സത്യത്തിൽ എങ്ങിനിവിടെയെത്തിയെന്നോ അയാൾ പറയുവാൻ പോകുന്നില്ല. ജലത്തിന്റെ ചാരമാണ് നീരാവിയെന്ന് മറ്റാരും അയാളോട് പറഞ്ഞുകാണില്ല. മൂന്നാം വയസിൽ അങ്ങോട്ടുമിങ്ങോട്ടും രഹസ്യമായി തൊട്ട അയാളുടെ ഏറ്റവും ആഴവും തെളിഞ്ഞതുമായ കുട്ടിക്കാല ഓർമയുമായിരുന്നവൾ.
സുഹൃത്തുക്കൾ അയാളോട് തുടർന്നു "ഇവൾക്ക് മറ്റേ അസുഖമാ. കഴപ്പ്'.

സോളമനു ചിരി വരുന്നുണ്ടായിരുന്നില്ല. കാരണം മേരിയുടെ കിറുക്ക് അനുഭവിച്ചവനായിരുന്നു അയാൾ. മേരി മറ്റാരെപ്പോലെയും അല്ലായിരുന്നു. തണുപ്പുകാലത്തെ മുഖം കഴുകൽ പോലെ പുത്തനൊരു അനുഭവമായിരുന്നു. അതുവരെ ഒരുപോലെയൊരു ജീവിതം ജീവിച്ചുതീർക്കുന്നതിനിടെ വിഴുങ്ങിയ വോഡ്ക്കാ ഷോട്ടിന്റെ ഹാംഗോവറായിരുന്നു. വിഷാദനിർഭരമായ കവിതകൾക്കിടെ അബദ്ധത്തിലെഴുതിയ ആഹ്ലാദത്തിന്റെ രണ്ടുവരികളായിരുന്നു. അവൾ എപ്പോഴും കെ.എഫ്‌.സി. ചിക്കനു പകരം ഐസ്‌ക്രീമുകൾ തിരഞ്ഞെടുത്തവളായിരുന്നു. ദുർമന്ത്രവാദിനിയെപ്പോലെ പ്രാവുകളെ അരിമണികൾ നിറഞ്ഞ കൈകളിലേക്ക് വിളിച്ചുവരുത്തി ഊട്ടിവിട്ടവളായിരുന്നു. കട്ടിലിനുചുറ്റും മഞ്ഞ മാലബൾബ് തൂക്കിയവളും അതിന്റെ വെളിച്ചത്തിൽ നഗ്‌നയായവളുമായിരുന്നു. പ്രപഞ്ചത്തെ മാറ്റിവരച്ചുകൊണ്ടിരിക്കെ സോളമനെ കണ്ടുമുട്ടിയതിനാൽ ആ പണി നിർത്തിവച്ചവളായിരുന്നു. അവളുടെ തൊലിയിൽ തൊടുമ്പോഴെല്ലാം കരിയിലകൾക്ക് മീതെ നടന്നുപോകും ചെരിപ്പിടാത്ത കാൽപാദത്തിനെയോ ടോസ്റ്റ് ചെയ്ത ബ്രഡിന്റെ ആദ്യ കടിയേയോ അയാൾ ഓർത്തുപോകുമായിരുന്നു. അവൾക്ക് ചുറ്റുമുള്ള ചെടികൾ അവളുടെ മൂഡ്‌സ്വിങ്സ് അനുസരിച്ച് പുഷ്പിക്കുമായിരുന്നു. അവൾ ദേഷ്യംകൊണ്ട് വിറയ്ക്കുന്ന ദിവസങ്ങളിൽ ചുവന്നതും ഐലൈനർ ഒരുകിയൊലിച്ച സങ്കടങ്ങളുടെ ദിവസങ്ങളിൽ നീലയും സന്തോഷങ്ങളിൽ മഞ്ഞയും ശാന്തതയിൽ വെള്ളയും പൂക്കൾ അവൾക്ക് ചുറ്റുപാടും പൂത്തു. അവൾ ചമ്രം പടിഞ്ഞിരിക്കുന്ന കസേരകൾ. മൂന്നു ബ്രഷുകൾ ഇടുപ്പുകളിൽ തിരുകി ഞെക്കിത്തെറിപ്പിക്കുന്നതിനിടെയോ ചായം കൂട്ടുന്നതിനിടെയോ പുരണ്ട നിറങ്ങൾ ഏന്തി അയാളെയവൾ സ്‌നേഹിച്ചു. നിറങ്ങളുടെ വഴുവഴുപ്പിൽ ഇരുവരും പരസ്പരം തെന്നി. അവൾ മാത്രമായിരുന്നു അയാളെ അമ്മയെപ്പോലെ സ്‌നേഹിച്ചത്. അവൾ കരഞ്ഞപ്പോൾ ശിശിരത്തിലെ ഇലകൾ പോലെ മഞ്ഞുകണങ്ങൾ, കാപ്പിയിലേക്ക് പഞ്ചസാരതരികൾ തൂവിയതുപോലെ പൊഴിഞ്ഞു. അയാൾ പുഞ്ചിരിക്കുകയും ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുകയും ചെയ്തിരുന്ന സമാന്തര ലോകമായിരുന്നു മേരി. ഉന്മത്തത അവളുടെ അടിസ്ഥാന സ്വഭാവവും. തൂവലുകൾ, പൂവിതളുകൾ, മിന്നാമിനുങ്ങുകൾ, ഇലകൾ, കടലാസുകഷ്ണങ്ങൾ, പ്ലാസ്റ്റിക് കാരിബാഗുകൾ, ശലഭങ്ങൾ എന്നിവ എവ്വിധം കാറ്റിൽ കറങ്ങിയോ അവ്വിധം മേരി തന്റെ പാവാട ധരിച്ച് സോളമനെയും കൊണ്ട് ലോകം ചുറ്റി.

നാലാം നിലയിൽ വച്ച് അവൾ അയാൾക്ക് കുഞ്ഞുസന്തോഷങ്ങളെ പരിചയപ്പെടുത്തി കൊടുത്തു. വെയിലേറ്റ് പ്രകാശിക്കും കർട്ടനുകളെ കാണിച്ചുകൊടുത്തു. ചെരിഞ്ഞു ചിതറും മഴത്തുള്ളികളേറ്റ് കാപ്പി കുടിക്കുവാൻ അവളവനെ പഠിപ്പിച്ചു. പുഴുങ്ങിയ മുട്ട തൊലികളയുവാൻ പഠിപ്പിച്ചു. കെട്ടിപ്പിടിപ്പിക്കുവാൻ പഠിപ്പിച്ചു. ചെടികൾക്ക് വെള്ളം ഒഴിപ്പിക്കുവാൻ പഠിപ്പിച്ചു. ടാങ്കുകളിൽ കിളികളിരുന്നു കുളിക്കുന്നത് കാണിച്ചുതന്നു. ഒരേ പാട്ട് രണ്ടുപേർ ഹെഡ്‌ഫോണിൽ കേൾക്കേ വിരൽ ഞൊട്ടയിടീക്കുവാൻ പഠിച്ചു. അപ്രസക്തരെ നിരീക്ഷിക്കാൻ പഠിപ്പിച്ചു. വഴുതിവീഴുവാൻ പഠിപ്പിച്ചു. പിരിയുന്ന രാത്രിയിൽ നഷ്ടപ്പെട്ടുപോയ ഇത്തരം സന്തോഷങ്ങളെക്കുറിച്ച് സോളമൻ ആശ്ചര്യപൂർവം ഓർത്തുകൊണ്ട് സമയം കഴിച്ചു.

മേരിയുടെ വിഷാദവും സോളമന്റെ സന്തോഷവും ശക്തിപ്രാപിച്ച് അതിന്റെ യഥാർഥ സ്വഭാവം കാണിച്ചത് അവർ ആദ്യമായി പിരിയുവാൻ തീരുമാനിച്ച രാത്രിയിലായിരുന്നു. പിരിയുന്ന രാത്രിയിൽ ഇരുവരും നീണ്ട ഒരു സംഭാഷണത്തിൽ മുഴുകുകയുണ്ടായി. തത്ഫലമായി രൂപപ്പെട്ട തീരുമാനങ്ങളിൽ പ്രഥമം സോളമൻ അടിയന്തിരമായി മറ്റൊരു മുറിയിലേക്ക് മാറി താമസിക്കേണ്ടതുണ്ട് എന്നതായിരുന്നു. എന്നാൽ ഫ്ളാറ്റിലേക്ക് മാറുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ കുറച്ച് സമയം അയാൾ ആവശ്യപ്പെട്ടു. അന്നു രാത്രിയിൽ അവരിരുവരും സ്‌നേഹവും വെറുപ്പും എല്ലാമെല്ലാം പറഞ്ഞുതീർത്തു.
ജോയിന്റ് എക്കൗണ്ടിലെ മുഴുവൻ പണവും തുല്യമായി പകുക്കും. വീട്ടുസാമാനങ്ങളെല്ലാം ഇരുവർക്കുമായി ഭാഗിച്ചു. എഴുത്തുമേശ അയാൾക്ക് ചാരുകസേര അവൾക്ക്. ടി.വി. അയാൾക്ക് ഫ്രിഡ്ജ് അവൾക്ക് ഫ്രിഡ്ജിനുള്ളിലെ പാൽക്കട്ടി അയാൾക്ക്. കുറിഞ്ഞിപ്പൂച്ച അയാൾക്ക് ഗോൾഡ് ഫിഷ് അവൾക്ക്. അത് കേട്ട് കുറിഞ്ഞിപ്പൂച്ച ഗോൾഡ് ഫിഷിനെ നോക്കിയൊരു കോട്ടുവായിട്ടു. അലമാര അവൾക്ക്, പുതപ്പ് അയാൾക്ക്. ഇലകളിൽ ജലച്ചായം ചെയ്ത് സമ്മാനമായി നൽകി വളർത്തിക്കൊണ്ടിരുന്ന ഓറഞ്ച് ചെടി ആർക്കും വേണ്ടാതായി. വക്കീൽ മുഖാന്തരം എല്ലാം രേഖയാക്കണമെന്ന അവളുടെ അഭിപ്രായം അയാൾ അംഗീകരിച്ചു. വളരെക്കാലത്തിനുശേഷം തന്റെ ഒരു നിർദേശം അയാൾ അംഗീകരിച്ചതിൽ അവൾക്ക് പകപ്പ് തോന്നി. മൂല്യമുള്ള സാധനങ്ങൾ വീതം വച്ച് വന്നപ്പോൾ 1132 പേജുള്ള ഒരു പുസ്തകത്തിനായി രണ്ടുപേരും അവകാശം ഉന്നയിച്ചു. കുടിച്ചു ബോധമില്ലാത്ത ദിവസം സുഹൃത്തിന്റെ വീട്ടിൽ നിന്നും മോഷ്ടിച്ചതാണീ പുസ്തകമെന്ന് അയാളും മസാലദോശ കഴിച്ചു പുറത്തിറങ്ങിയതിനിടെ പല്ലിനിടയിൽ കുടുങ്ങിയ ചമ്മന്തിയുടെ കടുക് കടിച്ചുനിൽക്കേ തെരുവിനോരത്ത് നിരത്തിയ പുസ്തകങ്ങളിലൊന്നിനെ പാതിവിലയ്ക്ക് വാങ്ങിയതാണിതെന്ന് അവളും കട്ടായം പറഞ്ഞു. പതിവുപോലെ മറ്റു വഴക്കുകളെപ്പോലെ ഇതും വളർന്നു.

കോപം കൊണ്ട് തിളങ്ങിയ മേരി ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ചു. ഒടുവിൽ പുസ്തകം തങ്ങളുടെ മകളായി കണ്ട് മേരി മുന്നോട്ട് വച്ച 'ആഴ്ചയിൽ നാലു ദിവസം തന്റെ കൂടെ ബാക്കി മൂന്നു ദിവസം സോളമന്റെ കൂടെ' എന്ന ഉടമ്പടിയും സോളമൻ നിഷേധിച്ചു. പുസ്തകം വായിച്ചു തീർന്നിട്ടില്ലാത്തതിനാൽ മുറിയിൽ തങ്ങുവാൻ കൂടുതൽ ദിവസങ്ങളനുവദിക്കണമെന്ന് അയാൾ അപേക്ഷിച്ചു. മേരി കൂട്ടാക്കിയില്ല. ഒടുവിൽ പുസ്തകം വായിച്ചു തീരും വരെ ഏതു സമയത്തും മുറി സന്ദർശിക്കുവാനും പുസ്തകം വായിക്കുവാനുമുള്ള അധികാരം തനിക്ക് വേണമെന്ന സോളമന്റെ വ്യവസ്ഥ മേരി അംഗീകരിച്ചതിനാൽ മുറിയുടെ ഒരു താക്കോൽ അയാൾ തിരികെ നൽകാതെ കൈവശം സൂക്ഷിച്ചു.

അധികം താമസിയാതെ സോളമൻ മുറിയിൽ നിന്നും താമസം മാറിയെങ്കിലും ദിവസേന പുസ്തകം വായിക്കുവാനെന്ന വണ്ണം മേരിയുടെ മുറി അയാൾ സന്ദർശിച്ചു പോന്നു. സോളമൻ പുസ്തകം തുറന്നു നോക്കിയപ്പോഴൊക്കെ മേരിയുണ്ടാക്കിയ കറിയിലെ പരിപ്പോ അവളുടെ മുടിയിഴകളോ താളുകൾക്കിടയിൽ അയാൾക്ക് കാണുവാൻ കഴിഞ്ഞു. സോളമൻ വന്നു പോകുന്നതിനു ശേഷം പുസ്തകം തുറക്കുന്ന മേരിക്ക് അയാൾ പിരിച്ചു വച്ച അഴുക്കോ കടിച്ചു തുപ്പിയ നഖക്കഷ്ണങ്ങളോ കിട്ടി. മേരിയെന്താണ് വായിച്ചതെന്നറിയാൻ അയാളും അയാളെന്താണ് വായിക്കുന്നതെന്നറിയുവാൻ അവളും ആ പുസ്തകം വായിച്ചു കൊണ്ടിരുന്നു. വായനക്കിടയിൽ മേരിക്ക് അസുഖങ്ങളൊന്നുമില്ലല്ലോ എന്നു അയാളും സോളമനു കുഴപ്പം വല്ലതുമുണ്ടോയെന്ന് അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾക്ക് പുതിയ കാമുകൻ ആയിക്കാണുമോയെന്ന് അയാൾ ഉത്കണ്ഠാകുലനായി. അയാളിപ്പോൾ എഴുതുന്ന കവിത ഏതെന്ന് അവളും ആശങ്കപ്പെട്ടു. എങ്കിലും ദിവസങ്ങളുടെ അപരിചിതത്വവും ജന്മങ്ങളുടെ പരിചിതത്വവും അവർക്കിടയിൽ നിശബ്ദതയായി നിലനിന്നു. ഒറ്റമുറിയിൽ അവളില്ലാതിരുന്ന ദിവസങ്ങളിൽ അയാൾ പുസ്തകം കിടക്കയിൽ കിടന്ന് വായിച്ചു തുടങ്ങി. പുസ്തകത്തിൽ ലൈംഗികതയെക്കുറിച്ച് വർണ്ണിക്കുന്ന ഭാഗങ്ങളിൽ കറുത്ത മഷി കൊണ്ട് വരഞ്ഞു. സോളമൻ ഏതെങ്കിലും മതത്തിന്റെ അനുവാചകൻ ആയിക്കാണുമെന്ന് അതു കണ്ട് മേരി ഊഹിച്ചു. ബിസ്‌കറ്റിന്റെ പകുതി വായിച്ചു നിർത്തിയ പേജിൽ അടയാളമായി കണ്ടുതുടങ്ങി.

പുതിയ ആൺസുഹൃത്തുമായി മേരി മുറിയിലേക്ക് കയറി വന്ന ദിവസം 382 ആം പേജ് വായിക്കുകയായിരുന്നു സോളമൻ. ആദ്യത്തെ പരസ്പര നിശബ്ദതക്കു ശേഷം സോളമൻ വായന തുടർന്നു. മേരിയും സുഹൃത്തും തങ്ങളുടെ സംസാരത്തിലേക്ക് തിരിച്ചു പോയി. സുഹൃത്ത് മേരിയോട് മുന്തിരിയട കഴിച്ച അനുഭവം വിശദീകരിക്കുകയായിരുന്നു. പിറുപിറുക്കലുകൾക്ക് കാതോർക്കുവാൻ സോളമൻ വായനക്കിടെ വാക്കുകൾക്കിടെ വലിയ ഇടവേളകളെടുത്തു. മേരി സന്തോഷവതിയെന്ന് തോന്നിയത് അയാളിൽ ചെറിയ നിരാശയുണ്ടാക്കി. പിറകിൽ കണ്ണുകൾ ലഭിച്ചതു പോലെ, അവർ ചെവിയിൽ സ്വകാര്യം പറയുന്നതും അറിയാതെ ചുണ്ടുകൾ ഉരസിപ്പോയതും ചിരിച്ചതും സോളമൻ അവ്യക്തമായി കണ്ടു. അയാൾ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിലെ കഥാസന്ദർഭം ആ കാഴ്ച്ചക്ക് ശബ്ദമേകി. കൈകൾ രണ്ടും ഒടിഞ്ഞതിനാൽ പ്ലാസ്റ്റർ ഇട്ട നായകനെ ഭർത്തൃമതിയായ ഒരു സ്ത്രീ സഹായിക്കുന്ന ഭാഗത്തിലൂടെ സോളമൻ വേഗത്തിൽ കണ്ണുകളോടിച്ചു. അവരുടെ ഭർത്താവ് താക്കോൽ ദ്വാരത്തിലൂടെ ഒളിഞ്ഞു നോക്കുകയാണ്. സോളമന്റെ പിറകിലെ കണ്ണുകൾ മേരിയെ ഒളിഞ്ഞു നോക്കുകയാണ്. തന്റെ ഭാര്യ നായകനോട് സഹായം വാഗ്ദാനം ചെയ്യുന്നതും അവളുടെ കൈകൾ അയാളുടെ തുടകൾക്കിടയിലേക്ക് പോകുന്നതും താക്കോൽ ദ്വാരത്തിലൂടെ ഭർത്താവ് കണ്ടു. മേരിയുടെ കൈകൾ സുഹൃത്തിന്റെ തലമുടിയിലൂടെ ഇഴയുന്ന ശബ്ദം. നായകൻ കണ്ണുകളടച്ച് സുഖം പിടിച്ചിരിപ്പാണ്. സ്ത്രീയുടെ കൈകൾ അതിവേഗം ചലിക്കുന്നത് ഭർത്താവിനു കാണാം. സ്വകാര്യം പറയാൻ കുനിഞ്ഞ മേരി സുഹൃത്തിന്റെ ചെവിയിൽ ആവേശപൂർവ്വം കടിച്ചത് പിൻകണ്ണുകൾ ഉറപ്പ് വരുത്തി. ദ്വാരത്തിലൂടെ കണ്ടുകൊണ്ടു നിന്ന ഭർത്താവിന്റെ കണ്ണിൽ നിന്നും കുടുകുടെ കണ്ണുനീർ ഒഴുകി.

സോളമൻ മുഖം തുടക്കുവാൻ നിന്നില്ല. ഭർത്താവ് അലറിക്കൊണ്ട് വാതിൽ ചവിട്ടിത്തുറന്നപ്പോൾ അയാളുടെ ഭാര്യ നായകന്റെ കാലിന്മേലുള്ള വൃണത്തിൽ മാന്തിക്കൊണ്ടിരിക്കയായിരുന്നു. സോളമൻ അത് വായിച്ച് ആശ്വസിച്ചു. തൊണ്ട വരെ വന്ന അലർച്ച അയാൾ വിഴുങ്ങി. അതയാളെ തളർത്തി. അന്ന് രാത്രി പുസ്തകം വായിച്ചു കൊണ്ടു തന്നെ അയാൾ അവിടെ ഇരുന്നുറങ്ങിപ്പോയി. രാവിലെ ഉറക്കമെണീറ്റ അയാൾക്ക് മുൻപിൽ ഒരു കുറിപ്പെഴുതി വച്ചിരുന്നു മേരി. സോളമനത് തുറന്നു നോക്കി. മുറി അയാൾക്ക് തന്നെ നൽകി മേരി അവിടം വിട്ട വാർത്ത അയാൾ വായിച്ചു. പിന്നെ കണ്ണുകളടച്ചു.

ഒരുമിച്ച് ചിലവഴിക്കുമായിരുന്ന സമയം ഒറ്റക്കൊറ്റക്ക് എത്തരത്തിൽ തള്ളിനീക്കുമെന്ന ആശയക്കുഴപ്പത്തിൽ പെട്ട രണ്ടുപേർ;
അയാൾ ഉറക്കം ഒരു മണിക്കൂർ നീട്ടുന്നു
അവൾ പുതിയ ജോലിയ്ക്കായി അപ്ലേ ചെയ്യുന്നു
അയാൾ സിഗററ്റ് പുക വട്ടത്തിൽ വിടാൻ പഠിക്കുന്നു
അവൾ തുപ്പലം തൊട്ട് ജോയിൻറ്​ ചുരുട്ടുവാൻ പഠിക്കുന്നു
അയാൾ പുതിയ കൂളിംഗ് ഗ്ലാസ് വാങ്ങുന്നു
അവളതണിയുന്നു
അയാൾ 21 പുഷപ്പ്സ് മുറിയിൽ കിടന്നെടുക്കുന്നു
അവൾ പല നിറത്തിൽ ക്യൂട്ടക്‌സ് നഖങ്ങളിൽ ഇട്ടു നോക്കുന്നു
അയാൾ മുടി മുറിക്കുന്നു
അവൾ ഇറക്കം കുറഞ്ഞ ട്രൗസർ ധരിക്കുന്നു
അയാൾ നഖം കടിക്കാൻ തുടങ്ങുന്നു
അവൾ ഫേക്കൈഡിയിൽ ആളുകളോട് കൊഞ്ചുന്നു
അയാൾ പുതപ്പിനുള്ളിൽ ഒറ്റക്ക് തല മൂടി കിടക്കുന്നു
അവൾ ചുമരിൽ കാലുകൾ കയറ്റി കിടക്കുന്നു
അയാൾ അവളില്ലാത്ത മുറികളുടെ പടങ്ങളെടുക്കുന്നു
അവൾ കണ്ണാടികളിൽ അയാൾക്കായി പോസ് ചെയ്യുന്നു
അയാൾ ഫ്രണ്ട്‌സിനൊപ്പം റോഡ് ട്രിപ്പിനു പോകുന്നു
അവൾ ഒറ്റക്കിരുന്നു കരയുന്നു
അയാൾ വസ്ത്രങ്ങൾ അലക്കി ഉണക്കി അടുക്കി വയ്ക്കുന്നു
അവൾ പുതിയ അപ്പാർട്ട്‌മെന്റിലേക്ക് മാറുന്നു
അയാൾ റോഡ് മുറിച്ചു കടക്കുമ്പോൾ തിരക്കിൽ അവളെക്കണ്ടെന്ന് കരുതി നിൽക്കുന്നു
അവൾ ഒറ്റക്ക് കുക്ക് ചെയ്ത് വെണ്ടയ്ക്ക കരിക്കുന്നു
അവളയാളെ മറക്കുവാൻ ശ്രമിക്കുന്നു
അയാളവളെ മറക്കുവാൻ ശ്രമിക്കുന്നു
അയാളവളെ സ്വപ്നം കാണുന്നു
അവളയാളെ സ്വപ്നം കാണുന്നു
അയാൾക്ക് അവളുടെ കൂട്ടുകാർ മെസേജയക്കുന്നു
അവൾ മുട്ടത്തോടിൽ പയർ മുളപ്പിക്കുന്നു
അയാൾ പോൺസൈറ്റിൽ കയറി വീഡിയോ കണ്ട് സ്വയംഭോഗം ചെയ്യുന്നതിനിടയിൽ അവളെ ഓർത്ത് തളരുന്നു
അവൾ പഴയ വീഡിയോകൾ കണ്ട് കണ്ണു നിറയ്ക്കുന്നു
അയാൾ അടുക്കളയിലെ ടാപ്പ് അടയ്ക്കുവാൻ മറക്കുന്നു
അവൾ സ്വയം ഭോഗം ചെയ്തു കൊണ്ട് ഉറങ്ങുന്നു
അയാളവളെ കാത്തിരിക്കുന്നു
അവൾ പുതിയ ആൾക്കൊപ്പം ഡാൻസ് ചെയ്യുന്നു
അയാളവളെ കാത്തിരിക്കുന്നു
അവളയാളെ കാത്തിരിക്കുന്നു
അയാളവളെ കാത്തിരിക്കുന്നു
അവളയാളെ കാത്തിരിക്കുന്നു ▮

​​​​​​​(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments