ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

3am

അധ്യായം പത്ത് (തുടർച്ച): ജലത്തിൻ ചില്ലുജാലകങ്ങളിളക്കുമീയുഭയജീവികൾ​

​​​​​​​മേരി ഏഴാം ക്ലാസിൽ പഠിക്കുന്നതിനിടെ അപ്പൻ പട്ടുനൂൽ കൃഷി ആരംഭിച്ചു. പട്ടുനൂൽ വ്യവസായം എങ്ങനെ തുടങ്ങാം എന്ന കാർഷിക സർവകലാശാലയുടെ ഒരു പ്രോഗ്രാം ആകാശവാണിയിൽ കേട്ട അന്നമ്മേച്ചിയമ്മ, ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പട്ടുനൂൽ കൃഷി ആരംഭിക്കുവാൻ തീരുമാനിക്കപ്പെട്ടത്. അതിനായി പറമ്പിന്റെ ഒരു മൂലയിൽ തോരൻകിളിയുടെ സഹായത്താൽ ചെറിയൊരു ഷെഡ് അപ്പൻ പണിതു. ബാക്കിയുള്ള ഇടത്തൊക്കെ മൾബറി ചെടികൾ നട്ടു പിടിപ്പിക്കുവാനും പദ്ധതിയൊരുക്കി. പതിവു പോലെ തന്റെ ആരംഭശൂരത്തം അവസാനിച്ചപ്പോൾ അന്നമ്മേച്ചിയമ്മ പതുക്കെ അതിൽ നിന്നും വലിഞ്ഞു. ഇതു മുൻകൂട്ടി കണ്ടെന്ന പോലെ തോരൻകിളി ഒരു തമിഴൻ ചെക്കനെ അപ്പനു ഏല്പിച്ചു കൊടുത്തു. അവൻ രാവിലേയും വൈകീട്ടും വന്ന് പണികൾ എടുത്തു കൊള്ളും എന്ന് തോരൻകിളി അപ്പനുറപ്പു കൊടുത്തു.

അതിനിടയിലായിരുന്നു മേരിക്ക് പുതിയ കൂട്ടുകാരിയെ ലഭിച്ചത്. ആലീസിൽ വീടുള്ള സുമി. സ്‌കൂളിൽ നിന്നും പോസ്റ്റാഫീസുമൂല വരെ സുമി അവൾക്കൊപ്പം നടന്നു. സുമിയെക്കുറിച്ചുള്ള വിശേഷങ്ങൾ കേട്ടു സഹിക്കാതായപ്പോൾ അന്നമ്മേച്ചിയമ്മ അതാരാണെന്ന് അപ്പനോടു തിരക്കി. ഓ നമ്മടെ പെലയൻ വിശ്വന്റെ ഏറ്റോം എളേ മോള് എന്ന് പിന്നീട് അന്നമ്മേച്ചിയമ്മ പറഞ്ഞത് മേരിക്ക് മനസിലായില്ല. അന്നമ്മേച്ചിയമ്മയുടെ മുഖം അന്ന് പുച്ഛത്താൽ കോടിയത് മേരിക്ക് അത്ര പിടിച്ചില്ല. എന്നാൽ അവനു മൂന്നും പെണ്ണാ അവസാനത്തേതും പെണ്ണാന്നു അറിഞ്ഞപ്പോ പേറ്റുനോവിലും വലിയ കരച്ചിലായിരുന്നു അവന്റെ പെണ്ണ്. അവൾടെ അമ്മ കാർത്ത്യേ എന്നു പറഞ്ഞപ്പോൾ എന്തോ കാരണം കൊണ്ട് സുമിടെ അമ്മ കാർത്തി കരഞ്ഞിരുന്നു എന്നു മേരിക്ക് മനസിലായി. സുമി മേരിയെപ്പോലെ തന്നെ നല്ലവണ്ണം പഠിക്കുമായിരുന്നു. കുളിക്കാത്തതു കൊണ്ടാണു നീ കറുത്തിരിക്കുന്നത് എന്നു പറഞ്ഞ സഹപാഠി വിഷ്ണുവിനോട് സുമിക്ക് വേണ്ടി കയർത്തത് മേരിയായിരുന്നു. പതുക്കെ പതുക്കെ സുമിയും മേരിയുമായുള്ള സൗഹൃദം ദൃഢമായി. മേരി അണിഞ്ഞ പാദസരം പോലെയൊന്ന് വിശ്വൻ മകൾക്കും വാങ്ങിക്കൊടുത്തു. മേരി ധരിച്ച മേൽത്തരം വസ്ത്രങ്ങൾ സുമിയുടെ ദേഹത്തും കണ്ടു തുടങ്ങി. ഭക്ഷണം അവർ പങ്കുവച്ച് കഴിച്ചു. സ്‌കൂളിലെ മികച്ച വിദ്യാർത്ഥികളിൽ അവർ മുന്നിട്ടു നിന്നു. സുമി, മേരി, എലിസബത്ത്. ഓണക്കാല പരീക്ഷയിൽ എലിസബത്ത് ഫസ്റ്റും മേരി സെക്കന്റും സുമി തേർഡും ആയി. എലിസബത്തിന്റെ രക്ഷിതാവ് സർക്കാർ തലത്തിൽ ഉയർന്ന ഉദ്യോഗസ്ഥനായതിനാൽ എന്നും രാവിലെ ആ കുട്ടിയെ കാറിൽ സ്‌കൂളിൽ കൊണ്ട് വിടുമായിരുന്നു. ക്രിസ്മസ് പരീക്ഷാഫലം അറിഞ്ഞപ്പോൾ റാങ്ക് പട്ടിക ഒന്നാമത് എലിസബത്ത് (281/300) രണ്ടാമത് സുമി (279/300) മൂന്നാമത് മേരി (278/300) എന്നിങ്ങനെ ആയി. അതനുസരിച്ച് സമ്മാനങ്ങൾ സ്‌കൂൾ അധികൃതർ തയ്യാറാക്കുകയും ചെയ്തു.

എന്നാൽ വീട്ടിൽ പോയി പരിശോധിച്ചതിനു ശേഷം മലയാളം പേപ്പറിൽ തനിക്കു കിട്ടാനുള്ള മൂന്നു മാർക്കിനെ പറ്റി സുമി മേരിയോട് പറഞ്ഞു. ആ പേപ്പർ കൊണ്ട് മലയാളം ടീച്ചറുടെ അടുത്തേക്ക് അവൾ നടന്നു. കാര്യം പറഞ്ഞപ്പോൾ ടീച്ചർ അടുത്ത ക്ലാസിൽ പഠിപ്പിച്ചു കൊണ്ടിരുന്ന മറ്റൊരു ടീച്ചറോട് സംസാരിച്ച് റാങ്ക് മാറുമല്ലോ എന്നു ആശങ്കപ്പെട്ടു. ഒടുവിൽ ചോദ്യവും കാരണവും ചേർത്ത് എഴുതിയാലേ മുഴുവൻ മാർക്ക് കിട്ടൂ എന്നു പറഞ്ഞ് മൂന്നു മാർക്കിന്റെ ഉത്തരത്തിനു തൽക്കാലം ഒരു മാർക്കിട്ട് 47 എന്നു എഴുതി അതിൽ ടീച്ചർ ഒരു വട്ടം വരച്ചു. അതിൽ സുമിയും മാർക്കും കുടുങ്ങിക്കിടന്നു. അന്നുച്ചക്കായിരുന്നു സമ്മാനദാനം. അതു കഴിഞ്ഞ് തിരിച്ചെത്തിയ മലയാളം ടീച്ചറുടെ മേശമേൽ ഒന്നാം സമ്മാനം വാങ്ങിയ എലിസബത്തിന്റെ ചോദ്യവും കാരണവും ചേർത്തെഴുതാത്ത ഉത്തരത്തിനു മൂന്നു മാർക്ക് കിട്ടിയ ഉത്തരക്കടലാസും അതിനു മുകളിൽ സുമിയുടെ പേനയും ഇരിപ്പുണ്ടായിരുന്നു. പിന്നീടുള്ള മൂന്നു ദിവസവും ക്ലാസിൽ വരാതിരുന്ന സുമിയെ അന്വേഷിച്ച് മേരി ആലീസ് കുന്നു കയറി. സ്‌കൂൾ വിട്ടതിനു ശേഷം പോസ്റ്റാഫീസിൽ നിന്നും അവൾ നേരെ ആലീസിലേക്ക് തിരിഞ്ഞു.

സുമിയുടെ അയൽക്കാരനായ സോണിയുടെയും അനിയത്തിയുടേയും കൂടെയാണു മേരി കുന്നു കയറിയത്. തന്റെ തറവാടിന്റെ വഴിയല്ലാത്തതിനാൽ എളേപ്പനോ വല്യപ്പനോ കാണില്ലെന്ന് മേരി ആശ്വസിച്ചു. മേരി ആലീസിൽ കാലു കുത്തിയപ്പോൾ അപ്പാപ്പനും ആലീസും മേരിയെ കാണാൻ പാഞ്ഞു വന്നു. ജനുവരിയുടെ ശീതക്കാറ്റ് ആലീസ് പിൻവലിച്ചു. വഴിയിൽ നിന്നും കരിയിലകളേയും അതിനടിയിൽ ഒളിച്ചിരുന്ന അണലിക്കുഞ്ഞുങ്ങളേയും ഊതിപ്പറത്തി. മേരിക്കുഞ്ഞിന്റെ കാലു തല്ലിപ്പൊട്ടാൻ സാധ്യതയുള്ള പൊന്തി നിൽക്കുന്ന കല്ലുകളെ പൊടിച്ച് മണ്ണാക്കി വിതറി. മുഷിഞ്ഞ യൂണിഫോമിട്ട മേരിയെ കണ്ട് ആലീസിനു നെഞ്ച് പൊട്ടി. അപ്പാപ്പൻ അഭിമാനത്തോടെ അവളെ നോക്കി നിന്നു. കീരിപ്പല്ലുകൾ പോയി അവൾക്ക് വരുന്ന മുയലൻ പല്ലുകളെ അപ്പാപ്പൻ ആലീസിനു കാണിച്ചു കൊടുത്തു. ഒരു മഴ പെയ്യിച്ചു മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം അലക്കി കൊടുത്താലോയെന്ന് ആലീസ് ചിന്തിച്ചപ്പോൾ വേണ്ട എന്റെ കുട്ടിക്ക് പനി പിടിക്കുമെന്നും ഈ വേനലിനു ഇനി ആലീസിൽ പെയ്യാൻ വേറെ കാർമേഘങ്ങളിലെന്നും അപ്പാപ്പൻ ഓർമിപ്പിച്ചു. മേരിയെ അണച്ചു പിടിച്ച് ആലീസ് കൂടെ നടന്നു. സുമിയുടെ വീട്ടിലെത്തിയപ്പോൾ അവൾ കിടക്കുകയായിരുന്നു. അച്ഛൻ വിശ്വം പണിക്കു പോയിരിക്കയായിരുന്നു. അന്ന് എന്തിനോ വേണ്ടി കരഞ്ഞതെന്ന് അന്നമ്മേച്ചി പറഞ്ഞ അമ്മ കാർത്തിയെ മേരി കണ്ടു. അവരുടെ കണ്ണിനു ചുറ്റുമുള്ള കറുത്ത വളയം തൊട്ടു നോക്കുവാൻ മേരിക്കു തോന്നി. സുമിക്ക് എന്നും രാവിലെ വയറു വേദനയാണെന്നും അതുകൊണ്ടാണു വരാതിരിക്കുന്നത് എന്നും അമ്മ പറഞ്ഞു. സുമി മാത്രം എല്ലാം കേട്ട് ചിരിച്ചു. ചുവന്ന മുളകിൽ മൂപ്പിച്ച കപ്പയും കട്ടൻ ചായയും അമ്മ രണ്ടു പേർക്കും എടുത്തു വച്ചു. സുമിക്കൊപ്പം ഇരുന്നു തേക്കാത്ത ചുമരിലേക്ക് നോക്കി മേരി മതിയാവോളം കപ്പ കഴിച്ചു. പിറ്റേന്നു മുതൽ ക്ലാസിൽ വന്നേക്കാമെന്ന ഉറപ്പ് സുമിയിൽ നിന്നും വാങ്ങിയതിനു ശേഷമേ മേരി ആ വീട്ടിൽ നിന്നും ഇറങ്ങിയുള്ളു.

വീടിനു പുറത്തിറങ്ങി രണ്ടടി വച്ചപ്പോഴേക്കും പിറകിൽ സൈക്കിളുമായി എളേപ്പൻ നിന്നു. ""നിനക്ക് ഈ പെലയന്മാരുടെ വീട്ടിൽ എന്താ കാര്യം? വന്നേ ഞാൻ കൊണ്ടാക്കാം. അവടെ എല്ലാരും നിന്നെ കാണാണ്ട് പേടിച്ചു ഇരിക്ക്യാ.'' അപ്പന്റെ സൈക്കിളു പോലെ മേരിയെ അത് സുഖമമായി വീട്ടിലേക്കെത്തിച്ചില്ല പകരം ഓരോ കുണ്ടിലെ വീഴ്ചയിലും അവളുടെ തുട വേദനിച്ചു. അത് കണ്ട് ദേഷ്യം പിടിച്ച് ആലീസ് എളേപ്പന്റെ രണ്ട് വാഴയുടെ കൂമ്പ് പിടിച്ചു ഒടിച്ചു കളഞ്ഞു. വീട് എത്തുന്നതിനു മുൻപേ ഇവടെ നിർത്ത് ഞാൻ നടന്നോളാം എന്ന് മേരി പറഞ്ഞു. വീട്ടിൽ അന്നമ്മേച്ചിയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. മേരി വരാതിരുന്നതിനാൽ അപ്പൻ അന്വേഷിക്കാൻ ഇറങ്ങിയിരുന്നു. കാര്യം എളേപ്പനിൽ നിന്ന് അറിഞ്ഞപ്പോൾ അന്നമ്മേച്ചിയമ്മ മൂക്കത്ത് വിരൽ വച്ചു. ആ പെലയന്മാരായിട്ട് വലിയ കൂട്ട് വേണ്ടെന്ന് ഇവൾക്കൊന്ന് പറഞ്ഞു കൊടുത്തുകൂടേയെന്ന് എളേപ്പൻ പോകും വഴി ഉപദേശിച്ചത് മേരിക്കൊട്ടും ദഹിച്ചില്ല. ആ വാക്കിലെ പ്രത്യേകത അവൾക്കിപ്പോൾ ഏറെക്കുറെ ഊഹിക്കാമായിരുന്നു. എന്നാൽ അർഹത ഇല്ലാഞ്ഞും ഉദ്യോഗസ്ഥന്റെ മകളെ ഒന്നാം സ്ഥാനക്കാരിയാക്കിയ സ്‌കൂൾ വ്യവസ്ഥയോട് കലഹിച്ച് ക്ലാസിൽ വരാതിരുന്ന സുമിയെ മേരിക്ക് മാത്രം മനസിലായി. അധികാരത്തിന്റെ മുന്നിൽ നടുവളയുന്ന ലോകത്തിന്റെ വ്യവസ്ഥയെ അവൾ വെറുത്തു. അതിനെതിരെ എഴുന്ന് നിൽക്കണമെന്ന് തീരുമാനിച്ചു. അതോടെ ജീവിതം അവൾക്ക് മുൻപിൽ ലോകത്തിന്റെ യഥാർത്ഥമായ മുഖം തുറന്നിട്ടു.

ആ അനുഭവത്തോട് മേരി പ്രതികരിച്ചത് മറ്റൊരു രീതിയിലായിരുന്നു. അവധി ദിവസങ്ങളിൽ മൾബറി കൃഷി നോക്കി നടത്തുന്ന സോളമൻ എന്ന തമിഴൻ ചെക്കന്റെ ഒപ്പം മേരി കറങ്ങിനടന്നു. മേരിയുടെ ഓർമ്മയിൽ അവന് സോളമന്റെ മുഖമായിരുന്നു. കുഴിനഖം മൂലം വലയുന്ന ഒരു തമിഴ്‌നാട്ടുകാരനായിരുന്നു ഈ സോളമൻ. കേരളത്തിൽ അല്ലറ ചില്ലറ ജോലിയും കുറച്ച് മോഷണവുമൊക്കെയായി നടക്കുന്ന സമയത്തായിരുന്നു തോരൻ കിളി അവനെപ്പിടിച്ച് മേരിയുടെ അപ്പന്റെ മൾബറി കൃഷി നോക്കാൻ ഏൽപ്പിച്ചത്. അതിനുശേഷം സോളമൻ ആകെ മാറി. സ്വന്തം വീടിനെ അവൻ മറന്നു. അവിടങ്ങളിലെ തരിശുനിലങ്ങളും, വെയിലിന്റെ തീവ്രതയും, ആര്യവേപ്പുകളിൽ പറ്റിപ്പിടിച്ച പുഴുക്കളേയും, ഉപ്പു കലർന്ന കുടിവെള്ളത്തെയും വെറുത്തു. അവൻ പണിയെടുക്കുന്നതിൽ സാധാരണക്കാരനായിരുന്നു, വളരെ സാവധാനക്കാരനായിരുന്നു.

പക്ഷെ ചെയ്യുന്ന ജോലി കൃത്യമായി ചെയ്യുന്നതിനു ശ്രദ്ധിച്ചു. തന്റെ ചെറുപ്പത്തിൽ അനിയനൊപ്പം കളിക്കുന്നതിനിടയിൽ തലക്കു സംഭവിച്ച ഒരപകടം മൂലമാണ് താനൊരു സാവധാനക്കാരനായതെന്നയാൾ സ്വയം വിശ്വസിച്ചു. ആ വിശ്വാസം ഉറപ്പിക്കുന്നതിനായി ഓരോ സന്ദർഭത്തിലും ഈ അപകടകഥ തന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. രഹസ്യമായി സൈക്കിൾ ചവിട്ട് പഠിക്കുന്ന മേരിക്ക് സൈക്കിൾ പിടിച്ച് കൊടുത്തിരുന്നതും രാത്രി എട്ടര ആകുമ്പോൾ അഞ്ച് രൂപക്ക് കപ്പലണ്ടി വാങ്ങിക്കൊണ്ട് വന്നു തൊലി കളഞ്ഞ് കൊടുക്കുമായിരുന്നതും അയാളായിരുന്നു. കപ്പലണ്ടിത്തൊണ്ടുകളിലെ ഉപ്പ് സോളമനെ വീട് ഓർമിപ്പിച്ചു.
സോളമന്റെ ഭൂമി സാവധാനം ചലിച്ചുകൊണ്ടിരുന്നു. മേരിയുടെ അരമിനിറ്റ് അവനൊരു മിനിറ്റായിരുന്നു. കുഞ്ഞിമേരി ചെയ്യുമ്പോലെ ഭക്ഷിച്ചു കൊണ്ട് സിനിമ കാണാനോ പുസ്തകം വായിക്കുവാനോ ആഗ്രഹിച്ചു കൊണ്ട് സോളമൻ ഒരു സമയം ഒരു പ്രവൃത്തിയിൽ മാത്രം ഏർപ്പെട്ടു. സോളമനോട് ചോദിച്ചു കഴിഞ്ഞാൽ "അതിക്ക് എന്നാ സേട്ടാ മൾബറികൂച്ചി നാട്ടണതുക്കു മണ്ണു സെത്തി തണ്ണി പോട്ടു പൊടിപ്പ് വരുമ്പോത് വീട്ടിലു സൊൽറതും മഞ്ചൾ വെളിച്ചത്തിലു മൊട്ടകള് വെതറി വിരിയതു വരെക്കും തൂക്കം വെടിഞ്ച് പാത്തുട്ട് ഇരിക്കറുതും സിന്ന പുളുക്കളുക്ക് സിന്നതാ മൾബറിയെല അറിഞ്ചു കൊടക്കണതും എലകൾ നറൈമ്പ് കൂടെ കാട്ടം കളയറുതും നാൻ താ സേട്ടാ'.

മറ്റൊരു ഭാഷയിൽ അവൻ ഒരു പട്ടുനൂൽപ്പുഴു. കുമ്പളത്തണ്ടു രോമങ്ങളാൽ നിറഞ്ഞ ശരീരമുള്ള അവനൊരു പട്ടുനൂൽ പുഴു. ഇലയറുക്കാത്ത ചെടികളിൽ മൾബറി പഴങ്ങൾ ചുമന്നു നിൽക്കുന്നതും പാകമാകാത്തവ കഴിച്ച് കുട്ടികൾക്കൊപ്പം പുളിച്ച് തികട്ടുവാനും നാവു ചുവപ്പിക്കുവാനും പുഴുക്കളെ കീശയിൽ, മുടിയിൽ, ചെവിയിൽ കൊണ്ട് നടക്കുന്നതിനും ഇഷ്ടപ്പെട്ട അവനൊരു പട്ടുനൂൽ പുഴു. ഉറങ്ങുന്നതിനു മുൻപ് തുപ്പലം കൊണ്ട് പുതപ്പ് വിരിച്ച് അവൻ ചുരുണ്ടു കൂടും. രാവിലെ എഴുന്നേറ്റ് ചിറകടിച്ച് ജോലിയൊക്കെ കഴിച്ച് വെള്ളം തിളപ്പിച്ച് കൊക്കൂണുകളൊക്കെ പുഴുങ്ങിയെടുത്ത് കിലോമീറ്ററുകൾ നീളുന്ന പട്ടുനൂൽ മുറിയാതെ അഴിച്ചെടുത്ത് ഉറങ്ങിക്കൊണ്ടിരിക്കുന്ന പുഴുക്കളെ അടർത്തിയെടുത്ത് മസാലയിൽ പുരട്ടി വറുത്തെടുക്കും. വിരലുകളെ പോലുള്ള കുർകുറേകൾ കൊറിച്ച് നടക്കുന്ന സോളമൻ സത്യത്തിലൊരു പട്ടുനൂൽപ്പുഴു. തമിഴനായ സോളമനു അറിയാത്ത ഒരു കാര്യവും ഇല്ലായിരുന്നു. അതുകൊണ്ട് മേരി തന്റെ സംശയങ്ങൾ സോളമനോടാണ് ചോദിച്ചിരുന്നത്. അപ്പനെയായിരുന്നു അവൾക്കേറ്റവും ഇഷ്ടം

""പക്ഷേ ഇപ്പ അപ്പനെ കെട്ടിപ്പിടിക്കുമ്പോഴുണ്ടല്ലോ സോളമാ എനിക്കെന്തോ പോലെ''""എന്നാച്ച് മേരിപ്പാപ്പാ?''അപ്പൻ മടിയിലിരുത്തി ലാളിക്കുന്നതിലും മൾബറിപ്പഴങ്ങൾ പറിക്കുന്നതിനു എടുത്തുയർത്തി ഊർന്നു വീഴുന്നതിലും ഇപ്പോ എന്തോ കുഴപ്പോണ്ട്. പല്ലു തേക്കുന്ന ബ്രഷിന്റേതു പോലുള്ള മീശ നാരുകൾ കഴുത്തിൽ ഉരസുമ്പോൾ ചർമത്തിലെ തുളകളിൽ നിന്നും ആരൽ മീനുകൾ തല പുറത്തിട്ട് വഴുതിപ്പോകുന്നു.""അതെ കുഴപ്പോണ്ട്''
അവധി ദിവസങ്ങളിൽ മൾബറിത്തോട്ടങ്ങൾക്കപ്പുറം വാഴകൾക്കിടയിൽക്കീറിയ ചാലുകളിൽ കരിപ്പിടികളും വരാലുകളും പുളഞ്ഞു നടന്ന ചാലുകളിൽ ചൂണ്ടയിടാൻ പഠിപ്പിക്കുകയായിരുന്നു അപ്പൻ. കുഞ്ഞി മേരിയുടെ പിറകിലൂടെ വന്നു അവളെ അരക്കെട്ടു കൊണ്ട് ഉരസി അപ്പൻ ചൂണ്ട അനക്കാതെ പിടിക്കുവാൻ പറഞ്ഞു കൊണ്ടിരുന്നു. ""അപ്പാ അപ്പനെന്താ പറ്റിയേ അപ്പാ? അപ്പനെന്തിനാ എന്തിനാണിങ്ങനെ തീവണ്ടിപോലെക്കിതക്കുന്നത്. എങ്ങോട്ടാണീയോടിപ്പോകുന്നത്. നെഞ്ചിൽ കൽക്കരി പോലെ വല്ലതും കത്തുന്നുണ്ടോ?''""അപ്പാ എന്തു പറ്റി അപ്പാ എന്തിനാണിങ്ങനെയെന്നെയുരസുന്നത്. മീൻ കൊത്തുന്നില്ല. ഒന്നു അനങ്ങാതെ നില്ക്കപ്പാ.'' ""ഇങ്ങനെയാണ് മീൻ പിടിക്കുക. ചൂണ്ടയിടക്കിങ്ങനെ വിറപ്പിക്കണം. എന്നാലേ വലിയ വലിയ മീനുകൾ വന്നു കൊത്തുകയുള്ളൂ.'' അപ്പൻ അവൾക്ക് പിറകിൽ നിന്ന് പറഞ്ഞു കൊടുത്തു. അപ്പൻ അവളെ കൂട്ടിപ്പിടിച്ച് ഇളകി വിറച്ച് കിതച്ചു. പുതിയയിനം മത്സ്യത്തെ കാണിച്ചു തരാമെന്ന് പറഞ്ഞപ്പോൾ ചൂണ്ടക്കൊളുത്ത് ആ മീനിന്റെ ചെകിളപ്പൂക്കളിലൂടെ കയറിയിറുങ്ങുന്നതിനെപ്പറ്റി കുഞ്ഞി മേരി ആലോചിച്ചു.""വേണ്ട വേദനിക്കില്ലേ അപ്പന്റേതല്ലേ, ഈ മീനിനെ നമുക്ക് വെള്ളത്തിലെറിഞ്ഞു കളയാം.'' ''സോളമാ അപ്പൻ കളിക്കാൻ വരുന്നില്ല.'' അവൾക്കു എപ്പോഴും പരാതിയാണ്. കരയുന്ന പോലെ അഭിനയിക്കുമ്പോൾ തുപ്പലം കണ്ണുകളിൽ പുരട്ടുന്നില്ല. താടിരോമങ്ങളാലുരസി ഇക്കിളിയിടുന്നില്ല. അടിവയറ്റിൽ വായ കൊണ്ട് പ് റ് ർ ർ ർ എന്ന് ശബ്ദം ഉണ്ടാക്കുന്നില്ല. രാത്രിയിൽ ആരുമറിയാതെ പുതപ്പിക്കുവാൻ വന്ന് ഉമ്മ വക്കുന്നൊന്നുമില്ല. അപ്പനെന്തോ പറ്റിയിട്ടുണ്ട്.""സോളമാ അപ്പനു എന്താ പറ്റിയേ?'' ""ഒന്നുമേ പുരിയലേ പാപ്പാ'' സോളമൻ വേഗം മുറിയിൽ പോയി കത്രികയെടുത്തു കൊണ്ടു വന്നു.

കുഞ്ഞിമേരിയുടെ മുടി വെട്ടാൻ അന്നമ്മേച്ചിയമ്മ പറഞ്ഞേൽപ്പിച്ചിരുന്നു. പഴയ നാളുകളിൽ ഒരു ബാർബർഷോപ്പിൽ സഹായിയായിക്കൂടിയതിന്റെ പരിചയം സോളമനെ ആ കുടുംബത്തിന്റെ ബാർബറാക്കിയിരുന്നു. അവൻ സ്വന്തം രീതിയിൽ ചെയ്യുന്ന മുടിവെട്ട് മേരിക്കു കൂടുതൽ ഭംഗി കൊടുക്കുന്നുവെന്ന് എല്ലാവരും പറഞ്ഞു. മൾബറി ചെടികളെ പരിപാലിക്കുന്നതു പോലെ സോളമൻ ക്ഷൗരം ആസ്വദിച്ചു. മേരിയുടെ അപ്പന്റെ താടിയിലൊളിപ്പിച്ച കടന്നൽക്കൂട്, തേനീച്ചകൾ, ചിത്രശലഭങ്ങൾ, മൾബറിപ്പുഴുക്കൾ എന്നിവയെ അവൻ പുറത്തേക്ക് കൊണ്ടു വന്നു. താനൊരു ക്ഷുരകനല്ല മറിച്ച് ഒരു ചിത്രകാരനാണെന്ന് അവനു തോന്നും. വേദന സഞ്ചരിക്കുന്ന കാൻവാസിൽ തന്റെ ചിത്രപ്പണികൾ ഏതൊരുത്തനേയും വെല്ലുന്ന തരത്തിൽത്തന്നെയാണ് അഭിമാനം കൊള്ളും. ബ്രഷിന്റെ ചെറിയൊരു തെന്നൽ മതി ചുവപ്പു നിറത്തിന്റെ ആധിക്യം കൊണ്ട് ചിത്രത്തിന്റെ ഭാവം മാറാൻ. ഒരിക്കൽ ഒരു പണിക്കാരൻ ചെക്കന്റെ കൃതാവിലൂടെയൊരു പഴുതാരയെ അവൻ വരച്ചു വച്ചു. അവനു പയ്യനോട് കൊതി തോന്നി. അവന്റെ തലയിൽ നിന്നും സോളമൻ മുടിയുടെ നിറങ്ങളെ ബ്രഷുകൊണ്ട് തുടച്ചു മാറ്റി അവിടൊരു ചുവന്ന വൃത്തം വരച്ചു. തൊലി പൊളിച്ചു മാറ്റി തലയോട്ടിയെ തലോടി. ഒരാശാരിച്ചെറുക്കന്റെ കൈവഴക്കത്തോടെ ചുറ്റികയുപയോഗിച്ച് തലയോട്ടി വട്ടത്തിൽ പൊളിച്ചെടുത്തു. അതിനുള്ളിൽ പതുപതുപ്പുകൾ കാടുകൾ താഴ്വരകൾ ചുരങ്ങൾ ബാറുകൾ നദീതടങ്ങൾ എന്നിവ ഓർമയിൽ ഉളിയുപയോഗിച്ചു കൊത്തിയുണ്ടാക്കി. എന്നിട്ട് കൃതാവിനുള്ളിലെ പഴുതാരയെ ചെവിയിലേക്ക് പറഞ്ഞു വിട്ടു.

കുഞ്ഞിമേരിയുടെ മുടി വെട്ടിക്കഴിഞ്ഞില്ലായിരുന്നു. അവൾ പഴങ്ങൾ നോക്കാൻ പോകണമെന്ന് വാശി പിടിച്ചു. ഇതുവരെ കണ്ടില്ലായിരുന്ന രണ്ട് മുട്ടൻ മൾബറിപ്പഴങ്ങൾ അവൻ അവളെ കാണിച്ചു കൊടുത്തു. ചുവന്നു ചുവന്നു കറുത്തു തുടങ്ങിയ മൾബറിപ്പഴങ്ങൾ അലിയുവാൻ എളുപ്പമാണെന്ന് അവൾക്കറിയാം. തന്റെ ഒപ്പം ചൂണ്ടയിടുവാൻ വരുന്നുവോയെന്ന് അവൻ മേരിയോട് ചോദിച്ചു. ഇല്ല ഇപ്പോൾ മീനുകൾ ഉച്ച ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുകയായിരിക്കും, ചൂണ്ടയിൽ കൊത്തില്ലെന്ന് കുഞ്ഞി മേരി കോട്ടുവായ ഇട്ടുകൊണ്ട് ദീർഘവീക്ഷണം നടത്തി. ഉറക്കം വരുന്നുണ്ടെങ്കിൽ അവിടെ തണലിൽ കിടന്നു കൊള്ളു. പുല്ലു കൊണ്ടുള്ള അവന്റെ മെത്തയിൽ മേരിക്ക് സാമാന്യം കൊതി തോന്നി. അവൾ കോട്ടുവായയിലേക്ക് തിരിച്ചു പോയി. അവൻ ഇലകൾ നുള്ളുന്ന പ്രവൃത്തിയിലേക്ക് കടന്നു.

സോളമൻ വന്നതിനു ശേഷമായിരുന്നു വളരെക്കാലമായി മനസിൽ ഒതുക്കി വച്ചിരുന്ന ഒരു രഹസ്യം പറയുവാൻ മേരിക്ക് ആളെ കിട്ടിയത്. പതുക്കെ പതുക്കെയാണെങ്കിലും ആൺകുട്ടിയാകണമെന്ന ആഗ്രഹം സോളമനോട് ഒരു ദിവസം മേരി പറഞ്ഞു. യേ പാപ്പ യെത്ക്ക് ഇതെല്ലാ? മേരിയെന്നു പേരുള്ള തന്നെ പാപ്പ എന്നു വിളിക്കുന്നതിലെ സാംഗത്യം അവൾക്കു മുൻപും മനസിലായിട്ടില്ല. ആൺകുട്ടിയായാൽ എളുപ്പമാണ്. സൈക്കിൾ ചവിട്ടാനും കുന്തിച്ചിരിക്കുവാനും മാവിൽ കയറാനും പുഴ നീന്തിക്കടക്കുവാനും ഇഷ്ടം പോലെ ചുറ്റിയടിക്കാനും ആൺകുട്ടിയായാൽ മതി. ആൺകുട്ടിയായി ജനിച്ചാൽ മതിയായിരുന്നു.

എറെ നേരം ആലോചിച്ചാണു അതിനു ഒരു വഴി മേരി കണ്ടെത്തിയതു. ആണാകുന്നതിന് അവരുടെ ഡ്രസ് ധരിക്കുക. ആണിന്റെ ഷർട്ടും ട്രൗസറും ചെരിപ്പും അണിയുക. അടുത്ത ദിവസം തന്നെ സോളമന്റെ ഷർട്ടും ട്രൗസറും കൊണ്ടു വരുവാൻ മേരി ചട്ടം കെട്ടി. അപ്പനും അന്നമ്മേച്ചിയമ്മയും ഇല്ലാതിരുന്ന ദിവസം മൾബറിയിലകൾ നുറുക്കി ഇട്ടു കൊടുത്ത് കഴിഞ്ഞ് മേരി സോളമനോട് ചോദിച്ചു ""കൊണ്ടു വന്നോ?'' അവൻ ഉവ്വെന്ന് തലയാട്ടി. കാട്ടം മുഴുവൻ എടുത്ത് കളഞ്ഞ് അവൻ വന്നു. അന്നമ്മേച്ചിയമ്മ അയൽപക്കത്ത് തെണ്ടാൻ പോയ സമയമായപ്പോൾ മേരി പതുക്കെ പുറത്തു വന്നു സോളമനെ വിളിച്ചു. ശരീരത്തിൽ അവിടവിടെ പട്ടുനൂൽ പുഴുക്കളെ വഹിച്ച് അവൻ വന്നു.

സോളമനെ കാവൽക്കാരനാക്കി നിറുത്തി മേരി പട്ടുനൂൽ പുഴുക്കൾക്കിടയിലേക്ക് ഇറങ്ങി ചെന്നു. അവിടെ ഒരു മൂലയിൽ ഏതോ ടെക്സ്റ്റയിൽസ് പേരുള്ള പ്ലാസ്റ്റിക് കവർ വച്ചിരുന്നു. സോളമൻ തന്റെ ഏറ്റവും പുതിയ വസ്ത്രങ്ങളായിരുന്നു പാപ്പക്കു വേണ്ടി കൊണ്ട് വന്നത്. പുള്ളി കുത്തുകൾ നിറഞ്ഞ ഷർട്ടിന്റെ ബട്ടൺ ഒരോന്നായി ഇടുമ്പോൾ പട്ടുനൂൽ പുഴുക്കൾ പച്ചില ചവച്ചരക്കുന്ന ശബ്ദം അവൾ കേട്ടു. ഷർട്ട് ഇട്ട് ഷെഡിനു പുറത്തിറങ്ങിയ മേരിയെ ഒരു നോക്കു സോളമൻ കണ്ടു. രണ്ടാമത്തെ നോക്കിനു മുൻപ് അവന്റെ തലയിൽ ഒരടി വീണു. എളേപ്പൻ. സോളമനെ അന്നു തന്നെ അവരെല്ലാം കൂടി ജോലിയിൽ നിന്നും പറഞ്ഞു വിട്ടു. മേരി കണ്ണു നിറച്ച് ഉറങ്ങുവാൻ പട്ടുമെത്ത നെയ്യും പട്ടുനൂൽപുഴുക്കളോട് ചോദിച്ചു, കുടവയറു തലോടുന്ന ആകാശത്തിനോട് ചോദിച്ചു, ഒരു നിമിഷത്തിൽ അഞ്ച് ചിറകടിയുമായി നേരെ നിൽക്കാൻ ശ്രമിക്കുന്ന കിളികളോട് ചോദിച്ചു, അപ്പുറത്ത് നിൽക്കും പഴച്ചക്കയുടെ മധുരം വേരുകളാൽ വലിച്ചെടുത്ത് സ്വന്തം പഴത്തിൽ കുത്തിവയ്ക്കുന്ന മൾബറികളോട് ചോദിച്ചു, ചിറകുകളിൽ കണ്ണുവരച്ച് ഓന്തിനെ ഭയപ്പെടുത്തിയ പൂമ്പാറ്റകളോട് ചോദിച്ചു, മണ്ണിനടിയിൽ ട്രാക്ടർ ഓടിക്കും മണ്ണിരകളോട് ചോദിച്ചു, ദിവസേനയെന്നവണ്ണം നടവഴികൾ നിർമ്മിക്കും ഉറുമ്പുകളോട് ചോദിച്ചു, എട്ടു കൈകളാൽ പ്രണയിനിയെ പൊത്തിപ്പിടിക്കുവാൻ മറന്ന എട്ടുകാലികളോട് ചോദിച്ചു, വെള്ളം കിട്ടാതെ ഉണങ്ങിയ പുല്ലുകളിൽ വന്നിരുന്ന് പച്ചയാക്കിയ പുൽച്ചാടികളോട് ചോദിച്ചു. "കണ്ടുവോ നിങ്ങൾ ഒരു നോക്ക്, ആൺകുട്ടിയായ എന്നെ?'

പുതുതായി പണിക്കു വന്ന മണിയൻ, ജോലിയിൽ നിന്നും പറഞ്ഞു വിട്ട സോളമനെപ്പോലെ മൾബറിത്തോട്ടത്തേയും പട്ടുനൂൽപുഴുക്കളേയും അത്ര കണ്ട് ലാളിച്ചില്ല. ആ വട്ടത്തെ കൊക്കൂൺ ശേഖരിച്ചതിനു ശേഷം അപ്പൻ പട്ടുനൂൽ പുഴുക്കളുടെ കൃഷി വേണ്ടെന്നു വച്ചു. പുഴുക്കളിൽ ചിലത് ചിത്രശലഭങ്ങളാകുവാൻ കാലം കാത്തുനിന്നു. പിന്നീട് വന്ന ഒരു കാറ്റിലും മഴയിലും പെട്ട് പുഴുക്കളുടെ പുര തകർന്നു. കൃഷിക്കു വേണ്ടി വാങ്ങിയ രണ്ട് തരത്തിലുള്ള വലകൾ അടുത്ത മഴക്ക് കുര്യാടി കനാലിനു കുറുകെ അടക്കാമരത്തിന്റെ കഷ്ണത്തിൽ വച്ച് കെട്ടി കേറ്റുമീൻ പിടിക്കണമെന്ന് അപ്പൻ ആലോചിച്ചു വച്ചു.

ഒരു വൈകുന്നേരം മേരിയുടെ അടിപ്പാവാടയിൽ രക്തം കണ്ട് അവൾ വയസറിയിച്ചുവെന്ന് കരുതി അന്നമ്മേച്ചിയമ്മ വെള്ളത്തുണി മുറിച്ചു. എന്നാൽ മണിക്കൂറുകളോളമുള്ള പരിശോധനക്ക് ശേഷവും ആർത്തവ രക്തത്തിന്റെ സൂചന ഒരിടത്തു നിന്നും ലഭിച്ചില്ല എന്നതിനാൽ ശരീരം മുറിഞ്ഞതോ കൊതുകിന്റേയോ മറ്റോ ആവാം എന്ന് അവർ ഊഹിച്ചു. അപ്പോൾ തന്നെ പാവാട കഴുകിയിടുകയും ചെയ്തു. തുടർച്ചയായി മൂന്നു ദിവസവും ഇതാവർത്തിച്ചപ്പോൾ കാര്യം അപ്പനെ അറിയിച്ചു. അപ്പൻ മേരിയേയും കൊണ്ട് ആശുപത്രിയിൽ എത്തി. മേരിയുടെ ശരീരം മുഴുവൻ അവർ പരിശോധിച്ചു. മുറിവുകളൊന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല. രണ്ട് രക്ത സാമ്പിളുകളും പരിശോധനക്കായി കൊണ്ടുപോയി. ദിവസങ്ങൾ കഴിഞ്ഞ് ഫലം കിട്ടി. മേരിയുടെ രക്തം ഓ പോസറ്റീവും അതേ സമയം അടിപ്പാവാടയിൽ കണ്ടു തുടങ്ങിയ രക്തം ബി പോസറ്റീവും ആണെന്ന് ആശുപത്രിക്കാർ വിധിയെഴുതി. ആധുനിക വൈദ്യശാസ്ത്രം ഈ പ്രഹേളികക്കു മുൻപിൽ മുട്ടുമടക്കി . ഡോക്ടർമാർ മേരിയെ കയ്യൊഴിഞ്ഞു. കമ്യൂണിസ്റ്റുകാരനായ അപ്പൻ അന്തിച്ചു. ഇതു വരെ താൻ വിശ്വസിച്ചതു മുഴുവൻ കീഴ്‌മേൽ മറിക്കുന്ന അനുഭവത്തിനു മുൻപിൽ പകച്ചു. അന്നമ്മേച്ചിയമ്മയും അപ്പനും മേരിയുടെ കൂടെത്തന്നെ നിന്നു. എന്നാൽ അവരുടെ കണ്ണുവെട്ടിച്ച് ആരോ അവളുടെ അടിപ്പാവാട സ്വന്തം രക്തത്തിൽ നനച്ചു കൊണ്ടിരുന്നു. സംഭവം അന്നമ്മേച്ചിയമ്മയിലൂടെ പതുക്കെ പുറത്തറിഞ്ഞു. മേരിയുടെ രോഗാവസ്ഥയെക്കുറിച്ച് പത്രത്തിലൂടെ ലോകമറിഞ്ഞു. പിറ്റേ ദിവസം രണ്ടു പള്ളീലച്ചന്മാരും ഒരു ആശ്രമം നിവാസിയും മേരിയുടെ വീട്ടിൻ പടിക്കലെത്തി. ആശ്രമക്കാർക്ക് മേരിയെ കന്യാദേവിയായി ആശ്രമത്തിൽ പ്രതിഷ്ഠിക്കണം. അതിനായി കുട്ടിയെ ദത്തെടുക്കുവാൻ താൽപര്യമുണ്ട്. പള്ളീലച്ചന്മാർക്ക് പ്രാർത്ഥിച്ച് രോഗശുശ്രൂഷ നടത്തിയാൽ മതി. അപ്പന്റെ എതിർപ്പ് വക വക്കാതെ അവർ പ്രാർത്ഥന ആരംഭിച്ചു. മേരിയെക്കാണാൻ ആളുകൾ എത്തി തുടങ്ങി. അനുഗ്രഹം വാങ്ങി ചിലർ പോയി. അപ്പൻ മാത്രം ഒന്നിലും വിശ്വസിച്ചില്ല. എന്നിട്ടും വെളുത്ത അടിപ്പാവാട മാത്രം ചുവന്നു കൊണ്ടിരുന്നു. ആലീസ് ഇതെല്ലാം അറിയുന്നുണ്ടായിരുന്നു. കുന്നിറങ്ങാനുള്ള മടി മേരിയുടെ അങ്കലാപ്പു കണ്ട് ആലീസ് മറന്നു. മരണം ആലീസിലെത്തിയ ദിവസം ഒരു ദിവസത്തെ അവധി ചോദിച്ചു മരിച്ചു പോയ വൃദ്ധന്റെ ശരീരത്തിൽ ആലീസ് കയറി. പുതിയൊരു അടിപ്പാവാട അണിഞ്ഞ പോലെ ആലീസിനു നാണം വന്നു. വൃദ്ധന്റെ സ്വകാര്യ ഭാഗങ്ങൾ മിക്കതും പഴുത്ത് ശരീരത്തോട് ഒട്ടിപ്പിടിച്ചിരുന്നു. ക്ഷീണിച്ചതും നിയന്ത്രണത്തിൽ നിൽക്കാത്തതും പാതി തകർന്നതുമായ അവയവങ്ങളിൽ ആലീസ് പെടാപാട് പെട്ടു. എങ്കിലും ആലീസ് കുന്നിനെ അപ്പാപ്പനെ ഏൽപിച്ച് ആലീസെന്ന വൃദ്ധൻ ഊന്നു വടിയിൽ വേച്ച് വേച്ച് കുന്നിറങ്ങി. എല്ലാ സന്ദർശകരേയും വീടിനു പുറത്ത് നിർത്തി അപ്പൻ മേരിക്കൊപ്പം സംസാരിച്ചു കൊണ്ടിരുന്നു. ആലീസ് വഴിയിൽ കാത്തു നിന്നു. എല്ലാവരും പോയതിനു ശേഷം കുട്ടിയെ ഒന്നു കാണണം എന്നു മാത്രം പറഞ്ഞു. അവസാനം അന്നമ്മേച്ചിയമ്മയുടെ നിർബന്ധത്തിനു വഴങ്ങി വൃദ്ധനെ അപ്പൻ വീട്ടിലേക്ക് ക്ഷണിച്ചു. വർഷങ്ങളായുള്ള ആലീസിന്റെ ദാഹം അന്നമ്മേച്ചിയമ്മയുടെ മോരുംവെള്ളത്തിൽ തീർന്നു. ആലീസ് മേരിയെ തൊട്ടു. ഏറെ കാത്തിരുന്ന് കണ്ടതു പോലെയൊരു സന്തോഷം. വൃദ്ധന്റെ ചുളിഞ്ഞ തൊലി മൃദുവായ മേരിയുടെ ചർമ്മത്തിൽ തൊട്ടു.

മോരു കലക്കുകാരി വെണ്ണയെ ഉരുട്ടിയെടുത്ത പോലെ, കട്ടിയുള്ള തൈരിൽ സ്പൂൺ വീണതു പോലെ, തേയില നുള്ളുന്ന വൃദ്ധയെപ്പോലെ, കുളത്തിൽ വന്നു വീഴുന്ന മഴത്തുള്ളിപ്പോലെ, കടലാസിലെഴുതിയ പെൻസിൽ പോലെ, സ്ലേറ്റ് മായ്ച്ച കള്ളിച്ചെടി പോലെ, മുലകളിൽ മുട്ടുന്ന ചുണ്ടുകൾ പോലെ, കാറ്റിൽ പൊഴിയുന്ന ഉണക്കില പോലെ, ഫ്‌ലൈ ഓവറിലൂടെ ചീറി പാഞ്ഞ ലോഡ് വണ്ടി പോലെ, തടാകത്തിൽ കൊക്ക് മുട്ടിച്ച പക്ഷിയെപ്പോലെ, മണ്ണിരയെ തൊട്ട കർഷകനെപ്പോലെ, മണ്ണിനെ ഇളക്കിയ കലപ്പയെപ്പോലെ, പ്ലെയിനിലിരിക്കും യാത്രികനെപ്പോലെ, മുഴച്ചു നിൽക്കും കല്ലിൽ തട്ടിയ കാൽവിരലു പോലെ, ചെണ്ടയിൽ മുട്ടിയ കോൽ പോലെ, വെട്ടിപ്പോയ ഒരു മീൻ പോലെ, പിടിവിട്ടുരുണ്ട ഒരു പർവ്വതാരോഹകനെപ്പോലെ മേരിയെ തൊട്ടപ്പോൾ ആലീസിന്റെ വയറിലുള്ള മരണത്തിന്റെ കുട്ടി ആദ്യമായി ഉള്ളിൽ കാലിട്ടടിച്ചു. മാതൃത്വത്തിൽ വൃദ്ധനായ ആലീസിന്റെ ശരീരം നനഞ്ഞു. വാത്സല്യത്തിൽ കൈകൾ വിറച്ചു. മുലക്കണ്ണുകൾ തേറ്റപ്പല്ലുകൾ പോലെ കൂർത്തു. വയർ കാറ്റിലിളകും മരം പോലെ ഉലഞ്ഞു. കണ്ണുകൾ വലുതായി. മൂക്കു വിടർന്നു. ചർമ്മത്തിലെ ജനാലകൾ തുറന്നു. രോമങ്ങൾ എഴുന്നേറ്റു നിന്നു. ഉണങ്ങിപ്പോയ ലിംഗം ഉയിർക്കുവാനൊരു അവസാന ശ്രമം നടത്തി. പുകയിലയിൽ ദ്രവിച്ച പല്ലുകൾ പുളിച്ചു. വൃക്ഷങ്ങളായി തണ്ടെല്ല് നിവർന്നു. തുടയെല്ല് തുടിതുടിച്ചു. മൂത്രക്കല്ലുകളിൽ തട്ടി അടിവയറ് നീറിപ്പുകഞ്ഞു. പ്രപഞ്ചത്തെ നടുക്കി തെറിപ്പിക്കുവാനുള്ളത്ര ഹുങ്കാരത്തിൽ കീഴ്ശ്വാസം വൃദ്ധനിൽ നിറഞ്ഞു. ആൺ ശരീരത്തിനുള്ളിൽ കിടന്ന് ആലീസ് വീർപ്പുമുട്ടി.

കമ്യൂണിസ്റ്റുകാരെ വിശ്വാസിയാക്കുന്ന അനുഭവങ്ങളുടെ ദിനം ഇതിനു മുൻപും പലവട്ടം ഭൂമിയിൽ വന്നു പോയിട്ടുണ്ടെന്ന അറിവ് മേരിയുടെ അപ്പൻ പണ്ടേക്ക് പണ്ടേ മന:പൂർവ്വം അവഗണിച്ചിരുന്നു. അതനുസരിച്ച് കൂറുമാറിയ ആന്റണിയേയും മാത്തനേയും അയാൾ പരസ്യമായി പുച്ഛിക്കുകയും ചെയ്തു വന്നു. എന്നാൽ അത്തരമൊരു ദിവസത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന് അപ്പൻ ഒരിക്കലും കരുതിയിരുന്നില്ല. വൃദ്ധനായ ആലീസ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി മൂന്നാം മണിക്കൂറിൽ അന്നമ്മേച്ചിയമ്മയുടെ വെള്ളിക്കൊന്തയിൽ ഞാണുകിടന്ന കുരിശിൽ അപ്പൻ മുത്തമിട്ടു. അപ്പോൾ വൃദ്ധന്റെ ശരീരത്താൽ മേരിയിൽ നിന്നും പറിച്ചെടുത്ത കോശങ്ങളുടെ ഒരു കൂടിനെ പഴയ ശവപ്പറമ്പിൽ മണ്ണിട്ട് മൂടുകയായിരുന്നു വൃദ്ധനായ ആലീസ്. അങ്ങാടിയിൽ ആയിടയായി തുടങ്ങിയ ബാറിൽ നിന്നും പിരിവിട്ട് രണ്ടെണ്ണം അടിച്ച് ആ വഴി നടന്നു വരികയായിരുന്ന ദേവസിയും ജോണിയും എന്താ അപ്പാപ്പാ ഈ രാത്രി തന്നെ ശവപ്പറമ്പിലേക്ക് എടുക്കാൻ കൊതിയായോ എന്ന് ചോദിച്ച് നാവെടുത്തപ്പോഴേക്കും ആരോ ഊരിക്കളഞ്ഞ ഉടുപ്പ് പോലെ വൃദ്ധന്റെ ശരീരം കാറ്റിൽ അഴിഞ്ഞു വീണു.
കഥ പറഞ്ഞു നിർത്തിക്കഴിഞ്ഞ് കൂട്ടത്തിൽ നിന്നൊരോർമ്മ കൈ പൊക്കി.
""ആ സംഗതി എനിക്ക് വിശദീകരിക്കുവാൻ കഴിയും.
തന്റെ അസ്വാഭാവിക അനുഭവത്തെക്കുറിച്ച് അതായത് ഒരു ശരീരത്തിൽ രണ്ട് തരം ബ്ലഡ്ഗ്രൂപ്പുകൾ എന്ന പ്രതിഭാസത്തെക്കുറിച്ച് മേരിക്ക് കൂടുതൽ ഗ്രഹിക്കുവാൻ സാധിച്ചത് എന്റെ നാളുകളിലായിരുന്നു. 1953 ൽ Mrs MCK എന്ന സ്ത്രീയും സമാനമായ അനുഭവത്തിലൂടെ കടന്നു പോയിരുന്നു. രക്തം പരിശോധിക്കുന്നതിനായി ലാബിൽ ഏൽപ്പിച്ചപ്പോഴാണ് തന്റെ ശരീരത്തിനു വന്നു പെട്ടിരിക്കുന്ന ഈ അപൂർവ്വത അവർക്കും ലോകത്തിനും അറിയുവാൻ കഴിഞ്ഞത്. ഈ ശാരീരികസ്ഥിതിയുടെ യഥാർത്ഥ വശം പിന്നീട് അവരുടെ ഡോക്ടർ പുറത്തുവിടുകയുണ്ടായി. ഇരട്ടകളിലാണ് ഈ സ്ഥിതിവിശേഷം പ്രധാനമായും കണ്ട് വരുന്നത്. ഭ്രൂണാവസ്ഥയിൽ ഇരട്ടകളിൽ നടക്കുന്ന കോശസങ്കലനമാണ് അല്ലെങ്കിൽ കോശങ്ങളുടെ കൈമാറ്റമാണ് ഈ അവസ്ഥക്ക് ഹേതു. ഇരട്ടകളിലൊന്നിന്റെ കോശങ്ങൾ മറ്റൊന്നിലാകുന്ന പ്രതിഭാസം. പിന്നീട് ആ ഇരട്ടകളുടെ ജീവിതചക്രത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ കോശങ്ങൾ സ്വയം നശിക്കുന്നതോട് കൂടി ഈ അവസ്ഥ ഇല്ലാതാകുകയും ചെയ്യുന്നു. Mrs MCKയുടെ കേസിൽ അവർക്ക് പത്താം വയസിൽ മരിച്ച ഒരിരട്ട സഹോദരൻ ഉണ്ടായിരുന്നത് ഈ സിദ്ധാന്തത്തെ ശരിവയ്ക്കുന്നതായിരുന്നു. എന്നാൽ മേരിയുടേത് MCK കേസിൽ നിന്നും തികച്ചും വിഭിന്നമായ അനുഭവമായിരുന്നു. അമ്മയ്ക്കുള്ളിൽ വച്ച് മേരി രൂപപ്പെട്ട സമയം കൂടെ വളർന്ന മറ്റൊരു ഭ്രൂണം വളർച്ച മുരടിച്ച് സ്വാഭാവികമായി കൊഴിഞ്ഞു പോയിരുന്നു. എന്നാൽ ആ ഒരു സമയത്തിനുള്ളിൽ സംഭവിച്ച കോശസങ്കലനമാണ് പുതിയ ബ്ലഡ് ഗ്രൂപ്പിനെ ശരീരത്തിൽ ഉത്പാദിപ്പിച്ചത്. വൃദ്ധനായി തിരികെയെത്തിയ ആലീസ് ശവപ്പറമ്പിൽ കുഴിച്ചിട്ടത് ആ കോശങ്ങളുടെ ഒരു സഞ്ചയത്തെയായിരിക്കണം''
സോളമൻ സിഗററ്റ് കത്തിച്ച് വിട്ട ഒരു പുക വളയമായി പാറുന്നത് കണ്ട് ഒരു ഓർമ അതിനുള്ളിലൂടെ വിരലുകടത്തി രസിച്ചു.▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments