ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

പ്ലേ ലിസ്റ്റിന്റെ ട്രാക്കിൽ പാട്ടിന്റെ ട്രയിൻ വന്നിറങ്ങുന്നു

അധ്യായം 13: പ്ലേ ലിസ്റ്റിന്റെ ട്രാക്കിൽ പാട്ടിന്റെ ട്രയിൻ വന്നിറങ്ങുന്നു

താക്കോൽ ദ്വാരത്തിലൂടെ കാണാവുന്ന മുറിയുടെ ഇരുട്ടിൽ ഇരുന്ന് ബ്ലാക്ക് ബെറി ശബ്ദം കുറച്ച് സംസാരിക്കുകയായിരുന്നു.

"ഇരുന്തലക്കാട്ടിലെ ലൂയിസച്ചന്റെ ഉപദേശപ്രകാരം നൈറ്റിംഗേൽ ഹോസ്പിറ്റൽ തേടി സോളമൻ പഴയൊരു നഗരത്തിലൂടെ സഞ്ചരിച്ചു. മരണശേഷവും മേരിയെക്കുറിച്ച് കൂടുതൽ അറിയുവാനായി അയാൾ തിടുക്കപ്പെടുന്നതിന്റെ കാരണം എനിക്ക് മനസിലാകുന്നില്ലായിരുന്നു. മേരിയുടെ ഓർമ്മകളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതിനു പകരം അവൾ ബാക്കി വച്ച സൂചനകളെ പിന്തുടരുന്നതിൽ എനിക്കാശങ്കയുണ്ടായിരുന്നു. എന്നാൽ അങ്ങനെയല്ല മേരിയുടെ മരണത്തിനെക്കുറിച്ച് അന്വേഷിച്ചാണ് അയാൾ അലയുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിപ്പോയി. ഏതുവിധേനയും അയാളെ അവളിൽ നിന്നും മോചിപ്പിക്കണമെന്ന് അന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. നൈറ്റിംഗേൽ എന്ന പേരിലുള്ള ആശുപത്രി തേടി കരിമ്പിൻ നീരിടക്കിടെ കുടിക്കുന്ന അയാൾക്കൊപ്പം ഞാനും നഗരത്തിൽ അലഞ്ഞു.

പ്ലേ ലിസ്റ്റ് ഒരു മെട്രോ റെയിൽ വ്യവസ്ഥയും പാട്ട് ഒരു ട്രെയിനും പാട്ടുകൾക്കിടയിലെ നിശ്ചലത പോലുള്ള മൂകത മെട്രോ സ്റ്റേഷനുകളും ആകുമ്പോൾ ഹോസ്പിറ്റൽ തേടി മെട്രോ ട്രെയിനിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സോളമനുവേണ്ടി ഞാൻ അഞ്ചു പാട്ടുകളുടെ ഒരു പ്ലേ ലിസ്റ്റ് ക്രിയേറ്റ് ചെയ്തു കൊടുത്തു. അയാൾ ഹെഡ് സെറ്റ് ചെവിയിൽ തിരുകി സീറ്റിൽ ചാരിക്കിടന്നപ്പോൾ മ്യൂസിക്കിന്റെ സൗണ്ട് ട്രാക്കിൽ ട്രെയിൻ സഞ്ചരിച്ചു കൊണ്ടിരിക്കയായിരുന്നു. ട്രെയിനിൽ, അനക്കമില്ലായ്മയിലൂടെ സോളമനു വയസേറുകയും ചുറ്റുപാടുകൾ ചുറുചുറുക്കുകളായി കടന്നു പോകുകയും ചെയ്തു. ചകിരിച്ചോറു കൊണ്ട് ചാണകമിളക്കിയിളക്കി പശുവിനെ കുളിപ്പിക്കുകയോ ചകിരിത്തൊണ്ടു ചെത്തി മിനുക്കി പുഴയിൽ ചാഞ്ഞുറങ്ങിക്കിടക്കുന്ന ആനയുടെ തോലിയിലുരസും പോലെയോ മേരിയുടെ ഓർമകളെ ചെവിയിലെ പഞ്ചാരിമേളങ്ങൾക്കിടയിലും സോളമൻ താലോലിച്ചു കൊണ്ടിരുന്നു.'

ബ്ലാക്ക് ബെറി തുടർന്നു
"മേരിയും സോളമനും ഫെറ്റിഷ് സ്വഭാവം പ്രകടിപ്പിക്കുന്ന മനുഷ്യരായിരുന്നു. തീവ്രമായ സ്‌നേഹത്തെ പ്രകടിപ്പിക്കുവാൻ ആ ഒരു വഴിയാണവർ തിരഞ്ഞെടുത്തത്'
"തന്റെ അടിവസ്ത്രങ്ങൾ അണിഞ്ഞ സോളമനെക്കണ്ട് മേരി പുഞ്ചിരിച്ച നാളിലേ അത് മിക്കവർക്കും മനസിലായിക്കാണും'
"ഫെറ്റിഷിനെ ഈയൊരു കാരണം വച്ച് വിശദീകരിക്കുവാൻ കഴിയുമോ?'
"ഇരുവരും ആസ്വദിക്കുമ്പോൾ ഫെറ്റിഷ് എന്നത് മാനസിക ക്രമക്കേടായി പരിഗണിക്കപ്പെടേണ്ടതില്ല.'
"രണ്ടുപേർ ഒരൊറ്റ ശരീരമെന്ന് തങ്ങളെ സ്വയം കരുതുമ്പോഴും അതിൽ രണ്ട് തലച്ചോറുകൾ ഉള്ളിടത്തോളം ന്യായീകരിക്കപ്പെടുവാൻ ഈയൊരു വാദം മതിയാകില്ലെന്ന് തോന്നുന്നു.'
"അനുമതിയാണിതിലെ പ്രധാനഘടകം'
ലെനോവോ : ഇതെല്ലാം ഇവിടെ പറയുവാൻ എന്താണ് കാരണം?
ബ്ലാക്ക് ബെറി : അവരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയ വീഡിയോകളുടെ ഒരു പ്ലേ ലിസ്റ്റ് ഒരിക്കൽ ഞാൻ നിർമിച്ചിരുന്നു. സ്വയമുണർത്തുവാൻ ഞാൻ ഉപയോഗിക്കാറുള്ളതും ഈ വീഡിയോകൾ തന്നെയായിരുന്നു. അന്ന് ടെമ്പ് മെമ്മറിയിൽ നിന്നും പാട്ടുകളുടെ പ്ലേ ലിസ്റ്റിനു പകരം ആ വീഡിയോകളുടെ പ്ലേ ലിസ്റ്റിലേക്ക് ട്രെയിനെ ഞാൻ മാറ്റിയോടിച്ചു.

ചാരിയിരിക്കേ ഹെഡ് സെറ്റിലൂടെ ചെവിയിൽ മേരിയുടെ ശബ്ദം കേട്ട സോളമൻ കണ്ണു തുറന്നു ഫോണിലേക്ക് നോക്കി.
പ്ലേ ലിസ്റ്റ് ട്രാക്ക് 1
മേരിയുടെ ചിരി, ഇരുളിൽ പക്ഷികളുടെ ചിറകടിയൊച്ചപോലെ വീഡിയോവിൽ കേട്ടുകൊണ്ടിരുന്നു. 0.11 സെക്കന്റിൽ പുതപ്പിനും കിടക്കയ്ക്കും വെളിയിലുള്ള നാലുകാലുകളെ നോക്കി തറയിൽ ഇരിക്കുന്ന ഒരു പൂച്ച, കുട്ടികളുടെ ശബ്ദത്തിൽ കരഞ്ഞ് അനങ്ങിക്കൊണ്ടിരുന്ന കിടക്കവിരിയുടെ തുമ്പിൽ നഖങ്ങൾ വച്ച് ആട്ടിയാട്ടി കളിച്ചു കൊണ്ടിരുന്നു. മുറിയിലെ ഫാൻ കട കട ശബ്ദത്തിൽ കറങ്ങുന്നുണ്ടായിരുന്നു. കാറ്റിൽ കിടക്കവിരിയിലെ പൂക്കൾ ചലിച്ചു കൊണ്ടിരുന്നു. അതിൽ നിന്നും തേൻ കുടിച്ചു തീർന്ന ശലഭങ്ങൾ ചിറകടിച്ചപ്പോൾ വളരെക്കാലം പൊടിയടിഞ്ഞു കിടന്ന മേശവിരികൾ എടുത്ത് കുടഞ്ഞതു പോലെ ചിറകുകളിൽ നിന്നും പൊടി പറന്നു. പൂമ്പൊടികൾ പൂക്കളെ തിരഞ്ഞു. മുറിയുടെ തെക്കേ മൂലയുടെ മേശയിൽ വച്ചിരുന്ന പ്ലാസ്റ്റിക്ക് ചെടി കാറ്റിൽ അനങ്ങാതെ നില്പുണ്ടായിരുന്നു. കോപത്താൽ വസ്ത്രങ്ങളുടെ ചുളിവുകൾ നിവർത്തുന്ന വെളുത്ത നിറമുള്ള ഇസ്തിരിപ്പെട്ടി. പുറത്ത് പാർക്കിങ്ങിൽ നിന്നും റോഡിലേക്ക് കയറുവാനെന്ന പോലൊരു വാഹനം നീട്ടി ഹോണടിച്ചു. വീട് പ്രാവിണകളുടെ ശബ്ദത്തിൽ സ്‌നേഹിക്കുന്നവളോടും സ്‌നേഹിക്കപ്പെടുന്നവനോടും കുറുകി. വലിയൊരു കാറ്റിൽ ഉലഞ്ഞ മരത്തിന്റെ ഇലകൾ കൂട്ടിയുരുമ്മുന്നതും ഉലയുന്നതും ജനലുകൾ ശബ്ദത്തിൽ വലിഞ്ഞ് അടയുന്നതുമായ ശബ്ദങ്ങൾ കേട്ടു.

ബാൽക്കണിയിൽ ചെടികൾ ഇന്ന് പെയ്‌തേക്കാവുന്ന ചരിഞ്ഞ മഴയിൽ നനയുമെന്നതിനാൽ, ഇന്ന് വെള്ളമൊഴിക്കേണ്ട സമയം കൂടെ ടി വി കാണുവാൻ ഉപയോഗിച്ചേക്കാമെന്ന് കരുതി സന്തോഷിക്കുന്ന ഒരു വീട്ടമ്മ ഉച്ചത്തിലൊരുതാളത്തിൽ കുട്ടിയെ വിളിച്ചു. മോനേ എന്ന് നീട്ടി വിളിച്ച്, കറുത്ത ആകാശത്തിനു കീഴെ അലക്കി വിരിച്ച തുണികൾ ധൃതി പിടിച്ച് അഴയിൽ നിന്നും വലിച്ചു പറിച്ച് മഴയെത്തുന്നതിനും മുൻപ് വീട്ടിലേക്ക് കയറിയോടുന്ന ഒരമ്മയെ സോളമനപ്പോൾ ഉള്ളിൽ കണ്ടു കാണണം. അലക്കിയിട്ട വസ്ത്രങ്ങളിൽ പ്രാവുകൾ വന്നിരുന്നു കാണണം. കാറ്റടിച്ചപ്പോൾ പറന്നു പോകാതിരിക്കുവാൻ വസ്ത്രങ്ങളെ അയക്കൊപ്പം അവയുടെ കാലുകൾ കൂട്ടി പിടിച്ചു കാണണം. മേരിയുടെ ചിരി പതുക്കെ ശ്വാസോച്ഛാസത്തിലേക്ക് അലിഞ്ഞു തുടങ്ങിയിരുന്നു. കറന്റ് പോയതാണോ എന്നറിയില്ല ഫാനിന്റെ ശബ്ദം നിലച്ചു. നിശബ്ദതക്കിടയിൽ എവിടെ നിന്നൊക്കെയോ കളി തുടങ്ങിയ കുട്ടികളുടെ ശബ്ദം കേട്ടു. റോഡിലൂടെ ഒരു വാഹനം പാഞ്ഞ് പോയി. കറന്റ് പിന്നേയും വന്നു കാണണം. ഫാൻ കറങ്ങുന്ന ശബ്ദം. പ്രതീക്ഷിക്കാത്ത കാറ്റടിച്ച് കടലാസ് പൂവ് വിറച്ചു. പിറകിലോട്ട് തുറന്നിട്ട വാതിലിൽ ഉണക്കുവാനിട്ട കറുപ്പു കരയുള്ള വെള്ള തോർത്തു മുണ്ട്. ഇസ്തിരിയിടുമ്പോൾ മേശമേൽ വിരിയ്ക്കുന്ന തുണി, കുടിച്ചു ബാക്കിവെച്ച കുപ്പിവെള്ളം. ഇസ്തിരിയിടുമ്പോൾ വസ്ത്രങ്ങളിൽ തളിക്കുവാനുള്ള വെള്ളം ഉപകരണത്തിനുള്ളിൽ പകുതിയോളം നിൽപ്പുണ്ടായിരുന്നു.

കറുത്ത നിറത്തിലുള്ള ഒരു ഹെഡ്‌ഫോൺ. കാപ്പി നിറച്ച് കുടിക്കുവാൻ മഞ്ഞ നിറമുള്ള സൂര്യനെ വരച്ച കപ്പ്. നീലനിറത്തിൽ ഇലകൾ വരച്ച മറ്റൊരു കപ്പിൽ പലനിറത്തിലുള്ള പെൻസിലുകൾ. സുതാര്യമായ സെല്ലോ ടേപ്പ്. അത് മുറിക്കുവാനായി പുറത്തേക്ക് വരുന്ന തരം ബ്ലേഡ്. പുതപ്പിനുള്ളിലേക്ക് നാലുകാലുകൾ വലിഞ്ഞപ്പോൾ കളിച്ചു കൊണ്ടിരുന്ന പൂച്ച കളി നിർത്തി മേശമേൽ ചാടിക്കയറി. പൂച്ചയുടെ കാലുകൾ തട്ടി റെക്കോർഡ് ചെയ്യുന്ന വീഡിയോ ക്യാമറ കമിഴ്ന്നു കാണണം. ക്യാമറയിൽ തട്ടി കാപ്പിക്കപ്പ് ചെരിഞ്ഞു കാണണം. അതിൽ നിന്നും അടിഭാഗത്തിൽ ആരോ ബാക്കി വച്ച കാപ്പി ഒഴുകി. അത് മേശയിൽ നിന്നും നിലത്തേക്ക് പതിയെ നൂലു പോലെ ഒഴുകി. മധുരത്തിന്റെ മണം തട്ടി ഉറുമ്പിൻ കൂട്ടിൽ നിന്ന് ഒരു സംഘം ഇറങ്ങിക്കാണും. പതിയെ തുള്ളികളായി വീണുകൊണ്ടിരിക്കെ വീഴുമോ ഇല്ലയോ എന്നറിയാതെ ഒരു തുള്ളി മേശയിൽ ഉരുണ്ട് തങ്ങി നിന്നു. മേരി എഴുന്നേറ്റ് വീഡിയോ ക്യാമറ വീണ്ടും പൊസിഷൻ നേരെയാക്കി വച്ചു കാണണം. ഇപ്പോൾ വീഡിയോവിൽ അവരെ കാണാം. സോളമന്റെ വയറിൽ തല വച്ച് പുകയൂതി വിടുവായിരുന്നു അവൾ. പുക മൂടൽമഞ്ഞു പോലെ ഒരു മറ സൃഷ്ടിക്കുന്നുണ്ടായിരുന്നു. വളരെ നേർത്ത ഒരു ജനൽ വിരി പോലെ. മേരി പതിയെ എഴുന്നേറ്റ് തന്റെ സ്റ്റൂളിൽ ചെന്നിരുന്നു. അവളാദ്യമേ തന്റെ ക്യാൻവാസിന്റെ പരുപരുത്ത പ്രതലം ഒന്ന് കയ്യാൽ തലോടി വിട്ടു. പിന്നെ പതിയെ അടിസ്ഥാന നിറങ്ങളിൽ കാപ്പി നിറം പോലെയുള്ള ഒന്ന് ട്യൂബിൽ നിന്നും പുറത്തെടുത്ത് കത്തി ഉപയോഗിച്ച് ലായകവുമായി കലർത്തി കൂടുതൽ ശ്യാനതയുള്ളതാക്കി മാറ്റി. തന്റെ കയ്യിലുള്ള പതിനാറ് ബ്രഷിൽ നിന്നും വീതി കൂടിയ ഒന്ന് തിരഞ്ഞെടുത്ത് ആ നിറം അവൾ കാൻവാസിൽ മുഴുവൻ പൂശുവാൻ ആരംഭിച്ചു. സോളമൻ കിടന്ന് മടുത്തു കാണും. അയാൾ ചോദിച്ചു

"എന്താ ചെയ്യുന്നത്?'
"വരയ്ക്കുന്നു'
"എന്ത് വരയ്ക്കുന്നു?'
"നിന്നെ. വയലുകളുടെ നടുവിൽ'
"എന്ത് തരം വയലുകൾ'
"സൂര്യകാന്തി വയലുകൾ'
"ഇഷ്ടമാണോ നിനക്കവ?'
"അല്ല പക്ഷെ അയാൾക്കിഷ്ടമാണ്'
"അയാൾ?'
""വാൻഗോഗ്. കട്ടികൂടിയ ബ്രഷിന്റെ ചലനങ്ങളാലും ഘനം കൂടിയ ചായപ്പാളികളാലും പ്രകൃതിയെ ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ചവൻ.''
മേരി സോളമനു വേണ്ടി കാത്ത് നിൽക്കാതെ സംസാരിക്കുകയായിരുന്നു. അതിനിടയിലെ നൊടിയിടകളിൽ കൈകൾ ചലിച്ചു കൊണ്ടും ഇരുന്നു.
"ഫ്രഞ്ച് ചരിത്രകലാകാരന്മാരുടെ പാരമ്പര്യനിറങ്ങളെ അട്ടിമറിച്ചു കൊണ്ടിരുന്ന സമയത്താണയാൾ സൂര്യകാന്തിപ്പൂക്കളുടെ പരമ്പര വരയ്ക്കുന്നത്. ഉറ്റസുഹൃത്ത് പോൾഗോഗിനായി, മുറി അലങ്കരിക്കുവാനായിരുന്നു ആദ്യ ശ്രമം. പന്ത്രണ്ട് ചിത്രങ്ങളുടെ പരമ്പരയാണയാൾ ആസൂത്രണം ചെയ്തത്. വരയ്ക്കുവാനായത് നാലും. ചെറിയ ബിന്ദുക്കളാൽ ചിത്രം നെയ്യുന്ന രചനാതന്ത്രവും കട്ടികൂടിയ ശില്പവേലാബ്രഷ് തലോടലുകളും അടക്കം പല ശൈലികൾ അദ്ദേഹം ഇതിൽ ഉപയോഗിച്ചു. സമകാലീന രചനാനിയമങ്ങളെ തച്ചുടക്കുവാൻ തക്ക കരുത്ത് അവയിൽ പ്രകടമായിരുന്നു. ഉദാഹരണത്തിനു ഫ്രഞ്ച് ചരിത്ര കലാകാരന്മാരുടെ വ്യത്യസ്ത നിറങ്ങളുടെ നിയമം. അടുത്തടുത്ത് വ്യത്യസ്ത നിറങ്ങൾ ഉപയോഗിക്കണമെന്ന നിയമമനുസരിച്ച് ആദ്യ രണ്ട് ചിത്രങ്ങൾ നീല പശ്ചാത്തലത്തിൽ നിർമ്മിച്ചപ്പോൾ അടുത്തവ നിയമവിരുദ്ധമായി മഞ്ഞ പശ്ചാത്തലത്തിൽ തന്നെ അദ്ദേഹം വരച്ചു.

പ്രകൃതിയെ അനുകരിക്കുകയായിരുന്നില്ല മറിച്ച് നിറങ്ങളിലൂടെ ചിത്രങ്ങളിലൂടെ മാനസിക വിക്ഷോഭങ്ങളെ പ്രകടിപ്പിക്കുകയായിരുന്നു. ഡച്ച് സാഹിത്യത്തിൽ സൂര്യകാന്തിപ്പൂക്കൾ വിശ്വാസത്തിന്റേയും സ്‌നേഹത്തിന്റേയും സൂചകങ്ങളായിരുന്നു. വളരെ നേർത്ത ബ്രഷ് ചലിപ്പിക്കലുകളിലൂടെയും നിശ്ചിതമായ സങ്കലങ്ങളിലൂടേയും നടത്തിയ ഇടപെടലുകൾ യാഥാസ്ഥിതികരായ കലാകാരന്മാരെ അകറ്റി നിർത്തിയിരുന്നു.

ആദ്യ ചിത്രം മൂന്ന് സൂര്യകാന്തിപ്പൂക്കൾ മഞ്ഞയും പച്ചയും നിറഞ്ഞ മൺപാത്രത്തിൽ കാപ്പി നിറത്തിലുള്ള ഉപരിതലത്തിലും മരതകപച്ച പശ്ചാത്തലത്തിലുമായിരുന്നു. രണ്ടാമത്തേത് ആറു സൂര്യകാന്തികൾ പച്ച ഭരണിയിൽ. മൂന്നാമത്തേതിൽ പന്ത്രണ്ടും നാലാമത്തേതിൽ പതിനഞ്ചും പൂക്കൾ ഉണ്ടായിരുന്നു. ആദ്യ ചിത്രത്തിലെ പൂക്കൾക്ക് ഉണർച്ചയുണ്ടായിരുന്നു. ഇതളുകൾ മങ്ങിയ പ്രകാശത്തിലെ ദീപ്ത വലയം പോലെ. ചിലത് പ്രകാശനാളം പോലെ നാവ് നീട്ടി. ചിലവ ജിപ്‌സിപ്പെണ്ണുങ്ങളുടെ തലമുടിപോലെ ഇളകിയാടി. ചിലത് മുതുകു വളഞ്ഞ വൃദ്ധരെപ്പോലെ തോന്നിച്ചു.'

അവൾ ചാർക്കോൾ വച്ച് മാതൃക കോറിത്തുടങ്ങി. അതിലെ ഓരോ കോറി വരയും മേരിയുടെ മുടിയിഴകൾ കാൻവാസിൽ പറ്റിപ്പിടിച്ച പോലെയേ തോന്നൂ. വയലിലെ വിളകളും കളകളും പുല്ലുകളും അതിൽ ഞെരിഞ്ഞമർന്നു കിടക്കുന്ന മനുഷ്യന്റേയും അളവുകൾ അവളുടെ കണ്ണുകൾ കണക്ക് കൂട്ടി. തനിക്ക് വെല്ലുവിളി ആകാൻ പോകുന്നത് സോളമന്റെ ഗുഹ്യഭാഗമാണെന്ന് അവൾക്ക് ഏറെക്കുറെ ഉറപ്പായി. ശരീരചർമ്മത്തിന്റെ നിറം ലഭിക്കുവാൻ ഏകദേശം മൂന്നു നിറങ്ങൾ കൂട്ടിക്കലർത്തേണ്ടി വരും. അവൾ ലായകമായ ടർപ്പെന്റയ്ൻ നിറങ്ങളുമായി പാലറ്റിൽ കത്തിയാൽ കുത്തിമറിച്ചു. സ്വർണ്ണ വർണ്ണമായിരുന്നു വിളകൾക്ക് തീരുമാനിച്ചത്. ഇടയിലെ പുല്ലുകളെ കരിഞ്ഞ നിറങ്ങളാൽ ജീവിപ്പിച്ചാൽ മതിയാകും. ബ്രഷിന്റെ ഓരോ തഴുകലും ചലനവും അവളാസ്വദിച്ചു. ബ്രഷിലെ ഏറ്റവും നേർത്ത രോമം പോലും കാറ്റിൽ ഉലയും പോതപ്പുല്ലു കണക്കെ പ്രതലത്തിൽ ഒഴുകി. ഇടയ്ക്ക് തുണികൊണ്ട് ഉരസി നിറങ്ങളുടെ കടുപ്പം കുറച്ചു. അവളാ സ്റ്റൂളിൽ നിന്നും താഴെയിറങ്ങാതെ തന്നെ സോളമനെ തിരിഞ്ഞു നോക്കി. അയാൾ സ്വയം ഉദ്ദീപിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. മേരി സ്റ്റൂളിൽ ഇരിക്കുന്ന വിധം സോളമനിൽ കൗതകമുണർത്തി. രണ്ട് കാലുകളും സ്റ്റൂളിൽ തന്നെ ചവിട്ടി കുന്തിച്ചിരിക്കുകയായിരുന്നു മേരി. ശല്യം തോന്നി തന്റെ തലമുടിയെ അവൾ ശിരസിന്റെ ഉച്ചിയിൽ ചുരുട്ടി കെട്ടി വച്ചു. പാലറ്റിൽ തേച്ച തന്റെ നിറങ്ങളെ ഉണങ്ങാൻ വിടാതെ ഇടക്കിടെ അവയെ കുഴച്ചു കൊണ്ടിരുന്നു. പെയ്ന്റ് മണം മേരിയെ ഉന്മാദിയാക്കിയിരുന്നു.

"കല കൃത്രിമമാണ്. ജീവിതത്തെ അനുകരിച്ച് പരാജയപ്പെടുന്ന സൃഷ്ടികളാണ്. ഈ ചിത്രത്തിൽ നിന്റെ മണം വരില്ല എന്ന പോലെ നഗരത്തെ പറ്റി വരയ്ക്കുമ്പോൾ അവിടുത്തെ ഓവുചാലുകളിലെ കടുത്ത ഗന്ധം ചിത്രത്തിൽ കൊണ്ട് വരാൻ കഴിയാത്തവൻ എങ്ങനെ കലാകാരനാവും? ആ ചിത്രം യാഥാർത്ഥ്യത്തെ എത്രമാത്രം മറച്ച് വയ്ക്കുന്നു. മനുഷ്യർ സൗന്ദര്യത്തേയും സുഖഭോഗങ്ങളേയും തേടുന്നവരാണ്. പക്ഷെ ജീവിതമോ പ്രകൃതിയോ അവ്വിധമല്ല രൂപപ്പെട്ടിട്ടുള്ളത്. അവിടെ ഏറ്റവും പൂർണ്ണമായ കല കാണാൻ സാധിക്കും. നിറങ്ങളുടെ കൂട്ടും.' അവൾ കൈത്തണ്ടയാൽ മുഖം തുടച്ചു.

കൈകളിൽ പറ്റിയ ചായം അവളാഞ്ഞ് മണത്തു. കെട്ടു പോയ സിഗററ്റ് ഒരിക്കൽ കൂടി കത്തിച്ച് പുകയൂതി. സ്റ്റൂളിൽ ഇരുന്ന് ചിത്രത്തിൽ ചെറിയൊരു മാറ്റം വരുത്തുന്നതിനു തീരുമാനിച്ചു. മേരി വരച്ചു കൊണ്ടിരുന്ന ചിത്രം ഏകദേശരൂപത്തിലേക്ക് വന്നു നിന്നിരുന്നു.

ഉയർന്നു നിൽക്കുന്ന ചോളവയലുകളുടെ നടുവിൽ ചാഞ്ഞുചെരിഞ്ഞൊടിഞ്ഞ തണ്ടുകളോട് കൂടിയ ചോളങ്ങൾക്ക് മീതെ മലർന്നു കിടക്കുന്ന സോളമനും ചോളനിലങ്ങൾക്കപ്പുറം വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തിപ്പാടങ്ങളും അവയ്ക്കിടയിൽ വിരിഞ്ഞ സൂര്യകാന്തിയായി ജ്വലിക്കുന്ന സൂര്യൻ. ചോളങ്ങളുടെ അടിഭാഗത്തിനു ചുവപ്പാണു മേരി നൽകിയത്. വിളകൾക്ക് മഞ്ഞ നിറവും. സോളമൻ ഒന്നു കൂടെ എത്തിച്ചു നോക്കി. ചിത്രത്തിലെ സോളമന്റെ ലിംഗത്തിനു പകരം ഒരു മുയൽ. വയലിനു നടുവിൽ മുയലിനെ തഴുകുന്ന സോളമൻ. മുയലും കാട്ടുമുയലും ദൃശ്യകലയിലെ പ്രധാന പ്രതിപാദ്യ വിഷയമായിരുന്നു. ഭോഗാസക്തിയുമായി ബന്ധപ്പെടുത്തിയാണ് ചരിത്രപരമായ പെയിന്റിംഗുകളിൽ മുയലിനെ ഉപയോഗിച്ചിരുന്നത്.

മേരി അയാളുടെ ജനനേന്ദ്രിയമായ മുയലിനെ നോക്കി നിന്നു പിന്നെ പതിയെ ചായത്താൽ മായ്ക്കാൻ തുടങ്ങി. പകരമൊരു സിത്താർ പതിയെ വരച്ചു. അയാൾ സ്വയംഭോഗം ചെയ്യുമ്പോലെയോ ഉദ്ദീപിപ്പിക്കുവാൻ ശ്രമിക്കുന്നതു പോലെയോ സിത്താർ മീട്ടുന്നുണ്ടായിരുന്നു. അയാളുടെ മ്യൂസിക്കിൽ അയാൾ മാത്രമല്ല വയലിലെ വിളകളും അതിനുള്ളിലെ പ്രാണികളും പൊടിയീച്ചകളും കിളികളും മുഴുകി. മ്യൂസിക്ക് പുറപ്പെടുവിക്കുന്ന ലിംഗത്തെ വരയ്ക്കുവാൻ താരതമ്യേന എളുപ്പമായിരുന്നു. രണ്ടു കൈകളാൽ ഇടവിട്ട് അയാൾ സിത്താർ വായിച്ചു.

സിത്താറിന്റെ അഗ്രത്തിലെ സ്വരങ്ങളെ ഒരേ സമയം തഴുകുകയും ഞരമ്പുകളിൽ അമർത്തുകയും ചെയ്ത് കൊണ്ട് സംഗീതജ്ഞൻ സംഗീതത്തിൽ കണ്ണുകളടച്ച് മുഴുകി. ചാഞ്ഞു കിടക്കുന്ന വിളകൾക്ക് മീതെ പതിക്കും സൂര്യകിരണങ്ങളിൽ സോളമൻ കിടന്ന് തിളങ്ങി. അയാളുടെ കൈകളുടെ മാംസപേശികൾ ഉരുണ്ട് കയറിയിരുന്നു. ആകാശത്തിനൊരറ്റത്ത് താണു പറക്കും പരുന്ത് മാത്രം അയാളുടെ സംഗീതത്തെ ശ്രവിച്ചും ഇരയ്ക്കായി പരതി. കാൻവാസിന്റെ പകുതിയിലധികം സ്ഥലം മഞ്ഞ നിറത്താൽ നിറഞ്ഞു നിന്നു. അവൾ സ്റ്റൂളിൽ നിന്നും എഴുന്നേറ്റ് പാലറ്റിൽ ബാക്കി വന്ന മഞ്ഞ നിറം കൈകളാൽ കോരി. തിരികെ വന്ന് അയാളുടെ സ്വകാര്യ ഭാഗം മഞ്ഞയിൽ കുതിർന്ന കൈകളാൽ തലോടി. മുളച്ചു തുടങ്ങിയിരുന്ന ഗുഹ്യരോമങ്ങൾ നിറത്തിൽ പറ്റിപ്പിടിച്ചു. കുത്തിയൊലിപ്പിൽ വന്നടിഞ്ഞ മഞ്ഞ ചെളിക്ക് മീതെ മുളച്ചു പൊന്തിയ പുൽനാമ്പുകൾ പോലെ രോമങ്ങൾ തലപൊക്കി. സൂര്യകാന്തി തോട്ടത്തെ പാരാഗ്ലൈഡിംഗിനിടെ വീക്ഷിക്കുന്ന യാത്രികനെപ്പോലെ മേരി അയാളുടെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കി. പെട്ടന്നയാളുടെ സ്വകാര്യത വിരിഞ്ഞു. "മഞ്ഞ നിറത്തിലൊരു സിത്താർ' അവൾ ചിരിച്ചു. അയാൾ കണ്ണുകളടച്ച് അതിനു വഴങ്ങിക്കൊടുത്തു. മേരി അയാളുടെ വയറിൽ തല വച്ച് കിടന്ന് ഒരു പുക കൂടിയെടുത്ത് പറഞ്ഞു.

"ആ മഞ്ഞ വയലിൽ ആയിരുന്നാൽ മതിയായിരുന്നു നാം. എനിക്ക് മണക്കുവാൻ നീയൊരു ചായക്കട്ടയും.' പെട്ടെന്ന് ക്യാമറ അവളുടെ ശ്രദ്ധയിൽപ്പെട്ടു. അവളതിലേക്ക് സൂക്ഷിച്ച് നോക്കി കൈകളെത്തി പിടിക്കുവാൻ ശ്രമിച്ചു. വീഡിയോയിൽ രാത്രി എന്ന പോലെ ഇരുട്ട് വന്നു. അന്ധയായ ഒരുവൾക്ക് കേൾവിശക്തി കൂടിയതു പോലെ ശബ്ദങ്ങൾ കൂടുതൽ വ്യക്തമായി കേട്ടുകൊണ്ടിരിക്കെ വീഡിയോ അവസാനിച്ചു.

ആദ്യത്തെ വീഡിയോ കഴിഞ്ഞപ്പോൾ ആദ്യ സ്റ്റേഷൻ കഴിഞ്ഞു പോയിരുന്നു. ആളുകൾ കയറിയും ഇറങ്ങിയും ചലനങ്ങളുണ്ടാക്കിയിരുന്നു. പേജുകൾ മറിക്കുന്ന ഒരു യാത്രക്കാരൻ സോളമനെ നോക്കി. ഓഫീസിലേക്ക് ഫോൺ വിളിച്ച് കയർക്കുന്ന ഒരു ജോലിക്കാരൻ, വന്നു കയറിയ ഗർഭിണിക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കുന്ന യുവാവ് എന്നിവരെ വർത്തമാന കാലത്തിലേക്ക് വെറുതെ വിട്ട് സോളമൻ ഭൂതകാലത്തിലേക്ക്, അടുത്ത വീഡിയോയിലേക്ക് കടന്നു.▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments