ചിത്രീകരണം: ശ്രീജിത്ത് പി.എസ്‌.

3am

ഒന്ന്: ബ്ലഡി മേരി

ന്ന് പുലർച്ച ഏകദേശം മൂന്നു മണിക്ക് മൂത്രമൊഴിക്കുവാനായി ബാത്ത് റൂമിലേക്ക് പോയ സോളമൻ കണ്ണാടിക്കുള്ളിൽ മേരിയുടെ പ്രേതത്തെ കണ്ട് ഭീതിയിൽ നടുങ്ങേണ്ടതിനു പകരം പറന്നു പോകും തുമ്പികളെ തൊട്ടുനോക്കുന്ന കുട്ടിയേപ്പോലെ ആശ്ചര്യപ്പെട്ടു.

അയാൾക്ക് വളരെ പ്രിയമുള്ള ഭക്ഷണം ആഞ്ഞ് ചവക്കുന്നതിനിടയിലോ ഉറക്കത്തിനിടെ കടന്നു വന്ന ദുഃസ്വപ്നത്തിനിടയിലോ കടിച്ച് മുറിച്ച കവിളിലെ ഒരു ചെറുകഷ്ണം മാംസം തൂങ്ങിയാടുന്നത് നാവുകൊണ്ട് തൊട്ട് നോക്കിയിട്ടും മതിവരാതെ കണ്ണാടിയിൽ നോക്കി കവിളുപൊളിച്ച് കണ്ണൊന്ന് കൂർപ്പിച്ച്, കറന്റ് കട്ടായിരുന്നതിനാൽ മൊബൈൽ ഫ്ലാഷ് വായക്കുള്ളിലേക്ക് പായിക്കുന്ന നേരത്തായിരുന്നു മേരിയുടെ പ്രേതത്തെ സോളമൻ മിന്നലു പോലൊന്ന് കണ്ടത്. അതത്ര യാദൃച്ഛികം ഒന്നുമല്ലായിരുന്നെന്ന് കവിളിനുള്ള് പരിശോധിക്കുന്നതിനിടയിലും മേരി നൽകിയ ദുര്യോഗത്തെ പ്രതി അവളെ ഓർത്തു കൊണ്ട് ബ്ലഡിമേരി ബ്ലഡിമേരി ബ്ലഡി ഫക്കിംഗ് മേരിയെന്ന് മനസിൽ മൂന്നു വട്ടം പുലഭ്യം വിളിച്ച അയാൾക്ക് തീർച്ചയുണ്ടായിരുന്നു.
കണ്ണാടിയിൽ കണ്ട ബ്ലഡിമേരിയുടെ ചേമ്പിൻ തണ്ടു പോലെ തളർന്ന കഴുത്തിലായിരുന്നു ആദ്യം അയാളുടെ ശ്രദ്ധ വന്നു വീണത്.
പിന്നീടത് വേഗത്തിൽ മുഖത്തേയ്ക്ക് ഇഴയുന്നതിനിടെ, ഭയം കൊണ്ടാകണം കൈകളിൽ നിന്നും ഫോൺ താഴെ വീണു വെളിച്ചം മറഞ്ഞു. പിന്നീടെത്ര തിരഞ്ഞിട്ടും പ്രേതത്തെ കണ്ട് കിട്ടാഞ്ഞതിനാൽ ആയിരത്തി അഞ്ഞൂറുകളിൽ ജീവിച്ച, ബ്ലഡി മേരിയെന്ന് ലോകം വിളിച്ച ക്യൂൻമേരിയെ ഓർത്തു കൊണ്ട് കിടക്കയിൽ അയാൾ മലർന്നു കിടന്നു.

ആ കാലഘട്ടത്തിൽ ഇംഗ്ലണ്ടിലും അയർലണ്ടിലും സംഭവിച്ചു കൊണ്ടിരുന്ന കത്തോലിക്കാ സഭയുടെ ച്യുതി വീണ്ടെടുക്കുവാൻ മുന്നൂറോളം പ്രൊട്ടസ്റ്റന്റ് മതവിഭാഗക്കാരെ ചുട്ടുകരിച്ച രാജ്ഞി ഗർഭഛിദ്രങ്ങളുടേയും വ്യാജഗർഭധാരണത്തിന്റെയും പേരിൽ കുപ്രസിദ്ധയായിരുന്നു.
പ്രസവ സമയം കഴിഞ്ഞും പെറാതെ സ്വയം ചുങ്ങി തുടങ്ങിയ തന്റെ വയർ നോക്കി നെടുവീർപ്പിട്ട അവർ, മരണശേഷം മെഴുകുതിരി വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ കണ്ണാടികളിൽ പ്രത്യക്ഷപ്പെട്ട് കുട്ടിയെ അന്വേഷിച്ചു. അതോടെ പരിഭ്രാന്തരായ ജനങ്ങൾ രാജ്യത്തെ കണ്ണാടികൾ തുണികളോ കടലാസുകളോ ഉപയോഗിച്ച് മൂടുകയോ തകർക്കുകയോ ചെയ്തു. പിന്നീടത് കാലങ്ങളുടെ പൊടിപ്പും തൊങ്ങലുകളും ഏന്തി, ഭാവി അറിയുവാൻ ചെറുപ്പക്കാരികൾ മെഴുകുതിരി വെളിച്ചത്തിൽ കണ്ണാടി നോക്കി മന്ത്രവാദിനിയും ക്രൂരയുമായ ബ്ലഡിമേരിയെ വിളിച്ചു വരുത്തുകയും ജീവൻ അപകടപ്പെടുത്തുകയും ചെയ്തുവെന്ന കെട്ടുകഥയായി ലോകം മുഴുക്കെ പരന്നു.

മുറികളിലെ മുഴുവൻ കണ്ണാടികളേയും മൂടേണ്ടി വരുമോയെന്ന ആശങ്കയ്ക്ക് പകരം മേരിയുടെ പ്രേതത്തെ ഇനിയെപ്പോൾ കാണുമെന്ന ആകാംക്ഷയോ ആഗ്രഹമോ എന്നറിയാത്ത ഒരു വികാരമായിരുന്നു അന്നു രാത്രി സോളമനെ ഭരിച്ചത്.
ഫ്ലാഷ് ലൈറ്റിന്റെ ഇരുണ്ട വെളിച്ചവും അഭയം തേടിയ ലഹരിയും കണ്ണാടിയും ചേർന്ന് സൃഷ്ടിക്കാവുന്ന മതിഭ്രമത്തിന്റെ സാധ്യത സോളമൻ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും രണ്ടുനിമിഷത്തേക്ക് വന്നു പോയ മേരിയുടെ പ്രേതം അതിനുള്ളിൽത്തന്നെ അയാളിൽ രാസമാറ്റങ്ങൾക്കായുള്ള വിത്തുകൾ പാകിയിരുന്നു. അയാൾ പിറ്റേന്നു തന്നെ എടിഎമ്മിൽ പോയി പണം പിൻവലിച്ച് പീടികയിൽ നിന്നും കണ്ട കണ്ണാടികളെല്ലാം വാങ്ങിക്കൂട്ടി വീട്ടിൽ നിരത്തി. ജനലൊന്ന് തുറന്നിട്ടപ്പോൾ അകത്ത് കയറിയ പ്രകാശം കണ്ണാടികളിൽ തട്ടി മുറിയാകെ തൂവി. കണ്ണാടികൾ ക്രമീകരിക്കുന്നതിനിടയിൽ മൂർച്ഛയുള്ള അരിക് തട്ടി വിരൽ മുറിഞ്ഞത് കാര്യമാക്കാതെ താഴെ വീണ രക്തത്തുള്ളികൾ കാലുകളാൽ മായ്ച്ച് അയാൾ ബ്ലഡിമേരിയുടെ വരവിനായി കാത്തു, കാണാതെയായപ്പോൾ നിരാശനായി.

അനിശ്ചിതകാല യാത്ര കഴിഞ്ഞ് വീട്ടിൽ വന്നതിനുശേഷം സോളമൻ മൂലയിലേക്ക് വലിച്ചെറിഞ്ഞിരുന്ന, പൊടിപിടിച്ച് കിടന്നിരുന്ന മേരിയുടെ അടിവസ്ത്രം വൃത്തിയാക്കി അണിഞ്ഞു നോക്കിയിരുന്നു.

എന്നാൽ അപ്പോഴേക്കുമത് നൂലുകളുടെ കൗശലപൂർണ്ണമായ നെയ്ത്ത് മാത്രമായി മാറിയിരുന്നു. എത്ര മദ്യപിച്ചിട്ടും, വീട് എത്ര അഴുക്കാക്കിയിട്ടും അത് അനങ്ങാതെ അയാളുടെ അടിവയറ്റിൽ പൂഴ്ന്നു കിടന്നു. വീട്ടിലെ മേരിയുടെ അസാന്നിധ്യം അയാൾക്ക് അസഹനീയമായി. എന്നാലോ വീട്ടിനുള്ളിലെ പല വസ്തുക്കളും അവിടെ ജീവിച്ചിരുന്നവളുടെ സാന്നിധ്യം ഇടക്കിടെ ഓർമിപ്പിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തി. കുട്ടിക്കാലത്ത് ഇരുട്ടുമുറിയിലെ മേശക്കടിയിൽ ഒളിച്ചിരുന്നു കണ്ണുകൾ അടക്കുന്നതിലും കിണറിന്റെ കൈവരികളിൽ കിടന്ന് പ്രതിബിംബത്തിൽ നീന്തിയ മീനുകളെയോ പൊങ്ങിക്കിടക്കുന്ന കുളവാഴകളേയോ നോക്കി തുപ്പൽ ഇറ്റിക്കുന്നതിലും ആശ്വാസം കണ്ടെത്തുവാൻ ഇപ്രാവശ്യം അയാൾക്ക് കഴിഞ്ഞില്ല.

വിരുന്നുകാർക്കായി വീട്ടിൽ വളർത്തിയ കോഴിയുടെ കഴുത്തു പിരിക്കുവാൻ ശ്രമിക്കവേ ചിറകടിയിൽ പറന്ന തൂവൽ പെറുക്കിയെടുക്കുന്ന വിഷാദം നിറഞ്ഞ കുട്ടിയായി അയാൾ ജീവിതത്തിനു നേരെ പുറം തിരിഞ്ഞുനിന്നു.

അയാൾ തന്റെ മുറിയിൽ അഭയം പ്രാപിച്ചു. വിഷാദരോഗത്തിനു ഡോക്ടർ കുറിച്ചു നൽകിയ മരുന്നും മെഡിക്കൽ ഷോപ്പിൽ നിന്നും ലഭിച്ച ലഹരികളും ശരീരത്തിൽ കുത്തിവച്ച് ഉറക്കത്തിന്റെ കൂട്ടിൽ സ്വസ്ഥനായി. ഉണരുമ്പോൾ പുറത്തിറങ്ങാതെ, മനുഷ്യരെ മുഖാമുഖം കാണാതെ സമയം തള്ളിനീക്കി. ജീവികളുടെ ശിശിരനിദ്ര പോലെ അയാൾ ചുറ്റിലും ഒരു ലോകമുണ്ടാക്കി അത് തലവഴി പുതച്ചു മൂടി നിഷ്ക്രിയാവസ്ഥയിൽ വസിക്കുന്നതിനിടയിലായിരുന്നു മേരിയുടെ പ്രേതവുമായുള്ള കൂടിക്കാഴ്ച് സംഭവിച്ചത്. വീട്ടിലെ ഒരു ഇരുണ്ട മുറിയിൽ അത്രയും കാലം മാറാല പിടിച്ചിരുന്ന വീട്ടുസാമാനങ്ങളിൽ വെളിച്ചം വീശുമാറ് ജനാലകൾ തള്ളിത്തുറന്ന വാടകക്കാരനെപ്പോലെ പ്രേതവുമായുള്ള കൂടിക്കാഴ്ച അയാൾക്ക് മേരിയുടെ ഓർമകളെ തിരികെ നൽകി.

ബ്ലഡി മേരി സോളമനെ സന്ദർശിച്ചതിന്റെ ആറാം ദിവസം റോഡിനരികിലൂടെ തലയിൽ കുട്ട നിറയെ ശബ്ദങ്ങളെയേന്തി നടന്നു നീങ്ങുന്ന ഒരു മനുഷ്യനെ സോളമൻ വിളിച്ചു വരുത്തി. മഞ്ഞ നിറത്തിലും പച്ച നിറത്തിലും ചുവപ്പ് നിറത്തിലുമുള്ള മൂന്ന് കോഴിക്കുഞ്ഞുങ്ങളെ അയാളിൽ നിന്നും വിലയ്ക്ക് വാങ്ങി. പിങ്ക് നിറത്തെ ഇയാളെന്താണ് ചുവപ്പെന്ന് പറയുന്നതെന്ന് വിൽപ്പനക്കാരൻ ശ്രദ്ധിക്കാതിരുന്നില്ല.

ആറടിയോളം ഉയരമുള്ള, ഉറക്കം ശരിയാകാഞ്ഞ് കണ്ണുകളിൽ പാടുവീണ, പട്ടിണി കിടന്ന് മെലിഞ്ഞ, അനുസരണയില്ലാതെ താടിയും മീശയും വളർത്തുന്ന, ചിരിക്കാനുള്ള ശ്രമം പോലും മുഖത്ത് കുഴിയുണ്ടാക്കുന്ന, മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച സോളമന്റെ രൂപഭാവങ്ങളിലെ പന്തികേട് തിരിച്ചറിഞ്ഞ് അങ്ങോർ കച്ചവടത്തിൽ മാത്രം ശ്രദ്ധ പതിപ്പിച്ചു. മുട്ട വിരിഞ്ഞ് കണ്ണു തുറക്കുവാൻ പാടുപെടുന്ന സമയത്ത് തന്നെ കൊക്കുപാളികളെ ചേർത്തു പിടിക്കുന്ന പാടയെ പിച്ചികളഞ്ഞിരുന്നതിനാൽ കോഴിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കാതിൽ മുള്ളുകൾ പോലെ കുത്തിക്കൊണ്ടിരുന്നു.

“സാർ ഇപ്പോ പൊറത്ത് വിടണ്ട സാർ. പാമ്പും പരുന്തും കൊണ്ടു പോകും”. ജീവിതത്തിൽ ചില സമയങ്ങളിൽ നമുക്കാവശ്യം സ്വാതന്ത്രമല്ല സംരക്ഷണമാണെന്ന് അയാളഭിപ്രായപ്പെട്ടു.
അതിനോട് യോജിക്കുവാനോ എതിർക്കുവാനോ നിൽക്കാതെ സോളമൻ കോഴിക്കുഞ്ഞുങ്ങളേയും കൈകൾക്കുള്ളിലാക്കി രണ്ടാം നിലയിലുള്ള ഫ്ലാറ്റിലേക്ക് കയറിപ്പോയി.

മുറിയുടെ മൂലയിലുണ്ടായിരുന്ന കാർഡ് ബോർഡ് പെട്ടിയിൽ കുറച്ച് അരിമണികൾക്കും പഴയ തുണികൾക്കുമിടയിൽ ഒളിപ്പിച്ച് അയാൾ അവരെ വളർത്തി. കുടിക്കുവാൻ ഒരു പിഞ്ഞാണത്തിൽ വെള്ളം നിറച്ച് വച്ചു കൊടുത്തു. അവരുടെ കിയോ കിയോ വിളികളിൽ കാതോർത്ത് സോളമന്റെ രാവുകൾ പ്രഭാതങ്ങളിലേക്ക് സഞ്ചരിച്ചു തുടങ്ങി. മുറിയിലെ ജോൺസൺ ആൻഡ് ജോൺസൺ മണങ്ങളിലവർ കോഴിക്കാട്ടത്തിന്റെ മണങ്ങൾ വരച്ചു ചേർത്തു. അയാളുടെ കക്ഷത്തിന്റെ ചൂടിൽ അവരുറങ്ങിത്തുടങ്ങി. അയാളാണെങ്കിലോ മേരിയേയും പ്രേതത്തേയും മറന്ന് കളയുന്നതിനായി കോഴിക്കുഞ്ഞുങ്ങളോടൊപ്പം കൂടുതൽ സമയം ചിലവഴിച്ചു.

അന്നൊരു ദിവസം പൊടിയരിമണികൾ സ്വന്തം ദേഹത്തിൽ വിതറിയിട്ട് കോഴിക്കുഞ്ഞുങ്ങളെയയാൾ തുറന്നു വിട്ടു. രോമങ്ങൾക്കുള്ളിൽ വീണ അരിമണികളെ അവർ കൊക്കുകൾ കൊണ്ടും കാൽനഖങ്ങളെക്കൊണ്ടും പരതി. അയാൾ ഇക്കിളിപ്പെട്ടു. നഖത്തിന്റെ കോറലിൽ പോറിയടർന്നു. വേദനയിൽ ഇടക്കിടെ പുളഞ്ഞു. മഞ്ഞ കോഴിക്കുഞ്ഞ് അരിമണിയെന്നു കരുതി അയാളുടെ മുലക്കണ്ണിൽ ആഞ്ഞു കൊത്തി. അയാളതിനെ പിടിച്ചടുപ്പിച്ചു മുഖത്തു നോക്കി വിളിച്ചു; “കള്ളി കോഴിക്കുഞ്ഞേ”
എന്തോയെന്ന് കോഴിക്കുഞ്ഞ് കിയോ കിയോ പറഞ്ഞു
അരിമണികൾ കഴിഞ്ഞിട്ടോ അതോ അയാളെടുത്ത് കൊഞ്ചിക്കുമെന്നു കരുതിയിട്ടോ ബാക്കിയുണ്ടായിരുന്ന രണ്ടു കോഴിക്കുഞ്ഞുങ്ങളും മുലക്കണ്ണുകളിൽ കൊത്തി വലിക്കുവാൻ ഓടി വന്നു. അവർക്കിടയിൽ വലിയ മാറിടമുള്ള അതിൽ നിറയെ മുലക്കണ്ണുകളുള്ള ഒരു തള്ളക്കോഴിയായി സോളമൻ കിടന്നു. അയാളുടെ തൂവലുകളുടെ ചൂടിൽ രസം പിടിച്ച് കോഴിക്കുഞ്ഞുങ്ങൾ മുല കുടിച്ചു. മാതൃത്വം വന്നു അയാളുടെ കണ്ണുകളടപ്പിച്ചു. അരിമണികൾ അയാളിൽ ഇലകൾ, രോമങ്ങൾ എന്ന പോലെ പൊടിച്ചു വന്നു.

അപ്പോഴും മേരിയുടെ ഓർമകൾ സോളമനരികിൽ തന്നെ ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നു. ശിശിര നിദ്രാകാലത്ത് പുസ്തകങ്ങളുടെ കൂമ്പാരത്തിൽ തലപൂഴ്ത്തിയ സോളമൻ, കുന്നിൻ ചെരിവിലെ പായലിൽ വഴുതി വീഴുന്ന സ്വപ്നം കണ്ട ഞെട്ടലിൽ താഴെ വീണുപോയ പുസ്തകത്തിന്റെ ശബ്ദം കേട്ടുണർന്ന് അത് കട്ടിലിനടിയിൽ തിരയുന്നതിനിടയിലായിരുന്നു മേരിയുടെ ഓർമകളെ ആദ്യമായി കണ്ടുമുട്ടിയത്.

ഇതെന്ത് ജീവികൾ എന്ന് പരസ്പരം കണ്ട് നിലവിളിക്കലും ശബ്ദം വിഴുങ്ങി വായപൊളിക്കലും എല്ലാം നിമിഷനേരങ്ങൾക്കകം അവർക്കിടയിൽ കഴിഞ്ഞു പോയി. കട്ടിൽ മൂലയിലെ ഇരുട്ടിലേക്ക് ഓടിപ്പോയ ഓർമകൾ പിന്നീട് പതിയെ സമയമെടുത്ത് ഇറങ്ങി വന്ന് സോളമൻ നിരുപദ്രവകാരിയെന്ന് മനസിലാക്കി അയാളെ തൊട്ടു നോക്കി. എന്നാൽ മേരിയോടൊത്തുള്ള ഓരോനിമിഷവും മറക്കുവാൻ ആഗ്രഹിച്ചിരുന്ന സോളമൻ അവളുടെ ഓർമകളെ മന:പൂർവ്വം അവഗണിക്കുകയായിരുന്നു. എന്നിരുന്നാലും തനിക്കൊപ്പം മുറിയിൽ താമസം തുടരുവാൻ അയാൾ അവരെ അനുവദിച്ചു.
പകരമായി അഴുക്കു പിടിച്ച മുറി അവർ വൃത്തിയായി സൂക്ഷിച്ചു. പച്ചപ്പുകൾക്ക് മീതെ വന്നു പോകുന്ന വെട്ടുകിളികളെപ്പോലെ അഴുക്കവർ അനായാസം അകറ്റി. വിശപ്പ് മാറ്റുന്നതിനിടെ സോളമൻ മുഖത്ത് പറ്റിച്ച ഭക്ഷണാവശിഷ്ടങ്ങൾ അയാളുറങ്ങുന്നതിനിടെ ഉറുമ്പിൻ കൂട്ടം പോലെ വന്ന് അവർ പെറുക്കിയെടുത്ത് കൊണ്ടുപോയി. എന്നാലോ ഇതിലൊന്നും ശ്രദ്ധയോ നിയന്ത്രണമോ അയാളൊട്ടും പുലർത്തിയതുമില്ല.

ഏതോ പരുത്തിത്തുണി വലിച്ചെടുത്ത വെള്ളത്തുള്ളികൾ പോലെ പകലിന്റെ ഓരത്തു നിന്നും കടൽ, പ്രകാശത്തെ ഒപ്പിയെടുക്കുകയായിരുന്നു. രാത്രിയാകുവാൻ തുടങ്ങിയിരുന്നു. ശരീരത്തിന്റെ അവസാന ആശ്വാസമായ മരണത്തിലേക്ക് എന്ന പോലെ മേരിയുടെ ഓർമകൾ സോളമന്റെ ദേഹം തിരഞ്ഞെടുത്തു. അയാളിൽ ചുറ്റി കറങ്ങുവാൻ അവർക്കാരുടേയും അനുവാദം ആവശ്യമില്ലായിരുന്നു. അതോടെ എന്നത്തേയും പോലെ അന്നു രാത്രിയും മേരിയുടെ ഓർമകളിൽ ആർമാദിക്കുവാൻ സോളമനൊരുങ്ങി. സോളമൻ കത്രികയെടുത്ത് കണ്ണാടിയിൽ നോക്കി.

“എന്നെ ഇട്ടേച്ചും പോയ മേരിയെ സമ്മതിക്കണം അല്ലേ പച്ചക്കോഴിക്കുഞ്ഞേ?”

ശരിയാ അമ്മേ എന്ന് പച്ച കോഴിക്കുഞ്ഞ്‌ തലയാട്ടി വെട്ടിച്ച് വെളുത്ത ഓടുകളുടെ തണുപ്പിൽ കാൽ നനച്ച് നടന്നു. അയാൾ മുടി കത്രിച്ചു തുടങ്ങി. ഭൂമിയിലേതു പോലെ മനുഷ്യരിലും ഋതുക്കൾ വന്നു നിറയുകയും വറ്റിപ്പോവുകയും ചെയ്യുമെന്നും വൃക്ഷങ്ങൾ സസ്യലതാദികൾ എന്നിവ പോലെ മനുഷ്യദേഹവും തളിർപ്പുകൾക്കും പൊഴിയടരുകൾക്കും വിധേയമാകുമെന്നും മേരി ഡയറിയിൽ കുറിച്ചത് എത്ര സത്യമാണെന്ന് അങ്ങേർക്ക് തോന്നി. അയാൾ വേനൽക്കാലത്തിലേക്ക് തന്റെ ദേഹത്തിലെ ഇലകളെ വെട്ടിയൊതുക്കി. നഖം വെട്ടുമ്പോളും മുടിവെട്ടുമ്പോളും വേദനാസംവേദനങ്ങൾ അയാളിൽ മുറിയുകയും സഞ്ചരിക്കുകയും ചെയ്തു. ശിഖരങ്ങൾ കൊത്തിയിട്ട മരങ്ങളുടെ വേദനയിൽ അയാൾ നീറി.

സോളമനെ ചുറ്റിക്കറങ്ങി നടക്കുന്ന ഓർമകൾ, മേരിയെക്കുറിച്ചുള്ള സോളമന്റെ ഓർമകളായിരുന്നില്ല.
ബാല്യവും കൗമാരവും യൗവ്വനവും പിന്നിട്ട, കോളിഫ്ലവറിന്റെ മടക്കുകളിൽ ഒളിച്ച ചെറിയ പഴയീച്ചകൾ പോലുള്ള ആ ഓർമകൾ മേരിയുടെ ഓർമകളായിരുന്നു. അവളുടെ ജീവിതകാലഘട്ടത്തിൽ സംഭവിച്ച പ്രധാന അനുഭവങ്ങളെ കോശങ്ങൾ ഓർമകളാക്കി ശേഖരിച്ചു സൂക്ഷിച്ചു. എന്നാൽ പോകുന്ന പോക്കിൽ മേരിയതുങ്ങളെ മുറിയിലുപേക്ഷിച്ചു. അവറ്റകൾ സോളമന്റെ വീടിനുള്ളിൽ പൂച്ചക്കുട്ടികളെപ്പോലെ ഓടിക്കളിച്ചു. ആരും തന്നെ അടങ്ങിയിരിക്കൂ എന്ന സോളമന്റെ നിർദേശത്തിനു വഴങ്ങിയില്ല. അവരുടെ തല്ലുകൊള്ളിത്തരം കണ്ടപ്പോഴൊക്കെ മേരിയെ ഓർത്ത് സോളമനു സങ്കടം വന്നു. സങ്കടം പതിയെ രോഷത്തിലേക്ക് വഴി മാറി. അയാൾ കോപം കൊണ്ടു വിറച്ചു. മൂക്കിന്റെ തുമ്പ്, ആരോ ചെറിപ്പഴം കൊണ്ട് വച്ചതു പോലെ ചുകന്നപ്പോൾ അയാൾ അലറി; “മര്യാദക്ക് എല്ലാവരും പോയിക്കിടക്ക്”

സോളമന്റെ പുതുഭാവം കണ്ട് ഭയന്നു ഓർമകൾ വരിവരിയായി കിടക്കക്കരികിലേക്ക് നീങ്ങി. പോകുന്ന പോക്കിൽ സ്വതവേ ഭയം കുറഞ്ഞ മേരിയുടെ ഒരു ഓർമ തൊട്ടടുത്ത ഓർമയോടു ചോദിച്ചു

“എന്താണ് ഇവിടൊരു ഒരു കാപ്പി മണം?”
“എന്റെ തിയതിയും സമയവും കണ്ടോ? ആ സമയത്താണ് മേരി കാപ്പി മണത്തിൽ അനുരുക്തയാകുന്നത്.''
നഗരത്തിൽ കാപ്പിക്കുരു പൊടിപ്പിക്കുന്ന പതിമൂന്നോളം ചില്ലറ മില്ലുകൾ ഉണ്ടായിരുന്നു. ഒന്നൊഴിയാതെ ഈ പതിമൂന്നിലും അവൾ ജോലിയെടുത്തു. കാപ്പിക്കുരു പൊടിപ്പിക്കുന്ന നേരം നോക്കി മണം പിടിക്കുവാൻ കട സ്ഥിരമായി സന്ദർശിച്ച് കടക്കാരനുമായി സൗഹൃദം സ്ഥാപിക്കുന്നത് മേരിയുടെ സ്ഥിരം പരിപാടിയായിരുന്നു.

അതിന്റെ അടിസ്ഥാനത്തിലായിരുന്നു കാപ്പി പൊടിപ്പിക്കുന്ന തൊഴിലാളിയായി മേരിക്ക് ജോലി ലഭിച്ചിരുന്നത്. മേരി കാപ്പിപ്പൊടി മണത്ത് ആസ്വദിക്കുന്ന സമയം രതിമൂർച്ചയിലേക്ക് ടിക്കറ്റെടുത്ത് ട്രെയിനിൽ സഞ്ചരിക്കുന്ന സ്ത്രീകളേപ്പോലെ വിറയ്ക്കാറുണ്ടെന്ന് ഒരു കടയുടമസ്ഥൻ അവളോട് ഉപചാരം പറഞ്ഞു. വലിയ താമസമില്ലാതെ ഉടമസ്ഥർ അവളുടെ ചുറുചുറുക്കിൽ മയങ്ങും. മുതലാളിമാർ താനുമായി പ്രേമത്തിൽ വീഴുകയാണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയാൽ അടുത്ത മില്ലന്വേഷിച്ച് അവളിറങ്ങും. കാപ്പിപ്പൊടി മണത്തുമണത്ത് അന്നവളുടെ വിയർപ്പിൽ പോലും കാപ്പി മണം കിനിഞ്ഞിരുന്നു.

മേരിക്ക് ഓരോ സമയം ഓരോന്നിനോടായിരുന്നു കമ്പം.
“ഓറഞ്ച് മണം, വാർണ്ണിഷ് മണം, പെട്രോൾ മണം, ഫെവിക്കോൾ മണം, പെയിന്റ് മണം, മണ്ണിന്റെ മണം, മായ്ക്കാൻ ഉപയോഗിക്കുന്ന റബറിന്റെ മണം, വിക്സ് മണം എന്നിങ്ങനെ നമ്മൾക്കിടയിലെ പല ഓർമകൾക്കും പല ഗന്ധങ്ങളാണ്.”
“ഓ. അതിരിക്കട്ടേ എന്താണ് ഈ സോളമനു നമ്മളോടിത്ര കെറുവ്? നമ്മളെന്ത് ചെയ്തിട്ടാണ് അയാൾക്കിത്ര രോഷം?”

“ഒരു കാരണമേയുള്ളൂ. മേരി. നമ്മൾ ഈ മുപ്പത്തി മൂന്നു ഓർമകളുടേയും ഉടമയായ പെൺകുട്ടി. അവർ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. അവൾക്കാണെങ്കിലോ ഓർമകളെ അപനിർമിക്കുന്ന ഒരു രോഗവുമുണ്ടായിരുന്നു. അതുകൊണ്ട് ചെടി നശിച്ചുപോയ ഒരു ചെടിച്ചട്ടി പോലെയോ കുടിച്ചു തീർന്ന വെള്ളത്തിന്റെ കുപ്പി പോലെയോ നമ്മളെ ഉപേക്ഷിച്ചതു പോലെ അവൾ സോളമനേയും വിട്ടിട്ട് പോയി. ഏതാനും നാളുകൾക്കകം തന്നെ മേരിയുടെ മരണവാർത്ത സോളമനെ തേടിയെത്തി. അപകടമരണം എന്നാണ് പൊലീസ് നിഗമനം. ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന തടാകത്തിലേക്ക് മറിഞ്ഞു. മേരി ഉപേക്ഷിച്ച് പോയ ദു:ഖവും സങ്കടവും കോപവും കലർന്ന വികാരത്തിനടിമപ്പെട്ട് ജീവിക്കുകയായിരുന്ന സോളമന്‌ ആ മരണവാർത്ത മരവിപ്പാണ്‌ സമ്മാനിച്ചത്‌. അതോടെ അയാൾ മയക്കുമരുന്നിൽ അഭയം തേടി.”

“പക്ഷെ മേരിയാണ് നമ്മളുടെ ഉടമയെങ്കിൽ നാഥയില്ലാതെ നമ്മൾ നിലനിൽക്കുന്നതെങ്ങിനെ?”

“സ്വതന്ത്രമായ അസ്തിത്വം നൽകിയാണ് മേരി നമ്മളെ ഉപേക്ഷിച്ചിട്ടുള്ളത്. അങ്ങനെയാണ് നാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒരു പക്ഷെ പ്രത്യേകമായൊരു ജീവിത ലക്ഷ്യം മേരി നമ്മളിൽ കണ്ടുകാണണം.”

അവർ കിടക്കക്കരികിലെത്തിയിരുന്നു. ഇരുവരും സോളമന്റെ ദേഹത്തിൽ തലചായ്ച്ചു.

“എനിക്കുറക്കം വരുന്നില്ല. ഒരു കഥ പറഞ്ഞ് തരുമോ? “ പ്രായം കുറഞ്ഞ ഓർമ പ്രായം കൂടിയ ഓർമയോട് ചോദിച്ചു.

“മിണ്ടാതെ കിടന്ന് ഉറങ്ങുന്നുണ്ടോ?” വഴക്ക് കേട്ട ഓർമ പിണങ്ങി തിരിഞ്ഞു കിടന്നു. ഉറക്കം വരാതെ പിന്നെയും തിരിഞ്ഞും മറിഞ്ഞും കിടന്നു. വഴക്കു പറഞ്ഞ ഓർമ വാത്സല്യത്തോടെ കഥ ചോദിച്ച ഓർമയെ നോക്കി കിടക്കുന്നുണ്ടായിരുന്നു. മേരിയെക്കുറിച്ച് കൂടുതൽ അറിയുവാൻ എല്ലാവർക്കും സമയം ആയെന്ന് പ്രായം കൂടിയ ഓർമ തിരിച്ചറിഞ്ഞു. ഉറക്കമില്ലായ്മയിലേക്ക് പ്രായം കൂടിയ ഓർമ ഭാവനയാൽ നിർമ്മിച്ച അക്ഷരങ്ങളുടെ വിഷപ്പുക അന്തരീക്ഷത്തിലൂടെ പകർന്നു. അത് ശ്വസിച്ച് പ്രായം കുറഞ്ഞ ഓർമ ലഹരിക്ക് അടിമപ്പെട്ട കണക്കേ പാതിബോധത്തിലമർന്നു.

“ഒരിടത്ത് ഒരിടത്ത് ഒരു പെൺകുട്ടിയുണ്ടായിരുന്നു.
പോൺസ് ഡ്രീം ഫ്ലവറിന്റെ പരസ്യത്തിലേതു പോലെ അവൾ ജനിച്ചപ്പോഴേ കക്ഷങ്ങളിൽ പൂക്കളായി ആഹ്ലാദം കൂടെ ജനിച്ചു.
അവൾ പോകുന്നിടതൊക്കെ ആഹ്ലാദം തള്ളിക്കയറി.
അവൾ നനച്ച പൂന്തോട്ടങ്ങളിൽ വസന്തം പൂക്കളുമായി അവളെ കാണുവാൻ വന്നു. ഒരു കാരണവുമില്ലാതെ കുരയ്ക്കുന്ന പട്ടിക്കുട്ടികൾ അവൾക്ക് മുൻപിൽ വാലാട്ടി വന്നു.
ആട് പ്ലാവിലകൾ ചവക്കുന്നത് നിറുത്തി തല ഇളക്കി മണ്ട മുട്ടുവാൻ ക്ഷണിച്ചു. പാലും പത്രവും കൊണ്ട് ആറരയുടെ വെയിൽ അവളിൽ ചാഞ്ഞു. അവൾ നടന്ന് നീങ്ങിയ വഴികളിൽ നിന്ന് തൊട്ടാവാടിയും കാരയും തങ്ങളുടെ മുള്ളുകൾ പിൻവലിച്ചു. അടയ്ക്കാ മരങ്ങളിൽ നിന്നും പച്ചിലപ്പാമ്പുകൾ അവളെ ഭയപ്പെടുത്താതെ പറന്നു. അവളെ റാഞ്ചുവാൻ ആകാശങ്ങളിൽ വട്ടമിട്ട പരുന്തുകൾ ഒടുവിൽ ദാഹിച്ച് കെട്ടിടങ്ങൾക്ക് മുകളിലെ വാട്ടർ ടാങ്കുകളിലേക്ക് കുതിച്ചു. കാറ്റ് അവളെ ഊഞ്ഞാലാട്ടി. തങ്ങളിൽ മതിപ്പ് തോന്നുന്നതിന് പൈക്കുട്ടികൾ പിൻകാലുയർത്തി വായുവിൽ ചാടി മറിഞ്ഞു. താറാവുകൾ വെള്ളത്തിൽ തലമുക്കി വാൽത്തുമ്പിളക്കി. അമ്മായിയുടെ പിണക്കം മാറ്റാൻ കുടിയനായ അമ്മാവൻ അവളെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോകുക പതിവായിരുന്നു. അവൾ ചിരിക്കുമ്പോൾ അമ്മായിയും വീടും മരങ്ങളും ഗ്രാമവും കൂടെ കുടുകുടന്നിനെ ചിരിച്ചു. അപ്പോഴൊക്കെ ഗ്രാമത്തിലെ കിണറുകളിൽ നിന്നും വെള്ളം തുള്ളി തുളുമ്പി, മാവുകൾ പഴമാങ്ങകൾ പൊഴിച്ചു, മീനുകൾ തോടുകളിൽ ഉയർന്നു ചാടി, പശുക്കൾ സ്നേഹത്താൽ നക്കുവാൻ നാക്ക് നീട്ടി, തോർത്തു മുണ്ടുകൾ ഉണങ്ങിപ്പോയി, തവളകൾ ധ്യാനിച്ചു. കൂടെ പഠിക്കുന്നവർ അവളുടെ സുഹൃത്താവാൻ മത്സരിച്ചു. അതിൽ ചിലർ അവളെ രഹസ്യമായി പ്രേമിച്ചു. ഉച്ചഭക്ഷണത്തിനായി കൊണ്ടു വന്ന കറികൾ അവൾക്ക് പകുത്ത് നൽകുവാൻ തിരക്ക് വന്നു. ഭക്ഷണം കഴിക്കാതിരുന്ന ചിലർ വെള്ളം കുടിച്ച് അവൾക്ക് മുൻപിലൂടെ വയറ് നിറച്ച് നടന്നു പോയി. ബസിൽ കണ്ടക്ടർമാർ അവളെ പൈസ വാങ്ങുന്നതിൽ നിന്നും അവഗണിച്ചു. ടീച്ചർമാർ അവൾക്ക് മാർക്ക് വാരിക്കോരി കൊടുത്തു. അതിനെതിരെ ആരുമാരും പരാതിയുമായി വന്നുമില്ല. പറമ്പിൽ വെള്ളം തിരിക്കുവാൻ അന്നമ്മേച്ചിയമ്മ അവളെ കൂടെക്കൂട്ടി. തനിക്കുണ്ടായിരുന്ന കുഞ്ഞി കൈക്കോട്ടുമെടുത്ത് അവൾ പറമ്പിലേക്ക് ഇറങ്ങി. ആണിയിലെ (വെള്ളം പായിക്കുന്ന പാത) ചപ്പു ചവറുകൾ കഷ്ടപ്പെട്ട് വകഞ്ഞ് വെള്ളം ഒഴുക്കി മരങ്ങളെ കുളിർപ്പിക്കുന്നതിലെ ആനന്ദത്തേക്കാൾ ആണിയിലൂടെ വെള്ളം ഒഴുകുമ്പോഴെല്ലാം കാല്പാദങ്ങൾക്കടിയിലൂടെ ഉരസിപ്പോകുന്ന മണൽത്തരികൾ ഉണർത്തി വിടുന്ന ഇക്കിളികൾ അവളെ രസിപ്പിച്ചു”.

കഥ പറയുകയായിരുന്ന ഓർമ ഒരു നിമിഷം നിർത്തി ശ്രദ്ധിച്ചപ്പോൾ കഥ കേൾക്കുകയായിരുന്ന ഓർമയുടെ കൂർക്കംവിളി നേരിയ തോതിൽ ഉയർന്നിരുന്നു. ഒരു നെടുവീർപ്പിട്ടു കൊണ്ട് കഥ പറയുകയായിരുന്ന ഓർമയും ഉറക്കത്തിലേക്ക് കോണിയിറങ്ങി.

അതു വരേയും ഉറക്കം നടിക്കുകയായിരുന്ന സോളമൻ പതുക്കെ കണ്ണുകൾ തുറന്നു. എണ്ണി നോക്കി. ഒന്ന്, രണ്ട്, മൂന്ന് നാല്... മുപ്പത്തിമൂന്ന് ഓർമകൾ. മേരിയുടെ മുപ്പത്തിമൂന്ന് ഓർമകൾ അയാളിൽ ഉറങ്ങുന്നുണ്ട്. വരി വരിയായിക്കിടക്കുന്ന അവരെ അയാൾ സമയവും തിയതിയുമനുസരിച്ച് അടുക്കി.

മറ്റൊരാളുടെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കുവാൻ താൽപര്യമില്ലാഞ്ഞിട്ടു കൂടി മേരിയെക്കുറിച്ച് കൂടുതൽ അറിയുവാൻ സോളമൻ ആഗ്രഹിച്ചു. അതിനൊരു കാരണവും അയാൾ സ്വയം കണ്ടെത്തി. ദുർമരണം സംഭവിച്ച മേരിയുടെ ആത്മാവ് അടയാളങ്ങളിലൂടെ തന്നെ മുന്നോട്ട് നയിക്കുന്നുവെന്നുള്ള മുടന്തൻ ന്യായം മനസിനു പറഞ്ഞു കൊടുത്തു. ആയൊരു പ്രത്യേക ജീവിതഘട്ടത്തിൽ മേരിയെക്കുറിച്ചുള്ള ഓർമകളെ മന:പൂർവ്വം അവഗണിച്ചിരുന്ന സോളമൻ, ബ്ലഡി മേരി പ്രത്യക്ഷപ്പെട്ടതിൽ പിന്നെ അവരെപ്പറ്റിയുള്ള പല തരം വിചാരങ്ങളാൽ ഉഴറുകയും മേരിക്ക് സംഭവിച്ച നിഗൂഢമരണത്തിന്റെ യാഥാർത്ഥ്യം പുറത്ത് കൊണ്ടു വരുന്നതിനായി പരിശ്രമിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി വലിയ ശബ്ദത്തിൽ കൂർക്കം വലിച്ചുറങ്ങുകയായിരുന്ന ഒന്നാമത്തെ ഓർമയെ അയാൾ കുലുക്കി വിളിച്ചു. ഞെട്ടിയുണർന്ന ഒന്നാമത്തെ ഓർമ സോളമനെ കണ്ട് ഭയന്ന് നിലവിളിച്ചു.

“ശ്ശ് ശബ്ദിക്കരുത്. ബാക്കിയുള്ളവരെഴുന്നേൽക്കും.” ചുണ്ടും വിരലും കുരിശു പോലെ ചേർത്ത് സോളമൻ ഭീഷണിപ്പെടുത്തി. ഇത്രയും ക്രൂരത സോളമനിൽ ആദ്യമായിട്ടായിരുന്നു ഓർമ ദർശിക്കുന്നത്.

ഓർമയുടെ ശബ്ദമടഞ്ഞു കണ്ണു തുറിച്ചു.

“പറ. നീയെന്തെന്നും, ആരെന്നും, എന്തിനെന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുവെന്നും എനിക്കറിയണം. ഇല്ലെങ്കിൽ ഈ രാത്രി മുഴുമിപ്പിക്കുമെന്ന് കരുതണ്ട”. അയാൾ ഓർമയുടെ കഴുത്തിൽ ഞെക്കിപ്പിടിച്ചു പിന്നെ പതിയെ അയച്ച് വിട്ടു. സോളമന്റെ അപ്പോഴത്തെ ഭാവവും കണ്ണുകളും കണ്ട് ഭയന്ന ഒന്നാം ഓർമയുടെ വായിൽ നിന്നും നദിയിൽ ഓളങ്ങൾ എന്ന പോലെ വാക്കുകൾ പ്രവഹിച്ചു.

ഓർമ - ഒന്ന്

ഞാൻ എന്ന ഈ ഓർമ സത്യത്തിൽ മേരിയുടേത് തന്നെയാണോ എന്ന് എല്ലാവർക്കുമെന്ന പോലെ എനിക്കും സംശയമുണ്ടായിരുന്നു. മറ്റോർമകളിൽ പറ്റിപ്പിടിച്ചെന്നതിനാലും ക്രോമസോമുകളെപ്പറ്റിയും നീന്തലിനെപ്പറ്റിയും താല്പര്യം ഉള്ളവർ ഇതു കേൾക്കുവാൻ സാധ്യതയുണ്ട് എന്നതിനാലും ആദ്യ ഓർമയായി എല്ലാവരും എന്നെ പരിഗണിച്ചു പോന്നു.

ആദിയിൽ മേരിയില്ലായിരുന്നു.

പുലർച്ച മൂന്നുമണിക്ക് മൂത്രമൊഴിക്കാൻ മുട്ടി എഴുന്നേറ്റ മേരിയുടെ അപ്പൻ തന്റെ ഉയർന്ന ലിംഗത്തെ കണ്ട് അത്ഭുതം കൂറി മേരിയുടെ അമ്മയെ വിളിച്ചുണർത്തുന്നതുവരേയും ആദിയിൽ മേരിയില്ലായിരുന്നു. അതുവരെയും 03:00 AM എന്ന സമയങ്ങളിൽ ഭൂമിയിലെവിടെയും മേരിയില്ലായിരുന്നു. പ്രളയമായിരുന്നു. പ്രളയത്തിൽ കോടിക്കണക്കിനു പുംബീജങ്ങൾ സ്ത്രീബീജത്തിന്റെ ദ്വീപ് തേടി ഒഴുകി നടന്നു.

മേരിയെന്ന് നമ്മൾ പിന്നീട് വിളിച്ച പുംബീജവും ഈ മത്സരത്തിൽ പങ്കെടുത്തു. ശീഘ്രസ്ഖലനം മൂലം റെയിൽവേ സമയം കൃത്യം 03:00:53 സമയത്ത് മത്സരം ആരംഭിച്ചു.
വാൽ ഇളക്കിയിളക്കി തല ഭ്രമണം ചെയ്ത് പറ്റാവുന്ന വേഗതയിൽ എല്ലാവന്മാരും വെള്ളത്തിലൂടെ വച്ചു പിടിച്ചു. മിക്കവാറും പുംബീജങ്ങൾ കാണാൻ പോകുന്ന ഇണക്കായി സമ്മാനങ്ങൾ കരുതിയിരുന്നു.

ചിലർ പൂക്കൾ, ചിലർ പ്രേമലേഖനങ്ങൾ, ചിലർ തീപ്പെട്ടിപടങ്ങൾ, ചിലർ നെയിസ്ലിപ്പുകൾ, ചിലർ ഗോലിക്കായകൾ എന്നിങ്ങനെ. പക്ഷെ മേരിയെന്ന് നമ്മൾ പിന്നീട് വിളിച്ച പുംബീജം മാത്രം കൈകകളിൽ അരിവാൾ ഏന്തി. കുറച്ചുകൂടി കാല്പനികമായ സമ്മാനത്തിനു കാത്ത് നിന്നിരുന്നെങ്കിൽ മേരി ഇന്നത്തെ മേരിയാകുമായിരുന്നില്ല. കടന്നു പോയവരെ എറിഞ്ഞു വീഴ്ത്തിയും ഒപ്പമുള്ളവരെ അരിഞ്ഞു വീഴ്ത്തിയും ബാക്കിയുള്ളവയുടെ വഴിമുടക്കിയും സ്ത്രീ ബീജത്തിനു മുൻപിൽ വീരന്മാരുടെ ചോര പുരണ്ട അരിവാൾ സമർപ്പിക്കപ്പെട്ട നിമിഷം തന്നെ അവൻ സ്വീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ചരിത്രത്തിൽ ആദ്യമായും അവസാനമായും നാട്ടിൽ കമ്യൂണിസ്റ്റുകാരനായി അറിയപ്പെട്ട മേരിയുടെ അപ്പൻ മത്സരത്തിൽ ഒന്നാമതായി. അയാളാണെങ്കിൽ അത് അറിഞ്ഞതുമില്ല.

താൻ രൂപപ്പെട്ട നിമിഷം മുതൽ തനിക്ക് ചുറ്റുമുള്ളവർ അനുഭവിച്ച ഓരോ വികാരങ്ങളേയും മേരിക്ക് കൃത്യമായി വിവരിക്കുവാൻ സാധിക്കുമായിരുന്നു.
താൻ ഗർഭിണിയാണ് എന്ന് മേരിയുടെ അമ്മ അപ്പനെ അറിയിച്ചപ്പോൾ ഇത്രയേറെ ശ്രദ്ധിച്ചിട്ടും ഇതെങ്ങനെ സംഭവിച്ചു എന്ന് സംശയിച്ച് ഇനിയിങ്ങനെയൊന്നും പോര ഞായറാഴ്ച്യുള്ള മാംസം ഉപേക്ഷിക്കണം ശമ്പളം കുറച്ചൊക്കെ മിച്ചം പിടിക്കണം ഒരു സൈഡ് ബിസിനസ് തുടങ്ങണം എന്നെല്ലാമാലോചിച്ച് മഞ്ഞ ലഡുവിനു പകരം ജിലേബിക്കായി ഓർഡർ കൊടുത്തതു മുതൽ ഇടക്കിടക്കു അമ്മ ആലോചിച്ച് വെള്ളം ഇറക്കാറുള്ള രാധാകൃഷ്ണയിലെ മസാലദോശ വരെ.
മസാല ദോശയല്ലമ്മേ ഫലൂദ, ഐസ്‌ക്രീമുകൾ, ചെറിപ്പഴങ്ങൾ, നാരങ്ങവെള്ളം എന്നിങ്ങനെ വയറ്റിലിരുന്നു അവൾ ഓർഡറുകൾ കൊടുത്തു കൊണ്ടിരുന്നു. എന്നത്തെയും പോലെ അന്നും അമ്മക്ക് അവളുടെ രുചികളെക്കുറിച്ച് ഒരു അറിവുമില്ലായിരുന്നു.

എങ്കിലും മേരിയുടെ അപ്പൻ വാങ്ങിക്കൊണ്ട് വന്നിരുന്ന വാഴയിലയിൽ പൊതിഞ്ഞ തണുത്ത് ചുളുങ്ങിയ മസാലദോശയിൽ പറ്റിപ്പിടിച്ച ചുവന്ന ചട്നിയിലെ കടുകുമണികൾ: ചക്രവാളത്തിൻ ചുവപ്പിലേക്കു ലയിക്കും കറുത്ത പക്ഷികൾ: പല്ലുകൾക്കിടയിൽ ഞെരിച്ച് പൊട്ടിച്ച് അമ്മ മേരിയുടെ അപ്പനെ സ്നേഹിച്ചു. മേരിയുടെ അമ്മ പണ്ടുമുതലേ തണുത്ത അന്തരീക്ഷത്തിൽ ഐസ്ക്രീം കഴിക്കുന്നത് വെറുത്തു പോന്നു. മേരിയാണെങ്കിൽ തിരിച്ചും. മേരിയുടെ ആവശ്യപ്രകാരമുള്ള ഛർദ്ദിയായിരുന്നു അമ്മയെ ഏറ്റവും ബുദ്ധിമുട്ടിച്ചത്. അമ്മയ്ക്ക് ഇഷ്ടമുള്ള വിഭവങ്ങൾ കഴിക്കുവാൻ അമ്മയും മേരിക്ക് ഇഷ്ടമില്ലാത്ത വിഭവങ്ങൾ പുറത്തു കളയുവാൻ അവളും പരമാവധി പരിശ്രമിക്കുന്നതിന്റെ ഫലമായിരുന്നു ഇടക്കിടക്കുള്ള അമ്മയുടെ ഛർദ്ദി.

“അല്ല മോളെ നിനക്കിതിന്റെയൊക്കെ വല്ല കാര്യമുണ്ടോ മൈ**” എന്ന് ചോദിച്ച് അന്നമ്മേച്ചിയമ്മ അമ്മയുടെ പുറം തടവിക്കൊടുത്തു കൊണ്ടിരുന്നു. അന്നമ്മേച്ചിയുടെ അടക്കിച്ചിരി അമ്മ കേട്ടു. അമ്മയിലൂടെ മേരിയും കേട്ടു. ആ ചോദ്യത്തിലെ അശ്ലീല ചുവ അമ്മ കേട്ടില്ലെന്നു നടിച്ചു. അന്നമ്മേച്ചിയാണ്. ഇനിയെങ്ങാനും വയറിലിങ്ങനെ മുഴച്ചു നിൽക്കുന്നത് വായിലൂടെ പുറത്തേക്കെത്തുമോയെന്ന സംശയത്തിൽ അന്നമ്മേച്ചിയമ്മ അമ്മയുടെ വായിൽ നിന്നു വരുന്നതെല്ലാം നോക്കിക്കൊണ്ടിരുന്നു. മേരിയുടെ അപ്പൻ മദ്യപിച്ചു വന്ന് ഛർദ്ദിക്കുന്ന സമയങ്ങളിൽ അമ്മ പുറം തടവി കൊടുക്കുന്ന ആശ്വാസം പോലെ അന്നമ്മേച്ചിയമ്മയുടെ പുറം ഉഴിച്ചിലിൽ അമ്മയും ആശ്വസിക്കുമെന്ന് മേരി കരുതി. പകരം ഏതു നരകമാണ് തന്റെ വയറിനുള്ളിൽ ഈ അള്ളിപ്പിടിച്ചിരിക്കുന്നതെന്ന് അമ്മ ആകുലപ്പെട്ടുകൊണ്ടിരുന്നു.

അപ്പോഴൊക്കെ തനിക്ക് അപ്പന്റേയും അമ്മയുടേയും അപ്പാപ്പന്റേയും അമ്മാമയുടേയും അടക്കം ഏതൊക്കെ തരം സ്വഭാവസവിശേഷതകളാണ്, ഇഷ്ടാനിഷ്ടങ്ങളാണ് ജീവിതത്തിൽ പ്രകടിപ്പിക്കേണ്ടിവരികയെന്ന് തീരുമാനിക്കുകയായിരുന്നു മേരി.
രണ്ടു രീതികളായിരുന്നു പ്രധാനമായും അതിനായി ഉണ്ടായിരുന്നത്.
ആർജ്ജിതവും പരമ്പരാഗതവും.
ആർജ്ജിതം ചുറ്റുപാടുകളേയും പരമ്പരാഗതം കുടുംബചരിത്രത്തേയും അടിസ്ഥാനപ്പെടുത്തി മേരി രൂപകൽപ്പന ചെയ്തു. അടുത്ത മഞ്ഞു കാലത്തിലേക്ക് കാമുകന് മഫ്ലർ തുന്നുന്നത്രയും ലാഘവത്തിൽ തന്റെ ഡി.എൻ.എ തന്നത്താൻ മെടയുകയായിരുന്നു മേരിയെന്ന നെയ്ത്തുകാരിക്കുരുവി. ന്യൂക്ലിയോടൈഡുകളാൽ നിർമ്മിതമായ ഡി.എൻ.എ-യിൽ മുൻകൂട്ടി ക്രോഡീകരിക്കപ്പെട്ട വിവരങ്ങൾ തിരുത്തുകയും അവ ആവശ്യാനുസരണം ചിട്ടപ്പെടുത്തുകയും ചെയ്യുന്ന ജോലി അത്ര എളുപ്പമായിരുന്നില്ല. ന്യൂക്ലിയോടൈഡുകളിൽ കാണപ്പെട്ട മൂന്നു പ്രധാനഭാഗങ്ങളൊന്നിൽ, നൈട്രോജനസ് ബേസിലായിരുന്നു അഴിച്ചുപണികൾ നടത്തിയത്. A,C,G,T എന്നീ അക്ഷരങ്ങളാൽ ജീനിൽ ഉണ്ടായിരുന്ന ഇരുപത്തിയേഴായിരത്തോളം വരുന്ന അക്ഷരങ്ങളുള്ള വസ്തുതകളെ മാറ്റി സ്വന്തം ഇഷ്ടാനുസരണം അവൾ കോഡ് ചെയ്തു. അത്തരത്തിൽ മാറ്റി കോഡ് ചെയ്യപ്പെട്ട പ്രധാനപ്പെട്ട ചില വിവരങ്ങൾ താഴെ ചേർക്കുന്നു.

അമ്മയുടെ കയറിയ നെറ്റിമേൽ അപ്പൻ ഉമ്മ വയ്ക്കുന്നത് കണ്ട രാത്രിയിൽ അത്തരത്തിലുള്ള പ്രത്യേകതരം നെറ്റിത്തടം മേരി തനിക്കായി തിരഞ്ഞെടുത്തു. അപ്പന്റെ നീളം, അമ്മയുടെ മെലിഞ്ഞ വിരലുകൾ, അമ്മാമ്മയുടെ തടിച്ച തുടകൾ, അപ്പാപ്പന്റെ കട്ടിപ്പുരികം, അമ്മയുടെ കനം കുറഞ്ഞ മുലകൾ, അമ്മൂമയുടെ മുഴുത്ത ചന്തികൾ, അപ്പാപ്പന്റെ അമ്മയുടെ ചെരിഞ്ഞ മൂക്ക്, അമ്മാപ്പന്റെ നനുനനുത്തമീശ, വരണ്ട ചർമ്മം എന്നിങ്ങനെ അവയവങ്ങളുടെ ആകൃതിയും വലിപ്പവും ഒരൊറ്റ ദിവസം കൊണ്ട് മേരി തീരുമാനിച്ചു. ഡി എൻ എ യിൽ മുൻകൂട്ടി കോഡ് ചെയ്തു വച്ചിരുന്ന രൂപം മെലിഞ്ഞ ഉയർന്ന മൂക്കുള്ള സുന്ദരിയായ അനുസരണ സ്വഭാവങ്ങളുള്ള സ്ത്രീയുടേതായിരുന്നു.
മേരിക്കതിൽ ഒരു താൽപ്പര്യവും തോന്നിയില്ല.
കാരണം അവൾ താന്തോന്നിയും തോന്നിവാസിയും വഷളത്തിയും കള്ളിയും പോക്കിരിയും മഹാപിശകുമായിരുന്നു. അന്നമ്മേച്ചിയമ്മയുടെ കൂസലില്ലായ്മ, അമ്മാമ്മയുടെ കള്ളം പറയുവാനുള്ള കഴിവ്, മുതുമുത്തപ്പന്റെ ഉഗ്രകോപം, മുതുത്തള്ളയുടെ നാട് ചുറ്റുവാനുള്ള കൊതി, അമ്മയുടെ തീവ്രമായ ഉത്കർഷേച്ഛ, അപ്പാപ്പന്റെ തർക്കിക്കുന്നതിനുള്ള കഴിവ്, അമ്മയുടെ ധിഷണാവിലാസം തുടങ്ങിയ സ്വഭാവവിശേഷങ്ങൾ പുതിയ കാലത്തെ സ്ത്രീയായി അതിജീവിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുമെന്ന കാര്യത്തിൽ മേരിക്ക് സംശയമേതുമില്ലായിരുന്നു.

എല്ലാവരേയും കണ്ണുമടച്ച് വിശ്വസിച്ച് അബദ്ധങ്ങളിൽ ചാടുന്ന അപ്പന്റെ സ്വഭാവം അവളെ രസിപ്പിച്ചു.
അവളത് സ്വീകരിച്ചു.

അന്നമ്മേച്ചിയമ്മയുടെ നഖം കടിക്കുന്ന സ്വഭാവം വെറുത്തിരുന്നുവെങ്കിലും നഖം കടിച്ചു തുപ്പുന്നതിനു പകരം അത് കടിച്ച് മുറിച്ച് കുഞ്ഞ് കഷ്ണങ്ങളാക്കി സ്വാദ് അറിയുന്നത് അവൾക്ക് പുതിയ അനുഭവമായി. മഞ്ഞുകാലത്ത് കൈകളുടെ അടർന്ന തൊലി ഇതേ രീതിയിൽ അമ്മ അകത്താക്കാറുള്ള സ്വഭാവവും അതിനാൽത്തന്നെ അവൾ സ്വീകരിച്ചു. കുളിമുറിയിൽ നിന്നുമിറങ്ങി നല്ലവണ്ണം തുവർത്തിയതിനു ശേഷം വെളിച്ചെണ്ണ പുരട്ടി ചീർപ്പുപയോഗിച്ച് മുടിചീകുന്ന അപ്പന്റെ സ്വഭാവം വേണ്ടെന്നു വച്ചു. തന്റെ മുടി കാട്ടു തീ പോലെ കാറ്റിൽ പാറണമെന്നവൾ തീരുമാനിച്ചുറച്ചു. അല്ലാത്തപ്പോൾ ശല്യമൊഴിവാക്കുന്ന രീതിയിൽ ഉച്ചിയിൽ ഓറഞ്ച് പഴുക്കണം. ഏഴു വയസുവരെയെങ്കിലും മുറ്റത്തെ ഏതെങ്കിലും കുറ്റിച്ചെടികളിൽ മൂത്രമൊഴിച്ചുകൊണ്ടിരിക്കണം. മുല്ലച്ചെടികൾ, മൈലാഞ്ചിച്ചെടികൾ, ചെമ്പരത്തികൾ എന്നിങ്ങനെ മുറ്റത്തിനു അരികിൽ വച്ച് പിടിപ്പിക്കുവാൻ സാധ്യതയുള്ള ചെടികളുടെ കടഭാഗത്ത് മൂത്രമൊഴിച്ച് അവയുടെ പൂക്കൾക്കോ ഇലകൾക്കോ മൂത്രത്തിന്റെ മണമുണ്ടോ എന്ന് സംശയിക്കണം. നല്ല ചൂടുള്ള കഞ്ഞി വേഗത്തിൽ കോരിക്കുടിച്ച് അപ്പനെപ്പോലെ വിയർക്കണം. ഇഷ്ടഭക്ഷണമായി അവളത് തിരഞ്ഞെടുത്തു. ഒപ്പം തൈരിൽ ചതച്ചിടും ഉണ്ടമുളകിനെക്കടിച്ച് എരിഞ്ഞ്, വാ തുറന്ന് പിടിച്ച് എരിവിന്റെ വായ്-നീർ നൂല്, അതിൽ തുപ്പൽപോളങ്ങൾ മരങ്ങളിൽ നിന്നുള്ള ചൊറിയാൻ പുഴുക്കൾ നൂലുകളുടെ പാരച്ചൂട്ടിൽ ഇറങ്ങുന്നത് പോലെയെന്ന് നോക്കിനിൽക്കണം.

കുളിക്കുന്നതിനിടയിൽ ആരും അറിഞ്ഞിട്ടില്ലെന്ന പോലെ മൂത്രമൊഴിക്കുന്ന അന്നമ്മേച്ചിയമ്മയുടെ കള്ളിസ്വഭാവം മേരി കണ്ടുപിടിച്ചു.
അവളതെടുത്തു.
ജലത്തിന്റെ തണുപ്പിനിടയിലൂടെ കാലിൽ ഒലിച്ചിറങ്ങുന്ന ഇളംചൂടിൽ സുഖം പിടിക്കുന്ന പരിപാടി അവൾക്ക് ലജ്ജയേതും നൽകിയില്ല. മഞ്ഞുകാലത്ത് ഐസ്ക്രീമുകൾ അകത്താക്കുന്നതിനുള്ള അനുവാദം അമ്മയിൽ നിന്നും നേരിട്ട് മേരി ഏറ്റുവാങ്ങി. വാഴപ്പഴം നിറഞ്ഞ ഐസ്ക്രീം വിഷാദം അകറ്റുമെന്നും ബട്ടർസ്കോച്ച് തരം ഒരിക്കലും രുചിച്ചു നോക്കേണ്ടതില്ലയെന്നും അമ്മ അറിയിച്ചു. മഞ്ഞുകാലത്തിൽ ഐസ്‌ക്രീം കഴിച്ചുണ്ടാകും തൊണ്ടവേദനകളെ മാരിഗോൾഡ് ബിസ്കറ്റുകൾ ചായയിൽ മുക്കി തിന്ന് മായ്ച്ചു കളയണമെന്ന് തീരുമാനിച്ചു. ടീ-ഷർട്ടുകൾ മാത്രമാണ് മനുഷ്യരുടെ ശരിയായ വസ്ത്രങ്ങൾ. ചിത്രകല പഠിക്കുവാൻ ചിത്രലേഖനത്തുണിയായി ടീഷർട്ടുകൾ ജീവിതത്തിലുടനീളം ഉപയോഗിച്ചുകൊണ്ടിരിക്കണം.
ജീവിതത്തിലെ വിശേഷങ്ങൾ സ്റ്റാറ്റസ് അപ്ഡേറ്റു പോലെ അതിൽ എഴുതിക്കൊണ്ടിരിക്കണം.
മഴ പെയ്യുന്നതു പോലെ മൂത്രമൊഴിക്കണം.
എന്നാൽ ജനലിലൂടെ നീട്ടി മൂത്രമൊഴിക്കുന്ന ആൺകുട്ടികളുടെ മത്സരത്തിൽ പങ്കെടുത്ത് അവരെയെല്ലാം കടത്തിവെട്ടി ആദ്യ സ്ഥാനം നേടണമെന്ന് ഉറപ്പിച്ചതിൽ പിന്നെ തന്റെ ആഗ്രഹം വേണ്ടെന്ന് വയ്ക്കുകയും പപ്പായത്തണ്ടുകളിലൂടെ മൂത്രമൊഴി ശീലിച്ച് മത്സരത്തിനായി പരിശീലനം നടത്തുകയും ചെയ്യണമെന്നും തീരുമാനിച്ചു. ജലദോഷമുള്ള സമയങ്ങളിൽ തന്റെ ശബ്ദം ജലദോഷമില്ലാത്ത ആളുകളിൽ നിന്നും വ്യത്യസ്തവും മനോഹരവും ആണെന്നും ആ ജലദോഷജനതക്കായി ഒരു ദേശീയഗാനം വേണ്ടതാണെന്നും അവർക്കായി ഇടവിട്ട് പാടേണ്ടതുണ്ടെന്നും മേരി ആലോചിച്ചുറച്ചു. ജലദോഷമുള്ള സമയത്തെ തന്റെ പാട്ടുകൾ സംഗീതത്തിനൊപ്പം സന്തോഷം കൊണ്ട് പറക്കുന്ന തുമ്പികളേയും തുറന്നു വിടുമെന്ന് അവൾ കരുതി. മുടി കരിയുന്ന മണം ഉടലിനെ ലഹരി പിടിപ്പിക്കും. തുടകളിലെ രോമങ്ങൾ സോളമനൊപ്പം കത്തിക്കുവാനായി വേഗത്തിൽ വളർത്തണമെന്ന തീർപ്പ് സ്വയമെടുത്തു. രോമങ്ങൾ സത്യത്തിൽ ഇക്കിളികളുടേതോ അതോ വേദനകളുടേതോ വേരുകളെന്ന് കണ്ടെത്തേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു.

പയർവള്ളികൾ സ്വയം കെട്ടുപിണയുന്നതു പോലെത്തന്നെയാണ് ഹെഡ്ഫോണുകളും. നമ്മുടെ ശ്രദ്ധ തെന്നുന്ന ഒരു നിമിഷം കൊണ്ട് അവർ ചലിക്കുന്നു. പടരുന്ന സസ്യത്തിന്റെ കനം കുറഞ്ഞ തണ്ടുകളാൽ എന്ന പോലെ കൈകൾ കൊണ്ട് അവർ അവരെ പൊതിയുന്നു. അന്തമറ്റഴിയും പട്ടങ്ങളുടെ നൂലുകളിലൂടെ കയറിപ്പോകുന്ന ഉറുമ്പുകൾ എന്ന പോലെ പാറി നടക്കും പാട്ടുകളെ തങ്ങളിൽ കോർത്തിടുന്നു. ഹെഡ്ഫോണുകളെ കടുംകെട്ടുകളിൽ നിന്നും ഊരിയെടുക്കുന്നത് മേരി വെറുത്തു.

സ്വയംഭോഗം ചെയ്യുമ്പോൾ കണ്ണുകളടയ്ക്കണം.
ലൈംഗികതയെ കുറിച്ചല്ലാതെ അവളോട് മണിക്കൂറുകളോളം സംസാരിക്കുന്നതിന് ഭൂമിയിൽ സോളമന് മാത്രമേ കഴിയുകയുള്ളൂ.
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ലൈംഗികതയല്ല സോളമനൊപ്പം അനുഭവിച്ച കുഞ്ഞുസന്തോഷങ്ങളായിരുന്നു അവളുടെ രതിമൂർച്ചയുടെ അടിസ്ഥാനം. സോളമനെ ഇടക്കിടയ്ക്ക് കരയിപ്പിക്കണം.
കരയുന്ന ആണുങ്ങളെ ആശ്വസിപ്പിക്കണം.
തല്ലു പിടിച്ച് അപ്പാപ്പനെ വീടിനു പുറത്തിറക്കി വിടുകയും വിശക്കുന്ന സമയം കഞ്ഞി വിളമ്പി ക്ഷണിക്കുകയും ചെയ്യുന്ന അമ്മാമയുടെ സ്വഭാവത്തിൽ നിന്നുമായിരുന്നു മേരി ആ പ്രത്യേകത കടമെടുത്തത്.
ബിയർ കുടിച്ച് പുറത്ത് വരുന്ന ബിയറിന്റെ മണമുള്ള ഏമ്പക്കം, വിയർപ്പ്, വാചകങ്ങൾ എന്നിവയെ മേരി വെറുത്തു.
ബിയർ കുടിച്ച് വരുന്ന രാത്രികളിൽ അപ്പൻ നൽകാറുള്ള ചുംബനങ്ങളെ അമ്മ അറച്ചിട്ടും സഹിക്കുന്നത് മാത്രമായിരുന്നില്ല ബിയർ കുടിച്ച് ഒരു നിയന്ത്രണവുമില്ലാതെ ഇടക്കിടെ മൂത്രമൊഴിക്കുന്നതും മേരിയെ അലോസരപ്പെടുത്തി. ബാൽക്കണികളിൽ സസ്യങ്ങൾ വച്ചു പിടിപ്പിക്കണം. അവ പൂവിടണം. കായിടണം നോക്കിനോക്കി നിൽക്കണം. അവയ്ക്ക് പേരിടണം. പേരു കേട്ട് തലയാട്ടുന്നവരുടെ മണ്ടയിൽ വെള്ളമൊഴിക്കണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞ, കറിക്കൊപ്പം കൂട്ടിക്കുഴച്ച് കഴിക്കുന്ന അമ്മയുടെ സ്വഭാവം അവളുടെ വായിൽ കപ്പലോടിപ്പിച്ചു. ഭാവിയിൽ മുട്ടയുടെ മഞ്ഞ കഴിക്കാതെ നീക്കിവയ്ക്കുന്ന സോളമന്റെ സ്വഭാവത്തെ മേരി മുൻകൂട്ടി കണ്ടിരുന്നു. അയാൾ വേണ്ടെന്നു വച്ച മഞ്ഞകൾ മേരിയിലേക്ക് ചേരകൾ പോലെ വന്നു ചേർന്നു. അവളത് സൂര്യകാന്തിപ്പൂക്കളായി പുറത്തേക്ക് നുള്ളിക്കളഞ്ഞു.

ചീനച്ചട്ടിയിൽ സ്പൂണിട്ടുരസിയപ്പോൾ സംജാതമായ കരകര ശബ്ദത്തെ സഹിക്കാനാകാതെ സോളമനൊപ്പം ചെവികൾ പൊത്തി പല്ലുപുളിക്കണം. അസഹനീയമായ ശബ്ദങ്ങളിൽ ചെവികൾ പൊത്തി കണ്ണുകൾ ഇറുക്കിയടച്ചപ്പോൾ രൂപപ്പെട്ട ഇരുട്ടിന്റെ ലോകത്തിൽ അവരിരുവരും പരസ്പരം കണ്ടുമുട്ടി ഉല്ലസിക്കും. കടൽ ആകാശവും ആകാശം കടലുമായി തെറ്റിദ്ധരിച്ച് കടൽത്തീരങ്ങളുടെ മുനമ്പുകളിൽ ചെന്ന് അന്തം വിടണം. പത്തി വിരിച്ചിഴയും തിരമാലകളെ എത്ര സമയം വേണമെങ്കിലും നോക്കിനിൽക്കുവാൻ കഴിയണം. കടൽ കാണാതെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന അമ്മയുടെ ഉത്കടമായ ആഗ്രഹത്തെ നിറവേറ്റുവാൻ അവൾ തയ്യാറായി.

ചെവിയിൽ ചൂണ്ടുവിരലിട്ട് ചൊറിഞ്ഞു രസിക്കുന്നത് പതിവാക്കണം.
ഇടക്ക് അന്നമ്മേച്ചിയമ്മ ഉപയോഗിക്കുന്ന കോഴിപ്പപ്പ്, ഇയർബഡുകൾ, ചുരുട്ടിയ കടലാസുകൾ, സാരിയുടെ തുമ്പുകൾ എന്നിവയും ചെവിയുരസുവാൻ ഉപയോഗിക്കണം. ജീവിതത്തിന്റെ ഒരു പ്രധാനഘട്ടത്തിൽ സന്തോഷത്തെ മേരി പുനർനിർവ്വചിക്കും.
ജോലി ലഭിക്കുക, പുതിയ പ്രേമം ഉണ്ടാകുക, പാർട്ടികളിൽ പങ്കെടുക്കുക എന്നിവയിൽ കുടികൊണ്ടിരുന്ന അവളുടെ ആഹ്ലാദങ്ങൾ നനഞ്ഞ വസ്ത്രങ്ങളിൽ ഇസ്തിരിപ്പെട്ടി വയ്ക്കുമ്പോൾ പൊങ്ങുന്ന നീരാവിയിൽ മുഖം വയ്ക്കുക, പുതിയ കിടക്കവിരിയെ മണത്തു കൊണ്ട് തല ചായ്ക്കുക എന്നിവയിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ടു. ട്രാഫിക് സിഗ്നൽ പച്ചയാകുന്നതും പ്രതീക്ഷിച്ച് കാത്തു നിൽക്കുന്ന സവാരിക്കാരുടെ മുഖത്തെ അക്ഷമയും തിടുക്കവും അതേ സമയം സീബ്രാലൈനിലൂടെ പോകുന്നവരുടെ ഭയവും ഇടർച്ചയും നിരീക്ഷിക്കുന്നത് ഒരു വിനോദമായി മേരി കണക്കാക്കും. അതിനായി ബസ് സ്റ്റോപ്പുകളും നാൽക്കവലകളും സന്ദർശിക്കുക ഒരു പതിവാക്കും. വീട്ടിൽ മറ്റാരും കഴിക്കാതെ എടുത്ത് വയ്ക്കുന്ന കോഴിയുടെ കരളും വൃക്കയും വാരിത്തിന്ന് ഏമ്പക്കമിടുന്ന അന്നമ്മേച്ചിയമ്മയുടെ സ്വഭാവം അവളേറ്റെടുത്തു. കഴുത്തിൽ മുളച്ച പാലുണ്ണിയെ തൊട്ടും തലോടിയും അന്നമ്മേച്ചിയമ്മയെ അനുകരിച്ച് മാസത്തിലെ വരവ് ചെലവ്‌
കണക്കു കൂട്ടണം. അനാവശ്യമായി ചെലവാക്കിയ ഓരോ തുണ്ടിനേയുമോർത്ത് വേവലാതിപ്പെടണം. ഒരു പെട്ടി ബിയർ എടുത്തു വരുമ്പോൾ കൂട്ടിമുട്ടുന്ന ശബ്ദത്തിനെ കാതു കൂർപ്പിച്ചു കേൾക്കണം. കാറ്റ് മൂളുമ്പോൾ ശബ്ദം പുറപ്പെടുവിക്കുന്ന മണിനാദമെന്ന് ആദ്യം തോന്നിയെങ്കിലും ബിയർക്കുപ്പികൾ ഞാത്തിയിട്ട വിൻഡ് ചൈം അവളിൽ താൽപര്യം ഉണർത്തി.

തിയേറ്ററിൽ മുറിച്ചു തരുന്ന ടിക്കറ്റിന്റെ അരഭാഗം അലക്കി കഴിഞ്ഞ് പോക്കറ്റിൽ നിന്നും കണ്ടെടുക്കണം. അലക്കു ദിവസം വസ്ത്രങ്ങളിൽ നിന്നും ലഭിക്കുന്ന ചില്ലറനാണയങ്ങൾ, എ ടി എം കടലാസുകൾ, ബസ് ടിക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റ് ബില്ലുകൾ, ചോക്ലേറ്റ് കവറുകൾ, താക്കോലുകൾ, മുടിപ്പിന്നുകൾ, കമ്മലുകൾ തുടങ്ങിയവ അവളെ സന്തോഷവതിയാക്കും. കൊക്കക്കോള കുടിച്ചിടുന്ന ആദ്യത്തെ ഏമ്പക്കം തരുന്ന ആശ്വാസം പോലെത്തന്നെ യാത്ര കഴിഞ്ഞു വന്ന് അടിവസ്ത്രങ്ങൾ ഊരിയെറിഞ്ഞ് മുറിക്കുള്ളിലൊറ്റക്ക് കറങ്ങുന്നത് വിശ്രാന്തി നൽകുമെന്ന് മേരി വിശ്വസിച്ചു.

ചൂടുകാലത്ത് കിടക്കയുടെ തണുത്ത മറുപാതിയിലേക്ക് തിരിഞ്ഞു കിടന്നപ്പോഴോ തലയണയുടെ കിടപ്പുഭാഗം മറിച്ചിട്ട് തലചായ്ക്കുമ്പോഴോ അനുഭവിച്ച ശീതളമായ സ്വാസ്ഥ്യം കണക്കെ മഞ്ഞുകാലം മുടിയിഴകളിൽ വിരലോടിക്കുമ്പോഴൊക്കെ മേരിക്ക് ഉറങ്ങിപ്പോകണം. വിക്സും ടൈഗർബാമും മണത്തു നോക്കി ഭക്ഷിക്കുവാനുള്ള ആഗ്രഹത്തെ ഉള്ളിൽത്തന്നെ അടക്കുന്ന സ്വഭാവം അമ്മാമയിൽ നിന്നും മേരി സ്വീകരിച്ചു.
ബബിൾഗമ്മിന്റെ ഏറ്റവുമാദ്യത്തെ ചവയ്ക്കൽ വായയെ രുചിയുടെ ഉത്സവപ്പറമ്പാക്കി മാറ്റുമെന്ന് മേരി കരുതി. ബബിൾഗം എല്ലായ്പ്പോഴും ആത്മവിശ്വാസത്തിന്റെ ഒരു സുരക്ഷാകവചം വിരിയിച്ച് അവളെ പരിരക്ഷിച്ചു. അമ്മയെക്കാണാതുള്ള ആട്ടിങ്കുട്ടിയുടെയും പൈക്കുട്ടിയുടേയും കരച്ചിൽ മേരിയെ അസ്വസ്ഥമാക്കും. അവളെയത് അമ്മയേയും അന്നമ്മേച്ചിയമ്മയേയും ഓർമിപ്പിക്കും. ഉപ്പ് ബിസ്കറ്റ് കടിക്കുന്ന കറുമുറു ശബ്ദവും ടയർ കത്തിക്കുന്ന മണവും ഇഷ്ടപ്പെടണം. ജലത്തിനടിയിൽ മുടിയിളക്കുന്നതിഷ്ടമാകണം. തിരമാലകളെപ്പോലെയുള്ള മുടിയുടെ ചലനത്തിന്റെ പ്രത്യേകത മീനുകൾ വാലുകൾ ഇളക്കുന്നതു പോലെയോ തിരണ്ടികൾ ഒഴുകുന്ന പോലെയോ ജലസസ്യങ്ങൾ അനങ്ങുന്നതു പോലെയോ അവൾക്ക് തോന്നി.

മറ്റാരുമില്ലാതാകുമ്പോൾ നാരങ്ങാ മണമുള്ള സോപ്പു പൊടിയിൽ അലക്കിയുണക്കിയ വസ്ത്രങ്ങളെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നതിഷ്ടമാകണം.
കറന്റ് പോകുന്ന സമയങ്ങളിൽ ദൂരെ പോകുന്ന തീവണ്ടി ശബ്ദത്തെ കേട്ട് ആശ്വസിക്കണം. ലിഫ്റ്റിനു വേണ്ടി കാത്തു നിൽക്കുവാനിഷ്ടമാകണം. ലിഫ്റ്റിലെ ഫ്ലോർ ബട്ടണുകൾ അമർത്തുന്നത് കുമിള പൊട്ടിക്കും പോലെ ആശ്വാസം നൽകും. മണ്ണെണ്ണ മണത്തേയും ചൂനിമുളകുകളേയും ഭയപ്പെടുന്ന സ്വഭാവം അപ്പനിൽ നിന്നും പകർന്നു. മറ്റൊരാൾ തന്റെ മുഖത്തേക്ക് ഹാച്ഛീ ഇടുന്നത് കുട്ടിക്കാലത്ത് ബാർബർ മുടിയിൽ തളിക്കുന്ന സ്പ്രേ പോലെ അവൾക്ക് തോന്നും. പെയ്ന്റിന്റേയും പോളിഷിന്റേയും മണമിഷ്ടമാകണം. ജലച്ചായങ്ങളിൽ കൈകൾ മുക്കുന്നത് പ്രിയമാകണം. പ്രത്യേകിച്ച് മഞ്ഞയിൽ. സിഗരറ്റ് വലിച്ചു കൂട്ടി ചുണ്ട് കറുപ്പിക്കണം. സോളമനെ ആ വളയങ്ങളുടെ പുകയിൽ ചുമ നൽകി കണ്ണു ചുവപ്പിക്കണം.

ഇണചേരലിനു ശേഷം സിഗററ്റ് പുക നിറഞ്ഞ ഉമ്മകൾ അവൾ അയാൾക്ക് പങ്ക് വയ്ക്കും. മഴയിപ്പോൾ പെയ്യുമെന്ന് ശങ്കിക്കുന്ന ആകാശത്തെ വെറുക്കണം. സ്നേഹിക്കുന്നവരിൽ നിന്നും ഒളിച്ചോടുന്നതിനും അവരെ ദൂരെ നിന്നു മാത്രം നോക്കി നിൽക്കുന്നതിനും ആ ആകാശം അവൾക്ക് പ്രചോദനം നൽകി.
നാലുമണി പൂക്കൾ പോലെ പുലർച്ച മൂന്നുമണിപ്പൂക്കളുടെ ജൈവഘടികാരം ശരീരത്തിൽ പിടിപ്പിക്കണം. 3 AM അലാറം ഘടിപ്പിച്ച ശരീരം ഉണർച്ചകളിലേക്ക് സ്വാഭാവികമായി തുറന്നു പിടിച്ചു. സോളമന്റെ വിരലുകൾ കടകയറ്റി വെട്ടണം. വസ്ത്രങ്ങൾ അലക്കിവിരിച്ചിടുമ്പോൾ പറന്നു പോകാതിരിക്കുവാനുള്ള ക്ലിപ്പുകളായി അവയെ ഉപയോഗിക്കണം. പാരമ്പര്യമോ ചുറ്റുപാടുകളോ സ്വാധീനിക്കാതിരുന്നിട്ടും രണ്ടു സുപ്രധാന സ്വഭാവങ്ങൾ തന്നിൽ വന്നു ചേർന്നത് അവളെ അങ്കലാപ്പിലാക്കിയിരുന്നു. ചിത്രകല, സ്വാതന്ത്ര്യബോധം എന്നിവയായിരുന്നു അവ.

ഒരു വൃക്ഷത്തിൽ ചേക്കേറിയ പലതരം പക്ഷികളെപ്പോലെ വൈവിധ്യവും വ്യത്യസ്തവുമായ പല ജീവിതാനുഭവങ്ങളിലൂടെ, കർമ്മങ്ങളിലൂടെ ഈ സ്വഭാവ സവിശേഷതകൾ എങ്ങനെ ആർജ്ജിച്ചു എന്നതുകൂടിയായിരുന്നു പിന്നീടങ്ങോട്ടുള്ള മേരിയുടെ ജീവിതം.

അന്ന് മേരി മണ്ണിൽ പിറന്നു. മണ്ണിന്റെ പുതപ്പിൽ കിടന്നവൾ കരഞ്ഞു. മേരിയെക്കാണാൻ ആട്ടിടയന്മാർ, രാജാക്കന്മാർ, പ്രവാചകരെന്നിവർ ജോൺസൺ ആൻഡ് ജോൺസൺ പൗഡർ, ഓയിൽ, സോപ്പ്, കുഞ്ഞുടുപ്പുകൾ, കോളാമ്പി പൂക്കളുടെ പറ്റുതുണികൾ എന്നിവയുമായി കാത്തുനിന്നു. അവളുടെ ജനന സമയത്ത് വീട്ടിൽ താമസിച്ചിരുന്ന ഓരോ ജീവികളും അവളെക്കാണാനെത്തി. പശുക്കൾ അവളെ നക്കിയുണക്കി വൃത്തിയാക്കി. മരങ്ങൾ തൊണ്ടയിലെ കിരുകിരുപ്പുകൾ കൊടുത്തയച്ചു. കാറ്റുകൾ ഗർഭമണിഞ്ഞ തണുപ്പിനെ സൂര്യനു കൊടുക്കാതെ പൊതിഞ്ഞു പിടിച്ചു വന്നു. ഓന്ത് നിറങ്ങൾ അടക്കിയ തൊലി അടർത്തി അവൾക്ക് സമർപ്പിച്ചു. പല്ലിക്കൂട്ടം പുതുതായി മുളച്ച ഇളം വാലുകൾ മുറിച്ചിട്ടു ദൂരേയ്ക്ക് മാറി നിന്നു. എട്ടുകാലികൾ അവൾക്ക് തൊട്ടിൽ കെട്ടുവാൻ കഴുക്കോലിൽ നൂലുനൂത്തു. ചുണ്ടനെലി താൻ കാരി മുറിച്ച പട്ടുതുണിയുടെ നൂൽ അരയിൽ കെട്ടുവാനായി നൽകി. പെരുച്ചാഴി കപ്പത്തോട്ടത്തിലെ ഇളം കൂമ്പ് വച്ചു. മഞ്ഞ ചേര തണുപ്പിൽ മേരിക്ക് അണിയുവാനുള്ള കാലുറയ്ക്കായി ഏറ്റവും കട്ടികൂടിയ ശൽക്കങ്ങൾ പൊഴിച്ചു. ഉറുമ്പുകൾ അടുത്ത വർഷം വീടു പണിയുവാൻ വച്ചിരുന്ന ഒട്ടിപിടിക്കുന്ന പ്രത്യേക മണ്ണ് മേരിക്ക് വാരിത്തിന്നുവാൻ വിട്ടുകൊടുത്തു. പുൽച്ചാടികൾ ഭാഗ്യം കൊണ്ട് വന്നു. വരിവരിയായി ഓരോരുത്തരും അവൾക്കുള്ള സമ്മാനങ്ങളുമായി ക്യൂവിൽ കാത്തു നിന്നു.

പൂക്കളുടെ കുഞ്ഞുടുപ്പുകൾ മേരിക്കായി തിരഞ്ഞെടുത്തുകൊണ്ടിരുന്ന അമ്മയെ സംബന്ധിച്ച് മേരിയെ പെറ്റിടുന്നതു വരെ അനുഭവിച്ച ആശ്വാസം ആർക്കുമറിയില്ല. ഗർഭിണിയായതു മുതൽ പ്രസവിക്കുന്നതു വരെ മേരിയുടെ അപ്പൻ അമ്മയെ വല്ലപ്പോഴും മാത്രമേ തൊട്ടിരുന്നുള്ളൂ. അയാളുടെ മണം അടുത്തു വന്നപ്പോഴെല്ലാം അവർ വായിൽ ഛർദ്ദിൽ നിറച്ച് ചെടികളുടെ കടകളിലേക്ക് ഓടി. മേരിയുടെ അപ്പനെ ശാരീരികമായി താങ്ങുന്നതിനു അമ്മക്ക് പണ്ടും സാധിച്ചിരുന്നില്ല. എങ്ങിനെ സാധിക്കും, ദിവസവും മൂന്നു തവണയെങ്കിലും അവരിൽ കൂടി കയറിയിറങ്ങുമായിരുന്ന അസാധാരണമാം വിധം ഉദ്ധാരണമുള്ള അയാളെ മേരിയുടെ അമ്മ ഭയന്നു തുടങ്ങിയിരുന്നു. ആദ്യമൊക്കെ തുടകളടുപ്പിച്ച് നടക്കാൻ വിഷമിക്കുകയോ വയലിൽ പന്ത്രണ്ട് പേർക്ക് വെച്ചു വിളമ്പിയ ക്ഷീണം തോന്നുകയോ ചെയ്യുമായിരുന്നു. എങ്കിലും വിവാഹം എന്ന ആചാരത്തിനു മുൻപിൽ തലകുനിച്ച് അവർ വിഷമതകളെല്ലാം സഹിച്ചു.

മേരി മൂന്നുമാസം വളർച്ച എത്തിയപ്പോൾ ആദ്യത്തെ സ്ഖലനത്തിനു ശേഷവും ഉയർന്ന ലിംഗവുമായി അടിവയറ്റിലേക്ക് പൂഴ്ന്ന് പോകുന്ന അയാളെ ഭയന്ന് മേരിയുടെ അമ്മ അനങ്ങാതെ മേൽക്കൂര നോക്കി കിടന്നു.
കുഞ്ഞനങ്ങുന്നുണ്ടോ, അടുക്കള വാതിൽ അടച്ചോ കോഴിക്കൂടിന്റെ ദ്വാരം മറച്ചിരുന്നോ നാളെയോടെ പഞ്ചസാര തീരുമല്ലോ തുടങ്ങിയ വ്യാകുലതകളായിരുന്നു അന്നേരം അവരിൽ.
മേൽക്കൂരയിൽ പങ്ക കറങ്ങുന്നുണ്ടായിരുന്നു.
മേഘത്തിൽ നിന്നും പുറത്ത് വന്ന ചന്ദ്രന്റെ കടാക്ഷത്തിൽ കുരിശിൽ തറച്ച യേശുവിന്റെ രണ്ടു കൈകളും കാലുകളും മേരിയുടെ അമ്മ പതിയെ കറങ്ങും പങ്കയുടെ ഇതളുകളിൽ കണ്ടു.
മേലെ മാറാല പിടിച്ചു തുടങ്ങി, ഒഴിവു ദിവസം ഒന്നങ്ങ് മെനക്കെടണമെന്ന് മനസിൽ പറഞ്ഞു കൊണ്ടിരിക്കെ ചുമരിന്റെ മൂലയിൽ ഒരു പ്രാണി. അതിനെ ലക്ഷ്യമിട്ട് അകലെ നിന്നല്ലാതെ ഒരു പല്ലി നടന്നടുക്കുന്നുമുണ്ട്. വളരെ പതുക്കെ അത് പ്രാണിയോടടുത്തു.
മേരിയുടെ അപ്പൻ തന്റെ രണ്ടാമത്തെ മൂർദ്ധന്യതയിലേക്ക് കിതപ്പാൽ സഞ്ചരിച്ചു. പ്രാണിയെ രക്ഷിക്കുവാൻ എന്താണ് ഒരു വഴി? അമ്മയ്ക്കാലോചിച്ചിട്ടൊരു പിടിത്തവുമില്ല. മുകളിലാണെങ്കിൽ ഭർത്താവ് ചുണ്ടുമായി വന്ന് കാഴ്ച മറയ്ക്കുന്നുണ്ട്. ഇടയ്ക്ക് ബീഡിമണം അടിച്ച് മുഖം ചുളിച്ച് അമ്മ ആലോചിച്ചു എന്തായി? പ്രാണിയെ പല്ലി പിടിച്ചു കാണുമോ? അതോ പാവം തോന്നി വെറുതെ വിട്ടു കാണുമോ? പ്രാണിയിൽ അവർക്ക് സഹതാപം തോന്നി. തന്നെത്തന്നെ കണ്ടു. അവർ കാഴ്ച കാണുവാൻ അയാളുടെ തലമുടിയിൽ പിടിച്ച് കഴുത്തിലമർത്തി. മേരിയുടെ അമ്മ കാമസുഖത്തിൽ ചെയ്യുന്നതാകാമിതെന്ന് അപ്പനൂഹിച്ചു. അയാൾക്കതിൽ സന്തോഷം തോന്നി.

ഇല്ല. പല്ലി തൊട്ടരികിൽ എത്തിയിരിക്കുന്നു.
പല്ലി നാവു നീട്ടുവാനാഞ്ഞു. മരണം കാണാൻ കഴിയാതെ മിഴികൾ പൂട്ടി മേരിയുടെ അമ്മ “ഹോ” എന്ന് ശബ്ദമുണ്ടാക്കി പല്ലിയെ ആട്ടി.
കൂടെ മേരിയുടെ അപ്പനും ചെറിയ ശബ്ദത്തിൽ നിലവിളിച്ചു. അയാളുടെ മൂർച്ച അയാളാഘോഷിച്ചു. എന്നാൽ മേരിയുടെ അപ്പന്റെ വായിൽ നിന്നും രതിമൂർച്ച സമയം ‘ഓ ഹേമാ’ എന്നു ശ്രവിച്ചത് പല്ലിയേയും പ്രാണിയേയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഹേമമാലിനിയുടെ വലിയ ആരാധകനായിരുന്ന താൻ ഭാര്യയെ ഹേമമാലിനിയായി സങ്കൽപ്പിച്ചാണ് ഭോഗിക്കുന്നത് എന്ന സത്യം മേരിയുടെ അമ്മ അറിഞ്ഞതിൽ അപ്പനു നാണക്കേട് തോന്നിയെങ്കിലും ഹേമമാലിനി ആരെന്ന് മനസിലാക്കാനുള്ള ബുദ്ധി തന്റെ സഹധർമിണിക്കില്ലെന്ന് അയാൾ ഊഹിച്ചു. ഹേമമാലിനിയെ അറിയില്ലയെന്ന് ഭാര്യയെക്കുറിച്ച് മേരിയുടെ അപ്പൻ ചിന്തിച്ചത് ശരിയായിരുന്നെങ്കിലും പല്ലിയേയും പ്രാണിയേയും കുറിച്ചുള്ള വ്യാകുലതയിൽ അപ്പൻ വിളിച്ചു പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുവാൻ അവർക്ക് സാധിച്ചില്ലായിരുന്നു. എന്തൊക്കെ ആയാലും ഒരേ സമയം തങ്ങൾക്ക് രതിമൂർച്ഛ കിട്ടിയതിൽ മേരിയുടെ അപ്പൻ അഭിമാനിച്ചു.
മേരിയുടെ അമ്മ ഒളിഞ്ഞു നോക്കി.
ശബ്ദം കേട്ടിട്ടാവണം പ്രാണി രക്ഷപ്പെട്ടിരിക്കുന്നു.
പല്ലി കണ്ണുരുട്ടി നിന്നു.
അമ്മക്കാശ്വാസം തോന്നി. കിടക്കയിലവർ ഊറിക്കിടന്നു. ഭർത്താവിന്റെ നനഞ്ഞ പിൻകഴുത്തിലൊരുമ്മ കൊടുത്തു.
എന്നാൽ പ്രസവശേഷം അമ്മയെ അപ്പൻ തൊട്ടു നോക്കാത്തതെന്തെന്ന് വിരലീമ്പിക്കൊണ്ട് മേരി മഴവില്ലു പോലെ പുരികം ചുളിച്ചു.
പത്തുമണിക്കിടയിലെ ഉറക്കത്തിനിടയിൽ അവൾ ഒരു കണ്ണ് മാത്രം തുറന്നു നോക്കി.
ഇല്ല. അപ്പൻ അമ്മയെ തൊടുന്നില്ല.
ശാരീരികമായി അപ്പൻ അണഞ്ഞു പോയ് കാണുമോയെന്ന ശങ്കയെ, പാൽ തന്നു കൊണ്ടിരുന്ന സമയത്ത് മുലകളിലൂടെ അമ്മയുടെ തലച്ചോറിലേക്ക് മേരി കടത്തി വിട്ടു. അതിൽ പിന്നെ അമ്മ അപ്പനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അയാളുടെ അടിവസ്ത്രങ്ങളിൽ പറ്റിയ ശുക്ലത്തിന്റെ തിളക്കം അവർ കണ്ടു പിടിച്ചു. അപ്പൻ മറ്റൊരാളിൽ അടങ്ങിയതിൽ ഒരേ സമയം ആശ്വാസവും വിഷമവും അവർക്ക് തോന്നി. അമ്മ അപ്പന്റെ സ്വകാര്യതകൾ പരിശോധിച്ചു. അങ്ങനെയാണ് ചവറ്റുകൊട്ടയിൽ കിടക്കുന്ന ചുരുണ്ട കടലാസുകൾ തുറക്കാനാകാത്ത വിധം ഒട്ടിപ്പിടിച്ചിരുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്.
പാതിരാത്രികളിൽ ഉറങ്ങാതെ സിനിമകൾ കാണുന്ന ശീലം സ്വായത്തമാക്കിയിരുന്ന അപ്പനെ അങ്ങേരുടെ വഴിക്കു വിടുവാൻ അമ്മ തീരുമാനിച്ചു. എന്നാൽ അർദ്ധരാത്രി നഷ്ടപ്പെട്ട വൈദ്യുതി ബന്ധം അതിരാവിലെ പുന:സ്ഥാപിക്കപ്പെട്ട ദിവസം അമ്മ ടി.വി ഓൺ ചെയ്തപ്പോൾ ഗൾഫുകാരനായ വിസിആർ കൂടെ പ്രവർത്തിച്ചു. പന്ത്രണ്ടു വയസുകാരിയായ പെൺകുട്ടിയെ തലയിൽ കറുത്ത തുണി മൂടിയ ഒരുവൻ ഭോഗിക്കുന്ന അശ്ലീല ചിത്രം ടിവിയിൽ തെളിഞ്ഞു. ആ പെൺകുട്ടി ചിരിച്ചു കളിക്കുന്നത് അമ്മയിൽ അങ്കലാപ്പുകൾ ഉണ്ടാക്കി. അങ്കലാപ്പുകൾ വിയർപ്പുകളായി അവരിൽ നിന്നും പുറത്തു വന്നു. അലമാരിയിലെ മറ്റു കാസറ്റുകളും അമ്മ കുത്തിയിരുന്ന് പരിശോധിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ നോക്കി സ്വയംഭോഗം ചെയ്തുകൊണ്ടിരുന്ന ഭർത്താവിനെ ഒളിഞ്ഞു കണ്ട ദിനം മേരിയുടെ അമ്മ ജീവിതത്തിൽ ഏറ്റവും മെലിഞ്ഞ മുഖവുമായി ഉറങ്ങുവാൻ കിടന്നു. അമ്മക്ക് കരച്ചിലൊന്നും വന്നില്ല. ആരും തലോടാതിരുന്നിട്ടും ഉറങ്ങിപ്പോയ ശരീരത്തെ മറന്ന് അപ്പന്റെ ലിംഗത്തിലവർ അന്നു രാത്രി ഉഴിഞ്ഞു. തീവണ്ടിയുടെ ബോഗി വിടുവിക്കും പോലെ കൈകൾ വിടുവിച്ച് അപ്പൻ കിടന്നുറങ്ങി.

പിറ്റേദിവസം കിടക്കുന്നതിനു മുൻപ് അപ്പനുള്ള പാലിൽ അമ്മ നായ്ക്കുരണപരിപ്പ് പൊടിച്ച് ചേർത്തു. അന്നുരാത്രി അസാധാരണമാം വിധം അപ്പൻ ഉദ്ധരിക്കപ്പെട്ടു. അയാൾ അമ്മയെത്തിരഞ്ഞു.

“നിന്റെ യോനിയെവിടെ?
മുലകളെവിടെ?
തുടിപ്പും തുടകളുമെവിടെ?”

“ഇന്നതിരാവിലെ കുളിച്ച് ശുദ്ധിയായി കത്തിയെടുത്ത് മുല മുറിച്ച് പാത്രത്തിലാക്കി രക്തം കഴുകി വട്ടത്തിൽ ഒന്നു കൂടി മുറിച്ചെടുത്ത് മുട്ടിയിൽ വച്ച് കുനുകുനായരിഞ്ഞ് വെളിച്ചെണ്ണയിൽ വഴറ്റി ഇടിമുളകിട്ട് കാച്ചി കഞ്ഞിക്കൊപ്പം ഉപ്പേരിയായി നൽകിയതോർമയില്ലേ? ബീറ്റുറൂട്ട് കുത്തിക്കാച്ചൽ പോലെ വലിയ ഇഷ്ടമായെന്നു പറഞ്ഞത് ഓർമയില്ലേ? മാങ്ങാ അച്ചാർ തൊട്ട് നക്കി ഉപ്പേരി കുറച്ച് കൂടെയെന്ന് ചോദിച്ച തോർമ്മയില്ലേ?”

അയാളവളെ തുറിച്ചു നോക്കിക്കൊണ്ട് ജീവിതാത്തിലാദ്യമായി ആരെയെങ്കിലും ഭയന്നു. ജീവിതത്തിൽ ആരെയെങ്കിലുമൊക്കെ പേടിക്കുന്നത് നല്ലതാണ് എന്ന് അപ്പാപ്പൻ പറഞ്ഞത് ഓർത്തു. എങ്കിലും കാമം അമ്മയുടെ അരക്കെട്ട് തിരഞ്ഞു. ആദ്യമൊരു ലോഹത്തിന്റെ തണുപ്പ് പഴുതാരയായി വിരലുകളിൽ ഇഴഞ്ഞു. പതിയെ അതൊരു ചാക്കു സൂചിയെന്ന് ഇരുട്ടിലും കയ്യിൽ തടഞ്ഞപ്പോൾ അപ്പനു മനസിലായി അതിലൂടെ സഞ്ചരിച്ചപ്പോൾ ചണനൂലു കൊണ്ട് യോനി തുന്നിക്കൂട്ടിയതും ഇതളുകളിൽ അലങ്കാരപ്പണികൾ നടത്തിയതുമറിഞ്ഞു. അപ്പന്റെ ഉദ്ധാരണം അന്നവിടെ അവസാനിച്ചു പോയി. ആ രാത്രി മേരിയുടെ അമ്മ ജീവിതത്തിൽ ഏറ്റവും മെലിഞ്ഞ മുഖവുമായി എന്നെന്നേക്കുമായി ഉറങ്ങുവാൻ കിടന്നു.

പെട്ടെന്നൊരു ശബ്ദം സോളമനേയും ഒന്നാം ഓർമയേയും കഥയിൽ നിന്നും ഉണർത്തി. അവർ തിരിഞ്ഞു നോക്കി. ഇരുപത്തിയൊന്നാമത്തെ ഓർമ കിടക്കയിൽ എഴുന്നേറ്റിരിക്കുന്നു.
“ശൂ ശൂ പോകണം”. അവൻ വലതു കയ്യിലെ കുഞ്ഞു വിരൽ പൊന്തിച്ചു പറഞ്ഞു.▮

(തുടരും)


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments