ചിത്രീകരണം: ബൈജു ലൈലാ രാജ്

ബ്ലാ

രവി

34. ദ്വൈപായനം

ന്നെ കാണാൻ വന്ന പണ്ടത്തെ കൂട്ടുകാരിയുടെ മുന്നിൽ റോസ്​ വിതുമ്പിക്കൊണ്ടിരുന്നു. അവളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ദീപ കുഴങ്ങി. ഭംഗിവാക്കുകൾ വാരിയെറിഞ്ഞു ശീലമില്ലാത്ത മിതഭാഷിയായ ഒരാളല്ലേ ഞാൻ. ഇതുപോലുള്ള സന്ദർഭങ്ങളിൽ എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലല്ലോ ദൈവമേ എന്ന് മാഴ്കിപ്പോവും.

എന്തൊരു സങ്കടമാണ് ഇവളുടേത്.

ഇന്നലെ അവൻ – റ്റിൻറിൻ ഇരുന്ന് തേങ്ങ ചിരകുന്നുണ്ടായിരുന്നു ദീപേ. ചിരകിത്തീർന്നിട്ട് ചിരട്ടയുടെ അടിയിലെത്തി. പക്ഷേ എന്നിട്ടും അവൻ ചിരവമേൽ ഇരുന്ന് ചിരകിക്കൊണ്ടേയിരിക്കുന്നു ... എന്നിട്ട് ഞാൻ അത് പിടിച്ചുവാങ്ങിയപ്പോൾ അവൻ ഒരു ചോദ്യം: മമ്മാ, ആ മരിച്ചത് പപ്പാ ആയിരുന്നെന്ന് തിരിച്ചറിയേണ്ടിയില്ലായിരുന്നു, അല്ലേ.
പക്ഷേ പുള്ളിയെ ആരെങ്കിലും അറിയാതിരിക്കില്ലല്ലോ, ആ താടിയും മുടിയും എല്ലാം.

അവൻ എന്തിനാണ് അങ്ങനെ പറഞ്ഞത് എന്നറിയാവോ, ദീപേ. ഇത് എല്ലാവരും അറിഞ്ഞപ്പോൾ നാണക്കേടായല്ലോ. അവന് അത്രയല്ലേ ലോകവിവരം ഉള്ളൂ ...
എനിക്ക് തോന്നും, മുമ്പത്തെപ്പോലെ ലോക്ഡൗൺ ആയിരുന്നെങ്കിലോ എന്ന്. അപ്പോൾ സ്​കൂൾ ഉണ്ടാവില്ലല്ലോ ...
അവന് ആളുകളെ കാണാൻ ലജ്ജയാണ് ദീപേ. വീട്ടിൽ ഇരുന്ന് കളിക്കുന്നുമില്ല. അവൻ മുമ്പത്തെപ്പോലെ ഞാൻ ചത്തേ എന്ന് അലറിവിളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട് എനിക്ക് ...
ഇപ്പോൾ ഇടയ്ക്കിടയ്ക്ക് തേങ്ങ ചിരകട്ടെ എന്ന് ചോദിക്കും. എന്തിനാണ് അത്രയും തേങ്ങ ചിരകുന്നത്. പിന്നെ ഈ പല്ലവി തന്നെ.
മമ്മാ, പപ്പായെ തിരിച്ചറിയേണ്ടായിരുന്നു, അല്ലേ?

എങ്ങനെയാണ് വിഷയം ഒന്ന് മാറ്റുക എന്ന് അമ്പരന്നിരിക്കുകയായിരുന്നു ദീപ. എത്രയോ കാലമായി വായനാദിനം വരുമ്പോഴെല്ലാം നിന്റെ ജോൺ ചേട്ടനെ പ്രസംഗിക്കാൻ ക്ഷണിക്കണമെന്ന് വിചാരിക്കുമായിരുന്നു. പുള്ളി ഔപചാരികമായ ചടങ്ങുകൾക്കൊന്നും പോകില്ല എന്ന് അറിയാമായിരുന്നു എങ്കിൽകൂടി ....
പക്ഷേ പുള്ളിയെ ആരും ക്ഷണിച്ചുകാണില്ല എന്നതുകൊണ്ട് കൂടിയാവാമല്ലോ അത്. ഒരു പക്ഷേ അതോടെ ചേട്ടൻ നന്നായിരുന്നെങ്കിലോ .... ഇപ്പോഴാണെങ്കിൽ നേരിട്ട് വരണമെന്നുകൂടിയില്ല, ഒരു വിഡിയോ ക്ലിപ് കിട്ടിയാൽ മതിയാവും. ഓൺലൈൻ അല്ലേ എല്ലാം. എന്തായാലും ഇക്കുറി നിന്റെ ചേട്ടനെത്തന്നെ പങ്കെടുപ്പിക്കണം അതിൽ എന്ന് ഉറപ്പിച്ചതാണ് ഞാൻ.
കഷ്​ടം, വലിയ കഷ്​ടപ്പാടായിപ്പോയി. അറിയാമോ റോസേ, ഇപ്പോൾ വായനയുടെയെല്ലാം ചാർജ് എനിക്കാണ് ...

അതെന്താണ് ദീപേ – ഈ വായന, റോസ്​ മാറോടു ചേർത്തുവെച്ച കാൽമുട്ടുകളിൽ നിന്ന് തല ഉയർത്തി. അവളുടെ തലമുടി ചുറ്റും ചിതറിവീണു.
കണ്ണുകളിൽ ദൈന്യം പടർന്നുനിന്നു.

നിന്റെ ജോൺ ചേട്ടനെപ്പോലെ പണ്ട് ഒരു കവിയുണ്ടായിരുന്നു – കുഞ്ഞുണ്ണി. കുറിയ ഒരാൾ. പുള്ളി നാട്ടിൽ വായനാശീലം അഭിവൃദ്ധിപ്പെടുത്താനായിട്ട് കാൽനടയായി കേരളം മുഴുവനും നടന്നു. വായിച്ചു വളർന്നാൽ വിളയും വായിക്കാതിരുന്നാൽ വളയും എന്നു പാടിക്കൊണ്ട്. അയാളുടെ ഓർമ്മയ്ക്കായിട്ടാണ് ഈ ആഘോഷം. പ്രതിയൊക്കെ എടുപ്പിക്കും റോസേ അന്ന് കുട്ടികളെക്കൊണ്ട്. എന്തൊരു ദ്രോഹമാണെന്നു നോക്ക്. എനിക്ക് സങ്കടം തോന്നും, പിള്ളാരെ ഇങ്ങനെ ഞെക്കിപ്പഴുപ്പിക്കുന്നതു കാണുമ്പോൾ. വേണ്ടവർ വായിച്ചാൽ പോരേ, ഇങ്ങനെ വാശി പിടിക്കുന്നത് എന്തിനാണാവോ ദുഷ്​ടസർക്കാർ.

റ്റിൻറിൻ ഒന്നും വായിക്കാറേയില്ല ദീപേ.

ഇവർക്കൊക്കെ എന്ത് പുസ്​തകം. കാലം മാറിയില്ലേ റോസേ. വായിക്കാഞ്ഞിട്ട് ഇവർക്ക് വിവരത്തിന് വല്ല കുറവും ഉണ്ടോ ....
എനിക്ക് മടിയായിരുന്നു കുട്ടിക്കാലത്ത് വായിക്കാൻ. എന്നിട്ടു നോക്ക്, ഇന്നിപ്പോൾ എനിക്കു വന്ന ഗതികേട്.

ദീപേ, അവൻ എന്നോടു പറയുവാ മഠത്തിൽ ചേരാൻ. അവന്റെ വിചാരം അവിടെ ഞാൻ സുരക്ഷിത ആയിരിക്കുമെന്നാണ്. പിള്ളേർക്കെല്ലാം എന്തെല്ലാമോ തെറ്റിദ്ധാരണകളാണ്. കന്യാസ്​ത്രീ ആയാൽ അച്ചന്മാരുടെ പീഡനത്തിനു നിന്നു കൊടുക്കാനേ നേരം കാണൂ എന്ന് ഇവർക്കറിയാമോ ... മാത്രമല്ല, എന്നെയൊന്നും എടുക്കില്ലല്ലോ അവിടെ – അതിനൊക്കെ ചില ചിട്ടവട്ടങ്ങളില്ലേ, കന്യകയാവണ്ടേ ആദ്യം, പിന്നെയും പിന്നെയും നിർബന്ധിച്ചുകൊണ്ടിരിക്കുന്നു അവൻ പക്ഷേ, ഡാലിയ ശുപാർശ ചെയ്താൽ എടുത്താലോ, ശ്രമിച്ചുനോക്കിക്കൂടേ എന്ന്. ഡാലിയയെ പുറത്താക്കിയതല്ലേ അവർ.

ഒരുപക്ഷേ അവൻ ഉദ്ദേശിച്ചതിതാവും റോസേ. ഡാലിയ അവിടം വിട്ടതുകൊണ്ടുണ്ടായ നഷ്​ടം നികത്താൻ പകരമായി നിന്നെ കൊടുക്കാമെന്ന്. നീയാകുമ്പം വഴങ്ങിനിന്നുകൊള്ളുമല്ലോ എന്ന്.
ഓ, നിനക്കും എന്നെ സംരക്ഷിക്കാൻ തിരക്കായോ?
ശ്ശ്യോ, നീ ഇങ്ങനെ കരയാതെ എന്റെ റോസേ…

പക്ഷേ റോസ്​ നിർത്താതെ ഏങ്ങലടിച്ചുകോണ്ടേയിരുന്നു. എന്തൊരു നശിച്ച ജീവിതമാണ് ദീപേ, ഒപ്പം പഠിക്കുമ്പം നമ്മൾ എന്നെങ്കിലും വിചാരിച്ചിരുന്നോ എനിക്ക് ഭാവിയിൽ ഇത്ര കഷ്​ടപ്പാടുണ്ടാവുമെന്ന്.
ഏയ്, ഒരിക്കലുമില്ലല്ലോ, കൂട്ടത്തിലെ ഏറ്റവും ഭാഗ്യവതി നീയായിരുന്നല്ലോ അന്ന് റോസേ.

ദീപ നീട്ടിയ കൈകളിൽ റോസ്​ അമർത്തിപ്പിടിച്ചു. ഇരുവരുടെയും ഉള്ളംകൈകൾ വിയർത്തിട്ടുണ്ടായിരുന്നു. പിന്നെ അടുത്ത് ചേർന്നിരുന്നപ്പോൾ റോസ്​ ദീപയുടെ തോളിലേയ്ക്ക് തല ചായ്ച്ചു. റോസേ, നീ ഇവിടെ നിന്ന് താമസം മാററുകയല്ലേ, എങ്ങോട്ടാണത്?

ഡാലിയയാണ് എല്ലാം ശരിയാക്കുന്നത്. അവളുടെ സ്​ഥലത്തിനടുത്ത് ഒരു ഫ്ലാറ്റ്​ കണ്ടുവെച്ചിട്ടുണ്ട്, അത് വാങ്ങാം എന്ന് വെച്ചിരിക്കുകയാണ് .... ഈ വീട്ടിൽ ഞങ്ങൾ – ഞാനും ഇവനും – മാത്രമായിരുന്നല്ലോ. വല്ലാതെ കഷ്​ടപ്പെട്ടിട്ടുണ്ട് ദീപേ. ചിലപ്പോൾ വഴിയേ പോവുന്നവരൊക്കെ വന്ന് വാതിലിൽ മുട്ടും. മഹാകവി ഇവിടെ കാണില്ല എന്നറിയാമല്ലോ സകലർക്കും .... മടുത്ത് വശം കെട്ടിരുന്നു എന്റെ ദീപേ.
സാരമില്ല റോസേ, അതെല്ലാം കഴിഞ്ഞില്ലേ, കരയാതെ നീ.
എത്ര നാളായി ഞാൻ നന്നായി ഉറങ്ങിയിട്ട് .... അവിടെ സ്വസ്​ഥമായി ഉറങ്ങാം എന്ന് ഡാലിയ.
ഫ്ലാറ്റ്​ വാങ്ങുന്നത് എന്തായാലും നന്നായി. ഡാലിയ അടുത്ത് ഉണ്ടാകുമല്ലോ, അതും.
കുറേ കാശ് കിട്ടും മരിച്ചതുകൊണ്ട്, അതാണ് പുള്ളിയെക്കൊണ്ട് ആകെ ഉണ്ടായ ഗുണം എന്ന് ഡാലിയ.
ആശ്രിതയായ നിനക്ക് ജോലിയും കിട്ടുമായിരിക്കില്ലേ.
ആർക്കറിയാം ദീപേ, ഞങ്ങൾ ഒരു ദ്വീപിലേയ്ക്ക് ഒതുങ്ങിക്കൂടുന്നതാണ് നല്ലത് എന്ന് ഡാലിയ.
എല്ലാം നോക്കാൻ ഡാലിയ ഉള്ളത് ഭാഗ്യം.
ലോകവുമായി ബന്ധമൊന്നുമില്ലാതെ. ഭയങ്കര സെക്യുരിററി ആണേത്ര അവിടെ. ഇരിക്ക്, നിനക്ക് ചായ അനത്തിത്തരാം ഞാൻ ദീപേ.
ഏയ്, നീയാ മുഖമൊന്നു കഴുക് റോസേ, വല്ലാതെ ഇരിക്കുന്നു കാണാൻ.

ബൃഹദാഖ്യാനമേ തുലഞ്ഞുപോ

(രാവിലെ നടന്നും ഓടിയും ഉർവ്വിയും പുരോഷും ഇതിലേ)

ഉർവ്വി: അങ്ങനെ, മഴ കഴിഞ്ഞു എന്നു തോന്നുന്നു, അല്ലേ പുരോ.
പുരോ: ശമിച്ചതുപോലെ, ഉണ്ട് ഉർവ്വി.
ഉർവ്വി: കുറേ കാലമായിട്ട്, എന്തൊരു മഴയായിരുന്നു.
പുരോ: കുറേ കാലം ഒക്കെ ഉണ്ടോ, കുറേ ദിവസം പോരേ. മൺസൂൺ ആയിരുന്നില്ലേ ഉർവ്വി. മഴ പെയ്യണ്ടേ. ആവശ്യമല്ലേ നമുക്കത് .... (ചിരിച്ച്) എന്തേ, ഉർവ്വിക്ക് ഇഷ്​ടമല്ലേ മഴ.
ഉർവ്വി: ഭയങ്കര ഇഷ്​ടമൊന്നും ഇല്ല അത് എനിക്ക്. പക്ഷേ പേടിക്കണംട്ട്വോ അത് പറയാൻ. ഓരോരുത്തർക്ക് എന്തൊരു ആരാധനയും ഭ്രമവുമാണ് – മഴ, മഴ, മഴ എന്ന് എത്ര കവിതയാണ് എഴുതുക അല്ലേ, ആളുകൾ.
പുരോ: ഹ ഹ, അതെയതെ. കുറച്ച് അധികം വാഴ്ത്തുന്നുണ്ട് മഴയെ എന്ന് എനിക്കും തോന്നാറുണ്ട്, മഴൈ വാഴ്ത്തുക്കൾ.
ഉർവ്വി: ആമഴ, ഈമഴ, ഈമഴ, തീമഴ, പൂമഴ, തേൻമഴ…
പുരോ: ഹ ഹ ഹ, പാൽമഴ, മിഠായിമഴ, അമ്ലമഴ, ....
ഉർവ്വി: ഒരാൾ മഴ ഇഷ്​ടല്ലാന്നോറ്റെ പറഞ്ഞാൽ എല്ലാവരും കൂടി എറിഞ്ഞു കൊല്ലുമായിരിക്കും, അല്ലേ പുരോ.
പുരോ: ശരിയാണ് ഉർവ്വി, ഒരുപക്ഷേ.
ഉർവ്വി: അതെന്താണ് പുരോ ആളുകൾ ഇത്ര ഫനററിക് ആവുന്നത്.
പുരോ: മഴയോട് പക്ഷേ വെറുപ്പ് ഒന്നുമില്ല ഉർവ്വിക്ക് – എനിക്കറിയാം. മഴ കാണുന്നത്, കൊള്ളുന്നത് – ഇതിനെക്കുറിച്ചൊക്കെ ഉർവ്വി നന്നായി കുറേ സംസാരിച്ചിട്ടുണ്ട്, എനിക്ക് നല്ല ഓർമ്മയുണ്ട്.
ഉർവ്വി: പ്രശ്നം എന്റെ ഇഷ്​ടക്കേടല്ലല്ലോ പുരോ. ചിലരുണ്ടല്ലോ, വല്ലാത്ത അതിശയോക്തിയാണ്.
പുരോ: അവർ ചെയ്തോട്ടെ ഉർവ്വി, നമുക്കെന്താണ്.
ഉർവ്വി: പക്ഷേ മേൽ വന്നു വീഴുമല്ലോ ചിലർ. ഇന്നാളൊരു കുട്ടി ചോദിക്കുകയാണ്, ഇത്ര കാലമായിട്ടും ഉർവ്വി മഴയെപ്പററി ഒരു കവിത പോലും എഴുതിയില്ലേ!
പുരോ: അതിന് ഉർവ്വി എഴുതാറില്ലല്ലോ കവിത.
ഉർവ്വി: അതല്ലേ രസം, ഞാൻ ഞാൻ ഞാൻ എന്നൊരു കുഞ്ഞി റൈം പോലും എഴുതിയിട്ടില്ലല്ലോ ഞാൻ. എന്നിട്ട് അവളുടെ ഒരു ഗീർവാണം – മഴയെപ്പററി നാലുവരിയെങ്കിലും എഴുതാത്ത മനുഷ്യരുണ്ടോ!
പുരോ: (ചിരിച്ചു കൊണ്ട് എന്നാൽ ഈണത്തിൽ)
ചാഞ്ഞു പെയ്യുന്നോരീ മഴ
എന്റെ മനസ്സിന്റെ കൂമ്പാളയിൽ
ചർവ്വിതചർവ്വണം ചിജ്ജഡചിന്തനം
എങ്കിലും ചിരചേതോഹരം ....
ഉർവ്വി: അയ്യോ പുരോ, ഇത് .... ഇത് എവിടെ നിന്നു കിട്ടി, കവിത പോലെയുണ്ടല്ലോ, കവിതയല്ലേ ഇത്.
പുരോ: അതുപോലെയുണ്ട്, അല്ലേ ഉർവ്വി?
ഉർവ്വി: ആങ്, സത്യായിട്ടും, പുരോ ഉണ്ടാക്കിയതാണോ ഇത്.
പുരോ: ഹ ഹ, ഇത് ഉണ്ടാക്കാനാണോ ബുദ്ധിമുട്ട്. ഉർവ്വി ശ്രമിച്ചുനോക്കാഞ്ഞിട്ടാണ്. മര്യാദക്കാർക്കൊക്കെ ഈ സങ്കോചം തോന്നുമല്ലോ. അതിനാൽ അവർ എഴുതാതിരിക്കുന്നു. പക്ഷേ അവരുടെ വർത്തമാനത്തിൽ, പെരുമാറ്റത്തിൽ കവിത – തുളുമ്പുന്നു.
ഉർവ്വി: പുരോ, എന്താ ഇതിെൻ്റയൊക്കെ അർത്ഥം.
പുരോ: ഒന്നുമില്ല ഉർവ്വി. എന്നെ സംബന്ധിച്ചിടത്തോളം ഉർവ്വി എന്നേ ഒരു നല്ല കവിയാണ്.
ഉർവ്വി: ആണോ? (നാണിച്ച്, എന്നാൽ ആമോദപൂർവ്വം) ശരിക്കും പുരോ?
പുരോ: ഹ, സംശയമുണ്ടോ. ഉർവ്വി മഴയെക്കുറിച്ചെന്നല്ല ഒന്നിനെക്കുറിച്ചും എഴുതേണ്ട ഒരാവശ്യവുമില്ല.
ഉർവ്വി: ഹ്ം, ഹ്ം, എനിക്ക് നല്ല ആശ്വാസമായി പുരോ, പുരോ രക്ഷിച്ചു എന്നെ.
പുരോ: ഏയ്, ഞാൻ ഔദാര്യം കാണിച്ചതൊന്നുമല്ല, ഒരു വാസ്​തവം ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ.
ഉർവ്വി: ശരി ശരി ശരി, ഓഹ് പുരോ, സന്തോഷമായി .... ആ കുട്ടി എന്തൊക്കെയാണ് വീമ്പടിച്ചത് എന്നറിയാമോ പുരോ, മൂന്ന് പ. മലയാളിയാണെങ്കിൽ മൂന്ന് വിഷയം വെച്ച് എഴുതണം ത്രേ കവിത.
പുരോ: ഓഹോ, അങ്ങനെയുണ്ടോ ഒരു നിയമം.
ഉർവ്വി: നിർബന്ധായിട്ടും വേണം എന്ന്.
പുരോ: ആവട്ടെ, എന്താണീ മൂന്ന് പ.
ഉർവ്വി: പെട്രിഖോ, പഞ്ചാമൃതം, പവിഴദ്വീപ്.
പുരോ: പെട്രിഖോ – അതിന് മലയാളം ഇല്ല, അല്ലേ?
ഉർവ്വി: അതിപ്പോൾ ഏതു ഭാഷയാണെന്ന് അറിയാത്ത ഒരു വാക്കല്ലേ, ഏതും ആവാമല്ലോ ... പക്ഷേ ശരിയാണ്, കേട്ടാൽ മലയാളം ആണെന്ന് തോന്നില്ല.
പുരോ: ഉണ്ടാക്കാൻ ഒന്ന് ശ്രമിച്ചു നോക്കൂ ഉർവ്വി.
ഉർവ്വി: പുതുമണം, മൺവാസന, അങ്ങനെ എന്തെങ്കിലും?
പുരോ: പക്ഷേ മഴ കൂടി വേണ്ടേ, പുതുമഴമണം എന്നൊക്കെ ആയാൽ കൃത്രിമം പോലെ തോന്നും. നമുക്ക് ഒരു ഒററ വാക്കല്ലേ വേണ്ടത്.
ഉർവ്വി: മഴമണം പോരേ, ആദ്യത്തെ ആ മഴയ്ക്കല്ലേ ആ വാസന ഉള്ളൂ.
പുരോ: പഞ്ചാമൃതം ശരി, സവർണ്ണമധുരം .... പക്ഷേ എന്താണ് ഈ പവിഴദ്വീപ്.
ഉർവ്വി: ആങ്, അവൾ പറയുകയാണ്, ഒരു കേരലൈറ്റ്​ എന്തായാലും കടപ്പുറത്ത് പോയി അപാരതയിലേയ്ക്ക് നോക്കി നെടുവീർപ്പിട്ടു കൊണ്ട് നിന്നിരിക്കും – ത്രേ… ചക്രവാളത്തിനപ്പുറത്തുള്ള അജ്​ഞാതദ്വീപിനെയും അവിടേയ്ക്കുള്ള സവാരിയെയും – എല്ലാം സങ്കല്പിച്ചുകൊണ്ട് ഒരു കവിതയെങ്കിലും എഴുതിയിരിക്കുമേത്ര ഒരു – ഒരു ....
പുരോ: ശരാശരിക്കാരൻ?
ഉർവ്വി: ഹ ഹ ഹാ, അതെ പുരോ, അതുതന്നെ.
പുരോ: ഹേ ഉർവ്വി, അറബിക്കടലിൽ ഒരു പുതിയ കര പൊന്തി വന്നിട്ടുണ്ടല്ലോ ഈയിടെ, അറിഞ്ഞില്ലേ അത്.
ഉർവ്വി: പുതിയ ദ്വീപേ പുതിയ ദ്വീപേ
എവിടെയായിരുന്നു നീ ഇതുവരെ
പൊന്തി വരാനെന്തേ ഇത്രയും വൈകി ....
പുരോ: ഹ ഹ ഹാ ഹോ ഹാ, എന്തൊരു കവിത ഉർവ്വി…

ഒന്നാമതായി, ലക്ഷം ഒന്നും ഇല്ല ദ്വീപുകൾ.

നാല്പതിൽ താഴെ കൊച്ചുകരകൾ, അതിൽ പത്തുപതിമൂന്നെണ്ണത്തിലേ ആൾ താമസമുള്ളൂ. ലാകഡൈവ്സ്​ എന്നും വിളിക്കാറുണ്ട് ഈ ദ്വീപസമൂഹത്തെ. ആർകിപെലഗൗ തന്നെ എങ്കിലും അത്ര ബൃഹത്തല്ല.

ചെംതീ ഒററയ്ക്ക് കടപ്പുറത്ത് നടക്കാൻ ഇറങ്ങിയതായിരുന്നു. വെള്ളത്തിൽ രണ്ട് കടലാമകൾ കിടന്നു തുഴഞ്ഞുകളിക്കുന്നത് കണ്ടുകൊണ്ട് കുറേ നേരം നിന്നു. ഇത്തരം കാഴ്ചകൾ ഈ ജീവിതത്തിൽ സാദ്ധ്യമാകുമെന്ന് നിനച്ചിട്ടുള്ളതല്ല.

നന്ദിപുരസ്സരം അയാൾ നീലാകാശത്തിലേയ്ക്ക് നോക്കി നിന്നു. ചിത്രകലാപരിഷത്തിന് എന്നെ ഇങ്ങോട്ട് ക്ഷണിക്കാൻ തോന്നിയല്ലോ. ഇവിടെ താമസിക്കുന്ന ഒരു ആഴ്ച കൊണ്ട് മൂന്നേമൂന്ന് വലിപ്പമുള്ള നാല് ചിത്രങ്ങൾ വരച്ചു കൊടുക്കണം എന്നേയുള്ളൂ നിബന്ധന. സുഖവാസം ഒരു ഒരാഴ്ച എന്നതിൽ നിന്നു നീട്ടിത്തരില്ല. വരച്ചുതീർക്കാനായില്ല നാലെണ്ണം എന്ന ന്യായം വിലപ്പോവില്ല. അനുമതി കിട്ടിയിട്ടുള്ളത് അത്ര കാലം മാത്രം ഇവിടെ തങ്ങാനാണ്. ഇങ്ങോട്ട് കപ്പലിൽ വന്നു, കുഞ്ഞാലിമരയ്ക്കാർ. തിരികെ പോവുക പറന്നാണ്. ഒരു ചെറിയ വിമാനമുണ്ട്, അതിൽ.
കടൽ തന്നെയാണ് ഏററവും പ്രധാനം. ഇത്തിരി ദൂരം എങ്ങോട്ടു നടന്നാലും തിരച്ചാർത്തിൽ എത്തും. ഒരുതരം പൊടിമണലാണ് കരയിലുള്ളത്. അത് പവിഴപ്പുററുകൾ പൊടിഞ്ഞുണ്ടായതാണേത്ര. തെങ്ങല്ലാതെ മുരിങ്ങമരം മാത്രമാണ് എങ്ങും കാണുന്നത്. കേരളത്തിനെ ഇവിടത്തുകാർ വൻകര എന്നു വിളിക്കുന്നു.

ഞാൻ ഇവർക്ക് വൻകരയിൽ നിന്നു വന്ന ഒരു വിദ്വാൻ.

ഇവരെയും ട്രൈബ്​ ആയിട്ടാണ് കൂട്ടിയിരിക്കുന്നത്. ഇവരെക്കാളും വലിയ ആദിവാസിയാണ് ഞാൻ എന്ന് ഇവരുണ്ടോ അറിയുന്നു. ഇവർക്ക് ഞാൻ വൻകരയിൽ വാഴുന്ന കേമൻ.
പൊതുവേ നിഷ്കളങ്കരാണ് ആളുകൾ. കവരറ്റി എന്ന മുഖ്യദ്വീപിൽ ഉള്ളവർ കേരളീയരുമായുള്ള അതിസമ്പർക്കം മൂലം കുറേ സാമർത്ഥ്യമൊക്കെ ആർജ്ജിച്ചിട്ടുണ്ട്. വേലിയും മതിലും ഒന്നും ഇല്ലായിരുന്നു ഇവിടെ ഒരു കാലത്ത്. എന്നാൽ ഇപ്പോൾ പുരയിടങ്ങൾ വേർതിരിച്ചു കാണുന്നുണ്ട്. മുരിങ്ങക്കായയും അത്യാവശ്യം തേങ്ങയും വെറുതേ തരും. അടുപ്പം തോന്നിയാൽ തേങ്ങകൊണ്ട് ഉണ്ടാക്കിയ ചില പലഹാരങ്ങളും സമ്മാനിച്ചേയ്ക്കും. അത്യാവശ്യം സൗകര്യമുള്ളവരെല്ലാം സൽക്കാരപ്രിയരുമായിരിക്കും. മിക്കവരും കോയമാരാണ് ഇവിടെ – മുത്തുക്കോയ, ആലിക്കോയ, കുഞ്ഞിക്കോയ, .... മിനികോയ് എന്ന ദ്വീപിൽ നിറയെ ഉള്ളത് മണിക്ഫാൻ ആകുന്നു.

കടൽ മാത്രമല്ല ഇവിടെയുള്ളത്. ഇവിടെ കരയോടു ചേർന്നു നിൽക്കുന്ന അലയടിക്കാത്തതും ആഴം കുറഞ്ഞതുമായ ജലാശയം – ബില്ലം അഥവാ ലഗൂൺ – കാണാൻ അതിമനോഹരമാണ്. അതിന്റെ ലൗകികമല്ലാത്ത ഒരു തരം നീലനിറം വെയിലിൽ വെട്ടിത്തിളങ്ങുന്നത് കാണണം!
ആ വെള്ളത്തിൽ മുങ്ങിക്കിടന്നാൽ മടുക്കില്ല. നക്ഷത്രമത്സ്യം, കടൽച്ചേന, സന്യാസിഞണ്ട് എന്നിവ സുലഭം. ഒരിക്കൽ ഒരു നീരാളിയെയും കണ്ടു ഞാൻ.
കരയിൽ കാക്കയും നായയും പാമ്പും ഇല്ല. സ്​ത്രീകൾക്ക് ആരെയും പേടിക്കേണ്ട പോലും. കൂര എന്ന മീൻ ധാരാളമായി കയറ്റുമതി ചെയ്യുന്നു, മീര എന്ന കള്ള് അത്യാവശ്യം വേണ്ടവർ മാത്രം ആസ്വദിക്കുന്നു.
വിദേശം പോലെയൊക്കെ ആദ്യം തോന്നിപ്പോയെന്നേയുള്ളൂ. ഇത് ഏകദേശം കേരളം പോലെ തന്നെ. മഹല്ല് എന്നൊരു ഭാഷ കൂടിയുണ്ട് ഇവിടെ. മലയാളം സംസ്​കാരിക്കുക ഒരു പർത്യേക ശൈലിയിലാണ് എന്ന വ്യത്യാസവും ഉണ്ട്.
പശ്ചാത്തല വിവരണം നിർത്തി രാഷ്ട്രീയം നോക്കിയാൽ എന്റെ ഊരിലെ കൂട്ടരുമായി ഈ സമുദായങ്ങൾക്ക് ചില സാമ്യങ്ങളുണ്ട്. ഇവിടെ ഇപ്പോൾ എന്നെയൊക്കെ വേറെ ഒരു രാജ്യത്തിൽ നിന്നു വരുന്ന ആൾ എന്നതുപോലെയല്ലേ ഇവർ നോക്കിക്കാണുന്നത്. കാരണം വൻകര അവർക്ക് വേറെ ഒരു ലോകം. അതേമാതിരി എന്റെ ഊരിൽ ചെന്നുനോക്കൂ, ഭാരതം എന്നാൽ എന്താണെന്നൊന്നും മിക്കവർക്കും അറിയില്ല.
എന്നാൽ അത് ദേശേദ്രാഹമാണെന്ന് കല്പിക്കാമോ.

ഏതു ദ്വീപിൽ ഉള്ളവർക്കും – അതായത് സ്വതന്ത്രരാഷ്ട്രമല്ലാത്ത ഏതിലും – ഈ ഒരു മനോഭാവം ഉണ്ടായിരിക്കും. അവർക്ക് തങ്ങൾ വേറെ ഏതോ ഒരു നാട്ടുകാരാണെന്ന് സ്വയം തോന്നും. ഭാരതമോ, അത് നിങ്ങളുടെ സാമ്രാജ്യമല്ലേ എന്ന് ചോദിച്ചെന്നുവരും ഇവർ എന്നോട്.
ഇല്ല, അതിന്റെ പേരിലൊന്നും ആരെയും തുറുങ്കിലടയ്ക്കില്ലായിരിക്കും, അല്ലേ. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആരാണെന്ന് അവർക്ക് അറിയില്ലെങ്കിൽ അത് അക്ഷന്തവ്യമായ ഒരു അപരാധമൊന്നും ആവില്ല .... അതോ ആവുമോ ഇനി.
സാധാരണയായി ഞാനും നടിക്കാറുണ്ടല്ലോ നാട്ടിലെ സമ്പ്രദായങ്ങൾ അറിയില്ല എന്നെല്ലാം. മുഖ്യധാരയോട് ഉള്ളിൽ അടങ്ങാത്ത അമർഷം ഉള്ളതുതന്നെയാണ് കാരണം. പക്ഷേ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. എന്നാണാവോ അവർ എന്റെ മേൽ ചാപ്പകുത്തുക…

നാട്ടിൽ ഒരു ഭക്തകവി തീപ്പെട്ടിട്ടുണ്ട്. മാനവേദൻ. സാമൂതിരി വംശമാണേത്ര. കൃഷ്ണൻ എന്ന ദൈവത്തെപ്പററി കുറേയേറെ ഭക്തിഗീതങ്ങൾ എഴുതിയിട്ടുണ്ട് അയാൾ. രാധയുടെ പയോധരത്തോടാണോ എന്നോടാണോ അധികം ഇഷ്​ടം എന്ന് ഒരു പുരുഷശബ്ദം കൊഞ്ചിപ്പാടുന്നതു കേൾക്കുമ്പോൾ ജുഗുപ്സ തോന്നാത്തത് എന്തുകൊണ്ടാണാവോ ആളുകൾക്ക്. എന്തായാലും അവസാനമായി വരച്ചുതീർന്ന എന്റെ ചിത്രത്തിന് നല്ല അംഗീകാരം കിട്ടുമെന്ന് നിശ്ചയമായിട്ടുണ്ട്. കറുപ്പിന്റെ പല അടരുകൾക്കു മേലെ നില്ക്കുന്ന പൂർണ്ണചന്ദ്രൻ. അതിനു ചുററും ഒരു പരിവേഷവും നന്നായി കാണാം. അതിന് എന്തുപേർ നല്കണമെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു. മൂന്നെണ്ണത്തിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കേണ്ടിയിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം.

ഗുരുപൂർണ്ണിമ
ബുദ്ധപൂർണ്ണിമ
വ്യാസപൂർണ്ണിമ

എന്തായാലും അതിൽ അവസാനത്തേതു മതി എന്നാണ് തീരുമാനിച്ചത്. ഒരു ആദിവാസിയാണ് അതിെൻ്റ കർത്താവ് എന്നത് ഓർക്കണം. മഹാഭാരതത്തിന് അഭിമാനിക്കാൻ മറ്റെന്തുവേണം.

ആ.ഭാ.സം.
വിജയിപ്പൂതാക.

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments