രവി

ബ്ലാ

5. ഇളനീർ കുഴമ്പ്

രവി

മ്മേ, നമ്മൾക്ക് അച്ഛനെ കൊന്നാലോ.

റ്റിൻറിൻ പതിനാലുവയസ്സുള്ളപ്പോഴാണ് അങ്ങനെ ചോദിച്ചത്.
അതു കേട്ട് ഞാൻ ഞെട്ടിപ്പോയി.
ചോദ്യം ശരിക്കും മനസ്സിലായില്ല എന്ന ഭാവത്തിൽ ഞാൻ അവനെ സൂക്ഷിച്ചുനോക്കി. അപ്പോൾ അവൻ അത് ആവർത്തിച്ചു, സ്വന്തം ഭാഷയിൽ.
പപ്പായെ കൊന്നാലേ നമുക്ക് രക്ഷയുള്ളൂ മമ്മാ.

അപ്പോൾ ഞാൻ അറിയാതെ ചിരിച്ചുപോയി. അവൻ ഇതെല്ലാം അറിഞ്ഞുകൊണ്ടു തന്നെയാവുമോ പറയുന്നത്. ജോൺ വീട്ടിൽ വരുന്നത് അവന് പണ്ടേ ഇഷ്ടമല്ലായിരുന്നു. പിതാവിനെ വധിച്ചുകളയണമെന്ന് അവൻ ആഗ്രഹിക്കുന്നുണ്ടെന്നു പക്ഷേ ഇപ്പോഴേ അറിഞ്ഞുള്ളൂ.

എന്നിട്ട്, ശവം എന്തു ചെയ്യും നമ്മൾ.
അതിനൊക്കെ വഴിയുണ്ട് മമ്മാ, കുറച്ചു ദൂരെ ഹൈവേയുടെ രണ്ടുവശത്തും ഡംപ് ഉണ്ട്. അവിടെ കൊണ്ടുപോയി കളഞ്ഞാൽ ആരും അറിയില്ല മമ്മാ.

ഓഹോ, അതും നീ നോക്കിവെച്ചിട്ടുണ്ടോ, അപ്പോൾ ഒരുങ്ങിയിട്ടു തന്നെയാണു നീ, അല്ലേ!

പെട്ടെന്ന് അവൻ പൊട്ടിച്ചിരിച്ചു. പലപ്പോഴും അവൻ ചിന്താമനായിരിക്കുന്നതിന്റെ രഹസ്യം എനിക്ക് അതോടെ മനസ്സിലായി. സ്വന്തം തന്തയെ കൊല്ലാനുള്ള പദ്ധതി രഹസ്യമായി ആസൂത്രണം ചെയ്യുകയായിരുന്നെന്നേ അവൻ. അല്ലാതെ ഞാൻ കരുതിയിരുന്നതുപോലെ ഏതെങ്കിലും പെൺകൊച്ചിനെക്കുറിച്ച് ഓർത്തിരിക്കുകയൊന്നുമായിരുന്നില്ല.

അവന്റെ പ്രായക്കാരായ മറ്റ് ആൺകുട്ടികളെപ്പോലെ സ്വന്തം അമ്മയുടെ നശരീരം സങ്കല്പിച്ചുനോക്കുകയുമായിരുന്നില്ല.
ഹഹഹ, മനഃശാസ്ത്രം ഇപ്പോഴും ഊന്നുന്നത് ഒരു ആണ് അവന്റെ അച്ഛനെ കൊല്ലണമെന്ന് മോഹിക്കുന്നുണ്ടെങ്കിൽ അത് അവന് തന്റെ അമ്മയെ തനിക്കു മാത്രമായി കിട്ടാൻ വേണ്ടിയാണ് എന്ന ഒരു സിദ്ധാന്തത്തിലാണല്ലോ.

ചിത്രീകരണം: ബൈജു ലൈല രാജ്

റോസ് എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് നടന്നു. അവൻ തേങ്ങ ചിരകിക്കൊണ്ടിരിക്കുകയാണ്. മറ്റു പിള്ളേരെപ്പോലെയല്ല, ഇവൻ വീട്ടുപണിയിൽ കുറച്ച് സഹായിക്കുകയൊക്കെ ചെയ്യും. പ്രത്യേകിച്ച് തേങ്ങാപ്പാൽ എടുക്കാൻ.
അത് അവന്റെ ദൗർബല്യം ആയതുകൊണ്ടു കൂടിയാണ്. എന്തിലും തേങ്ങാപ്പാൽ വേണം അവന്, മീനായാലും ഇറച്ചിയായാലും. അതിനുവേണ്ടി എത്ര നേരം വേണമെങ്കിലും അവൻ ചിരവമേൽ ചിലവഴിക്കും.

നൊഴമ്പിന്റെ ശല്യം വല്ലാതെ കൂടിയിട്ടുണ്ട്. തീരെ ചെറിയ പറക്കുന്ന ആ പ്രാണി. എത്രയെണ്ണമാണ് കണ്ണിനുമുന്നിൽ കാണുക. സകലതിലും വന്ന് ഇരിക്കും അവ. ഇല്ല, മുരൾച്ചയൊന്നും ഇല്ല.

കടിക്കുമോ എന്നല്ലേ അടുത്ത ചോദ്യം.
കടിക്കില്ല എന്നു പറഞ്ഞുകൂടാ. ചെറുതായിട്ടാണ് കടിക്കുന്നത് എന്നതിനാൽ അത്ര അറിയുന്നില്ല എന്നേയുള്ളൂ. കണ്ണിൽ പെട്ടാൽ വല്ലാതെ നീറും. രോഗാണുക്കൾ വിതറുന്നുണ്ടോ എന്ന് പഠിച്ചിട്ടുവേണം.

അതായത് അതിനെപ്പറ്റി ആർക്കും തീർച്ചയില്ല.

കൊതുകിനെപ്പോലെ ഇതും എന്തെങ്കിലുമെല്ലാം കുത്തിവെയ്ക്കുന്നുണ്ടാവാം. പക്ഷേ തിണർക്കുകയോ വീങ്ങുകയോ ചുവക്കുകയോ ഒന്നും ഉണ്ടായിക്കണ്ടിട്ടില്ല. ഇതിന് വേറെ പേരുണ്ടോ എന്നും അറിയില്ല.

നൊഴമ്പ് എന്നേ ഞാൻ കേട്ടിട്ടുള്ളൂ.

അവന്റെ മുഖത്തിനുചുറ്റും അവയുടെ ഒരു കൂട്ടം പറന്നു കളിക്കുന്നുണ്ട്. അവൻ നെറ്റി ചുളിച്ച് മൂക്കുകൊണ്ട് മുക്രയിടുന്നതുപോലെ ഒരു ഒച്ചയുണ്ടാക്കി അവയെ ആട്ടിയകറ്റാൻ പാടുപെടുന്നു..... ഹ ഹ ഹ, എന്നാലും അവിടെ നിന്ന് ഒന്നു നീങ്ങി മാറിയിരിക്കാൻ തോന്നില്ലെന്നേ.

ഇടയ്ക്ക് ഒരു പൊട്ടനാണോ ഇവൻ എന്നു തോന്നും.
ഒരു പക്ഷേ അവയുമായി ഒരു കളിയിൽ ഏർപ്പെടുന്നതാവാം അവൻ. അല്ല്യോ. ആർക്കറിയാം.

ഇല്ല, ബുദ്ധിമാന്ദ്യം ഒന്നും ഇല്ല അവന്. അച്​ഛന്റെ ശവം എവിടെ മറവുചെയ്യും എന്നെല്ലാം എത്ര കൃത്യമായിട്ടാണ് ആലോചിച്ചുവെച്ചിരിക്കുന്നത്. പഴുതൊന്നും ഇല്ലാത്ത പദ്ധതി.

അതിൽ അവനെ ഒരിക്കലും കുറ്റപ്പെടുത്താൻ ആവില്ല തന്നെ. ഓർമ വെച്ച കാലം മുതൽ കാണുന്നതല്ലേ അവൻ അച്ഛനെ ഓരോരുത്തർ താങ്ങിക്കൊണ്ടുവന്ന് ഇവിടെ ആക്കിയിട്ടുപോവുന്നത്. ആ ശരീരം തിണ്ണയിൽ ചാരിവെയ്ക്കും അവർ. ചിലപ്പോൾ അത് അപ്പോൾ തന്നെ കുഴഞ്ഞ് നിലത്തേയ്ക്ക് കുമിയും.

നാണക്കേട് സഹിക്കാൻ വയ്യാഞ്ഞിട്ടുതന്നെ.

ഒരിക്കൽ അവന്റെ ഒപ്പം പഠിക്കുന്ന ദുർവ്വാസാവ് എന്ന കുട്ടി പടിക്കൽ വന്നു നിന്ന് വിളിച്ചു കൂവിയിട്ടു പോയത് ഞാൻ കൂടി വ്യക്തമായി ഓർക്കുന്നുണ്ട് ഇപ്പോഴും. ഡാ ടിൻടിനേ, നിന്റെ അപ്പനതാ കവലയിലെ ഓടയിൽ കിടന്ന് ശ്വാസം വലിക്കുന്നു. വേഗം പോയി എടുത്തില്ലേൽ പുള്ളി ചത്തുപോയേയ്ക്കുമേ.

അവന്റെ മുഖം എങ്ങനെ വിവർണ്ണമായി എന്നു ഞാൻ ശ്രദ്ധിച്ചു. ഇങ്ങനെ ഒരു അച്ഛനെ ആർക്കു വേണം. കൊല്ലാൻ പുറപ്പെടില്ലായിരിക്കും എല്ലാവരും. എന്നാൽ എങ്ങനെയെങ്കിലും അയാൾ ഒന്ന് പൊലിഞ്ഞുപോയെങ്കിൽ എന്ന് ആശിക്കാത്തവർ കാണില്ല.

മോനേ, നിനക്ക് അപ്പോൾ വിഷമമുണ്ടാവില്ലേ, ഡാ, പപ്പാ ഇല്ലാതായാൽ?
സങ്കടമൊക്കെ കാണും മമ്മാ. അച്ഛൻ ഇല്ലാതായാൽ എല്ലാവർക്കും തോന്നില്ലേ ദുഃഖം. പിന്നെ സകലരും സഹതാപത്തോടെയല്ലേ നോക്കുക നമ്മളെ. അതുപക്ഷേ ഇപ്പോഴും അങ്ങനെയൊക്കെത്തന്നെ, എന്നാൽ മാനഹാനി ഉണ്ടാവില്ല പുള്ളി ഇല്ലാതായാൽ... സന്താപമൊക്കെ കാണും മമ്മാ, പക്ഷേ അതു ഞാൻ സഹിക്കും. ഇത്തിരി കാലം കഴിഞ്ഞാൽ മറക്കുമെന്നേ നമ്മൾ എല്ലാം.

എന്നിട്ട് കൊല്ലാൻ തന്നെ തീരുമാനിച്ചോ നീ, റ്റിൻറിൻ?

എനിക്ക് വേറെ ഒരു സൂത്രം തോന്നി റോസ്. പപ്പാ ഇവിടെ വീണുകിടക്കുമ്പോൾ തൊട്ടടുത്ത് വിഷം ഉള്ള ഒരു കുപ്പി വെയ്ക്കാം നമുക്ക്. അറിയാതെ എടുത്തു കുടിച്ചോളും പുള്ളി. നമുക്ക് കുറ്റബോധം തോന്നേണ്ട ആവശ്യമില്ല അപ്പോൾ. കുപ്പിയിൽ വലുതായിട്ട് വിഷം, സൂക്ഷിക്കുക എന്ന് എഴുതിവെയ്ക്കുകയും ചെയ്യാം - പോരേ!...

ഒറ്റ ഒരു ഓട്ടം

(അതേ സമയം നടക്കാനിറങ്ങിയ വേറെ രണ്ടുപേർ)

വിസ്മയ: ചെറിമാ, ചെറിമായ്ക്ക് ഞാൻ ശരിക്കും ചെറിയമ്മ എന്നു വിളിക്കാതെ ഇങ്ങനെ ചെറിമാ, ചെറിമാ എന്നു വിളിക്കുന്നതിൽ വിരോധമുണ്ടോ?
ചെ: ഏയ്, എനിക്കെന്ത് വിരോധം വിസ്മു. ഞാൻ നിന്നെ വിസ്മൂ എന്നു വിളിച്ചു, നീ എന്നെ ചെറിമാ എന്നും.
വി: ആങ്, അതു ശരിയാണ് ചെറിമാ, അതു ശരിയാണ്.
ചെ: (എന്തോ ഓർത്ത്) വിസ്മൂ...
വി: ഈം, ചെറിമാ?
ചെ: പുഷ്‌കു ഇല്ലേ, പുഷ്‌കൂന്റെ ഏഴു ഫ്‌ളാറ്റ്‌സ് ആണ് പൊളിക്കാൻ പോവുന്നത് വിസ്മു.
വി: ഏത്, പുഷ്‌കു!
ചെ: ആങ്, നിന്നോട് പറഞ്ഞിട്ടില്ലായിരിക്കും, ഞാൻ ഒരു പക്ഷേ, പുഷ്‌കു എന്നൊരു മിത്രം ഉണ്ടേയ് എനിക്ക്, ഒപ്പം പഠിച്ച പുഷ്‌കു.
വി: പുഷ് - കൂ?
ചെ: ആങ്, പുഷ്‌കൂ. ഒരു പക്ഷേ പുഷ്‌കരൻ എന്നോറ്റെ ആയിരിക്കാം അവന്റെ ശരിക്കുള്ള പേര് ട്ട്വോ. അതോ ഇനി പുഷ്‌കരാക്ഷൻ എന്നാവുമോ - അതോ പുഷ്‌കലനോ... എന്തായാലും പുഷ്‌കു എന്നു വിളിക്കും എല്ലാവരും.
വി: മനസ്സിലായി ചെറിമാ, എന്നിട്ട് എന്താണ് ഈ ഫ്‌ളാറ്റ്.
ചെ: ആങ്, ഇവിടെ അനധികൃതനിർമിതി എന്നതുകൊണ്ട് കോടതി പൊളിക്കാൻ പോവുന്ന ഒരു കെട്ടിട സമുച്ചയം ഇല്ലേ, അതിൽ ഏഴ് - ഏഴ് ഏഴ് ഏഴ്, ഏഴ് എണ്ണം അവന്റേതാണ്, ത്രേ.
വി: ഏഴെണ്ണമോ!
ചെ: ഉം, അതല്ലേ രസം. എന്നിട്ട് അവൻ എന്നോടിതു പറഞ്ഞപ്പോഴേയ്, ഞാൻ ഒരൊറ്റ ചിരി.
വി: ശ്ശ്യോ, എന്നിട്ടോ, ദേഷ്യം വരില്ലേ അയാൾക്ക്!
ചെ: സാധാരണ ഒരാൾക്ക് ഉണ്ടാവുമായിരിക്കും, പക്ഷേ ഞാൻ ചിരിച്ചപ്പോൾ അവനും..... ഒരൊറ്റ ചിരി.
വി: ശ്ശ്യോ, എന്നാലും കുറേ വില വരില്ലേ അതിന്.

ചെ: ഉവ്വ്, പണത്തിന്റെ ഹുങ്കേയ്!... അതല്ലേ ഞാൻ ചിരിച്ചത് വിസ്മൂ. ഇപ്പോൾ വിസ്മൂന്റെ ഒരു വിലാ ഇങ്ങനെ പൊളിക്കാൻ സർക്കാർ ഉത്തരവിട്ടു എന്നു വിചാരിക്കൂ.
വി: (ദയനീയം) ചെറിമാ!
ചെ: ഹായ്, വെറുതേ സങ്കല്പിക്കൂ വിസ്മു. ഞാൻ ചിരിക്കുമോ അപ്പോൾ, ഉവ്വോ. ഇതിപ്പോൾ ഇവൻ, പുഷ്‌കു അവൻ കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് കൊണ്ട് വാങ്ങിയ ഒറ്റ ഒരു ഫ്‌ളാറ്റ് ആണ് വിഷയം എങ്കിൽ ഞാൻ ഇങ്ങനെ പ്രതികരിക്കുമോ.
വി: (ചിരിച്ച്) എന്നാലും ചെറിമാ, എന്തിനാ ഈ ഏഴു ഫ്ലാറ്റ്​ അയാൾക്ക്.
ചെ: പുഴുങ്ങിത്തിന്നാനാവും - (മുഖം വീർപ്പിച്ച്) അവളുടെ ഒരു സംശയം!
വി: എപ്പോഴാണ് അയാൾ ഇതു പറഞ്ഞത്, ചെറിമാ.
ചെ: ഉം, അങ്ങനെ ചോദിക്കൂ വിസ്മു. അതു വർണ്ണിക്കാനല്ലേ എനിക്ക് ഉത്സാഹം... ദാ, ഇങ്ങനെ മുഖാമുഖം ഇരുന്ന് കോഫീ കഴിക്കുകയായിരുന്നു ഞങ്ങൾ ട്ട്വോ, പെട്ടെന്നാണ് അവൻ ഇങ്ങനെ- റിനാ, എനിക്ക് അതിൽ ഏഴു ഫ്‌ളാറ്റ്‌സ് ഉണ്ട് .... ഹഹഹ, അതു കേട്ടതും ഞാൻ ഒരൊറ്റ ചിരി.
വി: പക്ഷേ ആരാണ് ചെറിമാ ഈ റിനാ?
ചെ: ഒരു പക്ഷേ ഞാനായിരിക്കും വിസ്മൂ, അത് വിടൂ. അവന് തേനിയിൽ കുറേ അവകെയ്‌ഡോ തോട്ടം ഉണ്ട്, മൈസൂരിൽ മുന്തിരി. ശ്ശി കാശ് കൂടിയിട്ടേയ്!
വി: എന്നാലും ഉണ്ടാക്കിയ ഒരു കെട്ടിടം പൊളിക്കുന്നത് സങ്കടല്ലേ ചെറിമാ, എത്ര കല്ലും മണലും അദ്ധ്വാനവും... വേണമെങ്കിൽ സർക്കാരിന് അത് പിടിച്ചെടുത്താൽ പോരേ?

ചെ: ഞാനും ആലോചിച്ചു. പോസ്റ്റ് ചെയ്തില്ലാ എന്നേയുള്ളൂ. ആളുകൾക്ക് വലിയ ത്രിൽ ആണ് അതു കാണുമ്പോൾ, ച്ചാലും കഷ്ടമാണ് അല്ലേ അത് പൊളിക്കുന്നത്.
വി: അതുതന്നെയല്ലേ ഞാനും ചോദിച്ചത്, ഇതെന്താണ് ചെറിമാ ഒരു പുതിയ കാര്യം കണ്ടുപിടിച്ചതുപോലെ?
ചെ: ഞാൻ കുറച്ച് വിഡീയോസ് കണ്ടു വിസ്മു പൊളിക്കുന്നതിന്റെ. ഒരു കൂറ്റൻ കെട്ടിടം അങ്ങനെ നിൽക്കുന്നുണ്ടാവും. ഒരു നിമിഷം - ഭൂം, ഒറ്റ ഒരു അപ്രത്യക്ഷമാവലാണ്!
വി: ഈ പുഷ്‌കുവും കണ്ടോ അത്, ചെറിമായുടെ ഒപ്പം.
ചെ: അവനൊക്കെ കണ്ടിട്ടുണ്ടാവും... എന്നാലും, അവന്റെ ഒരു അർമാദം ഏഴെണ്ണം ഉണ്ടേത്ര അവിടെ!
വി: പക്ഷേ ഭാഗ്യം. എങ്ങാനും ചെറിമായെ അടിക്കുന്ന ഒരാളായിരുന്നു പുഷ്‌കു എങ്കിലോ, ചെറിമായുടെ ഈ ഒരൊറ്റ ചിരി കണ്ടിട്ട്.
ചെ: എന്നാൽ ഇത് കേൾക്കൂ, ചാലക്കുടി ഭാഗത്ത് എന്റെ വേറെ ഒരു സഖാവുണ്ട് വിസ്മൂ.
വി: കിഷ്‌കൂ!
ചെ: ഉം ഉം, റപായ്. പൊപായ് അല്ല, റപായ്. കഴിഞ്ഞ പ്രളയത്തിൽ അവന്റെ ഏഴു കാർ ആണ് മുങ്ങിപ്പോയത് വിസ്മു. ഏഴ് - ഏഴ് - ഏഴ് - ഏഴെണ്ണം.
വി: ആഹഹാ, അതും ഏഴ്.
ചെ: ആങ്, ഏഴെണ്ണം മുഴുവനായും നശിച്ചു. ഇൻഷൂറൻസ് മണി ഒന്നും കിട്ടിയതുമില്ല. കാരവൻ, സലൂൺ, ഓടാൻ പോവുമ്പോൾ എടുക്കുന്ന കാർ, അത്, ഇത്... ഒക്കെ ഒറ്റ ഒരു പോക്ക്.
വി: അല്ല, എന്നിട്ട് അതു കേട്ടപ്പോഴും ചെറിമാ ഒരൊറ്റ ചിരി?
ചെ: പിന്നല്ലാതെ, ചിരി വന്നൂച്ചാൽ ഞാൻ ചിരിക്കും വിസ്മു. അത് ഒതുക്കുകയൊന്നുമില്ല.
വി: അപ്പോൾ അവരും ഒരൊറ്റ ചിരി.
ചെ: ആ, എന്നെ അനുകരിക്കുകയാണെന്നു കൂടി തോന്നും എനിക്ക് ചിലപ്പോൾ. ഹ ഹ ഹ, ഞാൻ ചെയ്യുന്ന അതേ പോലെയാവും അവരും ഈ ഒരൊറ്റചിരി.
വി: എന്നാലും ഈ ചെറിമാടെ ഓരോ ചങ്ങാതിമാർ ... (കിലുങ്ങിച്ചിരിച്ച്) എനിക്കും വേണം ട്ട്വോ ഇങ്ങനെ കുറച്ചെണ്ണം.

ട്ടാ, എന്റെ ഘൃതം തീർന്നൂട്ട്വോ.
പുറത്തുനിന്ന് ആരെങ്കിലും കേട്ടാൽ തോന്നും ഒരു വള്ളുവനാടൻ കാമിനി തന്റെ സ്വരശുദ്ധിക്കായി കഴിക്കുന്ന നെയ്യ് കഴിഞ്ഞ വിവരം തന്റെ കാന്തനെ വിളിച്ചറിയിക്കുകയാണെന്ന്, അല്ലേ.
ഈ മാമ്പഴപ്പുളിശ്ശേരി എന്തൊരു രസമാണല്ലേ ഏട്ടാ, അമൃത് ഒക്കെ പോലെ... അത്ര സ്വാദുണ്ട് അതിന്, അല്ലേ?
ഗുപ്തൻ എതിരെ ഇരുന്നിരുന്ന അനാമികയുടെ മുഖത്തേയ്ക്ക് നോക്കി. കളിയാക്കുകയാണോ അവൾ. അതോ ശരിക്കും ഉദ്ദേശിച്ചുകൊണ്ടുതന്നെയാണോ ഇത് പറയുന്നത്.
മാത്രമല്ല, പെട്ടെന്ന് എങ്ങനെ പുളിശ്ശേരി വിഷയമായി ഇവിടെ. ഇപ്പോൾ തീൻമേശമേൽ ആ വിഭവം ഇല്ല, ഉള്ളത് ഇഷ്ടു എന്ന കറിയാണ്.
ഉരുളക്കിഴങ്ങും ഉള്ളിയും നാളികേരപ്പാലിൽ വേവിച്ചെടുക്കുന്ന ധാരാളം ചാറുള്ള ഇതിനെ ഇഷ്ടു എന്നുതന്നെ വിളിക്കാം. ഇഞ്ചിയും പച്ചമുളകും കീറിയിട്ടതിന്റെ നേരിയ എരിവാണ് ഇതിന് ഉണ്ടാവുക. അതായത് ഇത് സ്റ്റ്യു അല്ല.
പെട്ടെന്ന് മാമ്പഴം വന്നത് എവിടെ നിന്നാണ് എന്ന് ഞെട്ടി ഏട്ടൻ, അല്ലേ?
ഇല്ല അനു, സാരമില്ല.
ഈ ഇഷ്ടു കഴിക്കുമ്പോഴും തോന്നും അങ്ങനെ - പിന്നെ മുരിങ്ങയിലകൊണ്ടുള്ള എലിശ്ശേരി, വെള്ളപ്പയറും ഇളവനും കൂടിയുള്ള ഓലൻ, കൊഴുക്കട്ട എരിശ്ശേരി എന്ന പലഹാരം.
നിനക്ക് പരിപ്പുപ്രഥമനും നല്ല ഇഷ്ടമായിരുന്നു.
അതെയതെ, ഏട്ടൻ എന്താണ് ഉത്സാഹത്തോടെ ഓരോന്ന് കൂട്ടിച്ചേർക്കാത്തത് എന്ന് നിരൂപിക്കുകയായിരുന്നു ഞാൻ.
എന്തിനാണ് അനൂ വെറുതേ, സംസാരിച്ചുതുടങ്ങിയാൽ ശണ്ഠ കൂടുകയേയുള്ളൂ നമ്മൾ ഒടുക്കം.
ഇതിൽ എന്തു ശണ്ഠ ഏട്ടാ, ഏട്ടന് ഏറ്റവും ഇഷ്ടമുള്ള കുറേ സാധനങ്ങളെക്കുറിച്ചല്ലേ നമ്മൾ, അതും നല്ലതുമാത്രമല്ലേ...
ഏയ്, വേറെ കെണിയുണ്ട് ഇതിൽ, എനിക്കറിയാം... നിന്റെ മനസ്സിൽ ഇപ്പോൾ ഉള്ളത് സസ്യാഹാരിയുടെ ഗർവ്വ് എന്നൊരു വിചാരമാണ്... ബീഫ് കഴിക്കുന്നവരെ ഭർത്സിക്കുന്നവരോടുള്ള അമർഷം എന്നോട് കാണിച്ചുതീർക്കാൻ.

ഏയ്, അങ്ങനെയൊന്നുമില്ല ഏട്ടാ, നിങ്ങൾ സുഷ്ടുക്കളുടെ ദിനമല്ലേ ഇന്ന്. വേൾഡ് വീഗൻസ് ഡേ. അതൊന്ന് ആഘോഷിക്കാംന്ന് തോന്നീന്നേയുള്ളൂ.
ഓ, അങ്ങനെയോ. അയാൾ മുഖത്തെ ചുളിവ് പിൻവലിച്ചു. അവൾ പക്ഷേ സ്വതവേ കളിയാക്കുകയാണ് പതിവ് എന്നതുകൊണ്ടല്ലേ ഞാൻ.

വെറുതേ പരിഹസിക്കുമല്ലോ എന്നെ. മറ്റു സംസ്ഥാനങ്ങളിലും ഭൂഖണ്ഡങ്ങളിലും എന്തെല്ലാം നടക്കുന്നു. ആളുകളെ നിർബന്ധിച്ച് മനുഷ്യമാംസം തീറ്റിക്കുന്ന നാടുകൾ വരെ ഉണ്ടാവില്ലേ. അതെല്ലാം മനസ്സിൽ വെച്ചാണോ ഇവളൊക്കെ എന്നെ അളക്കേണ്ടതും വിലയിരുത്തേണ്ടതും.

വാസ്തവത്തിൽ കേരളത്തിൽ സുഷ്ടുകളെ ചവിട്ടിത്തേയ്ക്കുന്നതായിട്ടാണ് കാണുക. ഒരു കല്ല്യാണച്ചടങ്ങിൽ ചെന്നു നോക്കൂ. ഞങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ ഭാഗ്യം. ഏതോ മൂലയിൽ വെച്ച വല്ലതും സ്വയം വിളമ്പിയെടുത്ത് തിന്നാം. നല്ല വെളിച്ചം പോലും ഉണ്ടാവില്ല ആ ഭാഗത്തൊന്നും.
ഓഹോ, അത്ര കഷ്ടപ്പാടാണോ സുഷ്ടുക്കൾക്ക്.

പിന്നെ എന്തു വിചാരിച്ചു. ഉത്തരദേശങ്ങളിൽ സവർണദുഷ്​പ്രഭുക്കൾ ഇറച്ചി തിന്നുന്നവരെ ശിക്ഷിക്കുന്നുണ്ടാവാം. അതിന് ശുദ്ധമദ്ദളമായ എന്നോട് ക്ഷോഭിച്ചാൽ എങ്ങനെയാണ്.

പിന്നെ പൊരിച്ചൊഴമ്പ് എന്നൊരു കറിയില്ല്യേ ഏട്ടാ, കയ്പക്ക ചെറുതായി മുറിച്ചിട്ട് എണ്ണയിൽ മൊരിച്ചെടുത്തിട്ട് വറുത്ത നാള്യേരം അരച്ചുകലക്കി ഒഴിച്ചിട്ട്.
ആലങ്കാരികഭാഷ നീ അനുവദിക്കില്ല എന്ന് അറിയാം എനിക്ക് അനു, എന്നാലും ഇതൊന്ന് കേൾക്കൂ, കദളിപ്പൂംതേൻകുഴമ്പ് എന്നു കേട്ടിട്ടുണ്ടോ നീ, ഇല്ലല്ലോ? അമൃത് പോലെ എന്തോ വിശിഷ്ടഭോജ്യം ആണെന്നു തോന്നും കേട്ടാൽ. പക്ഷേ അത് ഒരു മരുന്നാണ്. കണ്ണിൽ പുരട്ടാനുള്ള ഒരു ലേപനം. അസാദ്ധ്യമായ എരിവാണ് - നീറിയിട്ട് സ്വർഗ്ഗം കാണും എന്നാണ്.

ഹോ, അതും ഞാൻ സൂചിപ്പിച്ച സാമഗ്രികളുമായി എന്താണാവോ ബന്ധം.
അങ്ങനെ ഒരു ബന്ധമൊന്നും ഇല്ലല്ലോ ആർക്കും ആരുമായും, അല്ലെങ്കിലും.
പിന്നെ എന്തിനു വലിച്ചിഴച്ചു അതിങ്ങോട്ട്.

എന്നാൽ ഞാൻ കണ്ട ഒരു സ്വപ്നമുണ്ട് അനു, നമ്മൾ വേറെ ഏതോ ഒരു ലോകത്ത് ഇങ്ങനെ ഒപ്പം നിൽക്കുകയാണ്. ഒരു മട്ടുപ്പാവ്. അതിനു തൊട്ടുതാഴെ ഒരു പഴയ കപ്പൽ കത്തിക്കൊണ്ടിരിക്കുന്നത് കാണുകയാണ് നമ്മൾ.

കപ്പലോ - ഹഹഹാ - മട്ടുപ്പാവിനു തൊട്ടുതാഴെയോ!

ആങ്, അനു... അത് എങ്ങനെ അവിടെ എത്തി എന്നറിയില്ല. അവശിഷ്ടം പോലെ ഒരു സാധനമാണ്. ഇപ്പോൾ അത് നിന്നു കത്തുകയാണ്. നമ്മൾ അത് നോക്കിക്കൊണ്ട് മട്ടുപ്പാവിൽ ഒപ്പം നിൽക്കുന്നു.

നമുക്ക് അതിൽ ഒന്നും ചെയ്യാനില്ലേ?
ആർക്കറിയാം അനു, പക്ഷേ, എന്തുതന്നെയായാലും നമ്മൾ അപ്പോൾ വഴക്കടിക്കുകയല്ല എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments