ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

7. എന്നു നിന്റെ ചെറുമി

രവി

പ്പോൾ ഈ പച്ചക്കറിയെല്ലാം നീ എന്തു ചെയ്യും യോഹനാൻ,
അത് ഞാൻ നിനക്കായി കൊണ്ടുവന്ന പാരിതോഷികമല്ലേ, എന്തു ചെയ്യും എന്ന് എന്നോട് ചോദിക്കാമോ അഗ്നി?

നോക്ക് യോഹനാൻ, നിനക്ക് അറിയില്ലെങ്കിൽ ഇതു കേൾക്ക്; നീ ഒരു വൈഡൂര്യം വാങ്ങുന്നു എനിക്ക് സമ്മാനിക്കാനായി എന്നു സങ്കല്പിക്കൂ, എന്നെ അറിയിക്കാതെ. വൈഡൂര്യം എല്ലാവർക്കും ഇഷ്ടമാണെന്നു കരുതി എനിക്കും അങ്ങനെ ആവണമെന്നുണ്ടോ. എനിക്ക് വേണ്ടാത്ത ഒരു ആഭരണം എനിക്കു കൊണ്ടുവന്നു തരുന്നത് എന്നെ ദ്രോഹിക്കുന്നതു പോലെയല്ലേ.
എന്നെ ധർമ്മസങ്കടത്തിലാക്കുകയല്ലേ, വിലപിടിച്ച ആ വസ്തു എനിക്കു വേണ്ടിയാണ് വാങ്ങിയതെന്നു വരുമ്പോൾ.

ഇവിടെ വൈരാഗ്യത്തിന്റെ പ്രശ്‌നമൊന്നും ഇല്ലല്ലോ അഗ്നി. ആകെയുള്ളത് കുറച്ച് പച്ചക്കറിയല്ലേ. ആർക്കെങ്കിലും അത് ദാനം ചെയ്തുകൂടേ, അത്യാവശ്യം പാവപ്പെട്ടവർ കാണില്ലേ ഇവിടേയും.
ഞാൻ പേച്ചിയോട് ചോദിച്ചു വേണോ എന്ന്. പേച്ചി അയ്യേ എന്നു ചിറികോട്ടി ഓടിപ്പോയി. പറഞ്ഞില്ലേ ഡാ, ഇവരൊന്നും ഇതൊന്നും കഴിക്കില്ലാ.
എന്നാൽ വേറെ ആരെങ്കിലും, ഇത്ര കാലം ഇവിടെ ഉണ്ടായിട്ടും ഇവിടത്തെ ഒരു പാവത്തിനെ പോലും പരിചയപ്പെടാൻ പറ്റിയില്ലേ നിനക്ക്.

പിന്നേ, നിനക്ക് വേണ്ടാത്തതൊക്കെ എറിഞ്ഞുകൊടുക്കാനുള്ളവരാണല്ലോ പാവങ്ങൾ!

എറിയില്ല ഞാൻ അഗ്നി, ഹ ഹ, ഞാൻ ചെയ്യുമോ അങ്ങനെ, നിനക്ക് അറിയില്ലേ എന്നെ?

ഹോ, ഒരു വാക്കിൽ പിടിച്ചുതൂങ്ങാതെ നീ യാഹ്യാഖാൻ.
ഒന്ന് ആലോചിച്ചുനോക്ക് അഗ്നി, അല്ലാതെ നമ്മൾ എന്തു ചെയ്യും ഇത്രയും ബ്രകോളി.

നമ്മൾ അല്ല യോഹനാൻ, നീ... നീ ഇത് അതേപോലെ തിരിച്ചുകൊണ്ടുപോവും. എന്തായാലും നാളെ രാവിലെ നീ മലയിറങ്ങുമല്ലോ.

യോഹനാൻ ചിന്താകുലനായി മാറിയിരുന്നു. പക്ഷേ ഇപ്പോൾ അയാൾ ആലോചിച്ചിരുന്നത് പച്ചക്കറിയെക്കുറിച്ചല്ലായിരുന്നു. ഈ പേച്ചിയെ എനിക്ക് ഒന്നു കാണണ്ടേ. വേണ്ടേ.

പണ്ട് ഒരു ഓഫിസർ വയനാട്ടിലും അട്ടപ്പാടിയിലും ഇടുക്കിയിലും ജോലി ചെയ്ത അനുഭവം വെച്ച് മൂന്ന് ചലച്ചിത്രങ്ങൾക്ക് എഴുതിയതായി അറിയാം കഥ, തിരക്കഥ, സംഭാഷണം. ആദിവാസി സ്ത്രീയും പട്ടണത്തിൽ നിന്നുവരുന്ന പരിഷ്‌കാരി യുവാവും തമ്മിൽ ഉണ്ടാവുന്ന ബന്ധമാണ് മൂന്നിലും പ്രമേയം.
വയനാട്ടിൽ പേച്ചി, അട്ടപ്പാടിയിൽ പൊന്നി, മൂന്നാറിൽ പൂഴി.

ഇതിൽ പേച്ചിയായും പൊന്നിയായും മലയാളത്തിൽ അക്കാലത്ത് നിറഞ്ഞു നിന്നിരുന്ന രണ്ട് മാദകത്തിടമ്പുകൾ തന്നെ അഭിനയിച്ചു. പൂഴി ആവാൻ ഹിന്ദിയിൽ നിന്ന് ഡിംപ്ൾ എന്ന നടിയെ കൊണ്ടുവരാനായിരുന്നു നിർമ്മാതാക്കൾ ഉദ്ദേശിച്ചിരുന്നത്. എന്തോ സാങ്കേതിക കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി.

ഈ പേച്ചിയെ എനിക്ക് ഒന്നു കാണണമല്ലോ അഗ്നി.
എന്തിന്, പണ്ടത്തെ ഖാൻ - നെപ്പോലെ പ്രേമിക്കാനോ.
കണ്ടിട്ടല്ലേ തീരുമാനിക്കാൻ പറ്റൂ -
ഓഹോ, അപ്പോൾ അടുത്തറിയൽ വേണ്ടേ ആവോ!
അതൊക്കെ നിനക്ക് ബുദ്ധിമുട്ടാവും അഗ്നി, തൽക്കാലം അവളെ ഒന്നു കണ്ടാൽ മതി എനിക്ക്.

ഖാൻ ശരിക്കും പ്രേമിക്കും. നഹാസ് ആണെങ്കിൽ പ്രണയം ഭാവിച്ച് അവസാനം വഞ്ചിക്കും. പൊന്നി അങ്ങനെയാണ് നശിച്ചത്. ഖാൻ സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം പേച്ചിയെ ഉപേക്ഷിക്കാൻ നിർബ്ബന്ധിതനായെങ്കിലേ ഉള്ളൂ.
അവസാനം അഗ്നി സമ്മതിച്ചു. രാവിലെ നേരത്തേ എഴുന്നേറ്റ് കാട്ടിലേയ്ക്ക് നടക്കാൻ പോവാം. അപ്പോൾ കൂട്ടിനായി പേച്ചിയെയും വിളിക്കാം. പരിചയപ്പെട്ടിട്ട് ഇഷ്ടമാവുകയാണെങ്കിൽ യോഹനാന് അവളെ പ്രേമിച്ചു തുടങ്ങാം. എത്രവേഗം എല്ലാറ്റിനും പരിഹാരമായി എന്നു നോക്കുക.

പക്ഷേ യോഹനാൻ എങ്ങനെ നടക്കും. ഞൊണ്ടി ഞൊണ്ടിയാണ് എങ്ങനെയോ ഇവിടെ തന്നെ എത്തിപ്പെട്ടത്. വല്ല വന്യമൃഗവും തുരത്താൻ വന്നാൽ എന്തു ചെയ്യും യോഹനാൻ. ഓടി രക്ഷപ്പെടാനാവില്ല എന്നതിനാൽ കീഴടങ്ങുകയോ.
ഒരു മുള്ളൻപന്നിയുടെ മുന്നിലോ.

തൊങ്കിത്തൊങ്കി - തൊങ്കിത്തൊങ്കി വാ ചെല്ലച്ചെറുമാനേ കുണുങ്ങി വാ ഇങ്ങടുത്തു വാ എന്നടുത്തു വാ..., അഗ്നി പതുക്കെ പാടി.
പക്ഷേ യോഹനാൻ, നീ മൂപ്പരുടെ അടുത്ത് ചെല്ലുമ്പോൾ മറക്കാതെ ഒരു കാര്യം ഓർമ്മിപ്പിക്കണം, കേട്ടോ.

അതെന്തു കാര്യം, നിനക്ക് നേരിട്ടു പറ്റാത്തതോ.
ഉം, ഏകദേശം, ഞാനായിട്ട് കുത്തിപ്പൊക്കില്ല എന്നു കരുതിയിരുന്നതാണ് ആ വിഷയം. പക്ഷേ നിനക്ക് ആവാം. ഒന്നുമില്ലെങ്കിലും നിങ്ങൾ രണ്ടാളും ഒരേ വർഗ്ഗം അല്ലേ. മാത്രമല്ല, രകതബന്ധമില്ലല്ലോ നിങ്ങൾക്കിടയിൽ.

ശരി, വളച്ചുകെട്ടുന്നത് നിർത്ത്, അഗ്നി.

സ്ഥാനം കൊണ്ട് എന്റെ കുട്ടിച്ഛൻ ആണ് മൂപ്പർ. അതുകൊണ്ടാണ് എനിക്ക് അത് ചർച്ച ചെയ്യാൻ മടി യോഹനാൻ. വിസ്മയ എന്ന ഒരു പെൺകുട്ടിയെ തിരഞ്ഞെടുത്തിട്ടുണ്ട് മൂപ്പർ ഇപ്പോൾ. മോണ മുഴുവനും കാണിച്ചു ചിരിക്കുന്ന - അവൾ പതിനെട്ടാം ജന്മദിനം ആഘോഷിച്ചതിനു തൊട്ടു പിന്നാലെ-
ഓ, ഇപ്പോൾ നിയമമുണ്ടല്ലോ പതിനെട്ടു തികഞ്ഞാലേ കാമുകിയായി അഭിനയിക്കാൻ പാടുള്ളൂ എന്നൊക്കെ ...
ഈ പൂഴി എന്ന ചിത്രത്തിലേയ്ക്ക് അന്ന് ഡിംപ്ൾ വന്നിരുന്നെങ്കിൽ, ഹോ, അവൾക്ക് വെറും പതിനാലു വയസ്സായിരുന്നു അഗ്നി, അറിയാമോ!

ഞാൻ പറയുന്നതു കേൾക്ക് - സ്നാപകാ. ഈ വിസ്മയ പതിനെട്ടാം പിറന്നാൾ ആഘോഷിച്ചു എന്നതു ശരിയാണ്. അതുപക്ഷേ ജനിച്ച നാൾ മുതൽ എണ്ണിത്തുടങ്ങിയിട്ടാണ്. പതിനെട്ടാം ജന്മദിനം, പക്ഷേ പതിനെട്ട് പൂർത്തിയായിട്ടില്ല. കഴിയേണ്ടേ അത് നിയമപ്രകാരം, ഉം?
അവളുടെ കാര്യത്തിൽ ഒന്ന് ശ്രദ്ധിക്കണമെന്ന് സൂചിപ്പിച്ചേയ്ക്കൂ എന്റെ കുട്ടിച്ഛനോട്, പെട്ടുപോവണ്ട.

ഓ, അതു ഞാൻ ചൂണ്ടിക്കാണിച്ചോളാം അഗ്നി, മറ്റെന്തെങ്കിലും?
മറ്റെന്ത് - നിന്റെ ബ്രോകളി മറക്കാതെ കൊണ്ടുപോയിക്കോണം നീ, കേട്ടോ.
നേരെ അങ്ങോട്ടല്ലേ പോവുന്നത് നീ, അവിടെ സ്റ്റ്യു ഉണ്ടാക്കാൻ കൊടുത്താൽ വിസ്മയക്കൊക്കെ ഇഷ്ടമാവും ചിലപ്പോൾ, നോക്ക്!

ഊണിന്നൂക്കുകുറഞ്ഞുറക്കം...

ഉർവ്വി: പുരോ, പുരോന് ഈ ഈണു കഴിക്കുന്നവരെ ഇഷ്ടാണോ?
പുരോ: ഹ ഹ ഹാ, ഊണു കഴിക്കുന്നവർ അല്ലേ ഇവിടെ എല്ലാരും, അര്യാഹാരം എന്നു കേട്ടിട്ടില്ലേ.
ഉർവ്വി: ഹ്ം, ഞാൻ അതൊന്ന് മാറ്റി ചോദിക്കാം, എന്നാൽ. ഈ ഭയങ്കരായി ഊണു കഴിക്കുന്നവരെ ഇഷ്ടമാണോ പുരോ?
പുരോ: ഓഹ് - ഹ ഹ ഹാ - ഹോ ഹോ ഹോ - അതാണിപ്പോൾ ഉർവ്വിക്ക് പ്രശ്‌നം, അല്ലേ? എന്നാൽ കേട്ടോളൂ ഉർവ്വി, കഴിഞ്ഞ ആഴ്ച ഒരൂസം ഉച്ചയ്ക്ക് എനിക്ക് പുറത്തുനിന്ന് കഴിക്കേണ്ടി വന്നു.
ഉർവ്വി: ശാപ്പാടോ പുരോ.
പുരോ: ഏയ്, ഞാൻ ഊണു കഴിക്കില്ലല്ലോ പുറത്തുനിന്ന് സ്വതവേ. അന്നും ഉണ്ടായി - ഉണ്ടില്ല. ഒരു വെങ്കായ ഊത്തപ്പം മതി എന്നുവെച്ചു ഞാൻ.
ഉർവ്വി: അന്നപൂർണ്ണേൽന്നാണോ പുരോ.
പുരോ: ഏയ്, അല്ലല്ല... ഇത് കേൾക്കൂ ഉർവ്വി. ഞാൻ ഊത്തപ്പം വരാൻ കാത്തിരിക്കുമ്പോൾ, എന്റെ മേശമേൽ വേറെ മൂന്നു പേർ കൂടി ഉൺ - ഉണ്ടേ,
ഉർവ്വി: ഊണു കഴിക്കുകയാണ്, അല്ലേ.
പുരോ: ങ്ഹാ, എന്തൊരു ഊണ് - ഉർവ്വി! ആദ്യം തന്നെ ഓരോ കുന്ന് വിളമ്പിയിരുന്നു. പിന്നേയും കൊടുക്കും കേട്ടോ ചോറ്. ഒരാൾ വിയർത്തു കുളിച്ച് - കിതച്ച് - വാശി പോലെ - ഹോ ഒരു മൂന്ന് കിലോഗ്രാം കഴിച്ചിട്ടുണ്ടാവും അയാൾ.
ഉർവ്വി: ഞാനൊക്കെ അരിമണി എണ്ണിയിട്ടാണ് എടുക്കുക പുരോ, നാല്പത്തിമൂന്ന് മണി മതി എനിക്ക്.
പുരോ: ഇത് ഗംഭീര കുമ്പയൊക്കെ ഉള്ള തടിയന്മാരൊന്നും അല്ലാന്നേ. മൂന്നാളും ചെറുപ്പം. സാധാരണ രൂപം. പക്ഷേ എന്തൊരു ആക്രാന്തം.
ഉർവ്വി: പേടിയാവും കണ്ടാൽ, അല്ലേ പുരോ.
പുരോ: ഒരു ആവശ്യവുമില്ലെന്നേ, ആ കഴിക്കുന്നതിന്റെ ഒരു പത്തിൽ ഒന്ന് - പോട്ടെ, നാലിൽ. ഒന്ന് ചോറ് ധാരാളമാണ് ആ മൂന്നാൾക്കും.
ഉർവ്വി: കറികളും ഒക്കെ അത്ര തന്നെ, ഉണ്ടോ?
പുരോ: ഒന്നും കുറയ്ക്കുന്നില്ല ഉർവ്വി, വാരിപ്പോക്കുക തന്നെ.
ഉർവ്വി: അതെല്ലാം തീർന്നാൽ പുരോനേം പിടിച്ചു തിന്നുംന്ന് പേടിയായിട്ടുണ്ടാവും പുരോന്, അല്ലേ?
പുരോ: കഷ്ടം തന്നെയാണ് ഉർവ്വി. വെറുതെയല്ല അരിക്ക് വില കൂടുമ്പോൾ ഇത്ര ആധി ആളുകൾക്ക്. വയർ നിറയെ ചോറ് എന്നല്ലേ പറച്ചിൽ. മഹാബലിയുടേതു പോലെ ആ കുമ്പയും വേണമെന്നുണ്ട് എല്ലാർക്കും, ഒന്നു പോലെ.
ഉർവ്വി: ഊം, തടിച്ചുവീർത്താലാണല്ലോ നന്നായി എന്നു സമ്മതിക്കുക. താൻ നന്നായിട്ടുണ്ട് ട്ട്വോ ഖുശ്ബൂ.
പുരോ: ഈ കണ്ട മൂന്നാൾ അദ്ധ്വാനിക്കുന്നവരൊന്നും അല്ലാന്നേ. ഈ സ്റ്റാർച് ഒക്കെ തിന്നിട്ട് പ്രമേഹം വരുത്തുകയും.
ഉർവ്വി: ആങ്, വ്യായാമവും ഇല്ലല്ലോ ആരും.
പുരോ: ഊണ്, ഊണ് എന്ന വിചാരമേ ഉള്ളൂ മിക്കവർക്കും, അല്ലേ ഉർവ്വി. ഒരു മണി ആവേണ്ട താമസം കുമ്പയുമായി എത്തിക്കോളും.
ഉർവ്വി: അല്ല പുരോ, ഈ ഓണക്കാലത്തൊക്കെ നമ്മളിങ്ങനെ ഓരോന്നു വിമർശിച്ചിട്ട്, ആളുകൾ ഇതു കേട്ടാൽ.
പുരോ: ഹ, കേൾക്കുകയല്ലേ വേണ്ടത് ഉർവ്വി. സ്വാദിഷ്ഠമായ ആഹാരം ഇഷ്ടപ്പെടുന്നത് മനസ്സിലാക്കാം, ഗോമേ. പക്ഷേ ഗ്ലറ്റൺ ആയിക്കൂടല്ലോ ആരും.
ഉർവ്വി: പക്ഷേ ഇതു കേട്ടാൽ മുഷിഞ്ഞൂന്ന് വരും ആളുകൾ.
പുരോ: ഈ മൂക്കറ്റം എന്ന വിചാരം തന്നെ മാറ്റണം ആദ്യം. വയർ നിറയെ കഴിക്കാൻ പാടില്ലാന്നേ ഭക്ഷണം.
ഉർവ്വി: അതുമല്ല, ശീലം കൊണ്ട് ഈ ആശയം വലുതാവുകയും ചെയ്യും നല്ലോണം.
പുരോ: (ചിരിച്ച്) ആമാശയം അല്ലേ. ആങ്, കൂടുതൽ ഉണ്ടുണ്ട് അത് വലുതാക്കും. എന്നിട്ട് അതു നിറച്ചിട്ട് ഒരു ഏമ്പക്കമുണ്ട്!
ഉർവ്വി: ഇപ്പോഴും ഉണ്ടല്ലേ അങ്ങനത്തെ ആളുകൾ. ഇന്നാള് കുറേ പെണ്ണുങ്ങൾ എന്നൊരു മൂവീ കണ്ടു. അതിലേയ്, പുരോ, എപ്പോൾ നോക്കിയാലും ആളുകൾ ഇങ്ങനെ ഊണു കഴിക്കുക തന്നെ. എത്ര നേരമാണെന്നറിയാമോ. ഊണുങ്ങൾ എന്നു മതിയായിരുന്നു അതിനുപേര്.
പുരോ: ഓ, ഉർവ്വി കണ്ടു അല്ലേ ആ മൂവീ.
ഉർവ്വി: ഊം, എന്തു കഷ്ടമാണെന്നു നോക്കണം പുരോ. മൂവീ മുഴുവനും അതാണെന്നേ, വെറുതേ അതു തന്നെ കാണിച്ചുകൊണ്ടിരിക്കുക. എനിക്കാണെങ്കിൽ...
പുരോ: ഊണു കഴിക്കുന്നവരെത്തന്നെ ഇഷ്ടമല്ല.
ഉർവ്വി: ഏയ്, എന്നു ഞാൻ പറയുമോ പുരോ, പക്ഷേ അങ്ങനെ ഉണ്ണുന്നത്, കാണാൻ വയ്യാട്ട്വോ.
പുരോ: ഓരോ ഒബ്‌സെഷൻ ആണ് ഉർവ്വി.
ഉർവ്വി: പക്ഷേ... ഇപ്പോഴും അങ്ങനെ ഉണ്ണുന്നവർ ഉണ്ടാവുമോ പുരോ.
പുരോ: എന്റെ ഒപ്പം ഇരുന്ന് ഉണ്ടവർ, പോരേ.
ഉർവ്വി: അതു പിന്നെ അന്നപൂർണ്ണ അല്ലേ, അവിടെ നിന്ന് എത്ര ഉണ്ടാലും ഒരേ വില ആണല്ലോ. അതു കൊണ്ടാവും അവർ ചിലപ്പോൾ, വീട്ടിൽ വെച്ചാവുമ്പോൾ ഇങ്ങനെ വെട്ടിവിഴുങ്ങുകയൊന്നും ചെയ്യില്ലായിരിക്കും.
പുരോ: അതുണ്ടല്ലോ, എത്രയും കുറച്ച് തിന്നുന്നുവോ അത്രയും നന്ന് എന്നാണ് ഇപ്പോൾ, വിഷമല്ലേ ആഹാരം.
ഉർവ്വി: വിഷമോ വിഷമ-മോ.
പുരോ: ഉർവ്വി കേട്ടിട്ടുണ്ട് ആ പൺ - അല്ലേ.
ഉർവ്വി : ഊം, മദ്യം വിഷമാണ് - കുടിക്കാൻ.
പുരോ: ഊണും വിഷമായാൽ മതിയായിരുന്നു, അല്ലേ.
ഉർവ്വി: ഏയ്, വിഷമൊന്നൂല്ല്യാതെ ഇപ്പോൾ ഒന്നും കിട്ടില്ല പുരോ. ഭയങ്കര ഊണ് വേണ്ടാന്നേള്ളൂ, സദ്യ ഇല്ലാതെ എങ്ങനെയാണ് - അതും ഓണല്ലേ ഇപ്പോൾ പുരോ - ഉണ്ണാണ്ടെ എങ്ങനെയാണ്.
(ഇരുവരും ഒരുമിച്ച് ചിരിക്കുന്നു.)
പുരോ: കുറുക്കുകാളൻ എനിക്ക് നല്ല ഇഷ്ടാണ് ഉർവ്വി.
ഉർവ്വി: ഓലൻ!
പുരോ: കൂട്ടുകറി.
ഉർവ്വി: വല്ല്യപ്പടം, ചെറ്യപ്പടം, കായ വറുത്തത്.
പുരോ: ശർക്കരുപ്പേരി, ചേനക്കണ്ടം, അവിയൽ!
ഉർവ്വി: വെണ്ടയ്ക്ക, അല്ലെങ്കിൽ മുരിങ്ങക്കാസാമ്പാർ.
പുരോ: പായസം ഏതാ, എന്താ വേണ്ടത് ഉർവ്വി.
ഉർവ്വി: അതേതായാലും എനിക്കിഷ്ടാണ് പുരോ. ഒക്കെ കുറേശ്ശെ കുറേശ്ശെ.
പുരോ: രസം - രസം വേണ്ടേ.
ഉർവ്വി: നോക്കട്ടെ ട്ട്വോ പുരോ, എല്ലാം കൂടി ആവുമ്പഴേയ്.
പുരോ: ഹായ്, ചോറ് കുറച്ച് എടുത്താൽ മതീന്നേ.
ഉർവ്വി: അതല്ലെങ്കിലും അത്ര തന്നെയേ ഉള്ളൂ പുരോ, നാല്പത്തിമൂന്ന് മണി!
(ചിരി തുടർന്നുകൊണ്ട് ഇരുവരും)
പുരോ: ഈ നാല്പത്തിമൂന്ന് - ചെറുമി എന്ന അരിയുടേതാണോ ഉർവ്വി. അതോ ആ ചുവന്ന മട്ടയോ.
ഉർവ്വി: ഏയ്, ഞാൻ പൊന്നി മാത്രമല്ലേ കഴിക്കുള്ളൂ പുരോ. മറ്റേതൊന്നും എനിക്ക് തൊണ്ടയിൽ നിന്നിറങ്ങില്ല്യാന്നേ.

ഭുവെന്റ അമ്മ മരിച്ചു.

ആ അമ്മ മരിക്കില്ല, മരിക്കാത്തവളാണ്, മരണത്തിനും മറ്റും അതീതയാണ് എന്നൊന്നും ആരും വിചാരിച്ചിട്ടില്ല. അതിനാൽ അതിൽ ആശ്ചര്യം ഒന്നുമില്ല. മറ്റാരെയും പോലെ ആയമ്മ മരിച്ചു.

എനിക്ക് എന്തിനാണ് നിസ്സംഗത എന്നോ.

ഓ, അപ്പോൾ എനിക്ക് ഉള്ളിൽ എന്തോ ദഹിക്കാതെ കിടക്കുന്നുണ്ട് എന്നു തോന്നി നിങ്ങൾക്ക്, അല്ലേ.

ഞാൻ പറയാം സുഹൃത്തേ. ചെംതീ ഒരു നെടുവീർപ്പോടെ തന്റെ ചാരുകസേരയിൽ ഇരുന്ന് പിന്നിലേയ്ക്ക് ചാഞ്ഞു. അയാൾ പുകവലിക്കുന്നുമുണ്ടായിരുന്നു.

പുതിയതാണ് ഈ കസേര. കുറേ കാലമായിട്ട് ഉള്ള ഒരു മോഹമാണ് ഇങ്ങനെ ഒരെണ്ണം വേണമെന്ന്. ഇപ്പോൾ കുറച്ച് പണം ഒന്നിച്ചു കിട്ടിയപ്പോൾ അതങ്ങോട്ട് സാധിച്ചു എന്നു മാത്രം.

പക്ഷേ ഭുവൻ ചെയ്തത് ശരിയാണോ.

സങ്കടം തന്നെയാണ് അയാളുടെ കഥ. പക്ഷേ അത് ആപേക്ഷികം ആണല്ലോ. അയാളുടെ മറ്റൊരു ചെയ്തി ആലോചിച്ചാൽ നമുക്ക് തോന്നുന്ന സഹതാപം കുറയും, എന്തു ചെയ്യാൻ.

ആദിവാസികളെ കംപ്യൂട്ടർ പഠിപ്പിക്കാൻ ഞങ്ങളുടെ ഊരിൽ വന്നതായിരുന്നു ഭുവൻ. വായനശാലയിലാണ് അയാൾ താമസിച്ചത്. പതുക്കെ അയാൾ എന്റെ അയൽക്കാരി പൂഴിയെ ഇഷ്ടപ്പെടാൻ തുടങ്ങി. അയാൾ എന്നെയാണ് ആദ്യമായി അറിയിച്ചത്; അതായത് പൂഴിയെ കല്ല്യാണം കഴിക്കാൻ അയാൾക്ക് ആഗ്രഹമുണ്ടെന്നും മറ്റും. അവർ തമ്മിൽ അടുത്തിരുന്നു എന്നുതന്നെ തോന്നുന്നു. വായനശാലയിൽ കാണാം പതിവായി അവളെ, കംപ്യൂട്ടർ പഠിക്കാനും ചേർന്നിട്ടുണ്ടാവണം.

വേണ്ട, ഞാനായിട്ട് അതൊന്നും പരസ്യപ്പെടുത്തുന്നില്ല ഭുവൻ. നിങ്ങളെ ഞാൻ ദ്രാേഹിക്കില്ലല്ലോ.

അന്ന് പെട്ടെന്ന് ഒരു ദിവസം ജോലി രാജി വെച്ച് നാട്ടിലേയ്ക്ക് മടങ്ങുകയാണെന്ന് നിങ്ങൾ നിശ്ചയിച്ചു. വീട്ടിൽ അമ്മ ഒറ്റയ്ക്കാണ്. അതുവരെ അവിടെ ഒപ്പം താമസിച്ചിരുന്ന പെങ്ങളും ഭർത്താവും സ്ഥലം മാറ്റം കിട്ടി ദൂരേയ്ക്ക് പോയതിനാലാണതേത്ര.

ഇല്ല, അവളെ കൂടെ കൊണ്ടുപോവുന്നില്ല. ആളുകൾ കരുതും അമ്മയെ നോക്കാനായി ചുളുവിൽ ഒരു പെണ്ണിനെ സംഘടിപ്പിച്ചതാണെന്ന്. സ്ത്രീപുരുഷസമത്വത്തിൽ വിശ്വസിക്കുന്ന ഭുവന് അത്തരം തെറ്റിദ്ധാരണകൾ സഹിക്കാനേ പറ്റില്ല.

എന്നിട്ട് കഴിഞ്ഞ കുറേ കൊല്ലം അയാൾ അമ്മയുടെ സന്തതസഹചാരിയായി ജീവിച്ചു. അതായത് വീട്ടിൽ തന്നെ. ഓർമ്മ ഇല്ലാത്ത അമ്മ. തീ കണ്ടാൽ എടുത്ത് കൈ പൊള്ളിക്കും. നഗ്നയായി നിലത്ത് മലർന്നു കിടക്കും. ഭുവനെ അമ്മേ എന്നു വിളിക്കും. അയാൾക്ക് ചവിട്ടാനായി വഴിയിൽ അപ്പിയിട്ടു വെയ്ക്കും.
ഇതൊക്കെ ഞാൻ എങ്ങനെ അറിഞ്ഞെന്നോ.

ഇല്ല, ഭുവൻ പറഞ്ഞറിഞ്ഞതല്ല. മറ്റൊരാൾ ഇതേപോലുള്ള തന്റെ അമ്മയെപ്പറ്റി എഴുതിയത് വായിച്ചിട്ടുണ്ടായിരുന്നു ഇടയ്ക്ക് ഞാൻ. ഗുപ്തൻ എന്നൊരു കവി.
തന്റെ അമ്മ ഉടുത്ത പുടവയിൽ തീ കൊളുത്തി നിലത്ത് വീണുകിടന്ന് ഉരുണ്ടു കളിക്കുന്നതുകണ്ട് അയാൾ അങ്ങോട്ട് ഓടിയെത്തി. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയ്ക്ക് അയാൾക്കും എഴുപതുശതമാനം പൊള്ളലേറ്റു. പിന്നീട് ആ അനുഭവത്തെപ്പറ്റി അയാൾ തീപ്പാതി എന്നൊരു പുസ്തകം എഴുതി.
അതിശയോക്തിയാവാം അതിൽ അധികവും.

പുസ്തകം എഴുതുന്നവരെ സംശയിക്കണം.

പക്ഷേ ഭുവൻ എന്തെല്ലാം അനുഭവിച്ചുകാണും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒന്നും സംസാരിക്കില്ലല്ലോ അയാൾ, പിന്നെയല്ലേ കളവ്. നമുക്ക് വേണമെങ്കിൽ സങ്കല്പിച്ചു നോക്കാം എന്നു മാത്രം.

ഊ എന്നു മാത്രം എന്റെ ഒരു ദൗർബല്യം ആവുന്നുണ്ടോ.

എന്തായാലും ഇപ്പോൾ അയാൾ വല്ലാത്ത ഒരു ശൂന്യതയെ നേരിടുകയാവും. ഗുപ്തൻ അല്ല ഭുവൻ. തീപ്പാതി കണക്കിലെടുക്കേണ്ട എന്നു തോന്നുന്നു.
സങ്കല്പിക്കാം. ഓരോ നിമിഷവും അർപ്പിച്ചു കൊണ്ടാണ് ഭുവൻ തന്റെ പുഴക്കരയിലെ പഴയ വീട്ടിൽ താമസിച്ചിരുന്നത്. മനസ്സിൽ എപ്പോഴും അമ്മ എന്ന വിചാരം മാത്രം. അയാൾക്ക് വേണമെങ്കിൽ അമ്മയെ നോക്കാൻ പരിചാരകരെ ഏല്പിക്കാമായിരുന്നു. പക്ഷേ താൻ തന്നെ അത് ചെയ്യും എന്ന് അയാൾ ശഠിച്ചു.

എന്തുകൊണ്ടായിരിക്കും ചിലർ ഇങ്ങനെ.

പൂഴിക്ക് എന്തു സംഭവിച്ചെന്നോ. അവൾ ഒരു മരക്കൊമ്പിൽ തൂങ്ങിമരിക്കാൻ പുറപ്പെട്ടു. പക്ഷേ കൊമ്പ് ഒടിഞ്ഞതിനാൽ നടുവൊടിഞ്ഞ് നിലത്തു വീണു. അന്നു കിടപ്പിലായതാണ് അവൾ.

ജീവനുണ്ട് എന്നു മാത്രം. ▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments