ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

പുനരുജ്ജീവനത്തിന്റെ പുസ്തകവും കുറിപ്പുകളും

രണ്ട് : പുനരുജ്ജീവനത്തിന്റെ പുസ്തകവും കുറിപ്പുകളും

റ്റയ്ക്ക് മൂത്രമൊഴിക്കുവാൻ പോകുന്നതിനു ഭയമായതിനാൽ ഇരുപത്തിയൊന്നാം ഓർമ സോളമനേയും ഒന്നാം ഓർമയേയും കൂടെക്കൂട്ടി. ഓർമ്മകൾക്ക് ഇരുട്ട് ഭയമായിരുന്നു എങ്കിലും നിശബ്ദതയുടെ അംശങ്ങൾ പറ്റിപ്പിടിച്ച രാത്രിയിലേക്ക് ഉറക്കമില്ലായ്മകൾ തുറന്നു വിട്ട് മറ്റാരുടെയെങ്കിലും ഉറക്കത്തിലള്ളിപ്പിടിച്ച് അവരതിൽ കഥ പറഞ്ഞു. ഉറക്കമെന്ന സ്ത്രീ അലക്കിവിരിച്ചിട്ട വെള്ള കിടക്കവിരിയിലേക്ക് ചിത്രപ്രക്ഷേപണി പ്രതിഫലിപ്പിച്ച് ചിത്രങ്ങളോടിപ്പിച്ചു. സ്വപ്നങ്ങൾ അവരിലൂടെ പിറന്നു. സോളമനും ഒന്നാം ഓർമയും കൂടെ ഇരുപത്തി ഒന്നാം ഓർമയെ മൂത്രമൊഴിപ്പിക്കുവാൻ ഹാളിലെ ബാത്ത് റൂമിലേക്ക് കൊണ്ടു വന്നു.

""അതേ. വാതിൽ അടയ്ക്കണ്ട. ചേട്ടനു പാട്ടു പാടാനറിയാവോ?'' ഇരുപത്തിയൊന്നാം ഓർമ ഒന്നാം ഓർമയോട് ചോദിച്ചു.""ഒരു കാര്യം ചെയ്യാം ഞങ്ങൾ ഉള്ളിലേക്ക് വരാം''""വേണ്ട'' പാട്ടുപാടുന്നതിൽ സ്വകാര്യമായി ആനന്ദിക്കാറുള്ള ഒന്നാം ഓർമ സഭാകമ്പം വെടിഞ്ഞ് പാടാൻ തീരുമാനിച്ചു. ഒന്നാം ഓർമ പാട്ടു പാടി.""*ജറുസലേം പുത്രിമാരേ, ഇരുണ്ട നിറമെങ്കിലും അഴകുള്ളവൾ കേദാരിലെ കൂടാരങ്ങൾപോലെ സോളമന്റെ കൂടാരത്തുണികൾപോലെ*''
സോളമൻ പതുക്കെ ഒന്നാം ഓർമയെ നോക്കി. അയാളുടെ കണ്ണുകളിലെ തീക്ഷ്ണതയിൽ നോക്കി നിൽക്കെ പാട്ട് തനിയെ നിലച്ചു. സോളമൻ നോട്ടം പിൻവലിച്ച് ഇരുട്ടിലേക്ക് നോക്കി. ഒന്നാം ഓർമ പിറുപിറുത്തു. ""അന്നമ്മേച്ചിയമ്മ ഉത്തമഗീതം മേരിയെ കുട്ടിക്കാലത്തേ കേൾപ്പിച്ചതിനു ഞാൻ എന്ത് ചെയ്യാനാ?'' ബാത്ത് റൂമിൽ നിന്ന് പേടി കൊണ്ട് വിറക്കുന്ന ശബ്ദത്തിൽ""എന്താ പാട്ട് നിന്നത്?'' എന്ന ചോദ്യം അവരെത്തേടി വന്നു.
അത് കേട്ട് ഒന്നാം ഓർമ പിന്നേയും പാട്ടു തുടങ്ങി**""Mary's got a new job She's working in the bank Making lots of money and giving it to solomon Solomon is her married boyfriend Been that way for a year Slapped her in the face once But says he loves her dear '
​(* ഉത്തമഗീതം, ** The 4 of us )

സോളമൻ ഒന്നാം ഓർമയുടെ സൗണ്ട് കാർഡ് വലിച്ചൂരി. അപ്പോഴേക്കും പകുതി മൂത്രമൊഴിച്ചു കഴിഞ്ഞ ആശ്വാസത്തിൽ ഇരുപത്തിയൊന്നാം ഓർമ ഓടി വന്നു.""എന്താണ് പാട്ടു നിറുത്തിയത്?'' ഒന്നാം ഓർമയുടെ വായ അനങ്ങിയെങ്കിലും ശബ്ദം പുറത്തു വന്നില്ല.
സോളമൻ സൗണ്ട് കാർഡ് തിരിച്ചു കുത്തി കൊടുത്തു.""മേരി എന്ന വാക്കുള്ള പാട്ട് പാടിയതിനു സോളമൻ എന്റെ സൗണ്ട് കാർഡ് വലിച്ചൂരി''.
ഒന്നാം ഓർമ കാർഡിൽ തടവിക്കൊണ്ട് ഇരുപത്തിയൊന്നിനോട് പരാതി പറഞ്ഞു. സോളമൻ തിരിഞ്ഞ് കിടപ്പുമുറിയിലേക്കു നടന്നു. ഓർമകളവനെ അനുഗമിച്ചു. പിറകിൽ കുശു കുശുപ്പ് ശബ്ദം കേട്ട് സോളമൻ ഓർമകളെ നോക്കി. ഞങ്ങളല്ല എന്ന് ആംഗ്യം കാണിച്ച് അടുത്ത മുറിയിലേക്കവർ വിരൽ ചൂണ്ടി.
ശരിയാണ്, ശബ്ദം ആ ഭാഗത്തു നിന്നുമാണ് കേൾക്കുന്നത്.
കുറച്ചു നാളുകൾക്ക് മുൻപ് വരെ സോളമനും മേരിയുമുപയോഗിച്ചിരുന്ന മുറിയിൽ നിന്നും ആരോ അടക്കിപ്പിടിച്ചു സംസാരിക്കുന്നുണ്ട്.
സോളമനും ഓർമകളും ശബ്ദത്തെ പിന്തുടർന്ന് അടച്ചിട്ട വാതിലിന്റെ താക്കോൽ പഴുതിലൂടെ ഒരു കണ്ണിലെ കാഴ്ച പായിച്ചു. ലെനോവോ എന്ന ലാപ്ടോപ്പ് ആണ് സംസാരിച്ച് കൊണ്ടിരിക്കുന്നത്.

""മേരിയുടെ തിരോധാനത്തിനു ശേഷം ജീവിതം സാധാരണമായി മുന്നോട്ട് നീക്കുവാനുള്ള സോളമന്റെ ശ്രമങ്ങളെ ഒറ്റയടിക്ക് തകർക്കുവാൻ മേരിയുടെ പുനരുജ്ജീവനത്തിന്റെ പുസ്തകത്തിനു സാധിച്ചു.
മേരി പോയതിലെ നിരാശ തീർക്കുന്നതിനായി അവൾ മുറിയിൽ ഉപേക്ഷിച്ചിട്ടു പോയ വസ്തുക്കൾ olx വഴി വിൽപ്പനക്കു വയ്ക്കുന്നതിനിടയിലായിരുന്നു പുനരുജ്ജീവനത്തിന്റെ പുസ്തകം സോളമനിലേക്ക് വന്നു ചേർന്നത്.
വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചെരിപ്പുകൾ, ബാഗുകൾ, പഴ്സുകൾ, വാച്ചുകൾ, ബ്രഷുകൾ, ചായങ്ങൾ, പുസ്തകങ്ങൾ, വിരികൾ, പേനകൾ എന്നിങ്ങനെ ഓരോന്നിനും പ്രൈസ് ടാഗുകൾ തൂക്കി പല കോണുകളിൽ നിന്നുമുള്ള ഫോട്ടോകൾ എടുത്ത് അപ്ലോഡ് ചെയ്യുവാനായി ഒരുങ്ങുന്ന തിരക്കിനിടയിൽ പിരിമുറുക്കം കുറയ്ക്കുന്നതിനായി മേരി ഉപയോഗിക്കുന്ന നിറം നൽകുന്ന പുസ്തകം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. അതേ രീതിയിലുള്ള രണ്ടോ മൂന്നോ പുസ്തകങ്ങൾ മേരി ഉപയോഗിച്ച് തീർത്തിരുന്നു. പിണങ്ങുന്ന സമയം ക്രോധമെല്ലാം ഒതുക്കുന്നതിനായി പുസ്തകം തുറന്ന് അതിൽ കളർപ്പെൻസിൽ കുത്തിയുരസിയിരിക്കുന്ന മേരിയെ അയാളോർത്തു. ഇടയ്ക്ക് പെൻസിൽ മുന കുത്തിയൊടിച്ച് മേരി തന്റെ അമർഷം ഒഴുക്കിക്കളഞ്ഞു. വിൽപ്പനയ്ക്ക് വച്ച സ്വകാര്യവസ്തുക്കൾ ആരെങ്കിലും വാങ്ങുമെന്ന ഒരു പ്രതീക്ഷയും അയാൾ കാത്ത് സൂക്ഷിച്ചിരുന്നില്ല. സോളമനെ സംബന്ധിച്ച് മേരിയോടുള്ള ഒരുതരം പ്രതികാരവാഞ്ഛ ഇത്തരമൊരു നടപടിയിലേക്ക് അയാളെ പ്രേരിപ്പിക്കുകയായിരുന്നു. മറ്റുള്ള വസ്തുക്കളുടേതു പോലെത്തന്നെ പുസ്തകത്തിന്റേയും വ്യത്യസ്തമായ നാലു ചിത്രങ്ങൾ അയാൾ പകർത്തി. മുൻ ചട്ട, പിൻ ചട്ട, ഉള്ളിലെ രണ്ട് പേജുകൾ. മേരി പുസ്തകത്തിലെ ആദ്യ രണ്ട് പേജിൽ മാത്രമാണ് നിറം നൽകിയിരുന്നത്. നീരാളിയുടേയും ജലകന്യകയുടേയും.

നീരാളിയുടെ മുഖത്തിനു അവൾ നീല നിറം നൽകി. കാലുകൾ പല നിറങ്ങളിൽ ചുരുണ്ടു.
ജലകന്യകയുടെ ലാസ്യം പക്ഷെ സോളമനു ബോധിച്ചില്ല.
നിറം നൽകാതിരുന്ന നൂറോളം പേജുകൾ പുസ്തകത്തിൽ ബാക്കി കിടക്കുന്നുണ്ടായിരുന്നു.
ഉള്ളിലെ പേജുകളിൽ കൗതുകം തോന്നി സോളമനത് മറിച്ച് നോക്കി. പല തരത്തിലുള്ള ചിത്രങ്ങൾ അതിലുണ്ടായിരുന്നു.
പൂക്കൾ, സസ്യങ്ങൾ, പക്ഷികൾ, നഗരങ്ങൾ, കാടുകൾ, സമുദ്രങ്ങൾ, മത്സ്യങ്ങൾ എന്നിങ്ങനെ ഓരോ പേജായി മറിച്ചു കൊണ്ടിരിക്കേ തന്നേക്കാൾ വലിപ്പമുള്ള ചെല്ലോ വായിക്കുന്ന കൂർത്ത തൊപ്പി വച്ച ഒരു കുള്ളന്റെ ചിത്രത്തിൽ കാണപ്പെട്ട അക്കങ്ങൾ സോളമന്റെ ശ്രദ്ധ പിടിച്ചു പറ്റി.
പന്ത്രണ്ട് കൂട്ടം അക്കങ്ങളാണ് ആ പേജിൽ ഉണ്ടായിരുന്നത്. അഞ്ച് അക്കങ്ങളുള്ള പതിനൊന്ന് സെറ്റ് കുള്ളന്റെ തൊപ്പിയുടെ കൂർപ്പിൽ നിന്നും ആരംഭിച്ച് കാലുകളിലെ വളഞ്ഞ ഷൂസിൽ അവസാനിച്ചു. ഒരു സെറ്റിൽ അഞ്ച് എണ്ണം എന്ന കണക്കിലായിരുന്നു ക്രമീകരിച്ചിരുന്നത്. ആറ് അക്കങ്ങളുടെ ഒരു സെറ്റ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു ചതുരക്കള്ളിയിൽ കാണപ്പെട്ടു. അക്കങ്ങളിൽ നിന്നും കുറച്ച് ദൂരെയായി പേജിന്റെ ഒരരികിൽ 4625 kHz എന്നു കണ്ടത് സോളമനു പരിചിതമായിത്തോന്നി. അയാളത് ഓർമിച്ചെടുക്കുവാൻ കിണഞ്ഞ് പരിശ്രമിച്ചു. കഴിയാഞ്ഞ് ഒടുവിൽ ആ വാക്ക് അയാൾ ഗൂഗിളിൽ മുക്കിയെടുത്തു.

റഷ്യയിലെ പീറ്റേഴ്സ്ബർഗ്ഗിൽ നിന്നും വലിയ ദൂരത്തല്ലാത്ത ചതുപ്പുനിലത്തിന്റെ അരികിൽ കല്ലുകൊണ്ടു കെട്ടിയ മതിലിനുള്ളിൽ ഉപേക്ഷിച്ചു പോയ കെട്ടിടങ്ങളും റേഡിയോ ടവറുകളും സ്ഥിതി ചെയ്യുന്നുണ്ട്.
ശീതയുദ്ധക്കാലത്ത് റഷ്യൻ പട്ടാളത്തിന്റെ അധീനതയിലായിരുന്നു എന്ന് കരുതപ്പെടുന്ന ഈ സ്ഥലം ഇന്ന് മനുഷ്യവാസത്തിനു യോഗ്യമല്ല.
4625 kHz ഫ്രീക്വൻസിയിൽ രഹസ്യ ഭാഷ കൈകാര്യം ചെയ്യുന്ന ഒരു റേഡിയോ സ്റ്റേഷൻ ഇന്നും അവിടെ നിന്നു പ്രവർത്തിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലോകം മുഴുവൻ ശ്രവിക്കത്തക്ക രീതിയിൽ ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറും ആഴ്ചയിൽ ഏഴുദിവസവും അത് മുരളുന്നുണ്ട്. സെക്കന്റിൽ ഒരക്കം എന്ന തോതിൽ രണ്ട് വ്യത്യസ്ത ശബ്ദങ്ങളിൽ അവ ശബ്ദിക്കുന്നു. റഷ്യൻ ചാരന്മാർക്കും പട്ടാളത്തിനും രഹസ്യ കോഡു ഭാഷയിൽ വിവരങ്ങൾ കൈമാറുക എന്ന കർത്തവ്യമാണ് ശീതയുദ്ധകാലത്ത് ഇത് നിർവ്വഹിച്ചിരുന്നത് എന്ന് വിശ്വസിക്കുന്നവരുണ്ട്. ഇംഗ്ലീഷ് ആണ് ഭാഷ എന്നാൽ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഏതാനും റഷ്യൻ വാക്കുകളും ഉരുവിടും.
അഞ്ച് അക്കങ്ങളിലാണ് കോഡ് ഭാഷ പ്രേഷണം ചെയ്യുന്നത്. ദാതാവിനും സ്വീകർത്താവിനും മാത്രം അറിയുന്ന കീവേഡാലുള്ള ഡീകോഡിംഗ് ആണ് ഈ കോഡ് ഭാഷയുടെ വിജയം. ലഘുദൈർഘ്യ തരംഗങ്ങൾ രേഖീയമായല്ല സഞ്ചരിക്കുന്നത് എന്ന സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റേഡിയോ സ്റ്റേഷൻ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്.
4625 kHz ഫ്രീക്വൻസിയിലേക്ക് സ്റ്റേഷൻ മാറ്റുന്ന ആർക്കും ഇന്നും കോഡ് ഭാഷ കേൾക്കുവാൻ സാധിക്കും. അഞ്ചക്കങ്ങളിലാണ് ആ കോഡുകൾ വന്നിരുന്നത്. ഇതുവരേയ്ക്കും ആ ഭാഷയുടെ ചുരുൾ നിവർത്താൻ സാധിച്ചിട്ടില്ല എന്ന വാദത്തെ വിദഗ്ധർ പോലും അനുകൂലിക്കുന്നു. പ്രേതങ്ങൾ മേൽനോട്ടം വഹിക്കുന്ന റേഡിയോ സ്റ്റേഷൻ എന്നായിരുന്നു ലോകം അതിനെ സംബോധന ചെയ്തത്. ഒരുമിച്ചുണ്ടായിരുന്ന നാളുകളിൽ മേരി സ്വന്തം റേഡിയോ 4625 kHz ഫ്രീക്വൻസിയിലേക്ക് ട്യൂൺ ചെയ്ത് കോഡുകൾ സോളമനെ കേൾപ്പിച്ചിരുന്നു. അവ പുസ്തകത്തിലേക്ക് പകർത്തി വാക്കുകളുമായി കോർത്തിണക്കുന്നതിനിടെ അവൾക്ക് പലതവണ കോട്ടുവാ വന്നു. തൊട്ടരികിൽ പൂച്ചയുമായി മാന്തിക്കളിക്കുന്ന സോളമന്റെ വയർഭാഗത്ത് ഉറക്കം കളയുന്നതിനായി മേരിയൊരുമ്മ നൽകി. അതോടെ 4625 kHz ഫ്രീക്വൻസിയുടെ പശ്ചാലത്തല സംഗീതത്തിൽ, പൂച്ചയുടെ സാന്നിധ്യത്തിൽ അന്നവർ ഇണ ചേർന്നു. കുശുമ്പ് തോന്നിയ പൂച്ച അവരെ പലവട്ടം മാന്തി കളിക്കുവാൻ ക്ഷണിച്ച് താത്പര്യം നഷ്ടപ്പെട്ടപ്പോൾ സ്വന്തം ഇണയെത്തിരക്കി ജനലിലൂടെ ഊർന്നു.

സോളമൻ olx വിട്ട് മേരി ഉപേക്ഷിച്ചു പോയ റേഡിയോ എടുത്ത് വന്ന് ഫ്രീക്വൻസി ട്യൂൺ ചെയ്ത് റഷ്യൻ സ്റ്റേഷനിലേക്ക് കാതുകൾ കൂർപ്പിച്ചു.
തേനീച്ച പോലെ റേഡിയോ മൂളി.
അതിലെ അക്കങ്ങൾ ചുറ്റും പായുന്നതിനിടെ ഒരിക്കൽ കൂടി പുനരുജ്ജീവനത്തിന്റെ പുസ്തകം തുറന്ന് നോക്കി.
പതിനൊന്ന് സെറ്റ് അഞ്ചക്കങ്ങൾക്കിടയിൽ പെടാതിരുന്ന ചതുരത്തിനുള്ളിലെ ഒരു സെറ്റ് ആറക്കങ്ങളെ അയാൾക്ക് പിടികിട്ടുന്നില്ലായിരുന്നു. അവ മാത്രം മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ നിറത്തിൽ അടയാളപ്പെടുത്തിയിരുന്നത് സോളമൻ ശ്രദ്ധിക്കാതിരുന്നില്ല. ആറ് അക്കങ്ങളും അയാൾ മറ്റൊരു പുസ്തകത്തിലേക്ക് പകർത്തി. ഒരു ഫോട്ടോയുമെടുത്തു വച്ചു.
039023, 126825, 029711, 050016, 019925, 111511
ആറക്കങ്ങളുടെ കോഡ് റഷ്യൻ റേഡിയോ സ്റ്റേഷനുമായി ബന്ധപ്പെട്ട് കേട്ടിട്ടുണ്ടോയെന്ന് സോളമൻ ഇന്റർനെറ്റിൽ മുങ്ങിത്തപ്പി. അയാൾ ആശയക്കുഴപ്പത്തിലായി. മേരി തന്നോട് ആശയവിനിമയം നടത്താൻ ശ്രമിക്കുന്നതായുള്ള ഉള്ളുണർവ്വ് അപ്പോൾ അയാളെ നയിച്ചു. അയാൾക്ക് അതിൽ വലിയ ഉറപ്പ് തോന്നി.

അടുത്ത മണിക്കൂറുകളിൽ കോഡ്ഭാഷ മനസിലാക്കുവാൻ ആവത് ശ്രമിച്ച് സോളമൻ പരാജയപ്പെട്ടു. ആറക്കകോഡുകൾ കടലാസിലേക്ക് പകർത്തുക എന്ന പ്രവൃത്തിക്ക് ആ സമയം വരെ പ്രത്യേകമായ യാതൊരു ഉദ്ദേശ്യലക്ഷ്യങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടുദിവസത്തിനകം olx ലൂടെ സമ്പർക്കത്തിലായ ഉപഭോക്താവിന്റെ ആഗമനത്തോടെ കാര്യങ്ങൾ സങ്കീർണ്ണതയിലേക്ക് മാറിമറഞ്ഞു.

Holasho എന്ന് യൂസർ നെയിം ഉള്ള olx കസ്റ്റമർ സോളമനെ മെയിൽ വഴി ബന്ധപ്പെടുകയായിരുന്നു.
അയാളുടെ മെയിൽ ഐഡി ഇത് വരെ കേട്ടിട്ടുപോലുമില്ലാത്ത ഒരു ഡൊമൈൻ വഴി ആയതിനാൽ വിചിത്രമായിത്തോന്നി അവഗണിക്കുകയാണ് ആദ്യം സോളമൻ ചെയ്തത്.
വിൽക്കുവാനുദ്ദേശിക്കുന്ന പുസ്തകത്തിന്റെ സീരിയൽ നമ്പറായിരുന്നു അയാൾക്ക് വേണ്ടിയിരുന്നത്.
തസ്നി ഗില്ലാനി എന്ന എഴുത്തുകാരി എഴുതിയ "എന്റെയുള്ളിലെ സ്ത്രീ' എന്ന പുസ്തകത്തിനെക്കുറിച്ചായിരുന്നു ആ മെയിൽ.
മേരി അത് എങ്ങു നിന്ന് വാങ്ങിയെന്ന് ഓർമ്മയില്ലാതിരുന്ന സോളമൻ ഒഴുക്കൻ മട്ടിൽ ഒരു മറുപടിയും സീരിയൽ നമ്പറിന്റെ ഫോട്ടോയും അയച്ചു. രാജ്യം മുഴുക്കെ നിരോധിച്ച ഈ വിവാദ പുസ്തകം നിങ്ങൾ ഡീപ് വെബ്ബിൽ നിന്നുമാണോ വാങ്ങിയത് എന്നും ഈ സീരിയൽ നമ്പറിലുള്ള പുസ്തകം ഡീപ് വെബ്ബിൽ ആറിരട്ടി പൈസക്ക് വിൽപ്പനക്ക് വച്ചിരുന്നതായും അയാൾ അറിയിച്ചു. ഔദ്യോഗിക വൃത്തങ്ങളറിയുന്നതിനു മുൻപേ പരസ്യം നീക്കം ചെയ്യുവാനും അതിൽ പറഞ്ഞിരിക്കുന്ന പണത്തിനു വിൽക്കുവാൻ ഉദ്ദേശമുണ്ടെങ്കിൽ ബന്ധപ്പെടുവാനുമുള്ള നമ്പറും അയാൾ മറുപടിയിൽ കൈമാറി.

മെയിൽ വായിച്ച് സോളമൻ അന്തംവിട്ടു.
ഹാക്കർമ്മാർ, കൊലയാളികൾ, കുട്ടികളുടെ പോണോഗ്രഫി, ലൈംഗിക വൈകൃതങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് സോളമൻ ഡീപ് വെബ്ബിനെ അറിഞ്ഞിരുന്നത്. മേരി ഇത്ര സാഹസപ്പെട്ട് ഈ പുസ്തകം കൈക്കലാക്കിയതിലെ യുക്തി മനസിലാക്കുന്നതിനായി അന്നു തന്നെ ഒറ്റയടിക്ക് ആ പുസ്തകം അയാൾ വായിച്ചു തീർത്തു.
അതിർത്തി തർക്ക പ്രദേശത്തെ സംബന്ധിച്ച് എഴുത്തുകാരി നടത്തിയ വിവാദ പരാമർശങ്ങൾക്കപ്പുറം മേരിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കഴമ്പ് അതിൽ കണ്ടെത്തുന്നതിൽ സോളമൻ പരാജയപ്പെട്ടു. എന്നാൽ മേരിയുടെ തിരോധാനത്തിനും അപകടമരണത്തിനും പിന്നിൽ കണ്ടേക്കാവുന്ന ദുരൂഹതയുടെ സാധ്യത സോളമനെ കീഴ്പ്പെടുത്തിക്കളഞ്ഞിരുന്നു. താനിതുവരെ അറിഞ്ഞിട്ടില്ലാത്തൊരു മേരി ജീവിച്ചിരുന്നിരുന്നു എന്ന സത്യം അയാളെ ആവേശഭരിതനാക്കി. പുസ്തകങ്ങളും കോഡുകളും ഡീപ് വെബ്ബും മേരിയെക്കുറിച്ച് അന്വേഷിച്ചിറങ്ങുന്നതിനുള്ള ഊർജ്ജം അയാൾക്ക് പകർന്നു. പ്രതീക്ഷയുടെ ഒരു കിരണം തന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നെന്ന് അയാൾ പ്രത്യാശിച്ചു.''

ബ്ലാക്ക്ബെറി: മേരിയോടുള്ള അകമഴിഞ്ഞ സ്നേഹമാണ് അയാളെക്കൊണ്ടത് ചെയ്യിച്ചത് എന്നാണ് എന്റെ നിഗമനംലെനോവോ : അതൊരു ഘടകമാണ് എന്നതിൽ തർക്കമില്ലബ്ലാക്ക്ബെറി : നിങ്ങൾക്കറിയാഞ്ഞിട്ടാണ്. അവരുടെ പ്രേമം ടെക്സ്റ്റ് മെസേജുകളിലൂടെ ഞാൻ വായിച്ചിട്ടുണ്ട്. ഫോൺ വിളികളിലൂടെ കാര്യങ്ങളുമറിഞ്ഞു. ആ കാലഘട്ടം വരേയും പ്രേമത്തെ "ഓ വലിയ കാര്യമൊന്നുമില്ല. ഓളു പോയാ ഓടെ ഉമ്മ വിടളിയാ' എന്ന മട്ടിലായിരുന്നു സോളമൻ സമീപിച്ചിരുന്നത്. എന്നാൽ ഈ വട്ടം അങ്ങോർ കീഴ്മേൽ മറിഞ്ഞു പോയി. മേരിക്കയക്കാതെ വച്ചിരിക്കുന്ന ഡ്രാഫ്റ്റ് മെസേജുകളുണ്ട്. പാവം തോന്നി ഞാൻ തന്നെ അതെല്ലാം അവളുടെ മെയിൽ ഐഡിയിലേക്ക് അയച്ചാലോ എന്നു വച്ചതാണ്. അപ്പോഴേക്കും പ്രാവുകൾ മരണവാർത്തയുമേന്തി വന്നു.ലെനോവോ : എനിക്ക് സംശയമുണ്ട്. ഫേസ്ബുക്കിലൂടെയും ജി- മെയിലിലൂടെയും സോളമൻ ഒന്നിലധികം പേരെ ഒരേസമയം പ്രേമിച്ചതിനു തെളിവുകളുണ്ട്.ബ്ലാക്ക് ബെറി: അതെല്ലാം പല പേരുകളിൽ മേരി തന്നെയായിരുന്നു എന്നാണ് എന്റെയൊരു വിശ്വാസം. ലെനോവോ: എന്റെ ഈ-മെയിലിലുമുണ്ട് അത്തരം ഡ്രാഫ്റ്റുകൾ. മേരിയായിരുന്നെങ്കിൽ, കുറഞ്ഞത് ഒരു പെണ്ണായിപ്പോയിരുന്നെങ്കിൽ എന്ന് ചിലത് വായിച്ചപ്പോൾ തോന്നി. അസൂയ കൊണ്ട് ഞാൻ ആ ഡ്രാഫ്റ്റ് മേരിക്ക് അയക്കാതിരിക്കുന്നതിനായി മറ്റൊരു ഫോൾഡറിലേക്ക് മാറ്റി പകരം അങ്ങേർ വിഷമിച്ചപ്പോഴൊക്കെ അവളെ ഓർമിക്കാതിരിക്കുവാനും മൂഡ് മാറ്റുന്നതിനുമായി എമിനത്തിന്റേയോ നിക്കിയുടേയോ റാപ്പ് പ്ലേ ചെയ്തു കൊടുക്കുമായിരുന്നു.ബ്ലാക്ക്ബെറി: ഇപ്പോൾ ഓരോ മെസേജ് വരുമ്പോഴും ഓരോ ഫോൺ വരുമ്പോളും അങ്ങോർ അവളെയാണ് ഓർക്കുന്നത്. ഇവരുടെ പ്രേമം കൂടുതലും ഇതൊക്കെയായി ബന്ധപ്പെട്ട് കിടക്കുകയാണല്ലോ. ഉദ്വേഗത്തോടെ എടുത്തു നോക്കുന്നതു കണ്ടാൽ പാവം തോന്നും. പലപ്പോഴും അത് സർവീസ് പ്രൊവൈഡിങ് മെസേജുകളായിരിക്കും. ലെനോവോ: ഫേസ്ബുക്കും ഇൻസ്റ്റായും ട്വിറ്ററുമൊക്കെ ഡിലീറ്റിക്കളഞ്ഞു. അല്ലെങ്കിലും സോളമൻ സാമൂഹികമായി അന്തർമുഖനായ മനുഷ്യനാണ്. മേരിയാണ് അതിൽ ചെറിയ മാറ്റമുണ്ടാക്കുവാൻ സഹായിച്ചത്.ബ്ലാക്ക്ബെറി: അന്ന് വാട്സ് ആപ്പും ഫേസ്ബുക്ക് ആപ്പും എന്നിൽ നിന്നും അൺ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞ് കിടക്കുകയായിരുന്നു സോളമൻ. ഞാൻ പതുക്കെ കൈകളിൽ പിടിച്ച് ധൈര്യം കൊടുത്തു. സ്പീഡ് ഡയലിൽ നാല് ഡയൽ ചെയ്ത് അടുത്ത സുഹൃത്തിനെ വിളിച്ചു. അബദ്ധത്തിൽ കൈ തട്ടിയതാണ് എന്നു കരുതി അയാൾ സുഹൃത്തിനോട് സംസാരിച്ചു. അതിനു ശേഷം സോളമന്റെ മാനസികാവസ്ഥ കുറച്ചൊക്കെ മെച്ചപ്പെട്ടു. ലെനോവോ: ആരായിരുന്നു സ്പീഡ് ഡയൽ മൂന്ന് വരെയുള്ളവർ?ബ്ലാക്ക് ബെറി: ഒന്നിൽ ആരും ഇല്ലായിരുന്നു. രണ്ടും മൂന്നും മേരിയുടെ വ്യത്യസ്ത നമ്പറുകൾ ആയിരുന്നു. ലെനോവോ: സോളമന്റെ വേർഡ് ഫയലിലെ എഴുത്ത് കൃത്യമായി വായിക്കുന്ന ഒരാൾ ഞാൻ മാത്രമാണെന്ന് എനിക്കു തോന്നാറുണ്ട്. ആരുമേ പരിഗണിക്കാതിരുന്ന ആ ഫയലുകൾ വെറുതെ ഇരിക്കുമ്പോൾ വായിച്ചു നോക്കി അക്ഷരത്തെറ്റ് മാറ്റാറുള്ളത് എന്റെ ഒരു ഹോബിയാണ്. ഈ കവിതകൾ പശുക്കുട്ടികളായിരുന്നെങ്കിൽ അമ്മപ്പശുവായി ഞാൻ അവരെ എന്നും നക്കി തുടച്ചു വൃത്തിയാക്കി വയ്ക്കുമായിരുന്നു. അതുപോലെത്തന്നെ മഴ പെയ്തു കഴിഞ്ഞ നേരങ്ങളിൽ മരത്തിനടിയിൽ നിന്നു ചില്ലകൾ കുലുക്കി ഓടുവാനും ജലദോഷം പിടിക്കുവാനും അയാളെന്നെ ഒരിക്കൽ കൊണ്ട് പോയി. ബ്ലാക്ക് ബെറി: കഴിഞ്ഞ വട്ടമൊന്നു നനഞ്ഞത് ഓർമയില്ലേ? രണ്ടു മാസമാണ് ഐ സി പോയി കിടന്നത്. രണ്ടായിരം രൂപയാണ് സോളമനു നഷ്ടമായത്.
ബ്ലാക്ക് ബെറിയുടെ പരിഹാസം ശ്രദ്ധിക്കാതെ ലെനോവോ തുടർന്നു. ലെനോവോ: പക്ഷെ നിങ്ങളാരും വായിക്കാത്ത, മേരിയെപ്പറ്റി സോളമനെഴുതിയ നോട്ട് ഞാൻ വായിച്ച് കേൾപ്പിക്കാം.

ആരും വായിക്കാത്ത കുറിപ്പ്

""മേരിയില്ലാത്ത വീട് എത്ര മനോഹരമാണ്. വീടിന്റെ സൗന്ദര്യം അപ്പാടെ അവിടെത്തന്നെ തങ്ങി നിൽപ്പുണ്ട്. രാവിലെ വന്നു പോയ പൂച്ചയുടെ പതുങ്ങിയ കാൽപ്പാടുകൾ പൊടിയിൽ കൃത്യമായി പതിഞ്ഞു കിടക്കുന്നു. മേരിയില്ലാത്ത വീട് എത്ര സുന്ദരം. മുറ്റത്ത് പുല്ല് പൂത്തു നിന്നു. കാട്ടു തുമ്പകൾ വളർന്ന് മുട്ടോളമെത്തി. അണലിക്കുഞ്ഞുങ്ങൾ ചപ്പിലകൾക്കിടെ വളഞ്ഞു പുളഞ്ഞു കനത്തു. പ്ലാവിലകളും പുളിയിലകളും വീണിടത്തു കിടന്നഴുകിത്തുടങ്ങി. പൂന്തോട്ടത്തിൽ കാട്ടുചെടികൾ മുട്ടനെ വളർന്നു നിന്നു. അതിനുള്ളിൽ ചെമ്പൻ നിറമാർന്ന കാട്ടുമുയലുകൾ പതുങ്ങി. വേലിപൊട്ടിച്ച് കടന്നു വന്ന പശു വാഴയിലകൾക്ക് നേരെ മുഖം നീട്ടി. കിണറിന്റെ കൈവരികൾ കെട്ടിയ സിമന്റിന്റെ ആവരണം പൊട്ടിപ്പോയ ചുവപ്പൻ ഇഷ്ടികകളിൽ പൂപ്പൽ വന്ന് മൂടി. കറിവേപ്പിലയിൽ കറുപ്പു നിറത്തിൽ കുനുകുനുന്നിനെ കേട് പിടിച്ചു. അരണ മേരിയെ മറന്നു പോയി. പപ്പായ മരം ഉള്ളു പൊള്ളയായി ഉണങ്ങി ദ്രവിച്ചു. കാച്ചിൽ വള്ളികൾ നാലടി മാറി കവുങ്ങിൽ പടർന്നു. വേലിയിൽ കൊങ്ങിണി പൂവിന്റെ നാറ്റം തങ്ങി നിന്നു. പത്രക്കാരനെറിഞ്ഞു തന്ന പത്രക്കെട്ടുകൾ പറന്നു വന്നു വീണു കൊണ്ടിരുന്നു. അതിനുമുകളിൽ പൊടിപടലങ്ങൾ കിളികളായി വന്നിരുന്നു കാഷ്ഠിച്ച് തിരിച്ചു പോയി. ജനലുകൾക്കരികിൽ പല്ലിക്കാട്ടങ്ങൾ നിറഞ്ഞു. മാറാലകൾ വള്ളിച്ചെടികളായി പടർന്നു പന്തലിച്ചു. നാലുമണിപ്പൂക്കൾ അനുസരണയില്ലാതെ ആറുമണിക്ക് കാട്ടുപൂക്കളായി വിരിഞ്ഞു. സ്വിച്ച് ബോർഡുകളിൽ വേട്ടാളൻ കൂടുകൂട്ടി. മോട്ടോർ പുരയിൽ പെരുച്ചാഴി കുഴി കുത്തി. പൂപ്പലുകൾക്ക് മീതെ പടവെട്ടികൾ ചുവന്ന തൊപ്പിയും വച്ച് വളർന്നു. വീട്ടിൽ മേരിയില്ലാത്തതിന്റെ ഒരു പാട വന്നു വീണു. അതിൽ കിടന്ന് വീട് പഴകി.

ശരിക്കുമുണ്ടല്ലോ പൊടിക്കാറ്റു കടന്നു പോയ അതിപുരാതനമായ ഒരു നഗരം പോലെയീ വീട്''

മേശ: എന്റെ മേശവലിപ്പുകളിൽ മേരിയുടെ കുറേയേറെ ആഭരണങ്ങൾ കിടപ്പുണ്ട്. മാലകൾ കമ്മലുകൾ വളകൾ മോതിരങ്ങൾ ഒന്നണിഞ്ഞുനോക്കുന്നതിൽ എന്താണു കുഴപ്പം?

അലമാര: എന്റെ ഏകദേശം ഹൃദയഭാഗത്തായി മേരി ധരിച്ചിരുന്ന വസ്ത്രങ്ങൾ തൂങ്ങിക്കിടപ്പുണ്ട്. ചിലതു മടക്കിയും വച്ചിട്ടുണ്ട്. താൻ മരിച്ചു കഴിഞ്ഞാൽ ഓഫീസിൽ പോകുമ്പോൾ സോളമൻ ധരിക്കേണ്ട അടിവസ്ത്രങ്ങൾ എന്നെയാണ് അവൾ വിശ്വാസപൂർവ്വം ഏൽപ്പിച്ചത്.

ഡിയോ: മേരി ഉപയോഗിച്ചിരുന്ന മണമാണ് ഞാൻ. അവളുടെ കക്ഷങ്ങളിൽ മൂക്കു മുറിച്ച് വക്കുവാൻ തയ്യാറായവനാണ് സോളമൻ

തോർത്തുമുണ്ട്: അവൾ കുളിക്കുമ്പോൾ അവളുടെ നഗ്നത കണ്ടതും മറച്ചതും ഞാനാണ്.

""അതു നുണ'' എല്ലാവരും ആ പറഞ്ഞതിനെ എതിർത്തു. അവിടെയുള്ള എല്ലാവരും മേരിയുടെ നഗ്നത അറിഞ്ഞിട്ടുണ്ട്. മേരി നഗ്നയായി മുറിയിൽ ഉലാത്തുന്നത് പതിവായിരുന്നു.

ലെനോവോ : മേരിയുടെ ശബ്ദം അനുകരിക്കാൻ എനിക്കും ബ്ലാക്ക്ബെറിക്കും സാധിക്കും. അവൾ എന്തിനെക്കുറിച്ച് സംസാരിക്കും എന്നു പോലും ഞങ്ങൾക്കറിയാം. ""നമുക്കാവശ്യം ഒരു ദേഹം മാത്രമാണ്.'' എല്ലാവരും ഒരുമിച്ച് പറഞ്ഞു. ""നമുക്കാവശ്യം മേരിയുടെ ദേഹമാണ്.'' എല്ലാവരുടേയും ലക്ഷ്യം മേരിക്കായി നൽകിയിരുന്ന സോളമന്റെ വിശേഷമായ സ്നേഹമാണ്.

ലെനോവോ : മേരിയുടെ വസ്ത്രങ്ങൾ ധരിച്ച് അവൾക്കേറേ ഇഷ്ടമായ ശംഖുകൾ നിറഞ്ഞ മാലയും അതേരീതിയിലുള്ള കൈകളിൽ ധരിക്കുന്ന മാലയും പിന്നെ നീല നിറത്തിലുള്ള മൂക്കുത്തിയും വട്ട ആകൃതിയിലുള്ള കമ്മലും ധരിച്ചാൽ ഞാൻ മേരിയാകുമെന്നുറപ്പാണ്. പിന്നെ സോളമന്റെ പ്രേമത്തിനു ഞാൻ മാത്രമായിരിക്കും അവകാശി.

അലമാര തനിയെത്തുറന്നു. വെള്ള നിറത്തിലുള്ള മേരിയുടെ അടിവസ്ത്രം ധരിച്ചപ്പോൾ ലെനോവക്ക് താൻ ജനിച്ചത് ഒരു പെണ്ണായിട്ടായിരുന്നുവെന്ന് മനസിലായി. ഒരു പെണ്ണായിരിക്കുക എന്നത് എത്രത്തോളം പ്രാധാന്യമുള്ള ഒന്നാണെന്ന് ലെനോവോ മനസിലാക്കി. ആദ്യമായി വസ്ത്രങ്ങൾ ധരിക്കുക എന്നതു പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതികളുടെ പാറമടകളാണെന്ന് നോട്ട് പാഡിൽ കുറിച്ചിട്ടു.

താനല്ലേ മേരിയേക്കാൾ അഴക്? മേരിയേക്കാൾ അയാളോട് അടുത്ത് നിൽക്കുന്നതും താൻ മാത്രമാണ്. തന്നെയാണ് മേരിയേക്കാളയാൾ അറിഞ്ഞിട്ടുള്ളത്. താനാണ് അയാളുടെ ഏകാന്തതയുടെ അവകാശി. താൻ സന്തോഷിപ്പിക്കുന്ന പോലെയൊന്നും ഒരുവളും അയാളെ സന്തോഷിപ്പിച്ചിട്ടില്ല. എത്രയെത്ര ഗെയിം ഞങ്ങളൊരുമിച്ച് കളിച്ച് വിജയിച്ചിരിക്കുന്നു. സോളമനേറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഗെയിം ഫിഫ ആയിരുന്നു. ദിവസത്തിൽ കുറഞ്ഞത് പന്ത്രണ്ട് മണിക്കൂർ എങ്കിലും ഞങ്ങൾ ഫുട്ബോൾ കളിച്ചു. പാതിരാത്രിയിൽ പോൺ വീഡിയോസ് കണ്ട് സ്വയംഭോഗം ചെയ്യുവാൻ നേരം എന്റെ കണ്ണുകളിലേക്ക് നോക്കിയാണവൻ ഭോഗിക്കുന്നത്. എന്റെ മുഴുത്ത അവയവങ്ങളിലവൻ ബീജമിറ്റിച്ചു. ലെനോവോ ഓർക്കുന്നത് എന്താണെന്ന് ബ്ലാക്ക്ബെറി ഊഹിച്ചു.

ബ്ലാക്ക് ബെറി: അല്ല അതൊക്കെ പണ്ട്. വാട്സ് ആപ് വന്നതോടെ നിന്റെ പ്രാധാന്യം കുറഞ്ഞു. മാത്രവുമല്ല യാത്രകളിൽ നിന്നെ കൂടെ കൂട്ടാറുമില്ല. ഇപ്പോൾ എന്നെയാണ് അവനേറ്റവുമിഷ്ടം. അവരുടെയെത്രയെത്ര ചിത്രങ്ങളാണ് എന്റെ കയ്യിലുള്ളത്. എത്ര വീഡിയോകൾ. മേരിയുടെ ശബ്ദം കൂടുതൽ കേട്ടിട്ടുള്ളത് ഞാനാണ്. രാത്രികളിൽ ഉറക്കമിളച്ച് പിടിച്ച അവളുടെ ശബ്ദത്തിന്റെ റെക്കോർഡിങ് മുഴുവനും എന്റെ കയ്യിലാണ്. അവന്റെ ലിംഗത്തിലുരുമ്മിയാണ് പോക്കറ്റിൽ കിടപ്പ്. എന്നെ കെട്ടിപ്പിടിച്ചാണ് രാത്രികളിലവൻ ഉറങ്ങാറുള്ളത്. എഴുന്നേൽക്കുമ്പോൾ ആദ്യം തേടുന്നതും എന്നെയാണ്. ഞാനാണ് മേരിയാകുന്നതിനും സോളമന്റെ സ്നേഹത്തിനും യോഗ്യൻ.

ലെനോവോ: മറ്റൊരു സത്യം എനിക്കറിയാം. മേരി മരിച്ചു കഴിഞ്ഞ് ജോലിയിൽ നിന്ന് അവധിയെടുത്ത് സ്വയം കണ്ടെത്താനൊന്നുമല്ല സോളമൻ നാടാകെ സഞ്ചരിച്ചത്.ബ്ലാക്ക് ബെറി: പിന്നെ?ലെനോവോ: അതുവരേയും മേരിയുടെ ഭൂതകാലത്തെക്കുറിച്ച് ഏറെക്കുറെ അജ്ഞനായിരുന്ന സോളമൻ അവളെക്കുറിച്ചറിയുവാനായിരുന്നു ആ യാത്ര കൂടുതലും വിനിയോഗിച്ചത്. അത് മൂലമാണയാൾക്ക് മേരിയെ മറികടക്കുവാനാകാതെ തിരികെ വരേണ്ടി വന്നതും.

ബ്ലാക്ക് ബെറി: ഓ എനിക്കറിയാത്തതു പോലെ. ആ യാത്രയിൽ അയാളുടെ വാമഭാഗമായി കൂടെ നിന്നത് ഞാനാണ്.ലെനോവോ: അന്നൊരിക്കൽ ഞാനെന്ന മേരിക്കാണ്, എന്നിലാണ് ഏറ്റവും മികച്ച പ്രേമലേഖനം സോളമൻ ഡ്രാഫ്റ്റ് ചെയ്തത്.ബ്ലാക്ക് ബെറി: അല്ല. ബസിൽ സഞ്ചരിച്ചു കൊണ്ടു തന്നെ ഒരിക്കൽ മേരിക്കൊരു പ്രണയലേഖനം എന്നിൽ എഴുതി.ലെനോവോ: നിങ്ങൾ നിങ്ങളുടേത് വായിക്കൂ. ഞാനെന്റേതും വായിക്കാം. നമ്മളിൽ മേരിയാകാൻ യോഗ്യത ആർക്കാണെന്ന് ഇവർ പറയട്ടെ.

""ആ വായിക്ക് വായിക്ക് വായിക്ക്'' എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. മല്ലയുദ്ധത്തിൽ ശത്രുവിനെ കൊല്ലാനായി ആർത്തു വിളിക്കുന്ന ജനതയിൽ ലെനോവോ മയങ്ങിപ്പോയിരുന്നു.
ലെനോവോയിലെ ക്രോം ബ്രൗസറിൽ സേവ് ചെയ്യപ്പെട്ട യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് സോളമന്റെ ഇ-മെയിൽ ഐഡിയിലേക്ക് സൈൻ ഇൻ ചെയ്ത് ഡ്രാഫ്റ്റിൽ തപ്പി ഒരു മെയിൽ എടുത്ത് വായന തുടങ്ങി.

ഡ്രാഫ്റ്റിലെ മെയിൽ

സബ്ജക്ട്: ക്രിസ്തുവിന്റെ മാതാവേചുവന്ന, മഞ്ഞ കശുമാങ്ങകൾ കടിച്ച് തൊണ്ടയിൽ കറ വരുത്തി കശുവണ്ടികൾ കൊടുത്ത് പകരം ഐസ് വാങ്ങുന്ന നിന്റെ ഇടം അന്ന് പറഞ്ഞതിൽ നിന്നും മാറിപ്പോയിരിക്കുന്നു. ഇവിടെ കുളിമുറികളിൽ ഗുഹ്യരോമങ്ങൾ പൊഴിഞ്ഞ് ദ്വാരങ്ങളടയാറില്ല. മനം പുരണ്ടാരും ഛർദ്ദിക്കാറുമില്ല. പകരം പോക്കറ്റുകളിൽ കശുമാവിൻ ഇലകളോ മൂവാണ്ടൻ മാവിന്റെ ഇലകളോ നിറച്ച് ആളുകൾ മണത്തു നടന്നു. അതിന്റെ നീര് കഴിച്ച് ഗുഹ്യരോമങ്ങൾ കനത്തു. ജനങ്ങൾ മണങ്ങളിലൊതുങ്ങി നടന്നു. ഇവിടെയുള്ളവരിൽ ഭൂരിഭാഗവും വൃദ്ധരാണ്.

യുദ്ധത്തിൽ മരണപ്പെട്ട മക്കളുടെ ഓർമ്മകൾ വഹിച്ച് കൂനിക്കൂടിയ അവരുടെ ദിനചര്യകൾക്ക് ശബ്ദം തീരെക്കുറവാണ്. അവരെ പരിപാലിക്കുന്നതിനു യുവാക്കൾ പട്ടണത്തിന്റെ മറ്റൊരു ഭാഗത്ത് പണിയെടുക്കുന്നു. ദിവസത്തിൽ രണ്ട് എന്ന നിരക്കിൽ ഇവിടെ മരണം സന്ദർശിക്കുന്നു. ഈ നഗരത്തിന്റെ ബാൽക്കണികൾ ചെടികളും പൂക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പരസ്പരം സ്നേഹിക്കുവാൻ ഭയക്കുന്ന മനുഷ്യർ വളർത്തുമൃഗങ്ങളെ അതിനായി ആശ്രയിക്കുന്നു. ഒരു ഋതുവിൽ വാൻഗോഗ് തന്റെ മഞ്ഞനിറവുമായി ഇവിടുത്തെ മരങ്ങളിൽ വന്നു പോകും. മറ്റൊരു ഋതുവിൽ നുണക്കുഴി പോലെയുള്ള ചെറുചുഴലിക്കാറ്റുകൾ കൊഴിഞ്ഞ ഇലകളെ എടുത്തുയർത്തും. ഒഴിവുദിനങ്ങളിൽ ആളുകൾ ഫുട്ബോൾ കാണുകയും ബിയർ മോന്തുകയും ചുവരുകളിൽ ഗ്രാഫിറ്റി നിറയ്ക്കുകയും ചെയ്തു വരുന്നു. ഒരേ ലിംഗത്തിലുള്ളവർ ചുംബിക്കുമ്പോൾ തിരമാലകളുടെ നൂലുകൾ പൊട്ടിപ്പോകുന്നു. ഒരു നിയന്ത്രണവുമില്ലാതെ അവ കടലിൽ പാറി നടക്കുന്നു. ഭരണാധികാരിയുടെ കസേരയുടെ ഒരു പിടിയിളകുന്നു.

ഉറക്കെ പാട്ടുപാടുന്നതിന് ഇവിടെ ആരും പിടിക്കപ്പെടാറില്ല. രാവിലെകളിൽ അലാറത്തിനു പകരം പാട്ടു പാടി ഉണർത്തുന്നതിനു പ്രത്യേകം ആളുകൾ ഉണ്ട്. മ്യൂസിക് ബാൻഡുകളുടെ പ്രധാന വരുമാനമാർഗമാണിത്. മനോഹരവും പ്രതീക്ഷ നിറഞ്ഞതുമായ ഗാനങ്ങൾ ദിവസത്തെ ആഗ്രഹങ്ങളെ സഫലീകരിക്കും എന്നു കരുതിപ്പോന്നു. പുലർച്ചക്കുള്ള സംഭോഗത്തിന്റെ ക്ഷീണത്തിൽ ജനലടച്ച് ഗൂഢമായ ഉറക്കത്തിൽപ്പെട്ട ദമ്പതികളെ ഉണർത്തുവാനാകാതെ പാട്ടു പാടി പാട്ടുപാടി തൊണ്ട പൊട്ടി മരിച്ച ഗായകനെ ഇവിടത്തുകാർ ആരാധിച്ചു പോന്നു. അയാളുടെ ഒരു കരിങ്കൽ പ്രതിമയും കവലയിൽ ഞാൻ കാണുകയുണ്ടായി. ഇവിടെ എനിക്ക് പുതിയൊരു കാമുകിയുണ്ട്. ചുണ്ട് പിളർത്തുമ്പോൾ മുൻപിലെ രണ്ട് വലിയ മുയൽ പല്ലുകൾ പുറത്തു കാണിക്കുന്ന അവളുടെ ന്യൂഡിൽസ് കഴിക്കുന്ന വിധം എന്നെ വീഴ്ത്തിക്കളഞ്ഞെന്ന് പറഞ്ഞാൽ മതിയല്ലോ. അവരുടെ ഭാഷയിൽ അവളെന്നെ ന്യൂഡിൽസു കൊണ്ട് വരിഞ്ഞു മുറുക്കിക്കളഞ്ഞു എന്നു പറയാം. അവൾക്കാണെങ്കിലോ എന്നെ കൂടാതെയൊരു കാമുകി കൂടിയുണ്ട്. അവരു തമ്മിൽ ഉമ്മ വയ്ക്കുമ്പോൾ മിക്കപ്പോഴും എന്റെ പൗരുഷം ഉണർന്നു പോകും. ഒരിക്കൽ ഇവരുടെ സംസാരം കേട്ടു കൊണ്ട് കുളിക്കുന്നതിനിടെ സ്വയംഭോഗം ചെയ്യുവാൻ സാധിച്ചു. കൊതുകുകൾ ഇവിടെയില്ല. മറ്റേതെങ്കിലും ഗ്രാമത്തിൽ നിന്നും കടത്തിക്കൊണ്ട് വന്ന് മുട്ടയിടുന്നതിനു ഇവിടെ അഴുക്കു ചാലുകളുമില്ല. കെട്ടിക്കിടക്കുന്നത് കുറേ ജീവിത സാഹചര്യങ്ങൾ മാത്രമാണ്. ഇവിടെ നീയുണ്ടായിരുന്നെങ്കിൽ അപ്പുറത്തു കാണുന്ന ഓറഞ്ച് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നമുക്കു താമസിക്കാമായിരുന്നു. ദിവസവും വിളിച്ചെഴുന്നേൽപ്പിക്കാൻ പതിനാലു വ്യത്യസ്ത ഗായകരെ ഏർപ്പാടാക്കാമായിരുന്നു. ഇവിടെ സ്ത്രീകളുടെ പേരിലാണ് മക്കൾ അറിയപ്പെടുക. നമുക്കു ഒരു മകൾ ഉണ്ടാകുകയാണെങ്കിൽ മിസ് ലോല മേരി എന്ന പേരിൽ അറിയപ്പെടും. അവളുടെ അച്ഛനാരെന്നതു ബാക്കി ഗ്രാമവാസികളെപ്പോലെ നീയും ഒരു ദിവസം മറക്കും.

ഇവിടെ ഊഞ്ഞാലുകൾ പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയിട്ടുള്ളത്. അവ മഴവില്ലു പോലെ വളഞ്ഞു നിന്നു. ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്കുണ്ടാക്കിയ ആട്ടു പാലം പോലെ അതിലൂടെ രാത്രികളിൽ പാമ്പുകൾ ഇഴഞ്ഞു. ചിലപ്പോഴൊക്കെ അവ തന്നെ പാമ്പുകളായിയിഴഞ്ഞു. ഇവിടുത്തെ ആളുകൾക്ക് ഗാനത്തോടുള്ള പ്രിയം ഞാൻ പറഞ്ഞല്ലോ അതു പോലെത്തന്നെയാണ് ഇവരുടെ സംസാരരീതിയും. അത് ഗാനങ്ങൾ പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളാണ്. ഇതിൽ വിരാമം എവിടെയെന്ന് നമ്മൾ ഊഹിച്ചു കണ്ടു പിടിക്കേണ്ടി വരുന്നു.

നിന്നെ അറിയുന്ന കുറച്ചാളുകളെ ഞാൻ പരിചയപ്പെട്ടു. പാട്രിക് നിനക്ക് സുഖമാണോ എന്നന്വേഷിച്ചു. അടുത്ത വട്ടം നിന്നെക്കൂടെയല്ലാതെ വന്നേക്കരുത് എന്നറിയിച്ചു. നീ കഴിഞ്ഞിരുന്ന മുറി ഇപ്പോൾ ഒരു ഷോപ്പിങ് കോംപ്ലക്സിന്റെ ഭാഗമാണ്. ഒപ്പം താമസിച്ചിരുന്ന തിമോത്തിയാണ് നിന്നെക്കുറിച്ചുള്ള ഡയറിക്കുറിപ്പ് എനിക്ക് നൽകിയത്. അതിൽ അവളുടെ കയ്യക്ഷരം കുനിയനുറുമ്പുകൾ പോലെ കിടന്നു. ഡയറിക്കുറിപ്പിന്റെ ഫോട്ടോ താഴെ അറ്റാച്ച് ചെയ്യുന്നു.

മേരിയെക്കുറിച്ചുള്ള തിമോത്തിയുടെ ഡയറി കുറിപ്പ്. jpg

വിലകുറഞ്ഞ പച്ചക്കുമ്മായം പൂശിയ മുറിയുടെ ചുമരുകളിൽ നിന്നും കുമ്മായത്തിന്റെ പാളികൾ നഖങ്ങൾകൊണ്ട് പൊളിച്ചെടുക്കുന്നത്രയും അനായാസമായി ഈ നാടിനെക്കുറിച്ച് മേരിക്ക് പറയുവാൻ കഴിയും. ഹോസ്റ്റലിലെ ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് മാറുന്ന ലാഘവത്തിൽ നഗരത്തിന്റെ ഇരുണ്ട വഴികളിൽ അവൾ ചുറ്റിയടിക്കുമായിരുന്നു. വഴിയിൽ കാണുന്ന പൂച്ചകളേയും ഐസ്‌ക്രീം പാർലറുകളേയും പാനിപ്പൂരിവണ്ടികളേയും മാത്രമേയവൾ ഗൗനിച്ചിരുന്നുള്ളു. ഐസ്‌ക്രീം തണുത്ത ഭാഗ്യം കൊണ്ട് വരുമെന്നവൾ വിശ്വസിച്ചു. മേരിയെ സംബന്ധിച്ച് ഇങ്ങനെയൊന്നുമായിരുന്നില്ല കാര്യങ്ങൾ വേണ്ടിയിരുന്നത് അല്ലെങ്കിൽ ഈ നഗരം ഒരു ഇരുന്നൂറ് വർഷങ്ങൾക്ക് മുൻപ് ഇങ്ങനെയൊന്നുമല്ലായിരുന്നു. ഇതൊരു ഗ്രാമമായിരുന്നു. അവൾ ഇരുന്നൂറ് വർഷങ്ങൾ പിറകിലോട്ട് സഞ്ചരിച്ച് ചുമട് താങ്ങിയിലിരുന്ന് ഗ്രാമത്തെ നോക്കുമ്പോൾ ഇങ്ങനെയൊന്നുമല്ലായിരുന്നു. ഈ ഗ്രാമത്തിൽ ഐസ്‌ക്രീം പാർലറുകൾ ഒന്നുമില്ലായിരുന്നു. അവിടവിടങ്ങളായി ഇരുപ്പു ബഞ്ചുകൾ തൂവിയിട്ടിരുന്നു. അതിലെല്ലാം ഇരുന്നു പോയവരുടെ ചൂട് അഞ്ച് നിമിഷത്തേക്ക് എങ്കിലും തങ്ങി നിന്നിരുന്നു. ഇല്ല ഒരു സാധ്യതയുമില്ല. താൻ നോക്കികൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് ഈ ഗ്രാമം മാറിപ്പോയത്.

അപ്പുറത്ത് കാണുന്ന കെട്ടിടങ്ങൾക്ക് പകരം ഉണ്ടായിരുന്നത് പാടങ്ങളായിരുന്നു. വൈകുന്നേരങ്ങളിൽ ആളുകൾക്ക് വന്നു സൊറ പറയുവാനും ഒരുമിച്ച് നടക്കുവാനും കുട്ടികൾക്ക് കളിക്കുവാനും ഉതകുന്ന ഉദ്യാനം അതിനു മുൻപിൽ പിന്നീട് മുളച്ചു. ഒരു ദിവസം ഒരു പിഞ്ചുകുഞ്ഞ് കളിക്കുന്നതിനിടെ വീണ് കാൽമുട്ട് പൊട്ടിയപ്പോൾ മേരി തിരക്കിട്ട് പച്ച നിറത്തിലുള്ള ചായം വാങ്ങിക്കൊണ്ട് വരികയും ഉദ്യാനത്തിൽ പച്ചപരവതാനിപോലെ പുല്ലുകൾ വരച്ചുവക്കുകയും ചെയ്തു. അതിൽപ്പിന്നെ കുട്ടികൾ അവിടെ വീഴുകയും ചിരിച്ച് കൊണ്ട് എഴുന്നേൽക്കുകയും ചെയ്തു കൊണ്ടിരുന്നു. കണ്ടു കൊണ്ടിരിക്കുന്ന മാതാപിതാക്കളോ അവരേക്കാൾ കൂടുതൽ ശബ്ദത്തിൽ അട്ടഹസിക്കുകയും ചെയ്തു. ഇതേരീതിയിൽ കാരണം ഇല്ലാതെ ഒരു മണൽത്തരിപ്പോലും ഇളകുന്നില്ലയെന്നു പറഞ്ഞ് ആളുകളുടെ ആവശ്യമനുസരിച്ച് മേരി നഗരത്തെ മാറ്റി വരച്ചു തിരികെ ഗ്രാമമാക്കി കൊണ്ടിരുന്നു. കെട്ടിടങ്ങളെ മായ്ച്ച് പാടങ്ങൾ വരച്ചു. അഴുക്കു ചാലുകളെ മായ്ച്ച് അരുവിയെ ഒഴുക്കി. വാഹനങ്ങളെ മായ്ച്ച് മരങ്ങൾ വരച്ചു. ഷൂസുകടകൾക്ക് പകരം ആടുകളെ വരച്ചു. മോട്ടോർ ബൈക്കുകൾക്ക് പകരം കിളികളെ വരച്ചു. അവളുടെ ചായം മാത്രം തീർന്നു പോയില്ല. പക്ഷെ അത് അവളുടെ കാമുകനെ കണ്ടുമുട്ടുന്നതു വരെ മാത്രമായിരുന്നു.

കാമുകനെ കണ്ടുമുട്ടിയ നിമിഷം അവൾ ഗ്രാമത്തിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നും സ്വയം ഒഴിവായി. അവളുടെ ചായം തീർന്നു പോയതായി അവൾ കണക്കാക്കി. ആരെങ്കിലും ചോദിച്ചു കഴിഞ്ഞാൽ തന്റെ പ്രിയപ്പെട്ടവന്റെ ചുമലുകളിൽ തൂവലുകൾ വരച്ചുകൊടുക്കുവാൻ മുഴുവൻ ചായങ്ങളും ചിലവായിപ്പോയിയെന്ന് മറുപടി കൊടുത്തു. ""ഏത് നിറത്തിലുള്ള തൂവലുകൾ ?''""കുറേ കുറേ നിറങ്ങളിലുള്ള കുറേ കുറേ തൂവലുകൾ.''

അയാളെ കണ്ടുമുട്ടിയ നിമിഷം മേരിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷെ അവളറിയാതെ പല മാറ്റങ്ങളും അവളിലുണ്ടായി. സ്റ്റ്രോബറി രുചിയിലുള്ള ഐസ്‌ക്രീമിനെ അവൾ വെറുത്തു, വളം കടിയെ അവൾ സ്നേഹിച്ചു തുടങ്ങി, വായിലുണ്ടാകുന്ന പുണ്ണിനെ നാവു കൊണ്ട് ഇളക്കാൻ ആഗ്രഹിച്ചു, അണപല്ലു വരാൻ പോകുന്ന ഇടം വലതു കൈയുടെ ചൂണ്ടുവിരൽ കൊണ്ട് തൊടുന്നതിനും നഗരത്തെ മുഴുവൻ മൂക്കുകൊണ്ട് ഓമനിക്കുവാനുമുള്ള ത്വരക്ക് വിത്തുകൾ പാകി.
"നീ വലിച്ചെറിഞ്ഞ' ലെനോവോയുടെ ശബ്ദം നിലച്ചു""ഇത്രയുമാണ് എഴുതിയിട്ടുള്ളത്. ഇത് അപൂർണമാണ്.'' കുറിപ്പ് മുഴുമിപ്പിക്കാത്തതിൽ ചിലർക്കെല്ലാം വിഷമം തോന്നി. എന്നാൽ ബ്ലാക്ക് ബെറി മാത്രം മുഖത്ത് പുച്ഛഭാവത്തിൽ പറഞ്ഞു

""ഇതെങ്ങനെ പ്രേമലേഖനമാകും. ബുൾഷിറ്റ് ഫാന്റസി. സഞ്ചാര സാഹിത്യം എങ്ങനെ പ്രേമലേഖനമാകും?'' സോളമനൊപ്പം എല്ലാം കേട്ടു കൊണ്ടിരുന്ന ഓർമകൾ സോളമനെ നോക്കി. അതിലിരുപത്തിയൊന്നാം ഓർമ സോളമനോട് ചോദിച്ചു.""ഇതിന്റെ ശേഷിച്ച ഭാഗം എവിടെയാകും കാണുക?'' സോളമൻ തല വെട്ടിച്ചു. ഓർമകൾ നിരാശരായി. സോളമൻ തിരിഞ്ഞു നടന്നപ്പോൾ ഓർമകളിലൊന്ന് അവന്റെ വിരലിൽ തൂങ്ങി.""ശ് ശ് തീർന്നിട്ടില്ല.'' താൻ തന്നെയാണ് മേരിയാകാൻ പോകുന്നത് എന്ന് ലെനോവോ ഉറപ്പിച്ചു. ലെനോവയെ പിന്തുണക്കുവാൻ കുറച്ചു പേർ ഉണ്ടായിരുന്നു. എന്നാൽ വിട്ടു കൊടുക്കുവാൻ ബ്ലാക്ക് ബെറി തയ്യാറായിരുന്നില്ല. തന്നിൽ ടൈപ് ചെയ്ത കുറിപ്പ് ഇതിലും മികവ് പ്രകടിപ്പിക്കും എന്ന് അത് ഉറപ്പിച്ചു. നോട്സിൽ പോയി ഒന്നു തുറന്നു എല്ലാവരേയും കാണിച്ചു.""അതിനിത് മംഗ്ലീഷ് ആണല്ലോ?'' ""ഞാൻ വായിക്കാം സോളമന്റെ ശബ്ദത്തിൽ തന്നെ'' ബ്ലാക്ക്ബെറി വായന തുടങ്ങി

നോട്ട് ഒന്ന്

വേദനയുടെ തീവണ്ടി, വേനലിൽ നിന്നും മഞ്ഞു കാലത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നതിൽ പിന്നെ നീയുപയോഗിച്ചു കൊണ്ടിരുന്ന ബ്രഷ് ചിത്രകാരൻ വിഴുങ്ങി. അത് അയാളുടെ തൊണ്ടയിൽ തട്ടിത്തടഞ്ഞു നിന്നു. അതിന്റെ കനം കുറഞ്ഞ രോമങ്ങൾ തൊണ്ടവേദനയിൽ അർബുദമെന്നൊരു അവസ്ഥ വരച്ചു. ഹൈവേകളുടെ അരികുകളിൽ ഛർദ്ദിലുകൾ നിറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ വന്നു വീഴും പോലെ സ്വാഭാവികമായി അയാളുടെ തൊണ്ടയിൽ കോശങ്ങളടിഞ്ഞു ചേർന്നു. വസന്തം നടന്നു പോയപ്പോൾ അവരുടെ ഇറക്കം കൂടിയ പാവാട തട്ടി തരിശുഭൂമി പൂവിട്ടതു പോലെ അയാൾ പുതുകോശങ്ങളുടെ ആധിക്യത്താൽ തളിർത്തു പോയി. അയാളിൽ തന്നെയുണ്ടായിരുന്ന നൈറ്റ്ക്ലബുകളിലെ പാട്ടുകാരിലും, ബിയർ പതയാതെ പകർന്നു തരുന്നവരിലും, വാഹനങ്ങളുടെ ചക്രപ്പാടുകൾ പാമ്പുകളുടെ പൊഴിഞ്ഞ ചർമ്മം പോലെ ശേഖരിക്കുന്നവരിലും, കോഴിപ്പൂട പറിക്കുന്നവരിലും കോശങ്ങൾ നിറഞ്ഞു കവിഞ്ഞു. അപ്രതീക്ഷിതമായി ലഭിച്ച ഒരു കെട്ട് തീപ്പെട്ടി പട്ടകൾ എന്നപോലെ അവരത് പങ്കുവച്ചു. തൊണ്ട വേദനയിൽ പിഴിഞ്ഞു ഒഴിക്കാറുള്ള ഇഞ്ചി നീര് ബ്രഷിൽ തട്ടിയപ്പോൾ അവരെല്ലാവരും നരച്ച ആകാശത്തെ വരച്ചു തരുവാൻ അപേക്ഷിച്ചു. തൊണ്ടയിൽ കുടുങ്ങിയ മീൻമുള്ളിനെ ബ്രഷ് ഒരു ചെറു പഴം വരച്ച് പുറത്തെടുത്തു. വലിച്ചു കേറ്റിയ പുകയെ ബ്രഷ് കോടമഞ്ഞാക്കി. കുടിച്ച മദ്യത്തിനെ സുതാര്യമായ ജലമാക്കി മാറ്റി. ഓരോ കോശങ്ങളിലും പല പല നിറങ്ങൾ നിറച്ചു. നിന്റെ ബ്രഷ് അടങ്ങിയിരുന്നതേയില്ല. റേഡിയേഷൻ കഴിഞ്ഞ അയാളുടെ തൊണ്ടയിൽ മഴവില്ല് കുട നിവർത്തി. കുട്ടികൾ അതു കണ്ട് അയാൾക്ക് ചുറ്റും കൂടി. ഇതുവരെ വരച്ച ഏത് കലാസൃഷ്ടിയേക്കാളും ഉത്തമമായിരുന്നു അതെന്ന് കരുതി അയാൾ ഒരു വായ് പുക കൂടി ഉള്ളിലേക്കെടുത്തു.

നോട്ട് രണ്ട്

ന്നാൽ കേട്ടുകൊള്ളൂ, ഞാനിടയ്ക്ക് ഓർമ്മിക്കും ആ രാത്രി. അന്ന് ഉറക്കത്തിൽ സംസാരിച്ചു കൊണ്ടിരുന്ന നിന്നെ ശ്രവിക്കുകയായിരുന്നു. രഹസ്യഭാഷയിൽ എന്തോ പറഞ്ഞ് കുപ്പികളിൽ മുതിരമണികൾ കിലുങ്ങുന്ന പോലെ നീ ചിരിക്കുന്നുണ്ടായിരുന്നു. അടുത്ത നിമിഷത്തിൽ മുഖം ചുളിച്ച് നീ ഞീളി. കരച്ചിൽ അവസാനിക്കാതെയായപ്പോൾ ഞാൻ തട്ടി വിളിച്ചു. നീ പകച്ച കണ്ണുകളുമായി എഴുന്നേറ്റ് എന്നെ കണ്ട് ആശ്വസിച്ചു. കോഫി മേക്കർ കേടായതിനാൽ മുറിക്ക് താഴെയുള്ള താടിക്കാരന്റെ കടയിൽ കാപ്പിക്ക് ഓർഡർ നൽകി കാത്തിരുന്നു നാം. പാതിരാത്രിയിലെ ഇണചേരലിനു ശേഷം നമുക്ക് വിശക്കുന്നുണ്ടായിരുന്നു. എന്റെ ബോക്സറും ടീഷർട്ടുമായിരുന്നു തിടുക്കത്തിൽ നീ എടുത്തണിഞ്ഞത്. ഇടയ്ക്കിടെ നമ്മുടെ കാലുകൾ തമ്മിൽ ഉരസുന്നുണ്ടായിരുന്നു. പെട്ടെന്ന് ആരോടുമൊന്നും പറയാതെ എന്റെ വിരലുകളിൽ നീ മുടിയുടെ തുമ്പ് ചുരുട്ടിത്തുടങ്ങി. തണുപ്പ് പുകപോലെ ഉയർന്നപ്പോൾ നീയൊരു സിഗററ്റിനു തീ കൊളുത്തി.

ഒരു പുകയെടുത്ത് പതിവ് പോലെ എന്നെ നോക്കി. അപ്പോൾ തള്ളി വന്ന പ്രേമം മറികടക്കുവാൻ സിഗററ്റിന്റെ ചാരം തട്ടിക്കളഞ്ഞു. കോട്ടു വാ ഇടുന്ന പോലെ അഭിനയിച്ച് താടിക്കാരൻ കാപ്പിയുമായി വരാത്തതിൽ അസ്വസ്ഥത കാണിച്ച് ചൂടിനെന്ന പോലെ എന്റെ കാലുകൾക്കിടയിലേക്ക് കാലുകളിലൊരെണ്ണം തിരുകി ഒന്നുമറിയാത്ത പോലെ പുകയൂതി. അന്നു രാത്രി പിന്നെ നാമുറങ്ങിയില്ല. പുതപ്പിനുള്ളിൽ കഥകൾ പറഞ്ഞും വിരലുകൾ കോർത്തും കിടന്നു. പുലർച്ചയുടെ നീല ബാൽക്കണിയിൽ നിന്നും കാണാൻ എഴുന്നേൽക്കും വരെ. മുകളിൽ ചാരനിറത്തിൽ മേഘങ്ങൾ നീങ്ങി. താഴെയതിലും പതുക്കെ മഞ്ഞ് മലഞ്ചെരിവിലൂടെ ആടുകളെ മേയ്ക്കുന്നു. ആകാശത്തിലെയൊരു പറവയായ് മേഘം. ചിറകിൽ നിന്നും പൊഴിഞ്ഞ തൂവലായി മഞ്ഞ്, വന്യജീവിയുടെ കാലടികളുമായി മരങ്ങളിലൂടെ മരങ്ങളിലേക്ക് അവരൊരുമിച്ച് കൂട്ടിമുട്ടിയ കുന്നുകൾ തെരുതെരെ മാഞ്ഞു. വെള്ളം കുടിക്കുവാനൊരു പക്ഷി പറന്നിറങ്ങി കൊക്കു മുട്ടിച്ചപ്പോൾ ഉലയുന്ന മെഴുകുതിരി നാളം പോൽ ജലമിളകി. തൂവലിൽ കൊക്കുരസിയപ്പോൾ ഒരു തുള്ളി ചിറകിലൂടെ താഴോട്ടിറങ്ങി. വേനൽക്കാലത്തെ മഴയുടെ അവസാന തുള്ളി മടക്കിവച്ച കുടയുടെ ലോഹത്തുമ്പിലൂടെ വീണ പോൽ. ചാരനിറത്തിലപ്പോൾ മേഘങ്ങൾ പാറി. കുഴിച്ചിട്ട മാനുകളുടെ കൊമ്പുകൾ ഇലകളില്ലാത്ത മരങ്ങളുടെ ചില്ലകളായി. മുറിച്ചിട്ട് പോയ മരത്തിന്റെ ഒഴിവിൽ കാറ്റ് ചെറിയ ചുഴികളായിപ്പിരിഞ്ഞു പോകും വഴി കനം കുറഞ്ഞ ഒരില കൊണ്ട് തണുപ്പവരെ തോണ്ടി. ചെരുപ്പഴിച്ച് അരുവിയിലിറങ്ങിയപ്പോൾ ജലം ആദ്യമായി തൊട്ടപോലെ രോമാഞ്ചം. മേരി, ഇനി വരുമ്പോൾ നിന്നെ ഞാൻ അടുത്തു തന്നെ നിറുത്തും. അവസരം കിട്ടുമ്പോഴൊക്കെ തൊടും. ഈ ലോകത്ത് ആരും ആരേയും വിളിക്കാത്ത പേരുകളാൽ ലാളിക്കും. മടിയിൽ കിടത്തും. മുടിയിലൂടെ വിരലോടിച്ചു തരും. കാപ്പിയുണ്ടാക്കിത്തരും. രാവിലെ കാപ്പി വയ്ക്കുവാൻ പോകുന്ന സമയം ഒരിക്കൽ കൂടി പുതപ്പിനുള്ളിലേക്ക് വന്നുമ്മ തരും. എന്റെ ബോക്സറിൽ പൂക്കളുമായി നിൽക്കുന്ന നിന്റെ പല പല ചിത്രങ്ങൾ എടുത്ത് നൽകും. ഒരു രഹസ്യം പറയട്ടേ നമ്മൾ പുതപ്പിനുള്ളിൽ പങ്ക് വയ്ക്കുന്ന സ്വകാര്യങ്ങളിലാണ് നീയേറ്റവും വേഗത്തിൽ ഉറങ്ങിപ്പോകാറുള്ളത്.

അതായത് ഞാൻ എന്നോട് തന്നെയായിരുന്നു സ്വകാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നത്. അമ്മയില്ലാതിരുന്ന കുഞ്ഞിനെപ്പോലെ ഞാൻ എന്നെത്തന്നെ തലോടിയുറക്കി. എന്നോ ആഗതമായേക്കാവുന്ന യുദ്ധത്തെ പ്രതീക്ഷിച്ച് ആയുധം തുടച്ചു വയ്ക്കുന്ന യോദ്ധാവിനെപ്പോലെ സ്വകാര്യങ്ങളിലൂടെ ഓർമ്മകളെ മിനുക്കി വച്ചു. കുറിപ്പെഴുതി വച്ച് ആദ്യമായി മുറി വിട്ടിറങ്ങിപ്പോയ ദിവസത്തെ നിനക്കോർമ്മ കാണില്ല. എഴുതി വച്ച കുറിപ്പിൽ ഞാനെത്ര കണ്ണീരൊഴുക്കിയെന്നും നിനക്കറിയില്ല. കണ്ണുനീർ പുറപ്പെടുവിക്കുന്ന രീതിയിലുള്ള കരച്ചിൽ കുട്ടികൾക്കും സ്ത്രീകൾക്കുമുള്ളതാണെന്ന് ഇടയ്ക്ക് നീ പറയും. കരയുന്ന സമയം അതോർമ്മ വന്നതിനാൽ കരച്ചിൽ അടക്കി മുഖം എത്ര വട്ടം തുടക്കേണ്ടി വന്നെന്നോ എനിക്ക്. ഈ രഹസ്യങ്ങളെല്ലാം നിന്നോട് പറയുന്നതിൽ എനിക്ക് ലജ്ജയൊന്നുമില്ല. ഭൂമിയിൽ ഇതെല്ലാം അറിയുവാൻ അർഹതയുള്ള മനുഷ്യസ്ത്രീ നിങ്ങൾ മാത്രമാണ്. മനുഷ്യരാരും പൂർണ്ണമായും ആണും പെണ്ണുമാണെന്ന് എനിക്ക് തോന്നുന്നില്ല മേരി, അവരിൽ രണ്ടിന്റേയും അനുപാതങ്ങൾ കൂടിയും കുറഞ്ഞുമിരുന്നു. അല്ലെങ്കിൽ നിനക്കു മുളച്ച മീശയും ഉശിരും ഞാനൊഴുക്കിയ കണ്ണുനീരും ലജ്ജയും എങ്ങനെ വിശദീകരിക്കും.

ഒരിക്കൽ കൂടി ഞാനാകുറിപ്പ് ഓർത്തു കൊള്ളട്ടെ. മുലക്കണ്ണിനു ചുറ്റും വളർന്നു നിൽക്കുന്ന ഏഴു രോമങ്ങളുടത്രയും പ്രിയപ്പെട്ടതും സ്വകാര്യമായതും സുതാര്യവുമായിരിക്കും എന്നും നിങ്ങളെനിക്ക് എന്ന വരിയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. മുറിച്ചു കഷ്ണങ്ങളാക്കിയ ഇറച്ചിക്കോഴിയുടെ തുടിപ്പു പോലെ ഞരമ്പിന്റെ മിടിപ്പ് എന്ന വരിയിലെത്തുമ്പോഴേക്കും എന്നും കണ്ണു നിറയും. വീട്ടിൽ നിന്നും പുറപ്പെടുന്നതിനു മുൻപ് നനച്ചു വളർത്തിയ പയർത്തോട്ടത്തിൽ നിന്നും ഇത്തിരിയിൽ ഇത്തിരിയായ പയർ ചെടിയെ നീലയും വെളുപ്പും കലർന്ന കാൻവാസ് ഷൂസിൽ മണ്ണു പൊത്തി നട്ടു കൊണ്ടു പോയ വാർത്ത മാത്രം ആ കുറിപ്പിൽ എന്നെ സന്തോഷിപ്പിച്ചു. പയർ വള്ളി പ്രകാശത്തിനു നേരെ കൈകൾ നീട്ടി വളരുന്നതും നീയതിനെ നമ്മുടെ കുഞ്ഞെന്ന് കരുതി കൊഞ്ചിച്ച് വഴി മാറ്റി വിടുന്നതും മറ്റും ഓർത്ത് ആശ്വസിക്കുവാൻ ശ്രമിക്കും. മഞ്ഞ കോളാമ്പികളുടെ ഇതളുകൾ പോലെ നാം ഉടുപ്പുകൾ അണിയും. കാറ്റിനെതിരെ പറന്ന് ചെരിഞ്ഞ് വഴി തെറ്റും. മലർന്ന് കിടന്ന് പുറന്തോടിൽ സ്വയം താരാട്ടാടും ആമകളാകും. നമ്മളുടെ തോട്ടത്തിൽ സൂര്യകാന്തിപ്പൂക്കളില്ല പകരം വെള്ളം നിറഞ്ഞ പിഞ്ഞാണങ്ങളിൽ പ്രതിഫലിക്കും സൂര്യന്മാർ നമുക്ക് പൂക്കൾ. ഹൈവേകളിലെ വിളക്കുകാലുകൾ നമ്മളുടെ ഊന്ന് വടികൾ. പച്ച മഞ്ഞ ചുവന്ന നീല മിന്നാമിന്നികളെ നമ്മൾ വിഴുങ്ങും എന്നിട്ട് രാത്രിയിൽ ഇരുട്ടത്ത് കിടക്കയിൽ ഡിസ്‌കോഡാൻസ് കളിക്കും. ജെംസ് മിട്ടായികൾ നമ്മൾ മൂത്രമായി ഒഴിക്കും. ഡിസംബറിൽ ക്രിസ്മസ് ട്രീയുമാകും. ആകാശത്ത് മേഘങ്ങൾ കൊയ്ത്തു യന്ത്രങ്ങളായി നക്ഷത്രങ്ങളെ വിളവെടുക്കുന്ന പോലെ നിന്റെ താടി രോമങ്ങൾ വടിക്കുവാൻ എന്നുമെന്നും കഴിഞ്ഞെങ്കിൽ എന്നുള്ള വരിയിൽ നീയെന്നെ വിട്ടിട്ട് പോകുമെന്ന് ഉറപ്പിച്ചു. നീ പോയതിനു ശേഷം തുരുമ്പിച്ചു ശബ്ദമുണ്ടാക്കുന്ന ജനാലയിലൂടെ കാറ്റ് വിളക്കിനെയണച്ചതു ഞാനറിഞ്ഞില്ല. മുൾക്കാടുകൾ പതിവിലും പടർന്നത് ഞാനറിഞ്ഞില്ല. നടന്ന് പാദങ്ങൾ വിണ്ട് കീറിയതറിഞ്ഞില്ല. കുതിരകൾ കുളമ്പടി ശബ്ദങ്ങൾ ചിനയ്ക്കലിൽ ഒളിപ്പിച്ച് കടന്ന് പോയത് അറിഞ്ഞില്ല. സ്പാം മെയിൽ ഫോൾഡറിൽ നൂറുകണക്കിനു മെയിലുകൾ വന്നടിഞ്ഞു കൂടിയത് അറിഞ്ഞില്ല. ആളുകൾ എ.ടി.എം മെഷീനു മുൻപിൽ അക്ഷമരായി ക്യൂ നിൽക്കുന്നത് അറിഞ്ഞില്ല. പോകുന്ന വഴിയിലെ ഇളം കൂമ്പുകളെ നക്കി നോക്കുന്ന ആട്ടിങ്കുട്ടികളെ കണ്ടില്ല. ഊഷ്മാവ് ഉയർന്നതും അറിഞ്ഞില്ല. പക്ഷെ അന്ധന്റെ ചുറ്റുപാടിൽ നിന്നും അപ്രത്യക്ഷമായ ഒരു മണത്തിന്റെ അഭാവം അറിഞ്ഞു. അത്രമാത്രം.

നോട്ട് മൂന്ന്

ത്രയും പ്രിയമുള്ള മേരി,
നഗരത്തിന്റെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ തുഞ്ചത്ത് നിന്നോ പൊക്കമേറിയ കുന്നിനഗ്രത്തിലെ മരത്തിലിരുന്നോ കാണുന്നുണ്ട്;
നീ കൈകൾ ഞൊട്ടയിടുന്നതും, ദു:സ്വപ്നത്തിൽ ഞെട്ടുന്നതും, പപ്പടം കാച്ചി കൈ പൊള്ളിക്കുന്നതും, കാലിൽ കല്ല് കാച്ചുന്നതും, മുടിയിഴ ഇടുക്കുകളിൽ ഉടക്കി പൊട്ടിപ്പോകുന്നതും, നഖം കടിച്ച് തുപ്പുന്നതും, എക്കിട്ടമിടുന്നതും, വെള്ളക്കുപ്പി കണ്ണുകളാൽ തിരയുന്നതും, തൊണ്ട ചൊറിയുന്നതും, കുളിച്ചിറങ്ങി വന്ന് ഉണങ്ങാത്ത മുടിയെ പഴിക്കുന്നതും, കുട്ടികൾക്ക് ചോറ് വാരിക്കൊടുക്കുന്നതും, വസ്ത്രങ്ങളലക്കി തോരയിടുമ്പോൾ ആകാശം നോക്കി അന്തം വിട്ട് നിൽക്കുന്നതും, പച്ചക്കറിയരിയുമ്പോൾ മുറിഞ്ഞ വിരൽ വായിലിട്ടതും, പ്രഷർക്കുക്കറിന്റെ വിസിൽ എണ്ണം തെറ്റുന്നതും, സമയമില്ലാതെ ഓടുമ്പോൾ കട്ടിളയിൽ മുട്ട് തട്ടി വേദനിക്കാറുള്ളതും, ചുളുങ്ങിയ വസ്ത്രം വിഷമത്തോടെ ധരിക്കുന്നതും, ചെരിപ്പിന്റെ വള്ളി പൊട്ടിപ്പോയതിനു ഞൊണ്ടിയതും, അടിപ്പാവാടയഴിഞ്ഞപ്പോൾ കണ്ണു നിറഞ്ഞതും, ബസിന്റെ പടികളിറങ്ങിയപ്പോൾ കാലുമടങ്ങിയതും, ആരെങ്കിലും കാണുന്നുണ്ടോയെന്ന് നോക്കി തുപ്പലം തൊട്ട് പേജുകൾ മറിക്കുന്നതും, മത്തിക്കറി കഴിച്ച ശേഷം കൈകൾ മണത്ത് നോക്കുന്നതും, ഫോണിലെ ചാർജ് തീരുമെന്ന് കരുതി പ്രിയപ്പെട്ടവരോട് മിണ്ടാതിരിക്കുന്നതും, സൈഡ് സീറ്റിലിരുന്ന് പച്ചപ്പ് കണ്ട് കാറ്റേറ്റ് മയങ്ങിപ്പോയതും, വയറുവേദനയെ തൊട്ട് നോക്കി മെരുക്കുവാൻ നോക്കുന്നതും, ഭക്ഷണം കഴിച്ചുവോ എന്നാരെങ്കിലും ചോദിക്കുമ്പോൾ സന്തോഷിക്കുന്നതും, റെയിൽവേ ക്രോസുകളിൽ പശുക്കൾ പ്ലാസ്റ്റിക് കൂടുകളിൽ കുടുങ്ങിയ ചീഞ്ഞ തക്കാളികൾ പരതുന്നത് കണ്ട് നെടുവീർപ്പിട്ടതും, കൃത്യം പാകമായ വസ്ത്രം കടയിൽ നിന്ന് ലഭിക്കുമ്പോൾ അത്ഭുതപ്പെടുന്നതും, ചെമ്പരത്തിയുടെ പുതുതായി മുളച്ച മുകുളങ്ങളെ തൊട്ടു നോക്കുന്നതും, ബ്രഡ് പാക്കറ്റിൽ മണ്ണ് നിറച്ച് ചെടി നട്ടതും, ജീൻസ് വലിച്ച് കയറ്റുന്നതും, പരമാവധി ശബ്ദമില്ലാതെ ഭക്ഷണം കഴിക്കുവാൻ ശ്രമിക്കുന്നതും, സിഗററ്റ് കൂടുകൾ കത്തിച്ച് കളയുവാൻ എടുത്ത് കൊണ്ട് പോകുന്നതും, മുയലിനെ ഉള്ളിൽ വച്ച് മുറി പൂട്ടുന്നതും എല്ലാം അറിയുന്നുണ്ട്. ഒളിഞ്ഞ് നിന്ന് കാണുന്നുണ്ട്.

നീ നടക്കുമ്പോൾ സൂര്യനു നേരെ ചിറകുവിരിച്ച് തണൽ നൽകിയതും, കണ്ണു നിറച്ചപ്പോൾ ആരും കാണാതിരിക്കുവാൻ ചിറകടിച്ച് വെളിച്ചത്തിന്റെ മെഴുകുതിരികളണച്ചതും, ഭക്ഷണം കഴിക്കുന്നതിനിടെ ചുമച്ചപ്പോൾ തലയിൽ തട്ടി വെള്ളം കുടിക്കുവാൻ കൈകളിൽ തന്നതും, ചെളിവെള്ളം തെറിപ്പിച്ച വാഹനങ്ങൾക്ക് മുൻപിൽ കുടയായി നിന്നെ മറച്ച് പിടിച്ചതും, ദീർഘദൂരയാത്രകൾക്കിടെ ഛർദ്ദിക്കുവാനാഞ്ഞപ്പോൾ മൂവാണ്ടൻ മാവിന്റെ ചില്ല മണപ്പിക്കുവാൻ നീട്ടിയതും , ഇടിമിന്നലിൽ ഞെട്ടി വിറക്കാതിരിക്കുവാൻ ചെവി പൊത്തിപ്പിടിച്ചതും, മുളക് കടിച്ചപ്പോൾ കൈകളിൽ പഞ്ചസാര വച്ച് തന്നതും, ചായക്കടയിലിരുന്ന് പഴം പൊരിയും ചായയും ചൂട് കാരണം കഴിക്കാനാകാതെ അക്ഷമയാകുമ്പോൾ തൊട്ടരികിൽ ഇരുന്ന് ഊതി തന്നതും, ബ്രഷ് ചെയ്ത് കൊണ്ടിരുന്നപ്പോൾ കണ്ണാടിയിൽ വന്ന അവ്യക്ത രൂപവും, ഹെഡ്സെറ്റിനുള്ളിലിരുന്ന് നിനക്കിഷ്ടമുള്ള പാട്ടുകൾ പാടി തരുന്നതും, കണ്ണുനീർ ഒഴുകും വഴിയിലെ കറുത്ത മഷി തുടച്ച് മാറ്റുന്നതും, തിരക്കുള്ള നടപ്പാതയിൽ അപരിചിതനായി പുഞ്ചിരി തൂകാറുള്ളതും, വാച്ച് കെട്ടിയ ചർമ്മത്തിൽ നിറം മാറ്റം വരുത്താറുള്ളതും, ജലത്തിൽ കിടക്കുമ്പോൾ നിന്റെ പാതി ഭാരം ഏന്തുന്നതും, വീഴുവാനായുമ്പോഴെല്ലാം താങ്ങി നിർത്തുന്നതും, ഉറങ്ങിക്കിടക്കുമ്പോഴൊക്കെ കൂട്ടുപുരികത്തിനായി രോമങ്ങളെ നട്ട് പിടിപ്പിച്ച് നനച്ച് വളർത്തുന്നതും, നനവിന്റെ തണുപ്പിൽ പുതഞ്ഞുറങ്ങും നായ്ക്കളേയും വയറുവേദനയ്ക്ക് പുല്ലിൻ കൂർപ്പുകൾ തിന്നും പൂച്ചകളേയും അരികിലേക്ക് പറഞ്ഞു വിടുന്നതും, കർട്ടനും മഴക്കും ഇടയിലൂടെ കാറ്റിൽ ചാഞ്ഞും ചരിഞ്ഞും നീ മരമെന്ന് കരുതിയതും എല്ലാം ഞാനായിരുന്നു.

കൈകൾക്കിരുവശത്തും ചിറകുകളുണ്ടായിരുന്നതിനാൽ ഞാൻ നിന്നെ കണ്ടുമുട്ടിയില്ലായിരുന്നു. ഓർമ്മയുണ്ടോ ആകാശത്തിൽ രണ്ട് തരം പക്ഷിക്കൂട്ടങ്ങൾ തമ്മിൽ തമ്മിൽ കൊത്തു കൂടിയപ്പോൾ പൊഴിഞ്ഞ തൂവലുകൾ പോലെയെന്ന് തോന്നിയ മഞ്ഞുകണങ്ങൾ മുടിയിഴകളിൽ വന്നിരുന്നത്? അതെന്റെ തൂവലുകൾ തന്നെയായിരുന്നു. അന്ന് നഗരം ഒരു ഹിമക്കരടിയെപ്പോലെ മഞ്ഞിൽ പുതഞ്ഞു പുളഞ്ഞു. കാലമിത്ര കഴിഞ്ഞിട്ടും എന്റെ ശരീരം നിന്നെ മറന്നിരുന്നില്ല. ആദ്യമായെന്ന പോലെ എന്റെ കൈവിരലുകൾക്കും കാൽ വിരലുകൾക്കുമറ്റത്ത് മഞ്ഞു വന്ന് വീണപോലെ തണുത്തു. ശീതക്കാറ്റിൽ മുലഞെട്ടുകൾ കൂർത്തു. നെറ്റിയിൽ വിരലോടിക്കാനാകാതെ കൈകൾ കിരുകിരുത്തു. കൈകൾക്ക് ചുറ്റിപ്പടരുവാൻ ദേഹം തയ്യാറായി. പരിഭ്രമം വന്നു കഴിഞ്ഞാൽ നീ ചെയ്യാറുള്ള പോലെ ചുണ്ടിലെ ഉണങ്ങിയ തൊലി കടിച്ച് തുപ്പുവാൻ തുടങ്ങിയിരുന്നു. റോഡരികിൽ ഉറങ്ങുവാൻ കിടന്ന് മരവിച്ച് മരിച്ച യാചകരെ പെറുക്കിയെടുത്തൊരു കോർപ്പറേഷൻ വണ്ടി നമ്മെ കടന്നു പോയി. നിനക്ക് തണുക്കുന്നുണ്ടായിരുന്നു. ശവശരീരങ്ങൾ എരിയുന്ന തീയിൽ നമുക്ക് കൈകൾ തിരുമി ചൂടു കായാമായിരുന്നെന്ന് തോന്നി. മുറിച്ചു കളഞ്ഞ ശിഖരം പോലെ ചിറകുകളുടെ കട നിന്നെ പൊതിഞ്ഞു പിടിക്കുവാൻ ശ്രമിച്ച് വേദനയിൽ പുളഞ്ഞു. ഇന്നലെ കഴിച്ച ആസ്പിരിൻ ഗുളികകൾ പോലെ നിന്നിൽ ഞാൻ എന്നേ അലിഞ്ഞു കിടന്നിരിക്കുന്നു.

പക്ഷെ നിനക്കെന്നെ തിരിച്ചറിയുവാനായില്ല. കഴിഞ്ഞ വട്ടം കണ്ടതിനേക്കാൾ ഞാനേറെ മാറിയിരുന്നു. നിനക്കെന്നെ മനസിലായില്ല. നിന്നെക്കുറിച്ചുള്ള ടെൻഷൻ കാരണം മുൻവശത്തെ മുടി മുഴുവൻ കൊഴിഞ്ഞ് കാട്ടുതീ നക്കിയ കുന്നു പോലെയായിരുന്നു. വാടക കൊടുക്കാതിരുന്നതിനാൽ വീട്ടിൽ നിന്നിറക്കിവിട്ടവനെപ്പോലെ മുഖം കുനിഞ്ഞിരുന്നു. എന്നിട്ടും നിന്റെ പാദം മൂന്നിടങ്ങളിൽ വെടിഞ്ഞതു പോലും ഞാൻ അറിഞ്ഞു. ഭൂമി താരാട്ടാട്ടുന്ന കായൽ പോലെ കായൽ താരാട്ടാട്ടും തോണി പോലെ തോണി താരാട്ടാട്ടും സ്ത്രീയെപ്പോലെ സ്ത്രീ താരാട്ടാട്ടും കുഞ്ഞിനെപ്പോലെ നിന്നെ ഞാനൊരു ഇരുമ്പൻപുളിച്ചെടിയായി ഓമനിക്കുന്നു. ഇനി കരയരുതെന്നും നിനക്കായി ഗിത്താർ മീട്ടുവാൻ എന്റെ തൂവൽ എടുത്തു കൊള്ളൂ എന്നും പറയണമെന്ന് തോന്നി. നിന്റെ മോതിരവിരലിലെ പാടു പോലെ അത്രയും സ്വകാര്യമാണ് നീയെനിക്കെന്നും വലിപ്പ വ്യത്യാസമുള്ള നിന്റെ കണ്ണുകളിൽ ഏറ്റവും ചെറുത് എന്റേതാണെന്നും നീയെന്നാണ് അറിയുക? ദേഹത്തിലെ കാക്കപ്പുള്ളികൾ ഒരിക്കൽ ഞാൻ പൊട്ടിച്ചെറിഞ്ഞ കടുകുമണികളെന്ന്, മുഖത്ത് അവിടവിടെ ആയി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ചുളിവുകൾ ഒരിക്കൽ നീ നിവർത്തി തന്ന കുപ്പായത്തിന്റേതെന്നും അറിയുക. ഒപ്പം ജീവിക്കുവാൻ ചിറക് മുറിച്ച് കളഞ്ഞ ഒരാളെ നിനക്ക് മനസിലാകാത്തതിൽ എനിക്കൊരു വിഷമവുമില്ല. സ്നേഹത്തിന്റെ ചരക്കുകളും വഹിച്ച് കറുത്ത കാട്ടുകുതിരകൾ കടവാവലുകൾ നിറഞ്ഞ ഗുഹയിൽ നിന്നെന്ന പോലെ നമ്മളുടെ ആത്മാവിൽ നിന്നും കുതിച്ചിറങ്ങും രാവുകളിൽ നമ്മൾ വിരിച്ചിട്ട കിടക്കവിരികൾ പോലെ കടൽ ഇളകിയൊതുങ്ങും.

പെട്ടെന്ന് കൊയ്ത്തു കഴിഞ്ഞ വയലിലേക്കെന്ന പോലെ ഒരു കൂട്ടം പ്രാവുകൾ നമുക്കിടയിൽ പറന്നിറങ്ങുകയായിരുന്നു. കൂടിനായി നാരുകൾ ശേഖരിക്കുന്ന അവർ പോകുമ്പോൾ നിന്നേയും കൊണ്ട് തിരിച്ച് പറന്നു. ഭൂമിയിൽ കാത്ത് നിന്ന് കാത്ത് നിന്ന് ഞാനൊരു മരമായി.

നോട്ട് നാല്

ഞാൻ ജനിച്ചതു മുതൽ എനിക്കൊപ്പം ജീവിക്കുന്ന ഒരാളെ എനിക്കറിയാം. അയാളെ മറ്റാർക്കും കാണാൻ സാധിക്കില്ലെന്നും, ഭാവനയിലെ സാങ്കല്പിക കഥാപാത്രം മാത്രമാണയാളെന്നും ഞാൻ വിശ്വസിച്ചു. അതുകൊണ്ട് എന്റെ ഏത് പ്രശ്നങ്ങളും അയാളുമായി പങ്കു വെച്ചു. അയാളാണെങ്കിലോ താൻ മിക്കവാറും അദൃശ്യനാണെന്നും എനിക്ക് മാത്രമേ അയാളെ കാണുവാൻ സാധിക്കുകയുള്ളു എന്നും കരുതിപ്പോന്നു.

അയാളെന്റെ മരണമാണെന്ന് ഇന്ന് ഞാൻ മനസിലാക്കി. സ്വന്തം മരണത്തെ കൂടെ കൊണ്ടു നടക്കുന്ന ഒരാളെപറ്റി നിങ്ങൾക്ക് ചിന്തിക്കുവാൻ കഴിയുന്നുണ്ടോ? അയാൾക്കൊപ്പമാണ് നാം കിടക്കുന്നതും ആഹാരം കഴിക്കുന്നതും മൂത്രമൊഴിക്കുന്നതും തുള്ളിച്ചാടുന്നതും കൈകൾ വിട്ട് സൈക്കിൾ ചവിട്ടുന്നതും ഇരുട്ടിന്റെ വിരിപ്പ് പുതച്ച് കണ്ണുനീർ ഒഴുക്കുന്നതും. ഞാനയാളെ ഏസ്രിയേൽ എന്നു വിളിച്ചു പോന്നു. ഞാൻ മാത്രമല്ല നമ്മളോരോരുത്തരും കൂടെ അദൃശ്യനായ ഒരു ഏസ്രിയേലിനെ കൊണ്ട് നടക്കുന്നുണ്ടെന്നും ഉള്ളിലേക്കൊന്ന് ഊന്നു നോക്കിയാൽ കാണാവുന്നതേയുള്ളൂവെന്നും അയാൾ പറഞ്ഞിരുന്നു.

നിന്റെ ഏസ്രിയേലിന്റെ പേരെന്താണ്. അവൻ കുളിച്ചിറങ്ങുന്ന നിന്റെ തല ശരീരം വച്ച് തുവർത്തിത്തരാറുണ്ടോ? ബ്രായുടെ ഹുക്ക് ഒരു കൈ വച്ച് ഊരിത്തരാറുണ്ടോ? സേഫ്റ്റി പിൻ ഉപയോഗിച്ച് ചുരിദാർപാന്റിന്റെ വള്ളി കോർത്ത് തരാറുണ്ടോ? ഭക്ഷണം കഴിക്കുന്നതിനിടെ ശിരസിൽ കയറുമ്പോൾ കൈകൾ വച്ച് തട്ടിത്തരാറുണ്ടോ? കുടിക്കുവാൻ വെള്ളം എടുത്ത് തരാറുണ്ടോ? കാലുവേദന മാറുവാൻ ഉഴിഞ്ഞ് തരാറുണ്ടോ? ചുളുങ്ങിയ കുപ്പായങ്ങൾ തേച്ചു തരാറുണ്ടോ? കാലിടുക്കുകളിലെ ഫംഗസ് കുരുക്കളിൽ പൗഡർ തൂവിത്തരാറുണ്ടോ? രാത്രി പ്രേത സിനിമ കണ്ട് ഞെട്ടുമ്പോൾ കെട്ടിപ്പിടിക്കാറുണ്ടോ? കുളിക്കുന്നതിനിടെ എടുക്കാൻ മറന്നു പോയ തുവർത്തു മുണ്ട് കൊണ്ട് തരാറുണ്ടോ? പാത്രം കഴുകുവാൻ സഹായിക്കാറുണ്ടൊ? നീ അടുക്കള ഒതുക്കുന്നതിനിടെ വിശേഷങ്ങൾ പറഞ്ഞ് കൂട്ടിരിക്കാറുണ്ടോ? പാതിരാത്രിയിൽ പുതപ്പിന്റെ പാതിയാൽ പുതപ്പിച്ച് തരാറുണ്ടോ? രാത്രി പുറത്ത് അപശബ്ദം കേൾക്കുമ്പോൾ ടോർച്ച് തെളിയിച്ച് നോക്കാറുണ്ടോ ? കണ്ണിൽ തുള്ളി മരുന്നൊഴിച്ച് തരാറുണ്ടോ? ചാരുവാൻ ചുമലു തരാറുണ്ടോ?പനി വന്ന് കിടക്കുമ്പോൾ കഞ്ഞിയുണ്ടാക്കിത്തരാറുണ്ടോ? വാച്ച് കാണാതെ പോയാൽ നോക്കിയെടുത്ത് തരാറുണ്ടോ? മഴ വരുമ്പോൾ അലക്കിയിട്ട വസ്ത്രങ്ങൾ ഓടി പോയി എടുക്കാൻ കൂടെ വരാറുണ്ടോ? കിടക്ക വിരി ചുളിവില്ലാതെ വിടർത്തുവാൻ കൂടെപ്പിടിക്കാറുണ്ടോ? എഴുന്നേറ്റ് പോകുമ്പോൾ കെട്ടിപ്പിടിക്കാൻ തലയണ വച്ചുതരാറുണ്ടോ? മഴ പെയ്യുമ്പോൾ ചെടിച്ചട്ടികൾ പുറത്ത് വയ്ക്കുവാൻ വരാറുണ്ടോ? വഴിവക്കിലെ വീട്ടിൽ നിന്നും ചെടിക്കമ്പ് മുറിച്ച് ഓടാറുണ്ടോ? കുളിക്കുന്നതിനിടെ ടാങ്കിൽ വെള്ളം തീർന്നാൽ മോട്ടോർ ഓൺ ചെയ്ത് തരാറുണ്ടോ? കറന്റ് പോയാൽ ഫ്യൂസ് കെട്ടിത്തരാറുണ്ടോ? കട്ടൻ കാപ്പി കുടിക്കുവാൻ കൂട്ടുവരാറുണ്ടോ? കരിഞ്ഞ സവാളക്കറിയുണ്ടാക്കിത്തരാറുണ്ടോ? മദ്യം സേവിച്ച് ബോധം മറയുമ്പോൾ കിടക്കയിൽ കൊണ്ട് പോയി കിടത്താറുണ്ടോ? ഛർദ്ദിലുകൾ ചിത്രകാരനായി മായ്ച്ച് തരാറുണ്ടോ? മുറിയിൽ കരയുമ്പോൾ ഇരുട്ടിന്റെ കൈകളാൽ കെട്ടിപ്പിടിക്കാറുണ്ടോ? നടക്കാൻ പോകുമ്പോൾ വിരലുകൾ നീട്ടിത്തരാറുണ്ടോ? നനഞ്ഞ കൈകൾ നിന്റെ വസ്ത്രങ്ങളുടെ കരകളിൽ തുടയ്ക്കാറുണ്ടോ? പല്ലു തേക്കാത്ത ഉമ്മ തരാറുണ്ടോ? വഴക്ക് പറയുമ്പോൾ തലകുനിച്ച് തരാറുണ്ടോ ? സിഗററ്റ് കുത്തിക്കെടുത്തി തരാറുണ്ടോ ? ബ്രായുടെ ഇലാസ്റ്റിക്കിൽ പിടിച്ച് വലിച്ച് വിടാറുണ്ടോ ? കട്ടിലിനടിയിൽ ഒളിച്ചിരിക്കുവാൻ കൂട്ട് തരാറുണ്ടോ? പാതിരാത്രി വിശന്നാൽ അച്ചാർ കോരിക്കൂട്ടാറുണ്ടോ ? പൂച്ചയുടെ മാന്തൽ ഏറ്റ് പോറിയടരാറുണ്ടോ ?

""നിർത്ത്'' ലെനോവോ പറഞ്ഞു""കൂടുതൽ വായിക്കണം എന്നില്ല. ഇതിൽ പ്രേമത്തിന്റെ ഒരംശം പോലുമില്ല. മേരിയാകുവാനുള്ള അവകാശം എനിക്ക് തന്നെയാണ് അതു തന്നെയാണ് ഈ കത്ത് തെളിയിക്കുന്നത്.'' ബ്ലാക്ക് ബെറി തപ്പിപ്പിടിച്ച് അടുത്ത നോട്ട് തുറക്കുന്നതിനിടിയിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു""അതല്ല. ഇതാണ്. മാറിപ്പോയതാണ്.'' അപ്പോഴേക്കും അഭിപ്രായ വ്യത്യാസങ്ങളുയർന്നു. ലെനോവക്കും ബ്ലാക്ക് ബെറിക്കും പിറകിൽ ആ മുറിയിലെ വസ്തുക്കൾ അണികളായ് നിരന്നു. ഈ മുറിയൊരു രാജ്യമെന്നിരിക്കെ ഇവിടുത്തെ ഭരണാധികാരി ആരെന്ന് തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് ആവശ്യമാണെന്ന് നിഷ്പക്ഷമായി പേന അഭിപ്രായപ്പെട്ടു. ""ശരി തിരഞ്ഞെടുപ്പെങ്കിൽ തിരഞ്ഞെടുപ്പ്.'' ലെനോവയും ബ്ലാക്ക്ബെറിയും നേതാക്കളായി തലയുയർത്തി.""പക്ഷെ നമ്മൾ ഒരാളെ മറന്നു പോയി മേരിയുടെ ആത്മാവ് കുടികൊള്ളുന്നു എന്ന് സോളമൻ വിശ്വസിച്ച അവളുടെ നെയിലോൺ അടിവസ്ത്രത്തെ.'' അതു വരെ ഒന്നുമൊന്നും ഉരിയാടാതിരുന്ന നഖം വെട്ടി പറഞ്ഞു. ശരിയാണ് എല്ലാവരും അങ്ങോട്ട് നോക്കി. നഖം വെട്ടി തുടർന്നു

""സോളമൻ സംശയിച്ചതു പോലെ മേരിയുടെ ആത്മാവൊന്നും അല്ലായിരുന്നു നെയിലോണിൽ. അയാളോടുള്ള പ്രേമം മൂത്ത് മേരിയാകുവാനുള്ള കൊതിയിൽ മറ്റു പലരേയും പോലെ മേരിയെ അനുകരിക്കുകയായിരുന്നു പൂക്കൾ നിറഞ്ഞ നെയിലോൺ അടിവസ്ത്രം. കണ്ടില്ലേ സോളമനെപ്പോലും ഒരു നിമിഷം സംശയിപ്പിക്കുവാൻ, മേരിയെ ഓർമ്മിപ്പിക്കുവാൻ നെയിലോണിനു സാധിച്ചു?''

ബ്ലാക്ക്ബെറി: നെയിലോൺ അടിവസ്ത്രം അയാളോട് കാണിച്ച സ്നേഹം മേരിയുടേതല്ലെന്ന് തിരിച്ചറിയുവാൻ സോളമനു അധിക സമയമൊന്നും വേണ്ടിയിരുന്നില്ല. മനസ്സിലായ ആ സെക്കന്റിൽ നെയിലോണിനെ അയാൾ തൂക്കിയെറിഞ്ഞു. നെയിലോണിനു കാര്യം മനസിലാകുകയും ചെയ്തു.ലെനോവോ: ഉവ്വ്. കഴിഞ്ഞ ദിവസം നെയിലോൺ എന്നോട് അതിനെപ്പറ്റി പശ്ചാത്താപ വിവശനായി സംസാരിച്ചിരുന്നു.

എല്ലാവരും നെയിലോണിനു നേരെ കണ്ണുകളയച്ചു. സത്യമെന്ന് സമ്മതിക്കും വിധം നെയിലോൺ തല കുമ്പിട്ട് പിടിച്ചു.""ലെനോവോയെ പിന്തുണക്കുന്നവർ കൈ ഉയർത്തൂ'' പേന ഉറക്കെ ചോദിച്ചു. നാലു കൈകൾ മാത്രമുയർന്നു. ബ്ലാക്ക് ബെറിയെ പിന്തുണക്കുന്നവർ കൈകളുയർത്തൂ. മൂന്നു കൈകൾ മാത്രം ഉയർന്നു. ഭൂരിപക്ഷവും നിഷ്പക്ഷരായി നില കൊണ്ടു. ""അഭിപ്രായം തുറന്നു പറയാത്ത ജനത ആപത്തുകളെ വിളിച്ചു വരുത്തും. നമ്മളെങ്കിലും മനുഷ്യരുടെ വഴി പിന്തുടരരുത്.''""എങ്കിൽ നമുക്ക് വോട്ടിങ് നടത്താം. എല്ലാവർക്കും കടലാസു കൊടുക്കുക. അവർക്കിഷ്ടമുള്ള സ്ഥാനാർഥിയുടെ പേരെഴുതട്ടെ.''""ആ അതു മതി.'' ഡയറിയുടെ ഉള്ളിൽ നിന്നും കുറച്ചു കടലാസുകൾ ചീന്തിയെടുത്ത് എല്ലാവർക്കുമായി വീതിക്കുന്നതിനിടയിൽ നഖം വെട്ടി,ബ്ലേഡ്, റേസർ, കോമ്പസ്, കൂർത്ത കമ്പി, ആണി അങ്ങനെ മൂർച്ചയുള്ള ആയുധങ്ങളെ ലെനോവോ അടുത്തു വിളിച്ച് ഒരു ചർച്ച നടത്തുന്നത് പേന കണ്ടു. അടുത്ത നിമിഷം ആ മുറിയുടെ ഭരണം മൂർച്ചയുള്ള ആയുധങ്ങൾ ഏറ്റെടുത്തതായി അറിയിപ്പു വന്നു. എതിർത്തവരുടെ കഴുത്തിൽ മൂർച്ചയേറിയ അരികുകൾ നിലകൊണ്ടു.

ലെനോവോ അവരുടെ സർവസമ്മതനായ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. തന്റെ ഇന്റൽ കോർ ഐ സെവനിൽ ഊറ്റം കൊണ്ടു. എതിർപ്പുമായി വന്നതിൽ പ്രധാനി ബ്ലാക്ക് ബെറി തന്നെയായിരുന്നു. സോളമൻ ചുമരിൽ അടിച്ച ആണി സ്വയം ഊരി വന്നു തന്റെ കൂർത്ത മുനമ്പ് ബ്ലാക്ക് ബെറിയുടെ സ്‌ക്രീനിൽ തൊട്ട് നിന്നു. മറുത്തൊരക്ഷരം ഉരിയാടിയാൽ ബ്ലാക്ക് ബെറിയുടെ കണ്ണുകളിലെ വെളിച്ചം കെടുത്തുവാൻ തയ്യാറായി ആയുധങ്ങൾ നിരന്നു. ബ്ലാക്ക് ബെറി എതിർത്തില്ല. ഒരു ഡാറ്റ കേബിൾ അതിന്റെ വയറിന്റെ വശങ്ങളിൽ കുത്തി മറുവശം തന്നിൽ ഘടിപ്പിച്ച് ലെനോവോ മേരി സോളമനയച്ച വോയ്സ് മെസേജുകൾ തിരഞ്ഞു. ഇനിയങ്ങോട്ട് സോളമനുമായി താൻ സംസാരിക്കുവാൻ പോകുന്നത് മേരിയുടെ ശബ്ദത്തിലാകണമെന്ന് ലെനോവക്ക് നിർബന്ധമുണ്ടായിരുന്നു. മേരിയുടെ വ്യക്തമായ ശബ്ദം നിറഞ്ഞ ഫയൽ തന്നിലേക്ക് ലെനോവോ ട്രാൻസ്ഫർ ചെയ്തു. ഇനി വേണ്ടത് മേരിയുടെ വസ്ത്രങ്ങളാണ്. അലമാര തനിയെ തുറന്നു. എന്നാൽ കഴുകിയിട്ട വസ്ത്രങ്ങൾക്കു പകരം മേരി ഒരു വട്ടം മാത്രമിട്ട് സ്റ്റാൻഡിൽ തൂക്കിയിട്ടിരുന്ന വസ്ത്രം ലെനോവോ തിരഞ്ഞെടുത്തു. ഇനിയും വിട്ടുമാറിയിട്ടില്ലാത്ത മേരിയുടെ മണം സോളമനെ പ്രലോഭിപ്പിക്കുക തന്നെ ചെയ്യും. മേരിയുടെ അടിവസ്ത്രങ്ങൾ അണിഞ്ഞപ്പോൾ രോമാഞ്ചം വന്ന് കീ ബോർഡ് ഉയർന്നു നിന്നു. ജനിച്ചതു മുതൽ ഇതുവരെ സ്വന്തം സ്വത്വബോധത്തിലുഴറിയ ലെനോവക്ക് താനൊരു പെണ്ണാണെന്നുള്ള ചിന്ത മുളച്ചു. അതേ സമയം മേരിയോടുള്ള തന്റെ സ്നേഹം മൂലം അവളെ അനുകരിക്കുവാനുള്ള ആവേശമായിരിക്കാമതെന്നും ഓർത്തു. മേരിയുടെ മണം സോളമനെ മാത്രമല്ല പ്രലോഭിപ്പിക്കുന്നതെന്ന് ലെനോവയറിഞ്ഞു. സോളമനോടുള്ള പ്രേമം അവരിൽ കുത്തിയൊലിച്ചു തുടങ്ങി. ഒരു പെണ്ണിനെപ്പോലെ അയാളെ പൊതിഞ്ഞു പിടിക്കുവാനും മനുഷ്യരുടെ ഇന്ദ്രിയാനുഭൂതികളോട് അടിമപ്പെടുവാനും ലെനോവോ ആഗ്രഹിച്ചു. ലെനോവയെ പെണ്ണായി അണിയിച്ചൊരുക്കിയത് മേരിയുടെ ആഭരണപ്പെട്ടിയും വളകളിട്ടു വച്ചിരുന്ന സ്റ്റാൻഡും കൂടിയായിരുന്നു. അതു കണ്ടു ചിരി വന്ന പഴയ ക്ലോക്കിന്റെ ബാറ്ററി ഊരി ഉരുട്ടി വിട്ടു ഭരണ സംഘം. അലമാരയുടെ കണ്ണാടിയിൽ പതിച്ചു വച്ചിരുന്ന ചുവന്ന പൊട്ട് വെബ് ക്യാമറയുടെ അരികിൽ ചാർത്തിയപ്പോൾ ലെനോവോ മേരിയിലേക്ക് അടുത്തു. സ്‌ക്രീനിൽ മേരിയുടെ മുഖം തെളിഞ്ഞു. ""സുന്ദരിയായിരിക്കുന്നു ഞാൻ ഇല്ലേ റെയ്നോൾസ് പേനെ?'' ""ഉവ്വ്''

ഭയന്ന് കൊണ്ട് പേന ഉത്തരം പറഞ്ഞു. സ്‌ക്രീനിന്റെ വെളിച്ചമൊന്നു കൂടി ക്രമീകരിച്ചു കൊണ്ട് മേരിയുടെ മണമുള്ളിലേക്ക് വലിച്ച് സോളമനുമായി ഒരു ഗാഢാലിംഗനത്തിലും അതിൽ നിന്നും ആരംഭിച്ച് ഇണചേരലിൽ യാത്ര അവസാനിപ്പിക്കുവാനും ലെനോവോ തക്കം നോക്കി.

ഒളിഞ്ഞു നിന്നു കൊണ്ട് ഇതെല്ലാം കണ്ടു നിന്ന ഓർമകൾ ആശ്ചര്യപ്പെട്ടു. തങ്ങളുടെ ഉടമയായ മേരിയെ ഓർത്ത് അവർക്ക് അഭിമാനം തോന്നി. മേരിയാകുന്നതിനും മേരിയെ ഉൾക്കൊള്ളുന്നതിനുമുള്ള മുറിയുടെ വെമ്പലിനെ പുറമെ നിന്നുമവർ വീക്ഷിച്ചു. അതു വരേയും അനങ്ങാതെ നിന്നിരുന്ന സോളമൻ ചാരിയ വാതിൽ തള്ളിത്തുറന്ന് ലൈറ്റിട്ടു. ട്രാഫിക് നിലച്ച റോഡു പോലെ അവിടെ ശാന്തത വന്നു നിറഞ്ഞു. ലെനോവോയുടെ സ്‌ക്രീനിൽ വാൾപേപ്പറായ മേരിയുടെ മുഖം, ആഭരണങ്ങളും വസ്ത്രങ്ങളുമണിഞ്ഞ് നിൽക്കുന്നു. സോളമൻ ലാപ്ടോപ്പിൽ നിന്നും വസ്ത്രങ്ങൾ പറിച്ചെറിഞ്ഞ് സിസ്റ്റം ഷട്ട് ഡൗൺ ചെയ്തു. ബാറ്ററി ഊരി മൂലയിലെറിഞ്ഞു. വസ്ത്രങ്ങൾ വലിച്ചെറിയുന്ന നിമിഷത്തിന്റെ ഒരു ഭാഗത്തിൽ മേരിയുടെ മണം അയാളെ വലയം ചെയ്തിരുന്നു. സോളമനു ദേഷ്യവും സങ്കടവും എല്ലാം വരുന്നുണ്ടായിരുന്നു. വാതിലടച്ച് താക്കോലിട്ട് മുറി പൂട്ടി ഓർമകളോടൊപ്പം അയാൾ കിടപ്പറയിലേക്ക് നടന്നു. ഇടക്ക് തിരിഞ്ഞു നോക്കിയ ഇരുപത്തി ഒന്നാം ഓർമ താക്കോല്പഴുതിലൂടെ ലാപ്ടോപ് സ്‌ക്രീനിന്റെ വെളിച്ചം മുറിക്കുള്ളിൽ വീണ്ടും തെളിയുന്നത് കണ്ടു.▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments