ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.

3 am

തലേദിവസത്തെ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ മേരി കണ്ട സ്വപ്നം

ന്ധനായ സോളമനും, മേരിയും മാത്രമുള്ള വീട്.
ഒരു കിടപ്പറയും അടുക്കളയും കുളിമുറിയുമുള്ള കൊച്ചു വീട്.
ഭൂമിയുടെ അതിരിൽ കുന്നുകളുടെ ചെരുവിൽ ഇപ്പോൾ ചായും എന്ന് കാണുന്നവർ ആശങ്കപ്പെട്ടേക്കാവുന്ന ഒരിടം.
കണ്ണുകളിൽ ഗോലിക്കായകൾ മാത്രമുള്ള സോളമൻ.
സോഡാകുപ്പിയിലെ ഗോലിക്കായകൾ സുതാര്യമായ പച്ച ചില്ലിലൂടെ നോക്കുന്ന കൗതുകത്തിൽ മേരി, അയാളെ നോക്കി നിന്നു.
സാധാരണക്കാരിൽ അതിസാധാരണക്കാരായിരുന്നു അവർ.
മേരി അതിരാവിലെ സോളമനെയുണർത്താതെ എഴുന്നേറ്റ് പല്ലു തേച്ച് കുളിച്ച് അടുപ്പു പുകച്ചു.
സോളമനിഷ്ടമുള്ള കട്ടൻകാപ്പി അതിനു മുകളിൽ തുള്ളിക്കളിച്ചു.
മേരി സോളമനെ നീട്ടി വിളിച്ചു.
സോളമൻ മടിയനാണ് എഴുന്നേറ്റില്ല.
കുലുക്കി വിളിച്ചു.
എഴുന്നേറ്റില്ല.
അവൾ പച്ചക്കമ്പ് അടുപ്പിൽ വച്ച് പുകയൂതി.
അത് തട്ടി ചുമച്ച് ഇഷ്ടമാകാതെ അയാൾ എഴുന്നേറ്റു.
അവളയാൾക്ക് കാപ്പി കയ്യിൽ പിടിച്ചു കൊടുത്തു.
അവരൊരുമിച്ചിരുന്നു കാപ്പി മൊത്തി കുടിച്ചു.
കാപ്പിയിൽ പുക ചുവച്ചു.
കൂടെ ജോലി ചെയ്യുന്ന ത്രേസ്യ ചേച്ചി കണവൻ തോമാച്ചനെ കുടിച്ചു വന്നതിനു കഴിഞ്ഞ ദിവസം കുനിച്ചു നിർത്തി കൂമ്പിനിടിച്ച കഥ കുടിക്കുന്നതിനിടെ മേരി പറഞ്ഞു. തോമാച്ചൻ ആളൊരു രസികനാണ്. കാപ്പിച്ചെടികൾക്കിടയിൽ പാമ്പിനെ കണ്ടതിനു അയ്യുന്റമ്മച്ചിയേ ത്രേസ്യേ പാമ്പേ എന്നും പറഞ്ഞു ഓടിയതാണ്. ഓട്ടത്തിനിടക്ക് അഴിഞ്ഞ മുണ്ട് തിരിഞ്ഞു നോക്കാതെ വീട്ടിലെത്തി കിതപ്പാറ്റിയ കക്ഷിയാണ്. ത്രേസ്യ വന്ന് പാമ്പിനെ തല്ലിക്കൊന്ന് തോമാച്ചന്റെ മുണ്ട് തിരിച്ച് എടുക്കും വരെ വെള്ളയും നീലയും വരയുള്ള അടിട്രൗസറിൽ നിൽക്കുകയായിരുന്നത്രേ. ത്രേസ്യയെ അങ്ങേർക്ക് വല്യ ബഹുമാനമാണ്. സ്വന്തമായി അധ്വാനിച്ച് കുടുംബം നോക്കുന്ന ഏതു പെണ്ണിനും സ്വല്പം ശുണ്ഠിയൊക്കെ കാണും

ഇല്ലേ അച്ചായാ?
സോളമൻ കാപ്പിയുടെ അടിത്തട്ട് ചെരിച്ച് ചുണ്ടുരസി തലയാട്ടി.
കാപ്പി കപ്പ് കഴുകി വച്ച് അയാളെയവൾ കുളിമുറിയിലേക്ക് കൊണ്ടുപോയി. ഉമിക്കരിയും തുപ്പലവും കലർന്ന ദ്രാവകം ചുറ്റും തെറിപ്പിച്ച് അയാൾ പല്ലു തേച്ചു. അയാളുടെ കുലുക്കുഴിയൽ ശബ്ദത്തിൽ മറ്റേതോ നാട്ടിലൊരു തീവണ്ടി കടന്നു പോയി. ആ ശബ്ദം കണക്കാക്കി ചിലർ വീട്ടിൽ നിന്നും ഉണരുകയും ചിലർ ജോലിക്ക് ഇറങ്ങുകയും ചെയ്തു.
മുഖം തുടച്ച് അടുക്കളയിലെത്തി സ്റ്റൂളിൽ അയാളെ ഇരുത്തി മേരി വീട്ടുജോലികളിലേക്ക് കടന്നു.
വീണ്ടും ത്രേസ്യേച്ചിയുടെ വിശേഷങ്ങൾ കെട്ടഴിഞ്ഞു.
ത്രേസ്യേച്ചിക്ക് മക്കളില്ലാത്തതിൽ നല്ല വിഷമമുണ്ട്. എന്നാലും തോമാച്ചനെപ്പോലെയുള്ള ഒരു മണ്ടങ്കുണാപ്പി ഉള്ളിടത്തോളം തന്റെ അമ്മത്തം പ്രകടിപ്പിക്കാൻ മറ്റൊരു കുട്ടി വേണ്ടെന്ന് എടയ്ക്ക് പറയും.
അങ്ങേർടെ ഒരു കൊഞ്ചലും പിടിക്കലും കണ്ട ഇപ്പളും പത്ത് തെകയാത്ത മാതിരിയാ എന്റെ മേരിയമ്മോ എന്നൊക്കെയാണ് ത്രേസ്യേച്ചി പറയണേ. അല്ല എന്തിനിപ്പൊ അവരെ പറയണേ ഇവടൊരുത്തൻ ഉണ്ടല്ലോ വെരലെടുത്ത് വായേലിട്ടു കൊടുത്താൽ അതും ഞപ്പി അവടെ ഇരുന്നോളും.

സോളമന് കുത്തിപ്പൊടിച്ച ചുവന്ന മുളകിട്ട് കാച്ചുന്ന ഉപ്പേരിയാണ് ഇഷ്ടം.
ഒരു മോരൊഴിച്ച ചാറു കറിയും കൂടെ രണ്ടുണക്ക മീനും മേരി വറുത്തു.
ഒൻപതു മണിക്കുള്ളിൽ എസ്റ്റേറ്റ് ജോലിക്ക് പ്രവേശിക്കേണ്ടതുണ്ട് അവൾക്കെന്നതിനാൽ ജോലിയെല്ലാം കഴിച്ചു വച്ച് സോളമന് രാവിലത്തെ ഭക്ഷണവും കൊടുത്ത് മേരിയമ്മ ഇറങ്ങിയപ്പോൾ, ഗേറ്റ് അടയുന്ന ശബ്ദം അയാളെ ശൂന്യനാക്കി. പോയി വരും വരെ അയാളെ നോക്കാൻ അപ്പുറത്തെ വീട്ടിലെ കുറിഞ്ഞി പൂച്ചയേയും കുട്ടൻ കന്നുകുട്ടിയേയും ഏല്പിച്ചാണ് എന്നത്തേയും പോലെ മേരിപ്പെണ്ണ് പണിക്ക് പോയത്.
അയാൾ മുറം വലിച്ച് വച്ച് ബീഡി തെറുപ്പ് തുടങ്ങി. ഗേറ്റിനിപ്പുറമുള്ള ഈരോലി മതിലിലൂടെ കടന്ന് മേരി നട്ടുവളർത്തിയ കുറച്ചു ചെടികൾക്കിടയിൽ നില്പുറപ്പിച്ച് കുട്ടൻ കന്നു കുട്ടി സോളമനെ നോക്കി. അതിനിടയിൽ റോസാക്കമ്പിൽ പിടിച്ചൊരു കടിയും വച്ചു കൊടുത്തു.
സോളമനെ നോക്കുന്നതിനു പകരം നീയെന്റെ മഞ്ഞ റോസാ തന്നെ കടിച്ചോണ്ടു പോയല്ലോടാ ദ്രോഹീയെന്ന് ഇന്ന് വൈകീട്ട് വന്ന് മേരിയമ്മ പിറുപിറുക്കും. കുട്ടനെ ഗ്രാമത്തിലുള്ള വീട്ടുകാർ എസ്റ്റേറ്റിൽ കൊണ്ടു വന്നു തള്ളിയതാണ്. അവന്റെ അമ്മ ഗ്രാമത്തിൽ അവനെ കാണാതെ മുലകൾ ചുരത്താതെ അകിടു വീക്കം വന്നു വിഷമിച്ചു.
"എസ്റ്റേറ്റിൽ ആകുമ്പോൾ ഇഷ്ടം പോലെ പുല്ലു കാണും. വെട്ടിയിട്ടും കെട്ടിയിട്ടും വളർത്തണ്ട. കന്നുകുട്ടിക്ക് ഇഷ്ടൊള്ള സ്ഥലത്ത് ന്ന് കഴിക്കേം ചെയ്യാം' എന്നു കരുതിയാണ് കുട്ടന്റെ ഉടമസ്ഥൻ എസ്റ്റേറ്റിലുള്ള ബന്ധു വീട്ടിൽ അവനെ ഏൽപ്പിച്ചത്. വന്ന സമയങ്ങളിൽ അമ്മയെക്കാണാതെ അവൻ കരഞ്ഞു കലങ്ങി ഭക്ഷണം കഴിക്കാതെ പിണങ്ങി നടന്നു. എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ വിശപ്പ് സഹിക്കാതെ അവൻ പച്ചിലക്കാടുകളിൽ അഭയം പ്രാപിച്ചു.
അതിനിടയിലാണ് മേരിയെക്കാണുന്നതും സോളമനെ നോക്കുന്ന കരാരിൽ ഒപ്പ് വക്കുന്നതും. കുറിഞ്ഞിപൂച്ച എവിടെ നിന്നു വന്നു എന്നു ആർക്കുമറിയില്ല. ഒരു ദിവസം കുറിഞ്ഞിപൂച്ച ഇവിടെ ഉണ്ടായിരുന്നു. അച്യുതന്റെ പീടികയിലിരുന്ന് ലോക കാര്യം ചർച്ച ചെയ്യുന്നവരിൽ തല മൂത്ത ചേട്ടൻ കുറുപ്പു വരെ അങ്ങനെയാണ് കുറിഞ്ഞിയെപ്പറ്റി പറഞ്ഞത്.
അതായത് കുറിഞ്ഞിക്ക് ഈ വൃശ്ചികത്തിൽ എൺപത്തിമൂന്നാകുമെന്നർത്ഥം. ഒരു പൂച്ചക്ക് എൺപത്തിമൂന്നു വയസോ എന്ന് രാവിലെ പുട്ടും കടലയും വായിൽ കുത്തി കയറ്റിയവരിൽ നിന്നു പുട്ടിന്റെ പൊടികൾ തെറിപ്പിച്ച് അത്ഭുതം പുറത്തു വന്നു.
""അതേന്നെ. എന്റെ ഓർമ വച്ച കാലം തൊട്ട് കുറിഞ്ഞി ഇവ്‌ടെ ഇണ്ടാർന്നു. കന്യകാത്വമാണ് അവളുടെ യുവത്വത്തിന്റെ രഹസ്യം. അവൾക്ക് മരണമില്ല. എന്നാണോ ഇവിടെ ഒരു കണ്ടൻ പൂച്ച വരുന്നതു അന്നു തൊട്ട് കുറിഞ്ഞി മരണത്തിലേക്കടുക്കും'' ചേട്ടൻ കുറുപ്പ് എല്ലാവരോടുമായി അറിയിച്ചു.
സോളമനെ നോക്കുന്നതിനും നേരമ്പോക്ക് പറയുന്നതിനുമായി കുറിഞ്ഞിപൂച്ചക്ക് ചോറും വറുത്ത ഉണക്ക മീനും മേരി അടുക്കളയിലെ പൂച്ചപിഞ്ഞാണത്തിൽ വക്കും.

സോളമനെ മൂത്രമൊഴിപ്പിക്കുവാൻ പറമ്പിലേക്കു കൊണ്ടു പോയി ചെടികൾക്കിടയിലെ വണ്ടുകളോടും കീടങ്ങളോടും കളിച്ചിട്ടാണ് കുറിഞ്ഞി ചോറു തിന്നാൻ പോകുക.
എന്നാൽ വീട്ടിൽ മാത്രം മതി നിന്റെ ഭരണം, പുറത്തിറങ്ങിയാൽ സോളമൻ തന്റെ ഉത്തരവാദിത്തമാണ് അതിനാണ് മേരി തനിക്ക് പറമ്പിൽ മേയാനും കാടി വെള്ളം കുടിക്കാനും അനുവാദം തരുന്നതെന്നും കുട്ടൻ കുറിഞ്ഞിയെ അറിയിക്കുവാനായി പിൻകാലുകൾ ഉയർത്തി ചാടി സോളമന്റെ അടുത്തെത്തി.
കുട്ടിക്കാലത്തെ ഓർമകളും ജീവിതവുമൊക്കെ സോളമൻ രണ്ടു പേരോടുമായി പറഞ്ഞു കൊണ്ടിരുന്നു. ഇടക്ക് കാതു കൂർപ്പിച്ച് വഴിയിലെ പുല്ലുകൾ അനങ്ങുന്നുണ്ടോ, ഇരുമ്പ് ഗേറ്റുലയുന്നുണ്ടോ എന്ന് സംശയിച്ചു. ഉത്സവത്തിനു പോയ അച്ഛൻ തിരികെ വരുന്നതും കാത്ത് വരമ്പിലേക്ക് നോക്കി നിൽക്കുന്ന കുട്ടിയാകും അയാൾ. പുല്ലുകളിൽ കാൽപെരുമാറ്റം കേട്ട മാത്രയിൽ ഈരോലി മതിലിലൂടെ കന്നുകുട്ടി ചീത്ത കേൾക്കാൻ വയ്യാത്തതു മൂലം പുറത്തു കടന്നു. ഗോലിക്കായകളിലപ്പോൾ സന്തോഷം വിടർന്നു. സോളമനേക്കാൾ സ്‌നേഹത്തിൽ കുറിഞ്ഞി വാലു കൊണ്ട് മേരിയെ ഉഴിഞ്ഞു.
പണി കഴിഞ്ഞ് വിയർത്തു വന്ന മേരി വസ്ത്രം മാറാതെ തന്നെ അയാൾക്ക് കാപ്പി അനത്തി കൊടുത്തു.
മേരിയുടെ വിയർപ്പിന്റെ മണം പിടിച്ച് സോളമനെത്തി.
ദേഹത്തിൽ ഇരുപത്തി മൂന്നിടങ്ങളിൽ ഇക്കിളികൾ ഉള്ള മേരി അയാളുടെ വരവിൽ ഒതുങ്ങി നിന്നു.
കുളിച്ച് വസ്ത്രം മാറുന്നതിനു മുൻപ് മേരിയുടെ കക്ഷം അങ്ങേരാഞ്ഞ് വലിച്ചു.
ആ മണത്തിൽ സോളമന്റെ ദേഹത്തിൽ രോമങ്ങൾക്കു പകരം മുക്കുറ്റികൾ ഉണർന്നു.
അതിൽ നിന്നുമൊരു മുക്കുറ്റിയുടെ ഇലകൾ ഞരടി ചാറു കൊണ്ട് അവളുടെ മുഖത്ത് ചിത്രം വരച്ചു തുടങ്ങി. വിശപ്പു മാറാത്ത, ഉറക്കം വരാത്ത രാത്രികളിൽ അയാളുടെ കണ്ണുകളിലെ ഗോലിക്കായകളിൽ ഉമ്മ വച്ചും മുല കൊടുത്തും താരാട്ടു പാടിയും അയാളെ ഉറക്കുവാൻ തുടങ്ങവേ വാതിലിൽ മുട്ടുകേട്ടവൾ തുറന്നു നോക്കി.
അബ്രഹാം സാർ. ""മോളെ ചെടികൾക്ക് വെള്ളമൊഴിച്ചോ ?'' മേരി ഞെട്ടിയുണർന്നു.

തലേദിവസത്തെ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ സോളമൻ കണ്ട സ്വപ്നം

മേരി കണ്ട അതേ സ്വപ്നം തന്നെയായിരുന്നു സോളമനും കണ്ടുകൊണ്ടിരുന്നത്. ഇതാദ്യമായല്ല അവർ ഒരേ സ്വപ്നങ്ങളിൽ കൂട്ടിമുട്ടുന്നത് എങ്കിലും സോളമന്റെ സ്വപ്നം മേരിയുടേതിൽ നിന്നും ചെറിയ തോതിൽ വിഭിന്നമായിരുന്നു. അയാളുടെ സ്വപ്നത്തിൽ അബ്രഹാം സർ ഇല്ലായിരുന്നു. മേരി ഞെട്ടിയുണർന്നിട്ടും സോളമൻ തന്റെ സ്വപ്നവുമായി മുന്നോട്ട് പോയി. അതിന്റെ ഫലമായി എന്നോണം സ്വപ്നത്തിന്റെ ഗതി വിഭ്രമാത്മകതയിലേക്ക് മാറി.

ജോലിക്കിടെ പുല്ലു ചെത്തുകയായിരുന്ന മേരിയുടെ കാലിൽ പുല്ലിലിഴയും പുല്ലാനിമൂർഖൻ പല്ലുകളാഴ്ത്തി.
""ഒരു കാര്യവുമില്ലായിരുന്നു. വെറുതെ വെയിലു കൊണ്ട് കിടക്കുന്നതിനിടയിൽ എന്തിനാ കയറി ചവിട്ടിയത്? മേരിയാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നേൽ കടിക്കില്ലായിരുന്നു. ഇതെല്ലാമെനിക്ക് റിഫ്‌ലക്‌സാന്നേ. ചവിട്ടിയാൽ ആരാണെന്നൊന്നും ചിലപ്പോൾ നോക്കാൻ പറ്റിയെന്ന് വരില്ലാ. അതാ.'' കുറ്റബോധം കൊണ്ട് നീറിയ പുല്ലാനി മൂർഖൻ പുല്ലുകളിലേക്കിഴഞ്ഞിറങ്ങി.
തന്നെയും പ്രതീക്ഷിച്ച് ഉമ്മറത്തിരിക്കും സോളമനോട് ഇനി എന്ത് പറയുമെന്ന് അറിയാതെ മേരി വിഷമിച്ച് കണ്ണുകളടച്ചു.
അവൾ നീലനിറത്തിൽ കനത്തു കിടന്നു.
തൊഴിലാളികളെല്ലാവരും കൂടി നീലമേരിയെ പള്ളിസെമിത്തേരിയിൽ അടക്കി. അന്ധനായ സോളമനും കുട്ടൻ കന്നുകുട്ടിയും കുറിഞ്ഞിയും ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വീട്ടിലെത്തിയപ്പോൾ കടുംനീല നിറത്തിൽ ഒരു കൂറ്റൻ കടവാവൽ വീടിന് ഉത്തരത്തിൽ കിഴക്കാം തൂക്കായി തൂങ്ങിക്കിടന്നു.
ഒന്നും സംഭവിക്കാത്തതു പോലെ മേരി സോളമനെ തലകീഴായി നോക്കി കിടന്നു. തലകുത്തി നടന്നു പോകുന്ന ജീവികളുടെ കാഴ്ചയിൽ മേരിയുടെ തലച്ചോർ ആശയക്കുഴപ്പത്തിലായി.
അയാൾ തപ്പിത്തടഞ്ഞു വീഴുവാൻ പോകുന്നെന്ന് വിചാരിച്ച് അവളറിയാതെ കൈകൾ ചിറകുകളായി നീണ്ടു. ഷർട്ടിന്റെ ബട്ടൺ തെറ്റിയിട്ടെന്ന് കരുതി കയ്യിൽ ഒരടി കൊടുക്കുവാൻ ചിറകു പൊങ്ങി.
ജലദോഷം കാരണം അയാളറിയാതെ മൂക്കിള കാറ്റിൽ പറന്നെന്ന് കരുതി ചിറകു വച്ച് തുടച്ചു കളയുവാൻ ഓങ്ങി. പതിയെ തലതിരിഞ്ഞ കാഴ്ചകൾ അവൾക്ക് പരിചിതമായി.
അയാളുടെ ഗോലിക്കായകളിൽ കണ്ണുനീർ നിറഞ്ഞിട്ടും ഈ വട്ടം മേരിക്ക് ഒന്നും തോന്നിയില്ല. മരിച്ചു കഴിഞ്ഞാൽ ഇങ്ങനെയായിരിക്കും വികാരരഹിതം എന്ന് അവൾ സ്വയം ആശ്വസിച്ചു.
അയാളുടെ താടി അധികം വളർന്നപ്പോഴും വെട്ടി കൊടുക്കണമെന്ന് അവൾക്കാഗ്രഹം തോന്നി. നേരാം വണ്ണം ഭക്ഷണം കഴിക്കാതെ പൊന്തിയ എല്ലുകളെ അവൾ നോക്കിപ്പറന്നു. എന്തെങ്കിലും മിണ്ടാനായി കുറിഞ്ഞിയേയും കുട്ടൻ കന്നുകുട്ടിയേയും വിളിച്ച് ഉമ്മറത്ത് നിന്നു പരുങ്ങിയ അയാൾക്ക് മറുപടി നൽകുവാൻ ആരും ഇല്ലാഞ്ഞത് അവൾ ശ്രദ്ധിച്ചു.

ഉറക്കത്തിൽ താനുമായുള്ള രതി, സ്വപ്നം കണ്ട് സ്ഖലനം നടത്തിയ സോളമനെ ഉണർത്തി കളിയാക്കണമെന്നും അടിവസ്ത്രം കഴുകി കൊടുക്കണമെന്നും തോന്നിയെങ്കിലും മേരി അനങ്ങിയില്ല.
ദിനവും ഭക്ഷണം വച്ചു പോകുന്ന ത്രേസ്യേടത്തിക്ക് എത്ര നന്ദി പറയണമെന്ന് ഇടയ്ക്ക് ഓർക്കും. കാടുപിടിച്ച മുറ്റത്തെ കന്നു കുട്ടനും കുറിഞ്ഞിയും ഉപേക്ഷിച്ചു പോകുന്നത് കണ്ടുകൊണ്ടും താനൊരിക്കൽ പരിപാലിച്ചു വളർത്തിയ ചെടികൾ ഉണങ്ങിപ്പോകുന്നതും നോക്കി മേരി കിടന്നു.
പറമ്പിലേക്ക് എലികളും പാമ്പുകളും പൂച്ചികളും കിഴങ്ങു ചെടിയുടെ വള്ളികളും വന്നും പോയും ഇരിക്കുന്നതിനു സാക്ഷിയായി. സോളമൻ അവിടേയും ഇവിടേയും തട്ടി വീണ് മുറിവ് വൃണമായി അതിൽ ഈച്ചകളാർക്കുന്നതിനു സാക്ഷിയായി. തന്നെയോർത്ത് സോളമൻ കരയുന്നതും സങ്കടം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുവാൻ ശ്രമിക്കുന്നതും അവൾ കണ്ടു.
സ്വപ്നം കണ്ട് 3 മണിക്ക് ഞെട്ടി ഉണരുന്നത് നോക്കി കിടന്നു. മേരി വാങ്ങി വച്ചിരുന്ന മെഴുകുതിരി കൂടിനെ അയാൾ തപ്പി നോക്കുന്നത് കണ്ടു. മേരി പറഞ്ഞു കൊടുത്ത മെഴുകുതിരി നാളത്തെക്കുറിച്ച് ഓർക്കുകയായിരുന്നു അയാൾ. ചെറുനാവ് പോലെയിരിക്കും ഒരു മെഴുകുതിരി നാളം.
അയാൾക്ക് തൊട്ട് നോക്കുവാൻ പാകത്തിൽ അന്ന് മേരി വായതുറന്ന് നൽകി. കാട് ആ വീടിനെ പതിയെ വിഴുങ്ങുവാൻ വരുന്നത് നീല മേരി നോക്കി കിടന്നു. നിസ്സഹായത അവളെ വേദനിപ്പിച്ചില്ല. ഹൃദയത്തിൽ ഒരു ശൂന്യത മാത്രമേ അവൾക്കനുഭവിക്കുവാൻ കഴിഞ്ഞുള്ളൂ. സ്ത്രീ ശബ്ദം കേൾക്കുമ്പോൾ അറിയാതെ മേരിയാണോയെന്ന് സോളമൻ കാത് കൂർപ്പിച്ചു. ചിറകടികളുടെ ശബ്ദം അയാൾക്ക് ചുറ്റും മേരിയുടെ പിറുപിറുക്കലുകളായി നിറഞ്ഞു. വലിയ താമസമില്ലാതെ മേരി മരിച്ചില്ല എന്ന നിർണ്ണയത്തിൽ സോളമൻ സ്വയമെത്തി.

അങ്ങേരെ സംബന്ധിച്ച് മേരി എന്നത് എഴുപത് ശതമാനം ശബ്ദവും മുപ്പത് ശതമാനം സ്പർശനവുമായിരുന്നു. അത് അയാൾക്ക് പലപ്പോഴായ് പലയിടങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കെ മേരി ഇവിടെയൊക്കെത്തന്നെയുണ്ടെന്ന അയാളുടെ വാദത്തിൽ കഴമ്പുണ്ടെന്ന് ത്രേസ്യേടത്തിക്ക് തോന്നിത്തുടങ്ങി. ഇടയ്ക്കിടെ മേരി കളിക്കാറുള്ള ഒരു ഒളിച്ചു കളിയായി സോളമൻ ഇതും കണക്കാക്കി. സംശയകരമായ സാഹചര്യങ്ങളിൽ ശബ്ദങ്ങൾ കേട്ട ത്രേസ്യേടത്തി ഒടുവിൽ പള്ളിയിൽ നിന്ന് അച്ചനെ വരുത്തി.
സോളമന് എന്നാൽ ആ പ്രവൃത്തിയോട് എതിർപ്പുണ്ടായിരുന്നു. എന്നിട്ടും അച്ചൻ വന്ന് വീട് ഒരിക്കൽ കൂടി വെഞ്ചരിച്ച് പോയി. വാതിലുകളിലൊക്കെ കരി പൊടിച്ച് കുരിശ് വരച്ചു വച്ചു. പ്രധാന മുറിയിൽ ഒരു വെള്ളിക്കുരിശും സ്ഥാപിച്ചു. ഇനി ഇത് കാരണം മേരി പോയ്ക്കാണുമോ എന്ന് സോളമൻ ആശങ്കപ്പെട്ടു. എന്നാൽ ആ വിചാരത്തെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് തിരിച്ച് പോകാനൊരുങ്ങുന്ന അച്ചന്റെ മുന്നിൽ തന്നെ പൊട്ടിയ ഒരു ഓട് വന്നു വീണു. അച്ചൻ ജീവനും കൊണ്ട് ഓടി. വീട് ചിരിച്ചു.

മേരിയുടെയും സോളമന്റേയും പ്രേമം കണ്ട് വളർന്ന വീടിനു പക്ഷെ ഇതൊന്നും അധികനാളേക്ക് താങ്ങാനായില്ല.
അത് സ്വയം ദ്രവിച്ചു.
അയാളുടെ ഒരു ചിരിക്കായി വീട് കൊതിച്ചു.
അയാളുടെ മുഖത്തെ ദുഃഖം കണ്ട് കഴുക്കോലുകളിൽ പടർന്ന ചിതലുകൾ പഴയ പായകളെ വെറുതെ വിട്ടു.
മൺകലങ്ങൾ തട്ടി വീണു കൊണ്ട് മണ്ണിനോട് ചേരാതെ ചെറുകഷ്ണങ്ങളായി ചിതറിക്കിടന്നു. സോളമൻ കഷണ്ടിയായിക്കൊണ്ടിരിക്കുന്നത് അവൾക്ക് മാത്രം തിരിച്ചറിയുവാൻ കഴിഞ്ഞു.
മേരി വായിച്ചു കേൾപ്പിച്ചിരുന്ന കഥാപുസ്തകങ്ങളിലൂടെ അയാൾ വിരലോടിച്ചു. അവരുടെ പേരുകൾ കോറിയ മേശയിൽ അയാൾ തൊട്ടു നോക്കി.
അയാളുടെ കറുത്ത നഖത്തിനറ്റങ്ങളും കട്ടിലിനടിയിൽ വീണു കിടക്കും നഖം വെട്ടിയും വവ്വാൽ മേരി കണ്ടു.
അവൾക്ക് പോകുവാൻ മറ്റൊരു സ്ഥലവും ഉണ്ടായിരുന്നില്ല.
അതായിരുന്നു അവളുടെ വീട്.
അവളുടെ കുടുംബം.
അവൾക്കതു വരെ ലഭിച്ച സ്‌നേഹത്തിന്റെ ഉറവിടം.
അതിന്റെ ഓരോ മുക്കും മൂലയും അവൾക്ക് കാണാപാഠമായിരുന്നു.
താൻ വൃത്തിയിൽ കൊണ്ട് നടന്ന വീട് അഴുക്ക് നിറയുന്നത് നിസംഗതയോടെ അവൾ കണ്ടു കിടന്നു. ഓരോ പൊടിപടലവും വന്നു വീഴുന്നത് വവ്വാൽ മേരി അറിഞ്ഞു. ചിലന്തികൾ വല കെട്ടുന്നതും പല്ലികൾ പെറ്റു കൂട്ടുന്നതും പാറ്റകൾ കിരുകിരുക്കുന്നതും ഉറുമ്പുകൾ കൂടു മാറുന്നതും കൊതുക് മൂളിപ്പറന്ന് വെള്ളത്തിൽ മുട്ടയിടുന്നതും മണ്ണിരകൾ വഴി തെറ്റി കയറി വരുന്നതും വവ്വാൽ മേരി നോക്കി കിടന്നു.
സ്ഥിതിഗതികളറിയുവാൻ വന്ന പുല്ലാനി മൂർഖൻ സോളമന്റെ അവസ്ഥ കണ്ട് വിഷമിച്ച് തിരിച്ച് പോകുന്നത് കണ്ടു. വീട് പതിയെ ജീർണ്ണിക്കുന്നതും മഴയിൽ അടുക്കള ചരിഞ്ഞതും അവൾ കണ്ടു. ഓട് പൊട്ടി വെള്ളം ഉള്ളിലേക്ക് കയറിയപ്പോൾ സോളമൻ ചുരുണ്ട് കൂടിയിരിക്കുന്നത് കണ്ടു.
മഴക്കാലത്ത് പലതരം ജീവികൾ ഓടിക്കയറും കാത്തിരിപ്പുപുരയായി ആ വീട് മാറി. ചിലർ അവിടെത്തന്നെ കൂടിയാലോ എന്നു പോലും ആഗ്രഹിച്ചു. പണ്ട് ഇടിമിന്നലിൽ ഭയന്ന് രണ്ട് പേരും ഒരുമിച്ച് കട്ടിലിൽ കെട്ടിപ്പിടിച്ചിരുന്നത് എത്ര ആലോചിച്ചിട്ടും നീലമേരിക്ക് ഓർമ്മ വന്നില്ല. തൊണ്ട വേദനക്ക് ഇത്തിരി ഇഞ്ചി കടിച്ചാൽ മതിയെന്നും കഫത്തിനു കൽക്കണ്ടമോ ആവി പിടുത്തമോ മതിയെന്നോ പനിക്ക് ചുക്ക് കാപ്പിയോ പനിക്കൂർക്കയോ മതിയെന്നോ അയാൾക്ക് പറഞ്ഞു കൊടുക്കുവാൻ ആരുമുണ്ടായില്ല.
പനി പതിയെ ന്യൂമോണിയയായി. മൂന്നിന്റന്ന് സോളമൻ മരിച്ചു. വവ്വാൽ മേരിക്ക് കൂട്ടായി സോളമൻ വന്നു. അവരിരുവരും ദ്രവിച്ചു കൊണ്ടിരിക്കുന്ന ആ വീടിനെ നോക്കി ഒരുമിച്ച് കഴുക്കോലിൽ തൂങ്ങിക്കിടന്നു. സ്വപ്നം കണ്ട് സോളമൻ ശ്വാസം കിട്ടാതെ കാലുകളിട്ടടിച്ചു കണ്ണുകൾ തുറന്നു. അവർ ഇരുവരും സ്വപ്നങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പങ്കു വച്ചു. ""നമ്മളുടെ കഴിഞ്ഞ ജന്മം ആണെന്ന് തോന്നുന്നു''. സ്വപ്നത്തിലെ വീട് = പ്രേമം, മരണം = ബ്രേക്കപ്പ് ഒരാൾ വിട്ടിട്ട് പോകുകയും മറ്റയാൾ പ്രേമവും ഓർത്ത് തനിച്ചാവുകയും ചെയ്യുന്നതാണ് ഈ സ്വപ്നങ്ങൾ എന്ന് മേരി വ്യാഖ്യാനിയായി

അബ്രഹാം സാറിന്റെ മരണം മേരിയെ ബാധിച്ചു.
അവൾ നിദ്രാവിഹീനയായി.
മതിയായ ഉറക്കം ലഭിക്കാതെയായി.
അക്കാര്യത്തിൽ മേരിയെ നിർബന്ധിക്കാൻ സോളമന് ആവതില്ലായിരുന്നു. അത്രയ്ക്കും ഉറക്കത്തെ സനേഹിക്കുന്നവളാണ് മേരി. മനസിനെ മഥിക്കുന്ന വിഹ്വലതകൾ ഉറക്കത്തെ കെടുത്തുന്നതാകാമെന്ന് അയാൾ ആശ്വസിച്ചു. രാത്രികളിൽ തനിച്ചുണ്ടാക്കി മോന്തുന്ന കാപ്പി ഉറക്കം തടസപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.
പതിവിനു വ്യത്യസ്തമായി മേരി ചുറ്റുപാടുകളെ നിശബ്ദതയിലേക്ക് നിർബന്ധിച്ചു കൊണ്ടിരുന്നു. ഉറക്കമില്ലായ്മകളുടെ നാളുകൾ അവൾ തന്റെ ലാപ്‌ടോപ്പിനു മുൻപിലാണ് ചിലവഴിച്ചിരുന്നത്. ബ്രൗസിംഗ് ഡാറ്റയുടെ രഹസ്യം സ്വകാര്യമായി സൂക്ഷിക്കുന്ന എൻക്രിപ്റ്റ് എന്ന പേരിലുള്ള രഹസ്യ ബ്രൗസറും സെർച്ച് എഞ്ചിനും മേരി ഇൻസ്റ്റാൾ ചെയ്തിരുന്നു.
ഹെണ്ട്രി അസോസിയേറ്റ്‌സ് എന്ന പ്രമുഖ വ്യവസായി ഭീമനെക്കുറിച്ചാണ് മേരി അന്നൊക്കെ തിരഞ്ഞു കൊണ്ടിരുന്നത്. മുൻപ് ഹെണ്ട്രി ഡവലെപ്പേഴ്‌സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യവസായ സ്ഥാപനത്തിന്റെ പ്രധാന മേഖല റിയൽ എസ്റ്റേറ്റ് രംഗമാണ്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ടൗൺഷിപ്പുകൾ ഹൗസിംഗ് കോളനികൾ ഫ്‌ളാറ്റ് സമുച്ചയങ്ങൾ മാളുകൾ എയർപ്പോർട്ട് എന്നിങ്ങനെ ഏകദേശം മുന്നൂറിലധികം പ്രൊജക്ടുകൾ അവർ ചെയ്തു കഴിഞ്ഞിട്ടുണ്ട്.
ഐ ടി കമ്പനികൾക്കാവശ്യമായ ഓഫീസുകളും ക്യാമ്പസും കെട്ടിടങ്ങളും ഉത്തരവാദിത്തപരമായി ചെയ്തു കൊടുക്കുന്നതിന്റെ പേരിൽ ഒരുപാട് അനുമോദനങ്ങൾ സർക്കാരിൽ നിന്നു തന്നെ അവരെ തേടിയെത്തിയിരുന്നു. നാലായിരത്തോളം തൊഴിലാളികൾ കമ്പനിക്ക് കീഴിൽ ജോലിയെടുക്കുന്നുണ്ട്. ഇരുപത്തഞ്ച് ബില്ല്യണാണ് ഇന്ന് കമ്പനിയുടെ മൂലധനം. രാജ്യത്തിന്റെ പ്രധാനപ്പെട്ട ഇരുപത്തിയഞ്ചോളം നഗരങ്ങളിൽ ഇവർ പടർന്ന് കിടക്കുന്നു. കമ്പനി സ്ഥാപകനായ ഹെണ്ട്രി വിശ്രമജീവിതത്തിലാണ്. മക്കളായ ആൽബർട്ട് , മിഖായേൽ, ഏലിയാസ്, അലീസ, ജോൺ എന്നിവരാണ് ഇപ്പോൾ കമ്പനി തലപ്പത്ത്. ആൽബർട്ട്, മിഖായേൽ, ഏലിയാസ് എന്നിവർ ഒറ്റ പ്രസവത്തിൽ ജനിച്ച അപൂർവ്വസമജാതത്രിത്രയങ്ങളാണ്. കുഞ്ഞിലേ സ്വന്തം അമ്മക്കല്ലാതെ മറ്റാർക്കും ഇവരെ തിരിച്ചറിയുവാൻ സാധിച്ചിരുന്നില്ല. ആൽബർട്ട് ബിസിനസ് ജീവിതത്തോട് വിരക്തി തോന്നിയതിനാൽ പേരിനു മാത്രം മീറ്റിംഗുകളിൽ പങ്കെടുത്തിരുന്നു. കൂടുതൽ പ്രിയം തത്വചിന്ത ആത്മീയത എന്നീ വിഷയങ്ങളിലാണ്. ഭാര്യ മിഷേലുമായി വിവാഹബന്ധം വേർപ്പിരിഞ്ഞ ശേഷം പുസ്തകങ്ങളുമായി ഒരു വീട്ടിൽ മാറി താമസിച്ചു വരുന്നു. മൂന്ന് മക്കളുണ്ട് മോണിക്ക, ടെഡ്, റെക്‌സ്. മിഖായേൽ വിഭാര്യനാണ്. കമ്പനിയിലെ ഏറ്റവും പ്രധാന സ്ഥാനം വഹിക്കുന്നത് മിഖായേലാണ്. കൂടും കുടുക്കയുമില്ലാത്തയാൾക്ക് മുഴുവൻ സമയവും ഓഫീസിലിരിക്കാം എന്നാണ് ബിസിനസിൽ മിഖായേലിനുള്ള ശുഷ്‌കാന്തിയെപ്പറ്റി മറ്റുള്ളവർ പറഞ്ഞ് പരത്തുന്നത്. പെണ്ണ് കിട്ടാഞ്ഞിട്ടൊന്നുമല്ല, അങ്ങേർക്കിഷ്ടം ആണുങ്ങളെ ആണെന്ന് കടാക്ഷം പ്രതീക്ഷിച്ച് നിരാശരായ സുന്ദരിമാരായ സെക്രട്ടറിമാർ ജീവനക്കാരോട് പറഞ്ഞു കൊടുത്തു. മൂന്നാമൻ ഏലിയാസ് വിവാഹിതനാണ്. ഭാര്യ വറീത. വെറോണിക്ക, ഹാരി എന്നിവർ മക്കളാണ്. നാലാമത്തവൾ അലീസ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദം കൈക്കലാക്കിയ ശേഷം കമ്പനിയുടെ കെട്ടിടങ്ങളുടെ ഇന്റീരിയർ ഡിസൈൻ ഭാഗം ഹെഡ് ആയി ജോലി നോക്കുന്നു. ഭർത്താവ് ഡേവിഡ്. മക്കൾ റിച്ചാർഡ്, ഹെണ്ട്രി. അപ്പന്റെ പേരു മകനിട്ട് ആ വഴി പ്രിയം സമ്പാദിച്ച് സ്വത്ത് കൂടുതൽ അടിച്ചെടുക്കുവാനുള്ള മകളുടെ തന്ത്രമാണിതെന്ന് വീട്ടുവേലക്കാർ തമ്മിൽ തമ്മിൽ അടക്കം പറഞ്ഞു. അഞ്ചാമൻ ജോൺ ഭാര്യയെ ഉപേക്ഷിച്ച് പുതിയ ബോയ്ഫ്രണ്ടിനൊപ്പം ജീവിക്കുന്നു. ജോൺ ഭാര്യയെ ഡിവോഴ്‌സ് ചെയ്യുന്നതിന്റെ കാരണം തീൻമേശയിൽ വിളമ്പിയപ്പോൾ അപ്പൻ ഹെണ്ട്രി ചവച്ചു കൊണ്ടിരുന്ന ഭക്ഷണം മേശയിൽ കക്കിയിട്ട് ഓക്കാനിച്ചു. ജോണിന്റെ പുതിയ ബോയ്ഫ്രണ്ട് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് പതിനെട്ട് വയസുകാരൻ. എന്നാലിതൊന്നും ജോണിനെ തളർത്തിയില്ല. കുടുംബത്തിലെ മുടിയനായ പുത്രനായി അയാൾ ജീവിച്ചു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയ ഒരു ചലച്ചിത്രം നിർമ്മിക്കുക വഴി നല്ലൊരു തുക നഷ്ടപ്പെടുത്തിയത് കുടുംബത്തിന്റെ അപ്രീതിക്ക് കാരണമായി. ഹെണ്ട്രിക്ക് രണ്ട് അനുജന്മാരും രണ്ട് സഹോദരിമാരുമുണ്ടായിരുന്നു. എന്നാൽ ഒരു സഹോദരനൊഴികെ മറ്റെല്ലാവരും മരണത്തെ പുൽകി. ജീവിച്ചിരിക്കുന്ന സഹോദരൻ ആൻഡ്രൂസ് കുടുംബ ബിസിനസിൽ ഗതി പിടിക്കാതെ പോയപ്പോൾ ഹെണ്ട്രിയാണ് സഹായത്തിനു ഉണ്ടായിരുന്നത്. ആൻഡ്രൂസിന്റെ മൂന്നു മക്കളും ഇന്ന് ഹെണ്ട്രി ലിമിറ്റഡിലെ പല പല ശാഖകളിൽ ഉയർന്ന ഉദ്യോഗസ്ഥരാണ്. കുടുംബത്തിന്റെ അർപ്പണബോധവും തൊഴിലാളികളുടെ സന്തോഷവുമാണ് കമ്പനിയുടെ വിജയ രഹസ്യമായി ഹെണ്ട്രി പല ടിവി അഭിമുഖങ്ങളിലും പരാമർശിച്ചത്. മേരി ഹെണ്ട്രി ലിമിറ്റഡിന്റെ ഒരു കുടുംബശാഖ വരച്ചു നോക്കി.

അപ്പോഴാണ് മൂത്ത മകൻ ആൽബർട്ട് വിവാഹം കഴിച്ചിരുന്നത് ആൻഡ്രൂസിന്റെ മകളെ ആണോയെന്ന സംശയം മേരിക്ക് ജനിച്ചത്. അവൾ അതേ കുറിച്ച് ഗൂഗിൾ ചെയ്തു. ശരിയാണ്. സ്വന്തം അപ്പന്റെ സഹോദരപുത്രിയെയാണ് ആൽബർട്ട് വിവാഹം കഴിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയായി ആൻഡ്രൂസ് തന്നെ പത്രസമ്മേളനം നടത്തിയിരുന്നു. മിഷേൽ തങ്ങളുടെ ദത്തുപുത്രി മാത്രമാണ്. അനാഥയായിരുന്ന മിഷേലിനെ ആറാം വയസിൽ അപരിചിതരായ ഏതാനും മനുഷ്യർ ചേർന്ന് ലൈംഗികമായി ഉപദ്രവിച്ച് കാട്ടിൽ വലിച്ചെറിഞ്ഞു. വമ്പിച്ച തിരച്ചിലിനൊടുവിൽ പൊലീസ് അവളെ കണ്ടെടുക്കുകയായിരുന്നു. സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ ആ കുട്ടിയെ ഹെണ്ട്രി ഡെവലെപ്പേഴ്‌സ് സ്‌പോൺസർ ചെയ്തു. താമസിയാതെ ആൻഡ്രൂസ് കുടുംബം മിഷേലിനെ ദത്തെടുക്കുകയായിരുന്നു. അതിനുശേഷമാണ് ആൽബർട്ടുമായി മിഷേൽ പ്രണയത്തിലാകുന്നത്. ആൻഡ്രൂസിന്റെ സത്യപ്രസ്താവന ഹെണ്ട്രി ഡവലപ്പേഴ്‌സിനു അനുകൂലതരംഗം സൃഷ്ടിക്കുകയാണ് ചെയ്തത്.

മേരി വായന നിർത്തി ഈ മെയിൽ തുറന്ന് ഹെണ്ട്രി ഡെവലപ്പേഴ്‌സിൽ നിന്നുമുള്ള ഇ-മെയിൽ ഒരിക്കൽ കൂടി തുറന്നു.
ഇന്റർവ്യൂ ലെറ്റർ.
ജോലി ലഭിക്കുവാൻ ആവശ്യമായ വിവരങ്ങൾ നേടുവാൻ പല സൈറ്റുകളിലും മൗസ് ക്ലിക്ക് ചെയ്തു. ചില രാത്രികളിൽ മൂന്നു മണിക്കൂർ ഉറക്കം മേരിയെ അനുഗ്രഹിച്ചു. മറ്റു രാത്രികളിൽ സ്റ്റൂളിലിരുന്ന് ചിത്രം രചിച്ചും പുസ്തകം വായിച്ചും സമയത്തെ മേരി മുൻപോട്ട് തള്ളിനീക്കി.

പതിമൂന്ന് നിലകളിൽ നിലകൊണ്ടിരുന്ന ഹെണ്ട്രി ഡെവലപ്പേഴ്‌സ് വളരെയധികം സുരക്ഷാസംവിധാനങ്ങളിലൂടെ പ്രവർത്തിക്കുന്ന കമ്പനിയായിരുന്നു. അരമണിക്കൂർ മുൻപേ ഇന്റർവ്യൂവിനെത്തിയ മേരി കോൾ ലെറ്റർ നൽകിയപ്പോൾ അതിഥിക്കുള്ള ഐഡികാർഡ് കഴുത്തിൽ തൂക്കുവാൻ നിർദ്ദേശം ലഭിച്ചു.
രണ്ടു പ്രവേശനകവാടങ്ങളിൽ കാർഡ് കാണിക്കേണ്ടതായി വന്നു. അത് കടന്ന് നടന്നു ചെന്നത് ലിഫ്റ്റുകളുടെ ഇടനാഴിയിലേക്കാണ്. ലിഫ്റ്റിലെ ബട്ടൺ അമർത്തിയത് അവൾക്ക് അൽപ്പം ആശ്വാസം നൽകി. രണ്ടു മൂന്ന് ബട്ടണുകൾ കൂടി ഒരു കാര്യമില്ലാഞ്ഞും ഞെക്കി. ഏഴാം നിലയിലെത്തിയപ്പോൾ ഇറങ്ങി. റിസപ്ഷനിൽ കോൾ ലെറ്റർ കാണിച്ച് അകത്തിരുന്നു. നാലംഗ ഇന്റർവ്യൂ ബോർഡാണ് മേരിയെ അഭിമുഖസംഭാഷണത്തിനു ക്ഷണിച്ചത്. എതിരേയിരിക്കുന്നവരിൽ ഒരാളെ മേരി തിരിച്ചറിഞ്ഞു. ഫോട്ടോയേക്കാൾ വയസ് കൂടുതലുള്ള മുഖം. അവൾ മുൻകൂട്ടി പഠിച്ചു വച്ചിരുന്ന ഉത്തരങ്ങൾ ഒന്നൊന്നായി സദസിൽ വിതറി. ബോർഡംഗങ്ങളുടെ മുഖം നോക്കിയതിൽ നിന്നും മിക്കവരും സംതൃപ്തരായിരുന്നുവെന്ന് അവൾക്ക് തോന്നി. വ്യക്തിഗതവിവരങ്ങളിൽ അവൾ ഒരു നുണ പറഞ്ഞൊപ്പിച്ചു. അനാഥയാണെന്നും നഗരത്തിൽ പറയത്തക്ക വ്യക്തിബന്ധങ്ങൾ ഇല്ലയെന്നും. പലരും സഹതാപപൂർവ്വം അവളെ സമീപിച്ചു ഗുഡ് ലക്ക് അറിയിച്ചു. അനാഥരോടും അഭയാർത്ഥികളോടും അനുകൂല നിലപാടുകൾ പ്രകടിപ്പിച്ചിരുന്ന കമ്പനി മേരിക്ക് ജോലി നൽകി.

സർവ്വർ റൂമിനോട് ചേർന്നായിരുന്നു മേരിയുടെ ജോലി സ്ഥലം.
ഒഫീഷ്യൽ മെയിൽ പരിശോധിക്കുക, റിസപ്ഷനിൽ വരുന്ന കത്തുകളും കൊറിയറുകളും തരംതിരിക്കുക, ഫോണിൽ വരുന്ന കോളുകൾ കൃത്യമായ ഡിപാർട്ട്‌മെന്റിലേക്ക് തിരിച്ചു വിടുക എന്നിവയെല്ലാമായിരുന്നു ഉത്തരവാദിത്തങ്ങൾ. അത്തരം ചെറിയ ജോലികൾ മേരി വലിയ സന്തോഷത്തിൽ ചെയ്തു വന്നു. രാവിലെ എട്ട് മുതൽ രാത്രി ആറു വരെയായിരുന്നു ജോലി സമയം. ശനിയും ഞായറും അവധി. കമ്പനി ഉപയോഗിക്കുന്ന ഡോക്യുമെന്റേഷൻ പ്രക്രിയകൾക്കായുള്ള ഒരു സോഫ്‌റ്റ് വെയറിന്റെ സപ്പോർട്ട് ടീമും അവളുടെ അരികിലായി പ്രവർത്തിച്ചിരുന്നു.

ജോലി വിശദീകരിച്ച് ഏൽപ്പിച്ചു തരുന്നതിനായി വന്ന സ്ത്രീ സിസിലി, മേരിയുടെ വിശദവിവരങ്ങൾ ആരാഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും മണിമണി പോലെ അവൾ ഉത്തരം നൽകി. മുൻപ് ഇതേ സ്ഥാനത്ത് ജോലി ചെയ്തിരുന്ന ഏയ്ഞ്ചലിനെക്കുറിച്ച് ആദ്യമായി സംസാരിച്ചത് സിസിലിയായിരുന്നു. ഏയ്ഞ്ചൽ ഒരുവാക്കു പോലും പറയാതെ ജോലി ഉപേക്ഷിച്ചതിനു ശേഷം താൻ തന്നെയായിരുന്നു ഇതെല്ലാം ചെയ്തിരുന്നത്.
""ഏഞ്ചൽ എവിടെപ്പോയി'' മേരി കൗതുകപ്പെട്ടു ''ഓ ഒരു കുശുമ്പത്തി അമ്മായിയുണ്ട് അവരെ നോക്കാൻ നാട്ടിൽ പോയി. നല്ലൊരു സുഹൃത്തായിരുന്നു. ഉച്ച ഭക്ഷണം ഒരുമിച്ചായിരുന്നു. ഞാൻ മീൻ കറി കൊണ്ടു വന്നാൽ അവൾ വറവ് കൊണ്ട് വരും. അവൾ ഉപ്പേരിയെങ്കിൽ ഞാൻ ചാറുകറി. പെരുന്നാൾ സമയത്ത് തിരക്കുള്ള തെരുവിൽ കറങ്ങി മാംസഭക്ഷണം കഴിക്കും ഞങ്ങൾ. എന്ത് രസമായിരുന്നു അന്ന്. ആകെയുണ്ടായിരുന്ന കൂട്ടായിരുന്നു. പോയി.''
""ഞാനും മാംസം കഴിക്കും'' മേരി ചിരിച്ചു.
""ഉവ്വോ എങ്കിൽ പെരുന്നാൾ സമയമാകട്ടെ നമുക്ക് പോകാം. പക്ഷെ ഏഞ്ചലിനെപ്പോലെയാകരുത്. ഒരു വാക്ക് പോലും പറയാതെയാണ് മുങ്ങിയത്. എന്താണെന്ന് നോക്കണേ. അതോർത്ത് ഒരു ദിവസം മുഴുവൻ ഞാൻ കരഞ്ഞു. ഉപ്പു പറ്റിയ തലയണയും കവറും നനച്ചിടേണ്ടി വന്നു.''

മേരി സിസിലിയുടെ കൈകളിൽ പിടിച്ച് ധൈര്യം കൊടുത്തു.
അവിടുന്ന് രണ്ടാം ദിവസം ജോലി തീർത്ത് ആറു മണിക്ക് പതിവിനു വിപരീതമായി ലിഫ്റ്റിൽ കയറി കാർപ്പാർക്കിംഗ് ഗ്രൗണ്ടിലേക്കുള്ള ബട്ടൺ മേരി അമർത്തി. ഭൂഗർഭത്തിലെ മൂന്ന് നിലകൾ കാർപ്പാർക്കിംഗ് സൗകര്യത്തിനായി കമ്പനി ഒഴിച്ചിട്ടിരുന്നു. നൂറോളം കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യുവാനുള്ളതായിരുന്നു ഓരോ നിലയും. ചുറ്റുഗോവണിപോലെ കാറുകൾക്ക് പോകുവാനും വരുന്നതിനുമായി പ്രത്യേകം വഴികൾ ഒരുക്കിയിരുന്നു. ഓരോ നിലയിലും ട്രാഫിക്കും വാഹനങ്ങളും ശ്രദ്ധിക്കുവാൻ ഓരോ സെക്യൂരിറ്റിക്കാരനെയും നിയമിച്ചിരുന്നു. സി സി ടി വി ക്യാമറകൾ ഇരുട്ടിലെ ഓരോ നിലയിലും പ്രവർത്തിക്കുന്നുണ്ട്. മേരി ആദ്യത്തെ നിലയിൽ ഇറങ്ങി. മൂന്നോളം പേർ ജോലി കഴിഞ്ഞ് മേരിക്കൊപ്പം ലിഫ്റ്റിൽ നിന്നും അതേ നിലയിൽ ഇറങ്ങി, മൂവരും കാറെടുത്ത് പോകുന്നതിനായി മേരി കാത്തു നിന്നു. കാർപ്പാർക്കിങ്ങുകൾക്കിടയിലൂടെ മേരി നടന്നു. ഇരുപത് കാറുകളുടെ അഞ്ച് നിരകളാണ് ഉണ്ടായിരുന്നത്. മിക്കതും പുതിയവയും ജീവനക്കാർ ദിനേന ഉപയോഗിക്കുന്നതുമായിരുന്നു. മേരി തേടിക്കൊണ്ടിരുന്നത് അതൊന്നുമായിരുന്നില്ല. അവളുടെ കണ്ണുകൾ വേഗത്തിൽ കാറുകൾക്കിടയിലൂടെ പാഞ്ഞു. സെക്യൂരിറ്റി ജീവനക്കാരൻ കാറുകൾ പറഞ്ഞു വിടുന്ന തിരക്കിനുള്ളിൽ നാലു നിരകളും അവൾ പരിശോധിച്ചു. കുറച്ചധികം നേരമായി പരുങ്ങിക്കളിക്കുന്ന മേരിയോട് സുരക്ഷാജീവനക്കാരൻ വിളിച്ചു ചോദിച്ചു.
""മേഡം കാർ കാണുന്നില്ലേ? അതോ കീ മറന്നോ? ഈ ഫ്‌ളോർ തന്നെയാണോ ?'' അമളിപ്പിണഞ്ഞ മുഖഭാവത്തിൽ മറ്റെന്തോ ചിന്തിച്ചു കൊണ്ട് അഞ്ചാം നിര കൂടി മേരി പരിശോധിച്ചു കഴിഞ്ഞ് വേഗത്തിൽ നടന്നു. കാറുകൾക്ക് വന്നു കയറുന്നതിനുള്ള ചുറ്റുഗോവണി വഴിയിലൂടെ തൊട്ട് താഴെയുള്ള നിലയിലേക്ക് മേരി ഇറങ്ങുവാൻ ഒരുങ്ങി.
""മാം ആ വഴി പോകാൻ പാടില്ല. ലിഫ്റ്റ് ഉപയോഗിക്കൂ.'' സെക്യൂരിറ്റി വിളിച്ചു പറയുന്നത് കേട്ട ഭാവം നടിക്കാതെ അവൾ ഇറക്കം തുടങ്ങി. പുറത്ത് നിന്നും പാർക്ക് ചെയ്യുവാൻ വരുന്ന ഏതോ ഒരു വണ്ടിയുടെ മുരൾച്ച അകലെ നിന്നും മൃഗത്തെ പോലെ അവളെ ഭയപ്പെടുത്തി. ഹീലുള്ള ചെരിപ്പു ധരിച്ച് ധൃതിയിൽ കാലടി വയ്ക്കുന്നതിനിടെ മേരിയുടെ ഇടത് കാൽ മടങ്ങി. വേദനകൊണ്ട് അവൾ ഞരങ്ങി. പാർക്ക് ചെയ്യുന്നതിനുള്ള വണ്ടിയുടെ ശബ്ദം അടുത്ത് വരുന്നത് തിരിച്ചറിഞ്ഞ് ഒരു കയ്യിൽ ചെരിപ്പുകൾ ഊരിപ്പിടിച്ച് താഴേയ്ക്ക് ഞൊണ്ടി. ഒരർത്ഥത്തിൽ ആ പ്രവൃത്തി മേരിക്ക് കൂടുതൽ നിയന്ത്രണവും വേഗതയും പ്രദാനം ചെയ്തു. രണ്ടാം നിലയിലേക്ക് കയറുവാൻ നിൽക്കുന്ന സമയം കാറിന്റെ ശബ്ദം അടുത്തെത്തി. രണ്ടാമത്തെ നിലയിൽ നിൽക്കാതെ മേരി ഒന്നാമത്തെ നിലയിലേക്ക് വച്ചു പിടിച്ചു. പാർക്ക് ചെയ്യുവാൻ കാർ രണ്ടാം നിലയിലേക്ക് കയറിയപ്പോൾ മേരി വഴിയിൽ നിന്ന് കിതപ്പാറ്റി.

ഒന്നാമത്തെ നിലയിലേക്കുള്ള വഴിയിൽ ബൾബുകൾ പ്രവർത്തിച്ചിരുന്നില്ല. സെക്യൂരിറ്റിയും ഇല്ലായിരുന്നു. ഒന്നാം നിലയിൽ വന്നു പോകുന്ന വാഹനങ്ങളുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവ് മൂലം സെക്യൂരിറ്റിക്കാരനെ മറ്റു ജോലികൾക്കായി കമ്പനിയുപയോഗപ്പെടുത്തി. കയ്യിലുണ്ടായിരുന്ന ഫോണിന്റെ ഫ്‌ളാഷ് ഓൺ ചെയ്ത് മേരി സമയമെടുത്ത് ഒന്നാം നിലയിലേക്ക് കടന്നു ചെന്നു. കൂരിരുട്ടിൽ ഒഴിഞ്ഞു കിടക്കുന്ന ശൂന്യതയുടെ മണം മേരിക്ക് ചുറ്റും കറങ്ങി. ഏകദേശം മുപ്പതോളം കാറുകൾ മാത്രം ആ നിലയിലെ പലയിടങ്ങളിലായി ചിതറിക്കിടന്നു. പൊടിയുടെ മണവും നിശബ്ദതയുടെ സംഗീതവും ഒരു പോലെ അവളെ സ്വാഗതം ചെയ്തു. ആനന്ദത്തോടെ മേരിയാമണം ഉള്ളിലേക്ക് വലിച്ചെടുത്തു. ഫോൺ പ്രകാശത്തിൽ ഓരോ കാറുകളും പരിശോധിച്ചു കൊണ്ടിരിക്കെ ഉളുക്കിയ കാലിന്റെ ശബ്ദം കുറഞ്ഞ കാലടി പോലും മുഴങ്ങിക്കേട്ടു. വലതു ഭാഗത്ത് ഒഴിഞ്ഞ ഒരു സ്ഥലത്ത് ഏതാനും വണ്ടികൾ ടാർപ്പായയാൽ മൂടിയിട്ടിരിക്കുന്നത് കണ്ട് ഞൊണ്ടി ഞൊണ്ടി അങ്ങോട്ടേയ്ക്ക് പതിയെ നടത്തത്തെ തിരിച്ചു. വലതുകാൽ നിലത്തുറപ്പിച്ച് ചവിട്ടുന്ന ഉറച്ച ശബ്ദവും ഇടത് കാലിന്റെ മൃദുവായ ശബ്ദവും ചുറ്റിലും പാഞ്ഞ് ചുമരുകളിൽ തട്ടിച്ചിതറി. മൊബെെൽ നിലത്ത് കമഴ്ത്തി വച്ചതു മൂലം പ്രകാശം മുകളിലേക്ക് പാഞ്ഞു. ടാർപ്പായ വലിച്ചൂരി പരിശോധിക്കേണ്ടുന്നതിനു പകരമായി അതിനുള്ളിൽ കയറി ഫ്‌ളാഷ് തെളിയിച്ചാണ് മേരി പരിശോധന തുടർന്നത്. പൊടിയടിച്ച് മേരിക്ക് തുമ്മൽ വന്നു. മേരി തുമ്മിക്കൊണ്ടിരുന്നു. തുമ്മൽ തട്ടി വീണ്ടും വണ്ടികളിൽ നിന്നും പൊടി പൊങ്ങി. തുമ്മലിനിടെ മൂന്നാമത്തെ വാഹനത്തിനുള്ളിലേക്ക് കടന്ന മേരിയുടെ കണ്ണുകൾ വലുതായി. തുമ്മൽ ഒരു നിമിഷത്തേക്ക് നിന്നു പോയി. മേരി ബാഗിൽ നിന്നും വേഗത്തിൽ ലാറ്റക്‌സ് ഗ്ലൗസുകൾ എടുത്തണിഞ്ഞു. ആകാംക്ഷ മുറ്റി ടാർപ്പോളിൻ അവൾ വലിച്ചെറിഞ്ഞു. ഞൊണ്ടിയും തുമ്മിയും അവൾ അതിനരികിലേക്ക് ഫോണെടുത്ത് വെളിച്ചം തെളിയിച്ചു. പച്ച നിറത്തിലുള്ള ഒരു ജിപ്‌സിയായിരുന്നു അത്. മേരി നമ്പർ ഫോട്ടോയെടുത്തു. പിറകുവശം പ്ലാസ്റ്റിക് ഷീറ്റ് വച്ച് മൂടിയിരുന്നു. പഴക്കമുള്ളതാണ്. വണ്ടി ലോക്ക് ചെയ്തിട്ടില്ല. ആവശ്യമുള്ള സമയം മേരിക്കുണ്ടായിരുന്നു. അവൾ വളരെ പതുക്കെ ഓരോ മുക്കും മൂലയും ഫോൺ തെളിയിച്ച് പരിശോധിച്ചു കൊണ്ടിരുന്നു. കബോഡ് തുറന്നപ്പോൾ ഒഴിഞ്ഞ സിഗററ്റിന്റെ കൂട്, നൂറുരൂപയുടെ മുഷിഞ്ഞ നോട്ട്, ചില്ലറനാണയങ്ങൾ, വിക്‌സ് ഇൻഹേലർ, ഒരു പെൻഡ്രൈവ്, സിഗററ്റിന്റെ ഫിൽറ്റർ കഷ്ണങ്ങൾ, ഒഴിഞ്ഞ ചിപ്‌സ് പാക്കറ്റുകൾ കോളക്കാനുകൾ, പ്ലാസ്റ്റിക് കവറുകൾ കടലാസുകൾ ചാർജ്ജർ വള്ളികൾ എന്നിവ ഉണ്ടായിരുന്നു. അഴുക്ക് കാരണം അവൾക്ക് അറപ്പ് തോന്നി. പെൻഡ്രൈവ് ഒരു കടലാസു കൊണ്ട് മേരിയെടുത്ത് ഒരു പ്ലാസ്റ്റിക്കവറിൽ ഇട്ടു.

കൈവിരലുകൾ പതിഞ്ഞ് പൊടിയിൽ വിരലടയാളങ്ങൾ പെടാതിരിക്കുന്നതിനും സന്ദർശനം മനസിലാക്കാതെയിരിക്കുന്നതിനും കരുതലെടുത്തിരുന്നു. ഒറ്റനോട്ടത്തിലേ ജീപ്പിനുള്ള് കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്ന് മനസിലാകും. പിന്നേയും വന്ന് അടിഞ്ഞ പൊടിക്ക് പോലും തൊടാൻ കഴിയാതിരുന്ന ഭാഗങ്ങളിൽ നിന്നും മേരിയത് മനസിലാക്കി. പിറകുവശം കവർ വച്ച് മൂടിയിരുന്നതിനാൽ അത് പിന്നീട് എന്ന് അവൾ മാറ്റി വച്ചു. സീറ്റിംഗ് കാബിനിലെ പരിശോധന കഴിഞ്ഞപ്പോഴേക്കും ഏകദേശം പതിനഞ്ചോളം മിനിറ്റ് കടന്നു പോയിരുന്നു. അവിടെ നിന്നുമിറങ്ങി മേരി ജിപ്‌സിയുടെ മുൻഭാഗങ്ങളിലേക്ക് പോയി. പൊടിയുള്ള ഭാഗത്ത് മേരി ഊതി. മുൻഭാഗത്തെ ബൾബ്ബിനു അരികിലായി, ജിപ്‌സിയുടെ പച്ച നിറത്തിനു മുകളിൽ ഒരു മറൂൺ നിറത്തിൽ പെയ്ന്റ് ഒട്ടിപ്പിടിച്ചതായി കണ്ടു. മേരി കൈകളിൽ കരുതിയിരുന്ന കത്തി കൊണ്ട് അതിലെ ചെറിയ ഒരു ഭാഗം ഉരസി പൊടിച്ചെടുത്ത് പ്ലാസ്റ്റിക് കവറിനുള്ളിൽ സൂക്ഷമതയോടെ നിക്ഷേപിച്ചു. പിക് അപ് വാഹനം പോലെ ജീപ്പ് ഉപയോഗിച്ചിരുന്നതിനാൽ പിറകിൽ സീറ്റുകൾ ഘടിപ്പിച്ചിരുന്നില്ല. മുൻഭാഗം വൃത്തിയായി കഴുകിയിരുന്നെങ്കിൽ പിൻഭാഗം വൃത്തികുറവായിരുന്നു. ഏതാനും ഉപകരണങ്ങൾക്കൊപ്പം അവിടെ പൊടിയുടെ അളവ് കൂടുതൽ കാണപ്പെട്ടു. ചങ്ങലകൾ, കയറുകൾ, മരക്കഷ്ണങ്ങൾ, ചുറ്റിക, സ്പാനർ, ബെൽറ്റ്, ഇരുമ്പ്കട്ട എന്നിങ്ങനെയുള്ള അല്ലറചില്ലറ സാധനങ്ങൾ എടുത്ത് മാറ്റുന്നതിനുള്ള മടികാരണം വൃത്തിയാക്കുവാൻ വിട്ടതാകാമെന്ന് മേരി ഊഹിച്ചു. തുരുമ്പിന്റെ മണം അവൾ അനുഭവിച്ചു. വണ്ടിയുടെ ഒരു മൂലയിൽ പച്ചപ്പ് നഷ്ടപ്പെട്ട് തുടങ്ങിയ ഏതാനും ഇലകളും മഞ്ചാടിക്കുരുക്കളും വീണു കിടപ്പുണ്ടായിരുന്നു. പത്ത് പന്ത്രണ്ടെണ്ണം കാണും. മഞ്ചാടിക്കുരുക്കളെ മൂടിയ ബീൻസ് വളഞ്ഞ് ഉണങ്ങി നിന്നു. അതിലിപ്പോഴും കടുത്ത് ചുവപ്പു നിറത്തിലുള്ള മഞ്ചാടിയൊരെണ്ണം ഒട്ടിപ്പിടിച്ച് കിടപ്പുണ്ടായിരുന്നു. മേരി താഴെക്കിടന്ന രണ്ടെണ്ണം ഗ്ലൗസുപയോഗിച്ച് പെറുക്കിയെടുത്തു. മഞ്ചാടിക്കുരുക്കളുടേയും പെയിന്റിന്റേയും രണ്ടുമൂന്ന് ഫോട്ടോകൾ കൂടിയെടുത്തു കഴിഞ്ഞ് ചെരുപ്പ് ധരിച്ച് തിരിച്ചു പോകുവാൻ ഒരുങ്ങി. ഭൂഗർഭമായതിനാൽ ഫോണിൽ റേഞ്ച് ഉണ്ടായിരുന്നില്ല. എന്നിട്ടും ധൃതി പിടിച്ച് ഒരു ടെക്സ്റ്റ് മെസേജ് അവൾ ടൈപ്പ് ചെയ്തു.

Green GypsyDLX 43 1972Parking area 12eFloor -3

ആദ്യം അയച്ച മെസേജ് അപ്പോൾ തന്നെ ഫെയിൽ ആകുന്ന നോട്ടിഫിക്കേഷൻ ശബ്ദവും ലിഫ്റ്റ് താഴേക്ക് വന്നിറങ്ങുന്ന ശബ്ദവും ഒരുമിച്ച് അവിടെ മുഴങ്ങി. ലിഫ്റ്റിൽ നിന്നും ഇറങ്ങി വന്ന സെക്യൂരിറ്റിയുടെ ടോർച്ചിന്റെ പ്രകാശം കണ്ണുകളിൽ വീണപ്പോൾ അവൾ മുഖം തിരിച്ചു.
""എന്താ മാഡം ഈ ഫ്‌ലോറിൽ?'' അയാൾ ചോദിച്ച് കൊണ്ട് അടുത്തേക്ക് വന്നു.
""ഫ്‌ളോർ തെറ്റിപ്പോയെന്ന് തോന്നുന്നു''.
""തോന്നലല്ല ഉറപ്പാണ്. ഈ നില കമ്പനി ഉടമസ്ഥരുടേയും മാനേജർമാർക്കും മാത്രമാണ്.''
""ഐഡി കാർഡ് കാണിക്കൂ'' അവൾ ഐഡി കാർഡ് ഊരിക്കൊടുത്തു.
ഐഡി കാർഡിലേക്കും അവളുടെ മുഖത്തേക്കും അയാൾ വെളിച്ചം പായിച്ച് നോക്കി കാർഡ് തിരികെ കൊടുത്തു.
""പുതിയ അപ്പോയ്ന്റ്മന്റ് ആണല്ലേ?''
""അതെ''. അയാൾ ലിഫ്റ്റ് ഓപ്പൺ ചെയ്ത് മേരി കയറുവാനായി വഴി കൊടുത്തു. ഉള്ളിൽ കയറി ഏത് ഫ്‌ളോർ എന്ന് ചോദിച്ചു. രണ്ട് നിമിഷത്തേക്ക് മേരി നിശബ്ദയായി.
""എന്റെ കാൽ മടങ്ങി നീരു വച്ചു.'' അവൾ ചെരിപ്പ് ഊരി കാണിച്ചു. സെക്യൂരിറ്റിക്കാരനു വിശ്വാസമായി
""ഫസ്റ്റ് ഐഡ് ബോക്‌സിൽ വല്ല ക്രീമോ മറ്റോ ഉണ്ടോ?''
""ഉവ്വ് കാണും''. അയാൾ ലിഫ്റ്റിൽ നിന്നും ഇറങ്ങി ടോർച്ച് തെളിയിച്ച് ക്രീം എടുക്കാനായി നടന്നു. പെട്ടെന്ന് പിറകിലെ ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി. മേരിയുടേയും സുരക്ഷാജീവനക്കാരന്റേയും നോട്ടത്തിന്റെ നൂൽ അടഞ്ഞുകൊണ്ടിരിക്കുന്ന ലിഫ്റ്റിന്റെ വാതിൽ മുറിച്ചു കളഞ്ഞു.

പിറ്റേന്ന് മുഴുവൻ മേരിയും സോളമനും കിടക്കയിൽ തന്നെ ദിവസം കഴിച്ചു കൂട്ടി. ഉറക്കം, ചീട്ട് കളി, നൂറാം കോൽ, വീഡിയോ ഗെയിംസ് എന്നിവയുമായി അവർ സമയം തള്ളി നീക്കി. ഫ്രിഡ്ജിൽ ഉണ്ടായിരുന്ന ഐസ്‌ക്രീമുകളും ചോക്ലേറ്റുകളും പഴങ്ങളും പഴച്ചാറുകളും ഇതിനിടെ കാലിയായി. ആരോ പതുക്കെ പുലർച്ചയെ നീലയിൽ നിന്നും മഞ്ഞയിലേക്കും അതിൽ നിന്നും വൈകുന്നേരത്തെ ചുവപ്പിലേക്കും മാറ്റി വരക്കുവാൻ തുടങ്ങി. നഗരത്തിലപ്പോൾ തിരക്ക് കൂടി. ബസിൽ, മെട്രോയിൽ, തെരുവിൽ, കടകളിൽ, ടാക്‌സികളിൽ വൈകീട്ട് ജോലി കഴിഞ്ഞ് പോകുന്നവർ ആശ്വാസം കൊണ്ടു.

""നമുക്കൊന്ന് നടക്കാൻ പോകാം?'' കാലിലെ വേദന കുറഞ്ഞപ്പോൾ മേരി സോളമനോട് അന്വേഷിച്ചു. പുറത്ത് പടിഞ്ഞാറു നിന്നും മഞ്ഞ നിറം പതിവിലും കവിഞ്ഞ് ഒഴുകി. ആ വെളിച്ചത്തിൽ വിശ്വാസമർപ്പിച്ച് മൈതാനത്തെ കുട്ടികൾ മൂന്നോവർ മാത്രമുള്ളൊരു ക്രിക്കറ്റ് മാച്ച് തുടങ്ങി. കുറച്ചു നേരം മുൻപ് ഉറങ്ങിപ്പോയ ഒരാളെഴുന്നേറ്റ് പകച്ച് കുറച്ചധികം നേരം ഉറങ്ങിപ്പോയല്ലോ രാത്രി തീർന്നു പോയല്ലോ പുലർച്ച ആറര ആയല്ലോ എന്നു കരുതി മുഖം കഴുകുന്നതിനായി കുളിമുറിയിലേക്ക് കയറി. പക്ഷികൾ തീറ്റയുമായി കൂടുകളിൽ വായപൊളിക്കും കുഞ്ഞുങ്ങളിലേക്ക് പറന്നു. സോളമനും മേരിയും നഗരത്തിലൂടെ നടന്നു.
ഈയാം പാറ്റകൾ മണ്ണിനടിയിൽ നിന്നും പറന്നു വന്ന് പ്രകാശത്തിനു ചുറ്റും പാറി കളിച്ചതിന്റെ അടുത്ത ദിനം ഈയാം പാറ്റകളുടെ ചിറകുകൾ മാത്രം തിരിഞ്ഞ് കളിച്ച കാറ്റിൽ; സോളമനും മേരിയും നടന്നു. റോഡിനപ്പുറത്തു നിന്നും നോക്കിക്കൊണ്ടിരുന്ന ഒരാൾ ഈ ചിറകുകൾ ഇവരിൽ നിന്നും തന്നെയാണോ പൊഴിഞ്ഞു പോയതെന്ന് സംശയിച്ച് കടല കൊറിച്ചു കൊണ്ടിരുന്നു. അതിനപ്പുറത്തുകൂടെ സ്‌കൂട്ടറിൽ മീൻ വിൽക്കുന്നയാൾ ഈ ചിറകുകൾ ഭൂമിയിലേക്ക് തിരികെ എത്തുന്നതിനു മുൻപ് തന്റെ മീനുകളുമായി സുരക്ഷിത സ്ഥാനത്ത് എത്തിപ്പെടണമെന്ന് ആലോചിച്ച് ആക്‌സിലേറ്റർ തിരിച്ചു വിട്ടു. തടി കുറക്കുവാൻ ശ്രമിക്കുന്നവർ റോഡരികിലൂടെ ആഞ്ഞ് നടന്ന് വിയർത്ത് മൈതാനത്തിലേക്ക് കയറിപ്പോയി. വയറു കുറക്കുവാൻ നടക്കുന്ന സ്ത്രീകൾ വയർ ഉള്ളിലേക്ക് പിടിച്ച് അവിടെ നിന്നും ഇറങ്ങി വന്നു.

പെട്ടെന്ന് മേരിക്ക് വെളിപാട് വന്നു. ട്രാഫിക്കിനു നടുവിൽ നിന്ന് സോളമന്റെ പിൻകഴുത്തിൽ വളരുന്ന പാലുണ്ണിയെ ഓമനിക്കണം. അവന്റെ കൈകൾ പിടിച്ച് റോഡിലേക്ക് ഇറങ്ങിയ സമയം ഒരു കാർ അവളെ ഉരസി കടന്നു പോയി. താഴെ വീണ അവളുടെ കൈത്തണ്ടയിൽ രക്തം പൊടിഞ്ഞു. എഴുന്നേറ്റു നിന്ന മേരി സോളമന്റെ തോളിൽ തലകറങ്ങി വീണു.
ആളുകൾ അവരെ ശ്രദ്ധിച്ചു. അടുത്തുള്ള എടിഎം സെക്യൂരിറ്റിക്കാരൻ വന്ന് അവളുടെ മുഖത്ത് വെള്ളം തളിച്ചു . കണ്ണ് തുറന്നപ്പോൾ കുടിക്കുവാനുള്ള വെള്ളം കൊടുത്തു. പെൺകുട്ടിക്ക് വലിയ കുഴപ്പമൊന്നുമില്ല എന്ന് കണ്ട് ബാക്കിയെല്ലാവരും അവരവരുടെ വഴിക്ക് പോയി. മുറിഞ്ഞ കൈകൾ കാണിച്ചു ബാൻഡ് ഐയ്ഡ് വേണമെന്ന് ആംഗ്യം കാണിച്ചു കൊണ്ട് അവളവിടെ തന്നെ ഇരുന്നു.

എടിഎം നു പകരം സെക്യൂരിറ്റി അവൾക്കായി കാവൽ നിന്നു.
എതിർഭാഗത്തെ റോഡിലുള്ള സൂപ്പർ മാർക്കറ്റിൽ പോയി സോളമൻ ബാൻഡ് ഐഡും തണുത്ത വെള്ളവുമായി വന്നപ്പോൾ സെക്യൂരിറ്റിക്കാരൻ എടിഎം നു അടുത്തുള്ള കസേരയിൽ ഇരിപ്പുണ്ടായിരുന്നു. റോഡരികിലെ മരത്തിനു പിറകിൽ ഒളിച്ചു നിൽക്കുന്ന മേരി തന്നെ ഭയപ്പെടുത്തുവാൻ വരുന്ന സന്ദർഭം സോളമൻ സങ്കൽപ്പിച്ചു. സോളമനു പെട്ടെന്ന് മേരിയുടെ കഴുത്തിലെ കാക്കപുള്ളി ഓർമ വന്നു. അതേ സമയം 23513 ഇലകളുണ്ടായിരുന്ന മരത്തിൽ കാറ്റടിച്ച് മൂന്ന് പഴുത്തില കൊഴിഞ്ഞു. അതേ സമയം കണ്ണട വച്ച ഒരാൾ തൊട്ടടുത്ത ഗിഫ്റ്റ് ഷോപ്പിൽ വച്ചിരുന്ന സാമ്പിൾ സുഗന്ധദ്രവ്യക്കുപ്പിയൊന്ന് തുറന്ന് ദേഹത്തിലിറ്റിച്ചു മണത്ത് നോക്കി തിരികെ വച്ചു. അപ്പോൾ തന്നെ തണ്ണിമത്തൻ മുന്തിരി പപ്പായ ആപ്പിൾ കൈതച്ചക്ക വാഴപ്പഴം തുടങ്ങിയവ മുറിച്ച് ചെറുകഷ്ണങ്ങളാക്കി വിൽക്കുന്ന സ്ത്രീയുടെ കൈകളിൽ നിന്നും 25 രൂപ വിലമതിക്കുന്ന പഴപ്പാത്രം നിലത്തു വീണു. അതേ സമയം സെക്യൂരിറ്റി സമയം കളയുവാൻ എടിഎം ലെ നീല നിറമുള്ള വസ്തുക്കളെ എണ്ണി. അതേ സമയം നൂറു വാരയകലെയൊരു ബസിലിരുന്ന് മേരി സോളമന്റെ മുഖം ഓർത്തു. മേരിയെക്കാണാതെ തിരഞ്ഞ സോളമനോട് സെക്യൂരിറ്റി ദൂരെ ദൂരെ ദൂരെയെന്ന് അകലേക്ക് വിരൽ ചൂണ്ടിക്കാണിച്ച അതേ സമയം 23510 ഇലകളുള്ള മരത്തിന്റെ പഴുത്ത് കൊഴിഞ്ഞ ഇലയിൽ നിന്നും ഒരു പുഴു താഴെ വീണ് തെറിച്ച് പോയി പിന്നേയും ഇരുന്ന് ഉറക്കം തൂങ്ങി.
​അതേ സമയം ഗിഫ്റ്റ് ഷോപ്പിലെ സുഗന്ധദ്രവ്യക്കുപ്പി കണ്ണടക്കാരൻ പോക്കറ്റിലാഴ്ത്തി. അതേ സമയം നിലത്തു വീണ, പെറുക്കിയെടുത്ത മുന്തിരികളേയും പൊടി തട്ടിക്കളഞ്ഞ ആപ്പിൾക്കഷ്ണത്തേയും സ്ത്രീ വീണ്ടും മറ്റൊരു പഴപ്പാത്രത്തിൽ വച്ചു. നൂറ്റി നാല് വാര അകലെ വച്ച് മേരി സീറ്റിൽ കണ്ണടച്ച് തലചായ്ച്ചു. മോഷണമുതലുമായി ഗിഫ്റ്റ് ഷോപ്പിൽ നിന്നും ഓടിയ കണ്ണടക്കാരൻ പുഴുവിനെ ചവിട്ടിയരച്ച്, തെറിച്ചു വീണ മുന്തിരികളെ കുനിഞ്ഞു പെറുക്കിയെടുക്കുകയായിരുന്ന പഴക്കാരിക്ക് മുകളിലൂടെ ചാടി, പിടിക്കാനായി ഓടിയടുത്ത സെക്യൂരിറ്റിയെ ഇടിച്ച് തെറിപ്പിച്ച്, 110 വാര അകലെയുള്ള ബസിനെ ലക്ഷ്യമാക്കിയോടി. ശബ്ദം കേട്ട് സീറ്റിൽ ചാരി സോളമന്റെ മുഖത്തെ മറക്കുവാൻ ശ്രമിക്കുകയായിരുന്ന മേരി തിരിഞ്ഞ് കണ്ണടക്കാരനെ നോക്കി. അതേ സമയം സോളമനും കണ്ണടക്കാരനെ നോക്കി. രണ്ട് പേരും ആ കാഴ്ചക്ക് ശേഷം കണ്ണുകൾ പിൻവലിച്ചു. കണ്ണടക്കാരനിൽ വച്ച് കണ്ടുമുട്ടിയ ഇരുവരുടേയും കാഴ്ചകൾ പരസ്പരം ചിരിച്ച് കൈവിരലാൽ തൊട്ട് പിരിഞ്ഞു. ലോകത്ത് ചിലരെ മാത്രം വലയം ചെയ്തിട്ടുള്ള ശൂന്യത സോളമനെ അപ്പോൾ വന്ന് പൊതിഞ്ഞു.

ഇരുപത്തിയൊന്നാമത്തെ ഓർമ കഥ നിർത്തി.
""എന്നാൽ അബോധപരമായി സോളമൻ മേരിയെ കണ്ടുവെന്നും പോകുവാൻ അനുവദിച്ചതാണെന്നും പല വാദങ്ങൾ ഞങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.''
""എന്തൊരു സ്ത്രീ'' ഒന്നാം ഓർമ ചെടിച്ചു. ആരും സംസാരിച്ചില്ല
""അവൾ മരണത്തിലേക്ക് പോയതു തന്നെയായിരുന്നോ?'' ഓർമ ചോദിച്ചു
""എല്ലാ മനുഷ്യരും മരണത്തിലേക്ക് തന്നെയാണ് സഞ്ചരിക്കുന്നത്. അതുവരെയുള്ള മുഴുവൻ യാത്രകളുടേയും അവസാന വിശ്രമ കേന്ദ്രത്തിലാകും മേരിയും ബാഗൂരി വച്ചു കാണുക.''
അങ്ങനെ ചിന്തിക്കുവാൻ കാരണങ്ങൾ ഒരുപാടാണ്.
1: മേരി മുറിവിൽ ബാൻഡൈഡ് വച്ചിരുന്നില്ലായിരുന്നു. ബാൻഡൈഡ് വക്കുന്നത് അവൾക്കിഷ്ടമായിരുന്നു അതുപോലെത്തന്നെ ഇടയ്ക്കിടെ പിച്ചി പൊളിച്ചു മുറിവുണങ്ങിയോയെന്ന് തൊട്ട് നോക്കുന്നതും. അതിനിടയിൽ കുടുങ്ങിയ ചെറുരോമങ്ങൾ ബാൻഡൈഡ് വലിക്കുമ്പോൾ പറിഞ്ഞു പോരുന്ന വേദന അവളെ ലഹരി പിടിപ്പിക്കുമായിരുന്നു.
2: പുറത്തിറങ്ങുമ്പോൾ കൂടെക്കൂട്ടാറുള്ള ബാഗ് എടുത്തിരുന്നില്ല. മിക്ക സ്ത്രീകളും ബാഗുകളെ ഉപയോഗിച്ചിരുന്നത് കവചമായിട്ടായിരുന്നുവെങ്കിലും മേരിക്കത് ശരീരത്തിലെ മറ്റൊരവയവമായിരുന്നു.
3: മുറിയിൽ അവൾ വിരിച്ചിട്ട ജീൻസുകൾ, ഷർട്ടുകൾ, ബനിയനുകൾ, പാവാടകൾ, പാന്റീസുകൾ, ബ്രാകൾ, ഉടുപ്പുകൾ എന്നിങ്ങനെ പതുക്കെപ്പതുക്കെയുണങ്ങിയും ഇടയ്ക്ക് പെയ്യുന്ന മഴയിൽ ജനലിലൂടെ ഈറനടിച്ചും കിടന്നു. വെളുത്ത നിറത്തിലുള്ള ഒരു പാവാടയിൽ കരിമ്പൻ പുള്ളികൾ പടർന്നു.
4: സോക്‌സുകൾ കഴുകിയിട്ടിരുന്നില്ല. മഞ്ഞുകാലത്ത് വെള്ളം ഇറ്റു വീണ സോക്‌സുകൾ ഉറഞ്ഞു പോകുമ്പോൾ ഒടിച്ച് നോക്കുന്നത് മേരിയുടെ ഇഷ്ടങ്ങളിലൊന്നായിരുന്നു.
5: പുളിയുള്ള രസം കുടിക്കുവാൻ കൊതിച്ചു നിൽക്കയായിരുന്നു.
6: ഇന്നു രാത്രി പച്ച ചായത്തിൽ മേഘങ്ങളെ ദേഹത്തിൽ വരക്കാമെന്നേൽക്കുകയും അതു ഊതി പറത്തുവാൻ അനുവാദം നൽകുകയും ചെയ്തിരുന്നു.
7: യാത്ര ചെയ്യുവാൻ മേരിക്കിഷ്ടമായ ഋതുവായിരുന്നില്ല.
8: പോകുന്നതിനു മുൻപ് സാധാരണയായി ചെയ്യാറുള്ള കുറിപ്പ് എഴുതിയില്ലായിരുന്നു.
9: അവളുടെ ഇഷ്ടപ്പെട്ട ബ്രാൻഡ് സിഗാർ എടുത്തിരുന്നില്ല.
10: ഓർഡർ ചെയ്ത പിസയുടെ രണ്ട് കഷ്ണങ്ങൾ ബാക്കിയുണ്ടായിരുന്നു മുറിയിൽ.
11: ഏകാന്തതക്ക് മന്ത്രിയെ ഏർപ്പാട് ചെയ്ത ഗവൺമന്റ് പ്രവൃത്തിയെക്കുറിച്ച് സംസാരിച്ച് പകുതിയാക്കിയതേ ഉള്ളുവായിരുന്നു.
12: താൻ പോയാൽ അനാഥമായേക്കാവുന്ന പോസ്റ്റ്‌ബോക്‌സുകളും ഫ്‌ളാറ്റിലെ പതിവുകാർക്ക് തിരികേ വന്നേക്കാവുന്ന സങ്കടങ്ങളേയും മേരിക്കറിയാമായിരുന്നു.
13: ഹെയർ സ്‌റ്റൈൽ മാറ്റാമെന്നും പർപ്പിൾ നിറത്തിൽ മുടി കളർ ചെയ്യാമെന്നും സോളമന് ഉറപ്പ് കൊടുത്തിരുന്നു.

ഒരു പക്ഷെ ഈയാം പാറ്റകളുടെ ചിറകുകൾ പറന്നു കളിക്കുന്ന കാറ്റുള്ള ദിവസങ്ങളിലൊന്നിൽ മേരി മടങ്ങിയെത്തിയേക്കും എന്ന വിശ്വാസത്തിൽ തിരിച്ചെത്തുന്ന ദിവസം അവളെ കാണിക്കുവാനായി ചിലന്തി വലകൾ, ഉറുമ്പിൻ വഴികൾ, പാമ്പ് പൊഴിച്ച പടം, കടലാസു കഷ്ണങ്ങൾ അതിൽ പുതിയ കാമുകിമാരുടെ ഫോൺ നമ്പറുകൾ എന്നിവ സോളമൻ ഒരുക്കി വച്ചിരുന്നു.

എന്നാൽ ദിവസങ്ങൾക്കുള്ളിൽ മേരിയുടെ മരണവാർത്തയുമായി പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു ഫോൺകോൾ സോളമനെത്തേടിയെത്തി. മേരിയുടേയും മൃതദേഹം ഏറ്റുവാങ്ങുവാൻ നിയമാനുസൃതമായി അവകാശപ്പെട്ടവരുടേയും വിവരങ്ങൾ അവർ തിരക്കി. പ്രഥമ ദൃഷ്ടിയിൽ സ്വയം ജീവനൊടുക്കുകയായിരുന്നു മേരി. ലഭിച്ച ആത്മഹത്യാ കുറിപ്പ് അതിനു അടിവരയിടത്തക്കതാണെന്ന് പൊലീസുകാരൻ അറിയിച്ചു. മുഖം തിരിച്ചറിയുവാൻ സാധിക്കാത്ത രീതിയിലായിരുന്നു കണ്ടെടുക്കപ്പെട്ട ബോഡി. എങ്കിലും കാറിലെ കമ്പാർട്ട്‌മെന്റിൽ നിന്നും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ആത്മഹത്യാ കുറിപ്പും തിരിച്ചറിയൽ രേഖകളും മൊബെെൽ ഫോണും ലഭിച്ചത് അന്വേഷണത്തെ സഹായിച്ചു. മൃതദേഹം തിരിച്ചറിയുവാൻ ബന്ധപ്പെട്ടവർ ഉടൻ എത്തേണ്ട ആവശ്യം പൊലീസുകാരൻ ഔദോഗികമായി കൈമാറി. "മൊബെൽ സിം പരിശോധിച്ചതിൽ കൂടുതൽ തവണ കോൾ പോയിട്ടുള്ളത് നിങ്ങളുടെ നമ്പറിലോട്ടായിരുന്നു.' അതാണ് പൊലീസുകാരൻ സോളമനെ വിളിക്കുവാനുണ്ടായ കാരണം. എങ്ങനെ, എന്ത്, എപ്പോൾ എന്ന് മറുത്ത് ഒരക്ഷരം ചോദിക്കാതെ സോളമൻ മേരിയുടെ കൂടെ മുൻപ് താമസിച്ചിരുന്ന ഒരുവളുടെ ഫോൺ നമ്പർ പൊലീസുകാരനു നൽകി.

""മേരിയെ കാണണം പോലെ'' അതുവരേയും സമാധാനപരമായി കഥ കേട്ടു കൊണ്ടിരുന്ന സോളമൻ അപ്രതീക്ഷിതമായി കണ്ണുനിറച്ചു. സോളമന്റെ വിഷാദാത്മകമായ ശബ്ദത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബാക്കി ഓർമകളും കണ്ണു തുറന്നു.▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments