താക്കോൽ ദ്വാരത്തിലൂടെ കാണാവുന്ന മുറിയുടെ ഇരുട്ടിൽ ബ്ലാക്ക് ബെറി ശബ്ദം കുറച്ച് സംസാരിക്കുകയായിരുന്നു.
""മേരിയുടെ മരണത്തിനു ശേഷം വീടു വിട്ടിറങ്ങുന്നതിനു മുൻപ് അവളുടെ റൂം മേറ്റ് ആയിരുന്ന ഷിറയെ സോളമൻ സന്ദർശിച്ചു. മരണശേഷവും മേരിയെക്കുറിച്ച് കൂടുതൽ അറിയുവാനായി അയാൾ തിടുക്കപ്പെടുന്നതിന്റെ കാരണം എനിക്ക് മനസിലാകുന്നില്ലായിരുന്നു. മേരിയുടെ ഓർമകളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതിനു പകരം അവൾ ബാക്കി വച്ച സൂചനകളെ പിന്തുടരുന്നതിൽ എനിക്കാശങ്കയുണ്ടായിരുന്നു. എന്നാൽ അങ്ങനെയല്ല മേരിയുടെ മരണകാരണം അന്വേഷിച്ചാണോയിനി അയാൾ അലയുന്നത് എനിക്ക് പലപ്പോഴും തോന്നിപ്പോയി. അയാളെ അവളിൽ നിന്നും മോചിപ്പിക്കണമെന്ന് അന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. കാലാ തടാകത്തിൽ പൊങ്ങിയ മേരിയുടെ ശവശരീരം തിരിച്ചറിയുന്നതിനും മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾക്കും സിയാസു ഡാം പൊലീസ് സ്റ്റേഷനിലേക്ക് നഗരത്തിൽ നിന്നും എത്തിച്ചേർന്നത് ഷിറയായിരുന്നു. തിരിച്ചറിയൽ സ്ഥിരീകരണ ക്രമം കഴിഞ്ഞ് അനുബന്ധകടലാസുകളിൽ ഒപ്പു വച്ചതും അവൾ തന്നെയായിരുന്നു. ഷിറയുടേയോ സോളമന്റേയോ അറിവിൽ മേരിയുടെ മാതാപിതാക്കളോ ബന്ധുക്കളോ ഇന്ന് ജീവിച്ചിരിപ്പില്ല. മേരി എഴുതി വച്ച കോഡുകളുടേയും ഡാർക്ക് വെബ്ബിന്റേയും അപ്രതീക്ഷിത വിവരങ്ങളിൽ നെറ്റി ചുളിച്ച സോളമൻ ഷിറയെ ഫോൺ വിളിച്ച് കാണണമെന്ന ആവശ്യം അറിയിച്ചു. അവളെക്കുറിച്ച് മേരി സോളമനു പറഞ്ഞു കൊടുത്തിരുന്നു. ഷിറയുടെ യഥാർത്ഥപിതാവ് ഒരു മതപുരോഹിതനാണ്. വിശ്വാസിയല്ലാഞ്ഞു കൂടി അയാളെക്കാണാൻ അവൾ എല്ലാ ഞായറാഴ്ച്ചയും ദൂരെയുള്ള പള്ളിയിൽ പോകും കുർബാന കൈക്കൊള്ളും. ജന്മരഹസ്യം സ്വന്തം പിതാവിനോട് കുമ്പസരിക്കും. അച്ചൻ ബൈബിൾ വായിച്ച് പ്രാർത്ഥിക്കുവാൻ പരിഹാരം നിർദ്ദേശിക്കും. ബോയ്ഫ്രണ്ട് എറിക്കിനൊപ്പം ആറുവർഷമായി ഒരുമിച്ച് താമസിച്ചു വരികയാണ്. ഇരുവരും ഒരു കുട്ടിക്ക് വേണ്ടി ശ്രമിക്കുന്നുമുണ്ട് എന്നാൽ ഷിറയ്ക്കുള്ളിൽ സ്ഖലനം ചെയ്യുന്നതിൽ എറിക് പരാജയപ്പെട്ടു കൊണ്ടിരുന്നു. ഷിറയെ നോക്കി സ്വയംഭോഗം ചെയ്തുകൊണ്ടാണ് മിക്ക ദിവസങ്ങളിലും അങ്ങോർ സംതൃപ്തി നേടിയിരുന്നത്. ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യുവാനുള്ള ഷിറയുടെ ഉപദേശം അയാൾ ചെവിക്കൊണ്ടില്ല. ഇതവരുടെ അകൽച്ചക്കൊരു ഹേതുവായി ഭവിച്ചു''
""ഓ സോളമൻ ഇപ്പോൾ അത്ര നല്ല സമയമാണോ എന്നറിയില്ല. ഞാൻ പെയിന്റ് ചെയ്തു കൊണ്ടിരിക്കുകയാണ്''.
""ഓ നിങ്ങളൊരു ചിത്രകാരിയാണെന്നറിഞ്ഞിരുന്നില്ല.''
""പുതിയ മുറിയുടെ ചുവരുകളിൽ ചായം പൂശുകയാണ് മാൻ''
""ഏത് നിറമാണ്''
""മഞ്ഞ''
""മെരുങ്ങാത്ത കാട്ടുമൃഗം. മഞ്ഞ. എങ്കിൽ ഞാൻ അങ്ങോട്ട് വരാം. അഡ്രസ് അയക്കൂ.'' അഡ്രസ് ലഭിച്ച് അരമണിക്കൂറിനുള്ളിൽ സോളമൻ ഷിറയുടെ മുറിയിലെത്തി.
""ഹേയ്''
""ഹേയ് സോളമൻ ഹൗ ആർട്ട് ദോ?'' മേരിയില്ലാതെ അവർ അന്യോനം ആദ്യമായാണ് കണ്ടുമുട്ടുന്നത്.
""എന്താ ഇപ്പോൾ ധൃതിപിടിച്ചൊരു പെയ്ന്റിംഗ്?''
""ഞാനും എറിക്കും ബ്രേക്കപ്പ് ആയി. സൊ ഐ ഹാഡ് റ്റു മൂവ് ഔട്ട്. ഈ മുറി ഒരു പരിചയക്കാരൻ വഴി കിട്ടി. വാടക കുറവ്. പക്ഷെ താമസിക്കാൻ പറ്റുന്ന പരുവത്തിൽ നമ്മൾ തന്നെ മാറ്റിയെടുക്കണം.''
അവളുടെ നിത്യോപയോഗസാമാനങ്ങൾ മുറിയുടെ അങ്ങിങ്ങായി തറയിൽ കിടപ്പുണ്ടായിരുന്നു. എന്ത് മാത്രം കരടിബൊമ്മകളാണിത്. ഇരിക്കുവാൻ പാകത്തിൽ ഒരു കസേര പോലും ഉണ്ടായിരുന്നില്ല. കിടക്ക ഉണ്ടായിരുന്നത് ചുമരിൽ കുത്തിച്ചാരി വച്ചിരിക്കുകയായിരുന്നു.
""ആളുകൾ കരുതിയിരുന്നത് മഞ്ഞ വാൻഗോഗിന്റെ ഇഷ്ടനിറമെന്നായിരുന്നു. എന്നാലല്ല. ഫ്രഞ്ച് ചരിത്രകലാകാരന്മാരുടെ ചുവട് പിടിച്ച്, കണ്ട് വന്നിരുന്ന നിറങ്ങളിൽ നിന്നും ഉദിക്കുന്ന നിറങ്ങളിലേക്ക് മാറി സഞ്ചരിക്കുന്ന സമയമാണ് അങ്ങേർ മഞ്ഞയിൽ ആകൃഷ്ടനായത്. മറ്റുചിലർ അയാൾക്ക് ഗ്ലൈക്കോമയെന്ന നേത്രരോഗത്താൽ പ്രകാശത്തിനു ചുറ്റും പ്രഭാവലയം കാണുമായിരുന്നുവെന്നും അതിനാലാണ് മഞ്ഞയെ ഇത്തരത്തിൽ ഉപയോഗിച്ചിരുന്നതെന്നും പറഞ്ഞു പരത്തി. പക്ഷെ ശരത് കാലത്ത് യൂറോപ്പ് കണ്ടവർക്ക് മഞ്ഞയെ മനസിലാകും. സ്വയം എരിഞ്ഞടങ്ങുവാൻ മഞ്ഞപെയിന്റും ലായകമായ ടർപ്പെന്റെയ്‌നും ശാപ്പിടുമായിരുന്നു വാൻഗോഗ്. ഒരു ബ്രഷ് കൂടെ കിട്ടുമോ?''
സോളമൻ ടിന്ന് തുറന്ന് പെയ്ന്റ് മണം ശ്വസിച്ചു
""മേരിക്ക് ഏറെയിഷ്ട്ടമായിരുന്ന മണം''
""അറിയാം. ബ്രഷ് അപ്പുറത്ത് തിരഞ്ഞാൽ ഒന്ന് കാണും. പക്ഷെ ചെറുതാണ്.'' ഷിറയുടെ ദേഹത്തിലും വസ്ത്രത്തിലും മഞ്ഞ പെയിന്റിന്റെ തുള്ളികൾ തെറിച്ചു കിടന്നിരുന്നു. തലമുടിയിൽ അതൊരു മാതൃക വരച്ചു വച്ചു. കറുപ്പിൽ മഞ്ഞ വരകളുള്ള തേനീച്ചകൾ കൂടുകൂട്ടിയ പോലെ.
""എന്താ നിന്റെയൊരു കോലം താടിയും മുടിയും.''
ചോദ്യത്തിനുത്തരമായി മന്ദഹസിക്കുവാനൊരു ശ്രമം നടത്തി സോളമൻ ബ്രഷ് എടുക്കുവാൻ കുനിഞ്ഞു. ഷിറ റോളിംഗ് ബ്രഷുപയോഗിച്ച് അശ്രദ്ധമായി ചുമരിൽ ഉരച്ചു കൊണ്ടിരുന്നു.
""എന്താണ് അന്വേഷിച്ചു വരുവാൻ ഉണ്ടായത്?''
""ഹേയ് ഒന്നുമില്ല. നിങ്ങൾക്കിടയിൽ എന്താണുണ്ടായത്? യു ആൻഡ് എറിക്?'' സോളമൻ ബ്രഷ് പെയിന്റിൽ മുക്കി.
""ഹേയ് അതൊന്നുമില്ല''. ആദ്യത്തെ രണ്ട് ചായം പൂശലിൽ തന്നെ സോളമൻ കിടന്നാടി. കിതച്ചു. അയാൾക്ക് തളർച്ച തോന്നി. അടുത്തതിൽ ഇടറി വീഴുവാനായി ചാഞ്ഞു. ഷിറ ബ്രഷ് താഴെയിട്ട് അയാളെ താങ്ങി. സോളമൻ നിലത്തിരുന്നു.
""നീ ഡ്രഗ്‌സ് ഉപയോഗിക്കുണ്ടോ? ആകെ ദുർബലനായല്ലോ മെലിഞ്ഞു കവിളൊക്കെ ഒട്ടി കണ്ണൊക്കെ കുഴിഞ്ഞു.'' ഷിറ നെറ്റി ചുളിച്ചു കൊണ്ട് കിടക്ക താഴെ വിരിച്ചിട്ട് വാ ഇരിക്ക് എന്ന് പറഞ്ഞ് സോളമനെ ക്ഷണിച്ചു. അയാൾ എഴുന്നേറ്റ് കിടക്കയിലേക്ക് മാറുന്നേരം അവൾ ബാഗ് പരിശോധിച്ച് ഉള്ളിലുണ്ടായിരുന്ന ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് പൊട്ടിച്ച് നീട്ടി.
""കഴിക്ക്''. സോളമൻ അതനുസരിച്ചു. പെയ്ന്റ് ചെയ്യുന്നതിനായി ചായം മുക്കിയ ബ്രഷിൽ നിന്നും മഞ്ഞ ചായം അയാളുടെ വസ്ത്രങ്ങളിലും പറ്റിപ്പിടിച്ചു. ബിസ്‌ക്കറ്റ് തരികളാണെന്ന് കരുതി സോളമൻ അത് തട്ടിക്കളഞ്ഞു.
""ആർ യു ഓക്കെ?''. ഷിറ അയാൾക്ക് ഒരു കുപ്പി വെള്ളം കൊടുത്തു. നാലു ബിസ്‌ക്കറ്റ് കൂടെ കടിച്ചു വായ നിറച്ചു കുപ്പി വെള്ളം കമഴ്ത്തിയപ്പോൾ ഭക്ഷണം അന്നനാളത്തിലൂടെ ഇറങ്ങിപ്പോയി. വെള്ളം വലിച്ചു കുടിച്ച് അയാൾ കണ്ണുകളടച്ചു. ബിസ്‌ക്കറ്റ് തരികൾ മീശയിലും താടിയിലും പറ്റിയിരിക്കുന്നത് ഷിറ കണ്ടു. അയാളുപയോഗിച്ച ബ്രഷ് അവൾ ദൂരേയ്ക്ക് മാറ്റി വച്ചു. രണ്ടു മിനിറ്റോളം നേരം അവർ നിശബ്ദതയിൽ പരസ്പരം നോക്കിയിരുന്നു. സോളമൻ ചെറിയൊരു ഏമ്പക്കം ഇട്ടു. ഷിറയുടെ മുഖം ചിരിയിലേക്ക് കോടി. അത് കണ്ട് സോളമനും ചിരിച്ചു.
""എന്തിനാണ് വന്നതെന്ന് പറഞ്ഞില്ലല്ലോ?'' ആ ചോദ്യം സോളമനെ വികാരരഹിതനാക്കി.
""അഡ്രസ്''
""ഏതഡ്രസ്?''
""പൊലീസ് സ്റ്റേഷന്റെ''. മേരിയെ അവസാനമായി കാണുവാൻ പോയില്ലേ. അവളെ ദഹിപ്പിച്ച ഇടം.
""അന്ന് എന്റെ കൂടെ വരാതെ പിന്നിപ്പോഴെന്തിനാ?'' സോളമൻ മറുപടി പറയാതെ തല കുനിച്ചിരുന്നു. ഷിറ മൊബെെൽ തുറന്ന് നോട്‌സിലൂടെ തപ്പിക്കൊണ്ടിരുന്നു. പിന്നെ എന്തോ ഓർത്തിട്ട് ബാഗ് തപ്പി ഒരു വിസിറ്റിംഗ് കാർഡുമായി തിരികെ വന്നു അവനു നൽകി. അയാളതിലേക്ക് ഉറ്റു നോക്കി. പീറ്റർ, സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്, ബുർഖ് ഡാം, ഡീൻ കോർപ്.
""ഇദ്ദേഹത്തെ കണ്ടാൽ വേണ്ട ഏർപ്പാടുകൾ ചെയ്തു തരും. അന്ന് താമസമടക്കം സൗകര്യങ്ങൾ ഇവരാണ് ചെയ്തു തന്നത്''. സോളമൻ കാർഡ് പോക്കറ്റിൽ തിരുകി യാത്ര പറയാതെ തന്നെയിറങ്ങി. പിറകിൽ ഷിറ അയാളെ നോക്കി സഹതാപം കൊണ്ടു.
രണ്ട് ബസുകളോളം മാറിക്കയറിയിട്ടാണ് സിയാസു ഡാമിലേക്കുള്ള ബസ് സോളമനു ലഭിച്ചത്. രണ്ട് മണിക്കൂർ കൂടുമ്പോൾ ഒരു ബസ് എന്നാണ് കണക്കെന്ന് കണ്ടക്ടർ അറിയിച്ചു. നഗരത്തിൽ നിന്നും ബസ് ഉള്ളിലേക്ക് കയറിയപ്പോഴേ മരനിഴലുകളുടെ തണുപ്പ് അയാൾക്കനുഭവപ്പെട്ടു. ടാറിട്ട റോഡിനിരുവശങ്ങളിലുമായി തണൽ മരങ്ങൾ. അവയുടെ പഴുത്ത മഞ്ഞ ഇലകൾ വീണു വഴികൾ നിറം വച്ചിരുന്നു. തണൽമരങ്ങൾക്കരികിലായി ഉള്ളിലേക്ക് കുതിക്കുന്ന കാടുകളെ അയാൾ തിരിച്ചറിഞ്ഞു. പോകുന്ന വഴിയിലൊരു പള്ളിയും സ്‌കൂളും സോളമന്റെ ശ്രദ്ധയിൽപ്പെട്ടു. തണുപ്പ് വന്ന് ശരീരത്തെ തഴുകിയപ്പോൾ അയാളുറക്കത്തിലേക്ക് പ്രലോഭിക്കപ്പെട്ടു.
ബസ് അവസാന സ്റ്റോപ്പിൽ എത്തിയതിനു ശേഷം മാത്രമാണ് സോളമൻ കണ്ണു തുറന്നത്. മനസിൽ കരുതിയതിലും പതിന്മടങ്ങ് വലിപ്പം സിയാസു ഡാമിനും കാലാതടാകത്തിനും ഉണ്ടായിരുന്നു. ഡാമിനോട് ചേർന്നു കിടക്കുന്ന തടാകത്തിനരികിലൂടെ ടാറിട്ട റോഡ് പോകുന്നുണ്ട്. എന്നാൽ അതു വഴി സ്വകാര്യവാഹനങ്ങൾ കടന്നു പോകുന്നതിനു അനുവാദമില്ല. തടാകത്തിലെ വിനോദസഞ്ചാരത്തെ ആശ്രയിച്ച് താമസസൗകര്യമുള്ള ഹോട്ടലുകളും ഭക്ഷണശാലകളും ഒരു അമ്യൂസ്മന്റ് പാർക്കും അവിടെ നിലനിന്നിരുന്നു. ഡാമിലെ വൈദ്യുതോത്പാദന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സർക്കാർ ജോലിക്കാർക്കും മറ്റ് ജീവനക്കാർക്കും താമസിക്കാനുള്ള ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ ദൂരെ നിന്നു തന്നെ കാണുവാൻ സാധിച്ചു. താഴ്വാരത്ത് കോളനികൾ പോലെ മൺവീടുകൾ കെട്ടിയ സാധാരണ ജനങ്ങൾ ഒരറ്റത്ത് താമസിച്ചപ്പോൾ ത്രീ സ്റ്റാർ സൗകര്യങ്ങളോടെ വിനോദ സഞ്ചാരികൾ ഹോട്ടലുകളിൽ ജീവിച്ചു. നഗരത്തിന്റെ രണ്ട് മുഖങ്ങൾ പോലെ. പലതരം പക്ഷികൾ ചെറു കൂട്ടമായി ആകാശത്തിലൂടെ പറന്ന് പോയി. ചിലവ താഴെയിറങ്ങാൻ സമയമായി എന്ന മട്ടിൽ ഉന്നം ചെറുതായി ചെരിച്ചു. ഡാമിനു അപ്പുറവുമിപ്പുറവും നിൽക്കുന്ന കെട്ടിടങ്ങൾ കൂടി പരിഗണിച്ചാൽ പരുന്തും അതിന്റെ വിടർത്തിയ ചിറകുകളുമായി പ്രദേശത്തെ സോളമൻ നോക്കിക്കണ്ടു. കൂർത്ത ചുണ്ട് ഡാം, ശരീരം തടാകം, കാടുകളും കെട്ടിടങ്ങളും ചിറകുകൾ. ടാറിട്ട റോഡിലൂടെ നേരെ നടന്നാൽ ഡീൻ കോർപ്പിൽ എത്തും. കാപ്പി നിറത്തിലുള്ള കെട്ടിടമെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിച്ചു. യൂണിഫോമിൽ പലരും അതുവഴി നടക്കുന്നുണ്ടായിരുന്നതിനാൽ കണ്ടുപിടിക്കുവാൻ അവരിലാരെയെങ്കിലും പിന്തുടരേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. മണ്ണിന്റെ നിറത്തിൽ പച്ചപ്പിന്റെ അകമ്പടിയോടെ മൂന്നുനിലക്കെട്ടിടം ഉയർന്നു നിൽപ്പുണ്ടായിരുന്നു. ഷിറ നൽകിയ കാർഡ് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുവാൻ സോളമനെ സഹായിച്ചു. പീറ്റർ ഇതുവരേയും ഓഫീസിലെത്തിയിട്ടില്ല കാത്തിരിക്കൂ എന്ന് റിസപ്ഷനിസ്റ്റ് നിർദേശിച്ചു. അയാൾ അനുസരണയിൽ അവിടെക്കണ്ട സോഫയിൽ ഇരിപ്പുറപ്പിച്ചു കയ്യിൽ കിട്ടിയ പത്രം വായിക്കുവാൻ ശ്രമിച്ചു. ഈ ഓണം കേറാ മൂലയിലും ഡീൻ കോർപ്പിന്റെ പ്രൊഫഷണിലിസം സോളമനു ആശ്ചര്യാജനകമായി. സോളമൻ അവിടെ ഇരുന്നും ചെറിയൊരു മയക്കം നടത്തി. അരമണിക്കൂറിനു ശേഷം പീറ്റർ വന്നെന്ന അറിയിപ്പുമായി റിസപ്ഷനിസ്റ്റ് വന്നു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് സോളമൻ അകത്തേക്ക് വിളിക്കപ്പെട്ടു. നാൽപ്പത് വയസോളം പ്രായമുള്ള എന്നാൽ താടിയും മീശയും വടിച്ച് മാസവസാനമുള്ള ഫേഷ്യൽ മൂലം മുപ്പതുകളിലുള്ള ചെറുപ്പക്കാരൻ എന്ന് തോന്നിക്കുന്ന പീറ്റർ സൗമ്യമായി സോളമനെ സ്വാഗതം ചെയ്തു. ഇരിക്കുവാൻ ആംഗ്യം കാണിച്ചു. പിറകിലെ ഡസ്‌ക്കിൽ അയാളും ഭാര്യയും കുട്ടിയും ചേർന്നിരിക്കുന്ന ഒരു ചെറിയ ചിത്രം വച്ചിരുന്നു. സോളമൻ സന്ദർശനത്തിന്റെ ആവശ്യം തുറന്നറിയിച്ചു. മേരിയുടെ
മൃതദേഹത്തെക്കുറിച്ചായിരുന്നു അയാൾക്ക് അറിയേണ്ടിരുന്നത്. താൻ മേരിയുടെ ഏറ്റവും അടുത്ത ഒരു ബന്ധു എന്ന നിലയിലാണ് സംസാരം അയാൾ മുന്നോട്ട് നീക്കിയത്. മരണം പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയിട്ടുണ്ട് വിശദാംശങ്ങൾ അവിടെ നിന്നും ലഭിക്കും. ആദ്യ ഇൻക്വസ്റ്റ് കോപ്പിയും പരിശോധിക്കുന്നതിനുള്ള സൗകര്യം ഏർപ്പാട് ചെയ്യുന്നതാണെന്ന് പീറ്റർ ഉറപ്പ് നൽകി. മൃതദേഹം കണ്ടെത്തിയ സാക്ഷിയുടെ മൊഴികൾ ഡീൻ കോർപ്പ് ജീവനക്കാർ പ്രത്യേകമായി എടുത്തത് സോഫ്റ്റ്‌കോപ്പി കാണും. പൊലീസ് മൊഴി വ്യത്യസ്തമാണ്. ആവശ്യമെങ്കിൽ രണ്ടും കാണിക്കാം. മൃതദേഹം തിരിച്ചറിഞ്ഞതും ദഹിപ്പിക്കുന്നതിനു അനുവാദം നൽകിയതും മേരിയുടെ സുഹൃത്താണ്. മേരിക്ക് മാതാപിതാക്കളോ ബന്ധുക്കളൊന്നും ഇല്ല എന്നായിരുന്നു പ്രാഥമിക വിവരം.
""അത് ശരിയാണ്.''
""പോസ്റ്റ്‌മോർട്ടം ചെയ്തു. ശേഷം ദഹിപ്പിച്ചു.''
""മേരിയുടെ ആഗ്രഹം അതായിരുന്നുവെന്ന് ഫ്രണ്ട് അറിയിച്ചിരുന്നു. മൃതദേഹം കണ്ടെടുക്കുമ്പോഴേ ആഴ്ചകളുടെ പഴക്കം വന്നിരുന്നു. ശരീരത്തിലെ മാംസത്തിൽ നിന്നും തൊലി ഉറപോലെ ഊരിത്തുടങ്ങിയിരുന്നു. മുഖത്തെ മാംസം മീനുകൾ ആഹാരമാക്കിയിരുന്നു. പലഭാഗങ്ങളും അഴുകിയിരുന്നു. കാലാ തടാകത്തിന്റെ ആഴങ്ങളിൽ കണ്ടു വരുന്ന വൻമത്സ്യങ്ങൾ കൈപ്പത്തികളും കാൽപ്പാദങ്ങളും വിഴുങ്ങി. ചീങ്കണ്ണികളുടെ സാന്നിധ്യമാണ് മറ്റൊരു സാധ്യത. കൈകളിൽ പല്ലുകൊണ്ടേറ്റ മുറിവ് പോസ്റ്റ്മാർട്ടം റിപ്പോർട്ട് ശരി വയ്ക്കുന്നുണ്ട്. കാർ മറിഞ്ഞാണ് വിക്റ്റിം മരണപ്പെട്ടിട്ടുള്ളത്. തിരച്ചിൽ നടത്തിയപ്പോൾ വലിയ ദൂരത്തല്ലാതെ കാറും കിടപ്പുണ്ടായിരുന്നു. രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിനിടയിൽ ഡോർ തുറന്ന് പുറത്ത് വരികയും അടിയൊഴുക്കിൽ പെട്ട് മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നതുമാണെന്നാണ് വിദഗ്ദ നിഗമനം. കാറിൽ നിന്നു തന്നെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നതിനാൽ മറ്റ് അന്വേഷണങ്ങൾ ഉണ്ടായിരുന്നില്ല. മേരിയുടെ പേരിൽ റെന്റ് എ കാർ വഴി വാടകയ്ക്ക് എടുത്തതാണ് കാറെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പന്ത്രണ്ട് കിലോമീറ്ററിനപ്പുറത്തെ ഔട്ട്‌ലറ്റ് വഴിയാണ് കാർ ഡെലിവർ ചെയ്യപ്പെട്ടിട്ടുള്ളത്. മേരിയുടെ ഐ ഡി അവിടേയും വെരിഫൈ ചെയ്തു. കാറിൽ നിന്നു തന്നെ ഒറിജിനൽ ഐ ഡിയും മറ്റ് വിവരങ്ങളും ലഭിച്ചിരുന്നതിനാൽ മരണപ്പെട്ടയാളുടെ തിരിച്ചറിയൽ പ്രക്രിയകളിൽ സംശയാസ്പദമായ സാഹചര്യങ്ങൾ നിലനിന്നിരുന്നില്ല. ഐഡി കാർഡിലെ വിവരങ്ങൾ വച്ച് സ്ഥിരവിലാസമായി നൽകിയിരിക്കുന്നത് ഒരു സ്ത്രീ സംഘടനയുടേതാണ്. അവിടേയും വിളിച്ച് വേരിഫൈ ചെയ്തിരുന്നു. കാറിൽ നിന്നും ലഭിച്ച മൊബെെൽ ഫോണിലെ സിം ചുവട് പിടിച്ച് സുഹൃത്തുക്കളെ വിവരമറിയിച്ചു. ഒരു പെൺകുട്ടിയാണ് ദേഹം തിരിച്ചറിയുവാൻ വന്നത്. ദേഹം കണ്ട് രണ്ട് വട്ടം അവർ ഛർദ്ദിച്ചു. അത്ര ഗുരുതരമായിരുന്നു അവസ്ഥ. മൃതദേഹം തിരിച്ചറിഞ്ഞ് പബ്ലിക്ക് ക്രിമിറ്റോറിയത്തിൽ ദഹിപ്പിച്ചതിനു ശേഷമാണ് അവർ മടങ്ങിയത്.
""ആത്മഹത്യാക്കുറിപ്പും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കോപ്പി കിട്ടുമോ ?'' സോളമൻ ഒടുവിൽ സംസാരിച്ചു തുടങ്ങി.
""കുറച്ച് സമയം വേണ്ടി വരും. നിയമവിരുദ്ധമാണ് എങ്കിലും'' പീറ്റർ ലാപ്‌ടോപ്പിൽ അഞ്ചു നിമിഷത്തേക്ക് ടൈപ്പ് ചെയ്ത് ക്ലിക്കി കഴിഞ്ഞ് സോളമനഭിമുഖമായി തിരിച്ചു വച്ചു. ആത്മഹത്യാക്കുറിപ്പ്. മേരിയുടെ കയ്യക്ഷരം. സോളമൻ അത് വായിച്ചില്ല. സമ്മറി ഓട്ടോപ്‌സി റിപ്പോർട്ടായിരുന്നു അടുത്തത്. അതിൽ ഡേറ്റ്, സമയം, അസിസ്റ്റന്റ്, പേര്, ലിംഗം, കേസ് നമ്പർ, അന്വേഷണ സംഘം, മരണസ്വഭാവം, ദേഹം തിരിച്ചറിഞ്ഞ ആളുടെ പേർ ചികിത്സയുടേതായ തെളിവ്, ബാഹ്യപരിശോധനാ വിവരം എന്നിവ അടങ്ങിയിരുന്നു. പരിശോധന തുടങ്ങിയത് രാവിലെ 8:30 നാണ്. ദേഹം ഒരു കറുത്ത ബോഡീ ബാഗിലാണ് കൊണ്ട് വന്നിരുന്നത്. നീല നിറത്തിലുള്ള ടോപ്പും കറുപ്പ് നിറത്തിലുള്ള പാൻസും ആയിരുന്നു വിക്ടിമിന്റെ വേഷം.
ആഭരണമായിട്ട് വെള്ളിയുടെ കമ്മലുകൾ മാത്രമാണുണ്ടായിരുന്നത്. ഒരിഞ്ച് വ്യാസമുള്ള ചെവികളിൽ അവ തൂങ്ങിക്കിടന്നിരുന്നു. തൊലി പച്ച നിറമായിട്ടുണ്ട്. സാധാരണ ചുറ്റുപാടിൽ വളർന്ന സ്ത്രീ ശരീരമാണ്. 67 ഇഞ്ച് നീളവും 58 കിലോഗ്രാം ഭാരവും കണക്കാക്കുന്നു. ഇരുപത്തഞ്ചോളം വയസ് കണക്കാക്കാവുന്നതാണ്. ശരീരം തണുത്തതും അഴുകിയതുമാണ്. മുഖത്തേ കോശങ്ങളും കാൽപ്പാദങ്ങളും കൈപ്പത്തികളും നഷ്ടപ്പെട്ടിട്ടുണ്ട്. ഐറിസ് ബ്രൗൺ ആണ്. കോർണ്ണിയ മേഘങ്ങൾ മൂടിയ പോലെ. കണ്ണുകൾ മുക്കാലും അടഞ്ഞിരിക്കുന്നു. പ്യൂപ്പിൾ 0.3 സി എം. മുടി കറുത്ത നിറം. വീതി കൂടിയ നെറ്റി. 11 ഇഞ്ച് നീളമുള്ള മുടിയിഴകൾ. പാൻസ് നീക്കം ചെയ്തത് കാലിലെ മുറിവിനെ വെളിവാക്കി. മൂർച്ചയേറിയ പല്ലുകളാൽ കടിച്ചെടുത്ത മുറിവ്. ഭീമൻ മത്സ്യങ്ങളുടേയോ മുതല ചീങ്കണ്ണി വന്യമൃഗങ്ങൾ ഏതുമാകാം. രക്തവാഹിനികൾ 1.5 എം എം വീതി കാണിക്കുന്നു. കഴുത്തിനെ വി ആകൃതിയിൽ ചുറ്റിയിരിക്കുന്നു. തൊലിയുടെ അഴുകിയ അവസ്ഥ മൂന്നാഴ്ചകളുടേയെങ്കിലും പഴക്കം നിർണ്ണയിക്കുന്നു.
ലൈംഗിക അവയവങ്ങൾ സ്ത്രീയുടേത്. വലിയ രീതിയിലുള്ള ചതവിന്റേയോ മുറിവിന്റേയോ മറ്റ് തെളിവുകളില്ല. ഗുഹ്യരോമങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ആന്തരികാ പരിശോധനാ വിവരങ്ങൾ
തല-കേന്ദ്രനാഡീവ്യൂഹം-1303 ഗ്രാം, അസ്ഥി വ്യൂഹം : കാർപ്പൽ, റേഡിയൽ അൾന (കാൽപ്പാദം, കൈപ്പത്തികളുടെ ) അസ്ഥി മുറിച്ച് മാറ്റിയിരിക്കുന്നു, ശ്വസനവ്യൂഹം ശ്വാസകോശം 350 ഗ്രാം, ഹൃദയധമനീ വ്യൂഹം 253 ഗ്രാം, ദഹന വ്യവസ്ഥ : മ്യൂകോസയും ഈസോഫോഗസും പിങ്ക് നിറത്തിലാണ്, മൂത്രാശയം : കിഡ്‌നി 115 ഗ്രാം വലത് 113 ഗ്രാം ഇടത്, ലൈംഗികാവയവം : സ്വാഭാവികം. പ്രസവിച്ചിട്ടില്ല. വിഷമയമായ പദാർത്ഥങ്ങൾ : ഇല്ല. ശേഖരിക്കപ്പെട്ട തെളിവുകൾ : 1 ടോപ്പ് നീല ചെറുത് 2 പാന്റ്‌സ് ബ്ലാക്ക് സൈസ് സ്‌മോൾ 3 കമ്മൽ 4 സാമ്പിൾ ബ്ലഡ് ടൈപ്പ് ഓ പോസിറ്റീവ് 5. 11 ഫോട്ടോഗ്രാഫുകൾ 6. സി റ്റി സ്‌കാൻ 7. എം ആർ ഐ അഭിപ്രായം. മരണ സമയം : 2-3 ഇടയിൽ. മരണകാരണം : മുങ്ങി മരണം. മറ്റ് വിവരങ്ങൾ : കൂടുതൽ ടെസ്റ്റുകൾക്ക് (swab). പീറ്റർ അന്നെടുത്ത ഫോട്ടോകളുടെ കോപ്പികൾ മേശപ്പുറത്ത് വച്ചു. സോളമൻ ഒന്നേ നോക്കിയുള്ളൂ. മുഖം തിരിച്ചു മൂക്കിൽ രണ്ട് പ്രാവശ്യം ഉഴിഞ്ഞ് അയാൾ ആ സന്ദർഭം മറികടക്കുവാനൊരു ശ്രമം നടത്തി.
""നിങ്ങൾക്ക് എന്താണിതിലിത്ര കൗതുകം? ഇത്ര ദിവസങ്ങൾ കഴിഞ്ഞത് കൊണ്ട് ചോദിക്കുകയാണ്.'' സോളമൻ മറുപടി നൽകിയില്ല.
""മറ്റൊന്നും കൊണ്ടല്ല. തടാകത്തിൽ ഇത്തരം മരണങ്ങൾ സാധാരണമാണ്. പക്ഷെ ആദ്യമായാണ് മാസങ്ങൾക്ക് ശേഷം ഒരാൾ ഇതിനെപ്പറ്റി അന്വേഷിച്ച് വരുന്നത്. നിങ്ങളുടെ സംശയങ്ങൾ പങ്കുവയ്ക്കുകയാണെങ്കിൽ ഞങ്ങൾക്കത് സഹായകരമായേക്കും. അങ്ങനെ എന്തെങ്കിലുമുണ്ടോ?''. ആ ചോദ്യത്തിനു പകരം തിരിച്ചൊരു ചോദ്യമായിരുന്നു സോളമന്റെ മറുപടി.
""ഷിറ മൃതദേഹം തിരിച്ചറിയുന്ന സമയം നിങ്ങളവരുടെ കൂടെ ഉണ്ടായിരുന്നോ?''
""ഇല്ല കൊച്ചൈപ്പോര ആയിരുന്നു അവരെ കൊണ്ടു പോയത്. എന്ത് പറ്റി?''
""അയാളോട് എനിക്ക് സംസാരിക്കുവാൻ കഴിയുമോ?''
""അയാളിപ്പോൾ ജോലിയിലില്ല. കാൻസർ ലാസ്റ്റ് സ്റ്റേജിലാണ്. പകരം അയാളുടെ മകന് ഞങ്ങൾ ജോലി കൊടുത്തു. അയാളെ വേണമെങ്കിൽ വിളിക്കാം. ആ സമയം അയാളുടെ പേരിൽ കുറച്ച് ലോക്കൽ ഇഷ്യൂസ് കൂടെ ഉണ്ടായിരുന്നു.''
""എന്ത് ഇഷ്യൂ?
""അയാളുടെ പേരക്കുട്ടിയെ ഉപദ്രവിച്ച സ്‌കൂൾ കുട്ടികളുടെ വീട്ടിലെ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കി താക്കീത് നൽകിയെന്നും പറഞ്ഞ് നാട്ടുകാർ വന്ന് ബഹളമുണ്ടാക്കി. അയാളും ഈ നാട്ടുകാരനാണ്, പക്ഷെ മിക്കവർക്കും കണ്ണെടുത്താൽ കണ്ടുകൂട. അപ്പോൾ മാനേജ്‌മെന്റിൽ നിന്നും പിരിയുന്നതിനുള്ള ഓഫർ സ്വീകരിക്കുകയായിരുന്നു. ഇപ്പോഴും ഇവിടുത്തെ ക്വാർട്ടേഴ്‌സിൽ തന്നെയാണ് താമസം. C49/19 പോയി കാണാവുന്നതേയുള്ളൂ. ഒരു പക്ഷെ മനസിലുള്ള സംശയങ്ങൾ ദൂരീകരിക്കുവാൻ കഴിഞ്ഞാൽ അതല്ലേ നന്നാവുക.''
കൊച്ചൈപ്പോരയുടെ വീട് നമ്പർ എഴുതിയ ഒരു പേപ്പർ അയാൾ സോളമനരികിലേക്ക് നീക്കി വച്ചു. സോളമനത് നിരക്കി എടുത്ത് പോക്കറ്റിൽ വച്ച് കൈകൾ പിടിച്ച് കുലുക്കി അവിടെ നിന്നും ഇറങ്ങി. അയാളെ സംബന്ധിച്ച് കൊച്ചൈപ്പോരയെന്ന അപ്പാപ്പനെ മനസിലാക്കുവാൻ സാധിച്ചിരുന്നില്ല. സോളമന്റെ അപ്പാപ്പൻ ഔത നൽകിയിരുന്ന അനുഭവങ്ങൾ ഇതിനു മറുവശമായിരുന്നു.
സോളമന്റെ ബാല്യം ഔതയോടുള്ള ഭയത്തിലൂടെയാണ് കടന്നു പോയിട്ടുള്ളത്. അയാളുടെ മരണത്തിലൂടെ മാത്രമാണ് അവൻ ഭയത്തിൽ നിന്നും മുക്തി നേടിയത്. ഔതയ്ക്ക് സോളമൻ കരയുന്നത് ഹരമായിരുന്നു. കോഴികൃഷിയും താറാവുകൃഷിയും സ്വന്തമായി ഔതപ്പാപ്പൻ നോക്കി നടത്തിയിരുന്നു. കുട്ടിയായ സോളമനു വേണ്ടിയിരുന്നത് പുന്നാരിക്കുവാൻ ഒരു കോഴിക്കുഞ്ഞായിരുന്നു. എന്നാൽ ഔതപ്പാപ്പന്റെ കോഴികളിൽ കണ്ണുവയ്ക്കാൻ പോലും അവനു ഭയമായിരുന്നു. എന്നിട്ടും കൊതി മൂത്ത് പോയി ആവശ്യം പറഞ്ഞു. കിട്ടി നടുമ്പുറത്ത് പടക്കം പൊട്ടുന്ന ഒന്ന്. കരഞ്ഞ് കരഞ്ഞ് ഓടുന്ന സോളമനെ നോക്കിക്കൊണ്ട് ഔത പൊട്ടിച്ചിരിച്ചു. അമ്മയോടുള്ള പരിഭവം പറച്ചിലിനൊടുവിൽ ഔതയോട് കോഴിക്കുഞ്ഞിന്റെ ആവശ്യം അമ്മ അറിയിച്ചതോടെ കാര്യം മാറി. ഔത സോളമനോട് നിനക്ക് കോഴിക്കുഞ്ഞിനെ വേണോടാ നായിന്റെ മോനേയെന്ന് മുഖത്ത് നോക്കി ചോദിച്ചു. ഭയന്ന് ഭയന്ന് സോളമൻ തലയാട്ടി. ഔത അവനെ അടുത്തേക്ക് വിളിച്ച് കണ്ണിൽ നോക്കാൻ ആജ്ഞാപിച്ചു. അവൻ നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് അവന്റെ കണ്ണുകൾ പുകഞ്ഞു. ഔതയുടെ ബീഡി മുന അവന്റെ കുഞ്ഞു കാലുകളിൽ പല്ലുകളിറുക്കി. അവന്റെ കണ്ണ് നിറഞ്ഞൊഴുകി. ആശ്വസിപ്പിക്കുവാൻ അവനേയും കൂട്ടി ഔതപ്പാപ്പൻ കോഴിക്കൂട്ടിലേക്ക് നടന്നു. ചാരനിറത്തിലുള്ള ഒരു കോഴിക്കുഞ്ഞിനെ കൂട്ടിൽ നിന്നും കയ്യിട്ടു പിടിച്ച് ഔത മുന്നേ നടന്നു. പ്രതീക്ഷയോടെ കൊതി പിടിച്ച് സോളമൻ പിറകിലും. കൊയ്ത്ത് കഴിഞ്ഞ പാടത്തെത്തിയപ്പോൾ കോഴിക്കുഞ്ഞിനെയയാൾ കൈവെള്ളക്കുള്ളിൽ നിന്നും പുറത്തു വിട്ടു. അത് കിയോ കിയോയെന്ന് അമ്മയെ വിളിച്ച് കരഞ്ഞ് ഓടി. സോളമൻ അത് കണ്ട് സന്തോഷത്തോടെ കോഴിക്കുഞ്ഞിനെ പിടിക്കുവാൻ ആഞ്ഞു. അതേ നിമിഷത്തിൽ ഔത അവന്റെ കുഞ്ഞി കൈകളിൽ പൂട്ടിട്ടു പിടിച്ചു വഴി തടഞ്ഞു. കൈകൾ വിടുവിക്കാനായി ബലം പ്രയോഗിച്ച് വേദനയെടുത്ത് ആ പരിശ്രമം ഉപേക്ഷിച്ചു. ഔതയുടെ കൈകളുടെ മുറുക്കം രക്തവാഹിനികളെ തടഞ്ഞതിനാൽ അവനു കൈകൾ മരവിച്ചു. വലിയ താമസം കൂടാതെ തന്റേതാകാൻ പോകുന്ന കോഴിക്കുഞ്ഞിനു വേണ്ടി അവനതെല്ലാം സഹിച്ചു. അവൻ ശബ്ദമുണ്ടാക്കി കോഴിക്കുഞ്ഞിനെ വിളിച്ചു. അപ്പോൾ എങ്ങു നിന്നെന്നറിയാതെ വന്നൊരു ചുവപ്പു കണ്ണൻ ചെമ്പോത്ത് ഞൊടിയിടയിൽ അതിനെ റാഞ്ചിപ്പറന്നു. അകലെ നിന്നും അത് കണ്ട് ഉണങ്ങിയ വാഴയിലകൾ പോലെ മരങ്ങളിൽ കിഴക്കാം തൂക്കായ് തൂങ്ങിയ വവ്വാലുകൾ ലോകാസകലരേയും കാതുകൾ പൊത്താൻ പ്രചോദിപ്പിക്കും തരത്തിൽ ചീറി ശബ്ദമുണ്ടാക്കി. സോളമനാദ്യം എന്താ സംഭവിച്ചതെന്ന് പോലും തിരിച്ചറിയുവാൻ കഴിഞ്ഞില്ല. അപ്പോളുയർന്ന ഔതാപ്പന്റെ ചിരി അവനെ ഞെട്ടിച്ചു. കാര്യമറിഞ്ഞപ്പോൾ വേരുകളറ്റ ചെടി പോലവൻ വാടി. ഔത കൈകളയച്ച് വിട്ടു. കരയുവാനുള്ള ധൈര്യം കുണ്ടിനുള്ളിലേക്ക് താഴ്ന്ന് പോയ ജലം പോലെ ഒഴിഞ്ഞു. ഇനിയും കരഞ്ഞാൽ അപ്പാപ്പൻ കോഴിക്കുഞ്ഞുങ്ങളെ വീണ്ടും ചെമ്പോത്തുകൾക്ക് എറിഞ്ഞു കൊടുക്കുമെന്ന് അവൻ ഭയന്നു. കരച്ചിൽ ശരീരത്തിനുള്ളിൽ അമങ്ങി. അങ്ങനെയുള്ള സോളമനു കൊച്ചൈപ്പോരയെ എങ്ങനെ മനസിലാകാനാണ്.
ക്വാർട്ടേഴ്‌സ് രണ്ടാം നിലയിലായിരുന്നു. കോളിംഗ് ബെൽ അമർത്തിയപ്പോൾ ഏതോ സ്ത്രീയുടെ വിതുമ്പൽ കേട്ടു. ഒരു നിമിഷം സോളമൻ അത് കോളിംഗ് ബെൽ സംഗീതമാണെന്ന് തെറ്റിദ്ധരിച്ചു. അവസാനം വാതിലിൽ മുട്ടി. ഒരു പയ്യൻ വന്ന് വാതിൽ തുറന്നു. അകത്ത് കടന്നതും മൂത്രത്തിന്റെ ഗന്ധം അയാളുടെ മൂക്കിൽ കുത്തി. കൊച്ചൈപ്പോരയുടെ മുറിയിൽ നിന്നുമാകണമതെന്ന് വാതിൽ തുറന്ന പയ്യന്റെ മുഖത്ത് നോക്കി ചിരിക്കുന്നതിനിടെ അയാൾ ഊഹിച്ചു.
""മറ്റാരെങ്കിലുമുണ്ടോ വീട്ടിൽ?''
""അമ്മച്ചീ'' അവൻ നീട്ടി വിളിച്ചു.
കോളിംഗ് ബെൽ കേട്ട് കണ്ണുനീർ തുടയ്ക്കുവാൻ പോയിരുന്ന അമ്മച്ചിയുടെ ഒരു ഞരക്കം അടുക്കളയിൽ നിന്നും കേട്ടു. കനത്ത മുഖവുമായി അവർ വന്നു.
""ഇരിക്കൂ''. സോളമൻ സോഫയിൽ ഇരുന്നു. സാരി വച്ച് മുഖം ഒരിക്കൽ കൂടി തുടച്ചുകൊണ്ടവർ മുടിക്കെട്ട് ഒന്നുകൂടെ മുറുക്കി. സോളമൻ വരവിന്റെ ഉദ്ദേശം അവരെ അറിയിച്ചു.
""അപ്പൻ കിടപ്പിലാണല്ലോ. അധികം സംസാരിക്കത്തൊന്നില്ല. ആകെ ദേ ഇവനോടാണ് എന്തേലും മുക്കി മൂളണത്. പോയി കണ്ട് നോക്ക്.'' മെലിഞ്ഞ കൈകളാണ് സോളമന്റെ കണ്ണുകളിൽ ആദ്യം പതിഞ്ഞത്. സ്ത്രീകളുടെ മെലിഞ്ഞ കൈകളെ ആരാധനാപൂർവ്വം ദർശിച്ചിരുന്ന സോളമനെ അതൊന്നു പിടിച്ചുലച്ചു. രോഗം മെലിയിച്ച കൈകൾ. കണ്ണുകൾ മാത്രം ദീപ്തം. എല്ലുകളുന്തി ജീവനുണ്ടെന്നറിയിക്കുവാൻ ഇടയ്ക്കിടെ കണ്ണു ചിമ്മുന്ന ഒരാൾ. കടുത്ത മണം മുറിയിലുണ്ടായിരുന്നു. മരണത്തിന്റെ കാലൊച്ച കാതുകളിലണിഞ്ഞ അയാളെ സോളമനെളുപ്പം തിരിച്ചറിഞ്ഞു. മുറിയിൽ നിന്നും എത്രയും പെട്ടെന്ന് പുറത്ത് കടക്കുവാൻ അയാൾ ആഗ്രഹിച്ചു. പെട്ടെന്നാ രൂപം സോളമന്റെ കൈകളിൽ കയറിപ്പിടിച്ചു. വർഷങ്ങളുടെ എല്ലുബലം സോളമന്റെ ആരോഗ്യത്തെ കീഴ്‌പ്പെടുത്തിക്കളഞ്ഞു. ആ വിരലുകൾ വിടീക്കുവാൻ കഴിയാതെ അയാൾ പതറി. അസ്വസ്ഥനായി. അയാളുടെ മരണ സമയമാണിതെന്ന് സോളമനുറപ്പുണ്ടായിരുന്നു.
കാൽത്തളയിട്ട മരണം വീടിനു ചുറ്റും ഓടി നടക്കുന്ന ചിലമ്പൊലി. എല്ലുകൾക്ക് മീതെ വെറും തൊലി ചുറ്റിയ രൂപം അവനെ നോക്കി ചിരിച്ചു.
""വിടപ്പച്ചാ'' സ്ത്രീ വന്ന് ഒച്ചയെടുത്തു. അയാളുടെ ചിരി മാഞ്ഞു. പിടി വിട്ടു.
""എങ്ങനേലും ഒന്ന് തീർന്നു കിട്ടിയാ മതി. ഈ നരകത്തീന്നൊന്ന് രക്ഷപ്പെടാൻ.'' സ്ത്രീ പ്രാകിക്കൊണ്ട് നടന്നകന്നു. പെട്ടെന്ന് രൂക്ഷമായ ഗന്ധം അവിടെ നിറഞ്ഞു.
""അമ്മച്ച്യേ അപ്പാപ്പൻ വീണ്ടും അപ്പി ഇട്ടണ്ട്.'' സോളമൻ വേഗം പുറത്തിറങ്ങി കോണിപ്പടികൾ ഓടിയിറങ്ങി ഒരു ചെടിയുടെ കടയ്ക്കൽ കുനിഞ്ഞു നിന്ന് ഓക്കാനിച്ചു. രണ്ടു വട്ടം അത് ചെയ്ത് കഴിഞ്ഞപ്പോൾ അയാൾക്ക് ചെറിയ സമാധാനം ലഭിച്ചു. വായിൽ നിറഞ്ഞ കഫം അയാൾ തുപ്പിക്കളഞ്ഞു. കൊച്ചൈപ്പിന്റെ കൊച്ചുമകൻ പടികളിറങ്ങി വന്ന് അയാളുടെ പുറം ഉഴിഞ്ഞു കൊടുത്തു. സോളമനാശ്വാസം തോന്നി. കുറച്ച് കഴിഞ്ഞ് സോളമന്റെ കൈകളിലേക്ക് അവൻ ഒരു പെൻഡ്രൈവ് വച്ച് തന്നു.
""അപ്പാപ്പൻ തരാൻ പറഞ്ഞാർന്നു.'' കൊച്ചൈപ്പ് ജീവിതം തുടരുന്നതിൽ സോളമന് ആശങ്കയുണ്ടായിരുന്നു. മൃതശരീരം എണീറ്റ് വന്ന് കൈകൾ പിടിച്ചതു പോലെ അയാൾ ആ സന്ദർഭം ഓർമ്മിച്ചു. അയാൾ ചുണ്ടിനു ചുറ്റുമുള്ള അഴുക്ക് ചെടിയുടെ ഇലകൾ വച്ച് തുടച്ചു. ഓർമ്മ ഒരിക്കൽ കൂടി ഓക്കാനം കൊണ്ട് തന്നു. ഈ വട്ടം കുറച്ച് വെള്ളം ഛർദ്ദിച്ചു. വലിയ താമസമില്ലാതെ സോളമൻ അവിടം വിട്ടു.
അടുത്ത മണിക്കൂറുകളിൽ തടാകത്തിനരികിലൂടെ നടന്ന് ശുദ്ധ വായു ശ്വസിച്ച്, നോക്കെത്താ ദൂരത്തെ ജലം ഇളകുന്നത് ശരീരത്താൽ അഭിനയിച്ച്, തടാകത്തിനു മീതെ പൊങ്ങിയ മഞ്ഞ് വീശിയെറിഞ്ഞ വല പോലെ പക്ഷികളെ കവർന്നത് ശ്രദ്ധിച്ച്, അപരിചിതരായ വിനോദയാത്രക്കാരെ പരിഗണിച്ച്, സോളമൻ പിരിമുറുക്കം കുറച്ചു. മടുത്തപ്പോൾ വീണ്ടും പീറ്ററിനടുത്തേക്ക് യാത്രയായി. കൊച്ചൈപ്പോരയുടെ വീട്ടിൽ വച്ചുണ്ടായ ദുരനുഭവം പങ്കുവച്ചു. പീറ്റർ സോളമനു തങ്ങുവാനുള്ള ആവശ്യത്തെ ചോദിച്ച് മനസിലാക്കി ഒരു ഹോട്ടലിൽ മുറി സംഘടിപ്പിച്ചു കൊടുത്തു.
അതിനു മുൻപ് മേരിയുടെ ജഢം കണ്ടെത്തിയ ഇടം സന്ദർശിക്കുവാൻ സോളമൻ ആഗ്രഹം പ്രകടിപ്പിച്ചു. പീറ്റർ അതിനു വേണ്ട ഏർപ്പാട് ഫോണിലൂടെ ചെയ്തു കൊടുത്തു. ഡീൻ കോർപ്പിന്റെ കാറിലാണ് സോളമൻ അങ്ങോട്ടേയ്ക്ക് പുറപ്പെട്ടത്. രണ്ട് സെക്യൂരിറ്റി ജീവനക്കാർ അകമ്പടിയായി ഉണ്ടായിരുന്നു. പീറ്ററിന്റെ നിഗമനത്തിൽ യാതൊരു അപാകതകളും സോളമനു കണ്ടെത്താനായില്ല. ചുവന്ന നിറത്തിലുള്ള കാർ, ജഢം എന്നിവയുടെ വിവിധ ഫോട്ടോകൾ സോളമൻ പിന്നേയും പരിശോധിച്ചു. തൊലി അടർന്നു തൂങ്ങിയിരുന്നതിനാൽ നിറവ്യത്യാസം ഉണ്ടായിരുന്നു. മുഖം തിരിച്ചറിയുവാൻ പ്രയാസം തന്നെയാണ്. കൈത്തണ്ടയിൽ പച്ചകുത്തിയ അടയാളം ഫോട്ടോയിൽ കണ്ടതോടെ അയാളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പ്രദേശത്തെ താഴ്ച എത്രയെന്നറിയുവാൻ സോളമൻ കയ്യിൽ കിട്ടിയ കമ്പ് ഒന്ന് കുത്തി നോക്കി. അത് കണ്ട് സുരക്ഷാജീവനക്കാർ പരസ്പരം നോക്കി ചിരിച്ചു. കയ്യിൽ കിട്ടിയ ഒരു പരന്ന കല്ലെടുത്ത് സോളമൻ തടാകത്തിലേക്കൊരു വീക്ക് കൊടുത്തു. അത് ചാടി ചാടി വെള്ളത്തിലൂടെ ദൂരേക്ക് സഞ്ചരിച്ചു. കൂടുതൽ സമയം ചിലവഴിക്കേണ്ടി വരും എന്ന് കരുതിയ സുരക്ഷാജീവനക്കാർ തങ്ങളുടെ പതിവ് ജോലികളിലേക്ക് താമസിയാതെ തിരിച്ചു പോയി.▮
(തുടരും)