വാർത്തകൾ വായിക്കുന്നത് അംശുമാൻ.
ആറേമുക്കാലിനുള്ള പ്രക്ഷേപണത്തിന് രാവിലെ നാലരയ്ക്ക് എത്തണം നിലയത്തിൽ. പല പക്ഷികളും ഉണർന്നുതുടങ്ങിയിട്ടുണ്ടാവും അപ്പോഴേയ്ക്കും എന്നതു ശരിയാണ്. പക്ഷേ ഇരുട്ട് മാറിയിട്ടുണ്ടാവില്ല. ആ നേരത്ത് അവിടെ എത്തിയിട്ട് വിവിധ ദിക്കുകളിൽ നിന്നും കിട്ടിയ വാർത്തകളെല്ലാം സ്വരൂപിക്കുകയും എന്നിട്ട് കാൽ മണിക്കൂറിനുള്ളിൽ വായിച്ചു തീർക്കാൻ പറ്റുന്ന വിധത്തിൽ അവ ക്രോഡീകരിക്കുകയും വേണം.
ഞാൻ താമസിക്കുന്ന തല്ലേരിയിൽ മൂന്നരമൂന്നേമുക്കാലോടെ ചില കിളികളുടെ കളകൂജനങ്ങളെല്ലാം കേട്ടിട്ടുണ്ട്. കുറച്ചുകൂടി കഴിയുന്നതോടെ പലതരം കലപിലകൾ പരക്കും. അതും കഴിഞ്ഞാണെന്നു തോന്നുന്നു അന്തരീക്ഷം കാക്കക്കരച്ചിൽ കൊണ്ട് മുഖരിതമാവുക.
എന്തായാലും നാലരയോടെ ഞാൻ എന്റെ മേശപ്പുറത്ത് എത്തിയിരിക്കും. കയ്യെത്തും ദൂരത്ത് എപ്പോഴും ഒരു യമണ്ടൻ നിഘണ്ടു. അവളുടെ ജോലി അല്ലെങ്കിലും ഇടയ്ക്ക് കടുംചായ ഉണ്ടാക്കിത്തരും വാണി.
പക്ഷേ ഞാൻ ഉപയോഗിക്കുന്ന വാക്കുകളെപ്പറ്റി ഈയിടെ മേധാവിക്ക് എപ്പോഴും പരാതിയാണ്.
അംശുമാൻ, നിങ്ങൾ മാരാർ മുണ്ടശ്ശേരി ഒക്കെ ഒന്നു വായിക്കണം.
സഞ്ജയൻ മതിയാവുമോ മദാം?
ഏതു സഞ്ജയൻ, കൊതുകുശല്യത്തെപ്പറ്റി എഴുതുന്ന ആ ഹാസ്യസാഹിത്യകാരനോ?
അതല്ല മദാം, അയാൾ വേറെ പേരിൽ സാഹിത്യനികഷം എന്നൊരു നിരൂപണഗ്രന്ഥം എഴുതിയിട്ടുണ്ട്. അയാളുടെ ഗദ്യം ഗംഭീരമാണെന്ന് അഭിപ്രായപ്പെടുന്നവർ ഉണ്ട്.
അപ്പോൾ നിങ്ങളുടെ നിരീക്ഷണം അല്ലേ അത്?
സഞ്ജയൻ മതിയാവുമോ എന്ന എന്റെ സംശയത്തിനാണ് ആദ്യം മറുപടി കിട്ടേണ്ടത് മദാം. പിന്നെ എന്റെ വീക്ഷണം എന്താണെന്ന് ഞാൻ താങ്കളെ ബോധിപ്പിക്കേണ്ടതില്ലല്ലോ, അംശുമാൻ തല വെട്ടിത്തിരിച്ച് നീരസം പ്രകടിപ്പിച്ചു.
എന്റെ വ്യാകരണം മാത്രമല്ല, വിശകലനവും പലപ്പോഴും ശരിയല്ല പോലും. വ്യവഹാരമോ, അതിനെപ്പറ്റി എന്താണാവോ മൂപ്പരുടെ നിലപാട്.
അതായത് ഉത്തർപ്രദേശിൽ ദലിതരെ വെറുതേ കൊന്നൊടുക്കിക്കൊണ്ടിരിക്കുമല്ലോ ഠാകൂർമാർ. അതിനിടയിൽ പെട്ടെന്നൊരു ദിവസം അവർ അതാ ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ മേൽ തീ കൊളുത്തുന്നു. അതിനെപ്പറ്റി ഞാൻ എഴുതിയ കുറിപ്പാണ് വിവാദമായത്.
അതായത് സ്ഥലത്തെ മേലാളന്മാർ ജാതിസ്പർദ്ധ എന്നതിനേക്കാളും സാമൂഹിക സാമ്പത്തികപരമായി ദുർബ്ബലരായിരിക്കുന്നവരെ ഇരകളാക്കാൻ ഇഷ്ടപ്പെടുകയാണ് എന്ന് ഞാൻ ചൂണ്ടിക്കാണിച്ചു. ഫക്വോ പ്രതിപാദിച്ച അധികാരം. ഓരോ മനുഷ്യനും അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു. ശകതിയുള്ളവർ അതിൽ ജയിക്കുന്നു.
എന്തു കാര്യമാത്രപ്രസക്തമായ വ്യാഖ്യാനം.
പക്ഷേ നിത്യകല്ല്യാണിക്ക് അത് രസിച്ചില്ല. ആയമ്മ മുഖം വീർപ്പിച്ചുതന്നെ ഇരുന്നു. ഫക്വോ എന്ന് ഉച്ചരിച്ചതിലും വിരോധം തോന്നിക്കാണും.
പേരുകൾ പറയുന്നതിൽ നമുക്ക് സ്വാതന്ത്ര്യം എടുക്കാമല്ലോ. ഈ ഫക്വോ എങ്ങനെയാവും അംശുമാൻ എന്നു വിളിക്കുക എന്നെ, ഉദാഹരണത്തിന്, ആംസൊമൻ എന്നെല്ലാം ആവില്ലേ അത് മിക്കവാറും.
എന്തൊരു പേരെഡേ തന്റെ മുതലാളിച്ചിയുടെ - നിത്യവഴുതന - ഹഹഹ, കൊള്ളാം കൊള്ളാം...
പണ്ട് വായിച്ചിരുന്ന പുഷ്പരാജൻ ഇങ്ങനെ കളിയാക്കുമായിരുന്നു ഒരു പക്ഷേ. അയാളുടെ ശബ്ദസൗകുമാര്യത്തെപ്പറ്റി കുറച്ചല്ല കേട്ടിട്ടുള്ളത്. ഈയമ്മയുടെ പോലും മാതൃകയൊക്കെ ഒരു പക്ഷേ അയാളുടെ വായനയാവും.
പക്ഷേ സംസാരിക്കുമ്പോൾ നാട്ടിൻപുറത്തുകാരെന്റ ഭാഷ തന്നെ ആയിരുന്നേത്ര. അതിൽ പരിഷ്‌കാരമൊന്നും അയാൾ അനുവദിച്ചില്ല. എന്തൊരു സംസ്കാരമെഡേ - ഏതൊരു വാക്കു കേട്ടാലും ദ്വയാർത്ഥം മാത്രം ശ്രദ്ധിക്കുന്നത് ശരിയാണോഡേ അംശ്വാനേ...
ഈയിടെയായി ചൂണ്ടുവിരൽ ആണ് എന്റെ പിശകുകൾക്ക് ഉത്തരവാദി. അതങ്ങോട്ട് സ്വമേധയാ തിരുത്തിക്കളയും എല്ലാം. മരണം മാർദ്ദവം മൂലം, എന്ന് ഞാൻ എഴുതുന്നതെന്തിനാണ്. അത്ര ആക്ഷേപഹാസ്യമൊക്കെ എന്റെ ഉള്ളിൽ തുളുമ്പുന്നുണ്ടോ. എന്തൊരു ജാഡ എഡേ...
അല്ലെങ്കിലും ജാംബവാന്റെ കാലത്തെ സമ്പ്രദായങ്ങൾ പാലിക്കേണ്ടതുണ്ടോ ഇനിയും. എന്നെ കിട്ടുമോ അതിന്. നിങ്ങൾ പോ നിത്യകല്ല്യാണി.
കാലം എത്ര മാറി. ഇപ്പോൾ ഇങ്ങനെയൊക്കെ ഞാൻ വായിട്ടലച്ചില്ലെങ്കിലല്ലേ തരക്കേട്. അല്ലെങ്കിൽ മന്ദബുദ്ധിയായ അവതാരകൻ എന്ന് പരിഹസിക്കില്ലേ ജനം. ഇപ്പോൾ എന്താണുണ്ടായത് എന്നോ.
ഇന്നലെ ഉണ്ടായ എന്റെ ഒരു വിശദീകരണം നിത്യകല്ല്യാണിയെ ക്ഷുഭിതയാക്കിയിരിക്കുന്നു. മാപ്പിരക്കും ഞാൻ എന്ന് മദാം പ്രതീക്ഷിക്കുന്നു, വൃഥാ.
കുഞ്ചൻനമ്പ്യാർ സർവ്വകലാശാലയുടെ ഡീൻ ആയി പ്രൗഢസ്ത്രീയായ മാളവികാ തമ്പി തന്നെ അവരോധിക്കപ്പെടും എന്ന് ഇപ്പോൾ നമുക്ക് തീർച്ചയാക്കാം എന്ന് തോന്നുന്നു. ഏറ്റവും സ്വാധീനമുള്ള കുറേ രാഷ്ട്രീയക്കാർ മാളവികക്ക് ഈ പദവി ലഭിക്കാൻ വേണ്ടി ശ്രമം നടത്തുന്നുണ്ട്. കൂടാതെ പ്രധാനപ്പെട്ട ഒരു മുഖ്യമന്ത്രിയും അതിനായി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിരിക്കുന്നു.
ഇതല്ലേ ഇപ്പോഴത്തെ ഒരു രീതി. പിന്നെ എന്തിനാണാവോ ആയമ്മയ്ക്ക് കഴപ്പ്. എത്ര അയ്യേ ആണ് വിതറിയിട്ടത് എന്റെ മുന്നിൽ ഇപ്പോൾ.
അയ്യയ്യയ്യയ്യേ, എന്തായിത് അംശുമാനേ, ഇത്രയും കാലത്തെ നമ്മുടെ പാരമ്പര്യം മുഴുവനും കളഞ്ഞു കുളിച്ചിട്ടേ നിങ്ങൾ അടങ്ങൂ, ഉം?.
സല്ലാപം അതിന്റെ വഴിയേ
(നിഷ്‌കളങ്ക, റ്റിൻ റ്റിൻ)
നിഷ്: ഹെലൗ, ചാറ്റ് റൂം?
റ്റിൻ: ഉം, അതേ, ഹേ ഹൈ ഹെലോ, ആരാണിത്.
നിഷ്: ഐന്റ പേർ നിഷ്‌കലൻകാ.
റ്റിൻ: പ്ലീസ്?, ഒന്നു കൂടി പറയൂ - പേര്, പേര്, പേർ?
നിഷ്: നിഷ് - ക - ലൻകാ.
റ്റിൻ: നിഷ് - കളങ്ക!.. വൂഫ്, എന്തൊരു പേര്. എന്റെ ജീവിതത്തിൽ, ഓ, അത്ര അധികം ജീവിച്ചിട്ടൊന്നുമില്ല ഞാൻ, എന്നാലും എന്റെ ആയുസ്സിൽ കേട്ടിട്ടില്ല ഞാൻ ഇങ്ങനെയൊരു, ഹെലോ, എനിക്ക് തെറ്റിയതല്ലല്ലോ - നിഷ്‌കളങ്ക എന്നു തന്നെയല്ലേ - ഉം?
നിഷ്: അതേന്നേ, എന്റെ അച്ഛന് ഇഷ്?ടായിട്ട് ഇട്ടതാണ്, ഹ്ം - ഹ്ം... ഇത് റ്റിൻടിൻ അല്ലേ?
റ്റിൻ: അതെ, റ്റിൻടിൻ.... എന്തേ ശബ്ദം കേട്ടാലറിയില്ലേ.
നിഷ്: അതേയ്, എത്ര കാലായി എന്നറിയാമോ ഞാൻ എനിക്ക് ഒരു ഫോൺ വാങ്ങിത്തരാൻ പറയണൂ. ഇപ്പോൾ കിട്ടി. അപ്പോൾ തന്നെ വിളിക്കൂം ചെയ്തു!
റ്റിൻ: ഓ, സ്വന്തം ഫോൺ കിട്ടാൻ നിന്നതാണോ ഇങ്ങോട്ട് വിളിക്കാൻ.
നിഷ്: ഉം, അതെ, യാ.
റ്റിൻ: അപ്പോൾ സ്വകാര്യമായി എന്തെങ്കിലുമൊക്കെ പറയാനുണ്ടാവും, അല്ലേ?.
പ്രതീക്ഷിക്കാമോ നിഷ്‌കളങ്കാ, അങ്ങനെ എന്തെങ്കിലും.
ഹഹഹ, പെട്ടെന്ന് ഓർമ വരുക ഒരു റഷൻ നടി ഇല്ലേ - സ്ലാവെൻകാ. അതു പോലെയുണ്ട് വിളിക്കുമ്പോൾ. എന്തായാലും നല്ല രസം കേൾക്കാൻ, പറയാനും... നിഷ്‌കളൻകാ.
നിഷ്: പക്ഷേ ബാക്കി എല്ലാവരും പറയുന്നത് എന്താണെന്നറിയാമോ, ഒരു രസവുമില്ല അത് എന്നാണ്. കളിയാക്കുമായിരുന്നു ആൾക്കാർ. എന്നിട്ട് സ്കൂൾ - ൽ ചേർക്കുമ്പോൾ പേര് മാറ്റി എന്റെ -
റ്റിൻ: ഓഹോ, അപ്പോൾ ശരിക്കും പേർ അതല്ലാ?
നിഷ്: ആര് പറഞ്ഞു - (വാശി പിടിച്ച്) ശരിക്കും പേര് അതുതന്നെയാണ്,ഒറിജിനൽ.
ആദ്യം വിളിക്കുന്നതല്ലേ ഒരാളുടെ പേര് ശരിക്കും ആവുക. പിന്നെ സൗകര്യത്തിന് ഒരു സാധാരണ പേരും വെച്ചൂന്നേള്ളൂ അച്ഛൻ.
റ്റിൻ: അതെന്താണാവോ ആ സാധാരണ.
നിഷ്: അതു ഞാൻ പറയില്ല, എനിക്കിഷ്ടല്ലേയ് അത്.
റ്റിൻ: എന്നാലും നിഷ്‌കളൻകാ, രേഖയിലുള്ളത് അതല്ലേ.
നിഷ്: പക്ഷേ സമ്മതിക്കില്ല ഞാൻ, എനിക്ക് എന്റെ ആദ്യത്തെ പേർ തന്നെ മതി... സത്യം
പറഞ്ഞാൽ ഓരോ ഫോം ഒക്കെ പൂരിപ്പിക്കാൻ എന്തു ദേഷ്യമാണെന്നറിയാമോ എനിക്ക്. ആ പേര് എഴുതണ്ടേ അതിൽ. അതുകൊണ്ട് ഞാൻ അതൊക്കെ വേണ്ട എന്ന് വെയ്ക്കും.
റ്റിൻ: ഉം, അതൊരു - ഒരു - ഒരു ഒരു ഒരു നല്ല ആശയം ആണ് നിഷ്‌കലൻകാ. ആവട്ടെ എന്തു ചെയ്യുന്നു ഇപ്പോൾ?
നിഷ്: ഞാനോ?
റ്റിൻ: ആങ്, ഞാൻ തന്നെ.
നിഷ്: അയ്യേ, എന്നോട് ആരും ചോദിക്കാറില്ലല്ലോ അത്.
റ്റിൻ: അപ്പോൾ, പഠിക്കുക... അല്ലേ?
നിഷ്: ഹായ്, ഞാൻ പറഞ്ഞില്ലേ റ്റിൻടിൻ എന്റെ വിശേഷം. എപ്പോൾ ഓരോ ഫോം എഴുതിക്കൊടുക്കേണ്ടി വന്നു തുടങ്ങിയോ, അവിടെ നിർത്തി ഞാൻ.
റ്റിൻ: അതായത്.... (ആശയക്കുഴപ്പം) ഔപചാരിക വിദ്യാഭ്യാസം ഉണ്ടായിട്ടേ ഇല്ല?
നിഷ്: എന്നു പറഞ്ഞോ ഞാൻ, ഉവ്വോ?
റ്റിൻ: ഹ്ം, സൈൻ ചെയ്യുന്നത് എങ്ങനെയാണ്.
നിഷ്: (ഞെട്ടിയതുപോലെ) എന്നു വെച്ചാൽ?
റ്റിൻ: സൈൻ, ഈ ഒപ്പില്ലേ, ഒപ്പ്. അത് ഇടുന്നത് എങ്ങനെയാണ്. ഇഷ്ടമല്ലാത്ത ആ പേരിലാണോ അതോ...
നിഷ്: നോക്കൂ റ്റിൻടിൻ, ഇത് വല്ലാത്ത കഷ്ടമാണേ. പേരിന് ഒരു പേർ ഞാൻ പറഞ്ഞുതന്നിട്ടുണ്ട്. അതു പോരാഞ്ഞിട്ടാണോ ഇങ്ങനെ പിന്നേയും പിന്നേയും കുത്തിക്കുത്തിച്ചോദിക്കുന്നത്? എനിക്ക് ഇഷ്ടമല്ലാത്ത ഓരോന്ന് ഓർമ്മിപ്പിച്ചിട്ട് എന്നെയിങ്ങനെ വിഷമിപ്പിച്ചാലുണ്ടല്ലോ...
റ്റിൻ: (ആവേശത്തോടെ) എന്തുചെയ്യും, എന്തു ചെയ്യും നിഷ്‌കലൻകാ.
നിഷ്: ഞാൻ പിണങ്ങും, അത്വെന്നെ. മിണ്ട്വേല്ല്യ പിന്നെ. വിളിക്കൂല്ല്യ അങ്ങോട്ട്.
റ്റിൻ: (മറ്റാരോടോ) ആങ്, ശരി, ആങ്.... (വീണ്ടും തിരിഞ്ഞ്) അതേയ് നോക്കൂ നിഷ്‌കലൻകാ, പ്രശ്‌നമായിരിക്കുന്നു ഇവിടെ, നമ്മൾ അധികം സമയം സംസാരിച്ചുതീർന്നു, ക്ഷമിക്കണം, ക്ഷമിക്കൂ - അതാ, അവർ നമ്മുടെ ചാറ്റ് നിർത്തിയിട്ട് ഒരു പാട്ട് കൊടുക്കുകയാണ്. അപ്പോൾ നിഷ്‌കലൻകാ, ഇനി പിന്നെ കാണാം സ്വിറ്റി, ഷീരിയോ!
(സംഗീതത്തിന്റെ രംഗപ്രവേശം)
ലഹരിക്ക് ഒരു ചലച്ചിത്രം നിർമ്മിക്കണം.
ഇതുവരെ മറ്റാരും സങ്കല്പിച്ചിട്ടില്ലാത്ത ഒരു തന്തു എന്റെ മനസ്സിലുണ്ട്. പക്ഷേ അതിനുവേണ്ടി ആർ പണം മുടക്കും. പത്രദ്വാരാ വിഷയം അവതരിപ്പിച്ച് തല്പരകക്ഷികളെ ക്ഷണിക്കാം എന്ന് നിർദ്ദേശിച്ചു യസ്മിൻ.
എന്നിട്ട് അതു ചെയ്തപ്പോഴോ? ആകെ ഒറ്റ ഒരാളേ നീട്ടിയുള്ളൂ സഹായഹസ്തം.
ഹഹഹ, അതാവട്ടെ, ബാബ്വേട്ടൻ അല്ലാതെ മറ്റാര്.
ഇവിടത്തെ താരാധിപത്യത്തെ ഏറ്റവും എതിർക്കുന്ന ആളെ പിൻതുണയ്ക്കാനെത്തുന്നത് ചക്രവർത്തി. എങ്ങനെയുണ്ട് അത്.
പണ്ടൊക്കെയാണെങ്കിൽ ഇതിനെ വിരോധാഭാസം എന്നു വിളിക്കുമായിരുന്നു.
ഇന്നു പക്ഷേ ഇങ്ങനെയൊക്കെത്തന്നെയാണ് എല്ലാം നടക്കുക അത്രേ. അതിലെ രാഷ്ട്രീയം മനസ്സിലായല്ലോ. സംഗതി സ്വീകരിച്ചാലും നിരസിച്ചാലും പ്രശ്‌നത്തിലാവുന്നത് ഞാൻ.
അയാളുടെ ചങ്കൂറ്റം എന്തായാലും സമ്മതിക്കണം. എത്ര പെട്ടെന്നായിരുന്നു വാഗ്ദാനം. വേണ്ടതിലധികം കാശ് തരും അയാൾ എന്നതിലൊന്നും സംശയമില്ല. യാതൊരു ഇടപെടലും നടത്തിയില്ല എന്നും വരും. പക്ഷേ എന്തൊരു ഗതികേടാണ് യസ്മിൻ.
അവളും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ എന്തു വിചാരിച്ചു യസ്മിൻ. സ്ഥലത്തെ പ്രതിരോധസേനകൾ ആളൊന്നുക്ക് നുറു രൂപ വീതം പിരിച്ച് ധനസമാഹരണം നടത്തുമെന്നോ.
പശ്ചാത്തലം എന്താണെന്ന് അറിയാമല്ലോ. എല്ലാ നാട്ടിലും ചലച്ചിത്രരംഗം അടക്കിവാഴുന്ന കുറേ നായകന്മാർ ഉണ്ടാവുമല്ലോ. എന്നാൽ എവിടെയും ഇങ്ങനെ ഒറ്റ ഒരാൾ നിയന്ത്രിക്കുന്നുണ്ടാവില്ല പ്രവർത്തനങ്ങളെല്ലാം. തൊട്ടടുത്തുള്ള കനഡ നോക്കൂ, അവിടെ രണ്ട് ഏട്ടന്മാർ തങ്ങൾക്കിടയിൽ പങ്കുവെച്ചിരിക്കുകയാണ് സാമ്രാജ്യം. ഇരുവരും തമ്മിൽ മത്സരിച്ചുകൊണ്ട് ആളുകളെ മുഴുവനും ചൊല്പടിയിൽ നിർത്തും. അനുയായികളിലെ ശിങ്കിടികളും പിണിയാളുകളും കിങ്കരന്മാരും ആരാധകർ എന്നു തന്നെ അറിയപ്പെടും. ഒരു പൗരനും ഇവരിൽ ഒരാളുടെ ആൾ ആയിട്ടല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥ സൃഷ്ടിക്കും. അത് ഒരിക്കലും ഇല്ലാതെയാവാതിരിക്കാൻ അവർ ഒത്തുകളിക്കും.
ഇവിടെ പക്ഷേ ബാബ്വേട്ടൻ ഒറ്റയ്ക്ക് ഭരിക്കുന്നു. ഒരു ശത്രു ഇല്ലാത്തതിൽ അയാൾ വിഷമിക്കുന്നതായൊന്നും തോന്നിയിട്ടില്ല ആർക്കും ഇതുവരെ. നന്നായി ആസ്വദിച്ചുകൊണ്ടുതന്നെ അയാൾ തെന്റ കളി തുടരുന്നു.
അല്ലെങ്കിൽ ഇങ്ങനെ ഒരു കൈ നീട്ടുമോ അയാൾ.
ലഹരി, നിന്നോട് അങ്ങനെ ഒരു പരസ്യം കൊടുക്കാൻ പറഞ്ഞതിൽ വല്ലാത്ത ചമ്മൽ തോന്നുന്നു എനിക്കിപ്പോൾ. ആദ്യമേ ചാടിവീണു കളഞ്ഞില്ലേ പുള്ളി. ഇനി വേറെ ആരെങ്കിലും അനങ്ങുമോ. വേറെ ഏതെങ്കിലും വിധത്തിൽ അത് ചെയ്യാൻ കൂടി സമ്മതിക്കില്ലല്ലോ നിന്നെ അയാൾ ഇനി. എന്തൊരു കെണിയായിപ്പോയി ഇത് ലഹരി.
ഒരൊറ്റ ഇടി തരും നിനക്കു ഞാൻ യസ്മിൻ. ഒക്കേറ്റിനും നീ തന്നെ കാരണം. ആകെ വിമ്മിട്ടം തോന്നുന്നു എനിക്ക്. ശർദ്ദിച്ചു ഞാൻ കുറച്ച് രാവിലെ.
എന്ത് ശ്രദ്ധിച്ചു.
ഒരൊറ്റ വീക്ക് വെച്ചു തരും ഞാൻ നിനക്ക് കുസ്മിൻ.
ശരി, ആദ്യം ഏതാണ്, ഇടിയോ വീക്കോ?
പെട്ടെന്ന് പിണക്കം മറന്ന് ലഹരി ചിരിച്ചുപോയി, രണ്ടുമല്ല, ഒരു തൊഴിയാണ് നിനക്കു വേണ്ടത്.
എന്നുവെച്ചാൽ, ഞാൻ അർഹിക്കുന്നത്.... എന്നു തന്നെയല്ലേ?
ഒരൊറ്റ ചാമ്പ് തരുംട്ട്വോ ഞാൻ യസ്മിൻ.
ഓഹോ, അതെന്താണീ ചാമ്പ്?
നിന്റെ ആ ബാബ്വേട്ടനോടു പോയി ചോദിക്ക്, വഴക്കാളീ...
ഒന്നു പെയ്തു തോർന്നതുപോലെ ഇരുവരും പേച്ച് നിർത്തി കുറച്ചുനേരം ഒന്നും മിണ്ടാതെ ഇരുന്നു. വേറെ എന്തോ ഒരു ഭീതി കൂടി ലഹരിയെ അലട്ടുന്നുണ്ടെന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് വ്യകതമായിരുന്നു. അവൾ തന്നെ അത് വെളിപ്പെടുത്തട്ടെ എന്നു വിചാരിച്ച് യസ്മിൻ കാത്തിരുന്നു.
അതുണ്ടല്ലോ, ഈ ബാബ്വേട്ടെന്റ ക്യൂ എന്നു കേൾക്കാറില്ലേ യസ്മിൻ. ഞാൻ പോവേണ്ടിവരുമോ അതിൽ.
ഉവ്വുവ്വ്, അത് ഈ ജന്മം വേണ്ടി വരില്ല ലഹരി, അതു നീ ഉറപ്പിച്ചോ. നീ കെഞ്ചിയാൽ പോലും അയാൾ നിനക്ക് അതിന് അവസരം തരില്ല. ചോദ്യം ചെയ്ത ചരിത്രം ഉണ്ടല്ലോ നിനക്ക്. ആ പേടി എന്നെങ്കിലും മാറുമോ അയാൾക്ക്? പിന്നെ, അയാൾടെ മുന്നിലെ ക്യൂ എന്നത് നിനക്കറിയില്ലേ, വെർച്വൽ ക്യൂ, എത്രയെത്ര പെണ്ണുങ്ങൾ അതിൽ സ്ഥാനം ഒന്ന് മുന്നിലായിക്കിട്ടാൻ തപസ്സുചെയ്യുന്നു. ബാലനടികൾ മുതൽ. അതുകൊണ്ട് ആ ഭയം നിനക്ക് വേണ്ട തന്നെ.
എന്നുവെച്ചാൽ?
എന്റെ ലഹരി. അയാളുടെ കാരവൻ ഒന്നു കാണാൻ കാത്തുനിൽക്കുന്ന പെൺപിള്ളേർ എത്ര ആയിരം കാണും എന്ന് ഊഹിച്ചുനോക്ക്. അതിനിടയിലാണോ നിന്നോട് പൂതി അയാൾക്ക്, യസ്മിൻ ഇടയിൽ ഒന്ന് കൊഞ്ഞനം കുത്തിക്കൊണ്ട് തുടർന്നു, അതും നിന്റെ എന്തു കണ്ടിട്ടാണ് ലഹരി -
എന്റെ - എന്റെ ചെവി നോക്ക് യസ്മിൻ. ഇത്ര ഭംഗിയുള്ളത് ആർക്കെങ്കിലും കണ്ടിട്ടുണ്ടോ നീ? അതിൽ നനുനനുത്ത കുഞ്ഞിരോമങ്ങളുണ്ട് യസ്മിൻ. ഈ പോക്കുവെയിലിൽ അതു കണ്ടാൽ ആരും നോക്കിക്കൊണ്ടേ ഇരിക്കും, പിന്നെയല്ലേ ഈ ബാബ്വേട്ടൻ...
ഓഹോ, അതുകൊള്ളാമല്ലോ... നിന്റെ ഏതു ഭാഗത്തേതിനാണ് ഇത്ര അഴക് - ഇടതോ വലതോ?
ബെ, ഒച്ചയിടല്ലേ യസ്മിൻ - ഇടതോ വലതോ എന്നു ചോദിച്ചാൽ ആളുകളാരും അത് ചെവിയെക്കുറിച്ചാണെന്നു കരുതില്ല്യ.
പിന്നെ, കവിളാണെന്നാവുമോ?
ഓഹോ, വേറെ ഒന്നും ഇല്ലല്ലോ അല്ലേ രണ്ടുവീതം ഉള്ളത്.
എന്നാൽ പറ നീ, നോക്കട്ടെ.
തർക്കുത്തരം മതിയാക്കി ലഹരി വീണ്ടും ആലോചന തുടങ്ങി.
യസ്മിൻ കുറച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഒരു ചെറിയ തളികയിൽ എടുത്ത് മേശപ്പുറത്ത് വെച്ചതിനുശേഷം അവ കുറേശ്ശെയായി കൊറിക്കാൻ തുടങ്ങി. ഇടയ്ക്കിടയ്ക്ക് അവൾ ലഹരിയുടെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ടു
മിരുന്നു.
അതല്ല യസ്മിൻ, ഞാനെങ്ങാനും ഇത് സ്വീകരിച്ചാൽ ആളുകൾ പിന്നെ അങ്ങനെയല്ലേ കരുതൂ- ഞാൻ പോയിട്ടുണ്ട് അയാളുടെ ഒപ്പം എന്ന് -
അതു സംശയമില്ല മോളേ. അത് ഏറ്റവും വലിയ പുണ്യമല്ലേ ഇവിടെ. നിനക്ക് എന്നാലും ആശ്വസിക്കാൻ ഒന്നുണ്ട് അപ്പോഴും - കൂടെ പോവാതെ തന്നെ അതുണ്ടായിട്ടുണ്ടെന്ന് ആളുകൾ വിശ്വസിച്ചോളും ഇപ്പോൾ. അതൊരു ലാഭം ആയിട്ട് കൂട്ടണം നീ. പിന്നെ, പിന്നെയെന്താണ് - ഹഹഹ, അപ്പോൾ - അപ്പോൾ - സ്വീകരിക്കുന്നതിനെപ്പറ്റി പേർത്തുതുടങ്ങിയോ?
എന്നാലും - വല്ലാത്ത ഒരു പിടലിമുള്ളിലാണ് നീ എന്നെ കൊളുത്തിവിട്ടത് യസ്മിൻ... ▮
(തുടരും)