അരുൺ പ്രസാദ്​

3am

1. ലേഡി ഓഫ് ദ ലേക്ക് ​ https://www.dailynews.com/localcolumn/lady-of-the-lake

രാജ്യത്തിന്റെ കിഴക്ക് പടിഞ്ഞാറു മൂലയിൽ നിലകൊള്ളുന്ന, 413 മീറ്റർ ഉയരമുള്ള ആദം മലയും 436 മീറ്റർ ഉയരമുള്ള ഹവ്വ മലയും 629 മീറ്റർ ഉയരമുള്ള ഏദൻതോട്ടവും കൂട്ടിയിണക്കി 300 അടി ഉയരത്തിൽ ദാദ്രി നദിയുടെ കുറുകെ നിർമ്മിച്ച ‘ബുർഖ് അണക്കെട്ട്' പിൽക്കാലങ്ങളിൽ സിയാസു ഡാം എന്ന പേരിലായിരുന്നു കുപ്രസിദ്ധിയാർജ്ജിച്ചത്.

60 ചതുരശ്ര കി.മീ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റൻ ജലസംഭരണിക്ക് ബുർഖ് അണക്കെട്ട് ക്രമേണ രൂപം കൊടുത്തു.
1948 ൽ സർക്കാർ ഈ ജലസംഭരണപദ്ധതിയുടെ ഭാഗമായി നൂറ് ഏക്കറോളം ഭൂമി പലരിൽ നിന്നായി ഏറ്റെടുക്കുകയുണ്ടായി.
1950 ൽ അണക്കെട്ടിന്റെ പണി തുടങ്ങുകയും 1956 ൽ ജലനിരപ്പ് ഉയർത്തുവാൻ പാകത്തിൽ പണി പുരോഗമിക്കുകയും ചെയ്തു. തടാകത്തിന്റെയും അണക്കെട്ടിന്റേയും പ്രാഥമിക നിർമ്മാണഘട്ടത്തിലേ, സാമ്പത്തികപ്രശ്‌നങ്ങൾ അടക്കം ഒരുപാട് വെല്ലുവിളികൾ സർക്കാരിനു അതിജീവിക്കേണ്ടതായി വന്നു. നൂറോളം തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കിയ അപ്രതീക്ഷിത മഴ അവയിൽ ഒന്ന് മാത്രമായിരുന്നു. അതിൽ തന്നെ പ്രാധാന്യം അർഹിക്കുന്ന മറ്റൊന്ന്, ജലസേചനത്തിലെ വിവേചനം ചൂണ്ടിക്കാട്ടി സമീപപ്രദേശങ്ങളും അയൽസംസ്ഥാനങ്ങളും തമ്മിലുണ്ടായിരുന്ന വാക്കുതർക്കങ്ങളായിരുന്നു. പ്രാദേശിക വാദവും ജാതി-വംശവെറികളും അവർക്കിടയിലെ സ്പർദ്ധ വർധിപ്പിക്കുവാനുള്ള കാരണങ്ങളായി. എങ്കിൽ തന്നെയും എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് 1958 ൽ ബുർഖ് അണക്കെട്ട് ആകാശത്തിനു നേരെ നെഞ്ച് വിരിച്ചു.

1929 ൽ എസ്റ്റേറ്റ് മാനേജർ ആയി നിയമിക്കപ്പെട്ട ചാൾസ് ഡിക്‌സൺ വേട്ടക്കായി കാട് കയറിയ സമയത്തായിരുന്നു ആദത്തിനേയും ഹവ്വയേയും ആദ്യമായി കണ്ടുമുട്ടുന്നതും, തനിക്ക് കിടന്നു തന്ന പേരറിയാത്ത ആദിവാസി സ്ത്രീയുടെ മുട്ടൻ മുലകൾ പോലെയുണ്ടവയെന്ന് നേരമ്പോക്ക് പറഞ്ഞ് അട്ടഹസിച്ചതും.
എന്നാൽ ആ ഒരു താരതമ്യം രസിക്കാതിരുന്ന ഒരുവൻ അയാളുടെ സംഘത്തിൽ തന്നെയുണ്ടായിരുന്നു.

ചിത്രീകരണം: ശ്രീജിത്ത് പി.എസ്.

കാട്ടിലെ വഴികൾ സ്വന്തം ശരീരത്തിലെ മുറിപ്പാടുകൾ പോലെ മനഃപാഠമാക്കിയ ചോലൻ എന്ന ആദിവാസി.
നായാട്ട് സംഘത്തിനു വഴികാട്ടിയായിരുന്ന ചോലനായിരുന്നു ഇരട്ടകളായ ആദത്തിനേയും ഹവ്വയേയും ഏദൻ തോട്ടത്തേയും മാനേജർക്ക് പരിചയപ്പെടുത്തിയത്.
അവനത് മലദൈവങ്ങളായിരുന്നു.
കരിവില്ലി പൂവില്ലി ആയിരവില്ലി എന്ന് ചോലനവരെ വിളിച്ചത് ചാൾസിനു ഒട്ടും തൃപ്തികരമായി തോന്നിയില്ല.

പാൻസിന്റെ പോക്കറ്റിൽ എല്ലായിപ്പോഴും ചെറുബൈബിൾ സൂക്ഷിച്ചിരുന്ന മാനേജർക്കത് ഏദൻ തോട്ടത്തിലേക്ക് വിളയാടുവാനായി കുതിക്കുന്നതിനിടെ ഉറഞ്ഞു പോയ ആദവും ഹവ്വയുമായി തോന്നി.
അയാൾ പേരിട്ടു.
പക്ഷെ ഇരട്ടകൾക്കിടയിലൂടെ ഒഴുകുന്ന നദി ചാൾസിനെ ഗഹനമായ ചിന്തയിലാഴ്ത്തി. ഏറെക്കാലമായി നദിക്കരികെ വസിക്കുന്ന ജനങ്ങളെ വലച്ചു കൊണ്ടിരിക്കുന്ന, പ്രളയത്തിനു കാരണമായ മലവെള്ളത്തിനു കുറുകെ അണകെട്ടുന്നത് വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് അയാൾ തിരിച്ചറിഞ്ഞു. ചാൾസിന്റെ പദ്ധതിയെ ചോലനും ചോലന്റെ കൂട്ടരും എതിർത്തതോടെ, ഡാം പണിക്കിടെ അപകടത്തിൽ മരണപ്പെട്ട ചോലന്റെ സിമന്റ് പ്രതിമ കൽത്തൂണുകൾക്ക് മുകളിലായി ഉയർന്നു.

എസ്റ്റേറ്റ് മാനേജറുടെ ഉൾക്കാഴ്ച്ചയുടെ വെളിച്ചത്തിൽ രൂപം കൊണ്ട അണക്കെട്ടിനു സിയാസു ഡാമെന്നും തടാകത്തിന് കാലായെന്നും വിളിപ്പേരു വരുവാൻ കാരണം തടാകത്തിലെ അഴുകിയ ജലത്തിന്റെ നിറമായിരുന്നു.

സിയാസു എന്നതിന് തുർക്കി ഭാഷയിൽ കറുത്ത വെള്ളം എന്നർത്ഥം. അണക്കെട്ടിന്റെ എഞ്ചിനീയറിംഗ് സഹായങ്ങൾക്കായി തുർക്കിയിൽ നിന്നും വന്ന യുവ എഞ്ചിനീയർ ആയിരുന്നു ആ പേരിനു ഹേതുവായത്.
ഭാര്യ മരണപ്പെട്ട് ഏകാന്ത ജീവിതം നയിക്കുകയായിരുന്ന യുവ എഞ്ചിനീയർ ജീവിത നൈരാശ്യത്താൽ അണക്കെട്ടിൽ നിന്നും കാലാ തടാകത്തിലേക്ക് ചാടി ആത്മഹത്യ ചെയ്തതിൽ പിന്നെ ഈ പേര് പരിസരവാസികളിൽ മലമ്പനിപോലെ പടർന്നു.
തടാകത്തിൽ പൊങ്ങിയ ശവങ്ങളുടെ ബാഹുല്യം മൂലം മനുഷ്യരെ മരണത്തിലേക്ക് മോഹിപ്പിക്കുന്ന ഒരു ആകർഷണ വലയം സിയാസുവിനെയും കാലായേയും ചുറ്റി നിലനിൽക്കുന്നുവെന്ന് പരിസരവാസികൾ വിശ്വസിക്കുവാൻ തുടങ്ങി.

തടാകത്തിനുവേണ്ടിയുള്ള ഭൂമി പലരിൽ നിന്നായി പല അടവുകൾക്കൊടുവിൽ പതിയെ സർക്കാർ കൈവശപ്പെടുത്തുകയായിരുന്നു.
സ്വകാര്യകമ്പനികൾ, വ്യക്തികൾ, കർഷകർ എന്നിങ്ങനെ പലരുടേയും സ്വന്തമായിരുന്ന ഭൂമി, പദ്ധതിപ്രകാരം ഏറെത്താമസിയാതെ വെള്ളത്തിനടിയിലായി. അഞ്ചു വർഷത്തിനിടെ 3000 ഏക്കറോളം വരുന്ന കാടും കൃഷിയും ചേർന്ന പ്രദേശം സർക്കാർ നേടിയെടുത്തു.
അതിനായി മുന്നൂറോളം കുടുംബങ്ങളേയും പതിനഞ്ചോളം ചെറുകിട ബിസിനസ് സ്ഥാപനങ്ങളേയും ആരാധനാലയങ്ങളേയും 5 ശവപ്പറമ്പുകളേയും അതിനുള്ളിൽ മറവു ചെയ്തിരുന്ന ശവശരീരങ്ങളേയും മാറ്റി പ്രതിഷ്ഠിക്കേണ്ടതായി വന്നു. ഗ്രാമങ്ങൾ, വീടുകൾ, കെട്ടിടങ്ങൾ, ഇടവഴികൾ, കൃഷിസ്ഥലങ്ങൾ, ടോൾഗേറ്റുകൾ, റോഡുകൾ എന്നിവയിലൂടെ മത്സ്യങ്ങളും ജലജീവികളും യാത്ര നടത്തി. ജന്മദേശം വിട്ട് പോകുവാൻ മടി കാണിച്ചവരെ ബലം പ്രയോഗിച്ചോ മറ്റേതെങ്കിലും വിധേനയോ സർക്കാർ ഒഴിപ്പിച്ചു. സമീപവാസികൾക്ക് മത്സ്യബന്ധനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയത് ജനങ്ങളുടെ പ്രതിഷേധം ന്യൂനമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. വിദ്യാഭ്യാസമില്ലാതിരുന്ന താഴ്ന്ന വർഗത്തിൽപ്പെട്ട ജനങ്ങളെ വാഗ്ദാനങ്ങൾക്കൊടുവിൽ സർക്കാർ നിലക്ക് നിർത്തി. ഗൈഡ്, ബോട്ട് ഡ്രൈവർ എന്നിങ്ങനെ പല ജോലികളും അവർക്ക് നേരെ ഭരണകൂടം വച്ചു നീട്ടി. വലിയ താമസം കൂടാതെ തടാകത്തിൽ ഉല്ലാസനൗകകൾ എന്ന പേരിൽ ബോട്ടിംഗ് സൗകര്യം പ്രവർത്തനമാരംഭിച്ചു.

എന്നാൽ കാലാതടാകം കുപ്രസിദ്ധിയിലേക്ക് ഉയർന്നത് വളരെ പെട്ടെന്നായിരുന്നു. പ്രേതനഗരിയുടെ സാന്നിധ്യത്താൽ എന്ന് പലരും വിശ്വസിക്കുന്ന ബോട്ടിംഗ് ദുരന്തങ്ങൾ, മുങ്ങിമരണങ്ങൾ, നിയന്ത്രണം വിട്ടു തടാകത്തിലേക്ക് മറിഞ്ഞുണ്ടായ വാഹനാപകടങ്ങൾ എന്നിങ്ങനെ പല കാരണങ്ങളാൽ മരണം അവിടെയൊരു സ്ഥിരം സന്ദർശകനായി. ബോട്ടിംഗ് നടത്തുന്നതിനിടെ ഇല്ലാത്ത പാറക്കെട്ടുകളിൽ തട്ടി ബോട്ടുകൾ തകർന്നു വീണു. ശാന്തമായ കാലാവസ്ഥയിൽ പോലും നീന്തൽ വിദഗ്ധർ മുങ്ങി മരിച്ചു. രക്ഷപ്പെട്ടവരുടെ മൊഴിപ്രകാരം നീന്തുന്നതിനിടെ കാലുകളിൽ പിടിച്ച് വലിക്കുന്ന കൈകളെക്കുറിച്ചോ, ശ്വാസകോശത്തിൽ നിന്നും വായു ആരോ വലിച്ചെടുക്കുന്നതിനെക്കുറിച്ചോ ഒക്കെയുള്ള അനുഭവങ്ങൾ കാട്ടുതീ പോലെ പരിസരവാസികൾക്കിടയിൽ പ്രചരിച്ചു. തടാകത്തിനുള്ളിലെ വൃക്ഷങ്ങളുടെ അമിത സാന്നിധ്യത്താൽ ജലം കറുപ്പ് നിറമായി കാണപ്പെട്ടിരുന്നതിനാലും ചരിത്രപരമായി ഡാം ഒരു പ്രേതനഗരത്തെ ഉൾക്കൊള്ളുന്നതിനാലും തടാകത്തിൽ പ്രേതബാധയുള്ളതായി നാട്ടുകാർ കണക്കാക്കി. മുങ്ങി മരണപ്പെടുന്നവരുടെ ശവശരീരങ്ങൾ കിലോമീറ്ററുകൾക്കപ്പുറം പൊങ്ങുന്ന സ്ഥിതിവിശേഷത്തെ, അടിത്തട്ടിലൂടെയുള്ള ജലപ്രവാഹം എന്ന ന്യായീകരണത്തിലൂടെ വിദഗ്ധർ പരിഹരിക്കുവാൻ ശ്രമിച്ചെങ്കിലും ഭൂതപ്രേതപിശാചുക്കളുടെ വിളയാട്ടമായി കണക്കാക്കുവാനേ സാധാരണക്കാരായ ജനങ്ങൾക്ക് കഴിഞ്ഞുള്ളൂ. എന്നാൽ ഈ വാർത്തകളൊന്നും തന്നെ തടാകത്തെ കേന്ദ്രീകരിച്ച് റിസോർട്ടുകളും ഹോട്ടലുകളും കെട്ടിപ്പൊക്കുന്ന വ്യവസായികളെ നിരുത്സാഹപ്പെടുത്തിയിരുന്നില്ല. സീസൺ സമയങ്ങളിൽ ലക്ഷക്കണക്കിനു മനുഷ്യർ അവിടം സന്ദർശിച്ചു പോന്നു. ആ കാലയളവിൽ കുപ്രചരണങ്ങൾ പുറത്ത് പോകാതിരിക്കുവാൻ സർക്കാർ ശ്രദ്ധചെലുത്തിയിരുന്നു. കാലാ തടാകത്തിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് കുറയാതിരിക്കുവാൻ ഈ നടപടി അധികൃതരെ സഹായിച്ചു.

2011 കാലഘട്ടത്തിൽ പതിനേഴ് മരണങ്ങളായിരുന്നു തടാകവുമായി ബന്ധപ്പെട്ട് സിയാസു പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്. 2012 ൽ അത് പതിനാലായി ചുരുങ്ങി. ഈ മരണങ്ങളിൽ പ്രകടമായ ഏകതാനത, പൊലീസിനു പോലും ഇടപെടുവാൻ കഴിയാത്ത തരം ദുരൂഹതയായിരുന്നു. വർഷങ്ങളായുള്ള മരണങ്ങളുടെ സ്വഭാവത്തിലെ സാമ്യത പൊലീസുകാർക്ക് യുക്തിക്ക് വിരുദ്ധമായി ചിന്തിക്കുവാൻ പ്രചോദനം നൽകിയിരുന്നു. അതുകൊണ്ടു തന്നെ തടാകത്തിൽ പൊങ്ങുന്ന ശവശരീങ്ങൾക്കു പിറകേ മണം പിടിച്ച് പോകുവാൻ അവർ തയ്യാറായിരുന്നില്ല. അപകടമരണങ്ങളുടേയും മുങ്ങിമരണങ്ങളുടേയും വേരുകൾ അന്വേഷിച്ച് കറുത്ത ജലത്തിൽ ഊളിയിട്ടവരെല്ലാം സങ്കീർണ്ണതകളുടെ വൈതരണിയിൽ പെട്ടുഴറി. തടാകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മരണം നടന്നത് 1971 ലായിരുന്നു. തടാകത്തിനരികിലൂടെ കാറിൽ സഞ്ചരിച്ച സോഫിയയെന്നും മാർത്തയെന്നും പേരുള്ള രണ്ട് സ്ത്രീ സുഹൃത്തുക്കൾ അപ്രത്യക്ഷരായി. റോഡിൽ കാണാമായിരുന്ന കാർ ടയറിന്റെ തെന്നൽ പാടുകൾ മാത്രമായിരുന്നു തെളിവായി അവശേഷിച്ചത്.
​പതിവു പോലെത്തന്നെ കൂടുതൽ അന്വേഷണങ്ങളിൽ നിന്നും തടാകത്തിനുള്ളിലെ കറുത്ത് സാന്ദ്രതകൂടിയ ജലവും മരങ്ങളും മുങ്ങൽ വിദഗ്ധരെ തടുത്തു നിർത്തി. പതിനെട്ട് ദിവസങ്ങൾക്ക് ശേഷം രണ്ട് കാൽപാദങ്ങളും കൈപ്പത്തികളും നഷ്ടപ്പെട്ട ഒരു പെൺശരീരം തടാകത്തിൽ പൊന്തിയത് ഒരു മീൻപിടുത്തക്കാരന്റെ ശ്രദ്ധയിൽപ്പെട്ടു.

ശവശരീരം തിരിച്ചറിയുന്നതിനു മറ്റു വഴികളില്ലാതായപ്പോൾ കാണാതായ സ്ത്രീകളിൽ ഒരുവളുടേതാണിതെന്ന പൊള്ള നിഗമനത്തിൽ പൊലീസെത്തി. എന്നാൽ പിന്നീടങ്ങോട്ട് നീലവസ്ത്രത്തിൽ കൈപ്പത്തികളും കാൽപ്പാദങ്ങളുമില്ലാത്ത സ്ത്രീയെ അസമയങ്ങളിൽ തടാകത്തിൽ കണ്ടതായി പലരും സാക്ഷ്യപ്പെടുത്തി. ആ യുവതിയുടെ സഞ്ചാരവീഥിയിലുള്ള മത്സ്യങ്ങളുടെ ആധിക്യം വലവീശൽക്കാരെ ആശ്ചര്യപ്പെടുത്തി. കാലക്രമേണ മീൻപിടുത്തക്കാർ ആ യുവതിയെ വഴികാട്ടുന്ന ജലദേവതയായി കണക്കാക്കി ആരാധിച്ചു പോന്നു. തടാകത്തിന്റെ കാവൽക്കാരിയായി അവരെ ആളുകൾ പ്രതിഷ്ഠിച്ചു.

‘‘ലേഡി ഓഫ് ദ ലേക്ക്'' എന്ന പേരിൽ ഒരു പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം, തടാകത്തിലെ മരണങ്ങളെക്കുറിച്ച് ആദ്യമായി ചോദ്യമുയർത്തിയെങ്കിലും നടപടികൾ കൈക്കൊള്ളാൻ തരത്തിലുള്ള തെളിവുകൾ കണ്ടെത്തുന്നതിൽ ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്.

*

രു വ്യാഴാഴ്ച ദിവസം അതിരാവിലെ രണ്ട് മുപ്പത്തിയഞ്ചിന് അലി എന്ന് പേരുള്ള മീൻപിടുത്തക്കാരൻ വല വീശിയതിനു അരികിലായി, കൊഴുത്തു കട്ട പിടിച്ച മഷി പോലുള്ള ജലത്തിനുള്ളിൽ ഇടതൂർന്ന മരങ്ങൾക്കിടയിലെ കമ്പുകളിൽ മുടിനാരുകളാൽ കുരുങ്ങിക്കിടന്ന യുവതിയുടെ മൂക്കിൽ നിന്നും ഒരു കുമിള പുറപ്പെട്ടു. തലേന്ന് രാത്രി ഭാര്യയുമായി ഇണചേർന്നുകൊണ്ടിരിക്കേ കുഞ്ഞ് എഴുന്നേറ്റ് വന്ന് കരഞ്ഞതോർത്ത്, വല വീശലിന്റെ ആയത്തിനൊത്ത് പാട്ട് പാടുകയായിരുന്ന അലിയുടെ ശ്രദ്ധയിൽ കുമിളയുടെ നേർത്ത പൊട്ടൽ ശബ്ദം പെട്ടില്ല. വലിയ താമസമില്ലാതെ, വീട്ടിൽ മകനു വേണ്ടി വാങ്ങിയ അക്വേറിയത്തിൽ ഓക്‌സിജൻ കുമിളകൾ പുറപ്പെടുവിക്കുവാനായി വാങ്ങി വച്ച ചെറുമോട്ടോറിനെപ്പോലെ താഴെ ഇരുന്നു ആരോ കുമിളകൾ ഉണ്ടാക്കി വിടുന്നത് അലിയുടെ കണ്ണുകളിൽ പതിഞ്ഞു.
അയാൾ വലയുടെ ചരട് തോണിയുടെ എടുപ്പിൽ കെട്ടി ചെറിയ ഒരു തുഴച്ചിലിൽ അകന്ന് കാത്തു നിന്നു. ഒരു കൂട്ടം ഹൈഡ്രജൻ ബലൂണുകൾ കൂട്ടിപ്പിടിച്ച കുട്ടി ആകാശത്തേക്ക് പൊങ്ങും പോലെ മുടിയിഴകൾ ശിഖരങ്ങളിൽ നിന്നും അഴിഞ്ഞ് യുവതിയുടെ ദേഹം മുകളിലേക്ക് ഉയർന്നു.
​തിളച്ചു കൊണ്ടിരിക്കുന്ന ജലത്തിൽ നിന്നും തേയില ഉപരിതലത്തിലേക്ക് വരും പോലെ, ചൂണ്ട വലിച്ചു കൊണ്ടോടിയ മത്സ്യം "പൊങ്ങി' ഉപേക്ഷിക്കും പോലെ, ഒരു പ്രത്യേക നിമിഷത്തിൽ മരങ്ങളുടെ കൈകളിൽ നിന്നും യുവതിയുടെ മൃതദേഹം രക്ഷപ്രാപിച്ചു. പോകുന്ന പോക്കിൽ ചെറുമീനുകളവളുടെ മൂക്കിൻദ്വാരങ്ങളിൽ നിന്നും പുറത്തു വന്നു. അത്ര കാലം കൊണ്ട് അടിഞ്ഞ ചെളി കാതുകളിൽ നിന്നും അടർന്നു. തങ്ങൾക്ക് വീട് വയ്ക്കുവാൻ കഴിയുമായിരുന്ന തലയോടിനുള്ളിലേക്ക് കയറുവാൻ ശ്രമിച്ച് പരാജയപ്പെട്ട നീളൻ മത്സ്യങ്ങൾ നീന്തിയകന്നു. മാംസം പൊഴിഞ്ഞ ഒരു കണ്ണിൽ ശൽക്കങ്ങൾ ഉരസിക്കൊണ്ട് ആരൽ സ്വസ്ഥനായി. അവളിൽ വിത്തുകൾ പാകിയ ജലസസ്യങ്ങൾ നിരാശരായി. പക്ഷിപിടുത്തക്കാരനായ ഒരാളുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച് പറന്നു തുടങ്ങിയ കിളിയെപ്പോലെ പെൺകുട്ടി ജലത്തിലൂടെ മുകളിലേക്ക് പാഞ്ഞു. ഉപരിതലത്തിൽ വന്ന് ഒരിറ്റ് ശ്വാസമെടുത്ത് മനുഷ്യരുടെ ഇടപെടലിനായി അവൾ കാത്തുകിടന്നു. അവൾക്കരികിലായി ജലത്തിൽ പാറുന്ന ആറുകാലി കൂറകൾ ഓടി നടന്നു. പാദങ്ങൾ വൃത്തിയാക്കുവാൻ മനുഷ്യർ ചെയ്യുന്ന മത്സ്യപാദപ്രസാധനം പോലെ ദേഹമാസകലം ചെറുമീനുകൾ അവളെ ഉമ്മ വച്ചു കൊണ്ടിരുന്നു. തകർന്നു പോയ ഏതോ ബോട്ടിന്റെ നീളൻ കഷ്ണമാകുമതെന്ന് ഒറ്റ നോട്ടത്തിൽ ആശ്വസിച്ച അലി കൗതുകത്തിന്റെ പേരിൽ തുഴയിളക്കി ജലത്തെ സ്പർശിച്ചു.

മയം രാത്രി ഒൻപത് മുപ്പത്തിനാല്. മകന്റെ ഏഴാം പിറന്നാളിനു ക്ഷണിച്ച അതിഥികൾ വന്നു കാണുമെന്ന് പീറ്റർ അസ്വസ്ഥനായി. കാലാ തടാകത്തിലെ ദുരൂഹതകളെപ്പറ്റി വെബ് മാസികയിൽ പ്രസിദ്ധീകരിച്ച ലേഡി ഓഫ് ദ ലേക്ക് എന്ന ലേഖനം മുഴുവനാക്കാതെ, ബ്രൗസർ ക്ലോസ് ചെയ്ത് അടുത്തടുത്ത് വരികയായിരുന്ന അഴുകിയ ഇലകളിൽ ഷൂസമരുന്ന ശബ്ദത്തിലേക്ക് തലതിരിച്ചു.

‘‘എന്തായെടോ. എത്രനേരമായി ഇത്. അവരെന്താ ഈ കാണിക്കുന്നത്? ഒരു കാറ് പൊക്കിയെടുക്കുവാനാണോ ഇത്ര സമയം?''

‘‘ബോഡി അഴുകിത്തുടങ്ങിയിട്ടുണ്ട് പീറ്റർ. വായിൽ കുഞ്ഞു ഞണ്ടുകൾ താമസം തുടങ്ങിയിരുന്നു. കണ്ണുകളിൽ നിന്നും ആരൽ മീനുകൾ പുറത്തു ചാടി. ലൈസൻസും ഐഡിയും കാറിൽത്തന്നെയുണ്ടായിരുന്നു. വിലാസം ദൂരെയാണ്. വിനോദസഞ്ചാരത്തിനിടെ ഇവിടെ സന്ദർശിച്ചതാകുമെന്ന് കരുതുന്നു. അറിയിക്കുവാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്. ബോഡി പോസ്റ്റ്മാർട്ടത്തിന് അയക്കണം.''

‘‘ശരി. താനിതൊന്ന് കൈകാര്യം ചെയ്യ്. എനിക്കിന്ന് കുറച്ച് ഗസ്റ്റ് ഉണ്ട്. ഇനിയും വൈകിയാൽ മകൻ പ്രശ്‌നമുണ്ടാക്കും. എല്ലാം ഒതുക്കിത്തീർത്ത് വീട്ടിലേക്ക് വരൂ. ഇന്ന് ഡ്രിങ്ക്‌സ് അവിടുന്ന് ആകാം.''

‘‘പീറ്റർ'' ‘‘യെസ് ഐയ്പ്?'' ‘‘ബോഡിക്ക് കാൽപ്പാദങ്ങളും കൈപ്പത്തികളുമില്ല. സംഭവം കണ്ട മീൻപിടുത്തക്കാരൻ ആകെ ഭയന്നിരിക്കയാണ്.''
പീറ്റർ അത് കേൾക്കാത്ത മട്ടിൽ വാഹനം സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.

പൊലീസുകാരനായിരുന്ന കൊച്ചൈപ്പോര അണക്കെട്ടിലെ സമീപവാസിയാണ്. പൊലീസിൽ നിന്നും നിർബന്ധിത റിട്ടയർമെന്റ് വാങ്ങിയ ശേഷം തടാകത്തിന്റെ സെക്യൂരിറ്റി ഗാർഡിൽ ഒരാളായി ജോലി ചെയ്തു വരുന്നു. അവസാന അഞ്ച് വർഷങ്ങളായി തടാകത്തിന്റെ സംരക്ഷണചുമതല പൊലീസിനില്ല. അതിനായി സർക്കാറുമായി കൂടിയാലോചിച്ച് രൂപം കൊടുത്ത പ്രത്യേക സംരക്ഷണ വിഭാഗത്തിൽ നൂറോളം പേർ ഇന്ന് ജോലിയെടുക്കുന്നുണ്ട്. തടാകത്തിന്റെ സംരക്ഷണം ഡീൻ കോർപ്പ് എന്ന സ്വകാര്യകമ്പനിയുടെ പങ്കാളിത്തത്തോടെയാണ് സർക്കാർ നടപ്പിലാക്കിയത്.

ഡീൻ കോർപ്പ് നഗരത്തിലെ ഉന്നതന്മാർക്കും സ്വകാര്യ കമ്പനികൾക്കും സംരക്ഷണം നൽകുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സെക്യൂരിറ്റി കമ്പനിയാണ്. രാജ്യമാസകലം അവരുടെ ശൃംഖല വ്യാപിച്ചു കിടക്കുന്നുണ്ട്. റിട്ടയർ ചെയ്യപ്പെട്ട പൊലീസുകാർക്കും പിരിച്ചു വിട്ട പട്ടാളക്കാർക്കും ഡീൻ കോർപ്പ് അഭയം നൽകി. മറ്റ് പ്രധാനപ്പെട്ട പലയിടങ്ങളിലും അവർ തങ്ങളുടെ മൂല്യം ഉയർത്തിപ്പിടിച്ചപ്പോൾ കാലാ തടാകത്തിൽ മാത്രം കമ്പനി പരാജയപ്പെട്ടു. തടാകത്തിന്റെ വിസ്തീർണ്ണവും സന്ദർശകരുടെ ആധിക്യവും അതിനു കാരണങ്ങളായി നിരീക്ഷകർ ചൂണ്ടിക്കാണിച്ചു. എങ്കിലും തടാകത്തിലെ അപകടങ്ങളേയും മരണങ്ങളേയും കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയാതിരിക്കുവാൻ ഡീൻ കോർപ്പ് സർക്കാറിനെ സഹായിച്ചു. അതോടെ തടാകത്തിലെ മരണങ്ങളുടെ രേഖകൾ മാത്രം സൂക്ഷിക്കുന്ന ഒരു ഗോഡൗൺ ആയി സിയാസു പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചു പോന്നു.

തടാകത്തിന്റെ രക്തം പുരണ്ട ചരിത്രത്തെക്കുറിച്ച് മറ്റേത് പൊലീസുകാരനേക്കാളും വസ്തുതകൾ കൊച്ചൈപ്പോരക്ക് അറിയാമായിരുന്നു. അപ്പൻ ഐയ്പ് ഇതേ തടാകത്തിലെ മീൻപിടുത്തക്കാരനായിരുന്നു. അന്ന് കുടുംബത്തിന്റെ ഏക ഉപജീവനമാർഗം മത്സ്യബന്ധനമായിരുന്നു. എന്നാലൊരു പുലർച്ചയിൽ ചങ്ങാടത്തിലിരുന്ന് ചൂണ്ടയിടുന്നതിനിടെ തടാകദേവതയെ മുഖാമുഖം കണ്ട് പനി പിടിച്ച് പിന്നീടത് ടൈഫോയിഡായി മരണത്തിനു കീഴടങ്ങുകയായിരുന്നു ഐയ്പ്. തടാകവും അതിനെ മഞ്ഞു പോലെ മൂടിനിൽക്കുന്ന നിഗൂഢതയും മകനായ കൊച്ചൈപ്പോരയെ കുട്ടിക്കാലത്തേ ഭയത്തിലേക്ക് തള്ളിവിട്ടിരുന്നു. ഉയർന്ന ഉദ്യോഗസ്ഥനായ പീറ്ററിന്റെ അസാന്നിധ്യത്തിൽ മറ്റു വഴികളില്ലാതിരുന്നതിനാൽ കൈകൾ തിരുമ്മി വായകൊണ്ട് ചൂടുവായു ഊതുവാൻ ശ്രമിച്ച് മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് അയാൾ നടന്നു തുടങ്ങി.

പിടിച്ച് നിൽക്കാൻ കഴിയാതെ വന്നപ്പോൾ കൊച്ചൈപ്പോര ഒരു സിഗററ്റിനു തീ കൊളുത്തി. ശ്വാസകോശാർബുദം സ്ഥിരീകരിച്ച്, കൂടിയാൽ ഇനിയൊരു ആറുമാസക്കാലം എന്ന് ഡോക്ടർമാർ ആയുസ് തിട്ടപ്പെടുത്തിയ കൊച്ചൈപ്പോരക്ക് ജോലിക്കിടെ മരണപ്പെട്ടാൽ ചില്ലറ പണികളുമായി നടക്കുന്ന മകന് തന്റെ ജോലി ലഭിക്കും എന്നൊരു ആശ്വാസമുണ്ടായിരുന്നു.

ശവശരീരം പുറത്തെടുത്തപ്പോൾ മൂക്കുപൊത്തിയ സഹപ്രവർത്തകർക്കു നേരെ കൊച്ചൈപ്പോരയെന്ന പഴയ പൊലീസുകാരൻ കോൺവെട്ടിച്ച് ചിരിച്ചു. തടാകത്തിലെ സെക്യൂരിറ്റിയായി ജോലി ലഭിക്കുന്നതിന് മേലുദ്യോഗസ്ഥരുടെ ശുപാർശ വേണ്ടി വന്ന അയാൾക്ക് ചീഞ്ഞ മരങ്ങളുടേയും മൃതദേഹങ്ങളുടേയും ഗന്ധം ലഹരി നൽകിയിരുന്നു. തടാകക്കരയിലെ ജീവിതം നൽകിയ കുഴിനഖവും വളംകടിയും അയാൾ സന്തോഷത്തോടെ പേറി.

കൊച്ചൈപ്പോരയുടെ പേരക്കുട്ടിയായ സാമിനെ സ്‌കൂളിൽ വച്ച് നാല് സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ച ദിവസം കൂടി ആയിരുന്നു ആ വ്യാഴാഴ്ച. അപ്പാപ്പനുമായി ഗാഢമായ സ്‌നേഹബന്ധം പുലർത്തിയിരുന്ന സാം ഡ്യൂട്ടി കഴിഞ്ഞെത്തുന്ന അയാൾക്കായി വീട്ടിൽ കാത്തിരിപ്പുണ്ടായിരുന്നു. അവൻ നടന്നത് ഓർത്തോർത്ത് മുഖം തലയണയിൽ അമർത്തി കണ്ണുനിറച്ചു കിടന്നു.
സ്‌കൂളിൽ വച്ച് തടാകക്കരയിൽത്തന്നെ താമസിക്കുന്ന സഹപാഠികൾ അവനെ കുണ്ടനെന്ന് വിളിച്ചു.
പെണ്ണത്തമുള്ള അവന്റെ മുഖത്ത് അശ്ലീലമായ രീതിയിൽ അടിച്ചു.
ചുണ്ടിൽ ഉമ്മ വയ്ക്കുവാനാഞ്ഞു. നെഞ്ചിൽ പിടിച്ച് കശക്കി.
പിറകിൽ വന്ന് ലിംഗമുരസി.
അവൻ തന്നെത്തന്നെ ശപിച്ച് കണ്ണിൽ നിന്നും വായിൽ നിന്നും മൂക്കിൽ നിന്നും പുറന്തള്ളുന്ന വെളുത്ത നൂലുകളെ പറത്തിക്കൊണ്ട് വാട്ടർ ടാങ്കിനടിയിലെ രഹസ്യമുറിയിൽ പോയൊളിച്ചിരുന്ന് ശബ്ദമില്ലാതെ കരഞ്ഞു.
ഇതാദ്യമായല്ല നാൽവർ സംഘം സാമിനെ ഉപദ്രവിക്കുന്നത്.
കമ്പയിൻ സ്റ്റഡിക്ക് വന്ന ഉറ്റസുഹൃത്ത് വിൻസന്റിനെ, സാം ചുംബിക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ട രഹസ്യം നാൽവർ സംഘത്തിലെ ഒരുവൻ അറിഞ്ഞതിനു ശേഷമായിരുന്നു പ്രശ്‌നങ്ങൾ ആരംഭിച്ചത്. സ്‌കൂൾ അധികൃതരോടോ അപ്പാപ്പനോടോ, പരാതിപ്പെടുന്നതിൽ നിന്നും ഭയം സാമിനെ വിലക്കി.

ആണുങ്ങളോടുള്ള ആകർഷണം സ്വന്തം ശരീരത്തിന്റെ വൈകൃതമായി കണക്കാക്കി ദ്രോഹങ്ങളെ അവൻ സ്വയം ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.
പൊലീസ് നടപടിക്രമങ്ങൾ കഴിഞ്ഞപ്പോൾ സമയം ഏതാണ്ട് രാത്രി പന്ത്രണ്ടരയായിരുന്നു. കൊച്ചൈപ്പോര പോകുന്ന വഴിയിൽ നായ്ക്കളുടെ കൂവലുകളും കുരകളും ഉയർന്നു. അയാൾക്കുള്ള പാത പ്രകാശത്താൽ വെട്ടിത്തെളിക്കുന്നതുപോലെ നായ്ക്കുര മുൻപിലായി വഴി കാട്ടി.
കയ്യിലുണ്ടായിരുന്ന സിഗററ്റിന്റെ അവസാന പുകയെടുത്ത് ഫിൽട്ടർ കുത്തിക്കെടുത്തി നാവ് പല്ലുകൾക്കിടയിലാക്കി വീടിനു മുൻപിൽ കുരക്കുകയായിരുന്ന കാവൽ നായയെ നോക്കി കൊച്ചൈപ്പോര ചൂളം വിളിച്ചു. യജമാനനെ തിരിച്ചറിഞ്ഞ പോലെ നായ കൊച്ചൈപ്പോരക്ക് സമീപം വാലാട്ടി വന്നു നിന്നു. അയാളതിനെ വാത്സല്യത്താൽ ഉഴിഞ്ഞുകൊണ്ടിരിക്കെ ത്ഡടിതിയിൽ കൈകളാൽ വായ കൂട്ടിപ്പിടിച്ച് തല വലിച്ച് തിരിച്ചൊടിച്ചു.

കൈകളാലും കാലുകളാലും പിറകിലോട്ട് വലിയാനുള്ള നായയുടെ ശ്രമത്തിനുള്ളിൽ തന്നെ അതിന്റെ പ്രാണൻ വെടിഞ്ഞു. വലിയ പ്രയാസമില്ലാതെ അയാളുടെ കൈകളിൽ കിടന്ന് നായയുടെ അനക്കം നിലച്ചു. നായയുടെ ജഢം വീടിന്റെ പൂമുഖത്തിനു എതിരെ വലിച്ചിട്ട് കയ്യിലുണ്ടായിരുന്ന ഒരു കടലാസ് അതിന്റെ വായ്ക്കുള്ളിലേക്ക് തിരുകി വച്ച് കൊച്ചൈപ്പോര അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് വച്ചു പിടിച്ചു. പുറത്തുള്ള നായ്ക്കളുടെ കുര അയാളെ പിന്തുടരുന്നുണ്ടായിരുന്നു. അതൊന്നും വക വയ്ക്കാതെ കാലുകൾ വലിച്ചു നീട്ടി നടന്നപ്പോഴും അയാളുടെ തലക്കുള്ളിൽ കൈപ്പത്തികളും കാൽപ്പാദങ്ങളും നഷ്ടപ്പെട്ട യുവതിയുടെ നനഞ്ഞ ദേഹമായിരുന്നു. അഴുകിയ ശരീരമോർത്ത് അറപ്പോടെയൊന്നു അയാൾ കുരച്ചു തുപ്പി. രക്തത്തിന്റെ ഉപ്പുസ്വാദ് നാവ് രുചിച്ചു.

മുൻകുറിപ്പ്

മേരിയുടെ മരണത്തിനുശേഷം ആദ്യമായി ഓഫീസിലേക്ക് പോയ സോളമൻ വാക്ക് കൊടുത്തിരുന്നതു പോലെത്തന്നെ അവളുടെ പാന്റീസണിഞ്ഞിരുന്നു. അല്ലെങ്കിലും ഈയൊരു കലാപരിപാടിയിൽ തത്പരകക്ഷിയായിരുന്നു മേരിയെന്ന് അയാൾക്ക് പണ്ടേ ബോധ്യമുണ്ടായിരുന്നു. മേരിയുടെ അപ്പനും അപ്പാപ്പനും ഭാര്യമാരുടെ അടിവസ്ത്രങ്ങളണിഞ്ഞ കഥ മേരിയിൽ നിന്നും അയാൾ കേട്ടിട്ടുണ്ട്.

കൊതുകുവലയിലുടക്കിയ പൂക്കളുടെ ഉദ്യാനം അരക്കെട്ടിൽ വിരിയിച്ചു കാണിച്ചു കൊടുക്കുന്ന രാത്രികളിലൊക്കെയും സോളമനെ തന്റെ കക്ഷങ്ങളുടെ ചൂടിൽ മുഖം ചായുവാനനുവദിച്ച് ഉറക്കിക്കൊടുക്കുമായിരുന്നു മേരി. അവൾക്കുണ്ടായിരുന്ന, അലമാരയിൽ ഉപേക്ഷിച്ചിട്ടു പോയ പരുത്തിത്തുണികളുടേയും പട്ടുനൂലിന്റേയും നെയിലോണിന്റേയും വിഭാഗങ്ങളിൽ നിന്ന് ഒരെണ്ണം അന്ന് രാവിലെ കുളികഴിഞ്ഞു വന്ന് സോളമൻ തിരഞ്ഞെടുക്കുകയായിരുന്നു. ലാവണ്ടർ, പിങ്ക്, മെറൂൺ എന്നിങ്ങനെയുള്ള നിറങ്ങളെ പറ്റി ഷോപ്പിങ്ങിനിടെ മേരി ചോദിക്കുമ്പോൾ തലയാട്ടുമെന്നല്ലാതെ അവയെക്കുറിച്ച് സോളമനു മുൻപും പിൻപും ഒരു അറിവുമില്ലായിരുന്നു. പച്ച, ചുവപ്പ്, മഞ്ഞ, നീല, കറുപ്പ്, വെളുപ്പ് എന്നീ അടിസ്ഥാന നിറങ്ങളും അവയുടെ ഏതാനും വകഭേദങ്ങളും മാത്രം അയാൾ ജീവിതത്തിലുടനീളം ഉപയോഗിച്ചു കൊണ്ടിരുന്നു. ജീൻസിനുള്ളിലെ സ്വകാര്യത ഓഫീസിലെ സുഹൃത്തുക്കൾ കാണാതിരിക്കുന്നതിനായി പതിവിനു വിപരീതമായി അയാൾ ഷർട്ട് ഉള്ളിലേക്ക് തിരുകി വച്ചു. കുളിപ്പിച്ച് തരുമ്പോഴുള്ള മേരിയുടെ ഉള്ളംകയ്യിലെ പതുപതുപ്പു പോലെ നെയിലോൺ തുണി അയാളുടെ ചർമ്മത്തെ ലാളിച്ച് കൊണ്ടിരിക്കെ സഹപ്രവർത്തകയായ ഷാലറ്റ് പേപ്പറെടുക്കുവാനൊന്ന് കുനിഞ്ഞപ്പോൾ മാറിടത്തിലേക്ക് നോക്കിപ്പോയതിനു അടിവസ്ത്രം സോളമനിൽ വലിഞ്ഞുമുറുകി. നോവെടുത്ത് നിറഞ്ഞ കണ്ണുകൾ പിൻവലിച്ചപ്പോൾ പിടി അയഞ്ഞതിനാൽ ആശ്വാസം തഴുകലായ് കടന്നു വന്നു.

ഗേൾഫ്രണ്ട് മരിച്ചു പോയ വിഷമം മാറുവാനായി വൈകീട്ട് കൂട്ടുകാർക്കൊപ്പമിരുന്ന് മൂന്ന് പെഗ് അകത്താക്കി ഗ്ലാസിൽ നാലാമതൊന്ന് ചെരിച്ചപ്പോൾ പാന്റീസ് അയാളുടെ തുട പിച്ചിപ്പൊളിച്ചു.
വീട്ടിലെത്തി സോക്‌സൂരി കുണ്ടയാക്കിയിട്ടപ്പോഴും, ഷർട്ട് വലിച്ചെറിഞ്ഞപ്പോഴും, അശ്രദ്ധമായി താക്കോൽ വീണ് സോഫ കിലുങ്ങിയപ്പോഴും, ഭക്ഷണം കഴിച്ച പാത്രം വാഷ് ബേസിനിൽ തള്ളി പോകാൻ നേരവുമൊക്കെ അതവനെ തുടയിൽ കിള്ളി ശ്രദ്ധ ക്ഷണിച്ചു. ശല്യം എന്ന് പിറുപിറുത്ത് മുറിയിലെ മേരിയുടെ സാന്നിധ്യത്തിൽ അസ്വസ്ഥത കാണിച്ച് അടിവസ്ത്രം വലിച്ചൂരി വലതുകാലാൽ തൂക്കി ഒരു മുക്കിലെറിഞ്ഞ് അയാൾ കുളിക്കുവാൻ പോയി. ഷവറിൽ നനഞ്ഞു നിന്നു കൊണ്ട് നീറിയ തുടയിൽ അയാൾ വിരലുകളാൽ ഉഴിഞ്ഞു. കുളി കഴിഞ്ഞ് വന്നപ്പോൾ ദേഹം തുടച്ച് നനഞ്ഞ തോർത്തുമുണ്ട് കിടക്കമേൽ കൂട്ടി വച്ചു. അത്ഭുതം തന്നെ. ആരുമൊന്നും ചോദിച്ചില്ല. അടിവസ്ത്രം ആ മൂലയിൽ തന്നെ അനങ്ങാതെ കിടപ്പുണ്ടായിരുന്നു. സോളമൻ ആശ്വാസത്തോടെ രാത്രിയിലേക്ക് ഉറങ്ങുവാനായി കിടന്നു.

പിറ്റേദിവസം എഴുന്നേറ്റപ്പോൾ എല്ലാം മാറിയിരുന്നു.
മുഖത്തടിച്ച വെയിൽ, വിളഞ്ഞ നെൽപ്പാടങ്ങളായി സോളമന്റെ കണ്ണുകളിലും തൊലിയിലും കൂർത്തമുനമ്പ് വച്ച് കുത്തി വിളിച്ചു.
കുറച്ച് സമയം കൂടെ സോളമൻ അങ്ങനെത്തന്നെ കിടന്നു. മേരി മരിച്ച് പോയത് എത്ര നന്നായിപ്പോയെന്ന് അയാൾ പുതപ്പ് തലക്ക് മുകളിലൂടെ വലിക്കുന്നതിനിടയിൽ ഓർത്തു. പിന്നെ കിടന്നിട്ടും ഉറക്കം വരാതെ ആയപ്പോൾ എഴുന്നേറ്റ് പുറത്ത് കടന്ന് മൂരി നിവർന്ന് ചുറ്റും നോക്കി. സന്തോഷം തോന്നി. പെട്ടെന്ന് ലഭിച്ച സ്വാതന്ത്രത്തിൽ അയാൾ കൈകൾ വിടർത്തിക്കൊണ്ട്, ഓഫീസിൽ വിളിച്ച് അനിശ്ചിത ലീവ് പറഞ്ഞ് ബാഗ് പാക്ക് ചെയ്ത് വീട് വിട്ടിറങ്ങി.

പാവക്കൂത്തിനിടെ ഉറഞ്ഞു പോയ ആറുകൈകളുള്ള കൂറ്റൻ വൈദ്യുതിക്കാലുകൾ മാർച്ച് ചെയ്യുന്ന പുൽമേടുകളിലൂടെയാണ് അയാൾ ആദ്യം സഞ്ചരിച്ചത്. അവിടവടങ്ങളിലായി ടെന്നീസ് ബോളിനു മേൽ പച്ച പരവതാനി പോലുള്ള പുല്ലിൽ, കഴിഞ്ഞ മിന്നലിനു മുളച്ച പുള്ളി- വിഷക്കൂണുകളായി കറുപ്പും വെളുപ്പും ഇടകലർന്ന പശുക്കൾ മേഞ്ഞു.

അവർക്കിടയിലൂടെ ടെന്നീസ് ബോളിനു മേലുള്ള റബർ നാട പോലെ നടവഴി പാമ്പുകളായി ഇഴഞ്ഞു കയറിപ്പോയി. സോളമൻ പർവ്വതങ്ങൾ പോലെയുള്ള കൂറ്റൻ തിരമാലകളേയും തിരമാലകൾ പോലെ ഓരോ സമയത്തും പുതുതാക്കപ്പെടുന്ന പർവ്വതങ്ങളേയും സന്ദർശിച്ചു. രണ്ടിലും മഞ്ഞ് അയാൾക്ക് വഴികാട്ടിയായി. പർവ്വതങ്ങളുടെ തുഞ്ചത്തു നിന്നും താഴെ, രാത്രികളുടെ മഞ്ഞവെളിച്ചത്തിൽ പ്രകാശിക്കുന്ന നഗരങ്ങളെ നോക്കിയപ്പോൾ മരിച്ചവരുടെ ഓർമ ദിനത്തിൽ സെമിത്തേരിയിൽ കത്തിക്കും മെഴുകുതിരികൾ പോലെ കെട്ടിടങ്ങൾക്ക് മുൻപിലെ വിളക്കുകൾ കാണായി.

ശവക്കല്ലറകൾ പോലെ കെട്ടിടങ്ങൾ അയാളെ മാടി വിളിച്ചു.
അവിടെനിന്നു കൊണ്ടു തന്നെ അയാൾ ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളെ കണ്ടു. വനത്തിലെ മിന്നാമിനുങ്ങുകളെപ്പോലെ അവ ആകാശത്തിന്റെ ഇലകളിൽ പറ്റിപ്പിടിച്ചിരുന്നു.

അയാൾ സമാധാനത്തിനായി കാട്ടിലേക്ക് കയറി.
കാട്ടിലേക്ക് വഴുക്കിയപ്പോൾ നടക്കുവാൻപോയി വന്ന സുഹൃത്തിന്റെ കൈത്തലം പതിഞ്ഞ പോലെ തണുപ്പ്. ഒച്ചയില്ലായ്മ കാറ്റിൽ ഇലകളായ് കിരുകിരുത്തു, ചീ/വീടുകളായ് തൊണ്ടയനക്കി. അകലെ എവിടേയോ അരുവിയുടെശബ്ദം അതിനു ചുറ്റും മാത്രം പാട പോലെ കെട്ടിക്കിടന്നു. ഉണങ്ങിയ ഇലകൾ മരത്തിൽ നിന്നും അടരുന്ന നേരത്തിന്റെ ചെറിയ ഒരടര് അതു പോലുള്ള നൂറടരുകളിൽ ചവിട്ടിപ്പോകുന്ന ജീവജാലങ്ങൾ. നാവുനീട്ടിയൊരു മൃഗം വെള്ളം നക്കിക്കുടിക്കുന്ന മുഴക്കം.

മഴവെള്ളം ഒഴുകിയൊഴുകി മിനുസമായ ഉരുളൻകല്ലുകളുടെ കൂട്ടം പോലെ മൃഗങ്ങളുടെ കാൽപാദങ്ങളേറ്റ് തെളിഞ്ഞൊരു വഴി മുറി കൂടുന്ന ധ്വനി. ആരോ നഖങ്ങൾ കൊണ്ട് കോറിയ മരത്തിന്റെ പരുത്തതൊലിയിൽ ഒച്ചിന്റെ ഇറക്കം. മരങ്ങൾക്ക് മീതെയുള്ള വെയിലിൽ ചിറകടികൾ തൂവലുകളെ ഉപേക്ഷിച്ച് പറന്നു പോകുന്നു. ശവക്കുഴിയിൽ മണ്ണിടാൻ ചുറ്റും കൂടിയ മനുഷ്യരെപ്പോലെ വന്മരങ്ങൾ നാലുപാടും. ഇണയില്ലാ കിളിയുടെ പാട്ട്. മീനുകളുടെ കുന്തളിപ്പ്. അരുവിയുടെ തോലിൽ പാഞ്ഞ് നടക്കും കൂറകൾ ചറപറ കാലുകൾ കുത്തിപ്പായുന്നു.

മരങ്ങൾക്കിടയിൽ നിന്നും ആരോ ഒളിഞ്ഞു നോക്കുന്ന തോന്നലുകൾ.
മൃഗങ്ങൾ വലിഞ്ഞു കയറിയിറങ്ങിയ മരങ്ങളിലെ പാടുകൾ.
കടിച്ച് ഉപേക്ഷിച്ച കായകൾ. വളർന്ന വള്ളികൾ മൂടിയ നടപ്പു വഴികൾ.
ഇലകൾ മുറിച്ചെടുത്ത് താങ്ങിപ്പോകുന്ന ഉറുമ്പിൻ കൂട്ടങ്ങൾ.
മരങ്ങളുടെ മൃതദേഹങ്ങളിൽ മുളച്ച പാശാറും കൂണുകളും.
ഇല കൊഴിയുമ്പോഴോ മീൻ വെട്ടുമ്പോഴോ തൂവൽ വീഴുമ്പോഴോ മാത്രം ഇളകുന്ന ജലം. കല്ലുകളിലെ വഴുപ്പ് അതിനടുത്ത വെള്ളപ്പത. ഉയരമുള്ള മരത്തിന്റെ മുകളിൽനിന്നും കായ ചില്ലകളിൽ തട്ടി വീഴുന്ന ഒച്ച.

​ഇണചേരുന്ന പാമ്പുകളെപ്പോലെ മരവള്ളികൾ പരസ്പരം ഒട്ടി. ഒലിച്ചിറങ്ങാനുള്ള കുത്തനിറക്കം. അയാൾക്കതെല്ലാം അസഹ്യമായി. കാട്ടിൽനിന്നിറങ്ങിയപ്പോൾ കുഞ്ഞുങ്ങളുടെ വയറിലെ ചൂടു കൊണ്ട് നഗരം അയാളെ തലോടി.

ഗ്രാമങ്ങളും നദികളും കുന്നുകളും ദിവസങ്ങളും പകലുകളും കടന്ന് അയാൾ ആരെയെന്നില്ലാതെ തിരഞ്ഞു നടന്നു. ഏതോ കുട്ടി കൗതുകം കുറഞ്ഞപ്പോൾ കുത്തി നിറുത്തി വച്ച ഓലപമ്പരങ്ങളോ അതോ ഇതളുകൾ വിരളമായ സൂര്യകാന്തിപ്പൂക്കളോ എന്ന് സംശയം തോന്നിക്കുന്ന കാറ്റാടി യന്ത്രങ്ങളുടെ ദളങ്ങളെ കറക്കി, കാറ്റാടി മരങ്ങളുടെ കാപ്പിരി മുടിയിഴകളെ ഉലച്ച് കാറ്റ് അയാൾക്ക് കൂട്ടു വന്നു. ചിലയിടത്ത് പതുക്കെ,വളരെ പതുക്കെ, മഞ്ഞുരുകിയ ജലം വ്യാപിക്കും പോലെ സഞ്ചരിക്കുന്ന കാടുകളെ കണ്ടുമുട്ടി. ചിലയിടത്ത് ഗ്രാമങ്ങളിൽ കുളം വറ്റിച്ചു കളയും വേനൽ, കാടുകളിലേക്ക് തീക്കൊള്ളിയുമായി പറന്ന പക്ഷിയായി താഴ്ന്നിറങ്ങുന്നത് കണ്ടു. മറ്റുചിലയിടങ്ങളിൽ കാട്ടുതീയിൽ പുളയും കുന്നുകളുടെ അടിവയറിൽ കുതിച്ച് പായും മൃഗങ്ങൾ മരണത്തിന്റെ ഗുഹകളിൽ അഭയം തേടുന്നത് നോക്കി നിൽക്കേണ്ടി വന്നു. പകലിൽ ജലാശയങ്ങളും ആമ്പൽക്കുളങ്ങളും ആൽവൃക്ഷങ്ങളും ഷൂസുകടകളും മദ്യശാലകളും കടന്ന് അയാൾ എന്തെന്നറിയാതെ അലഞ്ഞു. രാത്രിയിൽ മരച്ചുവട്ടിലും പാറക്കെട്ടുകളിലും നദീതീരങ്ങളിലും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലും മലർന്നു കിടന്ന് വീട്ടിൽ കഴിയുന്ന സ്വപ്നം കണ്ട് അയാളുറങ്ങി. അപ്പോഴെല്ലാം പാറ്റച്ചിറക് ഏന്തിയ ഒരു ഉറുമ്പിൻ കൂട്ടത്തെ പോലെ അയാൾ മേരിയുടെ ഓർമ്മകളെ വഹിച്ചു. എന്നിരുന്നാലും പൊടുന്നനെ ഒരു ദിവസം ലഭിച്ച സ്വാതന്ത്ര്യത്തെ അയാൾ ആഘോഷിച്ചു. അയാൾക്കിഷ്ടമുള്ളത്ര കുടിച്ചു. അയാൾക്ക് ഇഷ്ടമുള്ളത്ര കൂത്താടി. അയാൾക്കിഷ്ടമുള്ളത്ര സ്ത്രീകൾക്കൊപ്പം നടന്നു, യാത്ര ചെയ്തു, ഭക്ഷണം കഴിച്ചു. ഒന്നുമൊന്നും അയാളെ തൃപ്തനാക്കിയില്ല. ഒരു മുനമ്പും അയാൾക്ക് ശാന്തിയേകിയില്ല.
ജലം തണുക്കുന്നതിനും ശുദ്ധമാക്കുന്നതിനും സഹായിച്ച സൂക്ഷ്മ ദ്വാരങ്ങളുള്ള, ചിത്രപ്പണികൾ നിറഞ്ഞ കൂജ കണ്ട് അയാൾക്ക് ആശ്വാസം തോന്നി.
മേരിയെ ഓർമ്മ വന്നു.
കാഴ്ചകളും രുചികളും സ്പർശനങ്ങളും സുഗന്ധങ്ങളും സംഗീതവും കടന്ന് അയാളലഞ്ഞു.
പ്രേമങ്ങളോ സന്തോഷങ്ങളോ അല്ല സമാധാനമാണ് നിത്യത, അത് മാത്രമാണ് ശാശ്വതമെന്ന് അയാളറിഞ്ഞു.
സ്വത്വം അന്വേഷിച്ചു കൊണ്ടുള്ള യാത്ര വളരെ ക്ലേശങ്ങൾ നിറഞ്ഞതാണെന്നും എന്നാൽ അന്വേഷിക്കുന്നതെന്തെന്നറിയാത്ത യാത്രയാണ് അതിനെക്കാളും ദുർഘടമെന്നും സോളമൻ ഗ്രഹിച്ചു.
ജീവിതത്തിലെ ഒരു പ്രത്യേക സമയബിന്ദുവിൽ വച്ച് സ്‌നേഹിക്കുവാനോ സ്‌നേഹിക്കപ്പെടുവാനോ മേരിയെപ്പോലെ തനിക്ക് ആരുമില്ല എന്ന സത്യത്തിൽ അയാൾ നൊന്തു കിടന്നു. അതുവരെ അയാൾ ജീവിച്ച ഒരു നിമിഷവും ഒരു കർമവും, ഒരു അനുഭവവും അയാളുടെ രക്ഷക്കെത്തിയില്ല. ചതുപ്പിൽ വീണു പോയ കാട്ടുമൃഗത്തെപ്പോലെ ഓരോ കുതറലും അയാളെ അവൾക്കുള്ളിലേക്ക് കൂടുതൽ കൂടുതലായി പുതച്ചു.
പുതിയ അനുഭവങ്ങൾ സ്‌നേഹത്തെക്കുറിച്ച്, സ്വാതന്ത്രത്തെക്കുറിച്ച് അതു വരെ സോളമനുണ്ടായിരുന്ന കാഴ്ച്ചപ്പാടുകളേയും കരുതലുകളേയും തലകീഴായി അട്ടിമറിച്ചു.
എത്ര ലളിതമെന്ന് തോന്നിച്ച ജീവിതം അതിന്റെ സങ്കീർണ്ണതകളെ പുറത്തെടുക്കുകയായിരുന്നു. മരിച്ചു പോയ മേരി തന്റെ ആഹ്ലാദത്തിന്റെ കിളികളേയും കൂടെക്കൂട്ടിയാണ് പോയതെന്ന് സോളമനു തീർച്ചയായി.
സ്‌നേഹം ഭാവിച്ച് കൊണ്ട് തന്റെ സ്വാതന്ത്ര്യത്തെ ആരെങ്കിലും തടുത്ത് നിർത്തിയെങ്കിൽ എന്നയാൾ ആശിച്ചു. സ്വാതന്ത്ര്യവും അടിമത്തവും മേരിയുടെ ഓർമ്മകളിൽ നിന്നുമല്ല അത് തന്നിൽ നിന്ന് തന്നെയാണ് ലഭിക്കേണ്ടത് എന്ന് അറിയാതെയായിരുന്നില്ല പക്ഷെ തത്വചിന്ത അയാളെ ഹരം പിടിപ്പിക്കുന്നതിൽ ഇത്തവണ വിജയിച്ചില്ല. മേരി നൽകിയ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ അതിന്റെ പൊള്ളത്തരങ്ങൾ കൊണ്ട് തന്നെ നദിക്ക് മീതെ കൊതുമ്പുകൾ അതിനുമേൽ കൊറ്റികൾ എന്നപോലെ അയാളിൽ പൊന്തിക്കിടന്നു. പ്രകൃതി, ദു:ഖിതനും സന്തോഷവാനും ഒരു പോലെ വെളിച്ചവും വായുവും ആഹാരവും നൽകുന്നത് അയാൾ കണ്ടു.
ഒടുവിൽ ഭൂമിയിലെ മുഴുവൻ സ്ത്രീകളുടേയും കാലുകൾ കഴുകുവാനുള്ളത്രയും കണ്ണുനീർ പൊഴിച്ച ഒരു രാത്രി മേരിയുടെ ഓർമ്മകൾ അയാളെ തിരികെ വിളിച്ചു. അയാൾ വീട്ടിലേക്ക് പുറപ്പെട്ടു.▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments