ചിത്രീകരണം: ബൈജു ലൈലാ രാജ്

ബ്ലാ

രവി

അധ്യായം 29: ബ്ലും

ളുകള്‍ തന്നിഷ്ടമാചരിച്ചാചമി
ച്ചാളുന്നു പെട്ടെന്നണഞ്ഞിടുന്നു ....

ജ്ഞാനക്കൂത്തന്റെ വരികളാണെന്നു തോന്നുന്നു. പ്രത്യക്ഷത്തില്‍ മദ്യാസക്തിയായിരിക്കാം വിഷയം. എന്നാല്‍ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട എല്ലാതരം ആവേഗങ്ങളെയും പരോക്ഷമായിട്ടെങ്കിലും വിമര്‍ശിക്കുന്നുണ്ട് അതില്‍.

പരമഹംസന്‍ മറ്റൊരു കാലഘട്ടത്തില്‍ മുന്‍കൂട്ടി ചെന്നുപെട്ടിരിക്കുകയായിരുന്നു. വേണമെങ്കില്‍ ഭാവിയിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം എന്നെല്ലാം വിശേഷിപ്പിക്കാം. മൂത്രം ഒഴിച്ചുകൊണ്ട് കുത്തനെ നില്‍ക്കുമ്പോള്‍ അയാള്‍ ആലോചിച്ചു.

ആദ്യം ചൊറിച്ചിലാണ് ഉണ്ടായത്.

അറ്റത്ത്. പിന്നെ നേരിയ ഒരു കടച്ചിലും തുടങ്ങിയപ്പോള്‍ കാണിക്കാം എന്ന് ഉറപ്പിച്ചു. അകത്തുണ്ടായ മുറിവ് പഴുത്തതിന്റെ ചലം പുറത്തേയ്ക്ക് ഒലിച്ചുവരുന്നുണ്ട്.

ഇങ്ങനെയൊക്കെ ഉള്ളില്‍ മുറിയണമെങ്കില്‍ കാര്യമായി എന്തെല്ലാമോ വിക്രിയകള്‍ ഉണ്ടായിട്ടുണ്ടാവണമല്ലോ.

അങ്ങനെയൊന്നുമില്ല ശ്രീ യുറോളജിസ്റ്റ്. പതിവു ലീലാവിനോദങ്ങള്‍ തന്നെ, നാണം നടിച്ചുകൊണ്ട് പരമഹംസന്‍ പ്രതിവചിച്ചു.

എന്റെ അബ്ലി അല്ലല്ലോ ഇപ്പോള്‍ നീറുന്ന പ്രശ്‌നം. അത് ക്ലാര അല്ലേ. ജലദോഷം പോലുള്ള ഒരു അസുഖമായി തുടങ്ങിയതാണ്. പിന്നെപ്പിന്നെ ആ വൈറസ് സ്വയം നവീകരിച്ചും വിപുലീകരിച്ചും താണ്ഡവം ആരംഭിച്ചു. കിട്ടിയ കണക്ക് പ്രകാരം ദിവസേന ലക്ഷം പേര്‍ ഒക്കെ മരിക്കുന്നുണ്ട്.

ചിലപ്പോള്‍ തോന്നും മനുഷ്യകുലരാശിയെ ഒന്നടങ്കം നശിപ്പിക്കാനായി അവതരിച്ചതാണോ എന്ന്. എത്ര സൂക്ഷിച്ചാലും ഇന്നോ നാളെയോ ഏവരും അതിന്റെ പിടിയില്‍ അമരും എന്നും. ഏതോ അന്യഗ്രഹശകതി ഇവിടെ വിതറിയിട്ടു പോയതാണ് അത് എന്നൊരു സിദ്ധാന്തവും പ്രചരിക്കുന്നുണ്ട്.

അതിനിടയില്‍ കേട്ട ഒരു വിദഗ്‌ധെന്റ വിശകലനം കൗതുകകരമായി തോന്നി: നമ്മുടെ സംസ്ഥാനത്തില്‍മാത്രം നോക്കിയാല്‍ ജനസംഖ്യയില്‍ ഒരു പത്തൊന്‍പതു ശതമാനം ആളുകള്‍ രോഗാധീനരായിട്ടുണ്ട്. ഇനി എണ്‍പത്തിയൊന്നു ശതമാനത്തെയാണ് അത് കീഴടക്കാനുള്ളത്.

വേറെ ഏതെങ്കിലും രാജ്യം ജൈവായുധം പ്രയോഗിച്ചതുമാവാം. എന്തായാലും ഉറുമ്പുകള്‍ തന്നെയാണ് നമ്മള്‍. അവയുടെ പുറ്റിലോ മാളത്തിലോ വെള്ളച്ചാട്ടം വന്നുവീണാല്‍ അവ കാണിക്കുന്ന വെപ്രാളം ഇല്ലേ. അതേപോലെ തന്നെയല്ലേ പ്രളയം വരുമ്പോഴെല്ലാം നമ്മളും.

മറ്റുള്ള കഥാപാത്രങ്ങളുടെ ഒപ്പമല്ല ഇപ്പോള്‍ ഞാൻ. ഇവിടെ ഞാന്‍ കഴിയുന്നത് ഞെരുങ്ങിക്കൊണ്ടാണ്. ചലിക്കാനും ശ്വസിക്കാനും ഭക്ഷിക്കാനും ഒക്കെ പേടിച്ചുകൊണ്ട്. വ്യാധി അത്രമാത്രം പടര്‍ന്ന് ഭീകരമായിരിക്കുന്നു.

ആരോഗ്യസംരക്ഷണത്തിനാണ് ഉണര്‍ന്നിരിക്കുന്ന നേരം മുഴുവനും അര്‍പ്പിച്ചിരിക്കുന്നത്. ഉപ്പുവെള്ളം തൊണ്ടയിലാക്കി ഗുള്‍ഗുളുഗ്ലൂ എന്ന് കുലുക്കുഴിയുക, നീരാവി നീട്ടി ഉച്ഛ്വസിക്കുക, വേപ്പിലയും ഇഞ്ചിക്കഷ്ണങ്ങളും നെല്ലിക്കയും മററും ചവച്ചിറക്കുക, മഞ്ഞള്‍ ചേര്‍ത്ത പാനീയം കഴിക്കുക, ഇതൊന്നും പോരാഞ്ഞിട്ടാണ് അര്‍സെനീകം ആല്‍ബം പോലുള്ള പ്രതിരോധമരുന്നുകള്‍.

എന്തിന് ഹോമിയോപാതി എന്ന ശാഖയെ പുച്ഛിക്കുന്നു ആളുകള്‍ ആവോ. തങ്ങള്‍ വലിയ ശാസ്​ത്രജ്ഞരാണ് എന്നു വരുത്താന്‍ അതിനെ ഇകഴ്ത്തിയാലേ സാധിക്കൂ എന്നുണ്ടോ.

വ്യായാമവും കൂട്ടി അതിനിടയില്‍. പ്രമേഹത്തിനെ നിലയ്ക്കു നിര്‍ത്തേണ്ടേ. മെയ്യനങ്ങാതെയും വിയര്‍ക്കാതെയും അലസമായി ചെയ്തിരുന്നത് കര്‍ക്കശമാക്കി. അതിന്റെ നേരവും വര്‍ദ്ധിപ്പിച്ചു.

വഴിപാട് അല്ല അതിപ്പോള്‍. അമ്പലവാസികളുടെ ഭാഷ കേട്ടിട്ടില്ലേ, ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക എന്ന്. ആങ്, അതുമാതിരിയല്ല അതിപ്പോള്‍.

എന്തൊരു കഷ്ടമാണ് പക്ഷേ. ആഹാരക്രമം ഇത്രമാത്രം സൂക്ഷിക്കേണ്ട ഒരു അവസ്ഥയിലായല്ലോ പെട്ടെന്ന്. ശവാസനത്തില്‍ കിടന്നുകൊണ്ട് അയാള്‍ ആലോചിച്ചു. പണ്ടാരം, എന്നാല്‍ ഒന്നും തിന്നണ്ട എന്നു നിശ്ചയിക്കാനും വയ്യ. അത് വേറെ കുഴപ്പമുണ്ടാക്കും.

സുവര്‍ണ്ണകാലമൊക്കെ കഴിഞ്ഞെന്നേ ചങ്ങാതീ.

ആശ്ചര്യം തോന്നുന്നില്ലേ, ചിലര്‍ക്കൊക്കെ എത്ര കാലമാണ് പട്ടിണി കിടക്കാന്‍ കഴിയുക.

അതിനിടയില്‍ ലോകാവസാനം എന്ന ഭീഷണിയും. ഹോ, ഓര്‍ത്താല്‍ സഹിക്കുമോ. എങ്ങനെയെല്ലാം സ്വരൂപിച്ചെടുത്താണ് നമ്മള്‍ ഈ സംസ്കൃതി.

രണ്ടുകാലില്‍ എഴുന്നേററു നില്‍ക്കാന്‍ മുതിര്‍ന്നു, രാവും പകലും ഉണ്ടെന്നു ഗ്രഹിച്ചു, കല്ലുകള്‍ കൂട്ടിയുരസി തീ കണ്ടുപിടിച്ചു, പ്രത്യേകിച്ച് ആണുങ്ങള്‍ പോരാട്ടം പതിവാക്കി, ചക്രം ഉണ്ടാക്കി ഉരുട്ടി, ഗുഹയുടെ ചുമരില്‍ ചിത്രം വരച്ചു, ഒന്നുമില്ലായ്മയെ പൂജ്യം എന്നു വിളിച്ചു, കളിക്കാനും അണിഞ്ഞൊരുങ്ങാനും ശീലിച്ചു, ഇണചേരുന്നത് ഒരു കലാപരിപാടിയാക്കി മാറ്റി, കുടുംബം എന്ന സങ്കല്പം ഊട്ടിയുറപ്പിച്ചു, സ്വയംഭോഗം പാപമല്ല എന്നു കണ്ടെത്തി, വീട്ടില്‍ സ്വീകരണമുറി ഒരുക്കി, പുകവലിച്ച് പുറത്തേക്ക്​ വളയങ്ങള്‍ പറത്തിവിട്ടു, അവിഹിത ബന്ധം ഒരു സാദ്ധ്യതയാക്കി കൊണ്ടുവന്നു, ആപേക്ഷികതാ സിദ്ധാന്തത്തെ വിശ്വസിക്കാന്‍ ധാരണയായി, നാനാവിധം വാഹനങ്ങള്‍ രൂപകല്പന ചെയ്തു, പ്രകൃതിക്ഷോഭങ്ങളെ നിയന്ത്രണാധീനമാക്കി, സ്വവര്‍ഗാനുരാഗത്തോട് അറപ്പ് ഇല്ലാതായി, ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ വിന്യസിച്ചു, ജലതരംഗം ഒരു സംഗീതോപകരണമായി അവതരിപ്പിച്ചു, കൃത്രിമ ധിഷണ കൊണ്ട് സ്വാഭാവികതയുമായി മത്സരത്തിലേര്‍പ്പെട്ടു, മഞ്ഞിലും മരുഭൂമിയിലും കായിക വിനോദങ്ങള്‍ സംഘടിപ്പിച്ചു, മുഖ്യ / പ്രധാനമന്ത്രി ഒരു സ്വേച്ഛാധിപതിയാവുന്നതാണു നല്ലത് എന്ന് പരക്കെ അംഗീകരിക്കപ്പെട്ടു, ആലങ്കാരിക ഭാഷ കവിതയില്‍ അഭയം പ്രാപിച്ചു, പ്രേമത്തിന്റെ മൂര്‍ദ്ധന്യത്തിലാണ് അറുപത്തിയൊമ്പത് എന്ന യിന്‍യാങ് മേളനം സാക്ഷാല്‍ക്കരിക്കുക എന്ന് ബോദ്ധ്യപ്പെട്ടു, ചലച്ചിത്രങ്ങളിലേയ്ക്ക് താമസം മാററാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചു, സ്വപ്നവ്യാഖ്യാനം വിശ്ലേഷണമായി വിശദീകരിച്ചു.... ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്നവര്‍ വിശേഷബുദ്ധികളാണെന്ന് തിരിച്ചറിയപ്പെട്ടു…

എത്ര തലമുറകളിലൂടെ പകര്‍ന്നു കിട്ടിയതാണ് മാനുഷികമൂല്യങ്ങള്‍ എന്നതൊക്കെ. ഒടുക്കം എല്ലാം നശിക്കുകയാണ് എന്നായോ. ഈ മുനമ്പില്‍ നില്‍ക്കുമ്പോള്‍ മറ്റെന്താണ് തോന്നുക.

സമ്പര്‍ക്കവിലക്കില്‍ അടച്ചുപൂട്ടി ഇരിപ്പാണെങ്കില്‍ കൂടി പുസ്തകങ്ങള്‍ വാങ്ങാന്‍ കിട്ടുന്നുണ്ട്. ഒറ്റക്കിരുന്ന് അവ വായിക്കാനും അനുവാദമുണ്ട്. ശീതള്‍ എഴുതിയ ബ്രേ നന്നായി ആസ്വദിച്ചു.

പോണ്‍ ആണോ എന്നൊക്കെ തോന്നിപ്പോവും ബ്രേ. പക്ഷേ ഇറോറ്റികാ അല്ല. സെക്ഷ്വല്‍ ഫിക്ഷന്‍ എന്ന വിഭാഗത്തില്‍ പെടുത്താം അത്. ലൈംഗികതയെക്കുറിച്ചുള്ള വ്യത്യസ്തമായ ഉപന്യാസങ്ങള്‍, പക്ഷേ സുഖിപ്പിക്കുന്ന വര്‍ണ്ണനകള്‍ഒന്നുമല്ല. ഫലിതോക്തിയാണ് ഇതില്‍ കൂടുതലും.

ഹിലാരി ബ്ലൂം എന്ന പ്രശസ്തയൊന്നും ഇവളുടെ അടുത്തൊന്നും വരില്ല. ആ വിശ്വസാഹിത്യം ഞാന്‍ പരിഭാഷയായിട്ടാണ് വായിച്ചതെങ്കിലും ഊഹിക്കാമല്ലോ. ഈ ശീതള്‍ ഒരു ഭയങ്കരി തന്നെ.

ബ്ലോജോബ് എന്നതില്‍ ഇവളെ വെല്ലാന്‍ ആരുണ്ട്. എന്തെല്ലാം വിധത്തിലാണ് അവള്‍ അത് ചെയ്യുക. അതിലുള്ള അവളുടെ വൈഭവം അത്ഭുതാവഹം. എന്റെ പ്രിയതമയായതിനാല്‍ മാത്രമാണ് അവള്‍ക്ക് അത്ര തന്മയത്വത്തോടെ അത് സാധിക്കുന്നത് എന്നറിയാം. വളരെ വന്യമായ ആവേശത്തോടെ അവള്‍ അതു ചെയ്തിട്ട് ഒരിക്കല്‍ എനിക്ക് ഭയങ്കരമായി നൊന്തു. പക്ഷേ വേണ്ട എന്നു വിലക്കുമോ ഞാന്‍. അതിന്റെ ഉള്ളില്‍ മുറിഞ്ഞ് രക്താഭിഷിക്തനായിട്ടും ഞാന്‍ അവളെ പിടിച്ചു മാറ്റിയില്ല. അതുമല്ല, ചോര കണ്ട് അവള്‍ ഭയന്നപ്പോള്‍ ആശ്വസിപ്പിക്കുകയാണുണ്ടായത് ഞാന്‍ അവളെ - പേടിക്കാതെ ഓമനേ, ഞാനീ പറയുന്നത് ഒരു തമാശയായേ എടുക്കാവൂ നീ കേട്ടോ, മോളേ നീ ശത്രുക്കളോടു പോലും ചെയ്യരുതേ ഇങ്ങനെ.

എന്തൊരു സ്വയമ്പന്‍ എഴുത്ത്. എങ്ങനെ എഴുതി ഇത് ഈ പുറംചട്ടയിലെ ചിത്രത്തില്‍ കാണുന്ന കിളുന്തു പെണ്ണ്. ശീതള്‍.

പഞ്ചസാരയുടെ തോത് കൂടിയാല്‍ മറ്റേ ശേഷി വല്ലാതെ കുറയും എന്നും കേട്ടു. ഓ, അണ്ഡകടാഹം ഒടുങ്ങിക്കോട്ടെയെന്നേ ഇങ്ങനെ. എനിക്ക് ത്രാണിയില്ലാതായാല്‍ പിന്നെ എന്തിനാണ് ഇവിടെ ഈ പ്രപഞ്ചം.

പക്ഷേ ഇപ്പോള്‍ നമ്മുടെ വിഷയം ബ്ലാ അല്ലേ, ബ്ലോ അല്ലല്ലോ.

അതാ മുറ്റത്തൊരു പ്ലാങ്ങ

(തുഗ്ലക്, പ്ലമേന, മ്ലാന, ക്ലീറ്റസ് - യുവ സുഹൃത്തുക്കൾ)

ഗ്ല: ഏയ്, നിങ്ങളാരെങ്കിലും കിഞ്ചനവര്‍ത്തമാനം എന്നു കേട്ടിട്ടുണ്ടോ.
മ്ലാ: കിംചനവര്‍ത്തമാനം?
ക്ലീ: എവിടെയാണ് കേട്ടത് നീ അത്.
പ്ല: നില്‍ക്കണേ - ഞാന്‍, ആങ്, ഞാന്‍ എന്തോ പഠിച്ചിട്ടുണ്ട് കുട്ടിക്കാലത്ത് ഒരു വരി - ഉം ... കേട്ടീലയോ - ആങ്, കേട്ടീലയോ കിഞ്ചനവര്‍ത്തമാനം.
മ്ലാ: ഓ, ഇവള്‍ തുള്ളല്‍ക്കാരിയായിരുന്നൂല്ലോ - അത് മറന്നു ഞാന്‍.
പ്ല: തുള്ളല്‍ക്കാരി ഒന്നുമല്ല ബ്രോ, യുവജനോത്സവത്തില്‍ പ്രൈസ്​ കിട്ടാന്‍ ഒരു ചെറിയ നംബര്‍ പഠിച്ചതാണ്.
ക്ലീ: അത്രമാത്രം - ഒരു ചെറിയ ശകലം പഠിച്ചു, സമ്മാനം കിട്ടുകയും ചെയ്തു കുട്ടിക്കാലത്ത്, അല്ലേ. ആകെ അത്രയേ ഉള്ളൂ. പക്ഷേ അങ്ങനെയുള്ളവര്‍ കൂടി മഝരങ്ങളിലൊക്കെ ജജ് ആയി പോവും എന്നു തോന്നുന്നു ഇപ്പോള്‍.
പ്ല: അത് ശരിയാണോ എന്ന് എനിക്കറിയില്ല, ഞാന്‍ എന്തായാലും ചെയ്യില്ല അത്.
മ്ലാ: അന്ന് കലാതിലകം ആവാന്‍ നമ്മള്‍ എന്തൊക്കെ ചെയ്യും. പ്രൈസ്​ കിട്ടാന്‍ എന്റെ ഒരു കസിന്‍ വാള്‍പ്പയറ്റ്​ കൂടി പഠിച്ചു.
ഗ്ല: മാര്‍ഗംകളി എന്ന ഇനം ഇല്ലേ, ഉള്ള റ്റീംസ്​? അത്രയും ഒരേപോലെ നന്നായിരിക്കും. എന്നിട്ട് ജഡ്ജസ് എങ്ങനെ മാര്‍ക്‌സ് നിശ്ചയിക്കും എന്നറിയാമോ. ഏതെങ്കിലും കുട്ടിക്ക് ഉറക്കച്ചടവ് കണ്ടാല്‍ മാര്‍ക്‌സ് കുറയ്ക്കും. അല്ലെങ്കില്‍ വളയോ പാദസരമോ അഴിഞ്ഞുവീണാല്‍.... അങ്ങനെ.
പ്ല: ആങ്, അതെനിക്ക് ഓര്‍മ വരുന്നുണ്ട് ഇപ്പോള്‍.

കേട്ടീലയോ കിഞ്ചനവര്‍ത്തമാനം
നാട്ടില്‍ പൊറുക്കാനെളുതല്ല, മേലില്‍
എന്നുതന്നെയാണെന്നു തോന്നുന്നു.

മ്ല: ക്ലീ ക്ലീ ക്രൂ ക്രൂ, അതാ മുറ്റത്തൊരു മൈന എന്നൊരു പാഠമുണ്ടായിരുന്നു പണ്ട്. എന്റെ അച്​ഛന്റെ കുട്ടിക്കാലത്ത്.
ക്ലീ: മുറ്റത്തെ ചോക്ലിക്ക് മൂല്യമില്ല.
മ്ലാ: പേക്രോം പേക്രോം പേക്രോം അതാ മുറ്റത്തൊരു മാക്രി.
ഗ്ല: അതൊക്കെ ശരി, പക്ഷേ എന്താണ് അതിന്റെ അര്‍ത്ഥം.
പ്ല: എന്തിന്റെ.
ഗ്ല: കിഞ്ചനവര്‍ത്തമാനം എന്നു ചൊല്ലിയില്ലേ - അതിന്റെ.
മ്ല: കിം -ചന എന്നായിരിക്കും, അല്ലേ.
ക്ലീ: എവിടെയാണ് അത് കേട്ടത് നീ - അതൊന്ന് ഓര്‍ത്തുനോക്ക്?
പ്ല: എന്നിട്ടെന്താണ്, അവിടെ പോയി ചോദിക്കാനോ.
മ്ല: അങ്ങനെയാണെങ്കില്‍ ഇവള്‍ ചൊല്ലിയല്ലേ കേട്ടത് ഇപ്പോള്‍. ഇവളോടു ചോദിക്ക് - കിംകിംകിംകിംകിംകിംകിം!
ഗ്ല: എന്നാല്‍… (ഗമയോടെ) എനിക്കും അറിയാം ഒരു ശ്ലോകം.
കാത്വം ബാലേ കാഞ്ചനമാല
കസ്യാപുത്രി കനകലതായ
കിംവാഹസ്തേ താലീപത്ര
കാവാരേഖാ കഖഗഘ ....

മ്ലാ: ആങ്ഹാ, കൊള്ളാമല്ലോ, നല്ല രസമുണ്ട് - ഇത് എവിടെ നിന്നു പഠിച്ചു നീ.
ഗ്ല: തെറ്റിയിട്ടുണ്ടാവാം കേട്ടോ. ചെറിയ കുട്ടിയായിരുന്നപ്പോള്‍ മനഃപാഠമാക്കിയതാണ് ഞാന്‍ - കേട്ട് രസം തോന്നിയിട്ട്.
ക്ലീ: മത്സരത്തിനു വേണ്ടിയല്ല എന്നാണ് അവന്‍ ഉദ്ദേശിച്ചത്.
മ്ലാ: അതിലുമുണ്ട് കിം - ശ്രദ്ധിച്ചില്ലേ. മിക്കവാറും എന്ത് എന്നായിരിക്കും അര്‍ത്ഥം - എന്ത്.
ക്ലാ: എനിക്ക് ക്യോം ആണ് അറിയുക - ക്യോംക്യോംക്യോം.
പ്ല: ഹ ഹ ഹ, വെറെ ഒന്നുണ്ടല്ലോ രസമുള്ളത് - ക്യോംകി!
ഗ്ല: അതായത് - ക്യോംകീ ...
മ്ലാ: ആര്‍ക്കെങ്കിലും പേരിടാമല്ലോ അത് -
ക്ലീ: നിന്റെ പൂച്ചക്കുഞ്ഞിന് ഇട്ടോ, നന്നായിരിക്കും.(കൊഞ്ചിക്കുന്ന മട്ടില്‍ ) ക്യോംകി!
പ്ല: എവിടെ ഈ ക്യോംകി - നോക്കിയാല്‍ കാണില്ല, എവിടെയെങ്കിലും ഒളിച്ചിരിക്കും എപ്പോഴും.
ക്ലീ: കേട്ടീലയോ കിഞ്ചനവര്‍ത്തമാനം
വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയീ ക്യോംകി ...

(എല്ലാവരും ഒരുമിച്ച് ചിരിക്കുന്നു)

മ്ലാ: അതേയ്, (സസങ്കോചം) നേരത്തേ ഞാന്‍ പാടിയില്ലേ കിം കിം കിം കിം കിം കിം കിം.
അതു കേട്ടിട്ട് ആര്‍ക്കും ഒരു ജിജ്ഞാസയും തോന്നിയില്ലാ?
ക്ലീ: എനിക്ക് എന്റെ ഫാവ് ഫിലിം മെയ്കര്‍ ആരാണെന്ന് ഓര്‍മ്മ വന്നു എനിക്ക് കിം കിം കിം എന്ന് കേട്ടപ്പോള്‍.
പ്ല: അയ്യേ, എനിക്കിഷ്ടമല്ല അയാളുടെ മൂവീസ്. ക്രാപ്! വെറുതേ കുറേ വയലന്‍സ്. വലിയ കാര്യമാണ് അതെന്നാണ് വിചാരം.
മ്ലാ: ഞാനേയ് - ബുദ്ധിമുട്ടി പഠിച്ച ഒരു പാട്ടുണ്ട് - കുഞ്ഞിപ്പാട്ടാണ് ... പണ്‍ണ്‍ണ്‍ണ്ടത്തെ ഒരു നാടകഗാനം ആണത്രേ, എന്തു രസാണ് അതിന്റെ റ്റിയൂണ്‍.
ഗ്ല: ആങ്ഹാ, എന്നാല്‍ അത് കേള്‍ക്കണമല്ലോ.
പ്ല: പാട്, പാട്ട് പാട് പാട് പാട്.
മ്ല: ഇത്തിരി കൂടി നിര്‍ബന്ധിക്കണം - എന്നാലേ എനിക്ക് ശരിക്കിങ്ങോട്ട് വരുള്ളൂ.
ക്ലീ: ഒന്നു പാടൂ ബ്രോ, പ്ലീസ്.
മ്ലാ: ഉം, പാടാം.
(ശ്രുതി ശരിയാക്കിയതിനു ശേഷം)
കാന്താ തൂകുന്നു തൂമണം
മുമ്പിതുപോല്‍ ഇമ്പമെഴും
ഗന്ധം ഗന്ധിച്ചതില്ല കിം
കിം കിം കിം കിം കിം കിം കിം ...

പ്ല: പെപ്പേപ്പേ പെപ്പേപ്പേപേ
കിം കിം കിം കിം കിം കിം കിം ...

ഗ്ല: നല്ല രസമുണ്ടല്ലോ ഇത് - കിം കിം കിം.
മ്ല: പെപ്പേപ്പേ പെപ്പേപ്പേപേ.
ക്ലീ: ഹ ഹ, എനിക്കും ഇഷ്ടമായി - പ്രത്യേകിച്ച് ആ ഒടുക്കത്തെ വരി - കിം കിം കിം കിം കിം കിം ഫക്.

(പൊട്ടിച്ചിരിച്ചുകൊണ്ട് മ്ലാ, ഗ്ല, പ്ല)

കുഞ്ഞിന് വെള്ളത്തില്‍ കളിക്കാന്‍ നല്ല ഇഷ്ടമാണ്. എന്തെങ്കിലും കാരണം കൊണ്ട് കുഞ്ഞ് കരയാന്‍ തുടങ്ങി എന്നു വിചാരിക്കുക. ഒരു പിഞ്ഞാണത്തില്‍ വെള്ളം എടുത്ത് മുന്നില്‍ വെച്ചു കൊടുത്താല്‍ ആ നിമിഷം നില്‍ക്കും കരച്ചില്‍. വെള്ളത്തില്‍ നിന്ന് കുഞ്ഞിനെ പിടിച്ചു മാറ്റാനാണ് പിന്നെ പ്രയാസം.

കുരുന്നുകൈകള്‍ കൊണ്ട് വെള്ളത്തില്‍ അടിച്ചും തേകിയും ചുററും വെള്ളം തെറിപ്പിച്ചു കൊണ്ടും ഒരു മേളമാണ് അവിടെ നടക്കുക.

വെള്ളത്തിന്റെ ഒച്ച എവിടെ നിന്നു കേട്ടാലും കുഞ്ഞ് ചെവിവട്ടം പിടിക്കും. മഴ പെയ്യുന്നതിനു കാതോര്‍ത്തിരിക്കുന്ന കുഞ്ഞ്. തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന ശബ്ദം കേള്‍ക്കാനാണു പക്ഷേ കുഞ്ഞിന് കൂടുതല്‍ ഇഷ്ടം.

ഒരിക്കല്‍ കുഞ്ഞിന്റെ അമ്മ നുറുക്കി മൂന്നോ നാലോ മുറങ്ങളിലായി വെച്ചിരുന്ന കൊപ്ര മുഴുവനും കുഞ്ഞ് ഓരോന്നോരോന്നായി മഴവെള്ളത്തിലേയ്ക്ക് എറിഞ്ഞു തീര്‍ത്തു. അത് ദിവസേന ഉണക്കിക്കൊണ്ടുവരുന്നതിനിടയിലാണ് പെട്ടെന്ന് ഒരു ന്യൂനമര്‍ദ്ദം രൂപം കൊണ്ടതും മഴ കൊട്ടിപ്പെയ്തു തുടങ്ങിയതും. മുററം മുക്കിയ വെള്ളത്തിലേയ്ക്ക് കൊപ്രക്കഷണം എറിയുമ്പോള്‍ കേള്‍ക്കുന്ന ഗ്ലും ഗ്ലും ഗ്ലും കുഞ്ഞിനെ വല്ലാതെ രസിപ്പിച്ചു.

എന്റെ കൊച്ചേ നീ അത് അപ്പടി നശിപ്പിച്ചല്ലോ, കുഞ്ഞ് അവസാനത്തെ ഗ്ലും ഉണ്ടാക്കി സംതൃപ്തയായി ഇരിക്കുമ്പോള്‍ അവിടെ എത്തിയ അമ്മ കുഞ്ഞിനെ ശകാരിച്ചു. ചോദ്യമോ ഉത്തരമോ ഒന്നും ഇല്ലാതെ തന്നെ അവിടെ എന്താണു സംഭവിച്ചു കൊണ്ടിരുന്നത് എന്ന് അമ്മയ്ക്ക് ക്ഷണം മനസ്സിലായി.

കുഞ്ഞ് തൊണ്ണു കാണിച്ച് ചിരിച്ചു. പല്ലുകള്‍ മുളയ്ക്കുന്നതിനു തൊട്ടുമുമ്പായി വരുന്ന തടിപ്പ് കാണുന്നുണ്ട്. അപ്പോള്‍ ഈഹിക്കാമല്ലോ കുഞ്ഞിന്റെ പ്രായം എത്രയാണെന്ന്. ഒന്നേകാല്‍ കഴിഞ്ഞു, ഒന്നരയായിട്ടില്ല.

അതെ, ഇത്തിരി വൈകിയാണ്. പക്ഷേ കലാപപരിപാടികള്‍ക്കൊന്നും യാതൊരു കുറവുമില്ല. കണ്ടില്ലേ, എത്ര കഷ്ടപ്പെട്ട് ശരിയാക്കി വന്നതാണ് ആ കൊപ്ര. അതത്രയും വെള്ളത്തില്‍ കളഞ്ഞില്ലേ.

ഒരു പക്ഷേ മഴ മാറി വെള്ളം വലിഞ്ഞാല്‍ ചെളിയില്‍പുതഞ്ഞുകിടക്കുന്നതു കാണാം ഇനി അതെല്ലാം. കഷ്ടം, കുറച്ചു കാലത്തേയ്ക്ക് നല്ല വെളിച്ചെണ്ണ കൂട്ടാമെന്നു കരുതിയിരുന്നതാണ്. തലയില്‍ തേയ്ക്കാന്‍ കുഞ്ഞുണ്യാദി ചേര്‍ത്ത് കാച്ചണമെന്നുണ്ടായിരുന്നു.

ഒരു ചീര്‍പ്പ് കദളിപ്പഴം കിട്ടിയിട്ടുണ്ട്. അയല്‍വാസിയുടെ തൊടിയിലെ വാഴയില്‍ ഒരു കുല നിന്നു പഴുത്തു തുടങ്ങിയിരുന്നു. കിളി കൊത്താന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പോയി അവരെ വിവരം അറിയിച്ചു. അതിനുള്ള പ്രതിഫലമായിട്ടാവാം, പഴുത്തപ്പോള്‍ കുറച്ചെണ്ണം എനിക്കും തന്നു.

കുല ഒന്നിച്ചങ്ങോട്ടു പഴുത്തതുകൊണ്ടും ആവാം.

പുഴുങ്ങിയിട്ട് ഞരടി കൊടുക്കാം കുഞ്ഞിന്. നല്ല പോഷകഗുണങ്ങളൊക്കെ അകത്തു ചെല്ലട്ടെ. പക്ഷേ പെണ്ണിന്റെ വികൃതി നാള്‍ക്കുനാള്‍ കൂടുകയാണല്ലോ. അടങ്ങിയിരിക്കാനേ വയ്യ.

മുലകുടിയും പതുക്കെ നിര്‍ത്തണം. അത് രണ്ടു വയസ്സോടെ മതി. നന്നായി പ്രതിഷേധിക്കും എന്നാണ് തോന്നുന്നത് കേട്ടോ. ചെന്നിനായകമൊക്കെ പ്രയോഗിക്കേണ്ടി വന്നേയ്ക്കും.

പുറത്ത് ആളനക്കം കേട്ട് അമ്മ ആത്മഗതം നിര്‍ത്തി എഴുന്നേറ്റു. ഈ മഴയത്ത് ആരാണിത് ഈശ്വരാ. അമ്മ വാതില്‍ തള്ളിത്തുറന്നു. നേരത്തേ കുഞ്ഞിനെ പിടിച്ച് അകത്തേയ്ക്കാക്കിയിട്ട് ചാരിയതാണ്.

അ: അ: അ: ആങ്, വിശാലം ഈ പെരുമഴയത്ത് എവിടെ നിന്നു വരുന്നൂ?

ഒറ്റ മുറിവീടല്ലായോ - അകത്ത് വെള്ളം കയറിയപ്പോള്‍ ഇങ്ങോട്ട് വരാമെന്ന് കരുതി. ഇവിടെ നീ മാത്രമല്ലേ ഉള്ളൂ, കുഞ്ഞേ.

ഇപ്പോള്‍ കുഞ്ഞിന്റെ അമ്മ ഞെട്ടി. എന്നേക്കാളും ഒന്നോ ഒന്നരയോ വയസ്സ് മാത്രം മൂപ്പുള്ള ഒരാള്‍ ഇതാ എന്നെ കുഞ്ഞേ എന്നു വിളിക്കുന്നു. കരുണ അര്‍ഹിക്കുന്നുണ്ട് ഞാന്‍ എന്ന് തോന്നിയതു കൊണ്ടുതന്നെയാവണം. ഒന്നര വയസ്സുള്ള കുഞ്ഞുമായി ഒററപ്പെട്ടതെന്തു കൊണ്ടാണ് ഞാന്‍ എന്നെല്ലാം അറിയുന്ന ഒരാളല്ലേ.

മോളേ, നിന്റെ കുഞ്ഞെവിടെ?

ഇത്രയും നേരം ഇവിടെ ഉമ്മറത്തു തന്നെയായിരുന്നു. ഞാന്‍ ആട്ടിക്കാന്‍ വെച്ചിരുന്ന കൊപ്ര അത്രയും വെള്ളത്തിലേയ്ക്ക് എറിഞ്ഞു കളഞ്ഞു.

അപ്പോള്‍ നീ എന്തു ചെയ്തു മോളേ, മനോരാജ്യത്തിലായിരുന്നോ.

ഞാന്‍ ഓരോന്നാലോചിച്ച് വിഷമിച്ച് ഒന്നു മയങ്ങിപ്പോയി വിശാലം.

നിനക്കെന്താണ് എന്നെ ചേച്ചി എന്നു വിളിച്ചാല്‍

ഓ, നമ്മളൊക്കെ ഒന്നിച്ചു വളര്‍ന്നതല്ലായോ.

എന്നിട്ട് എന്റെ കോലം നോക്ക്.

അത് എവിടെയും ഇരിക്കാതെ അലയുന്നതു കൊണ്ടല്ലേ.

മോളേ, നിന്റെ കുഞ്ഞെവിടെ, ഇരുട്ടത്തിരുത്താതെ അവളെ. ഉടുക്കാക്കുണ്ടിയാണെങ്കില്‍ വല്ല പ്രാണിയോ പഴുതാരയോ അകത്തു കയറും.

ഞാന്‍ പറഞ്ഞില്ലേ, എന്റെ കൊപ്ര മുഴുവനും.

കുഞ്ഞുങ്ങളാവുമ്പോ അങ്ങനെയൊക്കെ കാണും. എന്നിട്ട് എന്തിയേ അവള്‍.

ഞാന്‍ ഒരു പിച്ച് വെച്ചു കൊടുത്തു, ഇടനാഴിയില്‍ ഇരിക്കുന്നുണ്ട് തേങ്ങിക്കൊണ്ട്.

നീയവളെ ശിക്ഷിക്കാതെ മോളേ, തങ്കക്കുടം. എന്തൊരു നിറമാണ് അവള്‍ക്ക്, സ്വര്‍ണവര്‍ണം. അതേപോലെ ആകൃതി നോക്ക് - ഇപ്പോഴേ എന്തൊരു ശരീരവടിവാണ് .... കുപ്പായം ഇടുവിക്ക് കേട്ടോ എപ്പോഴും, കണ്ണു തട്ടണ്ട.

അയ്യേ വിശാലം, അവള്‍ പിറന്നു വീണതല്ലേ ഉള്ളൂ, പിഞ്ചല്ലേ, അപ്പോഴേയ്ക്കും…

എന്നാലെന്താണ് കുഞ്ഞേ, എനിക്ക് കൈനോട്ടം മാത്രമല്ല, മുഖലക്ഷണം നോക്കാനും അറിയാം. നിന്റെ കുഞ്ഞിനെ കണ്ട നിമിഷം തോന്നിയതാണ് എനിക്കിത് മോളേ - അവള് ഇവിടെയൊന്നും നില്‍ക്കേണ്ടവളല്ല, വളര്‍ന്നു വലുതാവും - ഒരു സിനിമാനടിയായിത്തീരും അവള്‍, കണ്ടോ!.... നമ്മുടെ മിസ് കുമാരിക്ക് കിട്ടിയില്ലേ ഒരു സമ്മാനം. ആങ്, ഉര്‍വ്വശി പട്ടം - അതും കിട്ടും അവള്‍ക്ക്, നോക്കിക്കോ.

പ്ലിങ് !

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments