രണ്ട് ദിവസത്തിനകം സോളമൻ സിയാസു ഡാം വിട്ടു. അതിനുണ്ടായ പ്രധാന കാരണം അയാൾക്ക് ഇൻബോക്‌സിൽ ലഭിച്ച രണ്ടു ഈമെയിലുകൾ ആയിരുന്നു. പെൻഡ്രൈവിൽ നിന്നും റിക്കവറി സോഫ്റ്റ്‌വെയറിലൂടെ വീണ്ടെടുത്ത വീഡിയോ പരിശോധിക്കുന്നതിനിടയിൽ ഏതാനും സ്‌ക്രീൻഷോട്ടുകൾ സോളമൻ എടുക്കുകയുണ്ടായി. ഒന്ന് വീഡിയോയുടെ അവസാനം, പ്ലെയറിൽ നിന്നും വെബ്‌സൈറ്റിലേക്ക് മടങ്ങിപ്പോകുന്ന സമയം തെളിഞ്ഞ വെബ്‌സൈറ്റ് ലിങ്കായിരുന്നു. മറ്റൊന്ന് വീഡിയോയുടെ പ്രോപ്പർട്ടി വിവരങ്ങൾ. സംശയാസ്പദമായ സാഹചര്യങ്ങൾ അയാൾ ഇമേജ് ഫയലുകളായി സൂക്ഷിച്ചു. അതിനുശേഷമാണ് അയാൾക്കൊരു കൗശലം തോന്നിയത്. ദിവസങ്ങൾക്ക് മുൻപേ വിവാദപുസ്തകവുമായി ബന്ധപ്പെട്ട് ഈമെയിൽ സംഭാഷണം നടത്തിയ HOLASHO എന്ന യൂസർ നെയിമുള്ള OLX ഉപഭോക്താവിന് സോളമൻ ഒരു ഈമെയിൽ അയച്ചു. അതിനായി രണ്ടു സ്‌ക്രീൻ ഷോട്ടുകൾ തിരഞ്ഞെടുത്ത് മെയിലിൽ അറ്റാച്ച് ചെയ്തു. വീഡിയോവിലെ അനാവശ്യമായ പശ്ചാത്തലം ഒഴിവാക്കിയാണ് ഇരുചിത്രങ്ങളും അയക്കുന്നതിനായി രൂപകൽപ്പന ചെയ്തത്. മെയിലിൽ സോളമൻ ആവശ്യപ്പെട്ടത്, വെബ്‌സൈറ്റ് ലിങ്കിനെക്കുറിച്ചുള്ള വിശദവിവരങ്ങളും സൈറ്റിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവുകളുമായിരുന്നു. പ്രതിഫലമായി വിവാദപുസ്തകം വാഗ്ദാനം ചെയ്തു. ആ ചൂണ്ടയിൽ HOLASHO കൊളുത്തുമെന്ന സോളമന്റെ പ്രതീക്ഷ തെറ്റിയില്ല. ഏതാനും സമയത്തിനുള്ളിൽ ഒരു മറുപടി HOLASHOയിൽ നിന്നും ലഭിക്കുകയുണ്ടായി.
പ്രിയ സോളമൻ,
നിങ്ങൾ അയച്ച മെയിൽ പ്രകാരം ഇതൊരു ഡാർക്ക് വെബ്‌സൈറ്റ് ആണ്. മുകൾ ഭാഗത്തെ അഡ്രസ് ബോക്‌സിൽ കാണുന്ന gybztmown7d6usl.onion എന്ന ലിങ്ക് ഓനിയൻ ബ്രൗസറിലേതാണെന്ന് പിടികിട്ടിക്കാണുമല്ലോ? ടോർ ബ്രൗസറുകൾ വഴി മാത്രം പ്രവേശനം സാധ്യമായ ഒന്ന്. ഇത്തരം വെബ്‌സൈറ്റുകളുടെ നിർമാണോദ്ദേശ്യങ്ങൾ തന്നെ നിയമാതീതമായ പ്രവർത്തനങ്ങളിൽ നിക്ഷിപ്തമാണ്. ബിറ്റ്‌കോയിൻ വഴിയാണ് ഇവയുടെ വ്യവഹാരം. സൈറ്റുകളിലേക്ക് പ്രവേശിക്കുന്നതിന് യൂസർനെയിം ആവശ്യമാണ്. അതിനായി മിക്കവാറും ഫേക്ക് ഈമെയിൽ ഐഡികൾ ആകും ആളുകൾ ഉപയോഗിക്കുക. ഈ സൈറ്റ് ഉടമകളുടെ ഉദ്ദേശ്യലക്ഷ്യം പണത്തിൽ അധിഷ്ഠിതമായിരിക്കും. നിങ്ങൾ എനിക്കയച്ച ലിങ്ക് ഞാൻ പരിശോധിച്ചു. സൈറ്റ് ഇപ്പോൾ പ്രവർത്തനരഹിതമാണ്. എന്നാൽ മാസങ്ങൾക്ക് മുൻപ് ഈ ലിങ്ക് ഒരു ചൈൽഡ് പോൺ ഡാർക്ക് വെബ്‌സൈറ്റ് ആയി പ്രവർത്തിച്ചിരുന്നതായി എനിക്ക് അറിയുവാൻ കഴിഞ്ഞു. ഇത്തരം സൈറ്റുകൾ ഒരു ലിങ്കിൽ തന്നെ പ്രവർത്തിക്കുന്നവയല്ല. സമയാസമയങ്ങളിൽ അവർ ലിങ്ക് മാറ്റിക്കൊണ്ടേയിരിക്കും. സൈറ്റിൽ അംഗങ്ങളായിട്ടുള്ളവർക്ക് അല്ലാതെ പുറത്തു നിന്നും ഇവയെ പിന്തുടരുക എളുപ്പമാകുകയില്ല. ടോർ ബ്രൗസർ അടിസ്ഥാനപ്പെടുത്തിയ വെബ്‌സൈറ്റ് ആയതിനാൽ സ്വകാര്യത അവയുടെ മുഖമുദ്രയാണ്. സാധാരണ പൊലീസിനു പോലും ഇത്തരം വെബ്‌സൈറ്റുകളെ പിടികൂടുവാനോ ഹാക്ക് ചെയ്ത് അകത്ത് കയറുവാനോ സാധിക്കുകയില്ല. അത്രയും സുരക്ഷിതത്വം ടോർ സൈറ്റുകൾ പ്രദാനം ചെയ്യുന്നുണ്ട്. അതെന്ത് കൊണ്ടാണെന്ന് അറിയണമെങ്കിൽ ഡീപ് വെബിനെ പറ്റി മനസിലാക്കേണ്ടതുണ്ട്.
സാധാരണ ബ്രൗസറുകൾ വഴി പ്രവേശനം സാധ്യമായ വെബ് സൈറ്റുകൾ സർഫസ് വെബ് എന്നറിയപ്പെടുന്നു. ഉപരിതലത്തിലുള്ള വെബ്‌സൈറ്റുകൾ. അതായത് ഗൂഗിൾ യാഹൂ ബിംഗ് തുടങ്ങിയ സാധാരണ സർച്ച് എഞ്ചിനുകൾ നമുക്ക് കാണിച്ചു തരുന്ന വെബ്‌സൈറ്റുകൾ. എന്നാൽ ലോകത്തുള്ള മുഴുവൻ ഡാറ്റയുടെ നാലു ശതമാനം മാത്രമാണ് സാധാരണക്കാരന് അതുവഴി പ്രാപ്യമാവുക. ബാക്കി തൊണ്ണൂറ്റി ആറു ശതമാനം ഒളിഞ്ഞിരിപ്പാണ്. അതിനെയാണ് ഡീപ് വെബ്ബ് എന്നു വിളിക്കുന്നത്. ഇതിൽ പലതരത്തിലുള്ള വിവരങ്ങൾ ശേഖരിക്കപ്പെട്ടിരിക്കുന്നു. സ്വകാര്യസ്ഥാപനങ്ങളുടെ ഡാറ്റാബേസുകൾ മുതൽ ഗവണ്മെന്റിന്റെ രഹസ്യ വിവരങ്ങൾ പോലും ഇത്തരത്തിൽ പൂഴ്ത്തി വച്ചിരിക്കയാണ്. അതിൽ മെഡിക്കൽ റെക്കോർഡുകൾ, വിദ്യാഭ്യാസ വിവരങ്ങൾ, രേഖകൾ, സാമ്പത്തികവിവരങ്ങൾ, ശാസ്ത്രപഠനങ്ങൾ എന്നിങ്ങനെ പലതരം ഡാറ്റ അടങ്ങിയിരിക്കുന്നു. ഈ ഡീപ് വെബിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഡാർക്ക് വെബ്ബ്. പേരു സൂചിപ്പിക്കും പോലെ ഇരുണ്ട ഒരു മുഖം ഇതിനുണ്ട്. നിയമവിധേയമായതും അല്ലാത്തതുമായ ഒട്ടനവധി ഇടപാടുകളുടെ ഒരു ശേഖരമാണിത്. ഇന്റർനെറ്റിന്റെ അധോലോകം. മയക്കുമരുന്ന്, ആയുധവിൽപ്പന, ഹിറ്റ്മാൻ, കൊലപാതകികൾ, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ, ലൈംഗിക പീഡന വീഡിയോകൾ, റെഡ് റൂമുകൾ തുടങ്ങിയവയാണ് ഇതിൽ സുലഭം. TOR ബ്രൗസർ ഉപയോഗിക്കുന്നതിനാൽ ആരാണ് ഇതിനു പിറകിലെന്നോ ആരാണിതിന്റെ ഉപഭോക്താക്കൾ എന്നോ കണ്ടുപിടിക്കുന്നതിനുള്ള സാധ്യതയും തീരെക്കുറവാണ്. ഇത്തരം സൈറ്റുകളുടെ സർവ്വറുകൾ എവിടെയാണ് ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് പൊലീസിനു പോലും ട്രേസ് ചെയ്ത് പിടിക്കുവാൻ സാധിക്കാതെ വരുന്നു. എൻക്രിപ്റ്റ് ചെയ്ത നെറ്റ്-വർക്കായതിനാൽ തീവ്രവാദസ്വഭാവമുള്ള ചോദ്യോത്തര ഫോറമുകളും ചർച്ചകളും ഡാർക്ക് വെബ്ബിൽ നടന്നിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഡാർക്ക് വെബ്ബിലെ വെബ്‌സൈറ്റുകളിൽ അടങ്ങിയിരിക്കുന്ന 60% വിവരങ്ങൾ ചൈൾഡ് പോൺ ആണെന്ന് പഠനങ്ങൾ പറയുന്നു. അത്തരമൊരു വെബ്‌സൈറ്റിലെ ലിങ്ക് നിങ്ങൾക്ക് എവിടെ നിന്നും ലഭിച്ചു? യൂസർ ഐഡിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. എന്ത് കൊണ്ടാണ് എന്നെ ബന്ധപ്പെട്ടത്?
ചിയേഴ്‌സ്
ഇത്രയുമായിരുന്നു ആ മെയിലിൽ ഉണ്ടായിരുന്നത്. സോളമൻ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മറു ചോദ്യമെഴുതുന്ന ശൈലി വീണ്ടും പിന്തുടർന്നു.
എന്താണ് റെഡ് റൂം?
വളരെ വേഗത്തിൽ അതിനുള്ള ഉത്തരം വന്നു. ഫേസ്ബുക്ക് ലൈവിനെക്കുറിച്ച് നിങ്ങൾക്കറിയാമായിരിക്കുമല്ലോ. കണ്ടുപരിചയം കാണും എന്ന് കരുതുന്നു. ലൈവായി കാര്യങ്ങൾ വീഡിയോയിലൂടെ പുറത്ത് വിടുമ്പോൾ തന്നെ ആളുകൾക്ക് അത് കണ്ട് കമന്റ് ചെയ്യുവാൻ കഴിയുന്നതാണ് അവയുടെ അൽഗോരിതം. അതേരീതിയിൽ ശാരീരിക പീഡനങ്ങൾ പുറത്തു വിടുന്ന ഒരു ഫേസ്ബുക്ക് ലൈവിനെ ഒന്ന് സങ്കൽപ്പിക്കൂ. ഇരകൾ അറകളിൽ പാർക്കുന്നത് ലൈവായി സന്ദർശകർക്ക് കാണുന്നതിനും കമന്റ് ചെയ്യുന്നതിനും സാധിക്കുന്നു. സന്ദർശകരുടെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കും വേട്ടക്കാരൻ പീഡനക്രമങ്ങൾ ക്രമീകരിക്കുക. കാണികളായ ആൾക്കൂട്ടം പണം നൽകി ആവശ്യങ്ങൾ അറിയിക്കുന്നു. ചിലപ്പോഴത് വിരൽ മുറിക്കാനാകാം. മറ്റു ചിലപ്പോൾ ജനനേന്ദ്രിയത്തിൽ കമ്പി കയറ്റുന്നതിനാകും. ബിറ്റ്കോയിൻ വഴിയുള്ള പണം ലഭിച്ചു കഴിഞ്ഞാൽ പീഡകൻ കർമ്മങ്ങൾ ആരംഭിക്കുകയായി. റെഡ് റൂമുകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് ശ്രുതി ഉണ്ടെങ്കിലും പിടിയിലായ പല പീഡകന്മാരിൽ നിന്നും ഇത്തരത്തിലുള്ള വീഡിയോകൾ ലഭ്യമായിട്ടുണ്ട്. അതായത് അവ രഹസ്യമായി നിലനിൽക്കുന്നുണ്ട്. എന്തുകൊണ്ടായിരിക്കും ആളുകൾ ഇവയെല്ലാം സന്ദർശിക്കുന്നതെന്നുള്ള പല പല വിശദീകരണങ്ങൾ മനഃശാസ്ത്രജ്ഞരുടേതായി പുറത്ത് വന്നിട്ടുണ്ട്. പരസ്യമായ റെഡ് റൂമുകൾ വളരെക്കുറവാണെന്നു തന്നെ പറയാം. പക്ഷെ രഹസ്യമായത് അതൊരു പക്ഷെ എന്റെയോ നിങ്ങളുടേയോ മുറിക്ക് തൊട്ട് താഴെയോ മുകളിലോ ആകാം. ഉവ്വ് അത് നിലനിൽക്കുന്നുണ്ട്.
മെയിൽ വായിക്കുന്നതിനിടയിൽ തന്നെ സോളമൻ വീഡിയോ എടുത്തു നോക്കി. ഇല്ല കമന്റുകളുടെ സാന്നിധ്യമില്ല. റെഡ് റൂമല്ല എന്ന് കണ്ട് ആശ്വസിച്ചു. എന്നാൽ പോകെപ്പോകെ വീഡിയോ കണ്ടുകൊണ്ടിരിക്കെ സോളമനു ശ്വാസതടസം അനുഭവപ്പെട്ടു. ചുമച്ചു. അയാളുടെ ശ്വാസോച്ഛ്വാസത്തിന്റെ വേഗത ക്രമാതീതമായി വർധിച്ചു കൊണ്ടിരുന്നു. ചർമ്മത്തിൽ നിന്നും വിയർപ്പ് തുള്ളികൾ ഗോളരൂപം പൂണ്ട് ഭൂഗുരുത്വത്തിന്റെ വള്ളികളിൽ ഊർന്നിറങ്ങി. ആദ്യമായല്ല. മേരിക്കൊപ്പം ചിലവഴിക്കുന്ന സമയം തീവ്രമായ ഓർമ്മയുടെ പുനഃപ്രക്ഷേപണം മൂലം അയാൾ ഇത്തരത്തിൽ ശ്വാസതടസം അനുഭവപ്പെട്ട് കുഴഞ്ഞു വീണിട്ടുണ്ട്. റെഡ് റൂമിനെപ്പറ്റിയുള്ള വിവരണവും വീഡിയോയും അയാളെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയതായിരുന്നു കാരണം.
തെങ്ങിന്റെ ഓല കീറി തോട്ടിലിട്ട് പാകമാകുമ്പോൾ മെടഞ്ഞുണക്കി വിൽക്കുന്നതിനായി കുട്ടിസോളമനെ കൂട്ടു പിടിച്ച് തെങ്ങിൻ പട്ടകൾ ശേഖരിക്കുകയായിരുന്നു അവന്റെ അമ്മ.
""അഞ്ചോലകൾക്ക് ഒരു കഥ അല്ലമ്മെ?''
""അതെ'' അമ്മ അവനുറപ്പ് കൊടുത്തു. അഞ്ചോലകൾക്ക് പകരം പത്തെണ്ണം അവൻ വലിച്ചു കൊണ്ടു വന്നു
""ഇനിയൊരു കഥ.'' കുട്ടി ചോദിച്ചു
""എന്ത് കഥ വേണം?'' അമ്മ വെട്ടുകത്തിയാൽ തെങ്ങിൻ ഓലയുടെ കടവെട്ടി നടുക്ക് ചീന്തി പട്ടയുടെ കനം കുറക്കുന്നതിനിടെ ചോദിച്ചു.
""നമ്മുടെ മുത്തമ്മാമ്മേടെ'' പച്ച ഈർക്കിലി ചവച്ചു നീരു കുടിച്ച് സോളമൻ സമ്മർദ്ദം ചെലുത്തി.
""നമ്മളുടെ മുത്തമ്മാമ്മയുണ്ടല്ലോ ഒരു നായർ സ്ത്രീയായിരുന്നു. രൈരമ്മയെന്നായിരുന്നു പേര്.''
""എന്നിട്ട്?'
""പണ്ടുപണ്ടൊരു യുദ്ധമുണ്ടായി. അതോടെ നാടാകെ മാറി. കച്ചവടത്തിനു പകരം കളരികളും ചാവേറുകളും മുക്കിലും മൂലയിലും നിറഞ്ഞു. അക്കാലത്ത് നായർ സമുദായത്തിനായിരുന്നു പടയാളികളുടെ ഉത്തരവാദിത്തം. നാടുവാഴിക്കായി പടവെട്ടി മരിക്കുന്നതാണ് തങ്ങളുടെ ജീവിതദൗത്യമെന്ന് അവർ കരുതി. പോകെപ്പോകെ പടവെട്ടുവാൻ താഴ്ന്ന ജാതികളിൽ നിന്നും ആളുകളെ എടുക്കേണ്ടി വന്നു. അതിനായി പണവും അധികാരങ്ങളും അവർ പങ്കുവെച്ചു. അങ്ങനെയാണ് പള്ളം ഓച്ചിറ എന്നിവിടങ്ങളിലെ പടയണി കാണുവാൻ വരുന്ന നായർ സ്ത്രീകളെ പിടിച്ചു കൊണ്ട് പോകാനുള്ള അവകാശം പുലയർക്ക് ലഭിക്കുന്നത്. കുംഭം മീനം മാസങ്ങളായിരുന്നു ഉത്സവകാലമെന്നതിനാൽ ആ മാസങ്ങളിൽ നായർ സ്ത്രീകളെ എവിടെക്കണ്ടാലും പിടിച്ചു കൊണ്ട് പോകുവാൻ പുലയർക്ക് അവകാശമുണ്ടെന്ന ധാരണ ആചാരമായി മാറി. അങ്ങനെ ഈ പ്രത്യേക സമയങ്ങളിൽ അകമ്പടിയില്ലാതെ പുറത്തിറങ്ങുന്ന നായർ സ്ത്രീയെ താഴ്ന്ന വർഗത്തിലെ ആർക്കും വന്നു തൊട്ട്, കണ്ടേ കണ്ടേ എന്ന് വിളിച്ചു കൂവി സ്വന്തമാക്കാം എന്നായി. താഴ്ന്ന ജാതിക്കാരുടെ കൂടെ പോകുന്ന ഉയർന്ന ജാതിക്കാരായ സ്ത്രീകളെ സ്വന്തം സമുദായം തന്നെ ഭ്രഷ്ട് കൽപ്പിക്കും. അതായിരുന്നു നിയമം. പലരും നായർ സ്ത്രീകളെ സ്വന്തമാക്കി. രക്ഷപ്പെട്ട് തിരികെയെത്തിയാലും ഫലം ഒന്നുകിൽ മരണം അല്ലെങ്കിൽ ഭ്രഷ്ട്. ഇതിനെ അക്കാലത്തെ ആളുകൾ പല രീതികളിൽ വ്യാഖ്യാനിച്ചു. താഴ്ന്ന ജാതിയിൽപ്പെട്ട പുരുഷന്മാരുമായി സ്നേഹബന്ധത്തിൽ ഏർപ്പെടുന്നതിന് നായർ സ്ത്രീകൾ ജാതിഭ്രഷ്ടെന്ന ആചാരം ഉപയോഗപ്പെടുത്തി എന്നതായിരുന്നു ഒന്ന്. മറ്റൊന്ന് നായർ സ്ത്രീകളുടെ ദുർന്നടപ്പ് തടയുന്നതിനു പുരുഷന്മാർ നടപ്പിൽ വരുത്തിയ നിയന്ത്രണമാണ് എന്നും. സ്ത്രീകളെ ഭയപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും എന്ന വ്യാജേന നൽകിയ അനുവാദം, പതിയെ ഒറ്റയായി സഞ്ചരിക്കുന്ന സ്ത്രീകളെ താഴ്ന്ന ജാതിക്കാർ തൊട്ട് തീണ്ടി കൂടെക്കൊണ്ടു പോകാൻ കഴിയുന്ന ആചാരമായി മാറി. പിന്നീടത് തൊട്ടു തീണ്ടലിനു പകരം സ്ത്രീകളുടെ കാലിനു താഴെ പഴുക്ക എറിഞ്ഞു കൊണ്ട് സ്വന്തമാക്കുന്ന ആചാരമായി. അത്തരത്തിൽ ഏറു കൊണ്ട സ്ത്രീ താഴ്ന്ന ജാതിക്കാരന്റെ കൂടെ പോകുന്നതിനായി വിസമ്മതിച്ചാൽ കുടുംബത്തിലെ ആണുങ്ങൾ തന്നെ മുൻകയ്യെടുത്ത് സ്ത്രീയെ കൊന്ന് കളയും. ഒറ്റയ്ക്ക് വീട്ടിൽ നിന്നു പുറത്തിറങ്ങുന്ന സ്ത്രീകളെ മാത്രമേ ഇത്തരത്തിൽ സ്വന്തമാക്കുവാനാകുകയുള്ളൂ. ചില വിചിത്രങ്ങളായ നിയമങ്ങളും ഈ ആചാരത്തിലേക്ക് വന്നുചേർന്നു. മൂന്നു വയസെങ്കിലുമുള്ള ആൺകുട്ടി കൂടെയുണ്ടെങ്കിൽ അവരെ ഭ്രഷ്ടാക്കുവാൻ സാധിക്കയില്ല. ഗർഭിണിയായ സ്ത്രീയാണ് ഭ്രഷ്ടായതെങ്കിൽ പ്രസവത്തിനു ശേഷം മാത്രമേ അവളെ പുരുഷന് സ്വന്തമാക്കുവാൻ സാധിക്കുകയുള്ളൂ. അതും പ്രസവിക്കുന്നത് ആൺകുട്ടിയെ ആയാൽ ഭ്രഷ്ട് നിഷേധിക്കാനും കഴിയും.
സുന്ദരിയായിരുന്നു രൈരമ്മ. രൈരമ്മയുടെ മാതാവ് രോഗം ബാധിച്ച് മരണശയ്യയിൽ കിടക്കവേ വീട്ടുകാർ എതിർത്തിട്ടും ഏഴു വയസുള്ള മകനേയും കൂട്ടി അവർ വീട്ടിലേക്ക് യാത്രയായി. തിരിച്ച് വീട്ടിലേക്കുള്ള മടക്കയാത്രയിൽ വിഷം തീണ്ടി മകൻ മരണപ്പെട്ടു. മരണത്തിൽ മകന്റെ മുഖം കടുത്തുപോയി. വഴിയിലെ പാറക്കൂട്ടങ്ങൾക്കും മരങ്ങൾക്കുമിടയിൽ പതുങ്ങി നിൽക്കും പറയരേയും പുലയരേയും അവർ കടക്കണ്ണിൽ കണ്ടു. രൈരമ്മയുടെ കാലടികളെ തളർച്ച തടുത്തു. മറ്റ് വഴികളൊന്നുമില്ലാഞ്ഞ് രൈരമ്മ മരിച്ച മകനെ തോളത്തിട്ട് താരാട്ട് പാടിയുറക്കി നടന്നു. മറ്റുള്ളവരുടെ കണ്ണിൽ രൈരമ്മ തന്റെ മകനേയും ചുമലിലേറ്റി പാട്ടു പാടിയുറക്കുന്നു. അവരെല്ലാം നിരാശരായി. കയ്യിലൊളിപ്പിച്ച പഴുക്കകളൊക്കേയും അവർ കീശയിലാക്കി പിന്നേയും കാത്തു. രൈരമ്മ ഇടറിയ ശബ്ദത്തിൽ കുട്ടിക്ക് കഥ പറഞ്ഞ് കൊടുക്കുകയും മറ്റൊരു ശബ്ദത്തിൽ മൂളുകയോ മറുചോദ്യം ചോദിക്കുകയോ ചെയ്തു. അമ്മയായും കുട്ടിയായും ഒരാൾ. രൈരമ്മ. അതും സ്വന്തം മകന്റെ മരണദുഃഖം കടിച്ചമർത്തിക്കൊണ്ടുള്ള യാത്ര. എത്ര വേദനാജനകം.''
""എന്ത് കഥയായിരുന്നമ്മേ?''സോളമൻ ചോദിച്ചു.
""ഉണ്ണിയെ നഷ്ടപ്പെട്ട അമ്മയുടെ കഥ''
""ഭൂതത്താന്റെ കഥയോ?''
""മറ്റൊന്ന്''
""എന്നിട്ട്?''
""രൈരമ്മ കഥ പറഞ്ഞു മൂളി മൂളി നടന്ന് നടന്ന് ഓടിയോടി കുഞ്ഞിനേയും കൊണ്ട് സ്വന്തം വീടിന്റെ പടി കടന്നതും കുഴഞ്ഞ് വീണു. ആചാരത്തെ ഭയന്ന് രൈരമ്മ മകനെ മരണത്തിന് വിട്ടുകൊടുത്തെന്ന സംഭാഷണം കേട്ടാണ് പിന്നീടവർ ബോധം തെളിഞ്ഞ് എഴുന്നേൽക്കുന്നത്. വിഷം തീണ്ടിയപ്പോൾ സഹായത്തിനായി ശ്രമിക്കാതെ ഭയന്ന് ഓടിയത് അമ്മയുടെ ധർമ്മമായില്ലയെന്ന് സ്ത്രീകൾ അഭിപ്രായപ്പെട്ടു. അത് കേട്ട് രെെരമ്മ വീടിനുള്ളിൽ നിന്നും പുറത്തേക്ക് നിലവിളിച്ച് കൊണ്ട് പാഞ്ഞു. പടി കടന്ന മാത്രയിൽ സുന്ദരമായ അവരുടെ കാൽപ്പാദത്തിൽ പഴുക്കകൾ വന്ന് പതിച്ചു. അതൊന്നും വകവെക്കാതെ രൈരമ്മ പാഞ്ഞ് നടപ്പാതയിൽ പ്രതിഷ്ഠിച്ച കരിങ്കല്ലിൽ തലതല്ലിക്കരഞ്ഞു. അത് കണ്ടുകൊണ്ട് മരങ്ങളിൽ പതുങ്ങിയവർ ചാടി വീണു കൊണ്ട് രൈരമ്മക്കായി കടിപിടി കൂടി. പെട്ടെന്ന് രൈരമ്മയുടെ കരച്ചിലിന്റെ ആവൃത്തി കൂടി. അതിൽ തട്ടി ഓടി വന്നവർ വീണു. ചിലരുടെ ചെവികൾ പൊട്ടി ചോരയൊലിച്ചു. ചിലർ മയങ്ങി വീണു. ചിലർക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു. കരച്ചിലോടെ തന്നെ രൈരമ്മ ദൈവത്തിൽ വിലയം പ്രാപിച്ചു. പഴുക്കയുടെ ഉടമസ്ഥരെല്ലാം ചിത്തഭ്രമം പിടിപെട്ട് പലയിടത്തേക്കായി ചിതറി. ചലനമറ്റ മകന്റെ ശരീരവും കൊണ്ട് രൈരമ്മ നടന്ന വഴിയിൽ പിന്നീടൊരു പൊടിയും പുല്ലും കിളിർത്തില്ല. തമ്പുരാൻ പറപ്പേടി നിരോധിക്കുവാൻ കാരണമായത് രൈരമ്മയുടെ നിലവിളിയാണ്.''
""അതെന്താണമ്മേ ആ സ്ത്രീയ്ക്ക് മാത്രം ഇത്ര ദുരിതം?''
""കർമ്മഫലം. അനുഭവിക്കുവാനുള്ളത് അനുഭവിച്ചല്ലേ പറ്റൂ മകനേ.''
സോളമന് കഥ ഇഷ്ടപ്പെട്ടില്ല. ദുർനടത്തക്കാരിയെ കല്ലെറിയുന്ന കഥ ബൈബിളിലുണ്ട്. കല്ലുകൾക്ക് പകരം പറന്നു പോകും പഴുക്കകൾ അവൻ മനസിൽ കണ്ടു.
""സോളമാ''. അപ്പന്റെ അലർച്ച
""നീയാന്നോ കണ്ടത്തിലെറങ്ങി ഞാറു ചവിട്ടിക്കൂട്ടിയത്?''
""പന്തെടുക്കാൻ പോയതാപ്പാ''
""നിന്റെ തൊടയിന്നു ഞാൻ പൊളിക്കും. ആ പുളിവാറൽ ഇങ്ങെടുത്തേ'' അപ്പൻ ആജ്ഞാപിച്ചു. സോളമൻ ഓടി. പിറകെ അപ്പൻ വരുന്നത് പോലെ തോന്നിയപ്പോൾ സോളമൻ വളഞ്ഞു പുളഞ്ഞോടി. പിന്നേയുമോടി. വാഴത്തടങ്ങളും തോടുകളും ചാടിയോടിയപ്പോൾ വാഴകൾക്കിടയിലെ തോടുകളിൽ ചൂട്ടാൻ മീനുകൾ തലയിലെ വെളിച്ചത്താൽ അവന്റെ കണ്ണു ചിമ്മിക്കുവാൻ നോക്കി. എത്ര ദൂരം ഓടിയെന്നറിയില്ല. തിരിഞ്ഞു നോക്കിയപ്പോൾ അപ്പനെക്കാണാഞ്ഞതിലെ ആശ്വാസം അവൻ ഓട്ടത്തിന്റെ വേഗത കുറച്ചു കൊണ്ട് ക്രമീകരിച്ചു. പെട്ടെന്ന് നില തെറ്റി താഴേക്ക് പതിച്ചു. തലയും ശരീരവും മരവിച്ചു കഴിഞ്ഞാണവൻ എഴുന്നേറ്റത്. സർവ്വാന്ധകാരം. വേദന പതിയെ ഇഴഞ്ഞു സമയത്തിനൊപ്പം എത്തി. മുകളിൽ തെളിഞ്ഞ നീല. ദേവസ്യേട്ടന്റെ പറമ്പിലെ വെള്ളമില്ലാ പൊട്ടക്കിണർ. കുറച്ചധികം സമയം ആ ഉത്തരത്തിനായി സോളമൻ ചെലവഴിച്ചു. നഷ്ടപ്പെട്ട് പോയ പല റബ്ബർ പന്തുകൾ അവനു ചുറ്റും കിടന്നു. സൈക്കിൾ ടയറുകൾ, പലതരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ. അവൻ തന്നെ തട്ടിയിട്ട ഓലമടലുകൾ. അവനവരെ തിരിച്ചറിഞ്ഞില്ല. സൂര്യൻ ജനിക്കാതിരുന്ന ഒരു കാലം. അവനു ഭയം തോന്നിയില്ല. പകരം അവൻ കഥയ്ക്കവസാനം ചോദിക്കുന്നതു പോലെയൊന്ന് അമ്മയോട് ചോദിച്ചു
""എന്തിനാണമ്മേ അപ്പൻ അടിയ്ക്കുവാനോടിപ്പിച്ച് എന്നെ കിണറ്റിലേക്കെത്തിച്ചത്?'' ""സ്‌നേഹം കൊണ്ടാണ് മകനെ. അപ്പൻ മകനെ സ്നേഹിക്കയാണ്. പരസ്പരം മുറിവേൽപ്പിച്ച് മനുഷ്യർ സ്നേഹിക്കും പോലെ. മനുഷ്യനിൽ കുടിയിരിക്കുന്ന ക്രൂരത എന്ന ഭാവം സ്നേഹത്തിന്റെ പേരിൽ വെളിവാകുന്നതാണ്. സ്നേഹത്തെക്കാൾ മനുഷ്യനു ആഭിമുഖ്യം ഹിംസയോടാകണം. സ്നേഹത്തിന്റെ പ്രകടനം പുറമേയ്ക്ക് അത്തരത്തിലുള്ള ഒന്നാണ്. അതവന്റെ സഹജ ഭാവം കൂടിയാണ്. ബോധത്തിന്റെ വസ്ത്രങ്ങൾ ഓരോന്നായി ഉരിഞ്ഞിട്ട് സുതാര്യമാകുന്ന സമയം യഥാർത്ഥ ഉൾച്ചായ്വ് പുറത്ത് വരുന്നു. മൃഗത്വം.''
""അമ്മേ''
""കർമ്മഫലം എന്നൊന്ന് നിന്നെ ഈ കിണറ്റിൽ എത്തിച്ചതാണുണ്ണീ.'' അമ്മ പറഞ്ഞു. അമ്മ അവന്റെ തലയിൽ തഴുകിക്കൊടുത്തു. തവളയുടെ ശബ്ദം കേട്ട് അവൻ എവിടെയെന്ന് നോക്കി. രക്ഷപ്പെടുവാനായി അകലെയുള്ള വെളിച്ചത്തിലേക്ക് നോക്കി ഉച്ചത്തിൽ കരഞ്ഞു. കയ്യിൽ തടഞ്ഞ കല്ലെടുത്തെറിഞ്ഞു. ഒരെണ്ണം തിരികെ വന്ന് അവന്റെ അടുത്ത് വീണു. അവനുച്ചത്തിൽ അപ്പനെ വിളിച്ചു. അമ്മയെ വിളിച്ചു. എല്ലാവരെയും വിളിച്ചു കരഞ്ഞു. പ്രകൃതിയിലെ എല്ലാവരും അതു കേട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. കർമ്മഫലം അവൻ പിറുപിറുത്തു. സോളമന് കൂട്ടുകാർക്കൊപ്പം കളിക്കുന്നൊരു ഒളിച്ചുകളി ഓർമ്മ വന്നു. ഇരുട്ടുമുറി എന്നാണ് കളിയുടെ പേര്. ഇരുട്ട് മുറിക്കകത്ത് വിളക്ക് കത്തിച്ച് വച്ച് എല്ലാവരും പലയിടങ്ങളിലൊളിച്ച് കഴിഞ്ഞാൽ കണ്ണു തുറക്കുന്ന സോളമൻ തിരിയണച്ച് വിളിച്ചു കൂവും
ഇരുട്ടു മുറി വിളിക്കുന്നേ
ഇരുട്ടുമുറി വിളിക്കുന്നേ
ഒളിക്കുന്നവർക്കുള്ള അവസാന താക്കീതാണത്. തിരിയണച്ചാൽ കൂറ്റാക്കൂരിരുട്ടാണ്. വീട്ടിൽ ഏതോ ഓടിന്റെ വിടവിലൂടെ കാണാം തുണ്ട് വെളിച്ചം, അതിൽ നിറച്ചും പൊടി പടലങ്ങൾ, അതിൽ നിന്നും ചിമ്മിത്തെറിക്കും പ്രകാശവലയങ്ങൾ. ദിശാബോധം നഷ്ടപ്പെട്ട് നടന്നു നീങ്ങവേ കാൽമുട്ട് മേശയരികിൽ തട്ടി നീറും. അലമാരയിൽ നെറ്റിയിടിച്ച് കൊമ്പ് മുളയ്ക്കും. അപ്പോൾ കൂട്ടുകാരുടെ ചിരിയും അടക്കിപ്പിടിച്ച സംസാരവും പലയിടങ്ങളിൽ നിന്നായി അവനെ ചുറ്റും. കിണറ്റിലെ സോളമനു ചുറ്റും അപ്പോൾ പല ശബ്ദങ്ങൾ മുഴങ്ങി. അവനോട് ഓരോരുത്തരായി തങ്ങളെ കണ്ടുപിടിയ്ക്കുവാൻ പറഞ്ഞ് ഓടിപ്പോയി. അവനാരേയും കാണുവാൻ സാധിച്ചില്ല. അവനു ചുറ്റും അവർ ഓടിക്കളിച്ചു. ചിലർ അവനെ തോണ്ടി വിളിക്കും വേദനിപ്പിക്കും അപമാനിക്കും. ആരോ തോണ്ടവേ ലക്ഷ്യം തെറ്റി നഖം കൊണ്ട് സോളമന്റെ മുഖം മുറിഞ്ഞു. സോളമനു പരാജയഭീതി മൂലം കരച്ചിൽ വന്നു. കേട്ടുകൊണ്ടിരുന്ന ചിരി ശബ്ദങ്ങൾ അവനെ ചുറ്റി. ശബ്ദം കേൾക്കുന്ന ഭാഗത്തേക്കെല്ലാം അവൻ ഞെട്ടി ഞെട്ടി തലവെട്ടിച്ചൊടുവിൽ കൈകളാൽ ചെവികൾ മൂടി താഴെയിരുന്നു കരഞ്ഞു. കരഞ്ഞവന്റെ കാലുകൾ തേടി പെരുച്ചാഴി വന്നു. വന്നു മൂക്ക് മുട്ടിച്ച് അത് ചോദിച്ചു
"എന്തിനാണ് കരയുന്നത്? നിന്നേക്കാൾ എത്രയോ നികൃഷ്ടമെന്ന് കരുതുന്ന ഞാൻ പോലും കരയുന്നില്ല.' അതവനു ധൈര്യം കൊടുത്തു. "പ്രകാശത്തിലേക്ക് വളരുന്ന വള്ളിച്ചെടിയാകണം നീ. പ്രതീക്ഷയിലേക്കുറ്റുനോക്കും മനുഷ്യരെപ്പോലെ.' സോളമൻ എഴുന്നേറ്റ് പതിയെ കിണറിന്റെ വശങ്ങളിൽ കൈകളാൽ പരതി. കാലുവയ്ക്കാൻ പറ്റിയ ഒരു ദ്വാരം. അവനതിൽ കാലുറപ്പിച്ച് മുകളിലേക്ക് പിടിച്ചു കയറുവാൻ പറ്റിയ വള്ളികൾ തിരഞ്ഞു. ഒരു ചെടി കൈകളിൽ കൊളുത്തി. അടുത്ത പടികൾക്കായി കിണറ്റിൽ പരതി. പരതലിൽ അവന്റെ കൈകളിലെ വിരലുകൾക്കിടയിൽ മുറിവുകൾ പറ്റി. കാലുകൾ വയ്ക്കാൻ ശ്രമിച്ച് കല്ലുകളിൽ തട്ടി തൊലി ഉരഞ്ഞു നീറി. കാലുകൾ വച്ച ഇളകിയ ഭാഗം വഴുതി സോളമൻ താഴെ പൊത്തോയെന്ന് വീണു. അവനതോടെ ശ്വാസം കിട്ടാതെ വായിലൂടെ വായുവലിക്കുവാൻ ശ്രമിച്ച് ചുമച്ചു.
അപ്പോഴും അവനു ചുറ്റും കൂക്കി വിളികളും കളിയാക്കി ഓടിമറയുന്ന കാലടി ശബ്ദങ്ങളും ഓടിക്കൊണ്ടിരുന്നു.
സോളമനുണർന്ന് സ്‌ക്രീനിൽ നോക്കി കിതച്ചു. ഒരു ഗ്ലാസ് വെള്ളം കുടിച്ച് ആശ്വസിച്ചു. അപ്പോഴാണയാൾക്ക് ഓർമ്മ വന്നത്. മേരി വീഡിയോ നേരിട്ട് സേവ് ചെയ്യുകയല്ല ചെയ്തത്. ഒരു പക്ഷെ അത്തരത്തിലുള്ള ഡൗൺലോഡ് സാധ്യതകൾ സൈറ്റിൽ നിന്നും ഒഴിവാക്കി കാണും. സോളമൻ വീഡിയോയുടെ അവസാനത്തിലേക്ക് പോയി. അതെ, ഒരു സ്‌ക്രീൻ റെക്കോർഡർ വച്ച് മേരി ഈ വീഡിയോ വെബ്‌സൈറ്റിൽ നിന്നും റെക്കോർഡ് ചെയ്തിരിക്കയാണ്. വ്യക്തതയിൽ വരുന്ന മാറ്റങ്ങൾ സൂചിപ്പിക്കുന്നത് അതുതന്നെയാണ്. സ്‌ക്രീനിലെ ചലനങ്ങൾ പകർത്തുന്നതിനു ധാരാളം സോഫ്റ്റ് വെയറുകൾ നിലവിൽ സൗജന്യമായി ലഭ്യമാണുതാനും. അപ്പോഴാണ് അയാളത് ശ്രദ്ധിച്ചത്. വീഡിയോ പൂർത്തിയായതിനും ശേഷം ഫുൾസ്‌ക്രീനിൽ നിന്നും വെബ്ബിലേക്ക് തിരികെ പോകുന്നുണ്ട്. എന്നിട്ടാണ് റെക്കോർഡർ ഓഫ് ആകുന്നത്. സോളമൻ വേഗത കുറച്ചും ഇടയ്ക്ക് നിശ്ചലമാക്കിയും വീഡിയോ പ്രവർത്തിപ്പിച്ചു. സ്‌ക്രീനിലെ ആഴത്തിലേക്ക് നോക്കിക്കൊണ്ടിരിക്കെ അയാൾക്കൊന്ന് തിരിച്ചറിയുവാൻ കഴിഞ്ഞു. ബ്രൗസറിൽ മറ്റൊരു ടാബ് കൂടെ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിലാണ് അതിലെ തലക്കെട്ട്. വാർത്തയുടെ വാക്കുകൾ കാണാൻ പാകത്തിൽ അയാൾ വീഡിയോ ശ്രമപ്പെട്ട് നിശ്ചലമാക്കി വായിച്ചു.
ഇരുന്തലക്കാട് പദ്ധതി സംഘർഷം. ബ്രൗസറിലെ ടാബിൽ തെളിഞ്ഞ അതേ വാക്കുകൾ അയാൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് ഗൂഗിളിൽ വിരലമർത്തി. മൂന്നാമത്തെ ഫലത്തിൽ അയാൾക്ക് ആവശ്യമായത് കിടപ്പുണ്ടായിരുന്നു. അത്ര പ്രശസ്തമല്ലാതിരുന്ന ഒരു വെബ്ബ് പത്രത്തിന്റെ ലേഖനമായിരുന്നത്. തലക്കെട്ട് ഇരുന്തലക്കാട് പദ്ധതി സംഘർഷം നാലു പേർക്ക് പരിക്ക്.
സോളമൻ ലേഖനം വായിച്ചു.
പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ അവഗണിച്ചു കൊണ്ട് ഇരുന്തലക്കാടിൽ നടപ്പിൽ വരുത്തുവാൻ ശ്രമിച്ച സ്വകാര്യനിർമ്മാണ പദ്ധതികൾക്ക് തടയിടാനായി കളക്ടറേറ്റിൽ നടന്ന സമരം അക്രമാസക്തമായി. പൊലീസ് ലാത്തിച്ചാർജ്ജിൽ നാലു സമരക്കാർക്ക് പരിക്ക് പറ്റി. നൂറു ഏക്കറോളം വരുന്ന ഇരുന്തലക്കാട് തുരുത്ത് കണ്ടൽക്കാടുകളാലും ജൈവ വൈവിധ്യങ്ങളാലും സമ്പന്നമാണ്. ഇത് ലക്ഷ്യമാക്കി സ്വകാര്യ കമ്പനി ആസൂത്രണം ചെയ്ത ടൂറിസം പദ്ധതിക്കെതിരെ പ്രാദേശികവാസികളുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ വ്യാവസായിക ഭീമനായ സ്വകാര്യ കമ്പനിയുടെ രാഷ്ട്രീയ ഇടപെടലുകൾ മൂലം വിലക്കുകൾ ഓരോന്നായി മറികടന്ന് പദ്ധതി പുനരാരംഭിക്കുവാനുള്ള പ്രാരംഭ നടപടികൾ കൈക്കൊണ്ട അവസരത്തിലാണ് ജനങ്ങൾ നിരത്തിലിറങ്ങിയത്. ഒരുവശം കടലും മറ്റു മൂന്നു പാതി വശങ്ങൾ കായലും ചേർന്ന തുരുത്തിന്റെ ആകെ വിസ്തീർണ്ണം നൂറു ഏക്കറോളമാണ്. തുരുത്ത് മുഴുവനായി ഒരു ഹൈടെക്ക് സിറ്റിയാക്കി മാറ്റിയെടുക്കുവാനാണ് വ്യവസായ ഭീമനായ എച്ച് ഡെവലപ്പേഴ്‌സ് പദ്ധതിയൊരുക്കുന്നത്. ദ്വീപ് നിവാസികൾക്ക് തൊഴിലും വീടുകളുടെ പുനരുദ്ധാരണവും കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മത്സ്യബന്ധനം മാത്രം ഉപജീവനമാക്കിയ ഇരുപത്തെട്ടോളം പട്ടികജാതിക്കാരാണ് ഇവിടുത്തെ നിവാസികൾ. പ്രാദേശികവാസികളുടെ അനുവാദമില്ലാതെ പദ്ധതിക്കെതിരെ ഒരു സാമൂഹിക സംഘടന ഹൈക്കോടതിയെ സമീപിച്ചതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ഇരുന്തലക്കാടുതുരുത്തു പോലുള്ള പ്രദേശത്ത് പ്രകൃതിക്ക് വിനാശകരമാകും വിധത്തിലുള്ള നിർമ്മാണസംരംഭം നടപ്പാക്കുന്നതിൽ ധാരാളം പ്രകൃതി സ്നേഹികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മെട്രോ നഗരത്തിന്റെ ശ്വാസകോശം എന്ന് വിളിക്കാവുന്ന പച്ച തുരുത്താണ് ഇല്ലാതാകുവാൻ പോകുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പോർച്ചുഗീസ് കാലഘട്ടത്തിൽ നൗകകൾക്ക് വഴി കാണിക്കുന്നതിനായി നിർമ്മിക്കപ്പെട്ട ലൈറ്റ്ഹൗസ് നിലനിർത്തിക്കൊണ്ട് തന്നെ ടൂറിസ്റ്റുകളെയും വിദേശികളേയും ആകർഷിക്കുന്ന ഹൈടെക്ക് വിനോദസഞ്ചാര കേന്ദ്രമാണ് തങ്ങൾ വിഭാവനം ചെയ്യുന്നതെന്ന് എച്ച് ഡെവലപ്പെഴ്‌സ് വ്യക്തമാക്കിയിരുന്നു.
ബാക്കി ഭാഗം സോളമൻ ഓടിച്ച് വായിച്ചു വിട്ടു. മേരിയുമായി ബന്ധപ്പെട്ട ഒന്നും തന്നെ അയാളുടെ ശ്രദ്ധയിൽപ്പെട്ടില്ല. ലേഖനത്തിനടിയിൽ ഒരു വീഡിയോ ബഫർ ചെയ്യുവാൻ കാത്തുകിടന്നിരുന്നു. അയാൾ അത് പ്രവർത്തിപ്പിച്ചു. ഫ്‌ളക്‌സ് ബോർഡുകളേന്തിയ സമരക്കാരുടെ മുദ്രാവാക്യം ഉയർന്നു കേൾക്കവേ പതിനേഴാം സെക്കന്റിൽ സോളമന്റെ കണ്ണുകൾ കൂർത്തു. സമരമുദ്രാവാക്യം വിളിക്കുന്ന മേരിയെക്കണ്ട് അയാൾ വാ പൊളിച്ചു. ഹൃദയമിടിപ്പിനു വേഗത കൂടി. എന്നാൽ തൊട്ടടുത്ത നിമിഷം ഹൃദയം തള്ളിത്തെറിക്കുന്നത്ര ഭയം അയാളിൽ കുമിഞ്ഞു കൂടി. മേരിക്കരികിലായി ചിരിച്ചു കൊണ്ട് നടന്നു നീങ്ങുന്ന ഒരു പെൺകുട്ടി. സോളമൻ വീഡിയോ പോസ് ചെയ്ത് പെൻഡ്രൈവ് വഴി ലഭ്യമായ വീഡിയോ പ്രവർത്തിപ്പിച്ച് ഒരു പ്രത്യേക പോയിന്റിൽ നിർത്തി വച്ച് ഇരുസ്‌ക്രീനുകളും മാറി മാറി നോക്കി. രണ്ടു നിശ്ചല ചിത്രങ്ങളും ഒരു സ്‌ക്രീനിൽ കൊണ്ടു വന്നു. രണ്ടും തമ്മിൽ താരതമ്യം നടത്തി. സമരത്തിൽ മേരിക്കൊപ്പം നടന്ന പെൺകുട്ടിയെത്തന്നെയാണ് താൻ വീഡിയോവിൽ കണ്ടതെന്ന നിർണ്ണയത്തിലെത്തുക അത്ര എളുപ്പമല്ലാഞ്ഞിട്ടും പെൺകുട്ടിക്ക് കവിളുകളിലും താടിയിലും ഉണ്ടായിരുന്ന പ്രത്യേകതകൾ സോളമനു കൃത്യമായി തീരുമാനത്തിലെത്തുന്നതിന് സഹായിച്ചു. അയാൾ സമരക്കാരുടെ വീഡിയോ മുഴുവനായും കണ്ടു. പ്രകോപനമില്ലാഞ്ഞും പൊലീസ് സമരക്കാരെ ലാത്തിയാൽ നേരിട്ടു. പരിക്ക് പറ്റിയ പെൺകുട്ടിയേയും കൊണ്ട് മേരി നടന്നു പോകുന്ന ഒരു ദൃശ്യം വീഡിയോയിൽ തെളിഞ്ഞിരുന്നതിനാൽ വീഡിയോ കഴിഞ്ഞ് സോളമൻ പരിക്ക് പറ്റിയവരുടെ പേരുകൾ തിരഞ്ഞു. മുൻപിലായി ആരോ ചൂട്ട് കത്തിച്ച് നടക്കുന്നത് പോലെ, ആരോ മാടി വിളിക്കുമ്പോലെ, തുഴ കൈകളിൽ വച്ചു തന്നതു പോലെ തോന്നിയപ്പോൾ ലാപ് ടോപ്പ് അടച്ച് ബാഗിനുള്ളിൽ തിരുകി സിയൂസ് ഡാമിൽ നിന്നും അയാളിറങ്ങി.
മെട്രോ നഗരത്തിൽ നിന്നും ആറു കിലോമീറ്ററോളം ദൂരമേയുള്ളൂ ഇരുന്തലക്കാട് തുരുത്തിലേക്ക്. ആകെ ഇരുപത്തിയെട്ട് കുടുംബങ്ങൾക്കും സഞ്ചാരത്തിനുള്ള ആശ്രയം ബോട്ടുകളും തോണികളുമാണ്. ബോട്ട് എപ്പോഴുമില്ലാത്തതിനാൽ രണ്ട് തോണിക്കാർ കടവുകളിൽ മിക്കപ്പോഴും കാണും. പുറംലോകത്തു നിന്നും ദ്വീപിലേക്കുള്ള പാലത്തിനായി അപേക്ഷ കൊടുത്തു കാത്തിരുന്ന് ദ്വീപ് നിവാസികൾക്ക് മടുത്തു തുടങ്ങി. രണ്ട് ബോട്ട് ജട്ടികൾ ഒരു ലൈറ്റ് ഹൗസ് ഒരു കപ്പേള ഏതാനും കടകൾ എന്നിവയാണ് ദ്വീപിലെ ഇപ്പോഴത്തെ പ്രധാന കെട്ടിടങ്ങൾ. മത്സ്യബന്ധനമാണ് പ്രധാന വരുമാനമാർഗം. തൊട്ടു മുൻപിലെ കായലിൽ കുന്തിച്ചിരുന്നു ചൂണ്ടയിടുന്ന വയസായ സ്ത്രീകളെ പല വീടുകളിലും കാണുവാൻ സാധിക്കും. ദ്വീപിൽ മുഴുവൻ മൺവഴികളോ ജലപ്പാതകളോ ആണ്. കായൽ ജലമാണ് ഇതിലൂടെ ഒഴുകുന്നത്. കുട്ടികളും മുതിർന്നവരും ഇവിടെ വള്ളം ഉപയോഗിക്കും. ജെട്ടിയിൽ നിന്നും കവലയിലേക്കും കവലയിൽ നിന്നും ലൈറ്റ് ഹൗസിലേക്കുമുള്ളതാണ് പ്രധാന വഴികൾ.
തുരുത്തിൽ നിന്നും മെട്രോ നഗരത്തിലേക്കുള്ള പാലം സർക്കാർ പരിഗണനയിൽ ആണ് എന്നു പറഞ്ഞ് പല നേതാക്കളും ഇലക്ഷനുകളും വന്നു പോയി. നൂറ്റിപ്പത്തു മീറ്റർ ദൂരമുള്ള പാലത്തിനായുള്ള മുറവിളി തലമുറകൾ പഴകിയതാണ്. ലൈറ്റ് ഹൗസിന്റെ സുഖമമായ നടത്തിപ്പിനു വേണ്ടി പരിചയസമ്പന്നരായ മൂന്നു ഉദ്യോഗസ്ഥരെ സർക്കാർ നിയമിച്ചിട്ടുണ്ട്. പണ്ട് മുണ്ടോത്തി വറീത് എന്നയാളുടെ സ്വന്തമായിരുന്നു മുഴുവൻ തുരുത്തും. ഭൂപരിഷ്‌ക്കാര നിയമം വന്നപ്പോൾ ഭൂമി കുടിയാന്മാർക്കും ലഭ്യമാകുകയായിരുന്നു. എങ്കിലും വറീത് അറുപത് ശതമാനത്തോളം ഭൂമി കാരോക്കി ജോൺസൺ എന്നയാൾക്ക് മറിച്ചു വിറ്റു. അന്നത്തെ കാലത്ത് ചെമ്മീൻ കെട്ടും കൃഷിയുമായിരുന്നു പ്രധാന വരുമാനം. ജോൺസണിൽ നിന്നുമാണ് എച്ച് ഡെവലപ്പേഴ്‌സ് ദ്വീപിന്റെ പ്രധാന ഭാഗങ്ങളെല്ലാം സ്വന്തമാക്കിയത്. എങ്കിലും കമ്പനി വിഭാവനം ചെയ്ത പദ്ധതിക്കു കൂടുതൽ ഭൂമി ആവശ്യമായിരുന്നു. പ്രാദേശിക നിവാസികളിൽ നിന്നും കിടപ്പാടം എഴുതി വാങ്ങുന്നതിനുള്ള ശ്രമങ്ങളൊന്നും വിലപ്പോകാതെ വന്നപ്പോൾ കമ്പനി അവർക്കെതിരെ തിരിഞ്ഞു. റോഡ് പാലം എന്നിവ നിർമ്മിക്കുന്ന സർക്കാർ പദ്ധതികൾക്ക് കുറുകെ നിൽക്കുവാൻ അവരെ പ്രേരിപ്പിച്ച ഘടകവും ഇതുതന്നെയായിരുന്നു. റോഡ് നിർമ്മിക്കുവാനായി സ്ഥലം വിട്ട് നൽകാൻ കമ്പനി തയ്യാറാകാതിരുന്നതിനാൽ ഇന്നൊരു സഞ്ചാരയോഗ്യമായ പാത പോലും ഇവർക്കന്യമാണ്. നൂറ്റിപ്പത്ത് മീറ്റർ നീളമുള്ള പാലത്തിനു വേണ്ടിയുള്ള ശ്രമങ്ങളെല്ലാം കമ്പനി സ്വാധീനമുപയോഗിച്ച് തടഞ്ഞു.
ജൈവവൈവിധ്യത്തിന്റെ കലവറയായി കണക്കാക്കപ്പെടുന്ന തുരുത്തിന്റെ വിനാശം മനുഷ്യരുടെ ജീവന്റെ താളം തെറ്റിക്കുമെന്നതിൽ സംശയം ലവലേശമില്ല. കരിമീൻ ചെമ്മീൻ കണമ്പ് ഞണ്ട് കരിംകൊക്ക് നീർക്കാക്കകൾ എന്നിവയുടെ വിഹാരകേന്ദ്രമാണിന്ന് തുരുത്ത്. ചണ്ടികൾ നിറഞ്ഞു കിടക്കുന്ന കായലിൽ പലപ്പോഴും വഞ്ചി മറിഞ്ഞ് അപകടം സംഭവിച്ചിട്ടുണ്ട്. അരയോളം ചെളിയുള്ള തോട് നീന്തിക്കയറി വീടുകളിൽ പോകുന്നവർ ഇരുന്തലക്കാടു തുരുത്തിലുണ്ട്.
""സാറ് റോബിസാറിനെ കാണാൻ വന്നതാന്നോ?'' നാലു പേരായിരുന്നു തോണിയിൽ ഉണ്ടായിരുന്നത്
""അല്ല''
""പത്രക്കാരനാണോ?'' സോളമൻ മറുപടി പറയുന്നതിനു പകരം ചവച്ചു കൊണ്ടിരുന്ന ച്യൂയിംഗം തുപ്പി. വെള്ളത്തിൽ രണ്ട് നിമിഷം പൊന്തിക്കിടന്ന് അത് താഴേക്ക് ഇറങ്ങി. പായലുകൾ ജലത്തെ വേർത്തിരിക്കുന്ന അതിർത്തിയിൽ ഓളങ്ങൾ വന്ന് ഇളക്കി. ഫാനിന്റെ കാറ്റിൽ ഇളകിയാടും പുതപ്പുകൾ പോലെയത് ഒഴുകി. മാലിന്യങ്ങൾ തള്ളുന്ന തൊഴിലാളികളെപ്പോലെ മുഖം കുനിച്ചു സോളമനിരുന്നു.
""ഇതിനി വല്ല മീനും കഴിക്കണം'' തോണിക്കാരൻ മറ്റുള്ളവരോടായി പറഞ്ഞു.
""പ്ലാസ്റ്റിക് കാരണം മീൻ മുഴുവനും ചത്ത് പൊന്തല്ലേ. ഇന്നാളൊരു തിമിംഗലത്തിന്റെ വാർത്ത വന്നിരുന്നു. അതിന്റെ വയറ്റിലു ഇല്ലാത്തതൊന്നും ഇല്ലാരുന്നെന്നേ. പേന ചീർപ്പ് ഹാംഗർ മിക്‌സി റ്റിവി ഒക്കെണ്ടാർന്നു. ഇനി അതിന്റെ വയറ്റിന്റെ ഉള്ളിലു വല്ല മനുഷ്യന്മാരും ജീവിക്കുന്നുണ്ടാർന്നോ എന്നാണ് ഗവേഷകർക്ക് സംശയം. അത്ര അധികം സാധനങ്ങൾ ഉള്ളിൽ വഹിക്കുന്ന വീട്. തിമിംഗല വീട്.''
കേട്ടു കൊണ്ടിരുന്ന ഒരു യാത്രക്കാരൻ ചിരിക്കാൻ ശ്രമിച്ചു.
സോളമന് അവിടം വല്ലാത്ത പരിചയം തോന്നി. ചില നാടുകളും ഇടങ്ങളും ചിലർക്കെങ്കിലും അത്തരത്തിലുള്ളവയാണ്. ഓർമയിൽ നിന്നും പൊടിതട്ടിയെടുക്കേണ്ട ആവശ്യമേയുള്ളൂ. അറിയാവുന്ന സൈക്കിൾ ചവിട്ട് പോലെ, നീന്തൽ പോലെ. വഞ്ചിയിറങ്ങി സോളമൻ മുൻപിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു യാത്രക്കാരനോട് ലൈറ്റ് ഹൗസിലേക്കുള്ള വഴി ചോദിച്ചു. അയാൾ ഒരു വശത്തേക്ക് ചൂണ്ടിക്കാണിച്ചു. രണ്ടു മുഖങ്ങളെ ബന്ധിപ്പിക്കുന്ന മണ്ണിലാണ് കവല നിലനിന്നിരുന്നത്. രണ്ട് തലകൾ ചേർന്ന കാട്. ഇരു തല കാട്. ഇരുന്തലക്കാട്. സോളമൻ പേര് ഒരിക്കൽ കൂടി ഓർത്തു. ലൈറ്റ് ഹൗസ് ഉയർന്ന ഒരു മുനമ്പിൽ നിൽക്കുന്നത് കവലയിൽ നിന്നേ നോക്കിയാൽ കാണാം. ഉയരത്തിൽ. തെങ്ങുകളും മരങ്ങളുമൊന്നും ആ കാഴ്ചയെ മറയ്ക്കുവാൻ പോകുന്നതായിരുന്നില്ല. കവലയിൽ നിന്നുമൊരു മണ്ണുവഴി അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. ദ്വീപിന്റെ മറ്റേതോ വശത്ത് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തിരമാലകളുടെ ശബ്ദം ദൂരെയുള്ള തീവണ്ടിയുടെ വരവു പോലെ സോളമൻ കേൾക്കുന്നുണ്ടായിരുന്നു. ദ്വീപിന്റെ ഒരു ഭാഗം കടൽത്തീരമാണ്. മറ്റുഭാഗങ്ങൾ കായൽ ജലവുമാണ്. കടലും കായലും ഒന്നിക്കുന്ന അഴിമുഖത്തിന്റെ ചെറിയൊരു പതിപ്പ് ദ്വീപിൽ നിലനിൽക്കുന്നുണ്ട്. രണ്ട് ബോട്ടു ജട്ടികളാണ് ദ്വീപിലുള്ളത്. ഒന്ന് ദ്വീപ് നിവാസികൾക്കായുള്ള വരവുപോക്കുകൾക്കായുള്ള പൊതു കടവ്. മരത്താൽ നിർമ്മിതം. രണ്ടാമത്തെത് ലൈറ്റ് ഹൗസിനു അരികിലായി നിർമിക്കപ്പെട്ട സ്വകാര്യ ജെട്ടി. ചെറുത്. ഇരുമ്പ് കൊണ്ട് നിർമ്മിതം. അവിടേക്ക് രണ്ട് വട്ടം മാത്രമാണ് ബോട്ടുകൾ അടുക്കാറുള്ളത്. ഉദ്യോഗസ്ഥർക്ക് വരുന്നതിനും പോകുന്നതിനുമായിട്ട് ലൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അനുസരിച്ചാണ് ബോട്ട് വന്ന് പോയിക്കൊണ്ടിരുന്നത്.
തുരുത്തിന്റെ ഒരു മൂലയിലാണ് ലൈറ്റ് ഹൗസ് നിലനിൽക്കുന്നത്. കടൽ വഴിയോ കായൽ വഴിയോ വരുന്ന ബോട്ടുകൾക്കും കപ്പലുകൾക്കും വഴികാട്ടിയായി അത് വെളിച്ചമേന്തി തലയുയർത്തി നിൽക്കുന്നു. കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പുകൾ ദ്വീപ് നിവാസികളിലെത്തിക്കേണ്ട ഉത്തരവാദിത്തം കൂടെ അവരിൽ നിക്ഷിപ്തമായിരുന്നു. മീൻപിടുത്തക്കാർക്ക് അത് വലിയ സഹായവുമായിരുന്നു.
""കഴിഞ്ഞ ആഴ്ച ഇവിടൊരു നന്നങ്ങാടി കിട്ടിയാർന്നു സാറെ. അതാ ഞാൻ ചോദിച്ചേ. അത് പുരാവസ്തു ഗവേഷകർ കൊണ്ടു പോയി. ഇനി അവിടെ നിന്നെങ്ങാനുമാണോ എന്നറിയാൻ വേണ്ടിയാർന്നു. ബോട്ടിലാ കൊണ്ട് പോയത്. വലിയൊരു കൂജ. ഇതിവിടുത്തെ ആദ്യത്തെ സംഭവമൊന്നുമല്ല. ഉള്ളിൽ വല്ല എല്ലിങ്കഷ്ണങ്ങളും പാത്രങ്ങളും ഒക്കെ കാണുവാരിക്കും. പണ്ട് നിധിയാകുമെന്ന് വച്ച് ഞാൻ തന്നെ ഒരെണ്ണം അങ്ങ് പൊട്ടിച്ചു നോക്കിയാർന്നെ''. തോണിക്കാരൻ പിറകിലായി വരുന്നുണ്ടാരുന്നു.
""പണ്ട് ഈ ദ്വീപിലേ ആരും താമസമില്ലായിരുന്നേ. അന്നേരം നന്നങ്ങാടി കുഴിച്ചിടുവാനുള്ള സ്ഥലമായാ നാടുവാഴി ഇതിനെ ഉപയോഗിച്ചതേ. മാർക്കണ്ഡേയന്റെ കഥയറിയത്തില്ലേ സാറിന്?''. സോളമൻ ഇല്ലെന്ന് തല വെട്ടിച്ചു കൊണ്ട് കവലയിലെക്ക് നടത്തം പതുക്കെയാക്കി.
""അന്ന് നമ്മുടെ നാട്ടില് വൃദ്ധർക്ക് മരണമില്ലാർന്നു. നൂറും നൂറ്റിയിരുപതും വർഷം കഴിഞ്ഞിട്ടും ഇവറ്റോൾ ശോഷിച്ച് വളഞ്ഞ് കിടന്ന് ജീവിക്കും. എന്ത് ചെയ്താലും മരിക്കത്തില്ലായിരുന്നു. എന്നതാ കാര്യമെന്ന് വച്ചിട്ടാ? മരണത്തിന്റെ പ്രഭു പിണങ്ങിപ്പോയില്ലെ. ശിവഭക്തനായ ഒരു ബാലനെ പരലോകത്തോട്ട് കൊണ്ട് പോകാൻ വന്നതായിരുന്നു പ്രഭു. നോക്കുമ്പോഴെന്താ. ദാ കിടപ്പാണ് മാർകണ്ഡേയൻ. ഇഷ്ടദേവനായ ശിവനെ പ്രാർഥിച്ച് ശിവലിംഗത്തിൽ കെട്ടിപ്പിടിച്ചാണ് കെടപ്പ്. ആയുസ്സ് തീരുന്ന മാത്രയിൽ ബാലന്റെ കഴുത്ത് ലക്ഷ്യമാക്കി പ്രഭു കാലാപാശം എറിഞ്ഞു. വീശിയെറിഞ്ഞ പാശം ഒരേസമയം ശിവലിംഗത്തിലും ബാലന്റെ കഴുത്തിലും വീണു. ഇതൊന്നുമറിയാതെ പ്രഭു വലിയോ വലി. ബാലനാണേൽ ശിവലിംഗത്തിലെ പിടുത്തം അങ്ങ് മുറുക്കി. അപ്പോൾ ബാലന്റെ ഭക്തിയിൽ പ്രസാദിച്ച് ശിവഭഗവാൻ അവിടെ പ്രത്യക്ഷപ്പെടുകയും പ്രഭുവിനെ തന്റെ ശൂലത്താൽ വധിക്കുകയും ചെയ്‌തെന്നാണ് കഥ.
അതു കൊണ്ടെന്തോ പറ്റി. പ്രപഞ്ചം മൊത്തം ഇരുളിൽ പെട്ടു പോയില്ലെ. ലോകത്ത് മരണമില്ലാതെയായി. മരണത്തിന്റെ പ്രഭു ഇല്ലേൽ ആരേലും മരിക്കുവൊ ഇല്ല. മരണാസന്നരായ വൃദ്ധരെക്കൊണ്ട് ഭൂമി നിറഞ്ഞു. വീട് നിറഞ്ഞു നാട് നിറഞ്ഞു. വയസായി മെലിഞ്ഞുണങ്ങി നട്ടെല്ല് വളഞ്ഞ് കൂനിക്കൂടി ആരോഗ്യമില്ലാഞ്ഞും എല്ലാവരും ജീവിച്ചു. പ്രാഥമികാവശ്യങ്ങൾ പോലും സ്വയം ചെയ്യാനാകാത്ത മനുഷ്യരെക്കൊണ്ട്, അവരുടെ ശരീരങ്ങൾക്കൊണ്ട് നാട് നിറഞ്ഞപ്പോൾ ജനങ്ങൾ വലഞ്ഞപ്പോൾ നാടുവാഴി കണ്ടെത്തിയ ഉപായമായിരുന്നു നന്നങ്ങാടി. കൂനിക്കൂടിയവരെ വലിയൊരു ഭരണിയിൽ അടച്ച് അവരെ മരിച്ചതായി സങ്കൽപ്പിച്ച് കുഴിച്ചിടും. അവർക്കായി ഭക്ഷണവും ആയുധങ്ങളും വസ്ത്രങ്ങളും നന്നങ്ങാടിയിൽ നിക്ഷേപിക്കും. മനുഷ്യവാസമില്ലാത്ത ഇരുന്തലക്കാടിൽ കൊണ്ടുപോയി കുഴിച്ചിടുവാനായിരുന്നു നാടുവാഴി കൽപ്പിച്ചത്. പിന്നീട് കൃഷിക്കായി ഇരുന്തലക്കാട് കുഴിച്ച് തുടങ്ങിയവർ ഈ നന്നങ്ങാടികളെ കുഴിച്ചെടുത്തു. മരണമില്ലാത്തവർക്ക് ഭക്ഷണം കൊടുത്ത പാത്രങ്ങൾ ചട്ടികളായി പുരാവസ്തുക്കാർ കാണുന്നു. കഴിഞ്ഞ വട്ടം ഒരു വേസ്റ്റ് കുഴി എടുക്കാൻ നോക്കിയതാർന്നു. അങ്ങനെയാ പുതിയതൊന്ന് കൂടി കിട്ടിയെ. കണ്ടവന്റെയൊക്കെ ശവപ്പെട്ടി കുത്തിത്തുറന്നിട്ട് നമ്മൾക്കെന്നാ പുണ്യം കിട്ടാനാ. അല്ലെ.''
""സാറു ലൈറ്റ് ഹൗസിലേക്കാന്നോ. അന്നാ ദാണ്ടെ കുന്നു കയറി അങ്ങ് ചവിട്ട് പടിയിലോട്ട് വിട്ടാ മതി. നേരെ ചെന്ന് കയറുന്നത് ലൈറ്റ് ഹൗസിലോട്ടാ.'' സോളമൻ അയാൾക്കൊപ്പം തന്നെ നടപ്പ് തുടർന്നു.
കവലയിൽ എത്തിയപ്പോൾ തോണിക്കാരൻ അയാളുടെ പാട്ടിനു പോയിരുന്നു. സോളമൻ അടുത്തു കണ്ട കടയിലേക്ക് കയറി. ഒരു പക്ഷെ തുരുത്തിലെ ഏക പലചരക്ക് കട ഇതാകാമെന്ന് അയാൾ ഓർത്തു. തൊട്ടരികിലായി ഒരിടത്ത് ചായയുടെ വലിയ കോപ്പയും ബണ്ണുകളും ഇരിപ്പുണ്ട്. സോളമൻ ഒരു ചായ പറഞ്ഞു. കടക്കാരൻ ഒറ്റയാകും വരെ ചായ മോന്തിക്കൊണ്ടും പിറകിലെ ഭാരം ഇറക്കി വച്ചാശ്വസിച്ചും നേരം കളഞ്ഞു. മറ്റാരുമില്ലയെന്ന് ഉറപ്പായപ്പോൾ ഫോണെടുത്ത് സോളമൻ മേരിയുടേയും പെൺകുട്ടിയുടേയും ചിത്രം കാണിച്ചു ഇവരെ അറിയുമോ എന്ന് ചോദിച്ചു. അയാൾ എവിടെയോ ഒളിപ്പിച്ച് വച്ചിട്ടുണ്ടായിരുന്ന കണ്ണട തിക്കിത്തിരക്കിയെടുത്ത് മൂക്കിൽ വച്ച് ഫോണിലേക്ക് കാക്കയെപ്പോലെ ഒരു വശം ചെരിഞ്ഞ് നോക്കി. സോളമൻ ഫോണിന്റെ പ്രകാശം കൂട്ടിക്കൊടുത്തു.
""ആ ഇത് നമ്മടെ ജോപ്പന്റെ മകളല്ലെ. ഇവരിവടന്ന് താമസം മാറിപ്പോയി. ഈ കുട്ടിക്കെങ്ങാണ്ട്ന്ന് സ്‌കോളർഷിപ്പ് കിട്ടിയാരുന്നു. ജോപ്പനാണേൽ പട്ടണത്തിലെ കമ്പനിയിൽ ജോലിയും കിട്ടി. അവരങ്ങോട്ട് മാറിയിട്ട് കുറച്ചായി. ഈ കൂടെ നിൽക്കുന്ന പെണ്ണുമ്പിള്ള ഇവിടെ കൂടെക്കൂടെ വരാറുണ്ടായിരുന്നു. ഇവിടന്നാ ചായയൊക്കെ കുടിച്ചോണ്ടിരുന്നെ. ലൈറ്റ് ഹൗസിലെ ചാണ്ടി സാറിനെ വലിയ പരിചയമായിരുന്നു. കപ്പേളയിൽ എന്തോ ചിത്രങ്ങൾ വരക്കാനോ മറ്റോ വന്ന് കൂടിയതാ. ചാണ്ടി സാറിപ്പളില്ലല്ലോ.''
""ചാണ്ടി സാറിനു എന്ത് പറ്റി''
""ഓ അതൊക്കെ വലിയ കഥയാ സാറെ. പറയാൻ സമയമില്ല. ലൈറ്റ് ഹൗസിൽ പൊന്തൻ കാണും ആളോട് ചോദിച്ചാ മതി. അങ്ങേരാണെങ്കിൽ ആരുടേലും ചെവി തിന്നാൻ നോക്കിയിരിക്കാ. ഈ വഴിക്ക് നേരെ അങ്ങ് ചെന്നാൽ മതിയാകും.''
""സാറു പത്രത്തിലേതാണോ എന്നാലെനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്നേ.' ഒരു സ്ത്രീയാണ്, കടക്കാരന്റെ ഭാര്യയാകും.
""സർക്കാരിവടെ ബോട്ടിലു ടൈമിങ് വച്ചിട്ടൊണ്ട് ശരിയാ. ദിവസോം നാല് പ്രാവശ്യം. ആ സമയത്ത് മാത്രവേ അവർ ഇങ്ങ് വരത്തുള്ളൂ. രാവിലെ ഒരു ബോട്ടൊണ്ട് അത് മൊടങ്ങിയാ പിള്ളാരെടെ പഠിപ്പ് മൊടങ്ങും. അവർക്ക് പോകാൻ മടിയാണേൽ ബോട്ട് കേടാവാൻ പ്രാർത്ഥിക്കും. നമ്മളൊക്കെ പണ്ട് പനി വരണെ പനി വരണേ എന്നല്ലേ പ്രാർത്ഥിച്ചോണ്ടിരുന്നേ. ഇത് ബോട്ട് വരല്ലെ ബോട്ട് വരല്ലെ എന്നാ''. സ്ത്രീ ചിരിച്ചു.
""വലിയ കഷ്ടപ്പാടാ സാറേ. രാത്രിയെങ്ങാനും ആർക്കേലും എന്നതേലും വന്നാലെ വഞ്ചി പിടിക്കണം. വഞ്ചി വരെ ചൊമന്നോണ്ട് ഓടണം. വഞ്ചി തൊഴഞ്ഞ് റോഡ് വരെ എത്തണം. അപ്പോഴെക്കും ചത്തില്ലെ ആശുപത്രിയിലോട്ട് കൊണ്ട് പോകാം. ഇല്ലേൽ തിരിച്ച് ശവമായിട്ട് ഇങ്ങ് കൊണ്ട് വരണം. വേലിയെറക്കം വരുമ്പം വഞ്ചി ചെളിയിൽ അങ്ങ് പൊതയും. കൂന്ത്രത്താടി ഔസേപ്പേട്ടൻ ചത്തത് അങ്ങിനേണ്. എത്ര സമരം ചെയ്തു. വല്ല കാര്യവും ഉണ്ടായോ'' സ്ത്രീ തന്റെ പരിഭവം പറഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. സോളമന്റെ കാലടികൾ അതനുസരിച്ച് ഭൂമിയെ ചവിട്ടി നീക്കി.
""നാലു ദിവസത്തെ അവധിയും കഴിഞ്ഞ് ഞാൻ തിരിച്ചെത്തിയ ദിവസമായിരുന്നു. ഏഴു മണിക്കുള്ള ഷിഫ്റ്റിനു ചാണ്ടിക്ക് പകരക്കാരനായിട്ടാണ് വന്നത്. ബോട്ടുകാർ എന്നെ പതിവു പോലെ ഇവിടെ ഇറക്കി വിട്ടു. ഏഴു മണിക്കു വരുന്ന ബോട്ട് തിരിച്ചു പോകുക എട്ടര മണിക്കാണ്. അത് വരെ ഡ്രൈവർമാർ ഓരോ ചായയൊക്കെ കുടിച്ച് ഓരോ വർത്തമാനങ്ങളും പറഞ്ഞ് ഇരിക്കും. സമയമുണ്ടേൽ ഞാനും അവരുടെ കൂടെ കൂടാറുണ്ട്. അവിടെ സൊറ പറയാൻ അത്യാവശ്യം ആളുകളും കാണും കേട്ടോ. എല്ലാവരും ബോട്ട് നോക്കി വന്നവരാകും. ഒരു വണ്ടിക്കുള്ള ആൾക്കാരായാൽ അവർ അന്ന് രണ്ട് ട്രിപ്പ് അടിക്കും. അതിന്റെ കണക്കൊന്നും സർക്കാരറിയത്തില്ല. അത് കൊണ്ട് ബോട്ടുകാരെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ഇടയ്ക്ക് പിടിച്ച മീനൊക്കെ സമ്മാനമായി കൊടുത്തയക്കും ഇവിടെയുള്ളവർ. എന്നത്തെയും പോലെയായിരുന്നു ഞാൻ അന്നും വന്നത് പക്ഷെ വന്നപ്പം.
പ്രധാന വാതിൽ തുറന്നു കിടക്കുകയായിരുന്നു. അങ്ങനെയൊരു പതിവില്ല. ഇതെന്ത് കൂത്തെന്ന് കരുതി ഞാൻ ഉള്ളിലേക്ക് കയറി. ആരെങ്കിലും മറന്നതാകുമെന്ന് പിന്നെ തോന്നി. നാലു ജോലിക്കാരാണ് ലൈറ്റ് ഹൗസിനുണ്ടായിരുന്നത്. മൂന്നു പേർ ജോലിയെടുക്കുമ്പോൾ ഒരാൾ ലീവായിരിക്കും. പകലും രാത്രിയും എല്ലാം ഡ്യൂട്ടി മാറി മാറി നോക്കേണ്ടി വരും. ആ സമയം താമസിക്കാൻ ഉള്ളിൽ തന്നെ ഒരു മുറിയുണ്ട്. രണ്ട് ദിവസത്തെ സിക്ക് ലീവും അവധിയും കഴിഞ്ഞ് വന്നതായിരുന്നു ഞാൻ. ഉള്ളിലേക്ക് കയറിയപ്പോൾ അവിടെ ഒരുത്തനുമില്ല. മെയിൻ റൂമിലും അടുക്കളയിലും എന്നു വേണ്ട എല്ലായിടത്തും അരിച്ചു പെറുക്കി. ഒരിടത്തുമില്ല. അടുക്കളയിൽ പകുതിയോളം ഉപ്പുമാവ് ബാക്കിയുണ്ടായിരുന്നു. തണുത്ത് വിറങ്ങലിച്ച്. ഒരു കസേര അതിനടുത്തായി മറിഞ്ഞു കെടപ്പുണ്ടാരുന്നു. കിടപ്പുമുറിയിലും പ്രത്യേകിച്ച് ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. ഇവിടുത്തെ ക്ലോക്ക് നിന്നു പോയാർന്നു. മൂന്നു മണിയ്ക്ക്. ബാറ്ററി കഴിഞ്ഞാൽ അല്ലെങ്കിലും അത് നിൽക്കുമല്ലോ എന്ന് കരുതി ഞാൻ സമാധാനിച്ചു. എല്ലാം തുറന്നിട്ട് ഇവന്മാരിതെല്ലാം കൂടി എങ്ങോട്ട് പോയി. തുരുത്തിൽ കറങ്ങി നടക്കുന്ന സ്വഭാവം ഏതായാലും ഇവർക്കില്ല. ആകെ കൊറച്ച് വെളിവൊള്ളത് ചാണ്ടിക്ക് മാത്രവാ.
ചാണ്ടിയാണേൽ ഇവിടെത്തുകാരുമായി നല്ല കമ്പനിയാ. ഒറ്റാം തടി. ഒരുത്തൻ ഈ തുരുത്തിലേയാ. രാജൻ. ഞാനവനെ തെരക്കാൻ വീട്ടിലോട്ട് ചെന്നു. അപ്പോഴാണറിയണത് വീട്ടിലോട്ട് ചെന്നിട്ട് കുറച്ചായെന്ന്. വായുവിൽ അലിഞ്ഞ് പോയ പോലെ മൂന്നിനേം കാണാനില്ല. എനിക്ക് തല കറങ്ങി. എന്ത് സമാധാനമാ പറയാ. ഞങ്ങൾക്ക് മഴയത്ത് ധരിക്കാൻ മഞ്ഞ നിറത്തിലുള്ള മഴക്കോട്ടുണ്ടായിരുന്നു. അതിൽ ഒന്നൊഴിച്ച് മൂന്നും കാണ്മാനില്ലായിരുന്നു. കവലേലു പോയി കാര്യം പറഞ്ഞപ്പോൾ ആദ്യം ചിരിച്ചവന്മാരു തന്നെ തെരെയാൻ കൂടെ വന്നു. വൈകാതെ പൊലീസുമെത്തി. സംശയാസ്പദമായി കണ്ടെത്തിയ ഒന്ന് ലൈറ്റ് ഹൗസ് രജിസ്റ്റർ പുസ്തകത്തിൽ ജീവനക്കാർ രേഖപ്പെടുത്തിയ വിവരങ്ങളാണ്. ഓരോ ദിവസവും കാലാവസ്ഥയും വിശദാംശങ്ങളും കുറിച്ചു വക്കുന്ന പതിവുണ്ട്. ഈ രജിസ്റ്റർ പിന്നീട് മുതിർന്ന ഉദ്യോഗസ്ഥന് പരിശോധനക്കായി സമർപ്പിക്കും. മൂന്നു ദിവസം മുൻപുള്ള വാചകങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ് സംഗതി എളുപ്പമല്ലെന്ന് മനസിലായത്.
മൂന്നു ദിവസം മുൻപുള്ള രേഖപ്പെടുത്തൽ
ഭീകരമായ കാറ്റ്. ഇന്നു വരേക്കും ജീവിതത്തിൽ കണ്ടിട്ടില്ലാത്തത്രയും വേഗതയിൽ. ഞങ്ങളും ലൈറ്റു ഹൗസും പറന്നു പോകുമെന്ന് തോന്നുന്നു. ഭ്രാന്ത് പിടിച്ച കാറ്റ്. രണ്ടാമനായ രാജൻ ച്യൂയിംഗം പോലെ എന്തോ ചവക്കുന്നതും മൂന്നാമനായ വില്ല്യംസ് കരയുന്നതും എൻട്രികളിൽ ഉണ്ട്. വില്ല്യംസിന്റെ പ്രധാന ഉത്തരവാദിത്തം ലൈറ്റ് ഹൗസിന്റെ സംരക്ഷണമായിരുന്നു. എക്‌സ് മിലിറ്ററിയാണയാൾ. ജീവിതത്തിൽ പല പരീക്ഷണങ്ങളേയും അതിജീവിച്ചവൻ. മരണത്തെ പോലും കവച്ചു വച്ച ആ മനുഷ്യൻ ജീവിതത്തിലിന്നു വരെ കരയുന്നത് ഞാൻ കണ്ടിട്ടില്ല. അങ്ങനെയുള്ളയാൾ ഒരു കാറ്റിന്റെ പേരിൽ എന്തിനു കരയുന്നു. ഞാനും പൊലീസും വലിയ ആശയക്കുഴപ്പത്തിൽ പെട്ടു.
പിറ്റേ ദിവസത്തെ രജിസ്റ്ററിലെ വിവരങ്ങൾ അതിലും വിചിത്രമായിരുന്നു. കൊടുങ്കാറ്റ് കടപുഴക്കുവാനായി അടുത്തെത്തിക്കഴിഞ്ഞു. ഞങ്ങൾ മൂവരും പ്രാർത്ഥന തുടങ്ങി. ചാണ്ടിച്ചൻ ഒരു യുക്തിവാദി കൂടിയാണ് കേട്ടോ. ഒരിക്കലും പള്ളിയിൽ പോയി മുട്ടുകുത്തിയിട്ടില്ല. അങ്ങേരു പ്രാർത്ഥിച്ചു എന്നു എഴുതി വച്ചേക്കുന്നു. അങ്ങേരുടെ അതേ കയ്യക്ഷരം. ചാണ്ടിച്ചനെപ്പോലെ ഒരുത്തൻ മരണത്തിൽ പോലും ദൈവത്തെ വിളിക്കുമെന്ന് കരുതിയതല്ല. പുസ്തകത്തിലെ വിവരണങ്ങൾ മിക്കതും വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു. അതാണ് പൊലീസിനെ ഏറെ കുഴക്കിയത്. മഴക്കോട്ടുകൾ, നിലച്ച ഘടികാരം, രജിസ്റ്റർ വിവരങ്ങൾ, പകുതിയാക്കിയ ഉപ്പുമാവ് തുടങ്ങി സംശയാസ്പദമായ ചുറ്റുപാടുകൾ ഏറെ ഉണ്ടായിട്ടും ഈ കേസിൽ വലിയൊരു മുന്നേറ്റം നടത്തുവാൻ പൊലീസിനു സാധിച്ചില്ല എന്നതാണ് സത്യം.
മൂന്നാമത്തെ ദിവസത്തെ എഴുതപ്പെട്ട വിവരങ്ങൾകൂടി പറയാം
എല്ലാം ശമിച്ചിരിക്കുന്നു. മരണം പോലെ ശാന്തം. കൊടുംകാറ്റും അലർച്ചകളും ഗർജ്ജനങ്ങളും തിരമാലകളും നിലച്ചു. പുലർച്ചേ മഞ്ഞുകാലമതിൽനിന്നെഴുന്നു പോകും ദൈവം ഇറങ്ങി വന്നിരിക്കുന്നു.
"ഏറ്റവും വലിയ തമാശ എന്താണെന്നു വച്ചാൽ ഈ ദിവസങ്ങളിലൊന്നും തന്നെ ഈ തുരുത്തിൽ മഴയുടേയോ കാറ്റിന്റേയോ യാതൊരു വക ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. അപ്പോൾ പിന്നെ ഇവരിത് എന്തിനെപ്പറ്റിയാ എഴുതിയിരിക്കുന്നത്. എനിക്കറിയാൻ പാടില്ലെന്റെ പുണ്യാളോ'.
അന്വേഷണം എവിടേയും എത്താതെയായപ്പോൾ ലൈറ്റ് ഹൗസിൽ പുതിയ ഉദ്യോഗസ്ഥർ നിയമിതരായി. ചൂളം വിളിക്കുന്ന കാറ്റിൽ വില്ല്യമിന്റേയും ചാണ്ടിയുടേയും രാജന്റേയും പേരുകൾ ആരോ ഉച്ചരിക്കുന്നത് കേട്ട് പലരും ഭയന്നു സ്ഥലം മാറിപ്പോയി. കടൽഭാഗത്തെ തിരകളിൽ വീണ് മരിച്ചതാകും എന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കിൽ അവരുടെ ശവം എവിടെ? കടൽത്തീരത്ത് അടിയേണ്ടതല്ലയോ? ആർക്കും ഒന്നിനും ഒരുത്തരവുമില്ല. എന്തോ ഭാഗ്യത്തിനാ ഞാൻ രക്ഷപ്പെട്ടതെന്റെ സാറെ. പണ്ടത്തെക്കാലത്ത് കുഷ്ഠം എന്ന മഹാരോഗം പിടിപ്പെട്ട നാട്ടുകാരെ മുഴുവനും പിടിച്ചു കെട്ടി ഇവിടെ ഉപേക്ഷിച്ചതാണ് നാട്ട് രാജാവ്. പട്ടിണി കിടന്ന് എല്ലാരും ചത്ത് പോകുമെന്ന് കരുതിയ രാജാവിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചത് ഈ തുരുത്തിന്റെ ജൈവ വൈവിധ്യമായിരുന്നു. മത്സ്യസമ്പത്ത്. ചങ്ങാടം പണിത് ഇവിടുന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവനൊക്കെ എതിരേൽക്കാൻ ചുരികയും പിടിച്ച് പടയാളികൾ അപ്പുറത്തെ കരയിൽ കാവലുണ്ടായിരുന്നു. അങ്ങനെ കൊന്ന് കായലിൽ തള്ളിയത് എത്രയെണ്ണത്തിനെയെന്നോ. അതോടെയാണ് മനുഷ്യർ ഇവിടെത്തന്നെ ജീവിക്കുവാൻ തീരുമാനിച്ചത്. മരണത്തെ അതിജീവിച്ച രോഗികൾ പിന്നീട് ദ്വീപ് വിട്ട് പോകുവാൻ ശ്രമിച്ചില്ല. അവർ ഇവിടെത്തന്നെ കൂടി. സ്വന്തമായി കൃഷിയും കൂട്ടവുമായി. കുടുംബങ്ങളായി വീട് വച്ച്. സ്വന്തം രാജ്യം പോലെ. ആദ്യത്തെക്കാലത്ത് വിശപ്പ് സഹിക്കാൻ വയ്യാതെ ശരീരം ദ്രവിച്ച രോഗികൾ ഈ ലൈറ്റ് ഹൗസിൽ നിന്നും താഴെ പാറക്കൂട്ടങ്ങളിലേക്ക് ചാടി സ്വയം ചത്തൊടുങ്ങിയിരുന്നെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അവരുടെ ശാപം പേറുന്ന ഇടമാ. അതിന്റെയൊക്കെയൊരിത് ഇവിടെക്കാണും. ജോലിക്കല്ലാരുന്നേൽ ഈ നശിച്ച സ്ഥലത്ത് ഞാൻ കാലെടുത്ത് കുത്തത്തില്ലാരുന്നു സാറെ.''
സംസാരത്തിൽ ഒരിടവേള വന്നത് അപ്പോഴായിരുന്നു. സോളമൻ തന്റെ ഫോണെടുത്ത് ഗ്യാലറി തുറന്ന് മേരിയുടേയും പെൺകുട്ടിയുടേയും ചിത്രം അയാളെക്കാണിച്ചു. അതു വരെ നാട്ടുകഥ പറഞ്ഞു കൊണ്ടിരുന്ന രസത്തിൽ നിന്നും അയാളുടെ മുഖം അണഞ്ഞു. ""മേരിയെ എങ്ങനെ അറിയാം?''
പൊന്തൻ തിരിച്ച് ചോദിച്ചു.▮
(തുടരും)