39: വായുസഞ്ചാരം
ആദ്യമായി ഒരു പുകവലിക്കാരന്‍ അല്ലാത്തതില്‍ വിഷമം തോന്നുകയാണ്. ഗുപ്തന്‍ അപാരതിയിലെ ഒരു ബിന്ദുവില്‍ കണ്ണുംനട്ട് നില്‍ക്കുകയായിരുന്നു. ഇരുട്ടില്‍ ഒരു തുള്ളി വെളിച്ചം.
ഈ ചക്രവാളമൊക്കെ എത്ര ആപേക്ഷികമാണ്, അല്ലേ. കുറേ കൂടി മുകളില്‍ പോയി നോക്കിയാല്‍ തീര്‍ന്നില്ലേ. അങ്ങനെ ഒരു സാധനം തന്നെ ഇല്ലല്ലോ പിന്നെ.
ഋജു ഈ മട്ടുപ്പാവില്‍ നിന്നല്ലേ ധൂമപാനം ചെയ്തിരുന്നത്. ബീഡീ പീനാ മനാ ഹേങ്?, കളിയായി അങ്ങനെ ചോദിച്ചെങ്കിലും അവള്‍ ഒരിക്കലും അത് വേണ്ട എന്നു വെച്ചില്ല. ഒരു പഫ് എടുത്തു നോക്കുന്നോ ഗുപ്ത്? ....
ആകാശത്തിലേയ്ക്ക് പുകച്ചുരുളുകള്‍ ഊതി പറത്തിവിടുന്നതിലെ അനുഭൂതി എനിക്ക് സങ്കല്പിക്കാനാവുന്നുണ്ട്. എല്ലാവര്‍ക്കും ഇങ്ങനെ വളയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാറില്ലല്ലോ. വെറുതെയല്ല എനിക്ക് അവളോട് അസൂയ തോന്നിയത് ....
ഹര്‍ഷവർദ്ധന്റെ രണ്ട് ചിത്രങ്ങള്‍ ഒന്നിച്ച് ഇറങ്ങിയിട്ടുണ്ട്. സ്വന്തം താല്പര്യത്തിനനുസരിച്ച് സംവിധായകരെ നിയന്ത്രിക്കാനും തന്റെ ഇംഗിതം നടപ്പിലാക്കാനും അവന് സാധിക്കുന്നുണ്ട് ഇപ്പോഴേ. ഇടയ്ക്കിടയ്ക്ക് എനിക്ക് ഇരുപത്തിനാല് കഴിഞ്ഞതേയുള്ളൂ എന്നതാണ് നസത്യം എന്ന് ചൂണ്ടിക്കാണിക്കുന്നതാണ് അസഹ്യം.
ഓര്‍ത്താല്‍ എന്തു കൃത്രിമമാണ് എല്ലാം.
ക്രൈം, മിസ്റ്ററി, ഒകള്‍റ്റ്, സൈകോ, എന്നിവയെല്ലാം തന്റെ പഥ്യങ്ങളാക്കി ഇവന്‍. നല്ല സാങ്കേതികവിദഗ്ധര്‍ ഒപ്പം ഉള്ളതിനാല്‍ അതിന്റെ ഗുണങ്ങളൊക്കെ ഏത് ചിത്രത്തിനും ഉണ്ടാവും. പക്ഷേ പ്രശ്‌നം എന്താണെന്നോ.
ഹ ഹ ഹ, അതൊരു വല്ലാത്ത കുഴപ്പം തന്നെ ആകുന്നു. പൊറുക്കാന്‍ പ്രയാസം തോന്നും. അതെന്താണെന്നറിയാമോ. ഈ കണ്ട പടങ്ങളിലെല്ലാം ഹര്‍ഷവർദ്ധൻ ഹർഷവർദ്ധനായിട്ടാണ് അഭിനയിക്കുക.
വേറെ ഒരു അക്കിടി കൂടി പറ്റി അവന്. നേര്‍ക്കുനേര് എന്ന പരിപാടിയില്‍ തന്റെ വായനാശീലത്തെപ്പററി അവന്‍ ഓര്‍ക്കാതെ വീമ്പടിച്ചുകളഞ്ഞു. ആ ഷോ നടത്തുന്ന മഹാലക്ഷ്മി അത് നന്നായി ഉപയോഗിക്കുകയും ചെയ്തു. പെട്ടെന്ന് ഇളിഭ്യനായിത്തീര്‍ന്ന അവന്റെ ആ മുഖം വിപുലമായി പ്രചരിക്കപ്പെടുമല്ലോ സ്വാഭാവികമായും. ആളുകള്‍ കാത്തിരിക്കുകയല്ലേ ഇങ്ങനെ ഓരോന്ന് വീണുകിട്ടാന്‍.
ഹര്‍ഷ് ഒരു നല്ല വായനക്കാരന്‍ കൂടിയാണെന്ന് ഞാന്‍ എവിടെയോ കേട്ടിട്ടുണ്ട് -
ഉവ്വ്, ഞാന്‍ സമയം കിട്ടുമ്പോള്‍ കുറേ നല്ല ബുക്‌സ് വായിക്കാറുണ്ട്. ഇപ്പോള്‍ ഞാന്‍ വായിച്ചത് മാര്സല്പ്രൂസ്റ്റ് എഴുതിയ ഒരു ഗംഭീര പുസ്തകമാണ് ... ഇവിടത്തെ ആളുകള്‍ ഒന്നും കേട്ടിട്ടില്ല അയാളെപ്പറ്റി എന്നാണ് തോന്നുന്നത്. ഒരു പക്ഷേ അറിഞ്ഞുവരുന്നതേയുണ്ടാവുള്ളൂ.
ഓ ഹര്‍ഷ്. പ്രൂസ്റ്റ് എന്നു വെച്ചാല്‍ ഞാനൊക്കെ കുട്ടിക്കാലത്ത്, അതായത്, ആവേശത്തോടെ, പുസ്തകങ്ങള്‍ വായിച്ചു തള്ളുന്ന കാലത്ത് വായിച്ചിട്ടുള്ളതാണ്.
ഓഹ്, ഓഹ് ... അതു ഞാന്‍ അറിഞ്ഞില്ല മഹാലക്ഷ്മിചേച്ചി ...
നോക്കുമ്പോള്‍ ആകാരം കൊണ്ടും സ്വരം കൊണ്ടും എല്ലാം തികഞ്ഞ ഒരു പുരുഷനാണ്. പക്ഷേ എന്നിട്ടെന്തു കാര്യം. ഫാന്‍സ് ഉണ്ട് നിറയെ എന്നതും സമ്മതിച്ചു. എന്നാല്‍ ഒരു പ്രൈസ് കൊടുക്കാന്‍ തോന്നില്ല ആര്‍ക്കും.
ഇതുതന്നെയാണ് പണ്ട് നിത്യയ്ക്കും സംഭവിച്ചത്. ഹ ഹ, അവന് ഇതുകേട്ടാല്‍ ശുണ്ഠി വരുമായിരിക്കും. പക്ഷേ ഇന്നത്തെ നിത്യയല്ലേ ഈ ഹര്‍ഷവർദ്ധൻ! .....
ഈ നിത്യയുടെ പൂര്‍വ്വാശ്രമത്തിലെ പേര് എന്തായിരുന്നിരിക്കും. ആ ഇളിച്ചുവായന്‍ നേമത്തിന്റെ കണ്ടുപിടുത്തമാണല്ലോ നിത്യ. മുമ്പ് അവള്‍ മിക്കവാറും ഒരു പൊന്നമ്മ ആയിരുന്നിരിക്കും, അല്ലേ.
ഐശ്വര്യത്തിന്റെ നിറകുടങ്ങളായ എത്ര പൊന്നമ്മമാരാണ് ഇവിടെ ഉണ്ടായിരുന്നത് - മൂന്നോ. ഇത്തിക്കര പൊന്നമ്മ, ത്രൂങ്ങാലി പൊന്നമ്മ, കുണ്ടറ പൊന്നമ്മ. എല്ലാം ഒരേ പോലെ സ്നേഹവാത്സല്യങ്ങളുടെ ആള്‍രൂപങ്ങള്‍. തമ്മില്‍ തമ്മില്‍ മാറിപ്പോയെന്നു കൂടി വരും ചിലപ്പോള്‍. എന്നാല്‍ സത്യാനന്തരകാലത്ത് വന്ന പൊന്നമ്മയാണ് രസികത്തി - പൊന്നമ്മ ത്രൂങ്ങാലി. കൊഴുത്തുരുണ്ടിട്ടൊക്കെയാണെങ്കിലും താടിയിലെ ആ വെട്ടും കണ്ണിലെ ചൂണ്ടക്കൊളുത്തും കാരണം വെളുക്കെ ചിരിച്ചാലും അതില്‍ ചതി പതിയിരിക്കുന്നുണ്ടെന്നു തോന്നും. അത്തരം കഥാപാത്രങ്ങളെത്തന്നെയാണ് ആയമ്മയ്ക്ക് അവതരിപ്പിക്കാനായി കിട്ടുന്നതും അല്ലോ.
ഹ ഹ ഹ, നേമം ഒരു പൊന്നമ്മയെ നിത്യകന്യകയാക്കി .....
ഋജു ഇപ്പോഴും ഇവിടെ നില്ക്കുന്നുണ്ടെന്ന് തോന്നുന്നു. കറുപ്പില്‍ ചെറിയ ത്രികോണങ്ങളും ചതുരങ്ങളും വൃത്തങ്ങളും ചിതറി വിതാനിച്ച ഒരു അങ്കി ധരിച്ച് അവള്‍ മട്ടുപ്പാവില്‍ നിന്നുകൊണ്ട് ആകാശത്തെ ഊതിപ്പെരുപ്പിക്കുകയാണ്. ഞാന്‍ ഇപ്പുറത്തായി ഒരു ചാരുകസേരയില്‍ മദ്യം നുകര്‍ന്നുകൊണ്ട് ഇരിക്കുന്നു. സൂക്ഷിച്ചുനോക്കിയാല്‍ അവളുടെ കയ്യിലും ഒരു ചഷകം ഉണ്ടെന്നു കാണാം.
ഗുപ്ത്, പറക്കാന്‍ തോന്നും അല്ലേ ഇവിടെ നിന്നാല്‍.
അതെ, എപ്പോഴും ....
ചെറിയ ഒരു ഗ്ലൈഡര്‍ കൂടി വാങ്ങിവെയ്ക്കാമായിരുന്നു നിനക്ക് ഇവിടെ.
ഏയ്, അത്ര മുട്ടുന്നുണ്ടെങ്കില്‍ ഒന്നു ശ്രമിച്ചുനോക്ക്. ചിലപ്പോള്‍ കൈകള്‍ നന്നായി വീശിക്കൊണ്ടിരുന്നാല്‍ പറ്റുമായിരിക്കും.
ശരിയാണല്ലോ ഗുപ്ത്, എന്താണാവോ ആരും ചെയ്തുനോക്കാതിരുന്നത് അത് ....
വെറുതേ കാര്യമായി ഒന്നും ചെയ്യാതെ കാലം കഴിക്കുമ്പോള്‍ (കിംക്ഷണന്‍?) - കുളി കാണലാണ് ഗൗരവമായി നിര്‍വ്വഹിക്കുന്ന ഒരു കര്‍ത്തവ്യം - ഒരു ദിവസം മലയാളത്തിലെ വിശ്വോത്തരപ്രതിഭകള്‍ എന്ന് അറിയപ്പെടുന്ന മൂന്നു പേരുടെ കൃതികള്‍ പരിശോധിക്കാമെന്നു വിചാരിച്ചു. ഉബൈദ്, മറിയം, പ്രാണന്‍. ഒരു ഒറ്റ ഖണ്ഡികയിലൊക്കെ ഒതുക്കാം എന്റെ വിലയിരുത്തല്‍.
തരക്കേടില്ലാത്ത എഴുത്തുകാര്‍ തന്നെ മൂവരും. എന്നു വെച്ചാല്‍, അവരുടെ പ്രമുഖ കൃതികള്‍ നോക്കിയാല്‍. എന്നാല്‍ സമ്പൂര്‍ണ്ണം എടുത്ത് വായിക്കാന്‍ പുറപ്പെട്ടാല്‍ മടുത്തുപോവും. ഉബൈദിന്റെ മൂന്നോ നാലോ ചെറിയ പുസ്തകങ്ങളില്‍ നസ്യം അല്ലാത്ത ഒരു തരം നല്ല നര്‍മ്മം ഉണ്ട്. കൂടാതെ അവയില്‍ ഭേദപ്പെട്ട ഒരു ദര്‍ശനമുണ്ട് - അബദ്ധത്തില്‍ സംഭവിച്ചു പോയതാവുമോ അതും! - എന്നൊക്കെ തോന്നിപ്പിക്കുന്നുമുണ്ട്. പ്രാണന്‍ ഏതാനും ചെറുകഥകള്‍ കൊണ്ട് ജനപ്രീതിയാര്‍ജ്ജിച്ചു, ചിന്തകന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടു. അതിനുശേഷം വന്ന ശരാശരി എഴുത്തുകളും ഉല്‍കൃഷ്ടം എന്നു വാഴ്ത്തി അനുവാചകര്‍. ചില ഗുരുക്കന്മാരോടുള്ള ഭക്തി അയാള്‍ക്ക് നിറയെ വിമര്‍ശകരെ ഉണ്ടാക്കിക്കൊടുത്തു. പക്ഷേ അതും അയാളെ വളര്‍ത്തി. മറിയം തെക്കന്‍ദേശങ്ങളിലെ കണിശമായ ഭാഷണഭേദം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ലൈംഗികാതിപ്രസരമുള്ള പ്രമേയങ്ങളാണ് മറിയത്തിന് അനിഷേധ്യമായ ഒരു സ്ഥാനം ലഭിക്കാന്‍ കാരണമായത്. വശ്യമായ ആയമ്മയുടെ വര്‍ത്തമാനം ആളുകളെ ഹഠാദാകര്‍ഷിച്ചു.
പോരേ. അല്ലെങ്കിലും എഴുത്തുകാര്‍ക്കൊക്കെ ഇത്ര പ്രാധാന്യം നല്കണോ. ഇന്നലെ ആരോ എഴുതിയിരിക്കുന്നത് കണ്ടു, പ്രൂസ്റ്റ് വായിക്കാത്തവരെയൊന്നും അയാള്‍ക്ക് സ്നേഹിക്കാന്‍ കഴിയാറില്ല എന്ന്. അയ്യയ്യേ. എന്തു പ്രൂസ്റ്റ്, എന്തു ബ്രെഹ്ക്റ്റ്, എന്തു സ്വിഫ്റ്റ്. അങ്ങനെ അവസാനവാക്കുകളൊക്കെ ഉണ്ടോ കലയില്‍. ഞാന്‍ വായിച്ചിട്ടില്ലല്ലോ പ്രൂസ്റ്റ്, ഇനി വായിക്കാന്‍ പോവുന്നുമില്ല. ഉള്ള മതിപ്പ് കൂടി കളയുന്നതെന്തിന്.
അനശ്വരനായ പ്രൂസ്റ്റ് പോലും. ഹര്‍ഷവർദ്ധൻ ഒക്കെ വായിക്കുന്നതല്ലേ അത്. മാത്രമല്ല, ഈ പ്രൂസ്റ്റ് എന്റെ വല്ലതും വായിക്കുന്നുണ്ടോ, ഇല്ലല്ലോ. അത് ഒരു പക്ഷേ അയാള്‍ മരിച്ചതുകൊണ്ടാവാം, ശരി. എന്നാല്‍ ജീവിച്ചിരുന്നെങ്കില്‍ വായിക്കുമായിരുന്നോ അയാള്‍, ഉവ്വോ.
ഋജുവും വായിച്ചിട്ടുണ്ടാവില്ല ഈ പ്രൂസ്റ്റ്. എത്ര നിസ്സാരം എന്ന മട്ടിലല്ലേ അവള്‍ ബൃഹദാഖ്യാനങ്ങളെ തള്ളിക്കളയുന്നത്. നോക്കൂ ഗുപ്ത്, എന്തൊരു ചെടിപ്പിക്കുന്ന വാഴ്ത്തലാണ് ഓരോരോ പുസ്തകങ്ങളെ. സാധാരണ ആളുകള്‍ തന്നെയാണെന്നേ ഈ പ്രസിദ്ധര്‍ മിക്കവരും - ആ നെരുദായൊക്കെ എന്തിനു കൊള്ളാം - ഹിച്‌കോക് എന്ന പൊണ്ണത്തടിയന്‍ - പിന്നെ പികാസോ. വെറുതേ പ്രശംസിച്ച് ഇതുങ്ങളെയൊക്കെ വലിയ പ്രതിഷ്ഠകളാക്കും ആളുകള്‍ - വിഗ്രഹങ്ങള്‍ വേണമല്ലോ അവര്‍ക്ക് ... ഒന്ന് ആലോചിച്ചുനോക്കൂ ഗുപ്ത്, എത്ര തന്നെ മഹനീയമാവാന്‍ പറ്റും ഈ സാഹിത്യത്തിന്! ....
ഒരു കണക്കിന് നീ ശരിയാണ്, ഋജു.
ഏയ്, തികച്ചും തീര്‍ച്ചയായും ശരി. ഇവിടെ നിന്ന് ഈ ആകാശത്തേയ്ക്കു നോക്കുമ്പോള്‍ ...., പെട്ടെന്ന് അവളുടെ കണ്ണുകളില്‍ ഒരു പുതിയ തിളക്കം വിരിഞ്ഞു, നോക്ക് ഗുപ്ത്, പണ്ടുപണ്ടേ നമ്മള്‍ കൈകള്‍ വീശി പറന്നുശീലിച്ചിരുന്നെങ്കില്‍ - നടക്കുകയും നീന്തുകയും ചെയ്യുന്നതുപോലെ - അതും സാദ്ധ്യമാവുമായിരുന്നു നമുക്ക്, അല്ലേ ഡാ?
▮
ശൂന്യത എന്ന പ്രമേയം
(ഉര്‍വ്വി, പുരോ - ഇവര്‍ കുറച്ചുകാലം മുമ്പു തന്നെ കണ്ടുമുട്ടിയിരുന്നെങ്കില്‍.)
ഉര്‍വ്വി: പുരോ, നിനക്ക് പുതിയ റൂം കിട്ടുംന്നു പറഞ്ഞിട്ട് എന്തായി.
പുരോ: അത് കിട്ടുമോ എന്നു സംശയമാണ് ഉര്‍വ്വി .... ഒരു സ്റ്റുഡ്യുയോ ആണ് അത്.
അവര്‍ക്ക് പക്ഷേ വലിയ ഉത്സാഹമൊന്നും ഇല്ല അത് എനിക്കു തരാന്‍. അവരുടെ എന്തൊക്കെയോ സ്റ്റഫ് അവിടെ ഡംപ് ചെയ്തിരിക്കുകയാണ്.
ഉര്‍വ്വി: വേറെ ... ഒരു ഫ്ലാറ്റ് ഇല്ലേ. ആരുടേയോ ഒപ്പം കൂടേണ്ടത്, വാടക പപ്പാതി കൊടുത്ത്.
പുരോ: ഓ, അത് ഒരു എയര്‍ഹോസ്റ്റസ് ആണ് ഉര്‍വ്വി, പക്ഷേ അത് നടക്കില്ല.
ഉര്‍വ്വി: എന്താ, സൗകര്യമല്ലേ, ഓരോ റൂം എടുത്താല്‍ പോരേ?
പുരോ: മതി, കിചന്‍ മാത്രം കോമണ്‍ ആക്കാം. അവള്‍ പക്ഷേ എന്നെപ്പോലെ പാചക പരീക്ഷണങ്ങള്‍ ഒന്നും ഉണ്ടാവില്ല. ജന്‍ക് ആയിരിക്കും എപ്പോഴും തീന്.
ഉര്‍വ്വി: പിന്നെ എന്താണ് തടസ്ഥം.
പുരോ: ഏയ് അത് ശരിയാവില്ല ഉര്‍വ്വി, എനിക്കത് പറ്റില്ല.
ഉര്‍വ്വി: എന്താ പുരോ, കേട്ടിട്ട് നല്ല സൗകര്യം ആണല്ലോ. അവള്‍ വന്നും പോയും ഇരുന്നോളും. നിന്നെ ബാധിക്കില്ലല്ലോ ഒന്നും ....
പുരോ: ഹ്ം ... അത്, ഉര്‍വ്വി, അവളുടെ ചുവപ്പ് വെള്ള യുനിഫോം .... ഹ ഹ ഹ, എനിക്ക് ഇഷ്ടമല്ല ഉര്‍വ്വി.
ഉര്‍വ്വി: ആഹ ഹ ഹാ! ഞാന്‍ വിചാരിച്ചു അവള്‍ക്ക് കോങ്കണ്ണുള്ളതു കൊണ്ടാണെന്ന്.
പുരോ: അല്ല, വാസ്തവമാണ് ഉര്‍വ്വി. കുട്ടിക്കാലത്ത് ഞാന്‍ ശപഥമോ മറ്റോ ചെയ്തിട്ടുണ്ട് ആ യുനിഫോം ഉള്ള ഒരാളുടേയും കൂടെ താമസിക്കില്ല എന്ന്.
ഉര്‍വ്വി: ഉവ്വുവ്വേ, കിട്ടാത്ത മുന്തിരിക്കുട്ടാ - ഹ ഹ ഹ, പുളിക്കും ചവര്‍ക്കും കയ്ക്കും .... ഇയാളെ കൂടെ കൂട്ടാന്‍ പറ്റില്ല്യാന്ന് അവളാവും പറഞ്ഞിട്ടുണ്ടാവ്വ്വാ - കൂയ് ! .....
(പുരോ ഉര്‍വ്വിയോടൊപ്പം ആര്‍ത്തുചിരിക്കുന്നു)
പുരോ: ഉര്‍വ്വി ശ്രദ്ധിച്ചിട്ടുണ്ടോ, ഈ നില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളിലെ ഫ്ലാറ്റ്സ്? മിക്കതിലും ആള്‍ താമസമില്ല ഉര്‍വ്വി. ന്യൂയോര്‍കിലെ ഒരു കണക്കുണ്ട്. ഹോംലെസ് പീപ്ള്‍ എത്രയുണ്ട് - അതിനേക്കാളധികം വരും ഒഴിഞ്ഞ പാര്‍പ്പിടങ്ങള്‍. കേരളത്തില്‍ ഒരു പക്ഷേ അതിനേക്കാളധികമാണത്.
ഉര്‍വ്വി: വല്ലാത്ത ആര്‍ത്തിയാണ് വിലാസ് ഒക്കെ വാങ്ങിക്കൂട്ടാന്‍ ഇപ്പോള്‍.
പുരോ: എന്തൊരാക്രാന്തം. പ്രളയം ഒക്കെ കഴിഞ്ഞപ്പോള്‍ കുറേ ശമിക്കും എന്നു വിചാരിച്ചു. പക്ഷേ പൂര്‍വ്വാധികം കൂടി നിര്‍മ്മാണപ്രവര്‍ത്തനം.
ഉര്‍വ്വി: ഹ്ം, മൊത്തം സംസ്ഥാനം തന്നെ അതീവ പരിസ്ഥിതിലോലം ആയിരിക്കുമ്പോള്‍ ....
പുരോ: രസം കേള്‍ക്കണോ ഉര്‍വ്വി, ഒരു വലിയ ബുദ്ധിജീവി ഈയിടെ എന്നോടു പറഞ്ഞത്.
ഉര്‍വ്വി: ഇതൊക്കെ മഹാപാതകമാണ് എന്നല്ലേ?
പുരോ: അത് പ്രസംഗിക്കും അയാള്‍, രസികന്‍. എന്നിട്ട് പരത്തി ചിരിച്ചുകൊണ്ട് ഇങ്ങനെയും തുളുമ്പും. നാട്ടില്‍ വെള്ളിനേഴിയിലുണ്ട് വീട്. പിന്നെ ഇവിടെ വാങ്ങി ഒന്ന് - സൗകര്യാര്‍ത്ഥം. പിന്നെ പൂരം കാണുന്ന പതിവുള്ളതുകൊണ്ട് തൃശൂരിലും വാങ്ങിയിട്ടുണ്ട് ചെറിയ ഒന്ന്.
ഉര്‍വ്വി: ഇതാണ് ശരാശരി മദ്ധ്യവര്‍ഗ്ഗ മലയാളി.
പുരോ: ഹ ഹാ, ശശാശശി!
ഉര്‍വ്വി: ഉം, എന്താ?
പുരോ: ശരാശരി മലയാളി എന്നത് ചുരുക്കിയതാണ് ശശാശശി, രസല്ല്യേ.
ഉര്‍വ്വി: ആഹ ഹാ, ഉണ്ടുണ്ട് പുരോ, രസണ്ട്. ശശാശശി! .... ഏയ്, പുരോ, എനിക്ക് ഭയങ്കര മോഹംണ്ട് ട്ട്വോ ശരിക്കും ഇത് ആവാന്‍. പക്ഷേ അതങ്ങോട്ട് പററുന്നില്ല്യാ.ഋ
പുരോ: എന്ത്, ശശാശശിയോ?
ഉര്‍വ്വി: ഉം, പുരോ - ഹ ഹ ഹ, ശശാശശി!
പുരോ: ചിരിക്കുന്നതൊക്കെ ശരി, രണ്ടാഴ്ചയ്ക്കുള്ളില്‍ വേറെ റൂം കണ്ടുപിടിച്ചില്ലെങ്കില്‍ ഹോംലെസ് ആവും ഞാനും. താക്കീത് തന്നിട്ടുണ്ട് ഉര്‍വ്വി ഈ, മുതലാളി.
ഉര്‍വ്വി: (കളിയാക്കിക്കൊണ്ട്) മുതലാളിത്തം നീണാള്‍വാഴട്ടെ - അയ്യോ, തെറ്റിപ്പോയി - മുതലാളിത്തം തുലയട്ടെ!
പുരോ: ഏയ്, വേണ്ട വേണ്ട - തിരുത്തേണ്ട - ഹ ഹ, നീ അതിന്റെ ആളല്ലേ പണ്ടുപണ്ടേ.ഋ
ഉര്‍വ്വി: എന്തിന്റെ - മുതലാളിത്തത്തിന്റെയോ, ഒന്നു പോ. എവിടെ കണ്ടാലും നല്ല ഇടി കൊടുക്കുന്നതാണ് ഞാന്‍ അതിന്, അറിയാമോ.ഋ
പുരോ: കളിയാക്കാതെ എന്തെങ്കിലും വഴി കാണിക്ക് ഉര്‍വ്വി.
ഉര്‍വ്വി: അതേയ് - പുരോ, ഞാന്‍ താമസിപ്പിക്കാമായിരുന്നു എന്റെ കൂടെ .... രണ്ട് റൂംസ് ഉണ്ടല്ലോ, പക്ഷേ ....
പുരോ: പക് - ഷേ?
ഉര്‍വ്വി: പക് -ഷേ ആ ശൂന്യത സമ്മതിക്കില്ലല്ലോ.
പുരോ: ശൂ - ശൂ -ശൂന്യതയോ!
ഉര്‍വ്വി: ശൂ - ശൂ ശൂ ശൂന്യതയല്ല പുരോ - ശൂന്യത. വെറും ശൂന്യത. ഞാന്‍ അതിനെ ശൂന്യ എന്നു വിളിക്കും.
പുരോ: ഹ്ം - യാ - ശൂന്യ് എന്നു മാത്രമോ.
ഉര്‍വ്വി: ഓമനപ്പേരാണ് ശൂന്യ്. പക്ഷേ ഭയങ്കരിയാണ് - ഓമന ഒന്നുമല്ലാട്ട്വോ.
പുരോ: ങ്ഹാ - അതെ കേട്ടാല്‍ തന്നെ അറിയാമല്ലോ.
ഉര്‍വ്വി: കാര്യം ശരിയാണ്. ശൂന്യ് കൂടി കൂടെയുണ്ട് എന്ന് സത്യവാങ്മൂലം കൊടുത്തിട്ടാണ് ഒറ്റയാള്‍ ആയ എനിക്ക് ഫ്ലാറ്റ് കിട്ടിയത് ഇവിടെ. പക്ഷേ ഈ ശൂന്യ് ഉണ്ടല്ലോ - വല്ലാതെ മുതലെടുക്കും ആ പേരില്‍. എന്തൊരു വികൃതിയാണ് - സ്വൈര്യം തരില്ല ചിലപ്പോള്‍ - തിരക്കുകൂട്ടി എന്നെ ഒരരുക്കാക്കും പുരോ - മുറിയില്‍ മുഴുവനും നിറഞ്ഞ് എന്നെ ഞെക്കിഞെരുക്കും - ശ്വാസം മുട്ടിക്കും എന്നെ.... പിന്നെ ചിലപ്പോള്‍ അതിന് കൊമ്പ് മുളയ്ക്കും പുരോ. മുക്രയിട്ട് അത് എന്നെ ആഞ്ഞുകുത്തും - മാന്തും, തൊഴിക്കും. പാവം ഞാന്‍!
പുരോ: ഹ ഹ ഹാ, തരക്കേടില്ലല്ലോ ഈ ശൂന്യ്.
ഉര്‍വ്വി: ഉം, പുരോ ചിരിക്ക്, അനുഭവിക്കുന്നത് ഞാനല്ലേ.
പുരോ: ഹ്ം - ഹ്ം, നംബര്‍ തരുമോ ഉര്‍വ്വി നീ അതിന്റെ.
ഉര്‍വ്വി: ഓ യെസ്, ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ്ശൂന്യ്…
പുരോ: ങ്‌ഹേ, ഒരക്കം കൂടിയോ?
ഉര്‍വ്വി: ഏയ്, ഒരിക്കല്‍ കൂടി പറയാം എന്നാല്‍:
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ! ....
(അന്നു മുതലേ അവര്‍ ഒരുമിച്ചു ചിരിക്കുന്നതാണ്.)
▮
പതിനാലാം നിലയിലാണ് ഇപ്പോള്‍ താമസം.
ശരിക്കും എണ്ണിനോക്കിയാല്‍ പതിമൂന്നാമത്തെ നിലയാണ് ഇത്. പക്ഷേ പേടിക്കേണ്ട. അന്ധവിശ്വാസം കാരണം ആ അക്കം ഒഴിവാക്കി ഇതിനെ പതിനാലാക്കി. യാതൊരു ഭീതിയും വേണ്ട, ആ ദല്ലാള്‍ തന്റെ മുഖത്തുള്ളത് സ്വതസിദ്ധമായ പുഞ്ചിരി മാത്രമാണെന്ന് ഭാവിച്ചുകൊണ്ട് തുടര്‍ന്നു, കണ്ടില്ലേ, വിശാലമായ നെല്‍വയലുകളോട് ചേര്‍ന്നു നില്‍ക്കുന്ന പാര്‍പ്പിടസമുച്ചയമാണ് ഇത്. സര്‍ക്കാരിന്റെ സംരക്ഷിത കൃഷിഭൂമിയാണ് അത് - അവസാനം അവശേഷിച്ച പാടശേഖരം. അത്രയെങ്കിലും ഇരിക്കട്ടെ എന്നു കരുതി സര്‍ക്കാര്‍ ഏറ്റെടുത്ത് അങ്ങനെ നിലനിര്‍ത്തിയിരിക്കുന്നതാണ്. അതുകൊണ്ട് അവിടെയെങ്ങും ഇനി വേറെ കെട്ടിടങ്ങള്‍ ഉയരില്ല.
റോസ് ശുദ്ധവായു ശ്വസിച്ചു കൊണ്ട് തന്റെ മട്ടുപ്പാവില്‍ ഇരുന്നു. കാറ്റ് കുറച്ച് അധികമാണ് എന്നു തോന്നും ചിലപ്പോള്‍. ജനലുകള്‍ തുറന്നിട്ടാല്‍ സാധനങ്ങള്‍ പറന്നുനടക്കും. ഇവിടെ വെറുതേ നിന്നാല്‍ കാറ്റ് നമ്മളെ പറത്തിക്കൊണ്ടുപോവുമോ എന്ന് പേടിച്ചുപോവും. കാറ്റിന്റെ ഒരു ഇടനാഴിയുണ്ട് ഇതിലേ പോലും.
പിന്നെ ഒഴിവുള്ളത് ഇരുപത്തിനാലാം നിലയിലായിരുന്നു. അത്ര മുകളില്‍ വേണ്ട എന്നു തോന്നി എന്തുകൊണ്ടോ. ഇവിടെത്തന്നെ ധാരാളമാണ് കാറ്റും വെളിച്ചവും.
പുള്ളിയെക്കൊണ്ട് ഉണ്ടായ ഉപകാരം.
അവസാനമായി എഴുതിയ പുസ്തകം ചൂടപ്പം പോലെ വില്‍ക്കുന്നുണ്ടെന്ന് കേട്ടു. ഡാലിയ അടക്കം പലരും അതിനെപ്പററി ഓര്‍ത്ത് വിഷമിച്ചുകൊണ്ടിരിക്കുന്നുണ്ട് ഇപ്പോഴും. പുള്ളി പകര്‍പ്പവകാശം വേണ്ട എന്നു വെയ്‌ക്കേണ്ടിയിരുന്നില്ല എന്ന്. കുറേയേറെ പണം കിട്ടുമായിരുന്നു അപ്പോള്‍ എനിക്ക് എന്നും.
അതുകേട്ട് ഇത്രയെല്ലാം മതി എന്ന് കൈമലര്‍ത്തി. ഒരു ജീവന്റെ വില എന്ന് തോന്നിക്കൊണ്ടിരിക്കുമല്ലോ എപ്പോഴും. അതായത് ഇത് അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍. ഒടുക്കം എനിക്ക് സമാശ്വാസം കൈവന്നത് പുള്ളി കാരണം തന്നെ.
സമാധാനം തന്നിട്ടുപോയി അവസാനം. എന്റെ കര്‍ത്താവേ, എന്തൊരു വ്യഥയായിരുന്നു അവിടെ താമസിക്കുമ്പോള്‍. വഴിയേ പോകുന്നവരെല്ലാം വാതിലില്‍ മുട്ടിയും തട്ടിയും. രാത്രികള്‍ എത്ര കഷ്ടപ്പെട്ടാണ് ഞാന്‍ തള്ളിനീക്കിയിരുന്നത്. മിക്കപ്പോഴും തീരെ ഉറങ്ങാതെ. എന്റെ കണ്ണിനുതാഴെ കറുപ്പ് വീങ്ങിയതെല്ലാം കണ്ടിരുന്നില്ലേ.
പോരാഞ്ഞിട്ട് കാക്കക്കാലും ...
ഒരു കാക്കച്ചിറകിന്റെ തണല്‍പോലും ഇല്ലല്ലോ എന്ന് നിലവിളിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന്.
ദൈവം അറിഞ്ഞു കൊണ്ടു ചെയ്തതു തന്നെയാവാം ഇത്. പൊടുന്നനെ എന്തൊരു ശാന്തിയാണ് എന്റെ മനസ്സില്‍. ജനലും വാതിലും തുറക്കാതെ ആ വീട്ടില്‍ ഞെരുങ്ങി ഒടുങ്ങേണ്ടി വരുമെന്നല്ലേ ഭയന്നിരുന്നത്. ഹോ, എങ്ങനെ മാറിക്കിട്ടി എല്ലാം.
കൊതുകും ഇല്ല ഇവിടെ. വെള്ളക്കെട്ടില്‍ അത് പെരുകേണ്ടതാണ്. പക്ഷേ ഈ നിലയിലേയ്ക്ക് എത്തുന്നില്ല. കാറ്റ് ഉള്ളതുകൊണ്ടുകൂടിയാവും.
റ്റിൻറിൻ ക്രമേണ ശരിയായി പഴയതു പോലെയാവും എന്നാണ് അവനെ കണ്ട എല്ലാ മനഃശാസ്ത്രജ്ഞരും പറഞ്ഞത്. ധൂര്‍ത്തടിക്കാം എന്നു വിചാരിച്ചതല്ല, ആധി കൂടിയിട്ടു തന്നെയാണ്. ഒരു ചെറിയ കാലയളവിനുള്ളില്‍ തന്നെ നാലുപേരുടെ അടുത്ത് കൊണ്ടുപോയി അവനെ. എല്ലാവരും ഒരേപോലെ നിര്‍ദ്ദേശിച്ചത് നല്ല കാറ്റും വെളിച്ചവും ഉള്ള എവിടേയ്‌ക്കെങ്കിലും താമസം മാറ്റണം എന്നായിരുന്നു.
ആണ്‍തുണ ഇല്ലാതെ വയ്യ, അത് നിര്‍ബ്ബന്ധമായും വേണം എന്നൊന്നും തോന്നുന്നില്ല ഇപ്പോള്‍. വേറെ ആവശ്യങ്ങള്‍ക്കായി ഒരു സാധനം വാങ്ങിയിട്ടുണ്ട്. പിന്നെ ഡാലിയ ഉണ്ടല്ലോ, അവള്‍ക്ക് വഴങ്ങാം എന്നു തീരുമാനിച്ചതും നന്നായി. എന്റെ ശരീരത്തെ എങ്ങനെ സന്തോഷിപ്പിക്കുന്നു അവള്‍. ഒരു പരാതിയുമില്ല അതിനിപ്പോള്‍.
കുറേ സങ്കോചങ്ങള്‍ തൂക്കി എറിഞ്ഞുകളഞ്ഞാല്‍ തന്നെ പ്രകാശമാനമാവും ഒരു പെണ്ണിന്റെ ജീവിതം. ഏതു വിഭാഗത്തിലുള്ള പെണ്ണിനും. ഓര്‍മ്മയില്ലേ, ആദ്യമെല്ലാം ഞാന്‍ ആലോചിച്ചിരുന്നത് - സ്വവര്‍ഗ്ഗാനുരാഗം എന്നത് ഇടത്തരക്കാര്‍ക്കൊന്നും പാടുള്ളതല്ല, ധനികരും കുലീനരുമായവര്‍ക്ക് അനുവദിച്ചു കിട്ടിയ ആനുകൂല്യങ്ങളില്‍ പെടുന്നതാണ് അത്, എന്നെല്ലാം. ഇപ്പോഴല്ലേ മനസ്സിലായത്, അങ്ങനെ ഒരു വ്യവസ്ഥയുമില്ല, ആര്‍ക്കും ആകാം അതെല്ലാം.
പിന്നെ ആരു പറഞ്ഞു സ്വയംഭോഗം മടുക്കുമെന്ന്.
എത്ര നേരം വേണമെങ്കിലും വിനിയോഗിക്കാവുന്ന ഉപകരണങ്ങള്‍. മറ്റേത് ഒരു അയാള്‍, ആരായാലും അയാള്‍ - ഔദാര്യം പോലെ മാത്രം അത് തരുന്നു, തന്നിഷ്ടം പോലെ പെട്ടെന്ന് അത് നിര്‍ത്തുന്നു.
കഷ്ടം, ആണുങ്ങളെ വേണ്ട എന്നു വെയ്ക്കാന്‍ ആര്‍ക്കും ആവുമെന്നേ. ശ്ശോ, മുമ്പേ ഇതെല്ലാം കിട്ടിയിരുന്നെങ്കിലോ എനിക്ക്. അല്ല, ഇത്തരം വഴികള്‍ സ്വീകരിക്കാന്‍ മനസാ തയ്യാറായിരുന്നെങ്കിലോ ഞാന്‍. ഇപ്പോള്‍ എന്തൊരു സ്വാതന്ത്ര്യമാണ്. ആകാശത്ത് ചിറകുവീശി പറക്കുന്ന ഒരു ലാഘവം. ചുറ്റും സ്വച്ഛമായ അന്തരീക്ഷം ...
മുമ്പ് എന്റെ അതില്‍ നിന്ന് കാറ്റ് വരുമായിരുന്നില്ലേ പുറത്തേയ്ക്ക് - ചെറിയ ഒരു ശബ്ദത്തോടെ. ഏകദേശം വളിയിടുന്നതുപോലെ തന്നെ. വലിയ വിഷമം തോന്നിയിരുന്നു അതുകാരണം. അതും ഇല്ലാതായിരിക്കുന്നു ഇപ്പോള്‍.
ചക്കരേ, എന്റെ പൊന്നു ഡില്‍ഡോ! ....
മമ്മാ മമ്മാ, മാങ്ങ ചിരകാന്‍ എടുത്തു താ.
വേണ്ട റ്റിൻറിൻ, എനിക്കൊന്നുറങ്ങണം ....
(തുടരും)