ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

To, From

അധ്യായം: പന്ത്രണ്ട്: To, From

മേരി പത്താം ക്ലാസിൽ പഠിക്കുന്ന സമയം അപ്പന് ഉദ്യോഗക്കയറ്റം ലഭിച്ചു. തപാലാപ്പീസിൽ വരുന്ന മെയിൽ വാങ്ങി സൂക്ഷിക്കുന്നതിൽ നിന്നും കത്തുകൾ ക്രമീകരിക്കുന്ന വിഭാഗത്തിലേക്ക് അപ്പന് മാറ്റം കിട്ടി. ക്രിസ്മസ് കാലമായതോടെ തപാലാപ്പീസിൽ കാർഡുകളുടേയും കത്തുകളുടേയും കുത്തൊഴുക്കുണ്ടായി. കമ്യൂണിസ്റ്റുകാരനായ മേരിയുടെ അപ്പൻ ക്രിസ്മസ് ആഘോഷിക്കുന്നതിന് എതിരായിരുന്നതിനാൽ അയൽപ്പക്കങ്ങളിലെ ക്രിസ്മസ് കൂടുകളെ ദൂരെ നിന്നു നോക്കി നിന്നും ആരുമറിയാതെ ചെമ്പരിയാടുകളുടെ ചെറുപ്രതിമകൾ സ്ഥാനം മാറ്റിവച്ചും മേരി ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസ് കാർഡുകളുടെ ആധിക്യത്താൽ കത്തുകളുടെ കെട്ട് വീട്ടിൽ കൊണ്ട് വന്ന് ക്രമീകരിച്ച് ഓഫീസിലേക്ക് തിരികെ കൊണ്ടുപോകുന്നത് അപ്പനൊരു പതിവാക്കി. ക്രിസ്മസ് പരീക്ഷ കഴിഞ്ഞതിനാൽ മേരിയും വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു. അപ്പൻ കാർഡുകൾ എപ്പോഴും രണ്ടായി തിരിക്കുന്നത് അവൾ ശ്രദ്ധിച്ചു. ആദ്യത്തേത് നാട്ടിലെ വീടുകൾ പ്രകാരം ക്രമീകരിച്ചവ രണ്ടാമത്തേത് വിലാസം തെറ്റിയവയോ മരിച്ചു പോയവരുടേയോ വീടുമാറിപ്പോയവരുടേയോ അഡ്രസില്ലാത്ത കത്തുകൾ. രണ്ടാമത്തെ വിഭാഗത്തെ ഓഫീസിലേക്ക് തിരികെ കൊണ്ട് പോകാറില്ല. ആ കാർഡുകൾക്ക് എന്തു സംഭവിക്കുമെന്ന് ആരും ചോദിക്കാറില്ല കാരണം അന്നമ്മേച്ചിയമ്മ തണുപ്പത്ത് വെള്ളം ചൂടാക്കുന്നത് ഈയിടെയായി അതുവച്ചാണെന്ന് എല്ലാവർക്കുമറിയാം. അതിൽ പ്രത്യേകിച്ച് അപ്പനോ അന്നമ്മേച്ചിക്കോ കുറ്റബോധം തോന്നിയിരുന്നില്ല. ക്രിസ്മസ് കാലം കഴിഞ്ഞതോടെ തിരക്കൊഴിഞ്ഞു. അപ്പൻ കാർഡുകൾ വീട്ടിൽ കൊണ്ടുവരവ് നിർത്തി. കൃത്യമായ മേൽവിലാസമില്ലാത്തതിനാൽ മാസങ്ങളായി കെട്ടിക്കിടന്ന കത്തുകൾ ആരോരുമറിയാതെ കത്തിച്ചു കളയുവാൻ അന്നമ്മേച്ചിയമ്മയെ ഏൽപ്പിച്ച ദിവസം മേരി അതിന്റെ പിറകേ കൂടി. അന്നമ്മേച്ചിയമ്മയുടെ കവിളിൽ രണ്ടുമ്മയും ഇന്നത്തെ നൂൽപുട്ട് എന്ത് രസമായിരുന്നു എന്നുള്ള അഭിനന്ദനവും കോഴയായി കൊടുത്ത് ഏതാനും കത്തുകൾ മേരി എടുത്തു. ഏഴ് കത്തുകളായിരുന്നു അന്നവളുടെ കൈകളിൽ ഒതുങ്ങിയത്.
1. ദൈവത്തിന്​ ഒരു കുട്ടി എഴുതിയ മഞ്ഞ കാർഡ്
2. ഒരു കവി തന്റെ സുഹൃത്തിനെഴുതിയ നീല ഇല്ലന്റ്
3. ആദ്യഭർത്താവ് മൊഴി ചൊല്ലിയ വാഹൂ എന്ന സ്ത്രീക്ക് പ്രതിശ്രുതവരൻ എഴുതിയ കത്ത്
4. സഹകരണ ബാങ്കിൽ നിന്നുള്ള നോട്ടീസ്
5. അച്ഛനെക്കുറിച്ച് സഹോദരി സഹോദരനെഴുതിയ കത്ത്
6. തവണ അടക്കുവാൻ പറഞ്ഞ് കുറികമ്പനി വിട്ട കാർഡ്
7. അമ്മ മരിച്ചു പോയതറിയാതെ ഗൾഫിൽ ജോലി ചെയ്യുന്ന മകൻ എഴുതിയ കത്ത്

മുറിയിലെ ജനാലവിടവിലൂടെയുള്ള പ്രകാശം തണുപ്പ് കുറച്ചുകൊണ്ടിരുന്നു. മേരി പലയാവർത്തി കത്തുകൾ വായിച്ചു. സഹകരണ ബാങ്കിലെ നോട്ടീസും ബാങ്കിലെ കാർഡും ഒന്നോടിച്ചു നോക്കി ചീന്തിക്കളഞ്ഞുകൊണ്ട് ബാക്കി കത്തുകളിലേക്ക് കടന്നു. ദൈവം എന്നു മാത്രം വിലാസത്തിലുണ്ടായിരുന്ന മഞ്ഞ കാർഡ് അവൾക്ക് കൂടുതൽ ഇഷ്ടമായി. കാലുകൾ ചുമരിൽ ചവിട്ടി കിടക്കയിൽ കിടന്ന് അവളത് തന്നെത്തന്നെ കേൾപ്പിക്കുന്നതിനായി ഉറക്കെ വായിച്ചു.
ദൈവത്തിനു സ്‌കൂൾ കുട്ടി എഴുതിയ ഒരു മഞ്ഞ കാർഡ്

പ്രിയപ്പെട്ട ദൈവേ,
ക്രിസ്മസ് കാർഡന്നെ അയക്കണന്നാർന്നു കരുത്യേ. പക്ഷെ അമ്മച്ചി സാമാനങ്ങളും കോഴിയെറച്ചിയും വാങ്ങി വന്നപ്പോ ബാക്കിയായത് ഇരുപത്തഞ്ച് പൈസ്യായിരുന്നു. അത് വച്ച് എനിക്കീ മഞ്ഞകാർഡ് വാങ്ങിത്തന്നു. അപ്പച്ചനുണ്ടായിരുന്നപ്പം സുഖായിരുന്നു. ഇപ്പം നല്ല പണിയാ. പുല്ലരിയണം പശൂനെ കറക്കണം പാല് കൊടുക്കണം. സ്‌കൂളിൽ എനിക്കൊരു ക്രിസ്മസ് ഫ്രണ്ടുണ്ടാരുന്നു. ക്ലാസിൽ തെരഞ്ഞെടുക്കുന്നതാ. ആ കൊച്ച് എനിക്കൊരു പേന സമ്മാനമായി തന്നു. പകരം കൊടുക്കാൻ എന്റേൽ ഒന്നുമില്ലായിരുന്നു. അതുകൊണ്ട് രണ്ടു ദിവസം ഞാൻ സ്‌കൂളിൽ പോയില്ല. പിന്നെ മോരു കലക്കി വെണ്ണയെടുത്ത് ഉരുക്കി നെയ്യാക്കി ചെറിയ കുപ്പിയിൽ കൊടുത്തിട്ട് വേളാങ്കണ്ണിയിലെ നെയ്യാണെന്ന് കള്ളം പറഞ്ഞു. അത് അവളുടെ വല്യമ്മച്ചിക്ക് കൊടുത്തപ്പോൾ അവരുടെ തണ്ടൽ വേദന കുറഞ്ഞെന്ന് പറഞ്ഞു. ദൈവം അത്ഭുതം കാണിക്കുമെന്ന് വേദേശം ക്ലാസിൽ പറഞ്ഞത് സത്യമാണോ? ആണെങ്കിൽ അത്യാവശ്യമായി ചെയ്യേണ്ട കുറച്ചത്ഭുതം കൊടുക്കുന്നു.( മറുപുറം)
1. എന്നെ എത്രയും വേഗം വലുതാക്കണം
2. ഒരു ഇൻസ്റ്റ്രുമെന്റ് ബോക്‌സ് അത്യാവശ്യമായിട്ട് വേണം
3. അമ്മച്ചിയുടെ കാലിലെ ആണി മാറ്റിത്തരണം
4. അമ്മിണി പശുവിന്റെ വാലിനിത്തിരി കൂടി നീളം വയ്പ്പിക്കണം
5. സ്‌കൂൾ യൂണിഫോമിലെ പേന കൊണ്ടുള്ള വരകളും കറയും മാറ്റണം
6. ഡേവീസ് സാറെ ഞങ്ങളുടെ സ്‌കൂളിൽ നിന്നും സ്ഥലം മാറ്റിത്തരണം. എന്ന്, ഡി, അസംഷൻ സ്‌കൂൾ

മഞ്ഞകാർഡിൽ ഇനിയും സ്ഥലമില്ലായിരുന്നു. പിറകുവശം സ്വന്തം അഡ്രസ് എഴുതുവാൻ ഉപയോഗിച്ചത് അവളെ ചൊടിപ്പിച്ചു. കുറച്ചുകൂടെ വലിപ്പം കുറച്ച് എഴുതിയിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ച് കൂടി വ്യക്തമായി അറിയാമായിരുന്നു എന്ന് ചിന്തിച്ച് വാരികകളിലേക്ക് കത്തുകളയക്കാൻ മേരി വാങ്ങി വച്ചിരുന്ന മഞ്ഞ കാർഡിൽ കുനു കുനുന്നനെ ഒരു മറുപടി എഴുതി.

പ്രിയപ്പെട്ട കുട്ടീ,
എനിക്കിവിടെ നൂറുകൂട്ടം പണികളുണ്ട്. അതിനിടയിൽ ഇടയ്ക്കിടെ കത്തുകളയച്ച് എന്നെ ബുദ്ധിമുട്ടിക്കരുത്. ക്രിസ്മസ് ഫ്രണ്ടിന്റെ വല്ല്യമ്മച്ചിയുടെ അസുഖം മാറ്റിയത് ഞാൻ തന്നെയാണ്. പാവം തോന്നി. അപ്പനെ ഇടയ്‌ക്കൊരു വട്ടം സ്വർഗ്ഗത്തിൽ വച്ച് കണ്ടിരുന്നു. നീ ഓടി നടന്ന് പണിയെടുക്കുന്നത് കണ്ട് വലിയ സന്തോഷത്തിലാണ്. പെട്ടെന്ന് വലുതായാൽ ഇരട്ടി പണി എടുക്കേണ്ടി വരും. പണ്ട് ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് എനിക്കും ഇൻസ്റ്റ്രുമെന്റ് ബോക്‌സ് വേണമായിരുന്നു. ആരും വാങ്ങിത്തന്നില്ല. പകരം ഞാൻ കൂട്ടുകാരുടേത് കടം വാങ്ങി ഉപയോഗിച്ചു. ആ ബോക്‌സിലെ പകുതി സാധനങ്ങൾ നമ്മൾക്ക് ആവശ്യമില്ല എന്നറിയാമോ? സ്‌കെയിൽ പ്രൊട്രാക്ടർ കോമ്പസ് എന്നിവ മാത്രമാണ് എനിക്ക് ഉപയോഗിക്കേണ്ടി വന്നത്. പൊട്ടിപ്പോയ സ്‌കെയിൽ വച്ചാണു പരീക്ഷകൾ അടക്കം എഴുതിയത്. അമ്മയോട് പറഞ്ഞ് അമ്മിണിപ്പശുവിനു വേപ്പെണ്ണ പുരട്ടിക്കൊടുത്താൽ മതി. ഈച്ച ശല്യം കുറയും. അമ്മിണിപ്പശു മഴവിൽ നിറങ്ങളിൽ ചാണകമിടണമെന്ന് നിനക്കാഗ്രഹമുള്ള കാര്യം അറിഞ്ഞു. അതിനു വേണ്ടി പല നിറങ്ങളിലുള്ള ഇലകളും പൂക്കളും ശേഖരിച്ച് അതിനെ തീറ്റിക്കുന്നതും കണ്ടു. വരകളും കുറികളും സ്‌കൂൾ യൂണിഫോമിനു ഒരു അലങ്കാരമാണ്. വൃത്തിയുണ്ടായാൽ മതി. നീ സീബ്രയെ കണ്ടിട്ടുണ്ടോ? വരയും കുറിയും പ്രശ്‌നമാണെങ്കിൽ സീബ്ര എത്രത്തോളം വിഷമിക്കണം. പകരം തുള്ളിച്ചാടി നടക്കുകയല്ലേ. ആ വരകൾ അടർത്തിയെടുത്ത് അമ്മച്ചിക്ക് അഴ്ക കെട്ടി കൊടുത്താലോ അല്ലെങ്കിൽ ആ വരകൾ ഒരിക്കൽ പട്ടത്തിന്റെ നൂലുകളായി ഉപയോഗിക്കാം. എത്രത്തോളം വരകൾ വീഴുന്നുവോ അത്രത്തോളം നീളത്തിൽ പട്ടം കാറ്റിൽ പാറും. ഡേവിസ് മാഷിന്റെ അടി ഇത്തിരി കിടുക്കൻ തന്നെയാണ്. പക്ഷെ നിന്നോട് ഞാനൊരു സത്യം പറയാം. ഭാവിയിൽ നീയൊരു അധ്യാപകനാകും. നിന്റെ ക്ലാസിൽ ഈ അതേ ഡേവീസ് സാറിന്റെ മകൻ പഠിക്കും. അന്ന് നിനക്ക് അവനെ ആരോടും ചോദിക്കാതെ ചൂരൽ വച്ച് നല്ല അടി കൊടുക്കാം. അങ്ങനെ പകരം വീട്ടാം. അത് മതിയോ അതോ. ഡേവീസ് സാറിനു പകരം വരുന്ന സാറിന്റെ മോശം പഠിപ്പിക്കലിൽ തോറ്റ് തൊപ്പിയിട്ട് പഠിപ്പ് നിർത്തണോ? അമ്മയുടെ ആണി മാറ്റുന്ന കാര്യം ഞാനേറ്റു. പക്ഷെ അങ്ങനെയെങ്കിൽ തല്ലുവാനായി നിന്നെ ഓടിച്ചിട്ട് പിടിക്കുവാൻ അമ്മക്ക് നിഷ്പ്രയാസം സാധിക്കും. അടി കൊണ്ട് നീ മടുക്കും. അതു കൊണ്ട് ഒന്നുകൂടെ ചിന്തിക്കുന്നതല്ലേ നല്ലത്? എന്ന് ദൈവം

ഫ്രം അഡ്രസ് എഴുതേണ്ട വശത്തെ ഒഴിഞ്ഞസ്ഥലത്തും മേരി അക്ഷരങ്ങൾ എഴുതി നിറച്ചു. മുൻവശത്തെ വരകളിൽ സ്‌കൂൾകുട്ടിയുടെ വിലാസം പകർത്തിയെഴുതി. ഏകാന്തത എന്ന വാക്ക് ഈയടുത്തായിരുന്നു മേരി അറിഞ്ഞു തുടങ്ങിയത്. അതിൽ പിന്നെ തനിയെ ആയപ്പോഴെല്ലാം എല്ലാ എഴുത്തുകാരും ആഘോഷിക്കുന്ന ഏകാന്തതയെന്ന അവസ്ഥയിലാണ് താനെന്ന് തിരിച്ചറിഞ്ഞ് മന:പൂർവ്വം സന്തോഷിക്കുകയായിരുന്നു അവൾ. ഏകാന്തതയെപ്പറ്റി ഒരു പിടുത്തവും ഇല്ലാതിരുന്ന അന്നമ്മേച്ചിയമ്മക്ക് അത് ആസ്വദിക്കാനാകാത്തതിൽ അവൾക്ക് ചെറിയ ദുഃഖവും തോന്നി.

""ഏകാന്തത തോന്നുമ്പോൾ അന്നമ്മേച്ചിയമ്മ എന്താ ചെയ്യാ'' എന്ന് ഒരിക്കൽ മേരി അവരോട് അന്വേഷിച്ചു. ""എന്ത്ട്ട്'' എന്ന് അന്നമ്മേച്ചിയമ്മ നെറ്റിച്ചുളിച്ചു.
""അല്ല ഒറ്റയ്ക്ക് വെറുതെ ഇരിക്കുമ്പോ''
""ആഹാ, ആ സമയത്ത് കപ്പ പൂളി വെയിലത്തിട്ട് ഉണക്കും, കയ്പ്പക്കാ നുറുക്കും, അമ്പഴങ്ങ ഉപ്പിലിടും, മാങ്ങ അച്ചാറിടും, മുറി അടിച്ച് തുടക്കും, ഉറങ്ങും, പട്ട വെട്ടും, ഓല കെട്ടും, വെള്ളം കോരി നിറയ്ക്കും, കിടക്ക വിരികളും പുതപ്പുകളും അലക്കും, കിടക്ക വെയിലത്തിടും, തലയണക്കവറുകൾ മാറ്റും, പിഞ്ഞിയ വസ്ത്രങ്ങളെ തുന്നിക്കൂട്ടും, ചായ്പ്പ് മുറി അടുക്കും, പെട്ടിക്കുള്ളിലെ കായ പഴുക്കുവാൻ പുകയിടും, ചെടി നനയ്ക്കും.'' അന്നമ്മേച്ചിയമ്മ പറഞ്ഞ് കഴിഞ്ഞില്ല. അപ്പോഴേക്കും മേരി ആശയക്കുഴപ്പത്തിൽപ്പെട്ടിരുന്നു. എഴുത്തുകാരാരും ഈ വിധം വേലകളിൽ ഏർപ്പെട്ടു കാണില്ലേ എന്നവൾ ചിന്തിച്ചു. എങ്കിലും അന്നമ്മേച്ചിയമ്മയെപ്പോലുള്ളവർക്ക് ഏകാന്തത അനുഭവിക്കാൻ കഴിയാത്തതിൽ അവൾക്ക് വീണ്ടും ദു:ഖം തോന്നി. അവളടുത്ത കത്ത് പൊട്ടിച്ചു.
ഒരു കവി തന്റെ സുഹൃത്തിനെഴുതിയ നീല ഇല്ലന്റ്.

സുഹൃത്തേ,
വലിയ ഉദ്വേഗത്തോടെയാണ്​ ഈ വട്ടത്തെ വാരിക തുറന്നു നോക്കിയത്. കവിത കാണാഞ്ഞതിനാൽ നിരാശനായി എന്നു പറയേണ്ടതില്ലല്ലോ. കവിതയുടെ ഗുണനിലവാരത്തെ കുറിച്ചുള്ള എഴുത്തുകുത്തുകൾ കഴിഞ്ഞു പോയതിനാൽ ഇനിയും അതേക്കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ല. വാരികകളിൽ തിരഞ്ഞെടുക്കുന്ന കവിതകളേക്കാൾ മികച്ചവയാണു എന്റേതെന്ന് സമർത്ഥിക്കുവാനല്ല ഈ കത്ത്. എഴുത്ത് എന്ന പരിശീലനത്തെക്കുറിച്ചുള്ള ചില അബദ്ധധാരണകളുണ്ട് അത് നീക്കം ചെയ്യേണ്ടത് എന്റേയും വലിയ ആവശ്യമാണ്. എന്റെ എഴുത്തിന്റെ ലക്ഷ്യം നഷ്ടപ്പെട്ട വിവരം കൂടെ ഞാൻ അറിയിക്കുകയാണ്. വല്ലാത്ത അങ്കലാപ്പിൽ പെട്ടിരിക്കയാണ് ഞാൻ. മുൻപെല്ലാം നടക്കേണ്ട വഴി മുൻപിലുണ്ടായിരുന്നു. ദൂരെ നിന്നും നോക്കിയാൽ മലമുകളിലൊരു പള്ളി കാണാമായിരുന്നു. അതിനപ്പുറത്തേക്കായിരുന്നു സഞ്ചാരം. എന്നാൽ അതൊന്നും ഇന്നെന്നെ ആകർഷിക്കുന്നില്ല. ജീവിച്ചു തീർന്നു എന്ന് അനുഭവപ്പെടുന്ന പോലെ എഴുതിത്തീർന്നു എന്നൊരു തോന്നൽ ഇല്ലാതില്ല. പക്ഷെ എനിക്കെന്റെ സൂര്യനെ കാണാതായിരിക്കുന്നു. മുൻപോട്ടുള്ള ഇരുട്ടിൽ തപ്പിത്തടയുകയാണ് ഞാൻ.

ഇലകൾക്കിടയിലൂടെ നൂന്ത അപ്പൂപ്പൻ താടികൾ പോലുള്ള പ്രകാശം ഞാൻ ആഗ്രഹിച്ചു. എഴുത്തിന്റെ സാധ്യതകളെക്കുറിച്ച്, പരിശീലനത്തിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു തീരുന്നില്ല. ദിനേന എഴുത്ത് പരിശീലിക്കുന്ന ഒരാളാണോ അതോ എഴുത്തിനെ സൂക്ഷിക്കുന്ന ഒരാളാണോ കാലാന്തരത്തിൽ മികച്ച എഴുത്താളായി മാറുന്നത്. ദിനേന എഴുതുന്ന ആളുകൾ തന്നെയാകാം അല്ലേ? എന്നാൽ വർഷത്തിൽ ഒന്നോ രണ്ടോ കവിതകൾ മാത്രമെഴുതുന്നവർ അവരുടെ ഏറ്റവും മികച്ച ഭാവനയെ ആകുമോ പുറത്തെടുക്കുക? എന്നെ സംബന്ധിച്ച് ഒരു മികച്ച എഴുത്താൾ എല്ലാ തരത്തിലുമുള്ള എഴുത്തുകളും അറിഞ്ഞിരിക്കണം. പല ഭാഷാ ശൈലികൾ പ്രയോഗിക്കുവാൻ കഴിവുള്ളയാൾ ആകണം. എഴുത്തുകാരന്റെ കയ്യൊപ്പ് പതിയാതെ തന്നെ പല തരത്തിലുള്ള രചനകൾ കൈകാര്യം ചെയ്യുവാൻ കഴിയുന്നയാളാകണം. എഴുത്തുകാരന്റെ കയ്യൊപ്പ് പതിഞ്ഞു എന്ന് ഉദ്‌ഘോഷിക്കുന്ന രചനകൾ എന്താണ്? എഴുത്തുകാരനെ തിരിച്ചറിയുവാൻ സഹായിക്കുന്ന ഘടകങ്ങൾ അവ അമൂല്യമാണെന്ന അഭിപ്രായം എനിക്കില്ല. അതാണ് ഒരു എഴുത്തുകാരന്റെ കഴിവുകേട്. മറ്റൊന്നായി പൂർണ്ണമായി മാറാനാകാത്ത അയാളുടെ കഴിവുകേട്. സ്വന്തം സ്വഭാവസവിശേഷതകൾ അല്ല കൃതിക്കാവശ്യമായ സ്വഭാവ സവിശേഷതകൾ പ്രകടിപ്പിച്ചാൽ മാത്രമേ കൃതി എഴുത്താളിൽ നിന്നും പൂർണ്ണമായും മുക്തി നേടുകയുള്ളൂ. മിക്ക എഴുത്തുകാരും എല്ലാ കൃതികളിലും അവരെ സ്വയം അടയാളപ്പെടുത്തുകയാണ്. അയാൾക്ക് ഏതാനും വഴികൾ മാത്രമേ പരിചിതമായുള്ളൂ എന്നതിന്റെ ലക്ഷണമല്ലേ അത്? ഒരിക്കൽ വിജയിച്ച വഴികളിലൂടെ വീണ്ടും വീണ്ടും സഞ്ചരിക്കേണ്ടി വരുന്നത് എത്ര ലജ്ജാകരമായ വിഷയമാണ്? ആവർത്തനം. എഴുത്തുകാരൻ ഒരാളല്ല. പല ആളുകളാണ് എന്നിരിക്കെ ഒരേ ആളുടെ ചേഷ്ടാ വിശേഷങ്ങൾ പ്രകടിപ്പിക്കുന്നത് ഉചിതമാണോ? അതിനാൽ പല ശൈലികൾ നാം പരിശീലിക്കേണ്ടതുണ്ട്. പല ആളുകളായി മാറി കവിത എഴുതേണ്ടതുണ്ട്. കൊലപാതകിയായും ഗൃഹസ്ഥനായും മാറുമ്പോൾ അഹം എന്ന ഭാവം അതിൽ കുടിയിരിക്കുന്നുണ്ടോ? എഴുത്താൾ അതിൽ ഉണ്ടോ? അയാളുടെ ദാർഷ്ട്യം സവർണ്ണത അവർണ്ണത കഥാപാത്രത്തിനു ആവശ്യമാണോ കവിതക്ക് ആവശ്യമാണോ? അല്ല എന്നു തന്നെയാണു എന്റെ ഉത്തരം. അത്തരം അടയാളങ്ങൾ ബാക്കി വയ്ക്കാത്ത മികച്ച രചനകൾക്കായി പുത്തൻ ഭാഷകൾ കണ്ടെത്തേണ്ട ചുമതല കൂടി എഴുത്താൾക്കുണ്ട്. ഒരു കുട്ടിയായും യുവാവായും വൃദ്ധനായും മരമായും മാറുമ്പോൾ ഒരേ ഭാഷ നാം ഉപയോഗിക്കുന്നതിലെ സാംഗത്യം ഒന്നോർത്ത് നോക്കൂ. എന്റെ അഭിപ്രായത്തിൽ നാം ഓരോരുത്തരും പരിശീലിക്കയാണു വേണ്ടത്. പല ആളുകളായി നമ്മൾ എഴുതി നോക്കുക. പല എഴുത്തുകാരായി രചന നിർവഹിക്കുക. എളുപ്പ വഴിയാണു ഞാൻ പറയുന്നത്. എഴുത്തുകാരെ അനുകരിക്കുക. കണ്ടാൽ അവരുടേതെന്ന് തോന്നുന്ന രചനകൾ എഴുതി നോക്കുക. ദസ്തയോവിസ്‌കിയെപ്പോലെ എഴുതണം കാർവറെപ്പോലെ ട്രാൻസ്‌ട്രോമറെപ്പോലെ. കിടയറ്റ ഇത്തരം പരിശീലനം അഹം എന്ന ബോധത്തിൽ നിന്നും നമ്മളെ മുക്തമാക്കും. അതിനു ശേഷം നിങ്ങൾ കള്ളനാകൂ. കൊലപാതകിയാകൂ. നിങ്ങൾക്കത് മനസിലാകും. കൂടു വിട്ട് കൂട് മാറുന്ന വിദ്യ. കൃതിക്കാവശ്യമായ ശൈലി അത്തരത്തിൽ മാത്രമേ നമുക്ക് രൂപീകരിക്കുവാൻ കഴിയൂ. വായനക്കാരൻ ഒരു പക്ഷെ ഒരോ കൃതിയിലും തേടുക പഴയ നിങ്ങളെത്തന്നെയായിരിക്കാം. വായിച്ച ശേഷം കഴിഞ്ഞത്ര ഇല്ല പോര എന്ന് പറയുമ്പോൾ തന്നെ മനസിലാക്കിക്കൊള്ളണം അവർ പ്രതീക്ഷിച്ചത് കഴിഞ്ഞ കൃതി ആയിരുന്നു. വായനക്കാർക്ക് പുതിയത് വേണം കൊടുക്കുവാനായിട്ട്. മുന്നിൽ നിന്ന് എഴുത്താൾ നയിക്കണം.
ഇവിടെയുള്ള സുഹൃത്തുക്കളെ കണ്ടുമുട്ടിയപ്പോൾ സവർണ്ണ അവർണ്ണ പ്രയോഗങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിക്കുകയുണ്ടായി. അത്തരത്തിലൊന്ന് മലയാള സാഹിത്യത്തിൽ ഇല്ലെന്ന് പറയുവാൻ സാധിക്കുമോ ഉദാഹരണമായി മണിയൻ ചത്തു, ചിത്തിര തിരുനാൾ നാട് നീങ്ങി. ഈ രണ്ട് വാചകങ്ങളും നമ്മിൽ അങ്കുരിപ്പിക്കുന്ന വിചാരങ്ങൾ എന്തെല്ലാമാണ്? ഇപ്പോൾ തോന്നുന്നില്ലേ വാക്കുകൾക്കും അവർണ്ണതയും സവർണ്ണതയുമുണ്ടെന്ന്? പൊതുമേഖലകൾ, നിയമ വീഥികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സവർണ്ണ ഭാഷയാണ് അടക്കി വാഴുന്നത് എന്നത് ഉറപ്പുള്ള സംഗതിയാണെന്നിരിക്കെ സാഹിത്യത്തിൽ അത്തരമൊരു വിചാരത്തിനു സാധ്യതയുണ്ടോ എന്നു ശ്രദ്ധിക്കേണ്ടതാണ്. പബ്ലിഷിംഗ് ഹൗസുകളുടെ ഗുണനിലവാര മാനദണ്ഡം സവർണ്ണ ഭാഷയാണെന്ന് പറഞ്ഞാൽ ആർക്കാണ് നിഷേധിക്കുവാൻ കഴിയുക. സവർണ്ണ ഭാഷയിൽ സംസാരിക്കുന്ന അവർണ്ണനെ സൃഷ്ടിച്ചവരാണ് പഴയ സാഹിത്യ കുതുകികൾ. അവൻ ഭൂമിക്ക് ഏറെ പ്രിയമുള്ളവർ വിളിക്കുന്ന തെറി പോലും സ്വന്തം ഭാഷയിൽ കൊണ്ട് വരുവാൻ കഴിവില്ലാത്തവർ.

ചില ഉദാഹരണങ്ങൾ കൂടെ
ചോര രക്തം
പ്രേമം പ്രണയം
ചേട്ടൻ ജ്യേഷ്ഠൻ
പാമ്പ് കടിച്ചു സർപ്പ ദംശനമേറ്റു

ഇത് കേവലം പര്യായമല്ലേ എന്നു നിങ്ങൾ മനസിൽ ചോദിക്കുന്നുണ്ടാകണം. എന്നാൽ ഈ വാക്കുകൾ പുറപ്പെടുവിക്കുന്ന അനുഭവതീവ്രതകളെ ശ്രദ്ധിക്കൂ. അനുഭവത്തിന്റെ വേദനയുടെ ആസക്തികളുടെ തീവ്രത മറ്റൊരു വാക്കിനു അനുഭവപ്പെടുന്നത് എന്താണ്? അധികാരത്തിന്റെ ഭാഷയെ തകർക്കുവാനോ റദ്ദ് ചെയ്യുവാനോ ദുർബ്ബലരുടെ ഭാഷക്കാകുമോ? അവർണ്ണ ഭാഷ കേൾക്കുന്ന ഒരു സവർണ്ണന് അത് അറപ്പുളവാക്കുകയും സവർണ്ണ ഭാഷ കേൾക്കുന്ന അവർണ്ണന് അത് അശ്ലീലമായിത്തോന്നുന്നതും എന്താണ്? അവർണ്ണ ഭാഷ നിലവാരത്തകർച്ചയായി പരിഗണിക്കുകയാണല്ലോ വിദ്യാസമ്പന്നരായ അവർണ്ണർ പോലും സവർണ്ണഭാഷയാണ് ഗുണനിലവാരമായി കണക്കാക്കുന്നത് എന്നതും ചിന്തനീയം. ഒരു സാധാരണ എഴുത്താൾ ആർജ്ജിച്ചെടുക്കുന്ന ഭാഷ സവർണ്ണജീവിതത്തോടാണ് ചേർന്നു നിൽക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഓരോ അവർണ്ണനും ഈ ഭാഷയിലാണു വിദ്യാഭ്യാസമടക്കം ചെയ്യേണ്ടതും. മൂടപ്പെട്ടു നിന്ന മരങ്ങളിൽ നിന്നും കോടമഞ്ഞ് ഒഴുകി നീങ്ങിയപ്പോൾ കണ്ട കാഴ്ച പോലെ ഇതെന്നെ അസ്വസ്ഥനാക്കുന്നു.

എഴുത്ത് സംഭവിക്കുന്ന വഴികളെക്കുറിച്ചും ഞങ്ങൾ സംസാരിക്കുകയുണ്ടായി. രണ്ടു തരത്തിലാണ് എഴുത്ത് എന്നിലേക്ക് എത്തിപ്പെട്ടിട്ടുള്ളത് ഒന്ന് പുസ്തകങ്ങളുമായുള്ള നിരന്തര സമ്പർക്കം മൂലം മറ്റൊന്ന് എഴുത്തിലേക്ക് വന്ന് ചേരുന്ന മറ്റ് ഘടകങ്ങൾ മൂലം. പുസ്തകങ്ങൾ നിരന്തരം വായിക്കുന്ന ഒരാൾക്ക് സ്വാഭാവികമായി ഭവിക്കുന്ന പരിശീലനത്തിന്റെ ആത്യന്തികഫലം മാത്രമാണ് എഴുത്ത്. ഭാഷക്കാവശ്യം വാക്കുകളും അക്ഷരങ്ങളുമായി ബന്ധപ്പെട്ട പരിശീലനങ്ങളാണ്. ഒരു എഴുത്തുകാരനെ ചെത്തി മിനുക്കുന്നതും ഭാഷയാണ്. അതിനു മുകളിലാണ് ഭാവനയുടെ നിൽപ്പ്. ഭാഷ സ്വായത്തമാക്കിക്കഴിഞ്ഞാൽ എഴുത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ വ്യത്യസ്തമാകാം അനുഭവങ്ങൾ, ചിത്രങ്ങൾ, സിനിമകൾ, ആനിമേഷനുകൾ, ഗാനങ്ങൾ, ജീവിതങ്ങൾ, ഒരു വാക്ക് പോലുമാകാം. എഴുത്തിലേക്ക് ആവശ്യമായ ഘടകങ്ങളെ പലരീതിയിൽ ശേഖരിക്കുന്ന ഒരു യന്ത്രമാകും എഴുത്താൾ. ഭാഷയോടുള്ള കൗതുകം നഷ്ടപ്പെടുന്ന ഒരാൾ ശ്രദ്ധ പതിപ്പിക്കുക ഉള്ളടക്കത്തിലായിരിക്കാം. ഭാവനയിലായിരിക്കാം. അത്തരത്തിലായിരുന്നു രണ്ടാമത്തെ വഴി. പ്രചോദനം സ്വീകരിക്കുന്ന വഴി. ഈ വഴിയിലെ എഴുത്ത് പുറമേയ്ക്ക് വന്യത നിറഞ്ഞതാകുമെന്നതിൽ സംശയമില്ല. സങ്കീർണ്ണതയെ അഭിസംബോധന ചെയ്യുകയാണ് ഇതിൽ എഴുത്താളിന്റെ കർത്തവ്യം.

രണ്ടുതരം കവിതകളേയും ഞാൻ ഈയിടെ പരിചയപ്പെട്ടു. ജലവുമായാണ് രണ്ടിനേയും ഞാൻ ഉപമിച്ചത് ഒന്ന് തെളിച്ചമുള്ള തടാകമായും മറ്റൊന്ന് കലങ്ങിയൊഴുകുന്ന പുഴയായും. നിരന്തര വായനമൂലം എഴുത്ത് പരിശീലിക്കുന്ന, തെളിച്ചമുള്ള ഭാഷയിൽ ലളിതമായി ജീവിതത്തെ എഴുതുന്ന ഒരു കൂട്ടം എഴുത്തുകാരെ കാണുവാൻ കഴിഞ്ഞു. ആഴമാണ് പരിശീലനത്തിന്റെ ലക്ഷ്യം. മറ്റൊന്ന് സങ്കീർണ്ണമായ ഭാഷയും ഉള്ളടക്കവും നിറച്ച എഴുത്തുകാർ. അത് ഒരു പ്രത്യേക ഇടത്ത് തുടങ്ങുകയും മറ്റൊന്നിൽ അവസാനിക്കുകയും ചെയ്യുന്നു. ആഴത്തേക്കാൾ പരപ്പിനും ഒഴുക്കിനുമാണു പ്രാധാന്യം നൽക്കുന്നത്. മുകളിൽ പറഞ്ഞ നാലു ഘടകങ്ങളേയും ചേരുംപടി ചേർക്കുകയെങ്കിൽ ഭാഷയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവർ എഴുതുന്ന ആഴമേറിയ ലളിത ഭാഷയെയും ഒരേ നുകത്തിൽ കെട്ടാവുന്നതാണ്. സങ്കീർണ്ണതയെ ഒഴുക്കുള്ള കവിതയുമായി ബന്ധപ്പെടുത്താവുന്നതാണ്. എന്നാൽ ഈ രണ്ട് പ്രത്യേകതകളും കൃത്യമായി ഇണക്കിയിരിക്കുന്ന എഴുത്താളാണ് എന്റെ ദൃഷ്ടിയിലെ മികച്ച എഴുത്തുകാരൻ. ഇതിനെക്കുറിച്ചെല്ലാം നമുക്ക് സംസാരിക്കേണ്ടതുണ്ട്. നിങ്ങൾ അയച്ചു തന്ന മുന്നൂറു രൂപയിൽ നൂറോളം തീർന്നു കഴിഞ്ഞിരിക്കുന്നു. കുറച്ച് വാരികകൾക്ക് കവിതകൾ അയച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കുകയാണെങ്കിൽ തീർച്ചയായും പണം മടക്കി നൽകുന്നതാണു. വീണ്ടും വീണ്ടും പണം കടം തരാറുള്ളതിനാൽ നിങ്ങളുടെ ഭാര്യ പ്രശ്‌നമുണ്ടാക്കാറുണ്ടോ? അടുത്ത വട്ടം കാണാൻ വരുമ്പോൾ പൂതപ്പാട്ട് കൊണ്ടു വരുമല്ലൊ? എന്ന് സ്‌നേഹത്തോടെ

മേരി ആ കത്തിന്​ പ്രതികരിക്കുവാൻ ശ്രമിച്ചില്ല. അവളെ സംബന്ധിച്ച് ഇവയെല്ലാം പുതിയ വിഷയങ്ങളായിരുന്നു. അവളടുത്ത കത്തിലേക്ക് നീങ്ങി. വാഹൂ എന്നു പേരുള്ള മുസ്‌ലിം സ്ത്രീക്ക് പ്രതിശ്രുതവരൻ എഴുതിയ കത്ത്.

പ്രിയപ്പെട്ട വാഹൂ,
അള്ളാഹുവിന്റെ കാരുണ്യത്തിൽ നിനക്കവിടെ സുഖമെന്ന് കരുതുന്നു. എനിക്കിവിടേയും സുഖം. കഴിഞ്ഞ കത്തിൽ പറഞ്ഞിരുന്ന തുമ്മലും ജലദോഷവും മാറിയോ? ശ്വാസം മുട്ടലും അലർജിയും ഉണ്ടായിട്ടും എന്തിനാണു നീയെപ്പോഴും വീട് തൂക്കി തുടച്ച് വൃത്തിയാക്കുന്നത്? മറ്റാരെയെങ്കിലും ഏർപ്പാടാക്കൂ. ഞാനുണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ ചെയ്തു തരുമായിരുന്നു. ഉമ്മാനോട് ഞാൻ പറയണമോ? നിന്റെ പഴയ ഭർത്താവ് ഇപ്പോഴും ശല്യം ചെയ്യാറുണ്ടോ? അവനെ നീയോർക്കാറുണ്ടോ? സ്വപ്നം കാണാറുണ്ടോ? ഉറക്കത്തിൽ പേരുച്ചരിക്കാറുണ്ടോ?

എന്റെ വീട്ടുകാർ അത്ര വലിയ പുരോഗമനവാദികൾ അല്ലെന്ന് നിനക്കറിയാമല്ലോ. അതുകൊണ്ട് വീട്ടിൽ നീയിടുന്ന നീളം കുറഞ്ഞ ട്രൗസറുകളെല്ലാം നമ്മുടെ മുറിക്കുള്ളിൽ തന്നെ ഒതുക്കി നിർത്തണം. കഴിഞ്ഞവട്ടം എനിക്ക് സംഭവിച്ച തെറ്റുകൾ എല്ലാം ഞാൻ മനസിലാക്കി കഴിഞ്ഞു. പ്രശ്‌നങ്ങൾ മുഴുവൻ നമുക്കിടയിൽ തന്നെ പറഞ്ഞു തീർക്കേണ്ടതുണ്ട്. വീട്ടുകാർ പലതും വഷളാക്കുകയേയുള്ളൂ. വീട്ടിൽ നീയുണരുന്നത് ഒൻപതുമണിക്കാണെന്ന് എനിക്കറിയാം. ഉറക്കത്തെ നിനക്കെത്രമാത്രം ഇഷ്ടമെന്നും എനിക്കൂഹിക്കാവുന്നതേയുള്ളൂ. എന്റെ വീട്ടിലേക്ക് വരികയാണെങ്കിൽ ഏഴരക്കെങ്കിലും ഉണരേണ്ടി വരും. അവിടെ ഉമ്മയും മറ്റുള്ളവരും അതികാലത്ത് തന്നെ എഴുന്നേൽക്കും. നമ്മൾ മാത്രമുള്ള ജീവിതത്തിൽ പന്ത്രണ്ടു വരെ നീയുറങ്ങിയാലും എനിക്ക് സന്തോഷമേയുള്ളൂ പ്രിയേ. നേരത്തേയുണരുവാൻ നേരത്തേയുറങ്ങുവാൻ പഠിക്കണം. പുസ്തകം വായന കുറച്ചു നാളേയ്ക്ക് മാറ്റി വയ്ക്കണമെന്നാണു എന്റെ അഭ്യർത്ഥന. എനിക്ക് നിന്നോടൊരു രഹസ്യം പറയാനുണ്ട്. ആദ്യമേ തോന്നിയതാണു. ഞാൻ നിന്നെ പേരുമാറ്റി ഹാവൂ എന്ന് വിളിച്ചോട്ടെ?

ഭർത്താവ് മൊഴി ചൊല്ലിയ അത്രയും അനായാസകരമായി നിന്നെ ഹാവൂ എന്നു പേരുമാറ്റി വിളിക്കട്ടേ? പേരു മാറ്റുവാൻ ആദ്യപടിയായി പത്രത്തിൽ പരസ്യം കൊടുക്കണം. മാതൃഭൂമിയിലോ മലയാള മനോരമയിലോ ഒന്നും വേണ്ട ഏതെങ്കിലും ഒരു സാധാരണ പത്രത്തിൽ. അതാരും ശ്രദ്ധിക്കരുതെന്ന ഉദ്ദേശത്തിൽ തന്നെ പറഞ്ഞതാണ് കേട്ടോ. പേരു മാറ്റിയ വിജ്ഞാപനത്തിനു ശേഷം ഹാവൂ എന്നു നിന്നെ വിളിക്കുന്ന ഓരോപ്രാവശ്യവും മുടിക്കോതിത്തരുന്നപോൽ ആരോ എന്നെ ഇവിടെ ആശ്വസിപ്പിക്കും. കണ്ണിലെ കരട് എടുത്ത് തരുന്നപോൽ കണ്ണുനീർ തുടച്ച് തരും. നിസ്‌കാര-തഴമ്പിലുള്ള നിന്റെ ആദ്യ ചുംബനം പോലെ, നോമ്പ് മുറിക്ക് പിഴിഞ്ഞ പഴച്ചാറ് പോലെ, ഓരോ പ്രാവശ്യവും കാറ്റിൽ ഉലഞ്ഞുമാറുന്ന ശിരോവസ്ത്രത്തിനിടയിലൂടെ ഇടംകണ്ണിട്ട് എന്നെ നോക്കും പോലെ, മലക്കുകൾ നമ്മുടെ സ്‌നേഹം കാത്ത് സൂക്ഷിക്കും പോലെ, മേഘത്തിലെ കടും ചുവപ്പ് മാറുന്നതിനു മുൻപ് മഗരിബ് കഴിക്കും പോലെ നിന്റെ സ്‌നേഹം എന്നെ കോതിയൊതുക്കും. നിന്നെ പിന്തുടർന്നു വിഷമിപ്പിച്ച മതവാക്താക്കളേയും ഉസ്താദുമാരേയും വഹിക്കുന്ന കുതിരകളെ മയക്കിയെടുത്ത് മുറിയിലെ ചായം തേക്കാത്ത ചുമരിലെ ചിത്രത്തിലേക്കു കുതിപ്പിക്കണം. സൈക്കിളിന്റെ പിറകിലൂടെ കടൽത്തിരകളേയും പൊടിക്കാറ്റിനേയും, കാക്കകളേയും നീയാണോ ആദ്യമായ് ഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നത് ? ഹാവൂ, പേശി വലിവിനുള്ള തൈലം തൂവൽ കൊണ്ട് പുരട്ടിത്തരുന്നതിനിടയിൽ കളിയായി കാൽ വെള്ളയിലൂടെ തൂവലോടിക്കുമ്പോളുണ്ടാകുന്ന കുളു കുളു നീ സങ്കടപ്പെടുന്നതു കണ്ടു തൊലിക്കടിയിൽ വീർപ്പുമുട്ടി ശ്വാസം കിട്ടാതെയൊടുവിൽ ഉണങ്ങാത്ത മുറിവിന്റെ വൃക്ഷമായ് പൂത്തു നില്ക്കും.

എത്രയും സ്‌നേഹം? ഇത്രയും
എത്രയും? ഇ...ത്രയും
എന്നു പറഞ്ഞ് കൈകൾ വിടർത്തി കാട്ടിത്തരുമ്പോൾ ഒന്നു പകക്കുവാൻ പോലും സമയം തരാതെ അതിനുള്ളിലേക്ക് കമിഴ്ന്ന് വീണ പോലെ കെട്ടിപ്പിടിച്ചപ്പോഴേ അനായാസമായി നിന്നെ ഹാവൂ എന്നു വിളിക്കുവാൻ എനിക്ക് കഴിഞ്ഞു.
ഹാവൂ
ഹാവൂ ഹാവൂ നോക്ക് എനിക്കെന്തൊരാശ്വാസം
ഹാവൂ ഹാവൂ ഹാവൂ ഹാവൂ ഹാവൂ ഹാവൂ ഹാവൂ ഹാവൂ ഹാവൂ ഹാവൂ ഹാവൂ ഹാവൂ
ആശ്വാസമേ
ആ കത്ത് അവളെ ചെടിപ്പിച്ചു. കാമുകന്റെ വാക്കുകളെ അവൾക്ക് ബോധിച്ചില്ല. എങ്കിലും വാഹൂ എന്ന് പേരിട്ട മാതാപിതാക്കളെ അവൾ മനസാൽ അംഗീകരിച്ചു. അവൾ അലമാരിയിൽ നിന്നും ഒരു വസ്ത്രമെടുത്ത് തലയിലൂടെ ചുറ്റി വാഹൂ ആയി മാറി. മേരി വാഹൂവിന്റെ കാമുകനു തിരിച്ച് കത്തെഴുതി.

പ്രിയപ്പെട്ടവനേ,
എന്റെ മുൻഭർത്താവ് എന്നെ മൊഴി ചൊല്ലിയതിനു രണ്ട് കാരണങ്ങളായിരുന്നു
1 ഞാൻ നാലുചക്ര വാഹനം ഓടിക്കുവാൻ പഠിക്കുന്നു
2 കക്ഷം വെളിവാക്കുന്ന വസ്ത്രങ്ങൾ അണിയുന്നു

ഇക്കാരണങ്ങളാൽ അയാളെന്നെ ഒഴിവാക്കിപ്പോയതിൽ എനിക്ക് അഭിമാനം മാത്രമാണ് തോന്നുന്നത്. സുബാഹനള്ളാ. അതുകൊണ്ട് കൂടിയാണല്ലോ നിങ്ങളെന്റെ ജീവിതത്തിൽ വന്നതും. പഴയ ഭർത്താവിന് ചുഴലിയുടെ അസുഖം ഉണ്ടായിരുന്നു. പെട്ടെന്ന് അത് പിടിപെട്ടാൽ ആശുപത്രിയിലേക്ക് പോകുവാൻ ഏത് രാത്രിയിലും ബുദ്ധിമുട്ടണ്ട എന്നു കരുതിയാണ് ഡ്രൈവിംഗ് പഠിച്ചത്. വേനൽക്കാലത്തെ ചൂട് കാരണമായിരുന്നു പർദ്ദ ഊരിപ്പിടിച്ചത്. നിർഭാഗ്യവശാൽ അന്ന് ഉള്ളിൽ ഇട്ട ചുരിദാർ സ്ലീവ്‌ലസ് ആയിപ്പോയി. അല്ലെങ്കിൽ തന്നെ എന്താ കക്ഷം കാണിക്കുന്ന വസ്ത്രം എനിക്കണിഞ്ഞു കൂടെ? കക്ഷത്തിനുള്ളിൽ മനുഷ്യരെ ആകർഷിക്കുന്ന എന്താണുള്ളത്? പൂക്കളോ?

പ്രിയപ്പെട്ടവനേ എന്റെ അത്തറുകുപ്പി പോലെ ഞാൻ നിന്നെ മണക്കും. അതിന്റെ ഗന്ധം പോലെ നിന്റെ മണം അണിയും. എന്റെ പ്രേമവും സ്വാതന്ത്ര്യവും ഒന്ന് തന്നെയാണെന്ന് നീയറിയുക. എന്റെ കൂട്ടിമുട്ടിയ പുരികങ്ങളെ പോലെ നമ്മൾ ഒരിക്കൽ ഒരുമിക്കും. നീ എന്നു വന്നു കൂട്ടിക്കൊണ്ട് പോകുമെന്ന ആകാംക്ഷയിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ്. എത്രയും വേഗം വരണം. ഇൻഷാ അള്ളാഹ്. എന്നിട്ട് പരുന്തുകൾ വട്ടമിടുന്ന നിങ്ങളുടെ നാട്ടിൽ നമുക്ക് പോകാം. ആടുകളേയും പശുക്കളേയും വളർത്തി ജീവിക്കാം. കൃഷി ചെയ്യാം. നാം വിശന്നിരുന്നാലും മക്കളെ ഊട്ടാം. തൊഴുത്തിലാണെങ്കിലും സ്വയം ജ്വലിച്ച് അവർക്ക് ചൂടും പ്രകാശവും പകർന്നു നൽകാം. എന്തിന് നിങ്ങളുടെ കാൽനഖം അമിതമായി വളരുമ്പോൾ ഞാനത് വൃത്തിയാക്കിത്തരുമായിരിക്കും. കാരണം സ്‌നേഹത്തിൽ അടിമപ്പെട്ടു പോകുന്നവരിൽ ഒരാളാണ് ഞാനും.

സ്ത്രീയുടെ സ്‌നേഹം ലഭിക്കയെന്നാൽ അവളെ വേദനിപ്പിക്കുന്നതിനുള്ള അധികാരത്തിന്റെ താക്കോൽ കയ്യിൽ കിട്ടി എന്ന് കരുതാതിരിക്കുക. എന്നാലോ തന്നെയെന്ന പോലെ അവളേയും പരിഗണിക്കുക. നിങ്ങളുടെ സമയം അവൾക്കായി നൽകുക. മണൽക്കാറ്റുകളിൽ നിന്നും വരൾച്ചകളിൽ നിന്നും അവളുടെ സ്‌നേഹം നിങ്ങളെ സംരക്ഷിക്കും. ആ മരുഭൂവിലെ മരുപ്പച്ച പോലെ നിങ്ങളുടെ ഏക ആശ്വാസം അവളായി മാറുന്ന ദിനം ഇതാ ആഗതമായിരിക്കുന്നു. വരൂ നമുക്കൊരുമിച്ച് നമസ്‌ക്കരിക്കാം. ഒരുമിച്ച് നോമ്പ് നോക്കാം. നിങ്ങളുടെ ശരീരത്തിൽ ആദ്യമെത്തുന്ന പഴച്ചാറാകാം ഞാൻ. കാൽപ്പാദത്തിലെ നിസ്‌ക്കാര തയമ്പിൽ ചുംബനവും. യാ റബ്ബ്. ദൈവം നമ്മെ ഒന്നിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. അൽ ഹം ദുലില്ല.
എന്ന് വാഹൂ

വാഹൂവിനെ മേരി സഹതാപത്താൽ ഓർത്തു നോക്കി. പർദ്ദക്കുള്ളിലെ ചൂട് ഊഹിച്ചു നോക്കി. ഭർത്താവ് ഉപേക്ഷിച്ച അവളെ കാമുകൻ വന്ന് രക്ഷിച്ച് കൊണ്ട് പോകുന്നത് അവൾ സങ്കൽപ്പിച്ചു. അവൾ കാറോടിക്കുവാൻ പഠിക്കുന്നതും കൊതി തീരെ രാജ്യം മുഴുവൻ കാറിൽ കറങ്ങുന്നതും മനസിൽ കണ്ടു. അവൾക്കിഷ്ടമുള്ള വസ്ത്രമണിഞ്ഞ് കാമുകനൊപ്പം ലോകവസാനം വരേയ്ക്കും ജീവിക്കുവാൻ ആശംസിച്ചു. അയാളയച്ച കത്തിനായി ജനാലയിൽ നിന്നും അകലേക്ക് നോക്കി നിൽക്കുന്ന മുഖം കുനിഞ്ഞ ഒരു രൂപം അവ്യക്തമായി അവൾ കണ്ടു. അവരുടെ ഭാവിയെക്കുറിച്ചാലോചിച്ച് ആശങ്ക തോന്നി.▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments