ചിത്രീകരണം: ശ്രീജിത്ത് പി.എസ്

ജലം കണക്കേ കൈകളിലൂടൂർന്നു പോയതും

മൂന്ന്​: ജലം കണക്കേ കൈകളിലൂടൂർന്നു പോയതും

മൂത്രമൊഴിച്ച് മുറിയിൽ തിരിച്ചെത്തിയ ഇരുപത്തിയൊന്നാം ഓർമ മറ്റാരേയും ഉണർത്താതെ പതിഞ്ഞ ശബ്ദത്തിൽ സ്വകാര്യം കണക്കെ തന്റെ കഥ പറഞ്ഞു തുടങ്ങി. സോളമൻ പീള ഇല്ലാഞ്ഞ കണ്ണിന്റെ മൂല തഴുകിയും, ഒന്നാം ഓർമ വാ തുറന്നും അത് ശ്രദ്ധിച്ചു.

നാലാം നിലയിലെ ഒറ്റമുറിയിൽ നിന്നും കുറിപ്പെഴുതി വച്ച് ഇറങ്ങിപ്പോയ മേരി, സോളമനെ അത്ഭുതപ്പെടുത്തിക്കൊണ്ട് തിരികെയെത്തിയ സമയമായിരുന്നു ഇത്. അപ്പോഴേക്കും ജോലിയുടെ ഭാഗമായി സോളമൻ ഒറ്റമുറിയിൽ നിന്നും പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയിരുന്നു. അയാൾക്കരികിലേക്ക് തിരികെ വരുന്നതിന് ആരുടേയും അനുവാദം അവൾക്കാവശ്യമില്ലായിരുന്നു. സോളമന്റെ പുതിയ അഡ്രസ് ടെക്സ്റ്റ് മെസേജായി ലഭിച്ച സമയം മേരി നഗ്‌നയായി കിളികളുടെ വരവ് നോക്കി നിൽക്കുകയായിരുന്നു. വരയ്ക്കുന്നതിനിടെ പുറത്തെ കിളികളുടെ ചിലപ്പ് കേട്ട് ജനലിലൂടെ മരങ്ങൾക്കിടയിലേക്ക് അവൾ എത്തിനോക്കി. മരങ്ങളിലേക്ക് അവ പറന്നിറങ്ങുന്ന സമയം ചിറകടികളുടെ ശബ്ദം കുറഞ്ഞ് കുറഞ്ഞ് നിലയ്ക്കുന്നത് അവളറിഞ്ഞു. ചെടികളുടെ തണ്ടുകൾ കിളികളുടെ ഭാരം കൊണ്ട് ചാഞ്ഞും ഉലഞ്ഞും അനങ്ങിക്കൊണ്ടിരുന്നു. മെലിഞ്ഞ കാലുകളാൽ കുറ്റിച്ചെടികളുടെ കാണ്ഡങ്ങളെ മുറുക്കിപ്പിടിച്ചും തലകീഴായി തൂങ്ങിയും കിളികൾ തുരുതുരുന്നിനെ വാലുകളിളക്കി. അവർ കൊക്കുകളിളക്കി ഇടയ്ക്ക് ചിറകടിച്ച് താഴെ വീഴുവാനാഞ്ഞ് പറന്ന് പൊങ്ങി. അതിലൊന്ന് മേരിയെ കൂർപ്പിച്ചു നോക്കിയപ്പോൾ ഭയം തോന്നി അവൾ തന്റെ സ്റ്റൂളിലേക്ക് തന്നെ മടങ്ങി. പോകുന്ന പോക്കിൽ കയ്യിൽ തടഞ്ഞ സൺഗ്ലാസ് കണ്ണുകളിലെടുത്തു വച്ചു. നഗ്‌നയായിത്തന്നെ ഇരിപ്പിടത്തിലിരുന്ന് അവൾ ഗ്വാഷ് നിറങ്ങളിൽ ബ്രഷ് മുക്കിക്കൊണ്ടിരുന്നു. നഗ്‌നത മേരിക്ക് താത്കാലികമായെങ്കിലും പുറംമോടികളിൽ നിന്നും വിടുതൽ നൽകി. അതവളെ സ്വകാര്യതയിലേക്ക് നിർബന്ധിച്ചു കൊണ്ടിരുന്നു, കലയിലേക്ക് പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. അവൾ ബ്രഷ് ഒരിക്കൽ കൂടി ഇളക്കിയപ്പോൾ ഫോൺ വിറച്ചു. വലിയ താമസം കൂടാതെ വസ്ത്രം ധരിച്ച് ബാഗ് പാക്ക് ചെയ്ത് മേരിയിറങ്ങി.

അവൾ എത്തിച്ചേർന്ന ദിവസം അയാൾ ഓഫീസിലായിരുന്നു. രണ്ടാം നിലയിലെ ഫ്‌ളാറ്റിനു മുൻപിലെ കോളിംഗ് ബെൽ അമർത്തി മടുത്തപ്പോൾ തൂക്കിയിടുന്ന പൂച്ചട്ടികളിൽ താക്കോൽ ഒളിപ്പിക്കുന്ന അയാളുടെ ശീലം പരീക്ഷിക്കുവാൻ അവൾ തീരുമാനിച്ചു. മുറി തുറന്ന് കിട്ടിയപ്പോൾ അലസമായി വീടാകെ നോക്കി. ഈർഷ്യ തോന്നിയിട്ട് പോലും ഒരു വസ്തുവും തൊടാതെ, ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു മുറി അവൾ തിരഞ്ഞെടുത്തു. ബാഗും വസ്ത്രങ്ങളും ഒരിടത്ത് അടുക്കി.

സോളമൻ ഓഫീസിൽ നിന്നും തിരികെ വന്ന് വാതിൽ തുറന്നപ്പോൾ ബാൽക്കണിക്കരികിലെ, കാറ്റിൽ ഇളകിയാടുന്ന ജനൽ വിരികളെ കണ്ടു. പോകും നേരം പൂട്ടാൻ മറന്നു പോയതാകുമോ എന്ന് ശങ്കപ്പെട്ട്, വന്ന അതേ വേഷത്തിൽ വാതിൽ അടയ്ക്കുവാൻ ഓങ്ങവേ ബാൽക്കണിയുടെ ഒരോരത്തിൽ കാപ്പിക്കപ്പുമായി നിൽക്കുന്ന യുവതിയെ കണ്ട് അയാളുടെ ഉള്ളൊന്നാന്തി. പരിചിതമായ മുഖത്തിൽ അന്ധാളിച്ച് ബാൽക്കണിയുടെ മറ്റൊരു ഓരത്ത് അയാൾ നിലയുറപ്പിച്ചു. സോളമൻ വന്നത് അറിഞ്ഞു കൊണ്ട് തന്നെ അകലെയുള്ള കെട്ടിടങ്ങളെ നോക്കി മേരി ഒരു കവിൾ കാപ്പി മോന്തി. സോളമന്റെ ഭയം കൊണ്ടുള്ള വിറ മേരിയെ കണ്ട ഉദ്വേഗത്തിലേക്ക് വഴി മാറി. അയാളുടെ ഹൃദയം ചറപറാ ഇടിക്കുന്നത് മേരിക്ക് കേൾക്കാമായിരുന്നു. അയാളുടെ ഗന്ധം അടുത്തെത്തിയപ്പോൾ അവളുടെ ഉള്ളിൽ കിടന്ന് ആരൊക്കെയോ കുതറിപ്പാഞ്ഞു കൊണ്ടിരുന്നു. അവളതിനെ പ്രയാസപ്പെട്ട് അടക്കി നിർത്തി. അവൾ പതിയെ വാതിലിലേക്ക് നടന്ന് പിന്നെ തിരികെ നോക്കി അയാളെ പിറകിൽ നിന്നും കെട്ടിപ്പിടിച്ചു. അവളുടെ മാർദ്ദവം അയാളെ കീഴടക്കിയെന്ന് തോന്നിയ നിമിഷം കൈയ്യിലെ കപ്പ് മറിഞ്ഞ് കാപ്പി മേലാകെ തൂവിപ്പോയി. അയാളൊന്ന് നനഞ്ഞു. താഴെ വീണ കാപ്പിക്കപ്പിലെ അലങ്കാരപ്പണികളായ ചെറിയ ചുവന്ന പൂക്കൾ ബാൽക്കണിയിൽ ചിതറി. അത് കാൺകെ മേരി പെട്ടെന്ന് അയാളുടെ ബട്ടണുകൾ വിടുവിച്ച് ഷർട്ട് വേഗത്തിലൂരി മാറ്റി. സോളമന് നാണം പോലെന്തോ തോന്നി. അവൾ മുറിക്കുള്ളിൽ പോയി കനം കുറഞ്ഞ നാരുകളുള്ള ബ്രഷൊരെണ്ണം കൊണ്ടു വന്നു. ഷർട്ട് ബാൽക്കണിയിലെ നിലത്ത് വിരിച്ചിട്ട് കാപ്പിക്കറയിൽ ബ്രഷ് ചലിപ്പിച്ചു. സോളമനത് നോക്കി നിന്നു. അയാൾക്ക് തണുക്കുന്നുണ്ടായിരുന്നു. വളരെ ചെറിയ ചിറകുകളുള്ള ഒരു ജീവിയെയാണവൾ വരയ്ക്കുവാൻ ശ്രമിക്കുന്നതെന്ന് അയാൾക്ക് തോന്നിക്കാണും. അപ്പോഴേക്കും കറ ഉണങ്ങിപ്പിടിച്ചിരുന്നു. മേരി ഗ്വായിഷ് പെയിന്റ് സെറ്റിൽ നിന്നും സിയന്ന നിറത്തിന്റെ ട്യൂബ് എടുത്ത് കൊണ്ട് വന്ന് ഞെക്കി തുറുപ്പിച്ച് വെള്ളം നനച്ചു. രൂപങ്ങൾക്കിടയിലൂടെ ബ്രഷ് വഴുതി മാറുന്നത് അയാൾ കൗതുകപൂർവ്വം നോക്കിനിന്നു. വലിയ താമസമില്ലാതെ തുമ്പികൾക്ക് സുതാര്യമായ ചിറകുകൾ കൈ വന്നു. തുമ്പുകളിൽ കാപ്പി നിറം കട്ടി കൂടി നിന്നു. കോശങ്ങൾ കണക്കെ ചിറകിന്റെ സുതാര്യതയെ നിറത്തിന്റെ നൂൽ പങ്ക് മുറിച്ചു. അടുത്തത് കാലുകളും മുഖവുമായിരുന്നു. രണ്ടാണുങ്ങളെയാണ് തുമ്പികളായി അവൾ വരച്ചു കൊണ്ടിരുന്നത്. അവർക്ക് ആറു കാലുകൾ വീതം മുളച്ചു. ഒരൊറ്റ നിറം മാത്രം മതിയായിരുന്നു അവൾക്ക്. ജലം ഉപയോഗിച്ച് ഒരേ നിറത്തിന്റെ പല വകഭേദങ്ങൾ അവൾ വിടർത്തിയെടുത്തു. നിറങ്ങളിലുള്ള തന്റെ വഴക്കം പുറത്തെടുക്കുകയായിരുന്നു മേരി. ഓരോ നൂലും അവളുടെ നിറങ്ങൾ പറ്റി ഒതുങ്ങി. ഇടയ്ക്ക് മുടി ചുരുട്ടി മണ്ടയിലേക്ക് കയറ്റിക്കെട്ടി ചമ്രം പിണഞ്ഞിരുന്ന് അവൾ ജലാശയത്തെ തഴുകുന്ന പോലെ ബ്രഷ് കഴുത്തിൽ ഉരസിക്കൊടുക്കുമ്പോൾ അതിൽ സുഖം പിടിച്ച് ആ ജീവികൾ കൂടുതൽ തെളിഞ്ഞ് വന്നു. എന്നാൽ ജീവികളുടെ ശരീരം പിണഞ്ഞു കിടന്നിരുന്ന ഭാഗത്ത് അവളുടെ വിരലുകൾക്ക് ഒരു ഇടർച്ച സംഭവിച്ചു. ബ്രഷൊന്ന് തെന്നി. നിറം അതിന്റെ കെട്ടുപാട് പൊട്ടിച്ച് ആ ജീവികളിൽ നിന്നും സഞ്ചരിച്ചു. മേരിക്ക് അടക്കാനാകാത്ത രോഷം തോന്നി. കടലിനടിത്തട്ടിലെ അഗ്‌നിപർവ്വതം പോലെ അവൾ ശബ്ദമില്ലാതെ ജ്വലിച്ചു. വര കണ്ട് അത്ഭുതം കൂറുന്ന സോളമന്റെ മുഖത്തെ അവഗണിച്ച് മേരി ഷർട്ട് കൊണ്ട് പോയി വാഷിംഗ് മെഷീനിലേക്കെറിഞ്ഞു.

കുറിപ്പെഴുതി വച്ച് ഇറങ്ങിപ്പോയ മേരിയെ അയാൾക്ക് ഭയമുണ്ടായിരുന്നു. ഒരുപാട് സ്‌നേഹം നൽകി പെട്ടെന്നൊരു ദിവസം എല്ലാം ഉപേക്ഷിക്കുവാനുള്ള മേരിയുടെ കഴിവിനെ അയാൾ ദൂരെ നിന്നും നോക്കി ആശങ്കപ്പെട്ടു. മേരിയാണെങ്കിൽ മാനസികവിക്ഷോഭങ്ങളുടെ വേലിയേറ്റയിറക്കങ്ങളിൽ ആടിയുലഞ്ഞു. സങ്കടം, ദേഷ്യം, വെറുപ്പ്, അറപ്പ്, സ്‌നേഹം, പ്രേമം, കരുണ എന്നിങ്ങനെ പല പല വികാരങ്ങൾ മാറി മാറി അവളെ ഭരിച്ചു. ആഴങ്ങളിൽ സോളമനോടുള്ള സ്‌നേഹം മാത്രം നിഗൂഢമായി അടിഞ്ഞു കിടന്നു. എത്രയെത്ര അടക്കയിട്ടും ശരീരത്തിലെ പല പല പഴുതുകളിലൂടെ അത് ഒലിക്കുന്നുണ്ടായിരുന്നു. അതുവരെ സോളമൻ കണ്ട ഒരാളായിരുന്നില്ല മേരി ഈ സമയങ്ങളിൽ. ആർത്തിയോടെ ഉമ്മ വയ്ക്കുകയും പാത്രങ്ങൾ വലിച്ചെറിഞ്ഞ് കിടക്കയിൽ കിടന്ന് കണ്ണുനീരൊലിപ്പിക്കുകയും ഭക്ഷണം വാരി വലിച്ചു കഴിക്കുകയും വിയർപ്പ് മണം തട്ടി ഓക്കാനിക്കുകയും വെപ്രാളപ്പെട്ട് നടക്കുകയും ചെയ്തപ്പോൾ എന്ത് പറ്റി പി എം എസ് ആണോയെന്ന് സോളമൻ ചോദിച്ചു. ""ഫാ'' എന്നൊരു ആട്ടലിൽ മുൻപെപ്പോഴൊക്കെയോ അയാളെടുത്തു വച്ച മേരിയുടെ ഫോട്ടോഗ്രാഫുകൾ മുറിയിൽ അവിടവിടെയായി ചിതറി.

രാത്രികളിൽ അയാൾക്ക് ഉറക്കം മുറിയുമ്പോൾ ബാൽക്കണിയിൽ ദൂരേയ്ക്ക് നോക്കി നിൽക്കുന്ന മേരിയെ കാണുന്നത് ഒരു പതിവായി മാറി. പൂവിൽ തൊട്ടാൽ അടിമുടി ആടുന്ന കനം കുറഞ്ഞ തണ്ടുള്ള ചെടിയല്ലേയീ നിൽക്കുന്നത് എന്ന് എഴുന്നേറ്റ് വരുന്ന സമയം സോളമന് തോന്നും. പുലർച്ചയിൽ ഉയരം കൂടിയ മരങ്ങൾ ആകാശത്ത് നിന്നും ഭൂമിയിലേക്കുള്ള ഏതോ ജീവിവർഗത്തിന്റെ നടപ്പ് വഴികളെപ്പോലെ അവ്യക്തമായി തെളിഞ്ഞു തുടങ്ങി. പ്രത്യേക തരം കൂണുകൾ ശിരോവസ്ത്രങ്ങളെ പാവാടയായി നിവർത്തും സമയം. മരങ്ങൾക്കിടയിലൂടെ പൈപ്പ് വലിപ്പത്തിൽ കാട്ടിലേക്ക് കടന്ന പ്രകാശം പോലെ രാത്രിയിൽ മേരിയുടെ ചുണ്ടിൽ ഒരു സിഗററ്റ് കാണാം.

"ജലദോഷം പിടിക്കും മഞ്ഞു കൊള്ളണ്ട' മേരി തിരിഞ്ഞു നോക്കി അനിഷ്ടത്തോടെ സോളമനു നേരെ പുകയൂതി. സിഗററ്റിലെ തുമ്പിൽ നിന്നും, കൊല്ലന്റെ ആലയിലെ ഉല പോലെ കിഴക്ക് ചുവന്നു തുടങ്ങിയതായി അവൾക്ക് തോന്നി.
"ബാൽക്കണിയിൽ ഇതിനുമാത്രം എന്താണ്?' അയാൾ ചോദിച്ചു
"എന്റെ കാമുകരുടെ ലിസ്റ്റിലെ ഏഴാമനെ ഓർക്കുന്നു'
"അവർക്കെല്ലാം എല്ലാം എല്ലാം പകരം ഈ ഭൂമിയിൽ നിന്നെ സ്പർശിക്കുന്ന കടന്നു പോകുന്നതിനെല്ലാം പകരം എന്നെ സ്‌നേഹിച്ചു കൂടെ'
"ഇല്ല' അവൾ ദൂരേയ്ക്ക് നോക്കി. ഇരുട്ടിൽ കൊതുകുതിരിവളയങ്ങൾ അടർന്ന ചാരക്കൂനക്കുള്ളിൽ നിന്നു പുറത്തുകടക്കുവാനായ് പെടാപാടു പെടുന്നൊരുറുമ്പ് അയാളോട് സഹായം ചോദിച്ചു. അയാൾ അതിനെ മാറ്റിയിരുത്തി.
"വലിയ ബുദ്ധിമുട്ടാണ് ഓർമകളിലീയിരിപ്പ്. ഒഴിഞ്ഞു പോയ വാടകക്കാർക്കായി വീട് കാത്തിരിക്കും പോലെ. കാലം കഴിക്കുവാൻ മനുഷ്യർ പെടുന്ന പാട്.' ശീതക്കാറ്റിലിടിഞ്ഞ മഞ്ഞു മലയിൽപ്പെട്ട സഞ്ചാരിയുടെ വിരലുകൾ പോലെ ദൂരെ ഒരു വൃക്ഷം ഇലകൾ കൊഴിച്ച കൊമ്പുകളുമായി ഉയർന്ന് നിൽപ്പുണ്ടായിരുന്നു. അകലെ നിന്നും നെടിലാന്റെ കൂവൽ അവരെ പോവാം പോവാം എന്ന് വിളിച്ചു.
""നെടിലാന്റെ കൂവലിനറ്റത്തെ വീട്ടിൽ മരണം സംഭവിക്കുമെന്നാണ്'' സോളമൻ കൂവൽ ശ്രദ്ധിച്ചു. മരണം അടുത്തെവിടെയോ ഉള്ളതായി മേരിക്ക് പ്രതീക്ഷ തോന്നി. മരണത്തിനോട്
ഒരിക്കൽ കൂടി നേരിട്ട് സംസാരിക്കേണ്ടതായുണ്ട്. അവൾ കൂവലിനെ പിന്തുടരുവാൻ തീരുമാനിച്ചു.
"നടക്കാൻ പോകാം?' അവൾ മുഖമുയർത്തി. നട്ടപ്പാതിരക്ക് ഓരോ ഇളക്കങ്ങൾ എന്ന് സോളമൻ മുഖം ചുളിച്ചു. മേരി അതൊന്നും കൂസാതെ ബാൽക്കണിയിൽ നിന്നും മടങ്ങി മുറി തുറന്ന് നടന്നു. അയാൾ കൂടെയിറങ്ങി. വഴി വിജനമായിരുന്നു. തണുപ്പ് തട്ടിയപ്പോൾ അവൾ കൈകൾ കക്ഷങ്ങളിൽ തിരുകി. പിറകിൽ നെടിലാന്റെ കൂവൽ അകന്നകന്ന് മാറിക്കൊണ്ടിരുന്നു. അടച്ചു കിടക്കുന്ന കടകൾക്ക് മുൻപിലായി ഉണ്ടായിരുന്ന ചവറ്റുകൂനയിൽ നിന്നും ചില കാൽപ്പെരുമാറ്റങ്ങളുയർന്നു. മേരി നടപ്പ് പതിയെ വേഗത കുറച്ചപ്പോൾ സോളമൻ അരികിലെത്തി. പൂച്ചയുടെ ഉയർത്തിപ്പിടിച്ച വാലാണ് ആദ്യം പുറത്ത് വന്നത്. പതിയെ നാലോളം പൂച്ചകൾ അവർക്ക് ചുറ്റും ശബ്ദങ്ങളാൽ ചുറ്റി. സോളമൻ നോക്കി നിൽക്കേ മേരിയവരോട് മിണ്ടുന്നുണ്ടായിരുന്നു. മടിച്ച് മടിച്ചാണെങ്കിലും സോളമനവരുടെ വയറിലും താടിയിലും ഉഴിഞ്ഞു കൊടുത്തു. മൂർച്ചയുള്ള നാക്ക് കൊണ്ട് സ്വന്തം ശരീരം വൃത്തിയാക്കുന്നതിനിടയിൽ സോളമന്റെ കൈകളിലും അത് തുമ്പുകൾ ഉരസി. പൂച്ചകളുടെ ഒൻപത് ജന്മങ്ങളിൽ എത്രാമത്തേതാകും ഇവരുടേതെന്ന് മേരി ചിന്തിച്ചു. ആദ്യ മൂന്ന് ജന്മങ്ങൾ ഉല്ലാസത്തിന്. അതാവില്ല. അലഞ്ഞു തിരിയലിന്റെ നടുക്കഷ്ണം. അതു തന്നെ. ചുറ്റി നിന്നിട്ട് കാര്യമൊന്നുമില്ലയെന്ന് മനസിലായപ്പോൾ പൂച്ചകൾ കൂനയിലേക്ക് അലസരായി.

"എനിക്ക് അന്നമ്മേച്ചിയമ്മയെന്ന പേരിലൊരു പൂച്ചയുണ്ടായിരുന്നു' കൂവൽ ശ്രദ്ധിച്ച് നടക്കുന്നതിനിടെ മേരി വാ തുറന്നു.
"അറിയാം പറഞ്ഞിട്ടുണ്ട്'
"ഒറ്റക്കിരിക്കും നേരം മിണ്ടാൻ, പുസ്തകം വായിക്കുമ്പോൾ ഉറക്കം തൂങ്ങുവാൻ, ഞെട്ടിയുണരുമ്പോൾ ആശ്വസിക്കാൻ, പിഞ്ഞാണങ്ങൾ തട്ടിയിടാൻ, ഹെഡ്‌ഫോൺ കടിച്ച് പൊട്ടിക്കാൻ, സ്‌കൂട്ടറിന്റെ സീറ്റ് മാന്തിപ്പൊളിക്കാൻ, പുതപ്പിൽ നുഴയാൻ, പ്ലാസ്റ്റിക് കവർ ഇളകുമ്പോൾ ഓടി വരുവാൻ, പുറത്ത് പോയി വരുമ്പോൾ വാതുക്കൽ കാത്തിരിക്കുവാൻ, പാത്രം കഴുകുമ്പോൾ ചുറ്റിപ്പറ്റുവാൻ, കർട്ടനുകളിൽ തട്ടിക്കളിക്കുവാൻ, പേടിക്കുമ്പോൾ രോമാഞ്ചപ്പെടുവാൻ, ആരുമില്ലെന്ന് കരുതുമ്പോഴൊക്കെ കാലുകൾക്കിടയിലൂടെ ഒരുമ്മി കടന്നുപോകാൻ ഒക്കെ വേണം എല്ലാവർക്കും ഒരു പൂച്ച. കൂടെ '
"മ്മ്'
"ഗുസ്താവ് ക്ലിംറ്റ് പൂച്ച മൂത്രം പെയിന്റിനു ലായകമായി ഉപയോഗിച്ചിരുന്നു'
"ഇത്ര ദിവസം എന്ത് ചെയ്തു?' മൂളുന്നതിനു പകരം അയാൾ തിരിച്ചു ചോദിച്ചു
"സമയം കളഞ്ഞു'
'എങ്ങനെ?'
"നഖം കടിച്ച് തുപ്പി, നക്ഷത്രങ്ങളെ നോക്കിക്കിടന്ന്, കിളികൾക്ക് കുടിക്കുവാൻ വെള്ളം വച്ചു കൊടുത്ത്, ബാത്ത് ടബ്ബിലെ ഇളം ചൂടുവെള്ളത്തിൽ കിടന്ന്, വസ്ത്രങ്ങളിൽ പൊങ്ങിയ നൂൽക്കുണ്ടകൾ പറിച്ചെടുത്ത്, എറുമ്പുകളുടെ വരി തെറ്റിച്ച്, കാലുളുക്കിയവർക്ക് ഉഴിഞ്ഞു കൊടുത്ത്, ബാൽക്കണിയിൽ നിന്നും ലൈറ്റർ എറിഞ്ഞു കൊടുത്ത് കൊണ്ട്, കാണാതായ താക്കോൽ തിരഞ്ഞു കൊണ്ട്, കൂർക്കം വലിച്ചു കൊണ്ട്, ഷൂലേസിന്റെ കടുംകെട്ടുകൾ അഴിച്ചെടുത്ത്, വിരലുകൾ ഞൊട്ടയിട്ട്, കടിച്ചു തുപ്പിയ നഖക്കഷ്ണങ്ങളെ കട്ടിൽ മാറ്റിയിട്ട് അടിച്ച് വാരിക്കൂട്ടി, കയ്യിൽ പറ്റിയ നിറങ്ങൾ രുചിച്ച്, സ്വയംഭോഗം ചെയ്ത്, അടിവസ്ത്രങ്ങൾ ഉപേക്ഷിച്ച് ഊരുചുറ്റിക്കൊണ്ട്, ബേക്കറികൾ സന്ദർശിച്ച്, പുഴുങ്ങിയ ഉരുളക്കിഴങ്ങിന്റെ തൊലി ഇളക്കിയെടുത്ത്, ടിവിക്ക് മുൻപിലിരുന്ന് കോട്ടുവാ ഇട്ടു കൊണ്ട്, ഹെഡ്‌ഫോൺ തിരുകിക്കൊണ്ട്, ഗുളിക വിഴുങ്ങിക്കൊണ്ട്'
"എന്നെ ഓർത്തില്ലേ?' അലസമായി എന്നാൽ അതീവാഗ്രഹത്തിൽ അയാൾ ചോദിച്ചു.
മുട്ട തൊലി കളയുമ്പോൾ ഓർത്തിരുന്നു. പല്ല് തേക്കുമ്പോൾ ഓർത്തിരുന്നു. ഷോക്കടിച്ചപ്പോൾ ഓർത്തിരുന്നു. ഉറക്കം ഞെട്ടിയപ്പോൾ ഓർത്തിരുന്നു. കാൽമുട്ട് നൊന്തപ്പോൾ ഓർത്തിരുന്നു. വയറുവേദന വന്നപ്പോൾ ഓർത്തിരുന്നു. ഗുളിക കടിച്ച് കയ്ച്ചപ്പോൾ ഓർത്തിരുന്നു. കൈമുറിച്ചപ്പോൾ ഓർത്തിരുന്നു. ചൂട് ചായയിൽ നാവ് പൊള്ളിയപ്പോൾ ഓർത്തിരുന്നു. ചുക്കിച്ചുളിഞ്ഞ ടീഷർട്ട് കണ്ടപ്പോൾ ഓർത്തിരുന്നു. ഉയരം കുറഞ്ഞ മഴവില്ലിൽ കുഞ്ഞുങ്ങൾ ഇഴുകിയിറങ്ങിയപ്പോൾ ഓർത്തിരുന്നു. പൂമ്പാറ്റകൾ എടുത്തു കൊണ്ടുപോയ വൃദ്ധന്റെ മൃതശരീരത്തെ കണ്ടപ്പോൾ ഓർത്തിരുന്നു. ടാറിട്ട റോഡുകൾ പരവതാനിയായി ചുരുട്ടുന്നത് കണ്ടപ്പോൾ ഓർത്തിരുന്നു. നിഴലുകൾ രൂപങ്ങളെ അനുസരിക്കാതെയായപ്പോൾ ഓർത്തിരുന്നു. കെട്ടിടങ്ങളുടെ ഹൃദയം മിടിച്ചപ്പോൾ ഓർത്തിരുന്നു. ആകാശത്തെ കുത്തി നിർത്തിയിരിക്കുന്ന കടൽ ചെരിവമൊന്നിളകിയപ്പോൾ ഓർത്തിരുന്നു. ഡ്രൈവിംഗിനിടെ കോട്ടുവായ ഇടുമ്പോൾ ഓർത്തിരുന്നു.
"ഇല്ല' മേരി മറുപടി പറഞ്ഞു
"ഞാനുമോർത്തില്ല' അയാൾ അറിയാതെ പറഞ്ഞ് പോയി. അഴുക്ക് ചാലിലൂടെ വെള്ളം ഇഴയുന്ന ശബ്ദം. അവൾ ആകാശത്തേക്ക് നോക്കി. ആകാശമൊരു പൊരുന്നു കോഴി നക്ഷത്രങ്ങളവയുടെ തൂവലിലരിക്കും പൃക്കകൾ. സൂര്യചന്ദ്രന്മാരതിന്റെ മിഴികൾ. നെടിലാന്റെ കൂവൽ കേൾക്കുവാനില്ലാതെയായി. മേരി മരണത്തെ പ്രതീക്ഷിച്ച് ഇരുട്ടിൽ പതുങ്ങി. നിലവിളി ഉയരുവാൻ സാധ്യതയുള്ള വീടുകളിലേക്ക് അവൾ കാതുകൾ കൂർപ്പിച്ച് വച്ചു.
"രണ്ടാം തരത്തിലുള്ള പുസ്തകങ്ങൾ വഴിയരികിൽ വിൽക്കുന്ന ആളില്ലേ, മഴ വരുമ്പോൾ ടാർപ്പായ വലിച്ചിട്ട് പുസ്തകങ്ങൾ മൂടി ബസ്സ്‌റ്റോപ്പിൽ ചാറ്റൽ മാറാൻ കാത്ത് നിന്നിരുന്ന ഒരാൾ, അയാൾ മരിച്ചു പോയി'

"ശ്ശ്ശ്ശ്' അവൾ മിണ്ടാതിരിക്കുവാൻ ആംഗ്യം കാണിച്ചു. അയാൾ അനുസരിച്ചു. മേരി ആരെയോ തിരയുന്നത് നോക്കി നിന്ന് മടുത്തപ്പോൾ ശബ്ദം കുറച്ച് സോളമൻ മിണ്ടി.
"എത്ര നാൾ കാണും ഇവിടെ?'
"രണ്ട് ദിവസം' മൂളലിൽ സോളമന്റെ ഉൾവലിച്ചിൽ അറിഞ്ഞു
"അപ്പോൾ' അയാൾക്ക് തൊണ്ട ഇടറി
"മ്മ്?'
"അപ്പോൾ, അപ്പോൾ ബാൽക്കണിയിൽ തൂക്കണാം കുരുവിയുടെ കൂടു കൂട്ടൽ തീരും വരെ കാണില്ല?'
"ഇല്ല'
"അപ്പോൾ ഈ വേനൽക്കാലത്ത് നമുക്ക് ചെമ്മരിയാടുകളുടെ രോമങ്ങൾ കത്രിച്ച് അവരുടെ ഉഷ്ണം മാറ്റാൻ പോകണ്ടേ?'
"വേണ്ട'
"എന്നാൽ മരത്തിന്റെ നീരു കുടിക്കും ആനകളെ കാണാൻ പോകാം'
"വേണ്ട'
"മീനുകളുടെ കൂട്ടം വെട്ടി പോകും പോലെ മരത്തിന്റെ ഇലകൾ തുള്ളിക്കളിക്കും പോലെ പക്ഷികളുടെ കൂട്ടം വട്ടം ചുറ്റും പോലെ പുഴുക്കൾ നുളയും പോലെ ബൾബിനു ചുറ്റും ഇയ്യാം പാറ്റകൾ നുരയും പോലെ നഗരത്തിലെ മനുഷ്യരുടെ തിരക്ക് കാണാൻ പോകണ്ടേ?'
"വേണ്ട''
"പോകാം നമുക്ക് എന്റെ കുക്കുർണ്ണിയല്ലേ'
"അല്ല'
"എന്റെ പാപ്രിക്കാടി ടുർണ്ണുവല്ലേ'
"അല്ല'
"എന്റെ ബബ്ലിംഗാ കുഞ്ഞല്ലേ'
"അല്ല'
"എന്നാൽ വേണ്ട പോ'
"പോവരുത്' ദിവസങ്ങൾക്ക് ശേഷം മേരി സോളമന്റെ കൈകളിൽ കൈകൾ കോർത്തു. അവൾക്കതിൽ കൂടുതൽ അയാളുടെ സ്‌നേഹത്തെ ചെറുക്കുവാൻ സാധിച്ചില്ല. ജലത്തിലൂടെ നീന്തുമ്പോൾ ശ്വസിക്കുവാൻ തൂണിക്കൈ മാത്രം വെളിയിൽക്കാണിക്കുന്ന ആനകളെപ്പോലെ മേരി ഒരു കൈ അയാളെ മുട്ടിച്ചു വച്ചു. അയാളുടെ സാന്നിധ്യത്തിൽ ഉള്ളിൽ കലങ്ങിക്കിടക്കുകയായിരുന്ന സംഘർഷങ്ങൾ പതിയെ ഊറിത്തുടങ്ങിയതായി അവൾക്കനുഭവപ്പെട്ടു. വളരെ നേരം കാത്തിട്ടും മരണം സന്ദർശിച്ച വീട് കണ്ടെത്തുവാൻ
സാധിക്കാതിരുന്നതിനാൽ തിരികെ പോകുവാൻ അവൾ തീരുമാനിച്ചു.
"നെടിലാനാവില്ല ആംബുലൻസിന്റെ സൈറണാകും'
"രണ്ടായാലും''
നടപ്പ് വഴികളിലെ സിമന്റ് കട്ടകൾക്കിടയിൽ പൊടിച്ച പൂപ്പലുകളിൽ മഞ്ഞ് കണ്ടു തുടങ്ങിയിരുന്നു.

ഫ്‌ളാറ്റിൽ വന്ന പാടെ ഉപേക്ഷ മറികടക്കുവാൻ, സോളമൻ ബാൽക്കണിയിൽ വാങ്ങി വച്ച വാടിത്തുടങ്ങിയ ചെടികളെ മേരി തന്നെ ഏറ്റെടുത്തു. പഴുത്തു പോയ ഇലകളെല്ലാം അവൾ പിഴുതു കളഞ്ഞു. കരിഞ്ഞവ മണ്ണിലേക്ക് പുതച്ചു. ശ്രദ്ധിച്ച് വളർത്തുന്നതിനിടെ ഇലകൾ തിന്നു കൊണ്ടിരിക്കെ പിടിക്കപ്പെട്ട ഒച്ചിനെ മേരി മറ്റൊരു ചെടിയിലേക്ക് മാറ്റിയിരുത്തി, പ്രമോദെന്ന് പേരുമിട്ട് കൊടുത്തു. എല്ലാം പഴയ ദിവസങ്ങൾ പോലെ സാധാരണമാം വിധം പ്രേമത്താൽ നിറയുവാൻ പോകുകയാണെന്ന് സോളമൻ കരുതി. ഇണകൾക്കായുള്ള നൃത്തം പോലെ ആടുവാൻ അയാൾ ചിറക് വിടർത്തി. എന്നാൽ മേഘങ്ങൾ മലകളെ മറയ്ക്കും പോലെ പ്രേമം യാഥാർത്ഥ്യത്തിൽ നിന്നും അയാളെ അകറ്റി നിർത്തി. ആദ്യമൊക്കെ ഒഴിവ് സമയങ്ങളിൽ ഫ്‌ളാറ്റിലിരുന്ന് സമുച്ചയത്തിലെ ഇരുപത്തിയേഴ് ഫ്‌ളാറ്റുകൾക്കും കത്തുകളും ബുക്ക് പോസ്റ്റുകളും വരുന്നത് സൂക്ഷിച്ച് വയ്ക്കുവാൻ ഫ്‌ളാറ്റ് അസോസിയേഷൻ വച്ചു കൊടുത്ത പോസ്റ്റ്‌ബോക്‌സ് പെട്ടികളെ നോക്കി മേരി കാലം കഴിച്ചു. പോസ്റ്റ് ബോക്‌സ്, കത്തുകൾ വേർത്തിരിക്കുന്ന ഒരു മനുഷ്യനാണെന്ന് തോന്നിത്തുടങ്ങിയ ദിനങ്ങളിൽ മേരിക്ക് അപ്പനെ ഓർമ്മ വന്നു. ലോകത്തോട് അനുകമ്പ തോന്നുമ്പോഴൊക്കെ, ചുറ്റുമുള്ള മനുഷ്യരെ സന്തോഷിപ്പിക്കണമെന്ന് അവൾക്ക് തോന്നും. ലോകത്തിനെ മാറ്റിമറയ്ക്കുന്നതിന്റെ ഉത്തരവാദിത്വം മുഴുവൻ സ്വയം ഏറ്റെടുക്കും. ഫ്‌ളാറ്റ് നിവാസികളും ആ സന്തോഷത്തിന്റെ ചെറിയൊരു ഭാഗം അർഹിക്കുന്നുണ്ടെന്ന് തോന്നിയതിൽ പിന്നെ അവരുടെ സങ്കടം മാറ്റുന്നതിനായി മേരി പുതിയ വഴികൾ കണ്ടെത്തി.

1: കത്തുകളില്ലാതെ വിഷമിച്ചിരുന്ന മദ്ധ്യവയസ്‌കയ്ക്ക് ആരുമറിയാതെ കത്തുകൾ എഴുതി പോസ്റ്റ്‌ബോക്‌സിൽ നിക്ഷേപിച്ചു
2: കുഞ്ഞുങ്ങളെ കടിച്ച് പിടിച്ച് വാതിലുകളിലൂടെ നുഴയുന്ന പൂച്ചക്ക് ജനലുകൾ തുറന്ന് വച്ചു കൊടുത്തു
3: ക്ലീനിംഗ് ജോലിക്കായി വരുന്നവർക്കായി അവരുടെ പൊട്ടിച്ചിരികൾ പോലെ കിലുങ്ങും വളകൾ വരച്ചു നൽകി
4: വൃദ്ധർക്കായി ലിഫ്റ്റ് ഓപ്പറേറ്ററായി, എല്ലാ നിലകളിലേക്കും പലവട്ടം സഞ്ചരിച്ചു
5: കേക്ക് ബേക്ക് ചെയ്ത് ഡോറുകളുടെ മുൻപിൽ വച്ച് കോളിംഗ് ബെൽ അടിച്ച് ഒളിച്ചു നിന്നു
6: തണുത്ത കാറ്റിൽ രോമാഞ്ചപ്പെട്ട് നിൽക്കുന്നവർക്ക് ശരീരത്തിന്റെ ചൂട് കൊടുത്തു വിട്ടു
7: പ്രാവുകൾക്ക് കുറുകുവാൻ ബാൽക്കണിയൊഴിഞ്ഞു കൊടുത്തു
8: പൊടിപിടിച്ച് മങ്ങി നിൽക്കുന്ന ഇലകളെ കഴുകി കൊടുത്തു
9: പഴുതാരകൾക്കും ഉറുമ്പുകൾക്കും ഒളിക്കുവാൻ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നടപ്പ് പാതയിലെ ഒരു ടെയിൽ പൊളിച്ച് മാറ്റിക്കൊടുത്തു
10: കൂടു വച്ചു കൊണ്ടിരുന്ന തൂക്കണാം കുരുവികൾക്കായി ഉണങ്ങിയ ചുള്ളിക്കമ്പുകളും വള്ളികളും പുറത്തിട്ടു
11: പ്രിയപ്പെട്ടവരെ ഓർത്ത് നഖം കടിക്കുന്നവർക്കെല്ലാം കുറച്ചു കൂടി നഖം വരച്ച് കൊടുത്തു
12: നിലം തുടക്കുന്ന ജോലിക്കാർക്കായി നിലത്തിന് കൂടുതൽ തിളക്കം നൽകി
13: പാൻസൂരി പോകുന്നവർക്കും പാവാട അഴിഞ്ഞവർക്കും ബെൽറ്റും വള്ളികളും വരച്ച് കൊടുത്തു
14: വേസ്റ്റ് എടുക്കുന്നവരുടെ വഴിയരികുകളിൽ പൂക്കൾ വരച്ചു നൽകി
15: പൊട്ടിപ്പോയ ചെരിപ്പുകൾക്ക് വള്ളികൾ വരച്ച് നൽകി
16: കുഴിനഖം ഉള്ളവരുടെ നഖത്തിൽ ബ്രഷ് വച്ച് നെയിൽപോളിഷ് ചെയ്തു കൊടുത്തു
17: കത്തുകളുമായി വരുന്ന പോസ്റ്റുമാനൊരു പ്രേമലേഖനം എഴുതിക്കൊടുത്തു
18: താടിയില്ലാത്തവർക്കും കഷണ്ടി മനുഷ്യർക്കും മുപ്പത്തി നാല് രോമങ്ങൾ കൂടുതൽ നൽകി
19: വഴി തെറ്റി പകച്ച് നിൽക്കുന്ന മൃഗങ്ങൾക്ക് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുത്തു
20: മട്ടുപ്പാവിലെ കാറ്റിൽ പറന്നു പോകാറായ കിടക്ക വിരികളിൽ ക്ലിപ്പുകൾ വരച്ച് വച്ചു
21: വൃദ്ധയുടെ വീട്ടിലേക്ക് ചരിഞ്ഞ് വീഴുന്ന മഴയെ കാറ്റ് വരച്ച് ഊതിപ്പറത്തി

രണ്ടാം നിലയിലായിരിക്കുക എന്നത് സന്തോഷകരമായ ഒരവസ്ഥയായിരുന്നു. വൈകുന്നേരങ്ങളിൽ താഴെക്കളിക്കുന്ന കുട്ടികൾക്കായി ജനലിലൂടെ മേരി പാട്ട് വച്ചു കൊടുക്കുമായിരുന്നു. അവൾ കുട്ടികൾ കളിക്കുന്നത് നോക്കി നിൽക്കുകയും ചിരിക്കുകയും അതിനൊപ്പം താളം പിടിക്കുകയും ചെയ്തു. ഫ്‌ളാറ്റ് സമുച്ചയത്തിനായി ഉണ്ടാക്കിയിട്ടുള്ള ബാറ്റ്മിൻഡൺ കോർട്ടിലായിരുന്നു അവർ സാധാരണയായി വിനോദത്തിൽ ഏർപ്പെട്ടിരുന്നത്. ക്രിക്കറ്റ് ബാറ്റും ബോളും ഫുട്‌ബോളും വോളിബോളും ബാസ്‌കറ്റ്‌ബോളും എല്ലാമുണ്ടായിട്ടും അതിലൊന്നും ഏർപ്പെടാതെ പരസ്പരം അടികൂടുന്നതിലും തൊട്ടപ്പുറത്തെ പൂന്തോട്ടത്തിൽ നിന്നും പുഴുവിനെ പിടിച്ച് അത് ഇഴയുന്നതും മുൻപിലെ തടസങ്ങളിൽ കൂടി അത് കയറി ഇറങ്ങുന്നതിലും ആശ്ചര്യം പൂണ്ട് നോക്കി നിൽക്കുകയും ചെയ്യുന്ന കുട്ടികളെ അവൾ കാപ്പികുടിച്ചു കൊണ്ട് നോക്കി നിന്നു. ആറു മണിയാകുമ്പോഴേക്കും ഈ കുട്ടികളുടെ പിതാക്കൾ വരികയും കളിസ്ഥലം കയ്യേറുകയും ചെയ്യും.

കുട്ടികൾ പോകുന്നതോടെ അവിടം സാധാരണ പരക്കാറുള്ള ചുവന്ന മഞ്ഞ വെളിച്ചം വന്ന് പാട്ടുകളെ അണയ്ക്കും. കാർ പാർക്ക് ചെയ്യുവാൻ സഹായിക്കുന്ന പുതിയ സെക്യൂരിറ്റിക്കാരൻ ഒരിക്കൽ അയാൾക്കിഷ്ടപ്പെട്ട കുറച്ച് നാടകഗാനങ്ങൾ മേരിയോട് വയ്ച്ചു തരുവാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കകം ഗൂഗിൾ വഴി ആ ഗാനം ഡൗൺലോഡ് ചെയ്ത് കാണിച്ചപ്പോൾ അയാൾ അമ്പരന്നു. അതോടു കൂടെ ഇന്റർനെറ്റ് എന്നത് എന്തോ അത്ഭുതസിദ്ധിയുള്ള ഉപകരണമായി അങ്ങേർ കണക്കാക്കി. തന്റെ നല്ല പ്രായത്തിൽ എത്ര ബസ് കയറിയാണ് ഇവ കേൾക്കാൻ പോയതെന്ന് അയാൾ നെടുവീർപ്പിട്ടു. ദൂരങ്ങളേയും ഓർമ്മകളേയും സന്ദർശിക്കുവാൻ ഇടവേളകളിൽ അതു വച്ചു കൊണ്ടിരിക്കാൻ അയാൾ അഭ്യർത്ഥിച്ചു. മേരി അതൊന്നും അനുസരിച്ചില്ലെന്ന് മാത്രമല്ല തനിക്കിഷ്ടപ്പെട്ട പാട്ടുകൾ മാത്രം അവൾ ആ ഫ്‌ളാറ്റിൽ വച്ചു കൊണ്ടിരുന്നു. ചിലപ്പോൾ ഉറക്കെ കൂടെപ്പാടി. ചിലപ്പോൾ ഡാൻസ് കളിച്ചു. ചിലപ്പോൾ അത് കേട്ട് പാചകം ചെയ്തു. ചിലപ്പോൾ കുളിച്ചു. ചിലപ്പോൾ ഉറങ്ങി. രണ്ടാം നിലയിൽത്തന്നെ താമസിക്കുന്ന ഒരു സെയിൽസ് മാനേജർക്ക് ഉച്ചത്തിലുള്ള ഈ പാട്ട് വയ്പ്പ് പിടിക്കുന്നില്ലായിരുന്നു. അയാൾ പലപ്പോഴായി അവൾക്കെതിരെ അസോസിയേഷനിൽ പരാതിപ്പെട്ടു. അങ്ങനെയിരിക്കെയാണ് കുറുമ്പനെന്ന് വിളിച്ചാൽ ചിണുങ്ങുമൊരു പയ്യൻ തന്നെ ടീമിലെടുക്കാതിരുന്നതിനു വലിയവായിൽ നിലവിളിച്ചു കൊണ്ടിരുന്ന വൈകുന്നേരം അവൾ പാട്ടുകളിൽ നിന്നും ഓർമ്മയുടെ നൂൽ ഇഴപിരിക്കുവാൻ പഠിക്കുന്നത്. തനിയെ നിലനിൽക്കുവാൻ സാധിക്കാത്തത്രയും ദുർബലമായ ഓർമകൾ പാട്ടുകളെ കൂട്ടുപിടിച്ച് അതിനു മേൽ ഇത്തിൾക്കണ്ണിയായി ജീവിക്കുന്നത് അവൾ കണ്ടുപിടിച്ചു. അവൾ ഓരോ പാട്ടുകളേയും സൂക്ഷ്മമായി പരിശോധിച്ചു ഓർമകളെ പതിയെ അഴിച്ചെടുത്തു.

മുക്കാലമുക്കാബുല എന്ന പാട്ടിൽ നിന്നും അവൾ ആദ്യമായി കടൽ കാണാൻ പോയതും ഞണ്ടുകളുടെ കാലുകളെ എണ്ണിയതും ഉപ്പു വെള്ളം നനഞ്ഞതും കാറ്റേറ്റ് നീറിയതും തിരയേതുകുതിരയുടെ വാലെന്നോർത്തതുമായ ഓർമ്മകളുടെ നൂൽ; കരയുന്നത് പുറത്ത് കണ്ടാൽ മോശമല്ലേയെന്ന് കരുതി വിളക്ക് അണച്ച് കരഞ്ഞു എന്ന പാട്ട് ഇരുട്ടുമുറിയിലെ മുഖത്തിലെ നനവിന്റെ ഓർമകളുടെ നൂൽ; അടുത്ത ഋതുവിനു എന്നെയുണർത്തൂ എന്നത് യാത്രകൾക്കിടെ മുഖത്ത് തട്ടും കാറ്റും മുടിയിഴകളും, ചോളാപ്പൊരികളുടെ കറുമുറു, സൂര്യകാന്തി തോട്ടങ്ങൾ എന്നീ ഓർമകളുടെ നൂൽ; നിന്റെ പ്രേമത്തിൽ മുങ്ങിക്കിടക്കയാണ് എന്ന പാട്ട് ആദ്യമായി സിനിമാ തിയേറ്ററിലെത്തിച്ച അപ്പന്റെ കൈകളിലിരുന്ന് താഴെയുള്ള ആളുകളെ നോക്കിയ അനുഭവത്തിന്റെ നൂലും ; സുശീലാ രാമനെ മുഴുവനായും തന്റെ കൂടെ മുറിയിൽ ഉണ്ടായിരുന്ന ലൂസിയുടെ ഓർമ നൂലായും അടർത്തിയൂരി മേശയിൽ വച്ചു; സമ്മർ ഓഫ് സിക്സ്റ്റി നയൺ എന്ന പാട്ടിൽ നിന്നും യാത്രകളുടെ ആരംഭവും പുതുതായി ചെത്തിയ പുല്ലിന്റെ മണവും അവൾ അടർത്തിമാറ്റി. ഓർമകളെ പാട്ടുമായി കൂട്ടിപ്പിരിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണു ഊരിയെടുക്കുവാനെന്നു മനസിലാക്കി ഉള്ള ഓർമകളുടെ നൂൽ കൂട്ടിയെടുത്ത് അവൾ കൈത്തണ്ടയിൽ കെട്ടി. എന്നിട്ട് ജോലി കഴിഞ്ഞു വന്നപ്പോൾ സോളമനു കാണിച്ചു കൊടുത്തു. അയാളത് പരിശോധിച്ചു കൊണ്ടിരിക്കെ കോളിംഗ് ബെല്ലും ശേഷം മുഴങ്ങിയ വാതിലിന്മേലുള്ള വലിയ രണ്ട് മുട്ടും കേട്ട് എഴുന്നേറ്റു.

എൽസ്യാന്റി. അപ്പുറത്തെ ഫ്‌ളാറ്റ് അടിച്ചു കഴുകുവാനും ഭക്ഷണം വയ്ക്കുവാനും വരുന്ന സ്ത്രീയായിരുന്നു. ""അബ്രഹാം സാറ് വീണു കിടക്കുന്നു''. എൽസ്യാന്റിയുടെ വെപ്രാളം നിറഞ്ഞ വാക്കുകൾ കേട്ട് മേരി പുറത്തിറങ്ങി വന്നു.

ചെല്ലുമ്പോൾ അബ്രഹാം സാറ് മുറിയിൽ ചെയ്തു കൊണ്ടിരുന്ന ഏതോ ജോലിക്കിടയിൽ മയങ്ങിപ്പോയവനെപ്പോലെ കിടപ്പുണ്ടായിരുന്നു. പിറകെ വന്ന രണ്ടു പേരുടെ സഹായത്തോടെ അബ്രഹാം സാറിനെ എടുത്ത് പൊക്കി താഴെ എത്തിച്ച് കാറിലേക്ക് കയറ്റിയപ്പോഴേക്കും അങ്ങേരുടെ മരുമകൻ വന്നു. അവർ അയാളെ ആശുപത്രിയിലേക്ക് എടുത്തു. തിരിച്ച് മേരിക്കരികിലെത്തിയപ്പോൾ അബ്രഹാം സാറിന്റെ ഫ്‌ളാറ്റിലെ മറ്റൊരു മുറിയിൽ സോളമനെ അവൾ കാത്തു നിൽപ്പുണ്ടായിരുന്നു. ആ മുറി വിചിത്രമായ രീതിയിൽ അലമാരകളാൽ നിറഞ്ഞു നിന്നു. അലമാരകളെല്ലാം മറിഞ്ഞു വീണ മരങ്ങൾ കണക്കേ ചരിഞ്ഞ് കിടപ്പുണ്ടായിരുന്നു. മുകൾവശത്ത് വാതിൽ വരും രീതിയിൽ അലമാരകൾ നിരന്നിരുന്നുവെങ്കിലും വാതിലുകളെല്ലാം ഇളക്കിമാറ്റിയിരുന്നു. ആദ്യത്തെ അലമാരിയിൽ മണ്ണു കുഴഞ്ഞു കിടന്നു. ഇന്ന് രാവിലെ ഒഴിച്ച വെള്ളത്തിൽ വിരലുകളാലിളക്കിയ മണ്ണ് പോലെ അത് നനഞ്ഞു കുതിർന്ന് കുഴഞ്ഞിരുന്നു. രണ്ടാമത്തെ അലമാരയിൽ വെണ്ടയ്ക്കാ കൃഷി ആയിരുന്നുവോ പുഴുകൃഷി ആയിരുന്നുവോ എന്ന് സംശയിപ്പിക്കത്തക്ക രീതിയിൽ ഇലകൾ നഷ്ടപ്പെട്ട ചുവന്ന തണ്ടുകളുള്ള അതിൽ ചൊറിയാമ്പുഴുക്കളെ പോലെ രോമങ്ങളുള്ള വെണ്ടക്കാ ചെടികളും അനേകം പച്ച നിറത്തിലുള്ള പുഴുക്കളും കാണപ്പെട്ടു. അടുത്ത രണ്ട് അലമാരകളിൽ പയർ കൃഷി ആയിരുന്നു. ജനലിലൂടെ കടന്നു വരുന്ന വെളിച്ചത്തെ മുറിയിൽ തന്നെ തടഞ്ഞു നിറുത്തുന്നതിനായി അലമാരകളുടെ വാതിലിൽ ഘടിപ്പിച്ചിരുന്ന കണ്ണാടികൾ അലമാരകൾക്ക് അഭിമുഖമായി നിലകൊണ്ടിരുന്നു. സൂര്യപ്രകാശത്തിന്റെ അഭാവം മറികടക്കുവാൻ സോഡിയം വേപ്പർ ബൾബുകൾ ഉണ്ടായിരുന്നു. പുറത്തേക്കു പടർന്ന പയർ വള്ളികൾക്കായി ജനാലയിലേക്ക് വലിച്ച് കെട്ടിയ ചണനൂലുകളിൽ ഇളം പച്ച നിറമുള്ള വള്ളികൾ വളഞ്ഞു ചുറ്റിയിരുന്നു.

കഴിഞ്ഞ ആഴ്ച അബ്രഹാം സാറ് കൊണ്ടു തന്ന നാടൻപയർ സോളമനോർത്തു. മേരി തഴച്ചുവളർന്ന പയറിന്റെ ഇലകൾ പറിച്ച് വെണ്ടയ്ക്കാ തണ്ടുകളിൽ വച്ചുകൊടുത്തു. അടുത്ത് ഉണ്ടായിരുന്ന ഒരു തടിയൻ പുഴു അത് ഗൗനിക്കാതെ ഉറക്കത്തിലേക്ക് തിരിച്ചു പോയി. മണ്ണ് നിറഞ്ഞ മൂന്ന് ചാക്കുകളും ജൈവവളത്തിന്റെ ഒരു ചാക്കും പുകല കഷായം നിറഞ്ഞ ഒരു പാത്രവും കണ്ടു കൊണ്ട് അവർ തിരിച്ചിറങ്ങി.

മുറിയിൽ പോയി സോളമനും മേരിയും ബെഡ്‌റൂമിൽ നിശബ്ദരായി കിടന്നു. നിശബ്ദത പതിയെ മരണ ഭയം കൊണ്ടു വന്നപ്പോൾ കാലുകൾ ചുമരിൽ കയറ്റി വച്ച് അനക്കിക്കൊണ്ടും പരസ്പരം കാലുകളിൽ ചവിട്ടിയും അവർ സംസാരിച്ചു തുടങ്ങി.
മേരി: നീയൊരന്ധനായാൽ മതിയായിരുന്നു. കറുത്ത് കരുവാളിച്ച് കരിവീട്ടി പോലെ. അപ്പോൾ ഇവിടെയുള്ള പെണ്ണുങ്ങൾക്ക് നിന്റെ സൗന്ദര്യം മനസിലാകില്ല. വിദ്യാഭ്യാസം ഒന്നും വേണ്ട. വേറെ ഒരു പെണ്ണും തിരിഞ്ഞു നോക്കരുത്. ഞാൻ തരുന്ന സ്‌നേഹം മാത്രമാകണം നിന്റെ ഏക അത്താണി. ഒന്നനങ്ങുവാൻ പോലും മേരിയമ്മേയെന്ന് ഉറക്കെ വിളിക്കേണ്ടി വരണം. എന്നിട്ട് നമുക്ക് ദൂരെ ഒരു നാട്ടിൽ പോകാം. കുറച്ച് കൃഷി സ്ഥലം മതി. ആ അബ്രഹാം സാറിനെപ്പോലെ നമുക്ക് കൃഷി ചെയ്യാം. നീ കൃഷി ചെയ്ത് ക്ഷീണിക്കുമ്പോൾ നിനക്കുള്ള പഴഞ്ചോർ ഒരു കയ്യിലും മൂക്കട്ടയൊലിപ്പിക്കുന്ന ഒരു കുട്ടി മറ്റേ കയ്യിലുമായി ഞാൻ കുണുങ്ങി വരും.
സോളമൻ: അന്ധനായാൽ ജീവിക്കുന്നതിന് വലിയ ബുദ്ധിമുട്ടല്ലേ?
മേരി: കുട്ടികളെ നോക്കുന്ന പോലെ ഞാൻ നോക്കിക്കോളാം. കിടക്കയിൽ നിന്നും ചുമരിലേക്ക് നീണ്ട സോളമന്റെ കാൽപ്പാദങ്ങളിൽ തള്ളവിരൽ കൊണ്ട് മേരി കോറി. അയാൾ ചുമരിനപ്പുറമായി നിന്ന ജനലിനെ കാലു കൊണ്ട് തള്ളിത്തുറന്നു. ആകാശത്തിൽ സോഡാ സർബത്തിനുള്ളിലെ ചെറുകുമിളകൾ, അല്ല ഗോലിക്കായക്കുള്ളിലെ തിളക്കങ്ങൾ പോലെ നക്ഷത്രങ്ങൾ കണ്ടു. അന്നു രാത്രി സോളമനും മേരിയും ഈ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ ഏതോ പഴയ ഒരു ജന്മം സ്വപ്നങ്ങളായ് കണ്ടു.▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments