ദേവദാസ് വി.എം.

സ്വപ്നങ്ങൾ കാണുന്നതിനിടെ ഞെട്ടിയെഴുന്നേൽക്കുമ്പോഴാണ് പലപ്പോഴും കഥകളുടെ ആശയങ്ങൾ തെളിഞ്ഞുകിട്ടാറുള്ളത്. ആ നിമിഷങ്ങളെ എവിടെയെങ്കിലുമൊന്നു കോറിയിട്ടാണ് പിന്നീട് ഉപയോഗപ്പെടുത്താറുള്ളത്. അതൊക്കെ പിന്നെയാകാമെന്നു കരുതി മൂടിപ്പുതച്ചു മയങ്ങിയാലോ, മായയെന്നോണം തെളിഞ്ഞതെല്ലാം മാഞ്ഞുപോകുകയും ചെയ്യും.
അങ്ങനെയൊരു ഉച്ചമയക്കത്തിലാണ് കിടക്കുന്നതിന്റെ നേരെ മീതെ മേൽക്കൂരയിലൊരു ദ്വാരം വീണതായി സ്വപ്നം കാണുന്നത്. ഞെട്ടിയെഴുന്നേറ്റു നോക്കുമ്പോഴുണ്ട് ജനൽ വഴിയുള്ള വെയിലേറ്റു തറയിൽ കിടക്കുന്നൊരു കളിപ്പാട്ടത്തിന്റെ തിളക്കം മേൽക്കൂരയിൽ പ്രതിഫലിക്കുന്നു. കണ്ടത് സ്വപ്നം തന്നെയാണോ അല്ലയോ എന്നറിയാൻ കുറച്ചു നിമിഷങ്ങൾ വേണ്ടിവന്നു വന്നു. ഏറ് എഴുതി തുടങ്ങുന്നതങ്ങനെയാണ്.

നമ്മുടെയൊക്കെ സ്വസ്ഥതയിലേക്ക് ഏതുനിമിഷവും ഒരു ഏറ് വന്നു വീഴാവുന്നതേയുള്ളൂ എന്നതാണ് വാസ്തവം. എത്രയൊക്കെ സുരക്ഷിതരാണെന്ന് കരുതിയാലും ശരി, മേൽക്കൂരയ്ക്കും മൂടുപടത്തിനുമെല്ലാം തുളയിടാൻ തക്കവിധമൊരു ആധി ഏവരുടെയും ഉള്ളിൽ ബാക്കിയുണ്ടാകും. ഭൂതകാലത്തിന്റെ അവശേഷിപ്പുകൾ മൂളിവരുന്നൊരു കല്ലിന്റെ രൂപത്തിൽ ഏതൊരാളെയും തേടിയെത്താം. അക്കാലത്തിലെ പ്രവൃത്തികളുടെ അനന്തരഫലങ്ങളെല്ലാം ചേർന്ന് അന്നേരം വിചാരണയ്‌ക്കൊരുമ്പെടുന്നു. അതിനെ നേരിടാനുള്ള പരിഹാരമെന്തെന്ന് ആലോചിച്ചുള്ള ഓട്ടപ്പാച്ചിലിനിടെ തൊടുന്നതെല്ലാം അബദ്ധമായി മാറുകയും ചെയ്യും. എങ്ങനെയൊക്കെ ഓടിയൊളിക്കാൻ ശ്രമിച്ചാലും കുറ്റബോധമെന്ന തക്ഷകൻ തോളിലിരുന്ന് പുഴുവായി നുളയ്ക്കും. പിന്നീടത് പാമ്പായിമാറി പത്തി വിടർത്തി ചീറ്റും. ‘അന്ത ഭയം ഇരിക്കട്ടും' എന്നൊരോർമ്മപ്പെടുത്തലാണ് ഏറ് എന്ന നോവലിന്റെ ഇതിവൃത്തം.

അധികാരത്തിന്റെ സമകാലീന സങ്കീർണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനം കൊണ്ട് പിടിച്ചെടുക്കാനാണ് ദേവദാസ് ശ്രമിയ്ക്കുന്നത്.

ഏറ് എന്ന നോവലിൽനിന്നൊരു ഭാഗം

ശ്രീധരൻ ഗോവണിപ്പടികയറി മുകളിലെത്തി. മേലെ വരാന്തയിലൂടെ ആരോ നടന്നുവരുന്നയൊച്ച കേട്ടതും അപ്പു മുറിയിൽ നിന്നു വന്നെത്തി നോക്കി.
‘നിങ്ങള് പൊലീസുകാർക്കുവേണ്ടി ക്യാമറയുണ്ടാക്കണ പരിപാടിയൊക്കെ ഞാൻ നിർത്തി അങ്കിളേ'
താനിപ്പോൾ വിരമിച്ചെന്നും, വകുപ്പാവശ്യത്തിനല്ല അന്വേഷിച്ചു വന്നതെന്നും ആവർത്തിച്ചു പറഞ്ഞശേഷമാണ് അപ്പു സഹായിക്കാമെന്നേറ്റത്. ഇടന്തടിച്ചു നിന്നതിന്റെ കാരണമറിഞ്ഞപ്പോൾ ശ്രീധരന് അവനെ കുറ്റം പറയാനും തോന്നിയില്ല. അത്യാവശ്യം നല്ല മാർക്കോടെ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷനിൽ ബി.ടെക് പാസായെങ്കിലും അമ്മൂമ്മ വീട്ടിൽ തനിച്ചാകുമെന്ന കാരണത്താൽ അപ്പു നാടുവിട്ടുള്ള ജോലിക്കൊന്നും പോയില്ല. ഓൺലൈൻ വഴി പരിചയപ്പെട്ട സമാനമനസ്‌കരുമായി ചേർന്നൊരു സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങി. രാത്രിക്കാഴ്ചയുള്ള ക്യാമറകളും ചൂടും അനക്കവും പരിശോധിക്കുന്ന ഉപകരണങ്ങളും ഉപയോഗിച്ച് ഇരുട്ടിലെ വസ്തുക്കളെ തിരിച്ചറിയുന്നതായിരുന്നു കോളേജിലെ അവസാനവർഷത്തെ പ്രൊജക്റ്റ്. അതിനെയൊന്നൂടെ വികസിപ്പിച്ച് വന്യമൃഗങ്ങൾക്കും മലമേട്ടിലെ കർഷകർക്കുമൊക്കെ ഉപകാരപ്പെടുന്നൊരു സംഗതിയായിരുന്നു അപ്പുവിന്റെയും കൂട്ടരുടെയും കമ്പനിയുടെ ഉൽപ്പന്നം. കാടിറങ്ങി റോഡിലേക്കോ കൃഷിയിടത്തേക്കോ വരുന്ന മൃഗങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ ചിത്രവും സ്ഥാനവുമൊക്കെ അടയാളപ്പെടുത്തിയത് വേണ്ടപ്പെട്ടവർക്ക് മൊബൈൽ ഫോൺ വഴി അയച്ചുകൊടുക്കുന്ന സംവിധാനം. വനം-കൃഷി വകുപ്പുകളുടെ സഹായത്തോടെ കാട്ടിലും മേട്ടിലും മലഞ്ചെരിവുകളിലുമായി പരീക്ഷണാർത്ഥം അതു സ്ഥാപിച്ചുകൊണ്ട് വിവരശേഖരണം തുടങ്ങി. പദ്ധതിയുടെ രണ്ടാംഘട്ടമായി ഡ്രോണുകളുടെ സഹായത്താൽ മൃഗങ്ങൾക്കുമാത്രം കേൾക്കാവുന്ന തരത്തിൽ ഒച്ചയുണ്ടാക്കിയോ അതല്ലെങ്കിൽ അപകടവെളിച്ചം തെളിയിച്ചോ അവയെ മടക്കി അയക്കാനുള്ള സൗകര്യംകൂടി വികസിപ്പിച്ചെടുക്കുന്ന ഘട്ടത്തിലാണ് കൂടെയുള്ളവരുമായി കലഹിച്ച് അപ്പു ആ കമ്പനി വിട്ടത്.

ചിത്രീകരണം: ബോണി തോമസ്

അഗളിയിലും അട്ടപ്പാടിയിലും തിരുനെല്ലിയിലും തൊള്ളായിരംകണ്ടിയിലുമൊക്കെ വെച്ച ഉപകരണങ്ങളിൽ പലതിൽ നിന്നും വിവരമൊന്നും ലഭിക്കാതെയായപ്പോൾ കാര്യം തിരക്കാനായി അപ്പു നേരിട്ടിറങ്ങി. കാട്ടരികിൽ താമസിക്കുന്നവരോട് അന്വേഷിച്ചപ്പോഴാണ് ആ ഉപകരണങ്ങളൊക്കെ ഇപ്പോൾ ഉപയോഗിക്കുന്നത് പ്രത്യേക സേനക്കാരാണെന്ന കാര്യമറിഞ്ഞത്. അവരുടെ ലക്ഷ്യം ഇലക്ട്രിക്ക് കുരുക്കിൽപ്പെടുന്ന ആനക്കുട്ടിയോ വണ്ടിയിടിച്ചുചാകുന്ന മ്ലാവോ കപ്പമൂടുമാന്തുന്ന പന്നിക്കൂറ്റനോ ഒന്നുമല്ലായിരുന്നു. താനുംകൂടി ചേർന്നുണ്ടാക്കിയ ഉപകരണങ്ങളെല്ലാം കാട്ടിലെ ആളനക്കം അറിയാനാണിപ്പോൾ ഉപയോഗിക്കുന്നതെന്ന കാര്യം കൂടെയുള്ളവർ പോലും ലാഭക്കൊതിയാലെ മറച്ചുവെച്ചെന്ന സത്യം മനസ്സിലാക്കിയതോടെ നിരാശനായ അപ്പു സ്റ്റാർട്ടപ്പ് സംരംഭത്തിൽ നിന്നു സ്വയം പിൻവലിഞ്ഞു. തരിശിടുന്ന കോൾപ്പാടങ്ങൾ പാട്ടത്തിനെടുത്തു കൃഷിചെയ്യുന്ന ഒരു സംഘത്തിന്റെ കൂടെയാണിപ്പോൾ പ്രവർത്തിക്കുന്നത്. ഇഷ്ടമുള്ള വിഷയമായതുകൊണ്ട് അടുപ്പക്കാരാരെങ്കിലും വന്നു നിർബന്ധിച്ചാൽ ക്യാമറാ സർവൈലൻസുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഗതികൾ ചെയ്തുകൊടുക്കാറുണ്ടെന്നുമാത്രം.

‘‘എന്റെയങ്കിളേ എനിക്ക് ഒരുദിവസത്തെ സമയം തരണം. ആദ്യം നമുക്കൊരു സാധാ സി.സി.ടി.വി വെച്ചുനോക്കാം. എന്നിട്ടും കാര്യം നടന്നില്ലെങ്കിൽ നൈറ്റ്‌വിഷനും മോഷൻ സെൻസറുമൊക്കെവെച്ചൊരു സാധനമുണ്ടാക്കണം.'’

അതുകേട്ടതോടെ ശ്രീധരന്റെ മനസ്സൊന്നു തണുത്തു.

‘‘അല്ലെന്റെ അങ്കിളേ.. നിങ്ങള് പൊലീസുകാർക്ക് ഇതൊക്കെ വല്ല്യ വിഷയമാണോ? ഞങ്ങള് പിള്ളേര് ധർണ്ണയ്ക്ക് കല്ലും കട്ടയുമായി വരുമ്പോള്... അല്ലെങ്കില് ബസ്സിനൊക്കെ കല്ലെറിഞ്ഞ് സമരം ചെയ്യണ സമയത്തൊക്കെ... മുദ്രാവാക്യം വിളിച്ചു കൂട്ടംകൂടി വരണ പത്തുനൂറുപേരെ അഞ്ചുംപത്തും പൊലീസുകാരുമാത്രം ചൂരലും ലാത്തിയുമായി നേരിടണതുകണ്ട് ഞാനൊക്കെ അന്തംവിട്ടിട്ടുണ്ട്'’

‘‘അത് ഞങ്ങക്ക് ട്രെയിനിങ്ങില് പറഞ്ഞുതരണൊരു സൂത്രാണ്. നിങ്ങടെ നേതാവ് കല്ലെടുത്തെറിയാൻ പറഞ്ഞാല് നൂറുപേരുണ്ടെങ്കില് അക്കൂട്ടത്തിലെ അമ്പതുപേരേ അതനുസ്സരിക്കൂ... അവരില് പത്തിരുപത് പേർക്കേ കല്ലൊക്കെ തപ്പിയാൽ കിട്ടൂ... അതീത്തന്നെ ഉന്നം വെച്ചെറിയാവുന്നവര് അഞ്ചാറെണ്ണം കാണുമായിരിക്കും. എന്നാൽ എതിരെ നിക്കണ ഞങ്ങള് പത്ത് പൊലീസുകാരോടായിട്ട്... ചാർജ്.. എന്ന് ഉത്തരവിട്ടാൽ അവരെല്ലാവരും തന്നെ ഒരുമിച്ച് ലാത്തിയെടുത്തിരിക്കും... ആ പത്തുപേരും ഓങ്ങിവീശി തല്ല് തുടങ്ങിയിരിക്കും. പ്രശ്‌നക്കാരുടെ കൂട്ടത്തിൽ മുന്നിലായി നിൽക്കണ നാലഞ്ചുപേരെ ഊക്കോടെ തല്ലിവീഴ്ത്തിയാൽ പിന്നെ ആ കൂട്ടം ചിതറിക്കോളും. അതാണതിന്റെ മനഃശാസ്ത്രം. മനസ്സിലായോ?'’

ടിയന്തരാവസ്ഥക്കാലത്ത് കായെണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിച്ചെന്നും പറഞ്ഞ് പൊലീസുകാരുവന്ന് രാജനെ പിടിച്ചുകൊണ്ടുപോയനേരത്ത് കൂടെയുണ്ടായിരുന്ന ആളുകളിലൊരുവനായിരുന്നു ആന്റണി. രാഷ്ട്രീയപ്രവർത്തനത്തിൽ മുഴുകി പ്രീഡിഗ്രിക്കു തോറ്റെങ്കിലും ചെങ്കല്ല് വെട്ടാൻ പോയി ആന്റണി കുടുംബം പോറ്റി. പക്ഷെ തന്റെ ചോരയിലലിഞ്ഞു ചേർന്ന നാടകക്കമ്പം അയാൾ കൈവിട്ടിരുന്നില്ല. പെണ്ണുകെട്ടാൻ പ്രായമായിട്ടും ഇങ്ങനെ കാളകളിച്ചു നടന്നോയെന്ന അമ്മച്ചിയുടെ ആവലാതിയെ അവഗണിച്ച് ചുറ്റുവട്ടത്തൊക്കെ നടക്കുന്ന നാടകവേദികളുടെ മുൻനിരയിൽ തന്നെ പതിവായി ഇരിപ്പുറപ്പിച്ചു. അതുപിന്നെ നാടകക്കാരുമായുള്ള പരിചയമായി മാറി. അങ്ങനെയാണ് കല്ലുവെട്ടിന്റെ ഇടവേളകളിൽ ചെറിയ വേഷങ്ങളൊക്കെ ചെയ്ത് ആന്റണി നാടകക്കാരനായി മാറുന്നത്. കുഞ്ഞനായ ദാവീദ് മല്ലനായ ഗോല്യാത്തിന്റെ നെറ്റിയ്ക്കുനേരെ കവണയ്ക്കു കല്ലെറിഞ്ഞുവീഴ്ത്തിയ പഴയനിയമത്തിലെ കഥ തൃശ്ശൂരുള്ളൊരു ചെറിയ സമിതി രാഷ്ട്രീയനാടകമാക്കി അവതരിപ്പിച്ചപ്പോൾ ഗോല്യാത്തിന്റെ വേഷം ആന്റണിക്കായിരുന്നു.

ഇസ്രയേലിന്റെ പടയെ നോക്കി അലറിവിളിക്കുന്ന ഫെലിസ്ത്യാക്കാരനായ തടിമാടൻ ഗോല്യാത്തായി ആന്റണി അരങ്ങിൽ തിളങ്ങി. നാടകം നാലഞ്ചു വേദികൾ കഴിഞ്ഞതോടെ ആറടി രണ്ടിഞ്ച് പൊക്കവും അതിനൊത്ത വണ്ണവുമുള്ള ആന്റണിയ്ക്ക് കഥാപാത്രത്തിന്റെ പേര് കൂടെക്കിട്ടി. രാഷ്ട്രീയമുനകളുള്ള സംഭാഷണങ്ങൾ നിറഞ്ഞ ആ നാടകം തൃശൂരുംവിട്ട് ചുറ്റുവട്ടത്തുള്ള ജില്ലകളിലൊക്കെ കളിച്ചു. ബേപ്പൂരും ഇരിങ്ങല്ലൂരും കോഴിക്കോടുമായി മൂന്ന് അവതരണം കഴിഞ്ഞതോടെയാണ് റീജിയണൽ എഞ്ചിനീയറിങ് കോളേജിലെ ആർട്ട്‌സ് ക്ലബിന്റെ ചുമതലയുള്ള രാജനുമായി ആന്റണി കൂട്ടാകുന്നത്. പന്തീരംകാവിൽ നടക്കാനിരുന്ന കളിയ്ക്ക് പൊലീസ് നിരോധനം വെച്ചു വിരട്ടിയതോടെ ആ നാടകത്തിന് തിരശ്ശീല വീണു. കൂടെയുള്ള സമിതിക്കാരും നടന്മാരുമൊക്കെ തൃശൂരിലേക്കു മടങ്ങിയെങ്കിലും ആന്റണി കോഴിക്കോട്ടുതന്നെ രണ്ടുമൂന്നാഴ്ച തങ്ങി. അങ്ങനെയാണൊരുദിവസം ഫറൂഖ് കോളേജിലെ കലാമേളയ്‌ക്കെത്തുന്നതും അവിടെവെച്ച് രാജനേയും കൂട്ടരേയും വീണ്ടും കാണുന്നതും. അവരോടൊപ്പംകൂടി കളിയും തമാശയുമൊക്കെ പറഞ്ഞ് മടങ്ങിവരുന്ന നേരത്തായിരുന്നു അറസ്റ്റ്. അതോടെ ആ സംഘം ചിതറി. കുറേപ്പേര് പ്രിൻസിപ്പാളായിരുന്ന ബഹാവുദീനെ വിവരമറിയിക്കാനായി പാഞ്ഞു. കുറച്ചുപേരാകട്ടെ പിള്ളേരുടെയേതു കാര്യത്തിനും മുന്നിലുണ്ടായിരുന്ന പ്രൊഫസർ ഗഫാറിനെക്കണ്ട് ആവലാതി പറയാനോടി. ചിലര് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പാർട്ടിക്കാരെ തപ്പിപ്പോയി. താൻ കോളേജു വിദ്യാർത്ഥിയല്ലാത്തതിനാൽ ഇനിയവിടെ നിന്നാൽ കാര്യങ്ങള് പന്തിയല്ലെന്നു തിരിച്ചറിഞ്ഞ ആന്റണി രായ്ക്കുരാമാനം മംഗലാപുരത്തുനിന്ന് എറണാംകുളത്തേക്കു പോകുന്നൊരു ലോറിയ്ക്കു കൈകാണിച്ചു കയറി നാടുപിടിച്ചു.

അത്രയുംകൊണ്ട് ആന്റണി കാര്യങ്ങളവസാനിപ്പിച്ചിരുന്നെങ്കിൽ അക്കാലത്ത് താനൊരു മുഴുവൻ പൊലീസുകാരനാകാൻ കാത്ത് ക്യാമ്പിൽ കഴിഞ്ഞിരുന്ന ശ്രീധരനിതിലൊന്നും ഇടപെടേണ്ടി വരുമായിരുന്നില്ല. പക്ഷെ കാര്യങ്ങൾ അവിടംകൊണ്ടൊന്നും നിന്നില്ലെന്നതാണ് വാസ്തവം. അടിയന്തരാവസ്ഥ പിൻവലിച്ചതിന്റെ മൂന്നാംനാൾ ഈച്ചരവാര്യർ തന്റെ കാണാതായ മകനുവേണ്ടി ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കാനാകാതെ വന്നതോടെ ആഭ്യന്തരവകുപ്പ് നിയമക്കുരുക്കിലായി. രാജൻ കേസ് കൊയമ്പത്തൂർ സെഷൻ കോടതിയിൽ വാദത്തിനെടുത്തപ്പോൾ പൊലീസിനെതിരെ മൊഴികൊടുത്തവരിൽ ‘മമ്പാടൻ ജോസഫ് മകൻ ആന്റണി' എന്ന പേരുമുണ്ടായിരുന്നു. കേരള പൊലീസ് ഡിപ്പാർട്ടുമെന്റും ആഭ്യന്തരമന്ത്രിയും അടപടലേ നാണംകെട്ടൊരു കേസായിരുന്നു അത്. താനൊന്നും കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും മുമ്പ് മൊഴികൊടുത്തവരിൽ ചിലരൊക്കെ ജഡ്ജി ഫക്കീർ മുഹമ്മദിന്റെ മുമ്പിലെത്തിയപോൾ സത്യം വിളിച്ചു പറഞ്ഞു. അതോടെ കോടതിയിലെത്തി സാക്ഷി പറയാൻ സാധ്യതയുള്ളവരെയൊക്കെ പൊലീസ് തടയാനുള്ള ശ്രമം ആരംഭിച്ചു. അക്കൂട്ടത്തിലൊരു ചീട്ടായിരുന്നു ആന്റണി. അതു കൊത്താൻ പൊലീസ് ക്യാമ്പിന്റെ കൂടുതുറന്ന് പുറത്തെത്തിച്ച തത്തയായിരുന്നു ശ്രീധരൻ.‘ആളെയറിയാമോ? ഇവൻ നിന്റെ പഞ്ചായത്തുകാരനാണ്.'
ആന്റണി നാടകവേഷത്തിൽ നിൽക്കുന്നൊരു ഫോട്ടോ തന്റെ മേശപ്പുറത്തേക്കിട്ടശേഷമാണ് സി.ഐ കാര്യം പറഞ്ഞുതുടങ്ങിയത്. ശ്രീധരൻ ഇല്ലെന്നമട്ടിൽ മൂളിയതോടെ ഏമാൻ സംഗതി വിസ്തരിച്ചു. ‘ഇത് ഗോല്യാത്ത് ആന്റണി... നാടകോം പിന്നെ വേണ്ടാത്ത ചെല രാഷ്ട്രീയോം ഒക്കെയുണ്ട്. രാജനെ പൊക്കിയപ്പോൾ ആ പരിസരത്തുണ്ടായിരുന്നു എന്നാണിവന്റെ മൊഴി. എന്നാലതു പറയാൻ വേണ്ടിയിവൻ കോടതിയിലെത്തരുത്. മനസ്സിലായോ?'

കാര്യങ്ങളുടെ കിടപ്പേതാണ്ട് പിടികിട്ടിയമട്ടില് ശ്രീധരൻ തലകുലുക്കി. ‘സാധാരണ ഇങ്ങനത്തെ കേസോൾക്കൊന്നും ക്യാമ്പീന്ന് ആളെ ഇറക്കാത്തതാണ്. പക്ഷെ നിന്നെ വരുത്തിച്ചതിനൊരു കാരണമുണ്ട്. പൊലീസ് തടയിടുന്നുണ്ടെന്ന് അറിഞ്ഞതും ആന്റണിയിപ്പോൾ ഒളിവിലാണ്. പിന്നേ... എമർജൻസി പിൻവലിച്ചതോണ്ട് നമുക്ക് പഴയതുപോലെ കുടുമ്മത്ത് കേറിനെരങ്ങി തപ്പാനൊക്കെ ഇത്തിരി പ്രയാസമുണ്ട്. അതോണ്ടാ നിന്നെ വിളിപ്പിച്ചത്. നാട്ടുകാരനെന്ന മട്ടില് തഞ്ചത്തിലൊന്ന് നിന്നുകൊടുത്ത് തെരക്കിനോക്ക്. എന്തെങ്കിലും വിവരം കിട്ട്യാലുടനേ ഒറ്റയ്ക്ക് ചെന്നിട്ട് വിഴുങ്ങാമെന്ന് കരുതണ്ടാ. തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞ് രണ്ടുപേരെയെങ്കിലും കൊണ്ടേ പോകാവൂ. ആളിത്തിരി മുറ്റാണ്.. കയ്യീന്ന് മിസ്സാവരുത്.. ഓർത്തോണം...'

നീട്ടിയൊരു സല്യൂട്ടുമടിച്ച് ആ ഉത്തരവും പേറി ശ്രീധരൻ സ്വന്തം വീട്ടിലെത്തി.

നോവൽ ബൂമിന്റെ കാലത്ത് അങ്ങാടി എന്നത് തിരസ്‌ക്കരിക്കാനാകാത്ത ഒന്നാണ്. എന്നാൽ ഈ അങ്ങാടി സെൽഫ് സെൻസർഷിപ്പിന് എഴുത്തുകാരെ നിർബന്ധിക്കുമ്പോൾ, അതിനെതിരെ എഴുത്തുകൊണ്ട് പൊരുതേണ്ടതുണ്ട്.

അകവും പുറവും മാറിമറിയുന്ന കാലം

‘ഏറ്' എന്ന നോവലിനെക്കുറിച്ച് പി.എൻ. ഗോപീകൃഷ്ണൻ എഴുതുന്നു:

നോവൽ ആളുകൾക്ക് വായിച്ചുതള്ളാനുള്ള ഉരുപ്പടി മാത്രമല്ല. അത് സംസ്‌കാരത്തിൽ ഇടപെടുന്ന ഒന്നാണ്. ഉയർത്തപ്പെടുന്നതും താഴ്ത്തപ്പെടുന്നതുമായ മനുഷ്യരുടെ ഇടയിൽ പ്രവർത്തിക്കുന്ന ഒന്നാണത്. അതിന് ജീവനുണ്ട്. എഴുത്തുകാർ എഴുതുമ്പോൾ നിറവേറ്റുന്നത് ജീവിധർമ്മമല്ലെന്ന് കാർലോസ് ഫ്യുവന്തസ് പറഞ്ഞത് അതുകൊണ്ടാണ്. അത് ചെകുത്താൻ പണിയാണ്. ദൈവത്തിന് വിരുദ്ധമായ സൃഷ്ടി കർമ്മം. ദൈവശാസ്ത്രം ഉത്തരങ്ങൾ തരുന്നെങ്കിൽ നോവലുകൾ, പൊതുവേ സാഹിത്യം, ചോദ്യങ്ങളെ നിലനിർത്തുന്നു. സാഹിത്യം എന്ന സ്ഥാപനം ഇല്ലാതിരുന്നെങ്കിൽ ചോദ്യങ്ങൾ എന്നേ അസ്തമിച്ചേനെ. നോവലിന്റെ സാമൂഹികത എന്നത്, തോൽക്കാപ്പിയത്തിൽ പറയും പോലെ "പുറം' എന്ന വിഷയ സ്വീകരണത്തിൽ ഒതുങ്ങി നിൽക്കുന്നില്ല. അകം കവിതകളിൽ പ്രേമവും ലൈംഗികതയും, പുറം കവിതകളിൽ യുദ്ധവും വിജയപരാജയങ്ങളും എന്ന മട്ടല്ല ഇന്നത്തെ ജീവിതത്തിന്. അകമേ പുറവും പുറമേ അകവും ചേക്കേറാത്ത ഒരിടവും ഇന്ന് ജീവിതത്തിൽ ഇല്ല. സർവൈലൻസിന്റെ ലോകം എല്ലാറ്റിനേയും പുറത്തെത്തിക്കുന്നു. രാജ്യം രാജ്യത്തേയും ജനത ജനതയേയും നിരീക്ഷിക്കുന്നു. ആര് ചാരൻ? ആര് ലക്ഷ്യം? എന്നത് മാറിപ്പോകുന്നു. ചാരശൃംഖലയിലെ ഒരു കണ്ണിയായി നാം ഓരോരുത്തരും പരിണമിയ്ക്കുന്നു.

പി.എൻ. ഗോപീകൃഷ്ണൻ

വി.എം.ദേവദാസിന്റെ ഏറ്, ഈ വലയിലേയ്ക്കാണ് നമ്മെയെത്തിക്കുന്നത്. അത് നോവലാണ്. വായിക്കാനുള്ള ചരക്കാണ്. അതേ സമയം അധികാരം എന്ന നമ്മുടെ കാലത്തെ ഏറ്റവും സങ്കീർണമായ ഒരു വ്യവഹാരത്തിലുള്ള ഇടപെടലാണ്. അത് പ്രധാനപ്പെട്ട കാര്യമാണ്. നോവൽ ബൂമിന്റെ കാലത്ത് അങ്ങാടി എന്നത് തിരസ്‌ക്കരിക്കാനാകാത്ത ഒന്നാണ്. എന്നാൽ ഈ അങ്ങാടി സെൽഫ് സെൻസർഷിപ്പിന് എഴുത്തുകാരെ നിർബന്ധിക്കുമ്പോൾ, അതിനെതിരെ എഴുത്തുകൊണ്ട് പൊരുതേണ്ടതുണ്ട്. എഴുത്തിന്റെ പ്രതിരോധം എന്നത് അതിന്റെ വാർപ്പു വായനക്കാരോട് കലഹിക്കുക എന്നത് കൂടിയാണ്. ലോകത്തിലെ സൂപ്പർ മാർക്കറ്റുകളിൽ കയറി വേണ്ടതും വേണ്ടാത്തതും വാങ്ങിച്ചു കൂട്ടുന്ന, മിക്കവാറും കടം വാങ്ങി സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്ന, അതേ മനുഷ്യർ തന്നെയാണ് പുസ്തകങ്ങൾ വാങ്ങുന്നതും വായിക്കുന്നതും. പക്ഷെ അവരുടെ മസ്തിഷ്‌ക്കത്തിലെ ധ്രുവപ്രദേശങ്ങളെ ഒന്ന് ഇളക്കാൻ സാധിച്ചില്ലെങ്കിൽ, നോവൽ എന്ന വർഗ്ഗീകരണത്തിന് കീഴിൽ ഒരു പുസ്തകം വരുന്നതിൽ കാര്യമില്ല. ജീവിതസഹായി എന്നോ മറ്റോ പേരിൽ മാത്രമേ അത്തരം പുസ്തകങ്ങൾക്ക് സാംഗത്യമുള്ളൂ. അതുകൊണ്ട് തന്നെയാണ് ദേവദാസിന്റെ ഇപ്പുസ്തകം നോവൽ ആകുന്നത്. അധികാരത്തിന്റെ സമകാലീന സങ്കീർണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനം കൊണ്ട് പിടിച്ചെടുക്കാനാണ് ദേവദാസ് ശ്രമിയ്ക്കുന്നത്. വാമൊഴിയുടെ വക്കത്ത് വ്യാപരിക്കുന്ന എഴുത്തുഭാഷയാണ് വരമൊഴിയിലെ നാടോടിത്തം. ആ നാടോടിത്തത്താൽ അനുഗ്രഹീതമാണ് ഏറ് എന്ന നോവൽ. ▮

(ഡി.സി. ബുക്​സാണ്​ ഏറ്​ എന്ന നോവൽ പ്രസിദ്ധീകരിച്ചത്​)


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

ദേവദാസ്​ വി.എം.

കഥാകൃത്ത്​, നോവലിസ്​റ്റ്​, തിരക്കഥാകൃത്ത്​. ഡിൽഡോ: ആറ്​ മരണങ്ങളുടെ പൾപ്പ്​ ഫിക്ഷൻ പാഠപുസ്​തകം, പന്നിവേട്ട, ചെപ്പും പന്തും, ശലഭജീവിതം, അവനവൻതുരുത്ത്​ തുടങ്ങിയ പ്രധാന കൃതികൾ.

Comments