ചിത്രീകരണം: ബൈജു ലൈലാ രാജ്

ബ്ലാ

രവി

45. ബ്രൂയാൽ

സ്വയം മാറ്റി ഉടച്ചുവാർക്കണമെന്ന് മോഹിക്കുന്ന ഒരാൾ വീട്ടിൽ ഉണ്ടെങ്കിൽ വല്ലാത്ത തൊല്ല തന്നെ. എനിക്ക് ഉടനെ പെണ്ണാവണം മോളേ. ഇല്ലെങ്കിൽ എന്റെ ജന്മം പാഴാണേ എന്ന് ഇടയ്ക്കിടയ്ക്ക് പ്രാകിക്കൊണ്ടിരിക്കുന്നത് മറ്റാരുമല്ല, എന്റെ ഭർത്താവാണ്. ഏട്ടൻ.

അവൾ കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയതിനുശേഷം കോസറിയിലേയ്ക്കു ചാഞ്ഞ് പുതപ്പെടുത്ത് മേലേയ്ക്കിട്ടു. ഉഷ്ണം ഒട്ടും ഇല്ല. എന്നാൽ ഒരു മഴദിവസവും അല്ല. ഇളം തണുപ്പിൽ പുതച്ചു മൂടി കിടക്കാൻ എപ്പോഴും കൊതിക്കുന്നതാണ്, ഇങ്ങനെ.

വയസ്സ് മൂന്നാവാറായെങ്കിലും അവൾക്ക് ഇപ്പോഴും തുണിത്തൊട്ടിലിൽ കിടന്ന് ഉറങ്ങാനാണ് ഇഷ്ടം. എന്തൊരു വികൃതിയാണ് എന്റെ ബ്രോ! വെറുതെ വിട്ടാൽ ഇവിടെയുള്ള സർവ്വം തരിപ്പണമാക്കിത്തരും.

എന്നാൽ എന്തൊരു ശുഷ്കാന്തിയോടെയാണ് ഓരോന്ന് ചെയ്യുന്നത് എന്നു കാണണം. അരിമാവ് പാത്രത്തോടെ നിലത്ത് തട്ടിയിട്ട് ശ്രദ്ധയോടെ അതിൽചൂണ്ടുവിരൽ കൊണ്ട് ചിത്രം വരയ്ക്കും. കാലുകൾ വെള്ളത്തിൽ മുക്കി നനച്ച് ഓടിയിട്ട് വഴുതിവീഴും. മട്ടുപ്പാവിലേയ്ക്കുള്ള വാതിൽ തുറന്നുകിടക്കുന്നതു കണ്ടാൽ എന്തെങ്കിലും എടുത്തുകൊണ്ടു പോയി താഴേയ്ക്കെറിയും.

എന്റെ നാലോ അഞ്ചോ ഉടുപ്പുകൾ അങ്ങനെ പുറത്തേയ്ക്ക് എറിഞ്ഞിട്ടുണ്ട്. എന്നാലോ അവ ചുവട്ടിൽ എത്തിയിട്ടുമില്ല. ഇടയ്ക്ക് എവിടെയെല്ലാമാണാവോ അവ തങ്ങിനിൽക്കുന്നത്. ഒരു ദിവസം ഞാൻ താഴെ നിൽക്കുമ്പോൾ ആരോ ആർക്കോ എന്തോ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നത് കണ്ടു. ദാ കണ്ടോ, അതാ പതിമൂന്നാം നിലയിൽ നിന്ന് ഒരു കുസൃതി വലിച്ചെറിഞ്ഞത് തങ്ങിനിൽക്കുന്നതാണ്.

കുറച്ചു കാലം മുമ്പായിരുന്നെങ്കിൽ ബാ ബേ ബീ ബൂ എന്നൊക്കെയേ പറയുമായിരുന്നുള്ളൂ. ബ്ലാ ബ്ലാ ബ്ലാ എന്നാണ് ആദ്യം ശബ്ദിച്ചത് എന്നു തോന്നുന്നു. എന്നാൽ ഇപ്പോൾ എന്തെങ്കിലും ചോദ്യം ചെയ്താൽഎന്തൊരു വീറോടെയാണ് സ്വന്തം ഭാഗം ന്യായീകരിക്കുക. മം - ഇംഗനെ ജജ് ചെയ്യല്ലൂ! ....

അത് എന്റെ കുഞ്ഞ്. അതിന്റെ അച്ഛന്റെ കാര്യമാണ് മഹാകഷ്ടം. വേറെ യാതൊന്നും പറയാനില്ല ഇപ്പോൾ ഏട്ടന് എന്നോട്. ഒരു കൊല്ലത്തോളമായി ഈ ചിന്ത തുടങ്ങിയിട്ട്. ഒരു രാത്രി പെട്ടെന്ന് എനിക്ക് പുറം തിരിഞ്ഞുകിടക്കുമ്പോഴാണ് ഏട്ടൻ ആദ്യമായി എന്റെ ഉള്ളിലേയ്ക്ക് ആ ചാട്ടുളി എറിഞ്ഞത്, മോളൂ, നീ എന്നെ ഏട്ടാന്നു വിളിക്കുമ്പോൾ എന്തോ ഒരു - ഒരു മാതിരി ....
അതെന്താ ഏട്ടാ?
ഞാൻ ഏട്ടനല്ലാതെ ആയിക്കൊണ്ടിരിക്കുകയാണ് മോളൂ, അറിയാൻ കുറേ വൈകി. നിർണ്ണയിക്കാനും. പക്ഷേ ഞാൻ പെണ്ണാവേണ്ടതാണ് മോളൂ, നിന്നെപ്പോലെ ഒരു പെണ്ണ്. ഒരു പക്ഷേ നിന്നേക്കാളും സ്ത്രൈണാംശം ഉള്ള പെണ്ണ്. അറിയാതെ ആണായി ജനിച്ചു പോയതാണ് ഞാൻ - എന്റെ തന്നെ തെറ്റാണത് ... പക്ഷേ എനിക്ക് ഉടനെ അതാവണം മോളൂ. പെണ്ണായി ജീവിക്കണം എനിക്ക് എന്റെ ശേഷം ആയുസ്സ്, അല്ലാതെ നിർവ്വാഹമില്ല - നിർവ്വാണവും ഇല്ല്യാ!

അതുകേട്ട് അവളുടെ ഉള്ള് കാളി. എന്താണ് ഏട്ടാ ഈ പുലമ്പുന്നത്, അവൾ ഒരു ആന്തലോടെ ചാദിച്ചു.
ഏട്ടൻ എന്നല്ല, ഓപ്പോൾ എന്നു വിളിച്ചോളൂ എന്നെ നീ മോളൂ.
അവൾ വെറുതേ നെടുവീർപ്പിട്ടില്ല.
ഹ്ം, അപ്പോൾ ചുമ്മാതല്ല മറ്റേ കാര്യങ്ങളിലെല്ലാം കുറച്ചുകാലമായി ഒരു അമാന്തം. ഞാൻ മുൻകൈ എടുത്താലും ഒഴിഞ്ഞുമാറുമായിരുന്നു. എന്നാലും അവയവം അതിന്റേതായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നല്ലോ അവസാനത്തെ തവണ ഉണ്ടായപ്പോഴും. പിന്നെ പെട്ടെന്നങ്ങോട്ട് മാറുമോ ഒരാളുടെ ലിംഗബോധം. അയ്യേ, എന്താണിത് ഏട്ടാ ഇങ്ങനെ.

വല്ലാത്ത ഒരു വാഞ്ചയുണ്ട് എനിക്ക് ഇപ്പോൾ മോളൂ. മാറാനായി വേണ്ടത് ചെയ്തില്ലെങ്കിൽ നീറിപ്പുകഞ്ഞുകൊണ്ടിരിക്കും ഉള്ളിൽ. എനിക്ക് മാറണം മോളൂ, മനസ്സിലാക്ക് നീ എന്നെ - പെണ്ണായി ജീവിക്കണം എനിക്ക് ...

അവൾ അന്ധാളിച്ച് അയാളുടെ എതിരെ ഇരുന്നു. ഹോ, എന്റെ കുഞ്ഞിനെയാണ് എനിക്ക് ഓർമ്മ വരുന്നത്. അതേ മാതിരി ഇരുന്ന് ചിണുങ്ങുന്നു ഏട്ടൻ. കയ്യും കാലും ഇട്ടടിക്കുകയും കൂടിയേ വേണ്ടൂ.

അതും ചില്ലറ കാര്യമാണോ ആവശ്യം. പെണ്ണാവണം പോലും ഉടനെ. എച്ച് ഇന്നലെ ആവണം പെണ്ണ് എന്നു കൂടി ശാഠ്യം പിടിച്ചോട്ടെ.

ഒരു മനഃശാസ്ത്രജ്ഞയെ കണ്ടാൽ പരിഹരിക്കാവുന്ന പ്രശ്നമേ ഉണ്ടാവൂ എന്ന് ഞാൻ ആദ്യം കരുതി. പക്ഷേ മുറുക്കിപ്പിടിച്ചുതന്നെ നിന്നു ഏട്ടൻ. ഏട്ടന് മാറിയാലേ പറ്റൂ. ഇല്ലെങ്കിൽ ഏട്ടൻ തൂങ്ങിച്ചാവുമേത്ര. ഇടയ്ക്ക് അതിന് ഒരു സാരി തരുമോ എന്നും ചോദിച്ചു.

അല്ലെങ്കിൽ വല്ല മുണ്ടും വേഷ്ടിയും, ഉണ്ടോ മോളൂ?

പിന്നെയങ്ങോട്ട് എന്നും ഈ പൂരമാണ്. താൻ ശസ്ത്രക്രിയയ്ക്കും മററും മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു എന്ന് ഒരു ദിവസം പ്രഖ്യാപിച്ചു. ബൗ ബൗ എന്നോട് കൂടുതൽ അടുക്കാൻ വേണ്ടി അവനെ പ്രോത്സാഹിപ്പിച്ചു. മോളോട് അവൾക്ക് രണ്ട് അമ്മമാരാണ് രക്ഷിതാക്കളായി ഉണ്ടാവുക ഇനി എന്ന് കൊഞ്ചിക്കുഴഞ്ഞു.

ഉത്തരവാദിത്വം കുറവാണ് പെണ്ണായാൽ എന്ന് പൊതുവേ ഒരു ധാരണയുണ്ടല്ലോ. അതുതന്നെയായിരിക്കണം ഏട്ടനെയും നയിക്കുന്നത്. മുൻകൈ എടുക്കേണ്ടതില്ല, വേഴ്ചയിൽ വഴങ്ങിക്കൊടുത്തുകൊണ്ടിരുന്നാൽ തന്നെ മതിയാവും, മൂർച്ഛ ഉണ്ടായില്ലെങ്കിലും നടിച്ചു കാണിക്കാം, എന്നിങ്ങനെ പല സൗകര്യങ്ങൾ ഒരു പെണ്ണിനുണ്ട് പോലും! ...

മോളൂ, വളരെ സൂക്ഷിക്കണം ഈ ശസ്ത്രക്രിയ. വൃത്തിയായി ചെയ്യണ്ടേ അത് .... ഈയിടെ ഒരു ബിന്ദ്യ പരസ്യമായി ഒരു ആശുപത്രിയുടെ മുന്നിൽ ആത്മാഹുതി ചെയ്തത് കേട്ടില്ലേ. അവളുടെ അത് വെച്ചുപിടിപ്പിച്ചത് തീരെ ശരിയായിട്ടില്ലാഞ്ഞിട്ടാണ് അത്. കലശലായ വേദനയുമുണ്ടായിരുന്നു അവൾക്ക്. പച്ചമാംസത്തിൽ കൊത്തിക്കൊത്തി തുളച്ചു വെച്ചതുപോലെ. എനിക്ക് അങ്ങനെയൊന്നും സംഭവിക്കരുതല്ലോ. മോളൂ, നിന്റേതിനേക്കാളും ഭംഗിയുള്ള ഒന്ന് വേണമെന്നാണ് എന്റെ മോഹം. നടക്കുമോ ആവോ, അല്ലേ.

എന്ത്, എന്തു വേണം എന്നാണ്?

പൂർണ്ണിമ - അല്ലാതെ എന്താണ് മോളൂ ...

പൂർണ്ണിമ! വേറെ ഒരു വിചാരവുമില്ല ഏട്ടന് ഇപ്പോൾ എന്നു തോന്നുന്നു. എങ്ങനെയെങ്കിലും അത് സംഘടിപ്പിക്കണം. എന്നിട്ട് ഒരു പുതിയ ലൈംഗികതനുകരണം.

ആർത്തവം വേണ്ടേ വേണ്ട. പ്രസവിക്കണം എന്നുമില്ല. പക്ഷേ മറ്റേത് വേണം, അതും വളരെ മസൃണമായത്.

എന്തിനാണ്, സ്വയംഭോഗത്തിനാണോ ആവോ! ....

എന്നാൽ ഇങ്ങനെയുള്ളവർക്ക് മിണ്ടാതിരുന്നു കൂടേ. എന്തിന് ഇങ്ങനെ വിളിച്ചുകൂവുന്നു. വേറെ എത്രയെത്ര ആളുകൾക്ക് തോന്നുന്നുണ്ടാവും ഞാൻമറ്റേതായി ജനിക്കേണ്ടതായിരുന്നു എന്ന്. അവരൊക്കെ കഷ്ടപ്പെട്ട് മാറാൻ മുതിരുന്നുണ്ടോ.

എന്നെ വിഷമിപ്പിക്കാനായി ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണെന്നേ. ഞാൻ എന്തു ചെയ്യും ഇനി. ഒരു ഓപ്പോളെ കൂടി കൂടെ പൊറുപ്പിക്കുകയോ! ...

പഴയൊരാപാഴ്ക്കുളം
തവളയൊററച്ചാട്ടം
ബ്ലാം

(1,2,3 എന്നീ മനുഷ്യരും തവളയും പങ്കെടുക്കുന്ന ഏകാങ്കം)

തവള: പതിനേഴാം നൂറ്റാണ്ടിൽ ബ്യാഷോ എഴുതിയ ആ ഹായ്കൂ അറിയാത്തവരായി ആരുണ്ട്. എന്നാൽ അതിലെ ആ തവള തന്നെയാണോ ഞാൻ എന്ന് നിങ്ങൾ ചോദിച്ചാൽ എനിക്ക് ഉത്തരം മുട്ടും. സാർവ്വത്രികം എന്ന മട്ടിൽ നോക്കിയാൽ അത് ഞാൻ തന്നെ. എന്നാൽ, കാലഗണനാക്രമമനുസരിച്ചാണെങ്കിൽ അതതല്ല. എന്തിനാണെന്നറിയില്ല, ആമയുടെ അത്ര ആയുസ്സ് ഇല്ലാത്തതിൽ ഖേദിച്ചുകൊണ്ട് ഞാൻ അങ്ങനെ ഇരിക്കും.

1: അത്ര ആയുസ്സ് ഉണ്ടായിരുന്നെങ്കിലും നീ മുൻകാലപ്രാബല്യത്തോടെ ജീവിച്ചു തുടങ്ങേണ്ടി വരുമായിരുന്നില്ലേ.
2: അതിലും എളുപ്പം റ്റൈം ട്രാവെൽ ചെയ്ത് നീ ആ പൊട്ടക്കുളത്തിലേയ്ക്ക് പോവുന്നതാണ്.
1: അതായത്, നിനക്ക് ആ തവള ആകണമെങ്കിൽ, അല്ലേഹേ?
3: ഹ ഹ, അല്ലെങ്കിലും നിന്നെക്കുറിച്ച് എഴുതിയതു തന്നെ ആവാമല്ലോ ബ്യാഷോ. ഭാവിയിലെ ഒരു തവളയെപ്പററി .... ഏയ്, വിഷണ്ണനാവാതെ അമീഗോ.
തവള: ബ്യാഷോ അവിടെ ഇരിക്കട്ടെ. ഇവിടത്തെ ചിലരില്ലേ, അതിൽ - ബ്യോസ്, ബോല്മീകി എന്നിവരെപ്പോലെ ബൊസിഷ്ഠ് എന്താണ് ഫിക്ഷൻ ഒന്നും രചിക്കാത്തത്.
2: ബ്യോസ് എഴുതിയ ഇതിഹാസം നോക്കുമ്പോൾ - തരക്കേടില്ല അത്, അല്ലേ. തന്നെയും കഥാപാത്രമാക്കിയിട്ടുണ്ടല്ലോ അയാൾ…
1: എന്നാൽ ഈയിടെ ഇവിടെ ഒരു കൊച്ച് വീമ്പടിക്കുന്നത് കണ്ടു - ശീതൾ - ലോകത്തിൽ ആദ്യ മായി അവനവനെത്തന്നെ കഥാപാത്രമാക്കുന്നത് അവളാണെന്ന്.
3: അല്ലല്ല, ആരോ ഇവളോട് സൂചിപ്പിച്ചു, ബ്യോസ് അങ്ങനെ ചെയ്തിട്ടുണ്ട് - വായിച്ചിട്ടില്ലേ? അപ്പോൾ അവൾ ഒരൊറ്റ ചിരി. ഹ ഹ ഹ, ആരാണീ ബ്യോസ്. ഞാനൊന്നും കണ്ടിട്ടില്ല. പിന്നെ, അയാൾ എന്റേത് വായിക്കുന്നില്ല്യാലോ, ഉവ്വോ?
2: പക്ഷേ തമാശ അതല്ല, അവളുടെ ഈ വിഡ്ഢിത്തങ്ങളെല്ലാം ഭയങ്കരമായി ആഘോഷിക്കുകയാണ് ആളുകൾ ... ആദ്യം ഞാൻ വിചാരിച്ചു അവളോട് പുച്ഛമോ വിദ്വേഷമോ തോന്നിയിട്ടാവുമോ എന്ന്. പക്ഷേ അല്ല, ഇഷ്ടം തന്നെയാണ് ആളുകൾക്ക് - ഹ ഹ ഹാ.
1: ത്രിലർ ആയാലും - പുസ്തകങ്ങൾക്ക് ഇങ്ങനെ പ്രാധാന്യം കിട്ടും വീണ്ടും എന്ന് വിചാരിച്ചിട്ടേയില്ല ഞാൻ കേട്ടോ.
3: ബാബേൽ പ്രൈസ് കിട്ടും അവൾക്ക് എന്നല്ലേ - അഭ്യൂഹം.
2: അവളുടെ ഫൊറ്റോസ് പക്ഷേ എനിക്ക് ഇഷ്ടമായി. എന്തെല്ലാം വിധത്തിലാണ് പോസ് ചെയ്യുന്നത് അവൾ - തലകീഴായി നിന്നും റ്റോപ്ലെസ് ആയി പുറംതിരിഞ്ഞിരുന്നും ഉറങ്ങിക്കിടന്നും - നല്ല നല്ല ചിത്രങ്ങൾ.
1: അതെ, അത് ഞാനും സമ്മതിച്ചു.
3: ഇനി എന്തിനാണ് അവൾ എഴുതുന്നത് - ഇതൊക്കെ തന്നെ ധാരാളം എന്ന് ആളുകൾ.
തവള: നോക്കൂ, തുടങ്ങിവെച്ചത് ഞാൻ. പക്ഷേ ഒരാളും എന്നെ ഗൗനിക്കുന്നതേയില്ല. മനുഷ്യരായ 1, 2, 3 - മൂന്നുപേരും .... ഇടയ്ക്ക് എന്റെ നേർക്ക് ഒന്നു നോക്കുന്നതു കൂടിയില്ലല്ലോ. ഞാൻ എന്തെങ്കിലും പറയാനായുന്നത് - കണ്ടാൽ അറിയില്ലേ - ഒന്നു ശ്രദ്ധിച്ചുകൂടേ. അപ്പോൾ അത് കേൾക്കാൻ ഒന്ന് സാവകാശം കാണിക്കാം. ഒരു പക്ഷേ നിങ്ങൾക്കൊന്നും തോന്നിയിട്ടില്ലാത്ത എന്തെങ്കിലും എന്റെ വായിൽ നിന്നു വീണാലോ.
3: നിന്റെ വായിൽ നിന്ന് ക്രോം ക്രോം ക്രോം മാത്രമല്ലേ വരൂ.
2: അഥവാ മിക്കപ്പോഴും അത് മാത്രമല്ലേ.
1: അതിനിടയിൽ ചിലപ്പോൾ ചെറിയ ചില വസ്തുതകൾ ഒക്കെ കാണുമായിരിക്കാം, പക്ഷേ അതിന് എത്ര ക്രോം കേട്ടുനിൽക്കണം ഞങ്ങൾ ...
2: ശരിയാണ്, ബ്യാഷോ നല്ല വിഷയമായിരുന്നു. പിന്നെ വേറെ എന്തുമായിട്ടാണ് സ്വയം ബന്ധപ്പെടുത്തുക നീ.
തവള: ദശാവതാരങ്ങളെപ്പറ്റിയാവാം, ആയിക്കൂടേ.
3: അവർക്ക് എന്തുപറ്റി?.
1: അവർക്ക് എന്താണിവിടെ കാര്യം.
2: പോ തവളേ, വെറുതേ ഉരുണ്ടുകളിക്കാതെ.
തവള: അല്ല, കാര്യമാണ്. രണ്ടാമത്തെ അവതാരം എന്തിന് ആ ആമ ആയി. ഇപ്പോൾ ദശാവതാരങ്ങൾ പോലെ തന്നെയാണ് പരിണാമദശകൾ എന്ന് ശാസ്ത്രജ്ഞർ വരെ സംസാരിച്ചു തുടങ്ങിയിട്ടുണ്ടല്ലോ. അപ്പോൾ ഞാനല്ലേ ആ സ്ഥാനത്ത് വേണ്ടത്. വാൽ മുറിച്ച് പതുക്കെ ചാടിച്ചാടി കരയിലേയ്ക്ക് കയറിയ തവള. എന്റെ ജീവിതചക്രത്തിൽ തന്നെ മുട്ടയും മത്സ്യരൂപവും ഒക്കെ കാണാൻ പറ്റുന്നുമുണ്ട്. എന്നിട്ടും എങ്ങനെ കൂർമ്മം അവിടെ കയറിപ്പററി. ഝഷം കഴിഞ്ഞ് പ്ലവം അല്ലേ വേണ്ടിയിരുന്നത്.
3: ഓഹോ, പര്യായങ്ങളൊക്കെ പഠിച്ചുവെച്ചിരിക്കുന്നല്ലോ.
1: നമ്മളെ ഞെട്ടിക്കാനായി കുറേ ഉണ്ടായിട്ടുണ്ടാവും ഗൃഹപാഠം, അല്ലേ.
2: മണ്ഡൂകം മതിയായിരുന്നു അവിടെ, തവളേ.
1: ഫേകം എന്നും ഒന്നുണ്ടെന്നു തോന്നുന്നു.
തവള: എനിക്കറിയാമായിരുന്നു, എന്റെ ഈ വാദത്തിൽ കഴമ്പുണ്ടെന്ന് നിങ്ങൾക്കൊന്നും തോന്നില്ല .... ശരി, എന്നാൽ ബാബേൽ എടുക്കാം? ആ സമ്മാനം അവൾക്ക് കിട്ടാൻ പോവുന്നതിലല്ലേ നിങ്ങൾക്ക് ഇത്ര ആവേശം.
1: ആവേശമൊന്നും അല്ല തവളേ, അയൂയയുമല്ല.
3: അത് അവൾക്ക് കിട്ടും എന്നു കേട്ടു എന്നു മാത്രം.
2: ഹ ഹ, ആണെങ്കിൽ തന്നെ നിനക്കെന്തു ചേതം.
തവള: അല്ല, ഏറ്റവും നല്ല സാഹിത്യകൃതിക്ക് ദൈവം തന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം അല്ലേ. ഇതിലും വലുതായി ഒന്നുമില്ലല്ലോ പ്രപഞ്ചത്തിൽ ... ഞാൻ ആലോചിക്കുന്നത് ഈ ദൈവത്തിന്റെ ഇരട്ടത്താപ്പിനെപ്പറ്റിയാണ്. പണ്ട് നിങ്ങൾ പഹയനെ നേരിട്ടുകാണാൻ വേണ്ടി ആകാശം മുട്ടുന്ന ഒരു ഗോപുരം ഉണ്ടാക്കാൻ ശ്രമിച്ചില്ലേ - അപ്പോൾ മൂപ്പര് എന്താണ് ചെയ്തത്. പണിക്കാരിൽ മുഴുവൻ പേരെയും പല ഭാഷകൾ സംസാരിക്കുന്നവരാക്കി മാറ്റി. എന്നാൽ ആ ഗോപുരനിർമ്മാണത്തിൽ അത് തടസ്സമാവേണ്ടതുണ്ടായിരുന്നോ. ഏറ്റവും ആദ്യം മുതൽ തങ്ങൾ ഉപയോഗിച്ചിരുന്ന ആംഗ്യഭാഷ അപ്പോഴും ഉണ്ട് തങ്ങൾക്ക് കൈമുതലായി എന്ന് ആരും ഓർത്തില്ല. വെറുതേ തമ്മിലടിച്ച് നശിച്ചു - ആ ഉദ്യമം തന്നെ മുടങ്ങി ...
1: ബാബേൽ എന്ന ആ പുരാണം ഞാൻ കേട്ടിട്ടുണ്ട് ...
3: ബെയ്ബൽ അല്ലേ അത്.
2: ഹ ഹ ഹാ, അതോ ബബേൽ ആണോ.
തവള: കണ്ടല്ലോ, ഇതുതന്നെ! എന്റെ ഉച്ചാരണമാണ് ശരി, എന്റേതാണ് എന്നു കലഹിച്ച് തമ്മിൽതമ്മിൽ വെട്ടിക്കൊല്ല് ഇനി.
1, 2, 3: (ഒരുമിച്ച്) ഓ, അത് നിന്റെ വ്യാമോഹം, മാക്രീ!

നായ, പൂച്ച എന്നീ വളർത്തുമൃഗങ്ങളെപ്പററി സംസാരിക്കുമ്പോൾ പലരും ഉദ്ധരിക്കുന്ന ഒരു പറച്ചിൽ ഉണ്ട്. അത് ഇപ്രകാരം ആകുന്നു: നായ ആണാണ്, പൂച്ച പെണ്ണും.
ഇതിൽ അന്തർലീനമായ അർത്ഥം എല്ലാവർക്കും ഉൾക്കൊള്ളാനായിട്ടുണ്ടാവില്ല എന്നതിനാൽ (വ്യംഗ്യം ഒന്നുമല്ല അത്, ധ്വനിസിദ്ധാന്തത്തിന്റെ സഹായമൊന്നും വേണ്ട അത് മനസ്സിലാക്കാൻ, എങ്കിലും ...) ഒന്ന് വിശദീകരിക്കാം. നായ്ക്കൾക്ക് യജമാനരോട് അപാരമായ ഭകതിയുണ്ട്; പൂച്ച പക്ഷേ രാജ്ഞിയാണ്. തന്റെ സുഖസൗകര്യങ്ങൾ വിട്ട് പൂച്ചയ്ക്ക് ഒരു കളിയുമില്ല, നായ പക്ഷേ അങ്ങനെയല്ല, ജീവൻ കളഞ്ഞും മുതലാളിയെ കാക്കും എന്നെല്ലാമാണല്ലോ പൊതുവേ ധാരണ. തുടർന്ന് ചിലർ മനുഷ്യരിലെ പെണ്ണുങ്ങൾ പൂച്ചകളാണെന്നും ആണുങ്ങൾ ആത്മാർത്ഥതയ്ക്ക് മുൻഗണന നല്കുന്ന നായ്ക്കളാണെന്നും അങ്ങോട്ട് കല്പിക്കുന്നു.

ഉവ്വുവ്വേ, ഞ്യാവൂ കണ്ണുചിമ്മിക്കൊണ്ട് തിരിഞ്ഞു കിടന്നു. ഈ പരവതാനിയുടെ പതുപതുപ്പ് നിത്യേന കുറഞ്ഞു വരുന്നതുപോലെയുണ്ടല്ലോ. എന്നെപ്പോലെ അതും പൊഴിക്കുന്നുണ്ടോ രോമം.

അഴുക്ക് പറ്റിപ്പിടിക്കുന്നതാണ് കുറേ. ഒരു സ്ത്രീ ഉണ്ടല്ലോ ഈ വീട്ടിൽ. അവൾ എന്തേ ഇതൊന്നും വൃത്തിയാക്കിവെയ്ക്കുന്നില്ല. എന്തൊരു മടിയാണ് ഈ ചെറുപ്പക്കാരി വീട്ടമ്മമാർക്ക്.

ഒന്നു തീർച്ച, നായയ്ക്കും എന്നെപ്പോലെതന്നെ ഇവരുടെ ചേതോവികാരങ്ങൾ മുഴുവനും മനസ്സിലാവും. ഞാൻ പലതും കണ്ടില്ല എന്നു നടിക്കും, ചിലത് കാണാനേ കൂട്ടാക്കാറില്ല. നായ സകലതും ഗ്രഹിക്കും, സഹിക്കും, വഹിക്കും. എന്നാൽ അവന്റെ ഈ കൂറ് ശരിക്കും ഉള്ളതാണോ അതോ നടിച്ചു ഫലിപ്പിക്കുന്നതാണോ എന്നതാണ് എനിക്ക് ഇപ്പോഴും നിശ്ചയമായിട്ടില്ലാത്തത്.

കുറേയൊക്കെ അഭിനയിക്കുന്നതാവാം ബൗ ബൗ. അല്ലാതെ ഈ നീചരോട് ഇങ്ങനെ ആഭിമുഖ്യം വെച്ചുപുലർത്താനൊക്കെ പററുമോ, ആരായാലും. ഏറ്റവും നെറികെട്ട വർഗ്ഗം. എന്നിട്ട് മാനുഷികം എന്നൊക്കെ ഊറ്റം കൊള്ളുന്നത് കാണുമ്പോഴാണ്!

ബൗ ബൗ നിരുപാധികമായി ഇവൾക്ക് പിന്തുണ കൊടുക്കുന്നതിന് മറ്റൊരു കാരണവും ഉണ്ട്. ചുറ്റും മററാരും ഇല്ലെങ്കിൽ അവൻ പതുങ്ങിച്ചെന്ന് ആ സ്ത്രീയുടെ മുന്നിൽ മലർന്നു കിടക്കും. എന്നിട്ട് ആംഗ്യം കാണിച്ച് തന്നെ സ്പർശിക്കാൻ ക്ഷണിക്കും. അവൾ അപ്പോൾ അവന്റെ ഗോലികൾ കയ്യിലെടുത്ത് താലോലിക്കാൻ തുടങ്ങും. അവിടെയെല്ലാം തടവി അവനെ രസിപ്പിക്കുകയും ചെയ്യും. അത്തരുണത്തിൽ നിർവൃതികൊണ്ട് അവന്റെ ഒരു പുളച്ചിൽ ഉണ്ട്, അയ്യേ, അറപ്പ് തോന്നും! ....

ഞങ്ങൾക്ക് എല്ലാം മനസ്സിലാവും എന്നതിന് ഇനി വേറെ തെളിവ് വേണ്ടല്ലോ. ആശയവിനിമയവും ഒരു പരിധി വരെ സാധിക്കുന്നുണ്ട്. ആകെയുള്ള പരിമിതി മിണ്ടാപ്രാണി എന്ന വിശേഷണം തന്നിട്ടുള്ള ഭാരമാണ്.

കാണുന്നതും കേൾക്കുന്നതും മണക്കുന്നതുമെല്ലാം വെച്ച് തോന്നുന്നതെല്ലാം ഞങ്ങൾ വിളിച്ചറിയിക്കാൻ തുടങ്ങിയാൽ എന്താവും നിങ്ങളുടെയൊക്കെ അവസ്?ഥ എന്നു സങ്കല്പിച്ചു നോക്കിയാട്ടെ.

തക്കം കിട്ടിയാൽ കുളിമുറിയിൽ പോയി മുഷ്ടിമൈഥുനം ചെയ്യുന്ന ഏട്ടനാണ് ഇവിടെ പെൺവേഷം ചാർത്താനായി വെമ്പിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയുമുണ്ടോ ഒരു തട്ടിപ്പ്. ഭാര്യയുടെ മുന്നിൽ ഇങ്ങനെ മായം കളിക്കുന്നത് എന്തിനാണാവോ ടിയാൻ.

ചാവാൻ എന്തൊരു പേടിയാണ് ഇവറ്റക്ക്.

പിന്നെയുള്ള കഠിനമായ ആശങ്ക ഈ കൂലിയെഴുത്തുകാരൻ എന്നെയെല്ലാം കഥാപാത്രങ്ങളാക്കിത്തുടങ്ങുമോ അടുത്ത പുസ്തകത്തിൽ എന്നതാണ്. സംഗതി താരതമ്യേന എളുപ്പമാണല്ലോ. എന്റെ മനസ്സിൽ അതായിരുന്നില്ല എന്ന് നിഷേധിക്കാൻ എത്തില്ലല്ലോ എന്നെപ്പോലുള്ളവർ.

തൽക്കാലം നിർത്താം, ഇന്നത്തെ നിന്ദ ഇത്ര മതി. ഇനി ങ്യൗ ങ്യൗ ങ്യൗ എന്ന് കുരയ്ക്കുകയേയുള്ളൂ ഞാൻ എന്നും തീരുമാനിക്കാം.
മ്യൗ!

(നോവൽ അവസാനിച്ചു)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments