ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

കുന്നിറങ്ങുന്നവർ വഴുതി വീഴും പായലുകൾ

എട്ട്: കുന്നിറങ്ങുന്നവർ വഴുതി വീഴും പായലുകൾ

"പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ, പുത്തനൊരായുധമാണ് നിനക്കത്, പുസ്തകം കയ്യിലെടുത്തോളൂ' എന്ന മുദ്രാവാക്യവുമായി സാക്ഷരതാ പ്രവർത്തകർ ആലീസിലെത്തിയ വർഷം വിദ്യ കൊണ്ട് പ്രബുദ്ധരാകുക, വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നു തുടങ്ങുന്ന വാചകങ്ങൾ പോസ്റ്റാഫീസ് കവലയിൽ മുഴങ്ങിയതിന്റെ ഫലമായി മുഴുവൻ കുട്ടികളേയും പഠിക്കുവാനയക്കുവാൻ ആലീസിലുള്ളവർ തീരുമാനിച്ചു. അത് വഴി ഭാവിയിലെങ്കിലും പട്ടിണി കൂടാതെ ജീവിക്കാമെന്നവർ വ്യാമോഹിച്ചു. ആലീസ് കുന്നിന് താഴെ പോസ്റ്റാഫീസ് കവലക്കടുത്ത് ഒരു നഴ്‌സറി സാക്ഷരതാ പ്രവർത്തകരുടെ ശ്രമഫലമായി തുറന്നു.

ചിരിച്ചും കളിച്ചും കഥ പറഞ്ഞും ഓടിയും ചാടിയും കലപിലകൂട്ടിയും കുന്നിറങ്ങി പോകുന്ന ആട്ടിൻപറ്റം കണക്കെയുള്ള കുട്ടികളെ നോക്കി കൂടെ പോകുവാൻ മേരി വാശി പിടിച്ചു. അത്രയും നേരം ശല്യം ഒഴിഞ്ഞു കിട്ടുമല്ലോയെന്ന് ചിന്തിച്ച അന്നമ്മേച്ചിയമ്മ അപ്പനോട് മേരിയുടെ ആവശ്യം അറിയിച്ചു. അപ്പൻ സമ്മതം മൂളി. ആലീസ് കുന്നിറങ്ങി നഴ്‌സറിയിൽ പോകുന്ന മിക്കവാറും കുട്ടികൾ സാമ്പത്തികമായി പിന്നോക്കക്കാരായ വീടുകളിൽ നിന്നുമായിരുന്നു. അവർക്കിടയിലേക്ക് പല നിറത്തിലുള്ള സുന്ദരൻ ഉടുപ്പുകളും ചെരിപ്പുകളുമായി മേരിക്കുഞ്ഞു വന്നപ്പോൾ ചുവന്ന കല്ലുവഴിയിലൂടെ തെന്നി വീഴും പോലെ കുന്നിറങ്ങിക്കൊണ്ടിരുന്ന ആട്ടിൻപറ്റം പുതപ്പണിഞ്ഞ ചെമ്മരിയാടിനെക്കണ്ട പോലെ മിക്ക കുട്ടികളും കൗതുകം കൊണ്ട് കണ്ണുമിഴിച്ചു.
മേരി തന്റെ പുതിയ കൂട്ടുകാരെ കണ്ട് പല്ലുകൾ മുഴുവൻ മുളച്ചിട്ടില്ലാത്ത മോണ കാണിച്ച് ചിരിച്ചു. അതുവരെ അവൾക്കുണ്ടായിരുന്ന കൂട്ടുകാർ സൂപ്പി എന്നു അവൾ വിളിക്കുന്ന കുഞ്ഞുതലയിണയും പ്ലേറ്റ് എന്നു പേരുള്ള കുഞ്ഞു പാത്രവും മുറ്റത്തുള്ള മൈലാഞ്ചി ചെടിയുമായിരുന്നു. സൂപ്പിക്ക് പുരികവും കണ്ണും മൂക്കും വായയും മേരിയാണ് വരച്ച് നൽകിയത്. അതിനാൽത്തന്നെ വലതു കവിളിന്റെ മൂന്നിരട്ടിയായിരുന്നു സൂപ്പിയുടെ ഇടതു കവിൾ. അതിൽ തല ചായ്ച്ച് മേരിയുറങ്ങി. അതിനൊപ്പം സാറ്റുകളിച്ചും മൈലാഞ്ചി ചെടിയോട് അടിപിടി കൂടിയും ദേഷ്യം വരുമ്പോൾ കൈകൾ പോലുള്ള വള്ളികളിൽ നിന്നും ഇലകൾ ഊരിയെടുത്തും വായിലിട്ട് ചവച്ചരച്ചും അവയോട് കുന്തിച്ചിരുന്നു സംസാരിച്ചും മേരി വളർന്നു.

നഴ്‌സറിക്കടുത്തുള്ള തയ്യൽക്കടയിൽ ജോലി ചെയ്യുന്ന കുറുമ്പേച്ചി എന്ന് വിളിക്കുന്ന അമ്മിണിയമ്മയെയാണ് രാവിലെ പിടക്കോഴിക്കു പിറകിലൂടെ പോകുന്ന കോഴിക്കുഞ്ഞുങ്ങളെപ്പോലെ ആലീസിലെ കുട്ടികളെ നഴ്‌സറിയിലേക്ക് എത്തിക്കുവാൻ ചുമതലപ്പെടുത്തിയിരുന്നത്. അമ്മിണിയെന്ന പേര് മേരിക്ക് വലിയ ഇഷ്ടമായിരുന്നു. അമ്മിണീയെന്ന് വിളിക്കുമ്പോൾ അതിനുള്ളിൽ നിന്നും പയറുമണികൾ ഉരുണ്ടുരുണ്ട് വന്നു. തന്നെ അമ്മിണിയെന്ന് വിളിക്കുവാനാരുമില്ലാത്തതിന്റെ ദുഃഖം ഒരു വ്യാഴവട്ടക്കാലത്തിനപ്പുറത്തു നിന്ന് സോളമൻ പരിഹരിക്കുമെന്ന് അവളറിഞ്ഞിരുന്നില്ല.

നഴ്‌സറികളിൽ കുട്ടികൾക്ക് ഉച്ച തിരിഞ്ഞു കഴിക്കുവാൻ ചോറ്റു പാത്രത്തിൽ കൊടുത്തു വിട്ടിരുന്ന അമേരിക്കൻ ഉപ്പുമാവ് ആലീസിലെ മിക്കവാറും വീട്ടുകാരുടെ രുചി കേന്ദ്രങ്ങളിൽ ഇടം പിടിച്ചിരുന്നു. രാത്രി കുടിച്ചു വരുന്ന അപ്പന്മാർക്ക് വേണ്ടി പുതിയ തരം ഉപ്പുമാവിന്റെ ഒരുഭാഗം കുട്ടികളുടെ അമ്മമ്മാർ സ്‌നേഹത്തോടെ കരുതി വച്ചു. വലിയ ദാരിദ്ര്യമില്ലാതിരുന്ന കുടുംബമായിട്ടും രുക്മിണിടീച്ചർ മേരിയുടെ കുഞ്ഞു സ്റ്റീൽ പാത്രത്തിൽ ഉപ്പുമാവ് കുത്തി നിറച്ചു നൽകി വിട്ടു. അതു കഴിച്ച് അന്നമ്മേച്ചിയമ്മ കൊഴുത്തു.
ആലീസിൽ ധനികയെന്ന് സ്വയം തോന്നിയിരുന്ന മേരിക്കുഞ്ഞ് നഴ്‌സറിയിൽ എത്തിയതിൽ പിന്നെ തന്റെ യഥാർത്ഥ അവസ്ഥ തിരിച്ചറിഞ്ഞു. തന്നേക്കാൾ പുത്തൻ ഉടുപ്പുകളുള്ള തന്നേക്കാൾ മികച്ച ബാഗുകളുള്ള വാട്ടർ ബോട്ടിലുകളുള്ള കാറിൽ വന്നു പോവുന്ന കുട്ടികളെ അവൾ കണ്ടു.
കരുതുന്നത്രയും പണക്കാരനല്ല തന്റെ അപ്പനെന്ന് ഇടക്ക് സൈക്കിളിന്റെ തണ്ടിലിരുന്ന് മേരിക്കുഞ്ഞ് ആലോചിച്ചു. ഈ ചിന്തക്ക് ബലം വയ്ക്കുവാനെന്ന പോലെ മേരിക്കുഞ്ഞിനു മറ്റൊരു അനുഭവം ആയിടക്ക് ഉണ്ടാവുകയും ചെയ്തു. അക്കങ്ങളുടെ പഠനത്തിൽ പതിനഞ്ചു മുതൽ മുതൽ ഇരുപതു വരെ എഴുതി പരിശീലിക്കുവാൻ പറഞ്ഞ് രുക്മിണി ടീച്ചർ മുഖം കഴുകുവാനായി പോയ ദിവസം പതിവു പോലെ മേരിക്കുഞ്ഞ് തന്റെ സ്ലേറ്റിൽ ആദ്യം മല വരച്ചു. സൂര്യനെ വരച്ചു. വീട് വരച്ചു. പറന്നു പോകുന്ന പക്ഷികളെ വരച്ചു. ഇടയ്ക്കിടയ്ക്ക് തുപ്പലം തൊട്ട് മായ്ച്ചു വരച്ചു.
മുഖം കഴുകി വന്ന രുക്മിണി ടീച്ചറോട് മേരിയുടെ അടുത്തിരുന്ന അന്ന, "ടീച്ചർ, മേരി പടം വരക്കുന്നു' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ശിരസ് തന്റെ മകളെപ്പോലെ ഓമനിച്ചു വളർത്തിയ ചെവിയിൽ പിടിച്ച് രുക്മിണി ടീച്ചർ ശാസിച്ചു. ചെവിയിൽ വേദനയുടെ ഉറുമ്പുകൾ കൂടു വച്ചു. നുള്ളു കിട്ടിയ വിഷമത്തിൽ മേരിക്കുഞ്ഞ് സ്ലേറ്റ് കള്ളിച്ചെടി വച്ച് ബലത്തിൽ മായ്ച്ച് അക്കങ്ങളെഴുതി.
മേരിക്കുഞ്ഞിന്റെ കയ്യിൽ രണ്ടു തരം കള്ളിചെടികൾ ഉണ്ടായിരുന്നു. കള്ളിമുൾചെടിയും കള്ളിച്ചെടിയും. ഇതിലെ രണ്ടാമത്തെ ചെടിക്ക് ഇലകളും കായ്കളും ഉണ്ട്. അതിന്റെ തണ്ട് നത്തോലികളെപ്പോലെ വെളുത്തു സുതാര്യമായി നിന്നു. നനവുള്ള വീടിന്റെ അഴുക്കു ചാലിനു സമീപം വളർന്ന ഇവയെ സ്ലേറ്റ് മായ്കുവാൻ കഴിയും എന്ന് കണ്ടെത്തിയ രാത്രി മേരി ഉറക്കത്തിൽ അത് സ്ലേറ്റ് പെൻസിൽ പോലെ കടിച്ചു തിന്നുന്നത് സ്വപ്നം കണ്ടു. കോട്ടയത്തു നിന്നും കുടിയേറി വന്ന ജോർജച്ചായന്റെ പറമ്പിലായിരുന്നു നഴ്‌സറി സ്ഥിതി ചെയ്തിരുന്നത്. ഇച്ചായന്റെ പഴയൊരു ഫാക്ടറി മുറി പൊടിത്തട്ടിയെടുത്താണ് നഴ്‌സറിക്കുള്ള സ്ഥലം രുക്മണിടീച്ചർ കണ്ടെത്തിയത്. അച്ചായന്റെ ഒരു ബന്ധു കുട്ടി ആ നഴ്‌സറിയിൽ പഠിക്കുന്നുമുണ്ട്.

റേച്ചൽ.
മേരിക്കുഞ്ഞിന്റെ അടുത്താണ് ആ കുട്ടി ഇരിക്കുന്നത്.
തന്നേക്കാൾ ഭംഗിയുള്ള റേച്ചലിനെ നോക്കിയിരിക്കുന്നത് മേരിക്കുട്ടിക്ക് കുറച്ചൊക്കെ ഇഷ്ടമായിരുന്നു.
എന്നാൽ പാതി ഉരസി തീർത്ത കള്ളിച്ചെടി തിരിച്ചു വച്ചപ്പോൾ റേച്ചലിന്റെ സ്ലേറ്റിൽ ഇതു വരേയും കണ്ണും കാലും വരച്ച് തീരാതിരുന്ന പ്രാവിന്റെ ചിത്രം മേരി കണ്ടു. തന്റെ ചെവിക്കു പിടിച്ച രുക്മിണി ടീച്ചറുടെ വിരലുകളുടെ പരുപരുപ്പ് അവളോർത്തു.
എന്നിട്ടും രുക്മിണി ടീച്ചറെ വിളിച്ച് റേച്ചലിന്റെ സ്ലേറ്റ് അവൾ കാണിച്ചു കൊടുത്തു. രുക്മണി ടീച്ചർ സ്ലേറ്റ് പിടിച്ചു വാങ്ങി പിന്നെ ഉയർത്തിപ്പിടിച്ചു പറഞ്ഞു "ഇത് നോക്കൂ നമ്മൾ പഠിച്ചാൽ മാത്രം പോര ഇടയ്ക്ക് ഇതു പോലെ കഴിവുകളും പുറത്തെടുക്കണം റേച്ചലിനെപ്പോലെ'.
എല്ലാവരും സ്ലേറ്റിലേക്ക് ഉറ്റുനോക്കി. താൻ മികച്ചൊരു ചിത്രകാരിയാണെന്ന് അന്നു മുതൽ ജീവിതാവസാനം വരെ റേച്ചൽ വിശ്വസിക്കുകയും ചിത്രങ്ങൾ വരച്ച് കൂട്ടുകയും ചെയ്തു. ഒരേ കാര്യത്തിനു ലഭിച്ച വ്യത്യസ്ത നീതികൾ മേരിക്കുഞ്ഞിനെ ആശയക്കുഴപ്പത്തിലാക്കി. അധികാരത്തിനോടുള്ള ലോകവ്യവസ്ഥയുടെ ഇരട്ടത്താപ്പ് മേരിയുടെ മനസ് നനച്ചു.
ഈ ഭൂമിയിൽ അത്രയൊന്നും പ്രിയപ്പെട്ട ഒരാളല്ല താനെന്ന് മേരിക്കുഞ്ഞ് അന്ന് തിരിച്ചറിഞ്ഞു. ഇതിനോട് തുടർച്ചയെന്ന പോലെ സമാനമായ മറ്റൊരു അനുഭവം കൂടി പിൽക്കാലങ്ങളിൽ അവളെ കാത്തുകിടപ്പുണ്ടായിരുന്നു. ഇവ്വിധം പല പല അനുഭവങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് മേരി തന്റെ സ്വഭാവരൂപീകരണം നടത്തി. മനുഷ്യൻ തന്റെ കുട്ടിക്കാലങ്ങളുടെ ഉത്പന്നങ്ങളാണ് എന്ന് പിൽക്കാലത്ത് മേരി തന്റെ ഡയറിയിൽ കുറിച്ചു.

ആദ്യ ദിവസങ്ങളിലെ ഓളം അവസാനിച്ചപ്പോൾ നഴ്‌സറിയിലെ ജീവിതം മേരിക്കുഞ്ഞിനു ദുഃസഹമായിത്തുടങ്ങിയിരുന്നു.
നഴ്‌സറിയുടെ മുറ്റത്ത് നിന്നിരുന്ന ശതാവരി കിഴങ്ങിന്റെ ചെറിയ ഇലകളെയല്ലാതെ സ്‌നേഹിക്കുന്നതിനായി മറ്റൊന്നും അവിടെ കണ്ടെത്തുവാൻ അവൾക്ക് കഴിഞ്ഞില്ല. നഴ്‌സറിയോടുള്ള അവളുടെ സ്‌നേഹം നിലച്ചതിനു ശേഷം പിടക്കോഴിയെപ്പോലെ കൊക്കിക്കൊക്കിയുള്ള അമ്മിണിയമ്മയുടെ വരവിൽ നിന്നും രക്ഷപ്പെടുന്നതിനായി ആ സമയമാകുമ്പോൾ പഴയ വസ്ത്രങ്ങളും പഴയ ആഭരണങ്ങളുമണിഞ്ഞ് കട്ടിലിനടിയിലോ മേശക്കടിയിലോ അവൾ ഒളിച്ചിരുന്നു. അമ്മിണിയമ്മ ഇതു കണ്ട് ആ ഇന്നു മോൾ ഇല്ലല്ലേ എന്ന് ചോദിച്ച് ബാക്കിയുള്ള കുട്ടികളുമായി കുന്നിറങ്ങിപ്പോയി. ഏതാനും ദിവസങ്ങൾ കൂടി ഇത് തുടർന്നു. മേരിക്കുഞ്ഞിന്റെ തന്ത്രം അന്നമ്മേച്ചിയമ്മ കണ്ടുപിടിച്ചതിനാൽ അനങ്ങാതെ കിടന്നിട്ടും കാറിക്കരഞ്ഞിട്ടും അമ്മിണിയമ്മയുടെ കൂടെ അവൾക്ക് പോകേണ്ടി വന്നു. ആയിടയ്ക്കാണ് രുക്മിണി ടീച്ചറുടെ ആവശ്യ പ്രകാരം ഒരു ഡയറി മേരിയുടെ അപ്പൻ അവൾക്ക് കൊണ്ടു കൊടുത്തത്. ഡയറി കൊടുത്ത് രണ്ടാം നാൾ രുക്മിണി ടീച്ചറുടെ കൈപ്പട അതിൽ അക്കമിട്ട് കാണായി.
1: വൃത്തി കുറവാണ്
2: ഉച്ചക്കുറക്കമില്ല
3: പഠനത്തിൽ ശ്രദ്ധക്കുറവുണ്ട്
4: അച്ചടക്കം പാലിക്കുന്നില്ല
നഖങ്ങൾക്കിടയിലെ അഴുക്ക് വൃത്തിയാക്കുന്നതിനോ അങ്ങനെ ഒരു കാര്യത്തിലും മേരിയെ നിർബന്ധിക്കുന്നതിന് അന്നമ്മേച്ചിയമ്മയോ അപ്പനോ തയ്യാറായില്ല. എന്നാൽ ഈ എഴുതിയ ശീലങ്ങളെയെല്ലാം മാറ്റിമറക്കുവാൻ തക്ക ഒരനുഭവം അവളുടെ ജീവിതത്തിൽ സംഭവിച്ചു.

നഴ്‌സറിയിലെ ആൺകുട്ടികളും പെൺകുട്ടികളും സൗഹൃദവും കളിയും ചിരിയും തല്ലുപിടുത്തവും ആയി ഓരോരുത്തരും മറ്റുള്ളവരെ മനസിലാക്കി വരുന്ന ദിനങ്ങളായിരുന്നു അത്. കുറുമ്പൻ സാന്റോ, പഠിപ്പിസ്റ്റ് അന്ന, തമാശക്കാരൻ അനു എന്നിങ്ങനെയുള്ള ലിസ്റ്റായി അതു നീണ്ടു. രണ്ടു കാരണങ്ങളായിരുന്നു സാന്റോയെ മേട്ട എന്ന പദത്തിനു ഉടമസ്ഥനാക്കിയത്. ആദ്യത്തേത് കള്ളനും പൊലീസും കളിക്കുന്നതിനിടയിൽ കൂടെ ഉണ്ടായിരുന്ന ഒരുവന്റെ പല്ലിടിച്ചു പൊട്ടിച്ചതു കൊണ്ടും പിന്നൊന്ന് അതുവരെ ആരും കയറാതിരുന്ന നഴ്‌സറിയുടെ വടക്കേ മുറ്റത്തിന്റെ മൂലയിൽ ഉപേക്ഷിച്ച പഴയൊരു ബസിന്റെ അടുക്കിയിട്ടിരുന്ന ടയറുകൾക്ക് മുകളിൽ വലിഞ്ഞു കയറി ആദ്യമായി സ്വയം അവരോധിച്ചതിനും. സാന്റോ പൊലീസ് ആയാൽ താനും പൊലീസ്, സാന്റോ കള്ളനായാൽ താനും കള്ളൻ എന്ന് പറഞ്ഞ് നടക്കുന്നവരുടെ കൂട്ടത്തിൽ മേരിക്കുഞ്ഞ് പെട്ടില്ലായിരുന്നു. സാന്റോയുടെ അപ്പൻ കാളകളെ കച്ചവടം ചെയ്തു നടക്കുന്ന വർഗീസ് ആണെന്ന് അവൾക്കറിയാം. അവരുടെ വീടിന്റെ മുൻപിൽ വലിയ ഒരു വൈക്കോൽ തുറു ഉണ്ട്. അതിന്റെ കടക്കു നിന്നും വൈക്കോൽ വലിച്ചെടുത്ത് ഇപ്പോൾ അതൊരു ഒരു കുട പോലെ ആയിട്ടുണ്ട് . മഴയുള്ള സമയം അതിനുള്ളിൽ കയറിയിരുന്നു കളിക്കുന്ന കുട്ടികളെ ഒരിക്കൽ കണ്ടിട്ടുമുണ്ട്. പുറത്തു മഴയുടെ ഈർപ്പം പതുങ്ങിക്കിടക്കുമ്പോഴും അതിന്റെ ഉള്ളിൽ മാത്രം വേനലിന്റെ മഞ്ഞ വെളിച്ചം തെളിഞ്ഞ് നിൽക്കുമായിരുന്നു.
ടയറുകൾക്ക് മുകളിൽ കയറി ഇരിക്കണം എന്ന മേരിക്കുഞ്ഞിന്റെ ആഗ്രഹം സാന്റോ ഇടിച്ചിട്ട സച്ചിന്റെ ഇളകിപ്പോയ പുഴുപ്പല്ലു ഏറെ നേരം വായിലിട്ടിട്ടും അലിഞ്ഞു പോകാതിരുന്ന പുളിങ്കുരുവല്ലേയെന്ന ചിന്തയിലൂടെ മാറിപ്പോയി. എല്ലാവർക്കും ഉറങ്ങുവാൻ നൽകുന്ന ഒരു മണിക്കൂർ സമയത്ത് ഉറങ്ങാതിരിക്കുന്ന സാന്റോ കുട്ടികളുടെ ബാഗുകൾ കോണിപ്പടികൾക്കടിയിൽ ഒളിപ്പിക്കുമായിരുന്നു. ഭയം കാരണം കുട്ടികൾ ഉണർന്നെഴുന്നേറ്റിട്ടും ഇതിനെപ്പറ്റി ആരോടും പരാതി പറയില്ല. ഇതിനൊരു അറുതിയുണ്ടായത് മേരിക്കുഞ്ഞിന്റെ ബാഗ് കാണാതായ ദിവസമാണ്. ഉറങ്ങിക്കിടന്ന മേരിയെ അന്ന വിളിച്ചുണർത്തിയപ്പോൾ അപ്പൻ വാങ്ങിത്തന്ന മിക്കിമൗസിന്റെ ബാഗ് കാണുന്നില്ലായിരുന്നു. താഴെയും മുകളിലും നോക്കി ഇല്ല കാണാനില്ല. അവൾ പുകഞ്ഞു തുടങ്ങി. അന്ന പതിയെ പറഞ്ഞു കൊടുത്തു ബാഗ് സാന്റോ എടുത്ത് ഒളിപ്പിച്ചെന്ന്.
മേരിക്കുട്ടി കണ്ടതും കേട്ടതുമായ കഥകളിൽ നീതിക്ക് വേണ്ടി പോരാടുന്ന നായകന് ശക്തി കൂടുതലായിരുന്നു. നീതി ഇവിടെ തന്റെ കൂടെ ആയതിനാൽ മറ്റൊന്നും ആലോചിക്കാതെ വില്ലനായ സാന്റോയുടെ നാഭിക്കു താഴെ മുട്ടുകാൽ വച്ച് അവൾ തൊഴിച്ചു. കഥയിലെ പോലെത്തന്നെ വില്ലൻ നാഭിക്കു താഴെ പൊത്തിപ്പിടിച്ചു വീണു. അന്ന് പച്ച മഞ്ഞ ചുവന്ന ബാഗുകൾ മേരിയുടെ മേൽനോട്ടത്തിൽ മറ്റു കുട്ടികൾക്ക് വിതരണം ചെയ്യപ്പെട്ടു. സാന്റോയുടെ ജനനേന്ദ്രിയം അങ്ങാടിയിലെ ഏക ഡോക്ടർ ആയ സ്റ്റീഫൻ ഡോക്ടർ പരിശോധിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പ്രഖ്യാപിച്ചു. പിറ്റേ ദിവസം ഇതേ പേരിൽ രുക്മിണി ടീച്ചർ സാന്റോയുടെ ജനനേന്ദ്രിയം പരിശോധിച്ചത് അമ്മച്ചിയോട് പറഞ്ഞപ്പോൾ അമ്മച്ചി മൂക്കത്ത് വിരൽ വച്ചത് അവനെ ലജ്ജാലുവാക്കി. എന്നാൽ അന്നു മുതൽ മേരിക്കുഞ്ഞ് നഴ്‌സറിയിൽ പുതിയൊരു താരമായി. ഈ ഒരു അനുഭവത്തിലൂടെ ഭാവിയിൽ നടത്തേണ്ട ജീവിതസമരങ്ങൾക്കുള്ള ധൈര്യം മേരിക്ക് കൈവന്നു. നഴ്‌സറിയിലേക്ക് പോകുവാനായി പഴയ ഉത്സാഹം അവൾക്ക് തിരികെ ലഭിച്ചു. പുതിയ ആഭരണങ്ങളും പുതിയ ഉടുപ്പുകളും അവളെ വീണ്ടും അണിഞ്ഞു. അതിനിടയിലായിരുന്നു വീടുമാറ്റം സംഭവിച്ചത്. ഏതോ ബന്ധുവിന്റെ വീട്ടിലേക്കെന്ന പോലെ അപ്പനും അന്നമ്മേച്ചിയമ്മയും, ഉറങ്ങിക്കിടന്ന മേരിക്കുഞ്ഞിനേയുമെടുത്ത് ആരോടും ഒന്നും പറയാതെ ഒരു ദിവസം കുന്നിറങ്ങി.

മേരി പിറ്റേന്ന് കണ്ണു തിരുമി എഴുന്നേറ്റപ്പോൾ മുന്നിൽ മറ്റൊരു മുറ്റം. വരിയായി നട്ട മുല്ല ചെടികൾക്കിടയിലൂടെ മഞ്ഞ ചേര പോലെ വേനൽ പുളഞ്ഞു കിടക്കുന്നു. മുല വറ്റിയ മധ്യവയസ്‌കയെപ്പോലെ മാറിലെ രണ്ട് ശുഷ്‌കിച്ച പഴങ്ങളെ ദുഃഖിതയായി താലോലിച്ച് ആത്തച്ചക്കയുടെ ഒരു മരം വെയിലിൽ കരിഞ്ഞ പോലെ കുനിഞ്ഞു നില്പുണ്ടായിരുന്നു. ഇലകളിൽ പൊടിയടിഞ്ഞു കിടപ്പുണ്ടായിരുന്നു. മൂവാണ്ടൻ മാവിന്റെ ഒരു തൈ കുറ്റിച്ചെടിയായി നിന്നു.
കാടക്കണ്ണൻ കല്ല് മുറ്റത്തിന്റെ ഇടതറ്റത്ത് മറുകുപോലെ പൊന്തി നില്പുണ്ടായിരുന്നു. ഇതിനു മുൻപേ താമസിച്ചിരുന്നവർ വളർത്തിക്കൊണ്ടു വന്നിരുന്ന പൂന്തോട്ടത്തിലെ ചെമ്പരത്തി ചെട്ടിമല്ലി റോസാപൂ ജമന്തി എന്നിങ്ങനെയുള്ളവയൊക്കെ വേനലിന്റെ സ്പർശത്തിൽ മയങ്ങിക്കിടന്നു. പുല്ലിന്റെ ഞരമ്പുകൾ ഇലച്ചാറ് വറ്റിയ കുഴലുകളായി പൊള്ളയായൊഴിഞ്ഞു. ദൂരെയായി വീണു കിടക്കുന്ന പാടങ്ങളും ഒരു തോടും അവളെ കൈയ്യാട്ടി വിളിച്ചു. രാവിലെ കണ്ണു തുറന്ന് മുറ്റത്തിറങ്ങിയ മേരിക്കുഞ്ഞിൽ സന്തോഷം ഒരു വരവു വന്നു. മുറ്റത്തുകൂടി അവളൊന്നു ഓടി. കല്ലിൻ കഷ്ണങ്ങൾ അവളെ വേദനിപ്പിക്കാതിരിക്കുവാൻ കൂർത്ത അരികുകളെ ഉള്ളിലേക്ക് വലിച്ചു. ചെമ്പരത്തി ചെടി അവളുടെ പിച്ചിക്കീറലിനായി തരിച്ചു. ഉറുമ്പിൻ കൂട്ടം വഴി മാറിക്കൊടുത്തു.
മേരി ഉറങ്ങുമ്പോൾ തോളത്തിട്ട് പുതിയ വീട്ടിലേക്ക് കൊണ്ടു പോകാം എന്നുള്ള ഉപായം അപ്പനു തോന്നിപ്പിച്ചത് അപ്പാപ്പനായിരുന്നു. മേരിക്കുഞ്ഞിന്റെ ചെറിയൊരു ചിണുങ്ങൽ പോലും സഹിക്കാനാകാതെ ആലീസിൽ സംഭവിക്കാൻ സാധ്യതയുള്ള പ്രകൃതിദുരന്തങ്ങളെ ഊഹിക്കുവാൻ അപ്പാപ്പനു സാധിക്കുമായിരുന്നു. വിരൽ കുടിച്ച് അന്നമ്മേച്ചിയമ്മയുടെ തോളിൽ കിടന്ന മേരിക്കുഞ്ഞിന്റെ വിയോഗം പക്ഷേ ആലീസിനെ അത്ര ബാധിച്ചില്ല. മരണത്തിന്റെ സന്തതി തന്റെ വയറ്റിൽ വളരുന്നുണ്ടെന്ന സത്യം ആലീസ് അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു. നായയായും അണ്ണാറക്കണ്ണനായും തുമ്പികളായും ഈച്ചയായും ഇടയ്ക്ക് മേരിക്കുഞ്ഞിനെ സന്ദർശിച്ചു വരാമെന്ന് അപ്പാപ്പനും ആലീസും തീരുമാനിച്ചതിനു ശേഷമായിരുന്നു കുന്നിറങ്ങുന്ന വഴികളിൽ നിന്നും മരങ്ങൾ ഒഴിഞ്ഞ അരികുകളിലേക്ക് മാറി നിന്നത്. വഴി തെളിഞ്ഞത്. ആലീസ് അന്നമ്മേച്ചിയമ്മയുടെ മുകളിൽ ഒരു കാർമേഘത്തേയും കൂടെ ഒരു ഇളം കാറ്റിനേയും വീടെത്തും വരെ കൂട്ടിനയച്ചു. അന്ന് അവളെ നഴ്‌സറിയിലേക്ക് കൊണ്ടു പോയത് അപ്പനായിരുന്നു. തുന്നിക്കൊണ്ടിരുന്ന അമ്മിണിയമ്മ അടക്കം മേരിയെ കാണാഞ്ഞതിൽ ഒരു ആശങ്കയും പ്രകടിപ്പിച്ചില്ലായിരുന്നു. വൈകുന്നേരം പാത്രത്തിൽ ഉപ്പുമാവു നിറച്ച് രുക്മിണി ടീച്ചർ അവളെ അമ്മിണിയമ്മക്കൊപ്പം വിടുവാൻ തയ്യാറാക്കി. അമ്മിണിയമ്മയുടെ കൂടെയല്ല പോകേണ്ടത് എന്നു മാത്രം അറിയാമായിരുന്ന മേരിക്ക് വാക്കുകൾ ഒന്നും തന്നെ പുറത്തു വന്നില്ല. എന്നാലോ അമ്മിണിയമ്മയുടെ കൂടെ പോകുവാൻ സമ്മതിച്ചുമില്ല. ""എന്താ മേരി അമ്മിണിയമ്മേടെ കൂടെ പോവാൻ മടി അപ്പൻ വരും എന്നു പറഞ്ഞോ?'' മേരി അപ്പോഴും കണ്ണു മിഴിച്ചു. അവൾ മനസിൽ എന്റെ ടീച്ചറേ ഞാൻ വീട് മാറി എന്നു പറഞ്ഞു കൊണ്ടിരുന്നു. ചോദ്യം കേട്ട അമ്മിണിയമ്മ അവളെ രക്ഷിച്ചു"ഇവർ വീടു മാറി ടീച്ചർ' "എന്തു പറ്റി പെട്ടന്ന് വീടുമാറാൻ?'"ഇവൾടെ അപ്പൻ കമ്യൂണിസ്റ്റല്ലേ. പൊലീസ് വന്നാരുന്നു നക്‌സലൈറ്റ് ആണെന്ന് പറഞ്ഞ് അപ്പനെ കാണാത്തോണ്ട് അപ്പന്റെ മൂത്ത ചേട്ടനെ കൊണ്ടു പോയി. അതിന്റെ പേരിലു വലിയ വഴക്ക് ഉണ്ടായീന്നാ കേട്ടത്.'

ആദ്യമായി കമ്യൂണിസ്റ്റ് എന്ന പദം മേരി കേൾക്കുന്നത് അവിടെ വച്ചായിരുന്നു. ആ വാക്കിലെ മ്യൂ എന്നുള്ള വാക്കിൽ ഒരു കുഞ്ഞു പൂച്ചക്കുഞ്ഞിരുന്നു കരഞ്ഞു അവളതിനെ ചെവിക്കു സമീപത്തുള്ള തൊലിയിൽ പിടിച്ചു തൂക്കിയെടുത്ത് ഒപ്പം കളിപ്പിച്ചു. അതിന്റെ കുഞ്ഞു നഖങ്ങളിൽ ഞോണ്ടിക്കൊണ്ട് പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. പിന്നീട് ഈ വാക്ക് കേൾക്കുമ്പോഴെല്ലാം കമ്യൂണിസ്റ്റ് എന്ന പേരിൽ ഇതേ മുഖമുള്ള അപ്പൻ ഉണ്ടെന്നും അയാൾക്ക് താനടക്കം നാലു മക്കൾ ഉണ്ടെന്നും അവരെല്ലാവരും കൂടെ തനിക്ക് ലഭിക്കേണ്ട സ്‌നേഹമെല്ലാം കള്ളപ്പം മുറിക്കുന്നതു പോലെ വീതിച്ചെടുക്കുന്നതും അവൾ സ്വപ്നം കണ്ടത് ഓർക്കും. അവൾക്ക് ആ വാക്ക് ഇഷ്ടമായി.
അമ്മിണിയമ്മ പറഞ്ഞത് പകുതിയും സത്യമായിരുന്നു.
മേരിയുടെ അപ്പൻ കമ്യൂണിസ്റ്റുകാരൻ ആയിരുന്നു.
കമ്യൂണിസത്തിന്റെ അടിസ്ഥാന സ്വഭാവമായ തുല്യത എന്ന ആശയം അപ്പനു ഇഷ്ടമായിരുന്നു.
കൗതുകത്തിന്റെ പേരിൽ പാർട്ടി ക്ലാസുകളിൽ പങ്കെടുക്കുക വഴി തീവ്രമനോഭാവമുള്ള കുറച്ചു ചെറുപ്പക്കാരെ അപ്പൻ പരിചയപ്പെട്ടു.
ആ ഒരു ബന്ധത്തിന്റെ പേരിൽ ഒളിവിൽ പോയ പാർട്ടി അംഗങ്ങളെ തറവാട്ടിലെ തട്ടിൻമുകളിൽ താമസിപ്പിക്കുകയും അവർക്ക് കാടു കയറുന്നതിനു സൗകര്യം ചെയ്തു കൊടുക്കുകയുമാണ് ആകെ അപ്പൻ ചെയ്തത്.
പൊലീസുകാർ അന്വേഷിച്ചു വന്നുവെന്ന് അമ്മിണിയമ്മ പറഞ്ഞത് കള്ളമായിരുന്നില്ല. എന്നാൽ അപ്പന്റെ സഹോദരനെ പൊലീസുകാർ പിടിച്ചു കൊണ്ടു പോയത് സത്യമായിരുന്നില്ല. മേരിക്ക് കയ്പ്പക്ക കൊണ്ടാട്ടവും പപ്പടവടയുമായി കാണാൻ വന്ന മേരിയുടെ അമ്മാച്ചനെയായിരുന്നു പൊലീസ് വന്നു കൊണ്ടു പോയത്. സംഭവത്തിന്റെ ചുക്കും ചുളയും അറിയാതിരുന്ന അമ്മാച്ചൻ കണ്ണുമിഴിച്ച് കുറ്റം എല്ലാം ഏറ്റതു പോലെ വീട്ടിൽ നിന്നും ആളുവരും വരേക്കും സ്റ്റേഷനിൽ നിന്നു. അന്നു സംഭവം അറിഞ്ഞ് തോട്ടത്തിൽ പോയി ആളുകളോട് വിവരം അറിയിച്ചത് വീട്ടിലെ മൂത്ത സഹോദരനായിരുന്നു.
പൊലീസ് വന്നു പോയതിനു ശേഷം അൽപ്പനേരത്തേക്ക് അപ്രത്യക്ഷനായ മൂത്ത സഹോദരന്, പൊലീസുകാർ പിടിച്ചു കൊണ്ടു പോയ പ്രതി എന്ന പദവി ലഭിച്ചു. അങ്ങനെ ആലീസിൽ ആദ്യത്തെ കമ്യൂണിസ്റ്റ് അപ്പനായി. അതിൽപ്പിന്നെ കുടുംബത്തിലുണ്ടായ മുറുമുറുപ്പിന്റെ അനന്തരഫലമായിരുന്നു വീടു മാറ്റം.
അന്ന് അമ്മിണിയമ്മ മേരിക്കുഞ്ഞിനെ തിരികെ ആലീസ്‌ക്കുന്ന് കയറുന്നതിനു കൂടെക്കൂട്ടിയില്ല. അമ്മിണിയമ്മയുടെ താറാവിൻ കൂട്ടം കുണുങ്ങികുണുങ്ങിപ്പോകുന്നത് മേരി നഴ്‌സറിയുടെ ഗേറ്റിൽ കൂടി നോക്കി നിന്നു. അവൾക്ക് ആലീസ് ഓർമകളിൽ തികട്ടി വന്നു. അന്നു എല്ലാവരും പോയിക്കഴിഞ്ഞിട്ടും മേരിയുടെ അപ്പൻ മാത്രം കൂട്ടാൻ വന്നില്ല. രുക്മിണി ടീച്ചർക്ക് വീട്ടിൽ പോകുവാൻ ധൃതിയായിത്തുടങ്ങിയിരുന്നു."എവിടെ മേരി നിന്റെ അപ്പൻ? ' എന്ന ചോദ്യത്തിനു പാടവരമ്പു പോലെ വളഞ്ഞ അവരുടെ പുരികത്തിന്റെ ഏറ്റവും അറ്റത്തെ ദൃഷ്ടിയിൽ അപ്പന്റെ വസ്ത്രങ്ങളുടെ അനക്കം പതിഞ്ഞു. മേരിയേയും കൊണ്ട് അന്നു ഓഫീസിലേക്കാണ് അപ്പൻ പോയത്. ബാക്കി വച്ച കുറച്ചു ജോലി ചെയ്തു തീരും വരെ മേരി ഓഫീസിലൊന്നു കറങ്ങി. ആലീസിലടക്കം കത്ത് വിതരണം ചെയ്തിരുന്ന പോസ്റ്റാഫീസിലായിരുന്നു അപ്പന്റെ ജോലി. നഴ്‌സറിയിൽ നിന്നും വലിയ ദൂരവുമില്ല. അഞ്ചു മണി വരെ ആണ് പ്രവർത്തന സമയം. അതുവരെ മേരിയെ ഒരു സ്റ്റൂളിൽ ഇരുത്തി അപ്പൻ ജോലി ചെയ്തു. ആലീസ് കുന്നിറങ്ങി വരുന്ന പോസ്റ്റാഫീസ് കവലയിൽ വിശ്വംഭരേട്ടന്റെ സർബത്തു കട, സധുവേട്ടന്റെ ചായക്കട, ഷാരടീടെ റേഷൻ കട രാജുവേട്ടന്റെ ബാറ്ററിക്കട എന്നിങ്ങനെ വളരെക്കുറച്ചു കടകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അന്ന് ആഫീസിൽ നിന്നും വീട്ടിലേക്ക് സൈക്കിളിന്റെ തണ്ടിൽ പോയിക്കൊണ്ടിരുന്ന മേരി തുടകൾ വേദനിച്ചു തുടങ്ങിയപ്പോൾ അപ്പാ ആരാ അപ്പാ കമ്യൂസ് എന്ന് ചോദിച്ചു. ചോദ്യം മനസിലാകാഞ്ഞിട്ടും സൈക്കിളിന്റെ തണ്ടിൽ ഇരുന്ന തുടകൾ വേദനിക്കുന്ന മേരിക്കുഞ്ഞിനു വേദന മറക്കുന്നതിനു ഒരു കഥ അപ്പൻ പറഞ്ഞു കൊടുത്തു.""ഒരിടത്ത് മേരിയും അപ്പനും അന്നമ്മേച്ചിയമ്മയുമുള്ള ഒരു വീട് ഉണ്ടായിരുന്നു'' ""നമ്മടെ പുതിയ വീടാണോ അപ്പാ?'' മേരിക്കുഞ്ഞിനു സംശയം വന്നു""മ് അതു പോലെ'' അപ്പൻ ഒരു കല്ലിന്റെ മുനയിൽ നിന്നും സൈക്കിൾ ടയറിനെ രക്ഷിച്ചു കൊണ്ട് അവളുടെ സംശയം മാറ്റിക്കൊടുത്തു.""മേരിക്കുഞ്ഞ് ഭയങ്കര കടുംപിടുത്തക്കാരി ആയിരുന്നു'' ""എന്നു വച്ചാ എന്താപ്പാ?'' മേരിക്കുഞ്ഞ് പിന്നേയും ചോദിച്ചു""എന്നു വച്ചാ വാശിക്കാരി ആയിരുന്നു എന്ന്'' ""മ് എന്നട്ട്''""അന്നമ്മേച്ചിയമ്മ മേരിക്ക് ചോറു വാരിക്കൊടുക്കുമ്പോൾ അവൾ വായ തുറക്കില്ല. എത്ര പറഞ്ഞാലും കഴിക്കില്ല. അപ്പോൾ അന്നമ്മേച്ചി പറയും എന്റെ നല്ല മോളല്ലേ ഇത്തിരി മാമം കഴിക്ക്. മേരിക്കുഞ്ഞ് വേണ്ട എന്ന് തലയാട്ടും''""ഞാങ്കഴിക്കൂലോ അപ്പാ അന്നമ്മേച്ചിയമ്മ തന്നാ ഞാങ്കഴിക്കും'' ""കഥ കേൾക്ക്'' അപ്പൻ കഥ തുടർന്നു""എന്റെ സുന്ദരി മോളല്ലേ, ഇത്തിരി മാമം കഴിക്ക്''. മേരിക്കുഞ്ഞ് ചും എന്ന് തലവെട്ടിച്ചു. ""ദേ മര്യാദക്കു കഴിച്ചോ, ഇല്ലേൽ ആലീസിനു പിടിച്ചു കൊടുക്കും. എന്നിട്ടും മേരിക്കുഞ്ഞ് വേണ്ട എന്ന് തലയാട്ടി''""അന്നമ്മേച്ചിയമ്മയ്ക്ക് അരിശം വന്നു. അന്നമ്മേച്ചിയമ്മ അപ്പനെ വിളിച്ചു. അപ്പൻ മേരിക്കുഞ്ഞിനോട് പറഞ്ഞു. ""അമ്പിളി മാമനെ പിടിച്ചു തരാം, എന്റെ മോൾ മാമം കഴിക്ക് മേരിക്കുഞ്ഞിന്റെ കണ്ണുകൾ വിടർന്നു ആകാശത്ത് നോക്കി കുഞ്ഞ് മാമം കഴിച്ചു എന്നിട്ടും മേലേ നിന്നും അമ്പിളിമാമൻ വന്നില്ല മേരിക്കുഞ്ഞിന്റെ കണ്ണിൽ നിന്നും വെള്ളവും കൊണ്ട് തുമ്പികൾ പറന്നു മൂന്നു ദിവസം ഒന്നും കഴിക്കാതെ മേരിക്കുഞ്ഞ് കരഞ്ഞു'' ""ഈ കഥ വേണ്ടപ്പാ ഇതിൽ ഫുൾ കരച്ചിലാ ഇതു വേണ്ട.'' പറഞ്ഞപ്പോഴേക്കും വീട്ടിലേക്ക് എത്തിയിരുന്നു. സൈക്കിളിൽ ഒരു കുഞ്ഞു സീറ്റ് പിടിപ്പിക്കേണ്ടതിന്റെ ആവശ്യകത അപ്പൻ മേരിക്കുഞ്ഞിന്റെ കാൽതുടകളിൽ വടുക്കളായി കണ്ടു. എന്നാൽ അപ്പന്റെ കഥ അവിടെ അവസാനിച്ചിരുന്നില്ല അപ്പൻ ബാക്കി കഥ വീടിനോട് പറഞ്ഞു

""കുഞ്ഞിന്റെ വിഷമം കണ്ട അപ്പൻ അമ്പിളിമാമനെ പിടിക്കുവാൻ യാത്രയായി. രാവിലെ കിടന്നുറങ്ങിയും രാത്രി പിന്തുടർന്നും അപ്പൻ അമ്പിളിമാമന്റെ വീട് തേടി നടന്നു. അമ്പിളിമാമൻ അതറിഞ്ഞ് ഇടക്കിടയ്ക്ക് മേഘത്തിന്റെ പിറകിൽ ഒളിച്ചു നിന്നു നോക്കി. അപ്പനും അമ്പിളിമാമനും ഇടയിലൂടെ സമയം മഞ്ഞുകാലമായും മഴക്കാലമായും വേനലായും കടന്നു പോയി അപ്പന്റെ താടി വളർന്ന് ഒരു പുഴയായി ഒഴുകി. ഒടുവിൽ ഭൂമിയുടെ ഏറ്റവും അറ്റത്തുള്ള ഒരു കുന്നിൽ അപ്പൻ എത്തി. കുന്നിന്റെ ഏറ്റവും കൂർത്ത അറ്റത്തു നിന്ന് കൊക്കയിലേക്ക് എത്തിച്ചു നോക്കി. നടുങ്ങി വിറച്ച്​​​​​​​നിലച്ചു പോയഒരു മരത്തിന്റെ കൊമ്പിൽഅപ്പൻ കയറികൈ എത്തിച്ചു നോക്കി. അമ്പിളി മാമനെതൊടാൻ പറ്റിയില്ല. താഴെ നിന്നജിറാഫിനെ എടുത്ത്തോട്ടി പോലെയാക്കിഅമ്പിളിയുടെഞെട്ടു നോക്കി ഒറ്റ വലി വലിച്ചുഅപ്പൻ. എന്നിട്ടുംഅമ്പിളി മാമൻവീണില്ല. കയ്യിലുണ്ടായിരുന്നചൂണ്ടനൂലിൽഒരു പുഴുവിനെകെട്ടിയിട്ട്, ആകാശത്തിലേക്ക്വലിച്ചെറിഞ്ഞപ്പോൾബ്ലും എന്നൊരു ശബ്ദംഅപ്പൻ കേട്ടു. ചൂണ്ടയിൽകിടന്ന്പുളഞ്ഞ് പുഴു എല്ലാവരേയും വിളിച്ചു. നക്ഷത്രങ്ങളെല്ലാം പാഞ്ഞു വന്നു ഗ്രഹങ്ങളെല്ലാം ഓടി വന്നു ഉൽക്കകൾ വാൽനക്ഷത്രങ്ങൾ ഒക്കെ സ്പീഡിൽ വന്നു അമ്പിളി മാമൻ മാത്രം വന്നില്ല. ​​​​​​​അപ്പൻ പുഴുവിനെ തിരിച്ചെടുത്ത് പകരം കിളിയെ അങ്ങോട്ട് വിട്ടു. കിളി പറന്ന് ചെന്ന് കിയോ കിയോ വിളിച്ചു. അമ്പിളിമാമൻ മാത്രം വന്നില്ല. കിളിയെ തിരിച്ച് വിളിച്ച് പകരം മുയൽ മാൻ പുലി സിംഹം ആന അങ്ങനെ എല്ലാവരേയും അയച്ചു. എന്നിട്ടും അമ്പിളിമാമൻ മാത്രം വന്നില്ല. അവസാനം ചൂണ്ട കൊമ്പിൽ ഉടക്കി വച്ച് ചൂണ്ടനൂലിൽ പിടിച്ച് അപ്പൻ ആകാശത്തേക്കൊരു ചാട്ടം വച്ചു കൊടുത്തു. നേരെ പോയി അമ്പിളിമാമനെ കണ്ട് കാര്യം പറഞ്ഞു. കുഞ്ഞവിടെ മാമം കഴിക്കാതെ കിടപ്പാണ്. മാമൻ വന്നു മാമം കൊടുക്കണം. അമ്പിളിമാമനു പാവം തോന്നി അപ്പന്റെ കൂടെ യാത്രയായി. തിരിച്ചു ചെന്നപ്പോൾ ഈ വീടില്ല ഓടു വീടില്ല. അതിനപ്പുറമൊരു ടറസ് വീട് അതിന്റെ മുൻപിൽ അപ്പന്റെ ചിത്രം ചില്ലിട്ടു വച്ചിരുന്നു. ആരാണെന്ന് ചോദിച്ചു ഒരുവൾ വന്നു. പണ്ട് അമ്പിളിമാമനെ പിടിക്കുവാൻ പോയ അപ്പനെ കണ്ട് അവൾ കണ്ണു നിറച്ചു. അവളുടെ സാരിക്കു പിറകിൽ മാമം കഴിക്കാതെ വാശി പിടിച്ച കുഞ്ഞ് വന്ന് എത്തിച്ചു നോക്കി. അപ്പാപ്പൻ കുഞ്ഞിനെയെടുത്തു. അമ്പിളിമാമനെ കൊണ്ടു തരാം. എന്റെ മോള് മാമം കഴിക്ക് കുഞ്ഞിന്റെ കണ്ണുകൾ വിടർന്നു. കുഞ്ഞ് മാമം കഴിച്ചു കൂടെ വന്ന അമ്പിളി മാമനെ അപ്പാപ്പൻ കുഞ്ഞിന് കാട്ടി കൊടുത്തു. കുഞ്ഞിന്റെ വായ അത്ഭുതം കൊണ്ട് തുറന്നു പോയി. ക്രിസ്മസിനു ആ വീട്ടിൽ മാത്രം നക്ഷത്രങ്ങൾക്ക് പകരം അമ്പിളി മാമൻ തൂങ്ങി''

കഥ കേട്ട് വീട് ചിരിച്ചു. അപ്പോൾ നിങ്ങൾ എന്നാണ് എന്നെ പൊളിച്ചു പണിയുന്നത്? അപ്പൻ മറുപടി ഒന്നും തന്നെ പറഞ്ഞില്ല. അന്നു രാത്രി മഴ പെയ്തപ്പോൾ വീടിന്റെ കക്ഷത്തിലൂടെ രണ്ടു തുള്ളി അപ്പന്റെ കാലിൽ പതിച്ചു.
ജോലി കഴിഞ്ഞ് മേരിയേയും കൂട്ടി സൈക്കിളിൽ വീട്ടിലേക്ക് പോകാറുള്ള വഴി മിക്കവാറും സമയങ്ങളിൽ മേരിയുടെ തുടയിൽ സൈക്കിൾ തണ്ടിന്റെ പാടോ അല്ലെങ്കിൽ ബ്രേക്കിന്റെ ഇടയിൽപ്പെട്ട കുഞ്ഞിവിരലുകളോ കണ്ടതിൽ പിന്നെ കപ്പത്തണ്ടു പോലുള്ള സൈക്കിൾ തണ്ടിൽ കുട്ടികൾക്ക് വേണ്ടി പിടിപ്പിക്കുന്ന കുഞ്ഞുസീറ്റ് അങ്ങാടിയിലെ സൈക്കിൾ കടക്കാരൻ ജോയിയോട് പറഞ്ഞ് അപ്പൻ പിടിപ്പിച്ചു. മുരിക്കിൻ മരങ്ങളിൽ നിന്നും ചൊറിയാം പുഴുക്കൾ പശുവിന്റെ ഉമിനീരിൽ നിന്നുള്ള നൂലുകളിൽ പിടിച്ച് ഇറങ്ങുന്നതു പോലെ മഴ പെയ്തപ്പോൾ കുട പിടിച്ച കുട്ടികൾ ചിതറിയിറങ്ങി. സമയം കടന്നു പോകവേ പേരുകൾക്കിടയിൽ സംഭവിച്ചതു പോലെ പ്രകൃതിയിലും മാറ്റങ്ങൾ വന്നു. ചിലവ നിലനിൽക്കുകയും ചിലവ മുളച്ചു പൊന്തുകയും ചിലവ അശേഷം ഇല്ലാതാകുകയും ചെയ്തു. നെൽക്കൃഷി ചെയ്യുന്ന അന്തോണിച്ചനും റബർക്കൃഷി ചെയ്യുന്ന ഔസേപ്പിനു പകരം അവരുടെ മക്കൾ ബൈജുവും രാജേഷും സർക്കാർ ജോലികൾക്ക് പോയി.▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments