ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

13. പച്ചമനുഷ്യൻ

രവി

തിൽ ആരാ ഇവിടെ പ്രിൻസിപൽ.

സാധാരണ മട്ടിൽ വസ്ത്രം ധരിച്ച അയാൾ മൂക്ക് കൂർപ്പിച്ചുകൊണ്ട് തന്റെ നേരെ മുന്നിൽ വന്നുനിന്ന് അങ്ങനെ ചോദിച്ചപ്പോൾ ഡാലിയ ഒന്നും മിണ്ടിയില്ല. ഇങ്ങനെ ഒരാളെ ഞാൻ എന്തിന് ഗൗനിക്കണം. അത്തരം ഒരു ചോദ്യത്തിന് ഞാൻ എന്തിന് മറുപടി നൽകണം.

ഞാൻ ചോദിച്ചത് കേട്ടില്ലായോ, ഇതിൽ ആരാണ് മേഡം പ്രിൻസിപൽ?

പ്രിസൈഡിങ് ഓഫീസർ ആരാണെന്നാണോ ഉദ്ദേശിക്കുന്നത് നിങ്ങൾ, എങ്കിൽ അത് ഞാനാണ്.

അയാളുടെ മുഖം കൂടുതൽ ചുളിഞ്ഞു.
ഞാൻ ഉത്തരം നൽകിയ രീതി പുള്ളിക്ക് തീരെ ഇഷ്ടമായിട്ടില്ല എന്നത് വ്യക്തം. എന്നെത്തന്നെയും അയാൾക്ക് ബോധിച്ചിട്ടില്ല.

അല്ല, ഇയാൾ തന്നെയല്ലേ കുറേ മുമ്പ് ഞങ്ങൾ നാല് പെണ്ണുങ്ങൾക്ക് രാത്രി താമസിക്കാനായി ഈ മുറി തുറന്നു തന്നിട്ടുപോയത്. ഇതിനിടയിൽ അയാൾ കുളിക്കുകയോ മറ്റോ ചെയ്തു കാണണം. കുറച്ച് വ്യത്യാസം വന്നിട്ടുണ്ട് രൂപത്തിലും വേഷത്തിലും. ക്ഷൗരം ചെയ്തു കാണുമോ.

കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തെ കഥയാണ്.

പള്ളിയിൽ അച്ചന്റെ താമസസ്ഥലത്തിനു തൊട്ടടുത്തായുള്ള ഒരു മുറിയാണ് ഞങ്ങൾക്ക് ഉറങ്ങാനായി ഒരുക്കിയിരിക്കുന്നത് എന്നു കേട്ടപ്പോൾ മുതൽ എന്റെ കൂടെയുള്ള വനിതകൾ അന്യോന്യം കുശുകുശുത്തുതുടങ്ങിയതാണ്.

പരിശുദ്ധ വൈദികരെക്കുറിച്ചുള്ള കേട്ടു കേൾവികൾ ആരെയാണ് പുളകമണിയിക്കാതിരിക്കുക.

അതിരിക്കട്ടെ, ഇയാൾ എന്തിനാണ് ഇപ്പോൾ വന്ന് വാതിലിൽ മുട്ടിയത്.
എന്തിനാണ് അയാൾക്ക് ഞങ്ങളിൽ ആരാണ് മേധാവി എന്ന് അറിയേണ്ടത്. എന്തുകൊണ്ടാണ് അയാളുടെ മുഖത്തെ ചർമ്മം ഇങ്ങനെ വലിഞ്ഞു മുറുകിയിരിക്കുന്നത്.

എന്തെങ്കിലും കുഴപ്പം ഉണ്ടോ.

സാറേ, ഈ മുറിയൊന്ന് മാറണമെന്ന് അച്ചൻ ആവശ്യപ്പെടുന്നു.
സാറ അല്ല, ഡാലിയ എന്നാണെന്റെ പേർ. പിന്നെ, എന്തിനാണിപ്പോൾ ഒരു മുറിമാറ്റം?

അച്ചൻ അയച്ചതാണ് എന്നെ. നിങ്ങൾക്ക് വേറെ ഒരു മുറി തരാം കുറച്ചപ്പുറത്ത്. സാധനങ്ങളെല്ലാം എടുത്ത് വേഗം ഒരുങ്ങിക്കോ. ഇരുട്ടാവുന്നതിനു മുമ്പ് ഞാൻ അവിടെ കൊണ്ടു പോയി ആക്കിത്തരാം.

അതൊന്നും നടപ്പില്ല, ഡാലിയ അറുത്തുമുറിച്ചു, ഞങ്ങൾ എല്ലാവരും ഇവിടെ ഇരുന്നും കിടന്നും സ്വസ്ഥമായിക്കഴിഞ്ഞു. ഇനി ഇതെല്ലാം വാരിക്കെട്ടി വേറെ ഒരിടത്തേയ്ക്കു മാറാനൊന്നും ഇപ്പോൾ മനസ്സില്ല. കേട്ടോ, തന്റെ അച്ചനോട് പോയി പറഞ്ഞോ, പ്രിൻസിപ്പാള് വിസമ്മതിച്ചെന്ന്.

ഞാൻ പറയാനുള്ളത് പറഞ്ഞു, ഇനി നിങ്ങൾ അനുഭവിച്ചോ.

ആവട്ടെ, താങ്കൾ ചെന്നാട്ടെ.

മുരണ്ടുകൊണ്ട് അയാൾ കുറച്ചു ദൂരം മുന്നോട്ടുപോയി. ഏതാനും ചുവടുകൾക്കു ശേഷം അയാൾ സംശയിച്ചു നിന്നു. പിന്നെ പരുങ്ങലോടെ അയാൾ തിരികെ വന്നു. ഇപ്പോൾ അയാളുടെ ഭാവം മയപ്പെട്ടിരുന്നു.

മാഡം, എന്നാൽ ഒരു സ്വകാര്യം കേൾക്കണോ.

പറഞ്ഞോളൂ കപ്യാരേ, എന്താണ് വിശേഷം.

ഞാൻ കൃത്യമായി കപ്യാരൊന്നുമല്ല. എന്നാലും ഇതൊന്നു ശ്രദ്ധിച്ചോ മാഡം ... നിങ്ങൾ നേരത്തേ ഉറങ്ങാൻ കിടന്നില്ലെങ്കിൽ, ഈ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കുന്നുണ്ടെങ്കിൽ, രാത്രി കുറച്ച് വൈകുമ്പോൾ അച്ചന്റെ മാളികമുറിയിൽ നിന്നുള്ള ഗോവണി ഇറങ്ങി ഒരു രൂപം നടന്നുപോവുന്നത് കണ്ടേയ്ക്കാനിടയുണ്ട്.... നിലാവെളിച്ചം ഉണ്ടല്ലോ ഇച്ചിരി. ആ രൂപമുണ്ടല്ലോ, അത് യക്ഷിയാണോ പ്രേതമാണോ എന്ന് ഞങ്ങൾക്ക് ഇത്ര കാലവും പിടികിട്ടിയിട്ടില്ല. അതുകൊണ്ട് നിങ്ങളാരും ഭയക്കേണ്ട എന്നു കരുതി ഒരു താക്കീത് തന്നെന്നേയുള്ളൂ ഞാൻ - ശരി, ഞാൻ പോകുവാണേ.

പിന്നിൽ നിന്ന് മഹിളാമണികൾ കുലുങ്ങിച്ചിരിക്കുന്നതു കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. എന്നെ ശകലം പേടിയുള്ളതിനാൽ മാത്രം അവർ പൊട്ടിച്ചിരിയിലേയ്ക്ക് നീങ്ങിയില്ല. അതിനകം അവർ തങ്ങൾക്കിടയിൽ ചർച്ചയും തുടങ്ങിയിരുന്നു.
എന്നാലും പാതിരിയുടെയൊരു പങ്കപ്പാടേ. വികാരി എന്നു വിളിക്കുന്നതു വെറുതെയാണോ. പാവം അയാളും ഒരു ആണല്ലായോ. എന്നാലും ഇന്നുതന്നെ വേണമായിരുന്നോ, ഇന്നിപ്പോൾ നമ്മൾ കാണുമെന്ന് അയാൾക്ക് അറിയില്ലേ. ഹഹഹാ, അതുകൊണ്ടു തന്നെയാവും ഇന്ന് നിശ്ചയിച്ചത്. അതെ , ഈ ഭാഗത്ത് അസമയത്ത് ഒരു സ്ത്രീയെ കണ്ടു എന്നതുകൊണ്ട് ആരും ഒന്നും സംശയിക്കില്ലല്ലോ.

ഞാൻ എന്തായാലും നോക്കിനിൽക്കാമെന്നു നിശ്ചയിച്ചു, കാണണമല്ലോ ചരക്കിനെ. അയ്യയ്യോ, അങ്ങനെയൊന്നും പറയാതെ- മിക്കവാറും ഒരു കുലസ്ത്രീ തന്നെയാവും അത്. ഓ, വേശ്യയാവാൻ സാദ്ധ്യതയേയില്ല എന്നാണോ.

എന്തായാലും നമുക്ക് ഊഴമിട്ട് നോക്കിനിന്നാൽ പോരേ, സംഗതി എത്ര വരെ നീണ്ടുപോകും എന്നറിയില്ലല്ലോ, യാ, അച്ചൻ കുറച്ചായി പട്ടിണിയായിരുന്നെങ്കിലോ.

ഹി ഹി ഹീ, അരണ്ട നിലാവെളിച്ചത്തിൽ ഒരു രൂപം പതുക്കെ പടവുകളിറങ്ങി അങ്ങനെ മെല്ലെ മെല്ലെ മെല്ലെ...

നിങ്ങൾ ഇങ്ങനെ അധിക്ഷേപിക്കല്ലേ കേട്ടോ പള്ളിയെയും പട്ടക്കാരെയും. ഞാനും ഒരു സത്യകൃസ്ത്യാനിയാണെന്നൊന്ന് ഓർക്ക്, ഡാലിയ പകുതി തമാശയായി തുടർന്നു, പിന്നെ കോണിയിൽ കണ്ണുനട്ട് നോക്കി നിൽക്കുന്നതൊക്കെ കൊള്ളാം. വൃത്തിയായി ഒരു ദൃക്‌സാക്ഷി വിവരണം തന്നുകൊണ്ടിരിക്കണം എനിക്ക് - കേട്ടോ!

അല്ല മാഡം, ഞാൻ പറയുന്നത് വിശ്വസിക്കണേ. ഗുവിയിൽ ഇവരുടെ ലേഡീസ് ഹോസ്റ്റൽ ഇല്ലേ, ഷീബ ആണയിടുന്നതു പോലെ ആവേശം കൊണ്ടു, ഞാൻ അവിടെ താമസിക്കുമ്പോൾ ഇവന്മാർ വരും ഓരോ കാരണം കണ്ടുപിടിച്ച് ഞങ്ങളുടെയൊക്കെ മുറിയിൽ, വെഞ്ചരിക്കണം, പിശാചിനെ അകറ്റണം എന്നൊക്കെ പറഞ്ഞ്.

ഇവരൊക്കെ എന്താണ് തിന്നുന്നത് ആവോ.

ഈ മൊട്ടച്ചിമാരില്ലേ, അവർ പാലും തേനും പഴവും പൂവും ഒക്കെയാണ് കഴിക്കുക പ്രിയേ.

സുഖജീവിതം, ഹല്ലേ!

ഏയ്, നിങ്ങൾക്കൊന്നും അറിയാഞ്ഞിട്ടാണ്, ഡാലിയ മറ്റുള്ളവർക്ക് അല്പം വിജ്ഞാനം പകർന്നുനൽകാം എന്നു വെച്ചു, സ്വത്തുള്ള വീട്ടിൽ നിന്നു വരുന്ന കന്യാസ്ത്രീകൾക്കേ ആഡംബരമൊക്കെ കിട്ടൂ. ദരിദ്രർ ഇവിടെ ചേർന്നാൽ സകല പണിയും ചെയ്ത് തണ്ടെല്ലൊടിയും. അരുതാത്തതിന് വല്ലതും അവൾ സാക്ഷിയായാൽ സഭ തന്നെ അവളെ ബലാൽസംഗം ചെയ്ത് കൊല്ലുകയും ചെയ്യും.

ശ്ശ്യോ, കൂട്ടത്തിലെ രണ്ടുപേർ ഒന്നിച്ച് വ്യാക്ഷേപകം അയച്ചു വിട്ടു.
എന്നാലും ഇപ്പോൾ വാതിലിൽ മുട്ടിവിളിച്ച ആ ആളെക്കുറിച്ചാണ് എനിക്ക് ഇപ്പോഴും കൗതുകം. ഡാലിയ ആലോചിച്ചു. ഒരു കപ്യാരായിത്തീരണമെന്നാണ് അയാളുടെ അന്ത്യാഭിലാഷം. നോക്കണേ - പുരോഹിതൻ, പ്രിൻസിപൽ, പ്രപഞ്ചനാഥൻ ഒന്നും ആവണമെന്നില്ല അയാൾക്ക്.
ഹ ഹ ഹ.

ശുദ്ധാത്മാക്കൾ ഉണ്ടെന്നേ ഇപ്പോഴും.

മനുഷ്യാ നീ നിന്റെ അന്നമാകുന്നു

ഉർവ്വി: പുരോ.
പുരോ: എന്താ ഉർവ്വി.
ഉർവ്വി: കുറേ നേരമായില്ലേ നമ്മൾ ... (ഇത്തിരി കിതച്ചുകൊണ്ട് ) ഇങ്ങനെ നടക്കുന്നു. ഇനി കുറച്ചു നേരം ഒന്ന് ഇരുന്നൂടേ - ദാ, ആ പുല്ലിലോറ്റെ.
പുരോ: ഓ, ഇരിക്കാമല്ലോ, ഇരിക്കാം ഉർവ്വി. വാ, വരൂ.
ഉർവ്വി: വാ എന്ന് വിളിച്ചോളൂ, കുഴപ്പല്ല്യാ. വരൂ എന്നൊന്നും വെണംന്നില്ല. പിന്നെ വേറെ ഒന്നുണ്ടല്ലോ...
പുരോ: വന്നാട്ടെ?
ഉർവ്വി: ഏയ്, അതല്ല പുരോ, ബഹുമാനത്തോടെയുള്ള ഒരു ...
പുരോ: വന്നേ?
ഉർവ്വി: (അരിശം ഭാവിച്ച് ) അല്ല പുരോ, ഈ ബഹുമാനമില്ലേ, ബഹുമാനം. മുതിർന്ന ആളുകളോടൊക്കെ തോന്നില്ലേ നമുക്ക്, അങ്ങനെയുള്ള ആ ബഹുമാനം കാണിച്ചു കൊണ്ട് - അങ്ങ് എന്നൊക്കെ വിളിച്ചിട്ട് എന്താണ് നമ്മൾ - വന്നാ... ?
പുരോ: വന്നാ-ലും?
ഉർവ്വി: ആങ്, അതുതന്നെ പുരോ! .... ഇതാണ് പുരോന്റെ ഒരു ഗുണം. വൈകിയിട്ടാണെങ്കിലും കണ്ടുപിടിക്കും. ഹ്ം, ഇപ്പോൾ ശരിയായില്ലേ ക്രമം - വാ, വരൂ, വന്നാലും.
പുരോ: ഹ്ം, എന്ത് - എന്തിന് - എങ്ങോട്ടാണ് ഈ വന്നാലും.
ഉർവ്വി: അല്ല പുരോ, എന്നോട് വന്നാലും എന്നൊന്നും പറയേണ്ടതില്ല എന്നാണ് ഞാൻ ...
പുരോ: ഓ, അതു ശരി.
ഉർവ്വി: വിളിക്ക് വാ എന്ന് - പുരോ.
പുരോ: ശരി, വാ - വാ - ഉർവ്വി... (ചിരിച്ച്) ദാ, ഇവിടെ ഇരിക്കാം.
(അവർ ഇരുവരും ഇരിക്കുന്നു, പുല്ലിൽ )
ഉർവ്വി: പുരോ, ഈ ഞംഞം - നെപ്പറ്റി എന്താണ് പുരോന്റെ അഭിപ്രായം?
പുരോ: (അമ്പരന്ന്) ഞംഞം! .... അതെന്താണ് ഉർവ്വി.
ഉർവ്വി: അറിയില്ല്യാ? ഞംഞം എന്താണെന്ന് പുരോന് സത്യായിട്ടും അറിയില്ല്യാ?
പുരോ: ഞം ഞം .... ഞംഞം...... ഞം ഞം?
ഉർവ്വി: അറിയുമോ / ഇല്ലേ.
പുരോ: ഹ്ം. എന്നു ചോദിച്ചാൽ, ഹ്ം...
ഉർവ്വി: തുറന്നു പറയ് ഇങ്ങോട്ട് - പോരട്ടെ - പോന്നാലും!
പുരോ: ഇപ്പോഴാണ് ഓർമ്മ, എവിടെയോ കണ്ടു ഇന്നലെ അത് ഞാൻ - ഹ്ം, എന്റെ നാവിൻ തുമ്പത്തുണ്ട് അത് കേട്ടോ - ഞംഞം, ഞംഞം, ഞംഞം...
ഉർവ്വി: ഇത്തിരി പിന്നിലാണ് ട്ട്വോ പുരോ.
പുരോ: കിട്ടും എനിക്ക് ഓർത്തുനോക്കിയാൽ - പക്ഷേ...
ഉർവ്വി: പക്ഷേ എന്റെയടുത്തുനിന്ന് അറിയുന്നതാണ് സൗകര്യം - അല്ലേ, തല പുകയ്‌ക്കേണ്ടല്ലോ.
പുരോ: (കൊഞ്ചുന്നതായി ഭാവിച്ച് ) ഒന്നു പറയുമോ ഉർവ്വി.
ഉർവ്വി: ഹോ എന്റെ പുരോ, അതൊരു ആപ് ആണ് - ഫൂഡ് ആപ്.
പുരോ: ങ്ഹാ, അതെ - കണ്ടിരുന്നു ഞാൻ.
ഉർവ്വി: ഞാൻ പറഞ്ഞുവന്നത് എന്താണെന്നറിയാമോ? ഇന്നലെ ഒരു രസണ്ടായി പുരോ. ഭയങ്കര ട്രാഫിക് ജാം ഒക്കെ ഉണ്ടായിരുന്നപ്പോൾ, ഇന്നലെ വൈകുന്നേരം ഈ ഒരാൾ, അയാൾ പരവേശം പിടിച്ച്, എന്തൊരു ധൃതിയാണ് അയാൾക്ക്, അത്ര വെപ്രാളപ്പെട്ട് ബൈക് ഓടിച്ച് അയാൾ എങ്ങോട്ടാണ് ഈ പോവുന്നത് എന്ന് അറിയണമല്ലോ എനിക്ക് - പോയി നോക്കുക തന്നെ- ഞാൻ വിചാരിച്ചു ട്ട്വോ.
പുരോ: എന്നിട്ട് പിന്നാലെ പോയോ ഉർവ്വി.
ഉർവ്വി: ഹായ്, ഇതൊക്കെ സങ്കല്പമല്ലേ പുരോ - മനസാസ്മരാമി എന്നതു പോലെയാണ് ഇത്.
പുരോ: എന്തായാലും നീ പിൻതുടർന്നു അയാളെ?
ഉർവ്വി: ആങ്, അയാൾ ഗതാഗതനിയമങ്ങളൊക്കെ തെറ്റിച്ചും മര്യാദകേട് കാണിച്ചും തിരക്കിട്ട് വീട്ടിൽ എത്തിയിട്ട് എന്താണ് ഉടനെ ചെയ്യുന്നത് എന്നറിയാമോ.
പുരോ: എന്താ - എന്താണ് ഉർവ്വി.
ഉർവ്വി: ഞം ഞം ഇല്ലേ, പുതിയ ഞം ഞം. അവരെ വിളിച്ച് എന്തൊക്കെയോ തിന്നാൻ കൊടുക്കാൻ കല്പിച്ചു.
പുരോ: ഹ ഹ ഹാ, അത് തരക്കേടില്ല. അപ്പോൾ അതിനാണല്ലേ ആളുകളൊക്കെ മത്സരിച്ച് വീട്ടിലേയ്ക്ക് പോവുന്നത് - ഞം ഞം വരുത്താൻ.
ഉർവ്വി: തമാശയല്ല പുരോ. ഒന്നു നോക്കൂ, റോഡ് നിറയെ അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുന്ന ബൈക്‌സ്. അതിൽ പകുതിയോളം ഇവരാണ്.
പുരോ: ഞം ഞം ഓട്ടക്കാർ.
ഉർവ്വി: ആങ് പുഷ്‌കൂ - പെട്ടെന്ന് എന്തൊരു വിപ്ലവം.
പുരോ: ഞാൻ ഓർത്തതേയുള്ളൂ ഇന്നലെ ഉർവ്വി. പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് കൂടുതൽ മുതൽക്കൂട്ട്. ഈ സ്​ട്രോസ്​ മാത്രം എത്ര കോടിയാണെന്നോ ഓരോ ദിവസവും.
ഉർവ്വി: ഹ്ം, ശരിയാണ് പുരോ, എന്തു കഷ്ടമാണല്ലേ.
പുരോ: സംശയമുണ്ടോ, പക്ഷേ ഒരു നിവൃത്തിയുമില്ല. ആർക്കും ഒന്നും മനസ്സിലാവില്ല, ഒരിക്കലും.
ഉർവ്വി: പോട്ടെ പുരോ, സാരല്ല്യ, പുരോ അത് ഓർത്ത് വിഷമിച്ചിട്ട് എന്തു കാര്യം. അലംഭാവം കാണിക്കുന്നവർ അനുഭവിക്കട്ടെ -ന്നേ.
പുരോ: ഈ അനുഭവിക്കുന്നത് എല്ലാവരും അല്ലേ. ഭൂമിയിലെ അസംഖ്യം ജീവജാലങ്ങൾ.
ഉർവ്വി: അതെയതെ, പാവം മിണ്ടാപ്രാണികൾ.
പുരോ: മാത്രമല്ല, ഈ ആപ് സൗകര്യം കാരണം തീറ്റ വല്ലാതെ കൂടിയിട്ടുണ്ടോ എന്നുമുണ്ട് സംശയം. ഉവ്വ് ഉർവ്വി, ഉണ്ട്.
ഉർവ്വി: ഹ്ം, നമ്മൾ ശരിക്കും ഞൗ ഞൗ എന്ന് ഒരു പുതിയ ആപ് തുടങ്ങുകയാണ് വേണ്ടത് പുരോ.
പുരോ: ങ്‌ഹേ - അത് - അതെന്തിനാ ഉർവ്വി.
ഉർവ്വി: ഹ ഹ ഹ, എനിക്കൊരു പുതിയ ബുദ്ധി തോന്നിയതാണ് പുരോ. ഇപ്പോൾ ആരെങ്കിലും വിളിച്ച് നമ്മളോട് ഇന്നതിന്നതൊക്കെ വേണം എന്ന് ആവശ്യപ്പെടുന്നു.
പുരോ: നമ്മൾ എന്നുവെച്ചാൽ പുതിയ ഈ ഞൗ ഞൗ?
ഉർവ്വി: ആങ് പുഷ്‌കൂ, അപ്പോൾ എന്നിട്ട് നമ്മൾ എന്തു ചെയ്യും. കയ്യും വീശി അങ്ങോട്ട് ചെല്ലും. തിന്നാൻ ഒന്നും കൊടുക്കില്ല അവർക്ക് നമ്മൾ. വിളമ്പിക്കൊടുക്കുന്നതായി ഒക്കെ അഭിനയിക്കുകയേ ഉള്ളൂ. അവരും തിന്നുന്നതു പോലെ കാണിച്ചോട്ടെ.
പുരോ: ആഹാ, നല്ല ബുദ്ധിയാണല്ലോ.
ഉർവ്വി: നല്ല ഉഗ്രൻ ഗുണമല്ലേ. തിന്നു വീർക്കില്ലല്ലോ അപ്പോൾ ആരും. മാലിന്യം - പൂജ്യം. നമ്മൾ പണം ഒന്നും ചോദിക്കാത്തതിനാൽ അതും അവർക്ക് ലാഭം... എങ്ങനെയുണ്ട് - കസറില്ലേ ഞൗ ഞൗ.
പുരോ: സംശയമില്ല ഉർവ്വി, സംശയല്ല്യാ.
ഉർവ്വി: (ചിരിച്ചു മറിഞ്ഞുവീണുകൊണ്ട് ) എന്നാൽ വേറെ ഒരു ആപ് ആവാംട്ട്വോ ഇങ്ങനെ. എന്തൊക്കെ രസികൻ ആഹാരം മുന്നിൽ വിളമ്പി വെച്ചാലും എടുത്തു കഴിക്കാൻ തോന്നിപ്പിക്കില്ലാത്ത - ആളുകളെ അങ്ങനെ മാറ്റുന്ന ഒരു ആപ് - ഗതികെട്ട് ആളുകളങ്ങനെ ദേഷ്യം പിടിച്ച്... ഹ ഹ ഹാ, അത് എങ്ങനെയിരിക്കും?
പുരോ: (ചേർന്നിരുന്ന് ചിരിച്ച് ) ഞ്യോഞ്യോ - അല്ലേ ഉർവ്വി - ഞ്യോഞ്യോ?

ണ്ടത്തെ കൈമൾ എന്ന കാരണവർ നടനില്ലേ, സോക്രറ്റിസ് ആയി നടിച്ചയാൾ - ആ കാലത്തെ നടീനടന്മാർക്കും ചിത്രങ്ങൾക്കും ഒക്കെ പേരിട്ടു, ചിലപ്പോൾ പാ​ട്ടെഴുതി, തിരക്കഥയിൽ എപ്പോഴും ഇടപെട്ടു - അയാൾ നിത്യ എന്ന അന്നത്തെ നായികയെപ്പറ്റി ഇങ്ങനെ പരാമർശിച്ചിട്ടുണ്ട്.

അവൾക്ക് വിദ്യ എന്ന പേരായിരുന്നു കൂടുതൽ ചേരുക. കൊടുക്കും തോറും മികവേറുന്നതാണ് വിദ്യ എന്നല്ലേ.

ആ നിത്യയ്ക്കുള്ള ഒരു വ്യസനം എന്താണെന്നറിയാമോ. പണ്ടത്തെ ഒരു പ്രസിദ്ധ ഗാനരചയിതാവുണ്ടല്ലോ. അയാൾ ഈയമ്മയെ സങ്കല്പിച്ചു കൊണ്ടാണേത്ര മിക്ക സ്ത്രീ വർണ്ണനകളും എഴുതിയത്. അയാൾക്ക് തന്നെ ഒരിക്കൽ പോലും ഒന്ന് സമർപ്പിക്കാൻ കഴിയാതെ പോയതിൽ ഇപ്പോൾ ആയമ്മയ്ക്ക് ഖേദം തോന്നുന്നുണ്ടേത്ര.

ഇച്ഛാഭംഗം?

ഹോ, ഈ പശ്ചാത്തലത്തിലാണ് ഇനി ഞാൻ ജനിച്ചു വളരേണ്ടത് എന്ന് ഓർക്കുമ്പോഴാണ്. ഇങ്ങനെ കുത്തഴിഞ്ഞ ഒരു വ്യവസ്ഥയായല്ലോ ഇവിടെ. മര്യാദയ്ക്ക് ഒരു ചലച്ചിത്ര സംസ്കാരം ഉണ്ടായാൽ ആർക്കാണാവോ ചേതം.
ഇത്തരം പഴഞ്ചൻ ആദർശങ്ങളും വെച്ച് ഒരാൾ എങ്ങനെ ജീവിക്കും യോഹനാൻ. അതും മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യേണ്ടി വരുന്ന ഒരാൾ ... ഞാൻ സൂക്ഷിക്കുന്നത് പുതിയ ആശയങ്ങളാണ്, പിന്നെ എന്റെ ലക്ഷ്യങ്ങളും വേറെയാണ്. സിനിമയിൽ പേരെടുക്കണം എന്നു മോഹമുള്ള ഒരാൾക്ക് ഇതൊന്നും പറ്റില്ല യോഹനാൻ.

പേരെടുക്കണം എന്നൊന്നുമില്ല എനിക്ക്, എന്തെങ്കിലുമൊക്കെ ചെയ്യണം എന്നേയുള്ളൂ, അഗ്നി.
ആങ്, അവിടെ കയറിപ്പറ്റാനും പിടിച്ചുനിൽക്കാനും എങ്കിലും സാധിക്കണ്ടേ. അതിന് കണ്ടില്ല കേട്ടില്ല എന്നു നടിക്കാൻ ശീലിക്കാതെ തരമില്ല.
കണ്ടില്ല കേട്ടില്ല മണത്തുമില്ല.
ഓ ഹോ ഹോ - കൃത്യത ഒക്കെ പാലിക്കുന്നു. ഞാൻ നോക്കുമ്പോൾ ... ഒരു മിസ്ഫിറ്റ് അല്ല, അൺഫിറ്റ് ആണ് യോഹനാൻ.

എന്താണ് അഗ്നി അത് രണ്ടും തമ്മിൽ വ്യത്യാസം, എനിക്ക് അറിയാത്തതുകൊണ്ട് ചോദിക്കുന്നതാണേ.
ഒരു മിസ്​ഫിറ്റ് മാത്രമാണെങ്കിൽ കുറച്ച് സഹാനുഭൂതിയൊക്കെ കിട്ടും. അൺഫിറ്റ് ആയാൽ അയോഗ്യനായിട്ടേ കാണൂ ആളുകൾ ... ഹ്ം, ഇത്ര വിശദീകരിക്കാനേ എനിക്കറിയൂ.

അപ്പോൾ ഞാൻ അൺഫിറ്റ് ആണെന്നാണ് അഗ്നിയുടെ വിലയിരുത്തൽ. അഗ്നി എപ്പോഴാണ്, എങ്ങനെയാണ് അിക്ക് അത് ബോദ്ധ്യമായത് എന്നു കൂടി ഒന്ന്...

ഓ, സങ്കല്പിച്ചു നോക്ക്, ഒരു മൂവീ സിക്വെൻസ് പോലെ.
കുറ്റിത്താടിയുള്ള ഒരു യുവാവ് കടം വാങ്ങിയ പണവുമായി മുന്നിൽ കണ്ട ഒരു വലിയ പച്ചക്കറിക്കടയിലേയ്ക്ക് - പഴമുതിർചോലൈ - കയറുന്നു. ആർക്കോ സമ്മാനിക്കാൻ വേണ്ടി അയാൾക്ക് അവിടെ നിന്ന് അപൂർവ്വവും അല്പം വിലകൂടിയതുമായ എന്തെങ്കിലും വാങ്ങണം. അങ്ങനെ തിരഞ്ഞ് അയാൾ കണ്ടുപിടിച്ചത്‌ ബ്രൊകോളി. എന്നാൽ വാങ്ങുന്നത് കുറച്ചൊന്നും അല്ല.
തന്റെ തൊണ്ട ഇടറിയതിനാൽ യോഹനാൻ അപ്പോൾ അഗ്നിയുമായി തർക്കിക്കുന്നത് നിർത്തിവെച്ചു. കൈവശം ഉണ്ടായിരുന്ന പണം വായ്പ വാങ്ങിയതാണെന്ന് അഗ്നി ഊഹിച്ചെടുത്തത് എങ്ങനെയാണെന്ന് അവന് മനസ്സിലായതേയില്ല. അത്ര ദരിദ്രനാണെന്നു തോന്നുമോ തന്നെ കണ്ടാൽ എന്ന് അവൻ ഉള്ളാലെ അതിശയിച്ചു.

ഇത്ര മുതിർന്നിട്ടും എന്നെപ്പറ്റി സൂചിപ്പിക്കാൻ എല്ലാവരും അവൻ എന്ന സർവ്വനാമം മാത്രം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്നും ഇപ്പോൾ എനിക്ക് മനസ്സിലായി. യോഹനാൻ നെടുവീർപ്പിട്ടു. ഒരിക്കലും ഞാൻ ഒരു അയാൾ ആയി വളരില്ലേ ആവോ.

ഒരു അദ്ദേഹം ആവണമെന്ന് എനിക്ക് ആഗ്രഹമേയില്ല എന്നുവെയ്ക്കുക.
അതേപോലെ ഞാൻ അതാണ്, ഇതാണ് എന്നെല്ലാം മറ്റുള്ളവർ നിർവ്വചിക്കുന്നത് ഒരു കാലത്തും അവസാനിക്കില്ല എന്നാവുമോ.

യോഹനാൻ, എടാ, നീ എന്താണെന്നു ഞാൻ പറയട്ടെ?
ഞാൻ എന്താണെന്നോ - അതെന്താണ് പേൾ!
നമ്മൾ ഓരോരുത്തരെക്കുറിച്ച് വിശേഷിപ്പിക്കില്ലേ. അയാൾ ഒരു ശുദ്ധാത്മാവാണ് - അതേപോലെ കഠിനഹൃദയൻ, ലോലമനസ്കൻ, നരാധമൻ എന്നൊക്കെ.
ഹ്ം, ഉണ്ടായിരിക്കാം.
എന്നാൽ എനിക്കു തോന്നുന്നത് എന്താണെന്നറിയാമോ?
എന്താണ് പേൾ.
യോഹനാനേ, നീ ഒരു പച്ചമനുഷ്യൻ ആണ്.
പച്ചച്ച മനുഷ്യനോ? എന്നു വെച്ചാൽ?
പച്ച മനുഷ്യൻ എന്നു വെച്ചാൽ പച്ച മനുഷ്യൻ.
ഏയ് ഞാനതൊന്നുമല്ല. പച്ചയും നീലയും! നീ മിണ്ടാതെ പോ പേൾ ... എന്നെ അങ്ങനെയൊന്നും വിളിക്കാതെ.

ഞാൻ വിളിക്കും. പച്ച മനുഷ്യൻ തന്നെയാണ് നീ. കുറേ ഓർത്തു നോക്കിയിട്ട് കണ്ടുപിടിച്ചതാണ് ഞാൻ - അറിയാമോ. ഇത്ര പച്ചയായ ഒരാൾ വേറെയില്ല, ഒരു തികഞ്ഞ പച്ച മനുഷ്യൻ...

അയ്യേ, അയ്യയ്യേ, ഈ ദോശക്കല്ലിൽ ചട്ടുകം കൊണ്ട് ഉരയ്ക്കുമ്പോൾ ഒരു ഒച്ച കേൾക്കില്ലേ. അതുപോലെ അസഹ്യതയുണ്ട് എനിക്ക് ആ വാക്ക് കേൾക്കുമ്പോൾ - പ്ലീസ്?, വേണ്ട പേൾ.

എന്നാൽ സഹിച്ചോ നീ ഇത്തിരി.

പേൾ, എന്നെ കണ്ണിൽ ചോരയില്ലാത്തവൻ, കശ്മലൻ, കള്ളപ്പരിഷ എന്നൊക്കെ വിളിച്ചാലും കുഴപ്പമില്ല ...
​ ദയവായി നീ അതൊന്നു പിൻവലിക്ക്.
പക്ഷേ അവൾ പിൻവാങ്ങിയതേയില്ല. ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments