ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

3 am

അധ്യായം 21 (തുടർച്ച): 1608E അപ്പാർട്ടുമെന്റിലേക്ക് കാലൊച്ച ഗോവണിയേറുന്നു

ഹ്രസ്വകാല ഓർമകളുടെ അധ്യായം: 21:1

ങ്ങൾ ഈ ഓർമകൾ, ആൾത്താമസമില്ലാത്ത വീട്ടിലെ മാറാലകളെപ്പോലെ മേരിയുടെ സ്ഥായിയായ ഓർമകളുടെ അരികിൽ പൂപ്പലായി പൊടിച്ചു. പുതിയ ഓർമകൾ കയറി വരുന്നതോടെ ഹ്രസ്വകാല ഓർമകൾ മായുകയും ആ സ്ഥാനം പുതിയവ കയ്യടക്കുകയുമാണ് സാധാരണമായി സംഭവിച്ചിരുന്നത്. എന്നാൽ സോളമനോടൊപ്പം നിർമിക്കപ്പെട്ട ഞങ്ങൾക്ക് പകരം വയ്ക്കുവാൻ മേരിയുടെ ഉപബോധമനസ് വിസമ്മതിച്ചു. 3 am സമയങ്ങളിലെ അയാളുമായുള്ള സന്തോഷകരമായ നിമിഷങ്ങളെ അവൾ മരപ്പൊത്തിലുള്ള തത്തക്കുള്ളിലെ ജീവൻ പോലെ എടുത്തുവച്ചു.

ഹ്രസ്വകാല ഓർമ 1

നടവഴിയിൽ
ജമന്തിയിനം പൂവ് കണ്ടു.

കൗതുകത്തിൽ മേരി
അടുത്ത് ചെന്ന് ഊതി

പെൺമീൻ പാറ്റി

കാറ്റിൽ

ഹ്രസ്വകാല ഓർമ 2

പാട്ടുകേട്ടുകൊണ്ടിരിക്കേ
അവൾ ഇയർഫോണിന്റെ
ഒരറ്റം വാഗ്ദാനം ചെയ്തു

പാട്ട് കേട്ടുകൊണ്ടിരിക്കേ
അവൾ കേൾക്കുന്നത് തന്നെയാണോ
അയാൾ കേൾക്കുന്നതെന്ന് സംശയം

രണ്ടായി പിരിഞ്ഞ
അരുവിയുടെ സ്വരം
രണ്ടിടത്തും ഒരു പോലെയാണോ?

ഹ്രസ്വകാല ഓർമ 3

കാറ്റിൽ നീല ജനൽ വിരികൾ ഇളകി

വിരികൾക്കപ്പുറേ
കിളികൾ പോലെന്തോ പാറി

മേരിക്കൊപ്പം ബീച്ചിൽ വച്ച്
വെള്ളത്തിൽ കണ്ട
കടൽച്ചൊറികൾ പോലെ

ബ്രായില്ലാ നേരങ്ങളിൽ
നേർത്ത ഉടുപ്പിലൂടെ കാണും
പതിഞ്ഞ മുലക്കണ്ണുകൾ

കൂടെയില്ല അവൾ

സോളമന് സങ്കടം തോന്നി

വിഷാദത്തിന്റെ നീല
കടലിലും ജനൽ വിരികളിലും

തിരമാലകൾക്ക്
തൊട്ടുമീതെ പറക്കുന്ന
കടൽക്കാക്കകളുടെ കൂട്ടം
ഇരുവരുടേയും ഓർമകളിൽ
ചിറകടിച്ചു

ആ കാറ്റിൽ
കടലും ജനൽ വിരികളും ഇളകി

ഹ്രസ്വകാല ഓർമ 4

വലയില്ലാ മുക്കുവനും
വീടും പട്ടിണിയിലായി

രാത്രി ഒഴിഞ്ഞ വയർ
നിലാവ് പൊഴിച്ചു

ചിലന്തികൾ നെയ്തുകൊടുത്ത
വലയുമായി മുക്കുവൻ
കടലിൽ പോയി

വല വീശിയപ്പോൾ
കുടുങ്ങി ചുവന്നൊരു മീൻ

വെട്ടിപ്പൊളിച്ചമ്മ
ഒരു പങ്കച്ഛനമ്മയ്ക്ക്
മറുപങ്കു മക്കൾക്ക്
ബാക്കി വന്നത്
വീടിനുമുപിൽ
ഉണങ്ങാൻ തൂക്കി
പുലർന്നതേയില്ലാ നേരം

ഹ്രസ്വകാല ഓർമ 5

കാറോടിച്ചു പോകുകയായിരുന്നു
മുൻപിലൊരു ഹമ്പ്
തടാകത്തിൽ
പൊങ്ങിക്കിടക്കുന്നൊരു
മുതലയുടെ ഉടൽ

ഹ്രസ്വകാല ഓർമ 6

ചുവന്ന ചെമ്മരത്തി
ചെടിയിൽനിന്നും കൊഴിഞ്ഞ്
ഊർന്നുവീണു

ഇടവഴിയിലൂടെ നൂണ്ട
കതിവനൂർ വീരന്റെ തെയ്യം
അത് കുനിഞ്ഞെടുത്ത്
മടിയിൽ വച്ച് താലോലിച്ചു

ചെമ്മരത്തീയേ
നെഞ്ചിലാളും തീയേ
കതിവനൂർ തെയ്യമൊരു
ചൊകന്ന ചെമ്മരത്തി

ഇരുവരുമെരിഞ്ഞ
കനലിലൊരുപിടി
അന്തിവിണ്ണ്

ഹ്രസ്വകാല ഓർമ 7

മലയോരഗ്രാമത്തിൽ
കോടമഞ്ഞിറങ്ങി
ഗ്രാമവാസികൾക്ക് പരസ്പരം
കാണാനാവാവിധം
പുലർച്ച പണിക്കു പോകും വൃദ്ധൻ
റാന്തൽ കൊളുത്തി നടന്നു
കോടമഞ്ഞും
ചുവപ്പുകണ്ണൻ വെള്ളപ്പരുന്ത് ചിറകുവിരിച്ചു

ഹ്രസ്വകാല ഓർമ 8

ഒരു ഡപ്പി നിറച്ചും മൂക്കുപൊടി വാങ്ങിവക്കുന്നു. രണ്ടു കസേരയിൽ അവർ
പരസ്പരം അഭിമുഖമായി ഇരിക്കുന്നു
"ഹാച്ഛീ'
"ഹാച്ഛീ'.
ഹാച്ഛീയിട്ട് ശരീരത്തിലെ അണുക്കളെ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നു.

ഹ്രസ്വകാല ഓർമ 9

നാഷ്ണൽ പാനസോണിക്കിന്റെ കറുപ്പും വെളുപ്പും കലർന്ന ടേപ്പ് റിക്കാർഡറിൽ
നമ്മുടെ ശബ്ദങ്ങൾ റിക്കാർഡ് ചെയ്ത് കേൾക്കണം. എന്നിട്ടത് റിവൈൻഡ് അടിച്ച്
പിന്നേയും കേൾക്കുമ്പോൾ വീട്ടിലെ പ്രേതങ്ങൾ കൂടെ സംസാരിക്കും.
മേരി: നമുക്കു ഈ മുറി ബീച്ചിനടുത്താക്കാം.
സോളമൻ: അതെന്തിനാ?
മേരി: എനിക്കിങ്ങനെ നടന്നുനടന്നു തളർന്ന് ഉറങ്ങണം. ചവിട്ടിക്കീറിയ
ജീൻസിന്റെ അറ്റങ്ങളിൽ മണൽ കടത്തണം.
സോളമൻ: നീ ഒരു കുമ്പിൾ കടലെടുത്ത് കയ്യിൽ വച്ചോ. കുളിമുറിയിലിട്ട് വളർത്താം.
മേരി: പോര. അവിടെ ഇത്രയും ആളുകളുടെ കലപില വേണം. ആകാശത്തിൽ ഇത്രയും പട്ടങ്ങൾ വേണം, കാക്കകൾ വേണം. പാനിപ്പൂരി വണ്ടികൾ വേണം. പാറക്കഷ്ണങ്ങൾ വേണം മണൽത്തരികൾ വേണം ഞണ്ടുകൾ വേണം ഉപ്പിലിട്ട മാങ്ങകൾ, കുതിരകൾ, ഒട്ടകങ്ങൾ,
കാമുകീകാമുകന്മാർ, വഞ്ചികൾ, ബോട്ടുകൾ.

ഹ്രസ്വകാല ഓർമ 10

മേരി: കർത്താവേ ഹെഡ്‌ഫോൺ കുത്തിയില്ലെങ്കിലും 24 മണിക്കൂറും പാട്ടുകൾ
പ്ലേ ചെയ്യുന്നൊരു തലച്ചോർ എനിക്ക് തരേണമേ
സോളമൻ: മുരിങ്ങയില കഴിച്ചു കഴിച്ച് കണ്ണിനു കാഴ്ചശക്തി വച്ച് അദൃശ്യരായ
ആളുകളെ കണ്ട് പരിചയപ്പെട്ട് അവരുടെ കഥകൾ കേട്ടുറങ്ങണമേ.

ഹ്രസ്വകാല ഓർമ 11

സോളമൻ: ഒരു നൂറു നൂറ്റമ്പത് വർഷങ്ങൾ നമ്മൾ കഴിയുമ്പോൾ നമ്മളെ
തിരിച്ചറിയാൻ ആർക്കും കഴിയില്ല.
മേരി: നമ്മളപ്പോൾ മരണമില്ലാത്തവരാണോ?
സോളമൻ: ഇരുന്നൂറു വർഷം ജീവിക്കും. അപ്പോഴേക്കും പല്ലുകൾ പോകും മുടി പോകും
ശരീരം വളയും തൊലി ചുളിയും.നമുക്കു നമ്മളെ മനസിലാകാതെയാകും. വർഷങ്ങൾ ഒരുമിച്ച് ജീവിച്ചുജീവിച്ചു മുഖഛായയും സ്വഭാവങ്ങളും ഒന്നായിപ്പോയ
ഇരട്ടകൾ.

ഹ്രസ്വകാല ഓർമ 12

കുഞ്ഞനായ ഒരു ചുഴലിക്കാറ്റ്
എടുത്തു ഉയർത്താൻ ശ്രമിച്ചു
എന്തോ എന്നെ വിളിച്ചോ
എന്ന്പറഞ്ഞു ദൂരെപ്പോയി
പിന്നെയും തിരികെവന്നു
ഉണങ്ങിയ ഇലകളെ മാത്രം
എടുത്തു മാറ്റിവച്ച്
മുറ്റം തൂത്ത് വൃത്തിയാക്കി
കുട്ടികൾക്കൊപ്പം ഫുട്‌ബോൾ
കളിക്കാൻ മൈതാനത്തേക്ക് പോകുന്നു.

ഹ്രസ്വകാല ഓർമ 13

കുട്ടിക്കാലത്ത്
തല പിച്ചിക്കളഞ്ഞ,
കൈകൾ പിച്ചിക്കളഞ്ഞ,
കാലുകൾ പിച്ചിക്കളഞ്ഞ
പാവക്കുട്ടിക്കെന്നപോലെ
സോളമൻ മേരിക്ക്
മുല കൊടുക്കുന്നു.

ഹ്രസ്വകാല ഓർമ 14

കിണറു കുഴിക്കുന്നൊരാൾ
ആകാശം കാണാൻ
മലർന്ന് നോക്കിയപ്പോൾ
കുതിച്ചുചാടും പൂച്ചയുടെ
വയറുപൊത്തും പൂട
ആകാശത്തെ മേഘക്കുഞ്ഞ്
വെള്ളെഴുത്തിന്റെ പാട

ഹ്രസ്വകാല ഓർമ 15

മേരി: നീ മരിച്ച് കുഴിച്ചിട്ട് നിന്റെ ദേഹത്തിലാദ്യം മുളയ്ക്കുന്ന
കാട്ടുകൂൺ ഞാൻ. നിന്റെ മാംസം ഭക്ഷിച്ച് ജീവിതകാലം മുഴുവൻ തള്ളിനീക്കുന്ന
പുഴുവും ഞാൻ തന്നെ.

ഹ്രസ്വകാല ഓർമ 16

ഇടക്കിടയ്ക്ക്
മരിച്ചുപോയാലോയെന്ന്
മേരിക്ക് തോന്നും
അപ്പോഴൊക്കെ
നോക്കിനിൽപ്പുണ്ടാവും
അവർ
ഇറങ്ങാൻ പോകുന്ന
മെട്രോ സ്റ്റേഷനിൽ
എന്നും പുഞ്ചിരിക്കാറുള്ള
ഗിത്താർ വായനക്കാരനും
അയാളുടെ വരയൻ പൂച്ചയും
അടുത്താഴ്ച
മുറിയിലേക്ക് ഓടിക്കയറി
വാലാട്ടുമ്പോൾ
വയറു തലോടാൻ പോകുന്ന
നായ്ക്കുട്ടി
മേരി വച്ച പാട്ട് കേട്ട്
താളം പിടിക്കുന്ന
അടുത്ത വീട്ടിലെ ജോലിക്കാരി
ചീര വാങ്ങുമ്പോഴെല്ലാം
ചില്ലറ വേണ്ടെന്ന് വയ്ക്കുന്ന
ഉന്തുവണ്ടിക്കാരൻ
തൊടാതെ തിരികെ വച്ചു
കൊടുക്കാൻ പോകുന്ന
കിളിക്കൂട്
കുറ്റിക്കാട്ടിലേക്ക്
തുറന്നുവിടുവാൻ പോകുന്ന
ചുണ്ടെലി
ഇടയ്ക്കിടയ്ക്ക്
പാതിരാത്രിയിൽ വിളിച്ച്
കരയാറുള്ള സുഹൃത്ത്

സൂര്യപ്രകാശത്തിലേക്ക്
എടുത്തുവയ്ക്കാൻ പോകുന്ന
ഒരു ചെടി
മേരി വായിച്ച
അവൾക്ക് മാത്രം
മനസിലായ കവിതയിലെ
മറ്റൊരു അർഥം
സോളമൻ
വേണ്ട
മരിക്കണ്ട

ഹ്രസ്വകാല ഓർമ 17

സോളമൻ: ബ്രൗസറിൽ G അടിക്കുമ്പോൾ ഗൂഗിൾ ലോഡാകുന്നതുപോലെ. N അടിക്കുമ്പോൾ നെറ്റ്ഫ്‌ലിക്‌സ് വരുന്നതുപോലെ സ്‌നേഹം കാണുമ്പോൾ എനിക്ക് നിന്നെ ഓർമ വരും.

ഹ്രസ്വകാല ഓർമ 18

മരിയ്ക്കുവാനായി
മുറിയെടുക്കുവാൻ പൈസയില്ലാഞ്ഞ്
ഓടുന്ന ട്രെയിനിലിരുന്ന് വിഴുങ്ങാൻ ശ്രമിച്ച്
നീട്ടിത്തുപ്പിയ ഗുളികകൾ
വയലിൽ പൂത്ത പരുത്തികൾ
ട്രെയിനിലിരുന്ന് നോക്കുന്നവനത്
പറന്നുപോയ വെള്ളക്കുരുവികൾ

ഹ്രസ്വകാല ഓർമ 19

നിങ്ങളുടെ വേദനയിലൊരു പങ്ക് ഞാനെടുക്കുന്നു
കരച്ചിലെ ഒരു സ്വരം
കണ്ണുനീരിലൊരു തുള്ളി
ഓർമകളിലേറ്റവും മോശപ്പെട്ടത്
മുറിവുകളിലെ ആഴമേറിയത്
പൊള്ളലിലെ ഒരു നീറ്റൽ
വിറയലിലെ ഒരനക്കം
തൊണ്ടക്കുഴിയിലെ വേനലിന്റെ ഒരു ദിവസം
ഉറക്കമില്ലായ്മകളിലെ ഒരു രാത്രി
വാട്ടങ്ങളിലൊരു പൂവ്
വിതുമ്പലുകൾക്കിടയിലെ ഒരു എക്കിൾ
ഞാനെടുക്കുന്നു
ഞാനെടുക്കുന്നു

ഹ്രസ്വകാല ഓർമ 20

ആർട്ട് മ്യൂസിയം സന്ദർശിക്കുന്ന മനുഷ്യരുടെ മുഖഭാവങ്ങൾ കാണുവാൻ പോകുന്നു.

ഹ്രസ്വകാല ഓർമ 21

പുഴകൾക്കുമേലെ തീവണ്ടി സഞ്ചരിക്കുമ്പോൾ മാത്രം മൂത്രശങ്ക തോന്നുന്ന ജനതയാണ് നാം.

ഹ്രസ്വകാല ഓർമ 22

താറാവുകൾ പാടങ്ങളിൽ ഉഴുതുമറിക്കുന്നതു പോലെ സ്ത്രീകൾക്കൊപ്പം വയലുകൾ
കൊയ്യാൻ പോകണം. പാടങ്ങളിൽ താറാവുകൾ മുട്ടയിട്ട് പോകുന്നതുപോലെ വയലുകളിൽ കുഞ്ഞുങ്ങളെ പ്രസവിച്ച് ഉപേക്ഷിച്ച് പോരണം.

ഹ്രസ്വകാല ഓർമ 23

ഈ വീട്ടിനുള്ളിൽ പ്രേതമുണ്ട്.
ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ എന്റെ
വയറിനുള്ളിലിരുന്നു ശബ്ദമുണ്ടാക്കുന്നത് അവരാണ്.
ചോറു വെന്തുകഴിയുമ്പോൾ
ഇൻഡക്ഷൻ കുക്കർ ഓഫ് ചെയ്യുന്നതവരാണ്.
തേരട്ടകളെ വീടിനുള്ളിലേക്ക് പറഞ്ഞുവിടുന്നതവരാണ്.
രാത്രികളിൽ കൂട്ടിയിട്ടിരിക്കുന്ന മണലിൽ കൂത്താടി
വിളയാടുന്നവർ അവരാണ്

ഹ്രസ്വകാല ഓർമ 24

രാത്രി മേരി കരയുന്നു, വിതുമ്പുന്നു. കരച്ചിലുകേട്ട് സോളമൻ എഴുന്നേൽക്കുന്നു.
സോളമൻ: എന്തുപറ്റി?
മേരി: അമ്മയെ കാണണം.
സോളമൻ: സ്വപ്നം കണ്ടോ?
മേരി: അറിയില്ല അമ്മയെ കാണുവാൻ തോന്നുന്നു.
സോളമൻ: കരയാതെ
മേരി: കരയും
സോളമൻ: കഥ പറഞ്ഞ് തരട്ടെ? ഒരിടത്തൊരിടത്ത് ഒരിടത്ത് ഉണ്ടല്ലോ ഒരു
സുന്ദരിയായ രാജകുമാരി ഉണ്ടായിരുന്നു. അവളുടെ പേര് മേരി എന്നായിരുന്നു.
മേരി കരച്ചിലുനിർത്തി. കണ്ണുനീരു പോയ വഴികൾ ഇപ്പോഴും കാണാം.
മേരി: ചുമ്മാ. സുന്ദരിയാ? എത്ര സുന്ദരിയാ?
സോളമൻ: ഇത്രേം
മേരി: ആ എന്നിട്ട്
സോളമൻ: എന്നിട്ടെന്താ കുറെ നാളു കഴിഞ്ഞ് വയസായപ്പോൾ മേരി ചത്തുപോയി.
മേരി: എനിക്കമ്മേനെ കാണണം.
സോളമൻ: ആ എന്നിട്ടെന്നാ ഉണ്ടാകുവെന്നാ? ഒരു ഡ്രാഗൺ വന്ന് മേരിനെ
തട്ടിക്കൊണ്ട് പോകും.
മേരി: ഷ്രെക്കിന്റെ കഥ പറഞ്ഞ് എന്നെ പറ്റിക്കാൻ നോക്കുന്നു.
സോളമൻ നിലവിളിക്കുന്ന മേരിയുടെ ചുണ്ടടക്കം ഉമ്മവച്ചു. കരച്ചിൽ പതിയെ
വായുവിൽ അലിഞ്ഞു.

ഹ്രസ്വകാല ഓർമ 25

മരങ്ങൾ, ഉറഞ്ഞുപോയ നീരാളികൾ.

ഹ്രസ്വകാല ഓർമ 26

സ്വപ്നസ്ഖലനമുണ്ടായ രാത്രി പുതപ്പിൽ പറ്റിയ വെളുത്ത പാട് പല്ലിമുട്ട
പൊട്ടിയതാണെന്ന് സോളമൻ മേരിയെ വിശ്വസിപ്പിച്ചത് കണ്ട് ചുമരിലിരുന്ന
പല്ലികൾ വാലുകൾ പൊഴിച്ചു.

ഹ്രസ്വകാല ഓർമ 27

മേരി: കുറച്ചുനാൾ കഴിഞ്ഞാൽ ഞാൻ ദൂരേക്ക് പോകും. അപ്പോൾ ഈ സ്‌നേഹമെല്ലാം നീയെന്ത് ചെയ്യും?
സോളമൻ: ഇതെല്ലാം കെട്ടിപ്പറുക്കി ഒരു ബലൂണിൽ ഊതി നിറച്ച് അങ്ങോട്ടേയ്ക്ക് പറത്തി വിടും.
മേരി: മഞ്ഞ ബലൂൺ മതി.
സോളമൻ: ബാൽക്കണിയിൽ നിൽക്കുമ്പോൾ വീടിന്റെ മുൻപിലെ മരത്തിലുടക്കിയ നൂലുകണ്ടാൽ അഴിച്ചേക്കണേ.
മേരി: അങ്ങനെ ബലൂൺ വന്നാൽ അവനു ഞാൻ ചോറും മീൻ കൂട്ടാനും കൊടുക്കും. ക്ഷീണം മാറാൻ രണ്ട് പെഗ്ഗും. നല്ല ക്ഷീണമുണ്ടേൽ ഉറങ്ങാൻ സോഫയും തലവേദനയുണ്ടെങ്കിൽ ടൈഗർബാമും പുരട്ടിക്കൊടുക്കും.
സോളമൻ: എന്റെ സ്‌നേഹം പുറത്തെടുക്കുമ്പോൾ ശ്രദ്ധിക്കണം. കണ്ടാൽ നിന്നെ
കടിച്ചുതിന്നും.
മേരി: ക്ഷീണമെല്ലാം കഴിഞ്ഞ് അത് തിരികെ പോകുമ്പോൾ വഴിയിൽ
കഴിക്കുവാനിത്തിരി പൊതിച്ചോറും ജീരകവെള്ളവും കൊടുത്തുവിടാം
സോളമൻ: തിരിച്ച് വന്നപ്പോൾ ഞാനോടി ചെന്നുചോദിക്കും ആയിരമായിരം
ചോദ്യങ്ങൾ. സുഖമാണോ?
അവൾക്കിപ്പോൾ എന്ത് മണമാണ്? പഴുക്കയുടെ മണമാണോ?
എന്നെക്കുറിച്ചോർത്ത് കണ്ണൊക്കെ നിറഞ്ഞോ ഓ കാണില്ല.
എന്റെ പേരു പറഞ്ഞപ്പോൾ മുഖം വിളറിയോ?
നന്നായി ഭക്ഷണം ഒക്കെ കഴിക്കുന്നുണ്ടോ? മെലിഞ്ഞോ അതോ
തടിച്ചോ?ഏത് നിറത്തിലുള്ള വസ്ത്രമായിരുന്നു അണിഞ്ഞത്?
ഈയിടെ ഏത് പാട്ടാണ് മൂളി നടക്കുന്നത്?
ത്വക് പരുപരുത്ത് തന്നെയാണോ ഇപ്പോഴും ഇരിക്കുന്നത്?
ദേഷ്യം ഒക്കെ മൂക്കിന്റെ തുഞ്ചത്ത് തന്നെയുണ്ടോ? അതോ ഇറങ്ങിയോ?

ഹ്രസ്വകാല ഓർമ 28

പണിക്ക് പോകാതെ പാട്ടുംപാടി ഇരുന്ന സോളമന്റെ ഗിത്താർ അടിച്ചുടച്ച് ചെറിയ
കഷ്ണങ്ങൾ അടുപ്പിലേക്ക് തള്ളി വലിയ കഷ്ണങ്ങൾ വെട്ടി മുറിയ്ക്കുവാൻ
കോടാലി നോക്കി മടുത്ത് ഒടുവിൽ വെട്ടുകത്തിയുപയോഗിച്ച് വെട്ടിക്കീറിവേ
ചീളുകയറി മുറിഞ്ഞ ചുവപ്പ് വലിച്ചുകൊണ്ടിരിക്കുന്നതിനിടെ മറ്റെന്തോ
ഓർമ വന്ന് പൊട്ടിപ്പോയ ഗിത്താർ കമ്പികളിൽ ഒന്നെടുത്ത് കുടംപുളികൾ
കോർത്ത് അടുപ്പിനുമുകളിൽ തൂക്കിയപ്പോളത് ഇലക്ട്രിക് പോസ്റ്റുകൾക്ക്
ഇടയിലെ നൂലിൽ വന്നിരിക്കും കാക്കകളെ പോലെ കൊക്കുകളിൽ മ്യൂസിക്ക്
നോട്ടുകൾ ചുള്ളിക്കമ്പുകളായ് കൊണ്ടുവന്നു പാടിക്കൊണ്ടിരുന്നു

ഹ്രസ്വകാല ഓർമ 29

സോളമൻ : ഇതെന്താ?
മേരി: ടൈപ്പ് റൈറ്റർ
""ഇതെനിക്കെന്തിനാ?''
""സമ്മാനം''
""അപ്പോൾ രാത്രി ഉമ്മ തരാമെന്ന് പറഞ്ഞത് എവിടെ. ഇത് കൊണ്ട് എന്ത് ചെയ്യാനാ?''

""ഇതോ. ഒരു ദിവസം ഞാൻ പോകും അന്ന് നീയിതിൽ പേപ്പർ തിരുകിവയ്ക്കണം.
കിളികളെക്കുറിച്ച് പാട്ടുകളെക്കുറിച്ച് ട്രാഫിക്ക് ജാമുകളെക്കുറിച്ച്
തെരുവിന്റെ പേരെഴുതിയ കുറ്റികളെക്കുറിച്ച് ട്രാഫിക് സിഗ്‌നൽ കാത്ത്
നിൽക്കുന്ന രണ്ട് അറ്റങ്ങളിലെ മനുഷ്യരെക്കുറിച്ച് എന്നെക്കുറിച്ച്
നിന്നെക്കുറിച്ച് നമ്മളെക്കുറിച്ച് എഴുതണം. നമ്മുടെ പ്രേമത്തെപ്പറ്റി
എഴുതണം. മറ്റാരുമെഴുതാത്തത്രയും സ്‌നേഹം അതിൽ വേണം. ഞാൻ നിന്നെ
സ്‌നേഹിച്ചത്രയും.''
""എനിക്കുമ്മ മതി''
""ആ കഥയിൽ വേറെ ആരെയും എന്നെ കൊഞ്ചിക്കും പോലെ കൊഞ്ചിക്കരുത്''
""എങ്ങനെ?''
""എന്റെ അമ്മിണിയല്ലേ തോർത്തുമുണ്ടല്ലേ ടേബിൾഫാനല്ലേ ബാൽക്കണിപ്പൂവല്ലേ
മൊട്ടയല്ലേ ലാംഗിലാംഗിയല്ലേ നനഞ്ഞ മുടിയല്ലേ സ്‌പ്രേ കുപ്പിയല്ലേ പ്ലേ
ലിസ്റ്റല്ലേ പ്രേതമല്ലേ ബോട്ടണി മോളല്ലേ ടെസ്റ്റ്യൂബ് ശിശുവല്ലേ
ഇങ്ങനെയൊന്നും വേറെ ആരേം വിളിക്കരുതെന്ന്''
""ഉമ്മ മതി''

ഹ്രസ്വകാല ഓർമ 30

3 AM ഉറക്കമില്ലായ്മ 3 AM മൂത്രം മുട്ടൽ
3 AM സ്വപ്നങ്ങൾ 3 AM കോട്ടുവായകൾ
3 AM കട്ടൻ കാപ്പി 3 AM പ്രതിബിംബങ്ങൾ
3 AM മുടിയിഴകൾ 3 AM പാവാടകൾ
3 AM പുതപ്പുകൾ 3 AM ട്രാഫിക് സിഗ്‌നലുകൾ
3 AM ജലച്ഛായങ്ങൾ 3 AM മൂങ്ങകൾ 3 AM ഋതു
""എന്താ ഇത്രയധികം 3 AM എന്നറിയുമോ?'
""ഇല്ല''
""3 AM എന്റെ സമയമാണ്. വിച്ചി ടൈം''
""അതിന് നീ ദുർമന്ത്രവാദിനിയാണോ?''
""അതെ, ഞാൻ മേരി, ബ്ലഡി മേരി The Witch.'' ▮

​​​​​​​(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments