ചിത്രീകരണം: ശ്രീജിത്ത് പി. എസ്.

മൈ**

അധ്യായം അഞ്ച് തുടർച്ച

കുളിമുറിയിൽ വച്ച് നഗ്‌നനായി ഷവറിനു കീഴിൽ നിന്ന് മുഖം കഴുകുകയും കൈകളാൽ ശരീരമാകെയൊന്ന് ഓടിക്കുകയും ചെയ്യുന്നതിനിടയിലാണ് കൊച്ചൈപ്പോരയുടെ കൊച്ചു മകൻ അയാളുടെ വിരലുകൾ പിടിച്ച് തുടയിൽ തട്ടിയ ഒരോർമ്മ തുളച്ചു കയറിയത്. അപ്പോഴാണ് കൈകളിൽ വച്ചു തന്ന പെൻഡ്രൈവ് ഓർമ വന്നത്. അയാൾ കുളി നിർത്തുവാൻ ഷവർ പൂട്ടി. അപ്പോൾ ജാഥയിൽ ആളുകൾ ചേരുന്ന പോലെ ജലകണികൾ പലതുകൾ ചേർന്ന് ഒഴുക്കായി കുളിമുറിയുടെ ദ്വാരത്തിലേക്കിറങ്ങിപ്പോയി.

ടവ്വൽ ചുറ്റി പുറത്തിറങ്ങിയെങ്കിലും പല ശരീരഭാഗങ്ങളിലും ജലകണങ്ങൾ വിട്ട് പോകാതെ ഒട്ടിപ്പിടിച്ച് നിന്നിരുന്നു. അഴിഞ്ഞു വീണു കിടക്കുന്ന ജീൻസിന്റെ പോക്കറ്റിൽ നിന്നും പെൻ ഡ്രൈവ് അയാൾ തപ്പിയെടുത്തു. 32 ജിബി സാൻഡിസ്‌ക്കിന്റെ ക്രൂസർ ബ്ലേഡ് എന്ന ശ്രേണിയിൽ പെട്ട കറുപ്പും ചുവപ്പും നിറങ്ങൾ കലർന്ന പെൻഡ്രൈവായിരുന്നു അത്. ലാപ്പിലത് കുത്തി. ആന്റിവൈറസ് സ്വമേധയാ അതിനെ സ്‌കാൻ ചെയ്തു. പഠനവുമായി ബന്ധപ്പെട്ട് ഏതാനും പി.ഡി.എഫ് ഫയലുകളും ഗാനങ്ങളും സാം എന്ന ഫോൾഡറിൽ കൊച്ചൈപ്പോരയുടെ ഏതാനും ചിത്രങ്ങളും മാത്രമാണ് ആ പെൻഡ്രൈവിൽ ഉണ്ടായിരുന്നത്. ഓൾഡ് എന്നു പറഞ്ഞു മറ്റൊരു ഫോൾഡറിൽ തടാകവും അതിന്റെ അതിർത്തികളും കൊച്ചൈപ്പോരയുടെ സാലറി റെസീപ്റ്റും അല്ലറ ചില്ലറ രേഖാചിത്രങ്ങളും മാത്രമാണ് കണ്ടത്. സോളമൻ സാവധാനം ഓരോന്നായി പരിശോധിച്ചു. സംശയാസ്പദമായി ഒരൊറ്റ ഫയലു പോലും കണ്ടെത്താൻ അയാൾക്കായില്ല. അയാൾക്ക് ദേഷ്യം വന്ന് പെൻ ഡ്രൈവ് ഊരി ഒരൊറ്റ ഏറുകൊടുത്തു. കസേരയിൽ നിന്നുമെഴുന്നേറ്റ് വസ്ത്രം ധരിക്കവേ കണ്ണാടിയിലേക്ക് ഒന്ന് നോക്കി. കൊച്ചൈപ്പോരയുടെ ചെറുമകന്റെ വിടർന്ന കണ്ണുകൾ ഓർമ വന്നു. എന്താശയം പകരുന്നതിനിടയിലായിരുന്നു അവന്റെ ശ്വാസം ശരീരത്തിൽ വീണതെന്നാലോചിച്ചു. മുറിഞ്ഞു പോയൊരു വാക്ക്, ആശയം അതിനപ്പുറം കാണാതായി പോയവയെ തേടിക്കൊണ്ടിരിക്കുമോയെന്ന് ഓർത്തപ്പോൾ, എറിഞ്ഞു കളഞ്ഞ പെൻഡ്രൈവ് മുട്ടുകുത്തി തപ്പിയെടുത്ത് ഒരിക്കൽ കൂടി ലാപ്പിൽ കുത്തി.

ഫയലുകൾ പരിശോധിക്കുന്നതിനിടെ ഗൂഗിളിൽ പോയി ഒരു റിക്കവറി സോഫ്‌റ്റുവെയർ ഡൗൺലോഡിനു കൊടുത്തു. ഇൻസ്റ്റാൾ ചെയ്തതിനു ശേഷം പെൻഡ്രൈവിനെ സെലക്ട് ചെയ്ത് റൺ ചെയ്തു. ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകൾ ഓരോന്നായി പുറത്തേക്ക് വന്നു. ചിത്രങ്ങളിൽ ഡബിൾ ക്ലിക്ക് ചെയ്യുമ്പോഴുള്ള ടിൻ ടിൻ ശബ്ദം സംഗീതമായി മുഴങ്ങി. അധികം താമസിയാതെത്തന്നെ മേരിയുടേയും സോളമന്റേയും ഒരു സെൽഫി ചിത്രം ആ ഫയലുകൾക്ക് ഇടയിൽ നിന്നും കണ്ടെടുക്കുവാൻ അയാൾക്ക് സാധിച്ചു. ഇരുപത്തഞ്ച് മിനിറ്റോളം ആ സോഫ്‌റ്റുവെയർ പ്രവർത്തിച്ചു. നൂറുകണക്കിനു ഫയലുകൾ പൊന്തിച്ചെടുത്തു. തങ്ങളുടെ ചിത്രം കണ്ടയാൾ വിഷാദം നിറഞ്ഞു തൂവി. മേരിയുടെ വിടവ് ഒരു വസ്തുവിനോടുള്ള സ്പർശനത്തിന്റെ അഭാവം പോലെ അയാളെ ചൂഴ്ന്നു. ഇല്ല മേരിയില്ല. മേരിയെന്ന ജീവൻ ഈ ഭൂമിയിൽ ഇല്ല. മേരിയും താനുമുള്ള ഫോട്ടോ കൊച്ചൈപ്പോരയുടെ ചെറുമകന്റെ കൈകളിൽ എങ്ങിനെ വന്നു ചേർന്നു എന്ന ചോദ്യം അയാളിൽ അപ്പോൾ കടന്നു വന്നു. അയാൾ ഫയലുകളിൽ ഒരു നീർന്നായയെപ്പോലെ മുങ്ങാംകുഴിയിട്ടു. മറ്റ് ചിത്രങ്ങളിൽ മേരിയുടെ സാന്നിധ്യം പ്രത്യക്ഷത്തിൽ ദൃശ്യമായിരുന്നില്ല. മറ്റു ഫയലുകളിൽ നിന്നും വ്യത്യസ്തമായി ഫയൽ സൈസ് കുറച്ചധികം കാണിച്ച ഒരു ഫയൽ ശ്രദ്ധയിൽപ്പെട്ടു. സോളമനതിൽ ക്ലിക്ക് ചെയ്തു. അതൊരു വീഡിയോ ഫയൽ ആയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ്. ഇഷ്ടികകൾ പാകിയ സാധാരണ നിലത്ത് കുറച്ച് നേരം ക്യാമറ സൂം ചെയ്തു. വെളിച്ചം ഉണ്ടോയെന്ന് സംശയം തോന്നുന്ന ചുറ്റുപാടായിരുന്നു. നൈറ്റ് വിഷൻ ക്യാമറ കണക്കെ കാണുന്നവയെല്ലാം വീഡിയോവിൽ വെളുത്ത് കണ്ടു.

ഒരു മുഖം പെട്ടെന്ന് ക്യാമറയുടെ മുന്നിലേക്ക് പ്രവേശിച്ചു. സോളമൻ ഞെട്ടി പിറകോട്ടാഞ്ഞു. വീഡിയോ ബ്ലാക്ക് ആൻഡ് വൈറ്റ് അല്ലയെന്ന് അന്നേരം സോളമന് മനസിലായി. ചുവപ്പ് നിറത്തിൽ ചായം പൂശിയ മാനിന്റെ തലയോട്ടി ധരിച്ച ഒരു മനുഷ്യൻ കടന്നുവന്നത് സോളമനെ ഭയപ്പെടുത്തി. മണ്ണിനു മുകളിലേക്ക് വളർന്ന വേരുകൾ പോലെ അയാളുടെ തലയോട്ടിയിൽ നിന്നും കൊമ്പുകൾ മുളച്ചിരുന്നു. അയാൾ ധരിച്ചിരുന്ന ബനിയനിൽ നിന്നും കുടവയർ പുറത്തേക്ക് തള്ളി നിന്നിരുന്നു. കൈകൾ വലുതായിരുന്നു. എന്തോ സംസാരിക്കുവാൻ ശ്രമിക്കുന്നതിനിടെ ആഹ്ലാദശബ്ദം അയാൾ പുറത്തെടുത്തു. ക്യാമറ പിടിക്കുന്നവനും അത് കേട്ട് ശബ്ദമുണ്ടാക്കി. പിന്നെയും നാലു കാലുകൾ കൂടി കടന്നു വന്നു. ഓരോരുത്തരും മുഖം മൂടി അണിഞ്ഞിരുന്നു. പഴയ തരത്തിലുള്ള കെട്ടിടമായിരുന്നു അത്. മുറിയുടെ മൂലയിലേക്ക് മുഖം മൂടികൾ നടന്നു ചെന്നു. മൂലയിൽ പഴന്തുണി കൂട്ടിയിട്ട പോലെ ചുരുണ്ടു കിടക്കുന്ന ഒരു മനുഷ്യക്കുട്ടിയിൽ ക്യാമറ വന്ന് നിശ്ചലമായി. ആ കുട്ടി സ്വബോധാവസ്ഥയിൽ ആയിരുന്നില്ല. ഇടയ്ക്കിടയ്ക്ക് ഞരങ്ങുകയും എഴുന്നേൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും അതിനു സാധിച്ചില്ല. ഈച്ചകളുടെ ശബ്ദം പോലെ എന്തോയൊന്ന് അവരെ കടന്നു പോയി. മൂന്നു മുഖം മൂടികളും ആ കുട്ടിക്കു ചുറ്റുമായി നിന്നു. മുഖം ദൃശ്യമല്ലാതിരുന്നതിനാൽ അടുത്ത ചലനം ഏത് ഭാവത്തിലാകുമെന്ന് ഊഹിക്കുവാൻ സാധിക്കുമായിരുന്നില്ല. അതാലോചിച്ച് കുഴങ്ങുന്നതിനിടെ ഒരാൾ കാലു വച്ച് കുട്ടിയുടെ വയറിൽ അടിച്ചു. പത്ത് പതിനാലു വയസുള്ള പെൺകുട്ടി. സോളമനുറപ്പിച്ചു. പെൺകുട്ടി ഞരങ്ങി ഒന്ന് കുതറി. അക്രമകാരി ആഹ്ലാദശബ്ദം പുറപ്പെടുവിച്ചു. ഒരാൾ കുനിഞ്ഞ് നിന്ന് കുട്ടിയെ വലിച്ച് ക്യാമറയ്ക്ക് കാണാൻ കഴിയുന്ന നിലയിലേക്ക് ഇട്ടു. അവളുടെ തലയിൽ ഒരു മുൾക്കിരീടം ബലമായി അണിയിച്ചു. പെൺകുട്ടിയുടെ അലർച്ച സോളമന്റെ ചെവിയിൽ ചീവീടുകളെപ്പോലെ പതിച്ചു. അയാൾ ഹെഡ്‌സെറ്റൂരി താഴെ വച്ച് വീഡിയോ നിശ്ചലമാക്കി ഒരു ദീർഘ നിശ്വാസമെടുത്തു. വീഡിയോ പിന്നേയും പ്രവർത്തിപ്പിച്ചു. മുറിയുടെ മറ്റൊരു മൂലയിൽ അഴുക്കു പിടിച്ച പല തരം മാലിന്യങ്ങൾ കാണാൻ സാധിക്കുമായിരുന്നു. കുപ്പികൾ പാത്രങ്ങൾ പൊട്ടിയ ബക്കറ്റുകൾ അഴുക്കുപിടിച്ച വിരികൾ. ക്യാമറ വീണ്ടും പെൺകുട്ടിയിലേക്ക് തിരിച്ചു വന്നു.അപ്പോഴവിടെ അവളുടെ വയറിൽ കാൽമുട്ടുകളാഴ്ത്തി വസ്ത്രം ഊരി രസിക്കുന്ന മുഖം മൂടിയെ കാണാൻ കഴിഞ്ഞു. വേദനകൊണ്ട് ബോധം മറഞ്ഞ പെൺകുട്ടിയുടെ കാലുകൾ വിടർത്തി ഒരാൾ ഗുഹ്യരോമങ്ങൾ ക്ഷൗരക്കത്തിക്കൊണ്ട് വടിച്ചു കൊണ്ടിരുന്നു. അത് കണ്ട് മറ്റൊരാൾ ലിംഗം ഉദ്ദീപിപിക്കുവാനുള്ള ശ്രമം തുടങ്ങി. സോളമൻ വിയർത്തു. ഇത്തരത്തിൽ വീഡിയോയുമായി പിടിക്കപ്പെട്ടാൻ ജയിൽവാസം ഉറപ്പാണെന്ന് അയാൾക്കറിയാമായിരുന്നു. മുന്നോട്ട് കാണാതെ ഇതൊന്ന് അവസാനിച്ചെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിച്ചു. പക്ഷെ മേരിയുമായി ഈ വീഡിയോക്ക് ബന്ധം ഉണ്ടെന്ന തോന്നൽ ഗുഹ്യരോമം വടിക്കുന്ന നിമിഷത്തിൽ അയാൾ ഉറപ്പിച്ചു. എന്തും വരട്ടേയെന്ന് കരുതി അയാൾ അത് പ്രവർത്തിപ്പിച്ചു. താമസിയാതെ ഒരു കരച്ചിൽ അയാളിൽ നിന്നും പുറപ്പെട്ടു. ഹോട്ടലിനു സമീപമുണ്ടായിരുന്ന ഒരു കൂട്ടം പക്ഷികൾ ഒറ്റയടിക്ക് പറന്നു പോയി. പെട്ടന്നവിടെ ഒരു മഴ ആരംഭിച്ചു. അതിൽ സോളമന്റെ കരച്ചിലൊഴുകിപ്പോയി. ചരിഞ്ഞു പെയ്ത മഴ കെട്ടിടങ്ങളുടെ സൺസൈഡുകളിൽ പതിച്ചു. കിളികൾ ശേഖരിച്ചു വച്ചിരുന്ന ഉണക്കകമ്പുകൾ കാറ്റിൽ പറന്നു. വഴിയോരങ്ങളിലെ താഴ്ചകളിലൂടെ വെള്ളമൊഴുകിക്കൊണ്ടിരുന്നു. അഴുക്കുകൾ അതിലൂടെ സഞ്ചരിച്ചു.

കരച്ചിലതിൽ പൊന്തിക്കിടന്നൊഴുകി. പുല്ലുകളവയുടെ തുമ്പുകൾ അതിലേക്കിറക്കി ആടിക്കൊണ്ടിരുന്നു. പൂക്കൾ നിപതിച്ചു. പെട്ടെന്ന് പട്ടികളുടെ കുര കൂവലുകളായിമാറി. അവർക്കൊപ്പം സോളമനും കൂവിക്കരഞ്ഞു. ഇടയ്ക്ക് വീഡിയോവിലേക്ക് തലതിരിച്ചപ്പോൾ മൂന്നാമൻ അവളിലേക്ക് ആഴ്ന്നിറങ്ങുന്നതും ശരീരത്തിൽ എന്തോ വരയ്ക്കുന്നതും കണ്ടു. ജലം കുടിച്ച് ചീർത്ത നിലം ചേമ്പിലയായി ജലത്തെ തിരസ്‌ക്കരിച്ചു. ഒഴുക്കിലേക്ക് കയറുവാൻ തോടിലെ പരലുകൾ കൊതിപിടിച്ചു ശരീരം വെട്ടിച്ചു. മാളങ്ങളിൽ ഒതുങ്ങിയ പാമ്പുകളും എലികളും ഗൂഢതയിലേക്ക് ഇഴഞ്ഞു.

മഴ തോർന്ന് ഒരു മിനിറ്റിൽ ഒരു തുള്ളിയെന്ന തോതിൽ പൊഴിയുന്ന സമയം സോളമൻ നടക്കാനിറങ്ങി. കൊച്ചൈപ്പോരയുടെ വീടായിരുന്നു അയാളുടെ ലക്ഷ്യം. അയാളെ വീണ്ടും അഭിമുഖീകരിക്കുന്നതിനുള്ള ധൈര്യം ആ വീഡിയോ അയാൾക്ക് നൽകിയിരുന്നു. ഗൂഢതയെ വെളിവാക്കുവാനുള്ള തത്രപ്പാട് അയാളുടെ കാലടിപ്പാടുകളെ മുന്നോട്ട് നയിച്ചു. അകലെ നിന്നേ കൊച്ചൈപ്പോരയുടെ ക്വാർട്ടേഴ്‌സിനു മുൻപിൽ ആൾക്കൂട്ടത്തെ കാണുവാൻ സാധിച്ചു. ആൾക്കൂട്ടത്തിനുള്ളിൽ നിന്നും പേരമകൻ അയാളെ തിരിച്ചറിഞ്ഞ് കൈകൾ വീശി നോക്കി നിന്നു. അവർ പരസ്പരം കാഴ്ച കൊണ്ട് സ്പർശിച്ചു. സോളമൻ തിരികെപ്പോകുന്നത് പേരമകൻ നിസഹായനായി കണ്ടു. സോളമൻ അണക്കെട്ടിനരികിലൂടെ നടന്നു. ആഢംബരകെട്ടിടങ്ങൾക്കരികെ ഇപ്പോൾ കാറ്റടിച്ചാൽ പറന്നു പോയേക്കാമെന്ന പോലെ ഇരിക്കുന്നൊരു ചായക്കട കണ്ടു. ഒച്ചയില്ലായ്മകളുടെ ചെറിയ അടരുകൾ പോലെ പല ഗൂഢശബ്ദങ്ങളും അങ്ങിങ്ങായി പൊഴിഞ്ഞു കൊണ്ടിരുന്നു. ജലം ഒഴുകുന്നു, കാറ്റ് വീശുന്നു, ദൂരെയിരുന്ന് ഇരുമ്പ് തല്ലുന്ന കരുവാൻ, പാഞ്ഞു പോകുന്ന സ്‌കൂട്ടർ, ഭാവിയിലൊരു ദിനം മണൽത്തരിയാകാൻ സാധ്യതയുള്ള ഉരുളങ്കല്ല്, മരങ്ങളിൽ ഞാന്ന് കിടക്കുന്ന സർപ്പവള്ളികൾ. ഉണങ്ങിയ വാഴയിലകൾ പോലെയുള്ള ചിറകുകൾ വീശി വാവലുകൾ മരങ്ങളെ വിട്ട് നീലരാത്രിയിലേക്ക് പറക്കുവാൻ ശരീരം കുടഞ്ഞിട്ടു. കാറ്റടിച്ചപ്പോൾ ഇലകൾ പരസ്പരം ഉരസുന്ന തകിൽമേളം. സ്വരങ്ങളുടെ ആപേക്ഷികതകൾ. ജീവിതം പോലെത്തന്നെ.

""പല വംശങ്ങളിലൂടേയും ഗോത്രങ്ങളിലൂടേയും കാലങ്ങളിലൂടേയും കടന്ന് വന്നതാണ് ഭൂമി. ഒന്നിൽ നിന്ന് മറ്റൊന്ന് ഭൂമിയെ കയ്യടക്കി. എന്നാൽ ഇതിനൊരപവാദം ഈ കാടാണ്. പേരിൽ നാടുവാഴിത്തമ്പുരാനുമാത്രം സ്വന്തമായിരുന്ന ഈ കാട് അനുഭവിച്ചത് ആദിവാസികളായിരുന്നു. പണ്ടൊരിക്കൽ നായാട്ടിനെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് വന്ന് ഉപജാപത്തിലൂടെ നാടുവാഴിത്തമ്പുരാന്റെ തലവെട്ടി ഭരണത്തിലേറാനുളള ഒന്നാം മന്ത്രിയുടെ ശ്രമം, ഇരുപത്തിനാലടി മാറി നിന്ന് ഒളിപ്പോരിന്റെ മുപ്പത്താറ് നിമിഷങ്ങളിൽ മുപ്പത്തിയാറ് അമ്പെയ്ത് രക്ഷിച്ച ആദിവാസിമൂപ്പനെ അങ്ങോട്ട് ചെന്ന് ആലിംഗനം ചെയ്ത പൊന്നു തമ്പുരാൻ, ഇനിയീകാടും ചോലയും നിനക്കും കൂട്ടർക്കും തന്നെ ചോമായെന്ന് വാക്ക് നൽകി. വധിക്കാതിരുന്ന മന്ത്രിയെ പതിനാലു മലകൾക്കപ്പുറം ഗുഹക്കുള്ളിലെ കവാടത്തിലൂടെ കാട്ടുകുയിൽ മലയിൽ തള്ളി കവാടം മൂടി തിരിച്ച് വന്ന മൂപ്പനു മറികടന്നു പോയ പതിനാലു മലകളും നാടുവാഴി സ്വന്തമായി വാക്കാൽ സമ്മാനിച്ചു. കാട്ടുകുയിൽ മല നരഭോജികളുടേതാണ്. തമ്പുരാന്റെ കാണാമറയത്ത് വരുവാൻ അവകാശമുണ്ടായിരുന്ന ഒരേയൊരു ആദിവാസിക്കൂട്ടം ഈ കാടിന്റെ മക്കളാണ് ചോമന്റെ കൂട്ടർ. അന്ന് വിഷമേറ്റ മുപ്പത്തിയാറ് കിങ്കരന്മാരെ ചോമൻ ചോലയിലൂടെ ഒഴുക്കി കളഞ്ഞു. അവർ തൊട്ടുണർത്തിയ മീനുകൾ പോലും ചത്തു മലച്ചു. അത്രയും കൊടിയ വിഷം. തമ്പുരാനും ആദിവാസി മൂപ്പനും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത് അവിടെ നിന്നുമാണ്. യുദ്ധാവശ്യങ്ങൾക്കായി ആദിവാസികളേയും കാടുകളേയും ഉപയോഗിക്കാമെന്ന വ്യവസ്ഥ മൂപ്പൻ അംഗീകരിച്ചു. പകരം ആപത്ത് കാലത്ത് നെല്ലും കിഴങ്ങും തരാമെന്ന് തമ്പുരാനും സമ്മതം മൂളി. വ്യവസ്ഥ ഊട്ടിയുറപ്പിക്കുന്നതിനു തമ്പുരാനു സമ്മാനമായി ഒരു കാട്ട് സുന്ദരിയെ മൂപ്പൻ നൽകി. തുമ്പ. തുമ്പയുമായുള്ള സംഭോഗത്തേയോർക്കുമ്പോൾ തമ്പുരാൻ വെട്ടി വിയർക്കും. അദ്ദേഹത്തെ മലർത്തിക്കിടത്തി കുതിരമേൽ ഏറിയ തുമ്പ മണിക്കൂറുകളോളം തന്റെ യാത്ര തുടർന്നു. തുമ്പയുടെ ശൗര്യവും ശക്തിയും ഇണങ്ങിയ സ്ത്രീയെ അന്നുവരേയും തമ്പുരാൻ നേരിട്ടിരുന്നില്ല. തുമ്പയുടെ അരക്കെട്ടിലെ എല്ലു തട്ടി തമ്പുരാന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു. എങ്കിലും വീരശൂരതക്ക് പേരുകേട്ട താൻ ഒരു പെൺകുട്ടിക്കു മുൻപിൽ വേദനിച്ച് കരയുന്നത് എത്ര ദയനീയമായിരിക്കും. തമ്പുരാൻ പിടിച്ച് നിന്നു. സംയോഗത്തിനു ശേഷം മൂന്നാഴ്ച്ച കൊട്ടാരം വൈദ്യൻ വന്നു തിരുമ്മിയിട്ടാണ് പൊന്നുതമ്പുരാൻ പൂർവ്വ സ്ഥിതിയിലായതെന്ന് കൊട്ടാരത്തിലെ പരസ്യമായ രഹസ്യം. അതിനൊരു ഫലമുണ്ടായി. തുമ്പ ഗർഭിണിയായി. കാട്ടുതേനിന്റെ നിറമുള്ള കാരിരുമ്പിന്റെ കരുത്തുള്ള മാരൻ കാടിന്റെ തമ്പുരാനാകട്ടേയെന്ന കൽപ്പന ശിരസാവഹിച്ച് മാരനും അമ്മ തുമ്പയും കാട്ടിലേക്ക് തിരിച്ചെത്തി. സ്വന്തം ഊരിലേക്കുള്ള തിരിച്ചു വരവ് തുമ്പയെ ആഹ്ലാദവദിയാക്കി. ഉണ്ണിത്തമ്പുരാന്മാർക്കൊപ്പം നാടുചുറ്റാനിറങ്ങുമ്പോൾ മാരനുമാത്രം ക്ഷേത്രാങ്കണത്തിലെ ചുറ്റുമതിലിൽ പ്രവേശനം നൽകാഞ്ഞതിൽ പ്രതിഷേധിച്ച് രായ്ക്കുരാമാനം മതിലു പൊളിച്ച് ക്ഷേത്രത്തിനരികിൽ കടന്ന കഥകൾ മാരനെക്കുറിച്ചുണ്ട്. ആയുധ പരിശീലനവും വിദ്യാഭ്യാസവും പൂർത്തിയായപ്പോൾ മാരൻ കാട്ടിലേക്ക് തന്നെ തിരിച്ചെത്തി കാട്ടിലെ മൂപ്പനായി. അന്നേ വരെ കാട്ടിൽ നിലനിന്നിരുന്ന പട്ടിണിയും പരിവട്ടവും മാറി സമൃദ്ധി വിളയാടി.

കാട്ടിലെ സന്തുലിതാവസ്ഥക്ക് മാറ്റം വരുത്താതെ തന്നെ കൂടുതൽ വിളവ് കാഴ്ചവയ്ക്കാൻ മാരന്റെ ഭരണത്തിനു സാധിച്ചു. 15 ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ തമ്പുരാനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയിട്ടും കാടുകളെ അവർ ഭയപ്പെട്ടതിനു പ്രധാനകാരണം മാരനായിരുന്നു. മാരനെന്ന യോദ്ധാവ്. പോർച്ചുഗീസുകാരുടെ ചാരനായ കുഞ്ഞാലിയെന്നൊരുവൻ സ്വന്തം മുതലൊളിപ്പിക്കാനെന്ന പേരിൽ മാരനോട് കാട്ടിൽ അഭയം ചോദിച്ചു. മാരൻ സമ്മതം മൂളി. എന്നാൽ അയാൾ കൊള്ളമുതൽ ഒളിപ്പിക്കുന്നതിനിടെ മാരന്റെ ഹൃദയഭാഗത്ത് നാലു രീതിയിൽ കത്തി കുത്തിയിറക്കി കടന്നു കളഞ്ഞു. പോർച്ചുഗീസുകാരുമായുള്ള കുഞ്ഞാലിയുടെ വ്യവസ്ഥ അതായിരുന്നു. കൊള്ള മുതൽ ഒളിപ്പിച്ച രണ്ടു പാറകൾക്കിടയിൽക്കിടന്ന് മാരൻ പിടഞ്ഞു തീർന്നു. താമസിയാതെ പോർച്ചുഗീസ് കാടു കയ്യേറി ഇവിടൊരു സങ്കേതം നിർമ്മിച്ചു. ആ കെട്ടിടങ്ങൾ ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. നാട് കൊള്ളയടിച്ച സ്വത്ത് മുഴുവനും സൂക്ഷിക്കാനുള്ള ഇടമായി അവർ ഈ കാടിനെ ഉപയോഗിച്ചു.

അതിനിടയിലാണ് ഡച്ചുകാർ വന്ന് പറങ്കികളെത്തുരത്തുന്നത്. പിന്നെ വന്ന ബ്രിട്ടീഷുകാരാണ് കുഞ്ഞാലിപ്പാറയിൽ ഒളിപ്പിച്ച നിധിയുടെ രഹസ്യം കണ്ടെത്തുന്നത്. ആരാണെന്നോ നമ്മുടെ മാനേജർ ചാൾസ് സായിപ്പ്. ബുർഖ് അണക്കെട്ടിന്റെ സ്ഥാപകൻ. നിധി കണ്ടെത്തിയപ്പോൾ ഇവിടെ നിന്നും മാറ്റാൻ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടുവാനായിരുന്നു അണക്കെട്ടിന്റെ നിർമ്മാണം തുടങ്ങി വച്ചത്. അണക്കെട്ടിന്റെ ചിലവിന്റെ പത്തയ്യായിരം ഇരട്ടി സ്വത്ത് നിധിയിലുണ്ടായിരുന്നു. രഹസ്യം പുറത്താകും എന്ന് തോന്നിയപ്പോൾ ആദിവാസികളെ മൊത്തം വധിച്ച് വെള്ളത്തിലെറിഞ്ഞു. അറിഞ്ഞവരറിഞ്ഞവർ തടാകത്തിൽ താഴ്ന്നു തുടങ്ങി. സിമന്റും കല്ലുകളും മറ്റുപകരണങ്ങളും കൊണ്ട് വന്നവർ കൊണ്ട് പോയത് സ്വർണ്ണമായിരുന്നു. നിധിയിലെ സ്വർണ്ണം. അത് ഇംഗ്ലണ്ടിലെത്തും വരെ അവരീപ്പണി തുടർന്നു. അങ്ങനെ മനുഷ്യന്മാരുടെ രക്തം വീണാ തടാകമിങ്ങനെ കറുത്തു പോയത്. പിതൃക്കളുടെ രക്തമാ ആ കെട്ടിക്കെടക്കുന്നേ. അതൊന്നും അങ്ങനൊന്നും ഒഴുകി പോകത്തൊന്നുമില്ല''

ചായക്കടയിലിരുന്ന് ഒരു വയസൻ കഥ പറഞ്ഞ് രസം പിടിച്ചു വരികയാണ്.

""പിന്നെയീ മരിച്ചു പോയ കൊച്ചൈപ്പോര അത്ര നല്ലപുള്ളിയൊന്നും അല്ലായിരുന്നു. ശരിയാ മരിച്ചു കഴിയുമ്പം എത്ര ദുഷ്ടനായാലും നമ്മളു നല്ലത് പറയണം. എന്നാ കൊച്ചൈപ്പൊരേന്റെ നെറികേട് ഞാനേത് പാതിരാത്രിക്കും വിളിച്ചു പറയും. പണ്ടേ ഒരു ലഹള കാലത്ത് കസ്റ്റഡിയിൽ കിട്ടിയ പ്രതികളുടെ അടിവസ്ത്രമൂരി സുന്നത്ത് ചെയ്തിട്ടുള്ളവരെ മാത്രം തിരഞ്ഞു പിടിച്ചു ഇടിച്ച് നട്ടെല്ല് ഒടിച്ചവനാ ഐയ്പ് ഏമാൻ. പണ്ടെങ്ങാണ്ട് നാട് വിട്ട് പോയപ്പോൾ ചെന്നു പെട്ട മദ്രസാ മുസ്‌ലിയാർ അങ്ങേരെ സൈക്കിൾ ചവിട്ടിയെന്നും പറഞ്ഞാണേ ഈ ഇടി. ചെയ്തു വച്ച ക്രൂരതയ്ക്ക് അനുഭവിക്കാണ്ട് പോവില്ലല്ലോ. ഇടികിട്ടി ചാവണ മാപ്ലാരടെ വീട് തേടിപ്പിടിച്ച് അവരുടെ വസ്ത്രങ്ങളും ചെരിപ്പും വാച്ചും ഒക്കെ കൊടുക്കുന്ന പരിപാടി ഉണ്ടായിരുന്നു അങ്ങേർക്ക്. ആ ആളേക്കുറിച്ചാ ഇത്തിരി മുന്നേ കണിശക്കാരനെന്നും, പറഞ്ഞാ പറഞ്ഞപോലെ ചെയ്യുന്നവനെന്നും ഒക്കെ നിങ്ങൾ പ്രശംസിക്കുന്നുണ്ടാരുന്നേ.

ഞാനൊന്നും മറക്കത്തില്ല. ദാണ്ടെ''. അങ്ങേർ കുപ്പായം തെറുത്തു കേറ്റി കുനിഞ്ഞു നിന്നു. അടികൊണ്ട് പഴുത്ത് പാടായ പുണ്ണുകൾ രണ്ട് കണ്ണുകൾ പോലെ ജനങ്ങളെയെല്ലാം നോക്കിക്കണ്ടു. പഴമ്പൊരി കഴിച്ചു കൊണ്ടിരുന്ന ഒരാൾ കയ്യിൽ പറ്റിയ മെഴുക്ക് മുടിയില്ലാതിരുന്ന പെട്ടത്തലയിൽ പറ്റിച്ചപ്പോൾ അത് കിടന്ന് തിളങ്ങി.

ആറ്

മേരിയെ പ്രസവിച്ച് തൊണ്ണൂറാം നാൾ അമ്മ മരിച്ചു പോയി. അപ്പന്റെ അകന്ന ബന്ധത്തിലുള്ള സഹോദരി അന്നമ്മേച്ചിയാണ് മേരിയെ പിന്നീട് വളർത്തിയത്. അതിനു പ്രത്യുപകാരം എന്ന പോലെ അന്നമ്മേച്ചിയെ അന്നമ്മേച്ചിയമ്മയെന്നാണ് മേരി വിളിച്ചു കൊണ്ടിരുന്നത്. ഭർത്താവുമായുള്ള അസ്വാരസ്യത്താൽ ദാമ്പത്യ ജീവിതത്തിനെതിരെയുള്ള കെറുവ് തന്റെ ഭാഷയിലൂടെ പുറത്തെടുക്കുന്നവളായിരുന്നു അന്നമ്മേച്ചി. വീട്ടുകാര്യങ്ങളെല്ലാം കൃത്യമായി നോക്കുമെങ്കിലും നാലു നേരം പുളിച്ച തെറി പറയാഞ്ഞാൽ വല്ലാത്ത വീർപ്പുമുട്ടലായിരുന്നു അന്നമ്മേച്ചിക്ക്. "അന്നമ്മേച്ചിയേ ചോറായില്ലേ' എന്നു ചോദിച്ചാൽ "മൈ** കൂട്ടാനായിട്ടില്ല' എന്നോ "പശൂനെ മാറ്റിക്കെട്ടുവാൻ പോകുവാണോ അന്നമ്മേച്ച്യേ 'എന്ന് ചോദിച്ചാൽ ചിരിച്ചു കൊണ്ട് "അല്ല നിന്റെ അമ്മേടെ നായരെ കെട്ടിക്കാൻ കൊണ്ടു പോകുവാ മൈ**'എന്നോ പറയുന്നതാണ് പ്രകൃതം. ഇതിലെ തെറി വാചകം പുറത്ത് തെറിക്കുന്നത് തീരെ ശബ്ദം കുറഞ്ഞായതിനാൽ വീട്ടിലുള്ളവർക്കല്ലാതെ അന്നമ്മേച്ചിയുടെ ഈ സ്വഭാവം പിടികിട്ടാറില്ല.

തന്റെ ഏതു ഭാഷണത്തിലും മൈ** എന്ന വാക്ക് അവർ കൂട്ടി പ്രയോഗിച്ചു കൊണ്ടിരുന്നു. മേരിയുടെ അപ്പനു അതൊരു വലിയ പ്രശ്‌നമായി തോന്നിയതുമില്ല. ദിവസവും ഇരുന്നൂറോളം പ്രാവശ്യം മൈ** എന്ന് പുലമ്പിക്കൊണ്ട് മേരിയെ ഉടുപ്പിക്കുന്ന നാല്പതോളം വെള്ള തുണിക്കഷ്ണങ്ങൾ അന്നമ്മേച്ചി കഴുകിയിട്ടുകൊണ്ടിരുന്നു. മേരിക്ക് കുപ്പിപ്പാല് കൊടുക്കുക, തുണി മാറ്റുക, കുളിപ്പിക്കുക, ഉറക്കുക എന്നീ പ്രവൃത്തികൾക്കുള്ളിൽ തെറിയഭിഷേകവുമായി അവർ പെട്ടു കിടന്നു. അതിനുള്ളിൽ നിന്നും അവർക്ക് പുറത്തുകടക്കുവാൻ പുതിയ പുതിയ തമിഴ് തെറിവാക്കുകൾ തോട്ടത്തിൽ പണിക്ക് വന്നവരിൽ നിന്നും സ്വരുക്കൂട്ടി മാറിമാറി പ്രയോഗിച്ചു നോക്കിയെങ്കിലും ഫലിക്കാതെ പോയി. എന്നാൽ കുറച്ചു നാൾ കഴിഞ്ഞ് കപ്പക്കിഴങ്ങ് ചെത്തി ഉണക്കി പൊടിച്ച് പഞ്ചസാര ചേർത്ത് മേരിക്ക് കൊടുത്തു തുടങ്ങിയതിൽ പിന്നെ ജീവിതത്തിനു എന്തോ മാറ്റം വന്നു തുടങ്ങിയതായി അവർക്ക് തോന്നിത്തുടങ്ങി. ആ ഇടക്കു തന്നെ മേരിയുടെ കുളി അന്നമ്മേച്ചിയുടെ കാലിൽ നിന്നും പാളയിലേക്ക് മാറ്റിയിരുന്നു. തോപ്പിൽ ചാമ്പക്കായ പെറുക്കുവാൻ പോകുന്നതിനിടെ വലിയ വലുപ്പമുള്ള അടക്കാമരത്തിന്റെ പാളകൾ അവർ ശേഖരിച്ചു സൂക്ഷിച്ചു. മേരി ഒന്നിനോടും ഒരു പരാതിയുമില്ലാതെ പാളയിലിരുന്നു കുളിച്ചു കൊണ്ടിരുന്നു. പിടിവാശി ലവലേശമില്ലാതിരുന്ന മേരി വല്ലപ്പോഴും മാത്രം രാത്രികളിൽ ഉണർന്ന് വായകീറി കരഞ്ഞു. അപ്പോഴൊക്കെ അന്നമ്മേച്ചി എഴുന്നേറ്റ് മൈ** ന്ന് പുലമ്പിക്കൊണ്ട് തുണിമാറ്റി മേരിയെ ചുമലിൽ കിടത്തിയുറക്കി. മേരിയോട് മാതൃത്വപരമായ ഒരടുപ്പവും അന്നമ്മേച്ചിയമ്മക്ക് തോന്നാതിരിക്കുവാൻ ആലീസ് മുൻകൈ എടുത്തിരുന്നു. മേരിയെ സ്‌നേഹിക്കുവാനോ കൊഞ്ചിക്കുവാനോ കൈകൾ നീട്ടുമ്പോൾ അടുക്കളയിലെ മേൽത്തട്ടിൽ വച്ചിരുന്ന അട ചുടുന്ന മൺകലം വീണു പൊട്ടുകയോ കിണറ്റിലെ തൊട്ടി അഴിഞ്ഞു വീഴുകയോ പശു കയറ് പൊട്ടിച്ചു ഓടുകയോ ചെയ്തു. രണ്ടു മൂന്ന് വട്ടം ഇതേ സംഭവങ്ങളുടെ ആവർത്തനത്തിൽ മേരിയുടേയും വസ്തുക്കളുടേയും അപൂർവബന്ധം മനസിലാക്കിയ അന്നമ്മേച്ചിയമ്മ ഇത് മരിച്ചു പോയ മേരിയുടെ അമ്മയുടെ പണിയാണെന്ന് കരുതി അടുപ്പം കുറച്ച് കൊണ്ടു വന്നു. ഇതിനിടയിലാണ് വളർന്ന് വന്ന മേരി അന്നമ്മേച്ചിയമ്മയുടെ തെറി പറച്ചിൽ കേട്ട് ചിരിച്ചു തുടങ്ങിയത്. തെറി പറയുമ്പോഴുള്ള അന്നമ്മേച്ചിയമ്മയുടെ പുച്ഛഭാവം മേരിക്ക് രസിച്ചു. അകലെ നിന്ന് പോലും ആ വാക്കുകൾ കേട്ട് കാത് കൂർപ്പിച്ച് തലവെട്ടിച്ച് നോക്കി മേരി ചിരിച്ചു തുടങ്ങി. സ്‌നേഹിക്കാതെ തന്നെ മേരിയെച്ചിരിപ്പിക്കുന്നതിന് ആലീസ് അന്നമ്മേച്ചിക്ക് കിണറുകളുടെ അടിവയറ്റിൽ സൂക്ഷിച്ച തണുത്ത വായു അപ്പോൾ വിട്ടു കൊടുത്തു. വാഴക്കുലക്കൂമ്പിനുള്ളിൽ മേൽത്തരം തേൻ നിറച്ചു നൽകി. അടുപ്പിലൂതുമ്പോൾ അന്നമ്മേച്ചിയുടെ കണ്ണുകൾ നീറ്റാറുള്ള പുകയെ ചിമ്മിനി ഓടുകൾക്കിടയിലൂടെ പറത്തി. ഇടതുവശത്തെ അണപ്പല്ലിന്റെ പോട് അടച്ചു കൊടുത്തു. ചുട്ട പപ്പടത്തിൽ നിന്നും കരിഞ്ഞ ഭാഗങ്ങൾ നീക്കി കൊടുത്തു. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിലെ മാറ്റം അന്നമ്മേച്ചിയുടെ വെറും തോന്നലല്ലായിരുന്നു.

തോട്ടത്തിലെ സൂപ്പർ വൈസർ ജോലിയിൽ നിന്നും വിരമിച്ച മേരിയുടെ അപ്പാപ്പൻ സമയം കളയുന്നതിനും ആലീസിനൊപ്പം ചുറ്റിനടക്കുവാനൊരു കാരണത്തിനുമായി രണ്ട് പശുക്കളെ വാങ്ങിയിരുന്നു. രാവിലെ കഞ്ഞി കുടിച്ചു കഴിഞ്ഞാൽ പശുക്കളുടെ കെട്ടഴിച്ച് അവരേയും കൊണ്ട് റബർത്തോട്ടത്തിനു നടുവിലൂടെ കാടിനു സമീപത്തിലേക്ക് നടക്കും. പശുക്കൾ മുൻപിലും കയർ പിറകിലിഴഞ്ഞും അതിനറ്റത്ത് നടക്കുന്ന കാലുകളും നാട്ടുകാർക്ക് സ്ഥിരം കാഴ്ചയാണ്. അപ്പാപ്പൻ കയർ കയ്യിലെടുത്ത് പിടിക്കുന്ന സന്ദർഭങ്ങൾ വളരെക്കുറവാണ്.

കല്ലുകൾക്കിടയിലുടക്കിയാലോ നടക്കുന്നതിനിടെ പശുക്കൾ ചാണകമിട്ടാലോ ഒക്കെ അപ്പാപ്പൻ കയർ ചുരുട്ടി പശുക്കളുടെ പുറത്ത് വയ്ക്കും. അവരെ അവരുടെ പാട്ടിനു വിട്ട് ആലീസിനൊപ്പം വിശേഷങ്ങൾ പങ്കുവച്ച് ജീവിക്കവേ ആയിരുന്നു മേരിയുടെ ജനനം. അതിനു ശേഷം ആലീസ് അപ്പാപ്പനൊപ്പം വീട്ടിൽത്തന്നെ ഇരിപ്പായി. ""നോക്കാനെന്നും പറഞ്ഞ് ആ പശുക്കളെ വാങ്ങിയിട്ട് ഇവടെ ഇരിക്കുന്നോ മനുഷ്യാ'' എന്ന് അമ്മാമ തല്ലുകൂടുവാൻ ചോദിച്ചപ്പോൾ അപ്പാപ്പൻ വയറു വേദനയെന്ന് പറഞ്ഞു ആലീസിന്റെ മുഖത്ത് നോക്കി കണ്ണിറുക്കി.

ഇനിയാർക്കും സംശയം തോന്നേണ്ട എന്നു മനസിൽ കരുതി ആലീസ് അപ്പാപ്പനു വയറിനുള്ളിൽ പുണ്ണ് ഉണ്ടാക്കി കൊടുത്തു. അതിൽ പിന്നെ അമ്മാമയോ അന്നമ്മേച്ചിയമ്മയോ പശുക്കളെ പറമ്പിൽ തന്നെ കെട്ടിയും മാറ്റിക്കെട്ടിയും വളർത്തി. പുണ്ണ് വഷളായതോടെ അപ്പാപ്പൻ ചാരുകസേരയിൽ നിന്നും എഴുന്നേൽക്കാതായി. പതിയെ ആ ഇരുപ്പ് കിടക്കയിലേക്ക് മാറി.

ആ സമയത്താണ് മേരിയുടെ അപ്പന് കാളകളിൽ നിന്നും പാടങ്ങളും പറമ്പുകളും ഉഴുതു മറിക്കുന്ന ട്രാക്റ്റർ, ടില്ലർ എന്നിവയിൽ യന്ത്രക്കമ്പം കയറിയത്. കണ്ണുകളിലെ നീറ്റൽ മാറുന്നതിനു തന്റെ കാളകളെ സ്വതന്ത്രമായി മേയാൻ വിട്ടാൽ മതിയാകുമെന്ന അബദ്ധധാരണയിൽ കാളകളെ കാടുകയറ്റി വിട്ട് മേരിയുടെ അപ്പനൊരു ട്രാക്ടർ വാങ്ങി. ജോലിയൊന്നുമില്ലാതെ നടക്കുന്നുണ്ടായിരുന്ന രണ്ടാമത്തെ ചേട്ടനെ ഡ്രൈവറായി നിയമിക്കുകയും ചെയ്തു. അമ്മാമയുടെ അഭ്യർത്ഥന പ്രകാരം രണ്ടാമത്തെ സഹോദരനെ ഡ്രൈവറാക്കിയതിൽ കുടുംബസ്‌നേഹം കൂടുതലുണ്ടായിരുന്ന അപ്പനു അസ്വാഭാവികത ഒന്നും തോന്നിയിരുന്നില്ല. എന്നാൽ പണിക്കു പോകുന്ന ദിവസങ്ങളിൽ വണ്ടിവാടക തറവാട്ടിൽ എത്താത്തത് ചോദ്യം ചെയ്തതിന് വാക്കേറ്റവും മറ്റു പ്രശ്‌നങ്ങളും തുടങ്ങി. വല്ലപ്പോഴും മീൻകറിയും മുരിങ്ങയില മുട്ടത്തോരനും ഉണ്ടാക്കുമ്പോൾ അമ്മാമക്കെന്ന് പറഞ്ഞ് വല്ല്യമ്മച്ചി തറവാട്ടിലേക്ക് കൊടുത്തയക്കുന്ന പതിവ് അതിനുശേഷം നിന്നു. ഈ സമ്മർദ്ദം സഹിക്കവയ്യാതെ മുറപ്രകാരം ഏറ്റവും ഇളയവനു അവകാശപ്പെട്ട തറവാട്, തന്റെ ചേട്ടന്മാർക്ക് കൊടുത്ത് മേരിയേയും കൊണ്ട് മാറി താമസിക്കുവാൻ അപ്പൻ തീരുമാനിച്ചു. എന്നാൽ നടക്കമുറ്റാത്ത മേരിയേയും കൊണ്ട് പാർപ്പ് മാറ്റുക എന്നത് ഇന്നത്തെ അവസ്ഥയിൽ പ്രായോഗികമല്ല എന്നു മനസിലാക്കി ആശയം മനസിൽത്തന്നെ കുഴിച്ചിട്ട് ഒരവസരത്തിനായി കാത്തിരുന്നു.▮

​​​​​​​(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments