ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

20. നിദ്രാടനം

രവി

റക്കച്ചടവ് ആയിരുന്നില്ല കുട്ടിക്ക്. ഉറങ്ങുക തന്നെയായിരുന്നു അവൻ.

ഉറങ്ങിക്കൊണ്ടുതന്നെ അവൻ നടന്ന് മുറ്റം കടന്ന് ഇടവഴിയിലേയ്ക്കിറങ്ങി.
ഒരു പെരുമ്പാമ്പ് പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന പണ്ടത്തെ ഇടവഴിയിലൂടെ കുട്ടി മുന്നോട്ടു തന്നെ നടന്നു.

അവന് ചിരപരിചിതമായ പാത. പക്ഷേ എങ്ങോട്ടാണ് ഈ കുട്ടി ഇപ്പോൾ ഇങ്ങനെ.

എന്നാൽ അവനെ തട്ടിയുണർത്തിക്കൂടാ. അപ്പോഴായിരിക്കും അവൻ ചുവട് തെററി വീഴുക. ഇല്ലെങ്കിൽ കണ്ണു കൊണ്ട് കാണുന്നില്ലെങ്കിലും ഓരോ കുഴിയും ചാടിക്കടന്ന്, കല്ലിലോ മരത്തിന്റെ വേരിലോ കാൽ വെച്ചു കുത്താതെ, കടായകൾ ഓരോന്നും വൃത്തിയായി മറികടന്ന് അങ്ങനെ മുന്നേറിക്കൊണ്ടിരിക്കും.
മോനേ, എങ്ങോട്ടാ നീ ഒറ്റയ്ക്ക് ഈ നേരത്ത്- എന്നു ചോദിച്ചാൽ കേൾക്കില്ലല്ലോ കുട്ടി. അപ്പോൾ അശരീരി വീണ്ടും ചോദ്യങ്ങൾ തുരുതുരെ തൊടുക്കാൻ തുടങ്ങുന്നു. ഉത്തരം വേണമെന്നൊന്നുമില്ല തന്നെ അതിന്.

ഏയ് മോനേ, എങ്ങോട്ടാ നീ ഈ നേരത്ത് ഒററയ്ക്ക് ഇങ്ങനെ - നിനക്ക് രാത്രിയെ പേടിയില്ലേടാ മോനേ - ഏങ്? ...
കണ്ണു തുറന്നുനോക്ക്, ഇരുട്ടാണ് നിന്റെ ചുറ്റും, അറിയാമോ. കണ്ണിൽ കുത്തുന്ന ഇരുട്ട് എന്നു കേട്ടിട്ടില്ലേ നീ, അതുതന്നെ. എങ്ങനെയാണ് മോനേ നീ ഒട്ടും പതറാതെ നടന്നുകൊണ്ടിരിക്കുന്നത്, ങ്‌ഹേ? .....
ഓ, നിനക്ക് ഞാൻ ആരാണെന്ന് അറിയില്ലല്ലോ, അല്ലേ, മോനേ.
ഞാനാണ് ഉമ്മാക്കി. കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ടുപോവും എന്ന് പേടിപ്പിക്കില്ലേ, ആ സാധനം തന്നെ. അന്ധകാരത്തിൽ ഒളിച്ചിരിക്കുന്ന ഭീകരജീവി ... അല്ല മോനേ, നിനക്കെന്തിനാണ് കുട്ടിക്കാലത്തേ ഇത്ര അപകർഷതാബോധം. നിന്നെ സദാ ആരെങ്കിലും കളിയാക്കുന്നുണ്ടോ. നിന്നെ സമാധാനിപ്പിക്കാൻ സ്വന്തമായി ആരും ഇല്ലെന്നാണോ... എന്നെപ്പോലെ ഒരാൾ ലാളിക്കാനുണ്ടായിട്ടും നിനക്ക് എന്തിന് ഈ ആധി. അനാഥത്വം അനുഭവിക്കുന്നതെന്തിന് നീ. കണ്ണുതുറന്നു നോക്കി ഒന്നു കണ്ടു കൂടേ നിനക്ക് എന്നെ.... അതോ ഇപ്പോഴും നിനക്ക് ഉമ്മാക്കി എന്ന സങ്കല്പത്തോട് പേടിയാണെന്നുണ്ടോ. തുണയില്ലാതെ ജീവിതാന്ത്യം വരെ ഇങ്ങനെ സ്വപ്നാടനം തുടരാനാവുമെന്ന് നീ കരുതുന്നുണ്ടോ, ങ്‌ഹേ? എടാ, എന്താ മോനേ നിനക്ക് ഞാൻ സംസാരിക്കുന്നതെല്ലാം ഒന്നു കേട്ടാൽ!...

ചപ്പിലഭൂതം പതുങ്ങിനിൽക്കുന്നുണ്ടായിരുന്നു അടുത്ത വളവിനപ്പുറം.
കുളിർകാററ് താണുപറന്ന് കുട്ടിയുടെ തോളിൽ ഒന്നു തലോടിയിട്ട് കടന്നുപോയി. ഒരു ഉൽക്ക ആകാശത്തിനുകുറുകെ പരക്കം പാഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ കുട്ടി മുന്നോട്ട് നടന്നു കൊണ്ടേയിരുന്നു.

ആളുകൾക്ക് കാണാൻ അന്നേവരെ നിന്നുകൊടുത്തിട്ടില്ലാത്ത ഒരു കാലൻ കോഴി അവിടെ ഒരു ആഞ്ഞിലി മരത്തിന്റെ കൊമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. ആ പക്ഷിയും കുട്ടിയുടെ നടത്തം കണ്ട് അതിശയിച്ചു. ഒരു മനുഷ്യൻ എന്നൊന്നും വിളിക്കേണ്ടതില്ലല്ലോ. ഇതൊരു കുഞ്ഞല്ലേ. ഒരു കുഞ്ഞ് എന്നെ കാണുന്നതുകൊണ്ട് കുഴപ്പമില്ല എന്ന വിചാരത്തോടെ അയാൾ താഴേയ്ക്ക് പറന്നിറങ്ങി വന്നു നിന്നു. അയ്യോ, ഇവൻ ഉറക്കമാണല്ലോ. എങ്ങോട്ടാണ് ഇവൻ ഉറങ്ങിക്കൊണ്ട് ഈ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഒന്ന് കൂവി നോക്കണോ ഇപ്പോൾ ഞാൻ.

ഏയ്, വേണ്ട, പെട്ടെന്ന് അയാൾ സ്വയം വിലക്കി, സുഖമായി ഉറങ്ങുന്ന ഒരാളെ ഞാനായിട്ട് ഉണർത്തിക്കൂടാ...

കാലൻ കോഴി മാത്രമല്ലല്ലോ രാത്രിഞ്ചരൻ. വംശനാശഭീഷണി നേരിടുന്ന ഒരു പാറ്റാട തഞ്ചത്തിനു കിട്ടിയ ഒരു പെൺവവ്വാലുമായി ഇണ ചേരാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു കുറച്ചു മാറി. ഉണർന്നിട്ടായിരുന്നുവെങ്കിൽ കൂടി മനസ്സിലാവാത്ത അങ്ങനെ ചില സംഗതികളും.

തന്നെ ചേർത്തുപിടിച്ച് ആരോ അറിയാത്ത എങ്ങോട്ടോ കൊണ്ടുപോയതായി കുട്ടി പിന്നീട് ഓർത്തെടുത്തു. ഒരാളല്ല, വേറെ ചിലരും കൂടി. താൻ അത് ഇഷ്ടപ്പെട്ടു എന്നും തന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രമേ തന്നോട് പെരുമാറിയിട്ടുള്ളൂ എന്നും അവർ വാദിക്കുന്നത് കുട്ടി നിസ്സഹായനായി കേട്ടുനിന്നു.

ആരുണ്ട് കുട്ടിക്കു വേണ്ടി...

അതാണ് യോഹനാനെ എന്നും അലട്ടിയത്. കുട്ടിയെ ദ്രോഹിക്കുന്നതിൽ എല്ലാവരും ഒററക്കെട്ടാണ്. അതിന് ആരും ശിക്ഷിക്കപ്പെടാറുമില്ല.
വളരെ കാലം കഴിഞ്ഞിട്ടും താൻ എറിഞ്ഞു കളയാതെ സൂക്ഷിക്കുന്ന ഒരു കഥാതന്തു അതാണ് എന്ന് യോഹനാൻ ആനുഷംഗികമായി ഓർമ്മിച്ചു. അത് വികസിപ്പിച്ച് ഏകദേശം പൂർണ്ണരൂപത്തിലായ ഒരു തിരക്കഥയും എഴുതിയിരുന്നതല്ലേ ഞാൻ.

കുട്ടികളെ ഉപദ്രവിക്കുന്നവരെ കണ്ടുപിടിച്ച് കൊല്ലുന്ന ഒരു സിരിയൽ കിലർ. ഒരു കൊലയാളിയുടെ ശരീരഭാഷയോ ഭാവഹാവാദികളോ തനിക്ക് അനുകരിക്കാൻ ആവില്ല എന്ന് തീർച്ചയായിരുന്നു എങ്കിൽ കൂടി ആ വേഷം ചെയ്യാൻ വേണമെങ്കിൽ താൻ മുതിരും എന്ന് യോഹനാൻ എന്നും ആലോചിച്ചിരുന്നു, ജീവിതത്തിൽ മറ്റൊരു വിധത്തിലുള്ള അഭിനയവും സാദ്ധ്യമല്ല തനിക്ക് എന്ന് വിശ്വസിച്ചുകൊണ്ടിരിക്കേ തന്നെ.

എന്നാലും എന്തൊരു ദുരവസ്ഥയാണ്. പീഡിപ്പിക്കപ്പെട്ട കുട്ടി അത് ആസ്വദിച്ചിട്ടേയില്ല എന്ന് കുട്ടിയുടെ രക്ഷിതാക്കൾ തെളിയിക്കണം എന്നാണ് ഇപ്പോൾ. പരമോന്നത നീതിപീഠം വരെ അത്തരം വിധികളാണ് പ്രസ്താവിക്കുന്നത്. ഈ ന്യായാധിപന്മാരൊന്നും കുട്ടികളായി ഇരുന്നിട്ടില്ല എന്നാണോ?
അല്ല, ഉറങ്ങിക്കൊണ്ട് നടന്നിരുന്ന ആ കുട്ടിയെ ആർ കൂട്ടിക്കൊണ്ടു പോയി?

ആലോചനാമൃതം ക്ലിപ്തം - രണ്ടു കേകകൾക്കിടയിൽ കുറേ കവിത

കൂമനെ കാണാനില്ല ഇന്നലെ വൈകുവോളം ആമരക്കൊമ്പിൽ തന്നെ മൂങ്ങയായിരുന്നവൾ

കാർ കാണിച്ചുകൊതിപ്പിക്കും പെയ്യില്ല

കടപ്പുറത്തെന്തൊരു തിക്കും തിരക്കും പക്ഷേ അതിലാർ ശരിക്കും കടലിനെ നേരെ കണ്ടുകൊണ്ടിരിക്കും

ഇല്ലെന്നുറപ്പിക്കേണ്ട ഇവിടെയും അവിടെയുമായി മൂന്നോ നാലോ പേരൊക്കെ അതിന്റെ അപാരതയിലേയ്‌ക്കോ അതോ അനന്തതയിലേയ്‌ക്കോ ഉററുനോക്കി നിൽക്കുന്നുണ്ടെന്നു വരാം

ആ കാണുന്ന മുപ്പത്തിമൂന്നാം നിലയിലെ മട്ടുപ്പാവിൽ പോയി നിന്നു കൊള്ളുന്ന കാററിനു മൂച്ചേറുമോ

ഓളവും തീരവും തമ്മിലുള്ളതൊരു കളിയാണെങ്കിലാവട്ടെ അതു പക്ഷേ മടുക്കാ മുടങ്ങാ തുടരുന്നതെങ്ങനെ

തീരാമുന്തിരിയോ കാണാ മുന്തിരിയോ ഏതാണേറെ പ്രിയംകരം

ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടോമനേ ഞാൻ നിന്നുള്ളിലായിരിക്കുമ്പോഴറിയാതെ നാമിരുവരുമുറങ്ങിപ്പോയ് സൈ്വര്യമായ് രമിച്ചുകൊണ്ടങ്ങനെ

ഇടയിലെപ്പോഴെങ്കിലും പിന്നെ ഞാൻ ചുരുങ്ങിയിരുന്നോ വീണ്ടും കുലച്ചതാണോ കുതിച്ചുയർന്നതായിരിക്കുമോ അറിയില്ല പക്ഷേ രാവിലെ നോക്കുമ്പോഴും ഉണർന്നു നിറഞ്ഞു നിന്നിരുന്നങ്ങനെ രാത്രി മുഴുവനും നാമന്യോന്യം കോർത്തു കിടന്നു ഉണ്ടായിട്ടുണ്ടതോമലാളേ നീ എങ്ങനെ മറന്നാലും

മാത്രമല്ല അങ്ങനെ കിടന്നു ചാവണമെന്നാണാശ എന്നു നീ മന്ത്രിച്ചിട്ടുമുണ്ടായിരുന്നില്ലേ

ഞാനൂതി പുറത്തുവിട്ട പുകയിലിരുന്നൊരു മൂങ്ങ തുറിച്ചു നോക്കുന്നിതെന്നെ

താൻ വേണ്ടത്ര ആസ്വദിക്കപ്പെടുന്നുണ്ടോ എന്ന ആധി കാരണം സൗന്ദര്യത്തിന് ഉറക്കം വരാറേയില്ല അതു പക്ഷേ കണ്ണു ചിമ്മിയങ്ങനെ കിടന്നു കൊള്ളും ക്ഷീണിച്ചു പോവരുതല്ലോ വിശ്രമം വേണ്ടേ എന്നു കരുതി അതിനെ പക്ഷേ ഉറക്കം നടിക്കലായി കൂട്ടിക്കൂടാ തന്നെ ആരും

സ്വതവേ പടികളോടിയിറങ്ങുന്ന അവളിന്നു പതുക്കെ പതുക്കെയാണല്ലോ ഒന്നുകിലവളുടെ കാലിനു പരിക്കെന്തെങ്കിലും പററി അല്ലെങ്കിലവളൊരു കോപ്പയിലോ മറ്റോ നിറയെ വീഞ്ഞുമായോ മറ്റോ കരുതലോടെ ആവാം താഴേയ്ക്കു വരുന്നത് കുറേ കൂടി മെല്ലെ പതക്കോ പതക്കോ എന്നായിരുന്നെങ്കിൽ വല്ല ജഡവും വലിച്ചിഴച്ചു കൊണ്ടു വരുന്നതാണെന്നനുമാനിക്കാമായിരുന്നു

രാവിലെയുണർന്നുനോക്കുമ്പോൾ കാണാം മേലാസകലം തേങ്ങലുകൾ പോറലുകൾ തിണർപ്പുകൾ വീക്കങ്ങൾ ഞാനെന്നെതന്നെ ആക്രമിക്കുന്നതെല്ലാം ഉറക്കം നടിച്ചാവാം

വ്യാളി നടക്കാനിറങ്ങിയ തക്കം നോക്കി നമ്മുടെ ഒററക്കൊമ്പൻ കുതിര അരയന്നത്തിന്റെ ശയനീയം തിരഞ്ഞു പുറപ്പെടുന്നു

അവിടെയറയിലാവട്ടെ കണ്ണെഴുത്തിനും വെള്ളെഴുത്തിനും മദ്ധ്യേ അന്ധാളിച്ചിരിപ്പായിരുന്നു ഹംസം

കെട്ടുകഥയിലായാലും ആണന്നത്തിനും പിന്നെ പരിഭ്രാന്തയോ ചകിതയോ സുരതതാന്തയോ മറ്റോ ആവാനല്ലേ പററൂ ഏറിയാലൊരു മൂളിയലങ്കാരി

ഓമനിച്ചു വളർത്തുന്നുണ്ടൊരു വെള്ളിമൂങ്ങയെ ഏതാനും കാലമായി എന്തൊരരുമയാണെന്നോ

ഊം ഹൂം എന്നു പേരിട്ടു

മേൽക്കൂരയ്ക്കുതൊട്ടു താഴെ മൂലയിലൊതുങ്ങി ഇരിക്കുന്നതു കാണാം ജനലിന്റെ ചില്ലിലൂടെ ഞാൻ നോക്കുമ്പോൾ മൂങ്ങയനങ്ങും കണ്ണുതുറക്കും ചിലപ്പോൾ ചെറുതായി ചിറകടിക്കും തല വട്ടം കറക്കി കാണിച്ചു തരും ഇണങ്ങിയതു തന്നെ

വളർത്തുക എന്നു വെച്ചാൽ ഇതൊക്കെ തന്നെ കൊന്നുതിന്നാതിരിക്കുന്നു മൃഗശാലയ്ക്കു കൈമാറാതിരിക്കുന്നു കൂടാതെയദ്ദേഹം ധ്യാനലീനനായിരിക്കേ ശല്യപ്പെടുത്താതെയുമിരിക്കുന്നു

മരിച്ച പൂച്ചയെയും കൂട്ടി പാതിരാനേരം ശ്മശാനത്തിലെത്തുക എന്നെല്ലാം പറയാനെന്തെളുപ്പം

ഓർത്തുനോക്കുക ആരെങ്കിലും കണ്ടിട്ടുണ്ടോ ഒരു പൂച്ചയുടെ മൃതദേഹം സ്വന്തം കാഷ്ഠം പോലെതന്നെ ശവവും ആരും കാണാതെ അവർ സ്വയം മണ്ണിൽ മറവു ചെയ്യും

അതു മറന്നുപോവാത്തിടത്തോളം

മിണ്ടുമോ കൊഞ്ചിക്കൊഞ്ചി തെന്നലേ നീയെൻ കാതിൽ പണ്ടു നീയരയന്നം തൂവലോ കവർന്നെന്നാൽ

നിങ്ങളാരെങ്കിലും മരക്കൊമ്പിൽ നിന്ന് വെള്ളത്തിലേയ്ക്ക് വീണിട്ടുണ്ടോ?
ഇല്ലാ, ഇല്ല ഇല്ല ഇല്ലാ...
ശരിക്കും ഓർത്തു നോക്കിക്കേ, ആരെങ്കിലും എപ്പോഴെങ്കിലും, എങ്ങനെയെങ്കിലും?

ഇല്ലെന്നേ, എന്തിനാ!

ഹ ഹ ഹാ, ഞാനും വീണിട്ടില്ല. ഹ ഹ ഹാ...

വലിയ മിടുക്കനാണെന്നായിരുന്നു അവൻ സ്വയം വിചാരിച്ചിരുന്നത്. പോൾ യോഹനാൻ. അവനെ പോൾ എന്നാണോ യോഹനാൻ എന്നാണോ വിളിക്കേണ്ടത് എന്നു ചോദിച്ചാൽ അവൻ അതും ഒരു കടംകഥയാക്കും. എന്നെ പോൾ എന്നു വിളിക്കുന്നതാണോ യോഹനാൻ എന്നു വിളിക്കുന്നതാണോ എനിക്ക് ഇഷ്?ടക്കുറവ് തോന്നിക്കുക എന്ന് നിങ്ങൾ ആരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ?

ഏതാനും കൊല്ലം മുമ്പ് പിരിഞ്ഞതിനുശേഷം ഈയിടെയാണ് അവന്റെ ഒരു പുതിയ പിക് കണ്ടത്. പഴയ സ്നേഹിതരെ കണ്ടുപിടിച്ചു തരുന്ന ആപ് ചെയ്തതാണ് അത്. ഒരു ദിവസം രാവിലെ ഫോൺ എടുത്തുനോക്കുമ്പോഴുണ്ട് ആരോ അവനെ മുന്നിൽ കൊണ്ടു വന്നു നിർത്തിയിരിക്കുന്നു.

യസ്മിൻ വൈകുന്നേരം തന്റെ വീടിന്റെ തുറസ്സിൽ ഒറ്റയ്ക്ക് ഉലാത്തുകയായിരുന്നു. പൂച്ച കാഷ്ഠിച്ചുവെച്ചിട്ടുണ്ടെന്നു തോന്നുന്നു ഇവിടെ എവിടെയോ. അവൾ മൂക്ക് കൂർപ്പിച്ച് മണം പിടിച്ചു നോക്കി. നേരിയ കാറ്റിൽപോലും അത് നന്നായി അറിയുന്നുണ്ട്.
ഇവിടെ കുറുകേ കിടക്കുന്ന ഒരു കയർ എന്തിനായുള്ളതാണെന്ന് ഇനിയും പിടികിട്ടിയിട്ടില്ല. മൂന്നു പ്രാവശ്യമാണ് ഞാൻ ഇതിൽ തട്ടി മൂക്കുകുത്തി വീണത്. എനിക്ക് ഒന്നും പററിയില്ല എന്നു മാത്രമല്ല, ഫോൺ കൂടി പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു.

ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന ചൊല്ലിന് ഇവിടെ എന്തെങ്കിലും സാംഗത്യമുണ്ടോ.
വീഴ്ച ആണല്ലോ ഇവിടെ വിഷയം. പരിക്കേൽക്കാത്ത വീഴ്ച മൂന്നെണ്ണമായി ഇപ്പോൾ. അത്തരം ഒന്ന് മേലാൽ കിട്ടില്ല എന്നാവാം. ഇനി വീഴാതെ സൂക്ഷിക്കണം.
എന്നുതന്നെയാവുമോ ശരിയായ വ്യാഖ്യാനം.

ഇന്നലെ രാവിലെ കണ്ട കൂമനെ പിന്നെ കണ്ടില്ല.
കണ്ടിട്ടില്ല വാസ്തവത്തിൽ, കേട്ടിട്ടേയുള്ളൂ. വെളിച്ചം ആയി വരുന്നതേയുണ്ടായിരുന്നുള്ളൂ. അപ്പോഴതാ കേൾക്കുന്നു അതിന്റെ മൂളക്കം.

വീടിനോടു ചേർന്നു നിൽക്കുന്ന മരങ്ങളിലെല്ലാം ഞാൻ നോക്കി. ശബ്ദം കേൾക്കുന്ന ദിശയിലേയ്ക്കും നീങ്ങി നോക്കി. പക്ഷേ കാണാൻ സാധിച്ചില്ല. എന്നാലും എന്തൊരു രസമായിരുന്നു, ആദ്യമായിട്ടാണ് അത്ര അടുത്തു നിന്ന് ഒരു കൂമനെ ഞാൻ കേൾക്കുന്നത്.

ഈ കൂമനും മൂങ്ങയും ഒന്നാണെന്ന് എനിക്ക് മനസ്സിലായതുകൂടി ഈയിടെയാണ്.
അറിയാതെ ഒരു ഈരടി എഴുതിപ്പോയപ്പോൾ.
വേണമെങ്കിൽ കൂമൻ ആണും മൂങ്ങ പെണ്ണും ആയിക്കൂടേ.
ഈ പരുന്തും കഴുകനും ഒക്കെയില്ലേ. അതേ പോലെ കാക്കകളിലും പെണ്ണുണ്ടോ ആവോ.
അരയന്നം പെണ്ണ് മാത്രമേ ഉള്ളൂ എന്നു തോന്നുന്നത് എനിക്കു മാത്രമാണോ.
ഇന്നലത്തെ ആ കൂമൻ എങ്ങനെയാണ് പകൽ വെളിച്ചത്തിൽ അവിടെ വന്നുപെട്ടത്. ചേക്കേറിയതാവുമോ തൽക്കാലത്തേയ്ക്ക് ഇവിടെ. ഉറക്കം വരാതിരുന്നതു കൊണ്ട് കുറേ മൂളിയതാവുമോ.

കാണാക്കൂമൻ. പക്ഷേ നല്ല രസമായിരുന്നു ആ മൂളക്കം. കുയിലിനെ അനുകരിച്ച് അതുമായി മത്സരിക്കാറുണ്ടെങ്കിലും ഇയാളോട് അത് സാധിക്കുമെന്ന് തോന്നിയില്ല. ഒരു പക്ഷേ ആണുങ്ങൾക്ക് കഴിയുമായിരിക്കും.

ഉറക്കം വരാത്തവർ കാണും പക്ഷികളിലും.

നരിച്ചീറുകൾ എന്തുചെയ്യും ആവോ. തല കീഴായി തൂങ്ങിക്കിടന്ന് ഞെളിപിരി കൊള്ളുമായിരിക്കും അവർ. വവ്വാലിനു പക്ഷേ നിദ്രാവത്വം മാത്രമേ ഉള്ളൂ എന്നല്ലേ. ഉറക്കം കൂടുതലാണ് മൂപ്പർക്ക്. ചില രാത്രികൾ കൂടി ഉറങ്ങിക്കളഞ്ഞെന്നിരിക്കും.
ഇവരെക്കുറിച്ചെല്ലാം സംസാരിക്കുമ്പോൾ പോ എഴുതിയ ആ കവിതയാണ് ഓർത്തു പോവുക. റെയ്വൻ ഒരിക്കലും കാക്കയല്ല. എത്ര നന്നായിട്ടാണ് അയാൾ ആ കറുത്ത പക്ഷിയെ വർണ്ണിച്ചിട്ടുള്ളത്. കണ്ടുപഠിക്കട്ടെ ഇവിടത്തെ പുംഗവന്മാർ.
അവർക്ക് ഒററ വിഷയമേയുള്ളൂ - ഫെലോഷ്യോ. വരണ്ട ഒരു ഭാഷയിൽ അതിനെ എതിർത്ത് നീട്ടി നിരത്തി നിർത്താതെ എഴുതിക്കോളും. നാളെ രാവിലെ ഈ ഫെലോഷ്യോ എന്നത് പെട്ടെന്നങ്ങോട്ട് ഇല്ലാതായാൽ പിന്നെ എന്തു ചെയ്യും ആവോ ഇവറ്റ.

അല്ല, ഓർത്തു നോക്കൂ ഒന്ന്. ഒരു സുപ്രഭാതത്തിൽ ഫെലോഷ്യോ വിചാരിക്കുന്നു, ഞാൻ അങ്ങോട്ട് സ്വയമേവ ഇല്ലാതാവാം - എന്ന്.
ഹ ഹ ഹ, സംഭവിക്കാമല്ലോ അതും.
എന്തു ചെയ്യും പിന്നെ കവി സാർവ്വഭൗമൻ....

ലഹരി പിണങ്ങിയിട്ട് എട്ട് ദിവസം കഴിഞ്ഞു. ഞാനും അങ്ങോട്ട് ചെല്ലില്ല എന്നു തീരുമാനിച്ചിട്ടുണ്ട്. എന്തൊരു അഹങ്കാരമാണ് അവൾക്ക്. പ്രായത്തിൽ ഇത്തിരി മൂപ്പുണ്ടെന്നു വെച്ച് ഇങ്ങനെ ഭരിക്കാമോ.

നമ്മുടെ ചുറ്റുമുള്ള ആളുകളിൽ നിന്നല്ലേ നാം എല്ലാം പഠിക്കുക. പിന്നീട് സ്വന്തമായ ധാരണകളും വീക്ഷണങ്ങളും ഉണ്ടാവുമെങ്കിലും നമ്മുടെ ഉപബോധത്തെയും അബോധത്തെയും മററും ആരെല്ലാം എങ്ങനെയെല്ലാം സ്വാധീനിച്ചിട്ടുണ്ടാവില്ല എന്നാണ്. അങ്ങനെയിരിക്കേ സാധാരണ ആളുകളുടേതായ ഒരു പ്രതികരണം എന്റെ ഭാഗത്തുനിന്ന് വന്നു എന്നതല്ലേ അവളെ ചൊടിപ്പിച്ചത്. അത് ഞാൻ ഉത്തമബോധ്യത്തോടെ ഉരുവിട്ടതു തന്നെയാണോ എന്ന് എന്തുകൊണ്ട് അവൾ പരിശോധിക്കാൻ മെനക്കെട്ടില്ല. ഏതൊരാളും - അവളടക്കം - അത്തരം യാന്ത്രികമായ വചനങ്ങൾ പുറപ്പെടുവിച്ചു പോവാറില്ലേ.

ഇങ്ങനെ പോയാൽ മിക്കവാറും ആരെങ്കിലും കുത്തിക്കൊന്ന് ഇടും അവളെ ആ കടപ്പുറത്ത്. അപ്പോൾ ചെല്ലാം ഞാൻ കാണാൻ. വേണമെങ്കിൽ ഒരു മംഗളപത്രം എഴുതിക്കൊണ്ടുപോവാം കൂടെ.

ഉം, ശുഭാശംസയല്ല, വിലാപകാവ്യം...

അപ്പോഴേയ്ക്കും പോൾ അതാ പുതിയ ഒരു ചോദ്യവുമായി ഓൺലൈൻ വന്നിട്ടുണ്ടല്ലോ. നിങ്ങളിലാരെങ്കിലും ഉറക്കത്തിൽ നടന്നു പോയി മരത്തിൽ കയറിയിട്ടുണ്ടോ.

കഷ്ടകാലത്തിന് നമ്മളിൽ ആരെങ്കിലും ഉത്തരം ഒന്നു മാറ്റിപ്പറയാം എന്നു വിചാരിക്കൂ, ഉണ്ട്, ഞാനുണ്ടായിട്ടുണ്ട്!

ഉടനെ വരുമല്ലോ അവന്റെ വളിച്ച തമാശ. ചാഞ്ഞ മരത്തിൽ ഓടിക്കയറാം എന്നതിലെ ചാഞ്ഞ മരമായിരുന്നോ ഉണങ്ങിയ മരത്തോട് പശ ചോദിക്കരുത് എന്നതിലെ ഉണങ്ങിയ മരമായിരുന്നോ അത് - ങ്‌ഹേ?
ലഹരി പോയപ്പോൾ പോൾ വന്നു!...
അടുത്ത വീട്ടിൽ പുതിയ താമസക്കാരനും എത്തിയിട്ടുണ്ട്. വീട് വാങ്ങിയതാണോ വാടകയ്‌ക്കെടുത്തതാണോ ആവോ. എന്തായാലും ദ്രാക്യുല എന്നാണ് അയാളുടെ പേർ.

ഇനിയുള്ള നാളുകളിൽ ഞാൻ നത്തിനെയൊന്നും ആവില്ല നിരീക്ഷിക്കുക. പാതിരായ്ക്ക് ഒരു സുന്ദരി മന്ദം മന്ദം നടന്നു വരുന്നതു കാണാം എനിക്ക് ഇനി എന്നും. അവൾ പതുക്കെ പടി കടന്ന് ദ്രാക്യുലയുടെ വാതിലിൽ ചെന്നു നിൽക്കും.
തീർച്ചയായും തന്റെ തേറ്റകളുമായി അവളെ കാത്തിരിക്കുകയാവും അയാൾ.

* ഫെലാഷ്യോ എന്നത് വാക്ക് മാറിപ്പോയതാണ്, ഫാഷിസ്​റ്റ്​ എന്ന് തിരുത്തി വായിക്കാനപേക്ഷ - യസ്മിൻ. ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments