ഒന്നാം ഭാഗം
പദ്മാവതിയും
വിജയനും
കേട്ടെഴുത്തുകാരിയും
എഴുത്തുകാരനും
‘‘അല്ലെങ്കിൽ ഒരു കഥ പറയാൻ എന്താണ് വേണ്ടത്, കഥയല്ലാതെ'', താൻ പറയാൻ പോകുന്ന കഥ കേട്ടെഴുതാൻ തയ്യാറായി തന്റെ മുമ്പിലിരിക്കുന്ന പെൺകുട്ടിയോട് വിജയൻ ചോദിച്ചു.
പൂജ്യം ഉള്ളടക്കവും അനന്തമായ നീളവും എന്ന് അതിനൊരു ഉത്തരമായി മനസ്സിൽ കാണുകയും ചെയ്തു. കഥയുടെയും കഥയിലെയും ജീവിതം അങ്ങനെ ശൂന്യതയുടെയും ദൈർഘ്യത്തിന്റെയും അവസരമാണ്, മലമുകളിലേക്ക് പാറക്കല്ലുകൾ ഉരുട്ടികൊണ്ടുപോവുകയും മലയുടെ മുകളിലെത്തുമ്പോൾ കല്ലുകൾ താഴേക്ക് ഉരുട്ടി അത് കാണാൻ നിൽക്കുകയും ചെയ്യുന്ന ഭ്രാന്തനും ദേവനുമായ ഒരാളുടെ ഓർമ ജീവിതത്തെ മാത്രമല്ല കഥയെയും നിശൂന്യമായ ഒരു തുറസ്സിൽ നിർത്തി പോയിരിക്കുന്നു. അവിടെ നിൽക്കാൻ ആകെ വേണ്ടത് ഒരു കഥയാണ്. ജീവിതത്തിനും വേണ്ടത് കഥയാണ്. പിന്നെ വേണ്ടത് വാക്കുകൾ തോന്നിക്കണേ എന്ന് പ്രാർത്ഥിയ്ക്കുകയാണ്.
വിജയൻ പെൺകുട്ടിയോട് വീണ്ടും ചോദിച്ചു. ‘‘അല്ലെങ്കിൽ ഒരു കഥ പറയാൻ എന്താണ് വേണ്ടത്, കഥയല്ലാതെ''.
‘‘ഒരു കഥ വേണം'' പെൺകുട്ടി പറഞ്ഞു.
വിജയൻ പറയുന്ന കഥ കേൾക്കാൻ പെൺകുട്ടി ശ്രദ്ധയോടെ ഇരുന്നു. അക്ഷരങ്ങൾ തെറ്റാതെ, വാക്കുകൾ മറക്കാതെ, എഴുതി എടുക്കണം, പിന്നീട് വായിക്കുമ്പോൾ എഴുതി എടുത്തത് കഥയാണെന്ന് ഉറപ്പാക്കണം, അത്രമാത്രമേ ഒരു കഥ കേട്ടെഴുതാൻ വേണ്ടതുള്ളൂ.
വിജയൻ അവളെ നോക്കി പുഞ്ചിരിച്ചു. കൈ നീട്ടി പെൺകുട്ടിയുടെ തലയിൽ തൊട്ടു, ‘‘എങ്കിൽപ്പിന്നെ അങ്ങനെയാവട്ടെ'' എന്ന് പറഞ്ഞ് കഥ തോന്നാൻ കണ്ണുകൾ അടച്ചു.
എന്നാൽ, നാൽപ്പതു വർഷത്തിനുശേഷം, വിജയൻ ഒരിക്കലും മുഴുമിപ്പിക്കാതിരുന്ന അതേ കഥ, പെൺകുട്ടി, പദ്മാവതി, മുതിർന്ന്, സ്ത്രീയായി, മറ്റൊരു നഗരത്തിൽ, മറ്റൊരു കാലത്ത്, വീണ്ടുമോർത്തു.
ഇപ്പോൾ, അവളുടെ പകുതി വയസ്സുള്ള അച്ഛന്റെ സന്ദർശനത്തിനും ശേഷം. അതിനും മുമ്പ്, അതേ പകൽതന്നെ, വൃത്തികെട്ടും മുഷിഞ്ഞും കണ്ട ഒരു തെരുവു നായ, പട്ടണത്തിൽ പദ്മാവതി നടന്ന വഴികളിലും അവൾ താമസിക്കുന്ന ഇടം വരെയും പിന്തുടരുകയും, ഒടുവിൽ അവളെ ദയയോടെ നോക്കിയ ശേഷം ഓടിപ്പോവുകയും ചെയ്തിരുന്നു.
നായ ഓടിപ്പോവുന്നതിനും മുമ്പ് ‘‘എന്താണ് എന്നോടുള്ള നിന്റെ അവസാനത്തെ ചോദ്യം'' എന്ന് പദ്മാവതി അതിനോട് ചോദിച്ചിരുന്നു.
‘‘അതാ, ആ ലിഫ്റ്റിലേക്ക് ഞാൻ കയറിപോവുന്നതിനും മുമ്പ് പറയണം, എനിക്ക് സ്വർഗ്ഗമോ നരകമോ എന്ന്''.
പിന്നീടാണ്, ഏഴു ദിവസങ്ങൾക്കു ശേഷം വന്ന ഒരു പകലിൽ, ഈ കഥ മുഴുവനും പദ്മാവതി ഓർക്കുന്നത്: അത്രയും വർഷങ്ങൾ താൻ പാർത്ത കരപോലെ കണ്ടുപിടിക്കുന്നത്.
‘‘ഒരു കഥ വേണം, അത്രതന്നെ''. അവൾ മനസ്സിൽ പറഞ്ഞു. ഇപ്പോഴും അവളെ നോക്കി വിജയൻ പുഞ്ചിരിച്ചു.
ഭാഗം രണ്ട്
പദ്മാവതിയും
സേതുപതിയും
മകളും
അച്ഛനും
രണ്ടു സംസ്ഥാനങ്ങളുടെ അതിർത്തിയിലെ കാട്ടിൽ, കാടിന്റെ ഉള്ളിൽ, ഏറ്റവും ഉയരമുള്ള മരത്തിൽ, മരത്തിന്റെ താഴത്തെ കൊമ്പിൽ, കെട്ടിത്തൂക്കിയവേലായുധന്റെ ശവം നോക്കിക്കൊണ്ട്, അല്പം മാറി, മണ്ണിൽ, സേതുപതി ഇരുന്നു. അവിടേക്ക് മൂളി എത്തുന്ന ഇച്ഛകളെ കേട്ടുകൊണ്ട്.
ഈച്ചകളുടെ ചിറകൊച്ചയിൽ കലരുന്നത് ധർമത്തിന്റെ കുളമ്പൊച്ച തന്നെ എന്ന് വിചാരിച്ചുകൊണ്ട്.
ഇതേകാട്ടിൽ താൻ വീണ്ടും എത്തുമെന്നും, ശേഷം കാലവും, ഇതേപോലെ, ഇതേ ശവം നോക്കി ഇരിക്കാൻ ഇനിയുള്ള കാലങ്ങളിലും വരുമെന്നും സേതുപതിക്ക് ഉറപ്പായിരുന്നു. മരണമില്ലാതെയും ആയുസ്സിൽ മുന്നേറാതെയും ജീവിയ്ക്കുന്ന ഒരാളുടെ ധർമ്മപാതയുടെ ഓർമയും അതാണ്.
എന്നാൽ, അതിനുമുമ്പ് വേറെയും മോഹങ്ങളിലൊക്കെ വീണ്ടും സേതുപതി എത്തി. ഭാര്യയെ ഒരിക്കൽ വീട്ടിൽ പോയി കണ്ടു. ഭാര്യയും മകളുമൊത്ത് മുറ്റത്ത് നട്ടുണ്ടാക്കിയ പൂന്തോട്ടത്തിൽ ഒരു രാത്രി മുഴുവൻ സേതുപതി കഴിഞ്ഞു. ഇലകൾ മണത്തു. പൂക്കൾ മണത്തു.
പിറ്റേന്ന് പകൽ, മുപ്പത്തിയെട്ടു വർഷം മുമ്പ് തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച, ഇപ്പോൾ തന്നെക്കാൾ മുപ്പത്തിയെട്ടു വയസ്സു അധികമുള്ള പോലീസ് ഉദ്യോഗസ്ഥനെ അയാളുടെ വീട്ടിൽ പോയി സേതുപതി കണ്ടു. അയാളെ കൊലപ്പെടുത്തുവാൻ ആഗ്രഹിച്ചു.
പിന്നൊരു ദിവസം, താൻ ആശിച്ച രാജ്യം വന്ന ദിവസം, ‘‘നീ എന്നെ വെറുക്കുന്നതു കൊണ്ടല്ലേ എനിക്ക് നിന്നെ വീണ്ടും വീണ്ടും കാണേണ്ടി വരുന്നത്'' എന്ന് പറയാൻ മറ്റൊരു നഗരത്തിൽ താമസിക്കുന്ന, ഇപ്പോൾ തന്നെക്കാൾ മുപത്തിയെട്ടു വയസ്സ് അധികമുള്ള മകളെ സേതുപതി സന്ദർശിച്ചു.
ലിഫ്റ്റിൽ, അപ്രതീക്ഷിതമായും ഭയപ്പെടുത്തിയും, തന്നെക്കാൾ പകുതി വയസ്സു കുറഞ്ഞ അച്ഛനെ കണ്ട്, മകൾ, ‘‘ഇനിയും നിങ്ങൾക്ക് എന്താണ് വേണ്ടത്'' എന്ന് ചോദിച്ചതോടെ പെട്ടെന്ന് മറ്റൊരു ഇരുട്ടുകൂടി തങ്ങൾ നിൽക്കുന്നിടത്ത് നിറയുന്നു എന്നും സേതുപതിക്ക് തോന്നി.
ലിഫ്റ്റിൽ തളർന്നുവീണ മകളെ എടുത്ത് അവളുടെ ഫ്‌ളാറ്റിന്റെ വാതിൽക്കൽ കൊണ്ടുപോയി ഇരുത്തി. മകളുടെ നെറുകിൽ ഉമ്മ വെയ്ക്കാൻ ആഗ്രഹിച്ചുവെങ്കിലും അവളുടെ ശിരസ്സിലെ വെളുത്ത തലനാരിഴകളിൽ ഒരു നിമിഷം നോക്കി നിൽക്കുക മാത്രം ചെയ്തു.
പിന്നെ പടികൾ ഇറങ്ങി താഴെ വന്നു. താഴെ, സ്‌കൂൾ യൂണിഫോമിൽ നിന്നിരുന്ന പെൺകുട്ടിയെ നോക്കി പുഞ്ചിരിച്ചു. തെരുവിലേക്കിറങ്ങി. അത്രയും നേരം തന്നെ കാത്തുനിന്നിരുന്ന, അത്രയും നേരം തന്നെ പിന്തുടർന്നിരുന്ന തെരുവു നായക്കൊപ്പം സേതുപതി നടക്കാൻ തുടങ്ങി.
വഴിയിൽ നായയോട് സംസാരിക്കാൻ തുടങ്ങി. ധർമ്മത്തെപ്പറ്റി. ബന്ധുക്കളെപ്പറ്റി. രാജ്യത്തെപ്പറ്റി. അധികാരത്തെപ്പറ്റി. ത്യാഗത്തെപ്പറ്റി. മരണത്തെപ്പറ്റി. സ്വർഗ്ഗത്തെയും നരകത്തെയും പറ്റി. വീണ്ടും കാടെത്തുന്നതുവരെ.
പിന്നെ, കാട്ടിൽ, താൻ കൊന്നു കെട്ടിതൂക്കിയ ശവത്തിനുമുമ്പിൽ, വാക്ക് കൊടുത്തതുപോലെ, സേതുപതി ഇരുന്നു.
‘‘കഥയിൽ, മരിക്കാൻ ഭാഗ്യമില്ലാത്ത ഒരേ ഒരാൾ അയാളായിരുന്നു'' വിജയൻ പറഞ്ഞു. ‘‘തന്റെ സ്വപ്നത്തെ ശാപമായി വരിച്ച ഒരേ ഒരു കഥാപാത്രവും''.
‘‘വാസ്തവം പോലിരിക്കുന്നു'', കഥ കേട്ട് നൈസാമലി പറഞ്ഞു. ‘‘വിജയൻ എഴുതണം''.
‘‘വാസ്തവത്തിൽ, വാസ്തവമായി ഒന്നുമില്ല, അല്ലെ?''
വിജയൻ തന്റെ ചെങ്ങാതിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
‘‘വാസ്തവം'' നൈസാമലി പറഞ്ഞു. ‘‘ഒന്നുമില്ല!''
(1)
ആഹ്ലാദം, പിറകെ, വരാനിരിക്കുന്നതേയുള്ളൂ, പത്മാവതി വിചാരിച്ചു.
അതാകട്ടെ, ആർത്തുവിളിയ്ക്കുന്ന ഒരാംഗ്യത്തിൽ, ഈ പട്ടണത്തിൽ, തെരുവുകളിൽ എവിടെയോ, നിൽക്കുന്നുമുണ്ട്. ചിലപ്പോൾ പുറപ്പെട്ടിട്ടുമുണ്ട്.
പക്ഷെ, ഇപ്പോൾ, ഈ നിമിഷം വരെയും, പരാജയം മാത്രമാണ്.
അല്ലെങ്കിൽ, പരാജയങ്ങളെപ്പറ്റി മാത്രം ഓർക്കുകയായിരുന്നു, പത്മാവതി.
തൊട്ടുമുമ്പേ അവസാനിച്ച പൊതുതിരഞ്ഞെടുപ്പിൽ, പ്രതീക്ഷിച്ചപോലെ, രാജ്യത്ത് തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിലെത്തുന്നതിന്റെ ഫലങ്ങൾ ടെലിവിഷനിൽ വന്നുകൊണ്ടിരിക്കുകയായിരുന്നു, രാവിലെ, സമയം ഒമ്പതോ ഒമ്പതരയോ ആയിരുന്നു, പത്മാവതി, ടെലിവിഷൻ നിർത്തി, വീട് പൂട്ടി പുറത്തേയ്ക്ക് ഇറങ്ങി.
പിന്നെ, ആ പട്ടണത്തിൽ, എവിടേയ്ക്കുമെന്നില്ലാതെ നടക്കാൻ തുടങ്ങി.
ഒറ്റയ്ക്ക്. പരാജയങ്ങളെപ്പറ്റി ഓർത്തുകൊണ്ട്. തെരുവുകളിൽ ഏതു സമയവും കാണാവുന്ന വിജയത്തിന്റെ ആഹ്ലാദപ്രകടനങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.
കടകൾ തുറക്കുന്നതെ ഉണ്ടായിരുന്നുള്ളൂ, റോഡിൽ വളരെ കുറച്ചു വാഹനങ്ങളും, വളരെക്കുറച്ച് വഴിനടത്തക്കാരും മാത്രമെ ഉണ്ടായിരുന്നുള്ളൂ, പതുക്കെ വീശുന്ന കാറ്റ് ആ ദിവസങ്ങളിൽ കഠിനമാകുന്ന വേനലിനെ ഓർമിപ്പിച്ചുകൊണ്ട് മുഖത്ത് വന്നു മുട്ടുന്നുണ്ടായിരുന്നു, അതിദീർഘമായ ഒരു പകലാകും ഇതെന്ന് പദ്മാവതി വിചാരിച്ചു.
നീണ്ടു നിൽക്കുന്ന രാത്രിയെ നീണ്ട നേരം കാത്തിരിക്കുന്ന ഒരു പകൽ. ഇപ്പോൾ, മറ്റൊരു ഓർമ്മയിൽ, അവൾ, പട്ടണത്തിൽത്തന്നെയുള്ള പുസ്തകശാലയിലേക്ക് നടന്നു.
ദു:ഖഭരിതമാകുന്ന സമയങ്ങളിൽ, വീട്ടിലെ, തന്റെ പുസ്തക അലമാരിയ്ക്ക് മുമ്പിൽ ചെന്നു നിൽക്കുന്ന കവിയെപ്പറ്റി ഒരിക്കൽ വായിച്ചത്, ആ സമയം, അവൾക്ക് ഓർമ്മ വന്നു. തന്റെ പുസ്തകങ്ങൾക്ക് മുമ്പിൽ പുസ്തകങ്ങൾ എടുത്തും പുസ്തകങ്ങൾ മറിച്ചുനോക്കിയും നിൽക്കുന്ന കവിയെ കണ്ടതുപോലെയും തോന്നി. ദുഃഖത്തിന്റെ അനേകം വെളിപാടുകൾ അവതരിപ്പിക്കുന്ന വാക്കുകളുടെ വലയത്തിനുള്ളിൽ കവി നിൽക്കുന്നു,
അതേ ഓർമയിൽ, പുസ്തകശാല നിൽക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കുള്ള പടികൾ അവൾ കയറുകയായിരുന്നു, ആ സമയം, കവിയെയും പുസ്തകങ്ങളെയും ഓർമ്മിച്ചതുകൊണ്ടാകും, പദ്മാവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവിടെ രാമുവിനെ കണ്ടു. കുറെ നാളുകൾക്ക് ശേഷം.
ഒരിക്കൽ മറ്റൊരു പട്ടണത്തിലേക്ക് താൻ താമസം മാറുകയാണ് എന്ന് യാത്ര പറയാൻ അവളുടെ ഫ്‌ലാറ്റിൽ വന്നതിനും ശേഷം.
രാമു, അവൾക്കു തൊട്ടുപിറകെ പടികൾ കയറി വരുന്നു.
പത്മാവതി തിരിഞ്ഞുനിന്ന് ചിരിച്ചു.
‘‘ഞാൻ ഇപ്പോൾ ഒരു കവിയെ ഓർത്തതേ ഉള്ളൂ, ആ സമയംതന്നെ മറ്റൊരു കവി പ്രത്യക്ഷപ്പെട്ടിരിക്കുന്നു'', പദ്മാവതി പറഞ്ഞു, ‘‘അത്രയും അപ്രതീക്ഷിതമായിട്ട്''.
പത്മാവതി രാമുവിനു നേരെ കൈ നീട്ടി.
രാമു അവളെ നോക്കി ചിരിച്ചു. അവളുടെ കൈ പിടിച്ച് ഒരു നിമിഷം അവളെത്തന്നെ നോക്കി നിന്നു, അവളുടെ കവിളിൽ ചുംബിച്ചു, പിന്നെ പുസ്തകശാലയിലേക്കുള്ള ബാക്കി പടികൾ അവർ ഒരുമിച്ച് കയറാൻ തുടങ്ങി.
‘‘ഞാൻ ഇപ്പോൾ വൃദ്ധനെപ്പോലെയാണ്, അല്ലെങ്കിൽ വൃദ്ധനായിരിക്കുന്നു, ഒരുപക്ഷെ താൻ ഓർത്തു എന്നുപറഞ്ഞ കവിയുടെ അതേ പ്രായം'', രാമു അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
‘‘ഈ പ്രായത്തിന്റെ ഒരു ഭാഗ്യം പ്രിയപ്പെട്ടവരെ കാണാൻ പറ്റും എന്നാണ്, അവരെ ഓർത്താൽ മതി''. രാമു അവളെ കുസൃതിയോടെ നോക്കി. ''അറിയാലോ, ഒൻപതു വർഷം മാത്രമെ ഞാൻ യുവാവായിരുന്നിട്ടുള്ളൂ''.
പദ്മാവതി ചിരിച്ചു. അയാളുടെ കൈയ്യിൽ ഒന്നുകൂടി അമർത്തി പിടിച്ചു.
‘‘പക്ഷെ ഈ കവിയാണ് എന്റെ യുവാവ്''. ‘‘എന്റെ വൃദ്ധനും''
പടികൾ കയറി അവർ മീതെ എത്തുമ്പോൾ, അവിടെ, പുസ്തകശാലയുടെ മുമ്പിൽ നിന്നിരുന്ന യുവതിയുടെ കൈ കൂടി രാമു പിടിച്ചു. യുവതിയ്ക്ക് പത്മാവതിയെ പരിചയപ്പെടുത്തി. പിന്നെ പദ്മാവതിക്ക് യുവതിയെയും.
‘‘ഇത് പത്മാവതി'' രാമു യുവതിയോട് പറഞ്ഞു, ‘‘എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്, അധ്യാപികയാണ്''.
രാമു, തിരിഞ്ഞ്, പദ്മാവതിയെ നോക്കി. വേറെയൊരു ഓർമ്മയിൽ. പിന്നെ പദ്മാവതിയെത്തന്നെ നോക്കി പറഞ്ഞു.
‘‘ഒരിക്കൽ പ്രശസ്തനായ എഴുത്തുകാരൻ ഒ. വി. വിജയന്റെ പ്രിയപ്പെട്ട കേട്ടെഴുത്തുകാരിയുമായിരുന്നു''.
പത്മാവതി രാമുവിനെ നോക്കി പുഞ്ചിരിച്ചു. ‘‘അത് എന്റെ ഓർമയാണ്''. അവൾ പറഞ്ഞു. പിന്നെ യുവതിക്ക് കൈ കൊടുത്തു.
‘‘ഷീബ, എന്റെ പഴയ ഒരു കൂട്ടുകാരന്റെ മകളാണ്'' രാമു യുവതിയെ പദ്മാവതിക്ക് പരിചയപ്പെടുത്തി.
‘‘എനിക്ക് അവനെ കാണാൻ തോന്നുമ്പോൾ ഇവൾ എന്നെ കാണാൻ വരും. എനിക്കും മുമ്പേ അവൻ മരിച്ചതാണ്. പക്ഷെ ഇതുവരെ ഞങ്ങളുടെ കൂട്ട് വിട്ടുപോയിട്ടില്ല''
ഷീബ രാമുവിനെ നോക്കി ചിരിച്ചു.
‘‘ഉപ്പ ഏഴു കൊല്ലം മുമ്പ് മരിച്ചു'' ഷീബ പദ്മാവതിയോടു പറഞ്ഞു. ‘‘പക്ഷെ ഉപ്പ ഞങ്ങളെയല്ല കാണാൻ വരുന്നത്, രാമുമ്മാമയെയാണ്!'', ‘‘അതും സ്വപ്നത്തിൽ''.
‘‘ചിലപ്പോൾ നേരിട്ടും'' രാമു അവളെ തിരുത്തി.
ഷീബ ആ പട്ടണത്തിൽത്തന്നെയുള്ള ഒരു സാരിഹൗസിൽ ജോലി ചെയ്യുകയാണ്, അവിടെ എക്കൗണ്ടന്റ്‌റ് ആണ്, ചിലപ്പോൾ രാമു അവളെ കാണാൻ എത്തും. തെറ്റാതെ, ഈ പുസ്തകശാലയുടെ മുമ്പിലായിരിക്കും എപ്പോഴും അവർ കണ്ടുമുട്ടിയിരുന്നതും.
ആ ദിവസം തന്റെ പ്രിയപ്പെട്ട ചെങ്ങാതിയുടെ ഓർമ്മയിൽ രാമു ഷീബയെ കാത്തു നിൽക്കുന്നു. അല്ലെങ്കിൽ ആ ദിവസം തന്റെ ഉപ്പയുടെ പ്രിയപ്പെട്ട ചെങ്ങാതിയെ കാണാൻ ഷീബ രാമുവിനെ കാത്തു നിൽക്കുന്നു.
മരണത്തിന്റെയല്ല ജീവിതത്തിന്റെ ഓർമദിനം എന്നാണ്, ഒരിക്കൽ, രാമു അവരുടെ കൂടിക്കാഴ്ച്ചയെപ്പറ്റി ഷീബയോടു പറഞ്ഞിട്ടുള്ളത്.
‘‘പക്ഷെ ഒരിക്കൽ ഞാൻ അത് തെറ്റിച്ചിട്ടുണ്ട്.'' ഷീബ പദ്മാവതിയോട് പറഞ്ഞു.
‘‘ഞാൻ രാമുമ്മാമയെ ഞങ്ങളുടെ സാരി ഹൗസിലേക്ക് വിളിച്ചു.''
പദ്മാവതി രാമുവിനെ നോക്കി. രാമു ഷീബ പറയുന്നത് കേൾക്കുകയായിരുന്നു.
രാമുവിന്റെ കൺതടങ്ങൾക്കും ചുറ്റും പടരുന്ന കരിമഷിപോലുള്ള നിറം പദ്മാവതി ശ്രദ്ധിച്ചു. സ്വപ്നങ്ങളുടെ ഖനനം കഴിഞ്ഞതിന്റെ തെളിവുപോലെയായിരുന്നു അത്. അല്ലെങ്കിൽ, ദുഃസ്വപ്നങ്ങൾ ഒന്നു പോലും വിട്ടുപോകാതെ കാണുന്ന ഒരാളുടെ കണ്ണുകൾ പോലെ.
രാമു അവരെ രണ്ടുപേരെയും കാപ്പി കഴിക്കാൻ ക്ഷണിച്ചു. ‘‘അതും ഞങ്ങളുടെ രണ്ടുപേരുടെയും തെറ്റാത്ത ഒരാചാരമാണ്'', രാമു പദ്മാവതിയോടു പറഞ്ഞു.
‘‘ഇന്നാകട്ടെ, പദ്മാവതിയും ഉണ്ട്''.
അവർ മൂന്നുപേരും അവിടെ അടുത്തുതന്നെയുള്ള കോഫിഹൗസിലേക്ക് നടന്നു.
പട്ടണം അപ്പോഴും അധികം തിരക്കില്ലാതെ തുടരുകയായിരുന്നു. ആ ദിവസത്തെ ഏറ്റവും വലിയ തിരക്കും ഏറ്റവും വലിയ ആഘോഷവും വരാനിരിക്കുന്നതേ ഉള്ളൂ, അപ്പോഴും പദ്മാവതി വിചാരിച്ചു. ഈ നിരത്തുകൾ തന്നെ അപ്പോൾ മറ്റൊന്നാകും. വേറെ ഒരു രാജ്യത്തെ വേറെ ഞരമ്പുകൾ പോലെയാവും, തെരുവുകൾ . കുതിക്കാൻ തുടങ്ങും. അവൾ ആകാശത്തേയ്ക്കും നോക്കി. മറ്റൊരു വിജനതകൂടി ആഗ്രഹിക്കുന്നപോലെ.
കോഫി ഹൗസിൽ ഇരിക്കുമ്പോൾ , വരുന്ന മണിക്കൂറുകളിൽ പ്രഖ്യാപിക്കാനിരിക്കുന്ന തിരഞ്ഞെടുപ്പു വിജയം ഈ തെരുവുകൾ ആഘോഷിയ്ക്കുന്നതിനുമുമ്പുള്ള ഒച്ചയില്ലാത്ത നിമിഷങ്ങൾ ഇതാകാം എന്ന് പദ്മാവതി വിചാരിച്ചു. അവൾ അത് രാമുവിനോടു പറഞ്ഞു.
‘‘വാസ്തവത്തിൽ പൊതുതിരഞ്ഞെപ്പിന്റെ ഫലം അറിയാൻ തുടങ്ങിയതോടെ എന്റെ മനസ്സ് കെടാൻ തുടങ്ങിയിരുന്നു'', പദ്മാവതി പറഞ്ഞു: ‘‘അതിൽനിന്നും രക്ഷനേടാൻ ഞാൻ പുറത്തേയ്ക്ക് ഇറങ്ങിയതാണ്. കുറെ നടക്കുക, കാൽ കഴയ്ക്കുന്നവരെ. അതായിരുന്നു ആലോചിച്ചിരുന്നത്''
രാമു കൈ നീട്ടി അവളുടെ മുഖത്തിനു നേരെ ഇടംവലം വീശി, എന്തോ മായ്ച്ചു കളയുന്നപോലെ.
ഇന്ന് രാഷ്ട്രീയത്തെപ്പറ്റിയോ ദേശത്തെപ്പറ്റിയോ താൻ ഓർക്കില്ല എന്ന് രാമു പറഞ്ഞു.
‘‘രാജ്യം പൗരന്റെ സങ്കൽപ്പത്തിൽത്തന്നെ ഇല്ലാത്ത ദിവസങ്ങളിൽ ആ രാജ്യം നമ്മൾ വിട്ടുപോന്നിരിക്കുന്നു എന്നാണ് അർത്ഥം.''
രാമു പദ്മാവതിയെ നോക്കി ചിരിച്ചു.
‘‘ഞാൻ ഇപ്പോഴും നാട്ടിൽ പാർക്കാത്ത കവിയാണ്''.
ഷീബ പക്ഷെ വളരെ ആശങ്കാകുലമായ ദിവസങ്ങളാണ് ഇനി ഉണ്ടാവുക എന്ന് വിശ്വസിച്ചു. ഇങ്ങനെയാണ് ഈ രാജ്യം മാറുക എന്ന് അവൾ കരുതിയിരുന്നില്ല എന്ന് പറഞ്ഞു.
‘‘എന്റെ ഉപ്പ, ഇതാ, ഇവർ കുറച്ചു പേരോടൊപ്പം ഈ രാജ്യത്ത് മറ്റൊരു രാജ്യം കൊണ്ടുവരാൻ പോയതാണ്'', അവൾ രാമുവിനെ മുഖംകൊണ്ട് കാണിച്ച് പദ്മാവതിയെ നോക്കി പറഞ്ഞു. ‘‘ആ രാജ്യം പക്ഷെ വന്നതേ ഇല്ല, ഉപ്പ ഇതേ രാജ്യത്തിൽ പാർത്ത് പിന്നെ പോവുകയും ചെയ്തു. മരിക്കുന്നതുവരെ വരാനിരിക്കുന്ന അതേ സ്വപ്നം സ്വന്തം നൊസ്സാക്കി ഓർത്തുകൊണ്ട്.''
പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു.
തൊട്ടുമുമ്പ് താൻ കരുതിയ ഏറ്റവും സമാധാനപൂർണ്ണമായ നിമിഷങ്ങൾ എത്ര വേഗമാണ് കലങ്ങിയത് എന്ന് പദ്മാവതിയ്ക്ക് തോന്നി. അവൾ ഷീബയെ നോക്കി. കാപ്പി നിറച്ച കപ്പ് അവൾക്കു നേരെ അൽപ്പംകൂടി നീക്കിവെച്ചു. കൈ നീട്ടി അവളുടെ കൈയ്യിൽ പിടിച്ചു.
ഇപ്പോൾ ചുറ്റും നിൽക്കുന്ന നിശബ്ദത അവർ ഓരോരുത്തരും വേറെ വേറെ അനുഭവിക്കുന്നു എന്ന് പദ്മവാതിക്ക് തോന്നി. കര പറ്റാൻ കഴുത്ത് നീട്ടുന്നവരാണ് അല്ലെങ്കിൽ മൂന്നു പേരും. എന്നാൽ, അതിന്റെ അടുത്ത നിമിഷം, ഷീബയുടെ മൊബൈൽ ഫോൺ പതുക്കെ ശബ്ദിച്ചു. മറ്റ് ഏതോ ഒരു ഭാഷയിലെ ഏതോ നാടോടിപ്പാട്ടിന്റെ ഈണത്തിൽ.
മൂന്ന് പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു. ഷീബ തന്റെ ഹാൻഡ്ബാഗിൽ നിന്ന് ഫോൺ എടുത്തു. രാമു അവളോട് കുറച്ചുനേരം കൂടി അത് കേൾക്കട്ടെ എന്ന് ആംഗ്യം കാണിച്ചു. ഷീബ ഫോൺ എടുക്കുന്നത് പതുക്കെയാക്കി.
കഫെയിൽ ഉണ്ടായിരുന്ന ആളുകൾ, കാഷ് കൗണ്ടറിൽ ഇരുന്നിരുന്ന ആൾ, എല്ലാവരും അവർ മൂന്നുപേരും ഇരിക്കുന്നിടത്തെയ്ക്കു നോക്കി.
ഷീബ ഫോൺ എടുത്ത്, വളരെ പതുക്കെ ‘‘ഹലോ, ഉമ്മാ!'' എന്ന് പറഞ്ഞു. പദ്മാവതിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കാപ്പിക്കപ്പ് പതുക്കെ ചുണ്ടിലേക്ക് ഉയർത്തി.
കാപ്പിക്കപ്പിൽ നിന്ന് ഉയരുന്ന ആവി കണ്ണീർ നിറഞ്ഞ അവളുടെ കണ്ണുകൾക്കു മുമ്പിൽ അതിവേഗം അപ്രത്യക്ഷമാവുന്നത് പദ്മാവതി ശ്രദ്ധിച്ചു.
‘‘ഉമ്മയാണ്!'', ഷീബ രാമുവിനെ നോക്കി പറഞ്ഞു. ‘‘രാമുമ്മാമയോട് അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട്.''
കോഫി ഹൗസിൽ കുറച്ചുനേരം കൂടി അവർ രണ്ടു പേരോടും ഒപ്പം ഇരുന്നതിനുശേഷം പദ്മാവതി അവരോടു യാത്ര പറഞ്ഞു.
മറ്റൊരു ദിവസം രാമുവിനെ കാണാം എന്ന് വാക്ക് കൊടുത്ത് അവൾ വീണ്ടും തെരുവിലേക്ക് ഇറങ്ങി. വീണ്ടും തെരുവിൽ അലഞ്ഞു. പിന്നെ, തിരിച്ച്, അവളുടെ ഫ്‌ലാറ്റിലേക്ക് നടന്നു.
ആ ദിവസത്തെ പരാജയത്തെക്കാൾ, ഒ.വി. വിജയന്റെ കേട്ടെഴുത്തുകാരി എന്ന തന്റെ തന്നെ പരിചയപ്പെടൽ പദ്മാവതി ഇപ്പോൾ ഓർത്തു.
വിജയനുവേണ്ടി താൻ എഴുതിയെടുത്ത കഥ ഒരിക്കൽക്കൂടി ഓർത്തു. ഇത്രയും വർഷങ്ങളിൽ പലപ്പോഴും അവൾ ആ കഥ എത്രയോ പ്രാവശ്യം ഓർത്തിരുന്നു.
ആ ഒരു കഥ മാത്രമാണ് വിജയൻ എഴുതിയിട്ടുള്ളത് എന്നപോലെ. ഇപ്പോഴും അവൾ കഥയുടെ ആദ്യത്തെ വരി വിജയൻ പറയുന്നത് കേട്ടു.
പതുക്കെ അനങ്ങുന്ന ചുണ്ടുകൾ കണ്ടു. താഴ്ന്ന ശബ്ദത്തിൽ ഉള്ളിൽ പലവട്ടം ഉറപ്പിച്ച വാക്കുകൾ ഓരോന്നും നിർത്തി നിർത്തി പറയുന്നത് കേട്ടു. ഒരു വൈകുന്നേരം ഗ്രാമത്തിലെ അവരുടെ വീട്ടിലേക്കു വിജയൻ കയറി വന്നത് വീണ്ടും കണ്ടു.
വിജയനെ അതുവരെയും അനുഗമിച്ചിരുന്ന പൂച്ച അവരുടെ വീട്ടിലേക്ക് കയറാതെ വഴിയിൽത്തന്നെ നിന്നത് അയിത്തം ആചരിക്കാനാണ് എന്ന് പറഞ്ഞ് വിജയൻ അവളുടെ അമ്മയെയും അച്ഛനെയും ചിരിപ്പിച്ചത് ഓർമ വന്നു.
‘‘ഞാൻ അവളെയും കൂട്ട് വിളിച്ചതായിരുന്നു’’, വിജയൻ പൂച്ചയെ ചൂണ്ടിക്കാട്ടി അവരോടു പറഞ്ഞു. ‘‘നാട്ടുകാരി അല്ലെ, വഴി അറിയുമല്ലോ എന്ന് വിചാരിച്ചു. പക്ഷെ അവൾക്ക് നിങ്ങളുടെ വീട്ടിലേക്കു വരാൻ എന്തോ മടിയാണ്. ക്ഷേത്രപ്രവേശനം നടന്നതൊന്നും അവൾ അറിഞ്ഞ മട്ടില്ല''.
ഇപ്പോൾ പദ്മാവതി കണ്ടത് റോഡിന്റെ എതിർ വശത്തിലൂടെ ബൈക്കിൽ പതുക്കെ നീങ്ങുന്ന ഒരു ചെറുപ്പക്കാരനെയായിരുന്നു. ചെറുപ്പക്കാരൻ അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. ഒരുപക്ഷെ അത്രയും സമയം അവളെ പിൻതുടരുകയായിരുന്നു അയാൾ.
പദ്മാവതിയും ഇപ്പോൾ ചെറുപ്പക്കാരനെത്തന്നെ നോക്കി നടന്നു. അവളും, ഒരുപക്ഷെ, അതേപോലെ അവനെ പിന്തുടരുകയായിരുന്നു എന്ന് വിചാരിച്ചു.
ചെറുപ്പക്കാരൻ പെട്ടെന്ന് ബൈക്കിന്റെ വേഗത കൂട്ടി, അതിവേഗം റോഡിനപ്പുറത്ത് കാണാതായി. അതിനും തൊട്ടു പിറകെ, അവൾക്കുപിന്നിൽ, വൃത്തികെട്ടതും മെലിഞ്ഞതുമായ ഒരു തെരുവുനായ എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു.
നായ അവളുടെ പിറകെ നടക്കാൻ തുടങ്ങി. പദ്മാവതിയ്ക്ക് അത് കൗതുകമായി.
അവൾ ശ്രദ്ധിച്ചത് ക്ഷീണിച്ചതെങ്കിലും അതിന്റെ തെളിഞ്ഞ കണ്ണുകൾ ആയിരുന്നു. അവൾ നായയെ ശരിയായി കാണാൻ തിരിഞ്ഞു നിന്നു.
നായയും ഇപ്പോൾ ദൂരം പാലിച്ച് നിന്നു.
നായയും തലയുയർത്തി അവളെ നോക്കി.
ഇനിയുള്ള നടത്തം പദ്മാവതി കുറച്ചുകൂടി പതുക്കെയാക്കി.
നായയും അതേ ദൂരം പാലിച്ച് അവളുടെ പിറകെ നടന്നു.
ഒരു സമയം തന്റെയും നായയുടെയും കാലൊച്ചകൾ മൂന്നാമതൊരു ഒച്ചയിൽ കലരുകയാണ് എന്ന് തോന്നി.
അല്ലെങ്കിൽ തന്റെ സ്വർഗ്ഗാരോഹണമാകും ഇപ്പോൾ കഥയാകുന്നത്, അതുവരെയും ജീവിച്ച മോഹങ്ങളുടെ പരിഹാരമാർഗ്ഗം പോലെ.
എങ്കിൽ, ഈ യാത്രയുടെ അറ്റത്ത് ആകാശരഥവുമായി തന്നെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാൻ വരുന്ന ദേവനോട്, അതേ കഥയിൽ എന്നപോലെ, അവളും ധർമ്മിഷ്ടനായ രാജാവിനെപ്പോലെ അപേക്ഷിക്കും: എന്നെ മാത്രമല്ല, ഈ നായയെയും അങ്ങ് സ്വർഗ്ഗത്തിലേക്ക് സ്വീകരിക്കണം. ഒന്നും ആഗ്രഹിക്കാതെ, സ്‌നേഹംകൊണ്ട് മാത്രം എന്നെ ഇതുവരെയും പിന്തുടർന്ന ഈ ജീവിയെ കൂടി...
എന്നാൽ, മനുഷ്യന്റെയും മൃഗത്തിന്റെയും കാലൊച്ചകൾ ഒരേ സമയം, ഒരിടത്ത് കലരുന്ന ഈ സന്ദർഭം ഭയത്തിന്റെയും ആയിരിക്കുമെന്നു പദ്മാവതി വിചാരിച്ചു. ആരുടെയോ മരണമോ അന്ത്യമോ കണ്ടപോലെ. അല്ലെങ്കിൽ, ഏറ്റവും പരിചിതമായ ഒരു കഥയുടെ അന്ത്യം വീണ്ടും കണ്ടുമുട്ടുന്നു.
എന്നാൽ, അതിശക്തമായ മറ്റൊരു ഒച്ചയോടെ അതെല്ലാം മായ്ച്ചുകൊണ്ട്, പദ്മാവതിയുടെ പിറകിൽ, റോഡിൽ, മോട്ടോർ സൈക്കിളുകളുടെ ഒരു നിര ഇപ്പോൾ പ്രത്യക്ഷപ്പെട്ടു.
അവർക്കും പിറകെ, തിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടിയുടെ കൂറ്റൻ കൊടികളുമായി ആ ദിവസത്തെ ആദ്യത്തെ ആൾക്കൂട്ടവും പ്രത്യക്ഷപ്പെട്ടു.
പദ്മാവതി വഴിയരികിലേക്ക് നീങ്ങി നിന്നു. അവൾക്കൊപ്പം തെരുവുനായയും നിന്നു. നായയും അവളെപ്പോലെ തെരുവിലേക്ക് നോക്കി.
ഈ ഒരു കാഴ്ച്ച തന്നെയായിരുന്നു, തന്റെ ഫ്ളാറ്റിലേക്ക് പോവാനായി ലിഫ്റ്റിലേക്ക് കയറുമ്പോൾ, ആ ദിവസം, പദ്മാവതി അവസാനമായി ഓർത്തതും. ഈ ഒരു കാഴ്ച്ച തന്നെയായിരുന്നു പിന്നീടുള്ള നാളുകളിൽ ഒന്നോ രണ്ടോ തവണ സ്വപനം കണ്ട് അവൾ ഞെട്ടി ഉണർന്നതും.