ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

തിരമാലകൾ രാകിരാകി കൂർപ്പിച്ചെടുത്ത മുലക്കണ്ണുകൾ

ഒമ്പത്: തിരമാലകൾ രാകിരാകി കൂർപ്പിച്ചെടുത്ത മുലക്കണ്ണുകൾ

""ഇവിടുത്തെ പള്ളിക്കായി ചെറിയ പൈസക്ക് ഏതാണ്ട് പടം വരക്കണതിനായിട്ടാണ് മേരി ആദ്യായിട്ട് ഇവിടെ വരണത്. തുരുത്തിലുള്ളോരുമായിട്ട് പരിചയായതോടെ ആ ബന്ധം വളർന്നു. പാലത്തിനും പണിക്കും വേണ്ടി കമ്പനിക്കെതിരെ സമരം ചെയ്യുന്നതിന് അവർ കൂട്ടു വന്നു. പതിയെ ഇരുന്തലക്കാടിന്റെ ആളാകുകയായിരുന്നു മേരി. ഇവിടുത്തെ പല കുടുംബങ്ങളും അവരുമായി അടുപ്പമുണ്ട്''.
""അവരിപ്പോൾ എവിടെയുണ്ട്?''
""ജീവിച്ചിരിപ്പില്ല.''
പ്രതീക്ഷിച്ച പോലെ കപ്യാർ ഞെട്ടൽ കൊണ്ടു. പിന്നെ അവിശ്വസനീയമായി സോളമനെ നോക്കി. പൊന്തൻ പറഞ്ഞതനുസരിച്ച് സോളമൻ പള്ളീലച്ചനുമായി സംസാരിക്കുന്നതിനായി എത്തിയതായിരുന്നു. കപ്യാർ വാറുണ്ണിയെയാണ് പകരം കിട്ടിയത്
""അച്ചനെവിടെ?''
""പീലാത്തോസിന്റെ വീട് വരേക്കും പോയതാ. ഇപ്പം വരും. പള്ളി കാണാൻ ഒരാളു ദൂരേന്ന് വന്നൂന്ന് കേട്ടാൽ അച്ചൻ വിടത്തില്ല. ഞാൻ പോയി താക്കോലെടുത്തേച്ചും വരാം.''
""വലിപ്പമില്ലാത്തതു കൊണ്ട് ഇതൊരു കപ്പേളയാണെന്നാണ് നാട്ടുകാർ ഇപ്പോഴും ധരിച്ചുവച്ചിരിക്കുന്നത്. ഇതിനെയൊന്ന് കോലമാക്കിയെടുക്കുവാനായിരുന്നു ആ കൊച്ച് വന്നത്. വന്നിട്ട് പിന്നെ പടം വരയും എഴുത്തും ബഹളമായിരുന്നു'' കപ്യാർ ദൂരെ നിൽക്കുന്ന കെട്ടിടത്തിലേക്ക് ചൂണ്ടിക്കാണിച്ചു.
""ആ പെയിന്റിങ്ങുകൾ എനിക്ക് കാണാമോ?''
""പിന്നെന്താ''
കപ്യാർ താക്കോലെടുത്ത് വന്ന് സോളമനേയും കൊണ്ട് പള്ളിയിലേക്ക് കയറി. പള്ളിയെന്ന് പറയുവാനാകില്ല. നാലു വാതിലുകളുള്ള ഒരു ചെറിയ ഹാൾ. ഇരിക്കുന്നതിന് ഏതാനും കസേരകൾ. ഒരു ബഞ്ച്. കുരിശെന്ന് തോന്നിപ്പിക്കുന്ന മാതൃകകൾ. പള്ളി പോയിട്ട് ഒരു കപ്പേള ആകുന്നതിനു പോലും യോഗ്യതയില്ലാത്ത മുറി.

""പണ്ട് പോർച്ചുഗീസ് സമയത്ത് പണി കഴിപ്പിച്ചതാണ്. ഇവിടെപ്പിന്നെ വിശ്വാസികൾ വരവൊക്കെ കുറവാണ്. ആകെ ഞായറാഴ്ചയൊരു പ്രാർത്ഥന കാണും. സഭയാണെങ്കിൽ തിരിഞ്ഞു നോക്കാറേ ഇല്ല. ഈ കെട്ടിടത്തിനൊരു കാവൽ പോലെ ഞാൻ ഇവിടെ കിടക്കുന്നു. പേരിനൊരു അച്ചനും.'' കപ്യാർ സ്വയം പുച്ഛിച്ചു ചിരിച്ചു.
""ഈ പള്ളി കാണാൻ ആരും വരാറില്ല. ഞാൻ തന്നെ ദാ അപ്പുറം കിടക്കുന്ന ഒരു മുറിയിലാണ് താമസം. കുന്തിരിക്കം പുകച്ച മണം അവരെ വലയം ചെയ്തു. ചുറ്റും കണ്ണോടിച്ച സോളമന് നിരാശയാണ് തോന്നിയത്. മുഴുവൻ ക്രിസ്തുവിന്റെ ചിത്രങ്ങളാണ്. ആറെണ്ണം കാണും. ആറു ചിത്രങ്ങളിൽ ക്രിസ്തുവിന്റെ ജീവിത കഥ പറയാനെളുപ്പല്ല''
""മേരിക്കുഞ്ഞിന്റെ പടം ഇതൊന്നുമല്ല കേട്ടോ. അത് പള്ളിയിൽ വയ്ക്കാൻ കൊള്ളത്തില്ലെന്നും പറഞ്ഞ് അവസാനം അച്ചൻ മാറ്റി. പക്ഷെ എടുത്ത് സൂക്ഷിച്ച് വച്ചിട്ടുണ്ട്.''
ക്രിസ്തുവിന്റേയും മാതാവിന്റേയും രൂപങ്ങൾക്കരികിലൂടെ നടന്ന് അയാൾ ഒരു മുറി തുറന്ന് കയറിപ്പോയി. ""നിങ്ങൾ അവിടെത്തന്നെ നിന്നോ. ഞാനിപ്പോ വരാം. ഉള്ളിലോട്ട് കയറാൻ എനിക്കും അച്ചനും മാത്രമേ പാടുള്ളൂ, അതു കൊണ്ടാ.''
പള്ളി നോക്കിക്കൊണ്ട് നടക്കുന്നതിനിടെ കപ്യാർ തിരിച്ചു വന്നു. ""അതെടുക്കാൻ പറ്റത്തില്ല. നല്ല വലിപ്പമാ''
""ഞാനന്നേ ആ കൊച്ചിനോട് പറഞ്ഞതാ കുറച്ചു കൂടെ ചെറുത് വരക്കാൻ. നമ്മളു പറഞ്ഞാ ഒന്നും കേൾക്കത്തില്ല. നിങ്ങളിങ്ങു വാ. ഇവിടിരുന്നു നോക്കാം.''
ചെറിയ പള്ളിയുടെ കീഴെ പടികളിറങ്ങിയപ്പോൾ ഇത്തരമൊരു വൃത്തിയുള്ള അറ സോളമനൊരിക്കലും പ്രതീക്ഷിച്ചില്ല. അലമാരകളാണ് നിറച്ചും.
""ഇതിലെന്താ?''
""പുസ്തകങ്ങളാ. താക്കോൽ പൂട്ട് മിക്കപ്പോഴും അച്ചന്റേലാവും. ഞാനങ്ങോട്ടു പോകുന്നതൊന്നും ആൾക്കിഷ്ടമല്ല''
അപ്പോഴേക്കും മേരിയുടെ ചിത്രങ്ങളിലേക്ക് കപ്യാരവരെ നയിച്ചു. മേരിയുടേതെന്ന് മനസിലാകുന്ന ശൈലി. ഓയിൽ പെയിന്റിംഗാണ് ചെയ്തു വച്ചിരുന്നത്. പക്ഷെ പള്ളിയിൽ എന്താണ് ഈ മോഡേൺ ആർട്ട്. സോളമനു സംശയം തോന്നാതിരുന്നില്ല.
""ഇതാ അച്ചന്റെ പ്രാന്താന്നേ. വല്ല യേശുവിനേം മറിയത്തേം കുരിശുമരണോം വരപ്പിക്കാതെ പള്ളിയിലോട്ട് ബൈബിളിലെ കുമ്പസാര രഹസ്യങ്ങളെന്നും പറഞ്ഞ് വരപ്പിച്ചു വച്ചേക്കുവാ. എന്നിട്ടെന്നാ പറ്റി. അവസാനം ദേ ഒക്കേം പൊതിഞ്ഞു കൂട്ടി എടുത്ത് വക്കേണ്ടി വന്നില്ലേ.''
""കുമ്പസാര രഹസ്യമോ?''
""അങ്ങനെങ്ങാണ്ടാ. എനിക്കിതൊന്നും മനസിലാകത്തില്ല. എല്ലാം അച്ചന്റെ ഏർപ്പാടാ. അച്ചൻ തന്നെയാ വരപ്പിനു മേരിയെ കൊണ്ടു വന്നതും കഥ പറഞ്ഞ് കൊടുത്തതും. ഇതിപ്പോ ആർക്ക് മനസിലാകാനാ. സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ വല്ലോം വരച്ചിരുന്നേൽ ഉപകാരം ഉണ്ടായിരുന്നു. അതെ നിങ്ങളിതൊന്ന് പിടിച്ചേ നമുക്കിത് പള്ളീലോട്ട് വയ്ക്കാം. ഈ മുറിയിൽ നിങ്ങളെക്കണ്ടാൽ അച്ചനെന്നെ ബാക്കി വക്കത്തില്ല.'' അവർ രണ്ടു പേരും കൂടെ പെയ്ന്റിംഗുകൾ പതിയെ എടുത്ത് പുറത്തെത്തിച്ച് മുറി പൂട്ടി. സോളമൻ ഓരോ ചിത്രങ്ങളായി എടുത്ത് പരിശോധിച്ചു. മിക്കതും അവ്യക്തവും കൂടിക്കുഴഞ്ഞവയുമായിരുന്നു. മേരിയെ ഒരിക്കൽ കൂടി തൊട്ടരികിൽ അനുഭവിക്കുന്നതായി അയാൾക്ക് തോന്നി.
""ഇതെന്തിനെക്കുറിച്ചുള്ളതാണെന്നാണ് അച്ചൻ പറഞ്ഞിട്ടുള്ളത്?'' സോളമൻ ചിത്രങ്ങൾക്കു മുൻപിൽ തല പുകച്ചു കൊണ്ടിരിക്കെ ചോദിച്ചു. ആദ്യത്തെ ചിത്രം ഒരു ശവശരീരവും അതിനരികിൽ കിടക്കുന്ന രണ്ട് മനുഷ്യരൂപങ്ങളുടേതുമായിരുന്നു.
""നിങ്ങൾക്കെന്താണ് അതിനെപ്പറ്റി അറിയേണ്ടത്?'' പുറത്ത് നിന്നൊരു ശബ്ദം സോളമനെ ഞെട്ടിച്ചു. അച്ചൻ. ലൂയിസച്ചൻ വന്നു. കപ്യാർ അച്ചനരികിലേക്ക് നടന്നു.
""ഞാൻ പറഞ്ഞു തരാം.'' അച്ചന്റെ ശബ്ദത്തിൽ ദൃഢനിശ്ചയം വ്യക്തമായിരുന്നു.
""ഇത് സോളമൻ. മേരിയുടെ ഫ്രണ്ടാ. കഥകൾ തിരക്കി വന്നതായിരുന്നു. അപ്പോഴാണ് നമ്മടെ കയ്യിൽ അവർ വരച്ച പടങ്ങളുണ്ടെന്ന് അറിയുന്നത്. ഞാനയാളെ കാണിക്കുവായിരുന്നു.''
""ഓ മേരിയുടെ സോളമൻ.'' അച്ചന്റെ മുഖത്ത് സൗഹൃദം തങ്ങി നിന്നു. സോളമൻ അച്ചന്റെ കൈകൾ പിടിച്ചു കുലുക്കി.
""ഞാനിവിടെ വരുന്ന സമയം ഒരു പുസ്തകം എഴുതുവാൻ ശ്രമിച്ചിരുന്നു. ബൈബിൾ ആസ്പദമാക്കി എഴുതിയ ഏതാനും ചെറുകഥകൾ. അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ചിത്രങ്ങൾ വരക്കുവാനും ഇവിടെ തൂക്കിയിടുന്നതിനും ആഗ്രഹിച്ചു. പക്ഷെ പിൽക്കാലത്ത് അത് ഒരു വിഷയമാകണ്ട എന്നു കരുതി എല്ലാം പിൻവലിച്ചു.''
""കുമ്പസാരങ്ങളുമായി ഇതിനു ബന്ധമുണ്ടെന്ന്?''
""അതെ. എന്റെ ജീവിതത്തിൽ സംഭവിച്ച ഏതാനും കുമ്പസാര രഹസ്യങ്ങളായിരുന്നു കഥകളായി പുറത്ത് വന്നത്. ഈ പടങ്ങളുടെ സീരീസിനു ഞാനിട്ട പേരും അതു തന്നെ. കുമ്പസാരരഹസ്യങ്ങൾ. ആ ചിത്രങ്ങളെ പള്ളിയിൽ പ്രദർശിപ്പിക്കുകയായിരുന്നു.''
""പള്ളി ഒരു ആർട്ട് ഗ്യാലറിയാക്കിയോ?
""പള്ളികളെന്നും ആർട്ട് ഗാലറികളായിരുന്നു സോളമൻ.''
""ആദ്യത്തെ ചിത്രത്തിന്റെ പേരെന്തെന്ന് ഊഹിക്കാമോ നിങ്ങൾക്ക്''
""ഇല്ല''

""ഡബിൾമിന്റ് ച്യൂയിംഗം എന്നായിരുന്നു അത്.''
""വിചിത്രം''
""അതെ''
""എന്താണിതിലെ കഥ'' അച്ചൻ കഥ പറയുവാൻ ആരംഭിച്ചു.

ചിത്രം 1: ഡബിൾമിന്റ് ച്യൂയിംഗം

അത്യാസന്ന നിലയിലുള്ള അമ്മച്ചിയെ, മരിക്കുന്നതിനു മുൻപ് ജീവനോടെ ഒരു നോക്ക് കാണുവാനായിട്ടാണ് അറബാബുമായി വഴക്കിട്ട് രണ്ടു ദിവസത്തെ ലീവ് വാങ്ങിയാണ് ബഞ്ചമിൻ നാട്ടിലേക്ക് വിമാനം കയറിയത്. രണ്ടു വർഷമാകുന്നു നാട്ടിൽ പോയിട്ട്. കുട്ടികൾക്കായി കളിപ്പാട്ടങ്ങളും ചോക്ലേറ്റുകളും സെന്റ് കുപ്പികളും ടൈഗർബാമും എല്ലാവരേയും പോലെ അയാളും വാങ്ങിക്കൊണ്ടു വന്നു. വന്നിറങ്ങിയ ആദ്യ ദിനം അമ്മച്ചിക്കൊപ്പം ആശുപത്രിയിൽ കഴിച്ചു കൂട്ടിയതിനാൽ ചോക്ലേറ്റുകൾ പെട്ടിക്കുള്ളിൽ ഇരുന്ന് ചൂടിൽ ഉരുകിത്തുടങ്ങിയിരുന്നു. പിറ്റേന്ന് അമ്മച്ചി മരിച്ചു. അമ്മച്ചിക്കൊപ്പം പെട്ടികളുമായി അയാളും ആംബുലൻസിൽ വീട്ടിലെത്തി. മൃതശരീരം ഏറ്റുവാങ്ങാൻ വന്ന ബന്ധുക്കളിൽ ബഞ്ചമിന്റെ ഭാര്യയുടെ മുഖം മാത്രം കണ്ണുനീർത്തുള്ളികൾക്കിടയിലും തിളങ്ങി.

രണ്ടു വർഷം കഴിഞ്ഞ് അയാളെ കാണുകയായിരുന്നു അവർ. മൃതദേഹം വീട്ടിനുള്ളിലെ ഹാളിൽ വെള്ളവിരിപ്പിട്ട ഒരു ബഞ്ചിൽ കിടത്തി. അതിൽ റീത്തുകൾ വന്ന് മൂടി. കരച്ചിലൊതുങ്ങിയപ്പോൾ മക്കളും മരുമക്കളും പഴയ കഥകളിലേക്ക് കടന്നു. ശവസംസ്‌കാരം പിറ്റേന്ന് പള്ളിയിൽ തീരുമാനിച്ചു. അടുക്കളയിൽ പെണ്ണുങ്ങൾ കലപിലകൂട്ടി ഭക്ഷണത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ഭക്ഷണം കഴിഞ്ഞപ്പോൾ ബന്ധുക്കൾ വെടിവട്ടം ആരംഭിച്ചു.

പുരുഷന്മാർ ലോകകാര്യങ്ങളെക്കുറിച്ചും നാളെ നടത്താൻ പോകുന്ന ചടങ്ങുകളെക്കുറിച്ചും സ്ത്രീകൾ അമ്മച്ചിയുടെ നന്മയെക്കുറിച്ചുള്ള കഥകളും പറഞ്ഞു. ഉറക്കം വന്നപ്പോൾ അവർ ഓരോരുത്തരായി മുറികളിൽ കയറി വാതിലടച്ചു. ബഞ്ചമിന്റെ മുറിയിൽ കുട്ടികളും വല്യമ്മയും കുടുംബവും കിടന്നു. അയാൾ ജോലിയെടുത്ത് പണിത വീട്ടിൽ അയാൾക്ക് മാത്രം കിടക്കാൻ ഇടമില്ല.
പിറ്റേന്ന് ചടങ്ങ് കഴിഞ്ഞ് വൈകീട്ട് തിരിച്ച് വിമാനം കയറേണ്ടയാളാണ് താനെന്ന് ഒരു കാര്യവുമില്ലാതെ ബഞ്ചമിൻ ഇടയ്ക്കിടെ ഓർത്തു. എപ്പോഴോ രണ്ട് മിനിറ്റ് ഒഴിവ് കിട്ടിയപ്പോൾ വെള്ളം ചോദിച്ച് ഭാര്യയായ അന്നയെ അയാൾ വിരലുകളാൽ ഒന്ന് തഴുകി വിട്ടു. നീല ടാർപ്പായ വിരിച്ച പന്തലിൽ ബഞ്ചിട്ട് അതിൽ കിടന്നുറങ്ങുവാനൊരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ എല്ലാവരും ഉറങ്ങിയപ്പോൾ വീടൊന്ന് അടങ്ങിയപ്പോൾ മറ്റൊരു പായ ഹാളിൽ വിരിച്ച് അമ്മക്ക് അരികിലായി അയാൾ കിടന്നു. എപ്പോഴെന്നറിയില്ല. പണിയൊക്കെ ഒതുക്കിത്തീർത്ത് ഭാര്യ അയാളെത്തേടി എത്തി. രണ്ടു വർഷത്തെ സ്‌നേഹം മുഴുക്കെ ലൈറ്റണച്ച് കെട്ടിപ്പിടിച്ച് മുട്ടിയുരുമി തീർത്തുക്കൊണ്ടിരിക്കെ അയാൾ ലൈംഗികമായി ഉണർന്നു. ഭാര്യയുടെ മാംസളത തൊട്ടറിയുമ്പോഴും അടുത്തരാത്രി തിരികെ പോകേണ്ട ചിന്ത അയാളെ വേട്ടയാടി. ഈ രാത്രിയെ വെറുതെ വിടുന്നതിനു അയാളുടെ മനസ് അനുവദിച്ചില്ല. ഭാര്യയുടെ പാവാട പൊക്കി ഇരുട്ടിലയാൾ ഇണചേരുവാൻ വെമ്പി. പണിയെടുത്ത് വിയർത്ത നാറ്റം ഭോഗേച്ഛയാൽ മെരുക്കി. ഭാര്യയുടെ മണവും ഊഷ്മളതയും ഉറക്കത്തെ മുറിച്ചു. ഭോഗത്തിനു തയ്യാറെടുത്ത് പാവാട പൊക്കി മുകളിൽ വച്ചു. ശേഷം നിശ്ചലനായി.
"എന്ത് പറ്റി'
"പൊസിഷൻ ശരിയല്ല'. അയാൾ രഹസ്യം പറഞ്ഞു.
ഭാര്യയുടെ തലയണയെടുത്ത് നടുവിനു താങ്ങ് കൊടുത്തപ്പോൾ സന്തോഷത്താൽ അയാൾ വിളിച്ചു പറഞ്ഞു
"ഇപ്പോൾ ശരിയായി'
ഭോഗം തുടങ്ങി രണ്ട് നിമിഷത്തിൽ വീണ്ടും അയാൾ നിശ്ചലനായി.
"ഇപ്പോൾ എന്ത് പറ്റി?'
അയാൾ പിറകിലെക്ക് തിരിഞ്ഞു.
"ആരോ നമ്മളെ ശ്രദ്ധിക്കും പോലെ'
"വല്ല ഒളിഞ്ഞു നോട്ടക്കാരുമാണോ?'
ഭാര്യ അയാളുടെ ചുണ്ടിൽ ഉമ്മ വച്ച് തലമുടിയിൽ പിടിച്ച് നെഞ്ചിലേക്ക് അമർത്തി.
അയാൾ ശ്രദ്ധ മാറാതെ ഇണ ചേരുന്നതിനായി ഒരിക്കൽ കൂടെ ശ്രമിച്ചു. പിന്നെ ഭാര്യയിൽ നിന്നും അടർന്നു മാറി.
അയാൾ മുണ്ടുടുത്ത് എഴുന്നേറ്റ് ലൈറ്റിട്ടു. ഹാളിലെ മറ്റൊരു മൂലയിൽ കിടക്കുന്ന മൃതദേഹത്തിന്റെ കണ്ണുകൾ പാതി അടഞ്ഞു കിടക്കുന്നു. അത് കണ്ടയാൾ അസ്വസ്ഥനായി. മറ്റാരെങ്കിലും കാണുമോ എന്ന് ശ്രദ്ധിച്ച് അമ്മച്ചിയുടെ കണ്ണുകൾ ബലമായി അമർത്തി അടയ്ക്കുവാൻ ശ്രമിച്ചു.
"ഇല്ല.'
ഭാര്യ പാവാട താഴ്ത്തി സാരി നേരെയിട്ട് ഉറങ്ങുവാൻ തയ്യാറെടുത്തു. അയാൾ കൈകൾ കൊണ്ട് നിറുത്തുവാൻ ആംഗ്യം കാണിച്ചു. കസേരയിൽ ഇട്ടിരുന്ന, കയ്യിൽ കിട്ടിയ ഒരു തോർത്ത് വച്ച് അമ്മച്ചിയുടെ മുഖം മറച്ച് അയാൾ ഭാര്യക്കരികിലേക്ക് ഓടി. ഇപ്രാവശ്യം പതിനഞ്ചു നിമിഷങ്ങൾ അവർ ആസ്വദിച്ചു. ശേഷം അയാൾ പഴയതു പോലെത്തന്നെ നിശ്ചലനായി. പിറകിലേക്ക് തിരിഞ്ഞു നോക്കി. തോർത്തുമുണ്ട് ഉരിഞ്ഞ് താഴെക്കിടക്കുന്നു. ഇപ്രാവശ്യം അയാൾ നഗ്‌നനായിത്തന്നെ എഴുന്നേറ്റ് പോയി. അപ്പോഴാണ് താൻ ഗൾഫിൽ നിന്നും വാങ്ങിയ മിഠായികളുടെ ബാഗ് ഹാളിലെ മൂലയിലിരിക്കുന്നത് കണ്ണിൽ പെട്ടത്. അയാൾ ബാഗ് തുറന്ന് ഡബിൾ മിന്റ് ഗം എടുത്ത് ചവച്ച് മധുരം കഴിയും വരെ നീരു വിഴുങ്ങി. കഴിഞ്ഞപ്പോൾ ബബിൾ ഗം എടുത്ത് അമ്മച്ചിയുടെ വലത് കണ്ണിൽ പൊത്തി. മറ്റൊന്ന് ചവച്ച് തുപ്പി ഇടതും. രതിമൂർച്ചയിലെക്കടുക്കും നേരം ഭാര്യയുടെ കവിളോട് മൂക്ക് ചേർത്ത് ചെവിയിൽ ഓതി. ഡബിൾ മിന്റ് ഡബിൾ മിന്റ്. സോളമനെല്ലാം വ്യക്തമായി. ഭോഗിക്കുന്ന മകനെയും മരുമകളേയും ഒളിഞ്ഞുനോക്കുന്ന പാതിയടഞ്ഞ കണ്ണുകളുള്ള മൃതദേഹമായിരുന്നു ചിത്രത്തിൽ. ഇത് നിങ്ങൾക്കുണ്ടായ കുമ്പസാരാനുഭവമാണോ?. വ്യക്തമായ മറുപടി പറയാതെ തന്നെ രണ്ടാമത്തെ ചിത്രത്തിലേക്കുള്ള കഥയിലേക്ക് അച്ചൻ നടന്നു.

ചിത്രം 2: വിഷാദരോഗി

വിഷാദരോഗിയായ ഗ്രിഗറിയും ഭാര്യ ഷാലിയും ഒരുമിച്ചുറങ്ങിയിട്ട് പതിനഞ്ച് ആണ്ടുകളായി. അതായത് മകൻ ഡെൻസിൽ ഷാലിയുടെ വയറ്റിൽ മുളച്ചതിനു ശേഷം അവരിരുവരും പരസ്പരം സ്പർശിച്ചിട്ടില്ല. വിഷാദത്തിന് ശക്തിയേറിയ മരുന്നു കഴിക്കുന്നതിനാൽ ലൈംഗികമായി വരൾച്ചയും ക്ഷീണവുമാണ് ഗ്രിഗറിയുടെ ശരീരം പ്രദാനം ചെയ്തത്. മകൻ വന്നതിനു ശേഷം മുഴുവൻ സ്‌നേഹവും പരിചരണവും ശ്രദ്ധയും ഷാലി മകനാണ് നൽകിയിരുന്നത്. മൂന്നു കിടപ്പുമുറികളുണ്ടായിരുന്ന വീട്ടിൽ ഒന്നിൽ ഗ്രിഗറിയും മറ്റൊന്നിൽ ഷാലിയും മകനും കിടന്നുറങ്ങി. പരസ്പരം ശല്യമാകില്ല എന്ന വ്യവസ്ഥയിൽ ഒപ്പിട്ട അയൽ രാജ്യങ്ങളെപ്പോലെ ഭാര്യയും ഭർത്താവും നോട്ടം കൊണ്ടു പോലും പരസ്പരം കൂട്ടി മുട്ടാതെ നടക്കുവാൻ ശ്രദ്ധിച്ചു.

അമ്മയുടെ പുന്നാരയായി വളർന്ന ഡെൻസിൽ എട്ടാം ക്ലാസിലെത്തിയിട്ടും മൂന്നാമത്തെ മുറിയിലേക്ക് മാറി കിടക്കുവാൻ കൂട്ടാക്കിയില്ല. ഷാലി പലതവണ ശ്രമിച്ചിട്ടും ദുഃസ്വപ്നങ്ങളിൽ എഴുന്നേറ്റ് നിലവിളിച്ച് അവൻ അമ്മയുടെ ചൂടിനുള്ളിലേക്ക് ഓടി വന്നു. സ്‌നേഹിക്കുവാൻ ആരുമില്ലാതായിപ്പോയ ഷാലി മറ്റെല്ലാം മറന്ന് അവനെ സ്‌നേഹിച്ചു കൊണ്ടിരുന്നു. ഷാലിക്ക് മാത്രമേ അവനെ മനസിലായിരുന്നുള്ളൂ. അവളെപ്പോഴും കൂട്ടുകാരോട് പറയും ""ഹി ഈസ് സ്‌പെഷ്യൽ''

ക്ലാസ് കഴിഞ്ഞ് കയറി വന്ന ഡെൻസിലിനെ നോക്കി ഷാലി ചോദിച്ചു
"എന്ത് പറ്റിയെടാ?'
"ഒന്നുമില്ല മമ്മീ'
"ടെസ്റ്റ് വല്ലോം പൊട്ടിയോ?'
"ഇല്ല മമ്മീ'
"പിന്നെന്താ മുഖത്തൊരു വാട്ടം. ബെസ്റ്റ് ഫ്രണ്ട് എലീന പിണങ്ങിയോ?'
"ഇല്ല'
അവൻ പതിവുപോലെ മമ്മിക്കൊരു കെട്ടിപ്പിടുത്തവും ഉമ്മയും നൽകി മുറിയിലേക്ക് നടന്നു. പണികളൊതുക്കി മുറിയിലെത്തി മകനെന്ത് ചെയ്യുകയാണെന്ന് നോക്കിയ ഷാലി അമ്പരന്നു. പൊള്ളുന്ന പനി നെറ്റിയിൽ. അവൾ തുണി നനച്ച് നെറ്റിയിൽ വച്ചു കൊടുത്തു. ചുക്കു കാപ്പി ഉണ്ടാക്കി ഊതിക്കൊടുത്ത് അവനെ കുടിപ്പിച്ചു. മരുന്നും പൊടിയരിക്കഞ്ഞിയും കൊടുത്തു. രാത്രിയിൽ അവനരികിൽ കിടന്നുറങ്ങി. ഉറക്കത്തിൽ തന്റെ പേരു പിച്ചും പേയും പറയുന്നത് കേട്ട് അവൾക്ക് കരച്ചിൽ വന്നു. പാതിബോധത്തിൽ മമ്മിയുടെ കൈകളിൽ പിടിച്ചവൻ കരഞ്ഞു. ബന്ധുവീട്ടിൽ നിൽക്കാൻ പോയിട്ട് അമ്മയെ കാണണം എന്നു പറഞ്ഞു ടാക്‌സി വിളിച്ച് തിരികെ വന്ന അവനെയോർത്ത് ചിരിച്ച് ഷാലി ഉറക്കത്തിലേക്ക് തിരികെപ്പോയി. അസുഖം ഭേദമായിത്തുടങ്ങിയതോടെ അവൻ മമ്മിയെ അടുത്തു വിളിച്ച് സംസാരിച്ച് തുടങ്ങി
"മമ്മീ'
"പറയെടാ'
"എനിക്ക് മമ്മിയെപ്പോലെ ഒരാളെ മതി'
"എന്തിനു?'
"ഒപ്പം കഴിക്കാൻ'
"അതെന്താ? മമ്മിയ്ക്ക് അതിനു എന്തുണ്ട്? ഒരു ജോലി. പിന്നെ ഭക്ഷണമുണ്ടാക്കാനുള്ള കഴിവും മാത്രം '
"വേറെ ഒന്നു കൂടെ അറിയാം മമ്മിക്ക്'
"അതെന്താ'
"പനി വന്നാൽ എന്നെ നോക്കാൻ അറിയാം. പിന്നെ എനിക്ക് വേണ്ടി നോട്ടൊക്കെ എഴുതി തരും. കണക്ക് ചെയ്ത് തരും. ചുക്ക് കാപ്പി ഉണ്ടാക്കി തരും തുണി നനച്ച് നെറ്റിയിലിട്ട് തരും'
"അങ്ങനെയൊക്കെയുള്ള ഒരു പെൺകുട്ടിയേ ഇവിടെയുള്ളൂ'
"ആര്'
"ഞാൻ തന്നെ'
"ഹഹ'. രണ്ടുപേരും പൊട്ടിച്ചിരിച്ചു. ദിവസങ്ങൾക്കഴിഞ്ഞ് ഡെൻസിൽ സ്‌കൂളിൽ നിന്നും വന്നപ്പോൾ ഷാലി അവനെ അടുത്തു വിളീച്ചു.
"ഇന്ന് എലീന എനിക്ക് മെസേജ് ചെയ്തിരുന്നു.'
"എന്ത്?'
"അവൾക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട്'
"എന്നിട്ട് മമ്മിയെന്ത് പറഞ്ഞു'.
"നിന്നോട് ചോദിക്കട്ടെയെന്ന്. നീയെന്താ അവളെ ഒഴിവാക്കുന്നേ?'
"ഒന്നുമില്ല'
"നിനക്ക് ഇഷ്ടം ആൺകുട്ടികളോടാണോ? തുറന്നു പറ'
"മോം. ഐ ആം നോട്ട് ഗേ'
"പിന്നെ?'
"ഞാൻ ആകെ ഒരാളെ മാത്രമെ ഇത് വരെ സ്‌നേഹിച്ചിട്ടുള്ളൂ'
"എന്നെയല്ലേ'
"അതെ.'
"ഹഹ അതെനിക്കറിയാമെടാ'
അവളവനൊരു ഉമ്മ കൊടുത്തു.
രണ്ട് ദിവസം കഴിഞ്ഞ് ഡോക്ടർ ജോർജ് അവരെ സമീപിച്ചു. ""ഗ്രിഗറിക്ക് ഇപ്പോൾ നല്ല മാറ്റമുണ്ട്. വിഷാദരോഗത്തിൽ നിന്നും അയാൾ പൂർണ്ണമായും മുക്തനായി. ഇനി വേണ്ടത് സ്‌നേഹിക്കുന്നവരുടെ സാമീപ്യമാണ്. നിങ്ങൾക്ക് ഞാൻ പറയുന്നത് മനസിലാകുന്നുണ്ടല്ലോ അല്ലേ''
""ഉവ്വ്'' ഷാലി തലക്കുലുക്കി
ഗ്രിഗറി ഒരു കണ്ണട അധികം മുഖത്ത് വച്ചിരുന്നു. താടിയെല്ലാം പോയി പഴയ ഉന്മേഷമെല്ലാം തിരികെ ലഭിച്ചതു പോലെ ഷാലിയെ നോക്കി ചിരിച്ചു. ഷാലിയും തിരിച്ചു ചിരിക്കുന്ന പോലെ ഭാവിച്ചു. ഭാവിച്ചതാണെങ്കിലും എങ്ങിനെയെന്നറിയാതെ സന്തോഷം അവളിലേക്ക് കടന്നു വന്നു. ചായയെടുക്കാൻ പോയപ്പോൾ തന്റെ ഹണിമൂൺ സമയത്ത് ഗ്രിഗറി ചെയ്യാറുള്ളതു പോലെ പിറകിലൂടെ വന്ന് വയറിൽ കൈകൾ വച്ചു. അപ്രതീക്ഷിതമായ ആ നീക്കത്തിൽ ചായക്കപ്പുകൾ ചിതറി. ഡോക്ടറോട് കൈത്തട്ടി വീണതാണെന്ന് ഗ്രിഗറി കള്ളം പറഞ്ഞപ്പോളാണ് ഷാലിക്ക് സമാധാനമായത്. ബിസ്‌കറ്റിന്റെ ടിൻ അഴിക്കുന്നതിനിടെ ഗ്രിഗറി അവളെ കഴുത്തിൽ ചുംബിച്ചു. ഡോക്ടർ അറിയാതെ അവളുടെ കാലുകളിൽ അയാൾ കാലുകളാൽ തഴുകി. ഭർത്താവിന്റെ പ്രസരിപ്പും കൃസൃതിയും തിരികെ വന്നതായി ഷാലി തിരിച്ചറിഞ്ഞു. ഡോക്ടർ യാത്ര പറഞ്ഞിറങ്ങിയതും ഗ്രിഗറി ആർത്തി പൂണ്ട് ഭാര്യയെ ചുംബിക്കുവാൻ ശ്രമിച്ചു. അവൾ അയാളെ തള്ളി മാറ്റി. പതിനാലു വർഷമായുള്ള അപരിചിതത്വം നൽകിയ അനൈച്ഛികതയിൽ അവൾ അയാളോട് മാപ്പ് പറഞ്ഞു. അയാൾ പുഞ്ചിരിച്ച് ആദ്യരാത്രിയിലും അവൾ അയാളെ തള്ളി മാറ്റിയ കാര്യം ചെവിയിൽ മൊഴിഞ്ഞു. ഷാലി വളരെക്കാലത്തിനു ശേഷം ഒന്ന് ചുവന്നു തുടുത്തു.

ക്ലാസ് കഴിഞ്ഞെത്തിയ മകൻ പപ്പയുടെ പുതിയ മാറ്റം കണ്ട് അമ്പരന്നു. അവനു വേണ്ടി അയാൾ വാങ്ങിയ പുതിയ എക്‌സ് ബോക്‌സ് കണ്ട് അവനു വലിയ സന്തോഷം തോന്നി കണ്ടപാടെ അവൻ ഗെയിം കളിക്കുവാൻ പോയി അതിൽ മുഴുകി. ഗ്രിഗറി തന്റെ പഴയ ഫലിതരസം തിരികെ വന്നെന്നറിയിക്കാൻ അടുക്കള തമാശകൾ കൊണ്ട് നിറയ്ക്കുകയായിരുന്നു. അമ്മയുടെ പൊട്ടിച്ചിരി കേട്ട് ഡെൻസിൽ കളി പോസ് ചെയ്ത് വന്നു നോക്കി. പപ്പയും മമ്മിയും ഒരുമിച്ചു നിന്ന് ചപ്പാത്തിക്കുള്ള മാവ് കുഴക്കുകയായിരുന്നു. ഗോതമ്പ് പൊടി ഗ്രിഗറിയുടെ തലമുടിയിൽ പറ്റിപ്പിടിച്ചത് അയാൾക്ക് പ്രത്യേക ഭംഗി നൽകി. ഡെൻസിൽ തിരികെപ്പോയി കളിയിൽ തുടർന്നു. കളിയിൽ വിദഗ്ധനല്ലെന്ന പേരു പറഞ്ഞ് പപ്പയെ വിളിച്ചു വരുത്തി. ചപ്പാത്തിപ്പൊടി പറ്റിയ കൈകളുമായി അയാൾ അവനൊപ്പം ഗെയിം കളിച്ചു. അന്ന് രാത്രി പതിനൊന്ന് മണിയായപ്പോൾ ഡെൻസിൽ പതിവ് പോലെ പപ്പയുടേയും മമ്മിയുടേയും കിടയ്ക്കരികിൽ വന്ന് ഇടയിൽ കയറിക്കിടന്നു. ഷാലി അവനെ കെട്ടിപ്പിടിച്ചു അവൻ സുഖമായി ഉറങ്ങി.
നാല് ദിവസം കഴിഞ്ഞ് ഡെൻസിൽ സ്‌കൂളിൽ നിന്നും വന്നപ്പോൾ ഷാലി അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവൻ അടുത്തു ചെന്നു ഷാലിയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു.
"മമ്മാ'

"എന്താടാ'
"മമ്മാ ഇപ്പോൾ നല്ല ഹാപ്പിയല്ലേ'
"അതെ. ഞാൻ എപ്പോഴും ഹാപ്പി ആയിരുന്നല്ലോ'
"അല്ലാന്നെ. മമ്മ ഇപ്പോ അതിലും ഹാപ്പിയാ'
"ആണോ. ചിലപ്പോൾ ആയിരിക്കും.'
"പപ്പ മമ്മേനെ ഫക്ക് ചെയ്യുന്നത് കൊണ്ടാണൊ മമ്മയ്ക്ക് ഇത്ര ഹാപ്പിനസ്.'
"വാട്ട് ദ ഹെൽ ഡെൻസിൽ' ഷാലി ഡെൻസിലിൽ നിന്നും ഭയപ്പെട്ട് അകന്നു മാറി
"എന്റെ കൂടെ ആയിരുന്നപ്പോൾ എന്ത് കുറവായിരുന്നു മമ്മയ്ക്ക്. എനിക്കറിയണം എന്താ ഇപ്പോൾ എല്ലാ സ്‌നേഹവും മമ്മ പപ്പയ്ക്ക് കൊടുക്കുന്നത് എന്ന്.' അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. അവൻ മുട്ടുകുത്തി ഷാലിയുടെ കാലിൽ തൊട്ടു
"വേണ്ട, പപ്പാ നമുക്ക് വേണ്ടാ മമ്മാ' ഷാലി അവനെ അപരിചതനായി നോക്കി നിന്നു. എന്നിട്ട് മുറിയിൽ കയറി വാതിലടച്ചു.
അതിനു ശേഷം മകൻ വരുമ്പോൾ ഷാലി കെട്ടിപ്പിടിക്കാറോ ഉമ്മ വയ്ക്കാറോ ഇല്ല. അല്ലെങ്കിലും അലീനയുമായി മുഴുവൻ സമയം പുറത്താകും ഡെൻസിൽ. അവൻ ഷാലിയെ മനുഷ്യജീവിയെന്ന് പരിഗണിക്കുക പോലും ചെയ്യാറില്ല. സ്‌കൂളിലെ ഒരു വിശേഷവും പറയാറില്ല. ചോദിച്ചാൽ ഉത്തരവും ഇല്ല. ചോറു വാരിക്കൊടുക്കുവാൻ സമ്മതിക്കില്ല. ഒരുമിച്ച് ഉറങ്ങാറില്ല. ഒരു വൈകുന്നേരം നീയെന്തിനാണെന്നെ ഇങ്ങനെ തീ തീറ്റിക്കുന്നതെന്ന് ഷാലി മകനോട് ചോദിച്ചു. അവൻ അവളെ ഒഴിവാക്കി മുറിയിൽ കയറി വാതിലടച്ചു. എനിക്ക് മതിയായി അവൾ അവനോട് വിളിച്ചു പറഞ്ഞു. ഗ്രിഗറിയാണെങ്കിൽ ഇതൊന്നും അറിഞ്ഞിരുന്നില്ല. അലീനയാണ് അവന്റെ വിശേഷങ്ങൾ ഷാലിയോട് പറഞ്ഞു കൊടുക്കാറുള്ളത്. ഇരുപത്തിനാലു മണിക്കൂറും മമ്മ എന്ന് പറഞ്ഞു നടക്കുന്ന ഈ ചെക്കനിതെന്ത് പറ്റിയെന്ന് അലീനയും ചിന്തിക്കാതിരുന്നില്ല.
പിറ്റേ ദിവസവും ഷാലി ഡെൻസിലുമായി സംസാരിക്കുവാൻ ശ്രമിച്ചു.
"എന്താണ് നിന്റെ പ്രശ്‌നം '
"ഒന്നുമില്ല'
"പിന്നെന്താ എന്നോട് മിണ്ടിയാൽ'
"ഒന്നുമില്ല'
അവൾ അവന്റെ മുഖത്തടിച്ചു ചോദിച്ചു. "പറ നിനക്കെന്താ വേണ്ടത്' അവളുടെ കവിളുകളിൽ നിന്നും കണ്ണുനീർ ചാടി. അവർ അവനെ പിടിച്ചു കുലുക്കി ചോദിച്ചു. ഡെൻസിൽ തലകുനിച്ചു നിന്നു. പുറത്ത് ഗ്രിഗറിയുടെ ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടു. ഷാലി ഫോണെടുത്ത് ഡോക്ടറുടെ നമ്പറിൽ വിളിച്ചു.
"ഡോക്ടർ ഷാലിയാണ്. ഗ്രിഗറി ആകെ വയലന്റാണ്. എന്നെയും മകനേയും ആക്രമിച്ചു. എന്തെങ്കിലും വേഗം ചെയ്‌തേ പറ്റു. ആരെയെങ്കിലും വിടണം.' ബൈക്കിന്റെ കീ കറക്കി വരികയായിരുന്ന ഗ്രിഗറിക്കു നേരെ ഷാലി പാഞ്ഞടുത്തു.
മാനസികാരോഗ്യകേന്ദ്രത്തിന്റെ ആംബുലൻസിൽ ഗ്രിഗറിയെ കൊണ്ടു പോകുന്നത് ചോരയൊലിപ്പിച്ചു കൊണ്ട് ഷാലി നോക്കി നിന്നു. അവളൊരു ദീർഘനിശ്വാസം പുറപ്പെടുവിച്ച് ശരീരത്തിൽ പറ്റിയ മുറിവുകളിൽ മരുന്ന് വച്ച് കെട്ടാൻ തുടങ്ങി. മുറിയിൽ നിന്നുമിറങ്ങി വന്ന ഡെൻസിൽ മമ്മയുടെ കൈകൾ ചേർത്ത് പിടിച്ചു കൂടെത്തന്നെ നിന്നു. ഷാലി അവനു കവിളിൽ ഒരുമ്മ വച്ചു കൊടുത്തു.

ചിത്രം ത്രികോണങ്ങളാലായിരുന്നു വരച്ചിരുന്നത്. ആംബുലൻസും നോക്കി നിൽക്കുന്ന രണ്ടു രൂപങ്ങളേയുമാണ് മേരി ചിത്രത്തിൽ രൂപപ്പെടുത്തിയിരുന്നത്.

ചിത്രം 3: എഗ്രിമന്റ്

പെട്ടെന്നൊരു ദിവസം സംഭവിച്ചതാണത്. ബൈക്കിൽ പോയിക്കൊണ്ടിരിക്കെ ഒരു പൂച്ചയൊന്ന് വട്ടം ചാടി. പൂച്ചയെ രക്ഷിക്കുവാൻ ചാൾസ് ബൈക്കൊന്ന് വെട്ടിച്ചു. പൂച്ച രക്ഷപ്പെട്ടു ചാൾസ് ആശുപത്രിയിലുമായി. ടെസ്റ്റുകളും ഗുളികകളുമായി ഒരു മാസം. പരിക്കുകൾ ഭേദമായി വീട്ടിലെത്തിയിട്ടും ചാൾസിന്റെ മുഖം തെളിഞ്ഞില്ല. വൃഷണങ്ങൾക്കേറ്റ ക്ഷതം അയാളുടെ ലൈംഗികതയെ മരവിപ്പിച്ചു. ഭാര്യ മാർഗരറ്റാണെങ്കിൽ കഴിഞ്ഞ മൂന്നു നാലു മാസമായി ആർത്തവം വൈകുമ്പോൾ മൂത്രം ടെസ്റ്റ് ചെയ്ത് ഗർഭമുണ്ടോ എന്നു നോക്കുകയും ആർത്തവം വരുന്ന ദിവസങ്ങളിൽ കരയുകയും ചെയ്തു നടപ്പാണ്. അയാളുടെ ലൈംഗികത പണിമുടക്കിയത് മാർഗരറ്റ് അറിഞ്ഞു. അവർ കാത്തിരുന്നു. എന്നെങ്കിലുമൊരിക്കൽ തന്റെ ഭർത്താവു മടങ്ങി വരുമെന്നവർ പ്രത്യാശിച്ചു. അയാളെ ഉണർത്തുന്നതിനായി പല രീതികളിലുള്ള ലൈംഗിക വൈകൃതങ്ങളിൽ ഏർപ്പെട്ടു നോക്കി. അവൾ അയാളോട് ശൃംഗരിക്കുവാൻ ശ്രമിക്കുന്ന നേരം അയാൾ ഉറങ്ങിപ്പോകുകയും അവൾ കണ്ണീരൊഴുക്കുകയും ചെയ്തു.

"ഇനിയെന്നാ നീയൊന്ന് നേരെയാവുക വാവേ' മാർഗരറ്റ് അയാളുടെ ലൈംഗികാവയവത്തെ വാവേ എന്നാണ് ലാളിച്ച് വിളിക്കുക.
"അറിയില്ല.' മറ്റൊരു ശബ്ദത്തിൽ ചാൾസ് അതിനു മറുപടി പറയും
അവളതിനെ പിന്നേയും പുന്നാരിക്കും കൊഞ്ചിക്കും
"എന്നാണ് എനിക്കൊരു കുഞ്ഞുവാവയെ തരിക?' അത് കേൾക്കുമ്പോൾ ചാൾസിന്റെ നെഞ്ച് പൊട്ടും എങ്കിലും പുറത്ത് കാണിക്കുകയില്ല. അയാൾ പതിയെ ഉറക്കം നടിക്കും. അങ്ങനെയിരിക്കേയാണ് ചാൾസ് കൃത്രിമ ബീജസങ്കലനത്തെക്കുറിച്ച് അറിയുന്നത്. ബീജം ഉത്പാദിപ്പിക്കാൻ കഴിയാത്ത ഈയൊരു അവസ്ഥയിൽ മറ്റൊരാളുടെ ബീജം സ്വീകരിക്കുകയാണ് വേണ്ടതെന്ന് ഡോക്ടർ ഉപദേശിച്ചു. ഇത് പറഞ്ഞാൽ ഭാര്യ സമ്മതിക്കാൻ പോകുന്നില്ല എന്നറിയാം. മാർഗരറ്റിനു ഇപ്പോഴും അയാളെ ഇഷ്ടമാണ്. പക്ഷെ ഭാര്യയുടെ ആഗ്രഹം സഫലീകരിക്കുന്നതിനായി എവ്വിധമെങ്കിലും കുട്ടികൾ ഉണ്ടാകുവാനായി പരിശ്രമിക്കുവാൻ അയാൾ തയ്യാറായിരുന്നു. ബീജദാതാവിനെ കണ്ടെത്തുന്നതിനുള്ള ഓട്ടപാച്ചിലായിരുന്നു പിന്നീട്.

അയാളെപ്പോലെത്തന്നെയിരിക്കുന്ന, തന്നോട് ഏകദേശസാമ്യമുള്ള ഒരാളെയാണ് ചാൾസ് തേടിക്കൊണ്ടിരുന്നത്. ദാതാവ് സൗന്ദര്യം ഉയരം നിറം എന്നിവയിൽ തന്നോട് ഒത്തുവരണമെന്നും വിദ്യാസമ്പന്നനായിരിക്കണമെന്നും ക്ലിനിക്കിനോട് ചാൾസ് ആവശ്യപ്പെട്ടു. പലരേയും അയാൾ പരിഗണിച്ച് ഉപേക്ഷിക്കേണ്ടി വന്നു. ഏകദേശം ശരിയായി വന്നവരോട് അയാൾ സംസാരിച്ചു. അയാളുടെ ആവശ്യങ്ങൾ മിക്കവരും നിരാകരിച്ചു. ഒടുവിൽ അന്വേഷണങ്ങൾക്കൊടുവിൽ പറ്റിയ ഒരുവനെ ചാൾസ് കണ്ടെത്തി. എഡ്വിൻ.

എഡ്വിൻ ഒരു ബാറ്റ്മിന്റൺ പ്ലേയറാണ്. സുന്ദരൻ. സഞ്ചാരി. ഫോട്ടോഗ്രാഫിയിൽ കമ്പം. ചിത്രരചന, എഴുത്ത് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവൻ. ചാൾസ് എഡ്വിനോട് തന്റെ ആവശ്യങ്ങൾ നേരിട്ട് പറഞ്ഞു. ആദ്യമിതൊരു തമാശയായി അയാൾ കണക്കാക്കിയെങ്കിലും ചാൾസ് കളങ്കമറ്റ രീതിയിൽ സംസാരിച്ചു തുടങ്ങിയതോടെ കാര്യങ്ങൾ ഗൗരവത്തിൽ കാണുവാൻ തുടങ്ങി.
""നോക്കൂ എന്റെ ഭാര്യ സുന്ദരിയാണ്. ഇതുവരേക്കും മറ്റൊരു പുരുഷനേയും ആഗ്രഹിക്കാത്തവൾ. അറിഞ്ഞു കൊണ്ട് മറ്റൊരു പുരുഷന്റെ ബീജസങ്കലനം നടത്തുന്നതിനായി അവർ സമ്മതിക്കയില്ല. ഇവിടെയാണ് എനിക്ക് നിങ്ങളുടെ ആവശ്യം. നിങ്ങളവരെ പ്രേമത്തിൽ പെടുത്തണം. അവൾ ഗർഭിണിയാകും വരെ അത് തുടരണം. പ്രതിഫലമായി നല്ലൊരു തുക ഞാൻ തരും. അതെത്ര വേണമെന്ന് നിങ്ങൾത്തന്നെ തീരുമാനിക്കൂ. എഗ്രിമന്റ് പ്രകാരമുള്ള തുക കൈപറ്റിക്കഴിഞ്ഞാൽ നിങ്ങൾ തമ്മിലുള്ള ബന്ധം കൗശലപൂർവ്വം ഒഴിവാക്കേണ്ടതുണ്ട്. വിവാഹമെന്നോ മറ്റോ പറഞ്ഞു കൊള്ളൂ. പക്ഷെ ഭാര്യയുടെ മനസ് വല്ലാതെ നോവാതെ കാക്കണം. അതിനു ശേഷം ഞങ്ങൾ നിങ്ങളെ കാണാൻ പാടില്ല.''
ചാൾസിന്റെ വ്യവസ്ഥ എഡ്വിനിൽ കൗതുകമുണർത്തി. എന്തൊരു വട്ടനാണിയാളെന്ന് ഓർത്തു. ഇത്തരത്തിലൊരു ബീജദാനം ആദ്യമാകും. സ്വന്തം ഭാര്യയെ കൂട്ടിക്കൊടുക്കുന്നവൻ. അയാൾ മനസിൽ പറഞ്ഞു.
ചാൾസ് തുടർന്നു.

""ഭാര്യമാരെ തളക്കുന്നതിനുള്ള ഏറ്റവും നല്ല മരുന്ന് കുഞ്ഞുങ്ങളാണ്. ഇന്ന് ലോകത്തിലെ വിവാഹിതരെ എടുത്താൽ 99% വിവാഹ ബന്ധങ്ങളും വേർപ്പെടാതിരിക്കുന്നതിനു കാരണം കുഞ്ഞുങ്ങളുടെ സാന്നിധ്യമായിരിക്കും.''
അല്ല കരുതിയ അത്ര മണ്ടനല്ല അയാളെന്ന് എഡ്വിനു മനസിലായി. വ്യക്തമായ ധാരണകളും പദ്ധതികളും അയാൾക്കുണ്ടായിരുന്നു. ഒരു സ്ത്രീയെക്കുറിച്ച് പുരുഷൻ അറിയേണ്ടതെല്ലാം തന്നെ അയാൾ എഡ്വിനു കൈമാറി. ഭാര്യയുടെ ദിനചര്യ, ശരീര അളവുകൾ, ഇഷ്ടപ്പെട്ട ഭക്ഷണം, നിറം, വസ്ത്രം, ആർത്തവ ദിനങ്ങൾ, പുസ്തകങ്ങൾ, സിനിമകൾ, ഇഷ്ടമുള്ള ഐസ്‌ക്രീം, ലൈംഗിക താത്പര്യം, സ്വഭാവസവിശേഷതകൾ എന്നിങ്ങനെ ചാൾസിന്റെ സൂക്ഷ്മ നിരീക്ഷണ പാടവം എഡ്വിനെ അത്ഭുതപ്പെടുത്തി. ആദ്യദിനം ഏതു രീതിയിൽ കണ്ടുമുട്ടണം. ഏത് രീതിയിൽ സംസാരിക്കണം എന്തിനെക്കുറിച്ച് എന്നു തുടങ്ങി അയാൾ തീരുമാനിച്ചുറപ്പിച്ച പദ്ധതി മുഴുവനായി പിന്നീടുള്ള ദിവസങ്ങളിൽ അവർ ചർച്ച ചെയ്തു തീരുമാനിച്ചു. അവസാന ദിവസം അയാൾ മുദ്രപേപ്പറിൽ എഴുതിയ എഗ്രിമെന്റുമായി എഡ്വിനു മുൻപിൽ പ്രത്യക്ഷപ്പെട്ടു.
പറഞ്ഞ പ്രകാരം എല്ലാ വ്യവസ്ഥകളും വ്യക്തമായി എഴുതിയിരുന്ന കടലാസുകഷ്ണങ്ങളിൽ ചിരിച്ചു കൊണ്ട് എഡ്വിൻ ഒപ്പുവച്ചു. അതോടെ മൊബൈലിൽ ഉണ്ടായിരുന്ന ഭാര്യയുടെ ചിത്രം ചാൾസ് അയാൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു. സുന്ദരി, എഡ്വിൻ സമ്മതിച്ചു. എഡ്വിൻ അവിവാഹിതനും ഒരേസമയം മൂന്നു പെൺകുട്ടികളെ പ്രേമിച്ചു കൊണ്ടിരിക്കുന്നവനുമായിരുന്നു. മാർഗരറ്റ് എഡ്വിനെ സംബന്ധിച്ച് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഇതിലും എത്രയോ ദുർഘടം പിടിച്ച വഴികളിലൂടെ സഞ്ചരിച്ച് സ്ത്രീകളുമായി ബന്ധം പുലർത്തിയിരിക്കുന്നു.
ആ ദിവസങ്ങളിൽ ഭർത്താവായ ചാൾസിൽ നിന്നും കടുത്ത അവഗണന നേരിടുകയായിരുന്നു മാർഗരറ്റ്. അയാൾ തന്നോട് മര്യാദക്ക് സംസാരിക്കാത്തത് അവളെ മനോവിഷമത്തിലാക്കി. ഓഫീസിലെ ഒരു സുന്ദരിയുമായി ഭർത്താവ് ലൈംഗിക ചുവയോടെ സംസാരിക്കുന്നത് ഒളിഞ്ഞ് നിന്ന് കേട്ട ദിവസം മാർഗരറ്റിനു തന്നോട് തന്നെ വെറുപ്പ് തോന്നി. അങ്ങനെയിരിക്കെയാണ് നീളം കൂടിയ ഒരു അവിവാഹിതൻ മാർഗരറ്റിനെ ലൈബ്രറിയിൽ വച്ച് ആകസ്മികമായി കണ്ടു മുട്ടുന്നതും അവർ പുസ്തകങ്ങളെക്കുറിച്ച് ആവേശപൂർവ്വം സംസാരിക്കുന്നതും. എഡ്വിൻ മാർഗരറ്റുമായി കണ്ടു മുട്ടുന്നത് ലൈബ്രറിയുടെ മറ്റൊരു മൂലയിൽ നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്ന ചാൾസിനു നിരാശ തോന്നി. ഒരിക്കൽ പോലും അവൾക്കൊപ്പം ഈ ലൈബ്രറിയിൽ കടന്നു വരാതിരുന്നത് ഉചിതമായില്ലയെന്ന തോന്നലിൽ അയാൾക്ക് കുറ്റബോധം തോന്നി. എത്ര പ്രണയം നിറഞ്ഞ ചുറ്റുപാടുകൾ അയാൾ മനസിൽ പറഞ്ഞു. രണ്ടുപേരും കാപ്പിക്കടയിലേക്ക് നീങ്ങുന്നത് ഒരു നിശ്ചിത അകലത്തിരുന്നു കൊണ്ട് അയാൾ നിരീക്ഷിച്ചു.
തിരികെ വീട്ടിൽ വന്നപ്പോൾ യാതൊന്നും സംഭവിക്കാതെ ദിനചര്യകളിൽ മുഴുകിയ മാർഗരറ്റിനെക്കണ്ടപ്പോൾ ചാൾസിനു കലി വന്നു. കുറ്റബോധത്തിന്റെ ഒരംശം പോലും അവളിൽ അയാൾക്ക് കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഒടുവിൽ മനഃപൂർവ്വം ഭാര്യയെ വേദനിപ്പിക്കണം എന്ന ലക്ഷ്യം വച്ചു കൊണ്ട് അയാൾ നിന്നെ ഇന്ന് ഒരു ചെറുപ്പക്കാരനൊപ്പം എന്റെയൊരു സുഹൃത്ത് കണ്ടതായി പറഞ്ഞെന്ന് അറിയിച്ചു. മാർഗരറ്റിന്റെ മുഖത്ത് ഒരു ഭാവമാറ്റവും സംഭവിച്ചില്ല. ലൈബ്രറിയിൽ കണ്ടുമുട്ടിയ ഒരാളെന്ന് അവൾ സത്യം പറഞ്ഞു. അതെന്താണ് മറ്റ് സ്ത്രീകളെപ്പോലെ രഹസ്യകാമുകനെ ഒളിപ്പിക്കുവാൻ മാർഗരറ്റ് തത്രപ്പെടാത്തതെന്ന് അയാൾക്ക് ആശങ്ക തോന്നി.

നാലാമത് കണ്ടുമുട്ടലിൽ ഭാര്യയുടെ കൈകളിൽ തലോടുന്ന എഡ്വിനെ കണ്ടിട്ട് ദൂരെയിരുന്ന് വർത്തമാനപത്രം കൊണ്ട് മുഖം മറച്ച ഒരാളുടെ സൺഗ്ലാസിലൂടെ കണ്ണുനീർ ഒഴുകി. പിന്നെ പല്ലുകൾ കൊണ്ട് ആ സന്ദർഭം കടിച്ചമർത്തി. വികാരവിക്ഷോഭങ്ങളെ അനുനയിപ്പിക്കുന്നതിൽ താനൊരു തികഞ്ഞ പരാജയമാണെന്ന് ചാൾസ് സ്വയം സമ്മതിച്ച ദിവസം കൂടിയായിരുന്നു അത്. വലിയ താമസം കൂടാതെ മാർഗരറ്റ് എഡ്വിനുമായി പ്രേമത്തിലായി.
അടുക്കളയിൽ പാചകത്തിനിടെ സന്തോഷത്തിന്റെ മൂളിപ്പാട്ട് കൊതുകുകളെപ്പോലെ പാറി നടന്നു. മാർഗരറ്റ് കുഞ്ഞുങ്ങളെപ്പോലെ സന്തോഷിച്ചു. തൂങ്ങിത്തുടങ്ങിയിരുന്ന മുലകൾ കുറഞ്ഞ സൈസ് ബ്രാ വച്ച് വലിച്ചു കെട്ടി നടന്നു. പച്ചക്കറികൾ അരച്ച് മുഖത്ത് തേച്ചു. ബ്യൂട്ടി പാർലറിൽ പോയി പുരികം പ്ലക്ക് ചെയ്ത് നിരനിരയായി വെടിപ്പാക്കി. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളണിയുവാനായി മേലാസകലം രോമങ്ങൾ വടിച്ചു വൃത്തിയാക്കി. മാർഗരറ്റിന്റെ മാറ്റം കണ്ടില്ലെന്ന് നടിക്കുവാൻ എത്ര ശ്രമിച്ചിട്ടും ചാൾസിനു കഴിഞ്ഞില്ല. ഇത്രനാളും ദാമ്പത്യത്തിൽ സംഭവിച്ചു കൊണ്ടിരുന്ന മുരടത്വത്തിൽ നിന്നും മാറ്റമുണ്ടാകുന്നതിനായി വേണ്ടി വന്ന മൂന്നാമതൊരാളുടെ സാന്നിധ്യം അയാളെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. അതിൽക്കൂടുതൽ അയാളെ വിഷമിപ്പിച്ചത് മാർഗരറ്റിന്റെ സന്തോഷമായിരുന്നു. ഇത്രയധികം സന്തോഷത്തിൽ തങ്ങൾ ജീവിച്ചത് അയാൾക്കോർമ വന്നില്ല. തനിക്കൊരിക്കലും പ്രദാനം ചെയ്യാൻ കഴിയാതിരുന്ന ഒന്ന് എഡ്വിൻ അവൾക്ക് നൽകുന്നെന്ന ചിന്ത അയാളെ ഭ്രാന്ത് പിടിപ്പിച്ചു. പാതിരാത്രിയിൽ ചാൾസ് ഉറങ്ങിക്കഴിഞ്ഞ് രഹസ്യമായി എഡ്വിനെ ഫോൺ വിളിച്ച് പ്രേമിച്ചു. അതുകേട്ട് കരഞ്ഞും വായക്കുള്ളിൽ തലയണ തിരികിയും ചാൾസ് രാത്രികളുടെ ദൂരം കിടന്നു തീർത്തു. ആദ്യമാദ്യം ഭാര്യയുടെ രഹസ്യ പ്രണയം മാനസികമായി അംഗീകരിച്ചിരുന്ന അയാൾക്ക് ദിവസങ്ങൾ തീർത്തും ദുഃസഹമായിത്തീർന്നു. നുണകളിൽ നിന്നും നുണകളിലേക്ക് ദാമ്പത്യം സഞ്ചരിച്ചു കൊണ്ടിരുന്നത് ചാൾസിനെ അസ്വസ്ഥനാക്കി. രഹസ്യബന്ധം തുടങ്ങവേ ഭാര്യ തന്നെ ഭയപ്പെട്ട് തുടങ്ങുമെന്നും കാര്യങ്ങൾ ഒളിക്കുമെന്നും കുറ്റബോധത്താൽ നീറി തന്നിലേക്ക് തിരിച്ചെത്തുമെന്നും കണക്കുകൂട്ടിയ അയാൾ സ്വയം തെറ്റ് പറ്റിയതായി തിരിച്ചറിഞ്ഞു. ഭാര്യ ആടിപ്പാടി നൃത്തം ചവിട്ടുന്നതിൽ അസൂയയും സ്വാർത്ഥതയും അയാളെ കാർന്നു തിന്നു. അതുവരേക്കും തങ്ങൾക്ക് ചെയ്യുവാൻ കഴിയാതിരുന്ന പലതും ബൈക്കിൽ കറക്കം, പാർക്കിലെ മരത്തിനു നിഴലിൽ ഉമ്മ, ഓട്ടോയിൽ മൃഗശാലയും മ്യൂസിയവും തേടൽ, സിനിമാ തിയേറ്ററിൽ തൊട്ട് ഉഴിച്ചിൽ, പാനീ പൂരി വിഴുങ്ങൽ തുടങ്ങി അവരിരുവരും ചെയ്തു തീർക്കുന്നത് അയാൾ ദൂരെ നിന്നും നോക്കി നിന്നു. ഇത്തരം കാര്യങ്ങൾ മനസിനെ ബാധിച്ചു തുടങ്ങിയതോടെ ചാൾസ് എഡ്വിനെ കാണുവാൻ തീരുമാനിച്ചു.
എഗ്രിമെന്റിൽ നിന്നും നിങ്ങൾ പിന്മാറണം. ആവശ്യമുള്ള പണം നൽകാം. റോന്ത് ചുറ്റുകയായിരുന്ന എഡ്വിൻ തിരിച്ചെത്തി അയാൾക്ക് മുൻപിലെ മേശയിൽ കൈക്കുത്തി നിന്ന് കണ്ണുകളിൽ നോക്കി പറഞ്ഞു
"നടക്കില്ല.'
"നിങ്ങളെന്താണീ പറയുന്നത്?'
"നടക്കില്ല എന്നു തന്നെ. നിങ്ങൾക്ക് മനസിലാകില്ല കാരണം ഞാൻ പ്രേമത്തിൽ അകപ്പെട്ടിരിക്കയാണ്.'
"ആ സ്ത്രീ എന്റെ ഭാര്യയാണ്.'
"ഇപ്പോൾ അവരെന്റേതാണ്. നിങ്ങളവരെ അർഹിക്കുന്നില്ല. നിങ്ങളുമായി ഡൈവോഴ്‌സ് ചെയ്യാൻ പോകുകയാണ് മാർഗരറ്റ്. നിങ്ങൾ കാണുന്നില്ലേ ഞാനൊരു പുതിയ മനുഷ്യനായത്. മറ്റെല്ലാ സ്ത്രീകളേയും പെൺകുട്ടികളേയും ഞാൻ വേണ്ടെന്ന് വെക്കേണ്ടി വന്നു. അത്രമാത്രം സ്വാധീനം ചെലുത്തിക്കഴിഞ്ഞു മാർഗരറ്റ് എന്നിൽ. എന്തൊരു സ്ത്രീയാണവർ. ഇത്രയധികം ഞാൻ എവിടേയും സ്‌നേഹിക്കപ്പെട്ടിട്ടില്ല. എന്റെ ദൈവമേ. ഈ ജീവിതം മുഴുക്കെ ഞാൻ തേടിക്കൊണ്ടിരുന്നത് ഇങ്ങനെയൊരാത്മാവിനെയായിരുന്നു. നിർമലമായ ആത്മാവുള്ളവൾ'
"ചാൾസ് കൂടുതൽ കേൾക്കാൻ നിൽക്കാതെ കസേരയിൽ നിന്നും ചാടിയിറങ്ങി യാത്രയായി.'

എഡ്വിൻ അറിയാതെ മറ്റൊരു പദ്ധതി കൂടി ചാൾസിനുണ്ടായിരുന്നു. എഡ്വിൻ വഴി ഉണ്ടാകുന്ന കുഞ്ഞിന്റെ അച്ഛൻ താനാണെന്ന് മാർഗരീത്തയെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്ന്. അതനുസരിച്ച് എഡ്വിൻ മാർഗരീത്തയുമായി രഹസ്യ ബന്ധത്തിലേർപ്പെടുന്ന ദിനം കണക്കാക്കി ചാൾസും മാർഗരീത്തയുമായി ഇണചേരും. അതിനായി ഒരു സിലിക്കൺ ലിംഗം അയാൾ വാങ്ങി വച്ചിട്ടുണ്ട്. ഇരുട്ടിൽ മാർഗരീത്തക്ക് അത് കൃത്രിമ ലിംഗമാണെന്ന് തിരിച്ചറിയുവാനും കഴിയില്ല. എഡ്വിനിൽ വസക്ടോമി എന്ന ഗർഭനിരോധനാമാർഗം പ്രയോഗിച്ചിച്ചിട്ടുണ്ടെന്ന് മാർഗരറ്റ് ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അപ്പോൾ പിന്നെ ഉണ്ടാകുന്ന കുഞ്ഞ് തന്റേതെന്ന് മാർഗരറ്റ് കരുതിക്കൊള്ളും. ഈ പദ്ധതിയാണ് ഇപ്പോൾ പൊളിഞ്ഞ് പാളീസായത്. എന്ത് ചെയ്യണമെന്നറിയാതെ ചാൾസ് പരിഭ്രാന്തനായി. ചാൾസിന്റെ പ്ലാൻ പ്രകാരം ഇണചേരേണ്ട ദിവസം തന്നെ എഡ്വിനും മാർഗരീത്തയും കിടക്കയിൽ എത്തി. എന്നാൽ അതും പ്രതീക്ഷിച്ച് ചാൾസ് തൊട്ടടുത്തുള്ള കുളിമുറിയിൽ കത്തിയുമായി ഇരിപ്പുണ്ടായിരുന്നു. എഡ്വിനെ കുത്തി കൊലപ്പെടുത്താനായിട്ടാണ് ആ ഇരിപ്പ്. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ ചെവി കൂർപ്പിച്ചു. നഗ്‌നനനായ എഡ്വിനെ കത്തിക്ക് കുത്തുവാനായിരുന്നു തീരുമാനം. അതിനാൽ ചാൾസ് സന്ദർഭത്തിനായി കാത്ത് നിന്നു. എഡ്വിൻ തന്റെ ഭാര്യയോട് പ്രേമപൂർവ്വം സംസാരിക്കുന്ന ശബ്ദം കണ്ണടച്ചു കൊണ്ട് അയാൾ കേട്ടു. എന്തെങ്കിലും സംസാരിക്കുന്നതിനു മുൻപ് തന്നെ മാർഗരീത്തയുടെ ചുണ്ടുകളിൽ ചുംബിക്കുന്ന ശബ്ദങ്ങൾ. ചാൾസ് കത്തി വച്ച് സ്വന്തം കൈകളിൽ അമർത്തി. ഒരു അലർച്ച തൊണ്ടയിലെ മരക്കൊമ്പിൽ കുടുങ്ങിക്കിടന്നു. ചുംബനങ്ങളുടേയും കാമത്തിന്റേയും ശീൽക്കാര ശബ്ദങ്ങൾ. അവ്യക്തമായ എന്നാൽ ചാൾസിനു വളരെ പരിചിതമായ മാർഗരത്തിന്റെ വികാരനിശ്വാസങ്ങൾ. എന്നാൽ ഇതുവരേയും അയാൾ കേൾക്കാതിരുന്ന അവളുടെ ആക്രോശ ശബ്ദങ്ങളിൽ അത്ഭുതമെന്ന് പറയട്ടെ അയാളുണർന്നു. ​വളരെയധികം നാളുകളായി അടക്കി വച്ച വികാരങ്ങൾ അയാളിൽ തള്ളിത്തുറന്നു വന്നു. മറ്റൊന്നും തന്നെ അയാൾക്കപ്പോൾ ഓർമ വന്നില്ല. മുറിയിൽ കുത്തിമറിയുന്ന ഭാര്യയുടെ ശബ്ദം അയാളെ കൂടുതൽ ആനന്ദങ്ങളിലെത്തിച്ചു. അയാൾ സ്വന്തം ലിംഗത്തിൽ പിടുത്തമിട്ടു. സ്വയംഭോഗത്തിലേക്ക് കടന്നു.

ഇണചേരലിനു ശേഷം മൂത്രമൊഴിക്കുന്നതിനായി കുളിമുറി തുറന്ന് ക്ലോസറ്റിൽ ഇരുന്ന മാർഗരീറ്റ ഇടയ്ക്ക് വച്ച് നിലവിളിച്ച് ഇറങ്ങിയോടി. എന്തെന്നറിയാൻ എഡ്വിൻ ഓടിച്ചെന്നപ്പോൾ കുളിമുറിയിൽ മൂത്രത്തിന്റെ നാറ്റം തോന്നി. ബാത്ത് ടബ്ബിൽ രക്തമൊഴുക്കിയ കൈകളുമായി ചാൾസ് ബോധമറ്റ് കിടന്നു. അപ്പോഴും അയാളുടെ പാൻസിന്റെ സിബ്ബിനുള്ളിലൂടെ പുറത്ത് ചുരുങ്ങിക്കിടപ്പുണ്ടായിരുന്നു മാർഗരീത്ത വാവേയെന്നു വിളിക്കുന്നൊരുവൻ.▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments