ചിത്രീകരണം: ശ്രീജിത്ത് പി.എസ്

3am

അധ്യായം ആറ് തുടർച്ച

ന്നമ്മേച്ചിയമ്മയുടെ കൈകളിൽ നിന്നും മറ്റാരുടെയെങ്കിലും കൈകളിലേക്ക് മാറുന്ന വ്യത്യാസം മനസിലാക്കുന്നതിനും അതനുസരിച്ച് കരയുന്നതിനും വിദഗ്ധയായിരുന്നു മേരി. അഴുക്ക് കറുപ്പു നിറം പകരാറുള്ള കൈനഖത്തിന്റെ അരികുകൾ കടിച്ചു പറിച്ച് ചെറുകഷ്ണങ്ങളാക്കി വിഴുങ്ങാറുള്ള അന്നമ്മേച്ചിയമ്മയുടെ ശീലത്തിനു സ്വന്തം വയറിളക്കി ഒരു അറുതിയുണ്ടാക്കി മേരി. അതോടെ അപ്പനും അഴുക്കു പിടിച്ച വിരലുകൾ ഇനി കണ്ടുപോകരുതെന്ന് താക്കീത് ചെയ്തു. അതൊന്നും അന്നമ്മേച്ചിയെ കുലുക്കിയില്ലയെന്നു മാത്രമല്ല ""ഒന്നു പോ മൈ**'' എന്നവർ മനസിൽ പറഞ്ഞത് കേട്ട് ആലീസ് മാത്രം ചിരിച്ചു. എന്നാൽ കപ്പലണ്ടി തൊണ്ടോടെ മാത്രം തിന്ന് ശീലിച്ച അവർക്ക് രഹസ്യമായി അകത്താക്കാറുള്ള വൃത്തിയുള്ള നഖങ്ങളുടെ രുചി അത്ര ബോധിച്ചില്ല. മേരിയുടെ ഗൂഢ ഉറക്കത്തിന്റെ അളവ് മനസിലാക്കി അടുക്കളയിൽ പോയി പാത്രങ്ങളെല്ലാം തേച്ചു കഴുകി കറുപ്പിച്ചെടുത്ത നഖങ്ങളെ കടിച്ചു പൊട്ടിച്ച് അത് വീണ്ടും ചെറു ചെറു കഷ്ണങ്ങളാക്കി ഉമിനീരിലിട്ട് കുഴമ്പ് രൂപത്തിലാക്കി രുചിച്ച് രഹസ്യമായി അന്നമ്മേച്ചി ആസ്വദിച്ചു. അതേ സ്വഭാവം മേരി പിൽക്കാലത്തിൽ പരിചയിച്ചു. അതിനിടയിലാണ് മേരി താടിക്കാരെ മനസിലാക്കി തുടങ്ങിയത്. താടി വച്ച് ആരു വന്നാലും വായ പൊളിച്ച് കാറി തന്റെ വിദ്വേഷം അവൾ രേഖപ്പെടുത്തി. അങ്ങനെയൊരു കരച്ചിലിനിടക്കാണ് അന്നമ്മേച്ചി അപ്പുചോന്റെ കഥ പറഞ്ഞ് മേരിയുടെ വായ അടപ്പിക്കുകയും കണ്ണുകളെ കൗതുകം കൊണ്ട് വിടർത്തുകയും ചെയ്തത്. വയലുകളിൽ വെയിൽ വിരിച്ചിട്ട മഞ്ഞ നിറം പോലെ വരൾച്ച പരന്ന, ഗോഹത്യ പാപമായ നാട്ടിലായിരുന്നു അപ്പുചോൻ ജീവിച്ചതും മരിച്ചതും. അവിടൊരു നാളിൽ ഭക്ഷണവും വെള്ളവുമില്ലാതെ ചെടികളും ജീവികളും വലഞ്ഞു. അപ്പുചോനു വീട്ടിൽ രണ്ടു പശുക്കളും രണ്ടു മക്കളും ഉണ്ടായിരുന്നു. തന്റെ കൃഷിഭൂമി ഉഴുതുമറിക്കുവാനാണ് കറവയില്ലാത്ത പശുക്കളെ അപ്പുച്ചോൻ ഉപയോഗിച്ചിരുന്നത്. പട്ടിണി തുടങ്ങി ഏറെ നാളായും മഴ വരാഞ്ഞ് ചെടികൾ കരിഞ്ഞ് മണ്ണടിഞ്ഞു. പുല്ലും വൈക്കോലും കാടിയുമില്ലാതെ പശുക്കൾ തങ്ങളുടെ എല്ലുകൾ കൂടുതൽ വ്യക്തമായി അപ്പുച്ചോനു കാണിച്ചു കൊടുത്തു. അപ്പുചോനും ചെയ്യുവാനൊന്നുമില്ലായിരുന്നു. പട്ടിണി, മക്കൾക്ക് പങ്കിട്ട് കൊടുത്തു കൊണ്ട് അവർക്കൊപ്പം അയാളും മെലിഞ്ഞു. അയൽക്കാരനായ കുഞ്ഞോന്റെ മക്കൾ പട്ടിണിയും അസുഖവും വന്ന് മരിച്ചത് ഗ്രാമത്തിനൊപ്പം അയാൾക്കും നോക്കി നിൽക്കേണ്ടിവന്നു. വിശന്നു തളർന്ന മക്കൾ മോഹാലസ്യപ്പെട്ട രാത്രിയിൽ തന്റെ പശുക്കളിലൊന്നിനെ അടിച്ചു കൊന്ന് തോലുരിച്ച് ഇറച്ചി വേവിച്ച് കുട്ടികൾക്ക് കൊടുത്തു അപ്പുചോൻ. എന്നാൽ ഒരു പശുവിന്റെ ഇറച്ചി കൊണ്ട് ആ നീണ്ട വേനൽ കാലം മറികടക്കുവാൻ അപ്പുച്ചോനു സാധിച്ചില്ല. ഇറച്ചി കഴിഞ്ഞപ്പോൾ പട്ടിണി വീണ്ടും ആ വീട്ടിൽ സന്ദർശനം നടത്തി. കലപ്പയും തൊഴുത്തും വൈക്കോൽ തുറുവായിരുന്ന ഉണങ്ങിയ പഞ്ഞി മരവും ബാക്കിയാക്കി രണ്ടാമത്തെ മിണ്ടാജീവിയേയും അപ്പുചോൻ കൊന്ന് മക്കളുടെ വിശപ്പകറ്റി. കഴിഞ്ഞ വട്ടം പോലെ ഈ വട്ടം അയാൾ കരഞ്ഞില്ല. ഗ്രാമം മുഴുവൻ മെലിഞ്ഞപ്പോഴും അപ്പുചോന്റെ മക്കൾ മാത്രം കൊഴുത്തുരുണ്ടു. പശുക്കളെവിടെപ്പോയെന്ന് ചോദിച്ചവരോടൊക്കെ അടുത്ത ഗ്രാമത്തിലെ ബന്ധുവിനെ ഏല്പിച്ചെന്നു പറഞ്ഞു. പശുവിറച്ചിയുടെ അവസാന കഷ്ണം വേവിച്ച ദിവസം ഗ്രാമത്തിൽ മഴ വന്നു. സന്തോഷം കൊണ്ട് നാട്ടുകാർ നൃത്തം വച്ചു. വയലുകളിലെല്ലാം കൃഷിയിറങ്ങി. അപ്പുചോന്റെ വയലിൽ മാത്രം കളകൾ മുളച്ചു. അടുത്ത ഗ്രാമത്തിലേല്പിച്ച പശുക്കളെ തിരിച്ചു കൊണ്ടു വരുവാൻ ആളുകളയാളെ നിർബന്ധിച്ചു. ചുറ്റും നോക്കി നിന്ന അപ്പുചോന്റെ വയൽ, ഗർഭിണിയാകാത്ത ഭാര്യയെപ്പോലെ അയാളെ പ്രതീക്ഷയോടെ നോക്കി. ആളുകളെല്ലാം ഉറങ്ങിക്കഴിഞ്ഞ രാത്രിയിൽ തടിച്ചുരുണ്ട മക്കളെ പശുക്കളുടെ തോലണിയിച്ച് നുകത്തിൽ കെട്ടി അപ്പുചോൻ കലപ്പ വലിപ്പിച്ചു. കലപ്പ ഒരു ബ്രഷ് പോലെ മണ്ണിലുരസിയുരസി നീങ്ങി. ഇളകിയ മണ്ണിന്റെ ചിത്രം അത് വരച്ചുകൊണ്ടിരുന്നു. നനഞ്ഞ മണ്ണിൽ കലപ്പ വന്നു വീണപ്പോൾ മണ്ണൊന്ന് പുളഞ്ഞു പിന്നെ സുഖം പിടിച്ചു കിടന്നു. രാത്രികളിൽ വയലുഴുതു കൊണ്ട് ജമീന്ദാരിൽ നിന്നും കടം വാങ്ങിയ വിത്തിൽ അപ്പുചോൻ കൃഷിയിറക്കി. വയലിനപ്പുറമുള്ള ക്ഷേത്രത്തിലെ ആളുകൾ അതിനകം കഴിഞ്ഞ വരൾച്ച സമയത്ത് അപ്പുചോൻ പശുക്കളെ കൊന്നു തിന്നെന്ന വാർത്തയറിഞ്ഞ് തടിച്ചു കൂടി. കൂട്ടം കൂട്ടമായി അവർ വയലിന്റെ വരമ്പിലൂടെ അപ്പുചോന്റെ കുടിയിലേക്ക് നടന്നു. അത് കണ്ട് കാട്ടുപോത്തിൻ കൂട്ടം വരിവരിയായി നടന്നു പോകുന്നതായിരിക്കുമെന്ന് കുന്നിൻപുറത്ത് നിന്നും നോക്കിയ ദൈവങ്ങൾക്കും കാട്ടുമനുഷ്യർക്കും തോന്നി. കുടിയിലെത്തിയപ്പോൾ അപ്പുചോൻ തൊഴുത്തിലായിരുന്നു. തൊഴുത്തിലെ പശുക്കൾ അയാളെ നക്കിക്കൊണ്ടിരുന്നു. അയാളവർക്ക് പുല്ലിൻ കെട്ട് നിവർത്തിയിട്ടു കൊടുത്ത് നെറ്റിയിൽ ഉഴിഞ്ഞു കൊണ്ടിരുന്നു. ആൾക്കൂട്ടം നിരാശരായി തിരിച്ചു നടന്നു. എന്താ കാര്യമെന്നോ പശുത്തോലുകളണിഞ്ഞ മക്കൾ പശുക്കളായി മാറുകയായിരുന്നു. മൈ**

അന്നമ്മേച്ചിയുടെ കഥ ഒരു തുണ്ടു പോലും മനസിലായിട്ടല്ല, മറിച്ച് അപ്പുചോൻ അപ്പുചോൻ എന്ന് പറയുമ്പോൾ തെറിക്കുന്ന തുപ്പലത്തിന്റെ തുള്ളികളായിരുന്നു മേരിയെ രസിപ്പിച്ചത്. എന്നാൽ ഭാവിയിൽ അപ്പുച്ചോന്റെ മക്കൾ പശുക്കളായി മാറിയ കഥ പടുകൂറ്റൻ ചെന്നായകളായി മാറുന്ന മനുഷ്യരുടെ അമേരിക്കൻ കെട്ടുകഥകളുമായും വ്യാഘ്രമായി മാറുന്ന ബോക്ഷുവിദ്യയുമായും ചേർത്തു വായിക്കുവാൻ പോകുകയായിരുന്നു മേരി. അന്നമ്മേച്ചിയുടെ തെറികളിലും കഥകളിലും നഖംകടിയിലും, നീന്തിയും ഇഴഞ്ഞും എഴുന്നേറ്റു നിന്നും നടന്നും വീണും മൂത്രമൊഴിച്ചും അപ്പിയിട്ടും മേരി വേഗത്തിൽ വളർന്നു. ഇഴയുവാനും മുട്ടിൽ നടക്കുവാനും നിൽക്കുവാനും നടക്കുവാനും ആലീസവളെ പഠിപ്പിച്ചു. ആലീസിൽ നിന്നും കുന്നിറങ്ങി പുത്തനുടുപ്പുകളും വർണ്ണമേറിയ ബാഗുകളും വാട്ടർ ബോട്ടിലുകളുമായി പള്ളിസ്‌കൂളിൽ പോകുന്ന കുട്ടികളെ നോക്കി അവർക്കൊപ്പം പോകുവാൻ അവൾ വാശി പിടിച്ചു കരഞ്ഞു തുടങ്ങി.

മേരിയുടെ ജീവിതത്തിൽ മരണം തന്റെ അഴിഞ്ഞാട്ടം തുടങ്ങിയ വർഷമായിരുന്നു അത്. രണ്ടാം വയസിൽ തന്റെ അപ്പാപ്പന്റെ മരണത്തെ അന്നമ്മേച്ചിയമ്മയുടെ കൈകളിലും ഒക്കത്തുമിരുന്ന് നോക്കിക്കാണുകയായിരുന്നു മേരി. ഏറെ നാളുകളായി കുടലിലെ പുണ്ണൊന്ന് ഭേദമായിട്ടു വേണം കൊച്ചു മോളെ കൊഞ്ചിക്കുവാനെന്ന പോലെ കിടപ്പിലായിരുന്ന അപ്പാപ്പനെ പോലും അമ്പരിപ്പിച്ചാണു മരണം കടന്നു വന്നത്. ബന്ധുക്കളുടെ അപ്രതീക്ഷിത സന്ദർശനം പോലും സഹിക്കാതിരുന്ന അപ്പാപ്പൻ വായതുറന്നും കണ്ണുകൾ പകുതി പൂട്ടിയും മരണത്തിന്റെ വരവിൽ ദേഷ്യം പ്രകടിപ്പിച്ചു. മരണത്തിനോട് കസേരയിലിരിക്കുവാൻ ആംഗ്യം കാണിച്ച് നഖങ്ങളേയും മുടിനാരുകളേയും കുറച്ചു മണിക്കൂറുകൾ കൂടി വളരുവാൻ അനുവദിച്ച് ദേഹത്തിൽ നിന്നുമെഴുന്നേറ്റു അപ്പാപ്പൻ. അതുവരെ ജീവിതത്തിലനുഭവിച്ച കുഴിനഖത്തിൽ നിന്നും വളംകടിയിൽ നിന്നും ഇക്കിളിയിൽ നിന്നും രതിമൂർച്ഛയിൽ നിന്നും മൂലക്കുരുവിൽ നിന്നും കുടല്പുണ്ണിൽ നിന്നും പല്ലുവേദനയിൽ നിന്നും എന്നെന്നേക്കുമായി മുക്തി നേടി. മേരിയെ എടുത്തു നിൽക്കുകയായിരുന്ന അന്നമ്മേച്ചി തുറന്ന അയാളുടെ വായ അടച്ചപ്പോൾ അയാളിൽ ചുറ്റിത്തിരിയുകയായിരുന്ന അവസാന ശ്വാസോച്ഛാസം ഉള്ളിൽ കുടുങ്ങിപ്പോയി. നിശബ്ദതയുടെ ഉള്ളിലേക്കുള്ളിലേക്കുള്ളിലേക്ക് അപ്പാപ്പൻ സ്വയം ചുരുങ്ങി. മരണം കണ്ണാടിയിൽ നോക്കി പുരികത്തിലെ തെറിച്ചു നില്ക്കുന്ന രോമങ്ങളെ ഉഴിഞ്ഞ് ഒതുക്കി. വൃണം വന്നു ഉണങ്ങിയ അവയവം പോലെ അപ്പാപ്പന്റെ ലിംഗം ശരീരത്തോട് ഒട്ടിച്ചേർന്നിരുന്നു. അന്ന് അപ്പാപ്പൻ മരണവുമായി ദീർഘമായൊരു സംഭാഷണത്തിൽ ഏർപ്പെടുകയുണ്ടായി.

സംസാരിക്കുന്നതിനിടയിൽ തന്റെ മൂർച്ചകൂടിയ വാക്കുകൾ പ്രയോഗിക്കുവാനായി അപ്പാപ്പൻ നടത്താറുള്ള ചൂണ്ടുവിരൽ പ്രയോഗം മേരി ഒക്കത്തിരുന്ന് നോക്കി.
അപ്പാപ്പൻ: ഇനിയെന്താണ് എനിക്ക് സംഭവിക്കുക?
മരണം: അതെനിക്കറിയില്ല
അപ്പാപ്പൻ: അല്ല നിങ്ങൾ മരണമല്ലേ നിങ്ങൾക്കറിയേണ്ടതല്ലേ?
മരണം: ജീവിതം മുഴുവൻ ജീവിച്ചു തീർത്തതല്ലേ എന്നിട്ട് ജീവിതത്തെയോ മനുഷ്യനേയോ നിങ്ങൾ മനസിലാക്കിയോ?
അപ്പാപ്പൻ: ഇല്ല
മരണം: ജീവിതത്തിൽ സംഭവിച്ചതു പോലെ പുണ്യം പാപം ശരി തെറ്റ് എന്നിവയിൽ മരണത്തിനും വിശ്വാസമില്ല. സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന ഒരു പ്രവൃത്തിയിൽ മുഴുകിയ ഒരാൾ മാത്രമാണ് ഞാൻ.
അപ്പാപ്പൻ: നിങ്ങൾ കമ്യൂണിസ്റ്റാണോ?
മരണം: ഒരർത്ഥത്തിൽ അതെ. പുലയനും പറയനും സവർണ്ണനും അവർണ്ണനും ക്രിസ്ത്യനും മുസ്‌ലിമും വിശ്വാസിയും അവിശ്വാസിയും രാജ്യമുള്ളവനും ഇല്ലാത്തവനും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടവർ തന്നെ. എല്ലാവരും എന്നെ സ്വീകരിക്കുന്നതു പോലെ ഞാൻ എല്ലാവരേയും സ്വീകരിക്കുന്നു.
അപ്പാപ്പൻ: അല്ലാ. നിങ്ങളൊരു ഫാസിസ്റ്റാണ്. സ്വേച്ഛാധിപതി. നിങ്ങളുടെ തീരുമാനങ്ങൾ എളുപ്പം നടപ്പിലാക്കുന്നു. ജനങ്ങളുടെ ഭയത്തെ ചൂഷണം ചെയ്തല്ലേ നിങ്ങൾ നിലനിൽക്കുന്നതു തന്നെ?
മരണം: നോക്കൂ. സുനിശ്ചിതമായ ഒന്നിനെ അങ്ങനെ കരുതുന്നതിലെ നിങ്ങളുടെ യുക്തി എന്താണ്? നിങ്ങൾ ജനിച്ചപ്പോൾ കൂടെ ഞാനും ജനിച്ചു സുഹൃത്തേ. നിങ്ങളുടെ ശരീരം ഒരു വൃക്ഷമാണെങ്കിൽ അതിൽ ചേക്കേറിയ രണ്ടു പക്ഷികൾ മാത്രമായിരുന്നു നാം. നിങ്ങൾ പ്രവൃത്തിയാലുള്ള ഫലങ്ങളിൽ അഥവാ ആസക്തികളിൽ പൂണ്ടു വിളയാടിയപ്പോൾ ഞാൻ തൊട്ടടുത്തു നിന്നും അതേ പൊത്തിലിരുന്ന് നിങ്ങളെ നിരീക്ഷിച്ചു ജീവിച്ചു. ജീവിതമാണ് സഹനം, ഞാൻ അതിൽ നിന്നുള്ള മോചനവും ആശ്വാസവും.
അപ്പാപ്പൻ: സുഹൃത്തേ നിങ്ങൾ മൂലമാണ് ഇവിടെ മതങ്ങൾ പിറവിയെടുത്തത്. നിങ്ങളെ ഭയന്ന് ഇന്നേക്കു വേണ്ടി ജീവിക്കാതെ ഭയന്ന് ഭയന്ന് കാലം കഴിക്കുന്നവർ കഴിച്ചവർ എത്ര പേർ?
മരണം: എന്റെ വരവാണ് ജീവിതത്തിലെ ഏറ്റവും വലിയ ആക്‌സ്മികത എന്നു കരുതുന്നവർ വെറും ബുദ്ധിശൂന്യരാണ്. ഈ വാദം അധികം നീട്ടിക്കൊണ്ടു പോകുവാൻ എനിക്ക് താല്പര്യമില്ല എന്നാലൊന്നറിഞ്ഞു കൊള്ളൂ. പ്രകൃതിക്കു വേണ്ടവരെ പ്രകൃതി നിലനിർത്തുക തന്നെ ചെയ്യും. ഞാനും പ്രകൃതിയിലെ ഒരു സൂക്ഷ്മ കണമാണ്. നിങ്ങൾ വിലമതിക്കുന്ന ഈ ജീവിതം പരമാർത്ഥമല്ലെന്ന് മനസിലാകുന്നില്ലേ. ജീവിതത്തിൽ നിങ്ങൾ ഭയപ്പെട്ട, ദുഃഖിച്ച ഏറ്റവും വലിയ കാരണത്തെ നോക്കി നിങ്ങൾക്കിപ്പോൾ പുഞ്ചിരിക്കുവാൻ സാധിക്കുന്നില്ലേ? ഞാൻ കടന്നു വന്നതിലും എന്റെ കടന്നു വരവിനെ ഓർത്തല്ലേ മനുഷ്യർ ആധി പിടിച്ചു ജീവിക്കുന്നത്. ഇവിടെ നിന്നു കൊണ്ട് നിങ്ങളൊന്ന് സ്വന്തം ജീവിതത്തെ ദർശിക്കൂ. നിങ്ങളുടെ വമ്പൻ സന്തോഷങ്ങൾ, വലിയ ദു:ഖങ്ങൾ, പരാക്രമങ്ങൾ ഒന്നും തന്നെ നിലനിന്നില്ല. പക്ഷെ നിങ്ങൾ ജീവിതത്തെ അനുഭവിച്ചു. ഇല്ലേ?
അപ്പാപ്പൻ: ബാലന്മാരുടെ മനസിൽ ഇരുട്ടു നിറഞ്ഞ, ഒറ്റപ്പെട്ടു പോകുന്ന, മറ്റൊരു ലോകത്ത് കാണാതെ ജീവിക്കുന്നരെ ഓർത്ത് ഭയപ്പെട്ട കാലം, ഇതിന്റെ മറവിൽ ഇനി എന്റെ പേരക്കുട്ടി കാണാൻ പോകുന്ന ദു:സ്വപ്നങ്ങൾക്കെങ്കിലും നിങ്ങൾ ഉത്തരം പറഞ്ഞേ തീരൂ.
മരണം: സ്വയം സൃഷ്ടിച്ച ഭാവനകളിൽ പെട്ടുഴലുന്ന എഴുത്തുകാരനാണു മനുഷ്യവർഗം. എന്നെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുന്നത്ര വേദന പോലും ഞാൻ നിങ്ങൾക്ക് നൽകുന്നില്ല. ഉറക്കത്തിൽ ഒരു സ്വപ്നവും കാണാതിരുന്ന രാത്രി പോലെ മാത്രമല്ലേ ഞാൻ കടന്നു വന്നിട്ടുള്ളൂ. രാവിലെ തയ്യാറാക്കിയ ഭക്ഷണം വൈകീട്ട് നശിച്ചു പോയതു പോലെ ആ ഭക്ഷണം കൊണ്ട് നാം പടുത്തുയർത്തിയ ദേഹം എന്നിലൂടെ നശിക്കുന്നുവെന്നു മാത്രം. കർമ്മത്തിൽ ദുഃഖബുദ്ധിയും ഫലത്തിൽ വൈരാഗ്യവും കലർന്ന നിങ്ങളിൽ എനിക്കൊരു താല്പര്യവുമില്ല.
അപ്പാപ്പൻ: മരണത്തിനു തൊട്ടു മുൻപത്തെ മനുഷ്യരുടെ ഏകാന്തതയെപ്പറ്റി നിങ്ങൾക്കെന്തറിയാം?
മരണം: നിങ്ങൾ കഴിച്ചു കൂട്ടിയ ആ ഒരു നിമിഷമെന്ന പടയാളിയുടെ മഹാസൈന്യത്തോടാണ് നിങ്ങളിപ്പോൾ സംസാരിക്കുന്നത്. ആരും എന്നെ അതിജീവിക്കില്ല. മതങ്ങളും അവർ സൃഷ്ടിച്ച ദൈവങ്ങളും ആരാധിക്കുന്ന പിന്തുടർച്ചക്കാരും. മനുഷ്യരിലേക്ക് മരണമെന്ന ഞാൻ കടന്നു വരുന്ന ഒരു നിമിഷമുണ്ട്. ആ നിമിഷം മുതൽ ഭൂമിയും ജലവും വായുവും മണ്ണും തങ്ങളുടെ കുതിരകളെ ചരക്ക് തിരിച്ച് കൊണ്ടു വരുവാൻ വിടുന്നു. ആ നിമിഷം മരണപ്പെടാൻ പോകുന്നവന്റെ അവയവങ്ങളുടെ കനം കുറയുന്നു, ദേഹം തളരുന്നു, കാഴ്ചക്ക് മൂർച്ച ഇല്ലാതാകുന്നു. അതിൽ രൂപങ്ങൾ കയറിക്കൂടുന്നു, ഒടുവിൽ കണ്ണ് തുറക്കാനാകാത്ത വിധം അടഞ്ഞു പോകുന്നു.
അപ്പാപ്പനത് അനുഭവിച്ച് കഴിഞ്ഞതിനാൽ മരണം പറയുന്നതിനെ എതിർക്കുവാൻ കഴിഞ്ഞില്ല. അപ്പാപ്പൻ മരണത്തിനൊപ്പം തന്റെ ദേഹത്തെ നോക്കി നിന്നു. ഉമിനീർ, രക്തം, വിയർപ്പ്, മൂത്രം, ശുക്ലം എന്നിവ വറ്റിത്തുടങ്ങുകയായിരുന്നു. നാവിന്റെ കടഭാഗം നീലിച്ചു പോയിരുന്നു. മരണം തുടർന്നു,
"ജനനത്തിനു ശേഷം മാതാപിതാക്കൾ മക്കളെ എന്നെയാണ് ഏൽപ്പിക്കുന്നത്. ഒരു തോട്ടമുടമസ്ഥൻ എന്താണ് ചെയ്യുന്നത്. കാലമാകും വരെ തന്റെ ചെടികളെ അതീവ ശ്രദ്ധയോടെ പരിപാലിക്കുന്നു. ഫലം കായ്ച്ചതിനു ശേഷം വിളവെടുക്കുവാനുള്ള സമയത്ത് മാത്രം അവയെ സ്വീകരിക്കുന്നു. അതു പോലെ ഒരോ ജീവനേയും ഞാൻ പരിപാലിക്കുന്നുണ്ട്. നിങ്ങളത് അറിയുന്നില്ലെങ്കിൽപ്പോലും. രണ്ടു തരത്തിലുള്ള മനുഷ്യരേ ഈ ഭൂമുഖത്ത് ജനിക്കുന്നുള്ളൂ. ഒന്ന് ഇന്ദ്രിയങ്ങൾക്കടിമപ്പെട്ട് ജീവിക്കുന്നവർ രണ്ട് ആത്മജ്ഞാനത്തിനായി ജീവിതം തുടരുന്നവർ. ജീവിതത്തെ നിങ്ങളൊന്ന് ശ്രദ്ധിക്കൂ. അനുഭവങ്ങളിലൂടെ അത് നിങ്ങളെ പഠിപ്പിക്കുന്നത് നോക്കൂ. നിങ്ങളുടെ ഓരോ ജന്മവും പരമമായ അറിവിലേക്കുള്ള യാത്രയാകുന്നു. ഏറ്റവും നിസാരനായ പുഴുവിൽ നിന്നും അതിനേക്കാൾ നിസാരനായ സന്യാസിയായി മാറുന്നതിന് നീ ഉറങ്ങേണ്ട കൂടാകുന്നു ഈ ശരീരങ്ങൾ.'

ആ വാഗ്വാദത്തിനിടയിലായിരുന്നു വാഴത്തോട്ടത്തിലേക്ക് നൂണ്ട് കയറുന്നതിനിടെ കുറുമ്പി പശുവിന്റെ കാലുകളിൽ കൊളുത്തിയ മുൾവേലി വിടുവിക്കുവാൻ പോയിരുന്ന ആലീസ് അപ്പാപ്പനെ കാണുവാൻ കയറി വന്നത്. ആലീസ് മരണത്തെ കണ്ടു. മരണവും ആലീസും ആദ്യമായല്ല കണ്ടുമുട്ടുന്നത്. അടിവയറു പൊത്തിപ്പിടിച്ചു ഞരങ്ങിയ രാത്രിയിൽ ചാറ്റൽ മഴയിലൂടെ മരണത്തെ അവൾ മുൻപും കണ്ടിട്ടുണ്ട്. വളരെ അകലെയുള്ള മഞ്ഞുകാലത്തിലെ തണുപ്പിന്റെ ഇലകൾ നുള്ളി നിറച്ച് ഹുക്ക വലിക്കുന്നതു പോലെ പുകമഞ്ഞ് പുതച്ച് അന്ന് മരണം കടന്നു വന്നു. കോളാമ്പി പൂക്കളിൽ മഴവെള്ളം ഏറ്റുവാങ്ങി ലഹരി നേർപ്പിച്ച് നുണഞ്ഞ് മരണം ആലീസിനെ നോക്കി. അയാൾ അവളുടെ തുടയിടുക്കിലേക്ക് നോക്കി. വയറു പൊത്തിപ്പിടിച്ചു കിടക്കുന്ന നിസഹായയായ അവളോട് മരണത്തിനു സഹാനുഭൂതി തോന്നി. മരണം അനങ്ങാതെ നിന്നു. ചിറകുകൾ പോലെ പുകമഞ്ഞ് പുതച്ച് നിശ്ചലനായ അയാളോട് പുകമഞ്ഞിന്റെ അധിപനായ, തന്റെ കുഞ്ഞിന്റെ പിതാവായ, യേശുകൃസ്തുവിന്റെ മുഖച്ഛായയുള്ള ആട്ടിടിയനാണെന്ന് കരുതി ആലീസ് ചോദിച്ചു "പർവ്വതങ്ങളിൽ അരുവി പോലൊഴുകും നിങ്ങളുടെ ആട്ടിൻപറ്റം എന്നു മുതൽക്കാണ് എന്നു മുതൽക്കാണ് തടാകമായ്‌പ്പോയത്? ഒഴുക്കില്ലായ്മയിൽ ഇനി കൊറ്റികൾ പരൽമീനുകളെ ഒരു കൊച്ചനക്കം കൊണ്ട് കണ്ടുപിടിക്കുമല്ലോ?'' മരണമനങ്ങാതെ ഉരിയാടാതെ ആ നിൽപ്പ് തുടർന്നപ്പോൾ ഇയാൾ തന്റെ പ്രിയപ്പെട്ടവനല്ലെന്ന് ആലീസ് തീർച്ചപ്പെടുത്തി.

അപ്പോൾ ശിശിരകാലത്തു നിന്നും ഒരു കിളി മരണത്തിന്റെ പച്ച കുപ്പായം കൊത്തിയെടുത്ത് പറന്നു, മറ്റൊരു വർഷത്തിലുള്ള വസന്തക്കാലത്തിലെ ഒരു മരത്തിനു അണിയുവാൻ നൽകി. മരണം വൃദ്ധനായിരിക്കുന്നു. തന്റെ തണുത്തു വിറച്ച ഓർമകളെ ഭയന്ന് പുകവലി തുടങ്ങിയുമിരുന്നു. അയാളായിരുന്നു ഭൂമിയിലെ വാഹനങ്ങളെ മുഴുവനും പുകവലിക്കുവാൻ പ്രേരിപ്പിച്ചതും. അപകടം പറ്റിയ തന്നെ രക്ഷിക്കുവാൻ പീടികയിലേക്ക് കയറി വന്ന അപരിചിതനോട് ആലീസ് അടിവയർ പൊത്തി പറ്റിയ രക്തത്തോടെ അയാളിലേക്ക് കൈകൾ നീട്ടി. അന്നു കാലം നിശ്ചലമായി. എന്തേ കൈകൾ തരാഞ്ഞൂ എന്ന വേവലാതി അവളിൽ അവസാനിച്ചു. വേദന മറഞ്ഞു. തീർന്നു പോയി. കുന്നു വിടുവാൻ കൂട്ടാക്കാതെ മരണത്തിന്റെ പൊള്ളയായ കണ്ണുകളിലേക്ക് നോക്കി അവൾ കിടന്നു. ഹിമശൈലത്തിലെ തണുപ്പ് അടിഞ്ഞു കൂടിയ മരണത്തിന്റെ കൈത്തലപ്പ് അവളുടെ നെറ്റി ഉഴിഞ്ഞു. തന്റെ അടുത്ത തലമുറക്ക് വിത്തുപാകുവാൻ പറ്റിയ നിലമായി മരണം ആലീസിനെ അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു. ഓരോ നിമിഷവും കൂടുതൽ കൂടുതൽ വാത്സല്യത്തോടെ അവൾ മരണത്തെ പുതച്ചു. കാറ്റിനനുസരിച്ച് മേഘങ്ങളിൽ ജീവജാലങ്ങളുടെ ചിത്രപണികൾ നടത്തി ഭൂമിയിലേക്ക് അഴിച്ചുവിടുമായിരുന്ന ഒരു പക്ഷി കൂടിയായിരുന്നു മരണം. ആ പക്ഷി കപ്പൽച്ചേതത്തിൽ പെട്ട് മുങ്ങിത്താഴുന്ന പോൽ ആലീസിന്റെ അടിത്തട്ടിലേക്ക് ഊർന്നിറങ്ങി. അവളുടെ ഉള്ളിലെ കൺപീലികളിൽ മരണത്തിന്റെ മഞ്ഞു പോലെ തണുത്ത പൂമ്പൊടി പറ്റി. മരണത്തിന്റെ സ്പർശം അവളിൽ കുഞ്ഞുരോമങ്ങൾ വളർത്തി. അതിലൂടെ കിനിഞ്ഞിറങ്ങിയ ജലത്തുള്ളികളെ രുചിച്ച് പ്രാണികൾ ദിക്കറിയാതെ ഉഴറി. കാറ്റ് ശ്വസിച്ച ജീവജാലങ്ങളെല്ലാം ജീവിതത്തിനു അടിമകളായി. മരണം ആലീസുമായൊരു ഉടമ്പടി വച്ചു. അതനുസരിച്ച് മരണത്തിന്റെ ആവശ്യം തീരും വരെ ആലീസിനു ഈ കുന്നിൽ മരണത്തെ അതിജീവിച്ച് കഴിയാം. ആ ആവശ്യം എന്താണെന്ന് മാത്രം ആലീസറിഞ്ഞില്ല. ആലീസറിയാതെ തന്നെ തന്റെ ബീജത്തെ മരണം അവളിൽ നിക്ഷേപിച്ചു. തന്റെ വിത്ത് പൂർണ്ണമായും പാകമാകുന്നതു വരെ കുന്നിൽ വിളയാടുവാൻ അനുവദിച്ച് മരണം അന്ന് യാത്രയായി.

അപ്പാപ്പൻ മരിക്കുന്നതോടെ തന്റെ നിലനിൽപ്പാകുന്ന ഓർമയുടെ കാര്യത്തിൽ ആലീസിനു ആശങ്കയുണ്ട്. അപ്പാപ്പന്റെ മരണത്തോടെ ആലീസിനെ നാട്ടുകാർ മറന്നേക്കുമോയെന്ന ഭയം അവളെ വിഷമിപ്പിച്ചു. അപ്പാപ്പനു വേണ്ടി അവൾ മരണത്തോട് അപേക്ഷിച്ചു. അപ്പാപ്പന്റെ വാക്കുകളിലൂടെ ആ നാട്ടിലെ ഓരോ അണുവിനേയും അറിഞ്ഞുകൊണ്ടിരുന്ന ആലീസിനു അപ്പാപ്പനെ വിട്ടു നൽകുവാൻ മനസില്ലായിരുന്നു. മരണം ആലീസറിയാതെ അവളുടെ വയറിൽ ചെവി വെച്ച് തന്റെ വിത്തിന്റെ വേരോട്ടം അറിഞ്ഞു. ഒരു നൂറു വർഷം കൂടി ആലീസിനു ഇനിയും ഇവിടെ തങ്ങേണ്ടി വരുമെന്ന് മരണം കണക്കു കൂട്ടി. വിത്ത് പൂർണ്ണ വളർച്ച എത്തുവാൻ മരണം കാത്തു. അതു വരെ ആലീസിനു സ്വന്തം നിലനിൽപ്പിനായി അപ്പാപ്പനെ വിട്ട് നൽകുവാൻ തയ്യാറാവുകയും ചെയ്തു. അദൃശ്യമായി തറവാടിനേയും പേരമക്കളേയും നോക്കി കഴിഞ്ഞു കൂടുവാൻ അപ്പാപ്പനു മരണം അനുവാദം നൽകി.

അപ്പാപ്പൻ മരിച്ചതോടു കൂടെ സ്വത്തിനു വേണ്ടിയുള്ള തർക്കം ഏതു കുടുംബത്തിലേതുമെന്ന പോലെ അപ്പന്റെ വീട്ടിലും വന്നു. അപ്പാപ്പന്റെ രണ്ടു മക്കളും തറവാട്ടിൽ നിന്നും മാറി താമസിച്ചു തുടങ്ങിയിട്ടേറെയായില്ല. തറവാട് ഏറ്റവും താഴെയുള്ള മകനു എന്ന കീഴ്-വഴക്കം മാറ്റി നിർത്തി അമ്മച്ചിക്ക് തറവാട് നൽകുവാൻ മേരിയുടെ അപ്പൻ തീരുമാനിച്ചു. ബാക്കി എല്ലാ മക്കൾക്കും തുല്യമായി പറമ്പുകൾ ഭാഗം വച്ചു. അമ്മാമക്ക് വീട് വന്നതോടെ അമ്മാമയെ നോക്കുവാൻ രണ്ട് ആണ്മക്കളും തയ്യാറായി മുൻപോട്ടു വന്നു. ചേട്ടന്മാരുമായി മുൻപേ കറുമുറു പറഞ്ഞതിന്റെ പേരിൽ മേരിയേയും കൊണ്ട് ആലീസ് വിടുവാൻ ഇതിലും മികച്ച അവസരം ഇല്ലെന്ന് അപ്പൻ തിരിച്ചറിഞ്ഞു. ആലീസിനു താഴെ കുറച്ചു കൂടി തിരക്കേറിയ നാട്ടിലെ പോസ്റ്റാഫീസിൽ ചെറിയൊരു ജോലിയും വാടക വീടും കണ്ടുപിടിച്ച് അന്നാമ്മേച്ചിയ്‌ക്കൊപ്പം താമസം മാറുവാൻ അപ്പൻ തീരുമാനിച്ചു.
തറവാട്ടിലെ മണ്ണിൽ താൻ നട്ട ജാതി തൈകളും അടയ്ക്കാ മരങ്ങളും തേക്കിൻ തൈകളും വിട്ടു പോരുന്നതിൽ വിഷമമില്ലാഞ്ഞല്ല, ഇവയെല്ലാം വളർന്ന് ഭാവിയിൽ ലഭിക്കുവാൻ പോകുന്ന ആദായം കണക്കാക്കിയിട്ടുമല്ല. അപ്പാപ്പൻ ഉണ്ടാകുമായിരുന്നുവെങ്കിൽ സംഭവിക്കുവാൻ സാധ്യതയില്ലാതിരുന്ന സഹോദരങ്ങളുടെ സ്വാർത്ഥത നേരിൽ കണ്ടതാണ് മേരിയുടെ അപ്പനെ തളർത്തിയത്. എന്നാൽ വിദ്യാഭ്യാസത്തിനു വലിയ വില കൽപ്പിക്കാത്ത, കുശുമ്പും അസൂയയും അന്ധവിശ്വാസങ്ങളും നിറഞ്ഞ ആലീസിൽ നിന്നും രക്ഷപ്പെട്ടാൽ മാത്രമേ സമാധാനവും സന്തോഷവും തനിക്കു ലഭിക്കുകയുള്ളു എന്ന് അപ്പൻ തിരിച്ചറിഞ്ഞു. അപ്പൻ തറവാട് വിടുന്ന വിവരം മറ്റാരേക്കാളും വിഷമിപ്പിച്ചത് അന്നമ്മേച്ചിയമ്മയെ ആയിരുന്നു. അപ്പനൊപ്പം ആലീസ് വിടുവാനുള്ള വിഷമത്തിന് അവർക്ക് മറ്റൊരു കാരണമുണ്ടായിരുന്നു. ആലീസിലെ തുമ്പും പൊടിയും തിരിച്ചറിയുവാൻ പ്രത്യേകമായൊരു കഴിവ് അന്നമ്മേച്ചിക്കുണ്ടായിരുന്നു. ഒരാളുടെ കാൽപെരുമാറ്റത്തിൽ നിന്നും ആരാണതെന്ന് വിളിച്ചു പറയുവാനുള്ള കഴിവ് അന്നമ്മേച്ചി വളർത്തിയെടുത്തിരുന്നു. ആലീസാണെങ്കിൽ അന്നമ്മേച്ചിക്ക് ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്നത്രയും ജീവജാലങ്ങളെ മാത്രമേ തന്നിൽ ഉൾക്കൊള്ളിച്ചുമുള്ളൂ. തൊടിയിലൊരനക്കം മതി ""കുമാരാപ്പാ കയറി വന്നാ കഞ്ഞീന്റെ വെള്ളം കുടിച്ചട്ട് പോകാം മൈ**, ടാ ചെക്കാ നീയാ അന്തോണി മാപ്ലേടെ അനിയത്തീടെ കൊച്ചന്റെ ബന്ധുവല്ലേടാ മൈ** കഴിഞ്ഞ വട്ടം വിരുന്നു വന്നട്ട് കയ്യൊടിഞ്ഞവൻ'' എന്നിങ്ങനെ ആളുകളെ ഒറ്റയടിക്ക് ഓർമയിൽ നിന്നുമെടുത്ത് പറയുക അന്നമ്മേച്ചിയെ സംബന്ധിച്ച് ഒരു വിനോദം മാത്രമായിരുന്നു. ആലീസിൽ അന്നമ്മേച്ചിയെ സ്ഥിരമായി സന്ദർശിച്ചിരുന്ന പതിമൂന്നോളം പേരുണ്ടായിരുന്നു. അവരെ ഏത് ഉറക്കത്തിലും അവർ കൂടെ കൊണ്ടു നടന്നു.

ചാത്തപ്പൻ
രാവിലെ കൂവി വിളിച്ച് അന്നമ്മേച്ചിയെ ഉണർത്തുമായിരുന്ന പൂവൻ കോഴി. ചാത്തപ്പൻ മറ്റു പിടക്കോഴികളോട് കാമചേഷ്ടകൾ കാട്ടുന്നത് അന്നമ്മേച്ചിയമ്മ താല്പര്യത്തോടെ നോക്കി നിൽക്കും. ജീവിതത്തിൽ തന്നോടാരും കാണിക്കാതിരുന്ന ശൃംഗാരം ചാത്തപ്പൻ പിടക്കോഴികൾക്ക് മേൽ തീർക്കുകയാണെന്ന് അവർ കരുതിപ്പോന്നു. അടുത്ത ജന്മം എങ്കിലും ചാത്തപ്പനെപ്പോലൊരു ഇണ വേണമെന്ന് ആലോചിച്ചു. ചാത്തപ്പന്റെ കാലുകളിലെ നഖം വച്ച് മാന്തിയാൽ തലയിലെ എല്ലാ ചൊറിച്ചിലും അവസാനിക്കുമെന്നും അന്നമ്മേച്ചിയമ്മക്ക് തോന്നിയിരുന്നു.

ഇടക്കൊരു ദിവസം ചാത്തപ്പൻ മനുഷ്യന്റെയത്രയും വളർന്ന് തന്നെ ഭോഗിക്കുവാൻ വശം ചരിഞ്ഞു വന്നത് ഉച്ചമയക്കത്തിൽ അന്നമ്മേച്ചിയമ്മ കണ്ടു. അന്നു തൊട്ട് അന്നമ്മേച്ചിയമ്മ അവനു ആഹാരം കൂടുതൽ നൽകി ശീലിപ്പിച്ചു. മുറ്റമടിക്കുന്ന ചൂലിന്റെ പല്ലുകൾ വരച്ച വളവുപോലെ പിടകൾക്ക് പ്രാണികളെ നൽകാൻ കുപ്പയും മണ്ണും അവൻ മാന്തിവരച്ചു. ചാത്തപ്പന്റെ പൂങ്കോഴിവാലിൽ നിന്നും കൊഴിയുന്ന തൂവലിലൊരെണ്ണം വൃത്തിയാക്കി തുമ്പൊഴികെയുള്ള ഭാഗത്തെ പൂട പറിച്ച് കളഞ്ഞ് ചെവിയിലിട്ട് സുഖം പിടിക്കുക അന്നമ്മേച്ചിയമ്മയുടെ പ്രധാന വിനോദമായിരുന്നു. പിൽക്കാലത്ത് മേരി ഈ സ്വഭാവം ഏറ്റെടുത്തു.

മൂക്കണാഞ്ചി
പുലർച്ച ചായ തിളപ്പിക്കാൻ നേരം അടുക്കളയിലെ ചുമരിൽ ചിലക്കുന്ന പല്ലി. അന്നമ്മേച്ചിയമ്മയും മൂക്കണാഞ്ചിയും മാത്രമേ ആ വീട്ടിൽ അപ്പോൾ ഉണർന്നിരുന്നുള്ളു. അന്നമ്മേച്ചി വരുമ്പോൾ അടുക്കളയിൽ വെളിച്ചം തെളിയും. അതുവരേയും കാത്തു കിടന്ന പ്രാണികളൊക്കെ ഓടി വരും. ദേഹത്തു നിന്നും മാറിക്കിടക്കുന്ന വസ്ത്രം നേരെയാക്കുന്ന അന്നമ്മേച്ചിയെ നോക്കാതെ മൂക്കണാഞ്ചി ചിലച്ച് ചിലച്ച് പ്രാണികൾക്കായി ഓടും. പുതുമഴ സമയത്ത് ഈയലുകൾ വരുന്ന രാത്രികളിൽ അപ്പനോ അന്നമ്മേച്ചിയോ അകത്ത് പ്രാണി കേറാതിരിക്കുവാൻ പുറത്ത് ലൈറ്റിട്ട് വക്കും. അന്നത്തെ പുലർച്ചയിൽ മൂക്കണാഞ്ചിയെ അന്നമ്മേച്ചി കാണില്ല. തിന്നു തിന്നു മൂക്കണാഞ്ചി ബോധം കെട്ടുറങ്ങും. പ്രാണികൾ ഒന്നും വരാത്ത ദിവസം അന്നമ്മേച്ചിയെ മണിയടിച്ച് ബ്രഡിന്റെ തരികൾ ചോദിക്കുമെങ്കിലും പോ മൈ** പല്ല്യേ ന്ന് കയ്യോണ്ട് ആട്ടുമ്പോൾ വാലു മുറിച്ചിട്ട് നാലുകാലിൽ ഓടും മൂക്കണാഞ്ചി. ഇങ്ങനെ ഓടുന്നതിനിടയിൽ ഒരിക്കൽ വഴുതി വീണതിന് പല്ലില്ലാത്ത വായ തുറന്ന് അന്നമ്മേച്ചിക്കൊപ്പം ചിരിച്ചു പോയി മൂക്കണാഞ്ചി.

പാണ്ടി
പാണ്ടു പിടിച്ചതു പോലെ ശരീരത്തിലെ തവിട്ട് നിറത്തിൽ അവിടവിടങ്ങളിൽ വെള്ള നിറം കൊണ്ടു നടക്കുന്ന, ആപ്പിൾ കഷ്ണങ്ങളും ബ്രഡും ദോശയും തിന്നുന്ന പശു. ചായകുടിച്ചു കഴിഞ്ഞാൽ അടുക്കള വൃത്തിയാക്കലാണു അന്നമ്മേച്ചിയുടെ അടുത്ത പണി. തലേന്ന് ബാക്കി വന്ന സാമ്പാറും തോരനും തലേന്നത്തെ കഞ്ഞിവെള്ളവും ചോറും ചേർത്ത് പാണ്ടിയുടെ വട്ടകയിൽ തട്ടും. പാണ്ടിക്ക് ഏറ്റവും ഇഷ്ടം അരച്ച പഞ്ഞിക്കുരുവും കാടിവെള്ളത്തിൽ കുതിർന്ന പഴത്തൊലിയും ആയിരുന്നു. അന്നമ്മേച്ചിയമ്മ പാണ്ടിക്ക് അപ്പന്റെ സഹോദരങ്ങളുടെ വീട്ടിൽ നിന്നും കാടിവെള്ളം ശേഖരിച്ചു നൽകും. പാണ്ടിയുടെ നാവിന്റെ നീളം വച്ച് മിക്ക വാഴയിലകളും പറമ്പിൽ നിന്നും അപ്രത്യക്ഷമായി. സ്‌നേഹം കൂടുമ്പോൾ പാണ്ടി അന്നമ്മേച്ചിയുടെ കവിളിൽ നാവു വച്ച് ഉരസും. വിയർപ്പും പൊടിയും കരിയും മണങ്ങളും ചേർന്ന സ്വാദ് നുണയുമ്പോൾ കവിൾ വൃത്തിയാകും. പാണ്ടിയുടെ വാലു പോലെയുള്ളൊരു ചൂലു അടിച്ചു വാരുവാൻ കിട്ടുമോയെന്ന് ഒരിക്കൽ മേരിയുടെ അപ്പനോട് അന്നമ്മേച്ചിയമ്മ ചോദിക്കുകയുണ്ടായി. പാണ്ടിക്ക് ചെന പിടിച്ചപ്പോൾ അൽപം കുശുമ്പ് തോന്നിയിരുന്നുവെങ്കിലും കാലിത്തീറ്റയും തവിടും കൂടുതലായി നൽകി അന്നമ്മേച്ചി ആശ്വാസം കൊണ്ടു.

ബറോഡയും കുട്ട്യോളും
അന്നമ്മേച്ചി പല്ലു തേക്കുവാൻ നിൽക്കുമ്പോൾ കൂട്ടിൽ നിന്നിറങ്ങുന്ന തള്ളക്കോഴിയും കുട്ടികളും. തടിച്ചിയായ കോഴിയെ ബറോഡയിൽ നിന്നും കൊണ്ടു വന്നതാണെന്ന് അന്നമ്മേച്ചിയും നാട്ടുകാരും വിശ്വസിച്ചു. ചാത്തപ്പന്റെ പ്രധാന മദാലസ. ബറോഡ തന്റെ വാൽഭാഗം കുണുക്കി നടക്കുന്നതും പതുങ്ങുന്നതും ചേമ്പിലത്താളിൽ നിന്നെന്ന പോലെ തൂവലിൽ നിന്നും വെള്ളത്തുള്ളികൾ തെറിപ്പിക്കുന്നതും കുട്ടികളെ വളർത്തുന്നതും കാക്കയെ ഓടിക്കുന്നതും പൊരുന്നിരിക്കുന്നതും പേനരിക്കുന്നതും അന്നമ്മേച്ചിക്ക് മാത്രം കൃത്യമായി അറിയാം. അരി ചേറ്റിക്കഴിഞ്ഞ് അതിലെ പൊടിയരി ഒരു പിടി വാരിക്കൊണ്ട് അന്നമ്മേച്ചിയമ്മ ബറോഡയെ വിളിക്കും. ശബ്ദം കേട്ട് ബറോഡ ഓടിയെത്തുമ്പോഴേക്കും മറ്റു കോഴികളെല്ലാം മുറ്റത്ത് കാത്തു നിൽക്കുന്നുണ്ടാകും. പൊരുന്നിലായിക്കഴിഞ്ഞ് മുട്ട വിരിഞ്ഞ് കുട്ടികളുമായി ഇറങ്ങിയാൽ ബറോഡ തികച്ചും മറ്റൊരാളായി മാറും. ആ സമയം ബറോഡയെ അന്നമ്മേച്ചിക്കടക്കം ഭയമായിരുന്നു. തന്റെ കുഞ്ഞിനെ റാഞ്ചാനെത്തിയ ഏറാളനെ കൊത്തി താഴെയിട്ട ചരിത്രം ബറോഡയ്ക്കുണ്ട്.

പിലോപ്പി
ആ പൂയ് വിളിച്ചു വരുന്ന മീൻകാരൻ. മിക്കവാറും പിലോപ്പി മീൻ മാത്രമാണ് കൊണ്ടു വരിക. മീൻകാരൻ വന്നാൽ കൂടെ ഐസ് വാങ്ങാൻ കുട്ടികൾ വരും. ചിലർ അയ്യോ പിലോപ്പി വന്നല്ലോ കുളിക്കണ്ട സമയമായി എന്നോർത്ത് കുളിമുറിയിലേക്കോടും. മണം പിടിച്ച് പൂച്ചകൾ വരും, വീട്ടമ്മമാർ ചട്ടികളുമായി വരും ഏതൊക്കെ മീനുണ്ടെന്ന് കാശ് കൊടുക്കുന്ന ഗൃഹസ്ഥർ വിളിച്ച് ചോദിക്കും. ചട്ടികളില്ലാതെ വരുന്നവർക്ക് തേക്കിലയിൽ പിലോപ്പി മീൻ പൊതിഞ്ഞ് നൽകും. കുട്ടികളിൽ ചിലർ മീൻ മണമുള്ള തേക്കിലയുടെ കീറു കയ്യിലുരച്ച് ചുവപ്പിക്കും. ആദ്യം തലയിലേറ്റി വന്ന കുട്ട പതിയേ സൈക്കിളിലും പിന്നീട് കുട്ട മാറ്റി ചതുരത്തിൽ നീല നിറത്തിലുള്ള പ്ലാസ്റ്റിക്ക് കൂടും പിലോപ്പിക്കൊപ്പം കൂടി. മേരിക്ക് ഒരു ഐസും അന്നമ്മേച്ചിക്ക് രണ്ട് മീനുകളും കൂടുതൽ കൊടുത്ത് പിലോപ്പി എല്ലാവരുടേയും പ്രീതിക്ക് പാത്രമായി. പിലോപ്പി ഒരു സ്ത്രീലമ്പടൻ ആണെന്ന് പരക്കെ ഒരു സംസാരമുണ്ടായിരുന്നു. എന്നിട്ടും അയാൾ സ്ത്രീ ജനങ്ങൾക്ക് വലിയ പ്രിയമുള്ളവനായി. നാട്ടിൽ തേക്കിന്റെ ഇലയ്ക്ക് ക്ഷാമം വന്നു തുടങ്ങിയപ്പോൾ പിലോപ്പി അന്നമ്മേച്ചിയോട് ചോദിച്ചു. പറമ്പിൽ നിന്നും പൊട്ടിച്ചു കൊള്ളാൻ അവർ അനുവാദവും നൽകി. എന്നാൽ തേക്കിന്റെ ഇലക്ക് മികച്ച പകരക്കാരനാണ് ചേമ്പിന്റെ ഇലയെന്ന് മനസിലാക്കിയ പിലോപ്പിക്ക് തേക്കിലക്കു വേണ്ടി കുന്നു കയറി വരേണ്ടി വന്നില്ല. തന്നേക്കാൾ പ്രായമുണ്ടായിട്ടും കാണുമ്പോഴൊക്കെ ചേടത്തിയേ എന്നു വിളിക്കുന്നതിൽ മാത്രമേ അന്നമ്മേച്ചിക്ക് പിലോപ്പിയോട് ചെറിയ എതിർപ്പുണ്ടായിരുന്നുള്ളൂ.

ചെറോണത്തള്ള
പാടത്ത് പണിക്കു പോകുന്ന കോമ്പല്ലുകൾ നഷ്ടപ്പെട്ട വയസി പണിക്കാരി. മുറുക്കാൻ ചവക്കുവാൻ പല്ലില്ലാഞ്ഞിട്ടും അത് നിർത്തുവാൻ കൂട്ടാക്കാത്ത വാശിക്കാരി. ചെറോണത്തള്ളയുടെ കാതുകൾ ഊഞ്ഞാലുപോലെ കാറ്റിലാടി. മേരി ബാലരമ വായിച്ചപ്പോഴൊക്കെ ഡാകിനിയമ്മൂമ്മയായി ചെറോണ മനസിൽ കടന്നു വന്നു. വെറ്റിലയുടെ ഞെട്ടി മുറിച്ച് മുറുക്കാനിലിടേണ്ട അടക്ക കല്ലിൽ വച്ച് കുത്തിയിടിച്ച് ചുണ്ണാമ്പ് വാരിത്തേച്ച് പുകലഞ്ഞരടി ഉള്ളിൽ വച്ച് മടക്കി ഗുഹാമുഖത്തേക്ക് തള്ളുന്നതേ ഓർമ കാണുള്ളൂ. മോണയിട്ട് ഇളക്കി അതെങ്ങനെ ചുവപ്പു നിറമാക്കുന്നെന്ന് ചെറോണാത്തള്ളക്കല്ലാതെ ആർക്കും അറിയില്ല.

കുമാരാപ്പൻ
തൊടിയിലൂടെ കായലരികത്ത് വലയെറിഞ്ഞപ്പോൾ വളകിലുക്കിയ സുന്ദരി എന്നു പാടി വരുന്നയാൾ. ഈ വഴിയാണ് ചായക്കടയിലേക്ക് പോകുക. കുമാരാപ്പനു അന്നമ്മേച്ചിയെ ഒരു പൊടിക്ക് നോട്ടമുള്ളതായി അന്നമ്മേച്ചിക്കറിയാം മറ്റു പലർക്കുമറിയാം. ഈ വഴിയുള്ള അയാളുടെ വരവു തന്നെ ഇതിനായിട്ടായിരുന്നെന്ന് പറയുന്നവരുമുണ്ട്. അറിയാത്തവരിൽ ഒരാൾ കുമാരാപ്പൻ ആയിരുന്നു. അന്നമ്മേച്ചി കുനിഞ്ഞു നിന്നു അലക്കുന്നതും മുറ്റമടിക്കുന്നതും പാത്രം കഴുകുന്നതും വാഴോലക്കു മറവിൽ നിന്നും നോക്കി നിന്നതുമായ കഥകൾ അന്നമ്മേച്ചിയറിഞ്ഞെങ്കിലും കുമാരാപ്പന്റെ ചെവികളിൽ നിന്നും അത് അകന്നു നിന്നു.

വാലു
വാലു നഷ്ടപ്പെട്ട നാടൻ പട്ടി. നഷ്ടപ്പെട്ട ഒന്നിന്റെ പേരിൽ ആലീസിൽ അറിയപ്പെട്ട മൂന്നാമത്തെ ജീവി. ആലീസിലെ പ്രധാന നായയായ ടൈഗറിനെ ഈ വിധമാക്കിയ പട്ടി. ചങ്ങലക്കിട്ടു വളർത്തിയ ടൈഗറിനെ തന്റെ സ്വാതന്ത്ര്യം കാണിച്ച് കൊതിപ്പിച്ച് ചങ്ങല കെട്ട് പൊട്ടിപ്പിച്ച് ആലീസിന്റെ കുന്നിൻ പുറങ്ങൾ കാണിച്ചുകൊടുത്തവൻ. ടൈഗർ ഊരു തെണ്ടാൻ പോയപ്പോഴൊക്കെ അന്നമ്മേച്ചിയമ്മക്ക് കൂട്ടായി അടുക്കള വട്ടത്തെ അഴുക്കു ചാലിന്റെ തണുപ്പിൽ കിടന്നവൻ. ടൈഗറിനെപ്പോലെത്തന്നെ വാലുവിനും അത് സ്വന്തം വീടായിരുന്നു.

ചോപ്പൻ
ചുവന്ന നിറത്തിലുള്ള ട്രാക്റ്റർ. ഇവനെ കൊണ്ട് നടത്തുന്നത് അപ്പന്റെ സഹോദരനാണ്. ചോപ്പന്റെ ടയർ പൊന്തിക്കുവാൻ മൂന്നു പേർ വേണമായിരുന്നു. കൊമ്പില്ലാത്ത ഒച്ചു പോലെ വാഹനങ്ങളിൽ അവൻ മെല്ലെ പോയി. അവന്റെ പല്ലുകൾ കൊണ്ട് ആലീസിനെ കുത്തി വരഞ്ഞു. അവിടെയെല്ലാം പുതിയ ചെടികളോ കളകളോ മുളച്ചു. കളകൾ എന്നത് ആവശ്യത്തെ അടിസ്ഥാനപ്പെടുത്തിയ വാക്കായതിനാൽ പുല്ലുകൾ ആരും തങ്ങളെ അങ്ങനെ വിളിക്കരുതെന്ന് ചോപ്പനോട് പറഞ്ഞു. പശുക്കളോടോ ആടിനോടോ തങ്ങളെപ്പറ്റി ചോദിച്ച് മനസിലാക്കാൻ അവർ അറിയിച്ചു. രാവിലെ മേരിക്ക് എഴുന്നേൽക്കാനുള്ള അലാറമായിരുന്നു ചോപ്പന്റെ എഞ്ചിൻ ശബ്ദം. ഉറക്കമുണർന്ന് ജനാലയിലൂടെ ചോപ്പൻ ചൂട് പിടിക്കുന്നത് മേരി ആദ്യം നോക്കി നിൽക്കുമായിരുന്നു.

തൂക്കണാം കുരുവി
അന്തോണീസ് പുണ്യാളന്റെ ഫോട്ടോക്കു മുന്നിലെ ബൾബിടാനായി വലിച്ച വയറിൽ തൂക്കിയിടുന്ന കൂടു വച്ച കുരുവി. വീടുമാറാനാകുമ്പോഴാണ് ഇവൾ വരികയെന്നുള്ള എല്ലാ വാദങ്ങളേയും അന്നമ്മേച്ചിയമ്മ തള്ളിക്കളഞ്ഞു. കുട്ടികൾ അടക്കം മൂന്നു പേർ അതിൽ ജീവിക്കുന്നത് എങ്ങനെയെന്ന് താഴെ നിന്നും അന്നമ്മേച്ചി ആശ്ചര്യപ്പെട്ടു. അന്നമ്മേച്ചി വീട് മാറിയപ്പോൾ കൂടെ വന്നു തൂക്കണാം കുരുവി. ആ വീട്ടിലെ കോളിംഗ് ബെൽ ആയി തൂക്കണാം കുരുവി പ്രവർത്തിച്ചു. അപരിചിതരെ കണ്ടാൽ അത് ചിലക്കുമായിരുന്നു. തൂക്കണാം കുരുവിയുടെ ചുണ്ട് അന്നമ്മേച്ചിയുടെ കാൽ നഖം പോലെ മരിക്കും വരെ വളർന്നു കൊണ്ടിരുന്നു.

കണ്ടൻ
നാലു വീടപ്പറെയുള്ള കുറിഞ്ഞിപ്പൂച്ചകളെ മുഴുവൻ ഗർഭിണിയാക്കി സ്വന്തം വീടുകളിൽ വിട്ടു പോകുന്ന ആൺ പൂച്ച. അന്നമ്മേച്ചിയമ്മ മീൻ മുറിക്കുന്ന സമയം കൃത്യമായി പഠിച്ചു വക്കുകയും ആ സമയത്ത് അടുക്കള ഭാഗത്ത് കിടന്ന് ചുറ്റിത്തിരിഞ്ഞ് അന്നമ്മേച്ചിയമ്മയെ പതിവിൽ കൂടുതൽ സ്‌നേഹത്തിൽ വാലുകൊണ്ടുഴിയാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നവൻ. കണ്ടനു ശരിക്കും പ്രേമമുണ്ടായിരുന്ന സിന്ധുപ്പൂച്ച കണ്ടനെ മറന്ന് പുതുതായി ആലീസിൽ ജനിച്ചു വളർന്ന ഒടിയനൊപ്പം കിടക്ക പങ്കിട്ടതിനു ശേഷം പ്രേമത്തിലുള്ള വിശ്വാസം വെടിഞ്ഞ് അവൻ കാമാന്ധനായിത്തീർന്നു. കട്ടു തിന്നുവാനുള്ള പെൺപൂച്ചകളുടെ മിടുക്ക് അവനുണ്ടായിരുന്നില്ല. പകരം ഓന്തുകളേയും പട്ടികളേയും ഭയപ്പെടുത്തുന്ന തരം ചീറ്റലും പൊട്ടലും രോമങ്ങളെ പൊന്തിച്ചു നിർത്തലും അവൻ വളർത്തിയെടുത്തു. കാണുന്ന ആരേയും മയക്കിയെടുക്കും തരം ഉരുമ്മൽ വശം ഉണ്ടായിട്ടും കണ്ടൻ അത് പുറത്തെടുക്കാറില്ല. അവൻ തന്റെ വലിപ്പം കൂടിയ ലൈംഗിക അവയവത്തിൽ അഭിമാനം കൊണ്ടു.

തൊരപ്പൻ
പറമ്പിലെ വാഴക്കൂട്ടങ്ങളെ കുത്തി മറിക്കുന്ന പെരുച്ചാഴി. മുള്ളു പോലെയുള്ള രോമങ്ങളും നനഞ്ഞ ശരീരവും കൂർത്ത മുഖവും വച്ച് അവൻ അഴുക്കിൽ കുഴഞ്ഞു നടന്നു. തൊരപ്പന്റെ മുഖമുള്ള ഒരു വ്യക്തി കൂടെ ആലീസിലുണ്ടായിരുന്നു. വേലൻ. വെള്ളത്തുണികൾ അലക്കുന്നവൻ. അന്നമ്മേച്ചി ഉണക്കിവിരിക്കുന്ന അഴിക്ക് സമീപമുള്ള വാഴ ഒരിക്കൽ തൊരപ്പൻ കുത്തിയിട്ടു. വാഴ ചെരിഞ്ഞ് തുണികളിൽ മുഴുക്കെ കറ വീണു. അത് കഴുകാൻ കൊടുത്തത് വേലനായിരുന്നു. ഒരു തൊരപ്പൻ കാരണം വേറൊരു തൊരപ്പനു കൊടുക്കേണ്ടി വന്നു എന്നു പറഞ്ഞ് അന്ന് അരമണിക്കൂറോളം അന്നമ്മേച്ചി ചിരിച്ചു. തൊരപ്പന്റെ ശരീരം നിറച്ചും കൊടും ഭീകര രോഗങ്ങളാണെന്ന് അന്നമ്മേച്ചിയമ്മ ഊഹിച്ചു.

ദാസേട്ടൻ
രാത്രി ചാരായവും കുടിച്ച് പാട്ടും പാടി പോകുന്ന ആരെന്ന് അന്നമ്മേച്ചി ഇതു വരേയും ശ്രദ്ധിക്കാതിരുന്ന ഒന്നിലധികം പേർ. അന്നമ്മേച്ചിയെ അത്ഭുതപ്പെടുത്തി ഒരിക്കൽ ഒരു കുടിയൻ പുഴയോരഴകുള്ള പെണ്ണ് എന്ന ഗാനം നല്ല ഒഴുക്കിൽ പാടി. അത് കേട്ട് പിറ്റേ ദിവസവും ഉറങ്ങാതെ ആ പാട്ടിനായി കാത്ത അന്നമ്മേച്ചിയെ നിരാശപ്പെടുത്തി പലരും കടന്നു പോയി. അന്നു പോയത് പൊക്കണത്തെ ഷാജി തന്നെയെന്ന് അന്നമ്മേച്ചി ഉറപ്പിച്ചു. ആ ചെക്കനും കുടി തൊടങ്ങ്യാ എന്ന് പേരിനു അവർ ആശ്ചര്യപ്പെട്ടു. മനസിൽ എന്തെങ്കിലും വിഷമം വന്നപ്പോൾ കുടിച്ചതാകും പിറ്റേ ദിവസം എഴുന്നേറ്റപ്പോൾ ചെയ്ത തെറ്റ് മനസിലായി മദ്യപാനം അവൻ ഉപേക്ഷിച്ചു കാണും അതാണ് അത് പോലൊരു പാട്ട് എത്ര ദിവസം കാത്തിരുന്നിട്ടും കേൾക്കാൻ സാധിക്കാഞ്ഞത് എന്ന് കരുതി അന്നമ്മേച്ചി സമാധാനിച്ചു.
ഗ്രാമത്തിൽ നിന്നും തിരക്കേറിയ മറ്റൊരിടത്തേക്ക് താമസം മാറ്റുന്നത് തന്റെ കഴിവിനെ ബാധിക്കുമെന്ന് അന്നമ്മേച്ചിക്ക് ഏതാണ്ട് ഉറപ്പായിരുന്നു. ഓർമിച്ചെടുക്കുവാൻ കഴിയാത്തത്രയും കഥാപാത്രങ്ങളുള്ള പുതിയ നാടിനെയും അതു പോലെത്തന്നെയുള്ള മറ്റു നാടുകളേയും അന്നമ്മേച്ചി വെറുത്തു.

ആലീസ് വിട്ട് തിരക്കുകൂടിയ നാട്ടിലേക്ക് പോകുവാനുള്ള വൈമനസ്യത്തിനു മറ്റൊരു കാരണം കൂടി അന്നമ്മേച്ചിക്കുണ്ടായിരുന്നു. സ്വപ്നാടനം. കഴിഞ്ഞ ആണ്ട് എട്ടു തവണയെങ്കിലും അന്നമ്മേച്ചി ഉറക്കത്തിലെഴുന്നേറ്റു നടന്നു. അങ്ങാടിയിൽ വെപ്പുപല്ലു വച്ച് മരുന്നു വിൽക്കുന്ന വൈദ്യരുടെ കൂടെ സഹായത്തിനു നിൽക്കുന്ന ചെന്ത്രോപ്പിയോട് പറഞ്ഞ് ഈ അസുഖത്തിനുള്ള എണ്ണ രഹസ്യമായി വാങ്ങാഞ്ഞല്ല. ആദ്യത്തെ ഒരാഴ്ച കൃത്യമായി പഥ്യം നോക്കി, രണ്ടാമത്തെ ആഴ്ചയിൽ എണ്ണ തേക്കുവാൻ മറന്ന് പിന്നേയും നാളുകൾക്ക് ശേഷം ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുമ്പോൾ മരുന്നു കൃത്യമായി ഉപയോഗിക്കാഞ്ഞിട്ടാണെന്ന് കരുതി അന്നമ്മേച്ചി സമാധാനിച്ചു. ആദ്യത്തെ തവണ പുലർച്ച നാലുമണിക്കായിരുന്നു അന്നമ്മേച്ചിയമ്മ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. പാതിയടഞ്ഞ കണ്ണുകളുമായി അല്ലാ നേരം നട്ടുച്ച ആയല്ലോ പാണ്ടിയെ ഇതുവരെ പറമ്പിൽ കൊണ്ട് കെട്ടിയില്ലേ എന്ന് പിറുപിറുത്ത് അവർ ആടിയാടി നടന്നു. അന്നമ്മേച്ചിയമ്മയെ നല്ലവണ്ണം അറിയാമായിരുന്ന വീട്ടിലെ ഓരോ ഉപകരണങ്ങളും വഴി മാറിക്കൊടുത്തു. അലമാരകളും വാതിലുകളും ചുമരുകളും തങ്ങളുടെ കൂർത്ത ഓരങ്ങൾ തട്ടി അന്നമ്മേച്ചിയമ്മ വേദനിക്കാതിരിക്കുന്നതിനായി ഒതുങ്ങി. അടുക്കളയിലെ ആട്ടുക്കല്ലും അമ്മിക്കല്ലും ഒരു കൈ കൊടുത്ത് അന്നമ്മേച്ചിയെ പുറത്തിറക്കി. അടുക്കളത്തോട്ടത്തിലെ ചെടികളും തെങ്ങും അടക്കാമരവും തൊഴുത്തിലേക്കുള്ള അന്നമ്മേച്ചിയമ്മയുടെ വഴികാട്ടികളായി. തന്നെ കടിച്ചു കൊണ്ടിരിക്കുന്ന പട്ടുണ്ണികളേയും കൊതുകുകളേയും ഈച്ചകളേയും വെറുതെ വിട്ട് വാലൊതുക്കി പാണ്ടി മയങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അന്നമ്മേച്ചി വന്ന് പാണ്ടിയുടെ കയറഴിച്ചു. ഈ തള്ളക്ക് നട്ടപ്രാന്ത് പിടിച്ചോയെന്ന് മനസിൽ ചോദിച്ച് പാണ്ടിയെഴുന്നേറ്റു. കടഭാഗത്തെ വൈക്കോലെടുത്ത് തീർന്നതിനാൽ വൈക്കോൽ തുറുവിന്റെ മുകളിൽ കയറുവാൻ രണ്ടു ഭാഗങ്ങളിലും പടികൾ പോലെ മുറിച്ച ശിഖരങ്ങളുടെ ശേഷിപ്പുകൾ ഉണ്ടായിരുന്ന മുള കോണിയായി ഉപയോഗിച്ചു വരികയായിരുന്നു. തുറുവിൽ ചാരിവച്ച മുളയിൽ പാണ്ടിയെ കെട്ടിയിട്ട് അന്നമ്മേച്ചി തിരികെ പോയി കിടന്നുറങ്ങി. തലയെത്തിച്ച് വൈക്കോൽ തിന്നതിനാൽ പാണ്ടിയുടെ കഴുത്തുവേദനയും കൊണ്ട് പകൽ വന്നു. തലമുടിയിലും വസ്ത്രങ്ങളിലും പറ്റിപ്പിടിച്ച വൈക്കോൽ കഷ്ണങ്ങളും വൈക്കോൽത്തുറുവിനരികെ കെട്ടിയ പാണ്ടിയേയും കണ്ടപ്പോൾ ""ശെടാ മൈ*'' എന്ന് വായിൽ നിന്നും അറിയാതെ വാക്കുകൾ തെറിപ്പിച്ച് അന്നമ്മേച്ചി പാണ്ടിയെ പറമ്പിൽ കൊണ്ടു പോയി കെട്ടി വന്ന സ്വപ്നം ഓർത്തു. ശുദ്ധഗതിക്കാരിയായതിനാലും കഴുത്ത് കഴച്ച് വേദനയെടുത്തതിനാലും മുളയും വലിച്ച് പുറത്ത് പോകാതെ വയറ് നിറഞ്ഞപ്പോൾ പാണ്ടി കിടന്നുറങ്ങിയിരുന്നു. രണ്ടാമത്തെ സ്വപ്നാടനം സംഭവിച്ചത് ഇതിനും ഒരു മാസത്തിനു ശേഷമായിരുന്നു. അന്നമ്മേച്ചിയുടെ വലതു മുല ഇടത് മുലയേക്കാൾ വലുതായിരുന്നു. എന്താണതിന്റെ കാരണം എന്ന് കുളിക്കുമ്പോഴെല്ലാം അന്നമ്മേച്ചി ചിന്തിച്ചു നോക്കും. വികലാംഗനോട് സമൂഹത്തിനുള്ള സഹാനുഭൂതി പോലെ ഒരു വികാരം വലിപ്പം കുറഞ്ഞ മുലയോട് അവർക്ക് തോന്നിയിരുന്നു. ഒരു ദിവസം ഉറക്കമുണർന്ന അന്നമ്മേച്ചിയുടെ കുപ്പായത്തിനുള്ളിൽ വലിപ്പം കുറഞ്ഞ ഇടത് മുലയ്ക്കു സമീപം പിറ്റേ ദിവസം വരട്ടാനുള്ള പശുവിറച്ചിയുടെ ഒരു നെടുങ്കൻ കഷ്ണം തിരുകിയിരിക്കുന്നതായിരുന്നു കണ്ടത്. പ്ലാസ്റ്റിക്ക് ബാഗിൽ സാമാനങ്ങൾ കൂട്ടിയിടും പോലെ ഇന്നലെ രാത്രി സ്വപ്നത്തിൽ വലിപ്പം വയ്ക്കുവാൻ റൗക്കക്കുള്ളിലേക്ക് മറ്റൊരു മുല ഇട്ടതും രണ്ടും ഒരേ വലിപ്പമായതിൽ അഭിമാനിച്ചതുമായ നിമിഷങ്ങളെ അവർ ഓർത്തു. മറ്റൊരു രാത്രി മേരിയുടെ അപ്പന്റെ പാന്റ്‌സ് ഇട്ടു അവർ ഉണർന്നു. പാതിരാത്രി എഴുന്നേറ്റ് ബാക്കിയായ ഭക്ഷണം ഇരുന്നു കഴിച്ച സംഭവത്തെ മേരി സ്വപ്നാടനമായി കൂട്ടിയിട്ടില്ലായിരുന്നു. ഒരു പുലർച്ച ആട്ടുകല്ലിൽ അരക്കുന്ന ശബ്ദം കേട്ട് അപ്പനെഴുന്നേറ്റു നോക്കിയപ്പോൾ മുന്നിലേക്ക് നോക്കിയിരുന്നു പശുക്കൾക്കുള്ള പരുത്തിക്കുരു അന്നമ്മേച്ചി ആട്ടുകയായിരുന്നു. പിന്നൊരിക്കൽ അവർ അടുക്കളയിലെ ചവിട്ടിയിൽ കിടന്നുറങ്ങിപ്പോയി. അന്ന് മൂക്കണാഞ്ചി പല്ലി കുറേ വിളിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. മേരിയെ സ്‌നേഹിക്കുന്നതിൽ നിന്നും ആലീസ് അന്നമ്മേച്ചിയെ തടഞ്ഞിരുന്നതിനാലാവണം ഒരു പുലർച്ചയിൽ മേരിയെ താലോലിക്കുവാൻ ഇതുവരെയില്ലാതിരുന്നത്രയും സ്‌നേഹവുമായി അന്നമ്മേച്ചിയമ്മ വന്നു. എന്നാൽ ആലീസിന്റെ കണ്ണു വെട്ടിക്കുവാൻ അന്നും അവർക്ക് കഴിഞ്ഞില്ല. മേരിയുടെ മുറിയിലെ വാതിൽ അന്ന് അന്നമ്മേച്ചിയുടെ തള്ളവിരലിൽ ആഞ്ഞടഞ്ഞു. ചോര ചത്തു കിടക്കുന്ന കറുപ്പു നിറം വളരെക്കാലം അന്നമ്മേച്ചിയുടെ തള്ളവിരൽ മോതിരമായി അണിഞ്ഞു നടന്നു.

ആലീസ് വിട്ട് പോകുക എന്ന തീരുമാനം അപ്പന്റെ തലച്ചോറിൽ മുളച്ചപ്പോഴേ കാര്യം ആലീസറിഞ്ഞു. അറിഞ്ഞ നിമിഷത്തിലേ കോപം കൊണ്ട് വിറച്ച അവർ നിന്ന നിൽപ്പിൽ രണ്ട് റബർ മരങ്ങൾ പിഴുതെറിഞ്ഞു. ചുഴലിക്കാറ്റിൽ ആലീസിലെ മണ്ണൊന്നുലഞ്ഞു. വാഴകൾ തണ്ടൊടിഞ്ഞു വീണു. മൃഗങ്ങൾ കുന്നിറങ്ങി. പക്ഷികൾ കൂട്ടമായി ആലീസ് വിട്ടു. വെള്ളമൊഴുകിയ അരുവിയുടെ സമീപത്തെ മരത്തിനു തീ പിടിച്ചു. രതിയിലേർപ്പെടാൻ പോകുന്ന സ്ത്രീയുടെ കാലുകൾ പോലെ മണ്ണകന്ന് അതിനുള്ളിലേക്ക് വസ്തുക്കൾ പറന്ന് വീണു. ആലീസിനു ചുറ്റും കാർമേഘങ്ങൾ കുമിഞ്ഞു കൂടി. പാറകൾക്കുള്ളിലെ ഗർഭത്തിൽ നിന്നും ലാവ പുറത്ത് ചാടാൻ ഒരുങ്ങി. ആലീസിലെ മനുഷ്യരെ എറിഞ്ഞോടിക്കുവാൻ മേഘങ്ങൾ ചരൽക്കല്ലുകൾ പോലെ മഞ്ഞിൻ ചീളുകൾ വിളവെടുത്തു. മിന്നൽപ്പിണരുകൾ പട്ടത്തിന്റെ ചില്ലു പൊടിച്ചുരച്ച നൂലു പോലെ പട്ടം പറത്തലുകാരുടെ കഴുത്തുകൾ ലക്ഷ്യമാക്കി നീങ്ങി. അപ്പോഴേക്കും മേരിയുടെ അപ്പാപ്പനെത്തി ആലീസിനെ ആശ്വസിപ്പിച്ചു. എന്നിട്ടും താൻ പൊന്നു പോലെ നോക്കിയ മേരിയെ പിരിയുന്നതിലെ വിഷമം മറച്ച് വയ്ക്കുവാൻ ആലീസിനു കഴിയാതെ കരഞ്ഞു. മഴ വന്ന് ആലീസിനെ മൂടി. ദേശം അതിൽ കുതിർന്നു. മറ്റൊരു വഴിയുമില്ലാതെ അപ്പാപ്പനാലീസിന്റെ വയറ്റിൽ വളരുന്ന മരണത്തിന്റെ കുഞ്ഞിനെപ്പറ്റി പറയേണ്ടി വന്നു. ഒട്ടൊരു കൗതുകത്തോടെ ആലീസ് വയറിലേക്ക് നോക്കി. മരണം ആ രഹസ്യം തനിക്ക് പറഞ്ഞു തന്നതിന്റെ കാരണം ആലീസിന്റെ ആകാശത്തിൽ മഴക്കൊപ്പം വെയിൽ വന്നപ്പോൾ അപ്പാപ്പനു മനസിലായി. ആലീസ് തന്റെ വയറിൽ ചെവി വച്ച് ശബ്ദം കേൾക്കുന്നുണ്ടോയെന്ന് കാതോർത്ത് അവിടെ കിടന്നു. ആലീസ് പതിയെ തണുത്തു തുടങ്ങി.

മകൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്വം കഴിയും വരേയും വീടു മാറാതെ അപ്പൻ പിടിച്ചുനിന്നു. അതിനിടയിൽ കുട്ടികൾ റോഡിലൂടെ കൂട്ടം കൂട്ടമായി സ്‌ക്കൂളിൽ പോകുന്നതു കണ്ട് വാശി പിടിച്ച മേരിക്കുഞ്ഞിനെ അടുത്തുള്ള നഴ്‌സറിയിൽ ചേർക്കുവാൻ അപ്പൻ സമ്മതം നൽകി. ""ഓ മൈ**'' അന്നമ്മേച്ചി പച്ച കൊടി കാണിച്ചു.▮(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments