ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

ഉള്ളുറയൂരാനിഴയും മുള്ളുകളിലേക്ക്

അധ്യായം പതിനൊന്ന്: ഉള്ളുറയൂരാനിഴയും മുള്ളുകളിലേക്ക്

തിനാലാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിൽ അങ്കമാലിക്കടുത്താണ് സിസിലിയാമ്മയുടെ ചരിത്രം കുടികൊള്ളുന്നത്. ഭാവപ്രകാശം എന്ന ആയുർവേദഗ്രന്ഥത്തിന്റെ രചയിതാവായ ഭാവമിത്രനെന്ന ആയുർവേദാചാര്യന്റെ ഏറ്റവും മോശം ശിഷ്യനായിരുന്നു മൂത്തത്. കോലോത്ത് തറവാടിന്റെ പുതിയ തലമുറയിലെ ഏറ്റവും മുതിർന്ന സന്തതിയായിരുന്നതിനാൽ ശങ്കരനു വീണ പേരാണ് മൂത്തത്. ബുദ്ധിലേശം പതുക്കെ ആയതിനാൽ ഗുരുക്കൾ ഓതിയതൊന്നും തലയിൽ കയറാതെ മുറിക്ക് ചുറ്റും ഭ്രാന്ത് പിടിച്ചതു പോലെ റോന്ത് ചുറ്റുന്ന മൂത്തതിനെ കണ്ട് കൂട്ടുകാർ തന്നെ "മൂത്തതിനു മൂത്തണ്ട്' എന്ന് അടക്കം പറഞ്ഞു ചിരിക്കുമായിരുന്നു. വീട്ടിലെ ധനസ്ഥിതി മോശമായിരുന്നതിനാലും മൂന്നുനേരം മൃഷ്ടാന്നഭോജനം ചികിത്സാലയത്തിൽ സൗജന്യമായി ലഭ്യമായിരുന്നതിനാലും വലിയ വിശപ്പുകാരനായ മൂത്തതിനെ ഭാവമിത്രന്റെ അരികിലേൽപ്പിക്കാൻ പിതാവിനു ഏറെ ചിന്തിക്കേണ്ടിയൊന്നും വന്നില്ല. തന്നെ ആലയത്തിലാക്കി പോകുന്ന അച്ഛനെക്കണ്ട് കരഞ്ഞും പിടിവലി നടത്തിയും വെപ്രാളം കാട്ടിയ മൂത്തതിനെ നെയ്യിൽ മൂപ്പിച്ച ചോറിന്റെ ഗന്ധത്താൽ പ്രലോഭിപ്പിച്ചാണ് ആചാര്യൻ അടക്കി നിർത്തിയത്. ഭാവമിത്രന്റെ ചികിത്സാലയത്തിൽ രോഗികൾക്കും ശിഷ്യർക്കുമായി ദിനേന അൻപതോളം ആളുകൾക്ക് ഭക്ഷണം തയ്യാറാക്കും. വന്നു ചേർന്ന നാൾ മുതൽ ബുദ്ധിമാന്ദ്യത്തിന്റെ പേരിൽ മറ്റു ശിഷ്യഗണങ്ങളിൽ നിന്നും മൂത്തതിനു പരിഹാസവും അവഹേളനങ്ങളും സഹിക്കേണ്ടി വന്നു. ഭാവമിത്രൻ എന്തിനാണ് മൂത്തതിനെപ്പോലെ ഒരാളെ കൂടെ നിർത്തിയേക്കുന്നതെന്ന് പലരും മനസിൽ ചോദിച്ചെങ്കിലും ആചാര്യനോട് നേരിട്ട് ചോദിക്കുവാൻ അന്തേവാസികൾക്കാർക്കും ധൈര്യം പോരായിരുന്നു. നാടിനും വീടിനും ഗുണമില്ലാത്ത ഒരു ജന്മം. വാഴയില വെട്ടാൻ പറഞ്ഞാൽ ചേമ്പില പറിച്ചുകൊണ്ട് വരും. പൂവ് പറിക്കാൻ പറഞ്ഞാൽ മാലകെട്ടിക്കൊണ്ട് വരും. മൂത്തത് എന്നും ആലയക്കാർക്ക് പറഞ്ഞ് ചിരിക്കുവാൻ ഓരോ കഥയുണ്ടാക്കും, എങ്കിലും മറ്റ് ശിഷ്യഗണങ്ങൾക്കെന്ന പോലെ മൂത്തതിനും ആചാര്യൻ ഭാവപ്രകാശം ചൊല്ലിക്കൊടുത്തു. നാടുവാഴിയുടെ കൊട്ടാരത്തിലെ ആസ്ഥാന ചികിത്സകനായതിനാൽ ഭാവമിത്രൻ നാടിനും നാട്ടുകാർക്കും എന്നും പ്രിയപ്പെട്ടവനായിരുന്നു.

യൗവനകാലമായതോടെ തന്റെ കഴിവ് കേട് ഒട്ടൊക്കെ തിരിച്ചറിയാൻ മൂത്തതിനായി. അതിനാൽ മറ്റ് ശിഷ്യഗണങ്ങൾ മനുഷ്യരെ ചികിത്സിച്ചു തുടങ്ങിയപ്പോൾ മൂത്തത് തിരഞ്ഞെടുത്തത് മൃഗങ്ങളെയായിരുന്നു. പശുക്കളെ മേയ്ക്കുവാനും പുല്ലരിയുവാനും കാട് വെട്ടുവാനും ആലയപ്പണിക്കാർക്കൊപ്പം മൂത്തതും കൂടും. അവിടെ അയാളെ ആരും പരിഹസിച്ചിരുന്നില്ല. ചികിത്സാലയത്തിൽ വരുന്ന രോഗികളെ ഭാവമിത്രൻ ശിഷ്യർക്ക് വീതിച്ച് നൽകുമ്പോൾ മൂത്തത് എന്നും ഒഴിവ് കഴിവ് പറഞ്ഞ് പശുവിന്റെ കുളമ്പു രോഗത്തിനു മരുന്നു വച്ചു കെട്ടി കൊടുക്കും. പ്രതിഫലമായി കുതിരകളും പശുക്കളും ആടുകളും ദയവാർന്ന കണ്ണുകളോടെ മൂത്തതിനെ നോക്കും കണ്ണ് നിറയ്ക്കും. അയാൾക്കത് ധാരാളമായിരുന്നു. സംഭവങ്ങളറിഞ്ഞ ഭാവമിത്രൻ നേരിട്ട് വന്ന് മൂത്തതിനെ തൊഴുത്തിൽ നിന്നും പിടിച്ചു കൊണ്ട് പോയി അപ്പോൾ വന്ന ഒരു രോഗിയെ ചികിത്സിക്കുവാൻ ഏൽപ്പിച്ചു. മൂത്തതിനെക്കുറിച്ചുള്ള കഥകൾ പറഞ്ഞു കേട്ടിരുന്ന രോഗി ചികിത്സകൻ മൂത്തതാണെന്നറിഞ്ഞ് ചികിത്സ വേണ്ടെന്ന് വച്ച് ജീവനും കൊണ്ട് ഓടി. ഈ സംഭവം മൂത്തതിനെ വല്ലാതെ വിഷമിപ്പിച്ചു. മറ്റുള്ളവരിൽ നിന്നും തന്നെ വ്യത്യസ്തനാക്കിയതിൽ ഈശ്വരനെ അയാൾ പലവട്ടം പ്രാകി. അപമാനം സഹിക്കവയ്യാതെ ഒടുവിൽ ആശ്രമത്തിനു സമീപത്തു കൂടെ ഒഴുകുന്ന നദിയിൽ ചാടി ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചു.

ചികിത്സാലയത്തിലെ അവസാന വെളിച്ചവും കെടുന്ന പുലർച്ച മൂന്നു മണിക്കാണ് അതിനായി മൂത്തത് തിരഞ്ഞെടുത്തത്. ഭൂമിയും മരങ്ങളും ഗൂഢമായ ഉറക്കത്തിൽ വിലയിച്ച സമയം മൂത്തത് ആലയം വിട്ട് വഴിയിൽ പാമ്പുകളുണ്ടാകുമോയെന്ന് ഭയന്ന് ശബ്ദമുണ്ടാകാതെ അടി വച്ച് അടി വച്ച് നീങ്ങി. പുഴയപ്പോഴും ഉറങ്ങിയിരുന്നില്ല. ഉറക്കത്തിന്റെ ലാസ്യഭാവം ഏറ്റെടുത്ത് നിലാവിൽ തിളങ്ങി മന്ദമാരുതനെ തലപ്പാവായി ചൂടി അത് മൂത്തതിനെ കണ്ട് ഓളങ്ങളാൽ നെറ്റി ചുളിച്ചു. മൂത്തത് അവസാനപ്രാർഥനക്കു ശേഷം പുഴയിലേക്ക് കുതിച്ചു. പുഴയുടെ പച്ച നിറത്തിലേക്ക് താഴ്ന്ന് പോയ്‌ക്കൊണ്ടിരിക്കെ കാഷായ വസ്ത്രധാരിയായ ഒരാൾ അയാളെ ജലത്തിന്റെ ഉപരിതലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി കരയിലേക്ക് വലിച്ചെറിഞ്ഞു. എറിയലിന്റെ ശക്തിയിൽ മൂത്തത് പത്തടി അകലത്തേക്ക് തെറിച്ചു വീണു. കുടിച്ച വെള്ളം ഛർദ്ദിച്ചു കൊണ്ടിരിക്കേ ഈ രാത്രിയിൽ തന്നെ രക്ഷിച്ചത് ആരെന്നറിയുവാൻ ചുറ്റും നോക്കി ആരേയും കാണാതിരുന്നതിനാൽ ഭയന്ന് ചികിത്സാലയത്തിലേക്ക് മടങ്ങുകയാണ് മൂത്തത് ചെയ്തത്. മൂത്തതിനെ പിടിച്ചു കയറ്റിയ കാഷായ വസ്ത്രധാരി കൈവച്ച തോൾഭാഗത്ത് കൈപ്പത്തിയുടെ അടയാളം കണ്ട് ആളുകൾ ആശ്ചര്യപ്പെട്ടു. മൂത്തതിന്റെ തോളിൽ രണ്ടു ദിനം കൊണ്ട് പിറന്ന മറുക്.

പുഴയിൽ നിന്നും കയറി വന്ന മൂത്തത് പുതിയ ഒരാളായി. അയാൾ ആരുമറിയാതെ ഭാവപ്രകാശത്തിനൊപ്പം അഷ്ടാംഗഹൃദയവും ഉറക്കമൊഴിച്ച് രാത്രികളിൽ ഇരുന്ന് പരിശീലിച്ചു. ആയിടക്കാണ് കൊട്ടാരത്തിലെ രാജാവ് അസുഖ ബാധിതനായി ഭാവമിത്രനെ ചികിത്സക്കായി സമീപിക്കുന്നത്. ഭാവമിത്രൻ പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും രോഗം വിട്ട് പോയില്ല. നാൾക്കുനാൾ രാജാവ് ശോഷിച്ചു വന്നു. അത് മാത്രമായിരുന്നു രോഗലക്ഷണമായി പുറത്ത് വന്നത്. ആയുർവേദാചാര്യനായ ഭാവമിത്രന്റെ മരുന്നും ഫലിക്കാതെ വന്നപ്പോൾ കൊട്ടാരം പരിഭ്രാന്തിയിലായി. രാജ്യത്തിനു പുറത്തു നിന്നും പല വൈദ്യന്മാരും വന്നു പരിശോധിച്ചെങ്കിലും ഭാവമിത്രനപ്പുറം ഒരു മാറ്റം കൊണ്ടു വരുന്നതിനായി ആർക്കും സാധിച്ചില്ല. ആയിടയ്ക്കാണ് കാഷായ വസ്ത്രധാരിയായ ഒരാൾ കൊട്ടാരത്തിൽ മരുന്നുമായി വരുന്നത്. മറ്റ് മരുന്നുകൾ നിർത്തി വച്ച് ഒരു നാഴികക്ക് ശേഷം രാജാവിനു സേവിക്കുവാൻ ഒരു മരുന്നുകൂട്ടം മന്ത്രിയെ ഏൽപ്പിച്ച് അയാൾ പെട്ടെന്ന് മടങ്ങി. അദ്ദേഹം നൽകിയ മരുന്നു സേവിച്ച രാജാവ് മൂന്നാം നാഴികയിൽ അസുഖം ഭേദപ്പെട്ട് എഴുന്നേറ്റിരുന്നു. കാഷായ വസ്ത്രധാരിയായ ആ അത്ഭുതമനുഷ്യനെ കണ്ടെത്തുവാൻ രാജാവ് സേനാപതിയെ ഏർപ്പാട് ചെയ്തു. രാജ്യത്ത് എവിടെത്തിരഞ്ഞിട്ടും അങ്ങനെയൊരാളെ സേനക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഈശ്വരകടാക്ഷം എന്ന് കരുതി രാജാവ് ആ സംഭവം ജ്യോതിഷികളെ ഏൽപ്പിച്ചു. അശ്വനീദേവന്മാരുടെ കടാക്ഷമാണ് രാജാവിനു ലഭിച്ചതെന്ന് ജ്യോതിഷികൾ പ്രവചിച്ചു. അതെല്ലാം ഒരു സമസ്യയായി നിലനിൽക്കേ കടുത്ത വയറുവേദനമൂലം ഭാവമിത്രന്റെ ആലയത്തിൽ ചികിത്സക്കായി വന്ന മന്ത്രി പശുക്കൾക്ക് തീറ്റയുമായി പോകുന്ന മൂത്തതിനെ കണ്ട് മുട്ടു മടക്കി. കാര്യം അന്വേഷിച്ച ഭാവമിത്രനോട് നാടൊട്ടുക്കേ സേന തേടിക്കൊണ്ടിരിക്കുന്ന കാഷായ വസ്ത്രധാരി മൂത്തതാണെന്ന് മന്ത്രി വെളിപ്പെടുത്തി. ആചാര്യനായ ഭാവമിത്രനടക്കം ശിഷ്യഗണങ്ങളും ആലയവാസികളും കണ്ണുമിഴിച്ചു. ഭാവമിത്രന്റെ ശിഷ്യനായ മൂത്തതാണ് രാജാവിന്റെ അപൂർവ്വ രോഗം ഭേദമാക്കിയതെന്ന വിവരം രാജ്യമൊട്ടുക്ക് പടർന്നു. ഭാവമിത്രന്റെ ചികിത്സാലയത്തിനു നേരെ നദിക്ക് കുറുകെ ഒരു ശിവക്ഷേത്രം സ്ഥിതി ചെയ്തിരുന്നു. ഗന്ധർവന്മാരുടെ പോക്കുവരവുണ്ടായിരുന്ന ക്ഷേത്രമായിരുന്നതെന്ന് പരക്കെ വിശ്വാസമുണ്ട്. മൂത്തതിന്റെ വിഷമസ്ഥിതി കണ്ട് ക്ഷേത്രത്തിലേക്ക് പോകും വഴി അശ്വനീദേവന്മാരാണ് അദ്ദേഹത്തെ രക്ഷിച്ചതെന്ന് കഥകളിറങ്ങി
മൂത്തതിന്റെ പ്രശസ്തി നാൾക്കുനാൾ വർധിച്ചു കൊണ്ടിരുന്നു. ഭാവമിത്രന്റെ കാലശേഷം കൊട്ടാരം വൈദ്യനായി മൂത്തത് തന്നെ വേണമെന്ന രാജാവിന്റെ ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. സ്ഥാനമാനങ്ങളിൽ വിശ്വാസമില്ലാതിരുന്ന മൂത്തത് സാധാരണ ജനങ്ങൾക്കായി നിലകൊള്ളുവാനായിരുന്നു തീരുമാനിച്ചത്. ഒരേ അസുഖത്തിനു തന്നെ പലതരം മരുന്നുകൾ അദ്ദേഹം പ്രയോഗിച്ചു കൊണ്ടിരുന്നു. അശ്വനീദേവന്മാരാണ് മൂത്തതിനെ രക്ഷിച്ചതെന്ന് പരക്കെ പ്രചാരമുണ്ടെങ്കിലും സാക്ഷാൽ ധന്വന്തരീമൂർത്തിയെയായിരുന്നു മൂത്തത് പൂജിച്ചിരുന്നത്. സർവ്വരോഗവിനാശകനും വിഷ്ണു അവതാരവുമായാണ് ഹൈന്ദവർ ധന്വന്തരിയെ കണക്കാക്കിയിരുന്നത്. വളരെക്കാലം ഭാവമിത്രന്റെ ചികിത്സാലയത്തിൽ തങ്ങി അറിവുകൾ സമ്പാദിച്ചതിനു ശേഷം ജനങ്ങളെ സേവിക്കുവാനും നാടു ചുറ്റാനുമായി അദ്ദേഹം ആലയം വിട്ടു. ആ ഘട്ടത്തിലാണ് മൂത്തത് അങ്കമാലി വഴി കടന്നു പോയത്.

ഒൻപതാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരുണ്ടായ മുസ്‌ലിം ആധിപത്യത്തിനാൽ നാട് വിട്ടോടിയ ഹൈന്ദവരും ക്രിസ്ത്യാനികളും ഓട്ടം നിർത്തി അങ്കമാലിയിൽ വന്നടിഞ്ഞു. അവർക്കിടയിലാണ് മൂത്തത് തന്റെ യാത്ര അവസാനിപ്പിച്ച് കടന്ന് ചെന്നത്. അതിനു കാരണമുണ്ടായിരുന്നു. പുഴയിൽ നിന്നും രക്ഷപ്പെട്ട് തെറിച്ചു വന്നു വീണ മൂത്തതിനെ താങ്ങിയത് ഒരു ശിലയാണ്. വന്നു വീണിട്ടും ആ കല്ല് മൂത്തതിനെ വേദനിപ്പിച്ചില്ല എന്നാലോ ദൃഢതക്ക് ഒരു കുറവുമില്ലായിരുന്നു. അയാൾ തൊടുമ്പോഴെല്ലാം പഞ്ഞി പോലെ അത് മൃദുവാകും. അതോടെ ആ കല്ല് ധന്വന്തരമൂർത്തിയായി കൽപ്പിച്ച് മൂത്തത് കാലങ്ങളായി ആരാധിച്ചു പോന്നു. ചികിത്സാലയം വിട്ടപ്പോൾ ഭാണ്ഡത്തിൽ ഈ ശില പേറിയാണ് യാത്രയത്രയും നടത്തിയത്. അങ്കമാലിക്കടുത്തുള്ള ഒരു സത്രത്തിൽ രാത്രി തങ്ങി പിറ്റേന്ന് യാത്ര തുടരുവാനുള്ള തീരുമാനം കൈക്കൊണ്ട് ഭാണ്ഡം എടുത്തപ്പോൾ കെട്ട് അനങ്ങുന്നില്ല. പലശ്രമങ്ങൾക്കൊടുവിൽ മൂത്തതിനു കാര്യം തിരിഞ്ഞു. അതിനു പിന്നാലെ സത്രത്തിനുള്ളിൽ നിന്നും ഒരു നിലവിളി മുഴങ്ങി. മൂത്തത് അങ്ങോട്ട് വച്ചു പിടിച്ചു. സത്രത്തിൽ വിശ്രമിക്കുവാനെത്തിയ ഒരു മലഞ്ചരക്ക് വ്യാപാരി കലശലായ തലവേദനമൂലം പുളയുകയായിരുന്നു. വൈദ്യർ വന്ന് നോക്കിയിട്ടും ഒരു കുറവുമില്ല. രോഗിയെ കണ്ടമാത്രയിൽ മൂത്തത് മുലപ്പാൽ ആവശ്യപ്പെട്ടു. മുലപ്പാലിനായി ഭൃത്യൻ പാഞ്ഞു. ആ സമയം തന്റെ ഗുളികപ്പെട്ടിയിൽ നിന്നും ഒരു ഗുളികയെടുത്ത് മൂത്തത് മൃദുവായി പൊടിച്ചു. മുലപ്പാൽ വന്ന നിമിഷം പൊടി അതിൽ ചാലിച്ച് അതുപയോഗിച്ച് നസ്യം ചെയ്തു. വ്യാപാരി വലിയ വായിൽ നിലവിളിച്ചു. മരിക്കുന്ന പോലെ വെപ്രാളം കാട്ടി. കൂടി നിന്ന ജനങ്ങൾ മൂത്തതിനെ പഴി ചാരി. കുറച്ചു സമയത്തെ കാത്തിരിപ്പിൽ വ്യാപാരിയുടെ മൂക്കിൽ നിന്നും ചെറുവിരൽ വണ്ണമുള്ള ഒരു പുഴു പുറത്തു വന്നു. തലവേദന പമ്പ കടന്നു. കണ്ടു നിന്ന ജനങ്ങൾ ഈ വന്നിരിക്കുന്നത് സാധാരണക്കാരനല്ലെന്ന് തിരിച്ചറിഞ്ഞ് തൊഴുതു വണങ്ങി. അന്ന് തന്നെ പുറപ്പെടാൻ ഒരുങ്ങി നിന്ന മൂത്തതിനോട് സത്രമുടമ പോകരുതെന്ന് അപേക്ഷിച്ചു. തന്റെ ഉപാസനമൂർത്തിയായ ധന്വന്തരി ഇച്ഛിക്കുന്നത്ര നാളും ഇവിടെ കൂടാമെന്ന് മൂത്തത് ഉറപ്പ് നൽകി. രോഗികളായ ജനങ്ങൾ സത്രത്തിലേക്കൊഴുകി. രോഗികളെ നോക്കുന്നതിനും താമസത്തിനുമായി രണ്ട് മുറികൾ സത്രമുടമ മൂത്തതിനായി നൽകി. മൂർത്തി ചലിക്കാത്തിടത്തോളം ഇവിടെത്തന്നെ കൂടുവാൻ മൂത്തത് തീരുമാനിച്ചു. ജാതിമതഭേദമേന്യപ്രദേശത്തെ രോഗികൾ മുഴുക്കെ അത്ഭുത ചികിത്സകനെ ദർശിക്കുവാൻ സത്രത്തിൽ തടിച്ചു കൂടി. എല്ലാവർക്കും പണച്ചിലവില്ലാതെ തന്നെ മികച്ച ചികിത്സ മൂത്തത് പ്രദാനം ചെയ്തു.
ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലഘട്ടമായിരുന്നതിനാൽ കീഴ്ജാതിക്കാരായ രോഗികളെ നേരിട്ട് പരിശോധിക്കുന്നതിന് ഉയർന്ന ജാതിക്കാരായ വൈദ്യന്മാർക്ക് വിലക്ക് നേരിട്ടിരുന്നു. പലർക്കും അതിനുള്ള സൗമനസ്യവും ഉണ്ടായിരുന്നില്ല. മിക്ക ചികിത്സരും ഉയർന്ന ജാതിക്കാരും വ്യവസ്ഥയെ അംഗീകരിക്കുന്നവരുമായിരുന്നു. രോഗലക്ഷണങ്ങൾ ദൂരെ നിന്നും കേട്ട് മരുന്ന് അടിക്കണക്കനുസരിച്ച് എറിഞ്ഞ് കൊടുക്കുക എന്ന പാരമ്പര്യം പിന്തുടരുകയാണ് അവരെല്ലാം ചെയ്തിരുന്നത്. ആയിടത്തേക്കാണ് ജാതിചിന്ത തൊട്ടുതീണ്ടിയിട്ടില്ലാത്ത മൂത്തത് കടന്ന് വന്നത്. ഒരർത്ഥത്തിൽ സത്രം മറ്റൊരു ചികിത്സാലയമായി രൂപപ്പെടുകയായിരുന്നു. ചികിത്സക്കായി പണമൊന്നും വാങ്ങിയിരുന്നില്ലയെങ്കിലും സമ്പന്നരായ രോഗികൾ മനസറിഞ്ഞു കൊടുക്കുന്ന സമ്മാനങ്ങളാൽ സത്രം അഭിവൃദ്ധിപ്പെട്ടു. സൗജന്യമരുന്നുകൾ സൂക്ഷിക്കുവാൻ മറ്റൊരു മുറികൂടി സത്രമുടമ പണിതു നൽകി. തനിക്ക് ഇവിടം വിട്ട് പോകാൻ സമയമായോ എന്നറിയാൻ ഓരോ രോഗിക്ക് ശേഷവും ഭാണ്ഡക്കെട്ട് പൊക്കി നോക്കും മൂത്തത്. അനക്കമില്ല എന്ന് കാണുമ്പോൾ അടുത്ത രോഗിയെ വിളിക്കും. രോഗികൾ തീർന്നാൽ മരുന്നു കൂട്ടുവാനും സൂക്ഷിക്കുവാനും പോകും. എല്ലാം കഴിഞ്ഞാണ് ഉറക്കം. തിരക്കു കാരണം ഒരു സഹായിയെ വക്കണമെന്ന് സത്രമുടമ പറഞ്ഞു നോക്കിയെങ്കിലും മൂത്തത് സമ്മതം മൂളിയില്ല.

അങ്ങനെയിരിക്കെയാണ് അസുഖബാധിതരായ ഒരു ക്രിസ്ത്യൻ കുടുംബത്തിലേക്ക് തന്റെ ഗുളികച്ചെപ്പുമായി മൂത്തതിനു പോകേണ്ടി വന്നത്. ചെന്നു കയറിയപ്പോഴേ ഒരു ഗന്ധം അദ്ദേഹത്തെ പിന്നോട്ടടിപ്പിച്ചു. മരണദേവന്റെ ഗന്ധം. ഗൃഹസ്ഥനും ഭാര്യയും രോഗബാധിതരാണ്. വിളിച്ചു കൊണ്ട് വന്നയാളോട് ഇനിയൊന്നും ചെയ്യാനില്ലയെന്നും ഈ മഹാരോഗം നാട്ടിലേക്ക് പടരാതിരിക്കുന്നതിനായി ശവശരീരങ്ങൾക്കൊപ്പം ഇവരുടെ നിത്യോപയോഗ സാധനങ്ങളും ദഹിപ്പിക്കണമെന്ന് ഉപദേശിച്ചു ഗുളികപ്പടി അടച്ചു വച്ചു. അറിയിക്കുവാനുള്ള എല്ലാവരേയും അറിയിക്കുവെന്ന് പറഞ്ഞിട്ടും അനങ്ങാതെ നിൽക്കുന്നയാളോട് പുരികം ചുളിക്കവേ ഇവർക്കിവിടെ ബന്ധുക്കളായി ആരുമില്ലെന്ന് മറുപടി ലഭിച്ചു.
""എവിടെ നിന്നോ എങ്ങ് നിന്നോ വന്നവർ. ആകെയുള്ള സമ്പാദ്യം ഈ കുട്ടിയാണ്. ഇതിനെ പള്ളി വക അനാഥാലയത്തിൽ ഏൽപ്പിക്കുവാനാണ് തീരുമാനം. അവിടേയും അവസ്ഥ പരിതാപകരം തന്നെ.'' മൂത്തത് അപ്പോഴാണ് കുട്ടിയെ ശ്രദ്ധിക്കുന്നത്. ഏഴെട്ട് വയസ് പ്രായം കാണും. മുടി കനം കുറച്ച് വെട്ടിയിരിക്കുന്നു. ട്രൗസറും ഷർട്ടും വേഷം.
""എങ്കിൽ എന്റെ കൂടെ പോന്നോട്ടെ''
വിളിച്ചു കൊണ്ടു വന്ന ആൾ ചെറിയൊരു ആശങ്ക പ്രകടിപ്പിച്ചു.
""മരുന്നരക്കാൻ ഒരു സഹായി വേണം. കൂടെ പഠനവും ആവാം. ചൊല്ലിക്കൊടുക്കാം. ഭാവിയിൽ എനിക്ക് ഗ്രന്ഥരചനയിലേക്ക് കടന്നാൽ കൊള്ളാം എന്നുണ്ട്.'' അയാൾ മനസിലാമനസോടെ സമ്മതം മൂളി. രണ്ടു നാഴികക്കുള്ളിൽ വീട്ടിൽ മരണദേവൻ വന്നു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മൂത്തത് കുട്ടിയെ കൂട്ടുവാനായി പേരെന്തെന്ന് ചോദിച്ചു
""സിസിലി'' കുട്ടി പറഞ്ഞു
""അങ്ങ് ശ്രദ്ധിച്ചുവോ എന്നറിയില്ല. പെൺകുട്ടിയാണ്.'' കൂട്ടിക്കൊണ്ട് വന്നയാൾ അറിയിച്ചു. മൂത്തത് നിശ്ചലനായി. ആൺകുട്ടിയെന്ന് കരുതിയാണ് കൂടെക്കൂട്ടിയതെന്ന് നിശ്ചയം. എന്നാൽ ആയൊരു നിമിഷം തന്നെക്കൊണ്ടാ തീരുമാനം എടുപ്പിച്ചത് ധന്വന്തര മൂർത്തിയാണെന്ന തോന്നൽ മനസിലുണ്ടായിരുന്നതു കൊണ്ട് മൂത്തത് മറിച്ചൊരുവാക്കും ഉരിയാടാതെ കാൽപ്പാദം മുൻപോട്ട് വയ്ക്കുകയും കുട്ടിയുടെ കൈകൾ ഒന്നുകൂടി മുറുക്കെ പിടിക്കുകയും ചെയ്തു. മൂത്തത് മുന്നിൽ നടന്നു. കുട്ടി പിറകേയും.

മരുന്നു മുറിയാണ് മൂത്തത് സിസിലിക്കായി നൽകിയത്. അതിന്റെ ഒരു മൂലയിൽ മൂന്നു ദിവസം കിടന്ന് ഉറങ്ങിയ ശേഷമാണ് സിസിലി പുറത്ത് വന്നത്. മൂത്തത് അതിനു ശേഷമാണ് അവളെ പേരെടുത്ത് വിളിച്ചത്
""സിസിലി''.
സത്രമുടമയാണെങ്കിൽ മൂത്തതിന്റെ രഹസ്യബന്ധത്തിലുള്ള കുട്ടിയെന്ന് കരുതി മകളായിത്തന്നെയാണ് പരിഗണിച്ചത്. രോഗികൾ ഇല്ലാതിരിക്കുന്ന സമയങ്ങളിൽ മൂത്തത് അക്ഷരമാല ചൊല്ലിക്കൊടുക്കുകയും ആയുർവേദത്തിലെ അടിസ്ഥാന തത്വങ്ങൾ വിശദീകരിക്കുകയും ചെയ്തു. മിടുക്കിയായ സിസിലി കാര്യങ്ങൾ വേഗത്തിൽ ഗ്രഹിച്ചു. സിസിലി മാത്രം മൂത്തതിനെ മൂത്തപ്പൻ എന്നാണ് വിളിച്ചു കൊണ്ടിരുന്നത്. ഭാണ്ഡത്തിലെ ധന്വന്തരീ മൂർത്തിയുടെ ശില സത്രത്തിനടുത്ത് പ്രതിഷ്ഠിക്കാൻ സിസിലി ഒരു നിമിത്തമായി. സിസിലിക്കും ധന്വന്തരി മൂർത്തിയുടെ കടാക്ഷം ഉണ്ടാകുവാൻ മൂത്തത് ആഗ്രഹിച്ചിരുന്നു. ഒരു ദിവസം മൂത്തപ്പന്റെ മുറി വൃത്തിയാക്കുന്നതിനിടെ ഭാണ്ഡക്കെട്ട് നോക്കിയപ്പോൾ ഒരു ശിലയിരിക്കുന്നു. അല്ലാ ഇതെന്താ ഇവിടെ എന്നു വച്ച് സിസിലി എടുത്തപ്പോൾ പൂ പോലെ നിഷ്പ്രയാസം ഉയർന്നു. സിസിലി അതെടുത്ത് സത്രത്തിനരികിലെ പാറക്കൂട്ടങ്ങൾക്കരികെ വച്ചു തിരികെ പോന്നു. പ്രാർഥനക്കായി അന്ന് മൂത്തത് വന്നപ്പോൾ മൂർത്തിയെ കാണാതെ പരിഭ്രാന്തനായി അന്വേഷിച്ചു. ഒടുവിൽ സത്രത്തിനു പിറകിൽ പാറക്കൂട്ടത്തിനു മുകളിൽ വിരാജിക്കുന്നു തന്റെ മൂർത്തി. അത് കണ്ട മാത്രയില് മൂത്തത് സാഷ്ടാംഗം പ്രണമിച്ചു. അത് കണ്ട് കൂടെ വന്ന പല രോഗികളും തൊഴുതു. സത്രമുടമ അതിനു ചുറ്റുമുള്ള കാട് വെട്ടി വൃത്തിയാക്കി. മൂത്തത് അന്ന് അവിടെ വിളക്ക് കത്തിച്ചു. സിസിലി എല്ലാം വീക്ഷിച്ചു പതുങ്ങി. എന്തൊക്കെയായാലും തന്റെ മൂർത്തിക്ക് സിസിലിയോടുള്ള ആഭിമുഖ്യം മൂത്തതിനെ സന്തോഷത്തിലാക്കി. തനിക്ക് പോലും അനുഭവിക്കാൻ കഴിയാതിരുന്ന ശിലയെ പ്രതിഷ്ഠിച്ച സിസിലി തന്നേക്കാൾ കേമിയാകുവാൻ പോകുകയാണെന്ന് അയാൾക്ക് തോന്നി. എല്ലാ ദിവസവും സിസിലി മുറ്റത്ത് വളർന്ന ചെടികളിൽ നിന്നും പൂക്കൾ പറിച്ച് മാല കെട്ടി ശിലയെ അണിയിപ്പിച്ചു.""മൂത്തപ്പാ ആരാണിത്?'' ""നീ ആരാധിക്കുന്നത് ആരെയാണൊ ആ വെളിച്ചം'' ""യേശുവാണോ'' ""അതെ യേശു തന്നെ. പ്രാർത്ഥിച്ചു കൊള്ളൂ.'' സിസിലി തന്റെ നിഷ്‌കളങ്ക ബാല്യം മുഴുക്കെ അത് യേശു തന്നെയെന്ന് വിശ്വസിച്ച് കുരിശു വരച്ചു കഴിഞ്ഞു കൂടി.""മൂത്തപ്പാ ഇലകളിലിരുന്നാരാണ് രോഗങ്ങളെ ശമിപ്പിക്കുന്നത് ?'' ""അവയിൽ പ്രാർത്ഥനകൾ എഴുതി വയ്ക്കും ആത്മാക്കളാണ് മകളേ.''
നാടു മൊത്തം സിസിലിയെ തന്റെ മകളായി കണക്കാക്കുന്നത് കണ്ടപ്പോൾ അതു വരെ അയാളിൽ മറഞ്ഞു കിടന്നിരുന്ന പിതൃസ്‌നേഹം പുറത്തേക്കു വന്നു. പതിമൂന്നാമത്തെ വയസിൽ സിസിലിക്ക് ധന്വന്തരി മൂർത്തിയുടെ ദർശനം ലഭിച്ചതായി അറിവായി. ധന്വന്തരിയെ മാലാഖയെന്ന് പറഞ്ഞു കൊണ്ട് അവൾ സ്വപ്നം വിശദീകരിച്ചു. സ്വപ്നദർശനത്തിൽ മൂന്നു മൈൽ അപ്പുറം ദീനം കൊണ്ട് നരകിക്കുന്ന വിശ്വാസിയെ സുഖപ്പെടുത്തുന്നതിനുള്ള നിയോഗം വന്നു ചേർന്നുവെന്ന് മാലാഖ അറിയിച്ചു. മരുന്നു പെട്ടിയുമായി ഇറങ്ങിയ സിസിലി എഴുപത്തഞ്ചുകാരിയുടെ രോഗം ഭേദമാക്കി അന്നു തിരിച്ചെത്തി. അത് കേൾക്കവേ മൂത്തതിന്റെ ഹൃദയം തുടി തുടിച്ചു. അഭിമാനം കൊണ്ടു മകളേ എന്നഭിസംബോധന ചെയ്ത് പ്രശംസ കൊണ്ടു മൂടി. ഗ്രന്ഥമെഴുതുന്നതിനുള്ള സമയം അടുത്തുവെന്ന് മൂത്തതിനു തോന്നിത്തുടങ്ങി. അറിവുകൾ മുഴുവനും മകൾക്ക് ഓതിക്കൊടുക്കുവാൻ കാലമായെന്ന് അദ്ദേഹത്തിനു ബോധ്യം വന്നു. ഹൃദിസ്ഥമാക്കിയ ഗ്രന്ഥങ്ങളെ ഭാണ്ഡക്കെട്ടിൽ നിന്നും പുറത്തെടുത്ത് ഒരിക്കൽ കൂടി അവയിലൂടെ അദ്ദേഹം കണ്ണുകളോടിച്ചു. തേടി വരുന്ന രോഗികളെ മാത്രമല്ല രോഗികളെ അങ്ങോട്ട് തേടിപ്പിടിച്ചും സിസിലി ചികിത്സിച്ചു തുടങ്ങി. ഇത്ര ചെറുതിലേ കൈപ്പുണ്യവും വിജ്ഞാനവും ഭാഗ്യവും കൈവന്ന സിസിലിയുടെ കീർത്തി ക്രിസ്ത്യാനികളുടെ രാജാവിന്റെ ചെവികളിലെത്താൻ വലിയ താമസമുണ്ടായില്ല. അദ്ദേഹം ഇടപെട്ട് പള്ളിക്കരികിൽ കെട്ടിടം പണികഴിപ്പിച്ച് ആശുപത്രിയുടെ സജ്ജീകരണങ്ങളൊരുക്കി സിസിലിയെ ക്ഷണിച്ചു. പതിനെട്ടാം വയസിൽ ആ ക്ഷണം സിസിലി സ്വീകരിക്കുവാൻ കാരണം ശസ്ത്രക്രിയകളോട് അവർക്കുണ്ടായിരുന്ന ആഭിമുഖ്യമായിരുന്നു. മൂത്തപ്പന്റെ ചികിത്സാരീതികൾ ഒന്നൊഴിയാതെ മന:പാഠമാണെങ്കിലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ അപാരമായ സാധ്യതകൾ സിസിലി കേട്ടറിഞ്ഞിരുന്നു. പള്ളിക്കരികിലെ ആശുപത്രിയിൽ ഇത്തരം പരിശീലനത്തിനുള്ള സാധ്യതയും ആളും ഉണ്ടായിരുന്നു.

പുതിയ കെട്ടിടത്തിലേക്ക് സിസിലി മാറിയിട്ടും മൂത്തത് കൂടെ വരുവാൻ കൂട്ടാക്കിയില്ല. തന്റെ മൂർത്തി എവിടെയുണ്ടോ അവിടെയാണ് തന്റെ ഇരിപ്പിടമെന്ന് അദ്ദേഹം വാശിപിടിച്ചു. പ്രായമേറിയതിനാൽ മൂത്തതിനിത്തിരി പിടിവാശി കൂടി വന്നത് അറിയാവുന്നതിനാൽ സിസിലി നിർബന്ധിക്കുവാൻ പോയില്ല. പകരം എല്ലാ ദിവസവും രാവിലെ മൂർത്തിയേയും മൂത്തപ്പനേയും പോയി നേരിൽ കണ്ടുവന്ന ശേഷം മാത്രം ചികിത്സ ആരംഭിച്ചു. സ്വന്തം മതത്തിലെ ഒരു മിടുക്കിക്ക് മാലാഖമാരുടെ ദർശനം ലഭിച്ചുവെന്നും അതു വഴി രോഗികളെ സുഖപ്പെടുത്തുന്നുവെന്നുമുള്ള വാർത്ത പ്രചരിപ്പിക്കാൻ ക്രിസ്ത്യാനികൾ ഉത്സാഹിച്ചു. സിസിലിയുടെ കെട്ടിടം ആശുപത്രിക്ക് തുല്യമായി പ്രവർത്തിച്ചു തുടങ്ങി. എല്ലാ ദിനവും രാവിലെ സിസിലി മൂത്തപ്പനെ കണ്ട് മൂർത്തിക്ക് മുൻപിൽ നിന്ന് കുരിശു വരച്ച് തിരിച്ചു വരുന്നത് വിളക്കിന്റെ വഴിയെന്ന പേരിൽ ആളുകൾ പറഞ്ഞു തുടങ്ങി. വളർത്തു മകൾ ധന്വന്തരിയുടെ അനുഗ്രഹത്താൽ പ്രസിദ്ധയാകുന്നതിൽ മൂത്തത് സന്തോഷിക്കുകയും തന്നെത്തെടി വരുന്ന രോഗികളോട് മൂത്തതിനേക്കാൾ കേമി മകൾ സിസിലിയാണെന്ന് പറഞ്ഞ് അവരെ ചിത്സക്കായി ആശുപത്രിയിലേക്ക് അയക്കുകയും, മുഴുവൻ സമയവും ഗ്രന്ഥരചനയിൽ മുഴുകുകയും ചെയ്തു.

ആ കാലയളവിൽ കേരളത്തിനുണ്ടായിരുന്ന വ്യാവസായികബന്ധം പേർഷ്യൻ രാജ്യങ്ങളുമായിട്ടായിരുന്നു. അറബികൾ കൊച്ചിയിലും കൊടുങ്ങല്ലൂരുമെത്തി വ്യാപാരം ചെയ്തു. അത്തരത്തിൽ കേരളത്തിലെത്തിയ ഒരു അറബിയുമായി സിസിലി പ്രണയത്തിലായി. അപൂർവ്വമായ ഒരു രോഗത്തിനടിമപ്പെട്ട് സിസിലിയുടെ അടുത്ത് എത്തിപ്പെട്ടതായിരുന്നു യൂസഫ് എന്ന് പേരുള്ള അറബി വ്യവസായി. സിസിലി കാണുമ്പോൾ ദേഹമാസകലം വ്രണത്താൽ മൂടി കരുവാളിച്ച മനുഷ്യനായിരുന്നു. വ്രണങ്ങളിൽ നിന്നും ചലം ഒഴുകിക്കൊണ്ടിരുന്നു. സിസിലി അയാൾക്ക് വിധിച്ച ചികിത്സ ശരീരമാസകലം മരുന്നു ചേറു പൊത്തി സൂര്യനു കീഴിൽ കിടത്തുക എന്നായിരുന്നു. ഭക്ഷണം ഒരു കുഴലിലൂടെ വായ വഴി നൽകിക്കൊണ്ടിരുന്നു. രണ്ട് ദിവസത്തിൽ ചേറു പൊളിച്ചപ്പോൾ കൂടെ കറുത്ത വ്രണവും കൂടിപ്പോന്നു. പാമ്പ് ശൽക്കം പൊഴിച്ച പോലെ അയാളുടെ വ്രണം പൊഴിഞ്ഞു പോയി പകരം മൃദുവായ ചർമ്മം തളിർത്തു. മരുന്നുകളുടെ കൃത്യമായ പ്രയോഗത്താൽ അസുഖം മുഴുവനായി ഭേദമായി വ്രണത്തിന്റെ മൂടുപടം തുറന്ന ദിവസമാണ് സിസിലി ശ്രദ്ധിച്ചത് ഒരു സുന്ദരനായ ചെറുപ്പക്കാരൻ. തന്റെ ജീവൻ രക്ഷിച്ച സിസിലിയോട് അറബി യുവാവിനു ആരാധനയാണ് തോന്നിയത്. പല തരം സമ്മാനങ്ങളാൽ സിസിലിയെ അയാൾ ശ്വാസം മുട്ടിച്ചു. എന്നാൽ സമ്മാനങ്ങളൊക്കേയും മടക്കി അയച്ച് കൂടെക്കൂടെ യുവാവിനെക്കാണുന്നതിനു സിസിലി അവസരമൊരുക്കി. അയാളുടെ പ്രത്യേക തരത്തിലുള്ള താടിയും മീശയും അവളിൽ കൗതുകമുയർത്തി. സിസിലിക്ക് തന്റെ മേലുള്ള താത്പര്യം തിരിച്ചറിഞ്ഞ യുവാവ് വയറുവേദന അഭിനയിച്ച് കൂടെക്കൂടെ സിസിലിയുടെ കരസ്പർശനത്തിനായി ആശുപത്രിയിൽ എത്തിച്ചേർന്നു. സിസിലിയാണെങ്കിൽ ഓരോ വട്ടവും മരുന്നെന്ന പേരിൽ അയാൾക്ക് ഇരട്ടിമധുരം നൽകിപ്പോന്നു. പോകെപ്പോകെ അവൾക്കയാളോട് പ്രണയം തോന്നിത്തുടങ്ങി. രാവിലെ മൂത്തതിനെ കണ്ടപ്പോൾ കാര്യം അറിയിച്ചു. മൂത്തത് ചിരിച്ച് സമ്മതം മൂളി.

എന്നാൽ കൊടുങ്ങല്ലൂരിൽ അറബികളുടെ സഹായത്തോടെ മുസ്‌ലീമുകൾ നടത്തിയ ആക്രമണങ്ങളിൽ ഭയപ്പെട്ടോടി വന്ന ക്രിസ്ത്യാനികൾ ഇത് കണ്ട് രോഷം പൂണ്ടു. തിരിച്ചടിക്കാൻ ഒരവസരം കാത്ത് കഴിയുന്നതിനിടെ ആയിരുന്നു കേരളത്തിലെ പോർച്ചുഗീസ് ആഗമനം. വാർത്തയറിഞ്ഞ ക്രിസ്ത്യാനികൾ പലതും മനസിൽ കണക്കുകൂട്ടി. കോഴിക്കോട്ട് കപ്പലിറങ്ങിയ പോർച്ചുഗീസുകാർക്ക് വിശാലമായ വരവേൽപ്പാണ് സാമൂതിരി ഒരുക്കിയത്. വ്യാപാരമായിരുന്നു പോർച്ചുഗീസുകാരുടേയും ലക്ഷ്യം. അതിനായി സാമൂതിരിയുടെ പിൻബലത്തിൽ കോഴിക്കോട് തന്നെ അവർ പാണ്ടികശാല നിർമ്മിച്ചു. എന്നാൽ വ്യാപാരകുത്തക അവകാശം പോലെ പിടിച്ചു വച്ചിരുന്ന പേർഷ്യൻ വ്യവസായികളെ പോർച്ചുഗീസുകാർ ശത്രുക്കളായി കണ്ടു. പലയിടങ്ങളിലും വച്ച് അവർ അറബികളെ ആക്രമിച്ചു. ഇത് സാമൂതിരിയുടെ അപ്രീതിക്ക് കാരണമാകുകയും നാട്ടുകാർ കോഴിക്കോടുണ്ടായിരുന്ന പാണ്ടികശാല ആക്രമിച്ച് അവരെ തുരത്തുകയും ചെയ്തു. അതോടെ പോർച്ചുഗീസുകാർ കൊച്ചിയിൽ അഭയം പ്രാപിച്ചു. ഈയൊരു സമയമാണ് പോർച്ചുഗീസുകാർ അറബികൾക്കെതിരെ വൻതോതിൽ ആക്രമണങ്ങൾ അഴിച്ചു വിടുന്നത്. കൊച്ചിയും കൊടുങ്ങല്ലൂരും വിട്ട് അറബികൾ എത്രയും പെട്ടെന്ന് തിരിച്ച് പോകണമെന്നവർ ആവശ്യപ്പെട്ടു. സിസിലിയുടെ പ്രിയപ്പെട്ടവനും ആ കുത്തൊഴുക്കിൽ തിരിച്ചു പോകേണ്ടതായി വന്നു. സാമൂതിരി കൊച്ചിയെ ആക്രമിച്ച് പോർച്ചുഗീസുകാരെ തുരത്തുമെന്നും അറബികളുമായുള്ള വ്യാപാരബന്ധം പുന:സ്ഥാപിക്കുമെന്നും അപ്പോൾ തിരികെയെത്താമെന്നും സിസിലിയെ അറിയിച്ച് നാട്ടിൽ പോയിവരുമ്പോൾ വിവാഹത്തിന് ഉമ്മയുടെ സമ്മതവും മേൽത്തരം പട്ടു വസ്ത്രങ്ങളും അലങ്കാരപ്പണികളുള്ള വിരുപ്പുകളും കൊണ്ടു വരാമെന്ന് ഉറപ്പ് നൽകി അയാൾ യാത്ര പറഞ്ഞു. പോകും വഴിയിൽ അവരുടെ കപ്പലിനെ പോർച്ചുഗീസ് കപ്പൽ ആക്രമിക്കുകയും ഒന്നൊഴിയാതെ എല്ലാവരേയും വധിക്കുകയും ചെയ്തു. ഈ വാർത്ത സിസിലിയുടെ കാതുകളിൽ എത്തിയില്ല. അവർ വീട്ടിൽ പോയ കാമുകനെ പ്രതീക്ഷയോടെ കാത്തിരുന്നു.

അറബി യുവാവുമായുള്ള സിസിലിയുടെ ബന്ധം പള്ളിയിൽ വൻകോലാഹലം സൃഷ്ടിച്ചു. മുസ്‌ലിം യുവാവുമൊത്തുള്ള വിവാഹത്തോടെ സഭയിൽ നിന്നും സിസിലി പുറത്താകുമെന്ന് മെത്രാന്മാർ വിധിയെഴുതി. എന്നാൽ ഈയൊരു നീക്കത്തെ സിസിലി നേരിട്ടത് വ്യക്തിപരമായ കാര്യങ്ങളിൽ സഭ തലയിടരുതെന്ന കുറിപ്പ് സമർപ്പിച്ചു കൊണ്ടായിരുന്നു. അതോടു കൂടെ സിസിലിയുടെ കാര്യത്തിൽ പള്ളി ഇനി ഇടപെടില്ല എന്ന അദൃശ്യ നിയമം വന്നു. ആശുപത്രിയിൽ നിന്നും വീണ്ടും സത്രത്തിലേക്ക് സിസിലി താമസം മാറ്റേണ്ടി വന്നു. പോർച്ചുഗീസുകാർ കൊച്ചിയിൽ പതിയെ ശക്തിപ്രാപിച്ചു വരികയായിരുന്നു. നാട്ടിൽ നിന്നും അവർ കൂടുതൽ സൈന്യത്തെ കേരളത്തിലേക്ക് കൊണ്ടുവന്നു. അതിനിടയിലായിരുന്നു മൂത്തതിന്റെ മരണം സംഭവിക്കുന്നത്. എഴുതിക്കൊണ്ടിരുന്ന ഗ്രന്ഥം മുഴുവനാക്കുന്നതിനു മകളെ ഏൽപ്പിച്ചതിനു മൂന്നാം നാൾ ഉറക്കത്തിനിടെ മൂത്തത് ഭൂമി വിട്ടു. സുഖ മരണം. മരണ ദേവനെ തിരിച്ചറിയുവാൻ മൂത്തത് സിസിലിയെ പഠിപ്പിച്ചിരുന്നതിനാൽ അവൾക്ക് കാര്യമായ ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല. മൂത്തത് മരിക്കുന്നതിനും ഒരു മാസം മുൻപേ തന്നെ അദ്ദേഹത്തിന്റെ മരണ ദിവസം സിസിലി കണക്കു കൂട്ടിയിരുന്നു. ഗ്രന്ഥരചനയിൽ കൂടുതൽ നേരം മൂത്തതിനെ സഹായിക്കാൻ കൂടിയായിരുന്നു സിസിലി പള്ളി വിട്ടത്. ധന്വന്തരീയം എന്ന പേരിലാണ് മൂത്തത് ഗ്രന്ഥം എഴുതിയിരുന്നത്. ധന്വന്തരിയെ പ്രതിഷ്ഠിച്ച സത്രത്തിലെ ഭൂമി ചുറ്റുമതിൽ കെട്ടി ക്ഷേത്രമായി കൊണ്ട് നടക്കുവാൻ സിസിലി അനുവാദം നൽകി. ദിവസേന അവിടം സന്ദർശിച്ച് കുരിശ് വരക്കുന്നതിനുള്ള അനുവാദം മാത്രമാണ് പകരമായി അവർ ആവശ്യപ്പെട്ടത്. ധന്വന്തരീയം ഉറക്കുമുറിയിൽ സൂക്ഷിച്ച് രോഗികളെ ശുശ്രൂഷിച്ച് അവർ യൂസഫിനെ കാത്തു. ദിവസങ്ങൾ മാസങ്ങളായി മാസങ്ങൾ വർഷങ്ങളായി. യൂസഫ് വന്നില്ല. സിസിലിയുടെ തലമുടിയിൽ നരകൾ വന്ന് തലോടി ആശ്വസിപ്പിച്ചു. സിസിലി എല്ലാവർക്കും സിസിലിയാമ്മയായി. അവർ ആകാശത്തെ പറവകളെ പ്രതീക്ഷാപൂർവ്വം നോക്കി. കപ്പലുകൾ നങ്കൂരമിടുന്ന തുറമുഖങ്ങളിലേക്കവ ഉന്നം വച്ചു പറന്നു.

ഒൻപതാം ശതാബ്ദത്തിലുണ്ടായ ആഭ്യന്തരകലാപവും പ്രകൃതിദുരന്തങ്ങളും കൊടുങ്ങല്ലൂർ പട്ടണത്തെ നാമാവശേഷമാക്കി. അവിടെ നിന്നും പലായനം ചെയ്തവർ അങ്കമാലി ആലുവ എന്നിവിടങ്ങളിൽ താമസമാരംഭിച്ചു. ആദ്യകാലഘട്ടങ്ങളിൽ എല്ലാവരും വലിയ മതസൗഹാർദ്ദം പുലർത്തിയിരുന്നു എങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറഞ്ഞു. പലായനം ചെയ്ത് വന്നവരെ തെക്കും ഭാഗക്കാർ എന്നാണ് ആ പ്രദേശത്തുകാർ വിളിച്ചു കൊണ്ടിരുന്നത്. തെക്കും ഭാഗക്കാരുടെ കയ്യിൽ കൊടുങ്ങല്ലൂർ പട്ടണത്തിന്റെ പണവും പകിട്ടും ഉണ്ടായിരുന്നു. എന്നാൽ മതപരമായി തെക്കും ഭാഗവും വടക്കുംഭാഗവും ഏറ്റുമുട്ടിത്തുടങ്ങി. വടക്കുംഭാഗത്തെ ക്രിസ്ത്യാനികളുടെ ചടങ്ങുകളും വിശ്വാസവും തെക്കും ഭാഗത്തുകാരിൽ നിന്നും വ്യത്യാസമുണ്ടായിരുന്നു. തെക്കും ഭാഗക്കാർ ക്‌നാനായക്കാർ ആയിരുന്നു. കേരളത്തിലെ ആദ്യ ക്രിസ്ത്യാനികളെ മതം മാറ്റിയത് തോമാശ്ലീഹയാണെന്നാണ് വിശ്വാസം. എ ഡി 52 ൽ ആണിത് സംഭവിച്ചതെന്ന് കരുതുന്നു. അറബികളിൽ നിന്നും പീഢനം നേരിട്ട ക്രൈസ്തവർ പേർഷ്യൻ രാജ്യങ്ങളിൽ നിന്നും കേരളത്തിൽ അഭയം തേടിയിരുന്നു. 1498ൽ വാസ്‌കോഡഗാമ കേരളത്തിൽ കാലുകുത്തുന്നതു വരെ കേരളത്തിലെ ക്രൈസ്തവർ ഒറ്റക്കെട്ടായി ജീവിക്കുകയായിരുന്നു. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളെ സുറിയാനിക്രിസ്ത്യാനികൾ എന്നാണ് വിളിച്ചു കൊണ്ടിരുന്നത്. പോർച്ചുഗീസുകാർ ലത്തീൻ ഭാഷയും ആരാധനാക്രമങ്ങളും അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചപ്പോൾ ക്രിസ്ത്യാനികൾ രണ്ട് തട്ടുകളിലായി.

മുൻപ് കേരളത്തിലെ മുഴുവൻ പള്ളികളും പേർഷ്യൻ സുറിയാനി ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്നു. ബാബിലോണിലെ പാത്രയാർക്കീസിന്റെ കീഴിലാണ് അന്നത്തെ കേരള ക്രൈസ്തവർ അണിനിരന്നത്. പേർഷ്യയിൽ നിന്നും മതപ്രചരണത്തിനായി ആളുകൾ വന്നിരുന്നതിനാൽ പൗരസ്ത്യ സുറിയാനി ഭാഷയും പാരമ്പര്യങ്ങളുമായിരുന്നു കേരളത്തിൽ ക്രിസ്ത്യാനികൾ പിന്തുടർന്നിരുന്നത്. വേഷങ്ങളാണെങ്കിൽ തികച്ചും കേരളീയമായതായിരുന്നു. കുടുമയും കടുക്കനും മുണ്ടും ക്രിസ്ത്യാനികളും ധരിച്ചിരുന്നു. അവരെ തിരിച്ചറിയുവാനായിട്ട് ആകെയുണ്ടായിരുന്ന പ്രത്യേകത കഴുത്തിലെ കുരിശായിരുന്നു. പേർഷ്യൻ രാജ്യങ്ങളിൽ നിന്നും മതപ്രചാരണത്തിനായി മിഷനറിമാർ വന്നും പോയ്‌ക്കോണ്ടുമിരുന്നു. ചേരമാൻ പെരുമാൾ എന്ന ഭരണാധികാരിക്ക് ശേഷം ക്രിസ്ത്യാനികൾക്ക് വലിയ അവഗണനയാണ് ഭരണപക്ഷത്ത് നിന്നും നാട്ടുരാജാക്കന്മാരിൽ നിന്നും നേരിട്ടത്. മുസ്‌ലീമുകളും അറബികളും തമ്മിലുള്ള വ്യാവസായിക ബന്ധം ശക്തിപ്പെട്ടത് ക്രിസ്ത്യാനികളെ പരിഭ്രാന്തിയിലാഴ്ത്തി. ക്രിസ്ത്യാനികളുടെ രാജാവ് നാട് നീങ്ങിയതോടെ അവസാനത്തെ അത്താണിയും അവർക്ക് നഷ്ടമായി. ഈ കാലഘട്ടത്തിലായിരുന്നു പോർച്ചുഗീസുകാരുടെ കേരളത്തിലെ ആഗമനം. വിവേചനങ്ങൾക്കൊരവസാനം വരുത്തുവാനായി ക്രിസ്തീയമതവിശ്വാസികൾ പോർച്ചുഗീസുകാരെ കൂട്ടുപിടിക്കുവാൻ തീരുമാനിച്ചു. ഒടുവിൽ അനാഥരായ കേരള ക്രൈസ്തവർ പോർച്ചുഗീസുകാരനായ ഗാമയെ കണ്ട് സങ്കടം ബോധിപ്പിച്ചു.

""ചെങ്കോലും രാജപത്രവും പുരാതന പെരുമാൾക്കന്മാരാൽ നൽകപ്പെട്ടതാണ്. ആ രാജാവ് നാട് നീങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ രാജ്യം പെരുമ്പടപ്പിലേക്ക് ഒതുങ്ങിയിരിക്കുന്നു. മേലാൽ പോർച്ചുഗീസ് രാജാവ് ഞങ്ങളുടേയും രാജാവായിരിക്കട്ടെ. അദ്ദേഹത്തിന്റെ പേരു പറഞ്ഞല്ലാതെ യാതൊരു കുറ്റക്കാരേയും ഞങ്ങൾ ശിക്ഷിക്കുന്നതല്ല. ശത്രുക്കളായ മുഹമ്മദീയരിൽ നിന്നും ഞങ്ങളെ രക്ഷിക്കണം.''

പ്രാദേശികവാസികളിൽ ഭിന്നിപ്പ് ഉണ്ടാക്കി നാട്ടുരാജ്യങ്ങളെ പിടിച്ചെടുക്കുന്നതിനുള്ള ആദ്യ ഏണിപ്പടിയായി കണക്കാക്കി ഈ അപേക്ഷ ഗാമ സ്വീകരിച്ചു. കേരളവും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തെ തകർക്കേണ്ടത് അവരുടെ കൂടി ആവശ്യമായിരുന്നു. കേരളത്തിൽ രണ്ടാമത് വന്നു ചേർന്ന പോർച്ചുഗീസ് സംഘത്തിൽ പടയാളികൾക്കൊപ്പം ക്രിസ്ത്യൻ മിഷണറിമാരും മെത്രാന്മാരുമുണ്ടായിരുന്നു. അവർ കേരളമൊട്ടുക്ക് മതപ്രചാരണം അഴിച്ചു വിടുകയും സിറിയൻ കാത്തലിക്ക് സമൂഹത്തിനോട് അവരുടെ ആചാരങ്ങൾ ഉപേക്ഷിച്ച് ലത്തീൻ കാത്തലിക് സഭയിൽ ചേരുവാൻ നിർബന്ധിക്കുകയും ചെയ്തു. അതിനുകാരണം സുറിയാനികളുടെ ആചാരാനുഷ്ഠാനങ്ങൾ തിരിച്ചറിയുവാൻ ഈ മിഷിണറിമാർക്കാവാഞ്ഞതായിരുന്നു. മറ്റ് വഴികളില്ലാതെ ലത്തീൻ സഭയുടെ വിശ്വാസം ക്രിസ്ത്യൻ സമൂഹത്തിൽ അടിച്ചേൽപ്പിക്കുവാൻ പോർച്ചുഗീസുകാർ തീരുമാനിച്ചു. അതിനായി വിശ്വാസികൾ ഇപ്പോൾ ആചരിക്കുന്ന അനുഷ്ഠാനങ്ങൾ ഉപേക്ഷിക്കുവാൻ പ്രചാരകർ ആവശ്യപ്പെട്ടു. ഇത് വിശ്വാസികളുടെ എതിർപ്പിന് വഴി വച്ചു. പോപ്പിനെ നിയമിക്കാൻ അധികാരമുണ്ടായിരുന്ന പോർച്ചുഗൽ രാജാവിനു ലോകത്തെ ഏത് രാജ്യത്തും കയറി ചെല്ലുന്നതിനും സ്വന്തമാക്കുന്നതിനുമുള്ള അധികാരമുണ്ടെന്ന് സ്വയം കരുതിയിരുന്നു. കേരളത്തിന്റെ സൗഹാർദപരമായ മനസിനേയോ രാഷ്ട്രീയ സാഹചര്യത്തേയോ, മനസിലാക്കുന്നതിൽ രാജാവ് അമ്പേ പരാജയപ്പെട്ടു. സുറിയാനി സംസ്‌ക്കാരത്തിൽ അപരിചിതമായ എല്ലാ ആചാരങ്ങളും പേഴ്‌സ്യൻ സമൂഹത്തിന്റേതെന്ന് മുദ്രകുത്തുകയാണ് പോർച്ചുഗൽ മതപ്രചാരകർ ചെയ്തത്. മറ്റു മതങ്ങളിൽ നിലനിന്നിരുന്ന കടുക്കൻ, ജാതകം, പൂജ എന്നിവ ഒഴിവാക്കുന്നതിന് കടുത്ത നിർദേശം കേരളമെങ്ങും പോർച്ചുഗീസുകാർ നടപ്പാക്കി. എന്നാൽ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരങ്ങളെ തള്ളിപ്പറയുന്ന പോർച്ചുഗീസുകാരെ പ്രാദേശികരായ ഒരു വിഭാഗം എതിർത്തു. അതോടെ കേരളത്തിലെ ക്രിസ്ത്യാനികൾ രണ്ടായി പിരിഞ്ഞു. ഒരു വിഭാഗം റോമിലെ പോപ്പിന്റെ കീഴിലും യാഥാസ്ഥിതികരായ സുറിയാനിക്കാർ അങ്കമാലി രൂപതയിലുമായി വിഭജിക്കപ്പെട്ടു. റോമിനെ പിന്തുണക്കുവാൻ പോർച്ചുഗീസ് സൈന്യമുണ്ടായപ്പോൾ അങ്കമാലി രൂപതക്ക് വേണ്ടി മെത്രാനു മുപ്പതിനായിരം പേരുള്ള സൈന്യം രൂപവൽക്കരിക്കേണ്ടി വന്നു. യുദ്ധസന്നാഹങ്ങളും പടക്കോപ്പുകളും ഉണ്ടായിരുന്ന പോർച്ചുഗീസ് സേന നാട്ടുരാജാക്കന്മാരെ കൂട്ടുപിടിച്ച് മുഴുവൻ കേരള ജനതക്കെതിരെ അക്രമം അഴിച്ചു വിട്ടു. എന്നാൽ മുപ്പതിനായിരം പേരുള്ള സൈന്യത്തെ പേടിച്ച് പോർച്ചുഗീസ് സേന അങ്കമാലിയെ ആക്രമിക്കാതെ ഒഴിഞ്ഞു നിന്നു. വൈകാതെ പോർച്ചുഗീസുകാർ കേന്ദ്രമായി ഗോവ തിരഞ്ഞെടുത്തു. അവിടെ നിന്നു കൊണ്ട് അങ്കമാലി കൈപ്പിടിയിലൊതുക്കാൻ അവർ ശ്രമിച്ചു കൊണ്ടിരുന്നു.

ആയിടയ്ക്ക് അങ്കമാലിയിലൊരു കല്യാണം നടന്നു. കല്യാണത്തിനു കർതൃത്വം വഹിച്ചത് സുറിയാനിക്കാരനായ ഒരു പള്ളീലച്ചനായിരുന്നു. അദ്ദേഹത്തിന്റെ ആചാരപ്രകാരം വരൻ മുട്ടു കുത്തി നിന്ന് മിന്നു കെട്ടണമെന്ന് അറിയിച്ചു. ഇത് കണ്ട് ലത്തീൻ സഭയോട് കൂറുള്ള വിശ്വാസി മിന്നുകെട്ട് തടഞ്ഞു. അത് ഉന്തും തള്ളുമായി. ഒടുവിലവിടെയൊരു കഠാരപ്രയോഗം നടന്നു. കുത്തുകൊണ്ട് ഒരുവൻ താഴെ വീണു. പ്രശ്‌നക്കാർ അതോടെ ഒതുങ്ങി. മുറിവ് നോക്കാൻ വിളിച്ചത് സിസിലിയാമ്മയെ ആയിരുന്നു. അവരു വന്ന് മരുന്നു വച്ച് മുറിവ് തുന്നിക്കെട്ടി ജീവൻ രക്ഷിച്ചു. ശേഷം സിസിലിയാമ്മ അവിടെ ഒരു ഗംഭീര പ്രസംഗം നടത്തി.
സ്വന്തം രാജ്യമായ പോർച്ചുഗലിൽ മറ്റെല്ലാ മതക്കാരോടും ക്രിസ്ത്യൻ മതവിശ്വാസത്തിലേക്ക് പരിവർത്തനം നടത്തുവാൻ അവിടുത്തെ രാജാവ് ആജ്ഞാപിച്ചു. അതിന്റെ പേരിൽ ആയിരക്കണക്കിനു ജൂതന്മാർ കൊല്ലപ്പെട്ടു. ഒരുപാട് പേർ പലായനം ചെയ്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഒളിച്ചു. 1503 ൽ സാമൂതിരിയുടെ ആക്രമണത്തെ ചെറുക്കാൻ കൊച്ചി രാജാവിനെ പോർച്ചുഗൽ സഹായിച്ചതോടെ ക്രൈസ്തവർക്ക് അവരെ വിശ്വാസമായി. പോർച്ചുഗീസുകാരെ ഇന്ത്യയിലേക്ക് വ്യാപാരത്തിനയച്ചത് പോപ്പായിരുന്നു. ഏഷ്യയിൽ മുഴുവനായി ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനും പകരമായി കണ്ടെത്തുന്ന രാജ്യങ്ങളുമായി വ്യാപാര ഉടമ്പടികളിൽ ഏർപ്പെടാനുമുള്ള അധികാരം പോപ്പ് പോർച്ചുഗലിനു നൽകി. കേരളത്തിലെ പോർച്ചുഗീസ് ക്രൂരത സമാനമില്ലാത്തതായിരുന്നു. കപ്പൽ വ്യൂഹങ്ങളെ നശിപ്പിക്കുക, മക്കയിലേക്ക് തീർത്ഥാടനത്തിനു പോകുന്ന യാത്രക്കാരെ അഗ്‌നിക്കിരയാക്കുക, അറബിക്കടൽ തറവാട്ടു സ്വത്തായി അനുഭവിക്കുക തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ക്രൂരതകളിലൂടെയാണ് അവർ കേരളത്തിൽ ഇപ്പോൾ പിടിമുറുക്കിയിട്ടുള്ളത്. ലത്തീൻ ക്രൈസ്തവനായതിനു ശേഷം രഹസ്യമായി പഴയ ആചാരം അനുഷ്ഠിച്ച വിശ്വാസിയെ ചുട്ടെരിക്കുകയാണ് അവർ ചെയ്തത്. മുസ്‌ലീമുകൾക്കും ഹിന്ദുക്കൾക്കുമെതിരെ പ്രകോപനമില്ലാതെ തന്നെ ആക്രമണം അഴിച്ച് വിട്ടു. ഹിന്ദുക്കളുടെ കൂടെ ജോലി ചെയ്ത ക്രിസ്ത്യാനികളെപ്പോലും അവർ വെറുതെ വിട്ടില്ല. എന്തുകൊണ്ട് ക്രിസ്ത്യാനികളും കേരള സമൂഹവും പോർച്ചുഗീസുകാരെ അനുസരിക്കണം? ഇത്രയും ക്രൂരതയിലൂടെ നേടിയെടുക്കേണ്ട ഒന്നാണോ വിശ്വാസമെന്ന് സിസിലി ക്രൈസ്തവരോട് ചോദിച്ചു. സിസിലിയാമ്മ സർവ്വസമ്മതയായിരുന്നു. അവരുടെ കൈപുണ്യം അനുഭവിക്കാത്തവർ അവിടെ കുറവാണ്. അന്നത്തെ പ്രസംഗം കുറച്ചധികം പേരെ സ്വാധീനിച്ചു.

അതോടെ നിർബന്ധിത മതം മാറ്റത്തിനെ എതിർക്കാൻ ആളുകൾ മുന്നോട്ട് വന്നു. പകുതിയിലധികം ആളുകൾ പഴയ ആചാരങ്ങളിലെക്ക് തിരിച്ചു നടന്നു തുടങ്ങി. കാര്യങ്ങൾ കൈവിട്ടു തുടങ്ങിയതായി കണ്ട് മറ്റ് വഴികളില്ലാതെ പോർച്ചുഗീസ് പ്രതിനിധി വൈദികൻ വിൻസന്റ് അടക്കമുള്ളവർ സിസിലിയാമ്മക്കെതിരെ ഗൂഢാലോചന നടത്തി.

ഒരു പ്രഭാതത്തിൽ സിസിലിയാമ്മ മന്ത്രവാദിനിയാണെന്ന പ്രചാരണം ലത്തീൻ സഭ അഴിച്ചു വിട്ടു. സിസിലി മനസിൽ വച്ചാരാധിക്കുന്ന ദൈവം ഹിന്ദു മൂർത്തിയാണ്. ആളുകൾ അത് ശരി വച്ചു. മാന്ത്രിക വിദ്യയിലൂടെയാണ് അവർ രോഗങ്ങളെല്ലാം മാറ്റിയിരുന്നത്. അല്ലാതെ ഒരു സാധാരണ സ്ത്രീയ്ക്ക് ഇതെങ്ങനെ സാധിക്കാനാണെന്ന് പലരും ചോദിച്ചു തുടങ്ങി. റോമിൽ നിന്നും വിച്ച് ഹണ്ടിനുള്ള പ്രത്യേക ഉദ്യോഗസ്ഥർ എത്തി, സിസിലിയുടെ വിരലിൽ സൂചി വച്ചു കുത്തി നോക്കി. രക്തം വന്നില്ല. സിസിലിയെ പോർച്ചുഗൽ സേന കയ്യോടെ പിടികൂടി രഹസ്യ സങ്കേതത്തിലെത്തിച്ചു. സിസിലിയുമായി യാതൊരു ബന്ധവും പുലർത്തുകയില്ല എന്ന അലിഖിത നിയമം ഉണ്ടായിരുന്നതിനാൽ അങ്കമാലി അതിരൂപതക്ക് പ്രശ്‌നത്തിൽ ഇടപെടുവാൻ കഴിഞ്ഞതുമില്ല. വിചാരണ തുടങ്ങി. മൂന്നാം ദിനം കുറ്റസമ്മതം നടത്തിയെന്ന രേഖയിൽ വിരലടയാളം പതിപ്പിച്ചു സിസിലിയാമ്മയെന്ന് പൊതുസ്ഥലത്ത് സൈനികർ ഉച്ചത്തിൽ രേഖകൾ വായിച്ചു കേൾപ്പിച്ചു. എതിർക്കാൻ ശ്രമിച്ചവരെ സൈന്യം അടിച്ചമർത്തി. താക്കീത് പോലെ പൊതു ജനമധ്യത്തിൽ വച്ച് സിസിലിയാമ്മയെ പച്ചക്ക് തീ കൊളുത്തി. ജനങ്ങൾ മൂകസാക്ഷികളായി. ബാക്കി വന്ന സിസിലിയാമ്മയുടെ എല്ലുകൾ ഒരിക്കൽ കൂടി കത്തിച്ച് സൈന്യം വിധി നടപ്പിലാക്കി.

പോർച്ചുഗീസ് സൈനികർക്കൊപ്പം പുറപ്പെടും മുൻപ് സിസിലി സഹായിയായ പെൺകുട്ടിയെ അടുത്തു വിളിച്ചു ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു
""എന്തായിരുന്നു അത്?'' സോളമൻ ചോദിച്ചു
വികാരി എഴുന്നേറ്റ് അലമാര തുറന്ന് ഒരു ഫയൽ എടുത്തു. അതിൽ നിന്നും ഒരു പ്ലാസ്റ്റിക് ഷീറ്റ് വലിച്ചെടുത്തു. അതിനുള്ളിൽ പാതിയോളം കത്തിയമർന്ന ഒരു ഓല. എഴുത്താണിലിഖിതം.

""സിസിലിയുടെ കൈവശമുണ്ടായിരുന്ന ഗ്രന്ഥത്തിന്റെ അവശേഷിക്കുന്ന ഒരേയൊരു ഏടാണിത്. മേരിയുടെ തറവാടിന്റെ ശൈഥില്യവും ഈ ഗ്രന്ഥത്തിന്റെ വിനാശവും ബന്ധപ്പെട്ടതാണെന്ന് മേരിയുടെ അപ്പാപ്പൻ പറഞ്ഞു നടന്നിരുന്നു. അത് മേരി വിശ്വസിച്ചിരുന്നു. എന്നാൽ ആ അസുഖം മൂലം ഒന്നും ഉറപ്പിക്കുവാനും അവൾക്ക് കഴിഞ്ഞിരുന്നില്ല.''
""അസുഖമോ?''
""അസുഖത്തെക്കുറിച്ച് മേരി ഒന്നും പറഞ്ഞിരുന്നില്ലേ?''
""ഇല്ല''
""നൈറ്റിംഗേൽ ഹോസ്പിറ്റലിനെക്കുറിച്ചോ?''
""ഇല്ല''
""എങ്കിൽ മേരിയുടെ ജീവിതത്തിലെ ഒരുപാട് ഏടുകൾ നിങ്ങളിനിയും കണ്ടെത്തേണ്ടതുണ്ട് എന്നു ഞാൻ പറയും. എന്നാൽ എനിക്കത് പറയുന്നതിനു സാധിക്കയില്ല സോളമൻ. അവൾ മറച്ചു വച്ചത് പുറത്തറിയിക്കുന്നതിനുള്ള ബാധ്യത എനിക്കില്ല. നിങ്ങൾ യാത്ര തുടരേണ്ടതായുണ്ട്.''
""ബ്ലഡി ഫക്കിംഗ് മേരി''
അനൈച്ഛികമായി സോളമനിൽ നിന്നും ഏതാനും വാക്കുകൾ ആ സന്ദർഭത്തിൽ പുറത്ത് ചാടി.▮​(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments