ചിത്രീകരണം: ശ്രീജിത്ത്. പി.എസ്.

3 am

അധ്യായം 14: രതിമൂർച്ചകളുടെ തോപ്പ്

ഭൂമിയിലെ ഒട്ടുമിക്കവരും തങ്ങളുടെ ജനനത്തെക്കുറിച്ച് വേവലാതി പൂണ്ടവരായിരുന്നു. സമ്പന്നർ സ്‌നേഹത്തെക്കുറിച്ചും പാവങ്ങൾ സമ്പത്തിനെക്കുറിച്ചും സാധാരണക്കാർ സൗന്ദര്യത്തേയും സമ്പത്തിനേയും കുറിച്ചും ചിന്തിച്ച് അതിനു കാരണമെന്ന നിലയിൽ സ്വന്തം ജനനത്തെ പഴിചാരിക്കൊണ്ടിരുന്നു. ജീവിതത്തിൽ തങ്ങളനുഭവിച്ച തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഈയൊരു കാര്യത്തിലും വേണ്ടിയിരുന്നുവെന്ന് മനസുകൊണ്ട് ശഠിച്ചു. അത്തരത്തിൽ സ്വന്തം തീരുമാനങ്ങൾക്കോ തിരഞ്ഞെടുപ്പുകൾക്കോ ഒരവസരം നൽകാതെയായിരുന്നു മേരി പട്ടണത്തിലേക്കുള്ള ബസിൽ കയറിയിരുന്നത്. അവളെ സംബന്ധിച്ച് അത് മറ്റൊരു രാത്രിയിലെ സ്വപ്നമെന്നൊരു ട്രെയിൻ യാത്ര മാത്രമായിരുന്നു. ആ രാത്രി ഇരുട്ടി വെളുക്കുമ്പോൾ വീട്ടിലെ ചുളുങ്ങിയ കിടക്കവിരികളിൽ പതിവ് പോലെ ഈത്തായ ഒലിപ്പിച്ച് താൻ കിടക്കുന്നുണ്ടാകും എന്നവൾ കരുതി.

നഗരം. കൂറ്റൻ കെട്ടിടങ്ങളുടെ, അവക്കുള്ളിലെ ഇരുമ്പ് ലിഫ്റ്റുകളുടെ, ഇറങ്ങിയും കയറിയും ചലിക്കുന്ന ആൾക്കൂട്ടങ്ങളുടെ, അടുത്തടുത്ത സ്റ്റേഷനുകളുടെ, വാടകക്കാറുകളുടെ, അതിൽ പായും ടൈ കെട്ടിയ ജോലിക്കാരുടെ, രണ്ടു നില ബസുകളുടെ, അതിലലയും സഞ്ചാരികളുടെ, റോഡുകൾക്കിടയിൽ ഇരുമ്പ് വലയിൽ സംരക്ഷിക്കപ്പെട്ട ചെടികളുടെ, ട്രാഫിക് സിഗ്‌നൽ കാത്ത് മുരണ്ട് കിടക്കും വാഹനങ്ങളുടെ, അവരെ നോക്കി അക്ഷമരായി നോക്കി നിൽക്കും കാൽനടക്കാരുടെ, മുറിച്ച് കടക്കുന്നവർ സിഗ്‌നൽ തെറ്റിക്കുമ്പോൾ പിഴയീടാക്കുവാൻ നോക്കി നിൽക്കുന്ന ഓഫീസർമാരുടെ, റോഡരിക് പൊളിച്ച് പണിയെടുക്കുന്നവരുടെ, വലിയ മാറിടമുള്ളവരെ നോക്കി നിൽക്കും കുടവയറന്മാരുടെ, വസ്ത്രശാലകളുടെ കണ്ണാടിയിൽ നോക്കി ലിപ്സ്റ്റിക് തേക്കുന്നവരുടെ, ഉയർന്ന ഹീലുള്ള ചെരുപ്പുകളുടെ, മുടിയൊതുക്കുന്നവരുടെ, സിഗററ്റ് വലിക്കുന്നവരുടെ, ഹെഡ്‌ഫോണിൽ സംഗീതം കേൾക്കുന്നവരുടെ, ജീൻസും ടീഷർട്ടും അണിഞ്ഞവരുടെ, പാവാടയണിഞ്ഞവരുടെ, മദ്യത്തിന്റെ, കുറ്റകൃത്യങ്ങളുടെ, ലഹരിയുടെ, അബോധാവസ്ഥകളുടെ, ടി.വി. ചാനലുകളുടെ, ആഡംബര മുഖം മിനുക്കലുകൾക്കുള്ളിലെ, വള്ളികളിൽ ഒഴുകും അഴുക്ക് ചാലുകളുടെ, അതിനിടയിലൂടുരുളും പെരുച്ചാഴികളുടെ, തൊട്ടരികിലുള്ള ഗ്രാമത്തിലേക്ക് ടിപ്പറുകളിൽ പായും മാലിന്യങ്ങളുടെ, പൊടി നിറഞ്ഞ മഴത്തുള്ളികളുടെ, മഞ്ഞ വെളിച്ചത്തിനു താഴെ ഇയ്യാമ്പാറ്റകളെപ്പോലെ പറക്കും പൊടി പടലങ്ങളുടെ, ക്രിക്കറ്റ് ഫുട്‌ബോൾ സ്റ്റേഡിയങ്ങളുടെ, രാത്രിയുറങ്ങാത്ത ബാറുകളുടെ, അവയെ ചുറ്റി നിൽക്കുന്ന വേശ്യകളുടെ, അവരെ റോന്ത് ചുറ്റുന്ന പൊലീസുകാരുടെ, സൂപ്പർ മാർക്കറ്റുകളുടെ, കടൽത്തീരങ്ങളിൽ കുടയുടെ തണലുകളിൽ തലചായ്ച്ചവരുടെ, യൂറോപ്യൻ ക്ലോസറ്റുകളുടെ, എൽ.ഈ.ഡി. ബൾബുകളുടെ, കണ്ണാടി കെട്ടിടങ്ങളുടെ, മ്യൂസിക്ക് ഷോപ്പുകളുടെ, നാടകത്തിനിടെ ചായക്കുടിക്കുവാൻ പോകുന്നവരുടെ, സിനിമാ തിയേറ്ററുകളുടെ, മോഷ്ടിക്കപ്പെട്ട ഷർട്ടുകളുടെ, പിറകിലുള്ള ഇരുമ്പൻ ഗോവണികളുടെ, ബാൽക്കണികളിൽ ഉണക്കാനിട്ട വസ്ത്രങ്ങളുടെ, ഫാഷന്റെ, സൺഗ്ലാസുകളുടെ, പ്രേമങ്ങളുടെ, രതിയുടെ, പാർക്കിംഗ് ഇടങ്ങളുടെ, സെക്യൂരിറ്റി ജീവനക്കാരുടെ, എലിവേറ്ററുകളുടെ, ബിയർ പാർലറുകളുടെ, വേസ്റ്റ് ബിന്നുകളുടെ, കാപ്പികടകളുടെ, ടണലുകളുടെ, മ്യൂസിക്ക് മണക്കുന്ന തെരുവുകളുടെ, ഫ്ളെെഓവറുകളുടെ, സബ് വേകളുടെ അതിനുള്ളിലെ വീടില്ലാത്തവരുടെ നഗരം.

നഗരത്തിലേക്കുള്ള മേരിയുടെ കുടിയേറ്റത്തിനു കാരണമായത് ഡോക്ടർ ഡേവിസ് എന്ന മനോരോഗവിദഗ്ധനായിരുന്നു. ചിരിക്കുമ്പോൾ ഒരു കുട്ടി സോഫയിൽ തുള്ളിച്ചാടുന്നത്രയും ഇളകുന്ന വയറുള്ള, വെപ്പായതിനാൽ വെളുത്ത നിറം കുറഞ്ഞ പല്ലുകൾ വെളിവാക്കി ബുഹാ ബുഹാ എന്ന് വായ് തുറക്കുന്ന, എഴുത്ത് കണ്ണടയുള്ള, കനം കുറഞ്ഞ കാലുകളുള്ള കസേരയിൽ നിന്നുമിപ്പോൾ നിപതിക്കും എന്ന പോൽ കുലുങ്ങിക്കൊണ്ടിരിക്കുന്ന ഡോക്ടർ ഡേവിഡിനെ പഠിച്ചു കൊണ്ടിരിക്കെ മേരി പരിചയപ്പെട്ടു.
കൗൺസലിംഗ് ആദ്യ ദിനം
""ഡോക്ടറുടെ കൊമ്പൻ പല്ലിന്റെ ഇടത്തുള്ള പല്ലിനെന്ത് പറ്റിയതാ? ആ പല്ലിന്റെ നിറവ്യത്യാസം കണ്ടില്ലേ വെളുത്ത പശുരാത്രി മുഴുവൻ ചാണകത്തിൽ ചരിഞ്ഞു കിടന്ന പോലെ'' മേരിയാണ് സംഭാഷണം തുടങ്ങി വച്ചത്.

""എട്ടാം ക്ലാസിലോ ഒൻപതാം ക്ലാസിലോ. പനി പിടിച്ച് അവശനിലയിലയിലായിരുന്നു. എന്നിട്ടും ക്ലാസിലേക്ക് പോകുവാൻ ഒരു ഇറക്കത്തിലൂടെ സൈക്കിൾ ഓടിക്കുകയായിരുന്നു. പെട്ടെന്ന് തലകറങ്ങി. സൈക്കിൾ മറിഞ്ഞ് മുഖം കുത്തി വീണതിനാൽ രണ്ട് പല്ലുകൾ മാറ്റി വയ്‌ക്കേണ്ടി വന്നു. ശംഖ് കൊണ്ടുള്ള മുന്തിയ തരം പല്ലുകളായിരുന്നു വച്ച് തന്നത്. സ്‌നേഹവും സഹതാപവും പോലെയായി ഈ പല്ലുകൾ. ആദ്യമൊക്കെ രണ്ടും ഒന്നെന്ന് കരുതും. സഹതാപം എന്നെന്നേക്കുമായി നിലനിൽക്കില്ലല്ലോ. നാളുകൾ കഴിയുന്തോറും അവ ഇങ്ങനെ സ്വന്തം നിറം വെളിവാക്കും.'' വായ പൊളിച്ച് പല്ലുകളിലൊന്നിൽ ഡോക്ടർ വിരലു കൊണ്ട് തൊട്ട് കാണിച്ചു. അത് നോക്കി കൊണ്ട് മേരി പറഞ്ഞു.
""ഡോക്ടർ അങ്ങനെ ചെയ്യുമ്പോൾ എനിക്ക് ചിരി വരും.'' മേരി പക്ഷെ ചിരിക്കുന്നില്ലായിരുന്നു. ചിരിക്കാതെ ചിരി വരുന്നു എന്നു പറയുന്നതിലെ അസ്വാഭാവികത മറി കടക്കുവാനായി ഡോക്ടർ ചോദിച്ചു.
""ഇതിലെന്താ ഇത്ര തമാശ?''
""ഡോക്ടർക്ക് ഇതിലെന്താ തമാശയെന്ന് അറിയില്ലല്ലോ അതാണ് തമാശ''
""മേരി ഇവിടെ എന്ത് കാരണത്താലാണ് വന്നേക്കുന്നത് എന്നറിയാമോ?''
""പരീക്ഷ എഴുതാഞ്ഞതിന്?''
""അല്ല''
""രാത്രിയിൽ അലറി വിളിക്കുന്നതിന്?''
""അല്ല''
""കൈ മുറിച്ചതിന്?''
""അല്ല''
""ക്ലാസിലിരുന്ന് ചിത്രം വരക്കുന്നതിനും ഉറങ്ങുന്നതിനും?''
""അല്ല''
""അറിയാത്തവർക്ക് കത്തെഴുതുന്നതിന്?''
""അല്ല''
""ആൺകുട്ടികളെ പ്രേമിക്കുന്നതിന്?''
""തല്ലു കൂടുന്നതിന്?''
""അല്ല''
""പിന്നെന്തിനാ?''
""മേരിയുടെ ശരീരത്തിലെ ഇലകളെല്ലാം വെട്ടിമാറ്റണം എന്നാണ് ടീച്ചർമാർ പറയുന്നത്.'' മേരി അനൈച്ഛികമായി തന്റെ മീശയിലും താടിയിലും കൈ കൊണ്ടുഴിഞ്ഞ് പരിശോധിച്ചു. അത് കണ്ട് ഡോക്ടർ ഗുഹാ ഗുഹാ എന്ന് ഇളകി ചിരിച്ചു. കസേരയിപ്പോൾ ഡോക്ടറെ താങ്ങാനാകാതെ ഒടിഞ്ഞു വീഴുമെന്ന് കരുതി മേരി കാത്തിരുന്നു. അതേ സമയം മുങ്ങി മരിച്ചേക്കാവുന്ന ഡോക്ടറുടെ മൃതദേഹത്തെ അവളൊന്ന് സങ്കൽപ്പിച്ചു നോക്കി. മലർന്ന് തടാകത്തിൽ പാതി മുങ്ങിയ അയാളുടെ ശരീരത്തിലെ കാക്കപ്പുള്ളികൾ അവൾ എണ്ണിക്കൊണ്ടിരിക്കെ ദ്വീപ് പോലെ ജലനിരപ്പിനു മുകളിൽ നിന്ന അയാളുടെ കുടവയറിൽ ഒരു പക്ഷി വന്നിരുന്ന് അവളെ നോക്കി പതുക്കെ തലത്താഴ്ത്തി അയാളുടെ വയർ കൊത്തിത്തുറന്നു. അവൾക്ക് ചിരി വന്നു
""ഡോക്ടർക്ക് ട്രെയിൻ ഓടിക്കുവാൻ അറിയാമോ?''
""ഇല്ല. മേരിക്ക് അറിയാമോ?''

""ഇല്ല പക്ഷെ എനിക്ക് സ്വന്തമായി രണ്ട് ട്രെയിൻ സ്റ്റേഷനുകളുണ്ട്. ഒന്നിൽ നിന്നൊന്നിലേക്ക് തുരങ്കമാണ്. ഇരുട്ടാണ്. രാത്രിയിലാണ് മിക്കവാറും സർവ്വീസ്. ആദ്യത്തെ ട്രെയിൻ സ്റ്റേഷന്റെ പേര് നിദ്രയെന്നാണ്. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് അന്നമ്മേച്ചിയമ്മ ഡോക്ടർ കുറിച്ച് തന്ന ഗുളികകൾ നൽകും. ഭയം പുറപ്പെടുവിക്കുന്ന പച്ച നിറത്തിലുള്ള ടാബ്ലറ്റ്. നീലനിറത്തിലുള്ളത് സ്ലോമോഷനിൽ ഓടാനുള്ള കഴിവാണ്. മഞ്ഞ, ഇരുട്ടത്ത് ഒളിക്കുവാനുള്ള കഴിവ്. ചുവപ്പ് പറക്കുവാനുള്ളതാണ്. ഏറ്റവും പ്രധാനം കറുപ്പ് ഗുളികയാണ്. ഓർമ്മകളുടെ വേരുകൾ ഉണക്കി പൊടിച്ചത്. വെളുത്തത് വേദനയാണ്. എല്ലാം കഴിച്ച് ഒരു ഗ്ലാസ് വെള്ളവും വിഴുങ്ങിക്കഴിഞ്ഞാൽ നിദ്രയെന്ന സ്റ്റേഷനിൽ ഒരു പ്രയാസവുമില്ലാതെ പ്രവേശിക്കാം. ആ സ്റ്റേഷനിൽ താഴേക്കിറങ്ങുവാൻ സ്വയം ചലിക്കുന്ന കോണിപ്പടികളുണ്ട്. ട്രെയിൻ മുഴുവൻ ഞാൻ തന്നെയാണ് ചിത്രം വരച്ച് നിറച്ചേക്കുന്നത്. മഞ്ഞയാണെന്റെ ഇഷ്ട നിറം. സൂര്യകാന്തിപ്പൂക്കളാണെന്റെ ഇഷ്ട ചിത്രം. വൃദ്ധയുടെ നരച്ച രണ്ടു മുടിയിഴകളാണ് എന്റെ റെയിൽ. റെയിൽപ്പാതക്ക് കുറുകെയുള്ള മരപ്പലകയിൽ മുഴുവൻ ഞാൻ തന്നെ വരച്ച ചിത്രങ്ങളായിരിക്കും. ചിത്രങ്ങൾ ചിത്രശലഭങ്ങൾ. നമ്മുടെ ശരീരത്തിൽ ആരും ഇതുവരെ ചിത്രം വരക്കാത്തതിൽ വിഷമമുണ്ടോ ഡോക്ടർ?''
""ഇല്ല.''

""സ്റ്റേഷനിൽ നമ്മൾ കാത്ത് നിൽക്കണം. ട്രെയിൻ വരും. നരച്ച താടിയുള്ള വൃദ്ധനാണ് അതിലെ ഡ്രൈവർ. അയാളുടെ താടി ഉണ്ടാക്കിയിരിക്കുന്നത് അയാൾ തന്നെ വലിച്ചു വിട്ടിരുന്ന പുകച്ചുരുളുകളാലാണ്. മരണം എന്നാണ് അയാൾ സ്വയം വിളിക്കുന്നത്. ഞങ്ങൾ മിണ്ടിയും പറഞ്ഞുമിരിക്കെ സ്വപ്നം എന്ന സ്റ്റേഷനിലെത്തും. അവിടെയിറങ്ങി ഞാൻ കത്തുകളെഴുതും.''
""ആർക്കാണ് കത്തുകളെഴുതുന്നത്?''
""എല്ലാവർക്കും. ഭൂമിയിൽ സങ്കടപ്പെടുന്നവർക്ക്. സ്‌നേഹത്തിനായ് കാത്തു നിൽക്കുന്നവർക്ക്. പ്രേമത്തിൽ നൊന്ത് കിടക്കുന്നവർക്ക്.''
""എത്രപേരുണ്ട് പ്രേമിക്കുന്നവരായിട്ട്?''
""ഇപ്പോൾ മൂന്ന്''
""എത്ര പേർ മൊത്തത്തിൽ ഉണ്ടായിട്ടുണ്ട്''
""എത്ര പേർ. ഒന്ന് രണ്ട് മൂന്ന് ഊഹം. അല്ലെങ്കിൽ എല്ലാം പറഞ്ഞു തരാം. ഏഴാം ക്ലാസിലായിരുന്നു ആദ്യപ്രേമം. അതിനു മുൻപ് പ്രേമിക്കാൻ നോക്കിയപ്പോഴൊക്കെ ഈ ആൺപിള്ളേർ പേടിച്ചോടുകയായിരുന്നു. പേടിത്തൂറികൾ. പുതിയ സ്‌കൂളിൽ വന്നപ്പോൾ ക്ലാസിലെത്തിയ ഒരു കുവൈത്തുകാരൻ. പല തരത്തിലുള്ള ചോക്ലേറ്റുകളാണ് അവന്റെ കാര്യം പറയുമ്പോൾ എനിക്ക് ഓർമ വരിക. ആ പിന്നൊന്ന് ഉണ്ട്. അവനെനിക്ക് കൊണ്ട് തരാറുള്ള പല പല ആകൃതികളിലുള്ള റബറുകൾ. ചോക്ലേറ്റുകളേക്കാൾ ഹരം പിടിപ്പിക്കുന്ന ഗന്ധമായിരുന്നു. അത് മണത്ത് നോക്കി കടിച്ച് മുറിച്ച് തിന്നുവാനുള്ള ആഗ്രഹം അടക്കി വയ്ക്കാറുണ്ടായിരുന്നു. അവൻ വലിയ കാശുകാരനായിരുന്നു. ഇന്റർവ്വെല്ലിനു സിപ്പപ്പ് സൗജന്യമായി വാങ്ങിത്തന്നിരുന്നു. ചുണ്ടിനരികിൽ പാറ്റ നക്കി കറുത്ത പാട് വന്നതിൽ പിന്നെ എനിക്കവനെ ഉമ്മ വക്കുവാൻ അറച്ചു. അടുത്ത പ്രേമം എട്ടാം ക്ലാസിലെ ഒരു സ്‌പോർട്‌സ് താരം. നല്ല ഉയരമുണ്ടായിരുന്നു. അവൻ ഓടുന്നതിനിടയിൽ വഴുക്കി വീഴാൻ പാകത്തിൽ എണ്ണയിടാൻ എനിക്ക് തോന്നാറുണ്ട്. ലോങ്ങ് ജമ്പ് ചാടി വീഴാറുള്ള മണൽത്തരികൾക്കു പകരം കൈതക്കാടിന്റെ പരവതാനി വിരിച്ച ഒരു ചിത്രം വരച്ചു കൊടുത്തിരുന്നു. ശ്വാസമില്ലാതെ പത്തു മിനിറ്റോളം ഉമ്മ വയ്ക്കാൻ അവനൊരു പ്രയാസവുമില്ലായിരുന്നു. പക്ഷേ വിയർപ്പുനാറ്റമായിരുന്നു സഹിക്കാൻ കഴിയാതിരുന്നത്. കൈവിരലുകളുടെ അറ്റത്ത് എന്നും കറുത്ത നിറം കട്ട പിടിച്ചു നിന്നു. പക്ഷെ വലിയ പേടിത്തൊണ്ടൻ ആയിരുന്നു. ഒൻപതാം ക്ലാസിൽ ഒരു പഠിപ്പിസ്റ്റ് ചെക്കൻ പിറകേ വന്നു. പല്ലുകളിൽ ക്ലിപ്പിട്ട അവനു ഉമ്മ വക്കുവാൻ വലിയ ആഗ്രഹമായിരുന്നു. ക്ലിപ്പുകൾക്കുള്ളിൽ ചുണ്ട് കുടുങ്ങിയ സ്വപ്നം കണ്ട് ഞാൻ ഞെട്ടിത്തുടങ്ങി. എന്റെ ഹോംവർക്ക് ചെയ്തിരുന്നത് അവനായിരുന്നു. പാവം തോന്നിയിട്ടാണ് മിക്കവാറും എല്ലാവരേയും പ്രേമിച്ചേക്കാം എന്ന് വച്ചത്. എന്റെ പുസ്തകം ഹോം വർക്ക് ചെയ്യാൻ കൊണ്ടു പോയി അതിൽ ഭക്ഷണത്തിന്റെ മഞ്ഞ നിറമാക്കുക സ്ഥിരമേർപ്പാടായിരുന്നു. പത്താം ക്ലാസിലാണ് ഒരു ഗായകനെ കയ്യിൽ കിട്ടുന്നത്. അവന്റെ ഗിത്താറിൽ ഞാൻ പെട്ട പാടാണ് സംഗീതവുമായി എന്നെ പ്രേമത്തിലാക്കിയത്. അവനത്ര എളുപ്പത്തിൽ ഗിത്താർ വായിച്ചു.

എപ്പോൾ പറഞ്ഞാലും പാടിത്തരുന്ന റേഡിയോ ആയിരുന്നവൻ. പക്ഷേ പിന്നീട് വയലിനോടാണ് കൂടുതൽ പ്രേമം തനിക്കെന്ന് പറഞ്ഞ് അവൻ പശ്ചാത്താപവിവശനായി. പക്ഷേ അന്നേ ഗിത്താർ ഒരു ശരീരമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. പക്ഷെ ഗായകൻ കരുതുന്ന പോലെയൊന്നുമല്ല കേട്ടോ. അവൻ എന്നെ ഓർത്ത് സ്വയംഭോഗം ചെയ്തിട്ടുണ്ടെന്ന് ചെവിയിൽ പറഞ്ഞു തന്നു. പ്ലസ് വണ്ണിലെ കാമുകൻ ഒരു സിനിമാ പ്രേമിയായിരുന്നു. ക്ലാസ് കട്ട് ചെയ്ത് ഞങ്ങൾ സിനിമാ തിയേറ്ററുകളിൽ കറങ്ങി നടക്കുമായിരുന്നു. സിനിമാ തിയേറ്ററിൽ എത്തിയാൽ പിന്നെ വലിയ ധൈര്യമായിരുന്നു അവന്. ഉറക്കെയുറക്കെ തൊണ്ട പൊട്ടുമാറു ഓരിയിടുവാനും വിസിലടിക്കുവാനും വലിയ ഉത്സാഹമായിരുന്നു. പ്ലസ്ടുവിനു ആദ്യം വന്നത് ഒരു കാമുകിയായിരുന്നു. കൂടെ പഠിച്ചിരുന്നവൾ. ഏതു ബഹളത്തിനിടയിലും എന്നെ ശ്രദ്ധിക്കുവാൻ അവളെ കഴിഞ്ഞേ ഉള്ളുവായിരുന്നു. അവളുടെ ഉമ്മയ്ക്ക് നല്ല നാറ്റമായിരുന്നു. അവളുടെ ഫ്രോക്കുകൾ എനിക്കിഷ്ടമായിരുന്നു. പ്ലസ്ടുവിനു തന്നെ അമ്മയുടെ അകന്ന ഒരു ബന്ധു.

അങ്ങേരുടേൽ മുടിഞ്ഞ പൈസയായിരുന്നു. ഓരോ മാസവും ചിലവിന് കൃത്യമായി പൈസ തരുമായിരുന്നു. എന്നാലോ എന്നെ ഒരിക്കൽ പോലും ഉമ്മ വക്കുന്നതിനു പോലും ആഗ്രഹമില്ലെന്ന് അങ്ങോർ പറഞ്ഞു. എനിക്കാണെങ്കിൽ ആ ഉമ്മക്ക് ഒരു ആഗ്രഹവുമില്ലായിരുന്നു. അയാളാണെന്റെ കന്യകാത്വം കവർന്നത് എന്നാണ് അങ്ങേരുടെ വിചാരം. പിന്നെ വാച്ച് കടയിലെ ഒരു വൃദ്ധൻ. സമയവുമായി യുദ്ധം ചെയ്യുന്ന ജോലി എത്ര വന്യം. ഏതെങ്കിലുമൊരു നാൾ സമയത്തെ വരുതിയിലാക്കി പഴയ കാലത്ത് പോയി അങ്ങോർക്കൊപ്പം ജീവിക്കാമെന്ന് കരുതി. അങ്ങോർ വലിയ അനുസരണയുള്ളവനാണ്. എനിക്ക് അണിയുവാൻ ആഴ്ചയിൽ പുതിയ തരം വാച്ചുകൾ മാറ്റി മാറ്റി നൽകിയിരുന്നു. ഒരു ശല്യവുമില്ല. നമ്മുടെ സൗകര്യമനുസരിച്ച് സമയം സെറ്റ് ചെയ്ത് തരുന്ന വാച്ചിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കുമായിരുന്നു. ഉദാഹരണത്തിനു ഉറക്കം മതിയാകാത്ത ദിവസം ഒരു മണിക്കൂർ പിറകിലോട്ട് പോകുവാൻ സാധിക്കുന്ന വാച്ച്. ഇടയിൽ മറ്റ് ആരൊക്കെയോ വന്ന് പോയ്‌ക്കൊണ്ടിരുന്നു. എളുപ്പം പ്രേമത്തിൽ വീഴുക എന്റെയൊരു സ്വഭാവമായിരുന്നു. പക്ഷെ എന്റെ യഥാർഥ പ്രേമം ഇനിയും കാണാൻ ഇരിക്കുന്നതേ ഉള്ളൂ.''
""അല്ല ഡോക്ടർ നിങ്ങളുടെ ജോലി വലിയ രസമാണ്''
""അതെന്താ''
""അല്ലാ ഇങ്ങനെ കുറേ കഥകൾ ഒക്കെ കേൾക്കാമല്ലോ? നിങ്ങൾക്ക് സഹായി ആയി ആളെ ആവശ്യമുണ്ടോ?''
""മേരി അതിന് പഠിക്കയല്ലേ? ജോലിയൊക്കെ തരാം പക്ഷെ പകരം എനിക്ക് ഒരു രോഗിയെക്കണ്ടെത്തി തരണം''
""അതെന്തിനാ?''
""മേരി സഹായി ആകുന്നതോടെ എന്റെ ഒരു പേഷ്യന്റ് കുറയുകയല്ലേ? അപ്പോൾ ആരെനിക്ക് ഫീസ് നൽകും?''
""ഡോക്ടർക്ക് എങ്ങനെയുള്ള രോഗിയാ വേണ്ടത്? രാത്രിയിൽ ഉറക്കം വരാത്ത ആളെ മതിയോ?''
""മതിയാകും''
കൗൺസലിംഗ് രണ്ടാം ദിനം
""രോഗിയെക്കിട്ടി ഡോക്ടർ''
""മേരിയുടെ കൂട്ടുകാരിയാണോ രോഗി?''
"അതെ മരിയ എന്നാണ് പേർ'
"എന്താ ആ കുട്ടിയുടെ അസുഖം?'

"ശരീരത്തിലെ സുഷിരങ്ങളിൽ നിന്നും മണ്ണിരകൾ ഇഴയുന്നുവെന്നാണ് മരിയ പറയുന്നത്. മണ്ണിരകൾ അവയുടെ ശരീരത്തിൽ വഹിക്കുന്ന മഴവില്ലു നിറമുള്ള കൊഴുത്ത ദ്രാവകം ശരീരത്തിലെമ്പാടുമുണ്ടെന്ന് അവൾ ആണയിട്ടു. അവളുടെ ദേഹം അഴുക്കുപിടിച്ചതാണെന്നാണ് അവളുടെ വിചാരം. തൊലിപ്പുറത്തും ഉള്ളിലും പഴുപ്പ് പോലെന്തോ കഴുകിയിട്ടും കഴുകിയിട്ടും സോപ്പുരച്ചിട്ടും ഡെറ്റോളിൽ മുങ്ങിയിട്ടും ബാത്ത്റ്റബ്ബിൽ കിടന്നിട്ടും അതങ്ങ് പോകുന്നില്ലയെന്ന്. തന്നോട് പകയുള്ള ആരോ ആണ് തന്റെ ദേഹമെന്ന് കരുതി അവളതിനെ ദ്രോഹിക്കയാണ്. അസുഖം വന്നാൽ മരുന്ന് കഴിക്കാതെ, തരം കിട്ടുമ്പോഴെല്ലാം കുപ്പിച്ചില്ലുകളാൽ കോറി വരച്ച് ഉണ്ടാക്കുന്ന മുറിവുകൾ ഉണങ്ങാതെ സൂക്ഷിച്ച്, തണുപ്പിലും വെയിലിലും ഒരു കൂസലുമില്ലാതെ ഇറങ്ങി നടന്ന്, ആൺകുട്ടികൾക്ക് ഉപയോഗിക്കുവാൻ കൊടുത്ത് അവളാ ശരീരത്തെ വെറുപ്പ് കൊണ്ട് മൂടിയിട്ടിരിക്കയാണ്.'

""മരിയ കൈമുറിക്കുവാൻ ശ്രമിച്ചിട്ടുണ്ടോ?''
""ഒരിക്കൽ. നമുക്കവളെ സഹായിക്കാൻ കഴിയുമോ ഡോക്ടർ?''
""പറ്റും. എന്താണ് അവളഴുക്കാണെന്ന് സ്വയം തോന്നുവാൻ കാരണം?''
""അവളൊരു ദിവാസ്വപ്നക്കാരിയാണ്. സ്വപ്നങ്ങളേയും ജീവിതത്തേയും വേർത്തിരിക്കുന്ന നീരോലി മതിൽ പശു തിന്നു പോയവൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഓർമ്മകളിലും സ്വപ്നങ്ങളിലും ജീവിതത്തിലും ഒരേ സമയം ജീവിക്കുന്നവൾ. ജീവിതമെന്നോ സ്വപ്നമെന്നോ ഓർമ്മയെന്നോ വേർത്തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടവൾ. ഇപ്പോൾ ഉദാഹരണത്തിനു എനിക്ക് പകരം മരിയ ആയിരുന്നു വന്നിരുന്നതെങ്കിൽ ഈ സംഭാഷണം കഴിഞ്ഞ ദിവസം സ്വപ്നത്തിൽ നടന്നതെന്നേ അവൾ കരുതൂ. അതേ സമയം സ്വപ്നങ്ങൾ പലപ്പോഴും യാഥാർഥ്യമായി അവൾക്ക് അനുഭവപ്പെടും. അവൾക്ക് ഡോക്ടറെ കാണുവാൻ വരാൻ കഴിയില്ല കേട്ടോ. ഭയമാണ്. ഞാൻ കുറേ നിർബന്ധിച്ചു എങ്കിലും വരില്ലെന്ന് തറപ്പിച്ച് പറഞ്ഞു.''
""ആ കുട്ടി സ്ഥിരമായി കാണുന്ന സ്വപ്നങ്ങളെക്കുറിച്ച് മേരിയോട് പറഞ്ഞിട്ടുണ്ടോ?''
""ഉവ്വ് ആരോടും പറയരുതെന്ന് ഉറപ്പ് തന്നതിനാൽ മാത്രമാണ് അവൾ എല്ലാം പറഞ്ഞിട്ടുള്ളത്''
""മേരി ഇപ്പോൾ ആ കുട്ടിയുടെ സുഹൃത്ത് മാത്രമല്ലല്ലോ എന്റെ സഹായി കൂടി ആണ്. അതിനാൽ രോഗം ഭേദമാക്കാൻ മേരിയും ബാധ്യസ്ഥയാണ്.'' ശ്രദ്ധയില്ലാതെ കാലുകളാട്ടിയിരുന്ന മേരി മുഖമൊന്നുയർത്തി ഡോക്ടറെ നോക്കി. ഡോക്ടർ തന്റെ പല്ലുകൾക്കിടയിലൂടെ തുപ്പലം തെറ്റിക്കുന്ന ശബ്ദം അവൾ കേട്ടു. വീണ്ടും തലകുനിച്ച് മേരി തുടർന്നു.

""ഏതാണ്ട് എല്ലാ ദിവസവും മരിയ ഒരേ സ്വപ്നം കാണുന്നതായി എനിക്കറിയാം. രാത്രിയിൽ തണുപ്പേറ്റ അവളുടെ കാൽപ്പാദങ്ങളെ പുതപ്പിനുള്ളിലേക്ക് കടത്തി വയ്ക്കുവാൻ വരുന്ന ശബ്ദം കുറഞ്ഞ കാലടികളെക്കുറിച്ചാണത്. തല വഴി അവളെ മൂടിയ പുതപ്പ് എടുത്ത് മാറ്റി വിരിക്കുവാനായുമ്പോൾ മുടിയിഴകളിൽ മിന്നാമിനുങ്ങുകൾ വന്നിരുന്ന് എൽ ഈ ഡി ബൾബുകൾ പോലെ തലയിലൊട്ടാകെ ക്രിസ്മസ്. മൂക്കൊരു കോളാമ്പിപ്പൂവ്. അതിൽ തലയിട്ട് തേൻ കുടിച്ച കിളികൾ. കണ്ണുകൾ ആരോ സഞ്ചരിക്കും ഹൈഡ്രജൻ ബലൂണുകൾ. പുരികങ്ങൾ അനാക്കോണ്ടകൾ. ചെവികൾ ആരോ വട്ടം കറക്കും പാവാടകൾ. ചുണ്ടുകൾ ഒച്ചിഴയും പാടുകൾ. താടി ചന്ത്രക്കാരൻ മാങ്ങ. തൊണ്ടക്കുഴി കുറുകും പ്രാവുകൾ. കൈകൾ ഊർന്നു വീണ കാട്ടുവള്ളികൾ. മുളച്ചു തുടങ്ങിയ മുലകൾ കാട്ടുകുമിളുകൾ. കക്ഷങ്ങൾ ഉറുമ്പിൻ കൂടുകൾ. വയർ ചേമ്പിലത്താൾ. പൊക്കിൾക്കുഴി പരുത്തി നൂൽ ഫാക്ടറി. അടിച്ചുണ്ട് നെടുകേ കീറിയ ബബുളൂസ് നാരങ്ങ. തുടകൾ ഉണ്ണിപ്പിണ്ടികൾ. കാൽ വിരലുകൾ പച്ചമഞ്ഞൾക്കഷ്ണങ്ങൾ. കാറിന്റെ താക്കോലോ, ഷൂസോ ഒരാൾ അവളിൽ തിരയുകയായിരുന്നു. അവളുടെ യോനിയോ മോശയുടെ പേടകം, അതിനുള്ളിൽ ഒഴിഞ്ഞു പോയ ഭൂമിയെ നിറക്കുവാൻ അത്രയും ജീവനുകൾ ജീവിതങ്ങൾ. പ്രതികളെ അരിച്ചുപെറുക്കും പൊലീസ് യൂണിഫോമുകളുടെ അധികാരം വിരലുകളായി അവളിൽ തിരഞ്ഞു. ആ മുറി വാരിവലിച്ചിട്ടു. അനങ്ങാതെ കിടന്നു കൊടുത്തപ്പോൾ അവളിൽ നിന്ന് മൃഗങ്ങളും കാടുകളും ഇറങ്ങി വന്ന് അവളെ ആശ്വസിപ്പിച്ചു ലാളിച്ച് ഉറക്കി.'' മേരിയുടെ കണ്ണുകളിൽ നിന്നും പുതിയൊരു നടപ്പാത എന്ന പോലെ കണ്ണുനീർ വഴിയുണ്ടാക്കി കുതിച്ചു. അതൊന്നും ശ്രദ്ധിക്കാതെ അവൾ തുടർന്നു.
""ചില സമയം അവൾ വാവിട്ട് കരയും. ചിലപ്പോൾ അലറി വിളിക്കും. ചില സമയം കൈകൾ മുറിക്കും. ചില സമയം കണ്ണുകളടയ്ക്കും. ഓർമ്മയാണോ സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാതെ കണ്ണുകളടയ്ക്കും.''
മേരി ഏങ്ങലോടെ കണ്ണുകളടച്ചു. മുഴുവൻ പൂർത്തിയാകുന്നതിനു മുൻപേ ഡോക്ടർ ഡേവിസ് രോഗികൾക്ക് മരുന്നുകൾ കുറിച്ച് നൽകുന്ന കടലാസിൽ ധൃതിപിടിച്ച് കുനുകുനുന്നിനെ എഴുതുന്ന ശബ്ദം കടന്നു വന്നു.
--------------------------------------------------------------------------------------ഗരത്തിൽ പുതുതായി രൂപം കൊണ്ട സ്ത്രീശാക്തീകരണ പ്രസ്ഥാനത്തിന്റെ നടത്തിപ്പു ചുമതല വന്നു ചേർന്നത് ചെയർപ്പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട ലില്ലിയിലായിരുന്നു. ലില്ലിയും അതേ പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുന്ന ഏതാനും സുഹൃത്തുകളുമായിരുന്നു ആ പ്രസ്ഥാനത്തിന്റെ നട്ടെല്ല്. ഔദ്യോഗിക ജീവിതത്തിൽ നിന്നും സ്വയം വിരമിച്ച് സാമൂഹിക പ്രവർത്തനങ്ങൾക്കായി എല്ലാ ബന്ധങ്ങളിൽ നിന്നും അകന്നു ജീവിച്ചു വരികയായിരുന്നു അവർ. ലില്ലി ഒരേസമയം പുരുഷന്മാരെ വെറുക്കുകയും കഠിനമായി സ്‌നേഹിക്കുകയും ചെയ്തിരുന്നെങ്കിലും അവരുടെ നിലപാടുകൾ സ്ത്രീ ജനങ്ങൾക്ക് അനുകൂലമായിരുന്നു. സ്ത്രീകൾക്കായുള്ള പോരാട്ടത്തിൽ ഒന്നുമൊന്നും അവർക്ക് തടസമായില്ല. വാദപ്രതിവാദങ്ങളിൽ എതിരാളിയുടെ കരുത്തിനെ അറിഞ്ഞു കൊണ്ട് തഴുകുവാനും അവസരം വരുമ്പോൾ കൃത്യമായി വേരടക്കം കടപുഴക്കുവാനും അവർക്ക് പരിശീലനം ലഭിച്ചിരുന്നു. മനോഹരമായി വസ്ത്രം ധരിക്കുകയും തന്റെ പെണ്ണത്തത്തിൽ അഭിമാനിക്കുകയും ചെയ്ത ലില്ലി സ്വയം സുന്ദരിയും ബുദ്ധിമതിയുമാണെന്ന് കണക്കാക്കി. അത് സത്യവുമായിരുന്നു. സ്ത്രീകളോട് കരുണയും സഹതാപവും കാണിക്കുന്ന പുരുഷന്മാരുടെ നിലപാടിനെ അവർ അംഗീകരിച്ചില്ല. സ്ത്രീ സ്വാതന്ത്ര്യം സ്ത്രീകളിലൂടെ എന്ന അവരുടെ ആശയം സ്ത്രീവാദികൾക്കിടയിൽ വലിയ പ്രചാരം നേടി. സംഘടനാ പ്രവർത്തനങ്ങൾക്കും അന്തേവാസികളുടെ താമസത്തിനുമായി ഒരു വീട് തേടിക്കൊണ്ടിരുന്ന തിരക്കിനിടെയാണ് മേരിയുടെ ആദ്യകത്ത് ലില്ലിയെ തേടി വന്നത്. ആദ്യ ലിഖിതത്തിലേ കത്തുകളെഴുതുന്നതിലുള്ള മേരിയുടെ നൈപുണ്യം ലില്ലിയെ അതിശയപ്പെടുത്തി.
യാതൊരു പ്രതീക്ഷയുമില്ലാതെ അപരിചിതരായ വിലാസക്കാർക്ക് എഴുതിയ പന്ത്രണ്ട് കത്തുകളിൽ ഒന്ന് മാത്രമായിരുന്നു മേരിക്കത്. എങ്കിലും അവളുടെ യഥാർത്ഥമായ വിലാസം ഫ്രം അഡ്രസിൽ എഴുതിയിരുന്നു എന്നത് മറ്റ് കത്തുകളിൽ നിന്നും അതിനെ മാറ്റി നിർത്തി. മരുന്ന് കുറിക്കുവാനുള്ള കടലാസിൽ ഗുളികൾക്ക് പകരം ലില്ലിയുടെ വിലാസം എഴുതിക്കൊടുത്ത ഡോക്ടർ ഡേവിസ് ആയിടയ്ക്ക് സ്മൃതിഭ്രംശത്തിന്റെ പിടിയിലകപ്പെട്ടതിന്റെ ഫലമായി മരിയ എന്നോ മേരിയെന്നോ പേരുള്ള രോഗിയെ മറന്നു പോകുക കൂടി ചെയ്തു. എന്നാൽ ലില്ലിയുമായുള്ള കത്തുകളിലൂടെയുള്ള നിരന്തര സമ്പർക്കം പട്ടണത്തിലേക്ക് ബസ് കയറുവാൻ മേരിക്ക് ധൈര്യം നൽകി. കത്തെഴുതുവാനുള്ള മേരിയുടെ പ്രാവീണ്യം കണക്കിലെടുത്ത് സംഘടനയുടെ തന്നെ ഓഫീസിൽ ക്ലറിക്കൽ ജോലിയും അത് വഴി വിദ്യാഭ്യാസവും സ്വയം പര്യാപ്തമായ ജീവിതവും ലില്ലി മേരിക്ക് ഉറപ്പ് നൽകി.
മേരി ഗ്രാമം ഉപേക്ഷിക്കുകയാണെന്ന വിവരം ആലീസ് അറിയുന്നത് പൊട്ടൻ കടിച്ചതിനാൽ പോസ്റ്റാഫീസ് കവലയിൽ നിന്നും ചാടിപ്പാഞ്ഞ് ആലീസിലേക്കോടിക്കയറിയ ഇട്ട്യേരേട്ടന്റെ സുനന്ദിനി പശുവിലൂടെയായിരുന്നു. വിവരം കേട്ട് ആലീസിനാധി കൂടി. അപ്പാപ്പനെത്ര ശ്രമിച്ചിട്ടും ആലീസ് അടങ്ങിയില്ല.

ദേശത്തിന്റെ ഉലച്ചിലിൽ ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഇറങ്ങിയോടി. പശുക്കളും പട്ടികളും പക്ഷികളും പൂച്ചകളും പൂച്ചികളും പെരുച്ചാഴികളും കൂട്ടമായി കുന്നുകളിൽ നിന്നും പരക്കം പാഞ്ഞു. അപമൃത്യുവരിച്ച് ആലീസിലടക്കം ചെയ്യപ്പെട്ട ആത്മാക്കളുടെ നൃത്തമെന്ന് അന്തോണിയേട്ടൻ ഓട്ടത്തിനിടെ വിളിച്ചു പറഞ്ഞു. ഒരു കാരണവുമില്ലാതെ ചരിവുകൾ ഇഴുകിയിടിഞ്ഞു. അതിനിടെ വീടുകൾ പലതും തകർന്നടിഞ്ഞു. വയറ്റിനുള്ളിലെ മരണത്തിന്റെ സന്തതിക്ക് ആലീസിന്റെ ഭാവമാറ്റം അസ്വസ്ഥതയുണ്ടാക്കി. തനിക്ക് ഭക്ഷണം കൊണ്ട് വരികയായിരുന്ന രക്തക്കുഴലുകളിലൊന്നിൽ അവൻ പിടിമുറുക്കിയതോടെ ആലീസ് നൊന്തു പോയി. കോപം വേദനയിലേക്ക് മാറിയതോടെ ആലീസിലെ കുലുക്കം പതിയെ നിശ്ചലമായി. ജനങ്ങൾ മരങ്ങൾക്കൊപ്പം ആശ്വസിച്ചു. അപ്പാപ്പൻ ആലീസിന്റെ വയറ് സ്‌നേഹത്താൽ തഴുകി. അത് തിരിച്ചറിഞ്ഞ് മരണത്തിന്റെ സന്തതി ചുവന്ന വള്ളിയിലെ പിടി അയച്ചു. പുതിയ ജീവിതാനുഭവങ്ങൾ സ്വായത്തമാക്കുന്നതിനായി മേരിയെ അനുവദിക്കേണ്ടതിന്റെ പ്രാധാന്യം അപ്പാപ്പൻ ആലീസിനെ ബോധ്യപ്പെടുത്തി. ആശ്വാസം കൊണ്ട ആലീസ് ഒടുവിൽ അർദ്ധസമ്മതം മൂളി.

ലില്ലിക്കും മേരിക്കും ഇണങ്ങുവാൻ വലിയ സമയം വേണ്ടി വന്നില്ല. തന്റെ ചെറുപ്പത്തെ ലില്ലി മേരിയിൽ കണ്ടിരുന്നതിനാൽ ആ വാത്സല്യം സ്‌നേഹമായി മേരിയെ പൊതിഞ്ഞു നിന്നു. ഇടവഴികൾ പിന്നിട്ട് നഗരത്തിന്റെ വേഗതയും തിരക്കും കുറഞ്ഞ ഒരറ്റത്ത് കുറച്ച് പറമ്പും അഞ്ച് കിടപ്പുമുറികളുള്ള പഴയ രീതിയിലുള്ള വീട് നല്ല വണ്ണം ബോധിച്ചതിനാൽ തേടിവന്ന ദിവസം തന്നെ ആ വീട്ടിലേക്ക് മേരിക്കൊപ്പം ലില്ലി താമസം മാറി. ബാഗുകളുമായി വീട്ടിലെത്തിയപ്പോൾ മെലിഞ്ഞു നൂലുപോലെയായ, താടി നരച്ച, കണ്ണുകളിൽ തിമിരം എത്തി നോക്കിയ, തൊലി ഞൊറിഞ്ഞു തുടങ്ങിയ ഒരാൾ അവരെ കാത്തു നിന്നിരുന്നു.
""എന്റെ പേര് പീറ്റർ. ജോർജേട്ടൻ പറഞ്ഞിരുന്നു മാഡം വരുമെന്ന്. താക്കോൽ തന്നാൽ മുറി തുറക്കാമായിരുന്നു. ജോർജേട്ടൻ പറഞ്ഞിട്ട് ഞാൻ ഇന്നലെയേ കേറി വൃത്തിയാക്കി വച്ചിട്ടുണ്ട്'' പഴ്‌സിൽ നിന്നും ലില്ലി താക്കോലെടുത്ത് കൊടുത്തു. വീടു തുറന്ന് അയാൾ ഉള്ളിലേക്ക് കയറിപ്പോയി. മുറ്റത്തുള്ള പുളി മരത്തിന്റെ ചെറുഇലകൾ മുടിയിൽ കുരുങ്ങിയത് മേരി തപ്പിക്കൊണ്ടിരുന്നു.
ലില്ലിയുടെ നിർദ്ദേശപ്രകാരം ജോർജ്ജേട്ടൻ തരപ്പെടുത്തിയതാകണം. കസേര, കട്ടിൽ, സോഫ, സെറ്റി തുടങ്ങി അത്യാവശ്യം സാമാനങ്ങൾ വീട്ടിനുള്ളിലുണ്ടായിരുന്നു. ഏതോ ഒരു കുടുംബം കുറേയേറെ നാളുകളായി താമസിച്ചു കൊണ്ടിരിക്കുന്ന വീടെന്നേ ഒറ്റ നോട്ടത്തിൽ മേരിക്ക് തോന്നിയുള്ളൂ. എന്നാൽ അഞ്ച് കിടപ്പുമുറികളിലും കുടുംബാംഗങ്ങൾ ആരുമില്ലായിരുന്നു. അതു പോലെത്തന്നെ അവരുടെ നിത്യോപയോഗവസ്തുക്കളും. ടിവിയെ കേന്ദ്രീകരിച്ച് സോഫയുടേയും സെറ്റിയുടേയും സ്ഥാനം മാറ്റി ഒരുക്കുന്നതിനിടയിൽ കട്ടൻ ചായയുമായി പീറ്റർ വന്നു.

""മാഡം സോഫ അവിടെ ഇട്ടാൽ ജനലിലൂടെ വീഴുന്ന വെയിൽ തട്ടി ടി വി കാണാൻ പറ്റില്ല മാഡം. ടിവി അവടേയും സെറ്റി ഇവടെയും ഇട്ടാൽ ശരിയാകും'' പറഞ്ഞ് തീർന്നതും അയാൾ ടിവി സ്റ്റാൻഡും സോഫയും സെറ്റിയും പഴയ സ്ഥാനത്തേക്ക് മാറ്റുവാൻ തുടങ്ങി. ലില്ലിക്കത് ഇഷ്ടമായില്ലെങ്കിലും സ്വതവേയുള്ള സഹനശക്തി കാരണം എതിർപ്പ് ഒന്നും പ്രകടിപ്പിക്കാതെ കൂടെ പിടിച്ച് സഹായിച്ചു.
""മാഡം ഒന്നും കഴിച്ചില്ലല്ലോ റവ വാങ്ങിക്കൊണ്ട് വന്നത് ഇരിപ്പുണ്ട് ഉപ്പുമാവ് ഉണ്ടാക്കട്ടേ?''
""നാളെ രാവിലെ എന്തൊക്കെയാ ഭക്ഷണം വേണ്ടതെന്ന് പറഞ്ഞാൽ മതി. കഞ്ഞികുടിക്കുന്ന പതിവ് കാണില്ലല്ലോ അല്ലേ?'' കഞ്ഞിയാണു ഇഷ്ടമെന്ന് ലില്ലി ഉള്ളിൽ പറഞ്ഞു.
""പിറകിൽ നല്ലൊരു അടുക്കളത്തോട്ടം ഉണ്ട് മാഡം. വെള്ളരിക്കയുണ്ട് പറമ്പിൽ. ഞാൻ നോക്കിയിരുന്നു. ഒരു മോരൊഴിച്ചു കറി വക്ക്യാം. മാഡം നോൺ വെജ് ആണെങ്കിൽ മാർക്കറ്റിൽ പോയി മീനോ കോഴിയോ വാങ്ങാം'' വീട് നോക്കുവാൻ വന്ന നേരം അങ്ങനെയൊരു തോട്ടം ലില്ലിയുടെ ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നു. ലില്ലി രണ്ട് നിമിഷത്തെ നിശബ്ദതക്കു ശേഷം സംസാരിച്ചു.
""ജോർജേട്ടനോട് ഞാനൊരു സ്ത്രീയെയാണല്ലോ കൂട്ടിനായി ചോദിച്ചത്?''
""അതെ പക്ഷെ വരാമെന്നേറ്റ റോസിയുടെ അമ്മായിയമ്മക്ക് ഇന്നലെ അസുഖം കൂടി. അവർക്ക് ഈ വലിവ് ഒക്കെ ഒള്ളതാണെ. അപ്പോ അവളു തന്നെയാണു ജോർജേട്ടനെ വിളിച്ച് പകരം പീറ്ററേട്ടൻ രണ്ട് ദിവസം നിന്നോളും എന്ന് പറഞ്ഞത്. അവളു വരണവരയേ ഞാൻ കാണൂ. വൈകുന്നേരം ഞാൻ സാധാരണ വീട്ടിൽ പോകാറാ പതിവ്. മാഡവും ഈ കുട്ടിയും ഒറ്റക്കല്ലേയുള്ളു. പുതിയ സ്ഥലമല്ലേ ഞാൻ വേണമെങ്കിൽ നിൽക്കാം. ഇവിടെ കള്ളന്മാരുടെ ശല്യം ഈയിടെയായി വളരെക്കൂടുതലാ. അപ്പുറത്തെ വീട്ടിലെ ആളുകളെ രണ്ടാഴ്ച മുൻപാണ് ആക്രമിച്ചത്. പുറത്തെ ഷെഡിൽ കിടന്നോളാം. മാഡത്തിന് പേടി കാണും.'
""ഒരു പേടിയുമില്ല'' ലില്ലി പറഞ്ഞു.
""മാത്രവുമല്ല ഇതൊന്നും ശരിയാകുമെന്നും തോന്നുന്നില്ല'' ലില്ലി കുളിച്ച് വന്നപ്പോൾ ഉപ്പുമാവിന്റെ മണം ഫ്‌ലാസ്‌കിൽ നിന്നും എത്തി. കൂടെയൊരു കട്ടങ്കാപ്പിയാകാമെന്ന് കരുതി അടുക്കളയിൽ പോയി ഗ്യാസ് സ്റ്റൗ കത്തിച്ചു.
""കട്ടങ്കാപ്പിയാണോ മാഡം മറ്റേ ഫ്‌ലാസ്‌കിൽ ഞാൻ വച്ചിട്ടുണ്ട്'' തണ്ടുകളിൽ നിന്നും മുറിച്ചെടുത്ത വെള്ളരിയും നഖങ്ങൾ കൊണ്ട് പിച്ചിയെടുത്ത ചൂനിമുളകും തിണ്ണയിൽ വച്ച് പൈപ്പ് തുറന്ന് അയാൾ കൈകൾ കഴുകി. ലില്ലി സ്റ്റൗ ഓഫ് ചെയ്ത് തിരിച്ച് പോയി.
""മാഡം ഞാൻ മുറ്റത്തെ ചെമ്പരത്തികൾക്ക് ഇത്തിരി വെള്ളം കൊടുത്തിട്ട് വരാം. കാപ്പി എടുത്തോളുമല്ലോ ഇല്ലേ?'' ഉപ്പുമാവിനുള്ളിലെ കാരറ്റ് കഷ്ണം കടിക്കുന്നതിനിടയിൽ വെള്ളം കൊടുക്കുവാൻ ചെമ്പരത്തി ചെടികൾ എന്താ പശുക്കുട്ടികളോ എന്ന് മേരി ചിന്തിച്ചു.

നാലു ദിവസം കഴിഞ്ഞപ്പോൾ ഒരു നീല കാറു ആ മുറ്റത്തെത്തി. നാലു സ്ത്രീകൾ അതിൽ നിന്നുമിറങ്ങി. ഗേറ്റിൽ കാറിന്റെ ശബ്ദം കേട്ടിരുന്നതിനാൽ ലില്ലി വേഗത്തിൽ വാതിൽ തുറന്നു വന്ന് ആദ്യം കണ്ട സ്ത്രീയെ കെട്ടിപ്പിടിച്ചു. അവർ തിരിച്ചും. മേരിയെക്കണ്ട് അവരിലൊരാൾ ഇതാണോ നീ പറഞ്ഞ കുട്ടി എന്ന് ചോദിച്ചു.
ലില്ലി തലയാട്ടി. നിനക്കെന്താ പറ്റിയത് എന്ന് ചോദിച്ച് ഒരാൾ ലില്ലിയുടെ മുടിയിൽ വിരലോടിച്ചു
""മുടിയൊക്കെ കൊഴിഞ്ഞ് കൊഴിഞ്ഞ് കോഴിവാലു പോലായല്ലോ'' എന്ന് ആദ്യത്തെ സ്ത്രീ വിഷമിച്ചു. ഊഴമനുസരിച്ച് ബാക്കിയുള്ള മൂന്നു സ്ത്രീകളേയും ലില്ലി കെട്ടിപ്പിടിക്കുന്നതിനിടെ രണ്ടാമത്തെ സ്ത്രീ ചോദിച്ചു:

""അയാളിവിടുണ്ടോ?''
""ഇല്ല മാർക്കറ്റിൽ പോയിരിക്കാണ്''
""അത് നന്നായി''

""നിങ്ങളു വാ അകത്തിരുന്ന് സംസാരിക്കാം''. അവർ മേശക്ക് ചുറ്റും ഇരുന്നു. മേരി എല്ലാവർക്കും കുടിക്കുവാൻ തണുത്ത മഞ്ഞ നിറത്തിലുള്ള മധുരപാനീയം നൽകി. അടുക്കളയിലെ ടിന്നിൽ നിന്നും ചക്കവറുത്തത് രണ്ട് ചെറിയ പ്ലേറ്റുകളിൽ നടുക്ക് വച്ചു കൊടുത്തു. മൂന്നാമത്തെ സ്ത്രീ ചക്കവറുത്തത് ശബ്ദത്തിൽ കടിച്ചു മുറിച്ചു.
""ഇതേതു ബേക്കറീന്ന് വാങ്ങിയതാണ്. നല്ല രുചി.''
""ആഹ് ഇത് അയാൾ ഇവിടെ വറുത്തതാ''
""ആഹാ'' എന്ന് പറഞ്ഞ് ചക്കകഷ്ണത്തോട് ചെറിയൊരു അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും ""നീ എന്താ ഉണ്ടായതെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ '' എന്ന് ചോദിച്ച് അവർ ആ നിമിഷത്തെ കടന്ന് പോയി.

ലില്ലി പറഞ്ഞ് തുടങ്ങി. ""ഇവിടെ താമസത്തിനായി എത്തിയപ്പോൾ അയാൾ ഇവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. പീറ്റർ എന്നാണ് പേരു പറഞ്ഞത്. വീട് വാടകയ്ക്ക് ശരിയാക്കി തന്ന് ഇടനിലക്കാരനായി നിന്ന ജോർജ്ജേട്ടൻ ആണ് അയാളെ ഏർപ്പാടാക്കിയത്. ജോർജ്ജേട്ടനോട് ഒരു സ്ത്രീ മതി കുറച്ച് നാളത്തേക്ക് മറ്റു അന്തേവാസികൾ വരുന്നത് വരെ കൂട്ടുനിൽക്കാനും പാചകത്തിനും ഒക്കെ ആയിട്ട്, ഇഷ്ടപ്പെടുകയാണെങ്കിൽ ഇവിടെത്തന്നെ ഉറപ്പിക്കാം എന്നു പറഞ്ഞിരുന്നു. പറഞ്ഞേൽപ്പിച്ച സ്ത്രീ ബന്ധുവീട്ടിൽ പോയതു കാരണം രണ്ട് ദിവസത്തേക്ക് നിൽക്കാൻ ജോർജ്ജേട്ടൻ തന്നെ ഏൽപ്പിച്ചതാണെന്ന് പറഞ്ഞാണ് ഇയാൾ വന്നത്. ആദ്യത്തെ ദിവസം സാധനങ്ങൾ ഒതുക്കിയപ്പോൾ തന്നെ വൈകുന്നേരമായിരുന്നു. ഞാൻ നിർബന്ധിച്ചപ്പോൾ അയാൾ വീട്ടിലേക്ക് പോവുകയും ചെയ്തു. പിറ്റേദിവസം രാവിലെ അപ്പുറത്തുള്ള ഷെഡ്ഡിൽ നോക്കിയപ്പോൾ, നിങ്ങൾ വന്നപ്പോൾ കണ്ടു കാണും വലതു വശത്തുള്ള ഒരു മുറി അയാളതിനുള്ളിൽ കിടന്നുറങ്ങുന്നു. വീടിനു പുറത്തല്ലേ എന്ന് വച്ച് ഞാൻ ഒന്നും പറഞ്ഞില്ല.''
""അതിനെന്താ നിനക്കൊരു സെക്യൂരിറ്റി ആയില്ലേ. നിന്നെ ഉപദ്രവിക്കാൻ എങ്ങാനും അയാൾ ശ്രമിച്ചോ?''
""ഇല്ല. അതൊന്നുമല്ല പ്രശ്‌നം'' കുറച്ചധികനേരത്തേയ്ക്ക് ലില്ലി നിശബ്ദയായി നിന്നു. ശ്വാസമെടുത്ത് വിടുന്നത് മൂകതയിൽ മുഴങ്ങി.
""നമ്മളുടെ ഇഷ്ടത്തിനു കസേരയൊന്ന് മാറ്റിയിടാൻ അയാൾ സമ്മതിക്കില്ല. എതിർത്ത് ഒന്നും പറയുകയൊന്നുമില്ല പക്ഷെ കസേര പഴയ സ്ഥലത്ത് കൊണ്ടു വന്നിടും. ചോദിച്ചാൽ പറയും അവിടെയല്ലേ മാഡം നല്ലത്. ടി.വി സ്റ്റാൻഡ് അനക്കാൻ പറ്റില്ല. കട്ടിൽ മാറ്റിയിടാൻ സമ്മതിക്കില്ല. ഇഷ്ടമുള്ള ഒരു കറിയുണ്ടാക്കാൻ പറ്റില്ല. എന്തിനു അടുക്കളയിൽ വച്ചിരിക്കുന്ന മുളക് പൊടിയുടെ ടിന്നിന്റെ സ്ഥാനം മാറ്റാൻ ഇയാൾ സമ്മതിക്കില്ല. സ്വന്തം ഇഷ്ടത്തിനു കൊണ്ട് നടക്കാൻ അല്ലേ കാശും കൊടുത്ത് ഇങ്ങോട്ട് മാറിയത്? വീട് അടിച്ചു വാരാൻ സമ്മതിക്കില്ല. വീട്ടിനുള്ളിൽ ചെരിപ്പിടാൻ പാടില്ല. എന്റെ സ്വന്തം കാര്യം നോക്കാൻ എനിക്കറിഞ്ഞുകൂടെ? അപ്പോൾ വരും. മാഡം അത് ഞാൻ ചെയ്ത് വച്ചിട്ടുണ്ട് മാഡം. ഇത് റെഡിയാണ് മാഡം. അയാൾ മാർക്കറ്റിൽ പോയ ദിവസം ഞാൻ ഹാൾ ഒന്നു അടിച്ചു വാരി. എന്നിട്ടെന്താ തിരിച്ചു വന്നപ്പോൾ അങ്ങേർ ഡെറ്റോൾ ഒഴിച്ച് തുടച്ചു ഹാൾ. അതെന്താ ഞാൻ വൃത്തിയാക്കിയാൽ വൃത്തിയാകില്ലേ ഈ വീട്? മുറ്റത്തെ ചെമ്പരത്തി നനക്കാൻ പോലും എനിക്ക് സ്വാതന്ത്ര്യം ഇല്ല ഇവിടെ. ഇരുപത്തിനാലു മണിക്കൂറും പണിയെടുക്കും. അടുക്കള പണി കഴിഞ്ഞാൽ പറമ്പ് കൊത്തിക്കളയ്ക്കും. അയാൾക്ക് ഇഷ്ടമില്ലാത്തത് ഒന്നും നടത്താൻ സമ്മതിക്കില്ല. അയാളുടെ സ്വന്തം വീട്ടിലേക്ക് നമ്മൾ വിരുന്നു വന്നതു പോലെയാണ് പെരുമാറ്റം. ഇവിടെയുള്ള ചെടികൾ അയാളുടെ, കട്ടിലുകൾ അയാളുടെ. കിണറ്റിലെ മീനുകൾ വരെ അയാളുടെ. വീടിന്റെ പൊട്ടും പൊടിയും അയാളുടെ.''▮

​​​​​​​(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments