ചിത്രീകരണം: ശ്രീജിത്ത് പി. എസ്.

3 am

കുന്നിറങ്ങുന്നവർ വഴുതി വീഴും പായലുകൾ​അധ്യായം എട്ട് തുടർച്ച

ഴക്കാലം ആരംഭിച്ചപ്പോൾ കുടയ്ക്ക് പകരം മഴക്കോട്ടാണ് അപ്പൻ മേരിക്ക് വാങ്ങിക്കൊടുത്തത്. വായക്കുള്ളിൽ കോട്ടുവായകൾ എന്ന പോലെ മഴക്കോട്ടിൽ മഴക്കാടുകളെ മേരി ഒളിച്ചു കടത്തി. മറ്റുകുട്ടികൾ മഴയെ ഭയന്ന് കുടചൂടി, തെറിക്കുന്ന മഴത്തുള്ളികളിൽ നനഞ്ഞ് വിറച്ച് അടിവച്ചു വച്ച് നടന്നപ്പോൾ മേരിക്കുഞ്ഞു മാത്രം സ്വാതന്ത്ര്യത്തെ തിരിച്ചറിഞ്ഞു. അവൾ തന്റെ പാദത്തെ മറ്റൊരു വിധത്തിൽ ചലിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ നിസ്സഹായത തടവിൽപ്പെട്ടവരെ നിരീക്ഷിക്കുന്നതിലാണെന്ന് മേരിക്കുഞ്ഞിനു മനസ്സിലായില്ല. സൂപ്പർമാൻ വസ്ത്രം മാറുന്ന പോലെ മഴക്കോട്ടിലേക്ക് മാറുന്ന സമയം തനിക്ക് ലഭിച്ച സൂപ്പർ പവറുകളെക്കുറിച്ച് മറ്റാരും അറിയരുതെന്ന് മേരിക്കുഞ്ഞിനു നിർബന്ധം ഉണ്ടായിരുന്നു. വെള്ളത്തിൽ ചവിട്ടിയും തന്റെ മേലേക്ക് വെള്ളം തെറിപ്പിച്ച വാഹനങ്ങളെ കാലു കൊണ്ട് ചവിട്ടാൻ ഓങ്ങിയും തിരിച്ചു വെള്ളം തെറിപ്പിച്ചും മഴയത്ത് അപ്പനും അപ്പന്റെ സൈക്കിളിനുമൊപ്പം അവൾ നടന്നു. പരുന്തിന്റെ ആകൃതിയിൽ പറന്നു ഇറങ്ങിയ കുരുവിക്കൂട്ടത്തിലെ, പരുന്തിന്റെ കൂർത്ത കൊക്കായ ഒരു കുരുവി മേരിയുടെ വീട്ടിലേക്കായി പാടിയ ദിവസം സാധാരണ കുട ആറുന്നതിനു എല്ലാവരും വക്കുന്ന ഉമ്മറത്തു നിന്നും മാറ്റി നഴ്സറിയെ തിരിക്കുന്ന കാർഡ്ബോർഡിന്റെ വലിയ ചുമരിൽ മേരി മഴക്കോട്ട് തൂക്കിയിട്ടു.

പരിസരത്തെവിടെയോ കിളികളുടെ കലപില കേട്ട ഏമിയാണ് മഴക്കോട്ട് തുറന്ന് നോക്കിയത്. അതിൽ നിന്നും കുരുവിക്കൂട്ടം പറന്നു പോയി. മുറ്റത്തുള്ള മൂവാണ്ടൻ മാവിന്റെ പുഴുകുത്തു പിടിച്ച ഇലകളുള്ള കൊമ്പിലിരുന്നു ചിലച്ചു. തെങ്ങിൽ നിന്നും താഴെ വന്നതിനു കല്ലെറിഞ്ഞു ഓടിപ്പിച്ചതിനിടയിൽ വാലു മുറിഞ്ഞൊരു അണ്ണാൻ മഴക്കോട്ടിന്റെ പോക്കറ്റിൽ നിന്നും ചാടി ഓടി മാഞ്ഞു പോയി. ആനറാഞ്ചികൾ ആനക്കുട്ടികളെ തിരക്കി പറന്നു. കോട്ടിനു തുളയിട്ട് മുള്ളൻ പന്നി ഇറങ്ങി വന്നു. മഴയത്ത് നിന്നും കയറി വന്ന നായ ശരീരത്തിൽ പറ്റിയ വെള്ളത്തുള്ളികൾ കുടഞ്ഞു കളയുന്ന പോലെ തെറിച്ച മുള്ളുകൾ തറഞ്ഞ് കാർഡ് ബോർഡ് പെട്ടിക്കും മൂവാണ്ടൻ മാവിനും വേദനിച്ചു. ശലഭങ്ങൾക്ക് നേർത്ത ചിറകുകൾ കൊത്തിക്കൊടുത്ത് മരം കൊത്തികൾ പറന്നു; അവയുടെ നെറ്റിയിൽ പൂവായി ഓന്തുകൾ ചെന്നിരുന്നു. അവ അവിടിരുന്ന് മരംകൊത്തിക്ക് ദേഷ്യം വരുമ്പോൾ ചുവന്ന പൂവായും പ്രേമം വരുമ്പോൾ വയലറ്റ് പൂവായും നിറം മാറി. തവളകളുടെ തൊലിയിൽ നിന്നും എണ്ണയിൽ സൂക്ഷിച്ചു കേടുവരാതിരുന്ന മൃതദേഹത്തിൽ നിന്നെന്ന പോലെ മെഴുക്ക് കിനിഞ്ഞു നിന്നു. പല്ലികൾ ആകാശത്തിൽ പറ്റിപിടിച്ചു കയറി. കുട്ടികൾ അത്ഭുതത്തോടെ നോക്കി നിന്നു.
അന്ന് വൈകീട്ട് മഴയില്ലാത്തതിനാൽ മുള്ളൻ പന്നിയുടെ മുള്ളുകൾ കൊണ്ട് ഓട്ടകൾ വീണ മഴക്കോട്ടും മടക്കിപ്പിടിച്ചു അപ്പനൊപ്പം സൈക്കിളിൽ പോയ മേരിക്കുട്ടി ടൈഗറിനെ കണ്ടു. താൻ ഭാവിയിൽ രണ്ടാം ക്ലാസിൽ പഠിക്കുവാൻ പോകുന്ന മലയാളം കഥയിലെ നായയുടെ പേര് ആലീസിലുള്ള നായക്ക് വന്നത് എങ്ങനെന്ന് മേരിക്കറിയില്ലായിരുന്നു. എന്നാൽ മേരിക്കു മുമ്പേ രണ്ടാം ക്ലാസിൽ പഠിച്ച ഒരാൾ ആലീസിൽ ആദ്യമായി വന്നപ്പോൾ കണ്ട നായയെ വിളിച്ച പേരാണതെന്ന് ടൈഗറിനു നന്നായി അറിയാം. ആലീസിലെ മുഖ്യ നാടുനിരങ്ങിയും കാര്യാന്വേഷിയുമായ ടൈഗറെ ആലീസിനു കീഴെയുള്ള പോസ്റ്റാഫീസ് കവലയിൽ കണ്ട മേരി അവനോട് ചോദിച്ചു.

"എടാ ടൈഗറേ നീയെങ്ങനെയാടാ ഇവടെയെത്തിയേ?'
"എളേപ്പൻ ആലീസിറങ്ങിയപ്പം കൂടെ വന്നതാ' എന്ന് ടൈഗർ വാലാട്ടി പറഞ്ഞു. സൈക്കിളിൽ ഇരുന്നു അവൾ അപ്പനോട് പറഞ്ഞു.
"അപ്പച്ചാ ദേ ടൈഗറ്' അപ്പൻ അത്ര ഗൗനിച്ചില്ല. കമ്യൂണിസ്റ്റ് ഗ്രന്ഥങ്ങൾ വായിക്കാതിരുന്ന, പ്രത്യയ ശാസ്ത്രങ്ങൾ എന്ന് കേട്ടിട്ടുമാത്രം ഉണ്ടായിരുന്ന, പാർട്ടിയെ വലിയ രീതിയിൽ പരിചയമില്ലാതിരുന്ന സാധാരണക്കാരനായ തന്നെ കമ്യൂണിസ്റ്റുകാരൻ എന്ന് കത്തു പോസ്റ്റു ചെയ്യുവാൻ വന്ന ഒരാൾ വിളിച്ചതിന്റെ ഗമയിലായിരുന്നു അപ്പൻ അപ്പോൾ. സൈക്കിൾ പോകുന്നതനുസരിച്ച് ടൈഗർ അവരെ പിന്തുടർന്നു. പോ ടൈഗറേ എന്ന് കയ്യാട്ടി കയ്യാട്ടി മേരിക്കുഞ്ഞിനു കൈ കഴച്ചു. റോഡിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ അരികിലൂടെ വരുന്ന ടൈഗറിനെക്കുറിച്ച് ആലോചിച്ച് മേരിക്ക് വയ്യായ്ക തോന്നി. സൈക്കിളിനെ വിടാതെ പിന്തുടർന്ന് മേരിയുടെ പുതിയ വീട്ടിൽ എത്തിയ ടൈഗറിനെ സൈക്കിളിൽ നിന്നിറങ്ങിയപ്പോൾ തന്നെ മേരി കെട്ടിപ്പിടിച്ചു. കുളിക്കാത്തതിനാൽ ചെള്ള് പേറുന്ന അവനിൽ നിന്നും അലച്ചിൽ ഒരു നാറ്റമായി മേരിയിലേക്ക് എത്തി. അവൾക്കതൊരു ആശ്വാസമായി അനുഭവപ്പെട്ടു. അവന്റെ വലതു ഭാഗത്തായി അവനോടൊപ്പം തന്നെ വളർന്നു വന്ന പനങ്കുരു പോലുള്ള കറുത്ത പാലുണ്ണിയിൽ അവൾ തഴുകി.
"എങ്ങന്യാ അപ്പാ ടൈഗർ ഇവടെ വരെ എത്തീത്?'
"അത് നമ്മടെ മണം പിടിച്ചാ മോളേ'
"മഴേത്ത് മണം ഒഴുകി പോകൂലേ അപ്പാ?'
"മണം വായുക്കൂടെ അല്ലേ വരാ അതോണ്ട് പോവില്ല'
"അപ്പൊ ഇനിമുതൽ അവൻ ഇവട്യാ അപ്പാ?'
"അവനു ഇഷ്ടൊള്ള സ്ഥലത്ത് നിക്കട്ടേ'
"അല്ല അപ്പാ അവൻ എളേപ്പന്റെ മണം പിടിച്ച് ആലീസീക്ക് തിരിച്ചു പോകോ? ടൈഗറേ നെനക്ക് വെശക്കണുണ്ടോ?' മേരിക്കുഞ്ഞിനു കഴിക്കാൻ ചോറും മുട്ട ഓംലെറ്റും അന്നമ്മേച്ചിയമ്മ എടുത്തു കൊണ്ടു വന്നു. പച്ച ചോറും പൊട്ടിച്ച ചെറിയൊരു കഷ്ണം മുട്ടയും ചേർത്ത് ചവച്ചു കൊണ്ടിരുന്ന മേരിയെ നോക്കി ടൈഗർ വാലിന്റെ ആട്ടൽ വേഗത കൂട്ടി.

"വെശ്ക്കണ്ടാ ടൈഗറേ' എന്നു ചോദിച്ച് ഒരു കഷ്ണം ഓംലെറ്റ് മേരി ടൈഗറിനു എറിഞ്ഞു കൊടുത്തു. എറിഞ്ഞ കഷ്ണം വായുവിൽ വച്ച് നിമിഷത്തിൽ അപ്രത്യക്ഷമാക്കുന്ന ജാലവിദ്യ ടൈഗർ അവൾക്ക് കാണിച്ചു കൊടുത്തു. മേരിക്കുഞ്ഞിന്റെ ചവക്കൽ വേഗത വളരെ കുറഞ്ഞു കൊണ്ട് നിശ്ചലമായി. അവൾ സംശയത്തിന്റെ മുഖഭാവത്തോടൊരു കഷ്ണം കൂടെ മുറിച്ചിട്ട് വായുവിൽ എറിഞ്ഞു നോക്കി. ടൈഗറിന്റെ അടുത്തെത്തിയതും അത് അപ്രത്യക്ഷമായി. ടൈഗർ അനങ്ങിയോ ഇല്ലയോ എന്ന സംശയത്തിൽ ശ്രദ്ധിച്ച് ഇരുന്ന മേരിക്ക് കാര്യം ഒന്നും എന്നിട്ടും വ്യക്തമായില്ല. ഇതെല്ലാം കണ്ട് മാവിങ്കൊമ്പിലിരുന്ന കാക്ക, പൊട്ടിപ്പോയ ചെടിച്ചട്ടികൾക്ക് മുകളിൽ താഴ്ന്ന് ചെന്നു ഇരുന്നു. മേരി ഒരു പിടി ചോറു വാരി ടൈഗറിന്റെ അടുത്തേക്കെറിഞ്ഞു. അതു മണത്തു പോലും നോക്കാതെ മേരിയുടെ ചവക്കലിന്റെ താളത്തിൽ വാലാട്ടി ടൈഗർ വായ തുറന്ന് നാവിൽ നിന്നും തുപ്പലിറ്റിച്ചു. കാക്ക ടൈഗറിനെ ഭയന്നെന്ന് കാണിച്ച് പതുക്കെ ചാടി ചാടി വന്ന് ഓരോ വറ്റുകളായി കൊത്തി തിന്ന് ടൈഗറിന്റെ അടുത്തു കിടന്ന വറ്റുകളെ വേണ്ടെന്നു വച്ചു. താൻ കൊടുത്ത ചോറ് കാക്ക തിന്നുന്നത് മേരിക്ക് അത്ര ഇഷ്ടമൊന്നുമായില്ല. പക്ഷേ നാവ് പുറത്തേക്കിട്ട് കൊതിച്ചു നിൽക്കുന്ന ടൈഗറിനെ കണ്ടപ്പോൾ അവളുടെ ദേഷ്യം വിഷമത്തിലേക്ക് സഞ്ചരിച്ചു. വിഷമത്തോടെയാണെങ്കിലും ഓംലറ്റിന്റെ കഷ്ണങ്ങൾ അവൾ പൊട്ടിച്ചു എറിഞ്ഞു കൊടുത്തു കൊണ്ടിരുന്നു.

"കഴിഞ്ഞു ടൈഗറേ ഒക്കേം' എന്ന് പറഞ്ഞു പാത്രം കാണിച്ച് തെളിവ് കൊടുത്തു. പിറകിൽ വന്ന അന്നമ്മേച്ചിയമ്മ "നീയാ മൊട്ട മുഴോനും ആ പട്ടിക്കു കൊടുത്തോ? ' എന്നു ചോദിച്ച് ആശ്ചര്യപ്പെട്ടു. ഓംലറ്റ് ഉണ്ടാക്കാൻ അടുപ്പ് ഇനിയുമെത്ര പുകക്കണം അതിൽ തന്റെ കണ്ണെത്ര നീറണം എന്നാലോചിച്ച് അവർക്ക് ഭ്രാന്ത് വന്നു. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരുടെ കാര്യം നോക്കരുത് എന്ന പാഠത്തിലെ ആദ്യത്തെ വാചകം അന്ന് അന്നമ്മേച്ചിയമ്മ അവൾക്ക് പറഞ്ഞു കൊടുത്തു. വീടിനു അകത്തു കയറി ഈ വട്ടം ചോറും ഓംലറ്റും കഴിച്ച മേരി അതിനു ശേഷം ടൈഗറിനൊപ്പം കളിക്കുവാനിറങ്ങി. വാലിൽ പിടിച്ചു കറക്കുക, തൊലി പിടിച്ചു വലിച്ചു വളച്ച് അവനെ വയസനാക്കുക, മൂക്കിലെ നനവിൽ വിരലുരസി അവനെക്കൊണ്ട് ഹാഛീ ഇടീക്കുക, വായ തുറപ്പിച്ച് അവന്റെ തന്നെ കയ്യ് അതിലിട്ടു അടപ്പിക്കുക തുടങ്ങിയ കലാപരിപാടികളിൽ അവൾ മുഴുകി. വീടു മാറ്റത്തിനിടയിൽ അപ്പൻ വാങ്ങിയ പുതിയ മര അലമാരിയുടെ മുന്തിരി വള്ളികൾ പടർന്ന മുഴുനീളൻ കണ്ണാടിയിൽ നോക്കിയാണ് അവൾ പൗഡർ ഇടുക. അലമാരിക്കടിയിലാണ് പുതിയ കളിപ്പാട്ടങ്ങൾ ഒളിപ്പിക്കുക. പഴുത്ത പ്ലാവില കൊണ്ടുള്ള കിരീടം, മച്ചിങ്ങകൾ കൊണ്ടുള്ള വട്ടം കറക്കി യന്ത്രം എന്നിവ അതിനുള്ളിൽ കിടന്ന് മാറാലകൾ അണിഞ്ഞു.

അന്നമ്മേച്ചിയമ്മ ഒരു ഗ്ലാസുമായി പഞ്ചസാര കടം വാങ്ങുവാൻ അടുത്ത വീട്ടിലേക്ക് പോയപ്പോൾ ടൈഗറിനെ പിടിച്ചു വലിച്ച് അലമാരിയുടെ മുൻപിലേക്ക് കൊണ്ടു വരുവാനുള്ള ദൗത്യത്തിലായിരുന്നു മേരി. എത്ര വലിച്ചിട്ടും ടൈഗർ അനങ്ങിയില്ല. അവൻ കാലുകൾ കൊണ്ടും കൈകൾ കൊണ്ടും പിന്നിലേക്ക് വലിഞ്ഞു നിന്നു. ചെവിയിൽ പിടിച്ച് വലിച്ചപ്പോൾ വേദനയെടുത്ത് തല കുടഞ്ഞ് ഞീളി. മേരിക്കുഞ്ഞ് അടുക്കളയിൽ പോയി അരിക്കലത്തിൽ ചവിട്ടി അലമാരയുടെ ഉയരത്തിൽ വച്ചിട്ടുള്ള ടിന്നിൽ നിന്നും ബിസ്‌കറ്റ് എടുത്ത് ടൈഗറിനെ കാണിച്ചു. ആ പ്രലോഭനത്തിനു വശംവദനായി അവൻ വായ തുറന്ന് അടി വച്ച് അടി വച്ച് വന്നു. ബിസ്‌കറ്റ് കവറിന്റെ കിലുകിലുക്കം അവന്റെ ചലനങ്ങളെ നിയന്ത്രിച്ചു. ഒരു ബിസ്‌കറ്റ് കണ്ണാടിക്ക് മുൻപിൽ ഇട്ടു കൊടുത്ത് മേരി അവനെ ക്ഷണിച്ചു. അവനതിൽ കുരുങ്ങി. കണ്ണാടിക്കു മുൻപിൽ എത്തിയ ടൈഗറിനെ ചുറ്റിപ്പിടിച്ച് മുഖം കണ്ണാടിക്കു നേരെ തിരിച്ച് മേരിക്കുഞ്ഞ് കണ്ണാടിയിലെ ടൈഗറിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. ഒരര നിമിഷത്തേക്കെങ്കിലും അവൻ അവനെത്തന്നെ സൂക്ഷിച്ചു നോക്കി. മേരിയുടെ പിടി പൂടകളിൽ നിന്നും തൊലിയിൽ നിന്നും അടർന്ന നിമിഷം അവനോടി. നിക്കടാ ടൈഗറേ എന്നു വിളിച്ചു പിറകേ മേരിയും. വളവിൽ വച്ച് കാണാതാകുന്നതു വരെ മേരി അവനെ പിന്തുടർന്നു. ടൈഗർ പോയതായി അവൾക്ക് മനസിലായി. വണ്ടി തട്ടാതെ റോഡ് മുറിച്ചു കടന്ന് എളേപ്പന്റെ മണം പിടിച്ച് അവൻ ആലീസിലേക്ക് എങ്ങനെയെത്തുമെന്ന് ദണ്ണിച്ചു. ജോലി കഴിഞ്ഞ് അപ്പൻ വന്നപ്പോൾ മേരി കാര്യം പറഞ്ഞു.

"അപ്പാ ടൈഗർ പോയപ്പാ' "എങ്ങട്' "അതറിയില്ലപ്പാ ഓടിപ്പോയി' "ഞാൻ അവനെ കണ്ണാടിയിൽ കാണിച്ചു കൊടുത്തതാ. നമ്മൾ വാങ്ങിയില്ലേ പുതിയ അലമാരി. അതു കണ്ടപ്പോ അവൻ ഓടി പോയി. പേടിച്ച് ഓടീതാവോ അപ്പാ?' "ഏയ്' "പറ അപ്പാ എന്തിനാ അവൻ ഓടീത്?' "കണ്ണാടിയിൽ നോക്കിയപ്പോ വേറെ ഒരു നായക്കുട്ടി നിൽക്കണത് അവൻ കണ്ടുണ്ടാവും അപ്പൊ നമ്മള് വേറെ പട്ടിക്കുട്ടിനെ വാങ്ങി എന്നു വച്ച് അവനു വിഷമായിണ്ടാവും. അവനെ വേണ്ടാണ്ടായീന്ന് തോന്നിക്കാണും.'"പാവം ടൈഗറ് ' എന്നു പറയുന്നതിനിടയിൽ ടൈഗറിനു പകരം തന്നെത്തന്നെ മേരി അവിടെ കണ്ടു. തനിക്കു പകരം മറ്റാരോ അപ്പനോട് സംസാരിക്കുന്നു സ്നേഹിക്കുന്നു എന്ന ചിന്തയിൽ ടൈഗറിന്റെ പാലായനത്തെ അവൾ തിരിച്ചറിഞ്ഞു. തന്നെ മറ്റൊരാളായി കണക്കാക്കി ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന മേരിയുടെ സ്വഭാവത്തിന്റെ വിത്ത് ഇവിടെ വച്ചായിരുന്നു കുഴിച്ചിട്ടത്.

മഴക്കോട്ടിൽ തുളകൾ വീണതിൽ പിന്നെ മഴത്തുള്ളികൾ ഏറ്റാണ് മേരി ക്ലാസിൽ എത്തിയിരുന്നത്. കമ്യൂണിസ്റ്റുകാരനായ മേരിയുടെ അപ്പന്റെ വീടിനപ്പുറം കടുത്ത മതവിശ്വാസികളായിരുന്ന ഗംഗാധരൻ നായർ, വാസുദേവൻ, ഇട്ട്യാര എന്നിവർ താമസിച്ചു. മേല്പാതയിൽ നിന്നും മേരിയുടെ വീട്ടിലേക്കു രണ്ടു വഴികൾ ആയിരുന്നു ഉണ്ടായിരുന്നത്. അതിലൊന്ന് ഇട്ട്യാരേട്ടന്റെ പറമ്പിന്റെ തീരത്തുകൂടെ ആയിരുന്നു. മതവുമായി ബന്ധപ്പെട്ട് ഒരു കാർക്കശ്യവും വീട്ടിൽ നിലനിന്നിരുന്നില്ല. അപ്പനോ അന്നമ്മേച്ചിയമ്മയോ അതിനു മുൻകൈ എടുത്തുമില്ല. അതിനാൽ തന്നെ ഒരു വൈകുന്നേരം ഇട്ട്യേരേട്ടന്റെ വീട്ടിൽ പരിശുദ്ധമറിയമേ തമ്പ്രാന്റെമ്മേ വിളികേട്ട് മുട്ടു കുത്തിയപ്പോൾ മേരിയുടെ ഓർമകളിൽ ആലീസ് ചരടു പിടിച്ചു വലിച്ചു. ഇട്യാരേട്ടന്റെ മകൾ എൽസ മേരിയേക്കാൾ ഒരു വയസ് മൂത്തതാണെങ്കിലും അവളുമായി മേരി വേഗത്തിൽ ചങ്ങാത്തത്തിലായി. മഴക്കാലം പകുതി ആയപ്പോഴേക്കും മേരിക്കുഞ്ഞിന്റെ മഴക്കോട്ട് നാശമായി. നഴ്സറി അവസാനിക്കാറായിരുന്നു. നഴ്സറിയിലെ അവസാന പരീക്ഷക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിനു ചുവന്ന സ്‌കെച്ച് പേന മേരിക്ക് കിട്ടിയതിൽ അന്നമ്മേച്ചിയമ്മക്ക് അമ്പരപ്പ് ഉണ്ടായി. ഡയറിയിൽ അവളെക്കുറിച്ച് നല്ല വാക്കുകൾ വായിച്ച് അസൂയ വന്നു അടുപ്പ് പുകക്കുവാൻ തുടങ്ങി. കാലം കടന്നു പോകുകയായിരുന്നു. പോസ്റ്റാഫീസ് കവലയിൽ പല വികസനങ്ങളും വന്നു. റോഡ് വീതി കൂട്ടി. പുതിയ സ്റ്റേഷനറി കട വന്നു. വീടുകൾ കൂടി. പെട്ടിക്കട പൊളിച്ചു. നഴ്സറി കഴിഞ്ഞപ്പോഴേക്കും അങ്ങാടിയോട് ചേർന്ന് പള്ളി തുടങ്ങിയ സ്‌കൂളിൽ ഒന്നാം ക്ലാസിൽ എൽസക്കൊപ്പം മേരി പോയിത്തുടങ്ങി. മേരിയുടെ വീടിന്റെ നെറ്റിയിലെ മുഴ പോലെ ചേർന്നു നിൽക്കുന്ന കിണറിൽ ചെക്കന്മാർ പരൽ മീനുകളെ കൊണ്ടിട്ട വിവരം അറിയിച്ചത് അവളാണ്. കിണറിന്റെ കൈവരികളിൽ കിടന്ന് മേഘങ്ങളിൽ നീന്തും മീനുകളെ മേരി നോക്കി കിടന്നു. മീനുകൾ വന്നാൽ തവളകൾ വരുമെന്നും അവയെ തിന്നാൻ പാമ്പുകൾ വരുമെന്നും എൽസ അറിയിച്ചു. പാമ്പുകൾ ഇഴയുന്ന വഴുവഴുപ്പുള്ള കിണറിലേക്ക് വഴുതുന്ന സ്വപ്നം ഇടയ്ക്കിടെ അവളെ വേട്ടയാടി. മേരിയുടെ വീട്ടിലേക്കുള്ള രണ്ടാമത്തെ വഴി ഇടതു വശത്തെ അതിർത്തിയിലൂടെ എത്തുന്ന കനാലിന്റെ അരികിലൂടെയാണ്. തനിയെ അതുവഴി നടക്കുന്നതിന് മേരിക്ക് അനുവാദമില്ലായിരുന്നു. കനാലിനപ്പുറമായി പാടങ്ങൾ നീണ്ടു തണ്ടൽ നിവർത്തിക്കിടന്നു. കനാലിലെ വെള്ളമാണ് വേനൽക്കാലങ്ങളിൽ തടയിട്ട് പൊക്കി പാടങ്ങളിലെ നെൽകൃഷിക്ക് ഉപയോഗിച്ചിരുന്നത്. കനാലിനു പേരും ഉണ്ടായിരുന്നു, കുര്യാടി കനാൽ. ഭാവിയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം തനിക്കു വരാൻ ഇരിക്കുന്ന കുര്യാടി രാജ്ഞി എന്ന പേരുമായി ഈ കനാലിനു ബന്ധമുണ്ടാകുമെന്ന് അതുവരെ മേരിക്കറിയില്ല. രണ്ടുപേർക്ക് ചേർന്നു നടന്നു പോകാവുന്നത്രയും ഇടുങ്ങിയ വരമ്പുപോലെയായിരുന്നു കനാലിലെ വഴി. മഴക്കാലത്ത് വെള്ളം കയറി വഴി കാണാതാകുകയാണ് പതിവ്. മഴ ഒഴിഞ്ഞ് വെള്ളം താഴുമ്പോൾ മണൽ വിരിഞ്ഞു കിടന്ന വഴിയിലൂടെ അപ്പനോടൊപ്പം കാൽപ്പത്തി പതിപ്പിച്ച് മഴവെള്ളത്തിൽ ഒലിച്ചു വന്ന തേങ്ങകൾ കൊതുമ്പുകൾ തേങ്ങോലകൾ മരക്കഷ്ണങ്ങൾ എന്നിവയെ നോക്കി നടക്കുവാൻ മേരി ഇഷ്ടപ്പെട്ടു വരികയായിരുന്നു.

മേരിയുടേയും മറ്റു വീട്ടുകാരുടേയും പറമ്പിൽ പെയ്യുന്ന മഴ വെള്ളം ഒഴുകി പോകുന്നതിനു ചെറിയൊരു കൈത്തോട് പറമ്പിനു താഴ്ഭാഗത്തു കൂടെ കനാലിലേക്ക് ഒഴുകി. മഴക്കാലത്ത് തെളിനീർ പോലെ വെള്ളം അതിലൂടെ ഒഴുകി. തണ്ടുകളിൽ ഈ വെള്ളം പശപ്പശപ്പുമായി ചേർന്ന് പറ്റിപ്പിടിച്ച് പുല്ലുകൾ കൈത്തോട്ടിലേക്ക് ചാഞ്ഞു നിന്നു. തണ്ടുകളെ ഉരുമി ചെറുമീനുകൾ ഒഴുക്കിൽ തെന്നിക്കളിച്ചു. വേരുകൾക്കിടയിലൂടെ തവളക്കുഞ്ഞുങ്ങൾ മീനുകൾക്കൊപ്പം ഇണകളായി നീന്തി. ചൂട്ടാൻ മാത്രം പൊങ്ങുതടി പോലെ പൊന്തിക്കിടന്നു. എങ്ങു നിന്നു വന്നു എന്നറിയാതെ ഞവണിക്കകൾ അവിടം നിറഞ്ഞു. ഒരു പറമ്പിൽ നിന്നും ചെറിയ താഴ്ചയിലേക്കുള്ള മറ്റൊരു പറമ്പിലേക്ക് വെള്ളം ഒഴുകിയപ്പോൾ പതഞ്ഞൊഴുകിയ ശബ്ദം മേരി കേട്ടത് ചെക്കന്മാർ കിണറിൽ പരൽ മീനുകളെയിട്ട കഥ എൽസയിൽ നിന്നും കേട്ട ദിവസമായിരുന്നു. മേരിയെക്കണ്ട് കുത്തിയൊഴുകുന്ന വെള്ളചാട്ടത്തിലെ ഒഴുക്കിന്റെ കൂർത്ത മുനയിൽ തട്ടി വേദനിച്ച് ഉയർന്ന തട്ടുള്ള പറമ്പിലേക്ക് ചാടിയ കൂരിക്കുഞ്ഞുങ്ങൾ കല്ലുകൾക്കിടയിൽ പുതഞ്ഞു. ചൂട്ടാൻ മാത്രം ഒരു കൂസലുമില്ലാതെ ചെറുമാലയിലെ വൈരം പോലെ വെയിലിൽ കിടന്ന് തിളച്ചു.

കിണറിന്റെ കെട്ടിൽ ഇഷ്ടികകൾ കൂട്ടിയിട്ട ഭാഗത്തു കയറി എത്തി നോക്കി എൽസ അവൾക്ക് പറഞ്ഞു കൊടുത്തു
""വാലിന്റെ ഭാഗത്ത് പുള്ളി ഉള്ളതാണ് മുണ്ടോത്തി'' കിണറിന്റെ കെട്ടിൽ സിമന്റ് പൊളിഞ്ഞ ചുവന്ന ഇഷ്ടികകൾ പുറത്ത് കാണുന്ന ഭാഗങ്ങളിൽ പായലിനടിയിൽ ചെറുമണ്ണിരകൾ കൂടുവച്ചു. കിണറിന്റെ കൈ വരികളിൽ വളരുന്ന ചെറിയ ആൽമരം മഴ കൂടി വെള്ളം പൊങ്ങിയപ്പോൾ അടിയിലായിപ്പോയി. നനവു തട്ടിയ ഭാഗങ്ങളിലൂടെ കുനിയൻ ഉറുമ്പ് അടുത്ത മഴക്കു മുൻപ് പുതിയ കൂട് തേടി വേഗത്തിൽ നടക്കുന്നുണ്ടായിരുന്നു. അന്നു രാത്രിയിലെ മഴയിൽ ജോലി കൊണ്ട് വലിയ പ്രയോജനം ഇല്ലെന്നും പുതിയതായി എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്നും മേരിയുടെ അപ്പൻ ചിന്തിച്ചു. നനഞ്ഞ മണ്ണിൽ വെറ്റിലക്കൊടികൾ നാട്ടാൻ അന്നു രാത്രി അപ്പൻ തീരുമാനം എടുത്തു. പിറ്റേദിവസം ശനിയാഴ്ച ആയിരുന്നു. മേരിക്ക് പഠിത്തമില്ലായിരുന്നു. പഴയ ഉപ്പുമാവു ആലോചിച്ച് അന്നമ്മേച്ചിയമ്മ മാത്രം മേരി നഴ്സറിയില്ലാത്തതിൽ ഖേദിച്ചു. മേരിയുടെ അപ്പനു വൈകി വരുവാൻ അനുവാദമുള്ള ദിവസമാണ് ശനിയാഴ്ച. ശനിയാഴ്ചകളിൽ ജോലി കഴിഞ്ഞ് സുഹൃത്തുകളുമായി സംസാരിച്ച് അപ്പൻ വീട്ടിലെത്തുക പത്തു മണിക്കായിരുന്നു. ഭക്ഷണം മേശപ്പുറത്തു എടുത്ത് വച്ച് വാതിൽ ചാരി അന്നമ്മേച്ചിയമ്മ മേരിക്കൊപ്പം ഉറങ്ങും. അന്ന് രാവിലെ വെറ്റിലക്കൊടികൾക്കായി കുഴികൾ എടുക്കുന്നതിനു പണിക്കാർക്കൊപ്പം കുഞ്ഞു സോളമൻ വന്നു. മേരിയുടെ ഓർമകളിൽ മേരിയെ ആഹ്ലാദിപ്പിച്ച എല്ലാ മുഖങ്ങളും സോളമന്റേതായിരുന്നു. കയ്യിൽ നീളത്തിൽ മെഴുകു പോലെ പിടിയുള്ള തൂമ്പയും പിടിച്ച് വന്ന വേലായുധേട്ടന്റെ കൂടെയുള്ള മകനെ കണ്ട് മേരി ഞെട്ടി.
രാവിലെ പ്രാതൽ കഴിഞ്ഞ് പറമ്പിൽ നടക്കുന്ന ബഹളം കണ്ട് എത്തി നോക്കിയതായിരുന്നു മേരി. കാലുകൾ മണ്ണിൽ കുതിരുവാൻ വിട്ട് സോളമൻ വെറ്റിലക്കൊടികൾക്ക് പടർന്നു കയറുവാനായി കുത്തിക്കൊടുവാൻ പോകുന്ന അടക്കാമരത്തിന്റെ പാളികൾ അടുക്കി വക്കുകയായിരുന്നു. മേരിയുടെ ബാല്യകാല ഓർമ്മകളിലെ അടുപ്പം തോന്നിയ മുഴുവൻ ആൺകുട്ടികൾക്കും സോളമന്റെ മുഖവും പേരുമായിരുന്നു. വേലായുധേട്ടൻ കുഴി കുത്തുകയായിരുന്നു. വേരുകൾ പാതി ചെത്തിക്കളഞ്ഞ് തെങ്ങിന്റെ മൂട്ടിലെടുത്ത തടത്തിലേക്ക് വേലായുധേട്ടൻ വെട്ടിത്തളിച്ച പച്ചിലക്കാട് തെങ്ങിനു വേഷഭൂഷാദികൾ എന്ന പോലെ നിലത്തു മുട്ടി കിടന്നു. വേലായുധേട്ടൻ കിളക്കുന്നതിനിടയിൽ ഹൂശ് ഹൂശ് എന്നു പറയുന്നത് നിർത്തിയിട്ട് കടക്കലേന്ന് കൊറച്ച് മാറ്റി ഇടടായെന്ന് സോളമനോട് പറഞ്ഞു.

വേലായുധേട്ടന്റെ വിയർപ്പു ചാലുകളിൽ നിന്നും ഹൂശ് ഹൂശ് എന്ന ശബ്ദം പറന്നു പോകുന്നത് മേരി നോക്കി നിന്നു. കുഴിയെടുക്കുന്നതിനിടയിൽ മൺകട്ടകൾക്കിടയിൽ നിന്നും പുറത്തു വന്ന മണ്ണിരകളെ സോളമൻ ശേഖരിക്കുന്നത് മേരി കണ്ടു. അഴകൊഴന്നനെ കിടക്കുന്ന പുഴുവിനെ അവൾക്ക് അറച്ചു. അവയുടെ കൊഴുകൊഴുത്ത ദ്രാവകത്തിൽ സൂര്യവെളിച്ചം തട്ടി മഴവില്ലുകൾ മണ്ണിരകളിൽ വിരിഞ്ഞു. ഒരു ചെടിയുടെ ഇലയിൽ കെട്ടു പിണഞ്ഞു ഒരൊറ്റ നൂലിന്റെ ചുരുളുകൾ പോലെ അവ കിടന്നു. മേരിക്കുഞ്ഞ് നോക്കികൊണ്ടിരിക്കെ സോളമൻ തുരുമ്പെടുത്തു തുടങ്ങിയൊരു നഖംവെട്ടി പോക്കറ്റിൽ നിന്നും എടുത്തു. അതിന്റെ ഉള്ളിൽ നിന്നും മൂർച്ച കുറഞ്ഞൊരു കത്തി നിവർത്തി ഒരു മണ്ണിരയെയെടുത്ത് കുഞ്ഞു കഷണങ്ങളായി മുറിച്ചു. മേരിയുടെ മുഖത്തെ അറപ്പ് കൗതുകങ്ങളിലേക്ക് മാറിയപ്പോൾ സോളമൻ കാര്യം പറഞ്ഞു കൊടുത്തു. മണ്ണിരകൾ ചെടികൾ പോലെയാണ് എത്ര കഷ്ണങ്ങൾ ആക്കുന്നുവോ അത്രയും മണ്ണിരകൾ ഉണ്ടായി വരും. കപ്പത്തണ്ടു പോലെ രണ്ടു കഷ്ണങ്ങളിൽ നിന്നും രണ്ടു മുഴുവൻ മണ്ണിരകൾ വളർന്നു വരും. ഒരു മണ്ണിരക്ക് രണ്ട് തലയുണ്ട് നോക്ക്. മേരിക്കുഞ്ഞ് നോക്കി ശരിയാണ്. ദേ ഇവടെ ഒരെണ്ണം അവടെ തൊട്ടാൽ അപ്രത്തെ തല വച്ച് എഴഞ്ഞ് രക്ഷപെടും. അവൾ ഒരു തലയിൽ തൊട്ടു നോക്കി. ഇതു പോലെ എല്ലാ കഷ്ണങ്ങൾക്കും വരും തലകൾ. സോളമൻ മുറിച്ചെടുത്ത മണ്ണിരയുടെ കഷ്ണങ്ങൾ കിളച്ച മണ്ണിൽ വിത്തുകൾ പോലെ വിതറി. കയ്യിൽ കത്തി ഇല്ലാതിരുന്ന കാരണം സോളമൻ നഖം വെട്ടി മേരിക്ക് നൽകി. പകരം സ്വന്തം നഖങ്ങളാൽ അവൻ മണ്ണിരയെ മുറിച്ചു. മേരി ഒരു ഇല പൊട്ടിച്ച് കൊണ്ടു ചെന്നു. മുറിക്കുവാൻ മേരിയും വിതറുവാൻ സോളമനും കരാർ എടുത്തു. കവലയിൽ ഞായറാഴ്ച മാത്രം പോത്തിന്റെ കാലു തൂക്കിയിട്ടു അതിൽ നിന്നും ചെറിയ കഷ്ണങ്ങൾ മുറിച്ചു കൊടുക്കുന്ന ഇറച്ചി വെട്ടുകാരനായ അലിയുടെ കല മേരിയുടെ കൈകളിൽ വന്നു ചേർന്നു. മനുഷ്യന്റെ ക്രൂരതയെന്ന ആദിമ ചോദന മേരി ആദ്യമായി അനുഭവിക്കുകയായിരുന്നു. അവൾക്കതിൽ ഏതോ രീതിയിലുള്ള സംതൃപ്തി കൈവന്നിരുന്നു. ഈ പ്രവൃത്തിയുടെ കർമ്മഫലത്തെക്കുറിച്ച് വേവലാതിപെടുന്ന ദിവസങ്ങൾ മേരിയെക്കാത്ത് കിടപ്പുണ്ടായിരുന്നു.

വേലായുധേട്ടന്റെ മകൻ സോളമൻ മേരിയേയും കൊണ്ട് പറമ്പിൽ കറങ്ങി. അയൽക്കാരനായ ഇട്ട്യാരേട്ടന്റെ പശു പറമ്പിലിട്ടിട്ടു പോയ ചേനക്കന്നെന്നു തോന്നിപ്പിക്കുന്ന ചാണകം വട്ടത്തിൽ കിടപ്പുണ്ടായിരുന്നു. ഹിന്ദുവായ സോളമൻ തന്റെ അറിവു വച്ച് പറഞ്ഞു. ചാണകം ശുദ്ധമാണ്. പല അസുഖങ്ങൾക്കും മരുന്നാണ്. ശബരിമലക്കു പോകുന്ന സ്വാമിമാർ ഇതിൽ കാലു കഴുകിയാണു ശുദ്ധം വരുത്തുന്നത്.

""അയ്യേ ചാണകം പശുവിന്റെ അപ്പി ആണ്''
""അല്ല അതു നിങ്ങളു കൃസ്ത്യാനികൾ ആയതോണ്ട് അറിയാത്തതാ. ചാണകം ശുദ്ധാണ്. മരുന്നാ.''
""ഇതു ആളോള് കഴിക്കോ?'' മേരിക്ക് സംശയം മാറിയില്ലായിരുന്നു.
""കഴിക്കും. ഞാൻ കഴിച്ചിട്ടുണ്ട്.'' സോളമനു അവളെ വിശ്വസിപ്പിക്കുവാൻ വേറെ വഴി ഇല്ലായിരുന്നു.
""ഞങ്ങൾടെ ദൈവങ്ങൾടെ പ്രസാദാ ചാണകം.''
""അയ്യേ ഇത് ആരെങ്കിലും തിന്നോ?''
സോളമൻ ഒരു വിരലു കൊണ്ട് ചാണകം തോണ്ടി വായിൽ വച്ചു. അവന്റെ മുഖം കൂർത്തു പോയി. സോളമനിതു വരെ ചാണകം കൈ കൊണ്ട് തൊട്ടിരുന്നില്ല. അറിഞ്ഞ കാര്യം പറഞ്ഞെന്നേയുള്ളു. എന്നാൽ തന്റെ മതത്തിനേയും അറിവിനേയും കൈ വിടാൻ സോളമൻ തയ്യാറായില്ല. മിഠായി നുണയും പോലെ കൊള്ളാം എന്നു തലയാട്ടി സോളമൻ അത് വിഴുങ്ങി.
സോളമന്റെ മുഖഭാവം കണ്ടിട്ടും തൃപ്തി വരാതെ മുഖം ചുളിച്ച് മേരിക്കുഞ്ഞ് വീട്ടിലേക്കോടി. ചാണകത്തിന്റെ സ്വാദ് എന്തെന്ന് കൃത്യമായി മനസിലാകാതെ സോളമൻ വേലായുധേട്ടന്റെ അടുത്തേക്കു നീങ്ങി.

അന്നു രാത്രി, മേരിക്കുഞ്ഞിന്റെ ശരീരത്തിലെ സുഷിരങ്ങളിൽ നിന്നും പറമ്പിൽ തൂവിയ കഷ്ണങ്ങൾ മണ്ണിരകളായി പുറത്തു വന്നു. മൂക്കട്ട പോലുള്ള സ്രവം അവളിൽ ഒട്ടിപ്പിടിച്ചു. പുലർകാലം വരെ അവ കെട്ടു പിണഞ്ഞും ഇണചേർന്നും മേരിക്കുഞ്ഞിൽ അധിവസിച്ചു. സോളമൻ തലേന്ന് വിതച്ച മണ്ണിരയുടെ കഷ്ണങ്ങൾ മേരിയിൽ മുളച്ചു. അവ അവളുടെ ദേഹത്തിൽ കാഷ്ഠിച്ചും മണ്ണു തിന്നും പ്രേമിച്ചും സമയം കഴിച്ചു കൂട്ടി. മേരിക്കുഞ്ഞു തട്ടി കളയുവാനായി ആഞ്ഞപ്പോഴൊക്കെ അവ തിരിച്ചു തുളകളിലൂടെ കയറിപ്പോയി ഒളിച്ചിരുന്നു. അന്നു രാവിലെ ഉറക്കമുണർന്ന് ശരീരം മുഴുവൻ മേരിക്കുഞ്ഞ് പരിശോധിച്ചു. മണ്ണിരയുടെ തെളിവോ മണ്ണോ ദേഹത്തിൽ പറ്റിയില്ലായിരുന്നു. ഛർദ്ദിക്കുവാനുള്ള ആന്തൽ ഉറക്കം കൊണ്ട് കെടുത്തുവാൻ മേരി കിടക്കയിലേക്കു ചാഞ്ഞു.
ആയിടക്ക് അപ്പൻ പുതിയ തരം മണ്ണെണ്ണ സ്റ്റൗ അന്നമ്മേച്ചിയമ്മക്ക് വാങ്ങിക്കൊടുത്തിരുന്നു. അന്നമ്മേച്ചിയമ്മയുടെ തെറി പറച്ചിലിനൊരു കുറവ് വന്നത് ആലീസ് വിട്ടതിൽ പിന്നെയായിരുന്നു. എന്നാലും ഇടക്കിടെ താൻ ജീവിക്കുന്നത് ആലീസിൽത്തന്നെയാണെന്ന് അവർ കരുതും. സ്റ്റൗ ഉണ്ടെങ്കിലും അടുപ്പിൽ പുകയുന്ന ചൂട്ടുകഷ്ണങ്ങളിൽ നോക്കി നെടുവീർപ്പിട്ട് കാപ്പി അനത്തിക്കുടിച്ച് ആലീസിൽ ജീവിക്കുകയാണെന്ന വിചാരത്തിൽ ചുരുണ്ടുകൂടും. അതിനിടയിലൂടെ ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു. ഒരു നൂൽക്കമ്പിയിൽ തുണിചുറ്റി അതിനുമുകളിലൂടെ ഇരുമ്പു വല ഘടിപ്പിച്ചതിൽ മണ്ണെണ്ണ നനച്ച് സ്റ്റൗവിനുള്ളിലെ തിരികൾ നീട്ടി തീ കൊടുക്കുകയാണ് സാധാരണയായി സ്റ്റൗവിൽ ചെയ്യുന്നത്. മിക്കപ്പോഴും ഈ തിരികൾ അന്നമ്മേച്ചിയെക്കൊണ്ട് തീ പിടിപ്പിക്കുവാൻ സാധിക്കാറില്ല. സ്റ്റൗവിന്റെ വയറിലുള്ള അടപ്പ് തുറന്ന് പന്തം പോലെയുള്ള നൂൽകമ്പി അതിൽ മുക്കി തീപ്പെട്ടിയുരച്ച് കമ്പി കത്തിച്ച് മണ്ണെണ്ണയിൽ മുങ്ങിക്കിടക്കുന്ന തിരികൾ മുകളിലേക്ക് പൊന്തിച്ച് അതിൽ പന്തത്തിൽ നിന്നും തീ പകർന്ന് സ്റ്റൗ കത്തിക്കുക എന്ന നീണ്ട പ്രവൃത്തി അന്നമ്മേച്ചിയമ്മക്ക് പിടിച്ചില്ല. ആശാത്തി പതുക്കെ ആരും കാണാതെ സ്റ്റൗവിലെ മണ്ണെണ്ണ ചരിച്ച് വിറകിൽ പറ്റിച്ച് പതുക്കെ കത്തിച്ച് വെള്ളം ചൂടാക്കുകയും അരി വേവിക്കുകയും ചെയ്തു.

അതുകൊണ്ടു തന്നെ സാമാനം വാങ്ങാൻ പുറത്തുപോയ സമയത്ത് സ്റ്റൗ അധികമായി മണ്ണെണ്ണ വലിക്കുന്ന വിവരം സുഹൃത്തുകളുമായി അപ്പൻ പങ്കുവച്ചു. അവർക്കാണെങ്കിൽ അതിലൊരു താല്പര്യവും ഇല്ലായിരുന്നു അതുകൊണ്ടു തന്നെ അന്നമ്മേച്ചിയമ്മയുടെ സൂത്രം മറ്റാരുമറിയാതെ തുടർന്നു കൊണ്ടിരുന്നു. പുക മണമുള്ള കാപ്പി അനത്തി അന്നമ്മേച്ചിയമ്മ മൂക്കുമുട്ടേ മോന്തി. നഴ്സറി പൂട്ടിയതോടെ അവരുടെ പണി ഇരട്ടിയായി. ജോലി കഴിച്ചു വച്ച് അയൽവീടുകളിൽ തെണ്ടാൻ പോകാറുള്ള സമയം മേരിയുടെ തലയിൽ പെറ്റുപെരുകിയ പേനുകളേയും ഈരുകളേയും കൊല്ലാനായി ഉപയോഗിച്ചു. ശരീരത്തിലെ സുഷിരങ്ങളിൽ താമസിച്ചു കൊണ്ടിരുന്ന മണ്ണിരകളുടെ കാഷ്ഠങ്ങളാണ് പേനുകളെന്ന് മേരി കരുതി. ഈര് ചീർപ്പ് വച്ച് അന്നമ്മേച്ചിയമ്മ മേരിക്കുഞ്ഞിന്റെ തലമുടിയിൽ പിടിച്ച് വലിച്ചപ്പോഴൊക്കെ മേരി വേദനയെടുത്ത് കാറി.

""ഒന്നു പതുക്കെ വലിക്ക് അന്നമ്മേച്ച്യേ'' ദേഷ്യം വന്നാൽ അവസാനമുള്ള അമ്മ പേരിൽ നിന്നും ലോപിക്കും.""അന്നമ്മേച്ച്യമ്മേ ഈ പേൻ ഈരിനെ തിന്നോ?'' കാലുകൾ അടിക്കുന്ന, നഖം കൊണ്ടമർത്തുമ്പോൾ ടപ്പ് എന്ന ശബ്ദത്തിൽ ചുവന്ന ചായം തെറിപ്പിക്കുന്ന പേനുകൾ അവളുടെ തലയിലെ നിഗൂഢതയിൽ നിന്നും ഈരോലയിലേക്ക് വെളിപ്പെട്ടു. ആ സമയങ്ങളിൽ കടം വാങ്ങിയ പഞ്ചസാരയോ പരിപ്പോ തിരികെ തരാൻ ഇട്ട്യാരേട്ടന്റെ ഭാര്യ ലില്ലിചേച്ചി മറ്റുവീടുകളിലെ വിശേഷങ്ങളുമായി വരും. വർത്തമാനത്തിനിടയ്ക്ക് അന്നമ്മേച്ചിയമ്മയുടെ വിരലുകൾ ഈരോലി ചീർപ്പ് ഉപേക്ഷിച്ച് കൊണ്ട് തലമുടികൾക്കിടയിലൂടെ ഇഴയും അപ്പോൾ ജീവിതത്തിലെ ഏറ്റവും മികച്ച ഉറക്കം മേരിക്കുഞ്ഞിനെ തേടിയെത്തും. ഒഴിവു സമയങ്ങളിൽ കിണറിന്റെ ഓരത്തു നിന്ന് മീനുകളെ നോക്കി നിൽക്കൽ പതിവാക്കിയപ്പോൾ അന്നമ്മേച്ചിയമ്മ അപ്പന് മുന്നറിയിപ്പ് നൽകി. ഇവൾക്ക് കെണറ്റിലു ഞാന്നു കെടക്കലാ പണി എപ്പഴാ അതിക്കു മൂക്കും കുത്തി വീഴാന്നു അറിയില്ല മൈ**, എന്നു പറഞ്ഞതിനു പിറ്റേന്നിന്റെ പിറ്റേദിവസം അപ്പൻ വന്നപ്പോൾ കയ്യിലൊരു അക്വേറിയം, ഓക്സിജൻ നിറച്ച പ്ലാസ്റ്റിക് കവറിൽ രണ്ടു ചുവന്ന മീനുകൾ, കുമിളകൾ വിടുന്ന യന്ത്രം, നിറങ്ങളിലുള്ള കല്ലുകൾ, ജലസസ്യം, ചെറിയ പാക്കറ്റ് തീറ്റ, മീനിനെപ്പിടിക്കുന്ന വല എന്നിവയുണ്ടായിരുന്നു.

അങ്ങാടിയിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച കല്യാണക്കുറികൾ അടിച്ചു കൊടുക്കുന്ന കടയിൽ അലങ്കാര മൽസ്യങ്ങളുടെ വില്പന കൂടെ ചെറിയ രീതിയിൽ ആരംഭിച്ചിരുന്നു. കല്ലുകളേപ്പോലെത്തന്നെ തീറ്റക്കും പല നിറങ്ങളായിരുന്നു. പ്ലാസ്റ്റിക് കവർ ബലൂൺ പോലെ വീർത്തു നിന്നു. കഴുകി വെള്ളം നിറച്ച സ്ഫടിക പാത്രത്തിലേക്ക് പ്ലാസ്റ്റിക് കവർ കമിഴ്ത്തി. പുതിയ വെള്ളത്തിൽ കിടന്ന് മീനുകൾ വേഗത്തിലൊന്ന് ഓടി. പതിയെ അതിൽ അപ്പൻ കല്ലുകൾ പാകി. ജലസസ്യങ്ങളെ നിക്ഷേപിച്ചു. മീനിനു ശ്വസിക്കുവാൻ കുമിളകളെ സൃഷ്ടിക്കുന്ന യന്ത്രം ഓൺ ചെയ്യുന്നതു എങ്ങനെയെന്ന് അന്നമ്മേച്ചിയമ്മക്ക് കാട്ടികൊടുത്തു. ചുവന്ന നിറത്തിലുള്ള മീനുകളെ ആദ്യമായിട്ടല്ല മേരിക്കുട്ടി കാണുന്നത്. ഐസ് തൊടാൻ അപ്പൻ എടുത്ത് പൊക്കുന്ന നേരം മീൻകാരന്റെ പെട്ടിയിൽ കിളിമീനെന്ന പേരിൽ ചുവന്ന മീനിനെ മുൻപ് കണ്ടിട്ടുണ്ട്. എന്നാൽ ഈ ചുവപ്പു നിറം മേരിക്കുഞ്ഞിനെ കൂടുതൽ മോഹിപ്പിച്ചു. അന്നു രാത്രി പണിയൊതുക്കി മേരിക്കുഞ്ഞിനെ ഉറക്കാൻ വന്ന അന്നമ്മേച്ചി മീനിന്റെ ഇളകുന്ന വാലും നോക്കി ഉറക്കം തൂങ്ങി നിൽക്കുന്ന മേരിക്കുഞ്ഞിനെയാണ് കണ്ടത്. കെടന്നൊറങ്ങ് കുഞ്ഞേ ഇനി നാളെ കാണാം വാ മൈ **. അന്നമ്മേച്ചിയുടെ നിയന്ത്രണത്തിലായിപ്പോയിരുന്ന തെറി പറച്ചിൽ സ്വഭാവം ഇടയ്ക്കിടെ കൈവിട്ടു പോകുമായിരുന്നു. പിറ്റേദിവസം രാവിലെ മുതൽ രാത്രി വരെ ഒരേയിരിപ്പിൽ മേരി മീനുകളെ നോക്കിയിരുന്നു. രാവിലെ ഏഴു മണിക്ക് ഉച്ചക്ക് രണ്ടു മണിക്ക് രാത്രി എട്ട് മണിക്ക് എന്നിങ്ങനെ ഇടവിട്ട സമയങ്ങളിൽ തീറ്റയുടെ ആറ് മണികൾ വച്ച് അക്വേറിയത്തിൽ ഇട്ടു കൊടുക്കണം എന്നായിരുന്നു അപ്പന്റെ നിർദേശം എന്നാൽ അവറ്റകളോട് സ്നേഹം കൂടുമ്പോഴൊക്കെ കഴിച്ചോ കഴിച്ചോ നല്ല ഗുണ്ടാപ്പി മീൻ ആവട്ടേ എന്നു പറഞ്ഞ് തീറ്റ മണികൾ അവൾ അതിൽ വാരിയിട്ടു കൊണ്ടിരുന്നു. മീനുകളുടെ ആകാശത്തിൽ മഴവില്ലുകളായി പല നിറത്തിൽ തീറ്റ പൊങ്ങി നിറഞ്ഞു. എന്നാൽ രാത്രിയിൽ അപ്പൻ കാര്യം കണ്ടുപിടിച്ചു പറഞ്ഞു കൊടുത്തു. കൂടുതൽ തീറ്റ കഴിച്ചാൽ മീൻ വയറു പൊട്ടി മരിച്ചു പോകും. എന്നാൽ അതിലൊന്നും മേരിക്ക് വിശ്വാസം ഇല്ലായിരുന്നു. വയറു പൊട്ടി മീൻ ഒരിക്കലും മരിക്കുന്നുമില്ല. വയറു നെറയുമ്പൊ അവരു തീറ്റ നിർത്തില്ലേ? പിറ്റേ ദിവസം ഉറക്കമെണീറ്റ് ഓടി വന്നു നോക്കുമ്പോൾ ചത്തു മലച്ചു കിടക്കുന്ന മീനിനെയാണ് കണി കണ്ടത്. ഉച്ച വരെ മേരി കരഞ്ഞു തളർന്നു. ആശ്വസിപ്പിച്ച് ജോലിക്കു പോയ അപ്പനും, കരച്ചിലു നിർത്താത്തതിനു മൈ** ക്ടാവിനു ഓരോന്ന് വാങ്ങി കൊടുത്തോളും എന്നു മനസിൽ പറഞ്ഞ അന്നമ്മേച്ചിയമ്മയും മതിയായില്ല മേരിക്കുഞ്ഞിനു ആശ്വാസം പകരുന്നതിന്. കരഞ്ഞ് തളർന്ന് ഭക്ഷണം കഴിക്കാതെ ദൈവത്തിനോട് പകരം വീട്ടാൻ അവൾ ഒരുങ്ങി. വല്ലാതെ വിശന്നപ്പോൾ പകരം വീട്ടൽ മറന്ന് അന്നമ്മേച്ചിയമ്മയോട് പറഞ്ഞ് ചോറും മീൻകറിയും കഴിച്ചു. വിശപ്പ് കൂടുതൽ ആയിരുന്നതിനാൽ മീൻകറിക്ക് നല്ല സ്വാദുള്ളതായി മേരിക്ക് അനുഭവപ്പെട്ടു. അന്ന് തൊട്ട് ആ മീൻകറി അവളുടെ പ്രത്യേക സ്വാദിൽ അകപ്പെട്ടു.

വയറു നിറഞ്ഞപ്പോൾ മേരി വീണ്ടും കരച്ചിലിന്റെ വഴിയിലേക്ക് എത്തിപ്പെട്ടു. ചത്തു പോയ മീനിനെ ഇനിയെന്തു ചെയ്യും എന്നാലോചിച്ചപ്പോൾ കരച്ചിലിന്റെ ആവൃത്തി കുറഞ്ഞു വന്നു. കരച്ചിലിന്റെ സൈറൺ ഓഫ് ആയതിൽ അന്നമ്മേച്ചിയമ്മ ആശ്വസിച്ചു. കണ്ണുകളിൽ നനഞ്ഞു നിന്ന നീരു തുടച്ച് ചത്തു പോയ മീനിനെ വല വച്ച് പിടിച്ച് കയ്യിലെടുത്ത് മേരിക്കുഞ്ഞ് വീടിനു പിറകിലേക്ക് നടന്നു. നാളിതു വരേയും കായ്ക്കാതിരുന്ന പ്ലാവിനു ചുവട്ടിൽ മീനിനേയുമേന്തി അവൾ നിന്നു. പഴുത്ത പ്ലാവിലകൾ ചിതറി ഉണങ്ങി അഴുകി അസ്ഥിപഞ്ജരം പോലെ ഞരമ്പുകൾ മാത്രം പുറത്ത് കാണിച്ച സ്ഥലത്ത് വച്ച് മേരി മീനിനെ ചുവന്ന പ്ലാവിലയിൽ പൊതിഞ്ഞു. പ്ലാവില മടങ്ങിയപ്പോൾ ഒരു പുതിയ മണം അവളുടെ നാസാരന്ധ്രങ്ങളെ ത്രസിപ്പിച്ചു. അടുത്തു കിടന്ന മരക്കുറ്റി എടുത്ത് നല്ലവണ്ണം നനവുള്ള ഭാഗം മേരിക്കുഞ്ഞ് കുഴിച്ചു. മാംസത്തോട് മുട്ടിനിന്ന അവളുടെ നഖത്തിൽ കറുത്ത മണ്ണിന്റെ ശീലുകൾ കയറി. ചതുരത്തിൽ എന്നാൽ വളഞ്ഞു പുളഞ്ഞ് ഒരു കുഴി മീനിനേക്കാൾ വലിപ്പത്തിൽ കുത്തിയുണ്ടാക്കി. പ്ലാവിലയിൽ പൊതിഞ്ഞ മീൻ അതിൽ നിറഞ്ഞു. മീനുകളുടെ സ്വർഗത്തിലേക്ക് ഗോൾഡ് ഫിഷിനെ പറഞ്ഞയക്കുവാനായി ലില്ലി ചേച്ചി പഠിപ്പിച്ച പരിശുദ്ധ മറിയമേ തമ്പ്രാന്റെമ്മേ എന്നു തുടങ്ങുന്ന പ്രാർത്ഥന അറിയും വിധം മുട്ടു കുത്തി ചൊല്ലി. പുല്ലു കഷണങ്ങൾ കൊണ്ട് ഒരു കുരിശ് നിർമിച്ച് കുഴിയുടെ തലക്കൽ ഉറപ്പിച്ചു നിർത്തുവാൻ നോക്കി. രണ്ടു പ്രാവശ്യം അതു ചരിഞ്ഞു വീണതിനാൽ അതിനെ അങ്ങനെത്തന്നെ വിട്ടു. ഗോൾഡ് ഫിഷിന്റെ ആത്മാവ് വാലുകളും ചെകിളകളുമിളക്കി ആകാശത്തിലൂടെ സ്വർഗത്തിലേക്കു പോകുന്നത് മനസിൽ കണ്ടു. മരിച്ചു പോയ ഗോൾഡ് ഫിഷിനേക്കാൾ മേരിയെ അപ്പോൾ ചിന്താകുലയാക്കിയത് ഒറ്റയായിപ്പോയ ഗോൾഡ് ഫിഷായിരുന്നു. അത് മേരിതന്നെയായിരുന്നു. ഗോൾഡ് ഫിഷിന്റെ ഏകാന്തത അവളുടെതു കൂടെയായിരുന്നു. ഒളിച്ചു കളിക്കുവാനോ തീറ്റക്കു വേണ്ടി തല്ലു കൂടുവാനോ കടിപിടി കൂടുവാനോ മത്സരിച്ച് നീന്തുവാനോ ആരുമില്ലാതെ ഗോൾഡ് ഫിഷിനു മേരിയേപ്പോലെ ലോകം മടുത്തു. വിരലുകൾ അക്വേറിയത്തിനുള്ളിൽ മുക്കി കുറച്ചു നേരം ഗോൾഡ് ഫിഷിനെ അവൾ കളിപ്പിച്ചു. ഗോൾഡ് ഫിഷാണെങ്കിൽ കളിക്കുവാൻ തയ്യാറാകുന്നുമില്ല. അക്വേറിയത്തിൽ നിന്നും മീനിനെപ്പിടിക്കുന്ന അരിപ്പ വച്ച് ഗോൾഡ് ഫിഷിനെ അവൾ ഓടിച്ചു. മരണഭയം കൊണ്ടോടുന്ന മീനിന്റെ വെപ്രാളം അവളെ ഹരം പിടിപ്പിച്ചു. പിടിക്കുവാൻ ശ്രമിച്ചപ്പോഴൊക്കെ വിദഗ്ധമായി ഗോൾഡ് ഫിഷ് വഴുതിയൊഴിഞ്ഞു. മേരി ആഞ്ഞു ശ്രമിച്ചിട്ടും മീൻ വലയിൽ കയറിയില്ല. ഗോൾഡ് ഫിഷേ നീയെന്റെ വളർത്തു മൃഗം മാത്രമാണ്. എന്റെ കാരുണ്യത്തിലാണ് നിന്റെ ജീവിതം എന്റെ ഇഷ്ടങ്ങൾക്കു വേണ്ടിയാണ് നീ ജീവിക്കേണ്ടതും നീ എന്റെ അടിമ തന്നെയാണ് നിന്റെ യജമാനനായ ഞാൻ ഇല്ലാതാകുന്നതോടെ നിന്റെ ജീവിതവും അവസാനിക്കണം എന്ന ഭാവത്തിലേക്ക് മുഖം മാറ്റി അരിപ്പ വച്ച് ഗോൾഡ് ഫിഷിലേക്ക് അടുപ്പിച്ചു. അബദ്ധവശാൽ വലയിൽ കുടുങ്ങിയ ഗോൾഡ് ഫിഷിനെ അവൾ കോരിയെടുത്തു. ശ്വാസം കിട്ടാതെ അത് പിടഞ്ഞു. ഇത്തിരി നേരം മര്യാദ പഠിക്ക് എന്ന പോലെ അരിപ്പ അവൾ പൊന്തിച്ചു പിടിച്ചു. ശ്വാസം കിട്ടാതെയുള്ള മീനിന്റെ പെടപെടപ്പ് അരിപ്പ പിടിച്ച മേരിയുടെ കൈകളുടെ ബാലൻസ് തെറ്റിച്ചു. ദേഷ്യം വന്ന് അനങ്ങാതിരിക്കാനെന്ന വണ്ണം ഗോൾഡ് ഫിഷിനെ അവൾ പിടിച്ച് പീച്ചി. ഗോൾഡ് ഫിഷിന്റെ ചാട്ടം കുറഞ്ഞു എന്നു ഉറപ്പായപ്പോൾ അവൾ പതുക്കെ അതിനെ അക്വേറിയത്തിലേക്ക് തിരികെയിട്ടു. അക്വേറിയത്തിലത് മലർന്ന് പൊങ്ങിക്കിടന്നു. അവൾ പതുക്കെ മീനിനെ വിരലുകളാൽ അനക്കി കൊടുത്തു. നീന്തു മീനേ നീന്ത് അല്ലെങ്കിലിനിയും പിടിക്കും ഞാൻ. ഒന്നു കൂടെ അനക്കി വിട്ടു. ഒരു നിമിഷത്തേക്ക് നീന്തിയെന്ന് തോന്നിയെങ്കിലും അനക്കമില്ലാതെ അതാ കിടപ്പ് തുടർന്നു. ഗോൾഡ് ഫിഷ് ചത്തു പൊന്തി.

വെള്ളപ്പൊക്കം പോലെ പതുക്കെ പതുക്കെ മേരിക്കുഞ്ഞിന്റെ മുഖം കരച്ചിലിൽ മുങ്ങി. സ്വർഗം നരകം പുണ്യം പാപം തുടങ്ങിയവയെക്കുറിച്ച് മേരി അറിഞ്ഞു വരുന്ന കാലഘട്ടമായിരുന്നു അത്.
""സ്വർഗം എന്നു പറയുന്നത് മാലാഖമാരും കർത്താവും മറിയയും ഒക്കെള്ള വെള്ള കളറൊള്ള സ്ഥലാ അതിൽ നെറച്ചും ഓറഞ്ചും മുന്തിരിയും പായസോം ചോക്ലേറ്റും ഐസ്‌ക്രീമും കാണും. നരകത്തിലാണേൽ സാത്താനും കുന്തോം തീയും ചട്ടുകോം കത്തീം ചങ്ങലേം അങ്ങനെ കൊറേ കാണും. തെറ്റു ചെയ്യണവരെ നരകത്തിലോട്ട് വിടും''
""തെറ്റ് ചെയ്യണോരെന്ന് വച്ചാ?''
""കള്ളന്മാർ കൊലപാതകികൾ''
""സ്പൂൺ കട്ടോരേം അങ്ങോട്ട് കൊണ്ടു പോകോ ?''
""ഉം''
""കൊലപാതകിന്ന് വച്ചാ ന്താ അന്നമ്മേച്ചിയമ്മേ''
""കൊതുക് തൊട്ട് ആന വരെ അല്ല നീലത്തിമിംഗലം വരേം ഉള്ളോരെ കൊന്നാലും നരകത്തിലു പോവും.'' കള്ളം പറഞ്ഞവർക്ക് ചെറിയ ശിക്ഷ കൊലപാതകികളെ ഒക്കെ നരകത്തീയിലിട്ടു പൊരിക്കും. നന്മ മാത്രം ചെയ്യണോരു സ്വർഗത്തിൽ പോകും. അന്നമ്മേച്ചിയമ്മ അങ്ങോട്ടു പോവും. ഗോൾഡ് ഫിഷിനെ കൊന്നതിനും സ്‌കൂളിൽ സ്പൂൺ കട്ടതിനും നരകത്തിലേക്കുള്ള വാതിൽ തനിക്കായി തുറന്നു കിടക്കുന്നത് മേരിക്കുഞ്ഞ് മനസിൽ കണ്ടു. അവളിൽ നിന്നും കരച്ചിലിന്റെ ശബ്ദം കുറച്ചുകൂടെ ഉയർന്നു.

ഉച്ചക്ക് ഭക്ഷണം കഴിക്കുവാൻ വന്ന അപ്പൻ കാലിയായ അക്വേറിയത്തേയും കരഞ്ഞു തളർന്ന മേരിക്കുഞ്ഞിനേയും കണ്ടപ്പോൾ കാര്യം മനസിലായി. രണ്ടാമത്തെ ഗോൾഡ് ഫിഷിനേയും ഒന്നാമത്തേതിന്റെ അരികിൽ മറവു ചെയ്ത് പ്രാർത്ഥിക്കുവാൻ ഈ വട്ടം അപ്പനും അവളുടെ കൂടെ കൂടി. ഒടിഞ്ഞു പോയ ഒരു കുടക്കമ്പിയും നീരോലി വടിയും ചേർത്ത് നൂലു കൊണ്ട് കെട്ടി വലിയൊരു കുരിശ് ഉണ്ടാക്കി കൊടുത്ത് ചെളിയിൽ കുത്തി നിർത്തി. എന്നിട്ട് മേരിയോട് ചോദിച്ചു. ""ചോറു ഉണ്ടോ നീയ്?''
""അവളു കഴിച്ചട്ടില്ലാ മീൻ ചത്തു കെടന്ന് കരയുമ്പോ എന്തു കൊണ്ട് കൊടുത്താലും അവൾക്ക് വേണ്ടാ'' അന്നമ്മേച്ചിയമ്മയുടെ ശബ്ദം പിറകിൽ നിന്നും വന്നു. അപ്പൻ അവളെ എടുത്തു പൊക്കി പറഞ്ഞു
""ഊണു കഴിഞ്ഞ് ഉച്ചക്ക് മീനുകളൊക്കെ ഉറങ്ങണ സമയത്ത് തോട്ടിൽന്ന് നമ്മക്ക് പിടിക്കാം. എന്റെ കുഞ്ഞ് ഇത്തിരി ചോറു കഴിക്ക്''
""പിടിക്കോ മീനിനെ''
""പിടിക്കും''
""മോള് ചോറ് കഴിക്കണം''
""മീനെ പിടിച്ചെന്നാ കഴിക്കാം''
""മോള് ഇപ്പ കഴിച്ചാ ഇത് കഴിഞ്ഞ് നമ്മക്ക് മീൻ പിടിക്കാൻ പൊവാം''
മോരു കുഴച്ച് അന്ന് മേരി ചോറു കഴിച്ചു. അവധി ദിവസങ്ങളിൽ ഉച്ചക്ക് ഉറങ്ങുന്നതിനു അൻപതു പൈസ വച്ച് അപ്പൻ നൽകാമെന്ന് പറഞ്ഞതിൽ പിന്നെ ഉറക്കം നടിച്ച് മൂന്നു രൂപ മേരി നേടിയെടുത്തിരുന്നു. അന്നുച്ചക്ക് ഉറക്കം നടിക്കാൻ സാധിക്കാതിരുന്ന മേരി ഉറങ്ങിക്കിടന്ന അപ്പന്റെ കൈകളിൽ നിന്നൂർന്ന് തോർത്തുമുണ്ടെടുത്ത് പറമ്പിനു താഴെ ജലം കള കള ശബ്ദം ഉണ്ടാക്കുന്നിടത്തേക്ക് നടന്നു.▮​(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments