ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

3am

അധ്യായം 12 തുടർച്ച: To, From

സഹോദരി സഹോദരനെഴുതിയ ഒരു നീല ഇല്ലൻറ്​.

പ്രിയപ്പെട്ട അനിയന്,
സുഖമെന്ന് കരുതുന്നു. പ്രധാനപ്പെട്ട കാര്യം അറിയിക്കുന്നതിനാണ് ഈ കത്ത്. അച്ഛനെ കാണ്മാനില്ല. അന്വേഷണം പലയിടങ്ങളിലായി വ്യാപിക്കുന്നുണ്ടെങ്കിലും നിന്നോട് ഒന്ന് അറിയിക്കാമെന്ന് കരുതി. ചിലപ്പോൾ കത്ത് എത്തുമ്പോഴേക്കും അച്ഛൻ വീട്ടിൽ തിരികെയെത്തിയിരിക്കും. പറ്റുമെങ്കിൽ എവിടെ നിന്നെങ്കിലും ഫോൺ വിളിക്കുമോ? നമ്പർ അറിയുന്നതാണല്ലോ. അവൾക്കും കുട്ടികൾക്കും സുഖമല്ലേ? സുമക്ക് ഈ വട്ടം നല്ല മാർക്കുണ്ടോ?

വല്ലാത്ത സൂക്ഷ്മതയായിരുന്നു അച്ഛനീയിടെ. ദേഹത്തിലൊരു ഉറുമ്പു കയറിയാലെന്ന പോലെ പറമ്പിലേക്ക് വഴി തെറ്റി വരുന്ന തെരുവു നായ്ക്കളിൽ അച്ഛൻ അസ്വസ്ഥനായി. കടലുകൾ, പർവതങ്ങൾ , മരുഭൂമികൾ താണ്ടിയണയും യുദ്ധത്തെ കണ്ട് ഭയക്കും ഭരണാധികാരികളെ പോലെ അച്ഛനന്ന് വിറപൂണ്ടു. തെങ്ങിൽ നിന്നും മുറ്റത്തേക്കിറങ്ങിയ അണ്ണാനെ വീക്കിയോടിക്കുന്നതിനിടയിൽ മുറിഞ്ഞു പോയ വാലിനെ കയ്യിലെടുത്ത് അതിൽ രക്ത വാഹിനികളെ കണ്ട് തലകറങ്ങി. മുപ്പത്തി മൂന്നു വർഷം സൂപ്പർവൈസറായി ജോലി ചെയ്ത സമയത്തൊക്കെ കൊണ്ട് നടക്കുമായിരുന്ന ദണ്ഠിലുറപ്പിച്ച നീളൻ കത്തി അമ്മിക്കല്ലിൽ രാകി മിനുക്കി തുടച്ചു വച്ചു. രാത്രികളിൽ സ്വപ്നം കണ്ട് വലിയ വായിലലറി. പേരമക്കളോട് രാത്രികളിലിവിടെ പൊലീസ് കയറിയിറങ്ങിയതായും അച്ചാച്ചൻ വീടിനെ അവരിൽ നിന്നും ഒളിപ്പിച്ചതായും പറഞ്ഞു കൊടുത്തു. മരണം അടുക്കും സമയം ചിലർ കാണുന്ന സ്വപ്നങ്ങൾ പോലെയാണ് അതെല്ലാം എനിക്ക് തോന്നിയത്. മരണത്തിന്റെ മണം അത് നമുക്ക് തിരിച്ചറിയാനാകുന്നതേയുള്ളൂ.

പകൽ സമയങ്ങളിലുറങ്ങി രാത്രി വീടിനു കാവൽ കിടന്നു കൊണ്ട് എന്തിൽ നിന്നോ ഞങ്ങളെ രക്ഷിക്കുന്നതിനായി അച്ഛൻ തയ്യാറെടുത്തു. വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്ന മലവെള്ളത്തെ പോലും നിരീക്ഷിച്ചു. ഒരു പക്ഷെ താൻ മരിച്ചു പോയതായി അച്ഛൻ കണക്കാക്കി. ശരീരമില്ലാത്തവനാണെന്ന് വിശ്വസിച്ചു. തന്റെ പേരമക്കൾ താമസിക്കുന്ന വീട് ആപത്തുകളിൽ നിന്നും രക്ഷിക്കേണ്ടത് പരേതനായ തന്റെ കടമയാണ് എന്ന് അലച്ചു. രാത്രിയിൽ വന്നുകയറുന്ന ദുഷ്ടാത്മാക്കളിൽ നിന്നും അതിർത്തി കാക്കും കാവൽക്കാരനായ് നിലകൊണ്ടു. വീടിനു മുൻപിലൊരു കൂറ്റൻ മലയായി നിലകൊണ്ടു. ആളുകൾ മലയിൽ നോക്കി കൈ കൂപ്പി. മേഘങ്ങളവിടെ ഇരുണ്ടുരുണ്ടുകൂടി. പക്ഷികൾ വലം വച്ചു. മരങ്ങൾ ചുറ്റിലും വളർന്നു. പൂച്ചവാൽ ചെടികൾ ശരീരത്തിനായി ഓടി നടന്നു. അവിടേയ്ക്ക് അതിക്രമിച്ചു കടക്കുന്നവരുടെ കണങ്കാലുകളിൽ നാരകമുള്ളുകൾ പഴുപ്പ് കുത്തി കൊടുത്തു.
കാണാതാകുന്നതിനു മുൻപ് അച്ഛൻ പറഞ്ഞ വാക്കുകൾ ഞാൻ ഓർക്കുന്നു. ""അവർ വരുന്നുണ്ട്. കാലം മറന്നാലും കാടുകൾ ഒന്നും മറക്കില്ല''

ഹാരിസൺ എസ്റ്റേറ്റിലെ കൂട്ടക്കൊലക്ക് ശേഷം അച്ഛനുണ്ടായ മാറ്റം നിനക്കും ഓർമ്മയുള്ളതാണല്ലോ. ആയിടെ അച്ഛൻ അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. കാണാതാകുന്ന രാത്രി വസ്ത്രങ്ങളുരിഞ്ഞിട്ടിരുന്നു.

മുറിയുണ്ടായിരുന്നതുപോലെത്തന്നെ മുറിയുന്നുണ്ടായിരുന്നു. ഏതാനും കടലാസു തുണ്ടുകൾ കറങ്ങുന്ന പങ്കയുടെ വായുമാറ്റത്തിൽ നാടോടികളായി സ്ഥാനം മാറിക്കൊണ്ടിരുന്നു. ദേഹത്തു നിന്നും കൊഴിഞ്ഞ കട്ടി രോമങ്ങൾ പുതപ്പിലും വസ്ത്രങ്ങളിലും പറ്റി നിന്നു. കട്ടിലിനടിയിൽ വച്ചിരുന്ന മൂത്രമൊഴിക്കുന്ന കോളാമ്പിയിൽ കഫം പൊന്തി. തുപ്പിക്കളഞ്ഞ പുകയിലയുടെ പൊറ്റ തെറിച്ചു കിടന്നു. കുഴമ്പിന്റെ മണം പറ്റിയ കിടക്കവിരിയിൽ അലയുന്ന വരയാടുകൾ. കുടിക്കുവാനെടുത്ത ചൂടുവെള്ളത്തിൽ പ്രാണികൾ ചത്തു മലർന്ന് സഞ്ചരിച്ചു. അസാധാരണമതിസാധാരണമാമീമുറി നിശ്ചലം. അച്ഛന്റെ അഭാവം മുറിയിൽ നിന്നും ഓളങ്ങളുടെയിളക്കം ഒഴുക്കിക്കളഞ്ഞു.

അച്ഛൻ ചാരിയ ചുമരിൽ മുടിയുടെ മെഴുക്ക് കറുത്ത നിറത്തിൽ സാന്നിധ്യം രേഖപ്പെടുത്തി. ലൂണാർ ചെരിപ്പിലെ കാലടിപ്പാട്. അച്ഛൻ മാത്രം കഴിക്കുന്ന ഭക്ഷണ പാത്രം. അതിൽ അമ്മക്കെന്ന് പറഞ്ഞ് ബാക്കി വയ്ക്കാറുണ്ടായിരുന്ന ഭക്ഷണപങ്ക്. മൂക്കിൽ പാടുളവാക്കിയ കണ്ണട. അണിയാറുള്ള വാച്ചിലെ അഴുക്കും വിയർപ്പും. കിടയ്ക്കക്കടിയിൽ സൂക്ഷിച്ച അമ്മയുടെ സാരി.

സുഗന്ധപൂരിതമായ പാനീയം മുറിയുടെ വിയർപ്പു ഗ്രന്ഥികൾ പുറപ്പെടുവിച്ചു. "കാലം മറന്നാലും കാടുകൾ ഒന്നും മറക്കില്ല' എന്ന് ചുമരുകളിൽ കരിക്കട്ടകളാൽ എഴുതി വച്ചിരുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. നീയതൊന്ന് ശ്രദ്ധിക്കണം. മാനസിക പിരിമുറുക്കത്താൽ നാട് വിട്ടതാണെന്നാണ് പ്രാഥമിക നിരീക്ഷണം. പക്ഷെ എനിക്കെന്തോ മറ്റാരുടേയോ സാമീപ്യം അച്ഛൻ മുൻകൂട്ടി അറിഞ്ഞിരുന്നത് പോലെ തോന്നുന്നു. നിനക്കവിടെ സുഖമല്ലേ. ജോലിയൊക്കെ നന്നായി പോകുന്നില്ലേ?

മേരിയുടെ ഓർമ്മയിൽ ആരോ കൊത്തി വച്ച ഒരു പേര് അപ്പോൾ ഉണർന്നു. മേരി ഹാരിസണിലെ കൂട്ടക്കൊലയുടെ ചരിത്രം അന്നമ്മേച്ചിയമ്മയോട് ആരാഞ്ഞു. അവർ തന്റെ സ്വാഭാവികമായ ശൈലിയിൽ പൊടിപ്പും തൊങ്ങലും വച്ച് കാട് ഇറങ്ങി വന്ന ശവഘോഷയാത്രയെപ്പറ്റി മേരിക്ക് പറഞ്ഞു കൊടുത്തു. കൊല ചെയ്യപ്പെട്ട തൊഴിലാളികളോട് മേരിക്ക് അനുകമ്പ തോന്നി. പട്ടിണിയായ അവരുടെ കുടുംബങ്ങളെ അവൾ ഓർത്തു. അവൾ പേനയെടുത്തു.

ചേച്ചീ,
അവിടെ നിന്നുമിറങ്ങിയതിന്റെ അടുത്ത ദിവസം അച്ഛനെന്നെ കാണുവാൻ വന്നിരുന്നു. കൂടെ പൂച്ചകളും. പുറകിൽ പൂച്ചകൾ മനുഷ്യക്കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ കരഞ്ഞു ബഹളമുണ്ടാക്കി. അവരിൽ നിയന്ത്രണമുണ്ടായിരുന്നതു പോലെ, അച്ഛൻ തിരിഞ്ഞു നോക്കിയപ്പോൾ പൂച്ചകൾ കോട്ടുവാ ഇട്ടുകൊണ്ട് ഉരസലുകളിലേക്ക് വകഞ്ഞു. വയലുകളിൽ യന്ത്രക്കലപ്പകൾ ഉഴുതുപേക്ഷിച്ച വടുക്കൾ ഏതോ കാലത്തിൽ അനുഭവിച്ച വിശപ്പായി നെറ്റിയിലെ ചുളിവുകളിൽ തെളിഞ്ഞു കിടന്നിരുന്നു. വെയിലേറ്റ വയലറ്റു നിറം. വേട്ടക്കമ്പം മുറ്റിയ പുരികങ്ങൾ കറുത്ത തേരട്ടകളെപ്പോലെ ആയിരം കാലുകളിൽ മുഖത്ത് മുഴുവനുമിഴഞ്ഞ് നടന്നു. കവിളെല്ലുകളുടെ രൂക്ഷത മലയാടുകളുടെ മുഖങ്ങളെപ്പോലെ അച്ഛനെ കൂർപ്പിച്ചു മിനുക്കി. അച്ഛനെന്നോടും പറഞ്ഞു നീയവരെ മറന്നാലും കാടുകളൊന്നും മറക്കില്ല മകനേ. അച്ഛൻ സൂചിപ്പിച്ച കാട് അച്ഛന്റെ ഭൂതകാലം തന്നെയായിരുന്നു. മനുഷ്യരെ ഇല്ലാതാക്കുവാൻ കൂട്ടുനിന്ന പ്രവൃത്തി, നീതിയിൽ വിശ്വസിച്ചിരുന്ന അച്ഛനു എളുപ്പമായിരുന്നില്ല. ഇരകളുടെ ഉടയവരുടെ കണ്ണുനീരിനു പകരം വയ്ക്കുവാൻ കഴിയുന്നതായിരുന്നില്ല ബാക്കിയായ തന്റെ ജീവിതമെന്ന് അച്ഛൻ പിറുപിറുത്തു. കർമ്മഫലം തന്നെത്തേടി എത്തിയതായി അദ്ദേഹം കണക്കാക്കി. ജോലിക്കിടെ സംഭവിച്ച ആ നിരാശാജനകമായ കൊലപാതകങ്ങൾ അച്ഛന്റെ നെഞ്ചിലൊരു ദ്വാരം വീഴ്ത്തിയതായി, അതിലൂടെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെല്ലാം ചോർന്ന് പോയിരുന്നതായും ദീർഘമായ തന്റെ യാത്രക്ക് പുറപ്പെടുന്നതിനു മുൻപ് അച്ഛനെന്നെ അറിയിച്ചു. എന്റെ കയ്യിലുണ്ടായിരുന്ന കുറച്ച് പണം യാത്രക്കായി ഞാൻ പോക്കറ്റിൽ തിരുകി കൊടുത്തു. എത്രയും വേഗം തിരിച്ചു വരാമെന്ന ഉറപ്പിൽ എന്നെ വിട്ടിറങ്ങുകയായിരുന്നു അച്ഛൻ. തവളകളുടെ കാൽപ്പത്തികളുടെ ആകൃതിയിൽ ഇലകളുള്ള കടച്ചക്കമരം അച്ഛനെ കൈകൾ വീശി യാത്രയാക്കി.

അച്ഛന്റെ മകൾ ഇത് വായിച്ച് തൽക്കാലം അടങ്ങിക്കോളുമെന്ന് മേരി പ്രതീക്ഷിച്ചു. അവൾ പശവച്ച് കത്ത് ഒട്ടിച്ച് വിലാസം എഴുതി കൈകൾ സ്വന്തം വസ്ത്രത്തിൽ തുടച്ചു. പശയുടെ മിന്നുന്ന ഒരു പടലം വസ്ത്രങ്ങളിൽ പറ്റിച്ചേർന്നു. ജീവിതത്തിലെ തെറ്റുശരികളെക്കുറിച്ച് മേരി ആലോചിച്ചു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നുള്ള കുട്ടിക്കാലത്തെ അറിവിനെ അവൾ നിരാകരിച്ചു. തെറ്റ് ശരി എന്നിവ ആപേക്ഷികമായിരിക്കെ പ്രകൃതിയെന്ന ന്യായാധിപനെ സംശയിക്കേണ്ടതുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. പകരം കർമത്തിൽ അവൾക്ക് വിശ്വാസം വന്നു തുടങ്ങി. ധാർമ്മികവും അധാർമ്മികവുമായ ഏത് കർമങ്ങൾക്കും ഫലങ്ങളുണ്ടെന്നും അത് ന്യായാന്യായങ്ങളിൽ നിന്നും വിമുക്തമാണെന്നും അവൾ തന്റെ നോട്ട് പുസ്തകത്തിൽ കുറിച്ചു വച്ചു. കുറ്റബോധം എന്നത് സമൂഹത്തിന്റെ സൃഷ്ടിയാണെന്നും ഈ വിശ്വാസങ്ങൾക്ക് അതീതമായ വ്യക്തികൾ മാനസികമായി ശക്തരാകാനുള്ള സാധ്യതയെപ്പറ്റി ആലോചിച്ച് കൊണ്ട് അവൾ അടുത്ത കത്ത് ഒരിക്കൽ കൂടി വായിച്ചു നോക്കി.

അമ്മ മരിച്ചു പോയതറിയാതെ ഗൾഫിൽ ജോലി ചെയ്യുന്ന മകൻ എഴുതിയ കത്ത്. ഈ കത്തിനെപ്പറ്റി അപ്പൻ അന്നമ്മേച്ചിയമ്മയോട് പറഞ്ഞത് അവൾ കേട്ടിരുന്നു. മകന് ആകെയുള്ള അമ്മയും അമ്മയ്ക്ക് ആകെയുള്ള മകനും. അതിലൊരാളാണ് ഇല്ലാതായിപ്പോയത്. കത്ത് എവിടെ സൂക്ഷിക്കും എന്നറിയില്ല. അവൾ ആലോചന നിറുത്തി കത്തിലേക്ക് കടന്നു.

എത്രയും ബഹുമാനം നിറഞ്ഞ അമ്മക്ക്,
അമ്മയുടെ വയറു വേദന മാറിയോ? ഇത്രയും നാൾ എഴുതുവാനായി വിശേഷങ്ങൾ ഉണ്ടായിരുന്നെങ്കിലും കയ്യിലധികം പൈസ ഇല്ലാതിരുന്നതിനാൽ വേണ്ടെന്ന് വക്കുകയായിരുന്നു. അമ്മയുടെ പിശുക്ക് എനിക്കും കിട്ടിയിട്ടുണ്ട്. എങ്ങനെ കിട്ടാതിരിക്കും പിശുക്കിപ്പിശുക്കിയല്ലേ ഇവിടെവരെയെത്തിയത്. ഇന്നലെ എനിക്ക് ആദ്യ ശമ്പളം കിട്ടി. അവിടത്തെ ഇരുപത്തയ്യായിരം രൂപയ്ക്ക് അപ്പുറം വരും. കടങ്ങളെല്ലാം നമുക്ക് പതുക്കെ പതുക്കെ വീട്ടാം. നാട്ടിൽ മഴയൊക്കെയുണ്ടോ? ഇവിടെ ഞാൻ മുഴുവൻ സമയവും എ സിക്ക് അടിയിലാണ്. അടുത്ത വർഷം നാട്ടിൽ വരുമ്പോഴേക്കും ഞാനാകെ മാറും. കുടവയർ വരുമെന്ന് തോന്നുന്നു. ഇരുന്നുള്ള ജോലിയല്ലേ. പിന്നെ മുടിയൊക്കെ കൊഴിയുന്നുണ്ട്. അമ്മ തന്നയച്ച കാച്ചിയ എണ്ണ ഞാൻ തേക്കുന്നുണ്ട് പക്ഷേ തലയിൽ നിന്നും താരൻ പോകുന്നില്ല. ഇവിടെ രാവിലെ നല്ല വെളിച്ചമാണ്. ഒൻപതു മണിക്കൊക്കെ പൈപ്പിലൂടെ വരുന്ന വെള്ളം തിളക്കുന്ന ചൂടുണ്ടാകും. ഇവിടെ പല രാജ്യക്കാരും ഉണ്ട്. ആളുകളുടെ അത്രയും സ്വകാര്യ വാഹനങ്ങളും കാണും. അമ്മ കരുതുന്ന പോലെയല്ല ഇവിടെ. പണമുണ്ടായാൽ എന്തും കിട്ടും. കഴിഞ്ഞ ആഴ്ച നമ്മുടെ നാട്ടുകാരിയായ ഒരുവളെ കണ്ടു. ഇവിടുത്തെ ഒരു ബാറിൽ മദ്യം വിളമ്പൽ ആണ് ജോലി. അവൾക്ക് ടിപ്പ് കൊടുക്കുവാൻ ഇവിടെ വലിയ തിക്കുംതിരക്കുമാണ്. പിന്നെ നാട്ടിലെപ്പോലെയല്ല എനിക്കിവിടെയാണ് സുഖം. അലക്കുന്നതിനായി വാഷിംഗ് മെഷീൻ, കഴിക്കാൻ നാട്ടിലേക്കാൾ കൂടുതൽ വിഭവങ്ങൾ. എനിക്കിഷ്ടപ്പെട്ടു. അമ്മയേയും ഒരു ദിവസം കൊണ്ട് പോകുന്നുണ്ട്. ശമ്പളം ഒക്കെ ഒന്നു കൂടട്ടേ. നാട്ടിലെ ഉത്സവങ്ങളൊക്കെ കഴിഞ്ഞുവോ? അടുത്ത വട്ടം നമുക്ക് ഒരാനയ്ക്ക് പറ എടുപ്പിക്കണം. ചെണ്ട മേളക്കാർക്ക് ഭക്ഷണം കൊടുക്കണം.

കടങ്ങളൊക്കെ വീട്ടി നമുക്ക് അമ്മക്ക് ഭാഗം കിട്ടിയ സ്ഥലത്ത് ഒരു വീട് വെക്കാം. അത്ര വലുതൊന്നും വേണ്ട. ഞാൻ പുതിയ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അപ്പോൾ ബാങ്ക് തന്നെ ലോൺ തരുമെന്നാണു കൂടെ ജോലി ചെയ്യുന്ന റസാഖ് പറഞ്ഞത്. പിന്നെ ഞാൻ ഇപ്പോൾ തന്നെ വീടിന്റെ പ്ലാൻ കമ്പനിയിലെ എഞ്ചിനീയറെ വച്ച് വരപ്പിച്ചു. രണ്ട് ബെഡ് റൂം അറ്റാച്ച്ഡ്, ഹാൾ, പൂജ മുറി, അടുക്കള സിറ്റ് ഔട്ട് ഇത്ര ഉള്ളത്. പിന്നെ അമ്മക്ക് ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ കല്യാണം കഴിക്കണം. കഷ്ടപ്പാടൊക്കെ അറിഞ്ഞു വളർന്ന ആരെങ്കിലും ഒക്കെ മതി. പിന്നെ ഇവിടെ ബസും ട്രെയിനും ഒക്കെ എ.സിയാ. സാധനങ്ങൾ വാങ്ങുവാൻ വലിയ വലിയ കടകൾ ഉണ്ട്. ഒരു സ്ഥലത്ത് കയറിയാൽ വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും അവിടന്നു തന്നെ വാങ്ങുവാൻ സാധിക്കും. ചൈനാക്കാരുടെ പോലെ ഒരു കൂട്ടർ ഇവിടെ ഉണ്ട് ഫിലിപ്പീൻസുകാർ. അവരാണു ഇവിടെ കൂടുതൽ. അവർക്ക് നമ്മുടെ കഴുത്തൊപ്പമേ കാണൂ ഉയരം.

പിന്നെയെന്താ ഉം. ഞാൻ കുറച്ചു പൈസ അമ്മയ്ക്ക് എത്തിക്കുവാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. കത്ത് അവിടെ എത്തുന്നതിനും മുൻപ് പൈസ എത്തിക്കാണും. ഞാൻ ഒരു ജോഡി ഷൂസ് കൂടെ വാങ്ങി. 10 ദിർഹം. എന്നു പറഞ്ഞാൽ ഇവിടെ ഇതു പോലുള്ള സാധനങ്ങൾക്ക് വില അധികമില്ല നല്ല ഗുണനിലവാരമുള്ള സാധനവും കിട്ടും. നമ്മടെ കഷ്ടപ്പാടൊക്കെ മാറാൻ പോകുകയാണ് അമ്മേ. ദൈവം ആയിട്ട് നമുക്കൊരു വഴി കാണിച്ചു തന്നിരിക്കാ. ഞാൻ ഇനി നാട്ടിൽ വരാൻ ഒരു വർഷം പിടിക്കും. അതു വരെ അമ്മ അവിടെ തന്നെ നിൽക്കൂ. ഇവിടെ കിടക്കാൻ സമയമായി. ഇപ്പോൾ ലൈറ്റണക്കും. ആളുകൾക്ക് പല പല നേരത്ത് ജോലിക്ക് പോകേണ്ടത് കൊണ്ട് കിടപ്പുമുറി മിക്കപ്പോഴും ഇരുട്ടിൽ തന്നെയാകും. നിർത്തുന്നു.
എന്ന് അമ്മയുടെ മകൻ.

കത്തിലെ അക്ഷരങ്ങൾ കറുത്ത കുനിയൻ ഉറുമ്പുകളായി കത്തിൽ നിന്നും ധൃതിയിൽ ഇറങ്ങി പോയി. അക്ഷരങ്ങൾ ഒഴിഞ്ഞപ്പോൾ വികാരക്ഷോഭങ്ങൾ നഷ്ടപ്പെട്ട സന്യാസിയെപ്പോലെ കടലാസിൽ ഉണ്ടായിരുന്ന ജീവിതം ഇല്ലാതായി. അവിടമാകെ തരിശായി. മേരി കത്തുകൾ ചുരുട്ടി അടുപ്പിലേക്കു തന്നെ ഇട്ടു. അതിന്റെ ചാരം തന്നെ മൂടിയതായി അവൾക്ക് തോന്നി. ചാരമാകാൻ പോകുന്നവളും ചാരമായവയും തമ്മിൽ കാലത്തിന്റെ ഒരു വ്യത്യാസം മാത്രം പ്രകടമായി നിലനിന്നു.

മേരിയുടെ ജീവിതത്തിലേക്ക് മരണം, ശൈത്യം കുടിയേറിയ തന്റെ കാലുകൾ വച്ച ദിവസങ്ങളായിരുന്നു വരാൻ ഇരുന്നത്. മരണം, സന്ദർശിക്കേണ്ട ഇടങ്ങളിലേക്കുള്ള വഴികളും ആളുകളുടെ വീടും തിരഞ്ഞ് പോസ്റ്റാഫീസിലെത്തിയപ്പോൾ സ്ഥിരമായി വഴി പറഞ്ഞു കൊടുത്തിരുന്നത് മേരിയുടെ അപ്പനായിരുന്നു. വിലാസം പറഞ്ഞു കൊടുക്കുന്നരുടെ മരണവാർത്ത തൊട്ടടുത്ത ദിവസം അറിഞ്ഞിട്ടും അപ്പൻ ഈ സവിശേഷത ശ്രദ്ധിച്ചില്ല കാരണം മരണം മാത്രമായിരുന്നില്ല അപ്പനോട് ദിവസവും ആളുകളുടെ വിലാസങ്ങൾ ചോദിച്ചു വന്നിരുന്നത്. മാത്രവുമല്ല അപ്പന്റെ ഓർമ്മയിൽ ആളുകളുടെ മരണത്തിനു ശേഷമായിരുന്നു വൃദ്ധൻ വിലാസങ്ങൾ തേടി വന്നിരുന്നത്. മരണത്തിനെ കണ്ട്, മരണവീടുകളിൽ ഭഗവത്ഗീത ബൈബിൾ ഖുറാൻ എന്നിങ്ങനെയുള്ള പുണ്യഗ്രന്ഥങ്ങൾ വായിക്കുന്ന വൃദ്ധരിൽ ആരോ എന്നാണ് അപ്പൻ ധരിച്ചത്. എന്നാൽ പല ദിവസങ്ങളിലായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ പ്രത്യേകത താമസിയാതെ അപ്പന്റെ ശ്രദ്ധയിൽപ്പെട്ടു. മരണത്തിനു മുൻപേ മരണവീട് അന്വേഷിക്കുന്ന വൃദ്ധനെ ആലോചിച്ച് രാത്രിയുടെ ഇരുട്ടിൽ കിടക്കവിരികളുടെ കൈപ്പത്തിയിൽ കിടന്ന് അപ്പൻ നെറ്റി ചുളിച്ചു. അതിനൊരാഴ്ചക്ക് ശേഷം മരണം സംശയം തീർക്കുവാൻ ചോദിച്ച വിലാസത്തിലേക്ക് സ്വന്തം വീടിന്റെ വഴി അപ്പൻ മന:പൂർവ്വം പറഞ്ഞു കൊടുത്തു. മേരിയുടെ വീടിനടുത്ത് പറമ്പുകളിൽ മണ്ണടിച്ച് പുതിയ വീടുകൾ സ്വാഭാവികമായും ഉയർന്നു വന്നിരുന്നു. അതിലൊന്നിൽ വാടകക്കു വന്ന കുടുംബത്തിലെ രണ്ടു കുട്ടികൾ കളിക്കുവാനായി മേരിയുടെ വീട്ടിൽ വരുമായിരുന്നു. മേരിയുടെ പഴയ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും അവർ ഉപയോഗിക്കുമായിരുന്നു. ഇടക്ക് മേരിയും കൂടാറുണ്ട്. ഒരേ മുഖച്ഛായ ഉള്ള ചേച്ചിയും അനിയനും. അന്ന് വാതിലിനു മുൻപിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ മേരിക്ക് കോട്ടുവാ വന്നു. മലയിൽ നിന്നും ഇടിഞ്ഞ ഉരുളൻ പാറ പോലെ ഉറക്കം വന്നു ദേഹത്തെ തളർത്തി. മേരിയുടെ കണ്ണുകൾ അടഞ്ഞടഞ്ഞു പോകുന്നുണ്ടായിരുന്നു. വിഷം തീണ്ടി കൃഷ്ണമണികളെ കാണാതായിരുന്നു. എത്ര ശ്രമിച്ചിട്ടും കണ്ണു തുറന്നു പിടിക്കുവാൻ കഴിയാതെ അവൾ തളർന്നു. അവൾ ശ്രമങ്ങളൊക്കെ ഉപേക്ഷിച്ച് ഉറങ്ങുവാൻ തീരുമാനിച്ചു. മരണം അടുത്തെത്തിയിരുന്നു. എന്നാൽ മയങ്ങിപ്പോയ മേരിയെക്കണ്ട് തെറ്റുപറ്റിയ മരണം പകച്ചു. മേരിയെ മരണം ഉണർത്തി. തെറ്റുപറ്റിയതിൽ ക്ഷമ ചോദിച്ചു. എന്നാൽ പകരം മേരി മരണത്തെ ഒരു സംഭാഷണത്തിലേക്ക് ക്ഷണിച്ചു.
മേരി: മരണത്തിലേക്ക് സഞ്ചരിച്ചപ്പോൾ അവസാനം എനിക്ക് നഷ്ടപ്പെട്ടത് കേൾവിയായിരുന്നു. അതെന്തുകൊണ്ടാണ്?
മരണം: പഴങ്ങളുടെ പുറംതോട് സ്വാദോടെ രുചിച്ചതിനു ശേഷം ഉള്ളിലെ വിത്ത് എറിഞ്ഞു കളയും പോലെയാണു നിങ്ങൾ മനുഷ്യർ. അന്നമ്മേച്ചിയമ്മ കത്തുകൾ അടുപ്പിലിട്ട് കത്തിക്കുമ്പോൾ കടലാസിന്റെ ഉള്ളം കൈകളിൽ വച്ച അഗ്‌നിയെപ്പോലെയാണു ഇന്ദ്രിയത്തിനുള്ളിലെ യഥാർത്ഥ നിങ്ങൾ. ആ അഗ്‌നിക്ക് കത്തുകളെ മുഴുവൻ എരിക്കുവാനും അടുപ്പിലെ ഇഷ്ടിക കട്ടകളെ രൂപപ്പെടുത്തുവാനും സാധിക്കും. അഞ്ച് ചതിക്കുഴികൾ ആണ് ഞാനീ ശരീരത്തിൽ കുഴിച്ചിട്ടുള്ളത്. ഒരിക്കൽ വീണു പോയാൽ നിവർന്ന് നിൽക്കുവാൻ പോലും സാധിക്കാനാകാത്ത തരം വാരിക്കുഴികൾ. നിന്നെ പ്രസവിച്ചിട്ടപ്പോഴേ ആലീസ് നിന്നെ എനിക്ക് പ്രത്യേകമായി ഏല്പിച്ചു തന്നിരുന്നു. നിന്റെ ഏറ്റവും സ്വകാര്യമായ രഹസ്യത്തേക്കാൾ ഗൂഢമായി നിനക്കൊപ്പം ഞാൻ ജീവിക്കുന്നു. പ്രപഞ്ചം ഒരു വലിയ ആൽമരമാണെങ്കിൽ അതിന്റെ ഏറ്റവും ലളിതമായ ഒരു വേരു നിന്നിൽ കുടികൊള്ളുന്ന ജീവനാണ്. അവയവങ്ങളെ നിയന്ത്രിക്കുവാൻ പഠിച്ച് തുടങ്ങുമ്പോൾ ഉത്തരങ്ങൾ സ്വയം വെളിവാകുന്നതാണ്.
മേരി : എനിക്ക് സ്വാദിലും മണത്തിലും രുചിയിലും പെട്ട് സാധാരണക്കാരിയായി ഒരു സ്ത്രീയുടെ ചാപല്യത്താൽ ജീവിച്ചാൽ മതിയാകും.
മരണം: ഇന്ദ്രിയങ്ങൾക്കാവശ്യമായ സുഖത്തിന്റെ പാരമ്യം നൈമിഷികമാണ്, പരിമിതമാണ്. അതിനൊരിക്കലും മനുഷ്യനെ നിറയ്ക്കുവാൻ സാധിക്കില്ല. എന്തോ ഒന്നിന്റെ അഭാവം നിങ്ങൾ തേടിക്കൊണ്ടിരിക്കും. ഭൗതികതക്ക് അപ്പുറമുള്ള ആനന്ദത്തിനെ അപ്പോഴേ മനുഷ്യനു മനസിലാകൂ. സർവജ്ഞാനമായ അഗ്‌നി പുഷ്പം ജനിക്കുകയോ മരിക്കുകയോ ചെയ്യില്ല. അത് നിത്യമായതാണ്. സാധാരണമായ അറിവിലൂടെ അതിനെ നിനക്കറിയാൻ സാധിക്കില്ല. ആന്തരികമായ സ്വയം അറിവാണ് അതിനു അടിസ്ഥാനം. അതുവരെ നിനക്ക് ഈ ലോകത്തിൽ, മായയിൽ മുഴുകാം. സ്വാദിൽ അഭിരമിക്കാം. സൗന്ദര്യത്തിൽ അഭിമാനിക്കാം. ആഭരണങ്ങളിൽ മയങ്ങാം. വീണ്ടും വീണ്ടും ജീവിക്കാം. ജീവിതാനുഭവങ്ങളിലൂടെ ഇന്ദ്രിയങ്ങളിൽ നിന്നും ഉള്ള വിടുതൽ സാധ്യമാകുന്നു. ജന്മങ്ങൾ ജീവിതാനുഭവങ്ങളുടെ ഒരു തുടർച്ചയാകുന്നു.
മേരി: എന്റെ സന്തോഷങ്ങൾ കൂട്ടുകാർക്കൊപ്പം മാളിൽ ചുറ്റിത്തിരുന്നതും ഉപ്പുമാങ്ങാ രുചിക്കുന്നതും നല്ല വസ്ത്രങ്ങൾ ധരിക്കുന്നതും മോട്ടോർ സൈക്കിളിൽ കറങ്ങുന്നതും സിനിമ കാണുന്നതും പ്രേമിക്കുന്നതും മാർക്ക് കൂടുതൽ വാങ്ങുന്നതും എന്നെ പറ്റി അപ്പനും അന്നമ്മേച്ചിയമ്മയും അഭിമാനിക്കുന്നതുമാണെങ്കിൽ അത് പാടില്ല എന്നാണോ?
മരണം: അനുഭവങ്ങൾ പൂവിന്റെ ഇതളുകൾ പോലെയാണ് മേരി. അതായിരിക്കുമ്പോൾ മാത്രം ജീവനുള്ളത്. താനെ കൊഴിഞ്ഞ് പറിഞ്ഞ് പൊഴിഞ്ഞ് അഴുകുന്നത്. മണ്ണിൽ ചേർന്നലിയുന്നത്. തിരഞ്ഞെടുക്കണമെന്നല്ല ഇതിന്റെ പൊരുൾ. സന്തോഷത്തെ അനുഭവിക്കൂ അറിയൂ. കടന്ന് പോകുവാൻ അനുവദിക്കൂ. മതിയാകും വരെ അതിൽ തുടരൂ. അതിൽ നിന്നും പുറത്ത് കടക്കുന്ന ഒരു സമയം ജീവിതത്തിൽ വരും. എല്ലാ മനുഷ്യരും തിരിഞ്ഞു നോക്കുന്ന സമയം. ജീവിതത്തിൽ ഒറ്റപ്പെട്ട് തന്നിലേക്ക് തന്നെ നോക്കിപ്പോകുന്ന നേരം. അവിടേക്കാണ് ഒരോ മനുഷ്യന്റേയും യാത്ര. ഈ ജീവിതത്തിലല്ലെങ്കിൽ മറ്റൊന്നിൽ അവിടെ നീ എത്തിപ്പെടും. അതാണ് ജന്മങ്ങളുടെ പൊരുൾ. ഇനിയെങ്കിലും ഉണരൂ മേരി അപ്പൻ വരാൻ സമയമായിരിക്കുന്നു.

മേരി: അറിയട്ടേ അപ്പനറിയട്ടേ. നിങ്ങളുടെ ഈ ക്രൂരവിനോദം ലോകം അറിയട്ടേ.
മരണം: ശബ്ദങ്ങൾ ശരീരത്തെ വഹിക്കുന്ന കാലത്ത്, വീട് കുടുംബത്തിന്റേയും, മരം കിളികളുടേയും, മാളങ്ങൾ പാമ്പുകളുടേയും പെരുച്ചാഴികളുടേയും, അലമാരകൾ പുസ്തകങ്ങളുടേയും, ഷൂസുകൾ കാലിന്റേയും, റെയിൽവേസ്റ്റേഷൻ ട്രൈനിന്റേയും, ഉടുപ്പുകൾ മനുഷ്യരുടേയും, വാച്ച് സമയത്തിന്റേയും ശബ്ദത്തിൽ ജീവിക്കുമ്പോൾ മേരി ഈ ആവൃത്തിയിൽ ജീവിക്കുന്നതിൽ ഒരു അപാകതയുമില്ല. കുഴിച്ചു നോക്കുമ്പോൾ ജീവിതത്തിനുള്ളിൽ ഹെയർപിന്നുകൾ, ഹെയർ ബൺ, പെൻസിൽ, റബ്ബർ, നോട്ടു പുസ്തകങ്ങളുടെ ചട്ടകൾ, ബെൽറ്റുകൾ, ചില്ലറത്തുട്ടുകൾ, പാവകൾ, വണ്ടികൾ, പണക്കുടുക്ക, ചെരുപ്പുകൾ, വസ്ത്രങ്ങൾ, മാലകൾ, ആഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, അടിപ്പാവാടകൾ, ജീൻസുകൾ, ടീഷർട്ടുകൾ, ബട്ടൻസുകൾ, പൗഡർ ചെപ്പുകൾ, സോപ്പുകൾ, പൊടികൾ, ചായക്കറകൾ മാത്രമാകുമെന്ന് അറിയുക. ഈ ചെറിയ സന്തോഷങ്ങളിൽ തുടരുക. ചെറിയ ഉറക്കങ്ങളുടെ ചാരന്മാർക്ക് പിടി നൽകുക.
മേരി: അപ്പൻ വരുന്നുണ്ട്
മരണം: നിനക്കുള്ളിലെ ആത്മാവിനെ മാത്രമേ എനിക്കറിയൂ. മതിയാകും വരെ ഈ ശരീരത്തിലൂടെ ലോകത്തെ രുചിക്കൂ. സമയം പോലെ വെളിപ്പെടൂ. പോകുന്നു.''
മേരി ഉറക്കത്തിൽ നിന്നെന്ന പോലെ കണ്ണു തുറന്ന് കുട്ടികൾക്കൊപ്പം പകുതിയാക്കി വച്ചിരുന്ന കളി തുടർന്നു. മേരിയെ ദംശിച്ച പാമ്പ് മാത്രം കാട്ടുപൊന്തകളിലിഴഞ്ഞ് ഒഴിഞ്ഞ വിഷസഞ്ചിയിലേക്ക് വിഷം പിന്നേയും തുള്ളിത്തുള്ളിയായി ശേഖരിച്ചു. മേരിയുടെ അടുത്ത രണ്ട് കൂട്ടുകാരികൾ താമസിയാതെ മരണത്തിനു പിടികൊടുത്തു. പൊള്ളലേറ്റ് മരിച്ച അവരെ സന്ദർശിച്ചതിനു ശേഷം മരണത്തിനു അമൃതാഞ്ജൻ ബാമിന്റെ മണമാണെന്ന് അവൾ നോട്ട് പുസ്തകത്തിന്റെ പിറകിൽ കുറിച്ചു വച്ചു. ലൗകികതയിൽ മുഴുകിയ ഒരോരുത്തർക്കും ബോധോദയം സിദ്ധിക്കുവാനൊരു അവസരം നൽകുന്നതിനു മരണം കണ്ടെത്തിയ എളുപ്പ വഴി ആയിരുന്നു ബന്ധുജനങ്ങളുടെ രോഗവും മരണങ്ങളും. അധികാരത്തിന്റെയും ഹുങ്കിന്റേയും ഏറ്റവും മുകളിൽ എത്തി നിൽക്കുന്ന ഏതൊരാളുടെയും അഹം എന്ന ഭാവത്തെ വലിച്ച് താഴെയിടുവാൻ അവയിലൂടെ മരണത്തിനു സാധിച്ചിരുന്നു. അതേ ആയുധങ്ങളിലൂടെ മേരിയേയും മരണം തന്റെ വഴിക്ക് നടത്തിക്കുന്നതിൽ വിജയിച്ചു. ജീവിതത്തിന്റെ ക്ഷണികത തിരിച്ചറിഞ്ഞ അന്ന് രാത്രി അമ്മ മരണപ്പെട്ടതറിയാതെ വിദേശത്ത് നിന്നും കത്തെഴുതിയ മകന് തന്റെ നോട്ടുബുക്കിലെ നടുകടലാസ് അടർത്തിയെടുത്ത് അവൾ മറുപടി എഴുതി.

പ്രിയപ്പെട്ട മകനേ,
നിന്നെ ഗർഭമണിഞ്ഞ ദിനങ്ങളെ ഞാനോർക്കുകയായിരുന്നു. പുളിങ്കുരു വലിപ്പത്തിൽ നീയെന്റെ വയറ്റിൽ പൊടിച്ച നിമിഷത്തിൽ വിശപ്പ് കാരണം അപ്പുറത്തെ പറമ്പിലെ കശുമാങ്ങയിൽ പല്ലുകളിറക്കി നീർ വലിക്കുകയായിരുന്നു ഞാൻ. നിന്റപ്പൻ അന്ന് രാത്രിയിൽ ചാരായം മോന്തി പതിവ് പോലെ കയ്യോങ്ങി വന്നപ്പോൾ രണ്ട് കൈകളും കൂട്ടിപ്പിടിച്ച് വയറിനെ പൊത്തി ഇടികളെല്ലാം മുതുകിൽ ഏറ്റുവാങ്ങി ഉള്ളാലെ പുഞ്ചിരിച്ച് ഞാനുറങ്ങി. അന്നത്തെ സ്വപ്നത്തിൽ തലയിൽ ഒന്നും ഇടുപ്പിൽ രണ്ടും കുടങ്ങളിൽ വെള്ളം താങ്ങി വരുന്ന എന്നെ കണ്ടു. ഒരു എടുപ്പിൽ കുടത്തിനു പകരം നീയാണുണ്ടായിരുന്നത്. ലജ്ജയും സന്തോഷവും കൊണ്ട് ചിരിച്ചു കാണണം. പിറ്റേന്ന് നിന്റപ്പൻ ചോദിച്ചു, രാത്രിയിൽ സ്വപ്നം കണ്ട് ചിരിക്കാൻ മാത്രം എന്താണിപ്പോഴിത്ര സംഭവിച്ചേയെന്ന്. അധ്വാനത്തിന്റേയും മനം പിരട്ടലിന്റേയും ഛർദ്ദിലിന്റേയും ഇടയിൽ ഒരിത്തിരി സമയം കിട്ടുമ്പോൾ മരങ്ങളുടെ മറവിൽ പോയി സാരി മാറ്റി നീ മുഴച്ച് തുടങ്ങിയോ എന്ന് തൊട്ട് നോക്കും. നീയും അപ്പോൾ ഉള്ളിലിരുന്ന് എന്റെ വിരലുകളിൽ തൂങ്ങാൻ കൈകൾ നീട്ടിക്കാണണം. നിനക്കു വേണ്ടി എന്തും സഹിക്കുവാൻ മനസിനെ പാകപ്പെടുത്തുകയായിരുന്നു. എന്നാൽ അതിശയമെന്ന് പറയട്ടെ ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം ക്രൂരത മാത്രം കുടികൊണ്ട നിന്റപ്പന്റെ മുഖത്ത് അന്ധാളിപ്പിന്റെ ശകലങ്ങൾ മീശയിൽ പറ്റിയ അവലോസ് പൊടി പോലെ ഞാൻ കണ്ടു. അന്നത്തോടെ അങ്ങോർ എന്നെ ഉപദ്രവിക്കുന്നത് നിറുത്തി. ഗർഭിണിയായ സ്ത്രീയാണ് ഏറ്റവും അപകടകാരിയായ ജീവിയെന്ന് അങ്ങേരോട് ആരോ പറഞ്ഞുകൊടുത്തു കാണണം. മാങ്ങകളും ചക്കകളും കശുവണ്ടി ചുട്ടതുമായ മണങ്ങളുടെ ഉന്മത്തതയിൽ എന്നുള്ളിലിരുന്ന് നീ കാലിട്ടടിച്ചു. ചാക്കൂളുകൾ നിറയ്ക്കുവാൻ അപ്പനോ അമ്മയോ ഭർത്താവോ തയ്യാറായിരുന്നില്ല എങ്കിലും അതൊന്നും എനിക്കൊരു വിഷമവും നൽകിയില്ല.

സ്‌നേഹിക്കുവാൻ പുരുഷനെ പ്രത്യേകം ആവശ്യമില്ലാത്തവരാണ് സ്ത്രീകൾ. മുലപ്പാൽ മണത്ത് മണത്ത് നീയെന്റെ മാറിടത്തിലേക്ക് ഞരങ്ങി നീങ്ങുന്നതും കണ്ണു തുറക്കാതെ തന്നെ മുലക്കണ്ണ് തപ്പി വായപൊളിക്കുന്നതും കൂർത്തു പോയ ഒരറ്റത്ത് ചുണ്ടുകൾ മുറുക്കുന്നതുമായ സ്വപ്നം പല തവണ എന്നെ വിയർപ്പിൽ കുളിപ്പിച്ചു. നിന്റെ അപ്പനു നൽകാതിരുന്ന സ്‌നേഹം മുലകളിലൂടെ നിനക്ക് നൽകുവാൻ എനിക്ക് കൊതിയായിരുന്നു. ജനിക്കുന്നതിനു മുൻപേ നെല്ലുകുത്തുവാനും ഓലമെടയുവാനും വൈക്കോൽ കറ്റ കെട്ടുവാനും നിന്നെ പഠിപ്പിച്ചു. ഒരു ആൺകുട്ടിയായിരിക്കും നീയെന്നും ഈ വിധം ജോലികളല്ല നിനക്കിഷ്ടമാകുക എന്നും ഞാനോ നീയോ അന്നൊന്നും ഓർത്തില്ല. നിന്നേക്കാൾ വേഗത്തിൽ തോട്ടത്തിലെ പയർ ചെടികൾ മുളച്ച് വളർന്ന് പൂവിട്ട് കായിട്ട് വിളഞ്ഞത് നിൽക്കുന്നത് കണ്ട് എനിക്കവയോട് അസൂയ തോന്നി. നിന്റെ വളർച്ചക്ക് വേഗത പോര പോരയെന്ന് ഇഷ്ടദൈവത്തോട് പരാതി പറഞ്ഞ് അക്ഷമയായി. എന്നുമെന്നും നോക്കി നോക്കി വയറ് വലുതായിത്തുടങ്ങിയത് എനിക്ക് മനസിലായില്ലായിരുന്നു. നിന്നെ കാത്തിരുന്ന് കാത്തിരുന്ന് നടു കഴച്ചു. നീയിത്ര പോര പോരയെന്ന് വയറിൽ തൊട്ട് തൊട്ട് ഞാൻ ജീവിച്ചു. നിന്റെ സ്പർശം അറിഞ്ഞതിനു ശേഷം നിന്റപ്പനോടുള്ള മിണ്ടാട്ടം ഞാൻ നിറുത്തി. അത്രയും വാക്കുകളും സമയവും കൂടെ നിനക്ക് വേണ്ടി മാറ്റി വക്കുകയായിരുന്നു അന്നൊക്കെ. എന്റെ ബാല്യകാലം മുതൽക്ക് അതു വരെ കേട്ട കഥകൾ, സ്വയം മെനഞ്ഞ പിന്നെയൊരായിരം കഥകൾ. നീ ജനിച്ചു വീഴുമ്പോൾ നിന്നെയുറക്കുവാനായി കഥകളും പാട്ടുകളും ഇല്ലാതാകുമോ എന്ന് തോന്നിപ്പോകും വിധം ആർത്തിയോടെ, മുഖം കഴുകുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഒക്കെ നമ്മൾ പരസ്പരം സംസാരിച്ചു. നിനക്ക് പറഞ്ഞു തന്ന കഥകൾ കേട്ട് ഇടയ്ക്കിടെ ഞാൻ സ്വയം ഉറങ്ങി. ഒടുവിൽ എന്നിൽ നിന്നും പുറത്ത് വന്നപ്പോൾ നീ മറ്റൊരാളായി. മറ്റൊരു പൂർണ്ണ മനുഷ്യക്കുഞ്ഞ്. പക്ഷെ ചെറുത്. നിന്റെ അവയവങ്ങളുടെ വലിപ്പവും ഭംഗിയും കണ്ട് വാ തോരാതെ ഒരു ദിവസം ഇരുന്ന് ഞാൻ ചിരിച്ചു. ഇത്രയും ചെറിയ മൂക്കും ഇത്രയും ചെറിയ വിരലുകളും ഞാനതു വരേയ്ക്കും തൊട്ട് നോക്കിയിരുന്നില്ല. പക്ഷെ എന്റെ ദേഹത്ത് നിന്നും കൊഴിഞ്ഞു പോയ നീ എന്നിൽ നിന്നും അകന്നു തുടങ്ങി. കുഞ്ഞിലേ മുഴുവനായും എന്റെയായിരുന്ന കളിപ്പാട്ടം മറ്റാരോ തട്ടിപ്പറച്ച അത്രയും സങ്കടം വന്നു. എന്റെ ഒരവയവം എന്നെ അനുസരണയില്ലാതെ ലോകം മുഴുക്കെ നീന്തി നടന്നു. മണ്ണ് വാരിത്തിന്നു. കോഴിക്കാട്ടം ചവച്ച് തുപ്പി. അപ്പിയിട്ട് വീടാകെ നാറ്റിച്ചു. പാലില്ലാഞ്ഞ് എന്റെ മുലഞ്ഞെട്ട് കടിച്ച് പറിച്ചു. ഉറക്കം നൽകാതെ കരഞ്ഞു കൊണ്ടേയിരുന്നു. കോഴികളേയും കാക്കകളേയും ഇഴഞ്ഞു ചെന്ന് ഓടിപ്പിച്ചു. പറഞ്ഞതിനെല്ലാം തർക്കുത്തരങ്ങൾ നൽകി. നല്ലതിനെല്ലാം കോക്രി കാണിച്ചു. അനുഭവസമ്പത്തിൽ കാർക്കിച്ച് തുപ്പി. പട്ടിണിയാകാതെ ഒരു നേരം കഴിക്കാനായി എടുത്തു വച്ച ചോറ് കട്ടു തിന്നു. ഒളിപ്പിച്ചു വച്ച പണം മോഷ്ടിച്ച് ഗോലിക്കായകൾ വാങ്ങി. അമ്മ അന്തസിനു പറ്റിയവളല്ലെന്ന് കൂട്ടുകാരോട് പറഞ്ഞു. ബസിൽ യാത്ര പോകുന്നേരം പിറകിലെ വാതിലിലൂടെ കയറിത്തുടങ്ങി. വളരുകയായിരുന്നു. മറ്റൊരു വ്യക്തിയാകുന്നതിനുള്ള പരിശ്രമങ്ങളായിരുന്നു. ആദ്യമായി നഗരം കാണാൻ പോയ നേരം എനിക്കൊപ്പം പഴച്ചാർ കഴിക്കുവാൻ വിസമ്മതിച്ച് പെപ്‌സിക്കായി എന്റെ മകൻ വാശിപിടിച്ചു. ഇഷ്ടമുള്ള കറി മാത്രം കഴിച്ചു. അമ്മയെ അവഗണിച്ചാലും വേദനിപ്പിച്ചാലും എല്ലാം നേടുന്നതിന് ശ്രമിച്ചു. ക്രിസ്മസ് അപ്പൂപ്പനെ പേടിച്ച് കട്ടിലിനടിയിൽ ഒളിക്കുന്നേരം അമ്മയുടെ സാരി കൂടെ കൊണ്ട് പോയ കഥ ഇന്ന് രാവിലെകൂടി ഞാനോർത്തു ചിരിച്ചു. അമ്മയുടെ മകൻ ഒരു പട്ടാളക്കാരനാകുവാൻ ഈ അമ്മ ആഗ്രഹിച്ചു. യുദ്ധസമയത്ത് നീ കത്തുകളിൽ ഒളിപ്പിക്കുവാൻ സാധ്യതയുള്ള ദുരിതങ്ങളെ ഞാൻ രാത്രി മുഴുവനിരുന്ന് ഊഹിച്ചു. എന്റെ നടുവേദനയെപ്പറ്റിയും വളംകടിയെപ്പറ്റിയും തുടങ്ങി എന്റെ ചെറിയ ചെറിയ വിഷമതകൾ വായിച്ച് നിന്റെ വലിയ കഷ്ടപ്പാടുകൾ മറന്ന് എനിക്ക് വേണ്ടി ആകുലപ്പെടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. രണ്ട് മാസത്തിലൊരിക്കലെങ്കിലും എനിക്ക് നീ പണം അയക്കും. അതിൽ നിന്നും പിശുക്കിപ്പിടിച്ചു സ്വരുക്കൂട്ടിയതു കൊണ്ട് മരുന്നുകൾ വാങ്ങി നിർവൃതി അടയുന്ന സാധാരണ ഒരമ്മയായാൽ മതിയായിരുന്നെനിക്ക്. രണ്ടാമത്തെ മകനേയും പേറിയാണ് അമ്മയിപ്പോൾ ജീവിക്കുന്നത്. എന്റെ ഗർഭാശയത്തിൽ കൈകൾ ഉടക്കി മകൻ വളർന്നു തുടങ്ങി. നിന്നേക്കാൾ ശ്രദ്ധിച്ചാണ് അവനെ വളർത്തുന്നത്. അവന്റെ ഓരോ അനക്കത്തിലും ഞാൻ സന്തോഷം കൊണ്ട് പുളയുകയാണ്. മരണക്കിടക്കയിൽ എന്നെ ഒറ്റക്കാക്കിപ്പോകുന്നു എന്ന നിന്റപ്പന്റെ ആശങ്ക ഇതോടെ തീർന്നു കിട്ടും. എന്റെ മാംസവും മജ്ജയും രക്തവും നൽകിത്തന്നെയാണ് ഈ മകനെയും വളർത്തുന്നത്. ക്ഷീണിതയാണ് അമ്മ. നിന്നെ പൂർണ്ണ ഗർഭം ധരിച്ചത് പോലെ പ്രസന്നയുമാണ്. നിന്റെ അടുത്ത കത്തെന്നെത്തേടി എത്തുന്നതിനു മുൻപ് നിന്റെ സഹോദരനുമൊത്ത് അമ്മ താമസം മാറും. നിന്റെ പേരിലാണ് അമ്മ സ്ഥലം എഴുതി വച്ചിരിക്കുന്നത്. ആ ഭൂമിയിൽ ചെറുതെങ്കിലും ഒരു വീട് വച്ച് എന്നെപ്പോലെ നിന്നെ നോക്കുന്ന ഒരു പെൺകുട്ടിയേയും വിവാഹം ചെയ്ത് മതിയാവോളം ജീവിക്കണം. ആ പറമ്പിൽ വിരിയുന്ന ചെട്ടുമല്ലികൾക്കും തുളസികൾക്കും എന്നും വെള്ളമൊഴിക്കണം. വീട് നോക്കണം. ഗർഭാശയാർബുദം നിറഞ്ഞ, നിന്നെ വഹിച്ച ഗർഭപാത്രത്തെ വളമായി സ്വീകരിച്ചു കൊണ്ട് വളരുവാൻ സാധ്യതയുള്ള നവധാന്യങ്ങൾ വിളവെടുക്കുകയും ഉപയോഗിക്കുകയും വേണം.
നല്ലത് മാത്രം വരും.▮
അമ്മ

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments