ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

3 am

അധ്യായം 22: അവളുടെ പൊക്കിൾചുഴിയിൽ നിന്നും കാടുകൾ, കാടുകൾ ഉയർന്ന് വരും

ഞാൻ നിങ്ങൾക്ക് ഒരു സജഷൻ നൽകട്ടെ?
""തീർച്ചയായും''
അയാൾ സോളമനേക്കാളും ശാരീരികമായി കരുത്തനായിരുന്നു. ഷേവ് ചെയ്ത പച്ചയിൽ താടി വരുന്നേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അഴുക്കുനിറഞ്ഞ ഒന്നായി അയാളെ സോളമന് തോന്നി. അതിനു കാരണമായ മുറിയിലെ അസ്വസ്ഥാജനകമായ ഒരു മണം അവർക്ക് ചുറ്റും പരന്നു.
""ഫിലിപ്പ് എന്നത് പീഡകന്റെ മുഴുവൻ പേരല്ല. ഡപ്പിയിൽ ഇനിയും അക്ഷരങ്ങൾ വ്യക്തമല്ലാതെ കാണാനാകും. ഈയൊരു പേരു വച്ച് ഈ രാജ്യത്ത് നിന്ന് ഒരാളെ മാത്രം കണ്ടുപിടിക്കുക എന്നത് നടക്കുന്ന കാര്യമല്ല. രാജ്യത്തെ മുഴുവൻ ഫിലിപ്പുമാരെയും നിരീക്ഷിക്കേണ്ടതായി വരും.''
""അതെ സത്യമാണ്.''
""നിങ്ങളുടെ മുൻപിലുള്ള മറ്റൊരു സാധ്യത ഈ പേരിന്റെ മുഴുവൻ രൂപവും കണ്ടെത്തുക എന്നതാണ്. അത് പക്ഷെ ഞാൻ വഴി സാധിക്കുകയും ഇല്ല.''
""എന്താണ് പറഞ്ഞുവരുന്നത്?'
""മാർക്കറ്റിൽ ലഭ്യമായ സോഫ്റ്റ്-വെയറുകളാൽ സാധ്യമല്ല. പക്ഷെ;''
""പക്ഷെ?''
""അത് ചെയ്യുവാൻ കഴിയുന്ന ഒരു സോഴ്‌സ് എനിക്കുണ്ട്. അയാൾ പോലീസ് ഐ.ടി. വിങ്ങിൽ ആണ് ജോലിചെയ്യുന്നത്. സാധാരണക്കാർക്ക് ലഭ്യമല്ലാത്ത ഫോട്ടോ ഡി.എൻ.എ. എന്നുപേരുള്ള, തികച്ചും ഫോട്ടോഷോപ്പുമായി കൂടിച്ചേർന്ന് പ്രവർത്തിക്കുവാൻ വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്വെയർ. പോലീസ് ഉപയോഗിക്കുന്നത്. കോടതി തെളിവുകളായി അവ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അയാൾക്ക് നിങ്ങളെ വ്യക്തിപരമായി സഹായിക്കുവാൻ സാധിക്കും.''

""അയാളെ എങ്ങനെ?''
""എന്റെ കൂടെ വരൂ. ബൈ ദ വേ ഐ ആം ബോണി.'' അവൻ കാബിനടിയിൽ വച്ചിരുന്ന ഒരു സ്‌പ്രേ എടുത്ത് മേലാസകലം പൂശി. സോഫയിൽ കിടന്ന ഒരു കോട്ടണിഞ്ഞു. മുടിയൊതുക്കി. ഷൂസിട്ടു. ബൈക്ക് കീ എടുത്ത് ഇറങ്ങി. പതിനഞ്ചു മിനിറ്റിനുള്ളിൽ നഗരത്തിന്റെ വൃത്തിയുള്ള മറ്റൊരു ഭാഗത്തിലേക്കെത്തി. എങ്ങും പച്ചപ്പ് കണ്ടുതുടങ്ങി. പ്ലാസ്റ്റിക് ബാഗുകൾ നിക്ഷേപിക്കുവാൻ വയറുതുറന്നു നിൽക്കുന്ന കുരങ്ങന്മാരുടെ കൊട്ടകൾ വഴിയരികുകളിൽ കാണപ്പെട്ടു. ഒരു ഗേറ്റിനടുത്ത് ബൈക്ക് നിറുത്തി ഗേറ്റ് തുറന്ന് അവൻ കോളിങ് ബെല്ലിൽ അമർത്തി. വെളുത്ത നിറത്തിലുള്ള ഷർട്ടും മുക്കാൽ പാന്റും ധരിച്ച സുമുഖനായ ഒരു ചെറുപ്പക്കാരൻ വാതിൽ തുറന്നു. സുഹൃത്ത് ഉള്ളിലേക്ക് കയറിപ്പോയി. അവരവിടെ നിന്നുകൊണ്ട് സംസാരിച്ചു. വലിയ താമസം കൂടാതെ അയാൾ സോളമനെയും ഉള്ളിലേയ്ക്ക് ക്ഷണിച്ചു.

""ഹായ്''
അയാൾ ഹസ്തദാനത്തിനായി കൈകൾ നീട്ടി.
""ഹായ്''
സോളമനെ അയാളുടെ കമ്പ്യൂട്ടറിന്റെ അടുക്കലേക്കാണു കൊണ്ടുപോയത്. ആപ്പിളിന്റെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൂന്നു സ്‌ക്രീനുകൾ ആയിരുന്നു അയാൾ ഉപയോഗിക്കുന്നുണ്ടായിരുന്നത്.
""ഞങ്ങളുടെ വർക്ക് സ്റ്റേഷൻ ഓഫീസിൽ തന്നെ ആണ്. എക്‌സ്റ്റ്രാ വർക്ക് വരുമ്പോൾ ചെയ്യുന്നതിനാണ് ഈ സെറ്റപ്പ്.''
സുഹൃത്ത് പെൻഡ്രൈവ് കൈമാറി.
""മക്ഡി, ചൈൽഡ് പോൺ ആണ്. കാണാതിരിക്കുന്നതാണ് നല്ലത്. ഗൊ റ്റു 7.34 അതിലെ ഇമേജ് വേറെയായിത്തന്നെയുണ്ട് ഉണ്ട്. അത് ഓപ്പൺ ചെയ്യൂ. ഞാൻ കാണിക്കാം.'' അയാൾ പെൻഡ്രൈവ് കണക്ട് ചെയ്തു. സോളമൻ മുറിയൊന്നാകെ നിരീക്ഷിച്ചു. മറ്റവനെപ്പോലെയല്ല. മുറിയെല്ലാം നല്ല വൃത്തി. അടുക്കും ചിട്ടയും. ഫയലുകൾ അടുക്കുവാൻ അലമാരകളും കസേരകളും ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു.

""അപ്പുറത്ത് കോഫീ മെഷീനുണ്ട്. ഇഫ് യു വാണ്ട് റ്റു.'' സോളമനോട് അയാൾ ഉപചാരപൂർവം അറിയിച്ചു. ചിരിച്ചെന്ന് വരുത്തി സോളമൻ അങ്ങോട്ട് നോക്കി നടന്നു. ഇത് ഞാനൊന്ന് നോക്കട്ടെ അയാൾ തംസ് അപ് നൽകി. അയാളും സുഹൃത്തും സംസാരിക്കുന്നതുകണ്ട് സോളമൻ വീട് ചുറ്റിക്കാണുവാൻ മുറി വിട്ടു. കാപ്പി മൊത്തിക്കൊണ്ട് അയാൾ നടന്നു നോക്കി. പത്ത് മിനിറ്റ് കഴിഞ്ഞ് പോലീസിൽ ജോലിചെയ്യുന്ന മനുഷ്യനും സുഹൃത്തും സോളമനെത്തിരക്കിയെത്തി.
""നടക്കില്ല സോളമൻ. ഇയാൾ ചെയ്തതിൽ കൂടുതൽ എനിക്ക് സഹായിക്കാൻ കഴിയില്ല. വീഡിയോ വളരെ ബ്‌ളർഡ് ആണു. ഒട്ടും വ്യക്തമല്ല. ഐ ആം സോറി. ആദ്യത്തെ പേര് കണ്ടുപിടിക്കുവാൻ കഴിഞ്ഞത് തന്നെ അത്ഭുതമാണ്.''
""അത് കുഴപ്പമില്ല'' സമാധാന വാക്ക് പറഞ്ഞ് സോളമൻ ആശ്വസിപ്പിച്ചു.
""ഷിറ്റ് മാൻ'' ബോണി നിരാശ മറച്ചുവച്ചില്ല. മക്ഡി പെൻഡ്രൈവ് തിരികെ നൽകി. സോളമനും ബോണിയും തിരികെ പോകുവാനായി തിരിച്ചുനടന്നു.
""എന്തൊക്കെയായാലും നല്ല വൃത്തിയുള്ള വീട് കേട്ടോ.''
വാതിലിനടുത്തെത്തിയപ്പോൾ സോളമൻ തിരിഞ്ഞ്
""ഓ മറന്നു, മൊബൈൽ നിങ്ങളുടെ ഡസ്‌കിൽ മറന്നുവച്ചു.''
"ഓ' അയാൾ തിരികെ ഡസ്‌ക്കിലേക്ക് മടങ്ങി. പിറകെ സോളമനും. ബോണി വാതിലിൽ തന്നെ അവരെ കാത്തുനിന്നു. മൊബൈൽ നോക്കി കാണാതെ സോളമനോട് എവിടെയാണ് വച്ചതെന്ന് ചോദിക്കുവാൻ വരികയായിരുന്നു മക്ഡി. മുറി അലങ്കരിക്കുന്ന ചിത്രപ്പണികളുള്ള മൺചട്ടികൾ സസ്യങ്ങൾ നട്ട് പിടിപ്പിക്കുവാനായി ഉപയോഗിച്ചിരുന്നു. അത്തരത്തിലൊന്ന് അവിടെ വച്ചിരുന്നു. കടന്നുചെന്നതും ചെടിയിൽ പിടിച്ച് വലിച്ച് ചട്ടി മക്ഡീയുടെ തലയിൽ ആഞ്ഞടിച്ചു. ആദ്യത്തെ സ്പർശനത്തിലേ കളിമൺ ചട്ടി തവിടുപൊടിയായി. സോളമന്റെ കൈകളിൽ ചെടി അതിന്റെ വേരുകളോടെ നിന്നു. കളിമൺ കഷ്ണങ്ങൾ തെറിച്ചതിന്റെ കൂടെ മക്ഡിയും താഴെ വീണു. ശബ്ദം കേട്ട് ഓടി വന്ന ബോണി വലിയ വായിൽ ഒച്ചവച്ചു.

""വാട്ട് ദ ഫക്ക് മാൻ. അയാൾ പോലീസാണ്. പണി കിട്ടും.'' സോളമൻ അടുത്ത മൺചട്ടി തേടിപ്പിടിച്ച് കൊണ്ടുവന്ന് മക്ഡി എഴുന്നേൽക്കുക ആണെങ്കിൽ അടിക്കുവാൻ തയ്യാറായി.
""മാൻ പ്‌ളീസ്. ഇയാൾ എന്റെ സുഹൃത്താണ്.'' ബോണി കുടിക്കുവാനുള്ള വെള്ളം നിറച്ച ബോട്ടിലിൽ നിന്നും കുറച്ച് വെള്ളം കൈകളിലിറ്റിച്ച് മക്ഡിയുടെ മുഖത്ത് തളിച്ചു. മക്ഡി കണ്ണുതുറക്കുമ്പോൾ കൈകളിൽ മൺ ചട്ടിയുമായി അടിക്കാനോങ്ങി നിൽക്കുന്ന സോളമനെയാണ്. അയാൾ അരുതെന്ന രീതിയിൽ കൈകൾ കൊണ്ട് തടഞ്ഞു. ബോണി അയാളെ കസേരയിൽ ഇരുത്തി. ഇരിക്കുന്ന ഊക്കിൽ ചക്രങ്ങളുള്ള കറങ്ങുന്ന കസേര ഒന്ന് പിറകിലേക്ക് ഉരുണ്ടു.
""എന്തിനാണിയാളെ നിങ്ങൾ ഉപദ്രവിച്ചത്?''
""അയാൾക്കറിയാം അതെന്തിനെന്ന്.'' മക്ഡി വീണും കണ്ണുകളടച്ചു. അയാൾ സ്വബോധത്തിലേക്ക് മടങ്ങിവരുന്നതുവരെ ബോണിയും സോളമനും കാത്തുനിന്നു. അതിനിടയിൽ മൺചട്ടി നഷ്ടപ്പെട്ട ചെടിയെ സോളമൻ മറ്റൊന്നിൽ നട്ടുപിടിപ്പിച്ചു. ചിതറിപ്പോയ ചട്ടിയുടെ കഷ്ണങ്ങളും മണ്ണും അയാൾ അടിച്ചുകൂട്ടി വാരിക്കളഞ്ഞു. ബോധം വന്നപ്പോൾ സോളമൻ മുട്ടുകുത്തി അയാൾക്കരികിൽ ഇരുന്നു. മക്ഡി വെള്ളത്തിനായി കൈകൾ നീട്ടി. ബോണി കുപ്പി നൽകി.
""മേരിയുടെ പെയ്ന്റിങ് ഇവിടെ എങ്ങിനെ വന്നു?''
""ഇതിനാണോ നിങ്ങൾ ഇയാളുടെ തല തല്ലിപ്പൊട്ടിച്ചത്? ഒരുപോലുള്ള എത്ര ചിത്രങ്ങൾ ആളുകൾ വരയ്ക്കുന്നു. അല്ലെങ്കിൽ തന്നെ ഒരു ചിത്രം കൈമാറി വീട്ടിൽ വച്ചതാണോ ഇത്ര വലിയ പ്രശ്‌നം?''

ബോണി തന്റെ വാദമുഖങ്ങളുമായി വന്നു.
""ഇല്ല. ഇത് മേരിയുടെ മാത്രം ശൈലിയാണ്. ത്രികോണങ്ങളുടെ ശൈലി. മേരിയുടെ കയ്യൊപ്പ് പതിഞ്ഞതാണതിൽ. അവൾ അറ്റങ്ങളിൽ പതിപ്പിക്കുന്ന വിരലടലാളം പോലും കാണാം. അവളുടെ ചിത്രങ്ങളെ എവിടെ നിന്നായാലും എനിക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം.''
""സത്യം പറയൂ മക്ഡി ആ പെയിന്റിങ് നിങ്ങൾക്ക് എങ്ങനെ ലഭിച്ചു? കഥകളൊന്നും വേണ്ട. അതെങ്ങനെ ഇവിടെത്തി?''
മക്ഡി വെള്ളം വിഴുങ്ങി കിതച്ചു.
""ഞാൻ നിങ്ങളുടെ ശത്രുവല്ല ആ മൺചട്ടി അവിടെത്തന്നെ വയ്ക്കൂ.''
സോളമനു എന്തോ അയാൾ പറയുന്നതിൽ വിശ്വാസം തോന്നി. ചെടിയിൽ നിന്നും പിടി വിട്ടു. ആശ്വാസമായപ്പോൾ മക്ഡി എഴുന്നേറ്റ് കുപ്പിയിലെ വെള്ളമെടുത്ത് സോളമൻ പുതുതായി നട്ട ചെടി നനച്ചു. എന്നിട്ട് ഒരു കവിൾ വെള്ളം കൂടെ കുടിച്ചു തിരിച്ചുവന്ന് കസേരയിലിരുന്നു. വളരെ പതുക്കെ അയാൾ സംസാരിച്ചുതുടങ്ങി
""മേരി സമ്മാനിച്ചതാണ്. അവരെന്റെ സുഹൃത്തായിരുന്നു.'' അതുവരെ സോളമനെ എതിർത്തുനിന്ന ബോണിക്ക് ആ മറുപടി ആശ്വാസം നൽകി. അഥവാ സോളമൻ വീണ്ടും മക്ഡിയെ ആക്രമിക്കുകയാണെങ്കിൽ എത്തരത്തിൽ തടുത്തു നിർത്തണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ബോണി. അവൻ മറ്റൊരു കസേര വലിച്ചെടുത്തിട്ട് അതിലിരുന്നു.
""ശരി ഇനി ചോദിക്ക്''
""ഈ വീഡിയോ ക്‌ളിയർ അല്ല എന്ന് പറഞ്ഞത് കള്ളമല്ലേ?''
""അതെ.'' മക്ഡി സമ്മതിച്ചു.
""എന്തുകൊണ്ടാണ്? മേരി മരണപ്പെട്ട വിവരം നിങ്ങൾക്കറിയാം അല്ലെ?''
""എന്റെ ജീവൻ കൂടി അപകടത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലായിരുന്നു.''
""മേരിയെ നിങ്ങൾക്കെങ്ങിനെ അറിയാം?''
""അവർ എന്നെ കാണാൻ വന്നതാണ്. നിങ്ങളെപ്പോലെത്തന്നെ. കൊച്ചൈപ്പോര കൊണ്ടുവന്നതാണ്.''
""കൊച്ചൈപ്പോരയോ. ?''
""അതെ. അയാൾ പോലീസിലായിരുന്നു. റിട്ടയർ ആയി. എന്റെ സർവീസിലെ ആദ്യസമയങ്ങളിൽ ഞങ്ങളൊരുമിച്ച് പണിയെടുത്തിരുന്നു. പിന്നെ ഞാൻ സൈബർ സെല്ലിലേക്ക് മാറി.''
""അവർ എന്തിനായിരുന്നു നിങ്ങളെ സന്ദർശിച്ചത്?''
""ഈ വീഡിയോ അനലൈസ് ചെയ്യാൻ തന്നെ.''
""അതായത് ഞങ്ങൾ കൊണ്ടുവന്ന അതേ വീഡിയോ ആണോ?''
""അതെ''
""ഓ ദാറ്റ്‌സ് ഗുഡ് ന്യൂസ്.'
""എന്നിട്ട്''
""മരുന്നു ഡപ്പിയിലെ പേരു എക്‌സ്ട്രാറ്റ് ചെയ്തു.
പേരു മാത്രമല്ല ഒരു വിരലടയാളവും ലഭിച്ചു.''
""അതെങ്ങനെ?''
""ഫോട്ടോ ഡി.എൻ.എ. വച്ച് തെളിയിച്ചെടുക്കാവുന്നതാണ്. അങ്ങനെയൊരു ഫീച്ചർ അതിനുണ്ട്. അപ്രതീക്ഷിതമായി ലഭിച്ച ഒരു ബോണസ്.''
""എന്നിട്ട്?''
""പേരും വിരലടയാളവും ഞങ്ങളുടെ ഡാറ്റാബേസിൽ റൺ ചെയ്ത് ആളെത്തിരഞ്ഞു.''
""റിസൾട്ട് കിട്ടിയോ?''
""ഉവ്വ്''
""എവിടെ?'
""സീക്രട്ട് വോൾട്ടിൽ ആണ്''

""എടുക്കൂ കാണട്ടെ.'' അയാൾ മുറിയിലെ ഫ്രിഡ്ജ് തുറന്ന് ഫ്രീസർ കാണിച്ചു. ഒരു ഇലക്ട്രോണിക് വോൾട്ടായിരുന്നു ഉള്ളിൽ. സ്വന്തം വിരലടയാളവും പാസ്‌കോഡും കൊടുത്തപ്പോൾ രഹസ്യ അറ തുറന്നു. അതിൽ നിന്നും ഫയലുകൾ ഓരോന്നായി അയാൾ മറിച്ചുനോക്കി.
""ഏതൊക്കെയാണീ ഫയലുകൾ?''
""സീക്രട്ട് ഫയലുകളാണ്. നിങ്ങൾക്കുപകാരപ്പെടില്ല.'' അതിനുള്ളിൽ നിന്നും സോളമനാവശ്യമുള്ള ഫയലെടുത്ത് പൊന്തിച്ചു. സോളമനത് വാങ്ങി. അയാൾ അറ വീണ്ടും പൂട്ടിവച്ചു. സോളമൻ ഫയൽ തുറന്നു.
"PHILIP EAPEN AMARAL' കഷണ്ടി കയറിയ തല. വികാരങ്ങളില്ലാത്ത മുഖം. കാപ്പി കൃഷ്ണമണികൾ. അഡ്രസ്, ജോലിചെയ്യുന്ന കമ്പനി, ഉയരം, ഭാരം, ജനന തിയ്യതി, ഐ.ഡി. നമ്പർ ഭാര്യയുടെ പേര്, ഒരാളെക്കുറിച്ച് അറിയുവാനുള്ള എല്ലാ വിവരങ്ങളും അതിലുണ്ടായിരുന്നു. അടുത്ത പേജ് ഒരു കേസ് ഫയലാണ്. അത് വായിച്ച് മനസിലാക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ടതിനാൽ വിവരിക്കുവാൻ മക്ഡിയെ ഏൽപ്പിച്ചു. ഇത് ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുൻപുള്ള ഒരു കേസാണ്. രണ്ട് സ്‌കൂൾ കുട്ടികളെ കാണാതായ കേസ് ആണ്. പ്രൈമറി സസ്‌പെക്ട് ഫിലിപ്പ് ആയിരുന്നു. പിന്നീട് കുട്ടികൾ തിരികെയെത്തിയതായി അറിയിച്ചിട്ടുണ്ട് അങ്ങനെ കേസ് ക്ലോസ് ആയി. ആകെ ഈയൊരു കേസിൽ മാത്രമാണ് ഫിലിപ്പ് ഈപ്പന്റെ പേര് പോലീസ് രേഖകളിൽ ഉണ്ടായിരുന്നത്. ഇതിന്റെയെല്ലാം കോപ്പി മേരിക്ക് ഞാൻ കൈമാറിയിരുന്നു. വിവരങ്ങൾ ലഭിക്കുവാൻ ഞാൻ ആഴ്ചകളോളം പണിയെടുത്തു. അത് കൈമാറുന്ന സമയം സ്‌നേഹോപഹാരമായി ലഭിച്ചതാണ് ഈ പെയിന്റിങ്. ബോണി അപ്പോഴേക്കും മറ്റൊരു ഫ്രിഡ്ജിലെ ഫ്രീസർ തുറന്ന് ഐസ്‌ക്യൂബ്‌സ് ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ടു കൊണ്ടുവന്നു. മക്ഡി അത് വച്ച് തല ഒപ്പിക്കൊണ്ടിരുന്നു.

""താങ്ക്യൂ. ആൻഡ് സോറി. ഞാൻ കരുതി നിങ്ങൾ മേരിയെ അപകടപ്പെടുത്തിയെന്ന്. ഞാൻ കൊച്ചൈപ്പോരയെ കാണുവാൻ പോയിരുന്നു. അയാൾ മരിച്ചു.''
""എങ്ങനെ?''
""അർബുദം''
""മേരി മരിച്ചത് മാത്രമേ ഞാനറിഞ്ഞിരുന്നുള്ളൂ.''
""മേരി മരിച്ചതിനു പിറകിൽ ഈ ഫിലിപ്പിനു പങ്കുണ്ടോ?''
""അതെനിക്കറിയില്ല. പക്ഷെ വലിയ ഒരു കേസിനു പിറകിലായിരുന്നു മേരി. അതിന്റെ ഉൾഭയവും ആകാംക്ഷയും വ്യക്തമായിരുന്നു.''
""മറ്റാർക്കെങ്കിലും ഇതിനെപ്പറ്റി അറിവുണ്ടായിരുന്നോ?''
""ഇല്ല. എന്നോടു പോലും വളരെ സൂക്ഷിച്ചിട്ടാണ് ഇടപെട്ടിട്ടുള്ളത്''
""ആ പെയ്ന്റിങ്ങിന്റെ ഫോട്ടോ, ഞാനെടുത്തോട്ടെ?''
""വേണമെങ്കിൽ അത് എടുത്തുകൊള്ളൂ.''
""വേണ്ട.''

സോളമൻ ഫോൺ എടുത്ത് പല കോണുകളിൽ നിന്നും ഫോട്ടോകൾ ക്ലിക്ക് ചെയ്തു.
"ഐ നീഡ് ദാറ്റ് ഡീറ്റയിൽസ് ഓൾസോ.' ആവശ്യമുള്ള വിവരങ്ങൾ ഫയലിൽ നിന്നും സോളമൻ ഫോട്ടോ എടുത്തു സൂക്ഷിച്ചു. പോകുന്നതിനുമുൻപ് അയാളോട് ഒരിക്കൽ കൂടി അയാളോട് സോറി പറഞ്ഞു പുറത്തിറങ്ങി. ബൈക്കിൽ കയറുമ്പോൾ ബോണി ചോദിച്ചു.
""ഇനിയെങ്ങോട്ടാണ്?''
""ഒഫ്കോഴ്‌സ് ഇറ്റ്‌സ് ഫിലിപ്പ് ഈപ്പൻ അമരൽ.'' ഫിലിപ്പിന്റെ അഡ്രസ് ഒരിക്കൽ കൂടി സോളമൻ ഉരുവിട്ടു. ബോണിയുടെ കൈ ആക്‌സിലേറ്ററിൽ തിരിഞ്ഞു. ഒരു മൂളിച്ച ബൈക്ക് പുറപ്പെടുവിച്ചു. ബോണിയും തന്റെ കൂടെ വന്നതെന്തിനെന്ന് സോളമൻ ചോദിച്ചില്ല. ഒരു പക്ഷെ അയാൾക്കും അന്വേഷണത്തിൽ കൗതുകം ഉണ്ടായിരിക്കും. അല്ലെങ്കിൽ തനിയെ സഞ്ചരിക്കുന്ന സോളമൻ അപകടത്തിൽപെടുമെന്ന് അയാൾക്ക് തോന്നിയിരിക്കാം.

നഗരത്തിൽ നിന്നും കുറച്ചധികം ദൂരെ ഒരു ഫാം ഹൗസിനു അരികിലാണ് ഫിലിപ്പിന്റെ അഡ്രസ് എന്ന് ഗൂഗിൾ മാപ്പ് കാണിച്ചുതന്നു. അങ്ങോട്ട് വഴി ചോദിച്ചപ്പോൾ ടാക്‌സിക്കാർ നെറ്റിചുളിച്ചു. ഒടുവിൽ ബൈക്ക് ഒരിടത്ത് സൂക്ഷിച്ച് ടാക്‌സി പിടിക്കുവാൻ അവർ തീരുമാനിച്ചു.
""അതിനവിടിപ്പം ആരും ഇല്ലല്ലൊ സാറെ. ഫാം നടത്തി പൊളിഞ്ഞ് അവരത് ഉപേക്ഷിച്ചുപോയി. അതിനടുത്തുള്ള വീട്ടിൽ വല്ലപ്പോഴും ഒരാൾ വണ്ടിയുമായി വന്നുപോകുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ആ കാട്ടിലേക്ക് കാറും കൊണ്ട് ആരു വരാനാണ്? പണ്ട് ജനവാസമെല്ലാം ഉണ്ടായിരുന്ന സ്ഥലമായിരുന്നു. സാറു കേട്ടിട്ടില്ലേ ഫാദർ ഗബ്രിയേൽ സംഭവം. അതവിടെയാണു നടന്നത്. ആ പള്ളി ജനങ്ങൾ പൊളിച്ചുകളഞ്ഞതിൽ പിന്നെ ആളുകൾ അവിടം വിട്ട് പോയി. കാടും പടലും പിടിച്ച് നാട് നശിച്ചു. മരണങ്ങൾ നടന്ന സ്ഥലമല്ലേ ആളുകൾ പോകാനും മടിയ്ക്കും.''

ഫാദർ ഗബ്രിയേൽ സംഭവം സോളമൻ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപാണ്. ഗ്രാമത്തിൽ പുതുതായി വന്നെത്തിയ വൈദികൻ നാട്ടുകാരെ മുഴുവൻ സ്വാധീനിക്കുന്നു. താമസിയാതെ വിശ്വാസികളെല്ലാം അച്ചന്റെ ആജ്ഞാനുവർത്തികളായി മാറുന്നു. ഗ്രാമപഞ്ചായത്തിനെ വെല്ലുവിളിച്ച് സമാന്തരമായ ഭരണസംവിധാനം കൊണ്ടുവരുവാൻ ശ്രമിച്ചതിന്റെ പേരിലാണ് വൈദികനെ ആദ്യം ലോകമറിഞ്ഞത്. കമ്യൂണിസ്റ്റുകാരനാണെന്നു പറയപ്പെടുന്ന അദ്ദേഹം സർക്കാരിനെതിരെ വിപ്ലവത്തിനു ആഹ്വാനം നൽകിയെന്നും അത് ശിരസാവഹിച്ച് അഞ്ച് വിശ്വാസികൾ മരണത്തിനു സ്വയം ബലി നൽകിയെന്നുമാണ് പിന്നീട് ആരോപണങ്ങൾ ഉണ്ടായത്. പട്ടാളമിറങ്ങിയാണ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയത്. ഗൂഢാലോചനയ്ക്കും പ്രേരണയ്ക്കും കോടതി കുറ്റകാരനാണെന്ന് വിധിച്ച ഫാദർ ഗബ്രിയേൽ ജയിൽ വാസത്തിനിടെ മരണപ്പെട്ടു. അതിനുമുൻപ് തന്നെ വിശ്വാസികൾ അവിടം ശപിക്കപ്പെട്ട ഇടമായി കണക്കാക്കി പള്ളി പൊളിക്കുകയും ആ നാട്ടിൽ നിന്നും ഒഴിഞ്ഞുപോകുകയും ചെയ്തു. അതാണിവിടം വിജനമായിത്തീർന്നത്.

മൂന്നിരട്ടി പണത്തിനാണ് ഒടുവിൽ ഒരു ടാക്‌സി വരാമെന്ന് സമ്മതം മൂളിയത്. ബോണിയും സോളമനും വണ്ടിയിൽ കയറിയപ്പോൾ ഡ്രൈവർ ഗബ്രിയേലച്ചനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞുതന്നു. ""ഗബ്രിയേലച്ചൻ ക്രിസ്തുവിന്റെ പുനർജന്മവാ. അതാ ചെയ്യാത്ത കാര്യത്തിനു ക്രൂശിക്കപ്പെട്ടത്. കൈക്കൂലി നിറഞ്ഞ ഗ്രാമപഞ്ചായത്തിനെ ശുദ്ധീകരിച്ച മനുഷ്യനായിരുന്നു. നല്ല മനുഷ്യർക്കെല്ലാം അല്ലേലും ഈ ഗതി വരത്തൊള്ളൊ. വയലൻസിനെ വയലൻസു കൊണ്ട് നേരിടാൻ ഗ്രാമത്തെ പ്രാപ്തനാക്കിയ മനുഷ്യനാരുന്നു. നല്ല തങ്കം പോലത്തെ മനുഷ്യൻ. പാവങ്ങൾക്കായി കണ്ണീരൊഴുക്കിയവൻ. ഉറച്ച തീരുമാനമെടുക്കാൻ പ്രാപ്തിയുള്ളവൻ. ഗ്രാമത്തിലെ കൊള്ളരുതായ്മകൾക്കെതിരെ ഇറങ്ങിത്തിരിച്ചതുകൊണ്ടല്ലേ ഈ കണ്ട പ്രശ്‌നങ്ങളു മൊത്തം ഉണ്ടായത്. ഒരു ഗ്രാമം തന്നെ ഇല്ലാതായില്ലേ.''

""എന്ത് കൊള്ളരുതായ്മ ആയിരുന്നു അവിടെ?''
""അതൊന്നും എനിക്കറിയത്തില്ല. എല്ലാം പറഞ്ഞുകേട്ട കഥകളാ. എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടായിരുന്നു.'' ഫാം ഹൗസിലേക്ക് വണ്ടി തിരിയുന്നതുകണ്ട് വഴിയിലൂടെ പോകുകയായിരുന്ന രണ്ടുപേർ കൈകാട്ടി വിളിച്ചു. സോളമനോ ഡ്രൈവറോ അത് ശ്രദ്ധിച്ചില്ല. പറഞ്ഞത് ശരിയായിരുന്നു ഫാം ഹൗസ് പൊളിഞ്ഞുകിടക്കയാണ്. വഴി വിജനമാണ്. ചീവീടുകൾ പകൽ സമയങ്ങളിൽ പോലും ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഫാംഹൗസും ചുറ്റുവട്ടങ്ങളും തരിശൂഭൂമിയായി കിടക്കുന്നുണ്ടായിരുന്നെങ്കിൽ ഫാം ഹൗസ് കഴിഞ്ഞ് ഫിലിപ്പിന്റെ അഡ്രസിലേക്കെത്തുമ്പോൾ അത് പച്ചപ്പുകളായി മാറുന്നു. അപ്പുറമിപ്പുറം മരങ്ങൾ. തണുത്ത വായു, നീല ആകാശം. മറ്റേതോ രാജ്യത്തെത്തിയ പ്രതീതി. സോളമൻ കാറിന്റെ ഡോർഗ്ലാസ് തുറന്ന് ശുദ്ധമായ വായു ആഞ്ഞ് ശ്വസിച്ചു. ബോണി ചിരിച്ചു
""ടൂറിനു വന്ന പ്രതീതി ആണല്ലോ?''
""അതെ'' സോളമനും ചിരിച്ചു. വന്ന കാര്യം മറന്നുപോകുന്ന തരം കാനനഭംഗി.

ഫാം ഹൗസ് പിന്നിട്ട് വീടിനുമ്മറം വരുന്ന സ്ഥലത്ത് വണ്ടി നിറുത്തി. ചീവീടുകളുടെ ശബ്ദം അതിഗംഭീരമായി തുടർന്നു. ഇണകളെ ആകർഷിക്കുന്നതിനുള്ള അവരുടെ പരിശ്രമത്തിൽ പലർക്കും ഈർഷ്യ തോന്നി. മുറ്റത്തെ പുൽക്കാടിന്റെ കണക്ക് വച്ച് നാളുകളായി ഇവിടാരും കടന്നുവന്നിട്ടില്ലെന്ന് വ്യക്തം. ടാക്‌സിക്കാരനോട് ഒന്ന് നിൽക്കാൻ പറഞ്ഞ് ബോണിയും സോളമനുമിറങ്ങി. പഴയ രീതിയിലുള്ള വീട് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. പടികൾ കയറി സോളമൻ കോളിംഗ് ബെൽ അമർത്തി. ബെൽ ശബ്ദിക്കുന്നില്ലായിരുന്നു.
""പവർ ഫെയിലിയർ ആണോ?''
""അറിയില്ല.''
""പറഞ്ഞതല്ലേ ഇവിടാരും താമസമില്ല. ഇവിടുത്തെ സാറ് വല്ലപ്പോഴുമേ വരത്തുള്ളൂ. വന്നാൽ പിറ്റേന്ന് പോകുകേം ചെയ്യും. ഒരു വട്ടം വണ്ടി വഴിക്കുവച്ച് കേടായിട്ട് എന്റെ വണ്ടിയിലാ ഞാൻ കൊണ്ടുവിട്ടതും കൊണ്ടുപോയതും. ഫിലിപ്പ് സാറ്.''

""ഫിലിപ്പ്''
സോളമൻ ശബ്ദത്തിൽ വിളിച്ചുകൊണ്ട് വീടിനുചുറ്റും നടന്നു. പ്രത്യേകിച്ച് ഒന്നും കാണ്മാനില്ലായിരുന്നു. എങ്ങും ചെടികളും മരങ്ങളും നിറഞ്ഞ പച്ചപ്പ് മാത്രം. സോളമന്റെ ആകെയുള്ള പ്രതീക്ഷ വീഡിയോവിൽ കണ്ട സ്ഥലം കണ്ടുപിടിക്കുന്നതിനുള്ള സാധ്യതയാണ്. ഇടിഞ്ഞുപൊളിഞ്ഞ് മരവള്ളികൾ കൈകോർത്ത ഈയിടത്ത് കറന്റ് ഉള്ളതായി തോന്നിയില്ല. വീഡിയോവിലാണെങ്കിൽ പ്രകാശമുണ്ടായിരുന്നുതാനും. അപ്പോഴാണ് അകലെ നിന്നും ഒരു സ്‌കൂട്ടർ ശബ്ദം കേൾക്കുന്നത്. കൈകാട്ടി വിളിച്ചവന്മാർ സ്‌കൂട്ടറിൽ എത്തിയതാണ്.സോളമനും ബോണിയും ഒരു സംഘട്ടനത്തിനു തയ്യാറാകും പോലെ പരസ്പരം നോക്കി. ശബ്ദം അടുത്ത് വരുംതോറും കറുത്തുമെലിഞ്ഞ കൈകൾ ഉയർത്തി കാണിക്കുന്നുണ്ടായിരുന്നു. സ്‌കൂട്ടറോടിക്കുന്നത് ഒരു പയ്യനാണ്.
""സാറാ മേഡം പറഞ്ഞിട്ട് വന്നതാണോ? പക്ഷെ ഈ സ്ഥലം ഒരാൾ നോക്കി പോയതാണല്ലോ. അതാണേലേകദേശം സെറ്റ് ആയി നിൽക്കാണ്. നിങ്ങളെപ്പിന്നെ മാഡം എന്തിനാ ഇങ്ങോട്ട് പറഞ്ഞു വിട്ടേക്കുന്നേ?'
""എടാ നീയാണോടാ ഇവരുടെ ബ്രോക്കറ്?''
അയാൾ ഡ്രൈവറോട് ചോദിച്ചു.
""അയ്യോ ഞാനല്ല എന്റെ പൊന്നു വിൻസന്റേട്ടാ.''
""അല്ല പാർട്ടി കാണാൻ വരുന്നേനു മുന്നേ മാഡം വിളിച്ച് പറയാറുള്ളതാണേ. അതോണ്ട് ചോദിച്ചതാ. ഇതിന്റെ ബ്രോക്കറിങ് പരുപാടി മൊത്തമായും ഞാനിങ്ങ് എടുത്തേക്കുവാ. ആരു കൊണ്ടുവന്നാലും കൊള്ളാം കാശ് കിട്ടണം.''
""അല്ല വിൻസെന്റേട്ടാ ഇങ്ങനെ പുറത്തുനിന്നാൽ മതിയോ അകത്തൊന്ന് കാണിക്കണ്ടേ?''
""ഉള്ളത് പറയാലോ സാറെ. മൊത്തം അഴുക്കുപിടിച്ച് കിടക്കുവാ. അതൊന്നും വൃത്തിയാക്കുവാൻ എനിക്ക് മേല. അല്ല ഈ വീട് കത്തിച്ചാമ്പലാക്കിയാലും വാങ്ങുന്നോനു നഷ്ടമില്ല. പുതിയ വീട് വയ്ക്കാനാന്നേൽ മരത്തിനു വേറെ എവിടേം പോവണ്ട. ദേ നോക്കിയെ വീട്ടിയാ വീട്ടി.''

""വീട്ടി അല്ല ഈട്ടി'' വിൻസന്റേട്ടൻ കയ്യിലുള്ള താക്കോലെടുത്ത് നാല് തിരി. ഉള്ളിൽ ഇരുട്ടായിരുന്നു. ജനലുകൾ വിൻസന്റ് തുറന്നിട്ടു. വെളിച്ചം തട്ടിയപ്പോൾ കൂറകളെല്ലാം ഇരുട്ട് തേടിയോടി. തന്റെ ജീവിതത്തിൽ ഇത്രയും വൃത്തികെട്ട ഇടം സോളമനോ ബോണിയോ കണ്ടിട്ടില്ല. അത്രയധികം മാലിന്യക്കൂമ്പാരങ്ങൾ അടിഞ്ഞ മുറികൾ. എലികൾ ഓടിനടക്കുന്നു. പുസ്തകങ്ങളും കടലാസുകളും കുന്നുകൂടിക്കിടക്കുന്നു. മാലിന്യം നിക്ഷേപിക്കുന്ന ഇടത്തിൽ പെട്ടതുപോലെ അവർ മൂക്കുപൊത്തി. ചിലയിടങ്ങളിൽ ടൈൽസ് പൊളിഞ്ഞിട്ടുണ്ട്. അവിടെ പെരുച്ചാഴി മണ്ണ് കുന്നുകൂട്ടിയിട്ടിരിക്കുന്നു. ചുവരുകളിൽ പല പല ചിത്രങ്ങൾ, ചിഹ്നങ്ങൾ. മുറിയിൽ അട്ടിയായി കിടക്കുന്ന പുസ്തകങ്ങളിലൊന്ന് തുറന്ന് അതിലേക്ക് വെളിച്ചം തെളിയിച്ചു. വൃത്തങ്ങളും നക്ഷത്രങ്ങളും അതിന്റെ വിശദീകരണങ്ങളും. സോളമൻ പുസ്തകത്തിലെ ഏതാനും പേജുകൾ കൂടി മറിച്ചു. വീഡിയോയിലെ മുറി കണ്ടെത്തുന്നതിലായിരുന്നു സോളമന്റെ ശ്രദ്ധ മുഴുവനും. വീടിന്റെ മുറികളും മുക്കും മൂലയും ഇതിനായി അയാൾ പരിശോധിച്ചു.
""ഈ വീടിനു വല്ല ബേസ്മന്റുമുണ്ടോ?''
""എന്നുവച്ചാൽ''
""ഭൂഗർഭ അറയെങ്ങാനുമുണ്ടോ?''
മണം മൂലം സഹിക്കെട്ട് സോളമൻ വീട്ടിൽ നിന്നും ഇറങ്ങിത്തുടങ്ങി.
""അങ്ങനെയേതാണ്ടുണ്ട് താഴെ. സാറിനു കാണണോ?''
സോളമന്റെ കണ്ണുകൾ തിളങ്ങി. വിൻസന്റ് അയാളെ വീടിനു പിറകിലേക്ക് ക്ഷണിച്ചു. പടികളുണ്ട്. ഒരു പൂട്ടുമുണ്ട്. പൂട്ടിന്റെ താക്കോൽ വിൻസെന്റിന്റെ കയ്യിലുണ്ടായിരുന്നു. ഭൂഗർഭ അറ തുറന്നു. ഉള്ളിൽ ചീഞ്ഞ മണം. പെരുച്ചാഴികൾ ആവണം.

""ഹോ എന്റെ പൊന്നു സാറെ സഹിക്കത്തില്ല മണം. ഒക്കെ ഒന്ന് വൃത്തിയാക്കിയെടുക്കണം. ഉള്ളിൽ ഇപ്പം പോകണ്ട. പിന്നെ കാണിക്കാം.''
സോളമൻ വിൻസെന്റിനെ അവഗണിച്ചു മൂക്ക് പൊത്തി മൊബൈലിലെ വെളിച്ചം തെളിച്ച് ഉള്ളിലേക്ക് കയറി. അയാൾക്കറിയേണ്ടത് ഈ അറയാണോ ഫിലിപ്പ് വീഡിയോ നിർമിക്കുവാൻ ഉപയോഗിച്ചതെന്നായിരുന്നു. ഉള്ളിൽ നിന്നും കുത്തുന്ന ഗന്ധം. പുറത്തുനിൽക്കുകയായിരുന്ന വിൻസെന്റിനെയും ബോണിയെയും ഭയപ്പെടുത്തിക്കൊണ്ട് ഡോറിനുള്ളിലൂടെ സോളമൻ പുറത്തുചാടി നേരെ ഓടിപ്പോയി ഛർദിച്ചു.
""പറഞ്ഞതല്ലേ വൃത്തിയാക്കിയിട്ട് മതിയെന്ന്.'' വിൻസന്റ് പിറകിൽ ഉഴിയുവാൻ വന്നു. സോളമൻ വേണ്ട എന്നാംഗ്യം കാണിച്ചു. ഇതിനുമാത്രം ഉള്ളിൽ എന്താണെന്ന് വിൻസന്റ് മനസിൽ ചോദിച്ച് ഉള്ളിലേക്ക് നോക്കി നിൽക്കുന്നതിനിടെ ബോണി ചോദിച്ചു.
""ഇതാണോ സ്ഥലം''
""അല്ല. പക്ഷെ'' സോളമൻ ഭീതിയോടെ അറയുടെ ഉള്ളിലേക്ക് ചൂണ്ടിക്കാട്ടി. ബോണി വിൻസെന്റിനൊപ്പം വെളിച്ചം തെളിയിച്ച് അറക്കുള്ളിലേക്ക് അഞ്ച് അടി നടന്നേയുള്ളൂ. കണ്ടു കൂട്ടിയിട്ടിരിക്കുന്ന കൊമ്പ് വളഞ്ഞ കൂറ്റൻ മുട്ടനാടുകളുടെയും മാനുകളുടെയും തലയോടുകൾ. ഞാത്തിയിട്ടിരിക്കുന്ന മരവള്ളികൾ. ചെറുഎല്ലിൻ കഷ്ണങ്ങൾ. മരക്കൊമ്പുകൾ.
""ഇതവര് വേട്ടയാടിപ്പിടിക്കുന്നതാ. ഇടക്കിവിടെ ചെറിയ പാർട്ടിയൊക്കെ ഉണ്ടാരുന്നു''
""ഫിലിപ്പ് എത്രനാളായി ഇപ്പോൾ ഇങ്ങോട്ട് വന്നിട്ട്.''
""സാറ് കൊറേക്കാലം ആയി. അങ്ങേരെങ്ങാണ്ടോ പോയീന്നാ സാറാ മാഡം പറഞ്ഞേ. അതോണ്ടു കൂടെയാ ഇത് വിൽക്കാൻ തീരുമാനിച്ചേ. നിയമപരമായി ഒന്നും ഒരു പ്രശ്‌നവും ഇല്ലന്നേ. ഞാൻ ഗാരന്റി.''
""കൊറേക്കാലം വച്ചാൽ''
""അഞ്ചാറു മാസം ആയിക്കാണും.''
""സ്ഥലം എനിക്കിഷ്ടപ്പെട്ടു വിൻസന്റേട്ടാ. ഇനി സാറാ മേഡത്തിനെ കണ്ട് വെലയൊന്ന് ഒറപ്പിക്കണം.''
""ഫോണിൽ സംസാരിച്ചാ പോരേ സാറെ. ഒന്നും ഉണ്ടായിട്ടല്ല. പുള്ളിക്കാരീടെ ചെല സമയത്തെ സൊഭാവം മഹാ വെടക്കാ. എന്തേലും ഉണ്ടേൽ എന്നോട് ചോദിക്കാം. ഡോക്യുമെന്റ്‌സ് അടക്കം എന്റേൽ കോപ്പി ഉണ്ട്.''
""അല്ല വിൻസെന്റേട്ടാ വരുമ്പം ഞാൻ നോക്കുവാരുന്നേ ബാക്കിയുള്ള സ്ഥലമെല്ലാം മൊട്ടക്കുന്നു പോലെ മഞ്ഞച്ച് വരണ്ട് ഒണങ്ങി കെടക്കണ് ഈ പറമ്പ് മാത്രം പച്ച അതെന്നാ ഉള്ളിലു ഉറവ വല്ലോം ഉണ്ടോ?''
""അതാണു സാറേ ഈ പറമ്പിന്റെ പ്രത്യേകത. പൊതിഞ്ഞു പിടിച്ചേക്കല്ലെ കാർന്നോമ്മാരു. അമ്മാതിരി പ്രാർഥനക്കാരാ ഇവരു. സാറിത് വാങ്ങിയാലും അതിന്റെ ഒരു ഐശ്വര്യം സാറിനും കിട്ടും.''
""ഇനി കാട് ഈ വീടിനെ പിടിച്ച് ഭക്ഷിക്കയാണോ ഞെരിച്ച് ഉടയ്ക്കുന്ന പോലെ.''
""അതൊക്കെ തോന്നലാ സാറെ ഇത് അവടത്തെ സാറിന്റെ അപ്പനപ്പൂപ്പന്മാരായ്ട്ട് ചെയ്ത സുകൃതത്തിന്റെ കഥയാ.''

""ഇവരടെ ഏതോ ഒരു അപ്പാപ്പൻ വലിയ ഒരു വേട്ടക്കാരനായിരുന്നു. അന്നിവടം മൊത്തം കാടായിരുന്നു കേട്ടോ. വേട്ടയ്ക്ക് വരുമ്പം താമസിക്കാനായിട്ട് ഒരു വീട് അതിനാ ഇത് കെട്ടീത്. ഒരു രാത്രി വേട്ടയ്ക്ക് അങ്ങേരു കാട് കയറി. സമയം വളരെ ആയിട്ടും ഒന്നിനേം ഒത്തില്ല. അപ്പഴാണു ഒരു കലമാൻ കണ്ണിൽപ്പെടുന്നേ. കൊമ്പൊക്കെ ഉള്ളത്. നമ്മൾ ഉള്ളിൽ കണ്ടില്ലേ അതു പോലെ. മാൻ ആണേൽ ഇവരെ കണ്ടില്ലാർന്നു കേട്ടോ. കിട്ട്യ ചാൻസിൽ അപ്പാപ്പൻ വെടി പൊട്ടിച്ചു. പിന്നെ കേട്ടത് ഒരു പെൺകുട്ടിയുടെ കരച്ചിലാ. ഏതോ ഒരു ആദിവാസിക്കൊച്ചാരുന്നു. തലേല് എന്തോ വച്ചുകെട്ടിയത് കണ്ട് മാനാണെന്ന് തോന്നിയതാ. അപ്പാപ്പൻ വേഗം കൊച്ചിനെ താങ്ങിക്കൊണ്ട് ഇവിടെ വന്നു. പിന്നെ തോളിൽ മരുന്നൊക്കെ വച്ചു കെട്ടി ചുമടായി ആണ് കൊണ്ടുവന്നത്. വീട്ടിൽ വന്നതും വലിയ എക്‌സ്‌പേർട്ട് ഒന്നും അല്ലെങ്കിലും അപ്പാപ്പൻ കത്തിയെടുത്ത് കീറി ബുള്ളറ്റ് പൊറത്തെടുത്ത് മുറിവ് തുന്നി മരുന്നു വച്ചു കെട്ടി. ബോധം പോയ പെൺകൊച്ച് കൊറേക്കഴിഞ്ഞാ എഴുന്നേറ്റത്. അപ്പാപ്പന്റെ മുറിവൈദ്യം ഏറ്റു. അപ്പാപ്പനും പിള്ളാരും നോക്കി നിൽക്കേ ആ പെൺകുട്ടി ഒരു മാനായി മാറി ഓടി മറഞ്ഞു എന്നാണ് കഥ. അവരുടെ രക്തം വീണു ഉണങ്ങിയവിടെയെല്ലാം ചെടികൾ മുളച്ചു. അവ ഒരിക്കലും ഉണങ്ങുകയും ഇല്ല പറിഞ്ഞ് പോകത്തും ഇല്ല. അങ്ങനെയാണത്രേ ഈ പറമ്പ് ഇത്ര പച്ചപ്പായത്. തേനെടുക്കാൻ പോകണ കാടന്മാർ പറയണത് അത് വനദേവതയാണെന്നാ. ഈ കഥ വിശ്വസിക്കാതിരിക്കാൻ പറ്റോ അമ്മാതിരിയല്ലേ ഈ പറമ്പ് കിടക്കുന്നേ. മരുഭൂവിലെ മരുപ്പച്ച.''
""നിങ്ങൾ മാഡത്തിന്റെ അഡ്രസ് ഇങ്ങ് തന്നേ. കഥ ഞാൻ വന്നട്ട് കേൾക്കാം. വിൻസെന്റേട്ടനുള്ള കമ്മീഷൻ ഞാൻ വേറെത്തരുന്നുണ്ട്. തൽക്കാലം ഇത് വച്ചോ.''

നോട്ടുകൾ കീശയിൽ കേറിയത് വിൻസെന്റേട്ടന്റെ മുഖം തിളങ്ങാൻ കാരണമായി. അയാൾ ഫോണിൽ നിന്നും അഡ്രസും ഫോൺ നമ്പറും തന്നു. ടാക്‌സിക്കാരൻ വണ്ടി എടുത്തു. മൂന്നരമണിക്കൂറിൽ മിസിസ് ഫിലിപ്പ് ഈശോയുടെ വീട്ടുപടിക്കലെത്തി. ഇരുമ്പ് ഗേറ്റ്. പൂപ്പൽ മൂടിയ പാറക്കെട്ടുകൾ പോലെ വീട് നിന്നു. തിരമാലകൾ കൂർപ്പിച്ചെടുത്ത കല്ലുകളുടെ മുനപ്പുകൾ പോലെ കൂർത്ത നോട്ടങ്ങൾ ചുറ്റിലും അവർക്കനുഭവപ്പെട്ടു. മൂന്നാമത്തെ ബെല്ലിൽ മിസിസ് സാറാ ഫിലിപ്പ് വാതിൽ തുറന്നു. ക്ഷീണിച്ച മെലിഞ്ഞ മുഖം. ഫ്രോക്കാണ് വേഷം.
""ആരാ എന്ത് വേണം?''
വരവ് ശല്യപ്പെടുത്തിയിട്ടുണ്ട്. നെറ്റി ചുളിഞ്ഞിരിക്കുന്നു.
""വീടും സ്ഥലവും നോക്കാൻ ആയിട്ട്.''
""അതെല്ലാം വിൻസന്റ് ആയിട്ട് സംസാരിക്കൂ. എന്നെ കാണേണ്ട ആവശ്യമില്ല.''
""കുറച്ച് കാര്യങ്ങൾ അറിയുവാനായിരുന്നു. നിങ്ങൾ ഫിലിപ്പ് ആയിട്ട് ഡിവോഴ്‌സ് ആയിട്ട് എത്ര കാലമായി ?''
""പത്തുപന്ത്രണ്ട് കൊല്ലമായി.''
""എങ്കിൽ പിന്നെ ആ പ്രോപ്പർട്ടിയിൽ നിങ്ങൾക്കെന്തവകാശമാണ്?''
""അതൊക്കെ നിങ്ങൾ എന്തിനാണറിയുന്നത്. വിൻസന്റ് ആയി സംസാരിക്കൂ. അവകാശം ഉണ്ടോ ഇല്ലയോ എന്നൊക്കെ ഡൊക്യുമെന്റ്‌സ് നോക്കുമ്പോൾ കാണാമല്ലോ.''
""അല്ല ഭാവിയിൽ ഞങ്ങൾക്കൊരു ബുദ്ധിമുട്ട് വരരുത് അതുകൊണ്ട് ചോദിച്ചതാ.''
""ഒരു ബുദ്ധിമുട്ടും വരില്ല.''
""ഈ ഫിലിപ്പ് ഈപ്പൻ തിരിച്ചുവന്ന് വീട് തിരികെ ആവശ്യപ്പെട്ടാൽ?''
""അതിനാവീട് ഫിലിപ്പിന്റെ പേരിലല്ലല്ലോ.''
""പിന്നാരുടേയാ?''
""അത് അങ്ങേരുടെ സഹോദരി ഹെലന്റെ പേരിലാ. ഞങ്ങളുടെ ഡൈവോഴ്‌സ് സമയത്ത് അവരെനിക്കത് ഇഷ്ടദാനം നൽകി.''
""അവരിപ്പോൾ?''
""അതൊക്കെ എന്തിനാണ് അറിയുന്നത്.''
""എനിക്ക് സ്ഥലം ഇഷ്ടമായി. പറയുന്ന വിലയ്ക്ക് വാങ്ങാൻ ആഗ്രഹമുണ്ട്. എങ്കിൽ പേപ്പേഴ്‌സ് എല്ലാം ഒന്ന് കാണിച്ചുതരുമോ? കൺഫ്യൂഷൻ ഒന്നും ഉണ്ടാകരുതല്ലോ.''
""ശരി അകത്ത് വരൂ.'' അവർക്കിത് എങ്ങനെയെങ്കിലും തീർക്കണം.
വൃദ്ധ അവരെ സ്വീകരിച്ചകത്തിരുത്തി. അവർ ഉള്ളിൽ പോയതും അലമാര തുറക്കുന്നതുമായുള്ള ശബ്ദം കേട്ടു. ഉള്ളിൽ കയറിയ പാടെ ബോണി സോളമനെ തോണ്ടി വിളിച്ചു. സോളമൻ നോക്കിയപ്പോൾ ഉള്ളിലെ ചുമരിൽ തൂങ്ങിക്കിടപ്പുണ്ട് മേരിയുടെ ഒരു ചിത്രരചനാശൈലി.

""മേരിയുടേതാണോ?''
""അതെ.''
""എങ്ങനെ പറയുവാൻ സാധിക്കും?''
""തരുണാസ്ഥികളുടെ മികവ്, ബ്രഷിന്റെ കുനിപ്പുകൾ പിന്നെ മോഡേണിസം ഇമ്പ്രഷണിസം അബ്‌സ്റ്റ്രാക്ടിസം ക്യൂബിസം സർറിയലിസം സിമ്പോളിസം.''
""എന്തോന്ന്?''
""മൾബറിയുടെ പേപ്പറിലോ സിൽക്കിലോ ആണ് രചന നടത്തിയേക്കുന്നത് അല്ലെ?''
""ആണെന്ന് തോന്നുന്നു.''
""മേരിയിതിൽ ചെയ്തിട്ടുള്ളത് ക്യൂബിസവും സിമ്പോളിസം സർ റിയലിസത്തിന്റെയും ഒരു മിക്‌സ് ആണ്. ഈ ശൈലി വരച്ചുപഠിക്കുന്ന സമയം എനിക്കോർമയുണ്ട്. പിക്കാസോയുടെയും ജോർജസ് ബ്രാക്യൂസിന്റെയും ക്യൂബിസം, മാർക്ക് ഏണസ്റ്റിന്റെയും ഡാലിയുടെയും സർ റിയലിസം, അലൻ പോയുടെയും ക്ലിംറ്റിന്റെയും സിമ്പോളിസം. ഭാഷ ഒളിപ്പിക്കുന്ന രീതി. അതാണീ ശൈലി.''
മിസിസ് ഫിലിപ്പ് അപ്പോഴേക്കും കടലാസുകളുമായി വന്നു. സോളമനവയെല്ലാം കാര്യമായി തന്നെ പരിശോധിച്ചു. മിസ്റ്റർ ഈപ്പൻ വീടും പറമ്പും മകൾ ഹെലനു എഴുതി കൊടുത്ത വിൽപ്പത്രമായിരുന്നു ഒന്ന്. അതിനടുത്തത് ആ സ്ഥലം ഹെലൻ സാറയ്ക്ക് ഇഷ്ടദാനം നൽകിയതും.

""ഹെലൻ ജീവിച്ചിരിപ്പില്ല അല്ലേ?'' സാറയുടെ മുഖം വിളറി.
""അതെങ്ങനെ നിങ്ങൾക്കറിയാം?''
""ഇല്ല. ജീവിച്ചിരിപ്പില്ല.''
""എന്നായിരുന്നു അവരുടെ മരണം?''
""കുറച്ചായി.''
""എല്ലാം ഓക്കെയാണ്. ബാക്കി ഞാൻ വിൻസന്റുമായി സംസാരിച്ചുകൊള്ളാം.''
""ശരി''
""മാഡത്തിന്റെ മുഴുവൻ പേരെന്തായിരുന്നു?''
""സാറാ ഫിലിപ്പ് ഈപ്പൻ.''
""നമുക്കിനിയും കാണാം.''
""താങ്ക്യൂ'' അവരുടെ ഡോർ വലിച്ചടയ്ക്കുന്നതിൽ തന്നെ ഇനിയിങ്ങോട്ട് വന്നേക്കരുതെന്ന സൂചനയുണ്ടായിരുന്നു. ടാക്‌സിയിലെത്തുന്നതിനു മുൻപേ സോളമൻ ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

""പ്ലീസ് ഒരിക്കൽ കൂടി നിങ്ങളെന്നെ സഹായിക്കേണ്ടി വരും. എന്നെ ഒരു സുഹൃത്തായി കാണൂ. ഉവ്വ് ബോണി എന്റെ കൂടെയുണ്ട്. മക്ഡി പ്‌ളീസ്, ഇത് വളരെ അർജന്റ് ആണ്. അതുകൊണ്ടാണെന്നേ. രണ്ട് ഡീറ്റയിൽസ്, അതെ. ഒന്ന് സാറാ ഫിലിപ്പ് ഈപ്പൻ രണ്ട് ഹെലൻ ഈപ്പൻ. അതെ. അത് തന്നെ. ഫോട്ടോ കൂടെ ഒന്ന് ഒത്തുനോക്കേണ്ടതുണ്ട്. ശരി നോക്കിയിട്ട് എന്നെ വിളിക്കുമല്ലോ. ഞാൻ ഫോൺ വച്ചോട്ടെ? ശരി സിഗ്‌നേച്ചർ എല്ലാം വേണം. മുഴുവൻ ഡീറ്റെയിൽസും.''
എന്താണു സംഭവം. ബോണിക്കൊന്നും മനസിലാകുന്നില്ലായിരുന്നു. അവർ ലോഡ്ജിൽ ഒരു മുറിയെടുത്തു. ബോണി കുളിച്ചുകൊണ്ടിരുന്നപ്പോൾ മക്ഡിയുടെ ഫോൺ സോളമനു വന്നു. ഡീറ്റയിൽസ് വാട്ട്‌സ് ആപ് ചെയ്തിട്ടുണ്ടെന്നറിയിച്ചു. സോളമൻ ഫോൺ കട്ട് ചെയ്ത് വാട്ട്‌സ് ആപ് നോക്കി. അതിൽ ഹെലന്റെ എസ്.എസ്.എൽ.സി. ബുക്കിന്റെ ഒരു കോപ്പിയുണ്ട്. പേജുകളടങ്ങുന്ന മാതൃക. അതിൽ യുവതിയായ ചെറുപ്പക്കാരി ഹെലൻ. ബോബ് ചെയ്ത മുടി. സാറയുടേതായി മൂന്നോ നാലോ തിരിച്ചറിയൽ രേഖകൾ ലഭിച്ചു. തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്,ആധാർ, ഐ.ഡി. കാർഡ് തുടങ്ങിയവ. കണ്ട ഉടനെ സോളമൻ മക്ഡിയെ തിരിച്ചുവിളിച്ചു,
""എന്ത് തോന്നുന്നു.''
""നിങ്ങളുടെ നിഗമനം ശരിയാണെന്ന് തോന്നുന്നു സോളമൻ.''

പിറ്റേദിവസം മേരിയുടെ ബോയ്ഫ്രണ്ടായിട്ടാണ് സോളമൻ സാറാ ഫിലിപ്പിനെ കാണുവാൻ പോയത്. തന്റെ യഥാർഥ വ്യക്തിത്വം പങ്കുവച്ചതോടെ സാറ വലിയ താത്പര്യത്തിൽ അയാളോട് സംസാരിച്ചു. അവരുടെ മുഖത്ത് ഒരുതരം ശാന്തത കൈവന്നിരുന്നു. വളരെ വാത്സല്യത്തോടെയാണ് സാറ മേരിയെക്കുറിച്ച് സംസാരിച്ചത്. ചായ കുടിച്ചുകൊണ്ട് സോളമനും മേരിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു.
""മേരി സാറാ ആന്റിയെ കാണാൻ വന്നത് എന്തിനായിരുന്നു.''
""എന്റെ ഭർത്താവിനെപ്പറ്റി അറിയാൻ. അല്ലാതെന്ത്?''
""എന്നിട്ട്?''
""എല്ലാം പറഞ്ഞു''
""എല്ലാം?''
""അതെ എല്ലാം.''
""സാറാ ഫിലിപ്പ് ഈപ്പൻ തന്നെയാണ് ഹെലൻ ഈപ്പൻ എന്ന് പറഞ്ഞോ?'' സാറായുടെ മുഖത്തെ രക്തപ്രസാദമെല്ലാം ഒറ്റയടിക്ക് അപ്രത്യക്ഷമായി. അവർക്കിടയിൽ പത്തോ പതിനഞ്ചോ നിമിഷങ്ങൾ നിശബ്ദമായി കടന്നുപോയി. അതിനിടെ സാറായുടെ കണ്ണുകളിൽ ചുടുകണ്ണുനീർ ഒഴുകി. പക്ഷെ അവർ കരഞ്ഞില്ല. പകരം മറുപടി പറഞ്ഞു.
""ഉവ്വ്''
ബോണി വന്നപ്പോഴേക്കും സാറാ ആന്റി കഥ പറഞ്ഞുതുടങ്ങിയിരുന്നു.
""എനിക്ക് ഓർമ വന്ന കാലം മുതൽ അതായത് സ്‌കൂൾ കാലഘട്ടം മുതൽ എന്നെ അപ്പാപ്പൻ, അപ്പൻ, സഹോദരന്മാർ എന്നിവർ ലൈംഗികമായി ഉപയോഗിച്ചിരുന്നു. അന്നത് തിരിച്ചറിയുവാനോ പ്രതികരിക്കുവാനോ ഉള്ള ബുദ്ധി ഉണ്ടായിരുന്നില്ല. ശരികേട് തോന്നിത്തുടങ്ങിയ സമയം ഞാനെന്റെ അമ്മയോട് പരാതി പറഞ്ഞു. അമ്മയെന്താണു ചെയ്തതെന്നോ? അമ്മ എന്നെയും വലിച്ചിഴച്ച് ഫിലിപ്പിന്റെ മുറിയിലേക്ക് തള്ളി പുറത്തുനിന്നും വാതിലടച്ചു. അമ്പരപ്പോടെയാണ് ക്രൂരമായ ചിരിയോടെ വാതിലടയ്ക്കുന്ന അമ്മയെ കണ്ടത്. പിന്നീടങ്ങോട്ട് എന്റെ പീഡനകാലമായിരുന്നു. ഇടയ്‌ക്കെപ്പോഴോ മനസിലായി ഇതെല്ലാം ഞങ്ങളുടെ കുടുംബപരമായ ക്രമങ്ങളാണെന്ന്. കുടുംബത്തിന്റെ ഭദ്രത എന്ന പേരിലായിരുന്നു ഈ അക്രമങ്ങൾ. തലമുറ തലമുറകളായി എന്റെ കുടുംബം പിന്തുടരുന്ന കീഴ്വഴക്കമാണ്. എന്റെ അമ്മച്ചി എന്റെ അപ്പച്ചന്റെ കസിൻ സിസ്റ്റർ അയിരുന്നു. അപ്പാപ്പനും അമ്മാമയും എല്ലാം അതുപോലെത്തന്നെ.

നൂറ്റാണ്ടുകളോളം പഴകിയ ക്രമങ്ങളെ സംരക്ഷിക്കുന്നതിനായി അവ രഹസ്യമായി കൊണ്ടുനടക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ഓരോ കുടുംബാംഗങ്ങളും. പതിയെ എനിക്കതിൽ അപാകതയൊന്നും തോന്നാതെയായി. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സന്തോഷിക്കുന്നു. എതിർക്കുന്നതിനെക്കുറിച്ച് ആലോചിക്കുവാൻ പോലും കഴിയാതിരുന്ന സമയം. ക്രമങ്ങളെക്കുറിച്ച് പിന്നീട് ഒരിക്കൽ നമുക്ക് സംസാരിക്കാം. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് കൈമാറുന്ന പീഡനക്രമങ്ങൾ എനിക്ക് സാധാരണദിവസം പോലെയായി. വിവാഹപ്രായമായതോടെ സ്വന്തം സഹോദരനായ ഫിലിപ്പിനെയാണു എനിക്കായി തീരുമാനിച്ചത്. ആർക്കും എതിർപ്പുണ്ടായില്ല. സഹോദരന്മാരിൽ കുടുംബത്തിലെ ഏറ്റവും ക്രൂരൻ. എന്നെ വേദനിപ്പിക്കുവാൻ കൂട്ടത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്നവൻ. ഈ വ്യവസ്ഥയോട് പ്രതികരിക്കാൻ ശ്രമിച്ചതിന് എനിക്കുള്ള ശിക്ഷ ആയിരുന്നു ഫിലിപ്പ്. അവന്റെ മുൻപിൽ എന്റെ നാവ് പൊന്തിയാൽ അവനത് അരിഞ്ഞ് എടുക്കുമെന്നവർക്ക് അറിയാം. എനിക്കും അറിയാമായിരുന്നു. അതിനാൽ തന്നെയായിരുന്നു ആ വിവാഹം. അപ്പോഴേക്കും ഞാനും ഒരു അടിമയെപ്പോലെയായി മാറിയിരുന്നു.

ഏകദേശം അൻപതോളം കുടുംബങ്ങൾ ചേരുന്നതായിരുന്നു ഞങ്ങളുടെ കൂട്ടം. മറ്റ് സാമൂഹിക ചുറ്റുപാടുകളിൽ നിന്നും അകന്നായിരുന്നു കുടുംബം നിലനിന്നിരുന്നത്. സാധാരണ കുടുംബങ്ങളുമായുള്ള സൗഹൃദം നിഷിദ്ധമായിരുന്നു. വിവാഹശേഷം അവിടെ നിന്നും മാറി കാട്ടിൽ പോയി താമസിക്കുവാൻ അപ്പാപ്പനാണ് ഫിലിപ്പിനെ നിർബന്ധിച്ചത്. എനിക്കായി പുതിയ ഒരു വ്യക്തിത്വവും അവർ നൽകി. സാറാ. ആ പേരിൽ എല്ലാ തിരിച്ചറിയൽ രേഖകളും കൃത്രിമമായി നിർമ്മിച്ചു. മാറി താമസിക്കുന്നതിന് എനിക്ക് സമ്മതമായിരുന്നു. ഫിലിപ്പിന്റെ ഉപദ്രവം മാത്രം സഹിച്ചാൽ മതിയാകുമല്ലോ. മാസത്തിൽ ഒരിക്കലുള്ള ക്രമങ്ങൾക്ക് എവിടെയെങ്കിലും കൂടും എല്ലാവരും. ആ ദിവസങ്ങളിൽ ക്രമങ്ങളുടെ പേരിൽ പലരുമായും എനിക്ക് ഇണചേരേണ്ടിവരും എന്നുമാത്രം. ഞാൻ സമ്മതം മൂളി.

അതിനിടയിലാണ് ഫാദർ ഗബ്രിയേൽ എന്റെ ജീവിതത്തിലേക്ക് കയറി വരുന്നത്. ഒരു ദിവസം കുമ്പസാരത്തിനിടെ എല്ലാം എനിക്ക് തുറന്നുപറയേണ്ടി വന്നു. അന്നു തുടങ്ങിയ പ്രശ്‌നങ്ങൾ അദ്ദേഹത്തിന്റെ മരണത്തിലാണ് ഒടുക്കം കലാശിച്ചത്. ജനങ്ങൾ പള്ളി തകർത്തു. അത്രയും കരുത്തുള്ളതായിരുന്നു എന്റെ കുടുംബത്തിന്റെ വേരുകൾ. രാജ്യമൊട്ടാകെ ഇരുപതോളം കൂട്ടങ്ങൾ തന്നെ ഞങ്ങൾക്കുണ്ട്. ആയിരക്കണക്കിനു മനുഷ്യർ ഞങ്ങളുടെ കാഴ്ചപ്പാടിനെ പിന്തുടരുന്നു. സമ്പത്തും രക്തസംശുദ്ധിയും നിലനിർത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യം. അപ്പന്റെ മരണത്തോടെ കുടുംബം സാമ്പത്തിക തകർച്ച നേരിട്ടു. അതേ സമയം എന്റെ കയ്യിൽ കുറച്ച് പണം വന്നുചേരുകയും ചെയ്തു. കിട്ടിയ അവസരത്തിൽ ഫിലിപ്പിനെ ഡിവോഴ്‌സ് ചെയ്ത് ഒറ്റയ്ക്ക് ജീവിച്ചുതുടങ്ങി. അതിനുശേഷം ഞാൻ അയാളെ കണ്ടിട്ടേയില്ല. ആഗ്രഹമില്ലായിരുന്നു. അയാൾ മരിച്ചുകാണാൻ ആഗ്രഹിക്കുന്നവളാണ് ഞാൻ. ഇവിടെ തിരികെയെത്താനുള്ള ധൈര്യം വർഷങ്ങൾക്ക് ശേഷമാണെനിക്ക് കൈവന്നത്. ഗർഭിണിയായിരുന്ന ഞാൻ അത് മനഃപൂർവം ഒഴിവാക്കിയത് എന്റെ മക്കളെ ഇതിൽ നിന്ന് മാറ്റിനിർത്തണം എന്ന ആഗ്രഹത്താലായിരുന്നു. ഞാനിതെല്ലാം പറയുന്നത് മേരിയുടെ സോളമനായതുകൊണ്ട് മാത്രമാണ്. അതിരിക്കട്ടെ നിങ്ങൾ എങ്ങിനെയാണീ രഹസ്യം കണ്ടെത്തിയത്?''

""ഫിലിപ്പിനെക്കുറിച്ച് അന്വേഷിച്ചാണ് സത്യത്തിൽ ഇവിടെ വരെ എത്തിയത്. എന്തൊക്കെയോ ആശയക്കുഴപ്പങ്ങൾ എല്ലാത്തിനും പിറകിൽ ഉണ്ടായിരുന്നതായി എപ്പോഴും തോന്നിയിരുന്നു. വീടിന്റെ വിൽപ്പത്രവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഒപ്പുകൾ ശ്രദ്ധയിൽ പെട്ടപ്പോൾ തോന്നിയ കൗതുകമാണ് ഇതുവരെ എത്തിച്ചത്. നിങ്ങളുടെ സാറായിലെ എച്ച്, ഹെലനിലെ എച്ച് രണ്ടും പ്രകടിപ്പിച്ച വളവുകളിലെ സാമ്യം. അക്ഷരങ്ങളുടെ ചരിവ്. പിന്നെ സംശയാത്മകമായ ആന്റിയുടെ ആ വീടിനോടുള്ള അധികാരം. ഭർത്തൃസഹോദരി ഇഷ്ടദാനം നൽകിയ കഥ. എല്ലാം അവിശ്വസനീയമായി തോന്നി.''
""ആഹാ''
""നിങ്ങളുടെ ക്രമങ്ങളിൽ കലമാൻ കൊമ്പുള്ള മാൻ അല്ലെങ്കിൽ കൊമ്പനാട് ഇവയുമായി എന്തെങ്കിലും ബന്ധമുണ്ടോ?''
""ഉവ്വ്. നിങ്ങൾക്കെങ്ങിനെ അറിയാം?''

സാറാ വീടിനുള്ളിൽ പോയി ഫയലുകൾ തുറന്ന് എന്തോ എടുത്ത് കൊണ്ടുവന്നു. ഇരുപത് വയസോളം പ്രായമായ ഒരു സ്ത്രീയുടെ നഗ്‌ന ചിത്രം. അവർ കൊമ്പുള്ള കൂറ്റൻ ആടിന്റെ തലയോട്ടി അണിഞ്ഞിരുന്നു. തലമുറിച്ച് ഉണക്കി ഉപയോഗിച്ചതാകണം. തലയോട്ടിയിലും കൈകളിലും ഇലകളും പൂക്കളും നിറഞ്ഞ വള്ളികളാൽ വളയങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്.
""ഇത്?''
""ഞാൻ തന്നെ. ക്രമങ്ങളിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുക ഈ രീതിയിൽ ആകും''
സാറാ അത് മാറ്റി വച്ചു.
""ഈ ക്രമങ്ങളുടെ ലക്ഷ്യം എന്താണ്. എന്തിനു വേണ്ടിയാണ് നിങ്ങളുടെ സമൂഹം ഇതിൽ ഏർപ്പെടുന്നത്.''
""നിങ്ങൾ എന്റെ പഴയ വീട് കണ്ടിരുന്നല്ലോ അല്ലേ? പ്രത്യേകത തോന്നിയിരുന്നില്ലേ?''
""കാടിന്റെ ദേവതയുടെ കാര്യമാണോ?''
""അതെ. അത്തരത്തിൽ പല ദേവതകളും ദേവന്മാരും ഞങ്ങൾക്കുണ്ടായിരുന്നു. അവരെ പ്രീതിപ്പെടുത്തുക വ്യത്യസ്ത ക്രമങ്ങളിലൂടെയാണ്''
""അന്ന് മേരി നിങ്ങൾക്ക് ഒരു വീഡിയോ കാണിച്ചിരുന്നില്ലേ?''
""ഉവ്വ് കാണിച്ചു.''
""അതിലുണ്ടായിരുന്നവരെ തിരിച്ചറിയുവാൻ സാധിച്ചുവോ? അത് ഈ ക്രമങ്ങളുമായി ബന്ധമുണ്ടായിരുന്നുവോ?''
""ഫിലിപ്പ്? വീഡിയോ അതുമായി ബന്ധമില്ലായിരുന്നു പക്ഷെ പിന്നീട് അവർ ആ പെൺകുട്ടിയെ ക്രമങ്ങൾക്കായി ഉപയോഗിച്ചു കാണണം.''
""ബാക്കിയുള്ളവർ ആരായിരുന്നു. നിങ്ങളുടെ മറ്റു സഹോദരങ്ങൾ തന്നെയാണോ?''
ആ ചോദ്യത്തിൽ സാറായുടെ മുഖം ഭീതിയിലേക്ക് മാറി.
""അല്ല. അതവരല്ല.''
""പിന്നെ?''
""ഫിലിപ്പിന്റെ കളിക്കൂട്ടുകാരാണ്. ട്രിപ്ലറ്റ്‌സ്. ഒരേ മുഖമുള്ള മൂന്നുപേർ.''▮

​​​​​​​(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments