ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

8. നിലാവെളിച്ചം

രവി

ന്നൊരു കൊടുംകാറ്റിന്റെ
അടുത്തായിട്ടായിരുന്നു എന്റെ
താമസം...

ഏത് ട്രാൻസ്ഫോമർ എഴുതിയിട്ടുണ്ട് ഇത്ര നല്ല വരികൾ.

ബ്യാഷോ ചമച്ച ഏതെങ്കിലും ഹായ്കൂ ഇത്ര നല്ലതാണോ.

നെരുദായുടെ ഏതെങ്കിലും പ്രണയ/വിപ്ലവകവിത?

ഞാൻ സ്വയം ഉദ്ധരിച്ചാൽ പക്ഷേ ആർക്കും ഒരു വിലയുമില്ല. അത് കൊടുംകാടിന്റെ എന്നതിൽ അച്ചടി പിശകിയതാണ് എന്ന് അവർ സൗകര്യപൂർവ്വം തെറ്റിധരിച്ചുകൊള്ളും. എന്നിട്ട് ഞാൻ ചെക്കൻ എന്ന തൂലികാനാമം സ്വീകരിച്ചതിൽ തട്ടിപ്പുണ്ടെന്ന് ആരോപിച്ചുകൊണ്ടേയിരിക്കും.

ഒരു ദലിതനാണ് എന്നുതോന്നിപ്പിച്ച് ചുളുവിൽ പ്രസകതി നേടിയെടുക്കലാണുപോലും എന്റെ ലക്ഷ്യം.

എന്തു വാസ്തവമാണ് ഉള്ളത് അതിൽ.

ചെക്കൻ എന്ന പേർ ഒരു ദലിതനു മാത്രമേ പാടുള്ളൂ എന്നുണ്ടോ. എന്തിന് ഇങ്ങനെ കുനിഷ്ട് വെച്ചു പുലർത്തുന്നു.

അതേസമയം, ഓർത്തുനോക്കുക.
മനസ്സിൽ പതിഞ്ഞ വിഗ്രഹങ്ങളെപ്പറ്റി രണ്ടാമതൊന്നു ചിന്തിച്ചുനോക്കുക കൂടി ചെയ്യാത്ത ആളുകളാണ് ഇവർ.

ഇകിഗൈ ഒരു ശരാശരി കവി മാത്രമാണ് എന്ന് ഒന്ന് വെറുതേ പുറത്തിറങ്ങി പറഞ്ഞു നോക്കുക. നാട്ടുകാർ എല്ലാവരും കൂടി ചേർന്ന് തല്ലിക്കൊല്ലും നിങ്ങളെ - അല്ലെങ്കിൽ വേണ്ട, എന്നെ.

എന്നാലും എന്തൊരു ലോകമാണ്.

അന്നൊരു കൊടുംകാറ്റിനു
തൊട്ടടുത്തായിട്ടായിരുന്നു എന്റെ
താമസം... എന്നതിലെ കവിത കാണാത്ത ഇവരെല്ലാം വേറെ എന്ത് ആസ്വദിച്ചിട്ടെന്തു കാര്യം.

ഇകിഗൈ എഴുതിയ എന്തിന്റെയെങ്കിലും പരിഭാഷ കണ്ടാൽ ആഹഹാ എന്ന് ആർത്തുവിളിച്ചോളും. ഫൂഷ്വേ ആയാലും മതി. ഇവിടത്തെ ചെക്കനെയല്ലേ ഇവർക്ക് അവഗണിക്കാനൊക്കെ പറ്റൂ.

ഇവരിൽ നൂറോളം ശതമാനം പേരും ഈ ഇകിഗൈ എഴുതിയ ഒന്നും വായിച്ചിട്ടുണ്ടാവില്ല അതുവരെ എന്നതാണ് പിന്നത്തെ തമാശ. അത് എഴുത്തിന്റെ കാര്യം. ഇനി മറ്റു മേഖലകൾ എടുത്തു നോക്കിയാലോ.

ഉദാഹരണം ബേ.
പിൽക്കാലത്ത് അയാളുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാകുന്ന കുറേ കഥകൾ പ്രചരിച്ചിട്ടുണ്ടല്ലോ. അതിൽ ഏതെങ്കിലും ഒന്ന് ഉയർത്തിപ്പിടിച്ച് നിങ്ങൾ ഇത്തിരി സംശയം പ്രകടിപ്പിച്ചുകൊണ്ട് സ്വന്തം വീട്ടുമുറ്റത്ത് ഇറങ്ങിനിന്നാൽ മതിയാവും. അതോടെ തീരും നിങ്ങൾ.

അല്ലെങ്കിൽ വേണ്ട, ഞാൻ.

പുരുഷാരം ആർത്തലച്ചുവന്ന് ജീവനോടെ കത്തിച്ചു കളയും, എന്നെ.
നിങ്ങളെ അല്ല എന്നെ...

വേറെ ഒരു ബുലാഞ്യോ ഇല്ലേ പിന്നെ.

അയാളുടെ ഒരു ഗോൾ വിശ്വവിഖ്യാതം ആണല്ലോ.
അതിനെ വർണ്ണിച്ചുവർണ്ണിച്ചു മതിവരാതെ ആരാധകർ മരിച്ചുപോവുന്നു. ദൈവത്തിന്റെ കരസ്പർശം എന്നാർത്തുവിളിച്ച് തൊണ്ട പൊട്ടിക്കുന്നു. ഈ ഗോൾ ആവട്ടെ, അതിലൊന്നും യാതൊരു താല്പര്യവും കാണിക്കാതെ സ്വയം വിമർശനത്തിൽ മുഴുകിയിരിക്കുന്നു.

പിന്നേ, ദൈവത്തിനു വേറെ പണിയില്ലേ. ഈ കളിക്കാരനെ ജയിക്കാൻ സഹായിച്ചിട്ട് ഈ ദൈവത്തിന് എന്തു കിട്ടാനാണ്!.
പിന്നെ ദൈവം അതു ചെയ്യാൻ പാടുമോ.
ചെയ്താൽ അത് ഒരു തെറ്റല്ലേ.
പാപമല്ലേ.

പക്ഷഭേദം പിന്നെ പന്തികേടല്ലേ.

അത്ര നല്ല ഒരു ആളൊന്നുമായിരുന്നില്ല, ഒരു വഴക്കാളിയായിരുന്നു ബുലാഞ്യോ എന്നും കേൾക്കുന്നു. അങ്ങനെയുള്ള അയാളെ എന്തിനാണു പിന്നെ ദൈവം വഴിവിട്ട് അനുഗ്രഹിക്കുന്നത്.

ഒരിക്കൽ രാവേറെച്ചെന്ന ഒരു വിരുന്നിൽ വെച്ച് ഗുപ്തനാണ് അത് തുടങ്ങിവെച്ചത്. കുറച്ച് കുടിച്ചുകഴിഞ്ഞാൽ ചില സങ്കോചങ്ങളെല്ലാം ഇല്ലാതാവുമല്ലോ നമുക്ക്.

എന്തു രസമായിട്ടാണ് അയാൾ അന്ന് ബുലാഞ്യോയെ കളിയാക്കിയത്.
ഈ ബുലാഞ്യോയുടെ രൂപം ശ്രദ്ധിച്ചിട്ടുണ്ടോ. അതായത്, ആദരവ് മാറ്റിവെച്ചിട്ട്. ആ പൊക്കക്കുറവാണ് - വൈകല്യമാണ് അയാളെ സഹായിക്കുന്നത്. രണ്ട് പന്തുകൾ ഒന്നിച്ച് ഒന്ന് ഒന്നിന്റെ തൊട്ടുപിന്നാലെ ഉരുണ്ടുപോവുകയാണ് എന്നല്ലേ തോന്നുക ഒറ്റനോട്ടത്തിൽ. കുറിയ കൈകാലുകളും ഉറച്ചതെങ്കിലും കുറ്റി പോലുള്ള ഉടലും - ആകെ കൂടി ഒരു മുണ്ടൻ.

എന്താണു സംഭവിക്കുന്നതെന്നു വെച്ചാൽ: ഈ ശരാശരി ആണുങ്ങൾക്ക് ഒരു അകൽച്ച തോന്നും അയാളോട്. നല്ല ഉയരവും ഭാരവുമൊക്കെയുള്ളവർക്ക് പിന്നെ സംശയമുണ്ടോ - അവർക്ക് അയാളോട് മത്സരിക്കാൻ തന്നെ മടി തോന്നും. ആ ഈർഷ്യ മുതലെടുത്ത് അയാൾ അവരുടെ മൂക്കിനു മുന്നിലൂടെ ഒഴുകിയൊഴുകിപ്പോവും ....

ഞാൻ അതുകേട്ട് പെട്ടെന്ന് ഉറക്കെ ചിരിച്ചുപോയി.

മറ്റുള്ളവരെല്ലാം അത് നേരെ അങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റാതെ അന്തം വിട്ട് ഇരിക്കുകയായിരുന്നു. എന്റെ പ്രതികരണം ഗുപ്തൻ പ്രത്യേകം ശ്രദ്ധിച്ചെന്നും എനിക്ക് മനസ്സിലായി.

പിന്നീട് ഞാനും ആലോചിച്ചു ഇതെല്ലാം.
ബുലാഞ്യോ അടിച്ച ആ ഓസം കൂൾ ഗോൾ - അത് കണ്ടു നോക്കാറുണ്ടല്ലോ എല്ലാവരും ഇപ്പോഴും. അയാളുടെ അടുത്തെങ്ങും വേറെ ഒരാളെ കൂടി കാണാനില്ല. ഗോളി എന്ന ഏകാകി കൂടി എങ്ങോ പോയ്മറഞ്ഞിരിക്കുന്നു. ഇനി എന്തിന് കൈ കൊണ്ടുവേണമെങ്കിൽ സാവകാശം എടുത്ത് പ്രിക് കൊണ്ട് അടിക്കാമല്ലോ ഒരു ഗോൾ - ഹഹഹ ...

ഗുപ്തന് അത് നന്നായി രസിച്ചു.

ആവശ്യമില്ലാതെ ആളുകൾ വാവിട്ടു പൂജിക്കുന്ന പ്രതിഷ്ഠകളെ നിസ്സാരമാക്കി തള്ളി ആരെങ്കിലും സംസാരിക്കുന്നതു കേൾക്കുമ്പോൾ അതേ മനോഭാവമുള്ള മറ്റൊരാൾക്ക് തോന്നുന്ന ചാരിതാർത്ഥ്യം.

ഞാൻ ചിലപ്പോൾ അത്ഭുതപ്പെടും.
ശ്രദ്ധിച്ചു നോക്കൂ ആ ഗോൾ. കളിക്കളം മുഴുവനും അയാൾക്കു മാത്രമായി വീണുകിട്ടിയിരിക്കുന്ന ഒരു നിമിഷം. എന്താണിത്, ഒത്തുകളിയോ. എങ്ങനെ ആരുമില്ലാതായി അവിടെയൊന്നും. ഗോളി എന്ന ജീവി പോലും സ്ഥാനത്തില്ല. എന്നിട്ട് അയാൾ പൂനുള്ളി ഇടുന്നു - ഹഹഹാ, അതും പോരാഞ്ഞിട്ട് അത് ദൈവത്തിന്റെ ഒത്താശയോടെയാണേത്ര ...

ഇത്തിരി ഉളുപ്പ് വേണ്ടേ ഇങ്ങനെ ഓരോന്ന് വീമ്പടിക്കുമ്പോൾ.
നാട്ടിൻപുറത്ത് പെരച്ചൻ എന്നൊരു വാക്കുണ്ട് - ഭാഗ്യത്തിന് സംഭവിച്ചുപോവുന്നത് - ഒറ്റ രസികൻ ഗോൾ അടിക്കാൻ പറ്റി - നന്നായെന്നേ, നന്നായി. അവിടെ നിർത്തി ക്കൂടേ സ്തുതി.

അല്ല ഗുപ്തൻ, നല്ല കളിക്കാരനാണ് അയാൾ എന്ന് തീർച്ചയായും സമ്മതിക്കുന്നുണ്ട് നാം - മതിയല്ലോ.

വ്യാസൻ തരക്കേടില്ലാത്ത ഓദർ ആണെന്ന് അംഗീകരിച്ചാൽ പോരേ. അന്തമില്ലാതെ പുകഴ്ത്തുന്നതിനോടല്ലേ നമുക്ക് വെറുപ്പ്.

ആ പികാസോ, അയാളെയും കുറേ കൂടുതലാണ്.

എന്തിന് പികാസോ, ഇവിടെ കാണാറില്ലേ. ഒരു പെണ്ണ് ആരാച്ചാർ ആയാൽ എന്താണ് അതിൽ ഇത്ര കേമത്തം. ചിലപ്പോൾ പെണ്ണുങ്ങൾ തന്നെയാവില്ലേ കൂടുതൽ ശോഭിക്കുക ആരാച്ചാരായി.
എന്നോട് ഇപ്പോൾ ഒരാൾ ചോദിക്കുന്നത് തലയ്ക്ക് ഓളമുണ്ടോ എന്നാണ്.
പിന്നെ തലയിൽ എന്തോ ഒരു വെളിച്ചമില്ലേ, അതാണോ എന്നും.

എന്നായാലും മുങ്ങാനുള്ളതല്ലേ

(കപ്പൽത്തട്ടിൽ വെപ്രാളത്തോടെ തലങ്ങും വിലങ്ങും നടക്കുന്ന ബട്ലർ, അയാളെ നോക്കി പകച്ചു നിൽക്കുന്ന പൂക്കാരി)

ബട്ലർ: മാവും കിഴങ്ങും ഉള്ളിയും എണ്ണയും എല്ലാം തീർന്നു, അല്ലെങ്കിൽ തീരാറായി. കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നുവെച്ച് എനിക്ക് എന്റെ ജോലി ചെയ്യാതിരിക്കാനൊക്കുമോ. പക്ഷേ സാധനം വേണ്ടേ. പാചകം ചെയ്യാൻ വല്ലതും തികയുമോ ഇവിടെ, ഊഹും. എന്നാൽ കപ്പിത്താന് ഇതിനെക്കുറിച്ചെല്ലാം വല്ല വിചാരവുമുണ്ടോ, അതും ഊഹൂം! ... അവസാനത്തെ അത്താഴമാണെങ്കിലും അതൊന്ന് തരക്കേടില്ലാതെ ഒപ്പിക്കണ്ടേ.
പൂക്കാരി: (ഇടയിൽ കയറിനിന്ന്) അതേയ്, ഒന്നു നോക്കൂ.
ബട്ലർ: കുട്ടി മിണ്ടാണ്ടെ ഇരിക്കൂ കുട്ടീ, പുര കത്തുമ്പോഴാണ് അവളുടെ ഒരു മാഞ്ഞാലം.
പൂക്കാരി: അതേയ്, ദേഷ്യം തോന്നില്ലാച്ചാൽ ഞാനൊരു - ഞാൻ ഒരു - ഒരു കാര്യം.
ബട്ലർ: ഏയ്, വേണ്ട വേണ്ട വേണ്ടാ - ഊഹൂം, വേണ്ട കുട്ടീ - തിരക്കുണ്ടേയ് എനിക്ക് - വരട്ടെ ഞാൻ.

(ബട്​ലർ അപ്രത്യക്ഷനാവുന്നത് വ്യസനത്തോടെ നോക്കിനിൽക്കുന്ന പൂക്കാരി)

പൂക്കാരി: (ഖേദപൂർവ്വം) അയാളും പോയി. പിന്നെയും ഒറ്റയ്ക്കായി ഞാൻ.
(അപ്പോഴാണ് പെട്ടെന്ന് മത്സ്യകന്യകയുടെ സ്വരം)
മത്സ്യ: ഏയ് - പൂക്കാരി!
പൂക്കാരി: (ഞെട്ടിക്കൊണ്ട്) ആരാ?
മത്സ്യ: ശ് ശ് ശ് ഷ്! .... പതുക്കെ പൂക്കാരീ.
പൂക്കാരി: ആരാണ് സംസാരിക്കുന്നത്, കാണാൻ പറ്റുന്നില്ലല്ലോ എനിക്ക്.
മത്സ്യ: കാണില്ല നിനക്ക് എന്നെ. മത്സ്യകന്യക എന്ന് കേട്ടിട്ടുണ്ടോ നീ പൂക്കാരീ. നിന്റെ അടുത്തുതന്നെയുണ്ട് ഇപ്പോൾ ഞാൻ, തൊട്ടടുത്ത്.
പൂക്കാരി: എന്റെ തൊട്ടടുത്തോ, എന്നിട്ടെന്താണ് എനിക്ക് കാണാൻ പറ്റാത്തത്.
മത്സ്യ: അതല്ലേ മണ്ടീ ഞാൻ പറഞ്ഞത് നിനക്ക് കാണാൻ പറ്റാത്തതാണ് എന്നെ - ഞാൻ ഇല്ലാത്തതല്ല.
പൂക്കാരി: എന്നെ മണ്ടി എന്നൊന്നും വിളിക്കണ്ടാട്ട്വോ മത്സ്യകന്യകേ.
മത്സ്യ: ഓഹോ! എന്നാൽ നീ എന്നെ മത്സ്യകന്യക എന്നും വിളിക്കണ്ട.
പൂക്കാരി: (ജിജ്​ഞാസ) ശരിക്കും മത്സ്യകന്യക - ആണോ?
മത്സ്യ: പിന്നല്ലാതെ, ഞാൻ എന്തിന് നുണ പറയണം.
പൂക്കാരി: പക്ഷേ എന്തിനാണ് ഇങ്ങനെ കാണാതിരിക്കുന്നത്.
മത്സ്യ: ഒരു മത്സ്യകന്യക എന്നു വെച്ചാൽ എന്താണെന്നാണ് നിന്റെ വിചാരം. ഊം?.... അതേയ്, ഞാൻ പകുതി മത്സ്യമായിട്ടാണ് രൂപം പൂക്കാരീ.
പൂക്കാരി: എന്നു വെച്ചാൽ അരയ്ക്കു മുകളിൽ മത്സ്യവും താഴേയ്ക്ക് എന്നെപ്പോലെയും?
മത്സ്യ: (ചിരിച്ച് ) ദുഷ്ട! നിഷ്‌കളങ്കരെ വേറെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ എനിക്ക് ഒട്ടും ഭംഗിയുണ്ടായിക്കൂടാ എന്നു ശാഠ്യമുള്ള ഒരു കുട്ടിയെ ആദ്യമായിട്ടാണ്.
പൂക്കാരി: അതിപ്പോൾ എങ്ങനെയായാലെന്താണ് മത്സ്യകന്യകേ - കാണുന്നില്ലല്ലോ എന്തായാലും ഞാൻ.
മത്സ്യ: ഊം, അതേയ്, കണ്ടാൽ കുട്ടി പേടിച്ചാലോ എന്നു തോന്നിയിട്ടല്ലേ ഞാൻ ഇങ്ങനെ.
പൂക്കാരി: അതോ ചേ - ചേച്ചിക്കാണോ പേടി.
മത്സ്യ: ആരെ - എന്തിന്!
പൂക്കാരി: പിന്നെ ശബ്ദണ്ടാക്കാണ്ടിരിക്കണതെന്താ. എന്നോട് ശ് ശ് ശ് ഷ് എന്നു വിലക്കിയത് എന്തിനാ.
മത്സ്യ: പേടിയില്ല എന്നല്ല പൂക്കാരി, ഇത്തിരി ഉണ്ട് എനിക്കും അത്, ശരിയാണ്. മരണഭയം പോലെ ഒന്ന്. ഇപ്പോൾ പോയില്ലേ ആ ബട്ലർ - കഷ്ണം നുറുക്കി വേവിക്കാൻ എന്തെങ്കിലും കിട്ടാൻ തിരഞ്ഞുനടക്കുകയാണ് അയാൾ.
പൂക്കാരി: (അറിയാതെ പൊട്ടിച്ചിരിച്ചുപോവുന്നു) എന്നിട്ട് അയാൾ എങ്ങനെ കറിയുണ്ടാക്കും ആവോ! ..... കാണാൻ പറ്റുമോ ചേച്ചിയുടെ കഷ്ണങ്ങൾ.
മത്സ്യ: എന്നാലെന്താണ്, മുറിക്കാനും തിന്നാനും ഒക്കെ പറ്റുമല്ലോ.
പൂക്കാരി: ഭ്രാന്തുപിടിപ്പിക്കും ട്ട്വോ ഈ ചേച്ചി എനിക്ക് - അല്ല ചേച്ചി, ഇപ്പോൾ നമ്മൾ എവിടെയാണിത്. ആരോ പറയുന്നു ഇത് കപ്പലാണെന്ന് - ങ്‌ഹേ - ങ്‌ഹേ ..... എവിടെ - പോയോ ചേച്ചി, ഊം?
(മന്ത്രിക്കുന്നതുമാതിരി ) പോയോ, ശരിക്കും?
(തന്നോടുതന്നെ) അതാ ആ രണ്ടാളുകൾ വരുന്നില്ലേ, അവരെ കണ്ടാൽ ആർക്കെങ്കിലും തോന്നുമോ അവർ കടപ്പുറത്തെ നിലാവത്തല്ല നടക്കുന്നതെന്ന്. ഹ്ം, കളവുപറയുന്നതാണ് കപ്പലാണെന്നൊക്കെ!
അതും മുങ്ങുന്നതാത്രേ. കുന്തമാണ്, കുന്തം! .....

(ആരോ സംസാരിച്ചുകൊണ്ട് സമീപിക്കുന്നു, രണ്ടുപേർ. ഇതിനിടയിൽ പൂക്കാരിയെ ആരോ ദൂരെ നിന്ന് വിളിക്കുന്നു. ദാ വരണൂ എന്ന് പൂക്കാരി.)

ക്വൈലാണ്ഡിയിലെ ഓട്രഷകൾ എന്ന് ഒരു കുറിപ്പ് എഴുതിയിരിക്കുന്നു അംശുമാൻ. ഭൂമിയിലെ ഏറ്റവും നല്ല മനുഷ്യരാണ് ഇവിടെ ഈ ശകടം ഓടിക്കുന്നവർ എന്നാണ് അത് വായിച്ചാൽ തോന്നുക. എന്നാൽ എന്നോട് ചോദിച്ചാലോ.
ഏട്ടാ, ഈ ഓട്ടോ പോവില്ലേ?
ഏടയ്ക്ക്!
എനിക്കു പോവേണ്ട ഇടത്തേയ്ക്ക്.
ഇയ്യ് ആ എടം പറ മോളേ.
കല്ലിങ്ങൽ ഭാഗത്തേയ്ക്ക്.
ശ്മശാനത്തിന്റെ?
അതെ, അതിനപ്പുറത്താണ്.
ആടെ പോവൂല്ലാ.

എത്ര കെഞ്ചിയാലും അയാൾ വരാൻ ഒരുക്കമല്ല അങ്ങോട്ട്. അത് ശ്മശാനം ആയതുകൊണ്ടൊന്നുമല്ല. സന്ധ്യ കഴിഞ്ഞാൽ ആരും വരില്ല അങ്ങോട്ടൊന്നും. അവരുടെ വീടിന്റെ ഭാഗത്തേയ്ക്കാണെങ്കിൽ മാത്രമേ ഒരു ഓട്ടം എടുക്കൂ.

ശ്മശാനമൊന്നുമല്ല അവിടെ ഉള്ളതും. ഒരു പാവം ക്രെമറ്റൊറിയം ആണ് അത്. അതായത് കുഴിമാടങ്ങളിൽനിന്നെഴുന്നേറ്റ്‌ പ്രേതങ്ങൾ അലഞ്ഞുതിരിയുന്നുണ്ടാവും. ഇരുട്ടായാൽ അവിടെയെല്ലാം എന്നൊന്നും ആരും പേടിക്കാനിടയില്ല. ഏയ്, അതുകൊണ്ടൊന്നുമല്ലെന്നേ അവർ അങ്ങോട്ടു വരാത്തത്.
മുഷ്‌ക്, അത്ര തന്നെ.

എന്നിട്ട് ആ കൂട്ടരെയാണ് അംശുമാൻ കലവറയില്ലാതെ ശ്ലാഘിച്ചിരിക്കുന്നത്. ഒരു രൂപ ബാക്കി കൃത്യമായി കൊടുത്തു, എവിടെ നിന്നാണ് വരുന്നത് എന്ന് കുശലം ചോദിച്ചു, ആരോ മറന്നുവെച്ച ചീമുട്ട അന്വേഷിച്ചുചെന്ന് തിരിച്ചേല്പിച്ചു, എന്നിതുകളെല്ലാം ഉദാഹരിച്ചാണ് അവരെ ഏവരും വാനോളം വാഴ്ത്തുന്നത്.
ഹ ഹ ഹ, കഴിഞ്ഞ ഒന്നര കൊല്ലമായി ഇവിടെ താമസിക്കുന്ന എനിക്കു പക്ഷേ അതിനോട് യോജിപ്പേയില്ല.

മോളേ, അനക്ക് എബഡാ പണി.
വൈ എന്നൊരു ന്യൂസ് ചാനെൽ ഇല്ലേ, അതിൽ ആണ്.
അയിലെന്താ ബാർത്ത ബായിക്ക്വോ?
ഏയ്, വാർത്ത വായിക്കാൻ തുടങ്ങിയിട്ടില്ല. വേറെ ചില ഷോ ഒക്കെയേ ഉള്ളൂ തൽക്കാലം.
ഊം, പേരെന്താണ് മോൾടെ?
അനിഴം.
അനിഴോ!, അയാൾ പൊട്ടിച്ചിരിച്ചു. അതൊരു നാളല്ലേ. പേരാ ചോയ്ച്ചത് മ്മള്.
പേരു തന്ന്യാണ്, അനിഴം.

അയാൾക്ക് അത് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിക്കാണും. അതിനാലാവണം അയാൾ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ മുതിരാതിരുന്നത്. അനിയത്തി ഭരണിയാണ് എന്നു കേട്ടാൽ അസ്ത്രപ്രജ്ഞനാവുമായിരിക്കും ഇയാൾ, അല്ലേ.
പിന്നെ ഈ ലോഹ്യമെല്ലാം വൈകുന്നേരം വരെയേ ഉള്ളൂ. അതുകഴിഞ്ഞാൽ ഗൗരവത്തിന്റെ ഒരു മുഖംമൂടി അണിയും ഇവർ.

ആടയ്ക്ക് പറ്റൂല്ല കുട്ട്യേ.
ഞാൻ വാർത്ത വായിക്കുന്ന ഒരാളാണെങ്കിൽ ചിലപ്പോൾ വന്നെന്നു വരുമായിരിക്കും, അല്ലേ. ആ അനിഴം മ്മടെ ഓട്രഷേലാ പോക്ക് എപ്പളും. ഒരു ഗമയ്ക്കു വേണ്ടി അങ്ങനെ പറയാമല്ലോ മറ്റുള്ളവരോട്. പക്ഷേ അടുത്ത കാലത്തൊന്നും എനിക്ക് അതിനുള്ള യോഗമുണ്ടാവും എന്നു തോന്നുന്നില്ല.

പ്രാണി സന്യാൽ അടക്കി വാഴുകയല്ലേ അവിടം.
പ്രോണി സൊന്യോൾ. അത് വിചാരിക്കുന്നതു പോലെയേ നടക്കൂ എല്ലാം. അത്രയ്ക്കുണ്ട് അതിന്റെ പിൻബലം.

എന്തായാലും അംശുമാനെ നേരിൽ കണ്ട് ഒന്നു സംസാരിക്കണം എന്ന് അനിഴം നിശ്ചയിച്ചു. പക്ഷേ എന്നിട്ടെന്തു ഫലം. ഇത്തരം കുറിപ്പുകളൊക്കെയാണല്ലോ ആളുകൾക്കു വേണ്ടത്. അതല്ലേ ഇവിടെ വിൽക്കൂ.

അല്ലാതെ എന്റെ അനുഭവം പകർത്തിവെച്ചാൽ ആർ കാണിക്കും താല്പര്യം.
പക്ഷേ അംശുമാൻ എന്നയാൾ സ്വതവേ ആളുകളെ പ്രീണിപ്പിക്കുന്ന ഒരാൾ അല്ല. അപ്രിയ സത്യങ്ങളാണ് മിക്കപ്പോഴും അയാൾ വെളിപ്പെടുത്തുക. അടുത്തകാലത്ത് തലപ്പാവ് എന്നൊരു കവിത എങ്ങനെയാണ് വിവാദമായിത്തീർന്നത് എന്നതിനു പിന്നിലുള്ള രഹസ്യം കണ്ടുപിടിച്ചത് ഇയാളല്ലേ.

നല്ല ധൈര്യം വേണം പത്രാധിപന്മാരെയൊക്കെ അധിക്ഷേപിക്കണമെങ്കിൽ.
വലിയ പ്രതീക്ഷയോടെ തലപ്പാവ് പ്രസിദ്ധീകരിച്ചിട്ടും ഒച്ചപ്പാടൊന്നും ഉണ്ടാവുന്നില്ല എന്നു കണ്ടപ്പോൾ ഒരു അടവെടുക്കാൻ നിർബ്ബന്ധിതനായതാണ് പത്രാധിപർ.

ശിവസേന, ഹനുമാൻ സേന എന്നിങ്ങനെ ചില കൂട്ടരെ അങ്ങോട്ടു വിളിച്ച് അയാൾ ഓതിക്കൊടുത്തു, ആ കവിതയിൽ മതവികാരത്തെ വ്രണപ്പെടുത്തുന്ന കുറേ പരാമർശങ്ങളുണ്ടെന്ന്. എന്നിട്ടാണ് അവസാനം തലപ്പാവ് ശ്രദ്ധിക്കപ്പെട്ടതും സംഭവമായതും.

എന്നാൽ ആ അംശുമാൻ ഇവിടെ എന്താണു ചെയ്തത് എന്നു നോക്കൂ. നിജസ്ഥിതി അന്വേഷിച്ചറിയാതെ വാസ്തവവിരുദ്ധമായ ഒരു ആശയം അങ്ങോട്ട് പ്രചരിപ്പിച്ചു. അടുത്ത കാലത്തൊന്നും അയാൾ ഒരു തക്കുടു വാടകയ്ക്ക് വിളിച്ചിട്ടുണ്ടാവില്ല എന്ന് തീർച്ച.

ഏട്ടാ, ഒന്ന് കല്ലിങ്ങൽ വരെ പോവണമല്ലോ, കയറിക്കോട്ടെ?
ആടയ്ക്ക് പറ്റൂല്ല മോളേ, ഇയ്യ് ആ ബണ്ടിക്കാരനോട് ചോയ്‌ച്ച്വോക്ക്.
അയാളാണ് എന്നെ ഇങ്ങോട്ട് വിട്ടത്.
ഹ ഹ ഹ, ഇത് നമ്മുടെ ആയില്യം അല്ലേ, നല്ല നെലാബ്ണ്ടല്ലോ മോളേ. ഇച്ചിരി ദൂരല്ലേള്ളൂ. നടന്നു നോക്ക് മോളേ, എന്തിനാ ബെർതേ ഓട്രഷയ്ക്ക് കായി കളയണ്!

​കണ്ടില്ലേ, എത്ര നല്ല മനുഷ്യർ. അയാൾക്ക് എന്റെ സാമ്പത്തികഭദ്രതയെപ്പറ്റി വരെ ആധിയുണ്ട്. എന്തേ, നടത്തം നല്ല വ്യായാമമാണ് എന്ന് ഉപദേശിക്കുക കൂടി ആവാമായിരുന്നില്ലേ. ​▮

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments