നല്ല തണുപ്പുള്ള പ്രഭാതം.
കയ്യിൽ പണമില്ലാതെ വിഷണ്ണനായി അയാൾ മൂന്നാറിലെ തെരുവോരത്തെ ആ തിണ്ണയിൽ ഇരുന്നു. എന്തു ചെയ്യാനാണ്. പച്ചയായി എത്ര നേരം കഴിയും ഞാൻ ഇങ്ങനെ.
തണുപ്പ് കാരണമല്ല അയാളുടെ കൈകൾ വിറച്ചിരുന്നത് അപ്പോൾ.
കവി ത്രൂങ്ങാലിയല്ലേ എന്നു തിരിച്ചറിഞ്ഞ് ആരെങ്കിലും വന്നിരുന്നെങ്കിൽ കുറച്ച് രൂപ കടം വാങ്ങാമായിരുന്നു. അഞ്ഞൂറൊന്നും വേണ്ട, ഒരു മുന്നൂറ് മതിയാവും. പതിവില്ലാതെ ഒരു വിശപ്പും തോന്നുന്നുണ്ട്.
ഇതാണ് കുഴപ്പം, കുടിക്കാതെ ഒരു ഇടവേളയുണ്ടായാൽ മതി, അതുവരെ ഒളിഞ്ഞിരുന്ന സുഖക്കേടുകളൊക്കെ തലപൊക്കും.
ചങ്ങാതി, ഒരു സ്ട്രോബെറി തരാമോ എന്ന് ഞാൻ ഇരന്നപ്പോൾ അയാൾ മടിക്കാതെ അത് തന്നു എന്നത് ശ്രദ്ധിച്ചില്ലേ. ഒന്നുകിൽ എന്റെ രൂപം അത്ര ദയനീയമായിക്കാണും. അല്ലെങ്കിൽ എന്നും വില്പനയ്ക്ക് എത്തുമ്പോൾ ആദ്യം ഒരു പഴം ആർക്കെങ്കിലും ദാനം ചെയ്യുന്നത് അയാളുടെ ഒരു ശീലമായിരിക്കും. എന്തായാലും നല്ല മധുരമുള്ള പഴം.
ഇത് ഒരു മരത്തിലാണ് ഉണ്ടാവുന്നത് എന്നായിരുന്നു ആദ്യം വിചാരം. ഈയിടെയാണ് പക്ഷേ ആ കുററിച്ചെടികൾ കായ്ച്ചുനിൽക്കുന്നത് ആദ്യമായി കണ്ടത്. ഓരോന്ന് മനസ്സിലാക്കാൻ നാം എത്ര കാലം ജീവിക്കേണ്ടി വരുന്നു.
ഹൃദയസമാനമായ ആ പഴം നിറയെ മുള്ളുകളുള്ള വള്ളിപ്പടർപ്പിലാണ് ഉണ്ടാവുക എന്ന് ഞാൻ എപ്പോഴോ സങ്കല്പിച്ചിരുന്നു. അതായത് വളരെ ബുദ്ധിമുട്ടിയാണ് മുൾക്കെണിക്കുള്ളിൽ നിന്ന് അത് അടർത്തിയെടുക്കുന്നത് എന്നെല്ലാം. എന്നാലും എന്തൊരു മധുരം.
കയ്യിൽ പണം ഉണ്ടായിരുന്നെങ്കിൽ ഞാൻ കുറേ വാങ്ങുമായിരുന്നില്ലേ ഇത് ഇപ്പോൾ...
ഇന്നലെ വീണുകിട്ടുന്നതുപോലെ കുറേ പണം കൈവന്നു. ആ സമയത്ത് വിലങ്ങൻ കുന്നിലേയ്ക്ക് നടക്കാൻ തോന്നിയത് എന്റെ ഭാഗ്യം. വിനോദസഞ്ചാരികൾക്ക് ആസ്വദിച്ചുകൊണ്ട് നടക്കാനായി ഒരു നാഴികയിലധികം ദൂരം നീണ്ടു കിടക്കുന്ന ഒരു പാതയുണ്ടല്ലോ. അതിലേ നടന്നുവരികയായിരുന്നു ഞാൻ കേട്ടോ. അപ്പോഴുണ്ട് ഒരു വളവിനു തൊട്ടിപ്പുറത്തായി ഒരു കാർ ഓരം ചേർത്ത് നിർത്തിയിട്ടിരിക്കുന്നു. അകത്തോ അതിനടുത്തോ ആളുകൾ ആരെയും കണ്ടില്ല. പിന്നെ നോക്കുമ്പോഴുണ്ട് അതിങ്ങനെ അനങ്ങുന്നു, കുലുങ്ങുന്നു, കിതയ്ക്കുന്നു. എനിക്ക് സ്വല്പം ജിജ്ഞാസയായി. അകത്ത് വല്ല ആപത്തുമാണോ. ആരെങ്കിലും അപായത്തിൽ പെട്ടിട്ടുണ്ടെങ്കിലോ. ഞാൻ ചില്ലിൽ മുഖം ചേർത്തുവെച്ച് സൂക്ഷിച്ചു നോക്കിയെങ്കിലും കാര്യമായി ഒന്നും കാണാൻ കഴിഞ്ഞില്ല. ഇരുട്ടാണ്, എനിക്ക് കാഴ്ചശക്തി കുറവുമാണ്. കറുത്ത ചില്ലാണെന്നും തോന്നുന്നു. പിന്നെ ഞാൻ രണ്ടും കല്പിച്ച് അതിൽ അമർത്തി തട്ടാനും മുഷ്ടി ചുരുട്ടി മേടാനും തുടങ്ങി, അപ്പോഴുണ്ട് അതാ ചില്ല് താഴ്ത്തി ഒരു കൈ പുറത്തേയ്ക്ക് വരുന്നു. ഇത് ഞാൻ കാണുന്നുണ്ടേ - കുറേ ചരടൊക്കെ കെട്ടിയ ഒരു ആൺകൈ. അത് എന്റെ നേരെ പണം നീട്ടുകയാണ് ...
ഹോ, അപ്പോൾ എനിക്ക് തോന്നിയ ഒരു നിർവൃതി - ഈ ഭാഗ്യദേവതയ്ക്ക് എന്താണ്, എപ്പോഴും ഇതേപോലെ എന്നെ തുണച്ചുകൂടേ!
ഇങ്ങനെ ഒരു മൊഴി നൽകേണ്ടി വരുമോ ഞാൻ എന്തോ. എന്തെങ്കിലും അക്രമം നടന്നിട്ടുണ്ടാവുമോ അവിടെ.
ചിന്താധീനനും ഖിന്നനുമായി അങ്ങനെ ഇരിക്കുമ്പോൾ അയാൾക്ക് തല ചുറ്റുന്നതുപോലെ തോന്നി. കണ്ടോ, ഇത്തിരിനേരം കുടിക്കാതെ ഇരുന്നാൽ ഇങ്ങനെ ഓരോന്നോരോന്നായി പുറത്തു വന്നു കൊണ്ടിരിക്കും. നന്നായി ഉയർന്നിട്ടുണ്ടാവുമെന്നേ രകതസമ്മർദ്ദം.
ചേട്ടാ, ഇതു കഴിച്ചോ, നല്ലവണ്ണം അവശനാണല്ലോ. ഫഷണം കഴിച്ചിട്ട് കുറേയായിക്കാണും, അല്ലേ - ഇതാ, ഇതു കഴിക്ക്, പാർട്ടിയുടെ വക പൊതിച്ചോറാണ്, ആരോ കാതിൽ മന്ത്രിക്കുന്നതു കേട്ടാണ് അയാൾ പിന്നെ ഉണർന്നത്.
അവർ മൂന്നോ നാലോ പേർ ഉണ്ടായിരുന്നു. ഒട്ടും മടിക്കാതെ ആ പൊതി അയാൾ കൈകളിൽ ഏററുവാങ്ങി. എന്നിട്ട് അതിലെ ചോറും കറിയും ആർത്തിയോടെ ഉണ്ണാനും തുടങ്ങി.
കണ്ടിട്ട് ഒരു ബുദ്ധിജീവി ലുക് - അല്ലേഡാ.
നീയിത് റെകോഡ് ചെയ്യ്. ക്ലിപ് ആക്കി വിടാം. കുറച്ചൊക്കെ വൈറൽ ആവും, പരമഹംസർക്ക് സന്തോഷമാവും.
പുള്ളിയോട് സമ്മതമൊന്നും ചോദിക്കേണ്ടല്ലോ, വേണോ?
അയാൾ അതൊന്നും കേട്ടില്ല എന്നു നടിച്ചു. അഥവാ കേൾക്കുന്നില്ല തന്നെ. എങ്ങനെ കേൾക്കും ഞാൻ, എന്തു കേൾക്കാനാണ് ഞാൻ, എന്തിനു കേൾക്കണം ഞാൻ.
എന്തായാലും വിശപ്പ് അതോടെ മാറി. പക്ഷേ ദാഹം അതേ പോലെ നിൽക്കുന്നു. വല്ല വിദേശികളുടെയും നേർക്ക് കൈനീട്ടിക്കാണിച്ചാലോ...
പെട്ടെന്ന് അയാൾ ഞെട്ടി. റോസ് അല്ലേ ഇത്. ശരിക്കും അവളെപ്പോലെ തന്നെ ഇരിക്കുന്നു. മുഖം മാത്രമല്ല, ദേഹവും.
കവിളുകൾ കൂടുതൽ തുടുത്തതുപോലെ.
ഒരു കൊച്ചുപാവാട ഉടുത്തിരിക്കുന്നു അവൾ. മേലാസകലം പച്ചകുത്തിയിട്ടുമുണ്ട്. എന്താണ്, മുള്ളോ.
കാലിൽ നിറയെ മുള്ളുകൾ വരച്ചു വെച്ചിരിക്കുന്നു. തുടകളിൽ നിന്ന് കയറി അത് കുട്ടിയുടുപ്പിന്റെ ഉള്ളിലേയ്ക്ക് പോയി മറഞ്ഞിരിക്കുന്നു. ഇടയ്‌ക്കോരോ കൂരമ്പും കാണാം.
പെട്ടെന്ന് എങ്ങനെയാണ് ഇവിടെ ഇത്രയേറെ മുള്ളുകൾ വന്നു നിറഞ്ഞിരിക്കുന്നത്.
എന്നാലും എന്തൊരു സാമ്യം. റോസ് പോലെ തന്നെ ഇരിക്കുന്നു. ദേഹം മാത്രമല്ല മുഖവും. അവളുടെ മേൽ ഇങ്ങനെ ചിത്രവേലയൊന്നും ഇല്ല എന്നേയുള്ളൂ.
തീർച്ചയായും ആ മണവും കാണും.
ഞാൻ കുടിക്കാതെ ഇരിക്കുന്ന നേരമായത് നന്നായി. കുടിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ അവളുടെ പിന്നാലെ ഓടിച്ചെന്നേനേ ഞാൻ. ഒരു പക്ഷേ.
റോസ്? നീയെന്താണ് ഇവിടെ. ആരുടെ കൂടെയാണ് നീ ഈ അർദ്ധനയായി നടക്കുന്നത്. എവിടെ നിന്നാണ് നീ ഇത്രമാത്രം പച്ചകുത്തിയത്. ഈ മുള്ളുകളെല്ലാം എന്തിന്റെ പ്രതീകമാണെന്ന് നിനക്ക് വല്ല ധാരണയുമുണ്ടോ.
റോസ്?, ഇങ്ങോട്ടു നോക്ക്, നിന്റെ ഭർത്താവാണ് ഈ ചോദിക്കുന്നത്, എന്താണ് നിനക്ക് എന്നെ തിരിച്ചറിയാനാവാത്തത്.
ഭിക്ഷു ആണെന്നു കരുതി അവളും വല്ലതും വെച്ചു നീട്ടിയേനെ. പ്രിയതമയെ നഷ്ടപ്പെട്ട് ഭ്രാന്തനായിത്തീർന്ന ഒരാൾ എന്നു സഹതപിച്ചു കൊണ്ട്. അല്ലേടീ.
മത്സ്യകന്യക ഒരു നരഭോജിയോ
(കവിയും ശാസ്ത്രജ്ഞനും ഇപ്പോഴും തർക്കിച്ചുകൊണ്ടിരിക്കുകയാണെന്നുണ്ടോ. മത്സ്യകന്യകയെ പൊരിച്ചു തിന്നുന്നവർ കാണുമോ എന്നതിൽ നിന്നു തുടങ്ങി മത്സ്യകന്യക ഒരു നരഭോജിയാണെങ്കിലോ എന്ന വിഷയം വരെ പ്രസക്തമായിരിക്കുമല്ലോ ഇത്തരം ചർച്ചകളിൽ. മത്സ്യകന്യക എന്ന ഒരാൾ യഥാർത്ഥത്തിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും.)
കോറസ്: (പാടിക്കൊണ്ട് ഏതാനും പെൺകുട്ടികൾ പ്രവേശിക്കുന്നു) ഹേ, ഹായ് ഹെലോ അൻക്ൾസ്.
ശാസ്ത്ര: ഹൈ ഗാൾസ്.
കവി: ഹേ!
കോറസ്: ഞങ്ങളെ അറിയുമായിരിക്കും എന്നു വിചാരിക്കുന്നു. വിനോദസഞ്ചാരവകുപ്പിൽ വന്നിട്ടുള്ള പുതിയ കുട്ടികളാണ് - പാടും ഞങ്ങൾ, ഡാൻസ് ചെയ്യും, ഇഷ്ടം പോലെ ജോക്‌സ്, റിഡ്ൽസ്, കഥകൾ, റൈംസ് ഒക്കെ അറിയാം ഞങ്ങൾക്ക്. ഞങ്ങളെ ഗേൾസ് എന്നു വിളിക്കും എല്ലാവരും... അൻക്ൾസ്, നിങ്ങൾക്കും ഞങ്ങളെ അങ്ങനെ തന്നെ വിളിക്കാം, ഗേൾസ്.
ശാസ്ത്ര: ഹേ ഗാൾസ്?.
കവി: ഹെലോ.
കോറസ്: ഡെക് മുഴുവനും ഓടിനടന്നുകൊണ്ടേയിരിക്കും ഞങ്ങൾ - ബബ്ലി ഗിഗ്ലി ഗേൾസ് .... പക്ഷേ ക്രൂ തന്നെയാണേ ഞങ്ങളും. ചിലപ്പോൾ ചിലർ അല്ല എന്നു വിചാരിക്കും, പക്ഷേ അല്ല. ക്രൂ - ൽ പെടും ഞങ്ങളും.
കവി: പെടും?
കോറസ്: ഈം, അതെ, പെടും.
കവി: ഇങ്ങനെ പെടാൻ എന്തിനാണ് ഇത്ര - ധൃതി?
ശാസ്ത്ര: ഏയ്, വിടൂ,കുട്ടികളാണ് അവർ.
കോറസ്: പെൺകുട്ടികൾ, ഗേൾസ്?
ശാസ്ത്ര: യാ, ഗേൾസ് - ബ്യൂറ്റിഫുൾ ഗാൾസ്.
കോറസ്: ബെൽ എന്നു പറയില്ലേ, എനിക്കു വലിയ ഇഷ്ടമാണ് എന്നെ ബെൽ എന്നു വിളിച്ചാൽ.
ശാസ്ത്ര: അതെയോ!
കോറസ്: പക്ഷേ ഫ്ലെർട് ആവരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട് ബോസ്. അങ്ങനെ - ആവാനൊക്കെ പറ്റുമോ ഒരാൾക്ക് അത് .... സർ?
കവി: എന്ത്?
കോറസ്: ഫ്ലെർട്. ആണെങ്കിൽ ആണ്, ആയിപ്പോയി എന്നല്ലാതെ - ആവാൻ പററുമോ അത്, ഉം?
ശാസ്ത്ര: ആയിത്തീരാൻ പറ്റുമോ എന്ന് - അല്ലേ.
കവി: (ചിരിച്ച്) കരുതിയ കണക്കല്ല, ചിന്തിക്കുന്നുണ്ടല്ലോ നിങ്ങൾ.
കോറസ്: അയ്യോ, അത് പാടില്ല എന്നാണ്. പക്വത പ്രാപിക്കാൻ പാടില്ല, എപ്പോഴും ഇങ്ങനെ വെറുതേ വെറുതേ കിലുങ്ങിച്ചിരിച്ചു കൊണ്ട് - തുള്ളിക്കളിച്ചും കൊണ്ട് ....
ശാസ്ത്ര: അതുകൊണ്ടാണല്ലോ ഗിഗ്ൾസ് എന്നു വിളിക്കുന്നത് നിങ്ങളെ -
കോറസ്: ഏങ്, അങ്ങനെ പറഞ്ഞോ ഞങ്ങൾ - ഗേൾസ് എന്നല്ലേ - സർ.
ശാസ്ത്ര: ഹ ഹ, അതെല്ലാം ഒന്നു തന്നെയല്ലേ - ഗേൾസ്, ഗിഗ്ൾസ്.
കോറസ്: ഞങ്ങൾ എത്ര പേരുണ്ടെന്ന് ഞങ്ങൾക്കു തന്നെ അറിയില്ലാ -
കവി: കൊറസ് എന്നതു മാതിരി തന്നെ, അല്ലേ.
കോറസ്: ആങ്, ഇപ്പോൾ പറഞ്ഞതേയ് - ഞങ്ങൾ - ഗേൾസ് - എത്ര പേരാണെന്ന് ഞങ്ങൾക്കു കൂടി അറിയില്ല. പക്ഷേ ക്രൂ തന്നെയാണേ ഞങ്ങൾ, ട്ട്വോ.
ശാസ്ത്ര: സമ്മതിച്ചു ഗാൾസ്.
കോറസ്: എന്നാൽ ഞങ്ങൾ അപ്പുറത്തേയ്‌ക്കൊക്കെ ഒന്ന് നീങ്ങട്ടെ, ഇനിയും വരാം, ചാഓ!
ശാസ്ത്ര: ഗിഗ്ൾസ്.
കവി: കൊറസ് .... ഞാൻ ആലോചിക്കുകയായിരുന്നു, ചുറ്റും എത്ര ഗേൾസ്?.
ശാസ്ത്ര: കപ്പലാണെങ്കിൽ മുങ്ങാൻ പോവുകയാണ്.
കവി: ഇഹലോകവാസം - ഹ ഹ ഹ - അവസാനിക്കാനും.
ശാസ്ത്ര: ഹതെ, എന്തു മാത്രം ഗേൾസ് ആണ്, എന്നിട്ടും ....
കവി: ഛെ, അതാണ് ഞാനും വിചാരിക്കുന്നത്. എന്തായാലും എല്ലാം ഒടുങ്ങാൻ പോവുകയല്ലേ, എന്നിട്ടും ...
ശാസ്ത്ര: ഈ പോയത് ഗേൾസ് പെൺകുട്ടികൾ ആണ് എന്നു വിചാരിക്കാം.
കവി: ഏയ്, അതെന്തിനാണ് അങ്ങനെ ഒരു ആലോചന. അവരെന്താ, പെണ്ണല്ലേ.
ശാസ്ത്ര: അല്ല, വേറെയുണ്ടല്ലോ, സ്ത്രീകൾ. ഒരു നടിയുണ്ട്, ഒരു ചിത്രകാരി, പിന്നേയും ആരെയൊക്കെയോ കണ്ടിരുന്നു.
കവി: പക്ഷേ നമുക്ക് തോന്നുന്നതുപോലെ എന്തുകൊണ്ട് അവർക്ക് തോന്നുന്നില്ല?
ശാസ്ത്ര: ഇപ്പോഴാണ് തോന്നുക സ്ത്രീവർഗ്ഗം ഇതുവരെ കാണിച്ചതെല്ലാം തട്ടിപ്പായിരുന്നെന്ന്. അങ്ങനെ അടങ്ങാത്ത ദാഹമൊന്നും അവർക്കില്ലെന്നേ.
കവി: കഷ്ടം, എത്ര ഗേൾസ്. അതിൽ ഒന്നിനെങ്കിലും ഒരു കോൾഗേൾ ആയിക്കൂടേ, അല്ലെങ്കിൽ റ്റാർറ്റ്.
ശാസ്ത്ര: ഇപ്പോഴാണ് ഓർമ, എനിക്ക് ഒരാളെ കാണാനുണ്ടെന്നേ! ... ഹ്ം, അപ്പോൾ കാണാം നമുക്ക് ഇനിയും, ഓൾറൈറ്റി?
കവി: റൈറ്റോ.
(ശാസ്ത്രൻ പുറത്തേയ്ക്ക്, പശ്ചാത്തലത്തിൽ കോറസ്)
കവി: (ആത്മഗതം) ഏയ്, ദുരന്തം എന്നൊന്നില്ല, ഹ ഹ, അല്ലെങ്കിലും ഈ സൗന്ദര്യം, സുഖം എന്നിവയെല്ലാം വാസ്തവത്തിൽ എന്താണ് - ആപേക്ഷികമല്ലേ എല്ലാം. ഓരോരോ പ്രതീതികൾ, തോന്നലുകൾ...
(ബട്ലർ വെപ്രാളത്തോടെ അതിലേ മുറിച്ചു കടക്കുന്നതിനിടയിൽ: വല്ല നീരാളിയോ കടൽപ്പന്നിയോ - ഒരു മത്സ്യകന്യകയെ കിട്ടിയാലെങ്കിലും മതിയായിരുന്നു. അല്ല, ഈ കടൽക്കാക്കകളെല്ലാം എവിടെപ്പോയി. ആൽബേട്രാസ്, അല്ലെങ്കിൽ കഴുകനോ - കഷ്ണം നുറുക്കി പൊരിച്ചെടുക്കാൻ എനിക്കിവിടെ ഒന്നും ഇല്ലാതായല്ലോ ദൈവമേ...)
മത്സ്യകന്യക: (ആരോടെന്നില്ലാതെ ) അയ്യേ - കവി, ചിന്തകൻ, ശാസ്ത്രജ്ഞൻ ഒക്കെ അവസാനം എന്താണ് ആലോചിക്കുന്നത് എന്നു കണ്ടോ, അയ്യയ്യേ, എന്നെ കണ്ടാലും. (നാണിച്ച് )
ഇവർ എന്നേയും വെറുതേ വിടില്ലല്ലോ. (കുലുങ്ങിച്ചിരിച്ചുകൊണ്ട്) അയ്യയ്യയ്യേ, കഷ്ടണ്ട്‌ട്ട്വോ! ....
കവി: (ചുറ്റും നോക്കി ) വേറെ ആരോ ഉണ്ടോ ഇവിടെ. ആരുടെയോ ആത്മഗതം കേൾക്കുന്നതുപോലെ ഒരു ...
മത്സ്യ: ഏയ്, ഇവിടെ, ഏയ്!
കവി: (ഞെട്ടിത്തിരിഞ്ഞ് ) ങ്‌ഹേ - ആരാണിത്!
മത്സ്യ: പരിഭ്രമിക്കേണ്ട, കാണാൻ പറ്റില്ല നിങ്ങൾക്ക് എന്നെ. പക്ഷേ നിങ്ങളെല്ലാം സങ്കല്പിക്കുന്നുണ്ടായിരുന്ന ആ മത്സ്യകന്യകയാണ് ഞാൻ.
കവി: എന്ത്, എന്തു ചെയ്യുന്നു നീ ഇവിടെ.
മത്സ്യ: അത് ഞാൻ എങ്ങനെ അറിയും!
കവി: എന്നുവെച്ചാൽ?
മത്സ്യ: എങ്ങനെയോ എന്തിലോ കുടുങ്ങിക്കിടക്കുകയാണ് ഞാൻ ഇവിടെ .... (ചിരിച്ച് ) പക്ഷേ അത് പരിശോധിച്ചറിയണമെങ്കിൽ - എങ്ങനെയാണ്, നിങ്ങൾക്കാർക്കും എന്നെ കാണാൻ പററില്ലാല്ലോ.
കവി: അതെയതെ, പക്ഷേ നന്നായി കൊഞ്ചുന്നു നീ.
മഝ്യ: ഉവ്വ്.
കവി: സ് - സ് - സ് - സുന്ദരിയുമാണോ കാണാൻ?
മത്സ്യ: സ് - സ് - സ് - സംശയമുണ്ടോ! (പൊട്ടിച്ചിരി ) കവിയല്ലേ, ഭാവനയിൽ കണ്ടു നോക്കൂ. ഏയ്, വേറെ ആരോ ഇങ്ങോട്ട് വരുന്നുണ്ടെന്നു തോന്നുന്നുണ്ടോ?
കവി: ശാസ്ത്രജ്ഞനാവുമോ - ഹ ഹ ഹാ, മഝ്യകന്യകയ്ക്ക് മുള്ളുണ്ടോ എന്ന് ആരായാൻ.
മത്സ്യ: വരുന്നുണ്ട് ആരോ, അല്ലേ.
കവി: എന്നാലെന്താണ് - ഓമനേ.
മത്സ്യ: അല്ല, ആർ വന്നാലും ഞാൻ ഇവിടെത്തന്നെ ഉണ്ടാവുമേ - പോയ്ക്കളയില്ല കേട്ടോ.
കവി: ഓഹോ, അതു നന്നായി എന്തായാലും .... ഞാനും ഒന്നു നടന്നിട്ടു വരാം എന്നു വെയ്ക്കാം - അല്ലേ ഝഷകന്യകേ!
ദ്യുതിക്ക് ഊണ് തന്നെ വേണം. അതും കരേലാ കോഫീ ഹൗസ് വരെ നടക്കാം എന്നാണ് അവൾ. രണ്ടോ മൂന്നോ ഫർലോങ് ദൂരമേയുള്ളൂ എങ്കിലും വെയിലല്ലേ.
സ്വന്തമായി ബൈക് ഇല്ലാതെ വേറെ എത്ര പേർ തന്നെ കാണും ഇവിടെ.
ഓടിച്ചു കാണിച്ച് ലൈസൻസ് എടുക്കാൻ എന്നെക്കൊണ്ടാവില്ല ഈ ജന്മം എന്നു തോന്നുന്നു. ഋ എന്ന് വൃത്തിയായി എഴുതേണ്ടേ. പണ്ടൊക്കെ ആയിരുന്നെങ്കിൽ നന്നായി പുഞ്ചിരിച്ചു കാണിച്ചാൽ രക്ഷപ്പെടുമായിരുന്നു എന്ന് ദ്യുതി സാക്ഷ്യപ്പെടുത്തുന്നു.
ഈ ഋ ഉണ്ടാക്കിയയാളെ വെടിവെച്ചു കൊല്ലണം ദ്യുതി, ആയില്യം തന്റെ തളികയിലേയ്ക്ക് മുഖം കുനിച്ചു. എത്ര കെട്ടുപുള്ളിയും വളച്ചുകെട്ടുമാണ്. എട്ട് ഒപ്പിക്കും ഞാൻ, എന്നാൽ ഋ ഉണ്ടല്ലോ ....
വെടിവെയ്ക്കണമെങ്കിൽ നമുക്ക് ഉണ്ണിഷ്ണനെ വിളിക്കാം.
ആര്, നിന്റെ ഉണ്ണ്യേട്ടനോ.
ആങ്, അവനിപ്പോൾ ന്യൂസീലാൻഡ് പുൽമേടുകളിൽ വേട്ടയല്ലേ പണി. ഒരു വിഡീയോ ഒക്കെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അത് കേട്ടിട്ടുണ്ട് മുമ്പ്. അവിടെ മാൻ, പന്നി, മയിൽ, കാട്ടാട് എന്നിവയെയെല്ലാം നിയമവിധേയമായി വേട്ടയാടാം. അത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട് സർക്കാർ. ഒരു മയിലിനെ കൊന്നിട്ട് തെളിവുമായി ചെന്നാൽ പ്രതിഫലം കിട്ടും. കൃഷിഭൂമിയുടെ ഉടമസ്ഥർ അതിന് കൂലിയും തരും.
ഇതൊന്നും പോരാഞ്ഞ് ആ ഇറച്ചി തിന്നുകയും ആവാം.
നല്ല ജോലി എന്നു തോന്നുന്നില്ലേ. പക്ഷേ ഏകാന്തത ഭീകരമാണ്. തുലോം കുറവല്ലേ ജനസംഖ്യ. പിന്നെ വെള്ളമയിലിനെ അബദ്ധവശാൽ പോലും കൊല്ലാതെ നോക്കുകയും വേണം. എളുപ്പമൊന്നുമല്ല തന്നെ ജീവിതം.
എന്നാൽ എളുപ്പവും ആണ്. വേതനം കുറച്ച് മതി എന്നുവെച്ചാൽ ഇങ്ങനെ ഒരു ജോലി കിട്ടും. വേട്ടക്കാരനാണെന്നു നടിച്ച് ഒരു തോക്കും പിടിച്ചു കൊണ്ട് പുൽമേടുകളിൽ അലഞ്ഞു നടക്കുക. മിക്കവാറും ഉണ്ണിഷ്ണൻ അതായിരിക്കും ചെയ്യുന്നത്.
ഈ ദൃശ്യങ്ങൾ കണ്ട് ആരും ഞെട്ടിത്തരിക്കരുത്. വേട്ടയ്ക്ക് വിലക്കില്ലാത്ത ഒരു നാട്ടിൽ നിന്നുള്ളതാണ് ഇവ എന്ന് ഓർക്കുക. മയിലിനെ അറുക്കുന്നതും പൊരിക്കുന്നതും മററും ഇതിൽ കാണിക്കുന്നത് ആരുടെയും സ്പർദ്ധ സമ്പാദിക്കാനായിട്ടല്ല. നമ്മുടെ രാജ്യത്തിന്റെ ദേശീയപക്ഷിയാണ് ഇത്. പക്ഷേ ഇത് അന്തമില്ലാതെ പെരുകിയതു കാരണം അവിടെയും എത്രയോ സ്ഥലത്ത് ആളുകളുടെ കൃഷി മുഴുവനും നശിച്ചിട്ടുണ്ട് എന്നറിയാം. ഇവിടത്തെ സർക്കാർ പക്ഷേ ജനങ്ങൾ മുടിഞ്ഞു പോവരുത്, അവരുടെ സ്വൈര്യം താറുമാറാവരുത് എന്നെല്ലാം കരുതി ഞങ്ങളെ ഇവിടെ വേട്ടക്കാരായി നിയമിച്ചിരിക്കുന്നു - എങ്ങനെയുണ്ട്, ബ്രോസ്...
എന്തൊരു സമഗ്രമായ മുഖവുര. ഇവളുടെ ഉണ്ണ്യേട്ടനും ഇങ്ങനെ തന്നെയാവുമോ അത് ചെയ്യുക ആവോ. ഉന്നം എന്നാൽ എന്താണെന്നു കൂടി അറിയാത്തവർക്കും കയ്യിൽ പിടിച്ചു നടക്കാൻ ഒരു തോക്കൊക്കെ കിട്ടും എന്ന നില വന്നത് എന്തായാലും നന്നായിട്ടുണ്ട്.
ദ്യുതി, ഞാൻ പറയാൻ മറന്നു, ഇവിടെ ഇപ്പോൾ നിറയെ ജിപ്‌സീസ് വരാറുണ്ട് -
എവിടെ, കോഫീഹൗസ്- ലോ?
അതെ, ഞാൻ ഇടയ്ക്ക് വരുമല്ലോ - കട്‌ലെറ്റ്‌സ്, സമോസ, ബോണ്ഡ ഒക്കെ തരക്കേടില്ലല്ലോ ഇവിടത്തെ. നോക്കുമ്പോഴുണ്ട് അപ്പുറത്തെ തെരുവിൽ തമ്പടിച്ചിരിക്കുന്ന പലരും ഇപ്പോൾ സുഖമായി ഇരുന്ന് കഴിക്കുന്നു ഇവിടെ - കുട്ടികളെയും കാണാം നിലത്തും മേശപ്പുറത്തും കിടന്നും ഉരുണ്ടു കളിച്ചുകൊണ്ടും. നമ്മളെ കുത്താൻ വരുന്നവൾ .... അവളെയും കണ്ടു ഒരൂസം. കൈ കഴുകിയിട്ട് ചുററും വെള്ളം കുടഞ്ഞു കളഞ്ഞു കൊണ്ട് നടന്നു പോയി.
അപ്പോൾ ഇവരുടെ ബിസിനെസ്?, അതിനെ ബാധിക്കില്ലേ ഇതൊക്കെ?
എങ്ങനെ. ബിഹാറി ജോലിക്കാർ, കുടുംബശ്രീമാർ, പിൻക് പൊലിസ് എല്ലാവരും ഇവിടെ നിന്നല്ലേ കഴിക്കുന്നത്. അതിന്റെ കൂടെ ജിപ്‌സീസ് കൂടി ആയി - സമത്വത്തിന്റെ ഒരു സ്ഥലമായിരിക്കുകയാണ് അങ്ങനെ ഈ കോഫീഹൗസ്.
നിന്റെ ഇത് കേൾക്കുമ്പോൾ നീ സന്തോഷത്തോടെയാണോ വിഷമം കൊണ്ടാണോ ഇതു പറയുന്നതെന്ന് മനസ്സിലാവുന്നില്ലല്ലോ .... ഓ, എന്തോ ആവട്ടെ, നമുക്ക് വേണമെങ്കിൽ വരാതിരിക്കാമല്ലോ ഇങ്ങോട്ട്.
ക്ലാസ് വ്യത്യാസം ഇല്ല എന്നൊക്കെ സങ്കല്പിക്കാമെന്നേയുള്ളൂ എന്നു തോന്നും ഇടയ്ക്ക് ദ്യുതി. ശരിക്കും പ്രശ്‌നങ്ങൾ ഉണ്ട്, അല്ലേ? .... അവൾ എപ്പോഴാണ് എന്നെ കോൽ കൊണ്ട് കുത്തുക, എന്റെ മേൽ എച്ചിൽ വെള്ളം തളിക്കുക എന്നൊക്കെ പേടിച്ച് ഇരിക്കണ്ടേ ഞാൻ -
ജയ്‌സാൽമെർ പോയപ്പോൾ താമസിക്കാൻ ജിപ്‌സി ഹോസ്ററൽ തിരഞ്ഞുപോയതിൽ കുററബോധം ആയോ?
അതല്ല ദ്യുതി - സമത്വം ഇത്രയധികം വേണ്ട എന്നു തോന്നുന്നു എനിക്ക് -
ഓ, പുതിയ സംഗതി അവതരിപ്പിക്കുന്നതു പോലെയാണല്ലോ നിന്റെ ഭാവം. എനിക്കേയ്, ആ പുതിയ നിവേദ്യയില്ലേ, അവളെയാണ് കൊല്ലണമെന്നുള്ളത് ആയില്യം. ഈ കാലിൽ കടന്നു പിടിക്കുന്ന ഒരു മുൾച്ചെടിയില്ലേ - വള്ളി, എത്ര കുടഞ്ഞാലും വിട്ടുപോവാത്തത് - അതുപോലെ പിടികൂടിയിരിക്കുകയാണ് അവൾ എന്നെ .... എന്തെങ്കിലും ഒരു വഴി ആലോചിക്ക് ആയില്യം എനിക്ക് രക്ഷപ്പെടാൻ -
ഇനിയും വെയിലിലേയ്ക്ക്, അവൾ പ്രാകി, എന്നാൽ അവിടെ നിന്ന് പുറത്തിറങ്ങിയതും കണ്ടില്ലേ വെളുക്കനെയുള്ള ആ ചിരി ഓട്രഷയുമായി എന്നെ കാത്തു നിൽക്കുന്നത്. ആ നൂററിയൊന്നു വാർത്ത വായിക്കുന്ന മോളല്ലേ ജ്ജ് - അസ്വതി.
അല്ല ഇക്കാ, നൂറ്റിയൊന്ന് വായിക്കാത്ത അശ്വതി - അശ്വതി തിരുനാൾ. ▮
(തുടരും)