ചിത്രീകരണം: ബൈജു ലൈലാ രാജ്

ബ്ലാ

രവി

35. കാണി

ത്രാമത്തെ പ്രാവശ്യമാണ് ഞാന്‍ ഈ പാരിസ് സന്ദര്‍ശിക്കുന്നത്. എണ്ണം മറന്നിരിക്കുന്നു. പത്തില്‍ താഴെയാണ് എന്നറിയാം, എന്നാലും ഭയങ്കരമല്ലേ, അല്ലേ!

സമകാലീന സാഹചര്യത്തില്‍ തന്നെ മരുവുന്ന പരമഹംസനെ കാണുവിന്‍. എന്തൊരു പ്രസരിപ്പാണ് ഇപ്പോള്‍ എനിക്ക്. ലോകത്തിന്റെ ഉച്ചിയില്‍ കാല്‍കുത്തിനില്‍ക്കുന്ന ഒരു പ്രതീതി.

എന്തുകൊണ്ടാണ് ഈ നഗരത്തോട് ഇത്ര പ്രേമം എന്നോ. സംഗീതം, തത്വചിന്ത, സാഹിത്യം എല്ലാം ഉവിച്ചത് ഇവിടെയായിരുന്നില്ലേ. ഫാഷന്‍ എന്നതിലെ അവോങ്​ഗാദ്. ചുംബനത്തിലും രതിക്രീഡയിലും ഏറ്റവും അനുഭൂതി കണ്ടെത്തിയവര്‍. അരാജകവാദത്തോളം പരീക്ഷണങ്ങളില്‍ മുഴുകിയവര്‍.

ഏതാനും പാരിസ് ചലച്ചിത്രങ്ങള്‍ ഓര്‍ക്കാറുണ്ട് എപ്പോഴും, പല ഭാഷകളിലായി. എന്നാല്‍ അതില്‍ ഏററവും രസിപ്പിച്ചിട്ടുള്ളത് തോഴാ എന്ന തമിഴ് പടമാണ്. അറുപൈങ്കിളി ആണെങ്കിലും ഞാന്‍ നന്നായി ആസ്വദിച്ച ഒന്ന്.

വിക്രമാദിത്യന്‍ എന്ന ബഹുകോടീശ്വരന്‍ (നാഗാര്‍ജുനയാണ് നടന്‍ - മലയാളത്തിലെ ആ തലമുറക്കാരേക്കാളും ഭേദം, പൊണ്ണത്തടി ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നില്ലാത്തതിനാല്‍). ശയ്യാവലംബിയായിത്തീര്‍ന്നിട്ടും തന്റെ സ്വപ്നനഗരിയായ പാരിസ് കാണാന്‍ എത്തുന്ന കഥ, രാത്രിയിലെ ആ തേരോട്ടപ്പന്തയം എന്തു രസമായിട്ടാണ് എടുത്തിരിക്കുന്നത്.

വിക്രമിന്റെ സഹചാരിയായിത്തീരുന്ന ഒരു യുവാവും (പേര്‍ ഓര്‍മ്മയില്ല) പ്രിയപ്പെട്ട തമന്നായും കൂടി ഉണ്ട് അതില്‍. അറിയാതെ കണ്ണുനിറഞ്ഞു കാണുമ്പോഴാണ് ഞാന്‍ എങ്ങനെ ഇത്ര തരളിതനായിത്തീര്‍ന്നു എന്ന് അതിശയിക്കുക. ഹ ഹ ഹ, ഈ ഹൃദയസ്പര്‍ശികളെക്കൊണ്ട് ഞാന്‍ തോറ്റു…

ചിന്തകരും ചിത്രകാരന്മാരും പതിവായി ഒത്തുകൂടിയിരുന്ന ഓരോ കഫെറ്റെരിയാ കാണുമല്ലോ. ആദ്യം അതൊക്ക കാണാന്‍ വലിയ ആവേശമായിരുന്നു. സിമോങ് ഇടപഴകിയ ചുറ്റുപാടുകള്‍. പിന്നെ തെരുവുകളിലെ രാത്രി നടത്തം. എന്നാല്‍ പഴയ പാരിസ് അല്ല ഇപ്പോഴുള്ളത്. അപകടം പതിയിരിക്കുന്നുണ്ട് അങ്ങുമിങ്ങും. അസ്വസ്ഥബാധിതമാണ് പല പ്രദേശങ്ങളും. എന്നാല്‍ കൂടി, ഒരു പക്ഷേ, ആരോ ആരോപിച്ചതുപോലെ, പഴയ ഭാവുകത്വം ഭേസി നടക്കുന്ന ഒരാള്‍ ആയതുകൊണ്ടാവാം, പാരിസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് ഒരു ഉന്മേഷം കിട്ടുന്നു.

ല്യൂൗര്‍ മുഴുവനും കാണുക എന്നത് ആര്‍ക്കെങ്കിലും സാദ്ധ്യമാണോ. ഒരു ചിത്രത്തിന് ഒരു നിമിഷം മാത്രം എടുത്താലും മാസങ്ങളൊക്കെ വേണ്ടിവരും അവ കണ്ടുതീര്‍ക്കാന്‍ എന്നൊരു കണക്ക് കണ്ടു. അപ്പോള്‍ മിക്കവരും ചെയ്യുക ഏറ്റവും പ്രസിദ്ധമായ ഒരു ചിത്രത്തിന്റെ അടുത്തേയ്ക്കു ചെന്ന് - മുക്കാലേ മിക്കവാറും മൊനാലീസാ - അതിന്റെ ഒപ്പം ഒരു സെല്‍ഫീ എടുക്കുക എന്നതാണ്. എന്നാല്‍ വാസ്തവം എന്താണെന്നോ. ഞാന്‍ അതിനുകൂടി മുതിരില്ല. എന്താണെന്നിറിയില്ല, അങ്ങോട്ട് കയറാന്‍ തോന്നാറില്ല.

ചില്ലു കൊണ്ടുള്ള ആ പിരമിഡ് പക്ഷേ കണ്ടിട്ട് മതിയാവാറില്ല.

എത്രയോ കാലമായി പരിചയമുള്ള ചിത്രങ്ങളുണ്ട്. എന്നാല്‍ അവ നേരിട്ടുകാണണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നു തോന്നുന്നു. മനസ്സില്‍ പതിഞ്ഞ കുറേയെണ്ണം ഉണ്ടല്ലോ, അവയ്ക്ക് എന്തെങ്കിലും ഇളക്കം തട്ടിയാലോ എന്ന പേടി കൊണ്ടാവാം ഒരു പക്ഷേ.

മൊനാലീസാ തന്നെ നോക്കുക.
എന്താണ് അതിനുള്ള കേമത്തം. തൊണ്ണൂറുശതമാനത്തിലധികം ആളുകള്‍ അതിനു മുന്നിലാണേത്ര തിരക്കുകൂട്ടുന്നത്. എന്നാല്‍ ഇവരെല്ലാം ആ ചിരിയില്‍ സവിശേഷത തോന്നിയിട്ടുതന്നെയാണോ നേരെ അത് തിരഞ്ഞു ചെല്ലുന്നത്.

അങ്ങനെ പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നതൊന്നുമില്ല ആദ്യം അത്. സാമാന്യം ചെറിയതുമാണ് ചിത്രം. നേരിയ പുരികങ്ങളേ അവള്‍ക്ക് ഉള്ളൂ എന്നതില്‍ എന്താണ് ഇത്ര കൗതുകം കൊള്ളാന്‍. പിന്നെ പെറുഗിയ എന്ന ഒരാള്‍ പ്രദര്‍ശനശാലയില്‍ നിന്ന് ഈ ചിത്രം മോഷ്ടിച്ചതാണ് ഒരു വഴിത്തിരിവായത്.

എന്തിന് അയാള്‍ അത് കട്ടു എന്ന് എല്ലാവരും അതിശയിച്ചു. അത് യഥാസ്ഥാനത്ത് പുനഃസ്ഥാപിച്ചതോടെ കാണികള്‍ അതില്‍ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ തുടങ്ങി. ആ വേളയിലാണ് ആ പുഞ്ചിരിയില്‍ ഒരു നിഗൂഢത ഉള്ളതായി ആരോ അനുമാനിച്ചുകളഞ്ഞത്.

അതോ ഗുപ്തവിസ്മയമോ.

ല്യൂൗര്‍ ഒഴിവാക്കുമെങ്കിലും മ്യുലാങ് റൂഴ്ഷ് ഒരിക്കലെങ്കിലും സന്ദര്‍ശിക്കും ഓരോ തവണയും. ഏറ്റവും വര്‍ണ്ണശബളമായ ഷോ അല്ലേ. അന്ധന്മാര്‍ കൂടി വരാറുണ്ട് പോലും ഇവിടെ ഇഷ്ടം പോലെ. അതായത് കാഴ്ചശക്തി ഇല്ലാത്തവര്‍ക്കുകൂടി അനുഭവവേദ്യമാകുന്നുണ്ടാവണം ആ പൊലിമ.

നഗ്നസുന്ദരിമാരെ കണ്ട് കണ്ണഞ്ചിപ്പോവും. അതും എത്ര എത്ര എത്രയെണ്ണം. പ്രവേശിക്കാന്‍ പത്തുപതിനാലായിരം രൂപ നല്കണം ഒരാള്‍ എന്നു കേട്ടപ്പോള്‍ ആദ്യം ശങ്കിച്ചു. പിന്നെ അത് കണ്ടപ്പോഴാണ് അത്​ഭുതസ്​തബ്​ധനായത്. എന്തൊരു പകിട്ട്, അതും എന്തോരം.

ഒരുപക്ഷേ സാംബാ കാര്‍നിവല്‍ ഇതിലും ആകര്‍ഷകം ആയിരിക്കാം. അതേപോലെ തായ് സുന്ദരിമാരുടെ നൃത്തവും. എന്നാലും ഇതിന്റെ മാസ്മരസൗകര്യം ഒന്നു വേറെ തന്നെ.

എന്തൊരു സൗകര്യം ജീവിതമേ നിനക്കെന്തൊരു സൗകര്യം.

പണ്ടത്തെ ഒരു കപൂര്‍ ഒരു പടത്തില്‍ അഭിനയിക്കാനായി ഇവിടെ താമസിക്കുന്നതിനിടയില്‍ മ്യുലാങ് റൂഴ്ഷ് കാണാന്‍ വന്നു എന്നു കേട്ടിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ക്ക് ഇതുകൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്തണമെന്ന് മോഹം തോന്നിയെങ്കിലും അത് നടന്നില്ല.

തമാശ അതല്ല, ഈ കപൂറും രണ്ടോ മൂന്നോ പേരും കൂടി ഈ ഷോ കാണാന്‍ വന്നല്ലോ. സാധാരണ ഹിന്ദി സിനിമയിലെല്ലാം അത്തരം സന്ദര്‍ഭങ്ങളില്‍ ഹിറോ ചാടിയെഴുന്നേറ്റ്​ നൃത്തത്തില്‍ പങ്കെടുക്കുകയും അതിന്റെ നായകനായിത്തീരുകയും ചെയ്യുന്ന പതിവുണ്ടല്ലോ. ഇയാളാണെങ്കില്‍ ചടുലചലനങ്ങള്‍ക്ക് പേരുകേട്ട ഒരാള്‍.

അരങ്ങില്‍ നൃത്തം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഇയാളെ കസേരയില്‍ തന്നെ പിടിച്ചിരുത്താന്‍ കൂടെയുള്ളവര്‍ പെട്ട പാട്!

എല്ലായിടത്തും നട്ടുവനായി ശോഭിക്കുന്ന അയാള്‍ക്ക് ചുവടുവെയ്ക്കാനാവാതെ ഇരിപ്പിടത്തില്‍ ഒരു വെറും കാണിയായി ഒതുങ്ങേണ്ടിവന്ന ഗതികേട്!

ഇയാളെപ്പറ്റി ഇത്രയധികം വിസ്തരിക്കാന്‍ കാരണമുണ്ട്. ഒരിക്കല്‍, ഒരിക്കല്‍ മാത്രം ഒരാള്‍ എന്നോട് പറഞ്ഞിട്ടുണ്ട്, ഞാന്‍ മീശ കളഞ്ഞാല്‍ ആ നടനെപ്പോലെ ഇരിക്കുമെന്ന്. എന്തോ എനിക്ക് അന്ന് അത് തീരെ ഇഷ്ടമായില്ല. പക്ഷേ ഓര്‍ത്തിരിക്കുന്നുണ്ട് ഞാന്‍ അത് ഇപ്പോഴും.

പാരിസ്, ഓ പാരിസ് ....

കോട്ടുവായിട്ടുകൊണ്ടേയിരിക്കുന്നു കുറേ നേരമായിട്ട്. ഉറക്കം വരുന്നതു കൊണ്ടുതന്നെയാവുമോ ഇത്. ഇവിടെ വരുമ്പോള്‍ ഉള്ള ഒരു കുഴപ്പം ഇതാണ്: ഉറങ്ങുന്ന നേരം അത്രയും നഷ്ടമായിപ്പോവുകയാണെന്നു തോന്നും.

ഉറങ്ങിയാലാവട്ടെ, മിക്കപ്പോഴും ഒരു ദുഃസ്വപ്നം വന്ന് അലട്ടുന്നുമുണ്ട്. ഒരു ചില്ലുമേടയില്‍ ഞാന്‍ ഇരിക്കുമ്പോള്‍ അവിടെ ഇടിമിന്നല്‍ വീഴുന്നു. ചില്ല് മുഴുവനും തവിടുപൊടിയായി എന്നെ പൊതിയുന്നു. ചില്ലിന്റെ ചെറിയ തരികള്‍ വീണ് ഐന്റ കണ്ണുകള്‍ രണ്ടും മുറിഞ്ഞ് നശിക്കുന്നു ...

കാള്‍ മുത്തശ്ശാ, കണ്‍കണ്ട ദൈവമേ!

ഒന്നുമില്ലൊന്നുമില്ലൊന്നുമില്ലൊന്നും

(വാഹിദ, റ്റിന്ററിന്‍, മാലാഖ)

വാഹിദ: (ഉപഹാസരൂപേണ) സ്ത്രീശക്തി, കുടുംബശ്രീ, വനിതാവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ കഫെറ്റെരിയായില്‍ ഇപ്പോള്‍ താരതമ്യേന ആള്‍ത്തിരക്ക് കുറഞ്ഞ നേരമാണ്. നെയ്യപ്പം, ഉള്ളിവട, സുഖിയന്‍, ബജി എന്നീ എണ്ണപ്പലഹാരങ്ങളേക്കാള്‍ ഏവര്‍ക്കും ഇപ്പോള്‍ പ്രിയം ശ്രീമാന്‍ മോദകം എന്നും മാള്‍വീകാ മ്​ാം കൊഴുകറ്റാ എന്നും വിളിക്കുന്ന സാധനമാണ്. കൊഴു - കട്ട എന്നാണ് പറയുന്നതെങ്കിലും ഉരുണ്ടിട്ടാണത്. ഉള്ളില്‍ നാളികേരവും ശര്‍ക്കരയും ചേര്‍ന്ന മധുരം, ആവിയില്‍ വേവിച്ചത് ... പിന്നെ എവിടെയും ഉള്ളതുപോലെ സ്ത്രീകള്‍ മാത്രമല്ല ഇതിന്റെ സംഘാടകസമിതിയില്‍ ഉള്ളത്. പിന്നില്‍ നിന്ന് ചരടു വലിക്കുന്ന ഷോവനിസ്​റ്റ്​ ആണുങ്ങളും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ അവ ലഭിക്കുന്നതിനനുസരിച്ച് - പിയൂഷ് ..... സംഭവസ്ഥലത്തുനിന്ന്​ റ്റിൻറിനൊപ്പം വാഹിദ.

റ്റിൻ: ഒടുക്കം എത്തുമ്പോള്‍ പിയൂഷ് ഉണ്ടാവും വാഹിദായ്ക്ക്, അല്ലേ.
മാലാഖ: പിയുഷ് ഇല്ലാതെ സംസാരമേ പറ്റില്ല - എന്നും ആയി.
റ്റിൻ: മറ്റുള്ളവരോട് റിപോര്‍റ്റ്​ ചെയ്യുമ്പോഴോ അപ്പോള്‍ - രൂപാ, ദീപക്, ഇനി കററ്റിനാ -
വാഹിദ: (അരിശം) കള്ളിയാണ് കത്രീന. റ്റിന്ററിന്‍ അറിഞ്ഞില്ലല്ലോ മാലാഖയെ കളിയാക്കിയത് അവൾ.
മാലാഖ: ഏയ്, അങ്ങനെ വിചാരിക്കേണ്ട വാഹിദാ. അവസാനം കുത്തിയത് ഞാന്‍ തന്നെയാണ്. അതോടെ എനിക്ക് സന്തോഷവുമായി.
വാഹിദ: അല്ല, എന്നാലും, അങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റുമോ മാലാഖാ ... അവള്‍ക്ക് ചാം ഉണ്ട്, ശരിയാണ്. പക്ഷേ അവള്‍ക്കു മാത്രമല്ലല്ലോ, നമുക്കുമുണ്ടല്ലോ അത്.
റ്റിൻ: ചാംസ്!
മാലാഖ: ശരി, ഉപയോഗിക്ക് നീ അത് വാഹിദാ.
വാഹിദ: ആങ്, ഞാനെന്തിനു മടിക്കണം. അവനവന് ഉള്ളതുകൊണ്ട് ഓരോരുത്തരും ശ്രമിക്കുന്നു. പുഷ് ചെയ്യാനും ബൂസ്​റ്റ്​ ചെയ്യാനും ഇഷ്ടം പോലെ ആളുണ്ടാവുമല്ലോ.
മാലാഖ: അഥവാ ചെറിയ തെറ്റുകള്‍ പറ്റിയാല്‍ തോളില്‍ തട്ടി പ്രോത്സാഹിപ്പിക്കാനും.
റ്റിൻ: ഹോ - നിങ്ങള്‍ ഗേള്‍സ് ഉണ്ടല്ലോ! നിങ്ങള്‍ക്ക് എപ്പോഴും ലോകം കീഴടക്കുന്ന വിചാരമേയുള്ളൂ?
വാഹിദ: രക്ഷപ്പെടണ്ടേ റ്റിന്ററിന്‍ - പക്ഷേ കത്രീനയ്ക്ക് കാര്യങ്ങള്‍ ഈസി ആയിരിക്കുന്നത് എന്തുകൊണ്ടാണ് എപ്പോഴും എന്നാണെനിക്കത്ഭുതം.
റ്റിൻ: എന്നിട്ടെന്താണ് വാഹിദാ - കട്രിനാ എന്തു ഷോ ചെയ്താലും ഹൊറിബ്ള്‍ ആണ്. ആളുകള്‍ എങ്ങനെയാണ് അവളെ സഹിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത് -
വാഹിദ: (മുറുമുറുക്കുന്നു) നിന്നെ സഹിക്കുന്നുണ്ടല്ലോ -
റ്റിൻ: ഓ, വാഹിദാ - അതിനിടയ്ക്ക് നീ എന്നെയും -
വാഹിദ: ചോദിച്ചു വാങ്ങിയതാണ് നീയത് റ്റിന്ററിന്‍ -
റ്റിൻ: എന്നാലും വാഹിദാ, കട്രിനാ വളരെ മോശമാണ് എന്നു തന്നെയാണ് ഞാന്‍ -
വാഹിദ: നീയും അത്ര തന്നെ ഹൊറിബ്ള്‍ ആണെന്ന് - എന്താ, എനിക്ക് പറഞ്ഞുകൂടേ, നീ എന്റെ പക്ഷം ആണെങ്കിലും?
മാലാഖ: വേണ്ട വേണ്ട, എന്തിനാ നിങ്ങള്‍ രണ്ടാളും കൂടി ഇങ്ങനെ… സമ്മതിച്ചു, കത്രീനാ നന്നല്ല. റ്റിന്ററിനും പോരാ. വാഹിദ പക്ഷേ ഓസം, ഞാനും .... കൂള്‍.
റ്റിൻ: എന്നാലും - ബേ, നിങ്ങള്‍ക്ക് വേറെ ആലോചനയേയില്ലാ?
വാഹിദ: എന്താണ് നിന്റെ മനസ്സില്‍?
റ്റിൻ: കുറച്ച് സാമര്‍ത്ഥ്യം വേണം, മത്സരിക്കണം - ഒക്കെ ശരി. പക്ഷേ എപ്പോഴും ഓരോരോ സ്കീം ചെയ്തുകൊണ്ടിരുന്നാല്‍ എന്താണ് നഷ്ടമാവുന്നത് എന്നറിയാമോ വാഹിദാ.
വാഹിദ: വൈസ്? ഗൈ... (പുച്ഛിച്ച്) റ്റിന്ററിന്‍ അറിയുന്ന ഏതു ഗേള്‍ ആണ് ഇപ്പോള്‍ അങ്ങനെ അല്ലാത്തത് -
മാലാഖ: അയ്യോ, അയ്യയ്യോ - ഗേള്‍സ് എല്ലാവരും അങ്ങനെയാണെന്നൊന്നും പറയണ്ടാട്ട്വോ.
റ്റിൻ: ഹ ഹ, മാലാഖയ്ക്ക് പേടിയായി.
വാഹിദ: അല്ല, കേള്‍ക്കട്ടെ - റ്റിന്ററിന്‍ പറയൂ. ഇവിടെത്തന്നെ മാള്‍വികാ മ്​ാം ഉണ്ട്, രൂപ, കത്രീന, ....
മാലാഖ: ഉം ഉം, മാലാഖയിലേയ്ക്ക് വരണ്ടാട്ട്വോ വാഹിദാ.
വാഹിദ: ഏതോ കാലത്താണ് നീ ജീവിക്കുന്നത് റ്റിന്ററിന്‍ -
റ്റിൻ: കാലത്തിനെ കൂട്ടുപിടിക്കാനൊന്നും നോക്കണ്ട വാഹിദാ. പണ്ടത്തെ മറിലിന്‍ മന്റോ മുത്തശ്ശിയും ഇങ്ങനെയൊക്കെ തന്നെയാണ് വാദിച്ചത്. ഒരു കോടീശ്വരനെ സ്വന്തമാക്കുന്നതെങ്ങനെ. അത്തരക്കാര്‍ എന്നും ഉണ്ടാവും. കാലം ഫാസ്റ്റ് ആയിട്ടുണ്ട്, വാസ്തവം. എന്നാലും ഇത്ര ആര്‍ത്തി വേണോ ... എന്നിട്ടൊക്കെ വല്ലതും കിട്ടാന്‍ പോവുന്നുണ്ടോ എന്നത് മറ്റൊരു സംശയം.
മാലാഖ: ഫൂയ്, പ്രസംഗം ആണല്ലോ റ്റിന്ററിന്‍.
വാഹിദ: (കോപിച്ച്) എന്നെ ഉപദേശിക്കാന്‍ വരല്ലേ റ്റിന്ററിന്‍.
റ്റിൻ: വാഹിദാ, നിഷ്‌കളങ്കമാരാവണം എല്ലാവരും എന്നൊന്നും വാശി പിടിക്കുന്നില്ല ഞാന്‍. ഇത്തിരി സ്നേഹം, സഹതാപം ... പിന്നെ നാണമോ എന്തെങ്കിലുമൊക്കെ -
വാഹിദ: നിന്നോട് തര്‍ക്കിക്കാന്‍ ഞാനില്ല റ്റിന്ററിന്‍. എനിക്ക് വേറെ പണിയുണ്ട്.
റ്റിൻ: ഓ, എനിക്കറിയാമല്ലോ .... (മിമിക്രി) ഇവിടെ ആകെ പ്രശ്‌നമാണ് പീയൂഷ് ..... എന്തായാലും മുറുക്കിപ്പിടിച്ചോ അയാളെ, വിടണ്ട.
മാലാഖ: ഏയ്, ഒന്നിച്ച് കോഫീ കഴിക്കാന്‍ വന്നിട്ട് ഇങ്ങനെ ശണ്ഠ കൂടിയാല്‍ - ശ്ശ്യോ, എന്താണിത് വാഹിദാ.
വാഹിദ: പിന്നെ, ഇവന്‍ എന്നെയിങ്ങനെ അധിക്ഷേപിച്ചാലോ.
റ്റിൻ: അത്യാവശ്യം മൃദുലവികാരങ്ങള്‍ ഉണ്ടായിക്കൂടേ - വേണ്ടേ ഒരാള്‍ക്ക് എന്നല്ലേ ഞാന്‍ ചോദിച്ചുള്ളൂ.
മാലാഖ: അയ്യോ, എനിക്ക് അതുണ്ട് ട്ട്വോ റ്റിന്ററിന്‍.
വാഹിദ: ഉണ്ടെങ്കില്‍ പുഴുങ്ങിത്തിന്നോ നീയത് - വെറുതെയല്ല വെളുത്ത കത്രീനയുടെ ചീത്ത കേട്ട് വീവീ എന്നു കരയേണ്ടി വന്നത് ... ഞാന്‍ പോണു, ബൈ!
റ്റിൻ: (സ്വയം ശാസിക്കുന്നു) ബെ, ഞാനെപ്പോഴും വിചാരിക്കും സൂക്ഷിക്കണമെന്ന്. ശരിക്കും ഒരു ഗേള്‍അല്ലല്ലോ അവള്‍ -t പ്രാഗ്രാം ചെയ്തുവെച്ചതല്ലേ - പക്ഷേ എപ്പോഴും മറക്കും അത് -
മാലാഖ: ഉം, എന്താണ് റ്റിന്ററിന്‍?
റ്റിൻ: ഏയ്, ഒന്നുമില്ല മാലാഖാ, ഒന്നും ഇല്ലാ ....

കാന്‍ഡിന്‍സ്കി ആണെന്നു തോന്നുന്നു എനിക്കും ഏറ്റവും ഇഷ്ടം. ക്ലീംറ്റ്​, മറ്റീസ്​, ഷീല്‍ ഒക്കെ ഫാവ് തന്നെ. റ്റേണര്‍, വിസ്ലര്‍, കാരവാജിയോ, ഫ്രാഗൊനാ, .... ഇവരും കൊള്ളാം. മിക്കവരെയും പോലെ എനിക്കും ആദ്യം ദാലി - പികാസോ - വാന്‍ഗഗ് എന്നിവരോട് കൂടുതല്‍ മമത തോന്നി. പിന്നെ മൈരോ, ക്ലീ ഒക്കെ കണ്ടു ഞാന്‍. സേറാ, ഗോഗെന്‍, റെന്‍വോ, പൊലോക്, ബ്രാക്, മൊനേ, സേസാന്‍, പിസാവോ, മാനേ, ലോട്‌റെക്, മ്യൂന്‍ക്, റെംബ്രാന്‍ത്, ഡെലാേക്രാ, ഗൊയാ, ദാവിന്‍ചി, ബലാത്‌കേത്, മോദിയാനി, കോണ്‍സ്​റ്റബ്ള്‍, ....
ആരുടെയെങ്കിലും പേര്‍ പറയാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ പ്രിയപ്പെട്ട ചിത്രകാരമാരേ, എന്നോടു പൊറുക്കണേ ....

നോക്കുക, ഒരു ചെറിയ ഖണ്ഡിക. പക്ഷേ എത്ര കാലം കൊണ്ട് ഒരാള്‍ രൂപീകരിച്ച അഭിപ്രായങ്ങളാണ് അതില്‍ നിറച്ചും. ഉഗ്രന്‍ വാക്കുകളൊന്നും ഇല്ലാതെ ലളിതമായ ഏതാനും വാചകങ്ങള്‍. എന്നാല്‍ അത് ഉച്ചരിക്കുന്ന ആള്‍ക്ക് ചിത്രകലയെപ്പററി നല്ല അവഗാഹമുണ്ടെന്ന് വ്യകതമാവുന്നില്ലേ.

ഇന്ദിരയുടെ പ്രഭാഷണം ആണ് നിങ്ങള്‍ കേട്ടത്. അതായത്, അവള്‍ ആവശ്യപ്പെട്ടതു പ്രകാരം ഞാന്‍ അവള്‍ക്ക് പകര്‍ന്നു നല്‍കിയ വിവരങ്ങള്‍. അന്നേ എനിക്കറിയാമായിരുന്നു ഇങ്ങനെ ഒരു പോസ്​റ്റ്​ ഉടനെ വരുമെന്ന്.

ആദ്യം എനിക്കും എന്ന് ആക്കിയിട്ടുണ്ട് അവള്‍ എന്നു മാത്രം. ഞാനോ മററാരെങ്കിലുമോ കുത്തിച്ചോദിച്ചാല്‍ അഗ്നിയെപ്പോലെ എനിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്ന് സമര്‍ത്ഥിക്കാമല്ലോ. എന്തൊരു മിടുക്കി ദുഃസാമര്‍ത്ഥ്യം!

ഇല്ല, ഞാന്‍ ചോദ്യം ചെയ്യാനൊന്നും തുനിയില്ല. സുകുമാരകലകളില്‍ പ്രാവീണ്യം ഇല്ലാത്ത ഒരാള്‍ക്കും ശോഭിക്കണം എന്ന അഭീഷ്ടം ഉണ്ടാവാമല്ലോ. അവള്‍ ഇത്തിരി വിലസിക്കോട്ടെ, പാവം.

എന്നാല്‍ ആ പട്ടിക നോക്കൂ - ഒക്കെ ആണുങ്ങള്‍, ഒറ്റ പെണ്ണില്ല! ആകെയുള്ള ഫ്രിദാ കാലോ എന്റെ ഓര്‍മ്മയില്‍ വന്നതുമില്ല. കുശുമ്പായിട്ടാവില്ലല്ലോ എനിക്ക്, ആണോ?

ഈ പ്രഗത്ഭരില്‍ പെണ്ണ് മാത്രമല്ല, മറ്റു വര്‍ഗ്ഗക്കാരും ഇല്ലല്ലോ. വെള്ളക്കാര്‍ എന്ന കൂട്ടരല്ലേ എല്ലാം നിര്‍ണ്ണയിച്ചിരുന്നത്. ചരിത്രം എന്ന ആശയത്തെത്തന്നെ ദൂരേയ്ക്ക് വലിച്ചെറിയാന്‍ പ്രേരിപ്പിക്കുന്ന അവസ്ഥയല്ലേ ഉള്ളത്.

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ച പത്മിനി പക്ഷേ എന്നെ അത്ഭുതപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സില്‍ 1969 - ല്‍ മരിച്ച മലയാളി ചിത്രകാരി. ആ കാലത്ത് ഒരു വള്ളുവനാടന്‍ ഗ്രാമത്തില്‍ (അല്ലേ?) ജീവിച്ച അവള്‍ക്ക് എവിടെനിന്നു കിട്ടി വരയ്ക്കാനുള്ള ചായവും, കോപ്പുകളും, സമയവും സൗകര്യവും. മാത്രമല്ല, അവളുടെ ചിത്രങ്ങളിലെ ചായക്കൂട്ടുകള്‍ നോക്കുക. യാദൃച്ഛികമായി സംഭവിച്ചതൊന്നുമല്ലല്ലോ അത്. ആ പരിസരങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന അവള്‍ക്ക് പരിചയമുണ്ടാവണമെന്നു കൂടിയില്ല ആ വര്‍ണ്ണഭേദങ്ങള്‍. ശ്രദ്ധിച്ചോ ആരെങ്കിലും അവളുടെ ഇഷ്ടനിറങ്ങളേതെല്ലാമായിരുന്നെന്ന്. കലാകാരികള്‍വിരളമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കാലത്ത് ഒരു പത്മിനി അത്രയും എണ്ണം ചിത്രങ്ങള്‍ രചിച്ചു എന്നതും ആശ്ചര്യാവഹമല്ലേ.

ഇതും അവള്‍ക്കങ്ങോട്ട് കൊടുക്കാമായിരുന്നു. പത്മിനിയെ ഉയിര്‍ത്തെഴുന്നേല്പിച്ചവള്‍ എന്ന ഖ്യാതി കൂടി കിട്ടും അപ്പോള്‍ അവള്‍ക്ക്. എന്തൊരു ആര്‍ത്തിയാണിത് പരാന്നഭുക്കേ! .....

അഗ്നീ, ഞാനും കുറേ സെര്‍ച് ഒക്കെ ചെയ്തു. നിന്നെ സമ്മതിച്ചു ഞാന്‍ കേട്ടോ മോളേ. എത്ര കണിശമാണ് നിന്റെ നിരീക്ഷണങ്ങള്‍ .... എന്നാലും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് അഗ്നീ, നിന്റേതു കൂടാതെ അല്പമെങ്കിലും കൂട്ടിച്ചേര്‍ക്കണമെന്ന വാശി ഉണ്ടാവുമല്ലോ സ്വാഭാവികമായും എനിക്ക് -

ഓ, ചുമ്മാ. പേരുകള്‍ കൃത്യമായി ഉച്ചരിക്കാന്‍ വേണ്ടി ഗൂഗ്ള്‍ ചെയ്തിട്ടുണ്ടാവാം കുറേ എന്ന് തീര്‍ച്ചയാക്കാം. കാരണം, ആദ്യമായി കേള്‍ക്കുകയാണല്ലോ അവള്‍ അവയില്‍ മിക്കതും. വേറെ മാറ്റമൊന്നും വരുത്തിയതായി തോന്നിയില്ല തന്നെ. ഒക്കെ ഈ പാവം എന്റെ വഹ അതേപോലെ ഇസ്കി.

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി.

സ്ത്രീവിരുദ്ധമാണെങ്കിലും ആ പഴഞ്ചൊല്ല് അറിയാതെ ഓര്‍ത്തുപോയി. അവള്‍ ഇത്തിരി വിഹരിക്കട്ടെന്നേ. എനിക്ക് ആവശ്യമില്ലാത്തതുമല്ലേ ഇതെല്ലാം. ഒരു നിര്‍വ്വാഹവും ഇല്ലാത്തതുകൊണ്ടാവാം എന്റെ നമ്പീശന്‍ അവള്‍ ചൂണ്ടാത്തത് ....

ഏയ് ഇന്ദിരാ, ഒന്നുകൂടിയുണ്ട് - വിശേഷം. എന്നെ സവര്‍ണ്ണ ദുഷ്പ്രഭു എന്നു കളിയാക്കാറില്ലേ നീ ഈ ജാതിവാല്‍ കണ്ടിട്ട്. എന്നാല്‍ ഇതു കേള്‍ക്ക് - സത്യത്തില്‍ നമ്പീശന്‍ ഒന്നുമല്ല ഞാന്‍. വെറുതേ അങ്ങോട്ട് എടുത്ത് അണിഞ്ഞു അത് എന്നേയുള്ളൂ -

ഓഹോ! .... അത് തരക്കേടില്ലല്ലോ, വ്യവസ്ഥയോടുള്ള ഒരു വെല്ലുവിളിയുണ്ടല്ലോ അതില്‍ ..,. വിശ്വാസം വരാത്ത ഭാവത്തില്‍ ഇന്ദിര കണ്ണുമിഴിച്ച് ഇരുന്നു, എന്നാല്‍ എന്തുകൊണ്ട് നമ്പീശന്‍ തന്നെ. അയ്യങ്കാരോ വര്‍മ്മയോ ചക്രവര്‍ത്തിയോ ആവാമായിരുന്നില്ലേ.

കുറേ വാടകവീടുകളില്‍ മാറിമാറി താമസിച്ചിട്ടുണ്ട് ഞാന്‍ ഇന്ദിരാ, അച്ഛന് ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റം വന്നിരുന്നതിനാല്‍. ഒരിക്കല്‍ ഞങ്ങളുടെ വീടിനു മുന്നില്‍ കൂടി പോവുന്ന ഒരു കുണ്ടനിടവഴിയുണ്ടായിരുന്നു. അന്ന് അങ്ങനെ ഓരോരോ സാധനങ്ങളുണ്ടല്ലോ. പെട്ടെന്ന് ഞാന്‍ നോക്കിയപ്പോള്‍ കണ്ടത് നമ്പീശനമ്മാമ അതിലേ നടന്നുപോവുന്നതാണ്. ആ നിമിഷം നിശ്ചയിച്ചതാണ് ഞാന്‍ നമ്പീശന്‍ ആവാമെന്ന്.

എന്നാല്‍ ഒരു നായാടിയാണ് അപ്പോള്‍ അതിലേ വന്നിരുന്നതെങ്കിലോ ?

അത് ആവുമായിരുന്നേനെ അപ്പോള്‍, അത്രതന്നെ ... ഇതു തന്നെ പിന്നീട് പുനര്‍വിചിന്തനം ഉണ്ടായപ്പോള്‍ അത് പണ്ടാരം എന്നാക്കണോ എന്ന് തോന്നി. അധ:സ്?ഥിതരുടെ ഒപ്പം, എന്നാല്‍ ഗമയുള്ള ഒരു നാമധേയം - അഗ്നി പണ്ടാരം.

പിന്നെ എന്തേ വേണ്ട എന്നു വെച്ചു ?

ഇന്ദിര ഗൗരവമായി എന്തോ ഉള്ളില്‍ ഉരുട്ടിക്കളിക്കുകയാണെന്ന് അിക്ക് മനസ്സിലായി. മിക്കവാറും ഇപ്പോള്‍ തന്നെ പുറത്തു വന്നേയ്ക്കും അത്. ഏയ്, അത് നമ്പീശന്‍ ആവുന്നതിന്റെ ലാഭം ഓര്‍ത്തുകൊണ്ടൊന്നുമായിരുന്നില്ല ഇന്ദിരാ. അിയും നമ്പീശനും കുറേ കൂടി ചേര്‍ച്ചയുള്ളതാണെന്നു തോന്നി.

പെട്ടെന്ന് തോന്നിയതാണേ എനിക്ക്. സ്ഫോടനാത്മകമായ - ഞെട്ടിക്കുന്ന ഒരു തൂലികാനാമം കിട്ടി എനിക്ക് ഇപ്പോള്‍ അഗ്നീ, കേള്‍ക്കണോ?
പറ.
ഇന്ദിരാ തീണ്ടാരി ... എങ്ങനെയുണ്ട് അത്, കിടുക്കാച്ചിയല്ലേ?
ഓ യാ, അഗ്നി പുഞ്ചിരിച്ചു, നന്നായിട്ടുണ്ട് ഇന്ദിരാ. സകല പുലികളെയും നിഷ്പ്രഭരാക്കും അതോടെ നീ .... ഇന്ദിരാ, നിനക്ക് ഇപ്പോള്‍, ഈ കഴിഞ്ഞ നിമിഷം തോന്നിയതാണ് അത്, ശരിയല്ലേ, പണ്ടാരം എന്നു കേട്ടപ്പോള്‍?
അതു സമ്മതിച്ചു അഗ്നീ, പക്ഷേ അജഗജാന്തരം ഇല്ലേ രണ്ടും തമ്മില്‍. ഒരേ അക്ഷരങ്ങളുണ്ട് രണ്ടു വാക്കിലും, എന്നാലും അര്‍ത്ഥത്തില്‍ വലിയ വ്യത്യാസമില്ലേ. തീണ്ടാരി എന്നൊരു പേര് - പൊളിച്ചില്ലേ. ഇന്ദിരാ തീണ്ടാരി. ഇത്രയും സ്ത്രീപക്ഷമായ ഒന്ന് വേറെ എവിടെ കിട്ടും.

തികച്ചും ശരിയാണ് ഇന്ദിരാ, തന്റെ കെണിയില്‍ വീണ ഒരാളോട് കാരുണ്യം കാണിക്കേണ്ടത് എങ്ങനെയാണോ, അതേ മാതിരി ഭാവിച്ചുകൊണ്ട് അഗ്നി അപരയുടെ കരം ഗ്രഹിച്ചു.
അഗ്നിക്കറിയാമല്ലോ, നിന്റെ സിദ്ധാന്തങ്ങളോട് കടപ്പാടുണ്ട് എനിക്ക്. എന്നാലും തീര്‍ത്തും വ്യത്യസ്തമായ വിധത്തില്‍ അവ പുനരവതരിപ്പിക്കുകയല്ലേ ഞാന്‍ ... നിനക്ക് വിഷമമൊന്നുമില്ലല്ലോ അഗ്നീ എനിക്ക് കുറേ പ്രാമുഖ്യം കിട്ടുന്നതില്‍?

ഹ ഹ ഹ .... ഏയ്, കാണി കാണി.

(തുടരും)


Summary: Blah Malayalam Novel by Ravi part 35


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments