ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

ജലത്തിൻ ചില്ലുജാലകങ്ങളിളക്കുമീയുഭയജീവികൾ

അധ്യായം പത്ത്: ജലത്തിൻ ചില്ലുജാലകങ്ങളിളക്കുമീയുഭയജീവികൾ

സോഡാ സർബത്തുകളോടുള്ള തന്റെ പ്രിയം മേരി ചെറുതിലേ തിരിച്ചറിഞ്ഞു. കണ്ണടച്ച് സർബത്ത് വലിച്ച് കുടിക്കുമ്പോൾ നാവിൽ പൊട്ടിപ്പടരുന്ന കാർബൺ ചോളപ്പൊരികൾക്കിടക്ക് പല്ലുകളിൽ കുടുങ്ങാൻ സാധ്യതയുള്ള ചെറുനാരങ്ങയുടെ അല്ലികൾ, ഇളകിയ പല്ലുകൾ പോലെ നുണയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ആനന്ദമെന്ന് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അവൾക്ക് തോന്നി. എന്നാലങ്ങനെയല്ല ജീരക സോഡാ കഴിച്ച് ഗ്യാസ് വായിൽക്കൂടെയും മൂക്കിൽ കൂടെയും വായുവിലേക്ക് പറത്തി വിടുന്നതാണ് അതിലും സുഖം അതല്ല പല്ലുകൾക്കിടയിൽ പറ്റിയ മാംസക്കഷ്ണങ്ങൾ ഉമിനീരുപയോഗിച്ച് മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനു ശേഷം വീണ്ടെടുത്ത് പിന്നേയും വിഴുങ്ങുന്നതാണ് ശരിക്കും രസം എന്നിങ്ങനെ ഒരോരോ ഇടവേളകളിൽ മേരി സുഖത്തെ പുനർനിർവചിച്ചുകൊണ്ടിരുന്നു.

വലിയ താമസം കൂടാതെ പോസ്റ്റാഫീസ് കവലയിൽ ആറു മരണങ്ങളുടെ ചരിത്ര പ്രധാനമായ ജാഥ നടന്നു. പോസ്റ്റാഫീസ് കവലയിൽ നിന്നും ഏഴു കിലോമീറ്റർ അകലെയുള്ള റബർ തോട്ടങ്ങളും കുരുമുളകുതോപ്പുകളും നിറഞ്ഞ താഴ്വരയായിരുന്നു ഹാരിസൺ എസ്റ്റേറ്റ്. പോസ്റ്റാഫീസുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും അപരിഷ്‌കൃതമായിരുന്നു അവിടം. തദ്ദേശവാസികൾ മിക്കവരും ആദിവാസികൾ. അവർ തന്നെയായിരുന്നു ഹാരിസൺ എസ്റ്റേറ്റ് തൊഴിലാളികൾ. മേരിയുടെ അപ്പാപ്പനെ പോലുള്ള, വല്യപ്പനെ പോലുള്ളവർ സൂപ്പർവൈസറായി അവരെ നിയന്ത്രിക്കുവാൻ ചുമതലയേറ്റു.

തൊഴിലാളികളുടെ വേതനതർക്കത്തിലും ചൂഷണത്തിനെതിരെയുള്ള സമരത്തിലും ഇടപെട്ടുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി രഹസ്യമായി അവിടെ നിലനിന്നിരുന്നതായി തോരൻകിളി അപ്പനോട് പറയുന്നത് മേരി കേട്ടിരുന്നു. തോരൻകിളി അപ്പനു വാഴക്കന്നു കൊടുക്കാൻ വന്നതായിരുന്നു. തോരൻകിളിയെ കണ്ടാൽ വെയിലേറ്റ വയലറ്റു നിറമേയെന്ന് വിളിച്ചു പോകും. വെറ്റില കൃഷിക്കൊപ്പം പറമ്പിൽ ബാക്കിയുള്ള സ്ഥലങ്ങളിൽ ഒന്ന് രണ്ട് വാഴകൾ കൂടി നടുവാൻ അപ്പൻ തോരൻ കിളിയെ പറഞ്ഞേല്പിച്ചിരുന്നു. തോരൻകിളി ഹാരിസൺ എസ്റ്റേറ്റിൽ നിന്നും പോസ്റ്റാഫീസിലേക്ക് താമസം മാറിയിട്ട് ഏറെയായിട്ടില്ല.

ചാരായം കുടിച്ച് വന്ന ഒരു സന്ധ്യയിൽ തോരൻകിളി കയറിക്കിടന്ന കടയുടെ മൂലയിൽ വച്ച പെട്ടിയിൽ നിന്നും സോഡ കുടിക്കാൻ വന്നതായിരുന്നു അപ്പനും ഹാരിസൺ എസ്റ്റേറ്റിലെ രാഷ്ട്രീയ പ്രവർത്തകനായ കമ്യൂണിസ്റ്റ് കുട്ടനും. അവർ സംസാരിച്ചു കൊണ്ടിരിക്കേ, പകുതി ബോധത്തിലും തോരൻകിളിക്ക് കുട്ടേട്ടനെ മനസിലായി. അതിനുശേഷം കാണുമ്പോഴൊക്കെ അപ്പനോട് പ്രത്യേക ബഹുമാനം തോരൻകിളി പ്രകടിപ്പിച്ചു തുടങ്ങി. അതോടെ കൂലിപ്പണിക്കാരനായ തോരൻകിളിക്ക് പറമ്പിലെ കൃഷി അപ്പൻ ഏല്പിച്ചു കൊടുത്തു. കൃഷിക്കായി കുഴികൾ കുത്തുന്നതിനു തോരൻകിളി ഏർപ്പാടാക്കിയതായിരുന്നു വേലായുധേട്ടനെ. വേലായുധേട്ടന്റെ താളത്തിനനുസരിച്ച് കൈക്കോട്ടുകൾ മണ്ണിൽ ആഴ്ന്നിറങ്ങി. കുഴികളിൽ നടുന്നതിനു മേൽത്തരം വാഴവിത്തുകൾ ഹാരിസണിൽ പോയി തോരൻ കിളി കൊണ്ടുവന്നു.

തോരൻകിളി മൊഴിഞ്ഞു. കുന്നുകളിലിരുന്നു കുന്നായ്മകൾ പറയും കുന്നിക്കുരുക്കൾ ഞങ്ങൾ. ചീവീടുകളുടെ സംഗീതത്തിന്റെ പാട പറ്റിപ്പിടിച്ച രാത്രിയിൽ മുണ്ടൻ തേനെടുക്കുവാനും സൂപ്പർവൈസർ അന്തോണി വേട്ടക്കും പോയി. ചാരായം കുടിച്ച് പുളഞ്ഞ മരങ്ങൾ ഇളകിയാടി വഴികൾ മാറ്റി വരച്ചു. തൊങ്ങലുകൾ പഴന്തുണികൾ പോലെ തളർന്നു. മരത്തിനടിവയറ്റിലൊരു കുഞ്ഞിന്റെയനക്കം. അന്തോണി ഉന്നം പിടിച്ചു. മുഴുത്തൊരു മലയണ്ണാൻ തേൻ കുടിക്കുന്നു. വച്ച വെടിയിൽ മലയണ്ണാൻ മരത്തിൽ അള്ളിപ്പിടിച്ചു. അന്തോണി മരം കയറിയെത്തിച്ചു നോക്കി.

കൊമ്പിലിറുകിപ്പിടിച്ച് മുണ്ടൻ മരിച്ചു കിടക്കുന്നു. ഇലകളിലവൻ തങ്ങി നിന്നു. മരം പിടിച്ചവനുലച്ചു. അന്തോണി വിറച്ചു. പറിച്ചെടുക്കാൻ നോക്കിയപ്പോൾ മരിച്ച മുണ്ടൻ മരത്തെ വിടാതെ പിടിച്ചിരുന്നു. കൊമ്പ് മുറിച്ച് മുണ്ടന്റെ ശവം അന്തോണി മരത്തിന്റെ കൈകളിൽ നിന്നും വിടുവിച്ചു. തേനെടുത്ത കൂട്ടിലെ തേനീച്ചറാണി തന്നെ ഭോഗിച്ചൊരുവനുടെ ജീവന്റെ കൊമ്പ് ഊരിയെടുക്കും പോലെ മുണ്ടന്റെ ശവം മരത്തിൽ നിന്നും പറിച്ചു എടുത്തു. വീട്ടിൽ പോയി കൈക്കോട്ട് എടുത്തു കൊണ്ട് വന്ന് മരത്തിനപ്പുറമായി ഒരു കുഴി കുഴിച്ച് മുണ്ടനെ അതിൽ അടക്കി. പിറ്റേപകൽ പച്ച തൊകലു വെട്ടാനെത്തിയ വയറോണീ ഉൾമണ്ണു പുറത്ത് കണ്ട് കൗതുകത്തിനു കുഴി തോണ്ടി ശവമെടുത്തു. തെങ്ങോല മെടഞ്ഞ പായയിൽ മണ്ണു പറ്റിയ ശവത്തെ എടുത്ത് തൊഴിലാളികൾ ജാഥ നടത്തി. ഹാരിസണിൽ നിന്നാരംഭിച്ച ജാഥയിൽ മനുഷ്യർ ചേർന്നു, ഈച്ചകൾ ചേർന്നു, തേനീച്ചകൾ ചേർന്നു, മണ്ണിരകൾ ചേർന്നു, ഒച്ചുകൾ ചേർന്നു, ഉറുമ്പുകൾ ചേർന്നു, പക്ഷികൾ ചേർന്നു, കുറുക്കന്മാർ ചേർന്നു, ആനകൾ ചേർന്നു, മരങ്ങൾ ചേർന്നു കൈതച്ചക്കത്തോട്ടങ്ങൾ ചേർന്നു. ആദിവാസികൾ കാട്ടിൽ നിന്നും ഇറങ്ങി നടന്നു. അവർ എസ്റ്റേറ്റിലെ ബംഗ്ലാവിനു മുന്നിൽ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു. കാടു മുഴുവൻ ഇറങ്ങി വന്നു. ജാഥ പൊളിക്കാൻ മാനേജർ ആളുകളെ ഏർപ്പെടുത്തി. ഹാരിസണിൽ നിന്നും പോസ്റ്റാഫീസു വരെ ശവമേന്തി പ്രകടനം നടത്തുവാൻ കുട്ടേട്ടനും തൊഴിലാളികളും തീരുമാനിച്ചു. പോസ്റ്റാഫീസിനു മുൻപുള്ള അങ്ങാടിയിൽ വച്ച് പ്രകടനം മാനേജറുടെ ആളുകൾ തടഞ്ഞു. പ്രസ്ഥാനത്തിലെ ശല്യക്കാരായ പ്രവർത്തകരെ കമ്പനി നോട്ടമിട്ടിരുന്നു. കമ്പനിയുടെ സൂപ്പർ വൈസർമാർ കമ്പനിയുടെ താല്പര്യം സംരക്ഷിക്കുവാൻ നിർബന്ധിതരായി. ഉന്തും തള്ളും നടക്കുന്നതിനിടെ ആരോ റബർ വെട്ടുന്ന കത്തി വീശി. ഉപ്പുരസമുള്ള രക്തം തെരുവ് രുചിച്ചു. നാലു തൊഴിലാളികളും രണ്ട് രാഷ്ട്രീയ പ്രവർത്തകരും കമ്പനി ഗുണ്ടകളുടെ വെട്ടേറ്റ് മരിച്ചു.

സംഭ്രാന്തി ജനിപ്പിച്ച ആ അനുഭവം തോരൻ കിളിയിൽ നിന്നും അപ്പനിലേക്കും അപ്പനിൽ നിന്നും മേരിയിലേക്കും പടർന്നു. സമൂഹം മറന്നു പോയിട്ടും കാരണ ബോധമെന്ന നിലയിൽ സമൂഹ മനസിന്റെ അബോധത്തിൽ ദീർഘകാലം ഈ രാഷ്ട്രീയ കൊലപാതകം തങ്ങിക്കിടന്നു. പതിനാറു വർഷങ്ങൾക്കപ്പുറം തന്റെ ബോധസീമയിൽ ഒരോർമ പോലെ ഈ സംഭവം അങ്കുരിക്കുമെന്ന് കേട്ടു കൊണ്ടിരുന്ന മേരിക്കുഞ്ഞിനു അപ്പോൾ അറിയില്ലായിരുന്നു.
പുതുതായി വാങ്ങിയ സ്ഥലത്ത് വാഴ കൃഷി, പച്ചക്കറി കൃഷി, കപ്പകൃഷി എന്നിവക്ക് ശേഷം ആദായത്തിനായി വെറ്റില കൃഷി നടത്തുവാനും അപ്പൻ പതിവ് പോലെ തോരൻ കിളിയുടെ സഹായം തേടി. നീളത്തിൽ കിടങ്ങുകൾ തീർത്ത് വെറ്റിലക്കൊടികൾക്ക് പടർന്ന് കയറുവാൻ അടക്കാമരത്തിന്റെ ഉറപ്പുള്ള വടികൾ കുത്തി നിർത്തി. കൂടുതൽ വെയിലടിച്ച് ഇളംകൂമ്പുകൾ കരിയാതെയിരിക്കുവാൻ അതിനു മുകളിൽ തെങ്ങോലകൾ നിരത്തി. മഴ പെയ്ത് വെള്ളം പൊങ്ങിയാൽ ഒഴുകി പോകുവാൻ കുറുകെയൊരു ചാലും വെട്ടിയുണ്ടാക്കി. വെറ്റിലക്കൊടികളും കുരുമുളകുനാമ്പുകളും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുവാനായുള്ള തിരക്കിനിടെ പഴുത്ത കുരുമുളകിന്റെ തൊലിക്ക് മധുരമാണെന്ന് മേരി ആദ്യമായി അറിഞ്ഞു. മറ്റുവഴികളില്ലാതായപ്പോൾ കുരുമുളകിന്റെ ഇലക്ക് പച്ചയും കനവും കൂടുതലാണെന്നും എന്നാൽ വെറ്റിലക്ക് വഴുവഴുപ്പും ഞരമ്പുകളുമാണ് കൂടുതലെന്നുമുള്ള നിഗമനത്തിൽ അവൾ ആശ്വസിച്ചു. വെറ്റില പൊട്ടിച്ച് വെള്ളം തളിച്ച് അടുക്കുകളാക്കി ഒതുക്കി മാർക്കറ്റിൽ വിൽക്കുവാനും തോരൻകിളിയാണ് അപ്പനെ സഹായിച്ചത്. അടുക്കി വച്ച വെറ്റിലക്കെട്ട് തേനീച്ചക്കൂടുപോലെ അവൾക്ക് തോന്നി. വെറ്റിലയുടെ പച്ചമണം അവളെ ചുറ്റി. രാത്രിയിൽ അന്നമ്മേച്ചിയമ്മയും അപ്പനും തോരൻകിളിയും വെറ്റില അടുക്കുവാനിരുന്ന് കഥകൾ പറഞ്ഞ് നേരം വെളുപ്പിച്ചു. അഴുക്കു പറ്റിയ വെറ്റിലകൾ തുടയ്ക്കുന്നതിന്റെയും ചായഗ്ലാസിൽ വെള്ളം കൊണ്ടുവന്നു കൂമ്പാരമാക്കിയിട്ടവയിൽ തളിക്കുന്നതിന്റേയും ചുമതല മേരിക്കുഞ്ഞിൽ നിക്ഷിപ്തമായിരുന്നു. ഉറക്കം തൂങ്ങി വെറ്റിലക്കൂമ്പാരത്തിൽ തലചായ്ച്ച് ഉറങ്ങും വരെ അവളതനുസരിച്ചു.

കനാലിനു അരികിലൂടെ കോലാൻ മീൻ പോലെയായിരുന്ന വഴി അപ്പൻ പൈസ കൊടുത്ത് പാറക്കല്ലു വച്ചുകെട്ടി വീതിവെപ്പിച്ചു. വഴിയിലൂടെ വന്ന ആദ്യത്തെ പെട്ടി ഓട്ടോയിൽ ആലീസിലെ തറവാട്ടിൽ നിന്നും കൊണ്ടു വന്ന ചാരം അപ്പനും തോരൻ കിളിയും കൂടെ തെങ്ങുകളുടെ ചുവട്ടിൽ വിതറി. മുറ്റത്ത് മേരിക്കുഞ്ഞ് എന്നും രാവിലെ മൂത്രമൊഴിക്കുന്ന മുല്ലച്ചെടിക്കു ചുവട്ടിലും ഒരു പിടി ചാരം അപ്പൻ വിതറി. മരുഭൂമിയിലെ വേലിയേറ്റ തിരമാലകൾ ചലിക്കും പോലെ സാവധാനമായിരുന്നു മൂത്രം ആ മണ്ണിൽ പടർന്നിരുന്നത്. ആലീസിലെ വസ്തുക്കളുടെ ഓർമകൾ കുടിയിരിക്കുന്ന ചാരം പറമ്പിലെ മണ്ണിൽ അലിഞ്ഞു ചേർന്നു.

മേരി അഞ്ചാംക്ലാസിൽ പോയിത്തുടങ്ങിയതോടെ പഴയതിലും ഏകാന്തത അന്നമ്മേച്ചിയമ്മയെ പിടികൂടി. അതിനു പരിഹാരമെന്നോണം ആലീസിൽ നിന്നും ഒരാടിനെ അവർ അപ്പനെ കൊണ്ട് വാങ്ങിപ്പിച്ചു. ക്ലാസ് വിട്ട് മുഷിഞ്ഞു കയറി വന്ന മേരി പ്ലാവിന്റെ കടഭാഗത്തു നിന്നും മ്‌ഹേ എന്നൊരു പഴുത്ത പ്ലാവില വീണ ശബ്ദം കേട്ടു. ബാഗൊന്നും ഊരി വക്കാതെ അവൾ പ്ലാവിൻ ചുവട്ടിലേക്ക് നടന്നു. വെളുത്ത ആടിന്റെ ചെവി പ്ലാവില പോലെത്തന്നെ വാടിക്കിടക്കുകയായിരുന്നു. പ്ലാവിലകൾ ചവച്ചു കൊണ്ടിരിക്കെ കരുണ നിറഞ്ഞ കണ്ണുകളിലൂടെ ആട് മേരിയെ എത്തിച്ചു നോക്കി. പ്ലാവിനു ചുറ്റുമുള്ള ഒരു പ്രത്യേക ചുറ്റളവിലെ പ്ലാവിലകൾ കഴിഞ്ഞപ്പോൾ കയറിൽ വലിഞ്ഞ് ആട് നാക്ക് നീട്ടി. മേരി അകലെ കിടന്ന ഒന്നെടുത്ത് ആടിന്റെ നേർക്ക് നീട്ടി. ആ പ്ലാവില കഴിച്ചതോടെ മേരിയും ആടുമായി ഒരു ഹൃദയബന്ധം ഉടലെടുത്തു. മീനുകളെ വിട്ട് വൈകുന്നേരങ്ങളിൽ ആടിനേയും കൊണ്ട് പറമ്പിൽ ചുറ്റിത്തിരിയലായി പിന്നെ മേരിയുടെ സന്തോഷം. ആടിനു ഏറ്റവുമിഷ്ടപ്പെട്ട ഭക്ഷണം പ്ലാവിലകളും തൊട്ടാവാടി മുള്ളുമാണെന്ന് അന്നമ്മേച്ചിയമ്മ പറഞ്ഞതനുസരിച്ച് മൂർച്ചയില്ലാത്ത കത്തി വച്ച് പറമ്പിലെ തൊട്ടാവാടികൾ കുത്തിപ്പൊട്ടിച്ച് കൊടുത്തിരുന്ന മേരിയെ അകലെ നിന്നേ കണ്ട് തൊട്ടാവാടികൾ ഭയന്ന് ഇലകൾ മടക്കി. പ്ലാവിലകൾ കരിഞ്ഞ ഭാഗം കാണിച്ച് മറഞ്ഞു കിടന്നു. ആടിന്റെ ഞാന്നു കിടന്ന മുലകളിൽ തൊടുവാൻ മേരി കൊതിച്ചു. പ്ലാവില കൊടുത്ത് തലോടി മയക്കി കിടത്തി മുലയിൽ തൊട്ടു നോക്കിയപ്പോൾ പിൻകാലുകളിൽ ചാടി എഴുന്നേറ്റ ആടിനെക്കണ്ട് ഭയന്ന് മേരി ആഗ്രഹം ഉള്ളിലൊതുക്കി. പ്ലാവിലകളും തൊട്ടാവാടികളും കഴിഞ്ഞപ്പോൾ വള്ളിപ്പടർപ്പുകളിലായി ആടിന്റെ നോട്ടം. വേലിയിൽ പടർന്ന വള്ളികൾ വലിച്ച് പൊട്ടിച്ച് കാണിക്കയായി വച്ച് മുലയിലൊന്ന് തൊട്ടോട്ടേ ആടേയെന്ന് അവൾ ചോദിച്ചു. എന്താ എന്തിനാ മ്‌ഹേ മ്‌ഹേ ന്ന് ആട് തിരിച്ചു ചോദിച്ചു. "എന്റെ അമ്മ ഞാൻ ജനിച്ച് കുറച്ചുനാളിനുള്ളിൽ മരിച്ചു പോയി. അമ്മിഞ്ഞയുടെ നനുപ്പോ മുലകളുടെ മൃദുലതയോ ഞാൻ അനുഭവിച്ചില്ല, ആടിന്റെ മുലകൾ കാണുമ്പോൾ കൊതിയാവുന്നു. എനിക്കമ്മയെ ഓർമവരുന്നു' എന്നു പറഞ്ഞപ്പോൾ ഈയൊരു വട്ടം മേരിക്കായി തന്റെ മുലകൾ നൽകാമെന്ന് ആട് ഉറപ്പ് നൽകി.

മൂന്നാം ക്ലാസിലെ മലയാളം പുസ്തകം ആടിനു തിന്നാനിട്ടു കൊടുത്ത് മേരി ആടിന്റെ മുലകൾ വായിൽ വച്ച് നുണഞ്ഞു. പച്ചയിറച്ചിയുടെയും ആട്ടിങ്കാട്ടത്തിന്റേയും മിശ്രഗന്ധം അവൾ രുചിച്ചു. ഇക്കിളിയുടെ അനൈച്ഛികമായ പ്രവൃത്തിപോലെ കാലുകൾ വച്ച് ചവിട്ടുവാൻ ആഞ്ഞെങ്കിലും മേരിയുടെ കൊതിയോർത്ത് ആട് എല്ലാം സഹിച്ചു. എത്ര ശ്രമിച്ചിട്ടും പാലു വരാതായപ്പോൾ മേരി ആട്ടിൻ കുട്ടിയെപ്പോലെ മുഖം കൊണ്ട് വിരൽ വലിപ്പമുള്ള മുലക്കണ്ണ് ആട്ടി എന്നിട്ട് അകിടിൽ തല വച്ച് ഒരിടി കൊടുത്തു. അത്രയുമായപ്പോൾ മതി ഇത്രമതിയെന്ന് ആട് പറഞ്ഞു. കുറച്ചു കൂടെയെന്ന് മേരി പിന്നേയും ചോദിച്ചു. "ഇനിയില്ല' "ഇനിയെപ്പോൾ? രണ്ടാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകം വേണമെങ്കിൽ കൊണ്ടു തരാം.'"ഇനിയും പതിനാലു വർഷങ്ങൾക്ക് അകലെ സോളമൻ എന്നു പേരുള്ള ഒരാട് വരും. മതിവരും വരെ നിനക്ക് മുല തരും. അന്ന് വായിൽ നിന്നും ചോർന്നൊഴുകി മുലപ്പാൽ നിന്റെ കണ്ണു നനക്കും. മുഴുവനായി സ്വയം കുതിരും വരെ നീയത് നുണയും. '

ആടു പറഞ്ഞത് ഒന്നും മനസിലായില്ലെങ്കിലും മേരി വിഷമത്തോടെ തൊട്ടാവാടിയുടെ റോസ് നിറമുള്ള പൂവു നോക്കി പറമ്പിലൂടെ ഒന്നു കൂടെ ചുറ്റിയടിച്ചു. ആ സംഭവത്തിനു ശേഷം ആടും മേരിയും കുറച്ചു കൂടെ അടുത്തു. ഇത്രയും വലിയ അകിട് ഉണ്ടായിട്ടും പാലു വരാത്തത് എന്താ ആടേ എന്ന മേരിയുടെ കൗതുകത്തിനു അതോ ഞാൻ കഴിഞ്ഞ വട്ടം പ്രസവിച്ച മൂന്നു കുട്ടികളും റബർ ഇല തിന്നു മരിച്ചു പോയി. വായിൽ നിന്നും പത വന്നുള്ള അവരുടെ കിടപ്പു കണ്ട അന്നുറഞ്ഞു പോയതാണെന്റെ പാൽ എന്ന സത്യം ആട് അവളെ അറിയിച്ചു. മേരിക്ക് പാവം തോന്നി. അന്നമ്മേച്ചിയമ്മ കിന്നാരം പറയുവാൻ അയൽ വീട്ടിലേക്ക് പോയ സമയത്ത് ആടിനേയും കൂട്ടി അവൾ തന്റെ രഹസ്യങ്ങളിലേക്ക് നടന്നു. അലമാരിക്കടിയിൽ കാത്തു സൂക്ഷിച്ച ബദാം കായകൾ കാണിച്ചു കൊടുത്തു. ചുവന്നു പാകമായവയും പച്ചയും ഉണക്കയുമായി അവയെ വേർത്തിരിച്ചു വച്ചിരുന്നത് കാണിച്ചു. ചുവന്നവയുടെ നീരു ഈമ്പിക്കുടിക്കുവാൻ രാത്രിയിൽ വവ്വാലുകൾ വരുന്ന കാര്യം അറിയിച്ചു. തന്റെ ഏറ്റവും സ്വകാര്യ ഇടമായ, ബ്രഡ് പാക്കറ്റിലെപ്പോലെ കിടക്കകൾ അടുക്കിയ ഇടത്ത് ആടിനേയും കൊണ്ട് കിടന്നു.

ആടിനു ആ സ്ഥലം ഇഷ്ടമായി. എന്നാൽ അടുക്കളയിൽ പോയി കഞ്ഞിവെള്ളമെടുത്ത് ആടിനു കുടിക്കുവാൻ കൊടുക്കുന്നതിനിടയിൽ അന്നമ്മേച്ചിയെത്തി രണ്ടിനേയും ഓടിപ്പിച്ചു. തരം കിട്ടുമ്പോഴൊക്കെ മേരി വീടിനുള്ളിൽ ആട്ടിൻകാട്ടങ്ങളും മൂത്രവും നിറച്ചു. ആട്ടിൻ കാട്ടം ആകൃതിയിൽ കടല പോലെ ചിതറി. പറമ്പിൽ ആടിനൊപ്പം കിടക്കുക, മണ്ണിൽ പിരളുക എന്നിങ്ങനെയുള്ള പരിപാടികളുടെ ഫലമായി മേരിക്ക് തുടയിൽ കരപ്പൻ വന്നു. അന്നമ്മേച്ചിയമ്മ അതു കണ്ട് വാ പൊളിച്ച് ""മൈ** ആ ആടിന്റെ ഒപ്പം കെടന്ന് നടക്ക്. അപ്പൻ വരട്ടെ നിനക്ക് നല്ലത് കൊള്ളിക്കണ്ട്'' എന്നുപറഞ്ഞു. അപ്പൻ വന്നപ്പോൾ അന്നമ്മേച്ചിയമ്മ മേരിയെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ച് കരപ്പൻ കാണിച്ചു കൊടുത്തു. അപ്പൻ ദേഷ്യത്തിൽ അന്ന് ചോറു മുഴുവനും കഴിച്ചു. രാവിലെ ആയപ്പോൾ ഞായറാഴ്ച മാംസം അറുത്ത് വിൽക്കുന്ന സന്തോഷ് വന്ന് ആടിനെ നോക്കിപ്പോയി. സന്തോഷും അനിയൻ ബാബുവും പുതുതായി പണിത ഒരു ടറസ് വീടിന്റെ വെഞ്ചരിപ്പ് കഴിഞ്ഞതേയുള്ളുവായിരുന്നു. അനിയൻ ബാബുവിനു മീൻ കച്ചവടമാണ്. എന്നു വച്ചാൽ കടപ്പുറത്തു നിന്നും മീൻ മൊത്തമായി വാങ്ങി ചില്ലറ വില്പനക്കാർക്ക് കൊടുക്കും. ഒരു പെട്ടി സൈക്കിളിൽ കൊണ്ടു പോയി സ്വന്തമായി വിൽക്കുവാനും കാണും അതിൽ. ചില്ലറ കച്ചവടം ലാഭകരമായതോടെ ഒരു ചിക്കൻ സ്റ്റാൾ കൂടെ ബാബു തുറന്നു. സഹായത്തിനായി ചേട്ടൻ സന്തോഷ് ഞായറാഴ്ചകളിൽ ആടിനെ കശാപ്പ് ചെയ്ത് വിൽക്കുക കൂടി ചെയ്തതോടെ പോസ്റ്റാഫീസിലെ അംഗീകൃത മാംസവില്പന കേന്ദ്രമായി അവിടം മാറുകയും ചെയ്തു. ചുളുവിൽ ആടിനെ കിട്ടാൻ സാധ്യതയുള്ളിടത്തൊക്കെ സന്തോഷ് പ്രത്യക്ഷപ്പെടുന്നത് ഇത് ആദ്യമായൊന്നുമല്ല. എന്നാൽ ആടിനെക്കണ്ട് പോയതിനു ശേഷം വില പറയാൻ തന്നെത്തേടി വന്ന സന്തോഷിന്റെ കണ്ണുകളിലെ നിർവികാരത അപ്പനെ തെല്ല് ഭയപ്പെടുത്തി. തലേന്ന് വന്ന ദേഷ്യത്തിനു വെട്ടാൻ കൊടുക്കുവാൻ തോന്നിയെങ്കിലും സൂര്യപ്രകാശത്തിൽ കടന്നു വന്ന യാഥാർഥ്യബോധം അയാളിലെ മൃഗസ്‌നേഹിയെ ഉണർത്തി. അടുത്താഴ്ച ഇരുമ്പ് കൊളുത്തിൽ തൂക്കിയിടുവാനുള്ള തോലുരിഞ്ഞ കാലുകൾ കിട്ടാതെ സന്തോഷ് മടങ്ങി. മകളെ കരപ്പനു ഡോക്റ്ററെ കാണിച്ച് വന്ന വഴി തോരൻകിളിയെ കണ്ടു. വെപ്പുപല്ലു ഇടക്കിടയ്ക്ക് അവിടെത്തന്നെയുണ്ടോയെന്ന് കൈ വിരലിട്ടു നോക്കുന്ന അതേ കൈ കൊണ്ട് കൽക്കണ്ടം നൽകിയിരുന്ന ആശാന്റെ ആയുർവേദ ചികിത്സ മിക്കവരും വേണ്ടെന്ന് വച്ച് അങ്ങാടിയിൽ പുതിയതായി വന്ന ഡോക്ടറുടെ അടുത്ത് പോയിത്തുടങ്ങിയിരുന്നു.

തോരൻകിളി ആടിനെ വാങ്ങാൻ ആളെ ഏർപ്പാടാക്കി. ഹാരിസണിൽ ഉള്ള ബഷീറിനു മൂന്നു മക്കളാണ്. അവർക്കൊപ്പം വീട്ടിൽ നാലു ആടും മൂന്നു ആട്ടിൻ കുട്ടികളും ഉണ്ട്. ഹാരിസണിലെ ബഷീറിനും ഭാര്യ പാത്തുവിനും ആടു വളർത്തൽ തന്നെയായിരുന്നു പ്രധാന വരുമാനം. നാലിൽ രണ്ടാടിനും കറവയുണ്ടായിരുന്നു. ചിട്ടി പിടിച്ച കാശു വച്ച് പുതിയൊരു ആടിനെ വാങ്ങാൻ ഉദ്ദേശിക്കുന്നതിനിടെയാണ് അപ്പൻ ആടിനെ വിൽക്കുന്നുണ്ടെന്ന വിവരം തോരൻ കിളി പറയുന്നത്. തന്റെ രണ്ടു മക്കളേയും കൂട്ടിയായിരുന്നു ബഷീർ ആടിനെ നോക്കുവാനായി വന്നത്. ആ സമയത്ത് അന്നമ്മേച്ചിയമ്മ രണ്ടുകാലിലെ തള്ളവിരലുകളിലായ് ഏന്തി നിന്ന് ഒടിച്ചു കൊടുത്ത പ്ലാവിന്റെ ഒരു കൊമ്പ് ആടിന്റെ മുൻപിൽ പിടിച്ചു കൊടുത്ത് നിൽക്കുകയായിരുന്നു മേരി. ആട് അതിൽ നിന്നും ഓരോ ഇലകൾ ചെറിയ കഷ്ണങ്ങളാക്കി വേഗത്തിൽ കഴിച്ചു കൊണ്ടിരുന്നു. ബഷീറിന്റെ മക്കൾ വന്നപ്പോഴേ ആടിനെ തൊട്ടുഴിഞ്ഞത് മേരിക്ക് ഇഷ്ടമായില്ല എന്നു മാത്രമല്ല മേരിയുടെ കൈകളിൽ നിന്നും പ്ലാവിന്റെ കമ്പ് ബഷീറിന്റെ മൂത്ത മകൻ കൈക്കലാക്കുകയും ചെയ്തു. പ്ലാവ് കമ്പിനും കുട്ടികൾക്കുമൊപ്പം ബഷീറിന്റെ വീട്ടിലേക്ക് പോകുമ്പോൾ ആട് മേരിയെ നോക്കി. കണ്ണിലെ പീളകെട്ടിയ മൂലയിലെ പാടക്ക് മുകളിൽ കണ്ണുനീർ കവിഞ്ഞു. തന്റെ പഴയ കുഞ്ഞുങ്ങളെ കാണുവാനാണ് ബഷീറിനൊപ്പം പോകുന്നത് എന്ന് ആട് തന്നെ മേരിയോട് പറഞ്ഞിരുന്നതിനാൽ അവൾക്കത്ര വിഷമം തോന്നിയില്ല. എന്നാൽ തന്നെപ്പോലെ പ്ലാവിന്റെ കമ്പ് വച്ച് ആടിനെ ബഷീറിന്റെ മകൻ കളിപ്പിക്കുന്നത് കണ്ട് ആട് തന്നെപ്പോലെത്തന്നെ അവനേയും സ്‌നേഹിക്കുമോ എന്ന് അവൾക്ക് കുശുമ്പ് തോന്നി.

ഒരുപോലുള്ള ദിവസങ്ങൾ ഓർമയിൽ ഒരൊറ്റ ദിവസമായി മേരിയിലൂടെ കടന്നു പോയി. മഴ നിന്നപ്പോൾ കനാലിൽ ബണ്ട് കെട്ടി വെള്ളമുയർത്തി ആളുകൾ കൃഷിയിടങ്ങളിലേക്ക് ഉപയോഗിച്ചു. മേരി പഴുത്ത മാങ്ങ കാറ്റിൽ വീഴുന്നത് പെറുക്കിയും ബബുളൂസ് ഉള്ളിൽ ചുവന്നോയെന്നും മഞ്ഞയും ചുവപ്പും നിറത്തിലുള്ള കശുമാങ്ങകളെ കൊണ്ടു വന്നാൽ വീഞ്ഞ് ഉണ്ടാക്കി തരുമോ അന്നമ്മേച്ചിയമ്മേ എന്നന്വേഷിച്ചും നടന്നു. വേനൽക്കാലമായതോടെ കനാലു വറ്റിത്തുടങ്ങിയിരുന്നു. കൊയ്ത്ത് തുടങ്ങിയതോടെ ഒഴിഞ്ഞ പാടങ്ങളിൽ പിള്ളേരു കളി തുടങ്ങി. കൊയ്ത്തു കഴിഞ്ഞ പാടത്തിലെ കാറ്റിനെ തുമ്പികൾ ഉഴുതു മുറിച്ചു. അവരുടെ ചിറകുരുമ്മൽ ശബ്ദത്തിൽ എല്ലാം നിഷ്പ്രഭമായി. വാഹനങ്ങളുടെ ശബ്ദം, ഗാനങ്ങൾ, ഫാൻ ഇവയെ എല്ലാം മറന്ന് മേരി തുമ്പികളെ മാത്രം ഉറക്കത്തിൽ ഓർത്തു. സ്വപ്നത്തിൽ കൈ എത്തിച്ചു പിടിക്കുവാൻ നോക്കുമ്പോഴൊക്കെ ത്സടുതിയിൽ വളർന്ന മരത്തിന്റെ ഇലകളായിയവർ തുമ്പികൾ. വൈക്കോൽ മണത്തിനും കളിമൺ മണത്തിനുമിടയിൽ നിന്ന് തുമ്പികളിലാരെങ്കിലും കൂട്ടിയിടിച്ച് വീഴുമെന്ന് കരുതി മേരിയും ഒരു ചാര നിറത്തിലുള്ള പൂച്ചയും താഴെ കാത്തിരുന്നു. തുമ്പികളുടെ ചിറകിൽത്തട്ടി വെയിൽ, പാടം നിറച്ചും മഴവില്ലു വിരിയിച്ചു. പാടത്തെ പണിക്കാർ പിടിച്ചു കൊടുത്ത തുമ്പിയൊരെണ്ണം മേരിയുടെ വിരലിൽ വൈക്കോൽ തുമ്പിന്റെ മൂർച്ചയുള്ള കൈകൾ വച്ച് അള്ളിപ്പിടിച്ചു. അവൾ പേടിച്ച് വിരൽ കുടഞ്ഞു. താഴെ വീണ തുമ്പിയെ പറക്കാൻ അനുവദിക്കുന്നതിനു മുൻപ് ചാരനിറത്തിലുള്ള പൂച്ച കടിച്ചു തിന്നു. ചിറകുകൾ വായ്ക്കുള്ളിൽ കറുമുറെ എന്നു ശബ്ദമുണ്ടാക്കി. ഒന്നു നൊട്ടി നുണഞ്ഞ് പൂച്ച അടുത്തതിനായി മേരിയെ നോക്കി. ചക്കി ഗംഗാധരൻ നായരുടെ വീട്ടിലെ പൂച്ചയാണ്. ചക്കിക്ക് മേരിയെ ഇഷ്ടമായിരുന്നു. ചക്കിപ്പൂച്ച ചുണ്ടിനു സമീപമായി ഉണ്ടായിരുന്ന വ്രണത്തിൽ നാവ് വച്ച് ഉരസിക്കൊണ്ട് സ്വയം നക്കി വൃത്തിയാക്കുന്നതു പോലെ കാണിച്ച് ഇടയ്ക്ക് സുഖിക്കും. ചക്കിയെ തലോടിയ മേരി വ്രണത്തിന്റെ അരികിൽ ഒരിക്കൽ ചൊറിഞ്ഞു കൊടുത്തു. അതിഷ്ടപ്പെട്ട ശബ്ദത്തിൽ ചക്കി കരഞ്ഞു. മേരി വ്രണത്തെ തലോടിക്കൊണ്ടിരുന്നു. ഇടയ്ക്ക് സ്‌നേഹം വന്നപ്പോൾ ഉമ്മകളും കൊടുത്തു. ചക്കി മനുഷ്യക്കുഞ്ഞിന്റെ ശബ്ദത്തിൽ കരഞ്ഞു കൊണ്ടിരുന്നു. അതു കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഉമ്മ വച്ചാൽ കുട്ടിയുണ്ടാകും എന്ന് ക്ലാസിലെ കൂട്ടുകാരിയായ നീതു പറഞ്ഞ് മേരി അറിഞ്ഞത്. അന്നു തന്നെ അന്നമ്മേച്ചിയമ്മ ചക്കിപ്പൂച്ച ഗർഭിണിയാണെന്നും അടുത്ത് തന്നെ പ്രസവിക്കും എന്നും അറിയിച്ചു. അവളിൽ സംശയം ഒരു സിഗററ്റ് പുക പോലെ വേഗത്തിൽ പൊങ്ങി കടന്നു പോയി. അന്ന് കൂർക്ക നന്നാക്കാൻ അന്നമ്മേച്ചിക്കൊപ്പം ഇരിക്കുമ്പോൾ അവൾ മടിച്ച് കാര്യം ചോദിച്ചു"അന്നമ്മേച്ചിയമ്മേ ഉമ്മ വച്ചാൽ കുട്ടി ഉണ്ടാകോ?' "എന്തേ നീ ആരേലും ഉമ്മ വച്ചോ?' "ഉം. ചക്കീനെ. കണ്ടോ അവളുടെ വയറ് വലുതായിട്ട്. പ്രസവിക്കുമ്പോ ഇനി മനുഷ്യക്കുട്ടിം മ്പൂച്ചേം പകുതി പകുതി ആവോ?'

അന്നമ്മേച്ചിയമ്മ ചിരിച്ച് ചാക്കിലിട്ട് തല്ലിയതിൽ നിന്നും ബാക്കി കൂർക്ക കൂടിയെടുക്കുവാൻ പോയി. പിറ്റേ മാസം ചക്കി പ്രസവിച്ച് വീടുകളുടെ തട്ടുമുകളിൽ നിന്നും തട്ടുമുകളിലേക്ക് കടത്തിക്കൊണ്ടിരുന്ന മുഴുവൻ കുട്ടികളേയും കണ്ടതിനു ശേഷമേ മേരിക്ക് ചക്കിപ്പൂച്ചയോട് പിന്നെ സ്‌നേഹം തോന്നിയുള്ളൂ. കനാൽ വറ്റിത്തുടങ്ങിയപ്പോൾ അപ്പൻ കനാലിന്റെ അരികുകളിൽ കെട്ടിച്ച കരിങ്കല്ലിന്റെ ഭിത്തിക്കിടയിലുള്ള പോടുകളിൽ നിന്നും പടിപടിയായി ആരലുകൾ പൂളൻ പള്ളത്തി കല്ലേമുട്ടി കരിപ്പിടി ഞവണി എന്നിവ ഇറങ്ങി വന്നു. വെള്ളം കുറഞ്ഞു കുറഞ്ഞ് കനാലിലെ കുണ്ടുകൾ ചെറുതടാകങ്ങളായി. അതിലേക്ക് മീനുകളും ഞണ്ടുകളും ഞവണിക്കകളും പുതഞ്ഞു. വരണ്ട കനാൽവക്കത്ത് ഞവണിക്കകളുടെ തോടു മാത്രം ബാക്കിയായി. തോടിന്റെ ഓരം തട്ടി മീൻ പിടിക്കാൻ വന്ന പണിക്കാരുടെ കാലു കുത്തിക്കീറി. ഇത്ര നാളും ശരീരത്തിൽ ഒഴുക്കിന്റെ തഴമ്പുകൾ പുള്ളികുത്തുകളായി സൂക്ഷിച്ച കാടക്കണ്ണൻ കല്ലുകൾ വെയിലത്ത് വെളിപ്പെട്ടു. അതിൽ ചവിട്ടി പണിക്കാരല്ലാത്ത ചിലർക്ക് പൊള്ളി. മീനുകൾക്കായി കൊറ്റികൾ പാടങ്ങളിലും പൊൻമാനുകൾ വളർച്ച മുരടിച്ച തെങ്ങുകളിലും കാത്തിരുന്നു. മഴക്കാലത്ത് വലിയ ചുഴികൾ ഉണ്ടാക്കിവിടുമായിരുന്ന, ഒഴുകി വരുന്ന തെങ്ങിൻപട്ടകളെ തന്റെ ചുഴിയുടെ തുരങ്കത്തിനുള്ളിൽ ഒളിപ്പിച്ച് നാലു മീറ്റർ അകലേക്ക് മുക്കിക്കളയുന്ന ഒരു കുഴി അവസാനം ചെറിയൊരു കുണ്ട് മാത്രമായി കനാലിൽ അവശേഷിച്ചു. സ്റ്റൗവിൽ തിളക്കുന്ന വെള്ളം പോലെ അതിൽ ചളി കിടന്ന് വെട്ടി. ഊഷ്മാവിനു പകരം മീനുകൾ ജലത്തെ തുള്ളിച്ചു. ചെളിക്കുള്ളിൽ പുതഞ്ഞിട്ടും ശരീരത്തിലെ തുളകളിലെല്ലാം മണ്ണു നിറഞ്ഞിട്ടും മീനുകൾ ജീവിച്ചു. പരലുകൾ തെളിഞ്ഞ് നിൽക്കുന്ന മുകളിലെ വെള്ളത്തിൽ വായ തുറന്ന് ശ്വസിക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു. കനാലിലേക്കിറങ്ങി തിണ്ടിൽ നിന്ന് മേരി കുണ്ടിലെ ഇളക്കം നോക്കി നിന്നു. മീനുകളുടെ മരണവെപ്രാളം അവൾ തിരിച്ചറിഞ്ഞു. വീട്ടിൽ പോയി അടി കാണാറായ കിണറ്റിൻ കരയിൽ അന്നമ്മേച്ചിയമ്മ കോരി വച്ച വെള്ളത്തിൽ നിന്നും മേരി പൂന്തോട്ടം നനക്കുന്നതിനു വാങ്ങിയ, അവൾക്ക് എടുത്തു പൊക്കാൻ കഴിയുന്ന ചെറിയ ബക്കറ്റിൽ മുക്കാലോളം വെള്ളമെടുത്ത് നടന്നു. കനാലിലേക്ക് ഇറങ്ങിയപ്പോൾ ബക്കറ്റ് കുലുങ്ങി രണ്ട് തവി വെള്ളം അപ്പുറമിപ്പുറം തെറിച്ചു. അതു കണ്ടാകണം പക്ഷികൾ കുണ്ടിന്റെ അരികുകളിൽ നിന്നും പറന്നു പോയി. ബാക്കിയുള്ള വെള്ളം കുണ്ടിലേക്ക് ഒഴിക്കുന്നതിനിടയിൽ പിടിവിട്ട് ബക്കറ്റ് അതിൽ വീണു. അധികം കിട്ടിയ വെള്ളത്തിൽ മീനുകൾ രണ്ടു നിമിഷത്തേക്ക് ആശ്വസിച്ചു. തിണ്ടിൽ നിന്നും ഇറങ്ങി ബക്കറ്റ് എടുക്കുവാൻ മേരിക്ക് പേടി തോന്നി. കുണ്ടിനു ചുറ്റും കിടക്കുന്ന ചെളി ഒരു ജീവിയാണെന്ന് തോന്നിയപ്പോൾ പതുക്കെ ഭയന്ന് വീട്ടിലേക്ക് തിരിച്ചു നടന്നു. ഉച്ചക്ക് ശേഷമായിരുന്നു തന്റെ ചെറിയ ബക്കറ്റ് കനാലിൽ വീണു പോയ കാര്യം മേരി അന്നമ്മേച്ചിയമ്മയോട് പറഞ്ഞത്. അവളേയും വിളിച്ചു കൊണ്ട് ബക്കറ്റെടുക്കാൻ അന്നമ്മേച്ചിയമ്മ പോയി. കനാൽ ഉണങ്ങിയിരുന്നു. ഫുട്‌ബോൾ കളിച്ച് കാലിൽ പറ്റിയ മുറിവ് പൊറുത്ത പോലെ ഒറ്റയടിക്ക് കനാൽ ഉണങ്ങി. കുണ്ടിലുണ്ടായിരുന്ന മീനുകൾ വെയിലത്ത് ഉണക്കാനിട്ടതു പോലെ കുണ്ടിലെ ഏറ്റവും താഴ്ചയിൽ കുന്നു കൂടി കിടന്നു. കാക്കകൾ കൊത്തി വലിച്ചവ മാത്രം കുണ്ടിൽ നിന്നും കയറി കിടന്നു. നിറം മങ്ങി ബക്കറ്റ് ചെരിഞ്ഞ് കിടപ്പുണ്ടായിരുന്നു. അന്നമ്മേച്ചിയമ്മ ബക്കറ്റെടുത്തു. അതിൽ കിടന്ന രണ്ടു മൂന്നു മീനുകളെ കുണ്ടിലേക്ക് തട്ടിയിട്ടു. ഒരു ബക്കറ്റ് വെള്ളം കൊണ്ട് കനാലിനെ രക്ഷിക്കുവാനുള്ള പദ്ധതിയിൽ തോറ്റ് തുന്നം പാടി മേരി അന്നമ്മേച്ചിയമ്മയുടെ പിറകിലൂടെ കുണ്ടിലേക്ക് നോക്കി നടന്നു. അവളുടെ കാഴ്ചയിൽ അപ്പോഴും വായുവിൽ കിടന്ന് പുളയും മീനുകൾ അവളെ നോക്കി തലതാഴ്ത്തി. കുളക്കോഴികളും കാക്കകളും കൊറ്റികളും അവർക്ക് പിറകിൽ പറന്നിറങ്ങി.▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments